വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 4—സംഖ്യാപുസ്‌തകം

ബൈബിൾ പുസ്‌തക നമ്പർ 4—സംഖ്യാപുസ്‌തകം

ബൈബിൾ പുസ്‌തക നമ്പർ 4—സംഖ്യാപുസ്‌തകം

എഴുത്തുകാരൻ: മോശ

എഴുതിയ സ്ഥലം: മരുഭൂ​മി​യും മോവാബ്‌ സമഭൂ​മി​യും

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 1473

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1512-1473

1. സംഖ്യാ​പു​സ്‌ത​ക​ത്തി​ലെ സംഭവങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌ എന്തിന്‌, അവ നമ്മെ എന്തു ബോധ്യ​പ്പെ​ടു​ത്തു​ന്നു?

 ഇസ്രാ​യേ​ല്യ​രു​ടെ മരു​പ്ര​യാ​ണ​കാ​ലത്തെ സംഭവങ്ങൾ ഇന്നത്തെ നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​ണു ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. a അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ പറഞ്ഞതു​പോ​ലെ: “ഇതു നമുക്കു ദൃഷ്ടാ​ന്ത​മാ​യി സംഭവി​ച്ചു; അവർ മോഹി​ച്ച​തു​പോ​ലെ നാമും ദുർമ്മോ​ഹി​കൾ ആകാതി​രി​ക്കേ​ണ്ട​തി​ന്നു തന്നേ.” (1 കൊരി. 10:6) അതിജീ​വനം യഹോ​വ​യു​ടെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നെ​യും സകല സാഹച​ര്യ​ങ്ങ​ളി​ലും അവനെ അനുസ​രി​ക്കു​ന്ന​തി​നെ​യും അവന്റെ പ്രതി​നി​ധി​ക​ളോ​ടു ബഹുമാ​നം കാണി​ക്കു​ന്ന​തി​നെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു​വെന്നു സംഖ്യാ​പു​സ്‌ത​ക​ത്തി​ലെ വിശദ​മായ രേഖ നമ്മെ ബോധ്യ​പ്പെ​ടു​ത്തു​ന്നു. തന്റെ ജനത്തിന്റെ ഏതെങ്കി​ലും നൻമയോ അർഹത​യോ നിമി​ത്തമല്ല, പിന്നെ​യോ അവന്റെ വലിയ കരുണ​യിൽനി​ന്നും അനർഹ​ദ​യ​യിൽനി​ന്നു​മാണ്‌ അവന്റെ പ്രീതി കൈവ​രു​ന്നത്‌.

2. സംഖ്യാ​പു​സ്‌തകം എന്ന പേർ എന്തിനെ പരാമർശി​ക്കു​ന്നു, എന്നാൽ കൂടുതൽ ഉചിത​മായ ഏതു പേർ യഹൂദൻമാർ ഈ പുസ്‌ത​ക​ത്തി​നു കൊടു​ത്തു?

2 സംഖ്യാ​പു​സ്‌തകം എന്ന പേര്‌ 1-426 എന്നീ അധ്യാ​യ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം ആദ്യം സീനായി പർവത​ത്തി​ങ്ക​ലും പിന്നീടു മോവാബ്‌ സമഭൂ​മി​യി​ലും വെച്ചു നടന്ന ജനത്തിന്റെ സംഖ്യ​യെ​ടു​ക്ക​ലി​നെ പരാമർശി​ക്കു​ന്നു. ഈ പേർ എടുത്തി​രി​ക്കു​ന്നതു ലാററിൻ വൾഗേ​റ​റി​ലെ ന്യൂ​മെറി എന്ന തലക്കെ​ട്ടിൽനി​ന്നാണ്‌, അതു ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറി​ലെ അരിത്‌മോ​യി-ൽനിന്ന്‌ ഉത്ഭവി​ച്ച​തു​മാണ്‌. എന്നിരു​ന്നാ​ലും യഹൂദൻമാർ കൂടുതൽ ഉചിത​മാ​യി ഈ പുസ്‌ത​കത്തെ ബെമി​ധ്‌ബാർ എന്നു വിളി​ക്കു​ന്നു, അതിന്റെ അർഥം “മരുഭൂ​മി​യിൽ” എന്നാണ്‌. മിധ്‌ബാർ എന്ന എബ്രായ പദം നഗരങ്ങ​ളും പട്ടണങ്ങ​ളു​മി​ല്ലാത്ത തുറസ്സായ ഒരു സ്ഥലത്തെ സൂചി​പ്പി​ക്കു​ന്നു. സംഖ്യാ​പു​സ്‌ത​ക​ത്തി​ലെ സംഭവങ്ങൾ കനാന്റെ തെക്കും കിഴക്കു​മു​ളള മരുഭൂ​മി​യിൽവെ​ച്ചാ​ണു നടന്നത്‌.

3. സംഖ്യാ​പു​സ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ മോശ​യാ​ണെന്നു തെളി​യി​ക്കു​ന്നത്‌ എന്ത്‌?

3 തെളി​വ​നു​സ​രി​ച്ചു സംഖ്യാ​പു​സ്‌തകം ഉൽപ്പത്തി​മു​തൽ ആവർത്ത​ന​പു​സ്‌തകം വരെയു​ളള അഞ്ചു പുസ്‌ത​ക​ങ്ങ​ള​ട​ങ്ങിയ മൂല വാല്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. അതിന്റെ ആദ്യവാ​ക്യം നേര​ത്തെ​യു​ള​ള​തി​നോ​ടു ബന്ധിപ്പി​ച്ചു​കൊണ്ട്‌ മൂലഎ​ബ്രാ​യ​യിൽ “കൂടാതെ” എന്ന ഘടക​ത്തോ​ടെ തുടങ്ങു​ന്നു. അങ്ങനെ, അതു മുൻരേ​ഖ​ക​ളു​ടെ എഴുത്തു​കാ​ര​നായ മോശ​യാൽ എഴുത​പ്പെ​ട്ടി​രി​ക്കണം. കൂടാതെ, “മോശ എഴുതി​ക്കൊ​ണ്ടി​രു​ന്നു” എന്ന പുസ്‌ത​ക​ത്തി​ലെ പ്രസ്‌താ​വ​ന​യിൽനി​ന്നും “യഹോവ മോ​ശെ​മു​ഖാ​ന്തരം യിസ്രാ​യേൽമ​ക്ക​ളോ​ടു കല്‌പിച്ച കല്‌പ​ന​ക​ളും വിധി​ക​ളും ഇവ തന്നേ” എന്ന അന്ത്യ​പ്ര​സ്‌താ​വ​ത്തിൽനി​ന്നും ഇതു വ്യക്തമാണ്‌.—സംഖ്യാ. 33:2, NW; 36:13.

4. സംഖ്യാ​പു​സ്‌തകം ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു, പുസ്‌തകം എപ്പോൾ പൂർത്തി​യാ​യി?

4 ഇസ്രാ​യേ​ല്യർ ഒരു വർഷവും ഏതാനും ദിവസ​ങ്ങ​ളും മുമ്പേ ഈജി​പ്‌തു വിട്ടു​പോ​ന്നി​രു​ന്നു. പുറപ്പാ​ടി​നു ശേഷം രണ്ടാം സംവത്സരം രണ്ടാം മാസത്തിൽ വിവരണം ഏറെറ​ടു​ത്തു​കൊ​ണ്ടു സംഖ്യാ​പു​സ്‌തകം പൊ.യു.മു. 1512 മുതൽ 1473 വരെയു​ളള 38 വർഷവും ഒൻപതു മാസവും ഉൾപ്പെ​ടു​ത്തു​ന്നു. (സംഖ്യാ. 1:1; ആവ. 1:3) ഈ കാലഘ​ട്ട​ത്തി​നു ചേരു​ന്ന​ത​ല്ലെ​ങ്കി​ലും സംഖ്യാ​പു​സ്‌തകം 7:1-88-ലും 9:1-15-ലും പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന സംഭവ​ങ്ങളെ പശ്ചാത്ത​ല​വി​വ​ര​ങ്ങ​ളാ​യി ഉൾപ്പെ​ടു​ത്തു​ന്നു. പുസ്‌ത​ക​ത്തി​ന്റെ നേര​ത്തെ​യു​ളള ഭാഗങ്ങൾ സംഭവങ്ങൾ നടന്ന​പ്പോൾ രേഖ​പ്പെ​ടു​ത്തി​യെ​ന്നു​ള​ള​തി​നു സംശയ​മില്ല, എന്നാൽ പൊ.യു.മു. 1473 എന്ന കലണ്ടർ വർഷത്തി​ന്റെ പ്രാരം​ഭ​ത്തിൽ, മരുഭൂ​മി​യി​ലെ 40-ാം വർഷത്തി​ന്റെ അവസാ​ന​ത്തോ​ട​ടു​ക്കു​ന്ന​തു​വരെ സംഖ്യാ​പു​സ്‌തകം പൂർത്തീ​ക​രി​ക്കാൻ മോശക്കു കഴിയു​മാ​യി​രു​ന്നി​ല്ലെ​ന്നു​ള​ളതു സ്‌പഷ്ട​മാണ്‌.

5. ഏതു സവി​ശേ​ഷ​തകൾ സംഖ്യാ​പു​സ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യ​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു?

5 വിവര​ണ​ത്തി​ന്റെ വിശ്വാ​സ്യത സംബന്ധി​ച്ചു സംശയ​മു​ണ്ടാ​യി​രി​ക്കാ​വു​ന്നതല്ല. അവർ സഞ്ചരിച്ച പൊതു​വേ ഊഷര​മായ ദേശത്തെ സംബന്ധിച്ച്‌ അത്‌ ഒരു “ഭയങ്കര​മായ മഹാമ​രു​ഭൂ​മി” ആയിരു​ന്നു​വെന്നു മോശ പറഞ്ഞു, ചിതറി​പ്പാർക്കുന്ന നിവാ​സി​കൾ നിരന്തരം മേച്ചൽസ്ഥ​ല​ങ്ങ​ളും വെളള​വു​മ​ന്വേ​ഷി​ച്ചു നീങ്ങി​ക്കൊ​ണ്ടി​രി​ക്ക​ത്ത​ക്ക​വണ്ണം അത്‌ ഇന്നും സത്യമാണ്‌. (ആവ. 1:19) കൂടാതെ, ജനതയു​ടെ പാളയ​മ​ടി​ക്ക​ലി​നെ​യും അഭിഗ​മ​ന​ത്തി​ന്റെ ക്രമ​ത്തെ​യും പാളയ​കാ​ര്യ​ങ്ങളെ ഭരിക്കാ​നു​ളള കാഹള മുന്നറി​യി​പ്പു​ക​ളെ​യും സംബന്ധിച്ച വിശദ​മായ നിർദേ​ശങ്ങൾ തീർച്ച​യാ​യും ഈ വിവരണം “മരുഭൂ​മി​യിൽ”വെച്ച്‌ എഴുതി​യെന്നു സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.—സംഖ്യാ. 1:1.

6. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ കണ്ടുപി​ടി​ത്തങ്ങൾ സംഖ്യാ​പു​സ്‌ത​കത്തെ പിന്താ​ങ്ങു​ന്ന​തെ​ങ്ങനെ?

6 കനാനി​ലേ​ക്കു​ളള തങ്ങളുടെ സംഘടിത പര്യട​നം​ക​ഴി​ഞ്ഞു മടങ്ങി​വ​ന്ന​പ്പോൾ “പട്ടണങ്ങൾ ഏററവും ഉറപ്പും വലിപ്പ​വു​മു​ളളവ” ആണെന്നു ചാരൻമാർ നൽകിയ ഭയം നിറഞ്ഞ റിപ്പോർട്ടു​പോ​ലും ശരിയാ​ണെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രം തെളി​യി​ക്കു​ന്നു. (13:28) ആ കാലത്തെ കനാൻനി​വാ​സി​കൾ വടക്കു യി​സ്രെ​യേൽ താഴ്‌വ​ര​മു​തൽ തെക്കു ഗെരാർവരെ രാജ്യത്തു നെടു​നീ​ളെ പലേട​ങ്ങ​ളി​ലും കെട്ടി​യി​രുന്ന കോട്ട​ക​ളു​ടെ ഒരു പരമ്പര​യാൽ തങ്ങളുടെ അധികാ​രം ഉറപ്പി​ച്ചി​രു​ന്നു​വെന്ന്‌ ആധുനി​ക​നാ​ളി​ലെ കണ്ടുപി​ടി​ത്തങ്ങൾ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. നഗരങ്ങൾ കോട്ട​കെ​ട്ടി​യു​റ​പ്പി​ച്ചി​രു​ന്നു​വെന്നു മാത്രമല്ല, സാധാ​ര​ണ​മാ​യി കുന്നു​കൾക്കു​മു​ക​ളിൽ നിർമി​ക്കു​ക​യും ചെയ്‌തി​രു​ന്നു, തലമു​റ​ക​ളാ​യി നിരപ്പു​ളള ഈജി​പ്‌തു​ദേ​ശത്തു വസിച്ചി​രുന്ന ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ​യു​ളള ജനങ്ങൾക്ക്‌ അത്യന്തം ഗംഭീ​ര​മാ​യ​നു​ഭ​വ​പ്പെ​ടും​വി​ധം മതിലു​കൾക്കു​മീ​തെ ഉയർന്നു​നിൽക്കുന്ന ഗോപു​ര​ങ്ങ​ളും അവയ്‌ക്കു​ണ്ടാ​യി​രു​ന്നു.

7. സംഖ്യാ​പു​സ്‌തകം സത്യസ​ന്ധ​ത​യു​ടെ ഏതു മുദ്ര വഹിക്കു​ന്നു?

7 ലോക​ത്തി​ലെ ജനതകൾ തങ്ങളുടെ പരാജ​യ​ങ്ങളെ മൂടി​വെ​ക്കാ​നും തങ്ങളുടെ ദിഗ്വി​ജ​യ​ങ്ങളെ വലുതാ​ക്കി​ക്കാ​ണി​ക്കാ​നും പ്രവണ​ത​യു​ള​ള​വ​രാണ്‌, എന്നാൽ ചരി​ത്ര​പ​ര​മായ സത്യതയെ വിളി​ച്ച​റി​യി​ക്കുന്ന ഒരു സത്യസ​ന്ധ​ത​യോ​ടെ, ഇസ്രാ​യേ​ലി​നെ അമാ​ലേ​ക്യ​രും കനാന്യ​രും പൂർണ​മാ​യി തുരത്തി​യെന്നു സംഖ്യാ​പു​സ്‌ത​ക​ത്തി​ലെ വിവരണം പറയുന്നു. (14:45) ജനം വിശ്വാ​സ​മി​ല്ലാ​ത്ത​വ​രെന്നു തെളി​ഞ്ഞ​താ​യും ദൈവ​ത്തോട്‌ അനാദ​രവു കാണി​ച്ച​താ​യും അതു തുറന്നു സമ്മതി​ക്കു​ന്നു. (14:11) ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ മോശ ശ്രദ്ധേ​യ​മായ നിഷ്‌ക​പ​ട​ത​യോ​ടെ ജനതയു​ടെ​യും തന്റെ സഹോ​ദ​ര​പു​ത്രൻമാ​രു​ടെ​യും സ്വന്തം സഹോ​ദ​ര​ന്റെ​യും സഹോ​ദ​രി​യു​ടെ​യും പാപങ്ങളെ തുറന്നു​കാ​ട്ടു​ന്നു. അവൻ തന്നേത്ത​ന്നെ​യും ഒഴിവാ​ക്കു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ മെരീ​ബ​യിൽവെച്ചു വെളളം പ്രദാ​നം​ചെ​യ്‌ത​പ്പോൾ യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ താൻ പരാജ​യ​പ്പെട്ട സമയ​ത്തെ​ക്കു​റി​ച്ചും തന്നിമി​ത്തം വാഗ്‌ദ​ത്ത​നാ​ട്ടിൽ പ്രവേ​ശി​ക്കു​ന്ന​തി​നു​ളള പദവി നഷ്ടപ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചും അവൻ പറയുന്നു.—3:4; 12:1-15; 20:7-13.

8. മററു ബൈബി​ളെ​ഴു​ത്തു​കാർ സംഖ്യാ​പു​സ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​തയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

8 ഈ വിവരണം ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മായ തിരു​വെ​ഴു​ത്തു​ക​ളു​ടെ യഥാർഥ ഭാഗമാ​ണെ​ന്നു​ള​ളത്‌, അതിലെ മിക്കവാ​റും എല്ലാ പ്രധാന സംഭവ​ങ്ങ​ളെ​യും മററ​നേകം വിശദാം​ശ​ങ്ങ​ളെ​യും മററു ബൈബി​ളെ​ഴു​ത്തു​കാർ നേരിട്ടു പരാമർശി​ക്കു​ന്നു​വെന്ന വസ്‌തു​ത​യാൽ തെളി​യി​ക്ക​പ്പെ​ടു​ന്നു, അവരി​ല​നേകർ അവയുടെ പ്രാധാ​ന്യ​ത്തെ പ്രദീ​പ്‌ത​മാ​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. ദൃഷ്ടാ​ന്ത​ത്തി​നു യോശുവ (യോശു. 4:12; 14:2), യിരെ​മ്യാവ്‌ (2 രാജാ. 18:4), നെഹെ​മ്യാവ്‌ (നെഹെ. 9:19-22), ആസാഫ്‌ (സങ്കീ. 78:14-41), ദാവീദ്‌ (സങ്കീ. 95:7-11) യെശയ്യാവ്‌ (യെശ. 48:21), യെഹെ​സ്‌കേൽ (യെഹെ. 20:13-24), ഹോശേയ (ഹോശേ. 9:10), ആമോസ്‌ (ആമോ. 5:25), മീഖാ (മീഖാ 6:5), സ്‌തേ​ഫാ​നോ​സി​ന്റെ പ്രസം​ഗ​ത്തെ​ക്കു​റി​ച്ചു​ളള തന്റെ രേഖയിൽ ലൂക്കൊസ്‌ (പ്രവൃ. 7:36), പൗലൊസ്‌ (1 കൊരി. 10:1-11), പത്രൊസ്‌ (2 പത്രൊ. 2:15, 16) യൂദാ (യൂദാ 11), പെർഗ​മം​സ​ഭ​യോ​ടു​ളള യേശു​വി​ന്റെ വാക്കുകൾ രേഖ​പ്പെ​ടു​ത്തു​മ്പോൾ യോഹ​ന്നാൻ (വെളി. 2:14) എന്നിവ​രെ​ല്ലാം യേശു​ക്രി​സ്‌തു ചെയ്‌ത​തു​പോ​ലെ​തന്നെ സംഖ്യാ​പു​സ്‌ത​ക​ത്തി​ലെ രേഖയിൽനി​ന്നു വിവരങ്ങൾ എടുക്കു​ന്നു.—യോഹ. 3:14.

9. സംഖ്യാ​പു​സ്‌തകം യഹോ​വയെ സംബന്ധിച്ച്‌ എന്ത്‌ ഊന്നി​പ്പ​റ​യു​ന്നു?

9 അപ്പോൾ സംഖ്യാ​പു​സ്‌തകം എന്ത്‌ ഉദ്ദേശ്യ​മാ​ണു സാധി​ക്കു​ന്നത്‌? സത്യമാ​യി അതിലെ വിവരണം ചരി​ത്ര​പ​ര​മാ​യ​തി​നെ​ക്കാൾ കവിഞ്ഞ മൂല്യ​മു​ള​ള​താണ്‌. യഹോവ ക്രമമു​ളള ദൈവ​മാ​കു​ന്നു​വെ​ന്നും തന്റെ സൃഷ്ടി​ക​ളു​ടെ സമ്പൂർണ​ഭക്തി ആവശ്യ​പ്പെ​ടു​ന്നു​വെ​ന്നും സംഖ്യാ​പു​സ്‌തകം ഊന്നി​പ്പ​റ​യു​ന്നു. വായന​ക്കാ​രൻ ഇസ്രാ​യേ​ലി​ന്റെ സംഖ്യ​യെ​ടു​ക്ക​ലും പരി​ശോ​ധ​ന​യും വേർതി​രി​ക്ക​ലും നിരീ​ക്ഷി​ക്കു​ക​യും ജനതയു​ടെ അനുസ​ര​ണ​ക്കേ​ടി​ന്റെ​യും മത്സരത്തി​ന്റെ​യും ഗതി യഹോ​വയെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ മർമ​പ്ര​ധാ​ന​മായ ആവശ്യം ഊന്നി​പ്പ​റ​യു​ന്ന​തിന്‌ ഉപയോ​ഗി​ക്കു​ന്നതു കാണു​ക​യും ചെയ്യു​മ്പോൾ ഇത്‌ അയാളു​ടെ മനസ്സിൽ വിശദ​മാ​യി പതിപ്പി​ക്ക​പ്പെ​ടു​ന്നു.

10. ആരുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​ണു സംഖ്യാ​പു​സ്‌തകം സൂക്ഷി​ക്ക​പ്പെ​ട്ടത്‌, എന്തു​കൊണ്ട്‌?

10 ആസാഫ്‌ വിശദീ​ക​രിച്ച പ്രകാ​രം​തന്നെ, വരാനു​ളള തലമു​റകൾ “തങ്ങളുടെ ആശ്രയം ദൈവ​ത്തിൽ വെക്കു​ക​യും ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ മറന്നു​ക​ള​യാ​തെ അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ച്ചു നടക്കയും തങ്ങളുടെ പിതാ​ക്കൻമാ​രെ​പ്പോ​ലെ ശാഠ്യ​വും മത്സരവു​മു​ളള തലമു​റ​യാ​യി ഹൃദയത്തെ സ്ഥിരമാ​ക്കാ​തെ ദൈവ​ത്തോ​ടു അവിശ്വസ്‌ത മനസ്സു​ളേ​ളാ​രു തലമു​റ​യാ​യി തീരാ​തി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തി​ന്നു” അവരുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌ ഈ രേഖ കാത്തു​സൂ​ക്ഷി​ച്ചത്‌. (സങ്കീ. 78:7, 8) സംഖ്യാ​പു​സ്‌ത​ക​ത്തി​ലെ സംഭവങ്ങൾ, യഹൂദൻമാ​രു​ടെ ഇടയിലെ പാവന​മായ ഗാനങ്ങ​ളാ​യി​രു​ന്ന​തും തന്നിമി​ത്തം ജനത്തിനു പ്രയോ​ജ​ന​ക​ര​മെന്ന നിലയിൽ മിക്ക​പ്പോ​ഴും ആവർത്തി​ക്ക​പ്പെ​ട്ടി​രു​ന്ന​തു​മായ സങ്കീർത്ത​ന​ങ്ങ​ളിൽ വീണ്ടും വീണ്ടും എണ്ണിപ്പ​റ​യ​പ്പെട്ടു.—സങ്കീർത്ത​നങ്ങൾ 78, 95, 105, 106, 135, 136.

സംഖ്യാ​പു​സ്‌ത​ക​ത്തി​ന്റെ ഉളളടക്കം

11. സംഖ്യാ​പു​സ്‌ത​ക​ത്തി​ന്റെ ഉളളടക്കം ഏതു മൂന്നു ഭാഗങ്ങ​ളാ​യി തിരി​ക്കാൻ കഴിയും?

11 സംഖ്യാ​പു​സ്‌ത​ക​ത്തി​നു ന്യായ​യു​ക്ത​മാ​യി മൂന്നു ഭാഗങ്ങ​ളുണ്ട്‌. ഇവയിൽ 10-ാം അധ്യായം 10-ാം വാക്യ​ത്തിൽ പര്യവ​സാ​നി​ക്കുന്ന ആദ്യഭാ​ഗം ഇസ്രാ​യേ​ല്യർ സീനായി പർവത​ത്തി​ങ്കൽതന്നെ പാളയ​മ​ടി​ച്ചി​രു​ന്ന​പ്പോൾ നടന്ന സംഭവ​ങ്ങളെ ഉൾപ്പെ​ടു​ത്തു​ന്നു. 21-ാം അധ്യാ​യ​ത്തോ​ടെ പര്യവ​സാ​നി​ക്കുന്ന അടുത്ത ഭാഗം അവർ മോവാ​ബ്യ​സ​മ​ഭൂ​മി​യി​ലെ​ത്തു​ന്നതു​വരെ മരുഭൂ​മി​യി​ലാ​യി​രുന്ന അടുത്ത 38 വർഷവും ഒന്നോ രണ്ടോ മാസവും കൂടെ ഉൾപ്പെ​ടുന്ന കാലഘ​ട്ട​ത്തിൽ എന്തു സംഭവി​ച്ചു​വെന്നു പറയുന്നു. 36-ാം അധ്യാ​യം​വ​രെ​യു​ളള മൂന്നാം ഭാഗം ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കാൻ ഒരുങ്ങവേ മോവാബ്‌ സമഭൂ​മി​യിൽ നടന്ന സംഭവ​ങ്ങളെ സംബന്ധി​ക്കു​ന്ന​താണ്‌.

12. സീനാ​യി​യി​ലെ ഇസ്രാ​യേ​ല്യ​പാ​ളയം എത്ര വലുതാണ്‌, പാളയം എങ്ങനെ സംഘടി​പ്പി​ക്ക​പ്പെ​ടു​ന്നു?

12 സീനായി പർവത​ത്തി​ങ്കലെ സംഭവങ്ങൾ (1:1–10:10). ഇസ്രാ​യേ​ല്യർ അപ്പോൾത്തന്നെ ഏതാണ്ട്‌ ഒരു വർഷമാ​യി സീനായി പർവത​പ്ര​ദേ​ശ​ത്താ​യി​രു​ന്നു. ഇവിടെ അവർ സുസം​ഘ​ടിത സ്ഥാപന​മാ​യി വാർത്തെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. യഹോ​വ​യു​ടെ കൽപ്പന​പ്ര​കാ​രം 20 വയസ്സും മേലോ​ട്ടും പ്രായ​മു​ളള സകല പുരു​ഷൻമാ​രു​ടെ​യും ജനസംഖ്യ ഇപ്പോൾ എടുക്കു​ന്നു. ഗോ​ത്രങ്ങൾ, മനശ്ശെ​യി​ലെ 32,200 തുടങ്ങി യഹൂദ​യി​ലെ 74,600 വരെ ശരീര​ശേ​ഷി​യു​ളള പുരു​ഷൻമാർ വലിപ്പ​ത്തിൽ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഇസ്രാ​യേ​ലി​ന്റെ സൈന്യ​ത്തിൽ സേവി​ക്കാൻ യോഗ്യ​ത​യു​ളള മൊത്തം 6,03,550 പുരു​ഷൻമാർ ഉണ്ടായി​രു​ന്നു. ഇതു ലേവ്യ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും കൂടാതെയാണ്‌—ഒരുപക്ഷേ മുപ്പതു ലക്ഷമോ കൂടു​ത​ലോ വരുന്ന ഒരു പാളയം​തന്നെ. തിരു​നി​വാ​സം ലേവ്യ​രോ​ടു​കൂ​ടെ പാളയ​ത്തി​ന്റെ മധ്യത്തി​ലാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌. ഓരോ വശത്തും നിർദിഷ്ട സ്ഥലങ്ങളിൽ മററ്‌ ഇസ്രാ​യേ​ല്യർ മൂന്നു-ഗോത്ര വിഭാ​ഗ​ങ്ങ​ളാ​യി പാളയ​മ​ടി​ക്കു​ന്നു. പാളയം നീങ്ങേ​ണ്ട​തു​ള​ള​പ്പോൾ അഭിഗ​മ​ന​ത്തി​നു​ളള ക്രമം സംബന്ധിച്ച്‌ ഓരോ ഗോ​ത്ര​ത്തി​നും നിർദേ​ശ​ങ്ങ​ളുണ്ട്‌. യഹോവ നിർദേ​ശങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്നു, രേഖ പറയുന്നു: “യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ ഒക്കെയും യിസ്രാ​യേൽമക്കൾ ചെയ്‌തു.” (2:34) അവർ യഹോ​വയെ അനുസ​രി​ക്കു​ക​യും ദൈവ​ത്തി​ന്റെ ദൃശ്യ​പ്ര​തി​നി​ധി​യായ മോശയെ ബഹുമാ​നി​ക്കു​ക​യും ചെയ്യുന്നു.

13. ലേവ്യർ ഏതു ക്രമീ​ക​ര​ണ​പ്ര​കാ​രം സേവന​ത്തി​നു നിയോ​ഗി​ക്ക​പ്പെ​ടു​ന്നു?

13 അനന്തരം ഇസ്രാ​യേ​ലി​ലെ ആദ്യജാ​തൻമാർക്കു​വേണ്ടി ഒരു മറുവി​ല​യാ​യി ലേവ്യർ യഹോ​വ​യു​ടെ സേവന​ത്തി​നു​വേണ്ടി വേർതി​രി​ക്ക​പ്പെ​ടു​ന്നു. അവർ ലേവി​യു​ടെ മൂന്നു പുത്രൻമാ​രായ ഗേർശോൻ, കെഹാത്ത്‌, മെരാരി എന്നിവ​രിൽനി​ന്നു​ളള വംശോ​ല്‌പ​ത്തി​പ്ര​കാ​രം മൂന്നു കൂട്ടങ്ങ​ളാ​യി തിരി​ക്ക​പ്പെ​ടു​ന്നു. ഈ തിരി​വി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു പാളയ​ത്തി​ലെ സ്ഥാനങ്ങ​ളും സേവന ഉത്തരവാ​ദി​ത്വ​ങ്ങ​ളും നിർണ​യി​ക്ക​പ്പെ​ടു​ന്നത്‌. തിരു​നി​വാ​സം വഹിച്ചു​കൊ​ണ്ടു​പോ​കുന്ന ഭാരിച്ച വേല അവർ 30 വയസ്സു​മു​തൽ ചെയ്യണം. ഭാരം കുറഞ്ഞ വേല ചെയ്യു​ന്ന​തിന്‌ 25 വയസ്സു​മു​ത​ലു​ളള മററു​ള​ളവർ സേവി​ക്കു​ന്ന​തി​നു​ളള ക്രമീ​ക​രണം ചെയ്യുന്നു. (ഇതു ദാവീ​ദി​ന്റെ കാലത്ത്‌ 20 വയസ്സായി കുറച്ചു.)—1 ദിന. 23:24-32; എസ്രാ 3:8.

14. പാളയ​ത്തി​ന്റെ ശുദ്ധി ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ ഏതു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു?

14 പാളയം ശുദ്ധമാ​യി സൂക്ഷി​ക്കേ​ണ്ട​തിന്‌, രോഗ​ബാ​ധി​ത​രാ​കു​ന്ന​വ​രോ​ടു​ളള സമ്പർക്ക​നി​രോ​ധം ഏർപ്പെ​ടു​ത്തു​ന്ന​തി​നും അവിശ്വസ്‌ത നടപടി​കൾക്കു പരിഹാ​രം വരുത്തു​ന്ന​തി​നും തന്റെ ഭാര്യ​യു​ടെ നടത്തയിൽ ഒരു പുരു​ഷനു സംശയം​തോ​ന്നി​യേ​ക്കാ​വുന്ന കേസു​ക​ളിൽ തീരു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും യഹോ​വക്കു നാസീർവ്ര​ത​സ്ഥ​രാ​യി ജീവി​ക്കാൻ പ്രതി​ജ്ഞ​യാൽ വേർതി​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ശരിയായ നടത്തക്ക്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നു​മു​ളള നിർദേ​ശങ്ങൾ കൊടു​ക്ക​പ്പെ​ടു​ന്നു. ജനം തങ്ങളു​ടെ​മേൽ ദൈവ​നാ​മം വഹി​ക്കേ​ണ്ടി​യി​രു​ന്ന​തി​നാൽ അവർ അവന്റെ കൽപ്പന​കൾക്ക​നു​സ​ര​ണ​മാ​യി നടക്കണ​മാ​യി​രു​ന്നു.

15. (എ) യാഗപീ​ഠ​ത്തി​ന്റെ ഉത്‌ഘാ​ട​ന​ത്തോ​ടു​ളള ബന്ധത്തിൽ, ഏതു സംഭാ​വ​നകൾ കൊടു​ക്ക​പ്പെട്ടു? (ബി) ഇസ്രാ​യേൽ ഏതു ബന്ധം ഓർക്കേ​ണ്ട​താണ്‌, പെസഹ എന്തി​നെ​ക്കു​റിച്ച്‌ അവരെ ഓർമി​പ്പി​ക്കേ​ണ്ട​താണ്‌?

15 മുൻമാ​സത്തെ ചില വിശദാം​ശങ്ങൾ പൂരി​പ്പി​ച്ച​ശേഷം (സംഖ്യാ. 7:1, 10; പുറ. 40:17), അടുത്ത​താ​യി മോശ ജനത്തിലെ 12 പ്രഭു​ക്കൻമാർ യാഗപീ​ഠ​ത്തി​ന്റെ ഉത്‌ഘാ​ട​ന​സ​മ​യം​മു​ത​ലു​ളള 12 ദിവസ​ങ്ങ​ളിൽ വസ്‌തു​ക്കൾ സംഭാവന കൊടു​ത്ത​തി​നെ​ക്കു​റി​ച്ചു പറയുന്നു. അതിൽ മത്സരമോ സ്വമഹ​ത്ത്വം തേടലോ ഇല്ലായി​രു​ന്നു; ഓരോ​രു​ത്ത​രും കൃത്യ​മാ​യി മററു​ള​ളവർ കൊടു​ത്ത​ട​ത്തോ​ളം​തന്നെ സംഭാ​വ​ന​ചെ​യ്‌തു. ഈ പ്രഭു​ക്കൻമാർക്കു മീതെ, മോശ​യു​ടെ​യും മീതെ​തന്നെ, മോശ​യോ​ടു നിർദേ​ശങ്ങൾ പറയുന്ന യഹോവ ഉണ്ടെന്ന്‌ എല്ലാവ​രും ഇപ്പോൾ മനസ്സിൽ പിടി​ക്കണം. അവർ യഹോ​വ​യോ​ടു​ളള തങ്ങളുടെ ബന്ധം ഒരിക്ക​ലും മറക്കരുത്‌. പെസഹ, ഈജി​പ്‌തിൽനി​ന്നു നൽകിയ അത്ഭുത​ക​ര​മായ വിടുതൽ അവരെ ഓർമി​പ്പി​ക്കു​ന്ന​തി​നാണ്‌. അവർ ഈജി​പ്‌തിൽനി​ന്നു പുറപ്പെട്ട ശേഷം ഒരു വർഷം കഴിഞ്ഞ്‌ ഇവിടെ മരുഭൂ​മി​യിൽ നിശ്ചി​ത​സ​മ​യത്ത്‌ അതാ​ഘോ​ഷി​ക്കു​ന്നു.

16. യഹോവ ജനതയെ എങ്ങനെ നയിക്കു​ന്നു, ഏതു കാഹള മുന്നറി​യി​പ്പു​കൾ ക്രമീ​ക​രി​ക്കു​ന്നു?

16 ഈജി​പ്‌തിൽനി​ന്നു​ളള ഇസ്രാ​യേ​ലി​ന്റെ നീക്കത്തെ നയിച്ചി​രു​ന്ന​തു​പോ​ലെ​തന്നെ യഹോവ ജനതയെ അതിന്റെ യാത്ര​ക​ളിൽ സാക്ഷ്യ​കൂ​ടാ​ര​ത്തി​ന്റെ തിരു​നി​വാ​സത്തെ മൂടുന്ന പകലത്തെ ഒരു മേഘത്താ​ലും രാത്രി​യി​ലെ അഗ്നിയു​ടെ പ്രത്യ​ക്ഷ​ത​യാ​ലും നയിക്കു​ന്ന​തിൽ തുടരു​ന്നു. മേഘം നീങ്ങു​മ്പോൾ ജനത നീങ്ങുന്നു. മേഘം തിരു​നി​വാ​സ​ത്തി​നു​മീ​തെ തങ്ങു​മ്പോൾ ജനം ഏതാനും ദിവസ​ത്തേ​ക്കോ ഒരു മാസ​ത്തേ​ക്കോ ദീർഘ​കാ​ല​ത്തേ​ക്കോ ആയാലും പാളയ​മ​ടി​ച്ചു കഴിയു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ വിവരണം നമ്മോടു പറയുന്നു: “യഹോ​വ​യു​ടെ കല്‌പ​ന​പോ​ലെ അവർ പാളയ​മി​റ​ങ്ങു​ക​യും യഹോ​വ​യു​ടെ കല്‌പ​ന​പോ​ലെ യാത്ര പുറ​പ്പെ​ടു​ക​യും ചെയ്യും; മോശെ മുഖാ​ന്തരം യഹോവ കല്‌പി​ച്ച​തു​പോ​ലെ അവർ യഹോ​വ​യു​ടെ ആജ്ഞ പ്രമാ​ണി​ച്ചു.” (സംഖ്യാ. 9:23) സീനാ​യി​യിൽനി​ന്നു പോകു​ന്ന​തി​നു​ളള സമയം അടുക്കു​മ്പോൾ, ജനത്തെ കൂട്ടി​വ​രു​ത്തു​ന്ന​തി​നും അവരുടെ മരു​പ്ര​യാ​ണ​സ​മ​യത്തു പാളയ​ത്തി​ന്റെ വിവിധ വിഭാ​ഗ​ങ്ങളെ നയിക്കു​ന്ന​തി​നു​മാ​യി കാഹള മുന്നറി​യി​പ്പു​കൾക്ക്‌ ഏർപ്പാ​ടു​ചെ​യ്യു​ന്നു.

17. അഭിഗ​മ​ന​ത്തി​ന്റെ നടപടി​ക്രമം വർണി​ക്കുക.

17 മരുഭൂ​മി​യി​ലെ സംഭവങ്ങൾ (10:11–21:35). ഒടുവിൽ, രണ്ടാം മാസം 20-ാം ദിവസം യഹോവ തിരു​നി​വാ​സ​ത്തിൻമീ​തെ​നി​ന്നു മേഘം ഉയർത്തു​ക​യും അങ്ങനെ സീനാ​യി​പ്ര​ദേ​ശ​ത്തു​നി​ന്നു​ളള ഇസ്രാ​യേ​ലി​ന്റെ പുറപ്പാ​ടിന്‌ അറിയി​പ്പു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. തങ്ങളുടെ മധ്യേ യഹോ​വ​യു​ടെ ഉടമ്പടി​യു​ടെ പെട്ടക​വു​മാ​യി അവർ ഏതാണ്ടു 240 കിലോ​മീ​ററർ വടക്കുളള കാദേ​ശ്‌ബെർന്നേ​യ​യി​ലേക്കു പുറ​പ്പെ​ടു​ന്നു. പകൽ അവർ മാർച്ചു​ചെ​യ്യു​മ്പോൾ യഹോ​വ​യു​ടെ മേഘം അവർക്കു​മീ​തെ ഉണ്ട്‌. പെട്ടകം പുറ​പ്പെ​ടുന്ന ഓരോ പ്രാവ​ശ്യ​വും, എഴു​ന്നേ​ററു തന്റെ ശത്രു​ക്കളെ ചിതറി​ക്കാൻ മോശ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. അതു വിശ്ര​മി​ക്കുന്ന ഓരോ പ്രാവ​ശ്യ​വും യഹോവേ “അനേകാ​യി​ര​മായ ഇസ്രാ​യേ​ലി​ന്റെ അടുക്കൽ മടങ്ങി​വ​രേ​ണമേ” എന്ന്‌ അവൻ പ്രാർഥി​ക്കു​ന്നു.—10:36.

18. കാദേശ്‌-ബെർന്നേ​യ​യി​ലേ​ക്കു​ളള വഴിമ​ധ്യേ ഏതു പരാതി പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു, യഹോവ പാളയ​ത്തിൽ ദിവ്യാ​ധി​പത്യ നടപടി​ക്രമം ക്രമീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

18 എന്നിരു​ന്നാ​ലും പാളയ​ത്തിൽ അസ്വസ്ഥത ഉടലെ​ടു​ക്കു​ന്നു. വടക്കോ​ട്ടു കാദേശ്‌-ബെർന്നേ​യ​യി​ലേ​ക്കു​ളള യാത്ര​യിൽ പരാതി​പ​റ​ച്ചി​ലി​ന്റെ മൂന്നവ​സ​ര​ങ്ങ​ളെ​ങ്കി​ലു​മുണ്ട്‌. അതിന്റെ ആദ്യത്തെ പൊട്ടി​പ്പു​റ​പ്പെ​ട​ലി​നെ തകർക്കാൻ ജനത്തിൽ ചിലരെ ദഹിപ്പി​ച്ചു​ക​ള​യു​ന്ന​തി​നു യഹോവ തീ അയയ്‌ക്കു​ന്നു. പിന്നീടു “സമ്മി​ശ്ര​പു​രു​ഷാ​രം,” തങ്ങൾക്ക്‌ ആഹാര​മാ​യി മേലാൽ മന്നായ​ല്ലാ​തെ ഈജി​പ്‌തി​ലെ മത്സ്യവും വെളള​രി​ക്ക​യും മത്തങ്ങയും ഉളളി​യും ചുവന്നു​ള​ളി​യും വെളു​ത്തു​ള​ളി​യും ഇല്ലെന്ന്‌ ഇസ്രാ​യേൽ വിലപി​ക്കാ​നി​ട​യാ​ക്കു​ന്നു. (11:4) മോശ വളരെ ദുഃഖി​ത​നാ​യ​തു​കൊണ്ട്‌ ആ ജനങ്ങളു​ടെ​യെ​ല്ലാം പരിചാ​ര​ക​നാ​യി തുടരാ​ന​നു​വ​ദി​ക്കു​ന്ന​തി​നു പകരം തന്നെ കൊന്നു​ക​ള​യാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു. പരിഗ​ണ​ന​യോ​ടെ യഹോവ മോശ​യിൽനിന്ന്‌ ആത്മാവിൽ കുറേ എടുത്തു പ്രായ​മേ​റിയ 70 പുരു​ഷൻമാ​രു​ടെ​മേൽ വെക്കുന്നു, അവർ പാളയ​ത്തിൽ പ്രവാ​ച​കൻമാ​രാ​യി മോശയെ സഹായി​ക്കാൻ തുടങ്ങു​ന്നു. പിന്നീട്‌, ധാരാളം മാംസം കിട്ടുന്നു. മുമ്പൊ​രി​ക്കൽ സംഭവി​ച്ചി​രു​ന്ന​തു​പോ​ലെ, യഹോ​വ​യിൽനി​ന്നു​ളള ഒരു കാററ്‌ കടലിൽനി​ന്നു കാടകളെ അടിച്ചു​ക​യ​റ​റു​ന്നു, ജനം അത്യാ​ഗ്ര​ഹ​ത്തോ​ടെ വലിയ അളവിൽ പിടി​ച്ചു​കൂ​ട്ടു​ന്നു, സ്വാർഥ​പൂർവം അവയെ കൂനകൂ​ട്ടി​ക്കൊ​ണ്ടു​തന്നെ. യഹോ​വ​യു​ടെ കോപം ജനത്തി​നു​നേരെ ജ്വലി​ക്കു​ക​യും അവരുടെ സ്വാർഥ​പ​ര​മായ അത്യാശ നിമിത്തം അനേകരെ വധിക്കു​ക​യും ചെയ്യുന്നു.—പുറ. 16:2, 3, 13.

19. യഹോവ മിര്യാ​മി​ന്റെ​യും അഹരോ​ന്റെ​യും കുററം​പ​റ​ച്ചി​ലി​നെ കൈകാ​ര്യം ചെയ്യു​ന്നത്‌ എങ്ങനെ?

19 കുഴപ്പം തുടരു​ന്നു. തങ്ങളുടെ ഇളയ സഹോ​ദ​ര​നായ മോശയെ ഉചിത​മാ​യി യഹോ​വ​യു​ടെ പ്രതി​നി​ധി​യെന്ന നിലയിൽ വീക്ഷി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടു​കൊ​ണ്ടു മിര്യാ​മും അഹരോ​നും അടുത്ത കാലത്തു പാളയ​ത്തി​ലേക്കു വന്ന മോശ​യു​ടെ ഭാര്യ​യു​ടെ കാര്യ​ത്തിൽ അവനിൽ കുററം കണ്ടെത്തു​ന്നു. “മോശെ എന്ന പുരു​ഷ​നോ ഭൂതല​ത്തിൽ ഉളള സകലമ​നു​ഷ്യ​രി​ലും അതി​സൌ​മ്യ​നാ​യി​രു​ന്നു”വെങ്കി​ലും അവർ മോശ​യു​ടേ​തി​നു സമാന​മായ കൂടുതൽ അധികാ​രം ആവശ്യ​പ്പെ​ടു​ന്നു. (സംഖ്യാ. 12:3) യഹോ​വ​തന്നെ കാര്യം നേരെ​യാ​ക്കു​ക​യും പരാതി​യു​ടെ കാരണ​ക്കാ​രി​യാ​യി​രി​ക്കാ​നി​ട​യു​ളള മിര്യാ​മി​നു കുഷ്‌ഠം വരുത്തി​ക്കൊ​ണ്ടു മോശക്ക്‌ ഒരു പ്രത്യേക സ്ഥാനമു​ണ്ടെന്ന്‌ അറിയി​ക്കു​ക​യും ചെയ്യുന്നു. മോശ​യു​ടെ മധ്യസ്ഥ​ത​യാൽ മാത്ര​മാണ്‌ അവൾ പിന്നീടു സൗഖ്യം പ്രാപി​ക്കു​ന്നത്‌.

20, 21. ഏതു സംഭവങ്ങൾ ഇസ്രാ​യേൽ മരുഭൂ​മി​യിൽ 40 വർഷം അലയണ​മെ​ന്നു​ളള യഹോ​വ​യു​ടെ കൽപ്പന​ക്കി​ട​യാ​ക്കു​ന്നു?

20 കാദേ​ശിൽ വന്ന്‌ ഇസ്രാ​യേൽ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ കവാട​ത്തി​ങ്കൽ പാളയ​മ​ടി​ക്കു​ന്നു. ഇപ്പോൾ ദേശം ഒററു​നോ​ക്കു​ന്ന​തി​നു ചാരൻമാ​രെ അയയ്‌ക്കാൻ യഹോവ മോശ​യോ​ടു നിർദേ​ശി​ക്കു​ന്നു. തെക്കു​നി​ന്നു പ്രവേ​ശിച്ച്‌ അവർ 40 ദിവസം​കൊ​ണ്ടു നൂറു​ക​ണ​ക്കി​നു കിലോ​മീ​ററർ നടന്നു “ഹാമാ​ത്തി​നു​പോ​കുന്ന വഴി”വരെ വടക്കോ​ട്ടു യാത്ര ചെയ്യുന്നു. (13:21) അവർ കനാനി​ലെ കുറേ പുഷ്ടി​യു​ളള ഫലങ്ങളു​മാ​യി മടങ്ങി​വ​രു​മ്പോൾ ഇത്ര ശക്തമായ ഒരു ജനത്തി​നെ​തി​രെ​യും കോട്ട​കെ​ട്ടി​യു​റ​പ്പിച്ച ഇത്ര വലിയ നഗരങ്ങൾക്കെ​തി​രെ​യും കയറി​ച്ചെ​ല്ലു​ന്നതു മൗഢ്യ​മാ​യി​രി​ക്കു​മെന്നു ചാരൻമാ​രിൽ പത്തുപേർ വിശ്വാ​സ​ര​ഹി​ത​മാ​യി വാദി​ക്കു​ന്നു. കാലേബ്‌ ഒരു അനുകൂല റിപ്പോർട്ടോ​ടെ സഭയെ ശാന്തമാ​ക്കാൻ ശ്രമി​ക്കു​ന്നു, എന്നാൽ വിജയി​ക്കു​ന്നില്ല. മത്സരി​ക​ളായ ചാരൻമാർ ദേശം “നിവാ​സി​കളെ തിന്നു​ക​ള​യുന്ന”താണെന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊ​ണ്ടും “ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികാ​യൻമാർ” ആകുന്നു​വെന്നു പറഞ്ഞു​കൊ​ണ്ടും ഇസ്രാ​യേ​ല്യ​രു​ടെ ഹൃദയ​ങ്ങ​ളിൽ ഭയം ജനിപ്പി​ക്കു​ന്നു. മത്സരത്തി​ന്റെ പിറു​പി​റു​പ്പു​കൾ പാളയ​ത്തിൽ വീശി​യ​ടി​ക്കു​മ്പോൾ “നമ്മോ​ടു​കൂ​ടെ യഹോവ ഉളളതു​കൊ​ണ്ടു അവരെ ഭയപ്പെ​ട​രു​തു” എന്നു യോശു​വ​യും കാലേ​ബും അഭ്യർഥി​ക്കു​ന്നു. (13:32; 14:9) എന്നിരു​ന്നാ​ലും, സഭ അവരെ കല്ലെറി​യു​ന്ന​തി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ തുടങ്ങു​ന്നു.

21 അപ്പോൾ യഹോവ നേരിട്ട്‌ ഇടപെ​ടു​ക​യും മോശ​യോട്‌ ഇങ്ങനെ പറയു​ക​യും ചെയ്യുന്നു: “ഈ ജനം എത്ര​ത്തോ​ളം എന്നെ നിരസി​ക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്‌തി​ട്ടു​ളള അടയാ​ള​ങ്ങ​ളൊ​ക്കെ​യും കണ്ടിട്ടും അവർ എത്ര​ത്തോ​ളം എന്നെ വിശ്വ​സി​ക്കാ​തി​രി​ക്കും?” (14:11) യഹോ​വ​യു​ടെ നാമവും കീർത്തി​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടു ജനതയെ നശിപ്പി​ക്ക​രു​തെന്നു മോശ അവനോ​ടു അഭ്യർഥി​ക്കു​ന്നു. അതു​കൊ​ണ്ടു ജനത്തിന്റെ ഇടയിൽ 20 വയസ്സും മേലോ​ട്ടും പ്രായ​മു​ള​ള​വ​രാ​യി പേർ ചേർത്തി​ട്ടു​ളള എല്ലാവ​രും ചത്തൊ​ടു​ങ്ങു​ന്ന​തു​വരെ ഇസ്രാ​യേൽ മരുഭൂ​മി​യിൽ അലഞ്ഞു​ന​ട​ക്കു​ന്ന​തിൽ തുടര​ണ​മെന്നു യഹോവ കൽപ്പി​ക്കു​ന്നു. പേർ ചേർത്ത പുരു​ഷൻമാ​രിൽ യോശു​വ​യും കാലേ​ബും മാത്രമേ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കാൻ അനുവ​ദി​ക്ക​പ്പെ​ടു​ക​യു​ളളു. ജനം സ്വന്തമാ​യി മുൻകൈ എടുത്തു കയറി​പ്പോ​കാൻ വ്യർഥ​മാ​യി ശ്രമി​ക്കു​ന്നു, അമാ​ലേ​ക്യ​രിൽനി​ന്നും കനാന്യ​രിൽനി​ന്നും ഭയങ്കര പരാജയം ഏററു​വാ​ങ്ങാൻ മാത്രം. യഹോ​വ​യോ​ടും അവന്റെ വിശ്വസ്‌ത പ്രതി​നി​ധി​ക​ളോ​ടു​മു​ളള അനാദ​ര​വി​നു ജനം എത്ര ഉയർന്ന വിലയാണ്‌ ഒടുക്കു​ന്നത്‌!

22. അനുസ​ര​ണ​ത്തി​ന്റെ പ്രാധാ​ന്യം ഏതു വിധങ്ങ​ളിൽ ഊന്നി​പ്പ​റ​യു​ന്നു?

22 സത്യമാ​യി, അവർ വളരെ​യ​ധി​കം അനുസ​രണം പഠി​ക്കേ​ണ്ട​തുണ്ട്‌. ഉചിത​മാ​യി, യഹോവ അവർക്ക്‌ ഈ ആവശ്യത്തെ ഊന്നി​പ്പ​റ​യുന്ന കൂടു​ത​ലായ നിയമങ്ങൾ കൊടു​ക്കു​ന്നു. അവർ വാഗ്‌ദ​ത്ത​ദേ​ശത്തു വരു​മ്പോൾ തെററു​കൾക്കു പരിഹാ​രം​ചെ​യ്യ​ണ​മെ​ന്നും എന്നാൽ മനഃപൂർവം അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്ന​വരെ തീർച്ച​യാ​യും ഛേദി​ച്ചു​ക​ള​യ​ണ​മെ​ന്നും അവൻ അവരെ അറിയി​ക്കു​ന്നു. അങ്ങനെ, ശബത്തു​നി​യമം ലംഘി​ച്ചു​കൊണ്ട്‌ ഒരു മനുഷ്യൻ വിറകു ശേഖരി​ക്കു​ന്ന​താ​യി കാണു​മ്പോൾ “കണിശ​മാ​യും ആ മനുഷ്യൻ വധിക്ക​പ്പെ​ടണം” എന്നു യഹോവ കൽപ്പി​ക്കു​ന്നു. (15:35, NW) യഹോ​വ​യു​ടെ കൽപ്പന​ക​ളു​ടെ​യും അവ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തി​ന്റെ​യും ഓർമി​പ്പി​ക്ക​ലെന്ന നിലയിൽ ജനം തങ്ങളുടെ അങ്കിക​ളു​ടെ അടിഭാ​ഗത്തു തൊങ്ങ​ലു​കൾ വെക്കണ​മെന്നു യഹോവ നിർദേ​ശി​ക്കു​ന്നു.

23. കോര​ഹി​ന്റെ​യും ദാഥാ​ന്റെ​യും അബീരാ​മി​ന്റെ​യും മത്സരത്തി​ന്റെ പരിണ​ത​ഫ​ല​മെന്ത്‌?

23 എന്നിരു​ന്നാ​ലും, വീണ്ടും മത്സരം പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു. കോര​ഹും ദാഥാ​നും അബീരാ​മും സഭയിലെ 250 പ്രമു​ഖ​രും മോശ​യു​ടെ​യും അഹരോ​ന്റെ​യും അധികാ​രത്തെ എതിർത്തു​കൊ​ണ്ടു സംഘടി​ക്കു​ന്നു. ‘തീക്കല​ശ​ങ്ങ​ളും ധൂപവർഗ​വും എടുത്തു​കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ വരുക, അവൻ തീരു​മാ​നി​ക്കട്ടെ’ എന്നു വിമത​രോ​ടു പറഞ്ഞു​കൊ​ണ്ടു മോശ യഹോ​വ​യു​ടെ മുമ്പാകെ വാദവി​ഷയം സമർപ്പി​ക്കു​ന്നു. (16:6, 7, NW) യഹോ​വ​യു​ടെ മഹത്ത്വം ഇപ്പോൾ സർവസ​ഭ​ക്കും പ്രത്യ​ക്ഷ​മാ​കു​ന്നു. ഭൂമി വായ്‌ പിളർന്നു കോര​ഹി​ന്റെ​യും ദാഥാ​ന്റെ​യും അബീരാ​മി​ന്റെ​യും കുടും​ബ​ങ്ങളെ വിഴു​ങ്ങാൻ ഇടയാ​ക്കി​ക്കൊ​ണ്ടും കോരഹ്‌ ഉൾപ്പെടെ ധൂപം അർപ്പിച്ച 250 പേരെ​യും ദഹിപ്പി​ക്കു​ന്ന​തിന്‌ ഒരു തീ അയച്ചു​കൊ​ണ്ടും അവൻ സത്വരം ന്യായ​വി​ധി നടത്തുന്നു. അടുത്ത ദിവസം​തന്നെ, യഹോവ ചെയ്‌ത​തി​നു ജനം മോശ​യെ​യും അഹരോ​നെ​യും കുററം വിധി​ക്കാൻ തുടങ്ങു​ന്നു. വീണ്ടും, 14,700 പരാതി​ക്കാ​രെ തുടച്ചു​നീ​ക്കി​ക്കൊണ്ട്‌ അവൻ അവർക്കു ബാധ വരുത്തു​ന്നു.

24. മത്സരം അവസാ​നി​പ്പി​ക്കു​ന്ന​തി​നു യഹോവ ഏത്‌ അടയാളം ചെയ്യുന്നു?

24 ഈ സംഭവ​ത്തി​ന്റെ വീക്ഷണ​ത്തിൽ, ഓരോ ഗോ​ത്ര​വും തന്റെ മുമ്പാകെ ഓരോ വടി കൊണ്ടു​വ​രാൻ യഹോവ കൽപ്പി​ക്കു​ന്നു, ലേവി​ഗോ​ത്ര​ത്തി​നു​വേണ്ടി അഹരോ​ന്റെ പേരുളള ഒരു വടി ഉൾപ്പെടെ. പൗരോ​ഹി​ത്യ​ത്തി​നു​വേണ്ടി യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ അഹരോ​നെ​യാ​ണെന്ന്‌ അടുത്ത ദിവസം പ്രകട​മാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവന്റെ വടിമാ​ത്രം പൂർണ​മാ​യി പൂത്തു മൂത്ത ബദാം​കാ​യ്‌കൾ കായി​ച്ചി​രി​ക്കു​ന്ന​താ​യി കാണുന്നു. “മത്സരി​കൾക്ക്‌ ഒരു അടയാ​ള​മാ​യി അതു നിയമ​പെ​ട്ട​ക​ത്തിൽ സൂക്ഷി​ക്കേ​ണ്ട​താണ്‌. (സംഖ്യാ. 17:10; എബ്രാ. 9:4) ദശാം​ശം​മു​ഖേന പുരോ​ഹി​ത​വർഗത്തെ പുലർത്തു​ന്ന​തു​സം​ബ​ന്ധി​ച്ചും ഒരു ചുവന്ന പശുവി​ന്റെ ഭസ്‌മ​ത്തോ​ടു​കൂ​ടെ ശുദ്ധീ​ക​ര​ണ​ജലം ഉപയോ​ഗി​ക്കു​ന്നതു സംബന്ധി​ച്ചു​മു​ളള കൂടു​ത​ലായ നിർദേ​ശ​ങ്ങൾക്കു​ശേഷം വിവരണം കാദേ​ശി​ലേക്കു മടങ്ങുന്നു. ഇവിടെ മിര്യാം മരിക്കു​ന്നു, അടക്ക​പ്പെ​ടു​ന്നു.

25. മോശ​യും അഹരോ​നും യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നത്‌ എങ്ങനെ, ഫലമെ​ന്താണ്‌?

25 വെളളം ഇല്ലാഞ്ഞ​തു​കൊ​ണ്ടു വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ കവാട​ത്തി​ങ്കൽ സഭ മോശ​യോ​ടു വീണ്ടും വഴക്കടി​ച്ചു​തു​ട​ങ്ങു​ന്നു. അതു തന്നോ​ടു​ളള വഴക്കായി യഹോവ കണക്കാ​ക്കു​ന്നു, വടി​യെ​ടു​ത്തു പാറയിൽനി​ന്നു വെളളം വരുത്താൻ മോശ​യോ​ടു കൽപ്പി​ച്ചു​കൊണ്ട്‌ അവൻ തന്റെ മഹത്ത്വ​ത്തിൽ പ്രത്യ​ക്ഷ​നാ​കു​ന്നു. മോശ​യും അഹരോ​നും ഇപ്പോൾ യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കു​ന്നു​ണ്ടോ? പകരം മോശ കോപ​ത്തോ​ടെ രണ്ടു​പ്രാ​വ​ശ്യം പാറയെ അടിക്കു​ന്നു. ജനത്തി​നും അവരുടെ കന്നുകാ​ലി​കൾക്കും കുടി​ക്കാൻ വെളളം കിട്ടുന്നു. എന്നാൽ ബഹുമതി യഹോ​വക്കു കൊടു​ക്കു​ന്ന​തിൽ മോശ​യും അഹരോ​നും പരാജ​യ​പ്പെ​ടു​ന്നു. ഹൃദയ​ഭേ​ദ​ക​മായ മരുഭൂ​മി​യാ​ത്ര മിക്കവാ​റും അവസാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അവർ രണ്ടു​പേ​രും യഹോ​വ​യു​ടെ അപ്രീതി സമ്പാദി​ക്കു​ന്നു, അവർ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കു​ക​യി​ല്ലെന്ന്‌ അവരോ​ടു പറയ​പ്പെ​ടു​ന്നു. അഹരോൻ പിന്നീടു ഹോർ പർവത​ത്തിൽവെച്ചു മരിക്കു​ന്നു, അവന്റെ പുത്ര​നായ എലെയാ​സർ മഹാപു​രോ​ഹി​തന്റെ ചുമത​ലകൾ ഏറെറ​ടു​ക്കു​ന്നു.

26. ഏദോ​മി​നെ ചുററി​യു​ളള സഞ്ചാര​ത്തിൽ ഏതു സംഭവങ്ങൾ ശ്രദ്ധേ​യ​മാണ്‌?

26 ഇസ്രാ​യേൽ കിഴ​ക്കോ​ട്ടു തിരി​യു​ന്നു, ഏദോം ദേശത്തു​കൂ​ടെ കടന്നു​പോ​കാൻ ശ്രമി​ക്കു​ന്നു​വെ​ങ്കി​ലും തിരി​ച്ചടി ഉണ്ടാകു​ന്നു. ഏദോ​മി​നെ ചുററി പോകവേ, ജനം വീണ്ടും ദൈവ​ത്തി​നും മോശ​ക്കും എതിരാ​യി പരാതി​പ​റ​യു​മ്പോൾ അവർ കുഴപ്പ​ത്തിൽ ചാടുന്നു. അവർ മന്നാ ഭക്ഷിച്ചു മടുത്തു, അവർക്കു ദാഹവു​മുണ്ട്‌. അവരുടെ മത്സരം നിമിത്തം യഹോവ അവരുടെ ഇടയിൽ വിഷപ്പാ​മ്പു​കളെ അയയ്‌ക്കു​ന്നു, അങ്ങനെ അനേകർ മരിക്കു​ന്നു. ഒടുവിൽ മോശ മാധ്യ​സ്ഥ്യം വഹിക്കു​മ്പോൾ തീനി​റ​മു​ളള ഒരു താമ്ര​സർപ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിൻമേൽ വെക്കാൻ യഹോവ അവനോ​ടു നിർദേ​ശി​ക്കു​ന്നു. കടി​കൊ​ണ്ടി​ട്ടു താമ്ര​സർപ്പത്തെ നോക്കു​ന്നവർ ജീവ​നോ​ടെ സംരക്ഷി​ക്ക​പ്പെ​ടു​ന്നു. വടക്കോ​ട്ടു നീങ്ങു​മ്പോൾ ശത്രു​രാ​ജാ​ക്കൻമാ​രായ അമോ​ര്യ​രു​ടെ സീഹോ​നും ബാശാ​നി​ലെ ഓഗും ക്രമത്തിൽ ഇസ്രാ​യേ​ല്യ​രെ തടയുന്നു. ഈ രണ്ടു​പേ​രെ​യും ഇസ്രാ​യേ​ല്യർ യുദ്ധത്തിൽ തോൽപ്പി​ക്കു​ന്നു, ഇസ്രാ​യേൽ ഭ്രംശ താഴ്‌വ​രക്കു കിഴക്കു​ളള അവരുടെ പ്രദേ​ശങ്ങൾ കൈവ​ശ​പ്പെ​ടു​ത്തു​ന്നു.

27. ബിലെ​യാ​മി​നോ​ടു​ളള ബന്ധത്തിലെ ബാലാ​ക്കി​ന്റെ ആസൂ​ത്ര​ണ​ങ്ങളെ യഹോവ എങ്ങനെ നിഷ്‌ഫ​ല​മാ​ക്കു​ന്നു?

27 മോവാബ്‌ സമഭൂ​മി​യി​ലെ സംഭവങ്ങൾ (22:1-36:13). വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള ഇസ്രാ​യേ​ലി​ന്റെ പ്രവേ​ശ​ന​ത്തി​ന്റെ ആകാം​ക്ഷാ​പൂർവ​ക​മായ പ്രതീ​ക്ഷ​യിൽ അവർ ഇപ്പോൾ ചാവു​ക​ട​ലി​നു വടക്കും യെരീ​ഹോ​ക്കെ​തി​രെ യോർദാ​നു കിഴക്കും സ്ഥിതി​ചെ​യ്യുന്ന മോവാബ്‌ മരുസ​മ​ത​ല​ത്തിൽ ഒന്നിച്ചു​കൂ​ടു​ന്നു. തങ്ങളുടെ മുമ്പാകെ വ്യാപി​ച്ചു​കി​ട​ക്കുന്ന ഈ വിപു​ല​മായ പാളയത്തെ കണ്ടു മോവാ​ബ്യർക്കു രോഗ​ഹേ​തു​ക​മായ ഒരു ഭയം പിടി​പെ​ടു​ന്നു. അവരുടെ രാജാ​വായ ബാലാക്ക്‌, മിദ്യാ​ന്യ​രു​മാ​യി കൂടി​യാ​ലോ​ചി​ച്ചിട്ട്‌ ആഭിചാ​രം പ്രയോ​ഗി​ക്കു​ന്ന​തി​നും ഇസ്രാ​യേ​ലി​നെ ശപിക്കു​ന്ന​തി​നു​മാ​യി ബിലെ​യാ​മി​നെ ആളയച്ചു​വ​രു​ത്തു​ന്നു. “നീ അവരോ​ടു​കൂ​ടെ പോക​രു​തു” എന്നു ദൈവം ബിലെ​യാ​മി​നോ​ടു നേരിട്ടു പറയു​ന്നു​വെ​ങ്കി​ലും അയാൾ പോകാൻ ആഗ്രഹി​ക്കു​ന്നു. (22:12) അയാൾ പ്രതി​ഫലം ആഗ്രഹി​ക്കു​ന്നു. ഒടുവിൽ അയാൾ പോകു​ക​തന്നെ ചെയ്യുന്നു, ഒരു ദൂതൻ തടയു​ക​യും അയാളു​ടെ സ്വന്തം പെൺക​ഴുത അയാളെ ശകാരി​ക്കു​ന്ന​തിന്‌ അത്ഭുത​ക​ര​മാ​യി സംസാ​രി​ക്കാ​നി​ട​യാ​ക്കു​ക​യും ചെയ്‌തു​വെന്നു മാത്രം. ഒടുവിൽ ബിലെ​യാം ഇസ്രാ​യേ​ലി​നെ​ക്കു​റി​ച്ചു ശാപങ്ങ​ളു​ച്ച​രി​ക്കാൻ മുതി​രു​മ്പോൾ ദൈവാ​ത്മാവ്‌ അയാളെ ഉത്തേജി​പ്പി​ക്കു​ന്നു, തന്നിമി​ത്തം അയാളു​ടെ പ്രസി​ദ്ധ​മായ നാലു മൊഴി​കൾ ദൈവ​ത്തി​ന്റെ ജനതക്ക്‌ അനു​ഗ്ര​ഹങ്ങൾ മാത്രമേ പ്രവചി​ക്കു​ന്നു​ളളു, യാക്കോ​ബിൽനിന്ന്‌ ഒരു നക്ഷത്രം വരു​മെ​ന്നും കീഴട​ക്കു​ന്ന​തി​നും നശിപ്പി​ക്കു​ന്ന​തി​നും ഇസ്രാ​യേ​ലിൽനിന്ന്‌ ഒരു ചെങ്കോൽ ഉയരു​മെ​ന്നും മുൻകൂ​ട്ടി​പ്പ​റ​യു​ക​പോ​ലും ചെയ്യുന്നു.

28. ബിലെ​യാ​മി​ന്റെ നിർദേ​ശ​പ്ര​കാ​രം ഇസ്രാ​യേ​ലിൻമേൽ ഏതു തന്ത്രപ​ര​മായ കെണി വരുത്ത​പ്പെ​ടു​ന്നു, എന്നാൽ ബാധ എങ്ങനെ നിലയ്‌ക്കു​ന്നു?

28 ഇസ്രാ​യേ​ലി​നെ ശപിക്കു​ന്ന​തി​ലു​ളള തന്റെ പരാജ​യ​ത്താൽ ബാലാ​ക്കി​നെ കുപി​ത​നാ​ക്കി​യിട്ട്‌ ബിലെ​യാം ഇപ്പോൾ ബാലാ​രാ​ധ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാമാസക്ത കർമങ്ങ​ളിൽ പങ്കെടു​ക്കാൻ ഇസ്രാ​യേ​ലി​ലെ പുരു​ഷൻമാ​രെ വശീക​രി​ക്കു​ന്ന​തി​നു മോവാ​ബ്യർ തങ്ങളുടെ വനിത​കളെ ഉപയോ​ഗി​ക്കാൻ നിർദേ​ശി​ച്ചു​കൊ​ണ്ടു രാജാ​വി​ന്റെ പ്രീതി തേടുന്നു. (31:15, 16) ഇവിടെ, വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ അതിർത്തി​യിൽ എത്തിനിൽക്കെ ഇസ്രാ​യേ​ല്യർ കടുത്ത ദുർമാർഗ​ത്തി​നും വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​ന​ക്കും വഴി​പ്പെ​ടാൻ തുടങ്ങു​ന്നു. ഒരു ബാധയി​ലൂ​ടെ യഹോ​വ​യു​ടെ കോപം ജ്വലി​ക്കു​മ്പോൾ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ കർശന​മാ​യി ശിക്ഷി​ക്കാൻ മോശ ആഹ്വാ​നം​ചെ​യ്യു​ന്നു. ഒരു പ്രഭു​വി​ന്റെ പുത്രൻ പാളയ​ത്തി​നു​ള​ളിൽത്ത​ന്നെ​യു​ളള തന്റെ കൂടാ​ര​ത്തി​ലേക്ക്‌ ഒരു മിദ്യാ​ന്യ​സ്‌ത്രീ​യെ കൊണ്ടു​വ​രു​ന്നതു മഹാപു​രോ​ഹി​തന്റെ മകനായ ഫീനെ​ഹാസ്‌ കാണു​മ്പോൾ അവൻ അവരുടെ പിന്നാലെ ചെന്ന്‌ അവരുടെ കഥ കഴിക്കു​ന്നു, സ്‌ത്രീ​യെ അവളുടെ ജനനേ​ന്ദ്രി​യ​ത്തി​ലൂ​ടെ കുത്തി​ത്തു​ള​ച്ചു​കൊ​ണ്ടു​തന്നെ. ഇതിങ്കൽ ബാധ നിലയ്‌ക്കു​ന്നു, എന്നാൽ അതിനാൽ 24,000 പേർ മരിച്ച​തി​നു​ശേഷം മാത്രം.

29. (എ) 40-ാം വർഷത്തി​ന്റെ അവസാനം എടുത്ത ജനസംഖ്യ എന്ത്‌ വെളി​പ്പെ​ടു​ത്തു​ന്നു? (ബി) ഇപ്പോൾ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കു​ന്ന​തിന്‌ എന്ത്‌ ഒരുക്കം നടത്തുന്നു?

29 സീനായി പർവത​ത്തി​ങ്കൽവെച്ചു 39 വർഷം മുമ്പു ചെയ്‌തി​രു​ന്ന​തു​പോ​ലെ വീണ്ടും ഒരു ജനസം​ഖ്യ​യെ​ടു​ക്കാൻ ഇപ്പോൾ യഹോവ മോശ​യോ​ടും എലെയാ​സ​രോ​ടും കൽപ്പി​ക്കു​ന്നു. അവരുടെ അണിക​ളിൽ വർധന ഉണ്ടായി​ട്ടി​ല്ലെന്ന്‌ അന്തിമ എണ്ണം പ്രകട​മാ​ക്കു​ന്നു. മറിച്ച്‌, രജിസ്‌റ​റർചെയ്‌ത പുരു​ഷൻമാ​രു​ടെ എണ്ണത്തിൽ 1,820 പേരുടെ കുറവാ​ണു​ള​ളത്‌. സീനാ​യി​യി​ങ്കൽ സൈനി​ക​സേ​വ​ന​ത്തി​നു രജിസ്‌ററർ ചെയ്‌തി​രു​ന്ന​വ​രിൽ യോശു​വ​യും കാലേ​ബും ഒഴിച്ച്‌ ആരും ജീവി​ച്ചി​രി​ക്കു​ന്നില്ല. സംഭവി​ക്കു​മെന്നു യഹോവ സൂചി​പ്പി​ച്ചി​രു​ന്ന​തു​പോ​ലെ, അവരെ​ല്ലാം മരുഭൂ​മി​യിൽവെച്ചു മരിച്ചു​പോ​യി​രു​ന്നു. അടുത്ത​താ​യി യഹോവ അവകാ​ശ​മാ​യി ദേശത്തെ വിഭാ​ഗി​ക്കു​ന്ന​തു​സം​ബ​ന്ധിച്ച നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു. മെരീ​ബ​യി​ലെ വെളള​ത്തി​ങ്കൽവെച്ചു യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ലു​ളള പരാജയം നിമിത്തം മോശ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കു​ക​യി​ല്ലെന്ന്‌ അവൻ ആവർത്തി​ക്കു​ന്നു. (20:13; 27:14, അടിക്കുറിപ്പുകൾ, NW) മോശ​യു​ടെ പിൻഗാ​മി​യാ​യി യോശുവ നിയോ​ഗി​ക്ക​പ്പെ​ടു​ന്നു.

30. മിദ്യാ​ന്യ​രു​മാ​യി കണക്കു തീർക്കു​ന്നത്‌ എങ്ങനെ, യോർദാ​നു കിഴക്ക്‌ ഏതു പ്രദേ​ശ​നി​യ​മനം കൊടു​ക്കു​ന്നു?

30 അടുത്ത​താ​യി, യാഗങ്ങ​ളും ആഘോ​ഷ​ങ്ങ​ളും സംബന്ധിച്ച തന്റെ നിയമ​ങ്ങ​ളു​ടെ പ്രാധാ​ന്യ​വും പ്രതി​ജ്ഞ​ക​ളു​ടെ ഗൗരവ​വും യഹോവ മോശ​മു​ഖാ​ന്തരം ഇസ്രാ​യേ​ലി​നെ ഓർമി​പ്പി​ക്കു​ന്നു. പെയോ​രി​ലെ ബാലിന്റെ സംഗതി​യിൽ ഇസ്രാ​യേ​ലി​നെ വഴിപി​ഴ​പ്പി​ക്കു​ന്ന​തി​ലെ മിദ്യാ​ന്യ​രു​ടെ പങ്കുനി​മി​ത്തം അവൻ മോശ​യെ​ക്കൊണ്ട്‌ അവരുടെ കണക്കു​തീർപ്പി​ക്കു​ന്നു. ബിലെ​യാ​മി​നോ​ടു​കൂ​ടെ മിദ്യാ​നി​ലെ സകല പുരു​ഷൻമാ​രും കൊല്ല​പ്പെ​ടു​ന്നു, കന്യക​മാ​രായ പെൺകു​ട്ടി​കൾ മാത്രം ഒഴിവാ​ക്ക​പ്പെ​ടു​ന്നു, അവരിൽ 32,000 പേർ, 8,08,000 മൃഗങ്ങൾ ഉൾപ്പെടെ കൊള​ള​യോ​ടു​കൂ​ടെ, ബന്ദിക​ളാ​യി പിടി​ക്ക​പ്പെ​ടു​ന്നു. യുദ്ധത്തിൽ ഒരു ഇസ്രാ​യേ​ല്യ​നെ​ങ്കി​ലും നഷ്ടപ്പെ​ടു​ന്ന​താ​യി റിപ്പോർട്ടില്ല. രൂബേ​ന്റെ​യും ഗാദി​ന്റെ​യും കാലി​വ​ളർത്തു​കാ​രായ പുത്രൻമാർ യോർദാ​നു കിഴക്കു​ളള പ്രദേ​ശത്തു കുടി​പാർക്കാൻ അനുവാ​ദം ചോദി​ക്കു​ന്നു. വാഗ്‌ദ​ത്ത​ദേശം ജയിച്ച​ട​ക്കാൻ സഹായി​ക്കാ​മെന്ന്‌ അവർ സമ്മതി​ച്ച​ശേഷം അപേക്ഷ അനുവ​ദി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ ഈ രണ്ടു ഗോ​ത്ര​ങ്ങൾക്കു മനശ്ശെ​യു​ടെ പാതി​ഗോ​ത്ര​ത്തോ​ടൊ​പ്പം തങ്ങളുടെ അവകാ​ശ​മാ​യി സമ്പന്നമായ ഈ പീഠഭൂ​മി കൊടു​ക്കു​ന്നു.

31. (എ) ദേശത്തു പ്രവേ​ശി​ക്കു​മ്പോൾ ഇസ്രാ​യേൽ എങ്ങനെ അനുസ​രണം കാണി​ക്കു​ന്ന​തിൽ തുടരണം? (ബി) ഗോ​ത്ര​പ​ര​മായ അവകാ​ശങ്ങൾ സംബന്ധിച്ച്‌ ഏതു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു?

31 നാൽപ്പ​തു​വർഷ യാത്ര​യിൽ തങ്ങിയ സ്ഥലങ്ങളു​ടെ ഒരു പുനര​വ​ലോ​കനം നടത്തി​യ​ശേഷം രേഖ വീണ്ടും യഹോ​വ​യോ​ടു​ളള അനുസ​ര​ണ​ത്തി​ന്റെ ആവശ്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. ദൈവം അവർക്കു ദേശം കൊടു​ക്കു​ക​യാണ്‌, എന്നാൽ അവർ നികൃ​ഷ്ട​രും ഭൂതാ​രാ​ധ​ക​രു​മായ നിവാ​സി​കളെ തുരത്തി​ക്കൊ​ണ്ടും അവരുടെ വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ മതത്തിന്റെ അവസാന കണിക​യും നശിപ്പി​ച്ചു​കൊ​ണ്ടും അവരുടെ വധാധി​കൃ​ത​രാ​കണം. അവരുടെ ദൈവ​ദ​ത്ത​മായ ദേശത്തി​ന്റെ വിശദ​മായ അതിർത്തി​കൾ പ്രസ്‌താ​വി​ക്ക​പ്പെ​ടു​ന്നു, അത്‌ അവരുടെ ഇടയിൽ ചീട്ടിട്ടു വിഭാ​ഗി​ക്കണം. ഗോ​ത്ര​പ​ര​മായ അവകാ​ശ​മി​ല്ലാത്ത ലേവ്യർക്കു മേച്ചൽസ്ഥ​ലങ്ങൾ ഉൾപ്പെടെ 48 നഗരങ്ങൾ കൊടു​ക്കണം, അവയിൽ 6 എണ്ണം അബദ്ധവ​ശാൽ കൊല​ചെ​യ്യു​ന്ന​വ​നു​വേ​ണ്ടി​യു​ളള സങ്കേത​ന​ഗ​ര​ങ്ങ​ളാ​യി​രി​ക്കണം. പ്രദേശം ഗോ​ത്ര​ത്തി​നു​ള​ളിൽ നിലനിൽക്ക​ണ​മാ​യി​രു​ന്നു, വിവാ​ഹ​ത്താൽ മറെറാ​രു ഗോ​ത്ര​ത്തിന്‌ ഒരിക്ക​ലും കൈമാ​റാൻ പാടി​ല്ലാ​യി​രു​ന്നു. പുരു​ഷാ​വ​കാ​ശി​യി​ല്ലെ​ങ്കിൽ അവകാശം സ്വീക​രി​ക്കുന്ന പുത്രി​മാർ തങ്ങളുടെ സ്വന്തം ഗോ​ത്ര​ത്തി​നു​ള​ളിൽ വിവാഹം ചെയ്യണം—ദൃഷ്ടാ​ന്ത​ത്തിന്‌, ശെലോ​ഫ​ഹാ​ദി​ന്റെ പുത്രി​മാർ. (27:1-11; 36:1-11) മോശ​യി​ലൂ​ടെ​യു​ളള യഹോ​വ​യു​ടെ ഈ കൽപ്പന​ക​ളോ​ടെ​യും ഒടുവിൽ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കാൻ ഇസ്രാ​യേൽ പുത്രൻമാർ നിലയു​റ​പ്പി​ക്കു​ന്ന​തോ​ടെ​യും സംഖ്യാ​പു​സ്‌തകം ഉപസം​ഹ​രി​ക്കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

32. ഏതു വിധങ്ങ​ളി​ലാ​ണു യേശു​വും അവന്റെ യാഗവും സംഖ്യാ​പു​സ്‌ത​ക​ത്തിൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌?

32 യേശു സംഖ്യാ​പു​സ്‌ത​കത്തെ പല അവസര​ങ്ങ​ളിൽ പരാമർശി​ച്ചു. അതിന്റെ രേഖ എത്ര അർഥവ​ത്തും പ്രയോ​ജ​ന​പ്ര​ദ​വു​മാ​ണെന്ന്‌ അവന്റെ അപ്പോ​സ്‌ത​ലൻമാ​രും മററു ബൈബി​ളെ​ഴു​ത്തു​കാ​രും വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ യേശു​വി​ന്റെ വിശ്വസ്‌ത സേവനത്തെ മോശ​യു​ടേ​തി​നോ​ടു പ്രത്യേ​ക​മാ​യി താരത​മ്യ​പ്പെ​ടു​ത്തി, ഏറെയും സംഖ്യാ​പു​സ്‌ത​ക​ത്തി​ലാണ്‌ അതു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (എബ്രാ. 3:1-6) മൃഗയാ​ഗ​ങ്ങ​ളി​ലും സംഖ്യാ​പു​സ്‌തകം 19:2-9-ലെ ചുവന്ന പശുവി​ന്റെ ഭസ്‌മം​ത​ളി​ക്ക​ലി​ലും വീണ്ടും ക്രിസ്‌തു​വി​ന്റെ യാഗത്തി​ലൂ​ടെ​യു​ളള ശുദ്ധി​യാ​ക്ക​ലി​നു​ളള വളരെ മഹത്തര​മായ കരുതൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​യി നാം കാണുന്നു.—എബ്രാ. 9:13, 14.

33. മരുഭൂ​മി​യിൽ വെളളം പുറ​പ്പെ​ടു​വി​ച്ചത്‌ ഇന്നു നമുക്കു താത്‌പ​ര്യ​ജ​ന​ക​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

33 സമാന​മാ​യി, മരുഭൂ​മി​യിൽ പാറയിൽനി​ന്നു വെളളം വരുത്തി​യതു നമുക്ക്‌ അർഥപൂർണ​മാ​ണെന്നു പൗലൊസ്‌ പ്രകട​മാ​ക്കി, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “അവരെ അനുഗ​മിച്ച ആത്മീക​പാ​റ​യിൽനി​ന്ന​ല്ലോ അവർ കുടി​ച്ചതു; ആ പാറ ക്രിസ്‌തു ആയിരു​ന്നു.” (1 കൊരി. 10:4; സംഖ്യാ. 20:7-11) ഉചിത​മാ​യി, ക്രിസ്‌തു​ത​ന്നെ​യാ​യി​രു​ന്നു “ഞാൻ കൊടു​ക്കുന്ന വെളളം കുടി​ക്കു​ന്ന​വ​ന്നോ ഒരുനാ​ളും ദാഹി​ക്ക​യില്ല; ഞാൻ കൊടു​ക്കുന്ന വെളളം അവന്നിൽ നിത്യ​ജീ​വ​ങ്ക​ലേക്കു പൊങ്ങി​വ​രുന്ന നീരു​റ​വാ​യി​ത്തീ​രും” എന്നു പറഞ്ഞത്‌.—യോഹ. 4:14.

34. താമ്ര സർപ്പത്തി​നു പ്രാവ​ച​നി​ക​മായ അർഥമു​ണ്ടെന്നു യേശു എങ്ങനെ പ്രകട​മാ​ക്കി?

34 യേശു, തന്നിലൂ​ടെ ദൈവം ചെയ്‌തു​കൊ​ണ്ടി​രുന്ന അത്ഭുത​ക​ര​മായ കരുത​ലി​നെ മുൻനി​ഴ​ലാ​ക്കി​യ​താ​യി സംഖ്യാ​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തിയ ഒരു സംഭവ​ത്തെ​യും നേരിട്ടു പരാമർശി​ച്ചു. “മോശെ മരുഭൂ​മി​യിൽ സർപ്പത്തെ ഉയർത്തി​യ​തു​പോ​ലെ മനുഷ്യ​പു​ത്ര​നെ​യും ഉയർത്തേ​ണ്ട​താ​കു​ന്നു. അവനിൽ വിശ്വ​സി​ക്കുന്ന ഏവനും നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു തന്നേ” എന്ന്‌ അവൻ പറഞ്ഞു.—യോഹ. 3:14, 15; സംഖ്യാ. 21:8, 9.

35. (എ) മരുഭൂ​മി​യി​ലെ ഇസ്രാ​യേ​ല്യ​രാൽ ഉദാഹ​രി​ക്ക​പ്പെ​ട്ട​പ്ര​കാ​രം, ക്രിസ്‌ത്യാ​നി​കൾ എന്തി​നെ​തി​രെ ജാഗരൂ​ക​രാ​യി​രി​ക്കണം, എന്തു​കൊണ്ട്‌? (ബി) യൂദാ​യും പത്രൊ​സും തങ്ങളുടെ ലേഖന​ങ്ങ​ളിൽ അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും മത്സരത്തി​ന്റെ​യും ഏതു ദൃഷ്ടാ​ന്ത​ങ്ങളെ പരാമർശി​ച്ചു?

35 ഇസ്രാ​യേ​ല്യർ മരുഭൂ​മി​യിൽ 40 വർഷം അലയാൻ ശിക്ഷി​ക്ക​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? വിശ്വാ​സ​ത്തി​ന്റെ അഭാവം നിമിത്തം. അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഈ ആശയം സംബന്ധി​ച്ചു ശക്തമായ മുന്നറി​യി​പ്പു​നൽകി: “സഹോ​ദ​രൻമാ​രെ, ജീവനു​ളള ദൈവത്തെ ത്യജി​ച്ചു​ക​ള​യാ​തി​രി​ക്കേ​ണ്ട​തി​ന്നു അവിശ്വാ​സ​മു​ളള ദുഷ്ടഹൃ​ദയം നിങ്ങളിൽ ആർക്കും ഉണ്ടാകാ​തി​രി​പ്പാൻ നോക്കു​വിൻ. നിങ്ങൾ . . . നാൾതോ​റും അന്യോ​ന്യം പ്രബോ​ധി​പ്പി​ച്ചു​കൊൾവിൻ.” ആ ഇസ്രാ​യേ​ല്യർ തങ്ങളുടെ അനുസ​ര​ണ​ക്കേ​ടും വിശ്വാ​സ​രാ​ഹി​ത്യ​വും നിമിത്തം മരുഭൂ​മി​യിൽ മരിച്ചു. “അതു​കൊ​ണ്ടു ആരും അനുസ​ര​ണ​ക്കേ​ടി​ന്റെ സമദൃ​ഷ്ടാ​ന്ത​ത്തി​ന്നൊ​ത്ത​വണ്ണം വീഴാ​തി​രി​ക്കേ​ണ്ട​തി​ന്നു നാം [ദൈവ​ത്തി​ന്റെ] ആ സ്വസ്ഥത​യിൽ പ്രവേ​ശി​പ്പാൻ ഉത്സാഹിക്ക.” (എബ്രാ. 3:7–4:11; സംഖ്യാ. 13:25–14:38) വിശു​ദ്ധ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ദുഷി​ച്ചു​സം​സാ​രി​ക്കുന്ന ഭക്തികെട്ട മനുഷ്യർക്കെ​തി​രെ മുന്നറി​യി​പ്പു​നൽകി​യ​പ്പോൾ, യൂദാ പ്രതി​ഫ​ല​ത്തി​നാ​യു​ളള ബിലെ​യാ​മി​ന്റെ അത്യാ​ഗ്ര​ഹ​ത്തെ​യും യഹോ​വ​യു​ടെ ദാസനായ മോശ​ക്കെ​തി​രായ കോര​ഹി​ന്റെ മത്സരസം​സാ​ര​ത്തെ​യും പരാമർശി​ച്ചു. (യൂദാ 11; സംഖ്യാ. 22:7, 8, 22; 26:9, 10) ബിലെ​യാ​മി​നെ “അനീതി​യു​ടെ കൂലി കൊതിച്ച”വനായി പത്രൊ​സും പരാമർശി​ച്ചു. മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വും യോഹ​ന്നാ​നിൽകൂ​ടെ​യു​ളള തന്റെ വെളി​പാ​ടിൽ ‘യിസ്രാ​യേൽമ​ക്ക​ളു​ടെ മുമ്പിൽ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യും ദുർന്ന​ട​പ്പി​ന്റെ​യും ഇടർച്ച വെച്ച’വനായി ബിലെ​യാ​മി​നെ പരാമർശി​ച്ചു. തീർച്ച​യാ​യും ഇന്ന്‌ അത്തരം അശുദ്ധർക്കെ​തി​രെ ക്രിസ്‌തീ​യ​സ​ഭക്കു മുന്നറി​യി​പ്പു കൊടു​ക്കേ​ണ്ട​തുണ്ട്‌.—2 പത്രൊ. 2:12-16; വെളി. 2:14, NW.

36. ഏതു ഹാനി​ക​ര​മായ ആചാര​ങ്ങൾക്കെ​തി​രെ പൗലൊസ്‌ മുന്നറി​യി​പ്പു​നൽകി, നമുക്കിന്ന്‌ അവന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തിൽനിന്ന്‌ എങ്ങനെ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാം?

36 കൊരി​ന്ത്യ​സ​ഭ​യിൽ ദുർമാർഗം പൊന്തി​വ​ന്ന​പ്പോൾ പൗലൊസ്‌ പ്രത്യേ​ക​മാ​യി സംഖ്യാ​പു​സ്‌ത​കത്തെ പരാമർശി​ച്ചു​കൊണ്ട്‌ “ഹാനി​ക​ര​മായ കാര്യങ്ങൾ ആഗ്രഹി​ക്കു”ന്നതി​നെ​ക്കു​റിച്ച്‌ എഴുതി. അവൻ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “അവരിൽ ഇരുപ​ത്തി​മൂ​വാ​യി​രം പേർ ഒരു ദിവസം വീണു​പോ​കാൻവേ​ണ്ടി​മാ​ത്രം അവരിൽ ചിലർ പരസം​ഗം​ചെ​യ്‌ത​തു​പോ​ലെ നമുക്ക്‌ അടിക്കടി പരസംഗം ചെയ്യാ​തെ​യു​മി​രി​ക്കാം.” (1 കൊരി. 10:6, 8, NW; സംഖ്യാ. 25:1-9; 31:16) b ദൈവ​കൽപ്പ​നകൾ അനുസ​രി​ക്കു​ന്നതു വ്യക്തി​പ​ര​മായ ക്ലേശം വരുത്തു​ന്ന​താ​യും യഹോവ മന്നാ നൽകി​യ​തിൽ തങ്ങൾക്ക്‌ അതൃപ്‌തി​യു​ണ്ടെ​ന്നും ജനം പരാതി​പറഞ്ഞ സന്ദർഭത്തെ സംബന്ധി​ച്ചെന്ത്‌? ഇതി​നെ​സം​ബ​ന്ധി​ച്ചു പൗലൊസ്‌ പറയുന്നു: “അവരിൽ ചിലർ പരീക്ഷി​ച്ചു സർപ്പങ്ങ​ളാൽ നശിച്ചു​പോ​യ​തു​പോ​ലെ നാം കർത്താ​വി​നെ [“യഹോ​വയെ,” NW] പരീക്ഷി​ക്ക​രുത്‌” (1 കൊരി. 10:9; സംഖ്യാ. 21:5, 6) പിന്നീടു പൗലൊസ്‌ തുടരു​ന്നു: “അവരിൽ ചിലർ പിറു​പി​റു​ത്തു സംഹാ​രി​യാൽ നശിച്ചു​പോ​യ​തു​പോ​ലെ നിങ്ങൾ പിറു​പി​റു​ക്ക​യു​മ​രുത്‌.” ഇസ്രാ​യേ​ല്യർ യഹോ​വ​ക്കും അവന്റെ പ്രതി​നി​ധി​കൾക്കും അവന്റെ കരുത​ലു​കൾക്കു​മെ​തി​രെ പിറു​പി​റു​ത്ത​തി​ന്റെ ഫലമായി അവർക്ക്‌ എത്ര കയ്‌പേ​റിയ അനുഭ​വ​ങ്ങ​ളാ​ണു​ണ്ടാ​യത്‌! “ദൃഷ്ടാ​ന്ത​മാ​യി അവർക്കു സംഭവിച്ച [“സംഭവി​ച്ചു​കൊ​ണ്ടി​രുന്ന,” NW]” ഈ കാര്യങ്ങൾ നാം പൂർണ വിശ്വാ​സ​ത്തോ​ടെ യഹോ​വയെ സേവി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ട​തിന്‌ ഇന്നു നമു​ക്കെ​ല്ലാ​വർക്കും വ്യക്തമായ മുന്നറി​യി​പ്പാ​യി നില​കൊ​ള​ളണം.—1 കൊരി. 10:10, 11; സംഖ്യാ. 14:2, 36, 37; 16: 1-3, 41; 17:5, 10.

37. മററു ബൈബിൾഭാ​ഗങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നു സംഖ്യാ​പു​സ്‌തകം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

37 സംഖ്യാ​പു​സ്‌തകം മററ​നേകം ബൈബിൾഭാ​ഗങ്ങൾ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന പശ്ചാത്ത​ല​വും നൽകുന്നു.—സംഖ്യാ. 28:9, 10മത്താ. 12:5; സംഖ്യാ. 15:38മത്താ. 23:5; സംഖ്യാ. 6:2-4ലൂക്കൊ. 1:15; സംഖ്യാ. 4:3ലൂക്കൊ. 3:23; സംഖ്യാ. 18:311 കൊരി. 9:13, 14; സംഖ്യാ. 18:26എബ്രാ. 7:5-9; സംഖ്യാ. 17:8-10എബ്രാ. 9:4.

38. ഏതു പ്രത്യേക വിധങ്ങ​ളി​ലാ​ണു സംഖ്യാ​പു​സ്‌തകം പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌, അത്‌ എന്തി​ലേക്കു നമ്മുടെ ശ്രദ്ധയെ നയിക്കു​ന്നു?

38 സംഖ്യാ​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു തീർച്ച​യാ​യും ദൈവ​നി​ശ്വ​സ്‌ത​മാണ്‌, അതു യഹോ​വ​യോ​ടു​ളള അനുസ​ര​ണ​വും തന്റെ ജനത്തിന്റെ ഇടയിൽ അവൻ മേൽവിചാരകൻമാരാക്കിയിരിക്കുന്നവരോടുളള ആദരവും നമ്മെ പഠിപ്പി​ക്കു​ന്ന​തി​നു പ്രയോ​ജ​ന​പ്ര​ദ​വു​മാണ്‌. ദൃഷ്ടാ​ന്ത​ത്താൽ അതു ദുഷ്‌പ്ര​വൃ​ത്തി​യെ ശാസി​ക്കു​ക​യും പ്രാവ​ച​നി​ക​പ്രാ​ധാ​ന്യ​മു​ളള സംഭവ​ങ്ങ​ളാൽ നമ്മുടെ ശ്രദ്ധയെ, രക്ഷകനാ​യും ഇന്നത്തെ തന്റെ ജനത്തിന്റെ നായക​നാ​യും യഹോവ പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്ന​വ​നി​ലേക്കു തിരി​ക്കു​ക​യും ചെയ്യുന്നു. അതു യഹോവ മധ്യസ്ഥ​നും മഹാപു​രോ​ഹി​ത​നു​മാ​യി നിയമിച്ച യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ അവന്റെ നീതി​യു​ളള രാജ്യ​ത്തി​ന്റെ സ്ഥാപന​ത്തി​ലേക്കു നയിക്കുന്ന രേഖയിൽ അത്യന്താ​പേ​ക്ഷി​ത​വും ഉദ്‌ബോ​ധ​ക​വു​മായ ഒരു കണ്ണി പ്രദാ​നം​ചെ​യ്യു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 540-2.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 233.

[അധ്യയന ചോദ്യ​ങ്ങൾ]