വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 49—എഫെസ്യർ

ബൈബിൾ പുസ്‌തക നമ്പർ 49—എഫെസ്യർ

ബൈബിൾ പുസ്‌തക നമ്പർ 49—എഫെസ്യർ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: റോം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 60-61

1. എപ്പോൾ, ഏതു സാഹച​ര്യ​ങ്ങ​ളിൽ പൗലൊസ്‌ എഫെസ്യർക്കു​ളള തന്റെ ലേഖനം എഴുതി?

 നിങ്ങൾ തടവി​ലാ​ണെന്നു സങ്കൽപ്പി​ക്കുക. ഒരു ക്രിസ്‌തീയ മിഷന​റി​യെന്ന നിലയി​ലു​ളള നിങ്ങളു​ടെ തീക്ഷ്‌ണ​മായ പ്രവർത്തനം നിമിത്തം പീഡി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണു നിങ്ങൾ അവി​ടെ​യാ​യി​രി​ക്കു​ന്നത്‌. ഇപ്പോൾ നിങ്ങൾക്കു യാത്ര​ചെ​യ്യാ​നും സഭകളെ സന്ദർശിച്ച്‌ അവയെ ശക്തീക​രി​ക്കാ​നും കഴിയാ​ത്ത​തി​നാൽ നിങ്ങൾ എന്തു ചെയ്യാൻ പോകു​ക​യാണ്‌? നിങ്ങളു​ടെ പ്രസം​ഗ​വേ​ല​യാൽ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന​വർക്ക്‌ എഴുത്തു​കൾ എഴുത​രു​തോ? ഒരുപക്ഷേ, നിങ്ങൾക്ക്‌ എങ്ങനെ​യു​ണ്ടെന്ന്‌ അറിയാൻ അവർ ആഗ്രഹി​ക്കു​ക​യി​ല്ലേ? ഒരുപക്ഷേ അവർക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ആവശ്യ​മി​ല്ലേ? തീർച്ച​യാ​യും ഉണ്ട്‌! അങ്ങനെ നിങ്ങൾ എഴുതാൻ തുടങ്ങു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ പൊ.യു. ഏതാണ്ട്‌ 59-61-ൽ ആദ്യമാ​യി റോമിൽ തടവി​ലാ​ക്ക​പ്പെ​ട്ട​പ്പോൾ ചെയ്‌ത​തു​ത​ന്നെ​യാ​ണു നിങ്ങൾ ചെയ്യു​ന്നത്‌. അവൻ കൈസർക്ക്‌ അപ്പീൽ കൊടു​ത്തി​രു​ന്നു. കാവലിൻകീ​ഴിൽ വിചാരണ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും അവനു കുറെ പ്രവർത്തന സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. പൗലൊസ്‌ ഒരുപക്ഷേ പൊ.യു. 60-ലോ 61-ലോ റോമിൽനിന്ന്‌ എഫെസ്യർക്കു​ളള തന്റെ ലേഖന​മെ​ഴു​തി ഒനേസി​മൂ​സി​നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രുന്ന തിഹി​ക്കോ​സ്‌വശം കൊടു​ത്ത​യച്ചു.—എഫെ. 6:21; കൊലൊ. 4:7-9.

2, 3. എഫെസ്യർ പൗലൊസ്‌ എഴുതി​യെ​ന്ന​തി​നെ​യും അതേസ​മയം അതിന്റെ കാനോ​നി​ക​ത​യെ​യും നിസ്‌തർക്ക​മാ​യി തെളി​യി​ക്കു​ന്നത്‌ എന്ത്‌?

2 പൗലൊസ്‌ ആദ്യവാ​ച​ക​ത്തിൽത്തന്നെ തന്നെ തിരി​ച്ച​റി​യി​ക്കു​ക​യും നാലു​പ്രാ​വ​ശ്യം തന്നെ ‘കർത്താ​വിൽ ബദ്ധൻ’ എന്നു പരാമർശി​ക്കു​ക​യും അല്ലെങ്കിൽ സൂചി​പ്പി​ക്കു​ക​യും ചെയ്യുന്നു. (എഫെ. 1:1; 3:1, 13; 4:1; 6:20) എഴുത്തു​കാ​രൻ പൗലൊ​സാ​ണെ​ന്നു​ള​ള​തി​നെ​തി​രായ വാദങ്ങൾ പൊളി​ഞ്ഞു​പോ​യി​രി​ക്കു​ന്നു. പൊ.യു. ഏതാണ്ട്‌ 200 മുതലു​ള​ള​തെന്നു വിശ്വ​സി​ക്ക​പ്പെ​ടുന്ന ചെസ്‌ററർ ബീററി പപ്പൈ​റസ്‌ നമ്പർ 2-ന്‌ (P46) പൗലൊ​സി​ന്റെ ലേഖനങ്ങൾ അടങ്ങിയ ഒരു കൈ​യെ​ഴു​ത്തു പുസ്‌ത​ക​ത്തിൽനി​ന്നു​ളള 86 താളുകൾ ഉണ്ട്‌. അവയുടെ കൂട്ടത്തിൽ എഫെസ്യർക്കു​ളള ലേഖന​വു​മുണ്ട്‌, അങ്ങനെ അത്‌ അക്കാലത്ത്‌ അവന്റെ ലേഖന​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്ത​പ്പെ​ട്ട​താ​യി പ്രകട​മാ​കു​ന്നു.

3 ഈ ലേഖനം പൗലൊസ്‌ എഴുതി​യെ​ന്നും അത്‌ “എഫെസ്യർക്കു​ളള”തായി​രു​ന്നു​വെ​ന്നും ആദ്യകാല സഭാ എഴുത്തു​കാർ സ്ഥിരീ​ക​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, പൊ.യു. രണ്ടാം നൂററാ​ണ്ടി​ലെ ഐറേ​നി​യസ്‌, പിൻവ​രു​ന്ന​പ്ര​കാ​രം എഫെസ്യർ 5:30 ഉദ്ധരിച്ചു: “നാം അവന്റെ ശരീര​ത്തി​ന്റെ അവയവ​ങ്ങ​ളാ​കു​ന്നു​വെന്നു വാഴ്‌ത്ത​പ്പെട്ട പൗലൊസ്‌ എഫെസ്യർക്കു​ളള ലേഖന​ത്തിൽ പറയു​ന്ന​പ്ര​കാ​രം.” അതേ കാലഘ​ട്ട​ത്തിൽത്ത​ന്നെ​യു​ളള അലക്‌സാ​ണ്ട്രി​യ​യി​ലെ ക്ലെമൻറ്‌, “അതു​കൊണ്ട്‌ എഫെസ്യർക്കു​ളള ലേഖന​ത്തി​ലും ദൈവ​ഭ​യ​ത്തിൽ അന്യോ​ന്യം കീഴ്‌പ്പെ​ട്ടി​രി​ക്കുക എന്ന്‌ അവൻ എഴുതു​ന്നു” എന്നു റിപ്പോർട്ടു​ചെ​യ്‌തു​കൊണ്ട്‌ എഫെസ്യർ 5:21 ഉദ്ധരിച്ചു. പൊ.യു. മൂന്നാം നൂററാ​ണ്ടി​ന്റെ ആദ്യ പകുതി​യിൽ എഴുതിയ ഓറിജൻ “എന്നാൽ എഫെസ്യർക്കു​ളള ലേഖന​ത്തിൽ ലോക​സ്ഥാ​പ​ന​ത്തി​നു​മു​മ്പേ നമ്മെ തെര​ഞ്ഞെ​ടു​ത്തവൻ എന്നു പറയു​മ്പോൾ അപ്പോ​സ്‌ത​ല​നും അതേ ഭാഷ ഉപയോ​ഗി​ക്കു​ന്നു” a എന്നു പറഞ്ഞ​പ്പോൾ എഫെസ്യർ 1:4 ഉദ്ധരിച്ചു. ആദിമ ക്രിസ്‌തീയ ചരി​ത്ര​ത്തി​ന്റെ മറെറാ​രു പ്രാമാ​ണി​ക​നായ യൂസേ​ബി​യസ്‌ (പൊ.യു. ഏകദേശം 260-342) എഫെസ്യ​രെ ബൈബിൾകാ​നോ​നിൽ ഉൾപ്പെ​ടു​ത്തു​ന്നു, ആദിമ​സഭാ എഴുത്തു​കാ​രിൽ മിക്കവ​രും നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമെന്ന നിലയിൽ എഫെസ്യ​രെ പരാമർശി​ക്കു​ന്നു. b

4. എഫെസ്യർ മററാ​രെ​യോ സംബോ​ധ​ന​ചെ​യ്യു​ന്ന​താ​ണെന്നു ചിലർ നിഗമ​നം​ചെ​യ്യാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ എന്ത്‌, എന്നാൽ ലേഖനം എഫേസൂ​സി​ലാണ്‌ എത്തേണ്ടി​യി​രു​ന്ന​തെ​ന്നു​ള​ള​തി​നെ ഏതു തെളിവു പിന്താ​ങ്ങു​ന്നു?

4 ചെസ്‌ററർ ബീററി പപ്പൈ​റ​സും വത്തിക്കാൻ കൈ​യെ​ഴു​ത്തു​പ്രതി നമ്പർ 1209-ഉം സൈനാ​റ​റിക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​യും അധ്യായം 1,  വാക്യം 1-ലെ “എഫേസൂ​സിൽ ഉളള” എന്ന വാക്കുകൾ വിട്ടു​ക​ള​യു​ന്നു, അങ്ങനെ ലേഖനം ചെന്നെ​ത്തേണ്ട സ്ഥലം സൂചി​പ്പി​ക്കു​ന്നില്ല. ഈ വസ്‌തു​ത​യും ഒപ്പം എഫേസൂ​സി​ലെ വ്യക്തി​കൾക്കു​ളള അഭിവാ​ദ്യ​ങ്ങ​ളു​ടെ അഭാവ​വും (അവിടെ പൗലൊസ്‌ മൂന്നു​വർഷം അധ്വാ​നി​ച്ചെ​ങ്കി​ലും) ലേഖനം വേറെ​യാ​രെ​യെ​ങ്കി​ലും സംബോ​ധ​ന​ചെ​യ്യു​ന്ന​താ​യി​രി​ക്കാ​മെ​ന്നോ കുറഞ്ഞ​പക്ഷം എഫേസൂസ്‌ ഉൾപ്പെടെ ഏഷ്യാ​മൈ​ന​റി​ലെ പല സഭകൾക്കു​ളള ഒരു ചാക്രി​ക​ലേ​ഖ​ന​മാ​യി​രി​ക്കാ​മെ​ന്നോ നിഗമ​നം​ചെ​യ്യു​ന്ന​തി​ലേക്കു ചിലരെ നയിച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, മററു മിക്ക കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും “എഫേസൂ​സിൽ ഉളള” എന്ന വാക്കുകൾ ഉൾപ്പെ​ടു​ത്തു​ന്നു. നാം മുകളിൽ ശ്രദ്ധി​ച്ച​തു​പോ​ലെ, ആദിമ സഭാ എഴുത്തു​കാർ എഫെസ്യർക്കു​ളള ഒരു ലേഖന​മാ​യി അതിനെ സ്വീക​രി​ച്ചു.

5. പൗലൊ​സി​ന്റെ നാളിലെ എഫേസൂ​സി​നെ​ക്കു​റി​ച്ചു ശ്രദ്ധാർഹ​മാ​യി​രു​ന്നത്‌ എന്ത്‌?

5 ചില പശ്ചാത്തല വിവരങ്ങൾ ഈ ലേഖന​ത്തി​ന്റെ ഉദ്ദേശ്യം മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കും. പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടിൽ എഫേസൂസ്‌ അതിലെ ക്ഷുദ്ര​പ്ര​യോ​ഗ​വും മന്ത്രവാ​ദ​വും ജ്യോ​തി​ഷ​വും ഫലപു​ഷ്ടി​ദേ​വ​ത​യായ അർത്തേമിസിന്റെ c ആരാധ​ന​യും സംബന്ധി​ച്ചു കീർത്തി​പ്പെ​ട്ട​താ​യി​രു​ന്നു. ഈ ദേവത​യു​ടെ പ്രതി​മക്കു ചുററു​മാ​യി ഒരു മഹനീ​യ​മായ ക്ഷേത്രം പണിതു​യർത്തി​യി​രു​ന്നു, അതു പുരാ​ത​ന​കാ​ലത്തെ ഏഴ്‌ അതിശ​യ​ങ്ങ​ളി​ലൊ​ന്നാ​യി കരുത​പ്പെ​ട്ടി​രു​ന്നു. 19-ാം നൂററാ​ണ്ടിൽ ഈ സ്ഥലത്തു നടന്ന ഖനനങ്ങ​ള​നു​സ​രിച്ച്‌, 73 മീററർ വീതി​യും 127 മീററർ നീളവു​മു​ളള ഒരു പ്ലാററ്‌ഫോ​റ​ത്തിൻമേ​ലാ​യി​രു​ന്നു ഈ ക്ഷേത്രം പണിയ​പ്പെ​ട്ടി​രു​ന്നത്‌. ആലയത്തി​നു​തന്നേ 50 മീററർ വീതി​യും 105 മീററർ നീളവു​മു​ണ്ടാ​യി​രു​ന്നു. അതിൽ 100 മാർബിൾ തൂണുകൾ ഉണ്ടായി​രു​ന്നു, ഓരോ​ന്നി​നും 17 മീററർ ഉയരവു​മു​ണ്ടാ​യി​രു​ന്നു. മേൽക്കൂര വലിയ വെളള മാർബിൾ പാളികൾ പാകി​യ​താ​യി​രു​ന്നു. മാർബിൾക​ട്ട​ക​ളു​ടെ ചേർപ്പി​ങ്കൽ കുമ്മാ​യ​ത്തി​നു​പ​കരം സ്വർണം ഉപയോ​ഗി​ച്ചി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ഈ ആലയം ലോക​മെ​മ്പാ​ടും​നി​ന്നു​ളള വിനോ​ദ​സ​ഞ്ചാ​രി​കളെ ആകർഷി​ച്ചി​രു​ന്നു. ശതസഹ​സ്ര​ക്ക​ണ​ക്കി​നു സന്ദർശകർ ഉത്സവ​വേ​ള​ക​ളിൽ നഗരത്തിൽ തടിച്ചു​കൂ​ടു​മാ​യി​രു​ന്നു. എഫേസൂ​സി​ലെ തട്ടാൻമാർ തീർഥാ​ട​കർക്കു സ്‌മര​ണി​ക​ക​ളെന്ന നിലയിൽ അർത്തേ​മി​സി​ന്റെ വെളളി​കൊ​ണ്ടു​ളള ക്ഷേത്ര​രൂ​പങ്ങൾ വിൽക്കുന്ന ലാഭക​ര​മായ ഒരു തൊഴിൽ നടത്തി​പ്പോ​ന്നു.

6. എഫേസൂ​സി​ലെ പൗലൊ​സി​ന്റെ പ്രവർത്ത​ന​ത്തി​ന്റെ വ്യാപ്‌തി എത്ര​ത്തോ​ള​മാ​യി​രു​ന്നു?

6 പൗലൊസ്‌ തന്റെ രണ്ടാമത്തെ മിഷന​റി​യാ​ത്ര​യിൽ ഒരു ഹ്രസ്വ പ്രസം​ഗ​സ​ന്ദർശ​ന​ത്തിന്‌ എഫേസൂ​സിൽ ഇറങ്ങി​യി​രു​ന്നു, പിന്നീടു വേല തുടരു​ന്ന​തിന്‌ അക്വി​ലാ​യെ​യും പ്രിസ്‌കി​ല്ല​യെ​യും അവിടെ വിട്ടു. (പ്രവൃ. 18:18-21) അവൻ മൂന്നാ​മത്തെ മിഷന​റി​യാ​ത്ര​യിൽ തിരി​ച്ചു​ചെന്ന്‌ അനേക​രോ​ടു “മാർഗ”ത്തെക്കു​റി​ച്ചു പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഏതാണ്ടു മൂന്നു വർഷം അവിടെ പാർത്തു. (പ്രവൃ. 19:8-10; 20:31) എഫേസൂ​സി​ലാ​യി​രു​ന്ന​പ്പോൾ പൗലൊസ്‌ കഠിന​വേല ചെയ്‌തു. ബൈബിൾകാ​ല​ങ്ങ​ളി​ലെ അനുദി​ന​ജീ​വി​തം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഏ. ഈ. ബയ്‌ലി എഴുതു​ന്നു: “പൗലൊ​സി​ന്റെ സാധാ​ര​ണ​പ​തിവ്‌ സൂര്യ​നു​ദി​ക്കു​മ്പോൾമു​തൽ തുറ​ന്നോസ്‌ തന്റെ പഠിപ്പി​ക്കൽ പൂർത്തി​യാ​ക്കുന്ന സമയമായ രാവിലെ 11 മണിവരെ തന്റെ തൊഴി​ലിൽ ഏർപ്പെ​ടുക എന്നതാ​യി​രു​ന്നു; (പ്രവൃ. 20:34, 35) പിന്നെ രാവിലെ 11 മണിമു​തൽ വൈകു​ന്നേരം 4 മണിവരെ മണ്ഡപത്തിൽ പ്രസം​ഗി​ക്കു​ക​യും സഹായി​ക​ളു​മാ​യി കോൺഫ​റൻസു​കൾ നടത്തു​ക​യും ചെയ്യുന്നു, . . . പിന്നീട്‌ ഒടുവിൽ വൈകു​ന്നേരം 4 മണിമു​തൽ രാത്രി വളരെ​യാ​കു​ന്ന​തു​വരെ വീടു​തോ​റു​മു​ളള സുവി​ശേ​ഷീ​കരണ പ്രചരണം നടത്തുന്നു. (പ്രവൃ. 20:20, 21, 31) അവൻ ഭക്ഷിക്കു​ന്ന​തി​നും ഉറങ്ങു​ന്ന​തി​നും എപ്പോൾ സമയം കണ്ടെത്തി​യെന്ന്‌ ഒരുവൻ അതിശ​യി​ക്കു​ന്നു.”—1943, പേജ്‌ 308.

7. പൗലൊ​സി​ന്റെ തീക്ഷ്‌ണ​മായ പ്രസം​ഗ​ത്തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​യി?

7 ഈ തീക്ഷ്‌ണ​മായ പ്രസം​ഗ​ത്തി​നി​ട​യിൽ ആരാധ​ന​യി​ലെ പ്രതി​മ​ക​ളു​ടെ ഉപയോ​ഗത്തെ പൗലൊസ്‌ തുറന്നു​കാ​ട്ടി. ഇതു തട്ടാനായ ദെമ​ത്രി​യോ​സി​നെ​പ്പോ​ലെ അവയെ നിർമി​ക്കു​ക​യും വിൽക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ക്രോധം ജ്വലി​പ്പി​ച്ചു. ഈ ബഹളത്തിൽ ഒടുവിൽ പൗലൊസ്‌ നഗരം വിട്ടു​പോ​കേ​ണ്ടി​വന്നു.—പ്രവൃ. 19:23–20:1.

8. എഫെസ്യർക്കു​ളള പൗലൊ​സി​ന്റെ ലേഖനം ഏത്‌ ആശയങ്ങൾ സംബന്ധിച്ച്‌ ഏററവും കാലോ​ചി​ത​മാ​യി​രു​ന്നു?

8 ഇപ്പോൾ തടവിൽ കിടക്കെ, പുറജാ​തീ​യാ​രാ​ധ​ക​രാൽ ചുററ​പ്പെട്ട്‌ അർത്തേ​മി​സി​ന്റെ ഭയാവ​ഹ​മായ ക്ഷേത്ര​ത്തി​ന്റെ നിഴലി​ലാ​യി​രുന്ന എഫെസ്യ​സഭ അഭിമു​ഖീ​ക​രിച്ച പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു പൗലൊസ്‌ ചിന്തി​ക്കു​ക​യാണ്‌. യഹോവ തന്റെ ആത്മാവി​നാൽ വസിക്കുന്ന “ഒരു വിശു​ദ്ധ​മ​ന്ദിര”മാണ്‌ ഈ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെന്നു പ്രകട​മാ​ക്കി​ക്കൊ​ണ്ടു പൗലൊസ്‌ ഇപ്പോൾ അവർക്കു നൽകുന്ന ഉചിത​മായ ദൃഷ്ടാന്തം അവർക്കാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന​തി​നു സംശയം വേണ്ട. (എഫെ. 2:21) യേശു​ക്രി​സ്‌തു മുഖേന ഐക്യ​വും സമാധാ​ന​വും പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ ഉപാധി​യായ അവന്റെ ഭരണനിർവ​ഹണം (തന്റെ വീട്ടു​കാ​ര്യ​ങ്ങൾ നടത്തുന്ന രീതി) സംബന്ധിച്ച്‌ എഫെസ്യർക്കു വെളി​പ്പെ​ടു​ത്ത​പ്പെ​ടുന്ന “പാവന​ര​ഹ​സ്യം” നിസ്സം​ശ​യ​മാ​യി അവർക്ക്‌ ഒരു വലിയ പ്രചോ​ദ​ന​വും ആശ്വാ​സ​വു​മാ​യി​രു​ന്നു. (1:9, 10, NW) ക്രിസ്‌തു​വി​ലെ യഹൂദ​ന്റെ​യും യവന​ന്റെ​യും ഐക്യത്തെ പൗലൊസ്‌ ഊന്നി​പ്പ​റ​യു​ന്നു. അവൻ ഒരുമ, ഐക്യം, നേടാൻ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. അങ്ങനെ, ഈ പുസ്‌ത​ക​ത്തി​ന്റെ ഉദ്ദേശ്യ​വും മൂല്യ​വും പ്രസ്‌പ​ഷ്ട​മായ നിശ്വ​സ്‌ത​ത​യും നമുക്ക്‌ ഇപ്പോൾ വിലമ​തി​ക്കാൻ കഴിയും.

എഫെസ്യ​രു​ടെ ഉളളടക്കം

9. ദൈവം തന്റെ സ്‌നേ​ഹത്തെ പെരു​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ, പൗലൊ​സി​ന്റെ പ്രാർഥന എന്താണ്‌?

9 ക്രിസ്‌തു​മു​ഖേന ഐക്യം കൈവ​രു​ത്തു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം (1:1–2:22). അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ അഭിവാ​ദ്യ​ങ്ങൾ അർപ്പി​ക്കു​ന്നു. ദൈവം തന്റെ മഹത്തായ അനർഹദയ നിമിത്തം വാഴ്‌ത്ത​പ്പെ​ടണം. ഇതിന്‌, അവരെ അവൻ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള ഐക്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​നു തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നോ​ടു ബന്ധമുണ്ട്‌. അവൻ മുഖാ​ന്തരം അവർക്ക്‌ അവന്റെ രക്തത്താൽ മറുവി​ല​യി​ലൂ​ടെ​യു​ളള വിടു​ത​ലുണ്ട്‌. കൂടാതെ, തന്റെ ഇഷ്ടത്തിന്റെ പാവന​ര​ഹ​സ്യം അവരെ അറിയി​ച്ചു​കൊ​ണ്ടു ദൈവം അവരോ​ടു​ളള തന്റെ സ്‌നേഹം പെരു​കാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ‘എല്ലാം പിന്നെ​യും ക്രിസ്‌തു​വിൽ ഒന്നായി​ച്ചേർക്കു​ന്ന​തി​നു​ളള’ ഒരു ഭരണനിർവ​ഹണം അവൻ ഉദ്ദേശി​ച്ചി​രി​ക്കു​ന്നു, ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തി​ലാണ്‌ അവരും അവകാ​ശി​ക​ളാ​യി നിയമി​ത​രാ​യത്‌. (1:10) ഇതിന്റെ ഒരു അച്ചാര​മാ​യി അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ മുദ്ര​യി​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ അവർക്കു ദൃഢമായ ബോധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും ക്രിസ്‌തു​വി​നെ ഉയിർപ്പി​ക്കു​ക​യും ഏതു ഭരണകൂ​ട​ത്തി​നും അധികാ​ര​ത്തി​നും വളരെ മീതെ അവനെ ആക്കി​വെ​ക്കു​ക​യും സഭക്കുളള സകലത്തി​ന്റെ​യും മേൽ അവനെ ശിരസ്സാ​ക്കി​വെ​ക്കു​ക​യും ചെയ്‌ത​തിൽ ദൈവം ഉപയോ​ഗിച്ച അതേ ശക്തി അവർക്കാ​യും ഉപയോ​ഗി​ക്കു​മെന്ന്‌ അവർ തിരി​ച്ച​റി​യ​ണ​മെ​ന്നു​മാണ്‌ അവന്റെ പ്രാർഥന.

10. എഫെസ്യർ എങ്ങനെ “വിശു​ദ്ധൻമാ​രു​ടെ സഹപൗ​രൻമാ”രായി​ത്തീർന്നി​രി​ക്കു​ന്നു?

10 അവർ ലംഘന​ങ്ങ​ളി​ലും പാപങ്ങ​ളി​ലും മരിച്ച​വ​രാ​യി​രു​ന്നി​ട്ടും ദൈവം തന്റെ കരുണാ​ധി​ക്യ​ത്താ​ലും വലിയ സ്‌നേ​ഹ​ത്താ​ലും അവരെ ജീവി​പ്പി​ക്കു​ക​യും ‘ക്രിസ്‌തു​യേ​ശു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗ​ത്തിൽ’ ഒരുമിച്ച്‌ ഇരുത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (2:6) ഇതെല്ലാം അനർഹ​ദ​യ​യും വിശ്വാ​സ​വും നിമി​ത്ത​മാണ്‌, അല്ലാതെ അവരുടെ സ്വന്തമായ ഏതെങ്കി​ലും പ്രവൃ​ത്തി​ക​ളു​ടെ ഫലമല്ല. വിജാ​തീ​യരെ യഹൂദൻമാ​രിൽനിന്ന്‌ അകററി​നിർത്തി​യി​രുന്ന കൽപ്പന​ക​ള​ട​ങ്ങിയ ന്യായ​പ്ര​മാണ ചുവർ ഇടിച്ചു​കളഞ്ഞ ക്രിസ്‌തു അവരുടെ സമാധാ​ന​മാണ്‌. ഇപ്പോൾ ഇരു ജനങ്ങൾക്കും ക്രിസ്‌തു​മു​ഖേന പിതാ​വി​ലേക്കു പ്രവേ​ശ​ന​മുണ്ട്‌. അതു​കൊണ്ട്‌ എഫെസ്യർ മേലാൽ അന്യരല്ല, എന്നാൽ അവർ ‘വിശു​ദ്ധൻമാ​രു​ടെ സഹപൗ​രൻമാ​രാണ്‌,’ യഹോ​വക്ക്‌ ആത്മാവി​നാൽ വസിക്കാ​നു​ളള ഒരു വിശു​ദ്ധ​മ​ന്ദി​ര​മാ​യി വളരു​ക​യും ചെയ്യുന്നു.—2:19.

11. “പാവന​ര​ഹ​സ്യം” എന്താണ്‌, എഫെസ്യർക്കു​വേണ്ടി പൗലൊസ്‌ എന്തു പ്രാർഥി​ക്കു​ന്നു?

11 “ക്രിസ്‌തു​വി​ന്റെ പാവന​ര​ഹ​സ്യം” (3:1-21). ദൈവം ഇപ്പോൾ തന്റെ വിശുദ്ധ അപ്പോ​സ്‌ത​ലൻമാർക്കും പ്രവാ​ച​കൻമാർക്കും “ക്രിസ്‌തു​വി​നെ സംബന്ധി​ച്ചു​ളള . . . മർമ്മം [“ക്രിസ്‌തു​വി​ന്റെ പാവന​ര​ഹ​സ്യം,” NW] ജാതികൾ സുവി​ശേ​ഷ​ത്താൽ ക്രിസ്‌തു​യേ​ശു​വിൽ കൂട്ടവ​കാ​ശി​ക​ളും ഏകശരീ​ര​സ്ഥ​രും വാഗ്‌ദ​ത്ത​ത്തിൽ പങ്കാളി​ക​ളും ആകേണം എന്നുള​ളതു തന്നേ” അറിയി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു. (3:4, 6) ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാൽ, ക്രിസ്‌തു​വി​ന്റെ അപരി​മേ​യ​ധനം ഘോഷി​ക്കു​ന്ന​തി​നും പാവന​ര​ഹ​സ്യം എങ്ങനെ അറിയി​ക്ക​പ്പെ​ടു​ന്നു​വെന്നു മനുഷ്യ​രെ കാണി​ക്കേ​ണ്ട​തി​നും പൗലൊസ്‌ ഇതിന്റെ ഒരു ശുശ്രൂ​ഷ​ക​നാ​യി​ത്തീർന്നി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ബഹുവി​ധ​മായ ജ്ഞാനം അറിയി​ക്ക​പ്പെ​ടു​ന്നതു സഭ മുഖാ​ന്ത​ര​മാണ്‌. ഇതു നിമിത്തം പരിജ്ഞാ​ന​ത്തെ​ക്കാൾ മികച്ച ക്രിസ്‌തു​വിൻസ്‌നേഹം അവർ പൂർണ​മാ​യി അറി​യേ​ണ്ട​തി​നും “നാം ചോദി​ക്കു​ന്ന​തി​ലും നിനെ​ക്കു​ന്ന​തി​ലും അത്യന്തം പരമായി ചെയ്‌വാൻ” ദൈവ​ത്തി​നു കഴിയു​മെന്നു തിരി​ച്ച​റി​യേ​ണ്ട​തി​നും ദൈവാ​ത്മാ​വു മുഖാ​ന്തരം ബലം​കൊണ്ട്‌ അവർ ശക്തരാ​ക്ക​പ്പെ​ടാൻ പൗലൊസ്‌ പ്രാർഥി​ക്കു​ന്നു.—3:20.

12. (എ) ക്രിസ്‌ത്യാ​നി​കൾ എങ്ങനെ നടക്കണം, എന്തു​കൊണ്ട്‌? (ബി) ക്രിസ്‌തു ഏതു ദാനങ്ങൾ നൽകി​യി​രി​ക്കു​ന്നു, എന്ത്‌ ഉദ്ദേശ്യ​ത്തിൽ? (സി) “പുതിയ വ്യക്തി​ത്വം” ധരിക്കു​ന്ന​തിൽ എന്തുൾപ്പെ​ട്ടി​രി​ക്കു​ന്നു?

12 “പുതിയ വ്യക്തി​ത്വം” ധരിക്കൽ (4:1–5:20) ക്രിസ്‌ത്യാ​നി​കൾ മനസ്സിന്റെ എളിമ​യി​ലും ദീർഘ​ക്ഷ​മ​യോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടെ​യും സമാധാ​ന​മാ​കുന്ന ഐക്യ​ബ​ന്ധ​ത്തി​ലും തങ്ങളുടെ വിളിക്കു യോഗ്യ​മാ​യി നടക്കണം. എന്തെന്നാൽ ഒരു ആത്മാവും ഒരു പ്രത്യാ​ശ​യും ഒരു വിശ്വാ​സ​വും “എല്ലാവർക്കും മീതെ​യു​ള​ള​വ​നും എല്ലാവ​രി​ലും കൂടി വ്യാപ​രി​ക്കു​ന്ന​വ​നും എല്ലാവ​രി​ലും ഇരിക്കു​ന്ന​വ​നു​മാ​യി എല്ലാവർക്കും ദൈവ​വും പിതാ​വു​മായ” ഒരുവ​നും മാത്ര​മാ​ണു​ള​ളത്‌. (4:6) അതു​കൊണ്ട്‌ “ഏക കർത്താ”വായ ക്രിസ്‌തു “വിശു​ദ്ധൻമാ​രു​ടെ യഥാസ്ഥാ​ന​ത്വ​ത്തി​ന്നാ​യു​ളള ശുശ്രൂ​ഷ​യു​ടെ വേലെ​ക്കും ക്രിസ്‌തു​വി​ന്റെ ശരീര​ത്തി​ന്റെ ആത്മീയ​വർദ്ധ​നെ​ക്കും”വേണ്ടി പ്രവാ​ച​കൻമാർ, സുവി​ശേ​ഷ​കൻമാർ, ഇടയൻമാർ, ഉപദേ​ഷ്ടാ​ക്കൻമാർ എന്നിവരെ നൽകി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌, ‘നമുക്കു സ്‌നേ​ഹ​ത്തിൽ സത്യം സംസാ​രി​ച്ചു​കൊ​ണ്ടു ക്രിസ്‌തു എന്ന തലയോ​ളം സകലത്തി​ലും വളരാം,’ ഒരു ശരീര​മെന്ന നിലയിൽ ഓരോ അവയവ​വും സഹകരി​ച്ചു യോജി​പ്പിൽ ഒന്നിച്ചു​ചേർന്നു​കൊ​ണ്ടു​തന്നെ എന്നു പൗലൊസ്‌ എഴുതു​ന്നു. (4:5, 12, 15) പഴയ വ്യക്തി​ത്വ​ത്തി​ന്റെ അധാർമി​ക​വും നിഷ്‌പ്ര​യോ​ജ​ന​ക​ര​വും അജ്ഞവു​മായ വഴികൾ നീക്കം​ചെ​യ്യ​പ്പെ​ടണം; ഓരോ വ്യക്തി​യും തന്റെ മനസ്സിനെ കർമോ​ദ്യു​ക്ത​മാ​ക്കുന്ന ശക്തിയിൽ പുതു​ക്കം​പ്രാ​പി​ക്കു​ക​യും “ദൈ​വേ​ഷ്ട​പ്ര​കാ​രം യഥാർഥ നീതി​യി​ലും വിശ്വ​സ്‌ത​ത​യി​ലും സൃഷ്ടി​ക്ക​പ്പെട്ട പുതിയ വ്യക്തി​ത്വം ധരിക്കു​ക​യും” [NW] വേണം. എല്ലാവ​രും അന്യോ​ന്യം വേണ്ട​പ്പെ​ട്ട​വ​രാ​ക​യാൽ അവർ സത്യം സംസാ​രി​ക്കു​ക​യും ക്രോ​ധ​വും മോഷ​ണ​വും ചീത്ത സംസാ​ര​ങ്ങ​ളും ദ്രോ​ഹ​പൂർവ​ക​മായ കയ്‌പും നീക്കം​ചെ​യ്യു​ക​യും വേണം—ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ദുഃഖി​പ്പി​ക്ക​രുത്‌. പകരം, അവർ ‘തമ്മിൽ ദയയും മനസ്സലി​വു​മു​ള​ള​വ​രാ​യി ദൈവം ക്രിസ്‌തു​വിൽ അവരോ​ടു ക്ഷമിച്ച​തു​പോ​ലെ അന്യോ​ന്യം ക്ഷമിക്കട്ടെ.’—4:24, 32.

13. ദൈവ​ത്തി​ന്റെ ഒരു അനുകാ​രി​യാ​യി​ത്തീ​രു​ന്ന​തിന്‌, ഒരുവൻ എന്തു ചെയ്യണം?

13 എല്ലാവ​രും ദൈവ​ത്തി​ന്റെ അനുകാ​രി​ക​ളാ​യി​ത്തീ​രണം. അവരു​ടെ​യി​ട​യിൽ പരസം​ഗ​വും അശുദ്ധി​യും അത്യാ​ഗ്ര​ഹ​വും പറയ​പ്പെ​ടു​ക​പോ​ലു​മ​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ അങ്ങനെ​യു​ളള കാര്യങ്ങൾ ചെയ്യു​ന്ന​വർക്കു രാജ്യ​ത്തിൽ അവകാ​ശ​മില്ല. “വെളി​ച്ച​ത്തി​ന്റെ മക്കളായി നടന്നു​കൊ​ണ്ടേ​യി​രി​ക്കുക” എന്നു പൗലൊസ്‌ എഫെസ്യ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. നിങ്ങൾ നടക്കു​ന്ന​തെ​ങ്ങ​നെ​യെന്നു “കർശന​മാ​യി സൂക്ഷി​ച്ചു​കൊൾക,” അവസരം വിലയ്‌ക്കു​വാ​ങ്ങുക, എന്തു​കൊ​ണ്ടെ​ന്നാൽ “നാളുകൾ ദുഷ്ടമാണ്‌.” അതെ, അവർ ‘യഹോ​വ​യു​ടെ ഇഷ്ടം എന്തെന്നു ഗ്രഹി​ക്കു​ന്ന​തിൽ തുടരണം’, നന്ദിയു​ളള ഒരു വിധത്തിൽ ദൈവ​സ്‌തു​തി​യെ​ക്കു​റി​ച്ചു പറയു​ക​യും വേണം.—5:8, 15-17, NW.

14. ഭാര്യാ​ഭർത്താ​ക്കൻമാ​രു​ടെ പരസ്‌പ​ര​മു​ളള ഉത്തരവാ​ദി​ത്വ​ങ്ങൾ ഏവ?

14 ഉചിത​മായ കീഴ്‌പ്പെടൽ; ക്രിസ്‌തീയ യുദ്ധം (5:21–6:24) സഭ ക്രിസ്‌തു​വി​നു കീഴട​ങ്ങി​യി​രി​ക്കു​ന്ന​തു​പോ​ലെ, ഭാര്യ​മാർ ഭർത്താ​ക്കൻമാർക്കു കീഴട​ങ്ങി​യി​രി​ക്കേ​ണ്ട​താണ്‌. ‘ക്രിസ്‌തു​വും സഭയെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ’ ഭർത്താ​ക്കൻമാർ തങ്ങളുടെ ഭാര്യ​മാ​രെ തുടർന്നു സ്‌നേ​ഹി​ക്കണം. അതു​പോ​ലെ, “ഭാര്യക്കു ഭർത്താ​വി​നോ​ടു ആഴമായ ബഹുമാ​നം ഉണ്ടായി​രി​ക്കണം.”—5:25, 33, NW.

15. കുട്ടി​ക​ളെ​യും മാതാ​പി​താ​ക്ക​ളെ​യും അടിമ​ക​ളെ​യും യജമാ​നൻമാ​രെ​യും ക്രിസ്‌തീയ പടക്കോ​പ്പി​നെ​യും​കു​റിച്ച്‌ പൗലൊസ്‌ എന്തു ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു?

15 കുട്ടികൾ മാതാ​പി​താ​ക്ക​ളോ​ടു​ളള ഐക്യ​ത്തി​ലും അനുസ​ര​ണ​ത്തി​ലും ദൈവി​ക​ശി​ക്ഷ​ണ​ത്തി​നു ചെവി​കൊ​ടു​ത്തും ജീവി​ക്കണം. അടിമ​ക​ളും യജമാ​നൻമാ​രും ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യി വർത്തി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ എല്ലാവ​രു​ടെ​യും യജമാനൻ ‘സ്വർഗ്ഗ​ത്തിൽ ഉണ്ട്‌, അവന്റെ പക്കൽ മുഖപ​ക്ഷ​മില്ല.’ ഒടുവിൽ, എല്ലാവ​രും “കർത്താ​വി​ലും അവന്റെ അമിത​ബ​ല​ത്തി​ലും ശക്തിപ്പെ”ടട്ടെ, പിശാ​ചി​നെ​തി​രെ ഉറച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു ദൈവ​ത്തിൽനി​ന്നു​ളള സമ്പൂർണ​പ​ട​ക്കോപ്പ്‌ ധരിച്ചു​കൊ​ണ്ടു​തന്നെ. ‘എല്ലാറ​റി​ന്നും മീതെ വിശ്വാ​സം എന്ന പരിച എടുത്തു​കൊൾക,’ കൂടാതെ ‘ദൈവ​വ​ചനം എന്ന ആത്മാവി​ന്റെ വാളും.’ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക, ഉണർന്നി​രി​ക്കുക. സകല സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തോ​ടും​കൂ​ടെ ‘സുവി​ശേ​ഷ​ത്തി​ന്റെ മർമ്മം അറിയി​ക്കേ​ണ്ട​തി​നു’ തനിക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാൻ പൗലൊസ്‌ അപേക്ഷി​ക്കു​ന്നു.—6:9, 10, 16, 17, 19.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

16. എഫെസ്യ​രിൽ ഏതു ചോദ്യ​ങ്ങൾക്കു പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളുണ്ട്‌, ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ എന്തു പറഞ്ഞി​രി​ക്കു​ന്നു?

16 എഫെസ്യർക്കു​ളള ലേഖനം ക്രിസ്‌തീ​യ​ജീ​വി​ത​ത്തി​ന്റെ മിക്കവാ​റും എല്ലാ വശങ്ങ​ളെ​യും സ്‌പർശി​ക്കു​ന്നു. ക്ലേശക​ര​മായ പ്രശ്‌ന​ങ്ങ​ളു​ടെ​യും ലോക​ത്തി​ലെ അപകൃ​ത്യ​ങ്ങ​ളു​ടെ​യും ഏതൽക്കാ​ലത്തെ കുതി​ച്ചു​ക​യ​റ​റ​ത്തി​ന്റെ വീക്ഷണ​ത്തിൽ ദൈവി​ക​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം നയിക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും പൗലൊ​സി​ന്റെ സാരവ​ത്തും പ്രാ​യോ​ഗി​ക​വു​മായ ബുദ്ധ്യു​പ​ദേശം യഥാർഥ പ്രയോ​ജ​ന​മു​ള​ള​താണ്‌. കുട്ടികൾ മാതാ​പി​താ​ക്ക​ളോ​ടും മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടും എങ്ങനെ വർത്തി​ക്കണം? ഭർത്താ​വി​നു ഭാര്യ​യോ​ടും ഭാര്യക്കു ഭർത്താ​വി​നോ​ടു​മു​ളള ഉത്തരവാ​ദി​ത്തങ്ങൾ എന്താണ്‌? സ്‌നേ​ഹ​ത്തിൽ ഐക്യ​വും ഒരു ദുഷ്ട​ലോ​ക​ത്തിൻമ​ധ്യേ ക്രിസ്‌തീയ നിർമ​ല​ത​യും പാലി​ക്കു​ന്ന​തി​നു സഭയിലെ വ്യക്തികൾ എന്തു ചെയ്യേ​ണ്ട​താണ്‌? പൗലൊ​സി​ന്റെ ബുദ്ധ്യു​പ​ദേശം ഈ ചോദ്യ​ങ്ങ​ളെ​ല്ലാം കൈകാ​ര്യം​ചെ​യ്യു​ന്നു, പുതിയ ക്രിസ്‌തീയ വ്യക്തി​ത്വം ധരിക്കു​ന്ന​തിൽ എന്തുൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അവൻ തുടർന്നു പ്രകട​മാ​ക്കു​ന്നു. എഫെസ്യ​രു​ടെ പഠനത്തി​ലൂ​ടെ, ദൈവ​ത്തി​നു പ്രസാ​ദ​ക​ര​വും “സത്യത്തി​ന്റെ ഫലമായ നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട”തുമായ തരം വ്യക്തി​ത്വ​ത്തോ​ടു​ളള യഥാർഥ വിലമ​തി​പ്പു നേടാൻ എല്ലാവ​രും പ്രാപ്‌ത​രാ​യി​ത്തീ​രും.—4:24-32; 6:1-4; 5:3-5, 15-20, 22-33.

17. സഭയിലെ ക്രമീ​ക​ര​ണ​ങ്ങ​ളോ​ടു​ളള സഹകര​ണം​സം​ബ​ന്ധിച്ച്‌ എഫെസ്യർ എന്തു പ്രകട​മാ​ക്കു​ന്നു?

17 സഭയിലെ നിയമ​ന​ങ്ങ​ളു​ടെ​യും നിയോ​ഗ​ങ്ങ​ളു​ടെ​യും ഉദ്ദേശ്യ​വും ഈ ലേഖനം കാണി​ച്ചു​ത​രു​ന്നു. ഇതു പക്വതയെ മുന്നിൽ കണ്ടു​കൊ​ണ്ടു​ളള “വിശു​ദ്ധൻമാ​രു​ടെ യഥാസ്ഥാ​ന​ത്വ​ത്തി​ന്നാ​യു​ളള ശുശ്രൂ​ഷ​യു​ടെ വേലെ​ക്കും ക്രിസ്‌തു​വി​ന്റെ ശരീര​ത്തി​ന്റെ ആത്മിക​വർദ്ധ​നെ​ക്കും ആകുന്നു.” ഈ സഭാപ​ര​മായ ക്രമീ​ക​ര​ണ​ങ്ങ​ളോ​ടു പൂർണ​മാ​യി സഹകരി​ക്കു​ന്ന​തി​നാൽ ക്രിസ്‌ത്യാ​നി​ക്കു “സ്‌നേ​ഹ​ത്തിൽ . . . ക്രിസ്‌തു എന്ന തലയോ​ളം സകലത്തി​ലും വളരു​വാൻ” സാധി​ക്കും.—4:12, 15.

18. “പാവന​ര​ഹസ്യ”ത്തെയും ഒരു ആത്മീയ ആലയ​ത്തെ​യും കുറിച്ച്‌ എന്തു വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു?

18 എഫെസ്യർക്കു​ളള ലേഖനം “ക്രിസ്‌തു​വി​ന്റെ മർമ്മം” സംബന്ധിച്ച ഗ്രാഹ്യം മൂർച്ച​യു​ള​ള​താ​ക്കു​ന്ന​തിന്‌ ആദിമ​സ​ഭക്കു വലിയ പ്രയോ​ജനം ചെയ്‌തു. വിശ്വ​സിച്ച യഹൂദൻമാ​രോ​ടൊ​പ്പം ‘ജാതി​ക​ളും’ “സുവി​ശേ​ഷ​ത്താൽ ക്രിസ്‌തു​യേ​ശു​വിൽ കൂട്ടവ​കാ​ശി​ക​ളും . . . വാഗ്‌ദ​ത്ത​ത്തിൻ പങ്കാളി​ക​ളും” ആകാൻ വിളി​ക്ക​പ്പെ​ടു​ക​യാ​ണെന്ന്‌ ഇവിടെ വ്യക്തമാ​ക്ക​പ്പെട്ടു. പുറജാ​തി​യെ യഹൂദ​നിൽനി​ന്നു വേലി​കെട്ടി അകററി​യി​രുന്ന ‘കല്‌പ​ന​ക​ളായ ന്യായ​പ്ര​മാ​ണം’ എന്ന വേർപാ​ടി​ന്റെ ചുവർ നീക്കം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇപ്പോൾ ക്രിസ്‌തു​വി​ന്റെ രക്തത്താൽ എല്ലാവ​രും വിശു​ദ്ധൻമാ​രു​ടെ സഹപൗ​രൻമാ​രും ദൈവ​ഭ​വ​ന​ത്തി​ലെ അംഗങ്ങ​ളു​മാ​യി​ത്തീർന്നി​രു​ന്നു. അർത്തേ​മി​സി​ന്റെ പുറജാ​തി​ക്ഷേ​ത്ര​ത്തിൽനി​ന്നു കടകവി​രു​ദ്ധ​മാ​യി, ഇവർ ആത്മാവി​നാൽ ദൈവ​ത്തി​നു വസിക്കാ​നു​ളള ഒരു സ്ഥലമായി—“കർത്താ​വിൽ [“യഹോ​വ​ക്കാ​യു​ളള,” NW] വിശു​ദ്ധ​മ​ന്ദി​ര​മാ​യി”—ക്രിസ്‌തു​യേ​ശു​വി​നോ​ടു​ളള ഐക്യ​ത്തിൽ ഒരുമി​ച്ചു പണിയ​പ്പെ​ടു​ക​യാ​യി​രു​ന്നു.—3:4, 6; 2:15, 21.

19. എഫെസ്യർ ഇന്നോളം ഏതു പ്രത്യാ​ശ​യും പ്രോ​ത്സാ​ഹ​ന​വും വെച്ചു​നീ​ട്ടു​ന്ന​തിൽ തുടരു​ന്നു?

19 “പാവന​ര​ഹ​സ്യം” സംബന്ധിച്ച്‌, “സ്വർഗ്ഗ​ത്തി​ലും [സ്വർഗീ​യ​രാ​ജ്യ​ത്തി​ലാ​യി​രി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നവർ] ഭൂമി​യി​ലു​മു​ള​ളതു [രാജ്യ​മ​ണ്ഡ​ല​ത്തിൽ ഭൂമി​യിൽ ജീവി​ക്കാ​നു​ള​ളവർ] എല്ലാം പിന്നെ​യും ക്രിസ്‌തു​വിൽ ഒന്നായി​ച്ചേർക്ക എന്നിങ്ങനെ കാലസ​മ്പൂർണ്ണ​ത​യി​ലെ വ്യവസ്ഥെ”യെക്കു​റി​ച്ചും [“ഭരണനിർവ​ഹണം,” NW] പൗലൊസ്‌ പറഞ്ഞു. അങ്ങനെ സമാധാ​ന​വും ഐക്യ​വും പുനഃ​സ്ഥാ​പി​ക്കാ​നു​ളള ദൈവ​ത്തി​ന്റെ മഹത്തായ ഉദ്ദേശ്യം മുൻപ​ന്തി​യി​ലേക്കു വരുത്ത​പ്പെ​ടു​ന്നു. ഈ ബന്ധത്തിൽ എഫെസ്യ​രെ ദൈവം ഏതി​ലേക്കു വിളി​ച്ചി​രി​ക്കു​ന്നു​വോ ആ പ്രത്യാശ അവർ പൂർണ​മാ​യി ഗ്രഹി​ക്കേ​ണ്ട​തി​നും “വിശു​ദ്ധൻമാ​രിൽ അവന്റെ അവകാ​ശ​ത്തി​ന്റെ മഹിമാ​ധനം” എന്തെന്നു മനസ്സി​ലാ​ക്കേ​ണ്ട​തി​നും ഹൃദയ​ദൃ​ഷ്ടി​കൾ പ്രകാ​ശി​ത​മാ​യി​രി​ക്കുന്ന എഫെസ്യർക്കു​വേണ്ടി പൗലൊസ്‌ പ്രാർഥി​ച്ചു. ഈ വാക്കുകൾ അവരുടെ പ്രത്യാ​ശ​യിൽ അവരെ അതിയാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കണം. എഫെസ്യർക്കു​ളള നിശ്വ​സ്‌ത​ലേ​ഖനം ഈ നാളിൽ സഭയെ കെട്ടു​പണി ചെയ്യു​ന്ന​താ​യി തുടരു​ന്നു, ‘ദൈവം നൽകുന്ന എല്ലാ നിറവി​നോ​ളം നിറഞ്ഞു​വ​രാൻതന്നെ.’—1:9-11, 18; 3:19.

[അടിക്കു​റി​പ്പു​കൾ]

a ബൈബിളിലെ പുസ്‌ത​ക​ങ്ങ​ളു​ടെ ഉത്ഭവവും ചരി​ത്ര​വും (ഇംഗ്ലീഷ്‌), 1868, സി. ഈ. സ്‌റേ​റാവ്‌, പേജ്‌ 357.

b പുതിയ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), രണ്ടാം പതിപ്പ്‌, 1986, ജെ.ഡി. ഡഗ്ലസ്‌ സംവി​ധാ​നം​ചെ​യ്‌തത്‌, പേജ്‌ 175.

c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജ്‌ 182.

[അധ്യയന ചോദ്യ​ങ്ങൾ]