ബൈബിൾ പുസ്തക നമ്പർ 37—ഹഗ്ഗായി
ബൈബിൾ പുസ്തക നമ്പർ 37—ഹഗ്ഗായി
എഴുത്തുകാരൻ: ഹഗ്ഗായി
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 520
ഉൾപ്പെട്ടിരിക്കുന്ന കാലം: 112 ദിവസം (പൊ.യു.മു. 520)
1, 2. പ്രവാചകനായ ഹഗ്ഗായിയെക്കുറിച്ച് ഏതു വിവരങ്ങൾ നൽകപ്പെടുന്നു, അവന്റെ ഇരുമടങ്ങായ സന്ദേശം എന്തായിരുന്നു?
അവന്റെ പേർ ഹഗ്ഗായി എന്നായിരുന്നു; ഒരു പ്രവാചകനും “യഹോവയുടെ ദൂതനും” എന്നതായിരുന്നു അവന്റെ പദവി, എന്നാൽ അവന്റെ ഉത്ഭവം എങ്ങനെയായിരുന്നു? (ഹഗ്ഗാ. 1:13) അവൻ ആരായിരുന്നു? ചെറിയ പ്രവാചകൻമാർ എന്നു വിളിക്കപ്പെടുന്നവരിൽ പത്താമനാണു ഹഗ്ഗായി. പൊ.യു.മു. 537-ൽ യഹൂദൻമാർ സ്വദേശത്തേക്കു മടങ്ങിയശേഷം സേവിച്ച മൂന്നു പേരിൽ ഒന്നാമനായിരുന്നു അവൻ; മറേറ രണ്ടു പേർ സെഖര്യാവും മലാഖിയുമായിരുന്നു. ഹഗ്ഗായിയുടെ പേരിന്റെ അർഥം (എബ്രായ, കഗ്ഗായി) “ഉത്സവത്തിൽ [ജനിച്ചവൻ]” എന്നാണ്. അവൻ ഒരു ഉത്സവദിവസം ജനിച്ചുവെന്ന് അതു സൂചിപ്പിച്ചേക്കാം.
2 യഹൂദപാരമ്പര്യപ്രകാരം, ഹഗ്ഗായി ബാബിലോനിൽ ജനിച്ചുവെന്നും സെരുബ്ബാബേലിനോടും മഹാപുരോഹിതനായ യോശുവായോടുംകൂടെ അവൻ യെരുശലേമിലേക്കു മടങ്ങിപ്പോയെന്നും നിഗമനംചെയ്യുന്നതു ന്യായമാണ്. ഹഗ്ഗായി പ്രവാചകനായ സെഖര്യാവിനോടൊപ്പംനിന്നു സേവിച്ചു, ആലയംപണി വീണ്ടും തുടങ്ങുന്നതിനു രണ്ടുപേരും പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതായി എസ്രാ 5:1-ലും 6:14-ലും പ്രകടമാക്കപ്പെടുന്നു. രണ്ടു വിധങ്ങളിൽ അവൻ യഹോവയുടെ ഒരു പ്രവാചകനായിരുന്നു, അവൻ ദൈവത്തോടുളള തങ്ങളുടെ കടമ നിറവേററാൻ യഹൂദൻമാരെ ഉദ്ബോധിപ്പിക്കുകയും, മററു കാര്യങ്ങളോടൊപ്പം, സകല ജനതകളുടെയും ഇളക്കലിനെ മുൻകൂട്ടിപ്പറയുകയും ചെയ്തു.—ഹഗ്ഗാ. 2:6, 7.
3. പ്രവാസത്തിൽനിന്നുളള തങ്ങളുടെ മടങ്ങിവരവിന്റെ ഉദ്ദേശ്യംസംബന്ധിച്ച് എന്തു തിരിച്ചറിയുന്നതിൽ യഹൂദൻമാർ പരാജയപ്പെട്ടിരുന്നു?
3 യഹോവ ഹഗ്ഗായിയെ നിയോഗിച്ചത് എന്തിനായിരുന്നു? ഈ കാരണത്താൽ: പൊ.യു.മു. 537-ൽ യഹോവയുടെ ആലയം പുനർനിർമിക്കുന്നതിനു തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിപ്പോകാൻ യഹൂദൻമാരെ അനുവദിച്ചുകൊണ്ടു കോരേശ് കൽപ്പന പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൊ.യു.മു. 520 ആയിരുന്നു, ആലയം അശേഷം പൂർത്തിയായിരുന്നുമില്ല. ഈ സംവത്സരങ്ങളിലെല്ലാം യഹൂദൻമാർ തങ്ങളുടെ മടങ്ങിപ്പോക്കിന്റെ ഉദ്ദേശ്യംതന്നെ തിരിച്ചറിയുന്നതിൽനിന്നു തങ്ങളെ തടയുന്നതിനു ശത്രുക്കളുടെ എതിർപ്പിനെയും ഒപ്പം അവരുടെ വിരക്തിയെയും ഭൗതികത്വത്തെയും അനുവദിച്ചിരുന്നു.—എസ്രാ 1:1-4; 3:10-13; 4:1-24; ഹഗ്ഗാ. 1:4.
4. ആലയനിർമാണത്തെ എന്താണു തടസ്സപ്പെടുത്തിയിരുന്നത്, എന്നാൽ ഹഗ്ഗായി പ്രവചിക്കാൻ തുടങ്ങിയപ്പോൾ ഏതു വികാസങ്ങൾ നടന്നു?
4 രേഖ പ്രകടമാക്കുന്നതുപോലെ, ആലയത്തിന്റെ അടിസ്ഥാനമിട്ടയുടനെ (പൊ.യു.മു. 536-ൽ) “ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു. അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു . . . അവർക്കു വിരോധമായി കാര്യസ്ഥൻമാരെ കൈക്കൂലി കൊടുത്തു വശത്താക്കി.” (എസ്രാ 4:4, 5) ഒടുവിൽ പൊ.യു.മു. 522-ൽ ഈ യഹൂദേതര എതിരാളികൾ വേലയുടെമേൽ ഔദ്യോഗികനിരോധനം ഏർപ്പെടുത്തുന്നതിൽ വിജയിച്ചു. പേർഷ്യൻരാജാവായ ദാര്യാവേശ് ഹിസ്ററാസ്പിസിന്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ, അതായത് പൊ.യു.മു. 520-ൽ ആയിരുന്നു ഹഗ്ഗായി പ്രവചിക്കാൻ തുടങ്ങിയത്. ഇതു തങ്ങളുടെ ആലയനിർമാണം പുനരാരംഭിക്കുന്നതിനു യഹൂദൻമാരെ പ്രോത്സാഹിപ്പിച്ചു. അതിങ്കൽ, ഈ സംഗതിസംബന്ധിച്ച ഒരു നിയമത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടു സ്ഥലത്തെ ഗവർണർമാർ ദാര്യാവേശിന് ഒരു കത്തയച്ചു; ദാര്യാവേശ് കോരേശിന്റെ കൽപ്പനയെ പുനരുജ്ജീവിപ്പിക്കുകയും യഹൂദൻമാരുടെ ശത്രുക്കൾക്കെതിരെ അവരെ പിന്തുണക്കുകയും ചെയ്തു.
5. ഹഗ്ഗായിയുടെ പുസ്തകം ബൈബിൾകാനോനിൽ പെട്ടതാണെന്ന് എന്തു തെളിയിക്കുന്നു?
5 ഹഗ്ഗായിയുടെ പ്രവചനം എബ്രായകാനോന്റെ ഭാഗമാണെന്നുളളതുസംബന്ധിച്ചു യഹൂദൻമാരുടെ ഇടയിൽ ഒരിക്കലും പ്രശ്നമുണ്ടായിരുന്നില്ല. എസ്രാ 5:1-ലും 6:14-ലും അവൻ “യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ” പ്രവചിക്കുന്നതായുളള പരാമർശനത്താലും ഇതു തെളിയിക്കപ്പെടുന്നു. അവന്റെ പ്രവചനം ‘ദൈവനിശ്വസ്തമായ എല്ലാ തിരുവെഴുത്തുകളുടെയും’ ഭാഗമാണെന്നുളളതു പൗലൊസ് എബ്രായർ 12:26-ൽ അത് ഉദ്ധരിക്കുന്നതിനാലും തെളിയുന്നു: ‘ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തംചെയ്തു.’—ഹഗ്ഗാ. 2:6.
6. ഹഗ്ഗായിയുടെ പ്രവചനത്തിൽ എന്തടങ്ങിയിരിക്കുന്നു, യഹോവയുടെ നാമത്തിന് എന്ത് ഊന്നൽ കൊടുക്കുന്നു?
6 ഹഗ്ഗായിയുടെ പ്രവചനത്തിൽ 112 ദിവസത്തെ ഒരു കാലഘട്ടത്തിൽ കൊടുക്കപ്പെട്ട നാലു സന്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. അവന്റെ ശൈലി ലളിതവും ഋജുവുമാണ്, യഹോവയുടെ നാമത്തിന് അവൻ കൊടുക്കുന്ന ദൃഢത വിശേഷാൽ ശ്രദ്ധാർഹമാണ്. അവന്റെ 38 വാക്യങ്ങളിൽ അവൻ യഹോവയുടെ നാമം 35 പ്രാവശ്യം പറയുന്നു, 14 പ്രാവശ്യം “സൈന്യങ്ങളുടെ യഹോവ” എന്ന പദപ്രയോഗത്തിൽ. തന്റെ സന്ദേശം യഹോവയിൽനിന്നാണെന്നുളളതിന് അവൻ സംശയം അവശേഷിപ്പിക്കുന്നില്ല. “അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.”—1:13.
7. എന്തു ചെയ്യാൻ ഹഗ്ഗായി യഹൂദൻമാരെ പ്രോത്സാഹിപ്പിച്ചു, അവന്റെ സന്ദേശത്തിന്റെ ധ്വനി എന്തായിരുന്നു?
7 ഇതു ദൈവജനത്തിന്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാലമായിരുന്നു, ഹഗ്ഗായിയുടെ വേല വളരെ പ്രയോജനകരമാണെന്നു തെളിഞ്ഞു. ഒരു പ്രവാചകനെന്ന നിലയിൽ തന്റെ വേല നിർവഹിക്കുന്നതിൽ അവൻ അശേഷം പിന്നോക്കമായിരുന്നില്ല, അവൻ യഹൂദൻമാരോടു വെട്ടിത്തുറന്നു സംസാരിച്ചു. കാലവിളംബം വരുത്തുന്നതു നിർത്തിയിട്ടു കാര്യംനോക്കാൻ അവരോടു പറഞ്ഞതിൽ അവൻ വളച്ചുകെട്ടില്ലാതെ സംസാരിച്ചു. യഹോവയുടെ കൈയിൽനിന്ന് ഏതെങ്കിലും സമ്പൽസമൃദ്ധി അനുഭവിപ്പാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ യഹോവയുടെ ആലയം പുനർനിർമിക്കാനും നിർമലാരാധന പുനഃസ്ഥാപിക്കാനുമുളള സമയമായിരുന്നു അത്. ഹഗ്ഗായിയുടെ സന്ദേശത്തിന്റെ മുഴു ധ്വനിയും ഒരു വ്യക്തി യഹോവയിൽനിന്നുളള അനുഗ്രഹങ്ങൾ ആസ്വദിക്കണമെങ്കിൽ അവൻ സത്യദൈവത്തെ സേവിക്കുകയും യഹോവ കൽപ്പിക്കുന്ന വേല ചെയ്യുകയും വേണം എന്നതായിരുന്നു.
ഹഗ്ഗായിയുടെ ഉളളടക്കം
8. യഹോവ യഹൂദൻമാരെ ഭൗതികമായി അനുഗ്രഹിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
8 ഒന്നാം സന്ദേശം (1:1-15). ഇതു ഗവർണറായ സെരുബ്ബാബേലിനെയും മഹാപുരോഹിതനായ യോശുവയെയും ലക്ഷ്യംവെച്ചുളളതാണ്, എന്നാൽ ജനം കേൾക്കെയാണ്. “യഹോവയുടെ ആലയം പണിവാനുളള കാലം വന്നിട്ടില്ലെന്നു” ജനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. യഹോവ ഹഗ്ഗായി മുഖാന്തരം തുളച്ചുകയറുന്ന ഒരു ചോദ്യം ചോദിക്കുന്നു: “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?” (1:2, 4) അവർ ഭൗതികമായ ഒരു വിധത്തിൽ വളരെയധികം വിതച്ചിരിക്കുന്നു, എന്നാൽ ആഹാരത്തിന്റെയും പാനീയത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തിൽ അവർക്ക് അതു ഗുണമൊന്നും ചെയ്തില്ല. “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ,” യഹോവ ബുദ്ധ്യുപദേശിക്കുന്നു. (1:7) യഹോവ മഹത്ത്വീകരിക്കപ്പെടേണ്ടതിനു മരം കൊണ്ടുവന്ന് ആലയം പണിയാൻ സമയം അതിക്രമിച്ചു. യഹൂദൻമാർ തങ്ങളുടെ സ്വന്തം വീടുകൾ നന്നായി പരിപാലിക്കുന്നുണ്ട്, എന്നാൽ യഹോവയുടെ ആലയം പാഴായിക്കിടക്കുകയാണ്. അതുകൊണ്ടു യഹോവ ആകാശത്തിലെ മഞ്ഞും വയലിലെ വർധനവും അവന്റെ അനുഗ്രഹവും മനുഷ്യനിൽനിന്നും അവന്റെ അധ്വാനത്തിൽനിന്നും പിൻവലിച്ചിരിക്കുകയാണ്.
9. വേല തുടങ്ങാൻ യഹോവ യഹൂദൻമാരെ എങ്ങനെ ഉണർത്തുന്നു?
9 ഹാ, അവർക്ക് ആശയം പിടികിട്ടുന്നു! ഹഗ്ഗായി വ്യർഥമായിട്ടല്ല പ്രവചിച്ചിരിക്കുന്നത്. ഭരണാധിപൻമാരും ജനവും ‘തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കാൻ’ തുടങ്ങുന്നു. മനുഷ്യഭയത്തെ യഹോവാഭയം നീക്കംചെയ്യുന്നു. ‘ഞാൻ നിങ്ങളോടുകൂടെ ഉണ്ട്’ എന്നാണു തന്റെ സന്ദേശവാഹകനായ ഹഗ്ഗായിയിലൂടെ യഹോവ നൽകുന്ന ഉറപ്പ്. (1:12, 13) യഹോവതന്നെയാണു ഗവർണറുടെ ചൈതന്യത്തെയും മഹാപുരോഹിതന്റെ ചൈതന്യത്തെയും തന്റെ ജനത്തിന്റെ ശേഷിപ്പിന്റെ ചൈതന്യത്തെയും ഉണർത്തുന്നത്. അവർ ഹഗ്ഗായിയുടെ പ്രവചിക്കൽ തുടങ്ങി വെറും 23 ദിവസം കഴിഞ്ഞു പേർഷ്യൻഗവൺമെൻറിന്റെ ഔദ്യോഗികനിരോധനം ഗണ്യമാക്കാതെ വേല ചെയ്തുതുടങ്ങുന്നു.
10. തങ്ങൾ പണിയുന്ന ആലയത്തെസംബന്ധിച്ചു ചില യഹൂദൻമാർ എങ്ങനെ വിചാരിക്കുന്നു, എന്നാൽ യഹോവ എന്തു വാഗ്ദത്തംചെയ്യുന്നു?
10 രണ്ടാം സന്ദേശം (2:1-9). നിർമാണപ്രവർത്തനം പുനരുജ്ജീവിപ്പിക്കപ്പെട്ട ശേഷം ഒരു മാസത്തിൽ കുറഞ്ഞ കാലം കടന്നുപോകുന്നു, ഹഗ്ഗായി തന്റെ രണ്ടാമത്തെ നിശ്വസ്തസന്ദേശം കൊടുക്കുന്നു. ഇതു സെരുബ്ബാബേലിനെയും യോശുവയെയും ജനത്തിൽ ശേഷിച്ചവരെയുമാണു സംബോധന ചെയ്യുന്നത്. പ്രസ്പഷ്ടമായി, പ്രവാസത്തിൽനിന്നു മടങ്ങിവന്നവരും ശലോമോന്റെ മുൻ ആലയം കണ്ടിരുന്നവരുമായ യഹൂദൻമാരിൽ ചിലർ താരതമ്യത്തിൽ ഈ ആലയം ഒന്നുമില്ലെന്നു വിചാരിച്ചു. എന്നാൽ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എന്താണ്? ‘ശക്തരായിരുന്നു വേല ചെയ്യുക, എന്തെന്നാൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ട്.’ (2:4, NW) യഹോവ അവരുമായുളള തന്റെ ഉടമ്പടി അവരെ ഓർമിപ്പിക്കുന്നു. ഭയപ്പെടരുതെന്ന് അവൻ അവരോടു പറയുന്നു. താൻ സകല ജനതകളെയും ഇളക്കുമെന്നും അവരുടെ അഭികാമ്യർ വരുമെന്നും തന്റെ ആലയത്തെ താൻ മഹത്ത്വംകൊണ്ടു നിറയ്ക്കുമെന്നുമുളള വാഗ്ദത്തത്താൽ അവൻ അവരെ ശക്തീകരിക്കുന്നു. ഈ പിൽക്കാല ആലയത്തിന്റെ മഹത്ത്വം മുമ്പത്തേതിനെക്കാൾ വലുതുപോലുമായിരിക്കും, ഈ സ്ഥലത്ത് അവൻ സമാധാനം നൽകും.
11. (എ) ഏതു ദൃഷ്ടാന്തകഥയാൽ ഹഗ്ഗായി പുരോഹിതൻമാരുടെ അവഗണനയെ ചൂണ്ടിക്കാട്ടുന്നു? (ബി) അതിൽനിന്ന് എന്തു ഫലമുണ്ടായിരിക്കുന്നു?
11 മൂന്നാം സന്ദേശം (2:10-19). രണ്ടു മാസവും മൂന്നു ദിവസവും കഴിഞ്ഞു ഹഗ്ഗായി പുരോഹിതൻമാരെ സംബോധന ചെയ്യുന്നു. തന്റെ ആശയം ബോധ്യപ്പെടുത്തുന്നതിന് അവൻ ഒരു ദൃഷ്ടാന്തകഥ ഉപയോഗിക്കുന്നു. ഒരു പുരോഹിതൻ വിശുദ്ധമാംസം ചുമക്കുന്നതുകൊണ്ട് അവൻ തൊടുന്ന മറെറല്ലാ ഭക്ഷണവും വിശുദ്ധമാകുമോ? ഇല്ല എന്നാണ് ഉത്തരം. ഒരു ശവംപോലെയുളള ഏതെങ്കിലും അശുദ്ധവസ്തു തൊടുന്നതുകൊണ്ടു തൊടുന്നയാൾ അശുദ്ധനാകുമോ? ആകുമെന്നതാണ് ഉത്തരം. അനന്തരം ഹഗ്ഗായി ദൃഷ്ടാന്തകഥ ബാധകമാക്കുന്നു. ദേശത്തെ ജനം നിർമലാരാധനയുടെ അവഗണന നിമിത്തം അശുദ്ധരാണ്. അവർ അർപ്പിക്കുന്ന എന്തും യഹോവക്ക് അശുദ്ധമായി കാണപ്പെടുന്നു. ഇതുനിമിത്തം യഹോവ അവരുടെ അധ്വാനത്തെ അനുഗ്രഹിച്ചിട്ടില്ല, അതിനുപുറമേ, അവൻ അവരുടെമേൽ പൊളളിക്കുന്ന ചൂടും പൂപ്പും കൻമഴയും അയച്ചിരിക്കുന്നു. അവർ തങ്ങളുടെ വഴികൾക്കു മാററം വരുത്തട്ടെ. അപ്പോൾ യഹോവ അവരെ അനുഗ്രഹിക്കും.
12. ഏത് അന്തിമസന്ദേശം ഹഗ്ഗായി സെരുബ്ബാബേലിനെ ലക്ഷ്യമാക്കി കൊടുക്കുന്നു?
12 നാലാം സന്ദേശം (2:20-23). മൂന്നാം സന്ദേശത്തിന്റെ അതേ ദിവസംതന്നെയാണു ഹഗ്ഗായി ഈ സന്ദേശം അയയ്ക്കുന്നത്, എന്നാൽ അതു സെരുബ്ബാബേലിനെ ലക്ഷ്യമാക്കിയാണ്. വീണ്ടും യഹോവ “ആകാശത്തെയും ഭൂമിയെയും ഇളക്കു”ന്നതിനെക്കുറിച്ചു പറയുന്നു. എന്നാൽ ഈ പ്രാവശ്യം അവൻ ഈ വിഷയം ജനതകളുടെ രാജ്യങ്ങളുടെ നിർമൂലനാശത്തിലേക്കു വ്യാപിപ്പിക്കുന്നു. അനേകർ വീഴിക്കപ്പെടും, “ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ.” (2:21, 22) സെരുബ്ബാബേലിനോടുളള യഹോവയുടെ പ്രീതിയുടെ ഉറപ്പോടെ ഹഗ്ഗായി തന്റെ പ്രവചനം ഉപസംഹരിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
13. ഹഗ്ഗായിയുടെ പ്രവചിക്കലിന് എന്തു സത്വരപ്രയോജനമുണ്ടായി?
13 ഹഗ്ഗായിയിലൂടെ അറിയിക്കപ്പെട്ട യഹോവയുടെ നാലു സന്ദേശങ്ങൾ അന്നാളിലെ യഹൂദൻമാർക്കു പ്രയോജനപ്രദമായിരുന്നു. അവർ വേലയിൽ ഉടൻ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു, ഇസ്രായേലിൽ സത്യാരാധന പുരോഗമിപ്പിക്കുന്നതിനു നാലര വർഷത്തിനുളളിൽ ആലയം പൂർത്തീകരിക്കപ്പെട്ടു. (എസ്രാ 6:14, 15) യഹോവ അവരുടെ തീക്ഷ്ണമായ പ്രവർത്തനത്തെ അനുഗ്രഹിച്ചു. ആലയനിർമാണത്തിന്റെ ഈ സമയത്തായിരുന്നു പേർഷ്യൻരാജാവായ ദാര്യാവേശ് സംസ്ഥാനരേഖകൾ പരിശോധിക്കുകയും കോരേശിന്റെ കൽപ്പനയെ വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തത്. അങ്ങനെ ആലയംപണി അവന്റെ ഔദ്യോഗികപിന്തുണയോടെ പൂർത്തീകരിക്കപ്പെട്ടു.—എസ്രാ 6:1-13.
14. ഹഗ്ഗായി നമ്മുടെ നാളിലേക്ക് ഏതു ജ്ഞാനോപദേശം നൽകുന്നു?
14 പ്രവചനത്തിൽ നമ്മുടെ നാളിലേക്കുളള ജ്ഞാനോപദേശവും അടങ്ങിയിരിക്കുന്നു. എങ്ങനെ? ഒരു സംഗതി, സൃഷ്ടി വ്യക്തിപരമായ സ്വന്തം താത്പര്യങ്ങൾക്കുപരിയായി ദൈവാരാധനയെ കരുതേണ്ടതിന്റെ ആവശ്യത്തിന് അടിവരയിടുന്നു എന്നതാണ്. (ഹഗ്ഗാ. 1:2-8; മത്താ. 6:33) അത്, സ്വാർഥത തിരിച്ചടിയാണെന്നും ഭൗതികത്വത്തെ പിന്തുടരുന്നതു മൗഢ്യമാണെന്നുമുളള ആശയവും ബോധ്യപ്പെടുത്തുന്നു; സമ്പന്നനാക്കുന്നതു യഹോവയുടെ സമാധാനവും അനുഗ്രഹവുമാണ്. (ഹഗ്ഗാ. 1:9-11; 2:9; സദൃ. 10:22) ദൈവസേവനം ശുദ്ധവും മുഴുദേഹിയോടെയുളളതുമല്ലാത്തപക്ഷം അതുതന്നെ ഒരുവനെ ശുദ്ധനാക്കുന്നില്ലെന്നും അത് അശുദ്ധനടത്തയാൽ മലിനീകരിക്കപ്പെടരുതെന്നും ഊന്നിപ്പറയുകയും ചെയ്യുന്നു. (ഹഗ്ഗാ. 2:10-14; കൊലൊ. 3:23; റോമ. 6:19) ദൈവദാസൻമാർ ‘നല്ല പഴയനാളുകളിലേക്കു’ പിന്തിരിഞ്ഞുനോക്കിക്കൊണ്ടു ദോഷൈകദൃക്കുകൾ ആയിരിക്കരുതെന്നും എന്നാൽ ‘തങ്ങളുടെ വഴികളെ വിചാരിച്ചുനോക്കിക്കൊണ്ടും’ യഹോവക്കു മഹത്ത്വം കരേററാൻ ശ്രമിച്ചുകൊണ്ടും മുമ്പോട്ടുനോക്കുന്നവരായിരിക്കണമെന്നും അതു പ്രകടമാക്കുന്നു. അപ്പോൾ യഹോവ അവരോടുകൂടെയിരിക്കും.—ഹഗ്ഗാ. 2:3, 4; 1:7, 8, 13; ഫിലി. 3:13, 14; റോമ. 8:31.
15. തീക്ഷ്ണമായ അനുസരണത്തിന്റെ ഫലങ്ങളെന്നോണം ഹഗ്ഗായി എന്തു കാണിച്ചുതരുന്നു?
15 യഹൂദൻമാർ ആലയംപണിയിൽ തിരക്കോടെ ഏർപ്പെട്ടപ്പോൾ അവരെ യഹോവ അനുഗ്രഹിച്ചു, അവർ അഭിവൃദ്ധിപ്പെട്ടു. തടസ്സങ്ങൾ അപ്രത്യക്ഷമായി. വേല നേരത്തെ പൂർത്തിയായി. യഹോവക്കുവേണ്ടിയുളള നിർഭയവും തീക്ഷ്ണവുമായ പ്രവർത്തനത്തിന് എല്ലായ്പോഴും പ്രതിഫലം ലഭിക്കും. ധീരമായ വിശ്വാസം പ്രകടമാക്കുന്നതിനാൽ യഥാർഥമോ സങ്കൽപ്പിതമോ ആയ പ്രയാസങ്ങളെ തരണംചെയ്യാൻ കഴിയും. ‘യഹോവയുടെ വചന’ത്തോടുളള അനുസരണത്തിനു ഫലം ലഭിക്കുന്നു.—ഹഗ്ഗാ. 1:1.
16. ഹഗ്ഗായിയുടെ പ്രവചനത്തിനു രാജ്യപ്രത്യാശയോട് എന്തു ബന്ധമുണ്ട്, അത് ഇന്നു നമ്മെ ഏതു സേവനത്തിന് ഉത്തേജിപ്പിക്കണം?
16 യഹോവ ‘ആകാശത്തെയും ഭൂമിയെയും ഇളക്കും’ എന്ന പ്രവചനം സംബന്ധിച്ചെന്ത്? അപ്പോസ്തലനായ പൗലൊസ് ഹഗ്ഗായി 2:6-ന്റെ പ്രയുക്തി ഈ വാക്കുകളിൽ കാണിച്ചുതരുന്നു: ‘ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തംചെയ്തു. “ഇനി ഒരിക്കൽ” എന്നത് ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുളളതിന്നു മാററം വരും എന്നു സൂചിപ്പിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുളളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.’ (എബ്രാ. 12:26-29) ഇളക്കൽ “രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടു”ന്നതിനും “ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയു”ന്നതിനുമാണെന്നു ഹഗ്ഗായി പ്രകടമാക്കുന്നു. (ഹഗ്ഗാ. 2:21, 22) പ്രവചനം ഉദ്ധരിക്കുമ്പോൾ വിപരീതതാരതമ്യം ചെയ്തുകൊണ്ടു പൗലൊസ് “ഇളകാത്ത” ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നു. ഈ രാജ്യപ്രത്യാശയെ ധ്യാനിച്ചുകൊണ്ടു നമുക്കു ‘ശക്തരായി വേലചെയ്യാം,’ ദൈവത്തിനു വിശുദ്ധസേവനം അർപ്പിച്ചുകൊണ്ടുതന്നെ. ഭൂമിയിലെ ജനതകളെ യഹോവ മറിച്ചിടുന്നതിനുമുമ്പു വിലയേറിയ ചിലർ ഉത്തേജിപ്പിക്കപ്പെടേണ്ടതാണെന്നും അവർ ജനതകളിൽനിന്ന് അതിജീവനത്തിനുവേണ്ടി വരേണ്ടതാണെന്നും നമുക്കു ഗൗനിക്കാം: “ഞാൻ സകല ജാതികളെയും ഇളക്കും. സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—2:4, 7.
[അധ്യയന ചോദ്യങ്ങൾ]