ബൈബിൾ പുസ്തക നമ്പർ 31—ഓബദ്യാവ്
ബൈബിൾ പുസ്തക നമ്പർ 31—ഓബദ്യാവ്
എഴുത്തുകാരൻ: ഓബദ്യാവ്
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 607
1. സന്ദേശവാഹകനല്ല, സന്ദേശത്തിനാണു പ്രാധാന്യമുളളതെന്ന് എന്തു പ്രകടമാക്കുന്നു?
എബ്രായ തിരുവെഴുത്തുകളിലെ ഏററവും ഹ്രസ്വപുസ്തകമായ ഓബദ്യാവ് വെറും 21 വാക്യങ്ങളിൽ ദൈവരാജ്യത്തിന്റെ അന്തിമമായ വിജയത്തെ മുൻകൂട്ടിപ്പറയവേ, ഒരു ജനതയുടെ അന്തത്തിൽ കലാശിച്ച ദൈവത്തിന്റെ ന്യായവിധി പ്രഘോഷിക്കുന്നു. ആമുഖവാക്കുകൾ കേവലം “ഓബദ്യാവിന്റെ ദർശനം” എന്നു പ്രസ്താവിക്കുന്നു. അവൻ എപ്പോൾ, എവിടെ, ഏതു ഗോത്രത്തിൽ ജനിച്ചു, അവന്റെ ജീവിതത്തിന്റെ വിശദാംശങ്ങൾ—ഇവയൊന്നും പറയുന്നില്ല. വ്യക്തമായും, പ്രവാചകന്റെ താദാത്മ്യമല്ല, സന്ദേശമാണു പ്രധാന സംഗതി; അത് ഉചിതവുമാണ്, കാരണം ഓബദ്യാവുതന്നെ പ്രഖ്യാപിച്ചതുപോലെ, അതു ‘യഹോവയിങ്കൽനിന്നുളള ഒരു വർത്തമാനമാണ്.’
2. ഓബദ്യാവിന്റെ പ്രവചനം ഏതു രാജ്യത്തിൽ കേന്ദ്രീകരിക്കുന്നു, അതിലെ നിവാസികൾക്കു സുരക്ഷിതത്വം തോന്നാനിടയാക്കിയതെന്ത്?
2 വിവരം മുഖ്യശ്രദ്ധ പതിപ്പിക്കുന്നത് ഏദോമിൻമേലാണ്. ചാവുകടലിൽനിന്ന് അരാബവഴി തെക്കോട്ടു നീണ്ട് സേയീർപർവതം എന്നും അറിയപ്പെടുന്ന ഏദോംദേശം, ഉയർന്ന പർവതങ്ങളും ആഴമുളള ഗർത്തങ്ങളും സഹിതം കുന്നുംകുഴിയുമായ ഒരു രാജ്യമാണ്. അരാബക്കു കിഴക്കുളള പർവതപ്രദേശം ചില സ്ഥാനങ്ങളിൽ 1,700 മീററർ ഉയരത്തിലെത്തുന്നു. തേമാൻ ജില്ല അതിലെ ജനത്തിന്റെ ജ്ഞാനത്തിനും ധൈര്യത്തിനും കേൾവികേട്ടതായിരുന്നു. പ്രകൃതിപരമായ സംരക്ഷണത്തോടുകൂടിയ ഏദോമിന്റെ ഭൂമിശാസ്ത്രംതന്നെ അതിലെ നിവാസികൾക്കു സുരക്ഷിതത്വവും അഹങ്കാരവും തോന്നാനിടയാക്കി. a
3. ഏദോമ്യർ ഇസ്രായേല്യരോടു സഹോദരൻമാരെപ്പോലെ വർത്തിച്ചോ?
3 ഏദോമ്യർ യാക്കോബിന്റെ സഹോദരനായ ഏശാവിന്റെ സന്തതികളായിരുന്നു. യാക്കോബിന്റെ പേർ ഇസ്രായേൽ എന്നു മാററപ്പെട്ടു, അതുകൊണ്ടു ‘സഹോദരൻമാർ’ എന്നു വീക്ഷിക്കപ്പെടത്തക്കവണ്ണം ഏദോമ്യർ ഇസ്രായേല്യരോട് അടുത്തു ബന്ധമുളളവരായിരുന്നു. (ആവ. 23:7) എന്നിരുന്നാലും ഏദോമിന്റെ നടത്ത അശേഷം സഹോദരനിർവിശേഷമായിരുന്നില്ല. ഇസ്രായേല്യർ വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിന് അൽപ്പംമുമ്പു മോശ അവിടത്തെ രാജാവിനോട് അവന്റെ ദേശത്തിലൂടെ സമാധാനപൂർവം കടന്നുപോകുന്നതിനുളള അനുവാദം ചോദിച്ചുകൊണ്ട് ആളെ അയച്ചു. എന്നാൽ ശത്രുത പ്രകടമാക്കിക്കൊണ്ട് ഏദോമ്യർ നിരസിക്കുകയും ഒരു ശക്തിപ്രകടനംകൊണ്ട് ആ നിരസനത്തെ പിന്താങ്ങുകയും ചെയ്തു. (സംഖ്യാ. 20:14-21) അവർ ദാവീദിനാൽ കീഴടക്കപ്പെട്ടെങ്കിലും പിൽക്കാലത്തു യഹോശാഫാത്തിന്റെ നാളുകളിൽ യഹൂദക്കെതിരെ അമ്മോനും മോവാബുമായി ഗൂഢാലോചന നടത്തി, യഹോശാഫാത്തിന്റെ പുത്രനായ യഹോരാമിനെതിരെ മത്സരിച്ചു, ഗസ്സയിൽനിന്നും സോരിൽനിന്നുമുളള ഇസ്രായേല്യ ബന്ദികളുടെ ചുമതല ഏറെറടുത്തു, കൂടുതൽ ബന്ദികളെ പിടിക്കാൻ ആഹാസ്രാജാവിന്റെ നാളുകളിൽ യഹൂദയെ ആക്രമിക്കുകയും ചെയ്തു.—2 ദിന. 20:1, 2, 22, 23; 2 രാജാ. 8:20-22; ആമോ. 1:6, 9; 2 ദിന. 28:17.
4. (എ) തെളിവനുസരിച്ച് ഏതു നിന്ദ്യമായ പ്രവർത്തനം ഓബദ്യാവിനാലുളള ഏദോമിന്റെ അപലപനത്തിന് അടിസ്ഥാനമൊരുക്കി? (ബി) ഏതു തെളിവ് അതിന്റെ എഴുത്തിന്റെ ഏററവും സാധ്യതയുളള തീയതിയായി പൊ.യു.മു. 607-നെ സൂചിപ്പിക്കുന്നു?
4 ബാബിലോന്യസൈന്യം യെരുശലേമിനെ ശൂന്യമാക്കിയ പൊ.യു.മു. 607-ൽ ഈ ശത്രുത അത്യുച്ചത്തിലെത്തി. ഏദോമ്യർ അംഗീകാരത്തോടെ വീക്ഷിച്ചുകൊണ്ടിരുന്നുവെന്നു മാത്രമല്ല, ശൂന്യമാക്കൽ പൂർണമാക്കാൻ ജേതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. “ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ!”, അവർ അട്ടഹസിച്ചു. (സങ്കീ. 137:7) കൊളളക്കു ചീട്ടിട്ടപ്പോൾ കൊളളയുടെ പങ്കു സ്വീകരിക്കുന്നവരിൽ അവർ ഉണ്ടായിരുന്നു. യഹൂദൻമാരിൽ രക്ഷപ്പെട്ടവർ ദേശത്തുനിന്ന് ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ അവർ മാർഗതടസ്സം സൃഷ്ടിക്കുകയും അവരെ ശത്രുവിന് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തു. യെരുശലേമിന്റെ നാശത്തിന്റെ സമയത്തെ ഈ അക്രമമാണു പ്രത്യക്ഷത്തിൽ ഓബദ്യാവു രേഖപ്പെടുത്തിയ അപലപനങ്ങൾക്ക് അടിസ്ഥാനം. ഏദോമിന്റെ നിന്ദാർഹമായ പ്രവർത്തനം മനസ്സിൽ പച്ചപിടിച്ചു നിന്നപ്പോഴായിരുന്നു അതെഴുതപ്പെട്ടതെന്നുളളതിനു സംശയമില്ല. (ഓബ. 11, 14) യെരുശലേമിന്റെ നാശത്തിനുശേഷം അഞ്ചുവർഷത്തിനകം പ്രത്യക്ഷത്തിൽ ഏദോംതന്നെ നെബുഖദ്നേസരാൽ പിടിച്ചടക്കപ്പെടുകയും കൊളളയടിക്കപ്പെടുകയും ചെയ്തതുകൊണ്ട് അതിനു മുമ്പ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കണം; ഏററവും സാധ്യതയുളള തീയതിയായി പൊ.യു.മു. 607 സൂചിപ്പിക്കപ്പെടുന്നു.
5. (എ) ഓബദ്യാവിന്റെ രേഖ വിശ്വാസ്യവും സത്യവുമാണെന്ന് എന്തു തെളിയിക്കുന്നു? (ബി) ഓബദ്യാവ് എങ്ങനെ ഒരു സത്യപ്രവാചകന്റെ യോഗ്യതകൾ നിറവേററി, അവന്റെ പേർ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
5 ഏദോമിനെതിരായ ഓബദ്യാവിന്റെ പ്രവചനം നിവൃത്തിയേറി—മുഴുവൻതന്നെ! പാരമ്യത്തിലെത്തുമ്പോൾ പ്രവചനം പ്രസ്താവിക്കുന്നു: “ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (വാക്യം 18) ഏദോം വാളിനാൽ ജീവിച്ചു, വാളിനാൽ മരിച്ചു, അവളുടെ സന്തതികളുടെ കണികപോലും ശേഷിക്കുന്നില്ല. അങ്ങനെ രേഖ വിശ്വാസ്യവും സത്യവുമെന്നു തെളിയുന്നു. ഓബദ്യാവിന് ഒരു സത്യപ്രവാചകന്റെ സകല സാക്ഷ്യങ്ങളുമുണ്ട്: അവൻ യഹോവയുടെ നാമത്തിൽ സംസാരിച്ചു, അവന്റെ പ്രവചനം യഹോവയെ ബഹുമാനിച്ചു. തുടർന്നുളള ചരിത്രം തെളിയിച്ച പ്രകാരം അതു സത്യമായി ഭവിച്ചു. പ്രത്യക്ഷത്തിൽ അവന്റെ പേരിന്റെ അർഥം “യാഹിന്റെ സേവകൻ” എന്നാണ്.
ഓബദ്യാവിന്റെ ഉളളടക്കം
6. യഹോവ ഏദോമിനെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, അവൻ അവളെ എവിടെ നിന്ന് ഇറക്കും?
6 ഏദോമിൻമേലുളള ന്യായവിധി (വാക്യ. 1-16). യഹോവയുടെ കൽപ്പനയനുസരിച്ച് ഓബദ്യാവു തന്റെ ദർശനം പ്രസിദ്ധമാക്കുന്നു. ഏദോമിനെതിരെയുളള യുദ്ധത്തിൽ ചേരാൻ ജനതകൾ വിളിച്ചുവരുത്തപ്പെടുന്നു. “എഴുന്നേൽപ്പിൻ; നാം അവളുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുക,” ദൈവം കൽപ്പിക്കുന്നു. പിന്നീട്, തന്റെ പ്രസ്താവനകൾ ഏദോമിനു നേരെതന്നെ തിരിച്ചുവിട്ടുകൊണ്ട് അവൻ അവളുടെ സ്ഥാനത്തെ വിലയിരുത്തുന്നു. ഏദോം ജനതകളുടെ ഇടയിൽ ചെറുതുമാത്രമാണ്, തുച്ഛീകരിക്കപ്പെടുന്നവളുമാണ്, എന്നാലും അവൾ ധിക്കാരിയാണ്. ഉയർന്ന പാറകളുടെ ഇടയിൽ വസിക്കവേ അവൾക്കു സുരക്ഷിതത്വം തോന്നുന്നു, ആർക്കും അവളെ താഴെയിറക്കാൻ കഴിയില്ലെന്നുളള ഉറപ്പു തോന്നുന്നു. എന്നിരുന്നാലും, അവളുടെ വാസസ്ഥലം കഴുകന്റേതുപോലെ ഉയർന്നതായാലും, അവൾ നക്ഷത്രങ്ങളുടെ ഇടയിൽത്തന്നെ കൂടുകെട്ടിയാലും, അവിടെനിന്ന് അവൻ അവളെ ഇറക്കും. അവൾ ശിക്ഷക്ക് അർഹയാണ്.—വാക്യം 1.
7. ഏദോം എത്രത്തോളം കൊളളയടിക്കപ്പെടും?
7 അവൾക്ക് എന്തു സംഭവിക്കാൻ പോകയാണ്? കളളൻമാർ ഏദോമിനെ കൊളളയിടുകയാണെങ്കിൽ അവർക്കു വേണ്ടതുമാത്രമേ അവർ എടുക്കുകയുളളു. മുന്തിരി ശേഖരിക്കുന്നവരും അൽപ്പം കാലാപ്പഴം ശേഷിപ്പിക്കും. എന്നാൽ ഏദോംപുത്രൻമാർക്കു ഭവിക്കാനിരിക്കുന്നത് അതിലും മോശമാണ്. അവരുടെ നിക്ഷേപങ്ങൾ പൂർണമായി കൊളളയിടപ്പെടും. ഏദോമിന്റെ സഖ്യകക്ഷികൾതന്നെയായിരിക്കും അവൾക്കെതിരെ തിരിയുന്നത്. അവളുടെ ഉററ സുഹൃത്തുക്കളായിരുന്നവർതന്നെ അവളെ വിവേചനയില്ലാത്ത ഒരാളെപ്പോലെ ഒരു വലയിൽ പിടിക്കും. ജ്ഞാനത്തിനു കേൾവികേട്ട അവളുടെ പുരുഷൻമാരും ശൂരത്വത്തിനു പ്രസിദ്ധരായ അവളുടെ യോദ്ധാക്കളും അവളുടെ അനർഥ കാലത്തു തുണയായിരിക്കുകയില്ല.
8. ഏദോമിന്റെ ശിക്ഷ ഇത്ര കഠിനമായിരിക്കുന്നത് എന്തുകൊണ്ട്?
8 എന്നാൽ ഈ കഠിന ശിക്ഷ എന്തുകൊണ്ട്? അത് ഏദോമിന്റെ പുത്രൻമാർ അവരുടെ സഹോദരൻമാരായ യാക്കോബിന്റെ പുത്രൻമാരോടു ചെയ്ത അക്രമം നിമിത്തമാണ്! അവർ യെരുശലേമിന്റെ വീഴ്ചയിൽ സന്തോഷിച്ചു, കൊളള പങ്കിടുന്നതിൽ ആക്രമണകാരികളോടു ചേരുകപോലും ചെയ്തു. ഓബദ്യാവു ഹീനപ്രവൃത്തികൾ നേരിൽ കാണുന്നതുപോലെ, ശക്തമായ അപലപനങ്ങളിൽ ഏദോമിനോട് ഇങ്ങനെ പറയുന്നു: നിന്റെ സഹോദരന്റെ ദുഃഖത്തിൽ നീ സന്തോഷിക്കാവുന്നതല്ല. അവന്റെ പലായിതരുടെ ഓടിപ്പോക്കിനെ നീ തടസ്സപ്പെടുത്തുകയും അവരെ ശത്രുവിന് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യേണ്ടതല്ല. യഹോവ കണക്കുതീർക്കുന്ന ദിവസം അടുത്തിരിക്കുന്നു, നിന്നോടു കണക്കുചോദിക്കും. നീ ചെയ്തതുപോലെതന്നെയായിരിക്കും നിന്നോടും ചെയ്യുക.
9. ഏതു പുനഃസ്ഥാപനം മുൻകൂട്ടിപ്പറയുന്നു?
9 യാക്കോബ് ഗൃഹത്തിന്റെ പുനഃസ്ഥാപനം (വാക്യ. 17-21). അതിൽനിന്നു വ്യത്യസ്തമായി, യാക്കോബ്ഗൃഹം പുനഃസ്ഥാപനത്തിന് അർഹമാണ്. മനുഷ്യർ സീയോൻ പർവതത്തിലേക്കു മടങ്ങിവരും. തീ താളടിയെ ദഹിപ്പിക്കുന്നതുപോലെ അവർ ഏശാവുഗൃഹത്തെ ദഹിപ്പിക്കും. അവർ തെക്കൻ പ്രദേശത്തെ നെജീബിനെയും ഏശാവിന്റെ പർവതപ്രദേശത്തെയും ഷെഫീലയെയും കൈവശമാക്കും. വടക്ക് അവർ എഫ്രയീമിന്റെയും ശമര്യയുടെയും ദേശവും സാരെഫാത്ത് വരെയുളള പ്രദേശവും കൈവശപ്പെടുത്തും; കിഴക്ക് അവർക്ക് ഗിലെയാദ് പ്രദേശം കിട്ടും. അഹങ്കാരിയായ ഏദോം ഇല്ലാതായിത്തീരണം, യാക്കോബ് പുനഃസ്ഥാപിക്കപ്പെടണം, “രാജത്വം യഹോവയുടേതായിത്തീരേണ്ടതാണ്.”—വാക്യം 21, NW.
എന്തുകൊണ്ടു പ്രയോജനപ്രദം
10. വേറെ ഏതു പ്രവചനങ്ങൾ ഏദോമിന്റെ നാശത്തെ മുൻകൂട്ടിപ്പറഞ്ഞു, ഓബദ്യാവിനോടൊപ്പം ഇവയും പരിചിന്തിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
10 ഏദോമിനെതിരായ ഈ ന്യായവിധിദൂതിന്റെ നിവൃത്തിയുടെ സുനിശ്ചിതത്വത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ടു യഹോവ തന്റെ മററു പ്രവാചകൻമാരെക്കൊണ്ടു സമാനമായ പ്രസ്താവനകൾ ചെയ്യിച്ചിട്ടുണ്ട്. യോവേൽ 3:19; ആമോസ് 1:11, 12; യെശയ്യാവു 34:5-7; യിരെമ്യാവു 49:7-22; യെഹെസ്കേൽ 25:12-14; 35:2-15 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നവ മുന്തിനിൽക്കുന്നവയാണ്. നേരത്തെയുളള പ്രഖ്യാപനങ്ങൾ കഴിഞ്ഞ കാലങ്ങളിലെ ശത്രുതാനടപടികളെ പരാമർശിക്കുന്നുവെന്നു സ്പഷ്ടമാണ്, പിൽക്കാലത്തേത് ഓബദ്യാവു പരാമർശിക്കുന്ന, ബാബിലോന്യർ യെരുശലേമിനെ പിടിച്ചടക്കിയ സമയത്തെ ഏദോമിന്റെ അക്ഷന്തവ്യമായ നടത്തക്ക് അവളുടെമേലുളള കുററാരോപണമാണെന്നു സ്പഷ്ടമാണ്. മുൻകൂട്ടിപ്പറയപ്പെട്ട അനർഥങ്ങൾ എങ്ങനെ ഏദോമിനു ഭവിച്ചുവെന്നു നാം പരിശോധിക്കുന്നതു യഹോവയുടെ പ്രാവചനിക ശക്തിയിലുളള വിശ്വാസത്തെ ബലിഷ്ഠമാക്കും. തന്നെയുമല്ല, അതു തന്റെ പ്രസ്താവിതോദ്ദേശ്യം എപ്പോഴും നടപ്പിലാക്കുന്ന ദൈവമെന്ന നിലയിൽ യഹോവയിലുളള വിശ്വാസത്തെ പുഷ്ടിപ്പെടുത്തും.—യെശ. 46:9-11.
11, 12. (എ) ഏദോമുമായി “സന്ധിയുളളവർ” അവൾക്കെതിരെ പ്രബലപ്പെടാനിടയായതെങ്ങനെ? (ബി) ഏതു ഘട്ടങ്ങളിലായി ഏദോം “സദാകാലത്തേക്കും” ഛേദിക്കപ്പെടാനിടയായി?
11 ഏദോമിനോടു “സഖ്യതയുളളവരൊക്കെയും,” അവളോടു “സന്ധിയുളളവർ,” ആയിരിക്കും അവളെ കീഴടക്കുന്നതെന്ന് ഓബദ്യാവു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ഓബ. 7) ഏദോമുമായുളള ബാബിലോന്റെ സമാധാനം നീണ്ടുനിന്നില്ല. പൊ.യു.മു. ആറാം നൂററാണ്ടിൽ നബോണീഡസ് രാജാവിന്റെ കീഴിലെ ബാബിലോന്യ സൈന്യം ഏദോമിനെ ജയിച്ചടക്കി. b എന്നിരുന്നാലും, നബോണീഡസ് ദേശം ആക്രമിച്ച ശേഷം ഒരു നൂററാണ്ടു കഴിഞ്ഞ് ആത്മവിശ്വാസമുണ്ടായിരുന്ന ഏദോം അപ്പോഴും ഒരു തിരിച്ചുവരവു നടത്തുന്നതിന് ആശിച്ചു. അതിനെക്കുറിച്ചു മലാഖി 1:4 ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും.” തിരിച്ചുവരവിനുളള ഏദോമിന്റെ ശ്രമങ്ങളുണ്ടായിരുന്നിട്ടും പൊ.യു.മു. നാലാം നൂററാണ്ടോടെ നാബാത്യർ ദേശത്തു സുസ്ഥാപിതരായി. തങ്ങളുടെ ദേശത്തുനിന്നു പുറന്തളളപ്പെട്ടതിനാൽ ഏദോമ്യർ യഹൂദയുടെ തെക്കൻഭാഗത്തു വസിച്ചു, അത് ഇദൂമ്യ എന്നു വിളിക്കപ്പെടാനിടയായി. അവർ സേയീർദേശം വീണ്ടും ജയിച്ചടക്കുന്നതിൽ ഒരിക്കലും വിജയിച്ചില്ല.
12 ജോസീഫസ് പറയുന്നതനുസരിച്ചു ശേഷിച്ച ഏദോമ്യർ പൊ.യു.മു. രണ്ടാം നൂററാണ്ടിൽ യഹൂദാരാജാവായ ജോൺ ഹിർക്കാനസ് I-ാമനാൽ കീഴടക്കപ്പെടുകയും പരിച്ഛേദനക്കു വിധേയരാകാൻ നിർബന്ധിക്കപ്പെടുകയും ഒരു യഹൂദഗവർണരുടെ കീഴിലുളള യഹൂദാധിപത്യത്തിൽ ക്രമേണ ലയിക്കുകയും ചെയ്തു. റോമാക്കാരാലുളള പൊ.യു. 70-ലെ യെരുശലേമിന്റെ നാശത്തെ തുടർന്ന് അവരുടെ പേർ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായി. c അത് ഓബദ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെയായിരുന്നു: “നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. . . . ഏശാവുഗൃഹത്തിന്നു ശേഷിപ്പ് ഉണ്ടാകയില്ല.”—ഓബ. 10, 18.
13. ഏദോമ്യരിൽനിന്നു വ്യത്യസ്തമായി യഹൂദൻമാർക്ക് എന്തു സംഭവിച്ചു?
13 ഏദോമിന്റെ ശൂന്യമാക്കലിൽനിന്നു വ്യത്യസ്തമായി, യഹൂദൻമാർ പൊ.യു.മു. 537-ൽ അവരുടെ സ്വദേശത്തു സെരൂബ്ബാബേലിന്റെ ഭരണാധിപത്യത്തിൻകീഴിൽ പുനഃസ്ഥാപിക്കപ്പെട്ടു, അവിടെ അവർ യെരുശലേമിലെ ആലയം പുനർനിർമിക്കുകയും ദേശത്തു സുസ്ഥാപിതരാകുകയും ചെയ്തു.
14. (എ) ഏദോമിന്റെ ഭാഗധേയത്തിൽ ഏതു മുന്നറിയിപ്പു കാണാനുണ്ട്? (ബി) ഓബദ്യാവിനെപ്പോലെ എല്ലാവരും എന്തു സമ്മതിക്കണം, എന്തുകൊണ്ട്?
14 അഹങ്കാരവും ധിക്കാരവും അനർഥത്തിലേക്കു നയിക്കുന്നുവെന്നത് എത്ര സ്പഷ്ടമാണ്! അഹങ്കാരപൂർവം തങ്ങളേത്തന്നെ ഉയർത്തുകയും ദൈവദാസൻമാരുടെമേൽ വരുന്ന പ്രയാസങ്ങളിൽ ക്രൂരമായി ആഹ്ലാദിക്കുകയും ചെയ്യുന്നവർ ഏദോമിന്റെ ഭാഗധേയത്തിൽനിന്നു മുന്നറിയിപ്പു സ്വീകരിക്കട്ടെ. ഓബദ്യാവു സമ്മതിച്ചതുപോലെ, “രാജത്വം യഹോവക്കാകും” എന്ന് അവർ സമ്മതിക്കട്ടെ. യഹോവക്കും അവന്റെ ജനത്തിനുമെതിരായി പോരാടുന്നവർ അനിശ്ചിതകാലത്തേക്കു പൂർണമായി ഛേദിക്കപ്പെടും, എന്നാൽ യഹോവയുടെ ഉജ്ജ്വലമായ രാജ്യവും നിത്യരാജത്വവും എന്നേക്കും സംസ്ഥാപിതമായി നിലനിൽക്കും!—വാക്യം 21.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 679.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 682.
c യഹൂദ പുരാതനത്വങ്ങൾ, (ഇംഗ്ലീഷ്) XIII, 257, 258 (ix, 1); XV, 253, 254 (vii, 9).
[അധ്യയന ചോദ്യങ്ങൾ]