ബൈബിൾ പുസ്തക നമ്പർ 34—നഹൂം
ബൈബിൾ പുസ്തക നമ്പർ 34—നഹൂം
എഴുത്തുകാരൻ: നഹൂം
എഴുതിയ സ്ഥലം: യഹൂദ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 632-നുമുമ്പ്
1. പുരാതന നീനെവേയെക്കുറിച്ച് എന്തറിയപ്പെടുന്നു?
“നീനെവേയെക്കുറിച്ചുളള [“നീനെവേക്കെതിരായ,” NW] പ്രവാചകം.” (നഹൂം 1:1) അനിഷ്ടസൂചകമായ ഈ വാക്കുകളോടെയാണു നഹൂമിന്റെ പ്രവചനം തുടങ്ങുന്നത്. എന്നാൽ അവൻ നാശത്തിന്റെ ഈ പ്രഖ്യാപനം നടത്തിയത് എന്തിനാണ്? പുരാതന നീനെവേയെസംബന്ധിച്ച് എന്തറിയപ്പെടുന്നു? അവളുടെ ചരിത്രം ‘രക്തപാതകങ്ങളുടെ പട്ടണം’ എന്ന രണ്ടു വാക്കുകളിൽ സംഗ്രഹിക്കപ്പെടുന്നു. (3:1) വടക്കൻ ഇറാക്കിലെ ആധുനിക നഗരമായ മോൺസിലിന് എതിർവശത്തായി ടൈഗ്രിസ്നദിയുടെ കിഴക്കേ തീരത്തു സ്ഥിതിചെയ്യുന്ന രണ്ടു കൂനകൾ പുരാതന നീനെവേയുടെ സ്ഥാനത്തെ അടയാളപ്പെടുത്തുന്നു. അതു മതിലുകളാലും കിടങ്ങുകളാലും അത്യന്തം ബലവത്താക്കപ്പെട്ടിരുന്നു. അതിന്റെ ചരിത്രത്തിന്റെ അവസാനഭാഗത്ത് അത് അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നിരുന്നാലും, നഗരത്തിന്റെ ഉത്ഭവം, “‘യഹോവക്കെതിരെ ശക്തനായ നായാട്ടുകാരനായിരുന്ന’” നിമ്രോദിന്റെ നാളുകളിലേക്കു പിമ്പോട്ടുപോകുന്നു. “അയാൾ അസീറിയയിലേക്കു പുറപ്പെടുകയും നീനെവേ പണിയുന്നതിൽ ഏർപ്പെടുകയും ചെയ്തു.” (ഉല്പ. 10:9-11, NW) അങ്ങനെ നീനെവേയ്ക്ക് ഒരു മോശമായ തുടക്കമാണുണ്ടായിരുന്നത്. അസീറിയൻ സാമ്രാജ്യത്തിന്റെ അവസാനഘട്ടത്തിൽ സർഗോൺ, സെൻഹെരീബ്, ഏസേർഹദ്ദോൻ, അശൂർബാനിപ്പാൾ എന്നിവരുടെ വാഴ്ചക്കാലത്ത് അവൾ വിശേഷാൽ കീർത്തിപ്പെട്ടതായിത്തീർന്നു. യുദ്ധങ്ങളാലും ദിഗ്വിജയങ്ങളാലും കിട്ടിയ കൊളളകൊണ്ട് അവൾ സമ്പന്നയായിത്തീരുകയും അവളുടെ ഭരണാധിപൻമാർ അസംഖ്യം അടിമകളോടു കാട്ടിയ മനുഷ്യത്വരഹിതമായ ക്രൂരപെരുമാററം നിമിത്തം കേൾവികേട്ടവരായിത്തീരുകയും ചെയ്തു. a ദൈവങ്ങളും ശവക്കുഴികളും പണ്ഡിതൻമാരും (ഇംഗ്ലീഷ്) 1954, എന്ന തന്റെ പുസ്തകത്തിൽ 266-ാം പേജിൽ സി. ഡബ്ലിയൂ. സെരാം ഇങ്ങനെ പറയുന്നു: “കൊലപാതകം, കൊളള, അടിച്ചമർത്തൽ, ദുർബലരെ പിഴപ്പിക്കൽ, യുദ്ധം, എല്ലാ രീതിയിലുമുളള ദേഹോപദ്രവം, ഭയപ്പെടുത്തി ജനങ്ങളെ അമർത്തിനിർത്തിയവരും മിക്കപ്പോഴും അവരെക്കാൾ ക്രൂരരായിരുന്ന എതിരാളികളാൽ കഥകഴിക്കപ്പെട്ടവരുമായ ഭരണാധിപൻമാരുടെ രക്തപങ്കിലമായ ഒരു രാജവംശത്തിന്റെ പ്രവൃത്തികൾ എന്നിവയാൽത്തന്നെയാണു നീനെവേയെക്കുറിച്ചു മനുഷ്യവർഗത്തിന്റെ ബോധത്തിൽ ധാരണയുണ്ടായത്.”
2. നീനെവേയുടെ മതം ഏതു തരമായിരുന്നു?
2 നീനെവേയിലെ മതത്തെ സംബന്ധിച്ചെന്ത്? അവൾ ദൈവങ്ങളുടെ ഒരു വലിയ ഗണത്തെ ആരാധിച്ചു, അവരിലനേകരും ബാബിലോനിൽനിന്ന് ഇറക്കുമതിചെയ്യപ്പെട്ടവരായിരുന്നു. അവളുടെ ഭരണാധിപൻമാർ നശിപ്പിക്കാനും നിർമൂലമാക്കാനും പുറപ്പെട്ടപ്പോൾ ഈ ദൈവങ്ങളെ വിളിച്ചു പ്രാർഥിച്ചു. അതിലെ അത്യാഗ്രഹികളായ പുരോഹിതൻമാർ ദിഗ്വിജയത്തിനുളള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കൊളളയിൽനിന്നുളള വലിയ പ്രതിഫലത്തിനായി നോക്കിപ്പാർത്തിരിക്കുകയും ചെയ്തു. പുരാതന നഗരങ്ങൾ (ഇംഗ്ലീഷ്) (1886, പേജ് 25) എന്ന തന്റെ പുസ്തകത്തിൽ ഡബ്ലിയു. ബി. റൈററ് ഇങ്ങനെ പറയുന്നു: “അവർ ശക്തിയെ ആരാധിച്ചു, കല്ലിന്റെയും സിംഹങ്ങളുടെയും കാളകളുടെയും പടുകൂററൻ വിഗ്രഹങ്ങളോടുമാത്രമേ അവർ പ്രാർഥിക്കുമായിരുന്നുളളു, ആ വിഗ്രഹങ്ങളുടെ സ്ഥൂലിച്ച അവയവങ്ങളും കഴുകിൻചിറകുകളും മനുഷ്യത്തലകളും ശക്തി, ധൈര്യം, വിജയം എന്നിവയുടെ പ്രതീകങ്ങളായിരുന്നു. യുദ്ധമായിരുന്നു ജനതയുടെ തൊഴിൽ, പുരോഹിതൻമാർ അവിരാമം യുദ്ധം ഇളക്കിവിടുന്നവരായിരുന്നു. അവർ ഏറെയും വിജയത്തിൽനിന്നുളള കൊളളയാലാണു പുലർത്തപ്പെട്ടത്, അതിന്റെ ഒരു നിശ്ചിത ശതമാനം മററുളളവർ പങ്കുപററുന്നതിനുമുമ്പു തീർച്ചയായും അവർക്കു കൊടുത്തിരുന്നു, കാരണം കവർച്ചക്കാരുടെ ഈ വർഗം അമിതമായി മതഭക്തരായിരുന്നു.”
3. (എ) നഹൂമിന്റെ പേരിന്റെ അർഥം ഏതു വിധത്തിൽ ഉചിതമായിരിക്കുന്നു? (ബി) നഹൂമിന്റെ പ്രവചനം ഏതു കാലഘട്ടത്തിലേതാണ്?
3 നഹൂമിന്റെ പ്രവചനം ഹ്രസ്വമെങ്കിലും താത്പര്യനിർഭരമാണ്. നമുക്കു പ്രവാചകനെക്കുറിച്ച് അറിയാവുന്നതു സമസ്തവും “എല്ക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം” എന്ന പ്രാരംഭവാക്യത്തിൽ അടങ്ങിയിരിക്കുന്നു. അവന്റെ പേരിന്റെ (എബ്രായ, നാചും) അർഥം “ആശ്വാസകൻ” എന്നാണ്. അവന്റെ സന്ദേശം തീർച്ചയായും നീനെവേയ്ക്ക് ആശ്വാസമായിരുന്നില്ല, എന്നാൽ ദൈവത്തിന്റെ യഥാർഥ ജനത്തിനു ബദ്ധവൈരിയും ശക്തനുമായ ഒരു ശത്രുവിൽനിന്നുളള സുനിശ്ചിതവും നിലനിൽക്കുന്നതുമായ ആശ്വാസത്തെ അതർഥമാക്കി. തന്റെ സ്വന്തം ജനത്തിന്റെ പാപങ്ങളെക്കുറിച്ചു നഹൂം പറയാതിരിക്കുന്നതും ആശ്വാസമാണ്. എല്ക്കോശിന്റെ സ്ഥാനം സൂക്ഷ്മമായി അറിയപ്പെടുന്നില്ലെങ്കിലും പ്രവചനം യഹൂദയിൽവെച്ച് എഴുതപ്പെട്ടിരിക്കാനിടയുണ്ടെന്നു തോന്നുന്നു. (നഹൂം 1:15) പൊ.യു.മു. 632-ൽ സംഭവിച്ച നീനെവേയുടെ പതനം നഹൂം തന്റെ പ്രവചനം രേഖപ്പെടുത്തിയപ്പോഴും ഭാവിയിലായിരുന്നു, അവൻ ഈ സംഭവത്തെ ഇതിന് അൽപ്പകാലം മുമ്പു നടന്ന നോ-അമ്മോന്റെ (ഈജിപ്തിലെ തെബസ്) പതനവുമായി താരതമ്യംചെയ്യുന്നു. (3:8) അതുകൊണ്ട്, നഹൂം തന്റെ പ്രവചനം ഈ കാലഘട്ടത്തിൽ ഒരു സമയത്ത് എഴുതിയിരിക്കണം.
4. നഹൂമിന്റെ പുസ്തകത്തിൽ എഴുത്തിന്റെ ഏതു ഗുണങ്ങൾ പ്രത്യക്ഷമാണ്?
4 പുസ്തകത്തിന്റെ ശൈലി വ്യക്തമാണ്. അതിൽ അനാവശ്യമായ വാക്കുകൾ അടങ്ങിയിട്ടില്ല. അതിന്റെ ഊർജസ്വലതയും യാഥാർഥ്യവും അതു നിശ്വസ്ത എഴുത്തുകളുടെ ഭാഗമായിരിക്കുന്നതിന് അനുയോജ്യമാണ്. നഹൂം വർണനാത്മകവും വികാരാത്മകവും നാടകീയവുമായ ഭാഷയിലും മാന്യമായ ആശയപ്രകടനത്തിലും ഭാവനാവ്യക്തതയിലും ഹഠാദാകർഷിക്കുന്ന പദപ്രയോഗങ്ങളിലും മികച്ചുനിൽക്കുന്നു. (1:2-8, 12-14; 2:4, 12; 3:1-5, 13-15, 18, 19) ആദ്യ അധ്യായത്തിലധികവും ഒരു ചിത്രാക്ഷരികവിതയുടെ രീതിയിലാണെന്നു കാണപ്പെടുന്നു. (1:8, NW അടിക്കുറിപ്പ്) നഹൂമിന്റെ ശൈലി അവന്റെ ഏക വിഷയപ്രതിപാദ്യത്താൽ സമ്പന്നമാണ്. അവന് ഇസ്രായേലിന്റെ വഞ്ചകശത്രുവിനോടു തികഞ്ഞ വെറുപ്പുണ്ട്. അവൻ നീനെവേയുടെ നാശം മാത്രമാണു കാണുന്നത്.
5. നഹൂമിന്റെ പ്രവചനത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നത് എന്ത്?
5 നഹൂമിന്റെ പ്രവചനത്തിന്റെ വിശ്വാസ്യത അതിന്റെ നിവൃത്തിയുടെ കൃത്യതയാൽ തെളിയിക്കപ്പെടുന്നു. നഹൂമിന്റെ നാളിൽ അസീറിയൻ ലോകശക്തിയുടെ പ്രൗഢിയുളള തലസ്ഥാനത്തെ, “നദികളുടെ ചീപ്പു”ങ്കൽ ഇടിച്ചുപൊളിക്കാൻ കഴിയുമെന്നും അതിന്റെ കൊട്ടാരത്തെ തകർക്കാൻ കഴിയുമെന്നും അവൾതന്നെ “പാഴും വെറുമയും ശൂന്യവുമായി”ത്തീരുമെന്നും പ്രവചിക്കാൻ യഹോവയുടെ ഒരു പ്രവാചകനല്ലാതെ വേറെ ആർ മുതിരുമായിരുന്നു? (2:6-10) തുടർന്നുണ്ടായ സംഭവങ്ങൾ പ്രവചനം തീർച്ചയായും ദൈവനിശ്വസ്തമാണെന്നു തെളിയിച്ചു. ബാബിലോന്യരാജാവായ നബോപലാസറുടെ ചരിത്രം മേദ്യരാലും ബാബിലോന്യരാലുമുളള നീനെവേയുടെ പിടിച്ചടക്കലിനെ വർണിക്കുന്നു: “നഗരത്തെ ശൂന്യകുന്നുകളും ശൂന്യശിഷ്ടകൂമ്പാരങ്ങളുമായി [അവർ മാററി]. . . .” b നീനെവേയുടെ സ്ഥാനംപോലും അനേകം നൂററാണ്ടുകളിൽ വിസ്മൃതമാകത്തക്കവണ്ണം അതിന്റെ നാശം അത്ര പൂർണമായിരുന്നു. നീനെവേ ഒരിക്കലും സ്ഥിതിചെയ്തിരിക്കയില്ല എന്നു പറഞ്ഞുകൊണ്ടു ചില വിമർശകർ ഈ ആശയംസംബന്ധിച്ചു ബൈബിളിനെ പരിഹസിക്കാൻ ഇടയായിട്ടുണ്ട്.
6. നഹൂമിന്റെ കൃത്യതയെ സംസ്ഥാപിക്കുന്നതായി പുരാതന നീനെവേയുടെ സ്ഥാനത്ത് എന്തു കുഴിച്ചെടുത്തിരിക്കുന്നു?
6 ഏതായാലും, നഹൂമിന്റെ വിശ്വാസ്യതയുടെ തെളിവു കൂടുതലായി വർധിപ്പിച്ചുകൊണ്ടു നീനെവേയുടെ സ്ഥാനം കണ്ടുപിടിക്കപ്പെട്ടു, അവിടെ 19-ാം നൂററാണ്ടിൽ ഖനനം തുടങ്ങി. അതു പൂർണമായി കുഴിച്ചുനോക്കുന്നതിനു ദശലക്ഷക്കണക്കിനു ടൺ മണ്ണു മാറേറണ്ടിവരുമെന്നു കണക്കാക്കപ്പെട്ടു. നീനെവേയിൽനിന്ന് എന്താണു കുഴിച്ചെടുത്തിരിക്കുന്നത്? നഹൂമിന്റെ പ്രവചനത്തിന്റെ കൃത്യതയെ പിന്താങ്ങുന്ന വളരെയധികം വകകൾ! ദൃഷ്ടാന്തത്തിന്, അവളുടെ സ്മാരകസൗധങ്ങളും ആലേഖനങ്ങളും അവളുടെ ക്രൂരതയെ സാക്ഷ്യപ്പെടുത്തുന്നു, ചിറകുളള കാളകളുടെയും സിംഹങ്ങളുടെയും പടുകൂററൻ പ്രതിമകളുടെ അവശിഷ്ടങ്ങളും ഉണ്ട്. നഹൂം അവളെക്കുറിച്ചു “സിംഹഗുഹ”യെന്നു പറഞ്ഞത് അതിശയമല്ല!—2:11. c
7. നഹൂമിന്റെ പുസ്തകത്തിന്റെ കാനോനികത്വത്തെ പിന്താങ്ങുന്നത് എന്ത്?
7 നഹൂമിന്റെ കാനോനികത്വം, ആ പുസ്തകത്തെ നിശ്വസ്തതിരുവെഴുത്തുകളുടെ ഭാഗമായി യഹൂദൻമാർ സ്വീകരിക്കുന്നതിനാൽ തെളിയിക്കപ്പെടുന്നു. അതു ബൈബിളിന്റെ ശേഷിച്ച ഭാഗത്തോടു പൂർണമായി യോജിപ്പിലാണ്. പ്രവചനം യഹോവയുടെ നാമത്തിൽ ഉച്ചരിക്കപ്പെട്ടിരിക്കുന്നു, അവന്റെ ഗുണങ്ങൾക്കും പരമോന്നതത്വത്തിനും അതു വിദഗ്ധസാക്ഷ്യം വഹിക്കുന്നു.
നഹൂമിന്റെ ഉളളടക്കം
8. നീനെവേയ്ക്ക് ഏതു നാശം ഉച്ചരിക്കപ്പെടുന്നു, എന്നാൽ യഹൂദക്ക് ഏതു സുവാർത്ത?
8 നീനെവേക്കെതിരെ യഹോവയുടെ പ്രഖ്യാപനം (1:1-15). “ദൈവം തീക്ഷ്ണതയുളളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു.” ഈ വാക്കുകളോടെ പ്രവാചകൻ “നീനെവേയെക്കുറിച്ചുളള പ്രവാചക”ത്തിന്റെ രംഗമൊരുക്കുന്നു. (1:1, 2) യഹോവ കോപത്തിനു താമസമുളളവനാണെങ്കിലും കാററിനാലും കൊടുങ്കാററിനാലും ഇപ്പോൾ പ്രതികാരം ചെയ്യുമ്പോൾ അവനെ കാണുക. പർവതങ്ങൾ കുലുങ്ങുന്നു, കുന്നുകൾ ഉരുകുന്നു, ഭൂമി ഇളകുന്നു. അവന്റെ കോപത്തിന്റെ ചൂടിൽ ആർക്കു നിൽക്കാൻ കഴിയും? എന്നിരുന്നാലും, യഹോവ തന്നിൽ അഭയംതേടുന്നവർക്ക് ഒരു ശക്തികേന്ദ്രമാകുന്നു. എന്നാൽ നീനെവേ നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. അവൾ ഒരു പ്രളയത്താൽ നിർമൂലമാക്കപ്പെടും, “കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.” (1:9) യഹോവ അവളുടെ നാമത്തെയും അവളുടെ ദൈവങ്ങളെയും മായിച്ചുകളയും. അവൻ അവളെ കുഴിച്ചിടും. ഉൻമേഷപ്രദമായ അന്തരമെന്നോണം, യഹൂദക്കു സുവാർത്തയുണ്ട്! അതെന്താണ്? അവരുടെ ഉത്സവങ്ങൾ ആഘോഷിക്കാനും അവരുടെ നേർച്ചകൾ കഴിക്കാനും സമാധാനത്തിന്റെ ഒരു ഘോഷകൻ അവരെ ആഹ്വാനംചെയ്യുന്നു, എന്തെന്നാൽ ശത്രു, “നിസ്സാരൻ,” നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. “അവൻ തീർച്ചയായും മുഴുവനായി ഛേദിക്കപ്പെടും.”—1:15, NW.
9. നീനെവേയുടെ പരാജയത്തിന്റെ ഏതു പ്രാവചനികവീക്ഷണം നമുക്കു ലഭിക്കുന്നു?
9 നീനെവേയുടെ നാശത്തിന്റെ പൂർവവീക്ഷണം (2:1–3:19). വരാനിരിക്കുന്ന ഒരു സംഹാരകനെതിരെ തന്നേത്തന്നെ ബലിഷ്ഠയാക്കാൻ നീനെവേയോടായി നഹൂം പരിഹാസദ്യോതകമായ ഒരു വെല്ലുവിളി പുറപ്പെടുവിക്കുന്നു. യഹോവ തന്റെ സ്വന്തത്തെ, ‘യാക്കോബിന്റെയും യിസ്രായേലിന്റെയും മഹിമ’യെ, വീണ്ടും കൂട്ടിച്ചേർക്കും. അവന്റെ വീരൻമാരുടെ പരിചയും ധൂമ്രവസ്ത്രവും ‘അവന്റെ സന്നാഹദിവസത്തിലെ രഥ’ങ്ങളുടെ ജ്വലിക്കുന്ന ഇരുമ്പുസജ്ജീകരണങ്ങളും കാണുക! യുദ്ധരഥങ്ങൾ തെരുക്കളിൽ ‘ചടുചട ചാടുകയും’ മിന്നൽപോലെ ഓടുകയും ചെയ്യുന്നു. (2:2-4) ഇപ്പോൾ നമുക്കു യുദ്ധത്തിന്റെ ഒരു പ്രാവചനികവീക്ഷണം ലഭിക്കുന്നു. നീനെവേക്കാർ ഇടറിവീഴുകയും മതിലിനെ സംരക്ഷിക്കാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നു, എന്നാൽ പ്രയോജനമില്ല. നദികളുടെ ചീപ്പുകൾ തുറക്കുന്നു, കൊട്ടാരം തകരുന്നു. അടിമപ്പെൺകുട്ടികൾ വിലപിക്കുകയും മാറത്തടിക്കുകയും ചെയ്യുന്നു. ഓടിപ്പോകുന്ന മനുഷ്യർ നിശ്ചലമായി നിൽക്കാൻ കൽപ്പിക്കപ്പെടുന്നു, എന്നാൽ ആരും പിന്തിരിയുന്നില്ല. നഗരം കൊളളയടിക്കപ്പെടുകയും ശൂന്യമാക്കപ്പെടുകയും ചെയ്യുന്നു. ഹൃദയങ്ങൾ ഉരുകുന്നു. ഇപ്പോൾ ഈ സിംഹഗുഹ എവിടെ? സിംഹം അതിന്റെ കുട്ടികൾക്കുവേണ്ടി അതിന്റെ ഗുഹ ഇരയെക്കൊണ്ടു നിറച്ചിരിക്കുന്നു, എന്നാൽ “ഞാൻ നിന്റെ നേരെ വരും” എന്നു യഹോവ പ്രഖ്യാപിക്കുന്നു. (2:13) അതേ, യഹോവ നീനെവേയുടെ യുദ്ധസന്നാഹത്തെ ദഹിപ്പിച്ചുകളയും, അവളുടെ ബാലസിംഹങ്ങളെ വിഴുങ്ങാൻ ഒരു വാൾ അയയ്ക്കും, അവളുടെ ഇരയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുകയും ചെയ്യും.
10. നീനെവേ എന്തായി തുറന്നുകാട്ടപ്പെടുന്നു, അവളുടെ അന്തം കൂടുതലായി വർണിക്കപ്പെടുന്നത് എങ്ങനെ?
10 “രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! . . . വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു.” ചാട്ടയുടെ ഒച്ചയും ചക്രത്തിന്റെ കിരുകിരുപ്പും കേൾക്കുക. പായുന്ന കുതിര, ചാടുന്ന രഥം, കുതിരപ്പുറത്തിരിക്കുന്ന കുതിരക്കാരൻ, വാളിന്റെ ജ്വാല, കുന്തത്തിന്റെ മിന്നൽ, ഇവ കാണുക—പിന്നീട്, ശവങ്ങളുടെ വലിയ കൂട്ടവും. “പിണങ്ങൾക്കു കണക്കില്ല.” (3:1, 3) എന്തുകൊണ്ട്? കാരണം അവൾ ജനതകളെ തന്റെ വ്യഭിചാരംകൊണ്ടും കുടുംബങ്ങളെ അവളുടെ ക്ഷുദ്രപ്രയോഗങ്ങൾകൊണ്ടും കുരുക്കിയിരിക്കുന്നു. രണ്ടാം പ്രാവശ്യവും യഹോവ, “ഞാൻ നിന്റെ നേരെ വരും” എന്നു പ്രഖ്യാപിക്കുന്നു. (3:5) നീനെവേ ഒരു വ്യഭിചാരിണിയെന്ന നിലയിൽ തുറന്നുകാട്ടപ്പെടും, കവർച്ച ചെയ്യപ്പെടുകയും ചെയ്യും, അവളുടെ ഭാഗധേയം അസീറിയ അടിമത്തത്തിലേക്കു കൊണ്ടുപോയ നോ-അമ്മോനെക്കാൾ (തെബസ്) മെച്ചമല്ല. അവളുടെ കോട്ടകൾ പാകമായ അത്തിപ്പഴങ്ങൾപോലെയാണ്, “കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.” (3:12) അവളുടെ യോദ്ധാക്കൾ സ്ത്രീകളെപ്പോലെയാണ്. യാതൊന്നിനും നീനെവേയെ തീയിൽനിന്നും വാളിൽനിന്നും രക്ഷിക്കാൻ കഴിയില്ല. അവളുടെ കാവൽക്കാർ വെയിലുളള ദിവസത്തിൽ വെട്ടുക്കിളിക്കൂട്ടമെന്നപോലെ ഓടിപ്പോകും, അവളുടെ ജനം ചിതറിക്കപ്പെടും. ആശ്വാസമില്ലെന്ന്, ഈ വിപത്തിനു സൗഖ്യവുമില്ലെന്ന് അസീറിയയിലെ രാജാവ് അറിയും. ഈ വാർത്ത കേൾക്കുന്ന എല്ലാവരും കൈകൊട്ടും, എന്തെന്നാൽ എല്ലാവരും അസീറിയയുടെ വഷളത്വത്താൽ കഷ്ടപ്പെട്ടിരിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
11. നഹൂമിൽ ഏത് അടിസ്ഥാനബൈബിൾ തത്ത്വങ്ങൾ വിശദീകരിക്കപ്പെടുന്നു?
11 നഹൂമിന്റെ പ്രവചനം ചില അടിസ്ഥാന ബൈബിൾതത്ത്വങ്ങൾ വിശദമാക്കുന്നു. ദർശനത്തിന്റെ പ്രാരംഭവാക്കുകൾ ദൈവം പത്തുകൽപ്പനകളിൽ രണ്ടാമത്തേതു കൊടുക്കാനുളള കാരണം ആവർത്തിക്കുന്നു: “യഹോവ തീക്ഷ്ണതയുളള ദൈവമാകുന്നു.” അതിനുശേഷം ഉടൻതന്നെ അവൻ തന്റെ “വൈരികളോടു പ്രതികാരംചെയ്യു”ന്നതിലെ ഉറപ്പ് അറിയിക്കുന്നു. അസീറിയയുടെ ക്രൂരമായ അഹങ്കാരത്തിനും പുറജാതി ദൈവങ്ങൾക്കും യഹോവയുടെ ന്യായവിധിനിർവഹണത്തിൽനിന്ന് അവളെ രക്ഷിപ്പാൻ കഴിഞ്ഞില്ല. തക്കസമയത്തു യഹോവ അതുപോലെതന്നെ സകല ദുഷ്ടൻമാർക്കും ന്യായമായ ശിക്ഷ കൊടുക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. “യഹോവ ദീർഘക്ഷമയും മഹാശക്തിയുമുളളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല.” അങ്ങനെ യഹോവയുടെ നീതിയും പരമോന്നതത്വവും ശക്തമായ അസീറിയയുടെ നിർമൂലനാശത്തിന്റെ പശ്ചാത്തലത്തിൽ പ്രകീർത്തിക്കപ്പെടുന്നു. നീനെവേ തീർച്ചയായും “പാഴും വെറുമയും ശൂന്യവുമായി.”—1:2, 3; 2:10.
12. നഹൂം ഏതു പുനഃസ്ഥാപനം പ്രഖ്യാപിക്കുന്നു, അവന്റെ പ്രവചനത്തെ രാജ്യപ്രത്യാശയോട് എങ്ങനെ ബന്ധിപ്പിക്കാം?
12 നീനെവേ ‘മുഴുവനായി ഛേദിക്കപ്പെടുന്ന’തിൽനിന്നു വ്യത്യസ്തമായി ‘യാക്കോബിന്റെയും ഇസ്രായേലിന്റെയും മഹിമ’ക്കു നഹൂം പുനഃസ്ഥാപനം പ്രഖ്യാപിക്കുന്നു. യഹോവ തന്റെ ജനത്തിനു സന്തുഷ്ട വർത്തമാനവും അയയ്ക്കുന്നു: “ഇതാ, പർവ്വതങ്ങളിൻമേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ.” ഈ സമാധാന സുവാർത്തക്കു ദൈവരാജ്യവുമായി ഒരു ബന്ധമുണ്ട്. നാം ഇത് എങ്ങനെ അറിയുന്നു? ഇതേ പദപ്രയോഗം യെശയ്യാവ് ഉപയോഗിക്കുന്നതിൽനിന്ന് അതു വ്യക്തമാണ്. എന്നാൽ അദ്ദേഹം: “നൻമയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന” എന്ന വാക്കുകൾ കൂട്ടിച്ചേർക്കുന്നു. (നഹൂം 1:15; 2:2; യെശ. 52:7) ക്രമത്തിൽ അപ്പോസ്തലനായ പൗലൊസ് റോമർ 10:15-ൽ സുവാർത്തയുടെ ക്രിസ്തീയ പ്രസംഗകരെന്ന നിലയിൽ യഹോവ അയയ്ക്കുന്നവർക്ക് ഈ പദപ്രയോഗം ബാധകമാക്കുന്നു. ഇവർ “രാജ്യത്തിന്റെ ഈ സുവിശേഷം” ഘോഷിക്കുന്നു. (മത്താ. 24:14) നഹൂം അവന്റെ പേരിന് അനുയോജ്യമായി, ദൈവരാജ്യത്തിലൂടെ വരുന്ന സമാധാനവും രക്ഷയും തേടുന്ന എല്ലാവർക്കും വളരെയധികം ആശ്വാസം പ്രദാനംചെയ്യുന്നു. ഇതെല്ലാം ‘യഹോവ നല്ലവൻ, കഷ്ടദിവസത്തിൽ തന്നിൽ അഭയംതേടുന്നവർക്ക് ഒരു ശരണമാകുന്നു’ എന്നു തീർച്ചയായും തെളിയിക്കും.—നഹൂം 1:7.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 201.
b പുരാതന സമീപപൗരസ്ത്യപാഠങ്ങൾ, ജെ. ബി. പ്രിററ്ചാർഡ് പ്രസാധനംചെയ്തത്, 1974, പേജ് 305; ബ്രായ്ക്കററുകളും ആവരണവാക്യങ്ങളും അവരുടേത്; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 958.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 955.
[അധ്യയന ചോദ്യങ്ങൾ]