ബൈബിൾ പുസ്തക നമ്പർ 44—പ്രവൃത്തികൾ
ബൈബിൾ പുസ്തക നമ്പർ 44—പ്രവൃത്തികൾ
എഴുത്തുകാരൻ: ലൂക്കൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 61
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു. 33-ഏകദേശം 61
1, 2. (എ) പ്രവൃത്തികളിൽ ഏതു ചരിത്രപരമായ സംഭവങ്ങളും പ്രവർത്തനങ്ങളും വർണിക്കപ്പെടുന്നു? (ബി) പുസ്തകം ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
നിശ്വസ്ത തിരുവെഴുത്തുകളുടെ 42-ാം പുസ്തകത്തിൽ യേശുവിന്റെ സ്വർഗാരോഹണംവരെയുളള അവന്റെ ജീവിതത്തെയും പ്രവർത്തനത്തെയും അവന്റെയും അനുഗാമികളുടെയും ശുശ്രൂഷയെയും ഉൾപ്പെടുത്തുന്ന ഒരു വിവരണം ലൂക്കൊസ് നൽകുന്നു. തിരുവെഴുത്തുകളിലെ 44-ാം പുസ്തകമായ അപ്പോസ്തലൻമാരുടെ പ്രവൃത്തികളുടെ ചരിത്രപരമായ രേഖ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായ ക്രിസ്തീയ സഭയുടെ സ്ഥാപിക്കലിനെ വർണിച്ചുകൊണ്ട് ആദിമ ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം തുടരുന്നു. യഹൂദൻമാരുടെ ഇടയിലും പിന്നീടു സകല ജനതകളിലെയും ആളുകളുടെ ഇടയിലും കൊടുക്കപ്പെട്ട സാക്ഷ്യത്തിന്റെ വികസനത്തെയും അതു വർണിക്കുന്നു. ആദ്യത്തെ 12 അധ്യായങ്ങളിലെ വിവരങ്ങളിൽ അധികപങ്കിലും പത്രൊസിന്റെ പ്രവർത്തനങ്ങളും ശേഷിച്ച 16 അധ്യായങ്ങളിൽ പൗലൊസിന്റെ പ്രവർത്തനങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. പൗലൊസിന്റെ പര്യടനങ്ങളിൽ പലതിലും ലൂക്കൊസ് കൂടെ പോയിരുന്നതുകൊണ്ട് അവനുമായി ലൂക്കൊസിന് ഉററ സഹവാസമുണ്ടായിരുന്നു.
2 പുസ്തകം തെയോഫിലോസിനെ സംബോധനചെയ്യുന്നു. അവനെ “ശ്രീമാനായ” തെയോഫിലോസേ എന്നു സംബോധനചെയ്യുന്നതിനാൽ അവൻ ഏതോ ഔദ്യോഗികസ്ഥാനം വഹിച്ചിരിക്കാൻ സാധ്യതയുണ്ട്, അല്ലെങ്കിൽ അതു കേവലം ഉയർന്ന വിലമതിപ്പിന്റെ ഒരു പ്രകടനമായിരിക്കാം. (ലൂക്കൊ. 1:1) ഈ വിവരണം ക്രിസ്തീയ സഭയുടെ സ്ഥാപനത്തിന്റെയും വളർച്ചയുടെയും കൃത്യമായ ഒരു ചരിത്രരേഖ നൽകുന്നു. അതു യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്നു ശിഷ്യൻമാർക്കുണ്ടായ അവന്റെ പ്രത്യക്ഷതകൾമുതൽ തുടങ്ങുകയും അനന്തരം പൊ.യു. 33 മുതൽ പൊ.യു. ഏകദേശം 61 വരെയുളള പ്രധാനപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എല്ലാംകൂടെ ഏകദേശം 28 വർഷങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
3. പ്രവൃത്തികളുടെ പുസ്തകം ആർ എഴുതി, എഴുത്ത് എപ്പോൾ പൂർത്തിയാക്കപ്പെട്ടു?
3 പുരാതനകാലങ്ങൾമുതൽതന്നെ പ്രവൃത്തികളുടെ എഴുത്തു നടത്തിയതിന്റെ ബഹുമതി ലൂക്കൊസിന്റെ സുവിശേഷത്തിന്റെ എഴുത്തുകാരനു കൊടുക്കുന്നു. രണ്ടു പുസ്തകങ്ങളും തെയോഫിലോസിനെയാണു സംബോധനചെയ്യുന്നത്. തന്റെ സുവിശേഷത്തിലെ അവസാനസംഭവങ്ങൾ പ്രവൃത്തികളുടെ പ്രാരംഭവാക്യങ്ങളിൽ ആവർത്തിക്കുന്നതിനാൽ ലൂക്കൊസ് രണ്ടിനെയും ഒരേ രചയിതാവിന്റെ കൃതിയായി ഒന്നിപ്പിക്കുന്നു. പൊ.യു. ഏതാണ്ട് 61-ൽ, ഒരുപക്ഷേ അപ്പോസ്തലനായ പൗലൊസിനോടുകൂടെയുളള റോമിലെ രണ്ടു വർഷത്തെ താമസത്തിന്റെ അവസാനത്തോടടുത്ത്, ലൂക്കൊസ് പ്രവൃത്തികളുടെ എഴുത്തു പൂർത്തിയാക്കിയെന്നു തോന്നുന്നു. ആ വർഷം വരെയുളള സംഭവങ്ങൾ അതു രേഖപ്പെടുത്തുന്നതുകൊണ്ട്, അതിനുമുമ്പ് അതു പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല. അതു കൈസറിങ്കലുളള പൗലൊസിന്റെ അപ്പീലിനു തീരുമാനമാകാത്തതായി വിടുന്നതുകൊണ്ട് ആ വർഷം അതു പൂർത്തിയായി എന്നു സൂചിപ്പിക്കുന്നു.
4. പ്രവൃത്തികൾ കാനോനികവും വിശ്വാസ്യവുമാണെന്ന് എന്തു തെളിയിക്കുന്നു?
4 അതിപുരാതന കാലങ്ങൾ മുതൽ പ്രവൃത്തികൾ കാനോനികമാണെന്നു പണ്ഡിതൻമാർ അംഗീകരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഭാഗങ്ങൾ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഏററവും പഴക്കമുളള ചില പപ്പൈറസ് കൈയെഴുത്തുപ്രതികളിൽ, ശ്രദ്ധാർഹമായി പൊ.യു. മൂന്നാം നൂററാണ്ടിലെയോ നാലാം നൂററാണ്ടിലെയോ മിച്ചിഗൻ നമ്പർ 1571 (P38)-ലും മൂന്നാം നൂററാണ്ടിലെ ചെസ്ററർ ബീററി നമ്പർ 1 (P45)-ലും കണ്ടെത്തപ്പെടുന്നു. നിശ്വസ്ത തിരുവെഴുത്തുകളുടെ മററു പുസ്തകങ്ങളോടൊപ്പം പ്രവൃത്തികൾ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും തന്നിമിത്തം നേരത്തെതന്നെ പുസ്തകപ്പട്ടികയുടെ ഭാഗമായിരുന്നുവെന്നും ഇവ രണ്ടും സൂചിപ്പിക്കുന്നു. പ്രവൃത്തികളുടെ പുസ്തകത്തിലെ ലൂക്കൊസിന്റെ എഴുത്ത് അദ്ദേഹത്തിന്റെ സുവിശേഷത്തിന്റെ സവിശേഷതയായി നാം ഗൗനിച്ച അതേ ശ്രദ്ധേയമായ കൃത്യതയെ പ്രതിഫലിപ്പിക്കുന്നു. സർ വില്യം എം റാംസേ പ്രവൃത്തികളുടെ എഴുത്തുകാരന് “ഒന്നാം കിടയിലുളള ചരിത്രകാരൻമാരുടെ ഇടയിൽ” സ്ഥാനം കൊടുക്കുന്നു. “വലിയ ചരിത്രകാരന്റെ പ്രഥമവും സാരവത്തുമായ ഗുണം സത്യമാണ്. അദ്ദേഹം പറയുന്നതു വിശ്വാസയോഗ്യമായിരിക്കണം” എന്നു പറഞ്ഞുകൊണ്ട് അതിന്റെ അർഥമെന്തെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു. a
5. ലൂക്കൊസിന്റെ കൃത്യമായ വിവരണത്തിന്റെ ദൃഷ്ടാന്തം നൽകുക.
5 ലൂക്കൊസിന്റെ എഴുത്തുകളുടെ സവിശേഷതയായ കൃത്യതയുളള വിവരണത്തിന്റെ ദൃഷ്ടാന്തമെന്നോണം, ഒന്നാം ലോകമഹായുദ്ധകാലത്തു മെഡിറററേനിയനിലെ ബ്രിട്ടീഷ് യുദ്ധക്കപ്പൽസമൂഹത്തിന്റെ കമാൻഡറായ എഡ്വിൻ സ്മിത്തിനെ ഞങ്ങൾ ഉദ്ധരിക്കുന്നു, 1947 മാർച്ചിലെ ദി റഢർ എന്ന മാസികയിൽ അദ്ദേഹം എഴുതുന്നു: “പുരാതനകാലത്തെ ജലവാഹനങ്ങൾ ആധുനികകാലത്തേതുപോലെ അണിയത്തൂണിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരൊററ ചുക്കാൻകൊണ്ടല്ല തിരിച്ചുവിട്ടിരുന്നത്, പിന്നെയോ അണിയത്തിന്റെ ഇരുവശങ്ങളിലുമുളള രണ്ടു വലിയ തുഴകളാലോ തണ്ടുകളാലോ ആയിരുന്നു. അതുകൊണ്ടാണു വി. ലൂക്കൊസ് അവയെ ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് [പ്രവൃത്തികൾ 27:40, NW] . . . ഈ കപ്പൽ ശുഭസങ്കേതം വിട്ടപ്പോൾമുതൽ മാൾട്ടായുടെ തീരത്തടുക്കുന്നതുവരെയുളള അതിന്റെ നീക്കങ്ങൾ സംബന്ധിച്ചു വി. ലൂക്കൊസ് നടത്തുന്ന ഓരോ പ്രസ്താവനയും അത്യന്തം കൃത്യവും തൃപ്തികരവുമായ സ്വഭാവത്തിലുളള ബാഹ്യവും സ്വതന്ത്രവുമായ തെളിവിനാൽ പരിശോധിക്കപ്പെട്ടിട്ടുണ്ട്; എന്നുമാത്രമല്ല, കപ്പൽ കടലിൽ കിടന്ന സമയം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനകൾ, പിന്നിട്ട ദൂരത്തോട് ഒത്തുവരുന്നു; ഒടുവിൽ, ചെന്നെത്തിയ സ്ഥലത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വർണന സ്ഥലത്തിന്റെ പ്രകൃതിക്ക് അനുയോജ്യമാണ്; ഇതെല്ലാം നമ്മുടെ പരിശോധനയിൽ നാം കണ്ടെത്തിയിരിക്കുന്നു. വർണിക്കപ്പെട്ടതുപോലെയുളള സമുദ്രയാത്ര ലൂക്കൊസ് നടത്തിയെന്നു പ്രകടമാക്കാൻ ഇതെല്ലാം ഉതകുന്നു, കൂടാതെ, അവന്റെ നിരീക്ഷണങ്ങളും പ്രസ്താവനകളും ഏററവും ഉയർന്ന തോതിൽ ആശ്രയയോഗ്യവും വിശ്വാസ്യവുമായി എടുക്കാവുന്നതാണെന്നു തെളിഞ്ഞിട്ടുണ്ട്.” b
6. പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങൾ പ്രവൃത്തികളുടെ കൃത്യതയെ സ്ഥിരീകരിക്കുന്നത് എങ്ങനെയെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
6 പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങളും ലൂക്കൊസിന്റെ വിവരണത്തിന്റെ കൃത്യതയെ സ്ഥിരീകരിക്കുന്നു. ദൃഷ്ടാന്തത്തിന്, എഫേസൂസിലെ ഖനനങ്ങൾ അർത്തേമിസിന്റെ ക്ഷേത്രവും അപ്പോസ്തലനായ പൗലൊസിനെതിരെ എഫെസ്യർ ലഹളയുണ്ടാക്കിയ സ്ഥലമായ പുരാതന തിയേറററും കണ്ടെത്തിയിട്ടുണ്ട്. (പ്രവൃ. 19:27-41) തെസ്സലൊനീക്യയിലെ ഉദ്യോഗസ്ഥൻമാർക്കു ബാധകമാക്കിക്കൊണ്ടു ലൂക്കൊസ് ഉപയോഗിച്ച ‘നഗരാധിപൻമാർ’ എന്ന സ്ഥാനപ്പേരിന്റെ കൃത്യതയെ സ്ഥിരീകരിക്കുന്ന ആലേഖനങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. (17:6, 8) പുബ്ലിയസിനെ മാൾട്ടായിലെ “പ്രമാണി”യെന്നു ലൂക്കൊസ് പരാമർശിച്ചതും ശരിയായിരുന്നുവെന്നു രണ്ടു മാൾട്ടീസ് ആലേഖനങ്ങൾ പ്രകടമാക്കുന്നു.—28:7. c
7. രേഖപ്പെടുത്തിയിരിക്കുന്ന പ്രസംഗങ്ങൾ പ്രവൃത്തികളുടെ രേഖ വസ്തുനിഷ്ഠമാണെന്നു തെളിയിക്കുന്നത് എങ്ങനെ?
7 കൂടാതെ, പത്രൊസും സ്തേഫാനോസും കൊർന്നേല്യോസും തെർത്തുല്ലൊസും പൗലൊസും മററു ചിലരും നടത്തിയ വിവിധ പ്രസംഗങ്ങൾ ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്, അവയെല്ലാം ശൈലിയിലും രചനയിലും വ്യത്യസ്തമാണ്. വ്യത്യസ്ത സദസ്സുകൾക്കുമുമ്പാകെ നടത്തിയ പൗലൊസിന്റെ പ്രസംഗങ്ങൾ പോലും സന്ദർഭത്തിനു ചേർച്ചയിലാകാൻ ശൈലിയിൽ മാററം വരുത്തിയവയാണ്. ലൂക്കൊസ്തന്നെ കേട്ടതോ മററു ദൃക്സാക്ഷികൾ അവനെ അറിയിച്ചതോ ആയവ മാത്രമേ അവൻ രേഖപ്പെടുത്തിയുളളു എന്ന് ഇതു സൂചിപ്പിക്കുന്നു. ലൂക്കൊസ് കെട്ടുകഥയെഴുത്തുകാരനല്ലായിരുന്നു.
8. ലൂക്കൊസിനെയും പൗലൊസുമായുളള അവന്റെ സഹവാസത്തെയും കുറിച്ചു തിരുവെഴുത്തുകൾ നമ്മോട് എന്തു പറയുന്നു?
8 ലൂക്കൊസിന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചു വളരെ കുറച്ചു മാത്രമേ അറിയപ്പെടുന്നുളളു. ലൂക്കൊസ്തന്നെ ഒരു അപ്പോസ്തലനല്ലായിരുന്നു, എന്നാൽ അപ്പോസ്തലൻമാരായിരുന്നവരോടു സഹവസിച്ചിരുന്നു. (ലൂക്കൊ. 1:1-4) മൂന്നു സന്ദർഭങ്ങളിൽ അപ്പോസ്തലനായ പൗലൊസ് ലൂക്കൊസിന്റെ പേരെടുത്തു പറയുന്നുണ്ട്. (കൊലൊ. 4:10, 14; 2 തിമൊ. 4:11; ഫിലേ. 24) കുറേ വർഷക്കാലം അവൻ പൗലൊസിന്റെ സന്തത സഹചാരിയായിരുന്നു. ‘പ്രിയ വൈദ്യൻ’ എന്നാണു പൗലൊസ് അവനെ വിളിച്ചത്. വിവരണത്തിൽ “അവർ” എന്നും “ഞങ്ങൾ” എന്നും മാറിമാറി ഉപയോഗിക്കുന്നുണ്ട്. പൗലൊസിന്റെ രണ്ടാം മിഷനറിയാത്രയിൽ ലൂക്കൊസ് ത്രോവാസിൽ പൗലൊസിനോടുകൂടെയുണ്ടായിരുന്നുവെന്നും കുറേ വർഷങ്ങൾക്കുശേഷം പൗലൊസ് മടങ്ങിവരുന്നതുവരെ അവൻ ഫിലിപ്പിയിൽ തങ്ങിയിരിക്കാമെന്നും പിന്നീട് വീണ്ടും പൗലൊസിനോടു ചേർന്ന് അവൻ വിചാരണക്കുവേണ്ടി റോമിലേക്കു പോയപ്പോൾ അനുഗമിച്ചിരുന്നുവെന്നും അതു സൂചിപ്പിക്കുന്നു.—പ്രവൃ. 16:8, 10; 17:1; 20:4-6; 28:16.
പ്രവൃത്തികളുടെ ഉളളടക്കം
9. യേശുവിന്റെ സ്വർഗാരോഹണസമയത്തു ശിഷ്യൻമാരോട് ഏതു കാര്യങ്ങൾ പറയപ്പെടുന്നു?
9 പെന്തക്കോസ്തുവരെയുളള സംഭവങ്ങൾ (1:1-26). ലൂക്കൊസ് ഈ രണ്ടാമത്തെ വിവരണം തുടങ്ങുമ്പോൾ, പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ ആകാംക്ഷാഭരിതരായ ശിഷ്യരോട് അവർ പരിശുദ്ധാത്മാവിൽ സ്നാപനം ഏൽക്കുമെന്നു പറയുന്നു. ഈ സമയത്തു രാജ്യം പുനഃസ്ഥാപിക്കപ്പെടുമോ? ഇല്ല. എന്നാൽ അവർക്കു ശക്തി ലഭിക്കുകയും “ഭൂമിയുടെ അററത്തോളവും” അവർ സാക്ഷികളായിത്തീരുകയും ചെയ്യും. യേശു ഉയർത്തപ്പെട്ട് അവരുടെ കാഴ്ചയിൽനിന്നു മറയുമ്പോൾ “നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും” എന്ന്, വെളളവസ്ത്രം ധരിച്ച രണ്ടു പുരുഷൻമാർ അവരോടു പറയുന്നു.—1:8, 11.
10. (എ) പെന്തക്കോസ്തുദിവസം ഏതു സ്മരണാർഹമായ കാര്യങ്ങൾ സംഭവിക്കുന്നു? (ബി) പത്രൊസ് ഏതു വിശദീകരണം നൽകുന്നു, അതിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
10 സ്മരണാർഹമായ പെന്തക്കോസ്തുദിവസം (2:1-42). ശിഷ്യൻമാരെല്ലാം യെരുശലേമിൽ സമ്മേളിച്ചിരിക്കുന്നു. പെട്ടെന്ന് ആഞ്ഞടിക്കുന്ന കാററുപോലെ ഒരു ശബ്ദം വീടിനെ നിറയ്ക്കുന്നു. തീകൊണ്ടെന്നു തോന്നുന്ന നാവുകൾ ഹാജരായിരിക്കുന്നവരുടെമേൽ ഇരിക്കുന്നു. അവർ പരിശുദ്ധാത്മാവുകൊണ്ടു നിറയുകയും “ദൈവത്തിന്റെ വൻകാര്യങ്ങളെ”ക്കുറിച്ചു വ്യത്യസ്തഭാഷകളിൽ സംസാരിച്ചുതുടങ്ങുകയും ചെയ്യുന്നു. (2:11) കാണികൾ പരിഭ്രമിക്കുന്നു. ഇപ്പോൾ പത്രൊസ് എഴുന്നേററു സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഈ പകരൽ യോവേൽപ്രവചനത്തിന്റെ നിവൃത്തിയായിട്ടാണെന്നും (2:28-32) ഇപ്പോൾ പുനരുത്ഥാനംപ്രാപിച്ചു ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവാണു “നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നതു പകർന്നു”തന്നതെന്നും അവൻ വിശദീകരിക്കുന്നു. ഹൃദയത്തിൽ കുത്തുകൊണ്ട് ഏതാണ്ട് 3,000 പേർ വചനം കൈക്കൊളളുകയും സ്നാപനമേൽക്കുകയും ചെയ്യുന്നു.—2:33.
11. യഹോവ പ്രസംഗവേലയെ എങ്ങനെ അഭിവൃദ്ധിപ്പെടുത്തുന്നു?
11 സാക്ഷ്യം വികസിക്കുന്നു (2:43–5:42). അനുദിനം, രക്ഷിക്കപ്പെടുന്നവരെ യഹോവ അവരോടു ചേർക്കുന്നതിൽ തുടരുന്നു. ദൈവാലയത്തിനു പുറത്തുവെച്ചു പത്രൊസും യോഹന്നാനും, ആയുസ്സിൽ ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു മുടന്തനായ മനുഷ്യനെ കാണുന്നു. “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക,” പത്രൊസ് കൽപ്പിക്കുന്നു. പെട്ടെന്ന് ആ മനുഷ്യൻ “നടന്നും തുളളിയും ദൈവത്തെ പുകഴ്ത്തി”ത്തുടങ്ങുന്നു. അനന്തരം പത്രൊസ് ‘കർത്താവിന്റെ [“യഹോവയുടെ,” NW] സമ്മുഖത്തുനിന്നു ആശ്വാസ കാലങ്ങൾ വരേണ്ടതിന്’ അനുതപിച്ചു തിരിഞ്ഞുവരാൻ ജനത്തോട് അഭ്യർഥിക്കുന്നു. പത്രൊസും യോഹന്നാനും യേശുവിന്റെ പുനരുത്ഥാനം പ്രസംഗിക്കുന്നതിൽ മുഷിഞ്ഞ് മതനേതാക്കൻമാർ അവരെ അറസ്ററുചെയ്യുന്നു. എന്നാൽ വിശ്വാസികളുടെ അണികൾ ഏതാണ്ട് 5,000 പുരുഷൻമാരായി ഉയരുന്നു.—3:6, 8, 19.
12. (എ) പ്രസംഗം നിർത്താൻ കൽപ്പിക്കപ്പെടുമ്പോൾ ശിഷ്യൻമാർ എന്ത് ഉത്തരം കൊടുക്കുന്നു? (ബി) അനന്യാസും സഫീറയും ശിക്ഷിക്കപ്പെടുന്നതെന്തിന്?
12 അടുത്ത ദിവസം, ചോദ്യംചെയ്യുന്നതിനു പത്രൊസിനെയും യോഹന്നാനെയും യഹൂദ ഭരണാധികാരികളുടെ മുമ്പാകെ കൊണ്ടുപോകുന്നു. രക്ഷ യേശുക്രിസ്തുവിൽകൂടെ മാത്രമാണു വരുന്നതെന്നു പത്രൊസ് സംസാരസ്വാതന്ത്ര്യത്തോടെ സാക്ഷ്യം പറയുന്നു. തങ്ങളുടെ പ്രസംഗവേല നിർത്താൻ കൽപ്പിക്കപ്പെടുമ്പോൾ “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല” എന്നു പത്രൊസും യോഹന്നാനും മറുപടി പറയുന്നു. (4:19, 20) അവരെ വിട്ടയയ്ക്കുന്നു, ശിഷ്യൻമാരെല്ലാം ദൈവവചനം ധൈര്യപൂർവം പ്രസംഗിക്കുന്നതിൽ തുടരുന്നു. സാഹചര്യങ്ങൾ നിമിത്തം അവർ തങ്ങളുടെ ഭൗതികസ്വത്തുക്കൾ ഒരുമിച്ചുകൂട്ടുകയും ആവശ്യാനുസരണം വിതരണം നടത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു അനന്യാസും അദ്ദേഹത്തിന്റെ ഭാര്യയായ സഫീറയും കുറേ വസ്തു വിൽക്കുകയും മുഴു തുകയും ഏൽപ്പിക്കുന്നതായ ഭാവത്തോടെ വിലയുടെ ഒരു ഭാഗം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. പത്രൊസ് അവരുടെ കളളത്തരം തുറന്നുകാട്ടുന്നു, അവർ ദൈവത്തോടും പരിശുദ്ധാത്മാവിനോടും വ്യാജം കാണിച്ചതുകൊണ്ടു മരിച്ചുവീഴുന്നു.
13. അപ്പോസ്തലൻമാരിൽ എന്തു കുററമാരോപിക്കുന്നു, അവർ എങ്ങനെ മറുപടി പറയുന്നു, അവർ എന്തു തുടർന്നു ചെയ്യുന്നു?
13 വീണ്ടും, കുപിതരായ മതനേതാക്കൻമാർ അപ്പോസ്തലൻമാരെ ജയിലിലിടുന്നു, എന്നാൽ ഈ പ്രാവശ്യം യഹോവയുടെ ദൂതൻ അവരെ വിടുവിക്കുന്നു. അടുത്ത ദിവസം അവർ വീണ്ടും സൻഹെദ്രീമിന്റെ മുമ്പാകെ വരുത്തപ്പെടുകയും ‘യെരുശലേമിനെ അവരുടെ ഉപദേശംകൊണ്ടു നിറച്ചതായി’ കുററമാരോപിക്കപ്പെടുകയും ചെയ്യുന്നു. അവർ മറുപടി പറയുന്നു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” അടികൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും അവർ നിർത്താൻ വിസമ്മതിക്കുന്നു, അവർ ‘ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്യുന്നു.’—5:28, 29, 42.
14. സ്തേഫാനോസ് രക്തസാക്ഷിമരണത്തെ നേരിടുന്നത് എങ്ങനെ?
14 സ്തേഫാനോസിന്റെ രക്തസാക്ഷിമരണം (6:1–8:1എ). മേശകളിൽ ഭക്ഷണം വിതരണംചെയ്യുന്നതിനു പരിശുദ്ധാത്മാവിനാൽ നിയമിതരായ ഏഴുപേരിൽ ഒരാളാണു സ്തേഫാനോസ്. അവൻ സത്യത്തിനു ശക്തമായി സാക്ഷ്യംവഹിക്കുകയും ചെയ്യുന്നു. അവൻ വിശ്വാസത്തിനു വളരെ തീക്ഷ്ണമായ പിന്തുണ കൊടുക്കുന്നതിൽ കുപിതരായ അവന്റെ എതിരാളികൾ ദൈവദൂഷണകുററം ചുമത്തി അവനെ സൻഹെദ്രീംമുമ്പാകെ കൊണ്ടുവരുന്നു. സ്തേഫാനോസ് പ്രതിവാദം നടത്തവേ ആദ്യമായി ഇസ്രായേലിനോടുളള ദൈവത്തിന്റെ ദീർഘക്ഷമയെക്കുറിച്ചു പറയുന്നു. പിന്നീട്, നിർഭയമായ വാഗ്വൈഭവത്തോടെ അവൻ ആശയത്തിലേക്കു കടക്കുന്നു: ‘ശാഠ്യക്കാരേ, നിങ്ങൾ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തുനിൽക്കുന്നു. നിങ്ങൾ ദൈവദൂതൻമാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.’ (7:51-53) അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ അവന്റെമേൽ ചാടിവീഴുകയും നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞുകൊല്ലുകയും ചെയ്യുന്നു. ശൗൽ അംഗീകാരത്തോടെ നോക്കിനിൽക്കുന്നു.
15. പീഡനത്തിൽനിന്ന് എന്തു ഫലമുണ്ടാകുന്നു, ഫിലിപ്പോസിന് ഏതു പ്രസംഗാനുഭവങ്ങൾ ഉണ്ടാകുന്നു?
15 പീഡനങ്ങൾ, ശൗലിന്റെ പരിവർത്തനം (8:1ബി–9:30). അന്നു യെരുശലേമിൽ സഭക്കെതിരെ തുടങ്ങുന്ന പീഡനം അപ്പോസ്തലൻമാരൊഴികെ എല്ലാവരെയും ദേശത്തുടനീളം ചിതറിക്കുന്നു. ഫിലിപ്പോസ് ശമര്യയിലേക്കു പോകുന്നു, അവിടെ അനേകർ ദൈവവചനം സ്വീകരിക്കുന്നു. ഈ വിശ്വാസികൾക്ക് “അപ്പോസ്തലൻമാരുടെ കൈവെപ്പിലൂടെ” പരിശുദ്ധാത്മാവു ലഭിക്കേണ്ടതിനു പത്രൊസും യോഹന്നാനും യെരുശലേമിൽനിന്ന് അവിടേക്ക് അയയ്ക്കപ്പെടുന്നു. (8:18, NW) പിന്നീട് ഒരു ദൂതൻ ഫിലിപ്പോസിനെ തെക്കോട്ടു യെരുശലേം-ഗസ്സാ റോഡിലേക്കു നയിക്കുന്നു. അവിടെ എത്യോപ്യ രാജധാനിയിലെ ഒരു ഷണ്ഡൻ തന്റെ രഥത്തിൽ സഞ്ചരിക്കുന്നതും യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതും കാണുന്നു. പ്രവചനത്തിന്റെ അർഥം സംബന്ധിച്ചു ഫിലിപ്പോസ് അവനെ പ്രബുദ്ധനാക്കുകയും അവനെ സ്നാപനമേൽപ്പിക്കുകയും ചെയ്യുന്നു.
16. ശൗലിന്റെ പരിവർത്തനം നടക്കുന്നത് എങ്ങനെ?
16 അതിനിടയിൽ, പിന്നെയും “കർത്താവിന്റെ ശിഷ്യൻമാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു” ശൗൽ ദമാസ്കസിൽ ‘ഈ മാർഗത്തിൽ പെട്ടവരെ’ അറസ്ററുചെയ്യാൻ പുറപ്പെടുന്നു. പെട്ടെന്ന് ആകാശത്തുനിന്നുളള ഒരു വെളിച്ചം അവനു ചുററും മിന്നുന്നു, അവൻ അന്ധനായി താഴെ വീഴുന്നു. സ്വർഗത്തിൽനിന്നുളള ഒരു ശബ്ദം അവനോടിങ്ങനെ പറയുന്നു: “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.” ദമാസ്കസിൽ മൂന്നു ദിവസം ചെലവഴിച്ചശേഷം അനന്യാസ് എന്നു പേരുളള ഒരു ശിഷ്യൻ അവനെ ശുശ്രൂഷിക്കുന്നു. ശൗലിന് തന്റെ കാഴ്ച തിരികെ കിട്ടുന്നു. അവൻ സ്നാപനമേൽക്കുകയും പരിശുദ്ധാത്മാവുകൊണ്ടു നിറയുകയും ചെയ്യുന്നു, തന്നിമിത്തം അവൻ തീക്ഷ്ണതയും പ്രാപ്തിയുമുളള, സുവാർത്തയുടെ ഒരു പ്രസംഗകനായിത്തീരുന്നു. (9:1, 2, 5) ഈ വിസ്മയാവഹമായ സംഭവഗതിയിൽ പീഡകൻ പീഡിതനായിത്തീരുന്നു, ജീവനുവേണ്ടി ആദ്യം ദമാസ്കസിൽനിന്നും പിന്നീടു യെരുശലേമിൽനിന്നും പലായനംചെയ്യേണ്ടിവരുകയും ചെയ്യുന്നു.
17. സുവാർത്ത പരിച്ഛേദനയേൽക്കാത്ത വിജാതീയരിലേക്ക് എത്തുന്നത് എങ്ങനെ?
17 സുവാർത്ത പരിച്ഛേദനയേൽക്കാത്ത വിജാതീയരിലേക്ക് എത്തുന്നു (9:31–12:25). ഇപ്പോൾ ‘സഭെക്കു സമാധാനമുണ്ടാകുന്നു, അത് ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുളള [“യഹോവയോടുളള,” NW] ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടക്കുകയും പെരുകുകയും ചെയ്യുന്നു.’ (9:31) യോപ്പയിൽ പത്രൊസ് പ്രിയങ്കരിയായ തബീഥയെ (ഡോർക്കാസ്) മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നു, ഇവിടെനിന്നാണു കൈസര്യക്കു പോകാൻ അവനു ക്ഷണം കിട്ടുന്നത്, അവിടെ കൊർന്നേല്യോസ് എന്നു പേരുളള ഒരു സേനാപതി അവനുവേണ്ടി കാത്തിരിക്കുന്നു. അവൻ കൊർന്നേല്യോസിനോടും അവന്റെ കുടുംബത്തോടും പ്രസംഗിക്കുകയും അവർ വിശ്വസിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് അവരുടെമേൽ പകരപ്പെടുന്നു. “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും” മനസ്സിലാക്കി പത്രൊസ് അവർക്കു സ്നാപനം നൽകുന്നു.—പരിച്ഛേദനയേൽക്കാത്ത ആദ്യത്തെ വിജാതീയ പരിവർത്തിതർ. പത്രൊസ് പിന്നീട് ഈ പുതിയ വികാസത്തെ യെരുശലേമിലെ സഹോദരൻമാരോടു വിശദീകരിക്കുന്നു, അതിങ്കൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.—10:34, 35.
18. (എ) അന്ത്യോക്യയിൽ അടുത്തതായി എന്തു സംഭവിക്കുന്നു? (ബി) ഏതു പീഡനം പൊട്ടിപ്പുറപ്പെടുന്നു, എന്നാൽ അത് അതിന്റെ ലക്ഷ്യംനേടുന്നുവോ?
18 സുവാർത്ത സത്വരം വ്യാപിക്കുന്നതിൽ തുടരുമ്പോൾ ബർന്നബാസും ശൗലും അന്ത്യോക്യയിൽ നല്ല ഒരു കൂട്ടത്തെ പഠിപ്പിക്കുന്നു, ‘ആദ്യം അന്ത്യോക്യയിൽവെച്ചു ശിഷ്യൻമാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടാകുന്നു.’ (11:26) പീഡനം ഒരിക്കൽകൂടെ പൊട്ടിപ്പുറപ്പെടുന്നു. ഹെരോദാവ് അഗ്രിപ്പാ 1-ാമൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ടു കൊല്ലിക്കുന്നു. അവൻ പത്രൊസിനെ തുറുങ്കിലിടുകയുംചെയ്യുന്നു, എന്നാൽ വീണ്ടും യഹോവയുടെ ദൂതൻ പത്രൊസിനെ മോചിപ്പിക്കുന്നു. ദുഷ്ടനായ ഹെരോദാവിന് അയ്യോ കഷ്ടം! അവൻ ദൈവത്തിനു സ്തുതികൊടുക്കുന്നതിൽ പരാജയപ്പെടുന്നതുകൊണ്ട് അവനെ പുഴു തിന്നുകയും അവൻ മരിക്കുകയും ചെയ്യുന്നു. മറിച്ച്, ‘യഹോവയുടെ വചനം തുടർന്നു വളരുകയും വ്യാപിക്കുകയും ചെയ്യുന്നു.’—12:24, NW.
19. പൗലൊസിന്റെ ഒന്നാമത്തെ മിഷനറിയാത്ര എത്ര വിപുലമാണ്, എന്തു നിർവഹിക്കപ്പെടുന്നു?
19 പൗലൊസിന്റെ ഒന്നാമത്തെ മിഷനറിപര്യടനം, ബർന്നബാസിനോടുകൂടെ (13:1–14:28). d ബർന്നബാസും ‘പൗലൊസ് എന്നും പേരുളള ശൌലും’ പരിശുദ്ധാത്മാവിനാൽ വേർതിരിക്കപ്പെടുകയും അന്ത്യോക്യയിൽനിന്ന് അയയ്ക്കപ്പെടുകയും ചെയ്യുന്നു. (13:9) സൈപ്രസ് ദ്വീപിൽ, ദേശാധിപതിയായ സെർഗ്യൊസ് പൗലൊസ് ഉൾപ്പെടെ അനേകർ വിശ്വാസികളായിത്തീരുന്നു. ഏഷ്യാമൈനർ വൻകരയിൽ അവർ ആറോ അധികമോ നഗരങ്ങളിൽ ചുററിസഞ്ചരിക്കുന്നു, എല്ലായിടത്തും കഥ ഒന്നുതന്നെയാണ്: സന്തോഷപൂർവം സുവാർത്ത സ്വീകരിക്കുന്നവരും യഹോവയുടെ സന്ദേശവാഹകർക്കെതിരെ കല്ലെറിയുന്ന ജനക്കൂട്ടങ്ങളെ ഇളക്കിവിടുന്ന ശാഠ്യക്കാരായ എതിരാളികളും തമ്മിൽ വ്യക്തമായ ഒരു വേർതിരിവു കാണുന്നു. പുതുതായി രൂപവൽക്കരിക്കപ്പെട്ട സഭകളിൽ പ്രായമേറിയ പുരുഷൻമാരെ നിയമിച്ച ശേഷം പൗലൊസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങിപ്പോകുന്നു.
20. പരിച്ഛേദനയുടെ വിവാദത്തിന് എന്തു തീരുമാനത്താൽ പരിഹാരമുണ്ടാക്കുന്നു?
20 പരിച്ഛേദനയുടെ വിവാദപ്രശ്നത്തിനു തീർപ്പുണ്ടാക്കുന്നു (15:1-35). യഹൂദൻമാരല്ലാത്തവരുടെ വലിയ ഒഴുക്കുണ്ടാകുമ്പോൾ അവരെ പരിച്ഛേദന കഴിപ്പിക്കണമോയെന്ന വിവാദപ്രശ്നം ഉയർന്നുവരുന്നു. പൗലൊസും ബർന്നബാസും പ്രശ്നം അപ്പോസ്തലൻമാരുടെയും യെരുശലേമിലെ പ്രായമേറിയ പുരുഷൻമാരുടെയും മുമ്പാകെ കൊണ്ടുവരുന്നു. അവിടെ ശിഷ്യനായ യാക്കോബ് അധ്യക്ഷത വഹിക്കുകയും ഔപചാരിക ലേഖനത്താൽ ഐകകണ്ഠ്യേനയുളള തീരുമാനം അയച്ചുകൊടുക്കാൻ ക്രമീകരിക്കുകയും ചെയ്യുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (15:28, 29) ഈ ലേഖനത്താലുളള പ്രോത്സാഹനം അന്ത്യോക്യയിലെ സഹോദരൻമാർ സന്തോഷിക്കാനിടയാക്കുന്നു.
21. (എ) രണ്ടാം മിഷനറിയാത്രയിൽ ആരെല്ലാം പൗലൊസിനോടു സഹവസിക്കുന്നു? (ബി) മാസിഡോണിയായിലെ സന്ദർശനത്തിലേക്കു നയിക്കുന്ന സംഭവങ്ങളേവ?
21 പൗലൊസിന്റെ രണ്ടാം പര്യടനത്തോടെ ശുശ്രൂഷ വികസിക്കുന്നു (15:36–18:22). e “കുറെനാൾ കഴിഞ്ഞിട്ടു” ബർന്നബാസും മർക്കൊസും സൈപ്രസിലേക്കു കപ്പൽയാത്ര നടത്തുന്നു, അതേസമയം പൗലൊസും ശീലാസും സിറിയയിലൂടെയും ഏഷ്യാമൈനറിലൂടെയും പോകുന്നു. (15:36) യുവാവായ തിമോത്തി ലുസ്ത്രയിൽവെച്ചു പൗലൊസിനോടു ചേരുന്നു. അവർ ഈജിയൻ സമുദ്രതീരത്തുളള ത്രോവാസിലേക്കു സഞ്ചരിക്കുന്നു. ഇവിടെവച്ച് ഒരു ദർശനത്തിൽ “നീ മക്കദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്നു തന്നോട് ഒരു മനുഷ്യൻ അഭ്യർഥിക്കുന്നതു പൗലൊസ് കാണുന്നു. (16:9) ലൂക്കൊസ് പൗലൊസിനോടു ചേരുന്നു, അവർ മാസിഡോണിയയിലെ മുഖ്യനഗരമായ ഫിലിപ്പിയിലേക്കുളള ഒരു കപ്പലിൽ കയറുന്നു. അവിടെ പൗലൊസും ശീലാസും തടവിലിടപ്പെടുന്നു. ഇത് ഒരു ജയിലർ വിശ്വാസിയായിത്തീരുന്നതിലും സ്നാപനമേൽക്കുന്നതിലും കലാശിക്കുന്നു. അവരുടെ മോചനത്തിനുശേഷം അവർ തെസ്സലൊനീക്യയിലേക്കു നീങ്ങുന്നു, അവിടെ അസൂയാലുക്കളായ യഹൂദൻമാർ അവർക്കെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടുന്നു. അതുകൊണ്ടു രാത്രിയിൽ സഹോദരൻമാർ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കു പറഞ്ഞയയ്ക്കുന്നു. ഇവിടെ യഹൂദൻമാർ തങ്ങൾ പഠിച്ച കാര്യങ്ങളുടെ സ്ഥിരീകരണത്തിനായി “വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധി”ക്കുന്നതിനാൽ ഉത്തമ മനസ്ഥിതി പ്രകടമാക്കുന്നു. (17:11) പൗലൊസ് ലൂക്കൊസിനെ ഫിലിപ്പിയിൽ വിട്ടതുപോലെ ശീലാസിനെയും തിമൊഥെയൊസിനെയും ഈ പുതിയ സഭയോടുകൂടെ വിട്ടിട്ടു തെക്കോട്ട് ഏഥെൻസിലേക്കു യാത്ര തുടരുന്നു.
22. അരയോപഗസിലെ പൗലൊസിന്റെ വിദഗ്ധ പ്രസംഗത്തിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
22 വിഗ്രഹങ്ങൾ നിറഞ്ഞ ഈ നഗരത്തിൽ, അഹങ്കാരികളായ എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ തത്ത്വജ്ഞാനികൾ “വിടുവായൻ” എന്നും “അന്യദേവതകളെ ഘോഷിക്കുന്നവൻ” എന്നും അവനെ നിന്ദിക്കുന്നു. അവർ അവനെ അരയോപഗസിലേക്ക് അഥവാ മാഴ്സ് കുന്നിലേക്കു കൊണ്ടുപോകുന്നു. വിദഗ്ധമായ പ്രസംഗപാടവത്തോടെ പൗലൊസ് ‘സ്വർഗത്തിനും ഭൂമിക്കും നാഥനായ’ സത്യദൈവത്തെ അന്വേഷിക്കുന്നതിന് അനുകൂലമായി വാദിക്കുന്നു, അവൻ മരിച്ചവരിൽനിന്നു താൻ ഉയിർപ്പിച്ചിരിക്കുന്ന ഒരുവനാൽ നീതിയുളള ന്യായവിധിക്ക് ഉറപ്പുനൽകുന്നു. പുനരുത്ഥാനത്തെക്കുറിച്ചുളള പ്രസ്താവം സദസ്സിനെ ഭിന്നിപ്പിക്കുന്നു, എന്നാൽ ചിലർ വിശ്വാസികളായിത്തീരുന്നു.—17:18, 24.
23. കൊരിന്തിൽ എന്തു സാധിക്കുന്നു?
23 അടുത്തതായി, കൊരിന്തിൽവെച്ചു പൗലൊസ് അക്വിലായുടെയും പ്രിസ്കില്ലയുടെയും കൂടെ താമസിച്ചുകൊണ്ടു കൂടാരനിർമാണത്തൊഴിലിൽ അവരോടു ചേരുന്നു. പ്രസംഗത്തോടുളള എതിർപ്പ് അവനെ സിനഗോഗിൽനിന്ന് ഇറങ്ങിപ്പോകാനും അടുത്തുളള തീത്തൊസ് യുസ്തൊസിന്റെ വീട്ടിൽ മീററിംഗുകൾ നടത്താനും നിർബന്ധിതനാക്കുന്നു. സിനഗോഗിന്റെ അധ്യക്ഷസ്ഥാനിയായ ക്രിസ്പോസ് ഒരു വിശ്വാസിയായിത്തീരുന്നു. കൊരിന്തിൽ 18 മാസം താമസിച്ചശേഷം പൗലൊസ് അക്വിലായോടും പ്രിസ്കില്ലയോടുംകൂടെ എഫേസൂസിലേക്കു പോകുകയും അവരെ അവിടെ വിട്ടിട്ടു സിറിയയിലെ അന്ത്യോക്യയിലേക്കു യാത്ര തുടരുകയും ചെയ്യുന്നു, അങ്ങനെ തന്റെ രണ്ടാമത്തെ മിഷനറിപര്യടനം പൂർത്തിയാക്കുന്നു.
24, 25. (എ) പൗലൊസ് തന്റെ മൂന്നാം യാത്ര തുടങ്ങുന്ന സമയത്ത് എഫേസൂസിൽ എന്തു നടക്കുന്നു? (ബി) പൗലൊസിന്റെ മൂന്നുവർഷത്തെ താമസത്തിന്റെ പര്യവസാനത്തിൽ ഏതു ബഹളം നടക്കുന്നു?
24 പൗലൊസ് വീണ്ടും സഭകൾ സന്ദർശിക്കുന്നു, മൂന്നാം പര്യടനം (18:23–21:26) f അപ്പല്ലോസ് എന്നു പേരുളള ഒരു യഹൂദൻ ഈജിപ്തിലെ അലക്സാണ്ട്രിയായിൽനിന്ന് എഫേസൂസിൽ വന്നു സിനഗോഗിൽ യേശുവിനെക്കുറിച്ചു സധൈര്യം പ്രസംഗിക്കുന്നു, എന്നാൽ അവൻ കൊരിന്തിലേക്കു പോകുന്നതിനുമുമ്പ് അവന്റെ പഠിപ്പിക്കലിനു തിരുത്തൽ ആവശ്യമാണെന്ന് അക്വിലായും പ്രിസ്കില്ലയും കണ്ടെത്തുന്നു. പൗലൊസ് ഇപ്പോൾ മൂന്നാമത്തെ മിഷനറിപര്യടനത്തിലാണ്, തക്കസമയത്ത് എഫേസൂസിൽ വന്നെത്തുകയും ചെയ്യുന്നു. ഇവിടത്തെ വിശ്വാസികൾ യോഹന്നാന്റെ സ്നാപനമാണ് ഏററിരിക്കുന്നതെന്നു മനസ്സിലാക്കിക്കൊണ്ടു പൗലൊസ് യേശുവിന്റെ നാമത്തിലുളള സ്നാപനത്തെ വിശദീകരിക്കുന്നു. പിന്നീട് അവൻ 12 പുരുഷൻമാർക്കു സ്നാപനം നൽകുന്നു; അവൻ അവരുടെമേൽ കൈകൾ വെക്കുമ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിക്കുന്നു.
25 എഫേസൂസിൽ പൗലൊസിന്റെ മൂന്നു വർഷത്തെ വാസക്കാലത്തു ‘യഹോവയുടെ വചനം ഒരു ശക്തമായ വിധത്തിൽ വളർന്നു പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു,’ അനേകർ നഗരത്തിന്റെ സംരക്ഷകദേവതയായ അർത്തേമിസിന്റെ ആരാധന ഉപേക്ഷിക്കുകയും ചെയ്യുന്നു. (19:20, NW) വെളളികൊണ്ടു ക്ഷേത്രരൂപങ്ങൾ നിർമിക്കുന്നവർ തൊഴിൽ നഷ്ടപ്പെടാനുളള സാധ്യതയിൽ കുപിതരായി നഗരത്തിൽ ഉണ്ടാക്കിയ അത്യുഗ്രമായ ലഹള നിമിത്തം ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനു മണിക്കൂറുകളെടുക്കുന്നു. പിന്നീടു താമസിയാതെ, പൗലൊസ് മക്കദോന്യയിലേക്കും ഗ്രീസിലേക്കും പുറപ്പെടുകയും വഴിമധ്യേ വിശ്വാസികളെ സന്ദർശിക്കുകയും ചെയ്യുന്നു.
26. (എ) ത്രോവാസിൽ പൗലൊസ് എന്ത് അത്ഭുതം ചെയ്യുന്നു? (ബി) എഫേസൂസിൽനിന്നുളള മേൽവിചാരകൻമാർക്ക് അവൻ എന്തു ബുദ്ധ്യുപദേശം നൽകുന്നു?
26 പൗലൊസ് മൂന്നു മാസം ഗ്രീസിൽ തങ്ങിയിട്ടു മക്കദോന്യവഴി മടങ്ങിപ്പോരുന്നു, അവിടെവച്ചു ലൂക്കൊസ് അവനോടു വീണ്ടും ചേരുന്നു. അവർ ത്രോവാസിലേക്കു കടക്കുന്നു. ഇവിടെ പൗലൊസ് രാത്രിയിൽ ദീർഘമായി പ്രസംഗിക്കുകനിമിത്തം ഒരു യുവാവ് ഉറങ്ങിപ്പോകുന്നു, അവൻ മൂന്നാം നിലയിലെ ജനാലയിൽനിന്നു താഴെ വീഴുന്നു. അവനെ മരിച്ചവനായി എടുത്തുകൊണ്ടുവരുന്നു, എന്നാൽ പൗലൊസ് അവനെ ജീവനിലേക്കു പുനഃസ്ഥിതീകരിക്കുന്നു. അടുത്ത ദിവസം പൗലൊസും സംഘവും മിലേത്തോസിലേക്കു പുറപ്പെടുന്നു, യെരുശലേമിലേക്കുളള വഴിമധ്യേ അവിടെ പൗലൊസ് തങ്ങുകയും എഫേസൂസിൽനിന്നുളള പ്രായമേറിയ പുരുഷൻമാരുമായി ഒരു യോഗം നടത്തുകയും ചെയ്യുന്നു. അവർ മേലാൽ തന്റെ മുഖം കാണുകയില്ലെന്ന് അവൻ അവരെ അറിയിക്കുന്നു. അപ്പോൾ, അവർ നേതൃത്വമെടുക്കുന്നതും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നതും എത്ര അടിയന്തിരമാണ്, ‘അതിന്റെ ഇടയിൽ പരിശുദ്ധാത്മാവ് അവരെ അദ്ധ്യക്ഷരാക്കി വെച്ചിരിക്കുകയാണ്’! താൻ അവരുടെ ഇടയിൽ വെച്ച ദൃഷ്ടാന്തം അവൻ അനുസ്മരിക്കുന്നു, സഹോദരൻമാർക്കുവേണ്ടി കൊടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാതെ ഉണർന്നിരിക്കാൻ അവരെ ബുദ്ധ്യുപദേശിക്കുകയും ചെയ്യുന്നു. (20:28) യെരുശലേമിൽ കാലുകുത്തുന്നതിനെതിരെ മുന്നറിയിപ്പുകിട്ടിയിട്ടും പൗലൊസ് പിൻമാറുന്നില്ല. അവന്റെ സഹപ്രവർത്തകർ “കർത്താവിന്റെ [“യഹോവയുടെ”, NW] ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ടു സമ്മതിക്കുന്നു. (21:14) ജനതകളുടെ ഇടയിലെ തന്റെ ശുശ്രൂഷയുടെമേലുളള ദൈവാനുഗ്രഹത്തെസംബന്ധിച്ചു പൗലൊസ് യാക്കോബിനോടും പ്രായമേറിയ പുരുഷൻമാരോടും പറയുമ്പോൾ വലിയ സന്തോഷമുണ്ടാകുന്നു.
27. പൗലൊസിന് ആലയത്തിൽ എന്തു സ്വീകരണം ലഭിക്കുന്നു?
27 പൗലൊസിനെ അറസ്ററുചെയ്തു വിസ്തരിക്കുന്നു (21:27-26:32). പൗലൊസ് യെരുശലേമിലെ ആലയത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അവനു പ്രതികൂലമായ ഒരു സ്വീകരണമാണു ലഭിക്കുന്നത്. ആസ്യയിൽനിന്നുളള യഹൂദൻമാർ മുഴുനഗരത്തെയും അവനെതിരെ ഇളക്കിവിടുന്നു, തക്കസമയത്തു റോമാപടയാളികൾ അവനെ മോചിപ്പിക്കുന്നു.
28. (എ) സൻഹെദ്രീമിന്റെ മുമ്പാകെ പൗലൊസ് ഏതു പ്രശ്നം ഉന്നയിക്കുന്നു, എന്തു ഫലത്തോടെ? (ബി) അവൻ അപ്പോൾ എവിടേക്ക് അയയ്ക്കപ്പെടുന്നു?
28 ഈ ലഹളയെല്ലാം എന്തിനാണ്? ഈ പൗലൊസ് ആരാണ്? അവന്റെ കുററമെന്താണ്? പരിഭ്രാന്തനായ പട്ടാള മേധാവി ഉത്തരങ്ങൾ കിട്ടാനാഗ്രഹിക്കുന്നു. പൗലൊസിന്റെ റോമൻ പൗരത്വം നിമിത്തം അവൻ അടികൊളളാതെ രക്ഷപ്പെടുകയും സൻഹെദ്രിമിന്റെമുമ്പാകെ വരുത്തപ്പെടുകയും ചെയ്യുന്നു. ഹാ, പരീശൻമാരും സദൂക്യരുമടങ്ങുന്ന ഒരു ഭിന്നിച്ച കോടതി! തന്നിമിത്തം പൗലൊസ് പുനരുത്ഥാനത്തിന്റെ വിവാദവിഷയം ഉന്നയിക്കുകയും അവരെ വിപരീത ചേരികളിലാക്കുകയും ചെയ്യുന്നു. ഭിന്നത ഉഗ്രമാകുമ്പോൾ, പൗലൊസിനെ വലിച്ചുകീറുന്നതിനുമുമ്പു റോമൻ പടയാളികൾക്കു സൻഹെദ്രിമിന്റെ ഇടയിൽനിന്ന് അവനെ പിടിച്ചുമാറേറണ്ടിവരുന്നു. പടയാളികളുടെ കനത്ത അകമ്പടിയോടെ അവൻ രാത്രിയിൽ കൈസര്യയിൽ ഗവർണറായ ഫേലിക്സിന്റെ അടുക്കലേക്കു രഹസ്യമായി അയയ്ക്കപ്പെടുന്നു.
29. രാജദ്രോഹം ചുമത്തപ്പെട്ടതിനാൽ പൗലൊസ് ഏതു വിസ്താരങ്ങളുടെ അഥവാ വിചാരണകളുടെ പരമ്പരയെ നേരിടുന്നു, അവൻ ഏത് അപ്പീൽ നടത്തുന്നു?
29 കുററാരോപകരാൽ രാജദ്രോഹം ചുമത്തപ്പെട്ട പൗലൊസ് ഫേലിക്സിന്റെ മുമ്പാകെ സമർഥമായി പ്രതിവാദം നടത്തുന്നു. എന്നാൽ പൗലൊസിന്റെ മോചനത്തിനുവേണ്ടി കൈക്കൂലി കിട്ടുമെന്നുളള പ്രത്യാശയിൽ ഫേലിക്സ് തീരുമാനം നീട്ടിക്കൊണ്ടുപോകുന്നു. രണ്ടുവർഷം കടന്നുപോകുന്നു. പോർഷ്യസ് ഫെസ്തോസ് ഗവർണറെന്ന നിലയിൽ ഫേലിക്സിന്റെ പിൻഗാമിയായിത്തീരുന്നു, അവൻ ഒരു പുതിയ വിചാരണക്ക് ആജ്ഞാപിക്കുന്നു. വീണ്ടും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു, വീണ്ടും പൗലൊസ് തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുന്നു. എന്നാൽ ഫെസ്തോസ് യഹൂദൻമാരുടെ പ്രീതി നേടുന്നതിനു യെരുശലേമിൽവച്ചു തന്റെ മുമ്പാകെ വീണ്ടുമൊരു വിചാരണ നടത്താൻ നിർദേശിക്കുന്നു. അതുകൊണ്ടു പൗലൊസ് “ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പ്രഖ്യാപിക്കുന്നു. (25:11) കൂടുതൽ സമയം കടന്നുപോകുന്നു. ഒടുവിൽ, ഹെരോദാവ് അഗ്രിപ്പാ II-ാമൻ ഫെസ്തോസിന്റെ അടുക്കൽ ഒരു സൗഹൃദസന്ദർശനം നടത്തുന്നു. വീണ്ടും പൗലൊസ് ന്യായവിസ്താര മണ്ഡപത്തിലേക്കു വരുത്തപ്പെടുന്നു. സാക്ഷ്യം വളരെ ശക്തവും ബോധ്യപ്പെടുത്തുന്നതുമാകയാൽ “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു” എന്ന് അവനോടു പറയാൻ അഗ്രിപ്പാവ് പ്രേരിതനാകുന്നു. (26:28) അഗ്രിപ്പാവും പൗലൊസിന്റെ നിരപരാധിത്വം അംഗീകരിക്കുകയും അവൻ കൈസരെ അഭയംചൊല്ലിയില്ലായിരുന്നെങ്കിൽ വിട്ടയയ്ക്കാൻ കഴിയുമായിരുന്നുവെന്നു പറയുകയും ചെയ്യുന്നു.
30. മാൾട്ടാവരെയുളള പൗലൊസിന്റെ കപ്പൽയാത്രയിൽ ഏതനുഭവങ്ങൾ ഉണ്ടാകുന്നു?
30 പൗലൊസ് റോമിലേക്കു പോകുന്നു (27:1–28:31). g റോമിലേക്കുളള യാത്രയുടെ ആദ്യഘട്ടത്തിൽ തടവുകാരനായ പൗലൊസിനെയും മററുളളവരെയും ഒരു കപ്പലിൽ കൊണ്ടുപോകുന്നു. കാററു പ്രതികൂലമായിരുന്നതുകൊണ്ടു പുരോഗതി സാവധാനത്തിലാണ്. മുറാ തുറമുഖത്ത് അവർ കപ്പൽ മാറുന്നു. ക്രേത്തയിലെ ശുഭസങ്കേതത്തിൽ എത്തുമ്പോൾ, അവിടെ ശീതകാലം കഴിക്കാൻ പൗലൊസ് ശുപാർശചെയ്യുന്നു, എന്നാൽ ഭൂരിപക്ഷവും കപ്പൽയാത്ര തുടരാൻ ഉപദേശിക്കുന്നു. അവർ സമുദ്രയാത്ര തുടങ്ങിയ ഉടനേ ഒരു കൊടുങ്കാററിൽ അകപ്പെടുകയും നിഷ്കരുണം അടിച്ചുനീക്കപ്പെടുകയും ചെയ്യുന്നു. രണ്ടാഴ്ചക്കുശേഷം ഒടുവിൽ അവരുടെ കപ്പൽ മാൾട്ടാ തീരത്തിനടുത്ത് ആഴംകുറഞ്ഞ ഒരു സ്ഥലത്ത് ഇടിച്ചു തകരുന്നു. പൗലൊസ് മുന്നമേ കൊടുത്ത ഉറപ്പുപോലെ കപ്പലിൽ ഉണ്ടായിരുന്ന 276 പേരിൽ ആർക്കും ജീവഹാനി സംഭവിക്കുന്നില്ല! മാൾട്ടായിലെ നിവാസികൾ അസാധാരണ മാനുഷദയ കാണിക്കുന്നു. ആ ശീതകാലത്തു ദൈവാത്മാവിന്റെ അത്ഭുതശക്തിയാൽ അവരിലനേകരെ പൗലൊസ് സൗഖ്യമാക്കുന്നു.
31. റോമിൽ എത്തുമ്പോൾ പൗലൊസ് എങ്ങനെ സ്വീകരിക്കപ്പെടുന്നു, അവൻ അവിടെ എന്തിൽ തിരക്കോടെ ഏർപ്പെടുന്നു?
31 അടുത്ത വസന്തത്തിൽ പൗലൊസ് റോമിലെത്തുന്നു, സഹോദരൻമാർ അവനെ കാണാൻ വഴിയിലേക്കു വരുന്നു. അവർ വന്നു കണ്ടതു പൗലൊസ് ‘ദൈവത്തിനു നന്ദികൊടുക്കാനും ധൈര്യപ്പെടാനും’ ഇടയാക്കുന്നു. അപ്പോഴും ഒരു തടവുപുളളിയാണെങ്കിലും സ്വന്തം വാടകവീട്ടിൽ ഒരു കാവൽഭടനോടുകൂടെ താമസിക്കാൻ പൗലൊസിനെ അനുവദിക്കുന്നു. തന്റെ അടുക്കൽ വരുന്നവരെയെല്ലാം പൗലൊസ് സദയം സ്വീകരിക്കുന്നതിനെയും “പൂർണ്ണപ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും” പോരുന്നതിനെയും വർണിച്ചുകൊണ്ടു ലൂക്കൊസ് തന്റെ വിവരണം അവസാനിപ്പിക്കുന്നു.—28:15, 30.
എന്തുകൊണ്ടു പ്രയോജനപ്രദം
32. പെന്തക്കോസ്തിലും അതിനുമുമ്പും പത്രൊസ് എബ്രായ തിരുവെഴുത്തുകളുടെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തിയത് എങ്ങനെ?
32 എബ്രായ തിരുവെഴുത്തുകളുടെ വിശ്വാസ്യതയെയും നിശ്വസ്തതയെയും സ്ഥിരീകരിക്കുന്നതിനു സുവിശേഷവിവരണങ്ങളുടെ സാക്ഷ്യങ്ങളോടു പ്രവൃത്തികളുടെ പുസ്തകം അതിന്റെ സാക്ഷ്യം കൂട്ടുന്നു. പെന്തക്കോസ്തു സമീപിച്ചപ്പോൾ, പത്രൊസ് “യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ്മുഖാന്തരം മുൻപറഞ്ഞ” രണ്ടു പ്രവചനങ്ങളുടെ നിവൃത്തി ഉദ്ധരിച്ചു. (പ്രവൃ. 1:16, 20; സങ്കീ. 69:25; 109:8) വിസ്മയാധീനരായ പെന്തക്കോസ്തു ജനക്കൂട്ടത്തോട് അവർ യഥാർഥത്തിൽ പ്രവചനനിവൃത്തി കാണുകയാണെന്നും പത്രൊസ് പറഞ്ഞു: “ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ.”—പ്രവൃ. 2:16-21; യോവേൽ 2:28-32; സങ്കീർത്തനം 16:8-11-ഉം 110:1-ഉം ആയി പ്രവൃത്തികൾ 2:25-28, 34, 35 എന്നിവ താരതമ്യം ചെയ്യുക.
33. പത്രൊസും ഫിലിപ്പോസും യാക്കോബും പൗലൊസുമെല്ലാം എബ്രായ തിരുവെഴുത്തുകൾ നിശ്വസ്തമാണെന്നു തെളിയിച്ചതെങ്ങനെ?
33 ആലയത്തിനു പുറത്തെ മറെറാരു ജനക്കൂട്ടത്തെ ബോധ്യപ്പെടുത്തുന്നതിന്, പത്രൊസ് ആദ്യം മോശയെ ഉദ്ധരിക്കുകയും പിന്നീട് “അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകൻമാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു” എന്നു പറയുകയും ചെയ്തുകൊണ്ട് വീണ്ടും എബ്രായ തിരുവെഴുത്തുകളെ ആശ്രയിക്കുന്നു. പിന്നീടു സൻഹെദ്രീമിനു മുമ്പാകെ, അവർ തളളിക്കളഞ്ഞിരുന്ന കല്ലായ ക്രിസ്തു “മൂലക്കല്ലായി”ത്തീർന്നിരുന്നതായി കാണിക്കുന്നതിനു പത്രൊസ് സങ്കീർത്തനം 118:22 ഉദ്ധരിച്ചു. (പ്രവൃ. 3:22-24; 4:11) യെശയ്യാവു 53:7, 8-ലെ പ്രവചനം എങ്ങനെ നിവൃത്തിയേറിയെന്ന് എത്യോപ്യക്കാരൻ ഷണ്ഡനോടു ഫിലിപ്പോസ് വിശദീകരിച്ചു. ആ ഒരുവൻ പ്രകാശിതനായപ്പോൾ വിനീതമായി സ്നാപനത്തിന് അപേക്ഷിച്ചു. (പ്രവൃ. 8:28-35) അതുപോലെതന്നെ, യേശുവിനെക്കുറിച്ചു കൊർന്നേല്യോസിനോടു സംസാരിച്ചപ്പോൾ അവനു “സകലപ്രവാചകൻമാരും സാക്ഷ്യം പറയുന്നു” എന്നു പത്രൊസ് സാക്ഷ്യപ്പെടുത്തി. (10:43) പരിച്ഛേദനയുടെ കാര്യംസംബന്ധിച്ചു വാദപ്രതിവാദം നടന്നുകൊണ്ടിരുന്നപ്പോൾ ‘എഴുതപ്പെട്ടിരിക്കുന്നതുപോലെ ഇതിനോടു പ്രവാചകൻമാരുടെ വാക്യങ്ങളും ഒക്കുന്നു’ എന്നു പറഞ്ഞുകൊണ്ടു യാക്കോബ് തന്റെ തീരുമാനത്തിനു പിന്തുണ കൊടുത്തു. (15:15-18) അപ്പോസ്തലനായ പൗലൊസ് അതേ പ്രമാണങ്ങളെ ആശ്രയിച്ചു. (26:22; 28:23, 25-27) ദൈവവചനത്തിന്റെ ഭാഗമെന്ന നിലയിൽ എബ്രായ തിരുവെഴുത്തുകളെ ശിഷ്യൻമാരും അവരുടെ ശ്രോതാക്കളും മടിയില്ലാതെ സ്പഷ്ടമായി അംഗീകരിച്ചത് ആ എഴുത്തുകളുടെമേൽ നിശ്വസ്ത അംഗീകാരത്തിന്റെ മുദ്ര കുത്തുന്നു.
34. ക്രിസ്തീയ സഭയെസംബന്ധിച്ചു പ്രവൃത്തികൾ എന്തു വെളിപ്പെടുത്തുന്നു, ഇത് ഇന്നു വ്യത്യസ്തമാണോ?
34 ക്രിസ്തീയ സഭ എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്നും പരിശുദ്ധാത്മാവിന്റെ ശക്തിയിൻകീഴിൽ അത് എങ്ങനെ വളർന്നുവെന്നും പ്രകടമാക്കുന്നതിനു പ്രവൃത്തികൾ അത്യന്തം പ്രയോജനപ്രദമാണ്. ഈ നാടകീയ വിവരണത്തിലുടനീളം വികസനത്തിന്റെ ദൈവാനുഗ്രഹങ്ങളും ആദിമക്രിസ്ത്യാനികളുടെ ധൈര്യവും സന്തോഷവും പീഡനത്തെ അഭിമുഖീകരിക്കുമ്പോൾ അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും വിദേശസേവനത്തിൽ പ്രവേശിച്ചു മാസിഡോണിയായിലേക്കു പോകാനുളള വിളിക്കു പൗലൊസ് കൊടുക്കുന്ന മറുപടിയാൽ ഉദാഹരിക്കപ്പെടുന്നപ്രകാരം അവരുടെ സേവനസന്നദ്ധതയും നാം നിരീക്ഷിക്കുന്നു. (4:13, 31; 15:3; 5:28, 29; 8:4; 13:2-4; 16:9, 10) ക്രിസ്തീയസഭ ഇന്നു വ്യത്യസ്തമല്ല, എന്തുകൊണ്ടെന്നാൽ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിൻകീഴിൽ “ദൈവത്തിന്റെ വൻകാര്യങ്ങളെ”ക്കുറിച്ചു സംസാരിക്കുമ്പോൾ അതു സ്നേഹത്തിലും ഐക്യത്തിലും പൊതു താത്പര്യത്തിലും ഒററക്കെട്ടായി നിലകൊളളുകയാണ്.—2:11, 17, 45; 4:34, 35; 11:27-30; 12:25.
35. സാക്ഷ്യം കൊടുക്കേണ്ടിയിരുന്നത് എങ്ങനെയെന്ന് പ്രവൃത്തികൾ കാണിക്കുന്നത് എങ്ങനെ, ശുശ്രൂഷയിലെ ഏതു ഗുണത്തിന് ഊന്നൽ കൊടുക്കുന്നു?
35 ദൈവരാജ്യം ഘോഷിക്കുന്ന ക്രിസ്തീയ പ്രവർത്തനം എങ്ങനെ നിർവഹിക്കണമെന്നു പ്രവൃത്തികളുടെ പുസ്തകം പ്രകടമാക്കുന്നു. “പ്രയോജനമുളളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കുകയും ചെയ്തു”വെന്നു പറഞ്ഞ പൗലൊസ്തന്നെ ഒരു ദൃഷ്ടാന്തമായിരുന്നു. അനന്തരം അവൻ തുടർന്നു പറയുന്നു: “ഞാൻ പൂർണമായി സാക്ഷീകരിച്ചു.” [NW] ‘പൂർണമായ സാക്ഷീകരണ’ത്തിന്റെ ഈ പ്രതിപാദ്യം പുസ്തകത്തിലുടനീളം നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നു. അത് അവസാനഖണ്ഡികകളിൽ ഗംഭീരമായി മുൻപന്തിയിലേക്കു വരുന്നു. അവിടെ തടവുബന്ധനങ്ങളിൻകീഴിൽപോലും പ്രസംഗത്തോടും പഠിപ്പിക്കലിനോടുമുളള പൗലൊസിന്റെ മുഴുഹൃദയത്തോടെയുളള അർപ്പണം ഈ വാക്കുകളിൽ തെളിയിക്കപ്പെടുന്നു: “അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധംവരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.” നാം നമ്മുടെ രാജ്യപ്രവർത്തനത്തിൽ എന്നും അതുപോലെ ഏകാഗ്രഹൃദയമുളളവരായിരിക്കട്ടെ!—20:20, 21; 28:23; 2:40; 5:42; 26:22.
36. പൗലൊസിനാലുളള ഏതു പ്രായോഗിക ബുദ്ധ്യുപദേശം ഇന്നത്തെ മേൽവിചാരകൻമാർക്കു ശക്തമായി ബാധകമാകുന്നു?
36 എഫേസൂസിൽനിന്നു വന്ന മേൽവിചാരകൻമാരോടുളള പൗലൊസിന്റെ പ്രസംഗത്തിൽ ഇന്നത്തെ മേൽവിചാരകൻമാർക്കു പ്രായോഗികമായ വളരെയധികം ബുദ്ധ്യുപദേശം അടങ്ങിയിരിക്കുന്നു. ഇവർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ടവരായതുകൊണ്ട് ആട്ടിൻകൂട്ടത്തെ സ്നേഹപൂർവം മേയിച്ചുകൊണ്ടും അവയുടെ നാശം അന്വേഷിക്കുന്ന മർദകചെന്നായ്ക്കൾക്കെതിരെ അവയെ സംരക്ഷിച്ചുകൊണ്ടും ‘തങ്ങൾക്കുതന്നെയും മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധ കൊടുക്കുന്നത്’ [NW] അതിപ്രധാനമാണ്. ഇതു നിസ്സാരമായ ഉത്തരവാദിത്വമല്ല! മേൽവിചാരകൻമാർ ഉണർന്നിരിക്കുകയും ദൈവത്തിന്റെ അനർഹദയയുടെ വചനത്തിൽ തങ്ങളേത്തന്നെ കെട്ടുപണിചെയ്യുകയും ചെയ്യേണ്ട ആവശ്യമുണ്ട്. ദുർബലരെ സഹായിക്കാൻ കഠിനയത്നം ചെയ്യുമ്പോൾ അവർ “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തു”കൊളളണം.—20:17-35.
37. നയപൂർവകമായ ഏതു വാദത്തോടെ പൗലൊസ് അരയോപഗസിൽവെച്ചു തന്റെ ആശയം ധരിപ്പിച്ചു?
37 പൗലൊസിന്റെ മററു പ്രസംഗങ്ങളും ബൈബിൾതത്ത്വങ്ങളുടെ വ്യക്തമായ വിശദീകരണങ്ങളാൽ തിളങ്ങുകയാണ്. ദൃഷ്ടാന്തത്തിന്, അരയോപഗസിൽവെച്ചു സ്റ്റോയിക്കരോടും എപ്പിക്കൂര്യരോടും നടത്തിയ പ്രസംഗത്തിലെ വിശിഷ്ടമായ വാദം. ആദ്യമായി അവൻ “അജ്ഞാതദേവന്നു” എന്ന വേദിക്കല്ലിലെ ആലേഖനം ഉദ്ധരിക്കുകയും ഇതിനെ ഒരു മനുഷ്യനിൽനിന്നു ഭൂമിയിലെ സകല മനുഷ്യജനതകളെയും ഉണ്ടാക്കിയ ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവായ ഏകസത്യദൈവം “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും” എന്നു വിശദീകരിക്കുന്നതിനുളള ന്യായമായി ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് അവർ പൊന്നോ വെളളിയോ കല്ലോ കൊണ്ടുളള നിർജീവ വിഗ്രഹങ്ങളിൽനിന്ന് ഉത്ഭവിച്ചുവെന്നു സങ്കൽപ്പിക്കുന്നത് എത്ര മൗഢ്യമാണെന്നു കാണിക്കാൻ അവൻ “നാം അവന്റെ സന്താനമല്ലോ” എന്ന അവരുടെ കവികളുടെ വാക്കുകൾ ഉദ്ധരിക്കുന്നു. അങ്ങനെ പൗലൊസ് നയപൂർവം ജീവനുളള ദൈവത്തിന്റെ പരമാധികാരത്തെ സ്ഥാപിക്കുന്നു. തന്റെ ഉപസംഹാരവാക്കുകളിൽമാത്രമാണ് അവൻ പുനരുത്ഥാനത്തിന്റെ വിവാദവിഷയം ഉന്നയിക്കുന്നത്, അപ്പോൾപ്പോലും അവൻ ക്രിസ്തുവിന്റെ പേർ പറയുന്നില്ല. അവൻ ഏകസത്യദൈവത്തിന്റെ പരമോന്നത പരമാധികാരംസംബന്ധിച്ച തന്റെ ആശയം ധരിപ്പിച്ചു. തത്ഫലമായി ചിലർ വിശ്വാസികളായിത്തീർന്നു.—17:22-34.
38. പ്രവൃത്തികളിൽ പ്രോത്സാഹിപ്പിച്ചിരിക്കുന്നതരം പഠനത്തിൽനിന്ന് എന്തനുഗ്രഹങ്ങൾ കൈവരും?
38 പ്രവൃത്തികളുടെ പുസ്തകം ‘എല്ലാ തിരുവെഴുത്തി’ന്റെയും തുടർച്ചയായ, ഉത്സുകമായ പഠനത്തിനു പ്രോത്സാഹിപ്പിക്കുന്നു. പൗലൊസ് ആദ്യം ബെരോവയിൽ പ്രസംഗിച്ചപ്പോൾ അവിടത്തെ യഹൂദൻമാർ “വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു”വെന്നതിനാൽ ‘ഉത്തമൻമാർ’ എന്നു പ്രശംസിക്കപ്പെട്ടു. (17:11) അന്നത്തെപ്പോലെ ഇന്നും യഹോവയുടെ ആത്മനിറവുളള സഭയോടുളള സഹവാസത്തിൽ നടത്തുന്ന തിരുവെഴുത്തുകളുടെ ഈ ആകാംക്ഷാപൂർവകമായ പരിശോധന ബോധ്യത്തിന്റെയും ശക്തമായ വിശ്വാസത്തിന്റെയും അനുഗ്രഹങ്ങളിൽ കലാശിക്കും. അങ്ങനെയുളള അധ്യയനത്താലാണ് ഒരുവനു ദിവ്യോദ്ദേശ്യങ്ങളെക്കുറിച്ചുളള വ്യക്തമായ വിലമതിപ്പിൽ എത്തിച്ചേരാൻ കഴിയുന്നത്. ഈ തത്ത്വങ്ങളിൽ ചിലതിന്റെ ഒരു നല്ല പ്രസ്താവന പ്രവൃത്തികൾ 15:29-ൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ അപ്പോസ്തലൻമാരും യെരുശലേമിലെ പ്രായമേറിയ സഹോദരൻമാരുമടങ്ങിയ ഭരണസംഘം, ആത്മീയ ഇസ്രായേലിനു പരിച്ഛേദന ഒരു വ്യവസ്ഥയല്ലാതിരിക്കെ വിഗ്രഹാരാധനയും രക്തവും പരസംഗവും സംബന്ധിച്ചു സുനിശ്ചിതമായ വിലക്കുകൾ ഉണ്ടെന്ന് അറിയിച്ചു.
39. (എ) പീഡനങ്ങളെ നേരിടുന്നതിനു ശിഷ്യൻമാർ എങ്ങനെ ബലിഷ്ഠരാക്കപ്പെട്ടു? (ബി) അവർ ഏതു ധീരമായ സാക്ഷ്യം കൊടുത്തു? അതു ഫലപ്രദമായിരുന്നോ?
39 ആ ആദിമശിഷ്യൻമാർ യഥാർഥമായി നിശ്വസ്ത തിരുവെഴുത്തുകൾ പഠിച്ചു, ആവശ്യാനുസരണം ഉദ്ധരിക്കാനും ബാധകമാക്കാനും പ്രാപ്തരുമായി. ഭയങ്കര പീഡനങ്ങളെ നേരിടുന്നതിനു സൂക്ഷ്മപരിജ്ഞാനത്താലും ദൈവാത്മാവിനാലും അവർ ബലിഷ്ഠരാക്കപ്പെട്ടു. എതിർക്കുന്ന ഭരണാധികാരികളോടു പത്രൊസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല” എന്നു സധൈര്യം പറഞ്ഞപ്പോൾ എല്ലാ വിശ്വസ്ത ക്രിസ്ത്യാനികൾക്കും മാതൃക വെച്ചു. യേശുവിന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കരുതെന്ന് “അമർച്ചയായി കല്പിച്ച” സൻഹെദ്രീമിന്റെ മുമ്പാകെ വീണ്ടും വരുത്തപ്പെട്ടപ്പോൾ അവർ സംശയലേശമെന്യേ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പറഞ്ഞു. ഈ നിർഭയമായ മൊഴി ഭരണാധികാരികൾക്കുളള ഒരു നല്ല സാക്ഷ്യത്തിൽ കലാശിച്ചു. അതു പ്രശസ്ത ന്യായപ്രമാണ ഉപദേഷ്ടാവായ ഗമാലിയേൽ ആരാധനാസ്വാതന്ത്ര്യത്തിന് അനുകൂലമായുളള തന്റെ സുപ്രസിദ്ധ പ്രസ്താവന ചെയ്യുന്നതിലേക്കു നയിച്ചു, അത് അപ്പോസ്തലൻമാരുടെ മോചനത്തിലേക്കു നയിച്ചു.—4:19, 20; 5:28, 29, 34, 35, 38, 39.
40. രാജ്യത്തിനു പൂർണസാക്ഷ്യം കൊടുക്കുന്നതിനു പ്രവൃത്തികൾ നമുക്ക് എന്തു പ്രചോദനം നൽകുന്നു?
40 മുഴുബൈബിളിലുമുടനീളം ഒരു പൊൻചരടുപോലെ നീളുന്ന തന്റെ രാജ്യത്തെസംബന്ധിച്ച യഹോവയുടെ മഹത്തായ ഉദ്ദേശ്യം പ്രവൃത്തികളുടെ പുസ്തകത്തിൽ വളരെ പ്രമുഖമായി മുന്തിനിൽക്കുന്നു. തുടക്കത്തിൽ, യേശു സ്വർഗാരോഹണത്തിനു മുമ്പുളള തന്റെ 40 ദിവസക്കാലത്തു “ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞു”കൊണ്ടിരുന്നതായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുളള ശിഷ്യൻമാരുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു അവർ ആദ്യം ഭൂമിയുടെ അതിവിദൂരഭാഗത്തോളം തന്റെ സാക്ഷികളായിരിക്കേണ്ടതാണെന്നു യേശു അവരോടു പറഞ്ഞത്. (1:2, 6, 8) യെരുശലേമിൽ തുടങ്ങി ശിഷ്യൻമാർ അചഞ്ചലമായ ധൈര്യത്തോടെ രാജ്യം പ്രസംഗിച്ചു. പീഡനങ്ങൾ സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലാൻ ഇടയാക്കുകയും ശിഷ്യരിൽ അനേകരെ പുതിയ പ്രദേശങ്ങളിലേക്കു ചിതറിക്കുകയും ചെയ്തു. (7:59, 60) ഫിലിപ്പോസ് ശമര്യയിൽ വളരെയധികം വിജയത്തോടെ ‘ദൈവരാജ്യത്തിന്റെ സുവിശേഷം’ ഘോഷിച്ചുവെന്നും പൗലൊസും അവന്റെ കൂട്ടാളികളും ആസ്യയിലും കൊരിന്തിലും എഫേസൂസിലും റോമിലും “രാജ്യം” പ്രസംഗിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ ആദിമക്രിസ്ത്യാനികളെല്ലാം യഹോവയുടെമേലും താങ്ങിനിർത്തുന്ന അവന്റെ ആത്മാവിൻമേലുമുളള അചഞ്ചലമായ ആശ്രയത്തിന്റെ തിളക്കമാർന്ന ദൃഷ്ടാന്തം വെച്ചു. (8:5, 12; 14:5-7, 21, 22; 18:1, 4; 19:1, 8; 20:25; 28:30, 31) അവരുടെ അദമ്യമായ തീക്ഷ്ണതയെയും ധൈര്യത്തെയും വീക്ഷിക്കുന്നതും അവരുടെ ശ്രമങ്ങളെ യഹോവ എത്ര സമൃദ്ധമായി അനുഗ്രഹിച്ചുവെന്നു ഗൗനിക്കുന്നതും “ദൈവരാജ്യത്തിനു പൂർണസാക്ഷ്യം വഹിക്കുന്നതിൽ” വിശ്വസ്തരായിരിക്കാൻ നമുക്കും അത്ഭുതകരമായ പ്രചോദനമാണ്.—28:23, NW.
[അടിക്കുറിപ്പുകൾ]
a സഞ്ചാരിയായ വി. പൗലൊസ് (ഇംഗ്ലീഷ്), 1895, പേജ് 4.
b ഉണരുക!യുടെ [ഇംഗ്ലീഷ്] 1947 ജൂലൈ 22-ലെ ലക്കത്തിന്റെ 22-3 പേജുകളിൽ ഉദ്ധരിച്ചിരിക്കുന്നത്; 1971 ഏപ്രിൽ 8-ലെ ഉണരുക!യുടെ [ഇംഗ്ലീഷ്] 27-8 പേജുകളും കാണുക.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 153-4, 734-5; വാല്യം 2, പേജ് 748.
d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 747.
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 747.
f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 747.
g തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 750.
[അധ്യയന ചോദ്യങ്ങൾ]