ബൈബിൾ പുസ്തക നമ്പർ 17—എസ്ഥേർ
ബൈബിൾ പുസ്തക നമ്പർ 17—എസ്ഥേർ
എഴുത്തുകാരൻ: മൊർദേഖായ്
എഴുതിയ സ്ഥലങ്ങൾ: ശൂശൻ, ഏലാം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 475
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 493-ഏകദേശം 475
1. എസ്ഥേറിന്റെ പുസ്തകത്തിൽ ഏതു കഥ ചുരുളഴിയുന്നു?
ലളിതമായി പറഞ്ഞാൽ, സേർക്സെസ് I-ാമൻ എന്നു ചിലർ വിചാരിക്കുന്ന പേർഷ്യയിലെ രാജാവായ അഹശ്വേരോശിന്റെ കഥയാണ് ഇവിടെയുളളത്. അവന്റെ അനുസരണമില്ലാത്ത ഭാര്യയായ വസ്ഥിയുടെ സ്ഥാനത്തു മൊർദേഖായിയുടെ മച്ചുനത്തിയായ എസ്ഥേർ എന്ന യഹൂദവനിത അവന്റെ ഭാര്യയായിത്തീരുന്നു. ആഗാഗ്യനായ ഹാമാൻ മൊർദേഖായിയുടെയും സകല യഹൂദൻമാരുടെയും മരണത്തിനു ഗൂഢാലോചന നടത്തുന്നു. എന്നാൽ അവൻ സ്വന്തം കഴുമരത്തിൽ തൂക്കപ്പെടുന്നു. അതേസമയം മൊർദേഖായിക്കു പ്രധാനമന്ത്രിയായി കയററം കിട്ടുകയും യഹൂദൻമാർ വിടുവിക്കപ്പെടുകയും ചെയ്യുന്നു.
2. (എ) ചിലർ എസ്ഥേർ എന്ന പുസ്തകത്തിന്റെ നിശ്വസ്തതയെ ചോദ്യം ചെയ്തിട്ടുളളത് എന്തുകൊണ്ട്? (ബി) ദൈവനാമം എസ്ഥേറിന്റെ പുസ്തകത്തിൽ ഏതു രൂപത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു?
2 തീർച്ചയായും, എസ്ഥേറിന്റെ പുസ്തകം നിശ്വസ്തമോ പ്രയോജനപ്രദമോ അല്ലെന്നും കേവലം മനോഹരമായ ഒരു ഐതിഹ്യം മാത്രമാണെന്നും പറയാനാഗ്രഹിക്കുന്നവരുണ്ട്. ദൈവനാമം അതിലില്ലെന്നുളളതിലാണ് അവർ തങ്ങളുടെ അവകാശവാദത്തെ അടിസ്ഥാനപ്പെടുത്തുന്നത്. ദൈവത്തെക്കുറിച്ചു നേരിട്ടു പറയുന്നില്ലെന്നുളളതു സത്യമാണെങ്കിലും, ചതുരാക്ഷരങ്ങളുടെ ഒരു ചിത്രാക്ഷരി വരുന്ന നാലു വ്യത്യസ്ത സന്ദർഭങ്ങൾ എബ്രായ പാഠത്തിൽ കാണുന്നു, അതായത് യ്ഹ്വ്ഹ് (എബ്രായ, יהזה) അല്ലെങ്കിൽ യഹോവ എന്നതിന്റെ അക്ഷരങ്ങൾ നാലു തുടർച്ചയായ വാക്കുകളുടെ ആദ്യക്ഷരങ്ങളായി കാണപ്പെടുന്നു. ഈ ആദ്യക്ഷരങ്ങൾ കുറഞ്ഞപക്ഷം മൂന്നു പുരാതന എബ്രായ കൈയെഴുത്തുപ്രതികളിൽ വിശേഷാൽ പ്രമുഖമാക്കപ്പെടുന്നു, മസോറയിൽ ചുവന്ന അക്ഷരങ്ങളാൽ സൂചിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ, എസ്ഥേർ 7:5-ൽ (NW) “ഞാൻ ആണെന്നു തെളിയും” എന്ന ദിവ്യപ്രഖ്യാപനത്തിൽ പ്രത്യക്ഷത്തിൽ ഒരു ചിത്രാക്ഷരിയുണ്ട്.—എസ്ഥേർ 1:20; 5:4, 13; 7:7 ഇവയുടെയും 7:5-ന്റെയും NW അടിക്കുറിപ്പുകൾ കാണുക.
3. ഏതു സംഭവങ്ങൾ ദൈവത്തിലുളള വിശ്വാസത്തെയും ദൈവത്തോടുളള പ്രാർഥനയെയും സൂചിപ്പിക്കുന്നു, ഏതു സംഭവങ്ങൾ കാര്യങ്ങളുടെ ദൈവത്താലുളള കരുനീക്കത്തെ സൂചിപ്പിക്കുന്നു?
3 മൊർദേഖായ് യഹോവയുടെ നിയമം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുവെന്നതിനു രേഖയിലുടനീളം ശക്തമായ തെളിവുണ്ട്. അമാലേക്യനായിരിക്കാനിടയുളള ഒരു മനുഷ്യനെ കുമ്പിടാൻ അവൻ വിസമ്മതിച്ചു; ദൈവം അമാലേക്യരെ നിർമൂലനാശത്തിനു വേർതിരിച്ചിരുന്നു. (എസ്ഥേ. 3:1, 5; ആവ. 25:19; 1 ശമൂ. 15:3) എസ്ഥേർ 4:14-ലെ മൊർദേഖായിയുടെ പദപ്രയോഗം അവൻ യഹോവയിൽനിന്നുളള വിടുതൽ പ്രതീക്ഷിച്ചിരുന്നുവെന്നും മുഴു സംഭവഗതിയിലും ദിവ്യനടത്തിപ്പിൽ വിശ്വാസമർപ്പിച്ചിരുന്നുവെന്നും സൂചിപ്പിക്കുന്നു. രാജസന്നിധിയിൽ ചെല്ലുന്നതിനു മുമ്പ് എസ്ഥേറിന്റെ മൂന്നു ദിവസത്തെ ഉപവാസവും മററു യഹൂദൻമാരുടെ സമാനമായ പ്രവർത്തനവും യഹോവയിലുളള ആശ്രയത്തെ പ്രകടമാക്കുന്നു. (എസ്ഥേ. 4:16) സ്ത്രീകളുടെ സംരക്ഷകനായ ഹേഗായിയുടെ ദൃഷ്ടിയിൽ എസ്ഥേർ പ്രീതി കണ്ടെത്തുന്നതിലും രാജാവിന് ഉറക്കംവരാഞ്ഞിട്ട് ഔദ്യോഗികരേഖകൾ വരുത്തി വായിച്ചപ്പോൾ മൊർദേഖായിയുടെ കഴിഞ്ഞകാല സത്പ്രവൃത്തിക്ക് അവനെ ബഹുമാനിച്ചിട്ടില്ലെന്നു കണ്ടെത്തുന്നതിലും സംഭവങ്ങളുടെ ദൈവത്താലുളള കരുനീക്കവും സൂചിപ്പിക്കപ്പെടുന്നു. (എസ്ഥേ. 2:8, 9; 6:1-3; സദൃശവാക്യങ്ങൾ 21:1 താരതമ്യം ചെയ്യുക.) നിസ്സംശയമായി, “ഉപവാസത്തിന്റെയും കരച്ചിലിന്റെയും സംഗതികളെ”ന്ന വാക്കുകളിൽ പ്രാർഥനയുടെ ഒരു പരാമർശമുണ്ട്.—എസ്ഥേ. 9:31.
4. എസ്ഥേറിന്റെ പുസ്തകം വിശ്വാസ്യവും വസ്തുനിഷ്ഠവുമായി സ്ഥിരീകരിക്കപ്പെടുന്നതെങ്ങനെ?
4 അനേകം വസ്തുതകൾ രേഖയെ വിശ്വാസ്യവും വസ്തുനിഷ്ഠവുമെന്നു സ്ഥാപിക്കുന്നു. അതു യഹൂദജനം അംഗീകരിച്ചു, അവർ ഈ പുസ്തകത്തെ കേവലം “ചുരുൾ”; “പ്രമാണചുരുൾ” എന്നർഥമുളള മെഖില്ലാ എന്നു വിളിച്ചു. എസ്രാ എബ്രായ കാനോനിൽ അത് ഉൾപ്പെടുത്തിയിരിക്കുന്നതായി കാണുന്നു, അവൻ തീർച്ചയായും ഒരു കെട്ടുകഥയെ തളളിക്കളയുമായിരുന്നു. യഹൂദൻമാർ എസ്ഥേറിന്റെ കാലത്തെ വലിയ വിടുതലിന്റെ സ്മാരകമായി ഇന്നോളം പൂരീം അഥവാ ചീട്ടിന്റെ ഉത്സവം ആഘോഷിക്കുന്നു. ഈ പുസ്തകം പേർഷ്യൻ ശീലങ്ങളെയും ആചാരങ്ങളെയും ജീവിതഗന്ധിയായ ഒരു വിധത്തിലും അറിയപ്പെടുന്ന ചരിത്രവസ്തുതകളോടും പുരാവസ്തുശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളോടുമുളള ചേർച്ചയിലും അവതരിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, പേർഷ്യക്കാർ ഒരു മനുഷ്യനെ ബഹുമാനിക്കുന്ന വിധം എസ്ഥേറിന്റെ പുസ്തകം കൃത്യമായി വർണിക്കുന്നു. (6:8) എസ്ഥേറിന്റെ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന രാജകൊട്ടാരത്തിന്റെ വർണനകൾ അതിസൂക്ഷ്മവിശദാംശംവരെ കൃത്യമാണെന്നു പുരാവസ്തുശാസ്ത്രസംബന്ധമായ ഖനനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. a—5:1, 2.
5. ഏതു കൃത്യത എസ്ഥേറിലെ വിവരണത്തിനു സത്യതയുടെ ഒരു സൂചന കൊടുക്കുന്നു, ഭാഷ ഏതു കാലഘട്ടത്തോടു പൊരുത്തപ്പെടുന്നു?
5 അരമന ഉദ്യോഗസ്ഥൻമാരുടെയും അവരുടെ സേവകരുടെയും പേരുകൾക്കുപുറമേ ഹാമാന്റെ പത്തു പുത്രൻമാരുടെ പേരുകൾ പോലും ശ്രദ്ധാപൂർവം പറയുന്നതിൽ വിവരണത്തിൽത്തന്നെ ഈ കൃത്യത കാണാവുന്നതാണ്. മൊർദേഖായിയുടെയും എസ്ഥേറിന്റെയും വംശാവലി ബെന്യാമീൻഗോത്രത്തിൽപ്പെട്ട കീശ്വരെ പിമ്പോട്ടു രേഖപ്പെടുത്തുന്നു. (2:5-7) പേർഷ്യൻഭരണകൂടത്തിന്റെ ഔദ്യോഗികരേഖകൾ പരാമർശിക്കപ്പെടുന്നുണ്ട്. (2:23; 6:1; 10:2) പുസ്തകത്തിലെ ഭാഷ അനേകം പേർഷ്യൻ, അരമായ, പദങ്ങളും ശൈലികളും സഹിതമുളള പിൽക്കാല എബ്രായ ആണ്, ആ രീതി ദിനവൃത്താന്തങ്ങളുടെയും എസ്രായുടെയും നെഹെമ്യാവിന്റെയും രീതികളോടു സമാനമാണ്, അങ്ങനെ അത് എഴുതപ്പെട്ട കാലഘട്ടത്തോടു പൂർണമായ യോജിപ്പിലാണ്.
6. (എ) എസ്ഥേറിന്റെ പുസ്തകത്തിന് ഏതു കാലഘട്ടം സൂചിപ്പിക്കപ്പെടുന്നു? (ബി) എഴുത്തുകാരനെസംബന്ധിച്ചും എഴുത്തിന്റെ സ്ഥലത്തെയും കാലത്തെയും കുറിച്ചും തെളിവ് എന്തു സൂചിപ്പിക്കുന്നു?
6 എസ്ഥേറിലെ സംഭവങ്ങൾ ശക്തമായ പേർഷ്യൻസാമ്രാജ്യം അതിന്റെ ഉച്ചസ്ഥാനത്തായിരുന്നപ്പോൾ നടന്നതായും അഹശ്വേരോശിന്റെ (സേർക്സസ് I-ാമൻ) വാഴ്ചയുടെ ഏതാണ്ടു 18 വർഷത്തെ ഉൾപ്പെടുത്തുന്നതായും വിചാരിക്കപ്പെടുന്നു. പൊ.യു.മു. ഏതാണ്ട് 475 വരെ നീളുന്ന ഈ കാലഘട്ടം ഗ്രീക്ക്, പേർഷ്യൻ, ബാബിലോന്യൻ മൂലപ്രമാണങ്ങളിൽനിന്നുളള സാക്ഷ്യത്താൽ സൂചിപ്പിക്കപ്പെടുന്നു. b ദൃക്സാക്ഷിയും വിവരണത്തിലെ ഒരു പ്രമുഖ കഥാപാത്രവുമായ മൊർദേഖായ് പുസ്തകത്തിന്റെ എഴുത്തുകാരനായിരിക്കാൻ ഏററവും സാധ്യതയുണ്ട്; ദൃഢബദ്ധവും വിശദവുമായ വിവരണം എഴുത്തുകാരൻ ശൂശൻരാജധാനിയിൽ ഈ സംഭവങ്ങൾ നടക്കുമ്പോൾ ജീവിച്ചിരിക്കണമെന്നു പ്രകടമാക്കുന്നു. c മററ് ഒരു പുസ്തകത്തിലും മൊർദേഖായിയെക്കുറിച്ചു പറയുന്നില്ലെങ്കിലും അവൻ ചരിത്രത്തിലെ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്നതിനു സംശയമില്ല. രസാവഹമായി, സേർക്സസ് I-ാമന്റെ വാഴ്ചക്കാലത്തു സൂസാ (ശൂശൻ) രാജധാനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ മർഡുക്കായെ (മൊർദേഖായ്?) പരാമർശിക്കുന്നതായി ജർമനിയിലെ എ. അൺഗ്നാഡ് വർണിക്കുന്ന തീയതിയില്ലാത്ത ഒരു ക്യൂനിഫോം പാഠം കണ്ടെത്തപ്പെട്ടിട്ടുണ്ട്. d എസ്ഥേറിലെ സംഭവങ്ങൾ നടന്ന ഉടനെ, അതായത് പൊ.യു.മു. ഏതാണ്ട് 475-ൽ മൊർദേഖായ് രേഖ പൂർത്തീകരിച്ചതു ശൂശനിൽവെച്ചായിരുന്നുവെന്നതിനു സംശയമില്ല.
എസ്ഥേറിന്റെ ഉളളടക്കം
7. അഹശ്വേരോശിന്റെ വിരുന്നിൽ ഏതു പ്രതിസന്ധി വികാസം പ്രാപിക്കുന്നു, തത്ഫലമായി രാജാവ് ഏതു നടപടി സ്വീകരിക്കുന്നു?
7 വസ്ഥിരാജ്ഞി സ്ഥാനഭ്രഷ്ടയാക്കപ്പെടുന്നു (1:1-22). സമയം അഹശ്വേരോശിന്റെ വാഴ്ചയുടെ മൂന്നാം വർഷം. അവൻ തന്റെ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥൻമാർക്കുവേണ്ടി കെങ്കേമമായ ഒരു വിരുന്നു കഴിക്കുകയും 180 ദിവസം തന്റെ രാജ്യത്തിലെ ധനവും മഹത്ത്വവും അവരെ കാണിക്കുകയും ചെയ്യുന്നു. അടുത്തതായി, ശൂശനിലെ സകല ആളുകൾക്കും വേണ്ടി മഹത്തായ ഒരു സപ്തദിനവിരുന്നു കഴിക്കുന്നു. അതേസമയം വസ്ഥിരാജ്ഞി സ്ത്രീകൾക്കുവേണ്ടി ഒരു വിരുന്നു കഴിക്കുന്നു. രാജാവു തന്റെ ധനത്തെയും മഹത്ത്വത്തെയും കുറിച്ചു വമ്പുപറയുന്നു, വീഞ്ഞുകുടിച്ചു സന്തോഷിച്ചിരിക്കുമ്പോൾ, വന്നു ജനത്തിനും പ്രഭുക്കൻമാർക്കും തന്റെ സൗന്ദര്യം കാണിക്കാൻ വസ്ഥിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. വസ്ഥിരാജ്ഞി നിരസിച്ചുകൊണ്ടിരിക്കുന്നു. ഈ മോശമായ ദൃഷ്ടാന്തത്തിനു സാമ്രാജ്യത്തിലെങ്ങും രാജാവിന്റെ മുഖം നഷ്ടപ്പെടുന്നതിനു കാരണമായിത്തീരാൻ കഴിയുമെന്നുളള അരമന ഉദ്യോഗസ്ഥൻമാരുടെ ബുദ്ധ്യുപദേശപ്രകാരം അഹശ്വേരോശ് രാജ്ഞിസ്ഥാനത്തുനിന്നു വസ്ഥിയെ നീക്കംചെയ്യുകയും “തങ്ങളുടെ ഭർത്താക്കൻമാരെ ബഹുമാനി”ക്കാൻ സകല ഭാര്യമാരെയും “തന്റെ വീട്ടിൽ കർത്തവ്യം നടത്താ”ൻ സകല ഭർത്താക്കൻമാരെയും ആഹ്വാനംചെയ്തുകൊണ്ടു ശാസനങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.—1:20, 22.
8. (എ) ഏതു സംഭവങ്ങൾ എസ്ഥേർ രാജ്ഞിയാകുന്നതിലേക്കു നയിക്കുന്നു? (ബി) മൊർദേഖായ് ഏതു ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരുന്നു, അതിന്റെ ഏതു രേഖ ചമയ്ക്കപ്പെടുന്നു?
8 എസ്ഥേർ രാജ്ഞിയായിത്തീരുന്നു (2:1-23). പിന്നീട്, സാമ്രാജ്യത്തിലെ 127 പ്രവിശ്യകളിലും ഏററവും സൗന്ദര്യമുളള കന്യകമാരെ തിരഞ്ഞു കണ്ടുപിടിക്കാനും ശൂശനിലേക്കു കൊണ്ടുവരാനും ഉദ്യോഗസ്ഥൻമാരെ നിയമിക്കുന്നു. അവിടെ രാജസന്നിധിയിൽ ഹാജരാക്കുന്നതിനു സൗന്ദര്യപരിചരണത്താൽ അവർ ഒരുക്കപ്പെടണം. തിരഞ്ഞെടുക്കപ്പെട്ട യുവതികളിൽ എസ്ഥേർ ഉണ്ട്. എസ്ഥേർ ശൂശനിലെ ഒരു ഉദ്യോഗസ്ഥനായ, അവളുടെ മച്ചുനൻ മൊർദേഖായ് വളർത്തിയ “രൂപവതിയും സുമുഖിയു”മായ ഒരു യഹൂദ അനാഥബാലയായിരുന്നു. (2:7) എസ്ഥേറിന്റെ യഹൂദ പേരായ ഹദസ്സായുടെ അർഥം “കൊളുന്ത്” എന്നാണ്. സ്ത്രീകളുടെ സംരക്ഷകനായ ഹേഗായി എസ്ഥേറിൽ പ്രസാദിക്കുകയും അവൾക്കു പ്രത്യേക പരിചരണം കൊടുക്കുകയും ചെയ്യുന്നു. അവൾ ഒരു യഹൂദസ്ത്രീയാണെന്ന് ആർക്കും അറിയാൻപാടില്ല, കാരണം ഇത് ഒരു രഹസ്യമായി സൂക്ഷിക്കാൻ മൊർദേഖായ് അവളോടു നിർദേശിച്ചിരുന്നു. യുവതികൾ ഊഴമനുസരിച്ചു രാജസന്നിധിയിലേക്കു വരുത്തപ്പെടുന്നു. അവൻ എസ്ഥേറിനെ തന്റെ പുതിയ രാജ്ഞിയായി തിരഞ്ഞെടുക്കുന്നു. അവളുടെ കിരീടധാരണം ആഘോഷിക്കുന്നതിന് ഒരു വിരുന്നു നടത്തുന്നു. അധികം താമസിയാതെ, രാജാവിനെ വധിക്കാനുളള ഒരു ഗൂഢാലോചനയെക്കുറിച്ചു മൊർദേഖായ് കേൾക്കുന്നു, അവൻ “മോർദ്ദെഖായിയുടെ നാമത്തിൽ” അത് എസ്ഥേറിനെക്കൊണ്ടു രാജാവിനെ അറിയിക്കുന്നു. (2:22) ഗൂഢാലോചന വെളിച്ചത്താക്കപ്പെടുന്നു, ഗൂഢാലോചകർ തൂക്കിക്കൊല്ലപ്പെടുന്നു. രാജകീയചരിത്രത്തിൽ ഒരു രേഖ ചമയ്ക്കപ്പെടുന്നു.
9. മൊർദേഖായ് എങ്ങനെ ഹാമാനെ കുപിതനാക്കുന്നു, ഒടുവിൽ പറഞ്ഞയാൾ യഹൂദൻമാർക്കെതിരായി ഏതു രാജകൽപ്പന വാങ്ങുന്നു?
9 ഹാമാന്റെ ഗൂഢാലോചന (3:1–5:14). ഏതാണ്ടു നാലു വർഷം കടന്നുപോകുന്നു. പ്രത്യക്ഷത്തിൽ ശമുവേൽ നിഗ്രഹിച്ച അമാലേക്യരാജാവായ ആഗാഗിന്റെ ഒരു സന്തതിയായ ഹാമാൻ പ്രധാനമന്ത്രിയായിത്തീരുന്നു. (1 ശമൂ. 15:33) രാജാവ് അവനെ ഉയർത്തുകയും രാജാവിന്റെ പടിവാതിലിനുളളിലുളള സകല സേവകരും ഹാമാന്റെ മുമ്പിൽ കുമ്പിടാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇവരിൽ മൊർദേഖായിയും ഉൾപ്പെടുന്നു. എന്നിരുന്നാലും മൊർദേഖായ് അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നു, താൻ ഒരു യഹൂദനാണെന്നു രാജാവിന്റെ സേവകരെ അറിയിച്ചുകൊണ്ടുതന്നെ. (പുറപ്പാടു 17:14, 16 താരതമ്യം ചെയ്യുക.) ഹാമാനിൽ കോപം നിറയുന്നു, മൊർദേഖായ് ഒരു യഹൂദനാണെന്നു മനസ്സിലാക്കിക്കൊണ്ട് അവനെയും സകല യഹൂദൻമാരെയും എന്നേക്കുമായി ഉൻമൂലനംചെയ്യുന്നതിനുളള മഹത്തായ അവസരം ഇതിൽ അയാൾ കാണുകയും ചെയ്യുന്നു. യഹൂദൻമാർക്കു നിർമൂലനാശം വരുത്തുന്നതിന് ഒരു നല്ല ദിവസം നിശ്ചയിക്കാൻ ചീട്ട് (പൂര്) ഇടുന്നു. രാജാവിങ്കലുളള തന്റെ അനുകൂലനിലയെ ഉപയോഗപ്പെടുത്തിക്കൊണ്ടു ഹാമാൻ യഹൂദൻമാർക്കെതിരെ നിയമലംഘനം ആരോപിക്കുകയും അവരുടെ നാശത്തിനു രേഖാമൂലം ആജ്ഞാപിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ഈ സംഹാരത്തിന്റെ പണച്ചെലവു വഹിക്കുന്നതിനു ഹാമാൻ 10,000 വെളളിത്താലന്ത് (ഏതാണ്ട് 6,60,60,000 ഡോളറിനു സമം) സംഭാവന വാഗ്ദാനംചെയ്യുന്നു. രാജാവു സമ്മതിക്കുന്നു, രാജാവിന്റെ മോതിരംകൊണ്ടു മുദ്രവെച്ചു രേഖാമൂലമുളള കൽപ്പന സാമ്രാജ്യത്തുടനീളം അയയ്ക്കുകയും യഹൂദൻമാരുടെ വംശനാശം വരുത്താനുളള ദിവസമായി ആദാർ 13 നിശ്ചയിക്കുകയും ചെയ്യുന്നു.
10. മൊർദേഖായിയും എസ്ഥേറും യഹോവയുടെ ശക്തിയിലുളള വിശ്വാസത്തോടെ നീങ്ങുന്നതെങ്ങനെ?
10 ഈ നിയമത്തെക്കുറിച്ചു കേട്ടപ്പോൾ മൊർദേഖായിയും സകല യഹൂദൻമാരും രട്ടിലും വെണ്ണീറിലുമിരുന്നു വിലപിക്കുന്നു. “ഉപവാസവും കരച്ചിലും വിലാപവും” നടക്കുന്നു. (എസ്ഥേ. 4:3) യഹൂദൻമാരുടെ ദുരവസ്ഥയെക്കുറിച്ചു മൊർദേഖായി അറിയിച്ചപ്പോൾ എസ്ഥേർ ആദ്യം ഇടപെടുന്നതിനു വിമുഖത കാട്ടുന്നു. രാജസന്നിധിയിൽ ക്ഷണിക്കാതെ ചെല്ലുന്നതിനുളള ശിക്ഷ മരണമാണ്. എസ്ഥേർ അവരെ നിരാശപ്പെടുത്തുന്നുവെങ്കിൽ അവൾ ഏതായാലും മരിക്കുമെന്നും “യെഹൂദൻമാർക്കു മറെറാരു സ്ഥലത്തുനിന്നു ഉദ്ധാരണം” വരുമെന്നും പ്രസ്താവിച്ചുകൊണ്ടു മൊർദേഖായ് യഹോവയുടെ ശക്തിയിലുളള വിശ്വാസം പ്രകടമാക്കുന്നു. മാത്രവുമല്ല, “ഇങ്ങനെയുളേളാരു കാലത്തിന്നായിട്ടല്ലയോ” എസ്ഥേർ രാജ്ഞിയായിരിക്കുന്നത്? (4:14) പ്രശ്നം മനസ്സിലാക്കിക്കൊണ്ട്, അവൾ ജീവൻ കൈയിലെടുക്കാൻ സമ്മതിക്കുന്നു, ശൂശനിലെ സകല യഹൂദൻമാരും മൂന്നു ദിവസം അവളോടുകൂടെ ഉപവസിക്കുകയും ചെയ്യുന്നു.
11. രാജാവിന്റെ പ്രീതിയെ എസ്ഥേർ എങ്ങനെ ഉപയോഗിക്കുന്നു, എന്നാൽ ഹാമാൻ മൊർദേഖായിക്കെതിരെ എന്തു ഗൂഢാലോചന നടത്തുന്നു?
11 പിന്നീട് എസ്ഥേർ തന്റെ ഏററവും നല്ല രാജകീയവേഷത്തിൽ രാജസന്നിധിയിൽ മുഖംകാണിക്കുന്നു. അവൾ അവന്റെ ദൃഷ്ടിയിൽ പ്രീതി കണ്ടെത്തുന്നു, അവളുടെ ജീവൻ രക്ഷിച്ചുകൊണ്ടു രാജാവു തന്റെ പൊൻചെങ്കോൽ അവളുടെനേരെ നീട്ടുന്നു. അവൾ ഇപ്പോൾ രാജാവിനെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിക്കുന്നു. സദ്യയുടെ സമയത്ത്, “രാജ്യത്തിൽ പാതിയോളമായാലും” അനുവദിച്ചുതരുമെന്ന് ഉറപ്പുകൊടുത്തുകൊണ്ട്, അവളുടെ അപേക്ഷ അറിയിക്കാൻ രാജാവ് അവളെ പ്രോത്സാഹിപ്പിക്കുന്നു. അതിങ്കൽ അവൾ രണ്ടുപേരെയും അടുത്ത ദിവസത്തെ മറെറാരു വിരുന്നിനു ക്ഷണിക്കുന്നു. (5:6) ഹാമാൻ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നു. എന്നാൽ രാജാവിന്റെ പടിവാതിൽക്കൽ മൊർദേഖായ് ഉണ്ട്! വീണ്ടും അവൻ ഹാമാനെ ബഹുമാനിക്കാനോ അവന്റെ മുമ്പിൽ വിറയ്ക്കാനോ കൂട്ടാക്കുന്നില്ല. ഹാമാന്റെ സന്തോഷം കോപമായി മാറുന്നു. അമ്പതുമുഴം (22.3 മീറ്റർ) ഉയരമുളള ഒരു കഴുമരം നിർമിക്കാനും അതിൻമേൽ മൊർദേഖായിയെ തൂക്കാൻ രാജാവിൽനിന്ന് ഒരു കൽപ്പന വാങ്ങാനും അവന്റെ ഭാര്യയും സുഹൃത്തുക്കളും നിർദേശിക്കുന്നു. ഹാമാൻ പെട്ടെന്നുതന്നെ കഴുമരം പണികഴിപ്പിക്കുന്നു.
12. സംഭവങ്ങളുടെ ഏതു വഴിത്തിരിവ് ഹാമാൻ അവമാനിതനാകുമാറു മൊർദേഖായിയെ അഹശ്വേരോശ് ബഹുമാനിക്കുന്നതിലേക്കു നയിക്കുന്നു?
12 പദ്ധതികൾ തകിടംമറിയുന്നു (6:1–7:10). അന്നു രാത്രി രാജാവിന് ഉറങ്ങാൻ കഴിയുന്നില്ല. അവൻ രേഖകളുടെ പുസ്തകം വരുത്തി വായിച്ചുകേൾക്കുന്നു, തന്റെ ജീവൻ രക്ഷിച്ചതിനു താൻ മൊർദേഖായിക്കു പ്രതിഫലം കൊടുത്തിട്ടില്ലെന്ന് അവൻ കണ്ടുപിടിക്കുന്നു. പിന്നീടു മുററത്ത് ആരുണ്ടെന്നു രാജാവ് ചോദിക്കുന്നു. മൊർദേഖായിയുടെ മരണത്തിനായി രാജാവിൽനിന്നുളള അനുമതി ചോദിക്കാൻ വന്നിരിക്കുന്ന ഹാമാനവിടെയുണ്ട്. രാജാവിനെ പ്രസാദിപ്പിക്കുന്ന ഒരാളെ എങ്ങനെ ബഹുമാനിക്കണമെന്നു രാജാവ് ഹാമാനോടു ചോദിക്കുന്നു. തന്റെ കാര്യമാണു രാജാവിന്റെ മനസ്സിലുളളതെന്നു വിചാരിച്ചുകൊണ്ടു ഹാമാൻ ബഹുമാനിക്കലിന്റെ അതിവിപുലമായ ഒരു പരിപാടി വിവരിക്കുന്നു. എന്നാൽ രാജാവ് അയാളോട് “യഹൂദനായ മൊർദേഖായിക്കു അങ്ങനെയൊക്കെയും ചെയ്യുക” എന്നു കൽപ്പിക്കുന്നു! (6:10) രാജകീയപ്രതാപത്തിൽ മൊർദേഖായിയെ വസ്ത്രമണിയിച്ചു രാജാവിന്റെ കുതിരപ്പുറത്തിരുത്തി അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞുകൊണ്ട് നഗരത്തിലെ പൊതു വിശാലസ്ഥലത്തിനു ചുററും കൊണ്ടുനടക്കുകയല്ലാതെ ഹാമാനു ഗത്യന്തരമില്ല. താഴ്ത്തപ്പെട്ടതോടെ ഹാമാൻ ദുഃഖിതനായി വീട്ടിലേക്കു ധൃതിയിൽ മടങ്ങുന്നു. അയാളുടെ ഭാര്യക്കും സുഹൃത്തുക്കൾക്കും ആശ്വാസം വാഗ്ദാനംചെയ്യാനില്ല. ഹാമാൻ കുററം വിധിക്കപ്പെട്ടിരിക്കുന്നു!
13. ഹാമാന് ഏതു വിധിയിലേക്കു നയിച്ചുകൊണ്ട് വിരുന്നിൽ എസ്ഥേർ എന്തു വെളിപ്പെടുത്തുന്നു?
13 ഇപ്പോൾ ഹാമാന് രാജാവിനോടും എസ്ഥേറിനോടുമൊപ്പം വിരുന്നിനു ഹാജരാകാനുളള സമയമായിരിക്കുകയാണ്. താനും തന്റെ ജനവും നശിപ്പിക്കപ്പെടുന്നതിനു വിൽക്കപ്പെട്ടിരിക്കുകയാണെന്നു രാജ്ഞി പ്രഖ്യാപിക്കുന്നു. ഈ ദുഷ്ടത ചെയ്യാൻ മുതിർന്നിരിക്കുന്നതാരാണ്? എസ്ഥേർ പറയുന്നു: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ.” (7:6) രാജാവ് ഉഗ്രക്രോധത്തോടെ എഴുന്നേററു പൂന്തോട്ടത്തിലേക്കു നടക്കുന്നു. രാജ്ഞിയുമായി തനിച്ചായപ്പോൾ ഹാമാൻ തന്റെ ജീവനുവേണ്ടി അപേക്ഷിക്കുന്നു. രാജാവു മടങ്ങിവരുമ്പോൾ രാജ്ഞിയുടെ കട്ടിലിൽ ഹാമാനെ കണ്ടതിൽ കൂടുതലായി കുപിതനാകുന്നു. മൊർദേഖായിക്കുവേണ്ടി ഹാമാൻ ഒരുക്കിയിരുന്ന കഴുമരത്തിൽത്തന്നെ ഹാമാനെ തൂക്കാൻ രാജാവ് സത്വരം കൽപ്പിക്കുന്നു!—സങ്കീ. 7:16.
14. രാജാവ് എസ്ഥേറിനും മൊർദേഖായിക്കും എങ്ങനെ പ്രതിഫലം കൊടുക്കുന്നു, അവൻ ഏതു ലിഖിതകൽപ്പനയാൽ യഹൂദൻമാർക്കു ഗുണംചെയ്യുന്നു?
14 മൊർദേഖായിക്കു സ്ഥാനക്കയററം കിട്ടുന്നു, യഹൂദൻമാർ വിടുവിക്കപ്പെടുന്നു (8:1–10:3). രാജാവ് ഹാമാന്റെ സകല സ്വത്തുക്കളും എസ്ഥേറിനു കൊടുക്കുന്നു. എസ്ഥേർ മൊർദേഖായിയോടു തനിക്കുളള ബന്ധം അഹശ്വേരോശിനെ അറിയിക്കുന്നു. അവനെ രാജാവ് ഹാമാന്റെ മുൻ പദവിയിലേക്ക് ഉയർത്തുന്നു, രാജാവിന്റെ മുദ്രമോതിരവും കൊടുക്കുന്നു. യഹൂദൻമാരെ നശിപ്പിക്കുന്നതിനായുളള രേഖാമൂലമായ കൽപ്പന റദ്ദാക്കുന്നതിന് അപേക്ഷിക്കാൻ രാജസന്നിധിയിൽ ചെല്ലുന്നതിനു വീണ്ടും എസ്ഥേർ തന്റെ ജീവൻ അപകടത്തിലാക്കുന്നു. എന്നുവരികിലും, “പേർഷ്യയുടെയും മേദ്യയുടെയും നിയമങ്ങൾ” റദ്ദാക്കാവുന്നതല്ല! (1:19, NW) അതുകൊണ്ട് ഒരു പുതിയ നിയമം എഴുതി രാജമോതിരം കൊണ്ടു മുദ്രവെക്കാൻ എസ്ഥേറിനും മൊർദേഖായിക്കും രാജാവ് അധികാരം കൊടുക്കുന്നു. മുൻകൽപ്പന പോലെ സാമ്രാജ്യത്തിലുടനീളം അയയ്ക്കപ്പെട്ട ഈ രേഖാമൂലമുളള കൽപ്പന, ഹാമാന്റെ കൽപ്പന പ്രാബല്യത്തിൽ വരുന്ന അതേ ദിവസംതന്നെ ‘ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷക്കുവേണ്ടി പൊരുതുനില്പാനും തങ്ങളെ ഉപദ്രവിപ്പാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകല സൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊളളയിടുവാനും’ യഹൂദൻമാർക്ക് അവകാശം കൊടുക്കുന്നു.—8:11.
15. (എ) പോരാട്ടത്തിന്റെ ഫലമെന്താണ്, മൊർദേഖായ് ഏത് ഉത്സവം ഏർപ്പെടുത്തുന്നു? (ബി) മൊർദേഖായ് ഏതു പദവിയിലേക്ക് ഉയർത്തപ്പെടുന്നു, അവൻ ഏതുദ്ദേശ്യത്തിൽ ഈ അധികാരം ഉപയോഗിക്കുന്നു?
15 നിയമിത ദിവസമായ ആദാർ 13 വരുമ്പോൾ യഹൂദൻമാരുടെ മുമ്പിൽ ഒരു മനുഷ്യനും നിൽപ്പാൻ കഴിയുന്നില്ല. എസ്ഥേർ രാജാവിനോട് അപേക്ഷിക്കുകയാൽ, പോരാട്ടം ശൂശനിൽ 14-ാംതീയതിയും തുടരുന്നു. സാമ്രാജ്യത്തുടനീളം യഹൂദൻമാരുടെ ശത്രുക്കളിൽ മൊത്തം 75,000 പേർ കൊല്ലപ്പെടുന്നു. ശൂശൻരാജധാനിയിൽ കൂടുതലായി 810 പേർ കൊല്ലപ്പെടുന്നു. ഇവരിൽ ഹാമാന്റെ പത്തു പുത്രൻമാർ ഉൾപ്പെടുന്നു, അവർ ആദ്യദിവസം കൊല്ലപ്പെടുകയും രണ്ടാം ദിവസം കഴുമരങ്ങളിൽ തൂക്കപ്പെടുകയും ചെയ്യുന്നു. യാതൊരു കവർച്ചയും നടത്തുന്നില്ല. ആദാർ 15-ാം തീയതി വിശ്രമമാണ്, യഹൂദൻമാർ വിരുന്നിലും സന്തോഷത്തിലും മുഴുകുന്നു. ഇപ്പോൾ ഓരോ വർഷവും ആദാർ 14-ഉം 15-ഉം തീയതികളിൽ “പൂരെന്ന ചീട്ടി”ന്റെ ഈ ഉത്സവം ആഘോഷിക്കാൻ മൊർദേഖായ് യഹൂദൻമാർക്കു രേഖാമൂലം നിർദേശങ്ങൾ കൊടുക്കുന്നു, ഇന്നോളം അവർ ഇതു ചെയ്യുന്നു. (9:24) മൊർദേഖായ് രാജ്യത്തിൽ മഹാനാക്കപ്പെടുന്നു, അഹശ്വേരോശ് രാജാവിന്റെ രണ്ടാമൻ എന്ന തന്റെ സ്ഥാനത്തെ “സ്വജനത്തിനു ഗുണകാംക്ഷിയും തന്റെ സർവ്വവംശത്തിനും അനുകൂലവാദിയു”മായി ഉപയോഗപ്പെടുത്തുന്നു.—10:3.
എന്തുകൊണ്ടു പ്രയോജനപ്രദം
16. എസ്ഥേരിന്റെ പുസ്തകത്തിൽ ക്രിസ്ത്യാനികൾ ഏതു ദിവ്യതത്ത്വങ്ങളും യോഗ്യമായ മാതൃകയും കണ്ടെത്തുന്നു?
16 മററു യാതൊരു ബൈബിളെഴുത്തുകാരനും എസ്ഥേറിൽനിന്നു നേരിട്ട് ഉദ്ധരിക്കുന്നില്ലെന്നിരിക്കെ, ഈ പുസ്തകം നിശ്വസ്ത തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗവുമായി പൂർണയോജിപ്പിലാണ്. യഥാർഥത്തിൽ, അതു പിൽക്കാലത്തു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതും എല്ലാ യുഗങ്ങളിലുമുളള യഹോവയുടെ ആരാധകർക്കു ബാധകമാകുന്നതുമായ ബൈബിൾതത്ത്വങ്ങളുടെ ചില വിശിഷ്ടമായ ദൃഷ്ടാന്തങ്ങൾ നൽകുന്നു. ചുവടെ ചേർക്കുന്ന വേദഭാഗങ്ങളുടെ ഒരു പഠനം ഇതിങ്ങനെതന്നെയാണെന്നു പ്രകടമാക്കുമെന്നു മാത്രമല്ല, ക്രിസ്തീയവിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുന്നതുമായിരിക്കും: എസ്ഥേർ 4:5—ഫിലിപ്പിയർ 2:4; എസ്ഥേർ 9:22—ഗലാത്യർ 2:10. യഹൂദൻമാർ രാജാവിന്റെ നിയമത്തെ അനുസരിക്കുന്നില്ലെന്ന് അവർക്കെതിരെ കൊണ്ടുവന്ന ആരോപണം ആദിമ ക്രിസ്ത്യാനികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തോടു സമാനമാണ്. (എസ്ഥേ. 3:8, 9; പ്രവൃ. 16:21; 25:7) യഹോവയുടെ യഥാർഥ സേവകർ മൊർദേഖായിയുടെയും എസ്ഥേറിന്റെയും അവരുടെ സഹ യഹൂദൻമാരുടെയും വിശിഷ്ട മാതൃകപ്രകാരം അങ്ങനെയുളള ആരോപണങ്ങളെ നിർഭയമായും വിടുവിക്കുന്നതിനുളള ദിവ്യശക്തിയിലുളള പ്രാർഥനാനിരതമായ ആശ്രയത്തോടെയും നേരിടുന്നു.—എസ്ഥേ. 4:16; 5:1, 2; 7:3-6; 8:3-6; 9:1, 2.
17. തങ്ങളേത്തന്നെ ദൈവത്തിനും “ശ്രേഷ്ഠാധികാരങ്ങൾ”ക്കും കീഴ്പെടുത്തിയതിൽ മൊർദേഖായിയും എസ്ഥേറും ഉചിതമായ ഗതിയെ ഉദാഹരിച്ചതെങ്ങനെ?
17 ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ സാഹചര്യം മൊർദേഖായിയുടെയും എസ്ഥേറിന്റെയും സാഹചര്യത്തിൽനിന്നു വ്യത്യസ്തമാണെന്നു നാം വിചാരിക്കരുത്. നാമും ഒരു അന്യലോകത്തിൽ “ശ്രേഷ്ഠാധികാരങ്ങൾ”ക്കു കീഴിലാണു ജീവിക്കുന്നത്. നാം വസിക്കുന്ന ഏതു രാജ്യത്തും നിയമമനുസരിക്കുന്ന പൗരൻമാരായിരിക്കാൻ നാമാഗ്രഹിക്കുന്നു. എന്നാൽ അതേസമയം ‘കൈസർക്കുളളതു കൈസർക്കും ദൈവത്തിനുളളതു ദൈവത്തിനും കൊടുക്കുന്ന’ സംഗതിയിൽ ശരിയായിത്തന്നെ വേർതിരിവു കാണാൻ നാം ആഗ്രഹിക്കുന്നു. (റോമ. 13:1; ലൂക്കൊ. 20:25) പ്രധാനമന്ത്രിയായ മൊർദേഖായിയും എസ്ഥേർരാജ്ഞിയും തങ്ങളുടെ ലൗകികകടമകളിൽ ഭക്തിയുടെയും അനുസരണത്തിന്റെയും നല്ല മാതൃകകൾ വെച്ചു. (എസ്ഥേ. 2:21-23; 6:2, 3, 10; 8:1, 2; 10:2) എന്നിരുന്നാലും, മൊർദേഖായ് നീച ആഗാഗ്യനായ ഹാമാന്റെ മുമ്പാകെ താണുവണങ്ങാനുളള രാജകീയ കൽപ്പന അനുസരിക്കുന്നതു വ്യത്യസ്തമാണെന്നു നിർഭയം തിരിച്ചറിഞ്ഞു. തന്നെയുമല്ല, ഹാമാൻ യഹൂദൻമാരെ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയപ്പോൾ നിയമപരമായ പരിഹാരത്തിനായി അപ്പീൽ കൊടുക്കുന്നതിൽ അവൻ ശ്രദ്ധിച്ചു.—3:1-4; 5:9; 4:6-8.
18. (എ) എസ്ഥേറിന്റെ പുസ്തകം ‘ദൈവനിശ്വസ്തവും പ്രയോജനപ്രദവു’മാണെന്ന് എന്തു തെളിയിക്കുന്നു? (ബി) അത് ദൈവരാജ്യ താത്പര്യങ്ങളുടെ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ?
18 സകല തെളിവുകളും എസ്ഥേർ എന്ന പുസ്തകം ‘ദൈവനിശ്വസ്തവും പ്രയോജനപ്രദവു’മായ വിശുദ്ധബൈബിളിന്റെ ഭാഗമായിരിക്കുന്നതിലേക്കു വിരൽചൂണ്ടുന്നു. ദൈവത്തെക്കുറിച്ചോ അവന്റെ നാമത്തെക്കുറിച്ചോ പറയാതെ തന്നെ അതു നമുക്കു വിശ്വാസത്തിന്റെ തിളക്കമാർന്ന ദൃഷ്ടാന്തങ്ങൾ നൽകുന്നു. മൊർദേഖായിയും എസ്ഥേറും ഏതോ കഥാകൃത്തിന്റെ വെറും ഭാവനാസൃഷ്ടിയല്ലായിരുന്നു, എന്നാൽ അവർ യഹോവയാം ദൈവത്തിന്റെ യഥാർഥ ദാസർ, രക്ഷിക്കാനുളള യഹോവയുടെ പ്രാപ്തിയിൽ സമ്പൂർണവിശ്വാസമർപ്പിച്ച ആളുകൾ ആയിരുന്നു. അവർ ഒരു വിദേശത്തെ “ശ്രേഷ്ഠാധികാരങ്ങൾ”ക്കു കീഴിൽ ജീവിച്ചിരുന്നുവെങ്കിലും അവർ ദൈവജനത്തിന്റെയും അവരുടെ ആരാധനയുടെയും താത്പര്യങ്ങൾക്കുവേണ്ടി വാദിക്കാൻ സകല നിയമോപാധികളും ഉപയോഗിച്ചു. നമുക്കു വിടുതൽ നൽകുന്ന ദൈവരാജ്യ “സുവാർത്തയുടെ പ്രതിവാദത്തിലും നിയമപരമായ സ്ഥാപിക്കലിലും” അവർ വെച്ച ദൃഷ്ടാന്തങ്ങളെ നമുക്ക് ഇന്ന് അനുകരിക്കാൻ കഴിയും.—ഫിലി. 1:7.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 764; വാല്യം 2, പേജുകൾ 327-31.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 613-16.
c മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയാ, 1981-ലെ പുനർമുദ്രണം, വാല്യം III, പേജ് 310.
d എ. അൺഗ്നാഡ്, “Keilinschriftliche Beiträge zum Buch Esra und Ester,” Zeitschrift für die alttestamentliche Wissenschaft, LVIII (1940-41), പേജുകൾ 240-4.
[അധ്യയന ചോദ്യങ്ങൾ]