ബൈബിൾ പുസ്തക നമ്പർ 35—ഹബക്കൂക്ക്
ബൈബിൾ പുസ്തക നമ്പർ 35—ഹബക്കൂക്ക്
എഴുത്തുകാരൻ: ഹബക്കൂക്ക്
എഴുതിയ സ്ഥലം: യഹൂദ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 628 (?)
1. ഹബക്കൂക്കിന്റെ പ്രവചനത്തിൽ ഏതു ശ്രേഷ്ഠമായ സത്യങ്ങൾ പ്രദീപ്തമാക്കിയിരിക്കുന്നു?
ഹബക്കൂക്ക്, എബ്രായ തിരുവെഴുത്തുകളിലെ ചെറിയ പ്രവാചകൻമാർ എന്നു വിളിക്കപ്പെടുന്നവരിൽ മറെറാരാളാണ്. എന്നിരുന്നാലും, ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ട അവന്റെ ദർശനവും പ്രഖ്യാപനവും ദൈവജനത്തിനു യാതൊരു പ്രകാരത്തിലും പ്രാധാന്യം കുറഞ്ഞതല്ല. പ്രോത്സാഹജനകവും ബലദായകവുമായ അവന്റെ പ്രവചനം കഷ്ടകാലത്തു ദൈവദാസരെ പുലർത്തുന്നു. ഈ പുസ്തകം രണ്ടു ശ്രേഷ്ഠസത്യങ്ങളെ പ്രദീപ്തമാക്കുന്നു: യഹോവയാം ദൈവം സാർവത്രികപരമാധികാരിയാണ്, നീതിമാൻമാർ വിശ്വാസത്താൽ ജീവിക്കുന്നു. ഈ എഴുത്തു ദൈവദാസരുടെ എതിരാളികൾക്കും തന്റെ ജനമാണെന്നു വ്യാജമായി അവകാശപ്പെടുന്നവർക്കും ഒരു മുന്നറിയിപ്പായും ഉതകുന്നു. അതു യഹോവയിലുളള ശക്തമായ വിശ്വാസത്തിന് ഒരു മാതൃക വെക്കുന്നു, അവൻ സകല സ്തുതിഗീതങ്ങൾക്കും യോഗ്യനാണ്.
2. എഴുത്തുകാരനായ ഹബക്കൂക്കിനെക്കുറിച്ച് ഏതു വിവരങ്ങൾ നൽകപ്പെട്ടിരിക്കുന്നു?
2 ഹബക്കൂക്കിന്റെ പുസ്തകം ഇങ്ങനെ തുടക്കമിടുന്നു: “ഹബക്കൂക്ക്പ്രവാചകൻ ദർശിച്ച പ്രവാചകം.” (ഹബ. 1:1) “ആത്മാർഥമായ ആലിംഗനം” എന്നർഥമുളള പേരോടുകൂടിയ ഈ ഹബക്കൂക്ക് (എബ്രായ, ഹവക്കൂക്ക്) പ്രവാചകൻ ആരായിരുന്നു? ഹബക്കൂക്കിന്റെ മാതാപിതാക്കളെയോ ഗോത്രത്തെയോ ജീവിതസാഹചര്യങ്ങളെയോ മരണത്തെയോ സംബന്ധിച്ചു യാതൊന്നും പറയുന്നില്ല. അവൻ ലേവ്യ ആലയസംഗീതക്കാരൻ ആയിരുന്നോയെന്ന് ഉറപ്പിച്ചു പറയുക സാധ്യമല്ല. എന്നിരുന്നാലും പുസ്തകത്തിന്റെ ഒടുവിൽ കാണുന്ന “സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ” എന്ന അടിയെഴുത്തിൽനിന്ന് ഇത് ഊഹിക്കപ്പെടുന്നുണ്ട്.
3. യഹൂദയെ ബാധിക്കുന്ന ഏതു സാഹചര്യങ്ങൾ ഹബക്കൂക്ക് എഴുതിയ കാലം സൂചിപ്പിക്കാൻ സഹായിക്കുന്നു?
3 ഹബക്കൂക്ക് തന്റെ പ്രാവചനിക പ്രഖ്യാപനങ്ങൾ നടത്തിയതെപ്പോഴാണ്? മേൽപ്രസ്താവിച്ച അടിയെഴുത്തും “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു” എന്ന വാക്കുകളും യെരുശലേമിലെ ആലയം അപ്പോഴും നിലനിൽക്കുന്നെന്നു സൂചിപ്പിക്കുന്നു. (2:20) ഇതും ഒപ്പം പ്രവചനത്തിന്റെ സന്ദേശവും പൊ.യു.മു. 607-ലെ യെരുശലേമിന്റെ നാശത്തിനു ദീർഘനാൾമുമ്പല്ല അത് ഉച്ചരിക്കപ്പെട്ടതെന്നു സൂചിപ്പിക്കുന്നു. എന്നാൽ എത്ര വർഷം മുമ്പ്? അതു ദൈവഭയമുണ്ടായിരുന്ന യോശീയാവുരാജാവിന്റെ പൊ.യു.മു. 659-629-ലെ വാഴ്ചക്കു ശേഷമായിരുന്നിരിക്കണം. വിവരിച്ചുപറഞ്ഞാലും യഹൂദയിലെ ജനം വിശ്വസിക്കുകയില്ലാത്ത ഒരു പ്രവർത്തനത്തെ മുൻകൂട്ടിപ്പറയുകയിൽ പ്രവചനംതന്നെ സൂചന നൽകുന്നു. അത് എന്താണ്? അതു വിശ്വാസമില്ലാഞ്ഞ യഹൂദയെ ശിക്ഷിക്കുന്നതിനു ദൈവം കൽദയരെ (ബാബിലോന്യർ) എഴുന്നേൽപ്പിക്കുന്നതിനെക്കുറിച്ചാണ്. (1:5, 6) ഇതു വിഗ്രഹാരാധിയായ യെഹോയാക്കീംരാജാവിന്റെ വാഴ്ചയുടെ ആദ്യഭാഗത്തിനു ചേരും, അതു യഹൂദയിൽ അവിശ്വാസവും അനീതിയും പ്രബലപ്പെട്ടിരുന്ന ഒരു സമയമായിരുന്നു. യെഹോയാക്കീമിനെ സിംഹാസനത്തിൽ അവരോധിച്ചിരുന്നതു ഫറവോൻനെഖോ ആയിരുന്നു. ജനത ഈജിപ്തിന്റെ സ്വാധീനവലയത്തിലായിരുന്നു. അങ്ങനെയുളള സാഹചര്യങ്ങളിൽ ബാബിലോനിൽനിന്നുളള ആക്രമണത്തിന്റെ ഏതു സാധ്യതയെയും തളളിക്കളയാൻ തങ്ങൾക്കു കാരണമുണ്ടെന്നു ജനം വിചാരിക്കും. എന്നാൽ നെബുഖദ്നേസർ പൊ.യു.മു. 625-ൽ കാർക്കേമിശ് യുദ്ധത്തിൽ ഫറവോൻനെഖോയെ പരാജയപ്പെടുത്തുകയും അങ്ങനെ ഈജിപ്തിന്റെ ബലത്തെ തകർക്കുകയും ചെയ്തു. അതുകൊണ്ട് ആ സംഭവത്തിനുമുമ്പു പ്രവചനം ഉച്ചരിച്ചിരിക്കണം. അങ്ങനെ സൂചനകൾ യെഹോയാക്കീമിന്റെ വാഴ്ചയുടെ (പൊ.യു.മു. 628-ൽ തുടങ്ങിയത്) തുടക്കത്തിലേക്കു വിരൽചൂണ്ടുന്നു, ഹബക്കൂക്കിനെ യിരെമ്യാവിന്റെ ഒരു സമകാലീനനാക്കിക്കൊണ്ടുതന്നെ.
4. ഹബക്കൂക്കിന്റെ പുസ്തകം ദൈവനിശ്വസ്തമാണെന്ന് എന്തു തെളിയിക്കുന്നു?
4 പുസ്തകം ദൈവനിശ്വസ്തമാണെന്നു നമുക്ക് എങ്ങനെ അറിയാൻ കഴിയും? എബ്രായ തിരുവെഴുത്തുകളുടെ പുരാതന പട്ടികകൾ ഹബക്കൂക്കിന്റെ കാനോനികത്വത്തെ സ്ഥിരീകരിക്കുന്നു. അവ പുസ്തകത്തിന്റെ പേർ പറയുന്നില്ലെങ്കിലും അതിനെ പ്രസ്പഷ്ടമായി ‘പന്ത്രണ്ടു ചെറിയ പ്രവാചകൻമാരെ’ക്കുറിച്ചുളള അവരുടെ പരാമർശത്തിൽ ഉൾപ്പെടുത്തി, കാരണം ഹബക്കൂക്കില്ലെങ്കിൽ 12 ഉണ്ടായിരിക്കയില്ല. അപ്പോസ്തലനായ പൗലൊസ് ഈ പ്രവചനത്തെ നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമായി അംഗീകരിക്കുകയും “പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കു”ന്നതെന്ന നിലയിൽ പരാമർശിച്ചുകൊണ്ടു ഹബക്കൂക്ക് 1:5 നേരിട്ട് ഉദ്ധരിക്കുകയും ചെയ്യുന്നു. (പ്രവൃ. 13:40, 41) അവൻ തന്റെ ലേഖനങ്ങളിൽ ഈ പുസ്തകത്തെ പല പ്രാവശ്യം പരാമർശിച്ചു. തീർച്ചയായും, യഹൂദക്കും ബാബിലോനുമെതിരായ ഹബക്കൂക്കിന്റെ പ്രസ്താവനകളുടെ നിവൃത്തി അവനെ യഹോവയുടെ ഒരു യഥാർഥ പ്രവാചകനായി മുദ്രയടിക്കുന്നു, അവന്റെ നാമത്തിലും അവന്റെ മഹത്ത്വത്തിനുവേണ്ടിയുമാണല്ലോ അവൻ സംസാരിച്ചത്.
5. ഹബക്കൂക്കിന്റെ ഉളളടക്കം ചുരുക്കത്തിൽ സംഗ്രഹിക്കുക.
5 ഹബക്കൂക്കിന്റെ പുസ്തകത്തിനു മൂന്ന് അധ്യായങ്ങളാണുളളത്. ആദ്യത്തെ രണ്ട് അധ്യായങ്ങൾ എഴുത്തുകാരനും യഹോവയുമായുളള സംഭാഷണമാണ്. അവ കൽദയരുടെ ശക്തിയെക്കുറിച്ചും അതുപോലെതന്നെ സ്വന്തമല്ലാത്തതിനെ പെരുക്കുക, സ്വന്ത ഭവനത്തിലേക്കു ദുഷ്ടലാഭമുണ്ടാക്കുക, രക്തപാതകത്താൽ ഒരു പട്ടണം പണിയുക, കൊത്തിയുണ്ടാക്കിയ പ്രതിമയെ ആരാധിക്കുക എന്നിവ ചെയ്യുന്ന ബാബിലോന്യജനതക്കു വരാനിരിക്കുന്ന ദുഃഖത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. മൂന്നാമത്തെ അധ്യായം യുദ്ധദിവസത്തിലെ യഹോവയുടെ പ്രാഗത്ഭ്യത്തെ കൈകാര്യംചെയ്യുന്നു, അത് അതിന്റെ നാടകീയ ശൈലിയുടെ ശക്തിയിലും ഊർജസ്വലതയിലും കിടയററതാണ്. ഈ അധ്യായം വിലാപരൂപത്തിലുളള ഒരു പ്രാർഥനയാണ്, “എബ്രായ കവിതയുടെ മുഴു മണ്ഡലത്തിലും അത്യന്തം വിശിഷ്ടവും മഹനീയവും” എന്ന് അതു വിളിക്കപ്പെട്ടിരിക്കുന്നു. a
ഹബക്കൂക്കിന്റെ ഉളളടക്കം
6. യഹൂദയിലെ അവസ്ഥ എന്താണ്, അതുകൊണ്ടു യഹോവ ഏത് അത്ഭുതകരമായ പ്രവർത്തനം നിർവഹിക്കും?
6 പ്രവാചകൻ യഹോവയോടു നിലവിളിക്കുന്നു (1:1–2:1). യഹൂദയിലെ വിശ്വാസരാഹിത്യം ഹബക്കൂക്കിന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു. “യഹോവേ, എത്രത്തോളം ഞാൻ സഹായത്തിനായി വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും?” അവൻ ചോദിക്കുന്നു. “കവർച്ചയും അക്രമവും എന്റെ മുമ്പിൽ ഉളളതെന്തുകൊണ്ട്?” (1:2, 3, NW) ന്യായപ്രമാണം മരവിക്കുന്നു, ദുഷ്ടൻ നീതിമാനെ ചുററുന്നു, ന്യായം വക്രമായിത്തീരുന്നു. ഇതുനിമിത്തം ‘വിവരിച്ചുകേട്ടാൽ ജനം വിശ്വസിക്കയില്ലാത്ത’ വിസ്മയത്തിനിടയാക്കുന്ന ഒരു പ്രവർത്തനം യഹോവ നിർവഹിക്കും. അവൻ യഥാർഥത്തിൽ “കല്ദയരെ ഉണർത്തും”! ശീഘ്രം വരുന്ന ഈ ജനതയെക്കുറിച്ചു യഹോവ നൽകുന്ന ദർശനം തീർച്ചയായും ഭയാനകമാണ്. അത് അക്രമത്തിന് അർപ്പിതമാണ്, അതു “മണൽപോലെ” ബദ്ധൻമാരെ ചേർക്കുന്നു. (1:5, 6, 9) യാതൊന്നും, രാജാക്കൻമാരും ഉയർന്ന ഉദ്യോഗസ്ഥൻമാരും പോലും, അതിനു മാർഗതടസ്സം സൃഷ്ടിക്കുകയില്ല, എന്തുകൊണ്ടെന്നാൽ അവരെയെല്ലാം നോക്കി അതു ചിരിക്കുന്നു. അതു കോട്ടകെട്ടിയ ഏതു സ്ഥലത്തെയും പിടിച്ചടക്കുന്നു. ഇതെല്ലാം ഒരു ന്യായവിധിക്കും ‘പരിശുദ്ധനായ’ യഹോവയിൽനിന്നുളള ഒരു ശാസനക്കും വേണ്ടിയാണ്. (1:12) ഹബക്കൂക്ക് ദൈവം സംസാരിക്കുന്നതിനു ശ്രദ്ധയോടെ കാത്തിരിക്കുന്നു.
7. യഹോവ ഹബക്കൂക്കിനെ എങ്ങനെ ആശ്വസിപ്പിക്കുന്നു?
7 അഞ്ചു കഷ്ടങ്ങളുടെ ദർശനം (2:2-20). യഹോവ ഉത്തരം നൽകുന്നു: “നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.” അതു താമസിക്കുന്നതായി തോന്നിയാലും അതു കണിശമായും സത്യമായി ഭവിക്കും. “നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും” എന്ന വാക്കുകളാൽ യഹോവ ഹബക്കൂക്കിനെ ആശ്വസിപ്പിക്കുന്നു. (2:2, 4) അഹംഭാവിയായ ശത്രു, ജനതകളെയും ജനങ്ങളെയും തന്നിലേക്കു ചേർക്കുന്നുവെങ്കിലും തന്റെ ലാക്കിലെത്തുകയില്ല. എന്തിന്, ഇവരാണു പ്രസിദ്ധമായ അഞ്ചു കഷ്ടങ്ങളുടെ പഴഞ്ചൊല്ല് അവനെതിരെ ഏറെറടുക്കുന്നത്:
8, 9. ഏതു തരം വ്യക്തികൾക്കെതിരായി ദർശനത്തിലെ അഞ്ചു കഷ്ടങ്ങൾ തിരിച്ചുവിടപ്പെടുന്നു?
8 ‘തന്റേതല്ലാത്തതു വർദ്ധിപ്പിക്കുന്നവനു അയ്യോ കഷ്ടം.’ അവൻതന്നെ കൊളളയടിക്കപ്പെടാനുളളതായിത്തീരും. ‘മനുഷ്യവർഗത്തിന്റെ രക്തം ചൊരിഞ്ഞതുനിമിത്തവും ഭൂമിയോടുളള അക്രമം നിമിത്തവും’ അവൻ കൊളളയടിക്കപ്പെടും. (2:6, 8, NW) “തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം.” അനേകം ജനങ്ങളെ അയാൾ ഛേദിച്ചുകളഞ്ഞത് അയാളുടെ ഭവനത്തിലെ കല്ലുകൾതന്നെയും മരപ്പണിയും നിലവിളിക്കാനിടയാക്കും. (2:9) ‘രക്തപാതകംകൊണ്ടു പട്ടണം പണിയുന്നവന് അയ്യോ കഷ്ടം’ അയാളുടെ ജനങ്ങൾ തീക്കും നാസ്തിത്വത്തിനുംവേണ്ടി മാത്രം അധ്വാനിക്കുമെന്നു യഹോവ പ്രഖ്യാപിക്കുന്നു. “വെളളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.”—2:12, 14.
9 ‘കോപത്തിൽ തന്റെ കൂട്ടുകാരന്റെ നഗ്നത കാണത്തക്കവണ്ണം അയാളെ മത്തുപിടിപ്പിക്കുന്നവന് അയ്യോ കഷ്ടം.’ യഹോവ തന്റെ വലങ്കൈയിലെ പാനപാത്രത്തിൽനിന്നു കുടിപ്പിക്കുകയും മഹത്ത്വത്തിനു പകരം അപമാനം വരുത്തുകയും ചെയ്യും, “മനുഷ്യവർഗത്തിന്റെ രക്തംചൊരിയലും ഭൂമിയോടു ചെയ്ത അക്രമവും നിമിത്തംതന്നെ.” കൊത്തിയുണ്ടാക്കിയ പ്രതിമകൊണ്ട് അതിന്റെ നിർമാതാവിന് എന്തു പ്രയോജനം—വിലയില്ലാത്ത അത്തരം ദൈവങ്ങൾ മൂകമല്ലയോ? (2:15, 17, NW) “മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേല്ക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ?” ജീവനില്ലാത്ത ഈ ദൈവങ്ങളിൽനിന്നു വ്യത്യസ്തമായി “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു. സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.”—2:19, 20.
10. യഹോവ യുദ്ധദിവസത്തിൽ പ്രത്യക്ഷപ്പെടുന്നതോടൊപ്പം ഏതു ഭയങ്കര പ്രവർത്തനം ഉണ്ടാകുന്നു?
10 യഹോവ യുദ്ധദിവസത്തിൽ (3:1-19). സഗൗരവമായ പ്രാർഥനയിൽ ഹബക്കൂക്ക് യഹോവയുടെ ഭയാവഹമായ പ്രവർത്തനത്തെ വിശദമായി ഓർമിക്കുന്നു. യഹോവയുടെ പ്രത്യക്ഷതയിങ്കൽ, “അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.” (3:3) അവന്റെ ശോഭ വെളിച്ചം പോലെയായിരുന്നു, മഹാമാരി അവന്റെ മുമ്പിൽ പൊയ്ക്കൊണ്ടിരുന്നു. ഭൂമിയെ കുലുക്കിക്കൊണ്ടും ജനതകൾ ചാടാനും നിത്യപർവതങ്ങൾ തകർക്കപ്പെടാനുമിടയാക്കിക്കൊണ്ടും അവൻ നിശ്ചലമായി നിന്നു. യഹോവ ഒരു ശക്തനായ യോദ്ധാവിനെപ്പോലെ, നഗ്നമായ വില്ലും രക്ഷാരഥങ്ങളും സഹിതമുളള ഒരു ശക്തനായ പോരാളിയെപ്പോലെ വാഹനമേറി പോയി. പർവതങ്ങളും ജലാശയങ്ങളും ഇളകി. സൂര്യനും ചന്ദ്രനും നിശ്ചലമായി നിന്നു. അവൻ ജനതകളെ കോപത്തോടെ മെതിച്ചുകൊണ്ടു ഭൂമിയിലൂടെ അഭിഗമിച്ചപ്പോൾ അവന്റെ അസ്ത്രങ്ങളുടെ പ്രകാശവും അവന്റെ കുന്തത്തിന്റെ മിന്നലുമുണ്ടായിരുന്നു. അവൻ തന്റെ ജനത്തിന്റെയും തന്റെ അഭിഷിക്തന്റെയും രക്ഷക്കുവേണ്ടിയും “കഴുത്തോളം” ദുഷ്ടന്റെ അടിസ്ഥാനത്തെ അനാവൃതമാക്കുന്നതിനുവേണ്ടിയും പുറപ്പെട്ടു.—3:13.
11. ദർശനം ഹബക്കൂക്കിനെ എങ്ങനെ ബാധിക്കുന്നു, എന്നാൽ അവന്റെ തീരുമാനം എന്താണ്?
11 യഹോവയുടെ മുൻപ്രവൃത്തിയുടെയും ലോകത്തെ പിടിച്ചുകുലുക്കുന്ന വരാനിരിക്കുന്ന പ്രവർത്തനത്തിന്റെയും ശക്തിയുടെ ഈ ദർശനത്താൽ പ്രവാചകൻ അന്തംവിട്ടുപോകുന്നു. “ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കംഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.” (3:16) എന്നിരുന്നാലും, അഭിമുഖീകരിക്കേണ്ട ദുഷ്കാലങ്ങളെ—അത്തിവൃക്ഷത്തിൽ പുഷ്പമില്ല, മുന്തിരിയിൽ വിളവില്ല, തൊഴുത്തിൽ ആട്ടിൻകൂട്ടമില്ല—ഗണ്യമാക്കാതെ ഹബക്കൂക്ക് യഹോവയിൽ ഉല്ലസിക്കുകയും തന്റെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുകയും ചെയ്യുമെന്നു ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്: “യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിൻമേൽ എന്നെ നടക്കുമാറാക്കുന്നു.”—3:19.
എന്തുകൊണ്ടു പ്രയോജനപ്രദം
12. ഹബക്കൂക്ക് 2:4-ന്റെ ഏതു പ്രയോജനകരമായ ബാധകമാക്കൽ പൗലൊസ് നടത്തി?
12 ഹബക്കൂക്കിന്റെ പ്രവചനത്തെ പഠിപ്പിക്കലിനു പ്രയോജനപ്രദമായി അംഗീകരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലൊസ് മൂന്നു വ്യത്യസ്ത സന്ദർഭങ്ങളിൽ 2-ാം അധ്യായം 4-ാം വാക്യത്തിൽനിന്ന് ഉദ്ധരിച്ചു. വിശ്വാസമുളള ഏവനും സുവാർത്ത രക്ഷക്കുളള ദൈവശക്തിയാണെന്ന് ഊന്നിപ്പറഞ്ഞപ്പോൾ പൗലൊസ് റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതി: ‘അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ ഗലാത്യർക്കെഴുതുമ്പോൾ പൗലൊസ് വിശ്വാസത്തിലൂടെ അനുഗ്രഹം വരുന്നു എന്ന ആശയം ഊന്നിപ്പറഞ്ഞു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം.” പൗലൊസ് എബ്രായർക്കുളള തന്റെ ലേഖനത്തിൽ ജീവനുളളതും ദേഹിയെ സംരക്ഷിക്കുന്നതുമായ വിശ്വാസം പ്രകടമാക്കണമെന്നും എഴുതി, അവൻ വീണ്ടും ഹബക്കൂക്കിനോടുളള യഹോവയുടെ വാക്കുകളെ പരാമർശിച്ചു. എന്നിരുന്നാലും, “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന ഹബക്കൂക്കിന്റെ വാക്കുകൾ മാത്രമല്ല, ഗ്രീക്ക് സെപ്ററുവജിൻറിൽ കാണപ്പെടുന്ന അവന്റെ കൂടുതലായ വാക്കുകളും ഉദ്ധരിക്കുന്നു: “പിൻമാറുന്നു എങ്കിൽ എന്റെ ഉളളത്തിന്നു അവനിൽ പ്രസാദമില്ല.” അനന്തരം അവൻ “നാമോ നാശത്തിലേക്കു പിൻമാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു” എന്നു പറഞ്ഞുകൊണ്ടു സംഗ്രഹിക്കുന്നു.—റോമ. 1:17; ഗലാ. 3:11; എബ്രാ. 10:38, 39.
13. യഹൂദക്കും ബാബിലോനുമെതിരായ ഹബക്കൂക്കിന്റെ പ്രവചനങ്ങളുടെ കൃത്യമായ നിവൃത്തി ദൈവത്തിന്റെ ന്യായവിധികൾ സംബന്ധിച്ച് എന്തു ദൃഢീകരിക്കുന്നു?
13 ഉൻമേഷം ആവശ്യമുളള ക്രിസ്ത്യാനികൾക്കു ഹബക്കൂക്കിന്റെ പ്രവചനം അത്യന്തം പ്രയോജനകരമാണ്. അതു ദൈവത്തിലുളള ആശ്രയം പഠിപ്പിക്കുന്നു. മററുളളവർക്കു ദൈവത്തിന്റെ ന്യായവിധികളെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുന്നതിനും അതു പ്രയോജനപ്രദമാണ്. മുന്നറിയിപ്പിൻ പാഠം ശക്തിമത്താണ്: ദൈവത്തിന്റെ ന്യായവിധികൾ കണക്കിലധികം താമസിക്കുന്നുവെന്നു ചിന്തിക്കരുത്; അവ “വരും നിശ്ചയം.” (ഹബ. 2:3) ബാബിലോനാലുളള യഹൂദയുടെ നാശത്തെക്കുറിച്ചുളള പ്രവചനം കണിശമായും സത്യമായി ഭവിച്ചു, തീർച്ചയായും ബാബിലോൻതന്നെയും പിടിച്ചടക്കപ്പെട്ടു, മേദ്യരും പാർസ്യരും പൊ.യു.മു. 539-ൽ നഗരം പിടിച്ചു. ദൈവത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നതിന് എന്തൊരു മുന്നറിയിപ്പ്! അങ്ങനെ, വിശ്വാസഹീനരാകാതിരിക്കാൻ തന്റെ നാളിലെ യഹൂദൻമാർക്ക് അപ്പോസ്തലനായ പൗലൊസ് മുന്നറിയിപ്പു കൊടുത്തപ്പോൾ ഹബക്കൂക്കിനെ ഉദ്ധരിക്കുന്നതു പ്രയോജനകരമാണെന്ന് അവൻ കണ്ടെത്തി. “ഹേ നിന്ദക്കാരേ, നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ” എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ. 13:40, 41; ഹബ. 1:5, LXX) വിശ്വാസരഹിതരായ യഹൂദൻമാർ പൗലൊസിനെ ചെവിക്കൊളളുമായിരുന്നില്ല, യെരുശലേമിന്റെ നാശത്തെക്കുറിച്ചുളള യേശുവിന്റെ മുന്നറിയിപ്പ് അവർ വിശ്വസിക്കാഞ്ഞതുപോലെതന്നെ; പൊ.യു. 70-ൽ റോമായുടെ സൈന്യങ്ങൾ യെരുശലേമിനെ ശൂന്യമാക്കിയപ്പോൾ അവർ തങ്ങളുടെ വിശ്വാസരാഹിത്യത്തിന്റെ പരിണതഫലങ്ങൾ അനുഭവിച്ചു.—ലൂക്കൊ. 19:41-44.
14. (എ) ഹബക്കൂക്കിന്റെ പ്രവചനം ശക്തമായ വിശ്വാസം വെച്ചുപുലർത്താൻ ഇന്നു ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ? (ബി) പ്രവചനത്തിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ, നീതിസ്നേഹികൾക്ക് ഇപ്പോൾ ഏതു സന്തോഷകരമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
14 അതുപോലെ ഹബക്കൂക്കിന്റെ പ്രവചനം ഇന്ന് അക്രമം നിറഞ്ഞ ഒരു ലോകത്തിൽ ജീവിക്കവേ ശക്തമായ വിശ്വാസം വെച്ചുപുലർത്താൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. അതു മററുളളവരെ പഠിപ്പിക്കാനും ദൈവം ദുഷ്ടൻമാരുടെമേൽ പ്രതികാരംചെയ്യുമോ എന്നു ലോകമാസകലമുളള ആളുകൾ ചോദിച്ചിട്ടുളള ചോദ്യത്തിന് ഉത്തരംകൊടുക്കാനും അവരെ സഹായിക്കുന്നു. പ്രവചനത്തിലെ വചനങ്ങൾ വീണ്ടും ശ്രദ്ധിക്കുക: “അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബ. 2:3) ഭൂമിയിൽ സംഭവിക്കുന്ന സംക്ഷോഭങ്ങൾ എന്തൊക്കെയായിരുന്നാലും, രാജ്യാവകാശികളുടെ അഭിഷിക്തശേഷിപ്പു യഹോവയുടെ കഴിഞ്ഞകാല പ്രതികാരക്രിയകളെ സംബന്ധിച്ച ഹബക്കൂക്കിന്റെ വാക്കുകൾ ഓർക്കുന്നു: “നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു.” (3:13) യഹോവ പണ്ടുമുതൽ അവരുടെ ‘പരിശുദ്ധൻ’ ആകുന്നു. അവൻ നീതികെട്ടവരെ ശാസിക്കുകയും താൻ സ്നേഹത്തിൽ ആശ്ലേഷിക്കുന്നവർക്കു ജീവൻ കൊടുക്കുകയും ചെയ്യുന്ന “പാറ”യുമാകുന്നു. നീതിയെ സ്നേഹിക്കുന്ന എല്ലാവർക്കും അവന്റെ രാജ്യത്തിലും പരമാധികാരത്തിലും സന്തോഷിക്കാവുന്നതാണ്, ഇങ്ങനെ പറഞ്ഞുകൊണ്ട്: “എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവു എന്റെ ബലം ആകുന്നു.”—1:12; 3:18, 19.
[അടിക്കുറിപ്പുകൾ]
a പന്ത്രണ്ടു ചെറിയ പ്രവാചകൻമാരുടെ പുസ്തകം (ഇംഗ്ലീഷ്), 1868, ഈ. ഹെൻഡേഴ്സൻ, പേജ് 285.
[അധ്യയന ചോദ്യങ്ങൾ]