വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 22—ഉത്തമഗീതം

ബൈബിൾ പുസ്‌തക നമ്പർ 22—ഉത്തമഗീതം

ബൈബിൾ പുസ്‌തക നമ്പർ 22—ഉത്തമഗീതം

എഴുത്തുകാരൻ: ശലോ​മോൻ

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 1020

1. ഏതു വിധത്തി​ലാണ്‌ ഇതു “ഗീതങ്ങ​ളു​ടെ ഗീത”മായി​രി​ക്കു​ന്നത്‌?

 “ഇസ്രാ​യേ​ലിന്‌ ഈ ഉൽകൃഷ്ട ഗീതം കൊടു​ക്ക​പ്പെട്ട നാളി​നു​ളള അർഹത മുഴു ലോക​ത്തി​നും ഇല്ലായി​രു​ന്നു.” നമ്മുടെ പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടിൽ ജീവി​ച്ചി​രുന്ന യഹൂദ “റബ്ബി”യായ അകിബ ഉത്തമഗീ​ത​ത്തോ​ടു​ളള തന്റെ വിലമ​തി​പ്പു പ്രകട​മാ​ക്കി​യത്‌ അങ്ങനെ​യാ​യി​രു​ന്നു. a പുസ്‌ത​ക​ത്തി​ന്റെ ശീർഷകം “ശലോ​മോ​ന്റെ ഉത്തമഗീ​തം” എന്ന പ്രാരം​ഭ​വാ​ക്കു​ക​ളു​ടെ ഒരു സംക്ഷേ​പ​മാണ്‌. എബ്രായ പദാനു​പദ പാഠ​പ്ര​കാ​രം അതു “ഗീതങ്ങ​ളു​ടെ ഗീതം” ആണ്‌, അത്യുന്നത സ്വർഗ​ങ്ങ​ളെ​സം​ബ​ന്ധിച്ച “സ്വർഗ്ഗാ​ധി​സ്വർഗ്ഗം” എന്ന പദപ്ര​യോ​ഗ​ത്തോ​ടു സമാന​മാ​യി അതിവി​ശിഷ്ട ഗുണോൽക്കർഷത്തെ സൂചി​പ്പി​ക്കു​ന്ന​തു​തന്നെ. (ആവ. 10:14) അതു ഗീതങ്ങ​ളു​ടെ ഒരു സമാഹാ​രമല്ല, പിന്നെ​യോ ഒററ ഗീതമാണ്‌, “അത്യന്തം പൂർണ​ത​യു​ളള ഒരു ഗീതം, സ്ഥിതി​ചെ​യ്‌തി​ട്ടു​ള​ള​തി​ലേ​ക്കും അല്ലെങ്കിൽ എഴുത​പ്പെ​ട്ടി​ട്ടു​ള​ള​തി​ലേ​ക്കും ഉത്തമമാ​യ​വ​യിൽ ഒന്നുതന്നെ.” b

2. (എ) ഉത്തമഗീ​ത​ത്തി​ന്റെ എഴുത്തു​കാ​രൻ ആരായി​രു​ന്നു, അവന്റെ യോഗ്യ​തകൾ എന്തൊ​ക്കെ​യാ​യി​രു​ന്നു, ഈ പുസ്‌ത​കത്തെ വിഫല​സ്‌നേ​ഹ​ത്തി​ന്റെ ഒരു ഗീത​മെന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) എവി​ടെ​വെ​ച്ചാ​ണു പുസ്‌തകം എഴുത​പ്പെ​ട്ടത്‌, എപ്പോൾ?

2 മുഖവു​ര​യിൽനി​ന്നു തെളി​യു​ന്ന​തു​പോ​ലെ, യെരു​ശ​ലേ​മി​ലെ ശലോ​മോൻ രാജാ​വാ​യി​രു​ന്നു ഈ ഗീതത്തി​ന്റെ എഴുത്തു​കാ​രൻ. ഈ അത്യന്തം മനോ​ഹ​ര​മായ എബ്രായ കവിത​യു​ടെ മാതൃക എഴുതാൻ അവൻ തികച്ചും യോഗ്യ​നാ​യി​രു​ന്നു. (1 രാജാ. 4:32) അത്‌ അർഥഗർഭ​വും സൗന്ദര്യ​വർണ​ന​യിൽ അത്യന്തം നിറപ്പ​കി​ട്ടാർന്ന​തു​മായ ഒരു ഗ്രാമീ​ണ​ക​വി​ത​യാണ്‌. പൗരസ്‌ത്യ​പ​ശ്ചാ​ത്തലം വിഭാ​വ​ന​ചെ​യ്യാൻ കഴിയുന്ന വായന​ക്കാ​രൻ ഇത്‌ ഏറെ വിലമ​തി​ക്കും. (ഉത്ത. 4:11, 13; 5:11; 7:4) അത്‌ എഴുതിയ സന്ദർഭം അനുപ​മ​മായ ഒന്നാണ്‌. ജ്ഞാനത്തിൽ മഹത്ത്വ​മാർന്ന, ബലത്തിൽ കരുത്ത​നായ, ശേബയി​ലെ രാജ്ഞി​യു​ടെ​പോ​ലും ആദരവു​ണർത്തിയ ഭൗതി​ക​സ്വ​ത്തി​ന്റെ തിളക്ക​ത്തിൽ ഉജ്ജ്വല​നായ, മഹാരാ​ജാ​വായ ശലോ​മോ​നു താൻ സ്‌നേ​ഹിച്ച ഒരു വെറും ഗ്രാമീ​ണ​പെൺകു​ട്ടി​യിൽ മതിപ്പു​ള​വാ​ക്കാൻ കഴിഞ്ഞില്ല. ഒരു ഇടയബാ​ല​നോ​ടു​ളള അവളുടെ സ്‌നേ​ഹ​ത്തി​ന്റെ സ്ഥിരത നിമിത്തം രാജാവു പരാജ​യ​പ്പെട്ടു. അതു​കൊണ്ട്‌ ഈ പുസ്‌ത​കത്തെ ഉചിത​മാ​യി ശലോ​മോ​ന്റെ വിഫല​സ്‌നേ​ഹ​ത്തി​ന്റെ ഗീതം എന്നു വിളി​ക്കാ​വു​ന്ന​താണ്‌. വരാനി​രുന്ന യുഗങ്ങ​ളി​ലെ ബൈബിൾവാ​യ​ന​ക്കാ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ഈ ഗീതം രചിക്കാൻ യഹോ​വ​യാം ദൈവം അവനെ നിശ്വ​സ്‌ത​നാ​ക്കി. അവൻ യെരു​ശ​ലേ​മിൽവെ​ച്ചാണ്‌ അതെഴു​തി​യത്‌. ഒരുപക്ഷേ ഇത്‌ ആലയം പൂർത്തി​യായ ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞു പൊ.യു.മു. ഏതാണ്ട്‌ 1020-ൽ ആയിരു​ന്നു. ശലോ​മോ​ന്റെ വാഴ്‌ച​യു​ടെ അവസാ​ന​ത്തി​ലെ ‘എഴുനൂ​റു കുലീ​ന​പ​ത്‌നി​ക​ളോ​ടും മുന്നൂറു വെപ്പാ​ട്ടി​ക​ളോ​ടു​മു​ളള’ താരത​മ്യ​ത്തിൽ ഈ ഗീതം എഴുതിയ സമയമാ​യ​പ്പോ​ഴേക്ക്‌ “അറുപതു രാജ്ഞി​ക​ളും എൺപതു വെപ്പാ​ട്ടി​ക​ളും” അവന്‌ ഉണ്ടായി​രു​ന്നു.—ഉത്ത. 6:8; 1 രാജാ. 11:3.

3. ഉത്തമഗീ​ത​ത്തി​ന്റെ കാനോ​നി​ക​ത്വ​ത്തിന്‌ എന്തു തെളി​വുണ്ട്‌?

3 ഉത്തമഗീ​ത​ത്തി​ന്റെ കാനോ​നി​ക​ത്വം മുൻകാ​ല​ങ്ങ​ളിൽ അശേഷ​വും വെല്ലു​വി​ളി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. പൊതു​യു​ഗ​ത്തി​നു ദീർഘ​നാൾമു​മ്പു​തന്നെ അത്‌ എബ്രാ​യ​കാ​നോ​ന്റെ അവിഭാ​ജ്യ​വും നിശ്വ​സ്‌ത​വു​മായ ഭാഗമാ​യി കരുത​പ്പെ​ട്ടി​രു​ന്നു. അതു ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറിൽ ഉൾപ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു. ജോസീ​ഫസ്‌ അതു തന്റെ വിശുദ്ധ പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക​യിൽ ചേർത്തു. അതു​കൊണ്ട്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ മററ്‌ ഏതു പുസ്‌ത​ക​ത്തി​നും ഹാജരാ​ക്കി​യി​രി​ക്കുന്ന തെളിവ്‌ അതിന്റെ കാനോ​നി​ക​ത്വ​ത്തി​നുണ്ട്‌.

4. (എ) “ദൈവം” എന്ന പദത്തിന്റെ അഭാവം ഉത്തമഗീ​ത​ത്തി​ന്റെ കാനോ​നി​ക​ത്വ​ത്തി​നെ​തി​രായ വാദമാ​ണോ? (ബി) ബൈബിൾകാ​നോ​നി​ലെ അതിന്റെ അനുപ​മ​മായ സ്ഥാനത്തിന്‌ അതിനെ അർഹമാ​ക്കു​ന്ന​തെന്ത്‌?

4 ഈ പുസ്‌ത​ക​ത്തിൽ ദൈവത്തെ പരാമർശി​ക്കു​ന്നില്ല എന്ന കാരണ​ത്താൽ ചിലർ ഇതിന്റെ കാനോ​നി​ക​ത്വ​ത്തെ ചോദ്യം​ചെ​യ്‌തി​ട്ടുണ്ട്‌. ദൈവ​മെ​ന്നു​ളള പദത്തിന്റെ സാന്നി​ധ്യം അതിനെ കാനോ​നി​ക​മാ​ക്കു​ക​യി​ല്ലാ​ത്ത​തു​പോ​ലെ ദൈവ​ത്തെ​ക്കു​റി​ച്ചു​ളള പ്രസ്‌താ​വ​ത്തി​ന്റെ അഭാവം അതിനെ അയോ​ഗ്യ​മാ​ക്കു​ക​യില്ല. അധ്യായം 8, വാക്യം 6-ൽ [NW] ദിവ്യ​നാ​മം അതിന്റെ ഹ്രസ്വ​രൂ​പ​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ടു​ക​തന്നെ ചെയ്യു​ന്നുണ്ട്‌. അവിടെ സ്‌നേഹം “യാഹിന്റെ ജ്വാല”യാണെന്നു പറയുന്നു. “നിങ്ങൾ തിരു​വെ​ഴു​ത്തു​കളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യ​ജീ​വൻ ഉണ്ടു എന്നു നിങ്ങൾ നിരൂ​പി​ക്കു​ന്നു​വ​ല്ലോ” എന്നു പറഞ്ഞ​പ്പോൾ യേശു​ക്രി​സ്‌തു അംഗീ​കാ​ര​ത്തോ​ടെ പരാമർശിച്ച ആ എഴുത്തു​ക​ളു​ടെ ഭാഗമാണ്‌ ഈ പുസ്‌തകം എന്നതിനു സംശയ​മില്ല. (യോഹ. 5:39) തന്നെയു​മല്ല, ക്രിസ്‌തു​വി​നും അവന്റെ മണവാ​ട്ടി​ക്കു​മി​ട​യിൽ ഒരു ആത്മീയാർഥ​ത്തിൽ സ്ഥിതി​ചെ​യ്യുന്ന പരസ്‌പ​ര​സ്‌നേ​ഹ​ത്തി​ന്റെ ഉത്‌കൃ​ഷ്ട​ഗു​ണ​ത്തി​ന്റെ ശക്തമായ ചിത്രീ​ക​രണം, ഉത്തമഗീ​ത​ത്തി​നു ബൈബിൾകാ​നോ​നി​ലെ അതിന്റെ അനുപ​മ​മായ സ്ഥാനത്തിന്‌ അർഹത കൊടു​ക്കു​ന്നു.—വെളി. 19:7, 8; 21:9.

ഉത്തമഗീ​ത​ത്തി​ന്റെ ഉളളടക്കം

5. (എ) നാടക​ത്തി​ലെ കഥാപു​രു​ഷൻമാ​രെ തിരി​ച്ച​റി​യു​ന്നത്‌ എങ്ങനെ? (ബി) ഏതു ഹൃദയ​സ്‌പർശി​യായ പ്രതി​പാ​ദ്യ​വി​ഷയം പ്രകാ​ശി​പ്പി​ക്ക​പ്പെ​ടു​ന്നു?

5 ഈ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ സംഭാ​ഷ​ണ​ങ്ങ​ളു​ടെ ഒരു പരമ്പര​യാ​യി​ട്ടാണ്‌ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. സംഭാ​ഷ​ണം​ന​ട​ത്തു​ന്ന​വ​രു​ടെ നിരന്ത​ര​മായ മാററ​മുണ്ട്‌. സംഭാ​ഷ​ണ​ഭാ​ഗ​ങ്ങ​ളു​ളള വ്യക്തികൾ യെരു​ശ​ലേ​മി​ലെ രാജാ​വായ ശലോ​മോൻ, ഒരു ഇടയൻ, അയാളു​ടെ പ്രിയ​പ്പെട്ട ശൂലേം​കാ​രത്തി, അവളുടെ സഹോ​ദ​രൻമാർ, അരമന​സ്‌ത്രീ​കൾ (“യെരൂ​ശ​ലേം പുത്രി​മാർ”) യെരു​ശ​ലേ​മി​ലെ സ്‌ത്രീ​കൾ, (“സീയോൻ പുത്രി​മാർ”) എന്നിവ​രാണ്‌. (ഉത്ത. 1:5-7; 3:5, 11) അവർ തങ്ങളേ​ക്കു​റി​ച്ചു​തന്നെ പറയു​ന്ന​തി​നാ​ലോ തങ്ങളോ​ടു പറയ​പ്പെ​ടു​ന്ന​തി​നാ​ലോ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. നാടക​ത്തി​ന്റെ ചുരു​ള​ഴി​യു​ന്നതു ശൂനേ​മിന്‌ അല്ലെങ്കിൽ ശൂലേ​മി​നു സമീപ​ത്തു​വെ​ച്ചാണ്‌. അവിടെ ശലോ​മോൻ തന്റെ പരിവാ​ര​ങ്ങ​ളു​മാ​യി പാളയ​മ​ടി​ച്ചി​രി​ക്കു​ക​യാണ്‌. അതു ഹൃദയ​സ്‌പർശി​യായ ഒരു പ്രതി​പാ​ദ്യ​വി​ഷയം പ്രകാശിപ്പിക്കുന്നു—ശൂനേം​ഗ്രാ​മ​ത്തിൽനി​ന്നു​ളള ഒരു നാടൻപെ​ണ്ണിന്‌ അവളുടെ ഇടയ​തോ​ഴ​നോ​ടു​ളള സ്‌നേഹം.

6. കന്യക​യും ശലോ​മോ​ന്റെ പാളയ​ത്തി​ലെ അരമന​സ്‌ത്രീ​ക​ളും തമ്മിൽ ഏതു സംഭാ​ഷണം നടക്കുന്നു?

6 ശൂലേ​മ്യ​ക​ന്യക ശലോ​മോ​ന്റെ പാളയ​ത്തിൽ (1:1-14). കന്യക രാജകീ​യ​കൂ​ടാ​ര​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു, അവി​ടേക്ക്‌ രാജാവ്‌ അവളെ കൊണ്ടു​വ​ന്നി​രി​ക്കു​ക​യാണ്‌. എന്നാൽ അവൾക്കു തന്റെ ഇടയസ്‌നേ​ഹി​തനെ കാണാ​നു​ളള ആകാം​ക്ഷയേ ഉളളു. തന്റെ പ്രിയ​നോ​ടു​ളള ആകാം​ക്ഷ​യോ​ടെ അവൻ കൂടെ​യു​ണ്ടെ​ന്നു​ളള മട്ടിൽ അവൾ സംസാ​രി​ക്കു​ന്നു. രാജാ​വി​നെ പരിച​രി​ക്കുന്ന അരമന​യി​ലെ സ്‌ത്രീ​കൾ, “യെരൂ​ശ​ലേം പുത്രി​മാർ,” ശൂലേം​കാ​ര​ത്തി​യെ അവളുടെ കറുത്ത നിറം നിമിത്തം ജിജ്ഞാ​സ​യോ​ടെ നോക്കു​ന്നു. തന്റെ സഹോ​ദ​രൻമാ​രു​ടെ മുന്തി​രി​ത്തോ​ട്ട​ങ്ങളെ കാവൽചെ​യ്‌ത​തു​നി​മി​ത്തം വെയി​ലേ​ററു കരിഞ്ഞ​താ​ണെന്ന്‌ അവൾ വിശദീ​ക​രി​ക്കു​ന്നു. അവൾ പിന്നീടു താൻ സ്വത​ന്ത്ര​യാ​ണെ​ന്നു​ള​ള​തു​പോ​ലെ തന്റെ സ്‌നേ​ഹി​ത​നോ​ടു സംസാ​രി​ക്കു​ക​യും തനിക്ക്‌ അവനെ എവിടെ കണ്ടെത്താ​മെന്നു ചോദി​ക്കു​ക​യും ചെയ്യുന്നു. അരമന​സ്‌ത്രീ​കൾ പുറത്തു​പോ​യി ഇടയൻമാ​രു​ടെ കൂടാ​ര​ങ്ങൾക്ക​രി​കെ അവളുടെ ആടുകളെ മേയി​ക്കാൻ അവളെ അനുവ​ദി​ക്കു​ന്നു.

7. ശലോ​മോൻ എന്തു മുന്നേ​റ​റങ്ങൾ നടത്തുന്നു, എന്നാൽ ഫലമെ​ന്താ​യി​രു​ന്നു?

7 ശലോ​മോൻ മുന്നോ​ട്ടു​വ​രു​ന്നു. അവളെ വിടാൻ അവനു മനസ്സില്ല. അവൻ അവളുടെ സൗന്ദര്യ​ത്തെ പുകഴ്‌ത്തു​ക​യും അവളെ “സുവർണ്ണ​സ​ര​പ്പളി”യും “വെളളി​മ​ണി​ക​ളും” അണിയി​ക്കാ​മെന്നു വാഗ്‌ദാ​നം​ചെ​യ്യു​ക​യും ചെയ്യുന്നു. ശൂലേം​കാ​രത്തി അവന്റെ മുന്നേ​റ​റ​ങ്ങളെ ചെറു​ക്കു​ക​യും തനിക്കു തന്റെ പ്രിയ​നോ​ടു​മാ​ത്രമേ സ്‌നേ​ഹം​തോ​ന്നാൻ കഴിക​യു​ള​ളു​വെന്ന്‌ അവനെ അറിയി​ക്കു​ക​യും ചെയ്യുന്നു.—1:11.

8. കന്യക​യു​ടെ പ്രിയൻ അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ? അവൾ എന്തിനു​വേണ്ടി വാഞ്‌ഛി​ക്കു​ന്നു?

8 ഇടയസ്‌നേ​ഹി​തൻ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (1:15–2:2). ശൂലേം​കാ​ര​ത്തി​യു​ടെ സ്‌നേ​ഹി​തൻ ശലോ​മോ​ന്റെ പാളയ​ത്തി​ലേക്കു ചെല്ലു​ക​യും അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. അവൻ അവൾക്കു തന്റെ സ്‌നേ​ഹ​ത്തിന്‌ ഉറപ്പു കൊടു​ക്കു​ന്നു. ശൂലേം​കാ​രത്തി അവളുടെ പ്രിയന്റെ സാമീ​പ്യ​വും വയലു​ക​ളി​ലും വനങ്ങളി​ലും അവനോ​ടൊത്ത്‌ ഒററക്കു വസിക്കു​ന്ന​തി​ന്റെ എളിയ ഉല്ലാസ​വും അഭില​ഷി​ക്കു​ന്നു.

9. ബാലി​ക​യും അവളുടെ പ്രിയ​നും അവളുടെ സൗന്ദര്യ​ത്തെ പുകഴ്‌ത്തു​ന്ന​തെ​ങ്ങനെ?

9 ശൂലേം​കാ​രത്തി വിനീ​ത​യായ ഒരു പെൺകു​ട്ടി​യാണ്‌. “ഞാൻ ശാരോ​നി​ലെ പനിനീർപു​ഷ്‌പ​വും താഴ്‌വ​ര​ക​ളി​ലെ താമര​പ്പൂ​വും ആകുന്നു,” അവൾ പറയുന്നു. അവളുടെ ഇടയസ്‌നേ​ഹി​തൻ അവൾ അതുല്യ​യാ​ണെന്നു വിചാ​രി​ച്ചു​കൊ​ണ്ടു പറയുന്നു: “മുളളു​ക​ളു​ടെ ഇടയിൽ താമര​പോ​ലെ കന്യക​മാ​രു​ടെ ഇടയിൽ എന്റെ പ്രിയ ഇരിക്കു​ന്നു.”—2:1, 2.

10. കന്യക തന്റെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ അനുസ്‌മ​രി​ക്കു​ന്നു?

10 കന്യക തന്റെ ഇടയനു​വേണ്ടി വാഞ്‌ഛി​ക്കു​ന്നു (2:3–3:5). വീണ്ടും തന്റെ സ്‌നേ​ഹി​ത​നിൽനി​ന്നു വേർപി​രി​ഞ്ഞ​പ്പോൾ, മറെറ​ല്ലാ​വ​രി​ലു​മു​പ​രി​യാ​യി ശൂലേം​കാ​രത്തി അവനെ എങ്ങനെ വിലമ​തി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. മറെറാ​രാ​ളോട്‌ അനാവ​ശ്യ​മായ പ്രേമം ഉണർത്താ​തി​രി​ക്കാൻ യെരു​ശ​ലേം പുത്രി​മാർ പ്രതി​ജ്ഞാ​ബ​ദ്ധ​രാ​ണെന്ന്‌ അവരോട്‌ അവൾ പറയുന്നു. തന്റെ ഇടയൻ തന്റെ വിളിക്ക്‌ ഉത്തരം​നൽകു​ക​യും വസന്തകാ​ലത്ത്‌ അവളെ കുന്നു​ക​ളി​ലേക്കു ക്ഷണിക്കു​ക​യും ചെയ്‌ത സമയം അവൾ ഓർക്കു​ന്നു. അയാൾ സന്തോ​ഷ​ത്താൽ തുളളി​ച്ചാ​ടി പർവത​ങ്ങ​ളിൻമേൽ കയറു​ന്നത്‌ അവൾ കാണുന്നു. “എന്റെ പ്രിയേ എഴു​ന്നേൽക്ക; എന്റെ സുന്ദരീ വരിക” എന്ന്‌ അയാൾ വിളി​ച്ചു​പ​റ​യു​ന്നത്‌ അവൾ കേൾക്കു​ന്നു. എന്നിരു​ന്നാ​ലും, അവളുടെ സ്ഥിരത​യെ​ക്കു​റിച്ച്‌ ഉറപ്പി​ല്ലാഞ്ഞ അവളുടെ സഹോ​ദ​രൻമാർ കോപി​ക്കു​ക​യും മുന്തി​രി​ത്തോ​ട്ടങ്ങൾ കാവൽചെ​യ്യുന്ന വേലക്ക്‌ അവളെ ആക്കുക​യും ചെയ്യുന്നു. “എന്റെ പ്രിയൻ എനിക്കു​ള​ളവൻ; ഞാൻ അവന്നു​ള​ളവൻ,” അവൾ പ്രഖ്യാ​പി​ക്കു​ന്നു. തന്റെ അടുക്ക​ലേക്ക്‌ അയാൾ ബദ്ധപ്പെ​ട്ടു​വ​രാൻ അവൾ അഭ്യർഥി​ക്കു​ന്നു.—2:13, 16.

11. ഏതു പ്രതിജ്ഞ ശൂലേം​കാ​രത്തി യെരു​ശ​ലേം പുത്രി​മാ​രെ ഓർമി​പ്പി​ക്കു​ന്നു?

11 ശൂലേം​കാ​രത്തി ശലോ​മോ​ന്റെ പാളയ​ത്തി​ലെ അവളുടെ തടവി​നെ​ക്കു​റി​ച്ചു വർണി​ക്കു​ന്നു. രാത്രി​യിൽ കിടക്ക​യിൽ അവൾ തന്റെ ഇടയനെ വാഞ്‌ഛി​ക്കു​ന്നു. തന്നിൽ അനാവ​ശ്യ​മായ പ്രേമം ഉണർത്താ​തി​രി​ക്കാൻ അവർ പ്രതി​ജ്ഞാ​ബ​ദ്ധ​രാ​ണെന്ന്‌ വീണ്ടും അവൾ യെരു​ശ​ലേം പുത്രി​മാ​രെ ഓർപ്പി​ക്കു​ന്നു.

12. കന്യകയെ ശലോ​മോൻ യെരു​ശ​ലേ​മി​ലേക്കു കൊണ്ടു​പോ​കു​മ്പോൾ അവളുടെ പ്രിയൻ കൂടു​ത​ലായ എന്തു പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്നു?

12 ശൂലേം​കാ​രത്തി യെരു​ശ​ലേ​മിൽ (3:6–5:1). ശലോ​മോൻ രാജകീയ പ്രതാ​പ​ത്തിൽ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കു​ന്നു, ജനം അവന്റെ ഘോഷ​യാ​ത്രയെ പ്രശം​സി​ക്കു​ന്നു. ഈ നിർണാ​യ​ക​നാ​ഴി​ക​യിൽ ഇടയസ്‌നേ​ഹി​തൻ ശൂലേം​കാ​ര​ത്തി​യെ ഭഗ്നാശ​യാ​ക്കു​ന്നില്ല. അവൻ മൂടു​പടം ധരിച്ച തന്റെ തോഴി​യെ പിന്തു​ട​രു​ക​യും അവളു​മാ​യി സമ്പർക്ക​ത്തി​ലാ​കു​ക​യും ചെയ്യുന്നു. അവൻ ഊഷ്‌മ​ള​മായ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളാൽ തന്റെ പ്രിയയെ ശക്തീക​രി​ക്കു​ന്നു. താൻ സ്വത​ന്ത്ര​യാ​കാ​നും നഗരം വിട്ടു​പോ​കാ​നും ആഗ്രഹി​ക്കു​ന്നു​വെന്ന്‌ അവൾ പറയുന്നു. അനന്തരം അവൻ സ്‌നേ​ഹ​ത്തി​ന്റെ ഒരു ഹർഷപാ​ര​വ​ശ്യ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു: “എന്റെ പ്രിയേ, നീ സർവ്വാം​ഗ​സു​ന്ദരി.” (4:7) കേവലം അവളുടെ ഒരു നോട്ടം​തന്നെ അവന്റെ ഹൃദയം പിടയ്‌ക്കാ​നി​ട​യാ​ക്കു​ന്നു. അവളുടെ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ വീഞ്ഞി​നെ​ക്കാൾ മെച്ചമാണ്‌, അവളുടെ സൗരഭ്യം ലെബാ​നോ​നി​ന്റേ​തു​പോ​ലെ​യാണ്‌, അവളുടെ ചർമം മാതള​ത്തി​ന്റെ ഒരു പറുദീ​സ​പോ​ലെ​യാണ്‌. കന്യക തന്റെ പ്രിയനെ തന്റെ “തോട്ട”ത്തിലേക്കു വരാൻ ക്ഷണിക്കു​ന്നു, അവൻ ക്ഷണം സ്വീക​രി​ക്കു​ന്നു. യെരു​ശ​ലേ​മി​ലെ സൗഹൃ​ദ​മു​ളള സ്‌ത്രീ​കൾ അവരെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “സുഹൃ​ത്തു​ക്കളേ, തിന്നുക! കുടി​ക്കു​ക​യും സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളാൽ മത്തരാ​കു​ക​യും ചെയ്യുക!”—4:16; 5:1, NW.

13. കന്യക ഏതു സ്വപ്‌നം കാണുന്നു, അവൾ തന്റെ സ്‌നേ​ഹി​തനെ അരമന​സ്‌ത്രീ​ക​ളോ​ടു വർണി​ക്കു​ന്നത്‌ എങ്ങനെ?

13 കന്യക​യു​ടെ സ്വപ്‌നം (5:2–6:3). ശൂലേം​കാ​രത്തി അരമന​സ്‌ത്രീ​ക​ളോട്‌ ഒരു സ്വപ്‌നം പറയുന്നു, അതിൽ അവൾ ഒരു മുട്ടു കേൾക്കു​ന്നു. അവളുടെ പ്രിയൻ പുറത്തു നിൽക്കു​ന്നു, തന്നെ അകത്തു പ്രവേ​ശി​പ്പി​ക്കാൻ അഭ്യർഥി​ച്ചു​കൊ​ണ്ടു​തന്നെ. എന്നാൽ അവൾ കിടക്ക​യി​ലാണ്‌. കതകു തുറക്കാൻ അവൾ ഒടുവിൽ എഴു​ന്നേൽക്കു​മ്പോൾ അവൻ ഇരുട്ടി​ലേക്കു മറഞ്ഞി​രി​ക്കു​ന്നു. അവൾ അവന്റെ പിന്നാലെ പോകു​ന്നു, എന്നാൽ അവനെ കണ്ടെത്താൻ കഴിയു​ന്നില്ല. കാവൽക്കാർ അവളോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ന്നു. അരമന​സ്‌ത്രീ​ക​ളോട്‌ അവർ അവനെ കാണു​ന്ന​പക്ഷം താൻ വിരഹ​താ​പ​ത്തി​ലാ​ണെന്ന്‌ അവനോ​ടു പറയാൻ അവർക്കു കടപ്പാ​ടു​ണ്ടെന്ന്‌ അവൾ പറയുന്നു. അവനെ ഇത്ര പ്രമു​ഖ​നാ​ക്കു​ന്നത്‌ എന്താ​ണെന്ന്‌ അവർ ചോദി​ക്കു​ന്നു. അയാൾ “വെൺമ​യും ചുവപ്പു​മു​ള​ളവൻ, പതിനാ​യി​രം​പേ​രിൽ അതി​ശ്രേ​ഷ്‌ഠൻ തന്നേ” എന്നു പറഞ്ഞു​കൊണ്ട്‌ അവൾ അവന്റെ ഒരു മനോ​ഹ​ര​വർണ​ന​യി​ലേക്കു നീങ്ങുന്നു. (5:10) അവന്റെ സ്ഥിതി​ഗ​തി​ക​ളെ​ക്കു​റിച്ച്‌ അരമന​സ്‌ത്രീ​കൾ ചോദി​ക്കു​ന്നു. അവൻ തോട്ട​ങ്ങ​ളിൽ മേയി​ക്കാൻ പോയി​രി​ക്കു​ന്നു​വെന്ന്‌ അവൾ പറയുന്നു.

14. ശലോ​മോ​ന്റെ സകല ചാതു​ര്യ​വു​മു​ണ്ടാ​യി​രു​ന്നി​ട്ടും അവൻ തന്റെ ആഗ്രഹ​ത്തിൽ പരാജ​യ​പ്പെ​ടു​ന്ന​തെ​ങ്ങനെ?

14 ശലോ​മോ​ന്റെ അന്തിമ മുന്നേ​റ​റങ്ങൾ (6:4–8:4). ശലോ​മോൻരാ​ജാവ്‌ ശൂലേം​കാ​ര​ത്തി​യെ സമീപി​ക്കു​ന്നു. അവൾ എത്ര സുന്ദരി​യാ​ണെന്നു വീണ്ടും അവൻ അവളോ​ടു പറയുന്നു, ‘അറുപതു രാജ്ഞി​ക​ളെ​യും എൺപതു വെപ്പാ​ട്ടി​കളെ’യുംകാൾ സുന്ദരി. എന്നാൽ അവൾ അവനെ നിരസി​ക്കു​ന്നു. (6:8) ഒരു സേവന​ദൗ​ത്യം മാത്ര​മാണ്‌ അവളെ അവന്റെ പാളയ​ത്തി​നു സമീപം വരുത്തി​യത്‌. ‘എന്നെ കാൺമാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തിന്‌?’ അവൾ ചോദി​ക്കു​ന്നു. ശലോ​മോൻ അവളുടെ നിഷ്‌ക​ള​ങ്ക​മായ ചോദ്യ​ത്തെ അവളുടെ ഉളളം​കാൽമു​തൽ നെറു​ക​ന്ത​ല​വ​രെ​യു​ളള അവളുടെ അഴകു വർണി​ക്കാൻ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. എന്നാൽ കന്യക അവന്റെ സകല ചാതു​ര്യ​ത്തെ​യും നിരസി​ക്കു​ന്നു. അവൾ സധൈ​ര്യം ഇടയ​നോ​ടു​ളള തന്റെ നിഷ്‌ക​ള​ങ്ക​സ്‌നേഹം പ്രഖ്യാ​പി​ക്കു​ന്നു, അവനു​വേണ്ടി നിലവി​ളി​ച്ചു​കൊ​ണ്ടു​തന്നെ. തന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി തന്നിൽ പ്രേമം ഉണർത്താ​തി​രി​ക്കാൻ യെരു​ശ​ലേം പുത്രി​മാർ പ്രതി​ജ്ഞാ​ബ​ദ്ധ​രാ​ണെന്നു മൂന്നാം പ്രാവ​ശ്യം അവൾ അവരെ ഓർമി​പ്പി​ക്കു​ന്നു. ശലോ​മോൻ വീട്ടി​ലേക്കു പോകാൻ അവളെ അനുവ​ദി​ക്കു​ന്നു. ശൂലേം​കാ​ര​ത്തി​യു​ടെ സ്‌നേ​ഹ​ത്തി​നു​വേ​ണ്ടി​യു​ളള തന്റെ ആഗ്രഹ​ത്തിൽ അവൻ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

15. (എ) ഏത്‌ അപേക്ഷ​യു​മാ​യി കന്യക തന്റെ സഹോ​ദ​രൻമാ​രു​ടെ അടുക്ക​ലേക്കു മടങ്ങുന്നു? (ബി) അനന്യ​ഭക്തി എങ്ങനെ ജയം​കൊ​ണ്ടി​രി​ക്കു​ന്നു?

15 ശൂലേം​കാ​രത്തി മടങ്ങി​പ്പോ​കു​ന്നു (8:5-14). അവൾ അടുത്തു​വ​രു​ന്നത്‌ അവളുടെ സഹോ​ദ​രൻമാർ കാണുന്നു, എന്നാൽ അവൾ ഒററയ്‌ക്കല്ല. അവൾ തന്റെ ‘പ്രിയ​നിൽ ചാരി​ക്കൊ​ണ്ടാണ്‌ വരുന്നത്‌.’ തന്റെ പ്രിയനെ ഒരു ആപ്പിൾമ​ര​ത്തിൻകീ​ഴിൽ കണ്ടത്‌ അവൾ ഓർക്കു​ക​യും അവനോ​ടു​ളള അഭഞ്‌ജ​മായ സ്‌നേഹം പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു. “ഒരു ചെറിയ പെങ്ങൾ” ആയിരു​ന്ന​പ്പോൾ അവളെ​ക്കു​റി​ച്ചു തങ്ങൾക്കു​ണ്ടാ​യി​രുന്ന ഉത്‌ക​ണ്‌ഠ​യെ​ക്കു​റിച്ച്‌ അവളുടെ സഹോ​ദ​രൻമാ​രിൽ ചിലർ നടത്തിയ മുൻ അഭി​പ്രാ​യങ്ങൾ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു, എന്നാൽ താൻ പക്വത​യും സ്ഥിരത​യു​മു​ളള ഒരു സ്‌ത്രീ​യാ​ണെന്നു തെളി​യി​ച്ചി​രി​ക്കു​ന്ന​താ​യി അവൾ പ്രഖ്യാ​പി​ക്കു​ന്നു. (8:8) അവളുടെ സഹോ​ദ​രൻമാർ ഇപ്പോൾ അവളുടെ വിവാ​ഹ​ത്തി​നു സമ്മതി​ക്കട്ടെ. ശലോ​മോൻ രാജാ​വി​നു തന്റെ സ്വത്ത്‌ ഉണ്ടായി​രി​ക്കാം! അവൾ തന്റെ ഏക മുന്തി​രി​ത്തോ​ട്ട​ത്തിൽ സംതൃ​പ്‌ത​യാണ്‌, കാരണം അവൾ തനിക്ക്‌ അനന്യ​മാ​യി പ്രിയ​പ്പെ​ട്ട​വ​നായ ഒരാ​ളെ​യാ​ണു സ്‌നേ​ഹി​ക്കു​ന്നത്‌. അവളുടെ കാര്യ​ത്തിൽ ഈ സ്‌നേഹം മരണം​പോ​ലെ ശക്തവും അതിന്റെ ജ്വലനങ്ങൾ “യാഹിന്റെ ജ്വാല”പോ​ലെ​യും ആകുന്നു. “ഷീയോൾ പോലെ കീഴട​ങ്ങാത്ത” അനന്യ​ഭ​ക്തി​യി​ലു​ളള നിഷ്‌കർഷ വിജയം​വ​രി​ക്കു​ക​യും തന്റെ ഇടയസ്‌നേ​ഹി​ത​നു​മാ​യു​ളള ഒന്നിക്ക​ലി​ന്റെ മഹത്തായ ഉന്നതി​ക​ളി​ലേക്കു നയിക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—8:5, 6, NW.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

16. ഈ ഗീതത്തിൽ ഏതു മൂല്യ​വ​ത്തായ പാഠങ്ങൾ പഠിപ്പി​ക്ക​പ്പെ​ടു​ന്നു?

16 ദൈവ​ത്തി​ന്റെ മനുഷ്യന്‌ ഇന്നു പ്രയോ​ജ​ന​പ്ര​ദ​മെന്നു കണ്ടെത്താ​വുന്ന എന്തു പാഠങ്ങ​ളാണ്‌ ഈ സ്‌നേ​ഹ​ഗീ​ത​ത്തിൽ പഠിപ്പി​ക്ക​പ്പെ​ടു​ന്നത്‌? വിശ്വ​സ്‌ത​ത​യും ഭക്തിയും ദൈവി​ക​ത​ത്ത്വ​ങ്ങ​ളോ​ടു​ളള ദൃഢമായ പററി​നിൽപ്പും വ്യക്തമാ​യി കാണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ഗീതം സദ്‌ഗു​ണ​ത്തി​ന്റെ മനോ​ഹാ​രി​ത​യും ഒരു യഥാർഥ​സ്‌നേ​ഹി​ത​നി​ലു​ളള നിഷ്‌ക​ള​ങ്ക​ത​യും പഠിപ്പി​ക്കു​ന്നു. യഥാർഥ സ്‌നേഹം അജയ്യവും കെടു​ത്താ​നാ​വാ​ത്ത​തും വിലയ്‌ക്കു​വാ​ങ്ങാ​നാ​വാ​ത്ത​തു​മാ​ണെന്ന്‌ അതു പഠിപ്പി​ക്കു​ന്നു. യുവ ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷൻമാർക്കും അതു​പോ​ലെ​തന്നെ ഭാര്യാ​ഭർത്താ​ക്കൻമാർക്കും പ്രലോ​ഭ​നങ്ങൾ പൊന്തി​വ​രു​മ്പോ​ഴും മോഹ​വി​ഷ​യങ്ങൾ വന്നു​ചേ​രു​മ്പോ​ഴും നിർമ​ല​ത​യു​ടെ ഈ സമുചി​ത​മായ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും.

17. (എ) ഈ ഗീതം ക്രിസ്‌തീ​യ​സ​ഭ​യു​ടെ പ്രബോ​ധ​ന​ത്തി​നു​വേണ്ടി എഴുത​പ്പെ​ട്ട​താ​ണെന്നു പൗലൊസ്‌ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (ബി) കൊരി​ന്ത്യർക്കും എഫേസ്യർക്കും എഴുതി​യ​പ്പോൾ പൗലൊ​സിന്‌ അതു തീർച്ച​യാ​യും മനസ്സി​ലു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (സി) യോഹ​ന്നാ​ന്റെ നിശ്വസ്‌ത എഴുത്തു​ക​ളു​മാ​യി ഏതു രസാവ​ഹ​മായ താരത​മ്യ​ങ്ങൾ നടത്താ​വു​ന്ന​താണ്‌?

17 എന്നാൽ ഈ നിശ്വസ്‌ത ഗീതം ക്രിസ്‌തീയ സഭക്കു മൊത്ത​ത്തി​ലും അത്യന്തം പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അതിനെ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​യി അംഗീ​ക​രി​ച്ചു, അവരി​ലൊ​രാൾ ഇങ്ങനെ എഴുതി: “മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.” (റോമ. 15:4) ഇതേ നിശ്വസ്‌ത എഴുത്തു​കാ​ര​നായ പൗലൊസ്‌ “ഞാൻ നിങ്ങ​ളെ​ക്കു​റി​ച്ചു ദൈവ​ത്തി​ന്റെ എരി​വോ​ടെ എരിയു​ന്നു; ഞാൻ ക്രിസ്‌തു എന്ന ഏകപു​രു​ഷന്നു നിങ്ങളെ നിർമ്മ​ല​ക​ന്യ​ക​യാ​യി ഏല്‌പി​പ്പാൻ വിവാ​ഹ​നി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു” എന്നു ക്രിസ്‌തീ​യ​സ​ഭക്ക്‌ എഴുതി​യ​പ്പോൾ ഇടയ​നോ​ടു​ളള ശൂലേ​മ്യ​ബാ​ലി​ക​യു​ടെ അനന്യ​മായ സ്‌നേഹം തീർച്ച​യാ​യും അവന്റെ മനസ്സിൽ ഉണ്ടായി​രു​ന്നി​രി​ക്കണം. ഒരു ഭർത്താ​വി​നു ഭാര്യ​യോ​ടു​ളള സ്‌നേ​ഹം​പോ​ലെ സഭയോ​ടു ക്രിസ്‌തു​വി​നു​ളള സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും പൗലൊസ്‌ എഴുതി. (2 കൊരി. 11:2; എഫെ. 5:23-27) യേശു​ക്രി​സ്‌തു അവരുടെ നല്ല ഇടയനാ​ണെന്നു മാത്രമല്ല, സ്വർഗ​ത്തിൽ തന്നോ​ടു​ളള “വിവാഹ”ത്തിന്റെ അവർണ​നീ​യ​മായ സന്തോഷം തന്റെ അനുഗാ​മി​കൾക്കു നീട്ടി​ക്കൊ​ടു​ക്കുന്ന അവരുടെ രാജാ​വു​കൂ​ടെ​യാണ്‌.—വെളി. 19:9; യോഹ. 10:11.

18. ക്രിസ്‌തു​യേ​ശു​വി​ന്റെ അഭിഷി​ക്താ​നു​ഗാ​മി​കൾക്ക്‌ ഏതു വിധത്തിൽ ശൂലേ​മ്യ​ബാ​ലി​ക​യു​ടെ മാതൃ​ക​യിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​വു​ന്ന​താണ്‌?

18 തീർച്ച​യാ​യും ക്രിസ്‌തു​യേ​ശു​വി​ന്റെ ഈ അഭിഷി​ക്താ​നു​ഗാ​മി​കൾക്കു ശൂലേ​മ്യ​ബാ​ലി​ക​യു​ടെ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നു വളരെ​യ​ധി​കം പഠിക്കാൻ കഴിയും. അവരും തങ്ങളുടെ സ്‌നേ​ഹ​ത്തിൽ വിശ്വ​സ്‌ത​രും ലോക​ത്തി​ലെ ഭൗതി​കത്വ തിളക്ക​ത്താൽ വശീക​രി​ക്ക​പ്പെ​ടാ​ത്ത​വ​രു​മാ​യി പ്രതി​ഫ​ല​ല​ബ്ധി​വരെ തങ്ങളുടെ നിർമ​ല​ത​യിൽ സമനില പാലി​ക്കു​ന്ന​വ​രാ​യി​രി​ക്കണം. അവർ മീതെ​യു​ളള കാര്യ​ങ്ങ​ളിൽ തങ്ങളുടെ മനസ്സു പതിപ്പി​ക്കു​ക​യും ‘ഒന്നാമതു രാജ്യം അന്വേ​ഷി​ക്കു​ക​യും ചെയ്യുന്നു.’ അവർ തങ്ങളുടെ ഇടയന്റെ, യേശു​ക്രി​സ്‌തു​വി​ന്റെ, സ്‌നേ​ഹ​നിർഭ​ര​മായ പ്രീതി​പ്ര​ക​ട​ന​ങ്ങളെ സ്വാഗ​തം​ചെ​യ്യു​ന്നു. കാണ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ഈ പ്രിയൻ ധൈര്യ​പ്പെ​ടാ​നും ലോകത്തെ ജയിക്കാ​നും ആഹ്വാ​നം​ചെ​യ്‌തു​കൊ​ണ്ടു തങ്ങളുടെ സമീപ​ത്തു​ണ്ടെന്ന്‌ അറിയു​ന്ന​തിൽ അവർക്ക്‌ അതീവ​സ​ന്തോ​ഷ​മുണ്ട്‌. തങ്ങളുടെ ഇടയരാ​ജാ​വി​നോ​ടു “യാഹിന്റെ ജ്വാല”പോലെ ശക്തമായ അശമനീയ സ്‌നേ​ഹ​മു​ള​ള​തു​കൊണ്ട്‌ അവർ തീർച്ച​യാ​യും ജയം​കൊ​ള​ളു​ക​യും മഹത്ത്വ​മാർന്ന സ്വർഗീ​യ​രാ​ജ്യ​ത്തി​ന്റെ കൂട്ടവ​കാ​ശി​ക​ളെന്ന നിലയിൽ തന്നോടു ചേർക്ക​പ്പെ​ടു​ക​യും ചെയ്യും. അങ്ങനെ യാഹിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടും!—മത്താ. 6:33; യോഹ. 16:33.

[അടിക്കു​റി​പ്പു​കൾ]

a യഹൂദ മിഷ്‌നാ (യദായിം 3:5).

b ക്ലാർക്കിന്റെ ഭാഷ്യം, വാല്യം III, പേജ്‌ 841.

[അധ്യയന ചോദ്യ​ങ്ങൾ]