ബൈബിൾ പുസ്തക നമ്പർ 5—ആവർത്തനപുസ്തകം
ബൈബിൾ പുസ്തക നമ്പർ 5—ആവർത്തനപുസ്തകം
എഴുത്തുകാരൻ: മോശ
എഴുതിയ സ്ഥലം: മോവാബ് സമഭൂമി
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 1473
ഉൾപ്പെട്ടിരിക്കുന്ന കാലം: 2 മാസം (പൊ.യു.മു. 1473)
1. വാഗ്ദത്തദേശത്തേക്കുളള ഇസ്രായേലിന്റെ പ്രവേശനത്തോടുളള ബന്ധത്തിൽ ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
ആവർത്തനപുസ്തകത്തിൽ യഹോവയുടെ ജനത്തിനുവേണ്ടി ഒരു തീക്ഷ്ണമായ സന്ദേശം അടങ്ങിയിരിക്കുന്നു. മരുഭൂമിയിൽ 40 വർഷം അലഞ്ഞുനടന്നശേഷം ഇസ്രായേൽപുത്രൻമാർ ഇപ്പോൾ വാഗ്ദത്തദേശത്തിന്റെ കവാടത്തിങ്കൽ നിലയുറപ്പിച്ചു. അവരുടെ മുമ്പാകെ സ്ഥിതിചെയ്തത് എന്തായിരുന്നു? യോർദാന്റെ മറുകരയിൽ അവർ അഭിമുഖീകരിക്കാനിരുന്ന പ്രത്യേക പ്രശ്നങ്ങൾ എന്തായിരുന്നു? മോശക്ക് അന്തിമമായി ജനതയോട് എന്തു പറയാനുണ്ടായിരിക്കും? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയുന്നത് ഇന്നു നമുക്കു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട് എന്നും നമുക്കു ചോദിക്കാവുന്നതാണ്.
2. ഏതു മുന്തിയ വിധത്തിൽ ആവർത്തനപുസ്തകം പ്രധാനമാണ്?
2 മോശ പറഞ്ഞതും ബൈബിളിലെ അഞ്ചാമത്തെ പുസ്തകമായ ആവർത്തനപുസ്തകത്തിൽ അവൻ എഴുതിയതുമായ വചനങ്ങളിൽ ഉത്തരങ്ങൾ കാണാവുന്നതാണ്. ആവർത്തനപുസ്തകം മുൻ പുസ്തകങ്ങളിലെ വളരെയധികം കാര്യങ്ങൾ വീണ്ടും പ്രസ്താവിക്കുന്നുണ്ടെങ്കിലും അത് അതിന്റെ സ്വന്തം മുന്തിയ വിധത്തിൽ മൂല്യവത്താണ്. എന്തുകൊണ്ട്? അതു യഹോവയുടെ ജനത്തിന്റെ ചരിത്രത്തിൽ ശക്തിമത്തായ നേതൃത്വവും ക്രിയാത്മകമായ മാർഗനിർദേശവും യഥാർഥമായി ആവശ്യമായിരുന്ന ഒരു സമയത്തു പ്രദാനംചെയ്തതാകയാൽ ദിവ്യസന്ദേശത്തിനു ദൃഢത കൂട്ടുന്നു. അവർ ഒരു പുതിയ നേതാവിൻകീഴിൽ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ പോകുകയായിരുന്നു. മുന്നോട്ടുപോകാൻ അവർക്കു പ്രോത്സാഹനം ആവശ്യമായിരുന്നു. അതേസമയം, യഹോവയുടെ അനുഗ്രഹത്തിലേക്കു നയിക്കുന്ന ശരിയായ ഗതി സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിന് അവർക്കു ദിവ്യ മുന്നറിയിപ്പും ആവശ്യമായിരുന്നു.
3. മോശ ആവർത്തനപുസ്തകത്തിലുടനീളം എന്ത് ഊന്നിപ്പറയുന്നു, ഇത് ഇന്നു നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 ആവശ്യത്തിന് അനുസൃതമായി, അനുസരണവും വിശ്വസ്തതയുമുളളവരായിരിക്കുന്നതിന് ഇസ്രായേലിനോടു വളച്ചുകെട്ടില്ലാത്ത ഒരു അഭ്യർഥന നടത്താൻ മോശ യഹോവയുടെ ആത്മാവിനാൽ ശക്തമായി പ്രേരിതനായി. മുഴുപുസ്തകത്തിലും ഉടനീളം, സമ്പൂർണഭക്തി നിഷ്കർഷിക്കുകയും തന്റെ ജനം തന്നെ ‘പൂർണ ഹൃദയത്തോടും പൂർണദേഹിയോടും തങ്ങളുടെ പൂർണ ജീവശക്തിയോടും കൂടെ സ്നേഹിക്കണ’മെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അത്യുന്നത ദൈവമാണു യഹോവയെന്ന് അവൻ ഊന്നിപ്പറയുന്നു. അവൻ “ദൈവങ്ങളുടെ ദൈവവും കർത്താക്കൻമാരുടെ കർത്താവുമായി വലിയവനും ശക്തനും ഭയാവഹനുമായ ദൈവമാകുന്നു.” അവൻ മാത്സര്യം പൊറുക്കുന്നില്ല. അവനെ അനുസരിക്കുന്നതു ജീവൻ കൈവരുത്തുന്നു, അനുസരിക്കാതിരിക്കുന്നതു മരണവും. ആവർത്തനപുസ്തകത്തിൽ നൽകിയ യഹോവയുടെ പ്രബോധനം ഇസ്രായേലിന്റെ മുമ്പാകെ സ്ഥിതിചെയ്ത അതിപ്രധാന ജോലികൾക്ക് ആവശ്യമായിരുന്ന ഒരുക്കലും ബുദ്ധ്യുപദേശവുമായിരുന്നു. അത് ഒരു ദുഷിച്ച ലോകത്തിൽ യഹോവയുടെ നാമത്തെ വിശുദ്ധീകരിച്ചുകൊണ്ട് അവനോടുളള ഭയത്തിൽ നാം തുടർന്നു നടക്കേണ്ടതിന് ഇന്നു നമുക്കാവശ്യമായിരിക്കുന്ന തരം ബുദ്ധ്യുപദേശവുമാണ്.—ആവ. 5:9, 10; 6:4-6; 10:12-22, NW.
4. ആവർത്തനപുസ്തകം എന്ന പേരിന്റെ അർഥമെന്ത്, പുസ്തകത്തിന്റെ ഉദ്ദേശ്യമെന്ത്?
4 ആവർത്തനപുസ്തകം എന്ന പേർ ഗ്രീക്ക് സെപ്ററുവജിൻറു ഭാഷാന്തരത്തിലെ തലക്കെട്ടായ ഡ്യൂട്ടെറോനോമിയനിൽനിന്ന് ഉത്ഭവിക്കുന്നു, അത് “രണ്ട്” എന്നർഥമുളള ഡ്യൂട്ടെറോസിനെ “നിയമം” എന്നർഥമുളള നോമോസുമായി സംയോജിപ്പിക്കുന്നു. അതുകൊണ്ട് അതിന്റെ അർഥം “രണ്ടാം ന്യായപ്രമാണം; ന്യായപ്രമാണത്തിന്റെ ആവർത്തനം” എന്നാണ്. ഇത് ആവർത്തനപുസ്തകം 17:18-ലെ മിഷ്നെ ഹാറേറാറാ എന്ന എബ്രായ ശൈലിയുടെ ഗ്രീക്ക് വിവർത്തനത്തിൽനിന്നു വരുന്നതാണ്, അതു ‘നിയമത്തിന്റെ പകർപ്പ്’ എന്നു ശരിയായി വിവർത്തനം ചെയ്യപ്പെടുന്നു. എന്നിരുന്നാലും, ആവർത്തനപുസ്തകം എന്ന പേരിന്റെ അർഥം എന്തായാലും ഈ ബൈബിൾ പുസ്തകം ഒരു രണ്ടാം നിയമമോ ന്യായപ്രമാണത്തിന്റെ വെറും ആവർത്തനമോ അല്ല. പകരം, അതു ന്യായപ്രമാണത്തിന്റെ ഒരു വിശദീകരണം ആണ്, അവർ പെട്ടെന്നുതന്നെ പ്രവേശിക്കാനിരുന്ന വാഗ്ദത്തദേശത്തു യഹോവയെ സ്നേഹിക്കാനും അനുസരിക്കാനും ഇസ്രായേലിനെ ഉദ്ബോധിപ്പിക്കുന്നതുതന്നെ.—1:5.
5. ആവർത്തനപുസ്തകത്തിന്റെ എഴുത്തുകാരൻ മോശയാണെന്നു തെളിയിക്കുന്നത് എന്ത്?
5 ഇതു പഞ്ചഗ്രന്ഥങ്ങളുടെ അഞ്ചാമത്തെ ചുരുൾ അഥവാ വാല്യമായതുകൊണ്ട് എഴുത്തുകാരൻ നാലു മുൻ പുസ്തകങ്ങളുടെ എഴുത്തുകാരൻതന്നെയായിരിക്കണം, അതായതു മോശ. ആദ്യപ്രസ്താവന ആവർത്തനപുസ്തകത്തെ “മോശ എല്ലാ യിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ” ആയി തിരിച്ചറിയിക്കുന്നു. “മോശ ഈ ന്യായപ്രമാണം എഴുതി,” “മോശ . . . ഈ പാട്ടു എഴുതി” എന്നിങ്ങനെ പിന്നീടുള്ള പദപ്രയോഗങ്ങളും എഴുത്തുകാരനെന്ന അവന്റെ സ്ഥാനത്തെ വ്യക്തമായി തെളിയിക്കുന്നു. പുസ്തകത്തിൽ സാധാരണമായി, ചെയ്യപ്പെട്ട പ്രസ്താവനകളുടെ ആധികാരികതയെന്ന നിലയിൽ അവന്റെ പേർ ഏകദേശം 40 പ്രാവശ്യം കാണപ്പെടുന്നു. മോശയെ പരാമർശിച്ചുകൊണ്ട്, ഞാൻ എന്ന് ഉടനീളം വ്യാപകമായി ഉപയോഗിക്കുന്നു. അവസാനത്തെ വാക്യങ്ങൾ മോശയുടെ മരണാനന്തരം കൂട്ടിച്ചേർക്കപ്പെട്ടവയാണ്, യോശുവയോ മഹാപുരോഹിതനായ എലെയാസരോ കൂട്ടിച്ചേർത്തിരിക്കാനാണ് ഏററവുമധികം സാധ്യത.—1:1; 31:9, 22, 24-26.
6. (എ) ആവർത്തനപുസ്തകത്തിൽ ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു? (ബി) പുസ്തകം മിക്കവാറും എപ്പോൾ പൂർത്തിയായി?
6 ആവർത്തനപുസ്തകത്തിലെ സംഭവങ്ങൾ എപ്പോഴാണു നടന്നത്? തുടക്കത്തിൽ “നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു . . . പറഞ്ഞു” എന്ന് ഈ പുസ്തകംതന്നെ പ്രസ്താവിക്കുന്നു. ആവർത്തനപുസ്തകത്തിലെ രേഖ പൂർത്തിയായപ്പോൾ, യോർദാൻ കടക്കുന്നതിനു മൂന്നു ദിവസം മുമ്പു യോശുവയുടെ പുസ്തകം വിവരണം ഏറെറടുക്കുന്നു, അത് “ഒന്നാം മാസം പത്താം തിയ്യതി” ആയിരുന്നു. (ആവ. 1:3; യോശു. 1:11; 4:19) ഇത് ആവർത്തനപുസ്തകത്തിലെ സംഭവങ്ങൾക്കു രണ്ടു മാസവും ഒരു ആഴ്ചയും അടങ്ങുന്ന ഒരു കാലഘട്ടം അവശേഷിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ഒൻപതുവാര ഘട്ടത്തിലെ 30 ദിവസം മോശയുടെ മരണത്തിന്റെ വിലാപത്തിനു ചെലവഴിച്ചു. (ആവ. 34:8) ഇതിന്റെ അർഥം ആവർത്തനപുസ്തകത്തിലെ മിക്കവാറുമെല്ലാ സംഭവങ്ങളും 40-ാം വർഷത്തിന്റെ 11-ാം മാസത്തിൽ സംഭവിച്ചിരിക്കണമെന്നാണ്. ആ മാസാവസാനത്തോടെ പുസ്തകത്തിന്റെ എഴുത്തു മിക്കവാറും പൂർത്തിയായിരിക്കണം, മോശയുടെ മരണം 40-ാം വർഷത്തിന്റെ 12-ാം മാസാരംഭത്തിൽ അല്ലെങ്കിൽ പൊ.യു.മു. 1473-ൽ സംഭവിക്കുകയും ചെയ്തു.
7. ആവർത്തനപുസ്തകം വിശ്വാസ്യമാണെന്ന് എന്തു പ്രകടമാക്കുന്നു?
7 പഞ്ചഗ്രന്ഥങ്ങളുടെ ആദ്യത്തെ നാലു പുസ്തകങ്ങളുടെ വിശ്വാസ്യതക്കു സമർപ്പിച്ച തെളിവുകൾ അഞ്ചാം പുസ്തകമായ ആവർത്തനപുസ്തകത്തിനും സാധുവാണ്. അതു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഒട്ടുമിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന എബ്രായ തിരുവെഴുത്തുകളിലെ നാലു പുസ്തകങ്ങളിലൊന്നുമാണ്. മററുളളവ ഉല്പത്തി, സങ്കീർത്തനം, യെശയ്യാവ് എന്നിവയാണ്. ഈ ഉദ്ധരണികൾ 83 എണ്ണമുണ്ട്, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ പുസ്തകങ്ങളിൽ 17 എണ്ണം ആവർത്തനപുസ്തകത്തെ പരാമർശിക്കുന്നു. a
8. യേശുവിന്റെ ഏത് ആധികാരികസാക്ഷ്യം ആവർത്തനപുസ്തകത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നു?
8 ആവർത്തനപുസ്തകത്തെ പിന്താങ്ങുന്ന അതിശക്തമായ സാക്ഷ്യം യേശുതന്നെ നൽകുന്നു. തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ, അവൻ മൂന്നു പ്രാവശ്യം പിശാചിനാൽ പരീക്ഷിക്കപ്പെട്ടു. മൂന്നു പ്രാവശ്യവും “എഴുതിയിരിക്കുന്നു” എന്ന ഉത്തരവുമായി അവൻ തിരിച്ചുവന്നു. എവിടെ എഴുതപ്പെട്ടിരുന്നു? എന്തിന്, ആവർത്തനപുസ്തകത്തിൽ. (8:3; 6:16, 13), തന്റെ നിശ്വസ്ത പ്രമാണമായി യേശു അത് ഉദ്ധരിച്ചു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.” “നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം.” (മത്താ. 4:1-11) പിന്നീട്, ദൈവത്തിന്റെ കൽപ്പനകൾസംബന്ധിച്ചു യേശുവിനെ പരീക്ഷിച്ചുകൊണ്ടു പരീശൻമാർ വന്നപ്പോൾ അവൻ മറുപടിയായി ആവർത്തനപുസ്തകം 6:5-ൽനിന്നു “വലിയതും ഒന്നാമത്തേതുമായ കല്പന” ഉദ്ധരിച്ചു. (മത്താ. 22:37, 38; മർക്കൊ. 12:30; ലൂക്കൊ. 10:27) യേശുവിന്റെ സാക്ഷ്യം ആവർത്തനപുസ്തകം വിശ്വാസ്യമാണെന്നുളളതിന് അവിതർക്കിതമായി ഉറപ്പുനൽകുന്നു.
9. ഏതു ബാഹ്യതെളിവ് ആവർത്തനപുസ്തകത്തെ സംസ്ഥാപിക്കുന്നു?
9 തന്നെയുമല്ല, ഈ പുസ്തകത്തിലെ സംഭവങ്ങളും പ്രസ്താവനകളും ചരിത്രപരമായ സാഹചര്യത്തിനും ചുററുപാടുകൾക്കും കൃത്യമായി യോജിക്കുന്നവയാണ്. ഈജിപ്ത്, കനാൻ, അമാലേക്ക്, അമ്മോൻ, മോവാബ്, ഏദോം എന്നിവയെക്കുറിച്ചുളള പരാമർശങ്ങൾ ആ കാലത്തിന് അനുയോജ്യമാണ്, സ്ഥലപ്പേരുകൾ കൃത്യമായി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. b പുരാവസ്തുശാസ്ത്രം മോശയുടെ എഴുത്തുകളുടെ ആർജവം സംബന്ധിച്ച തെളിവുകൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവരുന്നതിൽ തുടരുകയാണ്. ഹെൻട്രി എച്ച്. ഹാലി എഴുതുന്നു: “ഈയിടെ [പഞ്ചഗ്രന്ഥങ്ങൾ മോശ എഴുതിയതാണെന്നുളള] യാഥാസ്ഥിതികവീക്ഷണത്തോട് ഒരു നിർണായകപ്രതികരണത്തിന് ഇടയാക്കത്തക്കവണ്ണം പുരാവസ്തുശാസ്ത്രം വളരെ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടാണിരിക്കുന്നത്. മോശയുടെ നാളിൽ എഴുത്ത് അറിയപ്പെട്ടിരുന്നില്ല എന്ന സിദ്ധാന്തം പൂർണമായും പൊളിഞ്ഞുപോകുന്നു. [എബ്രായ തിരുവെഴുത്തുകളിലെ] വിവരണങ്ങൾ യഥാർഥ ചരിത്രരേഖകളാണെന്നുളളതിന് ആലേഖനങ്ങളിലും ഭൂപാളികളിലുമുളള തെളിവുകൾ ഓരോ വർഷവും ഈജിപ്തിലും പലസ്തീനിലും മെസപ്പൊട്ടേമിയയിലും കുഴിച്ചെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ‘പാണ്ഡിത്യ’ത്തിനു മോശയാൽ രചിക്കപ്പെട്ടുവെന്ന പാരമ്പര്യവിശ്വാസത്തോടു കൂടുതൽ നിർണായകമായ ആദരവ് ഉണ്ടാകാനിടയാകുന്നു.” c അങ്ങനെ, ആവർത്തനപുസ്തകവും പഞ്ചഗ്രന്ഥങ്ങളുടെ ശേഷിച്ച ഭാഗവും ദൈവത്തിന്റെ പ്രവാചകനായ മോശ നിർമിച്ച യഥാർഥവും വിശ്വാസ്യവുമായ ഒരു രേഖയാണെന്നുളളതിനെ ബാഹ്യതെളിവുപോലും പിന്താങ്ങുന്നു.
ആവർത്തനപുസ്തകത്തിന്റെ ഉളളടക്കം
10. ആവർത്തനപുസ്തകത്തിൽ എന്ത് അടങ്ങിയിരിക്കുന്നു?
10 യെരീഹോയിക്കെതിർവശത്തുളള മോവാബ് സമഭൂമിയിൽവെച്ചു മോശ ഇസ്രായേൽപുത്രൻമാരോടു ചെയ്ത പ്രസംഗപരമ്പരയുടെ സമാഹാരമാണു മുഖ്യമായി ഈ പുസ്തകം. ഇവയിൽ ആദ്യത്തേതു 4-ാം അധ്യായത്തിൽ പര്യവസാനിക്കുന്നു, രണ്ടാമത്തേത് 26-ാം അധ്യായംവരെ വ്യാപിച്ചുകിടക്കുന്നു, മൂന്നാമത്തേത് 28-ാം അധ്യായംവരെതുടരുന്നു, മറെറാരു പ്രസംഗം 30-ാം അധ്യായത്തിന്റെ അവസാനംവരെ നീളുന്നു. പിന്നീട്, സമീപിച്ചുകൊണ്ടിരുന്ന തന്റെ മരണത്തിന്റെ വീക്ഷണത്തിൽ മോശ തന്റെ പിൻഗാമിയായി യോശുവയെ നിയോഗിക്കുന്നതുൾപ്പെടെയുളള അന്തിമക്രമീകരണങ്ങൾ ചെയ്തശേഷം യഹോവയുടെ സ്തുതിക്കായി അത്യന്തം മനോഹരമായ ഒരു ഗീതം രേഖപ്പെടുത്തുന്നു, തുടർന്ന് ഇസ്രായേൽഗോത്രങ്ങളുടെമേലുളള ഒരു അനുഗ്രഹവും.
11. മോശ തന്റെ ആദ്യപ്രസംഗം എങ്ങനെ അവതരിപ്പിക്കുന്നു?
11 മോശയുടെ ആദ്യത്തെ പ്രസംഗം (1:1–4:49). ഇതു വരാനിരിക്കുന്നതിന്റെ ഒരു ചരിത്രപരമായ അവതാരികയാണ്. ആദ്യമായി മോശ തന്റെ ജനവുമായുളള യഹോവയുടെ വിശ്വസ്തമായ ഇടപെടലുകളെ പുനരവലോകനം ചെയ്യുന്നു. തങ്ങളുടെ പൂർവപിതാക്കൻമാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദത്തം ചെയ്ത ദേശം പോയി കൈവശപ്പെടുത്താൻ മോശ അവരോടു പറയുകയാണ്. ആയിരംപേർക്കും നൂറുപേർക്കും അമ്പതുപേർക്കും പത്തുപേർക്കും വീതം അധിപതിമാരായി വർത്തിക്കാൻ ജ്ഞാനികളും വിവേകികളും അനുഭവപരിചയമുളളവരുമായ പുരുഷൻമാരെ താൻ, മോശ, തിരഞ്ഞെടുക്കാൻ ഇടയാക്കിക്കൊണ്ടു മരുപ്രയാണത്തിന്റെ തുടക്കത്തിൽ ഈ ദിവ്യാധിപത്യജനസമുദായത്തിന്റെ പ്രവർത്തനത്തെ യഹോവ എങ്ങനെ സമന്വയിപ്പിച്ചുവെന്ന് അവൻ വിവരിക്കുന്നു. യഹോവയുടെ മേൽനോട്ടത്തിൽ ഇസ്രായേൽ “ആ വലിയതും ഭയജനകവുമായ മരുഭൂമിയിലൂടെയെല്ലാം അഭിഗമിക്ക”വേ വിശിഷ്ടമായ സംഘാടനമുണ്ടായിരുന്നു.—1:19, NW.
12. കനാന്റെ പ്രാരംഭ ഒററുനോക്കലിനെ ചുററിപ്പററിയുളള ഏതു സംഭവങ്ങൾ അവൻ അടുത്തതായി വിവരിക്കുന്നു?
12 കനാനിൽനിന്നു മടങ്ങിവന്ന ചാരൻമാരുടെ റിപ്പോർട്ട് അവർ കേൾക്കുകയും യഹോവ തങ്ങളെ വെറുക്കുന്നുവെന്നു പരാതിപ്പെടുകയും ചെയ്തപ്പോഴത്തെ അവരുടെ മത്സരത്തിന്റെ പാപത്തെ മോശ ഇപ്പോൾ വിവരിക്കുന്നു, കാരണം അമോര്യർക്കു കൈവിടാൻവേണ്ടി മാത്രമാണ് അവൻ അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്നിരിക്കുന്നതെന്ന് അവർ കുററമാരോപിച്ചു. അവരുടെ വിശ്വാസരാഹിത്യം നിമിത്തം യോശുവയും കാലേബുമൊഴിച്ച് അവരിലാരും നല്ല ദേശം കാണുകയില്ലെന്നു യഹോവ ആ ദുഷ്ട തലമുറയോടു പറഞ്ഞു. ഇതിങ്കൽ അവർ വീണ്ടും ആകെ ചൂടായി ശത്രുവിനോടു തനിച്ച് ആക്രമണംനടത്തിക്കൊണ്ടു മത്സരപൂർവം പെരുമാറി, അമോര്യർ തേനീച്ചക്കൂട്ടത്തെപ്പോലെ അവരെ പായിക്കുകയും ചിതറിക്കുകയും ചെയ്തുവെന്നതുമാത്രമായിരുന്നു ഫലം.
13. എന്തടിസ്ഥാനത്തിൽ മോശ യോശുവക്കു വിജയത്തിന് ഉറപ്പുകൊടുത്തു?
13 അവർ ചെങ്കടലിങ്കലേക്കു മരുഭൂമിയിലൂടെ യാത്രചെയ്തു, 38 വർഷക്കാലംകൊണ്ടു യോദ്ധാക്കളുടെ തലമുറ മുഴുവൻ ചത്തൊടുങ്ങി. അപ്പോൾ നദികടന്ന് അർന്നോനു വടക്കു ദേശം കൈവശപ്പെടുത്താൻ യഹോവ അവരോടു കൽപ്പിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “നിന്നെയുളള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉളള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നേ തുടങ്ങും; അവർ നിന്റെ ശ്രുതികേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.” (2:25) സീഹോനും അവന്റെ ദേശവും ഇസ്രായേല്യർക്കു കീഴടങ്ങി. അനന്തരം ഓഗിന്റെ രാജ്യം കൈവശപ്പെടുത്തി. സകല രാജ്യങ്ങളെയും കീഴടക്കുന്നതിൽ യഹോവ അതേ വിധത്തിൽതന്നെ ഇസ്രായേലിനുവേണ്ടി പോരാടുമെന്നു മോശ യോശുവയ്ക്ക് ഉറപ്പുകൊടുത്തു. ഏതെങ്കിലും വിധത്തിൽ താൻതന്നെ യോർദാന്നക്കരെയുളള നല്ല ദേശത്തേക്കു കടന്നോട്ടെയെന്നു മോശ ദൈവത്തോടു ചോദിച്ചു, എന്നാൽ യോശുവയെ നിയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും ശക്തീകരിക്കാനും അവനോടു പറഞ്ഞുകൊണ്ടു യഹോവ ഇതിനു വിസമ്മതിക്കുന്നതിൽ തുടർന്നു.
14. ദൈവത്തിന്റെ ന്യായപ്രമാണത്തിനും സമ്പൂർണഭക്ഷിക്കും മോശ എന്തു ദൃഢത കൊടുത്തു?
14 മോശ ഇപ്പോൾ ദൈവത്തിന്റെ കൽപ്പനകളോടു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പു കൊടുത്തുകൊണ്ട് അവന്റെ ന്യായപ്രമാണത്തിനു വലിയ ഊന്നൽ കൊടുക്കുന്നു. അനുസരണക്കേടു വലിയ വിപത്തു വരുത്തും: “കണ്ണാലെ കണ്ടിട്ടുളള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.” (4:9) ഹോരേബിലെ ഭയാവഹമായ സാഹചര്യങ്ങളിൽ യഹോവ പത്തു വചനങ്ങൾ പ്രസ്താവിച്ചപ്പോൾ അവർ രൂപമൊന്നും കണ്ടില്ല. അവർ ഇപ്പോൾ വിഗ്രഹാരാധനയിലേക്കും പ്രതിമാരാധനയിലേക്കും തിരിഞ്ഞാൽ അവർക്ക് അതു വിനാശമായിരിക്കും, എന്തുകൊണ്ടെന്നാൽ മോശ പറയുന്നതുപോലെ, “നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുളള ദൈവം തന്നേ.” (4:24) യഹോവയായിരുന്നു അവരുടെ പൂർവപിതാക്കൻമാരെ സ്നേഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തത്. മീതെ സ്വർഗത്തിലോ താഴെ ഭൂമിയിലോ വേറെ ദൈവമില്ല. “നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നു” അവനെ അനുസരിക്കാൻ മോശ ഉദ്ബോധിപ്പിക്കുന്നു.—4:40.
15. യോർദാനു കിഴക്കു സങ്കേത നഗരങ്ങൾക്കായി എന്തു ക്രമീകരണം ചെയ്യുന്നു?
15 ഈ ശക്തമായ പ്രസംഗം ഉപസംഹരിച്ച ശേഷം മോശ യോർദാനു കിഴക്കു ബേസർ, രാമോത്ത്, ഗോലാൻ എന്നീ സങ്കേതനഗരങ്ങൾ വേർതിരിക്കാൻ നടപടിയെടുക്കുന്നു.
16. മോശയുടെ രണ്ടാമത്തെ പ്രസംഗം ഊന്നിപ്പറയുന്നത് എന്ത്?
16 മോശയുടെ രണ്ടാമത്തെ പ്രസംഗം (5:1–26:19). സീനായിയിങ്കൽവെച്ചു തങ്ങളോടു മുഖാമുഖം സംസാരിച്ച യഹോവയുടെ വാക്കു കേൾക്കാൻ ഇസ്രായേലിനോടുളള ഒരു ആഹ്വാനമാണിത്. യോർദാന് അക്കരെയുളള പുതുജീവിതത്തിനുവേണ്ടി പൊരുത്തപ്പെടുത്തിക്കൊണ്ട് ആവശ്യമായ ചില ഭേദഗതികളോടെ മോശ ന്യായപ്രമാണം വീണ്ടും പ്രസ്താവിക്കുന്നതു ശ്രദ്ധിക്കുക. അതു നിബന്ധനകളുടെയും ചട്ടങ്ങളുടെയും വെറും ആവർത്തനമല്ല. മോശയുടെ ഹൃദയം തീക്ഷ്ണതയും തന്റെ ദൈവത്തോടുളള ഭക്തിയും കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്ന് ഓരോ വാക്കും പ്രകടമാക്കുന്നു. അവൻ ജനതയുടെ ക്ഷേമത്തിനുവേണ്ടി സംസാരിക്കുന്നു. ന്യായപ്രമാണത്തോടുളള അനുസരണത്തെ—നിർബന്ധത്താലല്ല, സ്നേഹനിർഭരമായ ഒരു ഹൃദയത്തിൽനിന്നുളള അനുസരണത്തെ—ഉടനീളം ഊന്നിപ്പറയുന്നു.
17. യഹോവ ഇസ്രായേലിനോടു പ്രകടമാക്കിയ സ്നേഹം അവർ എങ്ങനെ തിരികെ പ്രകടമാക്കണം?
17 ആദ്യമായി മോശ പത്തു വചനങ്ങൾ, പത്തു കൽപ്പനകൾ, ആവർത്തിക്കുകയും ഇസ്രായേൽ ദേശത്തു തങ്ങളുടെ നാളുകൾ ദീർഘിപ്പിക്കേണ്ടതിനും അനേകരായി പെരുകേണ്ടതിനും ഇടത്തോട്ടോ വലത്തോട്ടോ മാറാതെ അവ അനുസരിക്കാൻ അവരോടു പറയുകയും ചെയ്യുന്നു. “യിസ്രായേലേ കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (6:4) അവനെ സ്നേഹിക്കുന്നതിനു ഹൃദയവും ദേഹിയും ജീവശക്തിയും കൊടുക്കണം, ഇസ്രായേൽ തങ്ങളുടെ പുത്രൻമാരെ പഠിപ്പിക്കുകയും യഹോവ ഈജിപ്തിൽ ചെയ്ത വലിയ അടയാളങ്ങളെയും അത്ഭുതങ്ങളെയും കുറിച്ച് അവരോടു പറയുകയും വേണം. വിഗ്രഹാരാധികളായ കനാന്യരുമായി വിവാഹബന്ധങ്ങൾ പാടില്ല. തന്റെ പ്രത്യേകസ്വത്തായിരിക്കുന്നതിനു യഹോവ ഇസ്രായേലിനെ തിരഞ്ഞെടുത്തത് അവർ ജനപ്പെരുപ്പമുളളവരായതുകൊണ്ടല്ല, പിന്നെയോ അവൻ അവരെ സ്നേഹിക്കുന്നതുകൊണ്ടും അവരുടെ പൂർവപിതാക്കൻമാരോടു ചെയ്ത ആണയിട്ട പ്രസ്താവന പാലിക്കുന്നതുകൊണ്ടുമാകുന്നു. ഇസ്രായേൽ ഭൂതമതത്തിന്റെ കെണി വർജിക്കുകയും ദേശത്തുനിന്നു വിഗ്രഹങ്ങളെ നശിപ്പിക്കുകയും സത്യമായി “വലിയവനും ഭയങ്കരനുമായ ദൈവ”മായ യഹോവയോടു പററിനിൽക്കുകയും ചെയ്തേ തീരൂ.—7:21.
18. ഇസ്രായേല്യർ എന്തിനെതിരെ ജാഗരൂകരായിരിക്കാൻ മോശ ഉദ്ബോധിപ്പിക്കുന്നു?
18 മനുഷ്യൻ ജീവിക്കുന്നതു മന്നാകൊണ്ടോ അപ്പംകൊണ്ടോ അല്ല പിന്നെയോ യഹോവയുടെ വായിലെ ഓരോ അരുളപ്പാടുകൊണ്ടുമാണെന്ന് അവരെ പഠിപ്പിച്ചുകൊണ്ടു യഹോവ അവരെ മരുഭൂമിയിൽ 40 വർഷം താഴ്ത്തി. തിരുത്തലിന്റെ ആ വർഷങ്ങളിലെല്ലാം അവരുടെ വസ്ത്രം ജീർണിച്ചില്ല, അവരുടെ പാദങ്ങൾ വീങ്ങിയതുമില്ല. ഇപ്പോൾ അവർ സമ്പത്തും സമൃദ്ധിയുമുളള ഒരു ദേശത്തേക്കു പ്രവേശിക്കാറായിരിക്കുകയാണ്! എന്നിരുന്നാലും, അവർ ഭൗതികത്വത്തിന്റെയും സ്വയനീതിയുടെയും കെണികൾക്കെതിരെ ജാഗരൂകരായിരിക്കുകയും ‘സമ്പത്തുണ്ടാക്കാനുളള ശക്തി നൽകുന്നവനും’ ദുഷ്ട ജനതകളെ കുടിയൊഴിപ്പിക്കുന്നവനും യഹോവ ആണെന്ന് ഓർത്തിരിക്കുകയും വേണം. (8:18) മോശ അനന്തരം ഇസ്രായേൽ യഹോവയെ പ്രകോപിപ്പിച്ച അവസരങ്ങൾ വീണ്ടും വിവരിക്കുന്നു. മരുഭൂമിയിൽ ബാധയാലും തീയാലും സംഹാരത്താലും അവർക്കെതിരെ യഹോവയുടെ കോപം എങ്ങനെ ജ്വലിച്ചുവെന്ന് അവർ ഓർക്കണം! യഹോവയുടെ ഉഗ്രകോപത്തിലും ന്യായപ്രമാണം എഴുതിയ കൽപ്പലകകളുടെ പുനർനിർമാണത്തിലും കലാശിച്ച അവരുടെ വിനാശകരമായ കാളക്കുട്ടിയാരാധന അവർ ഓർക്കണം! (പുറ. 32:1-10, 35; 17:2-7; സംഖ്യാ. 11:1-3, 31-35; 14:2-38) തീർച്ചയായും അവർ ഇപ്പോൾ, അവരുടെ പൂർവപിതാക്കൻമാർ നിമിത്തം അവരെ സ്നേഹിക്കുകയും അവരെ “പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കി”ത്തീർക്കുകയും ചെയ്തിരിക്കുന്ന യഹോവയെ സേവിക്കുകയും അവനോടു പററിനിൽക്കുകയും വേണം.—ആവ. 10:22.
19. എന്തു തിരഞ്ഞെടുക്കേണ്ടതാണെന്നു വ്യക്തമായി പ്രസ്താവിക്കുന്നു, ജനതക്കുവേണ്ടി ഏതു നിയമങ്ങൾ വിവരിക്കുന്നു?
19 ഇസ്രായേൽ “കല്പനകളൊക്കെയും” അനുസരിക്കേണ്ടതാണ്, അവർ കണിശമായും യഹോവയെ അനുസരിക്കണം, തങ്ങളുടെ ദൈവമെന്ന നിലയിൽ അവനെ സ്നേഹിക്കുകയും അവരുടെ മുഴുഹൃദയത്തോടും മുഴുദേഹിയോടും കൂടെ സേവിക്കുകയും വേണം. (11:8, 13) അവർ യഹോവയെ അനുസരിക്കുകയാണെങ്കിൽ അവൻ അവരെ പിന്തുണക്കുകയും പ്രതിഫലം കൊടുക്കുകയും ചെയ്യും. എന്നിരുന്നാലും, അവർ ശുഷ്കാന്തി പ്രകടമാക്കുകയും ഉത്സാഹപൂർവം തങ്ങളുടെ പുത്രൻമാരെ പഠിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇസ്രായേലിനു തിരഞ്ഞെടുക്കാനുളളതു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു: അനുസരണം അനുഗ്രഹത്തിലേക്കു നയിക്കുന്നു, അനുസരണക്കേടു ശാപത്തിലേക്കും. അവർ “അന്യദൈവങ്ങളുടെ പിന്നാലെ ചെല്ല”രുത്. (11:26-28) ഇസ്രായേൽ വാഗ്ദത്തദേശം കൈവശപ്പെടുത്താൻ നീങ്ങുമ്പോൾ അവരെ ബാധിക്കുന്ന പ്രത്യേക നിയമങ്ങൾ മോശ ഇപ്പോൾ വിവരിക്കുന്നു. (1) മതത്തെയും ആരാധനയെയും കുറിച്ചുളള നിയമങ്ങളും (2) നീതിനിർവഹണം, ഭരണം, യുദ്ധം എന്നിവയോടു ബന്ധപ്പെട്ട നിയമങ്ങളും (3) ജനത്തിന്റെ സ്വകാര്യവും സാമൂഹികവുമായ ജീവിതത്തെ ക്രമവൽക്കരിക്കുന്ന നിയമങ്ങളും ഉണ്ട്.
20. ഏത് ആശയങ്ങൾ ആരാധന സംബന്ധിച്ച നിയമങ്ങളെ പ്രദീപ്തമാക്കുന്നു?
20 (1) മതവും ആരാധനയും (12:1–16:17). ഇസ്രായേല്യർ ദേശത്തു പ്രവേശിക്കുമ്പോൾ വ്യാജമതത്തിന്റെ സകല ചിഹ്നങ്ങളും—ഉന്നതസ്ഥലങ്ങളും യാഗപീഠങ്ങളും സ്തംഭങ്ങളും വിശുദ്ധദണ്ഡുകളും പ്രതിമകളും—പൂർണമായും നശിപ്പിച്ചുകളയേണ്ടതാണ്. തങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുമാത്രമേ ഇസ്രായേൽ ആരാധിക്കാവൂ. അവിടെ അവർ എല്ലാവരും യഹോവയിൽ സന്തോഷിക്കണം. മാംസം ഭക്ഷിക്കുന്നതും യാഗങ്ങളും സംബന്ധിച്ച നിബന്ധനകളിൽ അവർ രക്തം ഭക്ഷിക്കരുതെന്നുളള ആവർത്തിച്ചുളള ഓർമിപ്പിക്കലുകൾ ഉൾപ്പെടുന്നു. “രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക. . . യഹോവക്കു ഹിതമായിട്ടുളളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുത്.” (12:16, 23-25, 27; 15:23) മോശ ഇപ്പോൾ വിഗ്രഹാരാധനയുടെ ഒരു തുറന്ന അപലപനത്തിലേക്കു കടക്കുന്നു. ഇസ്രായേൽ വ്യാജമതത്തിന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യരുത്. ഒരു പ്രവാചകൻ കളളനാണെന്നു തെളിഞ്ഞാൽ അയാളെ വധിക്കേണ്ടതാണ്. വിശ്വാസത്യാഗികൾ—ഒരുവന്റെ പ്രിയപ്പെട്ട ബന്ധുവോ സുഹൃത്തോ, അതേ, മുഴു നഗരങ്ങൾ പോലും—അതുപോലെതന്നെ നാശത്തിനു വിധേയമാക്കപ്പെടണം. അടുത്തതായി ശുദ്ധിയുളളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളെക്കുറിച്ചും ദശാംശം കൊടുക്കുന്നതിനെക്കുറിച്ചും ലേവ്യരുടെ സംരക്ഷണത്തെക്കുറിച്ചുമുളള നിബന്ധനകൾ വരുന്നു. കടക്കാരുടെയും ദരിദ്രരുടെയും ഉടമ്പടിപ്പണിക്കാരായ അടിമകളുടെയും താത്പര്യങ്ങൾ സ്നേഹപൂർവം പരിരക്ഷിക്കണം. ഒടുവിൽ, മോശ യഹോവ നൽകുന്ന അനുഗ്രഹത്തിനുവേണ്ടി നന്ദികൊടുക്കുന്നതിനുളള സമയങ്ങളായ വാർഷിക ഉത്സവങ്ങളെ പുനരവലോകനം ചെയ്യുന്നു: “നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുത്.”—16:16.
21. നീതിയോടു ബന്ധപ്പെട്ട ഏതു നിയമങ്ങൾ കൊടുക്കുന്നു, മോശ ഏതു പ്രധാനപ്പെട്ട പ്രവചനം ഉച്ചരിക്കുന്നു?
21 (2) നീതിയും ഭരണവും യുദ്ധവും (16:18–20:20). ഒന്നാമതായി, മോശ ന്യായാധിപതിമാരെയും ഉദ്യോഗസ്ഥൻമാരെയും ബാധിക്കുന്ന നിയമങ്ങൾ കൊടുക്കുന്നു. പ്രധാന സംഗതി നീതിയാണ്, കൈക്കൂലിയും തലതിരിഞ്ഞ വിധിയും യഹോവക്കു വെറുപ്പാണ്. തെളിവ് ഉറപ്പാക്കുന്നതും വ്യവഹാരങ്ങൾ കൈകാര്യംചെയ്യുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ വിവരിക്കുന്നു. “മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയാൽ ആയിരിക്കേണം.” (17:6) രാജാക്കൻമാരെ സംബന്ധിച്ച നിയമങ്ങൾ പ്രസ്താവിക്കപ്പെടുന്നു. പുരോഹിതൻമാർക്കും ലേവ്യർക്കും വേണ്ടി കരുതൽ ചെയ്യുന്നു. ആത്മവിദ്യാചാരം “യഹോവെക്കു വെറുപ്പു” എന്നനിലയിൽ നിയമവിരുദ്ധമാക്കപ്പെടുന്നു. (18:12) വിദൂരഭാവിയിലേക്കു നോക്കിക്കൊണ്ടു മോശ പ്രഖ്യാപിക്കുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരൻമാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (18:15-19) എന്നിരുന്നാലും, ഒരു കളളപ്രവാചകൻ മരിക്കേണ്ടതാണ്. സങ്കേത നഗരങ്ങളെക്കുറിച്ചും രക്തത്തിനു പകരംചെയ്യുന്നതിനെ സംബന്ധിച്ചുമുളള നിയമങ്ങളും സൈനിക ഒഴിവുകൾ ലഭിക്കാനുളള യോഗ്യതകളും യുദ്ധനിയമങ്ങൾ സംബന്ധിച്ച ചട്ടങ്ങളും വിവരിക്കുന്നതോടെ ഈ ഭാഗം അവസാനിക്കുന്നു.
22. സ്വകാര്യവും സാമൂഹികവുമായ ഏതു നിയമങ്ങൾ ചർച്ചചെയ്യുന്നു?
22 (3) സ്വകാര്യവും സാമൂഹികവുമായ ജീവിതം (21:1–26:19). ഒരുവൻ കൊല്ലപ്പെട്ടതായി കാണപ്പെടുന്നു, ബന്ദികളായ സ്ത്രീകളുമായുളള വിവാഹം, ആദ്യജാതന്റെ അവകാശം, ഒരു മത്സരിയായ പുത്രൻ, ഒരു കുററപ്പുളളിയെ സ്തംഭത്തിൽ തൂക്കൽ, കന്യാത്വത്തിന്റെ തെളിവ്, ലൈംഗികകുററങ്ങൾ, വൃഷണഛേദം, ജാരപുത്രൻമാർ, വിദേശികളോടുളള പെരുമാററം, ശുചീകരണം, പലിശകൊടുക്കലും പ്രതിജ്ഞകളും, വിവാഹമോചനം, തട്ടിക്കൊണ്ടുപോകൽ, വായ്പകൾ, കൂലികൾ, കാലാപെറുക്കൽ എന്നിങ്ങനെയുളള കാര്യങ്ങൾ സംബന്ധിച്ച് ഇസ്രായേല്യരുടെ അനുദിനജീവിതത്തെ സ്പർശിക്കുന്ന നിയമങ്ങൾ വിവരിക്കപ്പെടുന്നു. ഒരു മനുഷ്യനെ അടിക്കുന്നതിനു 40 പ്രഹരം എന്ന പരിധി ഉണ്ടായിരിക്കണം. മെതിക്കുമ്പോൾ ഒരു കാളക്കു മുഖക്കൊട്ട കെട്ടരുത്. ദേവരവിവാഹത്തിന്റെ നടപടിക്രമം വിവരിക്കുന്നു. കൃത്യതയുളള തൂക്കങ്ങൾ ഉപയോഗിക്കണം, എന്തുകൊണ്ടെന്നാൽ അനീതി യഹോവക്കു വെറുപ്പാണ്.
23. ദൈവജനം അവന്റെ കൽപ്പനകൾ അനുസരിക്കുമ്പോൾ എന്തു കൈവരുമെന്നു മോശ പ്രകടമാക്കുന്നു?
23 ഈ തീക്ഷ്ണമായ പ്രസംഗം ഉപസംഹരിക്കുന്നതിനു മുമ്പ്, ഇസ്രായേല്യർ ഈജിപ്തിൽനിന്ന് ഓടിപ്പോകുമ്പോൾ ക്ഷീണിതരായ അവരെ അമാലേക്ക് പിൻഭാഗത്തുനിന്ന് ആക്രമിച്ചതു മോശ അനുസ്മരിക്കുന്നു, “അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചു”കളയാൻ മോശ ഇസ്രായേലിനോടു കൽപ്പിക്കുന്നു. (25:19) അവർ ദേശത്തു പ്രവേശിക്കുമ്പോൾ, നിലത്തെ ആദ്യഫലങ്ങൾ സന്തോഷത്തോടെ അർപ്പിക്കണം, അവർ യഹോവയോടുളള ഈ നന്ദിപ്രാർഥനയോടെ ദശാംശങ്ങൾ കൊടുക്കുകയും വേണം: “നിന്റെ വിശുദ്ധ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കൻമാരോടു സത്യം ചെയ്തതുപോലെ, ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.” (26:15) അവർ ഈ കൽപ്പനകൾ മുഴുഹൃദയത്തോടും ദേഹിയോടും കൂടെ നിറവേററുന്നുവെങ്കിൽ, ‘താൻ കല്പിച്ചതുപോലെ അവരുടെ ദൈവമായ യഹോവക്കു ഒരു വിശുദ്ധജനമെന്നു അവർ തെളിയിക്കുന്നപക്ഷം, യഹോവയെ സംബന്ധിച്ചടത്തോളം, താൻ ഉണ്ടാക്കിയ സകല ജാതികൾക്കും മീതെ അവൻ അവരെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കും.’—26:19.
24. മൂന്നാമത്തെ പ്രസംഗം ഇസ്രായേലിന്റെ മുമ്പാകെ ഏത് അനുഗ്രഹങ്ങളും ശാപങ്ങളും വെക്കുന്നു?
24 മോശയുടെ മൂന്നാമത്തെ പ്രസംഗം (27:1–28:68). ഇതിൽ മോശ അനുസരണക്കേടിനുളള യഹോവയുടെ ശാപങ്ങളും വിശ്വസ്തതക്കുളള അനുഗ്രഹങ്ങളും ദീർഘമായി വിവരിക്കുമ്പോൾ ഇസ്രായേലിലെ പ്രായമേറിയ പുരുഷൻമാരും പുരോഹിതൻമാരും മോശയോടുകൂടെ ഉണ്ട്. അവിശ്വസ്തതയുടെ ഭയങ്കരഫലങ്ങളെക്കുറിച്ചു ഘോരമായ മുന്നറിയിപ്പുകൾ കൊടുക്കുന്നു. തന്റെ വിശുദ്ധജനമെന്ന നിലയിൽ ഇസ്രായേൽ യഹോവയുടെ ശബ്ദം കേട്ടനുസരിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, അവർ അത്ഭുതകരമായ അനുഗ്രഹങ്ങൾ ആസ്വദിക്കും, യഹോവയുടെ നാമം അവരുടെമേൽ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ഭൂമിയിലെ സകല ജനങ്ങളും കാണും. എന്നിരുന്നാലും, ഇതിൽ അവർ പരാജയപ്പെടുന്നുവെങ്കിൽ, യഹോവ അവരുടെമേൽ “ശാപവും പരിഭ്രമവും പ്രാക്കും” അയയ്ക്കും. (28:20) അവരെ അറയ്ക്കത്തക്ക രോഗവും വരൾച്ചയും ക്ഷാമവും ബാധിക്കും; അവരുടെ ശത്രുക്കൾ അവരെ പിന്തുടരുകയും അടിമകളാക്കുകയും ചെയ്യും. അവർ ദേശത്തുനിന്നു ചിതറിക്കപ്പെടുകയും നിർമൂലമാക്കപ്പെടുകയും ചെയ്യും. അവർ “[തങ്ങളുടെ] ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ” ഈ ശാപങ്ങളും അധികവും അവരുടെമേൽ വരും.—28:58.
25. (എ) യഹോവ ഇപ്പോൾ ഇസ്രായേലുമായി ഏത് ഉടമ്പടി ചെയ്യുന്നു? (ബി) മോശ ജനത്തിന്റെ മുമ്പാകെ എന്തു തിരഞ്ഞെടുപ്പു വെക്കുന്നു?
25 മോശയുടെ നാലാമത്തെ പ്രസംഗം (29:1–30:20). യഹോവ ഇപ്പോൾ മോവാബിൽവെച്ച് ഇസ്രായേലുമായി ഒരു ഉടമ്പടിചെയ്യുന്നു. ഇതു മോശ പുനഃപ്രസ്താവിക്കുകയും വിശദീകരിക്കുകയും ചെയ്ത ന്യായപ്രമാണത്തെ ഉൾപ്പെടുത്തുന്നു, അത് ഇസ്രായേൽ വാഗ്ദത്തദേശത്തു പ്രവേശിക്കുമ്പോൾ അവരെ വഴിനടത്തും. ഉടമ്പടിയോടുകൂടെയുളള ഗൗരവാവഹമായ പ്രതിജ്ഞ ജനതയുടെ ഉത്തരവാദിത്വങ്ങളെ ബോധ്യപ്പെടുത്തുന്നു. ഒടുവിൽ, ജനത്തിൻമുമ്പാകെ മോശ ജീവനും മരണവും, അനുഗ്രഹവും ശാപവും വെക്കുമ്പോൾ അവൻ ആകാശത്തെയും ഭൂമിയെയും സാക്ഷിനിർത്തുകയും ഇങ്ങനെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു: “നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കൻമാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.”—30:19, 20.
26. മോശ തന്റെ മരണത്തിനു മുമ്പ് ഏത് അന്തിമ ക്രമീകരണങ്ങൾ ചെയ്യുന്നു?
26 യോശുവയുടെ നിയോഗവും മോശയുടെ ഗീതവും (31:1–32:47). ന്യായപ്രമാണം എഴുതി അതിന്റെ ക്രമമായ പരസ്യവായനയെ സംബന്ധിച്ച നിർദേശങ്ങൾ കൊടുത്തശേഷം മോശ യോശുവയോടു ധൈര്യവും ബലവുമുളളവനായിരിക്കാൻ പറഞ്ഞുകൊണ്ട് അവനെ നിയോഗിക്കുന്നതും അനന്തരം മോശ ഒരു സ്മാരകഗീതം തയ്യാറാക്കുന്നതും ന്യായപ്രമാണത്തിലെ വചനങ്ങളുടെ എഴുത്തു പൂർത്തിയാക്കുന്നതും അതു യഹോവയുടെ ഉടമ്പടിയുടെ പെട്ടകത്തിന്റെ വശത്തു വെക്കാൻ ക്രമീകരണംചെയ്യുന്നതും എങ്ങനെയെന്നു 31-ാം അധ്യായം പ്രതിപാദിക്കുന്നു. അതിനുശേഷം മോശ ഒരു അന്തിമപ്രബോധനമെന്ന നിലയിൽ ഗീതത്തിന്റെ വാക്കുകൾ പറയുന്നു.
27. മോശയുടെ ഗീതത്തിൽ ഏതു ശക്തമായ സന്ദേശം അടങ്ങിയിരിക്കുന്നു?
27 മോശയുടെ പ്രബോധനത്തിന്റെ നവോൻമേഷദായകമായ ഉറവിനെ തിരിച്ചറിയിച്ചുകൊണ്ട് അവന്റെ ഗീതം എത്ര വിലമതിപ്പോടെയാണു തുടങ്ങുന്നത്! “മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിൻമേൽ പൊടിമഴപോലെയും സസ്യത്തിൻമേൽ മാരിപോലെയും ചൊരിയും. ഞാൻ യഹോവയുടെ നാമം ഘോഷിക്കും.” അതേ, “പാറ”യായ “നമ്മുടെ ദൈവ”ത്തിനു മഹത്ത്വം ആരോപിക്കുക. (32:2-4) അവന്റെ പൂർണതയുളള പ്രവർത്തനത്തെ, അവന്റെ നീതിയുളള വഴികളെയും അവന്റെ വിശ്വസ്തതയെയും നീതിയെയും നേരിനെയും പ്രസിദ്ധമാക്കുക. യഹോവ ഇസ്രായേലിനെ ഓളികേൾക്കുന്ന ശൂന്യപ്രദേശത്തു ചുററിസംരക്ഷിക്കുകയും തന്റെ കൺമണിപോലെ അവരെ കാത്തുപരിപാലിക്കുകയും കഴുകൻ അതിന്റെ കുഞ്ഞുങ്ങളുടെമേലെന്നപോലെ അവരുടെമേൽ പറന്നുനിൽക്കുകയും ചെയ്തിട്ടും അവർ വിനാശകരമായി പ്രവർത്തിച്ചതു ലജ്ജാവഹമായിരുന്നു. അവൻ തന്റെ ജനത്തെ യെശൂരൂൻ, “നേരുളളവൻ,” എന്നു വിളിച്ചുകൊണ്ട് അവരെ കൊഴുപ്പിച്ചു, എന്നാൽ അവർ അന്യദൈവങ്ങളെക്കൊണ്ട് അവനു അസഹിഷ്ണുത ജനിപ്പിക്കുകയും “നേരില്ലാത്ത മക്കൾ” ആയിത്തീരുകയും ചെയ്തു. (32:20) പ്രതികാരവും പ്രതിക്രിയയും യഹോവക്കുളളതാകുന്നു. അവൻ കൊല്ലുകയും ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ തന്റെ തിളങ്ങുന്ന വാളിനു മൂർച്ച വരുത്തുകയും അവന്റെ കൈ ന്യായവിധി നടത്തുകയും ചെയ്യുമ്പോൾ അവൻ തീർച്ചയായും തന്റെ ശത്രുക്കളോടു പകരം വീട്ടും. ഇത് അവന്റെ ജനത്തിൽ എന്തു വിശ്വാസം ജനിപ്പിക്കണം! പരകോടിയെന്നോണം ഗീതം പറയുന്നതുപോലെ, “ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസി”ക്കാനുളള സമയമാണിത്. (32:43) ഏതു ലൗകിക കവിക്കു യഹോവക്കുളള ഈ ഗീതത്തിന്റെ മനോഹാരിതയുടെയും ശക്തിയുടെയും ആഴമായ അർഥത്തിന്റെയും അടുത്തെത്താൻ കഴിയും?
28. മോശയുടെ അന്തിമ അനുഗ്രഹത്തിൽ യഹോവ എങ്ങനെ പുകഴ്ത്തപ്പെടുന്നു?
28 മോശയുടെ അന്തിമ അനുഗ്രഹം (32:48–34:12). ഇപ്പോൾ മോശക്ക് അവന്റെ മരണത്തെസംബന്ധിച്ച അന്തിമ നിർദേശങ്ങൾ കൊടുക്കുന്നു, എന്നാൽ അവൻ തന്റെ ദിവ്യാധിപത്യസേവനം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ആദ്യമായി, അവൻ ഇസ്രായേലിനെ അനുഗ്രഹിക്കേണ്ടതാണ്. ഇതു ചെയ്യുമ്പോൾ അവൻ യെശൂരൂന്റെ രാജാവായ യഹോവയെ തന്റെ വിശുദ്ധരായ അനേകായിരങ്ങളോടുകൂടെ വിളങ്ങുന്നവനെന്നു പുകഴ്ത്തുന്നു. ഗോത്രങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകം അനുഗ്രഹം പേർപറഞ്ഞു ലഭിക്കുന്നു, അനന്തരം യഹോവയെ മോശ ശ്രേഷ്ഠനെന്ന നിലയിൽ സ്തുതിക്കുന്നു: “പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വത ഭുജങ്ങൾ ഉണ്ടു.” (33:27) വിലമതിപ്പു തുളുമ്പുന്ന ഒരു ഹൃദയത്തിൽനിന്ന് അവൻ പിന്നീടു ജനതയോടുളള തന്റെ അന്തിമവാക്കുകൾ സംസാരിക്കുന്നു: “യിസ്രായേലേ, നീ സന്തുഷ്ടനാകുന്നു; യഹോവയിൽ രക്ഷ ആസ്വദിക്കുന്ന നിന്നെപ്പോലെ ആരുണ്ട്?”—33:29, NW.
29. മോശ ഏതു വിധങ്ങളിൽ പ്രമുഖനായിരുന്നു?
29 നെബോപർവതത്തിൽനിന്നു വാഗ്ദത്തദേശം വീക്ഷിച്ച ശേഷം മോശ മരിക്കുന്നു, യഹോവ അവനെ മോവാബിൽ അടക്കംചെയ്യുന്നു, അവന്റെ കല്ലറ ഇന്നുവരെ അറിയപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അവൻ 120 വയസ്സുവരെ ജീവിച്ചു. “എന്നാൽ അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.” വലിയ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്യാൻ യഹോവ അവനെ ഉപയോഗിച്ചിരുന്നു, അന്തിമ അധ്യായം റിപ്പോർട്ടു ചെയ്യുന്നതുപോലെ, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.”—34:7, 12.
എന്തുകൊണ്ടു പ്രയോജനപ്രദം
30. ആവർത്തനപുസ്തകം പഞ്ചഗ്രന്ഥങ്ങൾക്ക് ഉചിതമായ ഒരു ഉപസംഹാരം നൽകുന്നത് എങ്ങനെ?
30 പഞ്ചഗ്രന്ഥങ്ങളുടെ അവസാനത്തെ പുസ്തകമെന്ന നിലയിൽ, ആവർത്തനപുസ്തകം യഹോവയാം ദൈവത്തിന്റെ വലിയ നാമത്തെ ഘോഷിക്കുന്നതിലും വിശുദ്ധീകരിക്കുന്നതിലും മുന്നെഴുതിയതെല്ലാം സമന്വയിപ്പിക്കുന്നു. അവൻ മാത്രമാണു ദൈവം, സമ്പൂർണഭക്തി നിഷ്കർഷിക്കുന്നവനും വ്യാജമതാരാധനയുടെ ഭൂതദൈവങ്ങളാലുളള മാത്സര്യത്തെ പൊറുക്കാത്തവനുമായവൻ. ഈ നാളിൽ, സകല ക്രിസ്ത്യാനികളും ദൈവനിയമത്തിന്റെ അടിസ്ഥാനമായിരിക്കുന്ന വലിയ തത്ത്വങ്ങൾക്ക് ആത്മാർഥമായ ശ്രദ്ധ കൊടുക്കുകയും തന്റെ ശത്രുക്കളുടെമേൽ പ്രതികാരം നടത്തുന്നതിനു തന്റെ തിളങ്ങുന്ന വാളിനു മൂർച്ച കൂട്ടുമ്പോൾ അവന്റെ ശാപത്തിൽനിന്നു തങ്ങൾ വിമുക്തരായിരിക്കേണ്ടതിന് അവനെ അനുസരിക്കുകയും ചെയ്യേണ്ടതാണ്. അവന്റെ ഏററവും വലുതും ഒന്നാമത്തേതുമായ കൽപ്പന അവരുടെ ജീവിതത്തിലെ മാർഗനിർദേശ സ്തംഭമായിത്തീരേണ്ടതാണ്: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.”—6:5.
31. ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുളള വിലമതിപ്പു വർധിപ്പിക്കുന്നതിനു മററു നിശ്വസ്ത തിരുവെഴുത്തുകൾ ആവർത്തനപുസ്തകത്തിൽനിന്ന് എങ്ങനെ വിവരങ്ങൾ എടുക്കുന്നു?
31 തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗം ദിവ്യോദ്ദേശ്യങ്ങളോടുളള വിലമതിപ്പിനെ വർധിപ്പിക്കുന്നതിനു കൂടെക്കൂടെ ആവർത്തനപുസ്തകത്തെ പരാമർശിക്കുന്നുണ്ട്. പരീക്ഷകനോട് ഉത്തരം പറഞ്ഞപ്പോഴത്തെ തന്റെ ഉദ്ധരണികൾക്കു പുറമേ യേശു മററനേകം പരാമർശനങ്ങൾ നടത്തി. (ആവ. 5:16—മത്താ. 15:4; ആവ. 17:6—മത്താ. 18:16-ഉം യോഹ. 8:17-ഉം) ഇവ വെളിപാടിലേക്കും തുടരുന്നു, അവിടെ മഹത്ത്വീകരിക്കപ്പെട്ട യേശു യഹോവയുടെ പ്രവചനത്തിന്റെ ചുരുളിനോടു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനെതിരെ അന്തിമമായി മുന്നറിയിപ്പു കൊടുക്കുന്നു. (ആവ. 4:2—വെളി. 22:18) യേശു യഹോവ ഇസ്രായേലിൽ എഴുന്നേൽപ്പിക്കുമെന്നു വാഗ്ദാനംചെയ്ത മോശയെക്കാൾ വലിയ പ്രവാചകനും ക്രിസ്തുവും ആണെന്നുളള തന്റെ ശക്തമായ വാദത്തെ ഉറപ്പിക്കുന്നതിനു പത്രൊസ് ആവർത്തനപുസ്തകത്തിൽനിന്ന് ഉദ്ധരിക്കുന്നു. (ആവ. 18:15-19—പ്രവൃ. 3:22, 23) പൗലൊസ് വേലക്കാരുടെ കൂലിയും സാക്ഷികളുടെ മൊഴിയാലുളള പൂർണമായ അന്വേഷണവും കുട്ടികളുടെ പ്രബോധനവും സംബന്ധിച്ച് അതിൽനിന്ന് ഉദ്ധരിക്കുന്നു.—ആവ. 25:4—1 കൊരി. 9:8-10-ഉം 1 തിമൊ. 5:17, 18-ഉം; ആവ. 13:14-ഉം 19:15-ഉം—1 തിമൊ. 5:19-ഉം 2 കൊരി. 13:1-ഉം; ആവ. 5:16—എഫെ. 6:2, 3.
32. യോശുവയും ഗിദെയോനും മററു പ്രവാചകൻമാരും നമുക്ക് ഏതു കാര്യത്തിൽ നല്ല ദൃഷ്ടാന്തങ്ങളാണ്?
32 ക്രിസ്തീയ തിരുവെഴുത്തുകളുടെ എഴുത്തുകാർ മാത്രമല്ല, ക്രിസ്തീയ-പൂർവ കാലങ്ങളിലെ ദൈവദാസൻമാരും ആവർത്തനപുസ്തകത്തിൽനിന്നു പ്രബോധനവും പ്രോത്സാഹനവും ഉൾക്കൊണ്ടു. നാം അവരുടെ ദൃഷ്ടാന്തം പിന്തുടരുന്നത് ഉചിതമാണ്. ആഖാനെപ്പോലെ കൊളളമുതൽ എടുക്കാതെ, കനാൻ പിടിച്ചടക്കിയ സമയത്തു ജയിച്ചടക്കിയ നഗരങ്ങളെ നാശത്തിന് ഇരയാക്കിയതിൽ മോശയുടെ പിൻഗാമിയായ യോശുവയുടെ നിരുപാധികമായ അനുസരണം പരിഗണിക്കുക. (ആവ. 20:15-18-ഉം 21:23-ഉം—യോശു. 8:24-27, 29) തന്റെ സൈന്യത്തിൽനിന്നു “ഭയവും ഭീരുതയുമുളള”വരെ ഗിദെയോൻ ഒഴിവാക്കിയതു ന്യായപ്രമാണം അനുസരിച്ചുകൊണ്ടായിരുന്നു. (ആവ. 20:1-9—ന്യായാ. 7:1-11) യഹോവയുടെ നിയമത്തോടുളള വിശ്വസ്തതയിൽനിന്നാണ് ഇസ്രായേലിലെയും യഹൂദയിലെയും പ്രവാചകൻമാർ പിൻമാററക്കാരായ ജനതകളെ കുററംവിധിച്ചുകൊണ്ടു സധൈര്യവും സവീര്യവും സംസാരിച്ചത്. ആമോസ് ഇതിന്റെ ഒരു വിശിഷ്ട ദൃഷ്ടാന്തമായിരുന്നു. (ആവ. 24:12-15—ആമോ. 2:6-8) തീർച്ചയായും ആവർത്തനപുസ്തകത്തെ ദൈവവചനത്തിന്റെ ശേഷിച്ച ഭാഗത്തോടു ബന്ധപ്പെടുത്തുന്നതും അങ്ങനെ അതു യോജിപ്പുളള സാകല്യത്തിന്റെ അവിഭാജ്യവും പ്രയോജനപ്രദവുമായ ഭാഗമാണെന്നു പ്രകടമാക്കുന്നതുമായ നൂറുകണക്കിന് അക്ഷരീയ ദൃഷ്ടാന്തങ്ങളുണ്ട്.
33. (എ) ആവർത്തനപുസ്തകം എങ്ങനെ യഹോവക്കു സ്തുതി കരേററുന്നു? (ബി) ലോകരാഷ്ട്രങ്ങൾ ദൈവനിയമത്തിലെ തത്ത്വങ്ങൾ അംഗീകരിക്കുന്നതു സംബന്ധിച്ച് ഇതോടൊപ്പമുളള പട്ടിക എന്തു പ്രകടമാക്കുന്നു?
33 ആവർത്തനപുസ്തകത്തിന്റെ സാരംതന്നെ പരമാധികാര കർത്താവായ യഹോവക്കു സ്തുതി കരേററുന്നു. ‘യഹോവയെ ആരാധിക്കുക; അവനു സമ്പൂർണഭക്തി കൊടുക്കുക’ എന്ന് അത് ഉടനീളം ഊന്നിപ്പറയുന്നു. ന്യായപ്രമാണം മേലാൽ ക്രിസ്ത്യാനികൾക്കു ബാധകമല്ലെങ്കിലും അതിലെ അടിസ്ഥാന തത്ത്വങ്ങൾ നീക്കംചെയ്യപ്പെട്ടിട്ടില്ല. (ഗലാ. 3:19) സത്യക്രിസ്ത്യാനികൾക്കു പടിപടിയായുളള പഠിപ്പിക്കലോടും നിഷ്കപടതയോടും അവതരണലാളിത്യത്തോടും കൂടിയ ദൈവനിയമത്തിന്റെ ഈ ശക്തിമത്തായ പുസ്തകത്തിൽനിന്ന് എത്രയധികം പഠിക്കാൻ കഴിയും! എന്തിന്, ലോകരാഷ്ട്രങ്ങൾപോലും അവയുടെ സ്വന്തം നിയമപുസ്തകങ്ങളിൽ ആവർത്തനപുസ്തകത്തിൽനിന്നുളള അനേകം നിബന്ധനകൾ എഴുതിച്ചേർത്തുകൊണ്ടു യഹോവയുടെ പരമോന്നത നിയമത്തിന്റെ വൈശിഷ്ട്യത്തെ അംഗീകരിച്ചിരിക്കുന്നു. ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന പട്ടിക അവ സ്വീകരിച്ചിരിക്കുന്നതോ തത്ത്വത്തിൽ ബാധകമാക്കിയിരിക്കുന്നതോ ആയ നിയമങ്ങളുടെ രസാവഹമായ ദൃഷ്ടാന്തങ്ങൾ നൽകുന്നു.
34. “ന്യായപ്രമാണത്തിന്റെ ആവർത്തന”വും ദൈവരാജ്യവും തമ്മിൽ ഏതു ബന്ധമുണ്ട്?
34 കൂടാതെ, ന്യായപ്രമാണത്തിന്റെ ഈ വിശദീകരണം ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുകയും അതിനോടുളള വിലമതിപ്പിനെ വർധിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെ? നിയുക്തരാജാവായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ ഈ പുസ്തകത്തിൽനിന്നു നടത്തിയ വിദഗ്ധമായ പരാമർശങ്ങൾ പ്രകടമാക്കുന്നതുപോലെ അവൻ അതു സുപരിചിതമാക്കുകയും ബാധകമാക്കുകയും ചെയ്തു. അവൻ തന്റെ രാജ്യം സർവഭൂമിയിലും വ്യാപിപ്പിക്കുമ്പോൾ ഇതേ “നിയമ”ത്തിലെ ശരിയായ തത്ത്വങ്ങൾ അനുസരിച്ചായിരിക്കും ഭരിക്കുന്നത്. രാജ്യ“സന്തതി”യെന്ന നിലയിൽ അവനിൽ തങ്ങളേത്തന്നെ അനുഗ്രഹിക്കാനിടയാകുന്നവർ ഈ തത്ത്വങ്ങൾ അനുസരിക്കേണ്ടിവരും. (ഉല്പ. 22:18; ആവ. 7:12-14) അവ ഇപ്പോൾ അനുസരിച്ചുതുടങ്ങുന്നതു പ്രയോജനകരവും ഗുണകരവുമാണ്. 3,500 വർഷം പഴക്കമുളള ഈ “നിയമം” അശേഷം കാലഹരണപ്പെടാതെ ഇന്നു ശക്തിമത്തായ സ്വരത്തിൽ നമ്മോടു സംസാരിക്കുന്നു, അതു ദൈവരാജ്യത്തിൻകീഴിലുളള പുതിയ ലോകത്തിലും സംസാരിച്ചുകൊണ്ടേയിരിക്കും. പഞ്ചഗ്രന്ഥങ്ങളിലെ പ്രയോജനപ്രദമായ സകല പ്രബോധനത്തിന്റെയും ബാധകമാക്കലിനാൽ യഹോവയുടെ ജനത്തിന്റെ ഇടയിൽ അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിൽ തുടരട്ടെ, അതു വളരെ മഹത്തായി ആവർത്തനപുസ്തകത്തിൽ അതിന്റെ പാരമ്യത്തിലെത്തുന്നു—തീർച്ചയായും “എല്ലാ തിരുവെഴുത്തുക”ളുടെയും നിശ്വസ്തവും പ്രചോദകവുമായ ഒരു ഭാഗം തന്നെ!
[അടിക്കുറിപ്പുകൾ]
a ബി. എഫ്. വെസ്ററ്കോട്ടും എഫ്. ജെ. എ. ഹോർട്ടും രചിച്ച മൂല ഗ്രീക്കിലുളള പുതിയ നിയമത്തിൽ കാണുന്ന “പഴയ നിയമത്തിൽനിന്നുളള ഉദ്ധരണിക”ളുടെ പട്ടിക കാണുക, 1956, പേജുകൾ 601-18.
b ആവർത്തനപുസ്തകം 3:9, NW അടിക്കുറിപ്പ്.
c ഹാലിയുടെ ബൈബിൾ കൈപ്പുസ്തകം (ഇംഗ്ലീഷ്) 1988, ഹെൻട്രി എച്ച്. ഹാലി, പേജ് 56.
[അധ്യയന ചോദ്യങ്ങൾ]
[41-ാം പേജിലെ ചാർട്ട്]
ആവർത്തനപുസ്തകത്തിലെ ചില നിയമപരമായ കീഴ്വഴക്കങ്ങൾ d
1. വ്യക്തിപരവും കുടുംബപരവുമായ നിയമങ്ങൾ അധ്യായങ്ങളും
വാക്യങ്ങളും
എ. വ്യക്തിപരമായ ബന്ധങ്ങൾ
1. മാതാപിതാക്കളും കുട്ടികളും 5:16
2. ദാമ്പത്യബന്ധങ്ങൾ 22:30; 27:20, 22, 23
3. വിവാഹമോചന നിയമങ്ങൾ 22:13-19, 28, 29
ബി. വസ്തുസംബന്ധമായ അവകാശങ്ങൾ 22:1-4
II. ഭരണഘടനാ നിയമങ്ങൾ
എ. രാജാവിന്റെ യോഗ്യതകളും കടമകളും 17:14-20
ബി. സൈനികനിയമങ്ങൾ
1. സൈന്യസേവനത്തിൽനിന്നുളള ഒഴിവുകൾ 20:1, 5-7; 24:5
2. ചെറിയ ഉദ്യോഗസ്ഥൻമാർ 20:9
III. നീതിപീഠം
എ. ന്യായാധിപൻമാരുടെ കടമകൾ 16:18, 20
ബി. പരമോന്നത അപ്പീൽകോടതി 17:8-11
IV. കുററകൃത്യനിയമങ്ങൾ
എ. സംസ്ഥാനത്തിനെതിരായ കുററകൃത്യങ്ങൾ
1. കൈക്കൂലി, നീതി മറിച്ചുകളയൽ 16:19, 20
2. കളളസാക്ഷ്യം 5:20
ബി. ധാർമികതക്കെതിരായ കുററകൃത്യങ്ങൾ
2. നിയമവിരുദ്ധവിവാഹം 22:30; 27:20, 22, 23
സി. വ്യക്തിക്കെതിരായ കുററകൃത്യങ്ങൾ
1. കൊലയും കയ്യേററവും 5:17; 27:24
2. ബലാൽസംഗവും വഴിപിഴപ്പിക്കലും 22:25-29
V. മനുഷ്യത്വപരമായ നിയമങ്ങൾ
എ. മൃഗങ്ങളോടുളള ദയ 25:4; 22:6, 7
ബി. നിർഭാഗ്യരോടുളള പരിഗണന 24:6, 10-18
സി. കെട്ടിടസുരക്ഷിതത്വനിയമം 22:8
ഡി. അടിമകളും ബന്ദികളുമുൾപ്പെടെ
ആശ്രിതവർഗങ്ങളോടുളള പെരുമാററം 15:12-15; 21:10-14;
ഇ. ഞെരുക്കമുളളവർക്കുവേണ്ടിയുളള 14:28, 29; 15:1-11;
മനുഷ്യസ്നേഹപരമായ കരുതലുകൾ 16:11, 12; 24:19-22
[അടിക്കുറിപ്പുകൾ]
d ഇസ്രായേലിന്റെ നിയമങ്ങളും നൈയാമിക കീഴ്വഴക്കങ്ങളും (ഇംഗ്ലീഷ്), സി. എഫ്. കെൻറ് 1907, പേജുകൾ vii മുതൽ xviii വരെ; കൂടാതെ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 214-20 കാണുക.