ബൈബിൾ പുസ്തക നമ്പർ 48—ഗലാത്യർ
ബൈബിൾ പുസ്തക നമ്പർ 48—ഗലാത്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: കൊരിന്ത് അല്ലെങ്കിൽ സിറിയയിലെ അന്ത്യോക്യ
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 50-52
1. ഗലാത്യരിൽ ഏതു സഭകളെ സംബോധന ചെയ്തിരിക്കുന്നു, അവ എങ്ങനെ, എപ്പോൾ സംഘടിപ്പിക്കപ്പെട്ടു?
ഗലാത്യർ 1:2-ൽ പൗലൊസ് അഭിസംബോധനചെയ്ത ഗലാത്യയിലെ സഭകളിൽ പ്രത്യക്ഷത്തിൽ പിസിദ്യയിലെ അന്ത്യോക്യ, ഇക്കോന്യ, ലുസ്ത്ര, ദെർബ എന്നിവ ഉൾപ്പെട്ടിരുന്നു—എല്ലാം ഈ റോമൻ പ്രവിശ്യയിൽത്തന്നെയുളള വ്യത്യസ്ത ജില്ലകളിൽപ്പെട്ട സ്ഥലങ്ങൾ. പ്രവൃത്തികൾ 13-ഉം 14-ഉം അധ്യായങ്ങൾ ഗലാത്യസഭകളുടെ സംഘടിപ്പിക്കലിലേക്കു നയിച്ച, ഈ പ്രദേശങ്ങളിലൂടെയുളള പൗലൊസിന്റെയും ബർന്നബാസിന്റെയും ഒന്നാമത്തെ മിഷനറിയാത്രയെക്കുറിച്ചു പറയുന്നു. ഈ സഭകൾ യഹൂദരും യഹൂദേതരരും കലർന്നതായിരുന്നു. സെൽററുകളോ ഗൗളുകളോ ഉൾപ്പെട്ടിരുന്നുവെന്നതിനു സംശയമില്ല. ഈ സഭകളുടെ രൂപവൽക്കരണം പൗലൊസ് പൊ.യു. 46-നോട് അടുത്തു യെരുശലേമിലേക്കു നടത്തിയ സന്ദർശനം കഴിഞ്ഞു താമസിയാതെയായിരുന്നു.—പ്രവൃത്തികൾ 12:25.
2. (എ) പൗലൊസിന്റെ ഗലാത്യയിലെ രണ്ടാമത്തെ പര്യടനത്തിൽനിന്ന് എന്തു ഫലമുണ്ടായി, എന്നാൽ അതിനുശേഷം എന്തുണ്ടായി? (ബി) ഇതിനിടയിൽ, പൗലൊസ് തന്റെ യാത്ര എങ്ങനെ തുടർന്നു?
2 പൊ.യു. 49-ാമാണ്ടിൽ പൗലൊസും ശീലാസും ഗലാത്യപ്രദേശത്തുകൂടെയുളള പൗലൊസിന്റെ രണ്ടാമത്തെ മിഷനറിപര്യടനത്തിനായി പുറപ്പെട്ടു, അതു ‘സഭകൾ വിശ്വാസത്തിൽ ഉറെക്കുന്നതിലും എണ്ണത്തിൽ ദിവസേന പെരുകുന്നതിലും’ കലാശിച്ചു. (പ്രവൃ. 16:5; 15:40, 41; 16:1, 2) എന്നിരുന്നാലും, യഹൂദ മതാനുകൂലികളായ വ്യാജോപദേഷ്ടാക്കൾ പെട്ടെന്നു വന്നെത്തി, അവർ പരിച്ഛേദനയും മോശയുടെ ന്യായപ്രമാണത്തിന്റെ ആചരണവും സത്യക്രിസ്ത്യാനിത്വത്തിന്റെ അത്യന്താപേക്ഷിത ഭാഗങ്ങളാണെന്നു വിശ്വസിക്കാൻ ഗലാത്യസഭയിലെ ചിലരെ പ്രേരിപ്പിച്ചു. ഇതിനിടയിൽ പൗലൊസ് മുസ്യ കടന്നു മാസിഡോണിയയിലേക്കും ഗ്രീസിലേക്കും സഞ്ചരിച്ചിരുന്നു, ഒടുവിൽ കൊരിന്തിലും വന്നെത്തി. അവിടെ അവൻ സഹോദരൻമാരോടൊത്ത് 18-ൽപ്പരം മാസം ചെലവഴിച്ചു. പിന്നീട്, പൊ.യു. 52-ൽ അവൻ എഫേസൂസ് വഴി തന്റെ പ്രവർത്തനകേന്ദ്രമായ സിറിയയിലെ അന്ത്യോക്യയിലേക്കു പോയി, അതേ വർഷത്തിൽതന്നെ അവിടെ ചെന്നെത്തുകയും ചെയ്തു.—പ്രവൃ. 16:8, 11, 12; 17:15; 18:1, 11, 18-22.
3. ഗലാത്യർ എവിടെവെച്ച്, എപ്പോൾ എഴുതിയിരിക്കാം?
3 പൗലൊസ് ഗലാത്യർക്കുളള ലേഖനം എവിടെവച്ച്, എപ്പോൾ എഴുതി? യഹൂദമതാനുകൂലികളുടെ പ്രവർത്തനംസംബന്ധിച്ചുളള വാർത്ത കേട്ട ഉടനെ അവൻ അതെഴുതിയെന്നതിനു സംശയമില്ല. അതു കൊരിന്തിലോ എഫേസൂസിലോ സിറിയയിലെ അന്ത്യോക്യയിലോ വെച്ചായിരിക്കാനിടയുണ്ട്. അതു പൊ.യു. 50-52-ൽ അവന്റെ 18 മാസത്തെ കൊരിന്തിലെ താമസക്കാലത്തായിരിക്കാൻ നല്ല സാധ്യതയുണ്ട്, കാരണം അവിടെ ഗലാത്യയിൽനിന്ന് അവനു വിവരങ്ങൾ കിട്ടാൻ സമയമുണ്ടായിരുന്നു. അവന്റെ മടക്കയാത്രയിൽ എഫേസൂസിൽ ഹ്രസ്വമായി മാത്രം താമസിച്ചതുകൊണ്ട് എഫേസൂസിൽനിന്നായിരിക്കാനിടയില്ല. എന്നിരുന്നാലും, അവൻ തുടർന്ന് സിറിയൻ അന്ത്യോക്യയിലെ തന്റെ സ്വന്ത പ്രവർത്തനകേന്ദ്രത്തിൽ ‘കുറെ നാൾ താമസിച്ചു,’ പ്രത്യക്ഷത്തിൽ പൊ.യു. 52-ലെ വേനൽക്കാലത്ത്. ഈ നഗരവും ഏഷ്യാമൈനറും തമ്മിൽ അനായാസമായ വാർത്താവിനിമയമുണ്ടായിരുന്നതുകൊണ്ടു യഹൂദമതാനുകൂലികളെക്കുറിച്ചുളള വാർത്ത അവനു കിട്ടാനും സിറിയയിലെ അന്ത്യോക്യയിൽനിന്നു ഗലാത്യർക്കുളള തന്റെ ലേഖനം ഈ സമയത്ത് എഴുതാനും സാധ്യതയുണ്ട്.—പ്രവൃ. 18:23.
4. പൗലൊസിന്റെ അപ്പോസ്തലത്വത്തെക്കുറിച്ചു ഗലാത്യർ എന്തു വെളിപ്പെടുത്തുന്നു?
4 ഈ ലേഖനം ‘മനുഷ്യരിൽനിന്നല്ല മനുഷ്യനാലുമല്ല, യേശുക്രിസ്തുവിനാലും പിതാവായ ദൈവത്താലും അപ്പൊസ്തലനായവൻ’ എന്നു പൗലൊസിനെ വർണിക്കുന്നു. അതു പൗലൊസിന്റെ ജീവിതത്തെയും അപ്പോസ്തലത്വത്തെയും കുറിച്ചുളള അനേകം വസ്തുതകളും വെളിപ്പെടുത്തുന്നു, അവൻ യെരുശലേമിലെ അപ്പോസ്തലൻമാരോടുളള യോജിപ്പിൽ പ്രവർത്തിച്ചുവെന്നും മറെറാരു അപ്പോസ്തലനായ പത്രൊസിനെ തിരുത്തുന്നതിൽ തന്റെ അധികാരം പ്രയോഗിക്കുകപോലും ചെയ്തുവെന്നും തെളിയിച്ചുകൊണ്ടുതന്നെ.—ഗലാ. 1:1, 13-24; 2:1-14.
5. ഏതു വസ്തുതകൾ ഗലാത്യരുടെ വിശ്വാസ്യതയെയും കാനോനികതയെയും തെളിയിക്കുന്നു?
5 ഗലാത്യരുടെ വിശ്വാസ്യതയെയും കാനോനികതയെയും ഏതു വസ്തുതകൾ തെളിയിക്കുന്നു? ഐറേനിയസ്, അലക്സാണ്ട്രിയയിലെ ക്ലെമൻറ്, തെർത്തുല്യൻ, ഓറിജൻ എന്നിവരുടെ എഴുത്തുകളിൽ പേർപറഞ്ഞ് അതിനെ പരാമർശിക്കുന്നുണ്ട്. തന്നെയുമല്ല, അതു പിൻവരുന്ന ഗണനീയമായ പ്രധാന ബൈബിൾ കൈയെഴുത്തുപ്രതികളിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു: സൈനാററിക്, അലക്സാണ്ട്രിയൻ, വത്തിക്കാൻ നമ്പർ 1209, കോഡക്സ് എഫ്രയീമി സൈറി റെസ്ക്രിപ്ററസ്, കോഡക്സ് ക്ലാറോമോണ്ടാനസ്, ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2 (P46). മാത്രവുമല്ല, അതു മററു ഗ്രീക്ക് തിരുവെഴുത്തുകളുമായും എബ്രായ തിരുവെഴുത്തുകളുമായും തികച്ചും യോജിപ്പിലാണ്, അവയെ അതു കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്.
6. (എ) ഗലാത്യരുടെ ലേഖനം ഏതു രണ്ട് ആശയങ്ങൾ സ്ഥാപിക്കുന്നു? (ബി) ഈ ലേഖനത്തിന്റെ എഴുത്തുസംബന്ധിച്ച് എന്ത് അസാധാരണമായിരുന്നു, അത് എന്തു ദൃഢീകരിക്കുന്നു?
6 ‘ഗലാത്യസഭകൾക്കുളള’ പൗലൊസിന്റെ ശക്തവും അത്യന്തം ഫലകരവുമായ ലേഖനത്തിൽ അവൻ (1) താൻ ഒരു യഥാർഥ അപ്പോസ്തലനാണെന്നും (യഹൂദമതാനുകൂലികൾ നിഷേധിക്കാൻ ശ്രമിച്ച ഒരു വസ്തുത) (2) നീതീകരണം ക്രിസ്തുയേശുവിലുളള വിശ്വാസത്താലാണെന്നും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ലെന്നും തന്നിമിത്തം പരിച്ഛേദന ക്രിസ്ത്യാനികൾക്ക് ആവശ്യമുളളതല്ലെന്നും അവൻ തെളിയിക്കുന്നു. തന്റെ ലേഖനങ്ങൾ എഴുതാൻ ഒരു സെക്രട്ടറിയെ ഉപയോഗിക്കുന്നതു പൗലൊസിന്റെ ശീലം ആയിരുന്നെങ്കിലും അവൻതന്നെയാണു ‘സ്വന്ത കൈകൊണ്ടു വലിയ അക്ഷരമായി’ ഗലാത്യർ എഴുതിയത്. (6:11) പുസ്തകത്തിന്റെ ഉളളടക്കം പൗലൊസിനും ഗലാത്യർക്കും ഏററവും വലിയ പ്രാധാന്യമുളളതായിരുന്നു. പുസ്തകം സത്യക്രിസ്ത്യാനികൾക്കു യേശുക്രിസ്തുവിലൂടെ കൈവന്ന സ്വാതന്ത്ര്യത്തോടുളള വിലമതിപ്പിന് ഊന്നൽ കൊടുക്കുന്നു.
ഗലാത്യരുടെ ഉളളടക്കം
7, 8. (എ) സുവാർത്തസംബന്ധിച്ചു പൗലൊസ് എന്തു വാദിക്കുന്നു? (ബി) പൗലൊസ് പരിച്ഛേദനയേൽക്കാത്തവർക്കായുളള അപ്പോസ്തലനായി സ്ഥിരീകരിക്കപ്പെട്ടതെങ്ങനെ, കേഫാവിനോടുളള ബന്ധത്തിൽ അവൻ തന്റെ അധികാരം പ്രകടമാക്കിയത് എങ്ങനെ?
7 പൗലൊസ് തന്റെ അപ്പോസ്തലത്വത്തിനുവേണ്ടി വാദിക്കുന്നു (1:1–2:14). ഗലാത്യയിലെ സഭകളെ അഭിവാദനം ചെയ്തശേഷം, അവർ വളരെ പെട്ടെന്നു മറെറാരു തരം സുവാർത്തയിലേക്കു മാററപ്പെടുന്നതിൽ പൗലൊസ് അത്ഭുതപ്പെടുകയാണ്. അവൻ ഉറപ്പായി ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” അവൻ പ്രഖ്യാപിച്ച സുവാർത്ത മാനുഷികമായ എന്തെങ്കിലുമല്ല, “യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ” അല്ലാതെ അവൻ അതു പഠിപ്പിക്കപ്പെട്ടുമില്ല. മുമ്പു യഹൂദമതത്തിന്റെ തീക്ഷ്ണതയുളള ഒരു വ്യാഖ്യാതാവെന്ന നിലയിൽ പൗലൊസ് ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചിരുന്നു. എന്നാൽ അങ്ങനെയിരിക്കെ ദൈവം തന്റെ അനർഹദയയാൽ തന്റെ പുത്രനെക്കുറിച്ചുളള സുവാർത്ത ജനതകളോടു പ്രഖ്യാപിക്കാൻ അവനെ വിളിച്ചു. അവന്റെ പരിവർത്തനത്തിനുശേഷം മൂന്നു വർഷം കഴിഞ്ഞേ അവൻ യെരുശലേമിലേക്കു പോയുളളു. മാത്രവുമല്ല, അപ്പോസ്തലൻമാരിൽ പത്രൊസിനെയും അതുപോലെതന്നെ കർത്താവിന്റെ സഹോദരനായ യാക്കോബിനെയും മാത്രമേ അവൻ കണ്ടുളളു. അവൻ വ്യക്തിപരമായി യഹൂദ്യയിലെ സഭകൾക്ക് അപരിചിതനായിരുന്നു, എങ്കിലും അവർ അവനെക്കുറിച്ചു കേൾക്കുകയും അവനെ പ്രതി “ദൈവത്തെ മഹത്വപ്പെടുത്തി”ത്തുടങ്ങുകയും ചെയ്തിരുന്നു.—1:8, 12, 24.
8 പതിന്നാലു വർഷം കഴിഞ്ഞു പൗലൊസ് വീണ്ടും യെരുശലേംവരെ പോകുകയും താൻ പ്രസംഗിച്ചുകൊണ്ടിരുന്ന സുവാർത്ത സ്വകാര്യമായി വിശദീകരിക്കുകയും ചെയ്തു. പൗലൊസിന്റെ സഹപ്രവർത്തകനായ തീത്തൊസ് ഒരു ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനയേൽക്കണമെന്നു തീത്തൊസിനോട് ആവശ്യപ്പെട്ടുപോലുമില്ല. പരിച്ഛേദനയേററവർക്കുവേണ്ടിയുളള സുവാർത്ത പത്രൊസിനുണ്ടായിരുന്നതുപോലെ, പരിച്ഛേദനയേൽക്കാത്തവർക്കുവേണ്ടിയുളള സുവാർത്ത പൗലൊസിനെ ഭരമേൽപ്പിച്ചതായി യാക്കോബും കേഫാവും യോഹന്നാനും കണ്ടപ്പോൾ, അവർതന്നെ പരിച്ഛേദനയേററവരുടെ അടുക്കലേക്കു പോകവേ, ജനതകളുടെ അടുക്കലേക്കു പോകാൻ പൗലൊസിനും ബർന്നബാസിനും കൂട്ടായ്മയുടെ വലങ്കൈ കൊടുത്തു. കേഫാവ് അന്ത്യോക്യയിലേക്കു വരുകയും പരിച്ഛേദനയേററ വർഗ്ഗത്തെ ഭയന്നു “സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കു”ന്നതിൽ പരാജയപ്പെടുകയും ചെയ്തപ്പോൾ അവരുടെയെല്ലാം മുമ്പാകെ പൗലൊസ് അവനെ ശാസിച്ചു.—2:14.
9. എന്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനി നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നു?
9 ന്യായപ്രമാണത്താലല്ല, വിശ്വാസത്താൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു (2:15–3:29). “യേശുക്രിസ്തുവിലുളള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല” എന്നു യഹൂദൻമാരായ നമുക്കറിയാം എന്ന് പൗലൊസ് വാദിക്കുന്നു. അവൻ ഇപ്പോൾ ക്രിസ്തുവിനോടുളള ഐക്യത്തിൽ ജീവിക്കുകയും ദൈവത്തിന്റെ ഇഷ്ടംചെയ്യാൻ വിശ്വാസത്താൽ ജീവിച്ചിരിക്കുകയും ചെയ്യുന്നു. “ന്യായപ്രമാണത്താൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.”—2:16, 21.
10. ദൈവത്തിന്റെ അനുഗ്രഹത്തിനു ഗണനീയമായിട്ടുളളത് എന്താണ്, അതുകൊണ്ടു ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു?
10 വിശ്വാസം നിമിത്തമുളള ആത്മാവു പ്രാപിച്ചുകൊണ്ടു തുടക്കമിട്ടിട്ട്, തങ്ങൾക്കു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ദൈവസേവനം പൂർത്തിയാക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ തക്കവണ്ണം ഗലാത്യർ അത്ര മൂഢരാണോ? അബ്രഹാമിന്റെ കാര്യത്തിലെന്നപോലെ വിശ്വാസത്താലുളള കേൾവിയാണു ഗണ്യമായിട്ടുളളത്, അവൻ “ദൈവത്തിൽ [“യഹോവയിൽ,” NW] വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു.” ഇപ്പോൾ, ദൈവത്തിന്റെ വാഗ്ദത്തപ്രകാരം “വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.” സ്തംഭത്തിലെ ക്രിസ്തുവിന്റെ മരണത്താൽ അവർ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു വിമുക്തരാക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു അബ്രഹാമിന്റെ സന്തതിയാണ്, 430 വർഷം കഴിഞ്ഞ് ഉളവാക്കപ്പെട്ട ന്യായപ്രമാണം ആ സന്തതിയെസംബന്ധിച്ച വാഗ്ദത്തത്തെ നീക്കംചെയ്യുന്നില്ല. അപ്പോൾ ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? അതു ‘നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുന്ന നമ്മുടെ ശിശുപാലകൻ’ ആയിരുന്നു. ഇപ്പോൾ മേലാൽ നാം ശിശുപാലകന്റെ കീഴിലല്ല, യഹൂദനും യവനനും തമ്മിൽ ഇപ്പോൾ വ്യത്യാസമില്ല, എന്തുകൊണ്ടെന്നാൽ എല്ലാവരും ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ ഒന്നാണ്, “അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.”—3:6, 9, 24, 29.
11. (എ) ഏതു മോചനം ഗലാത്യർ അവഗണിക്കുകയാണ്? (ബി) പൗലൊസ് ക്രിസ്ത്യാനിയുടെ സ്വാതന്ത്ര്യത്തെ ദൃഷ്ടാന്തത്താൽ വിശദമാക്കുന്നത് എങ്ങനെ?
11 ക്രിസ്തീയ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കുക (4:1–6:18). ന്യായപ്രമാണത്തിൻകീഴുളളവർ “പുത്രത്വം പ്രാപിക്കേണ്ടതിന്നു” അവരെ അതിൻകീഴിൽനിന്നു വിമുക്തരാക്കാൻ ദൈവം തന്റെ പുത്രനെ അയച്ചു. (4:5) അതുകൊണ്ടു ദുർബലവും ദരിദ്രവുമായ പ്രാഥമിക കാര്യങ്ങളുടെ അടിമത്തത്തിലേക്കു പിന്തിരിയുന്നത് എന്തിന്? ഗലാത്യർ ഇപ്പോൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നതുകൊണ്ട് അവർക്കുവേണ്ടിയുളള തന്റെ വേല പാഴായോ എന്നു പൗലൊസ് ഭയപ്പെടുന്നു. പൗലൊസ് ആദ്യം അവരെ സന്ദർശിച്ചപ്പോൾ ഒരു ദൈവദൂതനെപ്പോലെ അവനെ അവർ സ്വീകരിച്ചു. അവരോടു സത്യം പറയുന്നതുകൊണ്ട് ഇപ്പോൾ അവൻ അവരുടെ ശത്രു ആയിത്തീർന്നോ? ന്യായപ്രമാണത്തിൻകീഴിലിരിക്കാൻ ആഗ്രഹിക്കുന്നവർ ന്യായപ്രമാണം പറയുന്നതു കേൾക്കട്ടെ: അബ്രഹാമിനു രണ്ടു സ്ത്രീകളിൽ രണ്ടു പുത്രൻമാർ ഉണ്ടായി. ദാസിയായ ഹാഗാർ എന്ന ഒരു സ്ത്രീ മോശൈകന്യായപ്രമാണ ഉടമ്പടിയാൽ യഹോവയോടു ബന്ധിതരായിരിക്കുന്ന ജഡിക ഇസ്രായേൽ ജനതയോട് ഒക്കുന്നു. ആ ഉടമ്പടി അടിമത്തത്തിനായി മക്കളെ ഉളവാക്കുന്നു. എന്നിരുന്നാലും സ്വതന്ത്രസ്ത്രീയായ സാറാ മീതെയുളള യെരുശലേമിനോട് ഒക്കുന്നു. അവൾ “സ്വതന്ത്രയാകുന്നു; അവൾ തന്നേ നമ്മുടെ അമ്മ” എന്നു പൗലൊസ് പറയുന്നു. ‘തിരുവെഴുത്ത് എന്തു പറയുന്നു’ എന്നു പൗലൊസ് ചോദിക്കുന്നു. “ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല” എന്നുതന്നെ. നാം ദാസിയുടെ മക്കളല്ല, “സ്വതന്ത്രയുടെ മക്കളത്രേ.”—4:30, 31.
12. (എ) ഗലാത്യർ ഇപ്പോൾ എന്തിനാൽ നടക്കണം? (ബി) പൗലൊസ് ഏതു പ്രധാനപ്പെട്ട വിപരീതതാരതമ്യം നടത്തുന്നു?
12 പരിച്ഛേദനയോ അതിന്റെ അഭാവമോ ഏതുമില്ല എന്നു പൗലൊസ് വിശദീകരിക്കുന്നു, എന്നാൽ സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണ് ഗണ്യമായിട്ടുളളത്. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന മൊഴിയിൽ മുഴു ന്യായപ്രമാണവും നിവൃത്തിയേറുന്നു. ആത്മാവിനെ അനുസരിച്ചു നടക്കുക, എന്തുകൊണ്ടെന്നാൽ “ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുളളവരല്ല.” ജഡത്തിന്റെ പ്രവൃത്തികൾ സംബന്ധിച്ച് “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പൗലൊസ് മുന്നറിയിപ്പുകൊടുക്കുന്നു. തിളക്കമാർന്ന വിപരീത താരതമ്യത്തിൽ അവൻ ആത്മാവിന്റെ ഫലങ്ങളെ വർണിക്കുന്നു, അവയ്ക്കെതിരെ ഒരു ന്യായപ്രമാണവുമില്ല. “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും” അഹന്തയും അസൂയയും ഉപേക്ഷിക്കുകയും ചെയ്യാം എന്ന് അവൻ കൂട്ടിച്ചേർക്കുന്നു.—5:14, 18, 21, 25.
13. ക്രിസ്തുവിന്റെ ന്യായപ്രമാണം എങ്ങനെ നിവർത്തിക്കപ്പെടുന്നു, എന്നാൽ മർമപ്രധാനമായ താത്പര്യമുളളത് എന്തിനാണ്?
13 ഒരു മനുഷ്യൻ ഏതെങ്കിലും തെററായ നടപടി അതിനെക്കുറിച്ചു ബോധവാനാകുന്നതിനുമുമ്പു ചെയ്യുന്നുവെങ്കിൽ, ആത്മീയമായി യോഗ്യതയുളളവർ അങ്ങനെയുളളവനെ “സൌമ്യതയുടെ ആത്മാവിൽ” യഥാസ്ഥാനപ്പെടുത്തുവാൻ ശ്രമിക്കണം. അന്യോന്യം ഭാരങ്ങൾ വഹിക്കുന്നതിനാൽ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ നിയമം നിവർത്തിക്കുന്നു. എന്നാൽ സ്വന്തം പ്രവൃത്തി തെളിയിക്കുമ്പോൾ ഓരോരുത്തരും സ്വന്ത ചുമടു വഹിക്കണം. ഒരു വ്യക്തി വിതക്കുന്നതനുസരിച്ചു കൊയ്യും, ഒന്നുകിൽ ജഡത്തിൽനിന്നു ദ്രവത്വമോ അല്ലെങ്കിൽ ആത്മാവിൽനിന്നു നിത്യജീവനോ. ഗലാത്യർ പരിച്ഛേദനയേൽക്കണമെന്ന് ആവശ്യപ്പെടുന്നവർ മനുഷ്യരെ പ്രസാദിപ്പിക്കാനും പീഡനം ഒഴിവാക്കാനും മാത്രമാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മർമപ്രധാനമായ സംഗതി പരിച്ഛേദനയോ അഗ്രചർമമോ അല്ല, പിന്നെയോ ഒരു പുതിയ സൃഷ്ടിയാണ്. ഈ പെരുമാററച്ചട്ടം അനുസരിച്ചു ക്രമമായി നടക്കുന്നവർക്ക്, “ദൈവത്തിന്റെ ഇസ്രായേലിന്നു”തന്നെ സമാധാനവും കരുണയും ഉണ്ടാകും.—6:1, 16.
എന്തുകൊണ്ടു പ്രയോജനപ്രദം
14. പൗലൊസ് മേൽവിചാരകൻമാർക്കുവേണ്ടി എന്തു മാതൃക വെക്കുന്നു?
14 ഗലാത്യർക്കുളള ലേഖനം സഹോദരൻമാരുടെ താത്പര്യങ്ങൾക്കുവേണ്ടി പോരാടാൻ എപ്പോഴും തയ്യാറുളള, ജനതകൾക്കുവേണ്ടി ജാഗ്രതയുളള, അപ്പോസ്തലനായിത്തീർന്ന വിനാശകാരിയായ പീഡകനായി പൗലൊസിനെ വെളിപ്പെടുത്തുന്നു. (1:13-16, 23; 5:7-12) ഒരു മേൽവിചാരകൻ തിരുവെഴുത്തും യുക്തിയുമുപയോഗിച്ചു വ്യാജന്യായവാദങ്ങളെ തകർത്തുകൊണ്ട് പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ പെട്ടെന്നു നീങ്ങേണ്ടതാണെന്നു പൗലൊസ് മാതൃകയാൽ പ്രകടമാക്കി.—1:6-9; 3:1-6.
15. ഈ ലേഖനം ഗലാത്യസഭകൾക്ക് എങ്ങനെ പ്രയോജനകരമായിരുന്നു, അതു ക്രിസ്ത്യാനികൾക്ക് ഇന്ന് എന്തു മാർഗദർശനം നൽകുന്നു?
15 ക്രിസ്തുവിലുളള തങ്ങളുടെ സ്വാതന്ത്ര്യം വ്യക്തമായി സ്ഥാപിക്കുന്നതിലും സുവാർത്തയെ വികലമാക്കുന്നവരെ അവിശ്വസിക്കുന്നതിലും ഈ ലേഖനം ഗലാത്യയിലെ സഭകൾക്കു പ്രയോജനപ്രദമായിരുന്നു. ഒരുവൻ നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നതു വിശ്വാസത്താലാണെന്നും രക്ഷപ്രാപിക്കുന്നതിനു പരിച്ഛേദന മേലാൽ ആവശ്യമില്ലെന്നും അതു വ്യക്തമാക്കി. (2:16; 3:8; 5:6) അങ്ങനെയുളള ജഡികവ്യത്യാസങ്ങളെ അവഗണിച്ചുകളഞ്ഞുകൊണ്ട് അതു യഹൂദനെയും വിജാതീയനെയും ഒരു സഭയിൽ ഏകീഭവിപ്പിക്കുന്നതിനു പ്രയോജകീഭവിച്ചു. ന്യായപ്രമാണത്തിൽനിന്നുളള സ്വാതന്ത്ര്യം ജഡികമോഹങ്ങൾക്ക് ഒരു പ്രേരണയായി ഉതകാനല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തത്ത്വം അപ്പോഴും ബാധകമായിരുന്നു. അത് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഒരു മാർഗദർശനമായി തുടർന്നു നിലകൊളളുന്നു.—5:14.
16. ഗലാത്യരിൽ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുന്ന എബ്രായ തിരുവെഴുത്തുകളുടെ ഏതു വിശദീകരണങ്ങൾ കാണാം?
16 പൗലൊസിന്റെ ലേഖനം ഉപദേശപരമായ അനേകം ആശയങ്ങൾ സംബന്ധിച്ചു ഗലാത്യരെ സഹായിച്ചു, ശക്തമായ ദൃഷ്ടാന്തങ്ങൾക്കായി എബ്രായ തിരുവെഴുത്തുകളെ അത് ഉപയോഗിച്ചു. അതു യെശയ്യാവു 54:1-6-ന്റെ നിശ്വസ്ത വ്യാഖ്യാനം നൽകുകയും യഹോവയുടെ സ്ത്രീയെ “മീതെയുളള യെരൂശലേ”മായി തിരിച്ചറിയിക്കുകയും ചെയ്തു. അതു ഹാഗാറിന്റെയും സാറായുടെയും “പ്രതീകാത്മക നാടകം” വിശദീകരിക്കുകയും ദൈവികവാഗ്ദത്തങ്ങളുടെ അവകാശികൾ ന്യായപ്രമാണത്തിന്റെ അടിമത്തത്തിൽ സ്ഥിതിചെയ്യുന്നവരല്ല, ക്രിസ്തുവിനാൽ സ്വതന്ത്രരാക്കപ്പെട്ടവരാണെന്നു പ്രകടമാക്കുകയും ചെയ്തു. (ഗലാ. 4:21-26, NW; ഉല്പ. 16:1-4, 15; 21:1-3, 8-13) ന്യായപ്രമാണ ഉടമ്പടി അബ്രഹാമിക ഉടമ്പടിയെ നിരാകരിച്ചില്ലെന്നും എന്നാൽ അതിനോടു കൂട്ടിച്ചേർക്കപ്പെടുകയായിരുന്നുവെന്നും അതു വ്യക്തമായി വിശദീകരിച്ചു. ഈ രണ്ട് ഉടമ്പടികൾ ഏർപ്പെടുത്തിയതിനിടയ്ക്കുളള കാലയളവ് 430 വർഷമായിരുന്നുവെന്നും അതു ചൂണ്ടിക്കാട്ടി, ഇതു ബൈബിൾ കാലഗണനയിൽ പ്രധാനമാണ്. (ഗലാ. 3:17, 18, 23, 24) ഈ കാര്യങ്ങളുടെ രേഖ ഇന്നു ക്രിസ്തീയവിശ്വാസം കെട്ടുപണിചെയ്യുന്നതിനു സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
17. (എ) ഗലാത്യർ ഏതു പ്രധാനപ്പെട്ട സംഗതി തിരിച്ചറിയിക്കുന്നു? (ബി) രാജ്യാവകാശികൾക്കും അവരുടെ കൂട്ടുവേലക്കാർക്കും ഏതു നല്ല ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
17 ഏററവും പ്രധാനമായി, ഗലാത്യർ സകല പ്രവാചകൻമാരും നോക്കിപ്പാർത്തിരുന്ന രാജ്യസന്തതിയെ സ്പഷ്ടമായി തിരിച്ചറിയിക്കുന്നു. “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു . . . അതു ക്രിസ്തു തന്നേ.” ക്രിസ്തുയേശുവിലുളള വിശ്വാസത്താൽ ദൈവപുത്രൻമാരായിത്തീർന്നവർ ഈ സന്തതിയിലേക്കു ദത്തെടുക്കപ്പെടുന്നതായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. “ക്രിസ്തുവിന്നുളളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (3:16, 29) ഗലാത്യരിൽ നൽകപ്പെട്ടിരിക്കുന്ന നല്ല ബുദ്ധ്യുപദേശം ഈ രാജ്യാവകാശികളും അവരോടുകൂടെ അദ്ധ്വാനിക്കുന്നവരും അനുസരിക്കണം: ‘ക്രിസ്തു നിങ്ങളെ ഏതിനായി സ്വതന്ത്രരാക്കിയിരിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കുക!’ ‘നൻമ ചെയ്യുന്നതിൽ മടുത്തുപോകരുത്, എന്തെന്നാൽ മടുത്തുപോകാഞ്ഞാൽ നാം തക്ക സമയത്തു കൊയ്യും.’ ‘വിശേഷാൽ വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടവർക്ക് നൻമ ചെയ്യുക.’—5:1; 6:9, 10, NW.
18. ഗലാത്യരിൽ ഏതു ശക്തമായ അന്തിമ മുന്നറിയിപ്പും താക്കീതും നൽകപ്പെടുന്നു?
18 ഒടുവിൽ, ജഡത്തിന്റെ പ്രവൃത്തികൾ അടിക്കടി ചെയ്യുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന ശക്തമായ മുന്നറിയിപ്പുണ്ട്. അപ്പോൾ എല്ലാവരും ലൗകിക മാലിന്യത്തിൽനിന്നും പിണക്കത്തിൽനിന്നും പൂർണമായി അകന്നുമാറുകയും “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ആത്മാവിന്റെ ഗുണങ്ങൾ ഉളവാക്കുകയും ചെയ്യുന്നതിൽ തങ്ങളുടെ ഹൃദയങ്ങൾ പൂർണമായും പതിപ്പിക്കട്ടെ.—5:19-23.
[അധ്യയന ചോദ്യങ്ങൾ]