ബൈബിൾ പുസ്തക നമ്പർ 51—കൊലൊസ്സ്യർ
ബൈബിൾ പുസ്തക നമ്പർ 51—കൊലൊസ്സ്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 60-61
1. കൊലൊസ്സ്യപട്ടണം എവിടെയാണു സ്ഥിതിചെയ്തിരുന്നത്?
രണ്ടു പുരുഷൻമാർ എഫേസൂസ് വിട്ട് ഏഷ്യാമൈനറിലൂടെ മീയാൻഡർ (മെൻഡറസ്) നദീതീരംവഴി കിഴക്കോട്ടു യാത്രചെയ്തു. ഫ്രുഗ്യ ദേശത്തു ലൈക്കസ് എന്നു പേരുളള പോഷകനദിയിങ്കൽ എത്തിയപ്പോൾ, പർവതത്താൽ ചുററപ്പെട്ട താഴ്വരയിലൂടെ നദിയാത്ര തുടരുന്നതിന് അവർ തെക്കുകിഴക്കോട്ടു നീങ്ങി. അവരുടെ മുമ്പാകെ മനോഹരമായ ഒരു കാഴ്ചയാണുണ്ടായിരുന്നത്: വലിയ ആട്ടിൻകൂട്ടങ്ങൾ സഹിതമുളള പച്ചയായ പുൽപ്പുറങ്ങൾ. (കമ്പളിയുത്പന്നങ്ങൾ ആ പ്രദേശത്തെ മുഖ്യ ആദായമാർഗമായിരുന്നു. a) താഴ്വരയിലൂടെ മുന്നോട്ടു നീങ്ങിക്കൊണ്ട്, വലതുഭാഗത്ത്, ആ ജില്ലയുടെ റോമൻ ഭരണകേന്ദ്രമായ സമ്പന്ന ലവോദിക്യാനഗരത്തിലൂടെ സഞ്ചാരികൾ കടന്നുപോയി. അവരുടെ ഇടത്തുഭാഗത്ത്, നദിക്കക്കരെ ക്ഷേത്രങ്ങൾക്കും ചൂടുറവകൾക്കും കേൾവികേട്ട ഹയരാപ്പോളീസ് അവർക്കു കാണാൻ കഴിയുമായിരുന്നു. ഈ രണ്ടു നഗരങ്ങളിലും താഴ്വരയിലൂടെ 16 കിലോമീററർകൂടെ ചെല്ലുമ്പോൾ കാണുന്ന ചെറിയ നഗരമായ കൊലൊസ്സ്യയിലും ക്രിസ്തീയ സഭകൾ ഉണ്ടായിരുന്നു.
2. (എ) പൗലൊസ് കൊലൊസ്സ്യയിലേക്കയച്ച രണ്ടു സന്ദേശവാഹകർ ആരായിരുന്നു? (ബി) കൊലൊസ്സ്യസഭയെക്കുറിച്ച് എന്തറിയപ്പെടുന്നു?
2 സഞ്ചാരികൾ എത്തേണ്ടിയിരുന്നതു കൊലൊസ്സ്യയിലായിരുന്നു. അവർ രണ്ടുപേരും ക്രിസ്ത്യാനികൾതന്നെ. അവരിൽ ഒരാൾക്കെങ്കിലും ആ പ്രദേശത്തെക്കുറിച്ചു നല്ല അറിവുണ്ടായിരുന്നു, കാരണം അവൻ കൊലൊസ്സ്യനായിരുന്നു. അവന്റെ പേർ ഒനേസിമൂസ് എന്നായിരുന്നു, അവൻ അവിടത്തെ സഭയിലെ ഒരു അംഗമായിരുന്ന തന്റെ യജമാനന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്ന ഒരു അടിമയായിരുന്നു. ഒനേസിമൂസിന്റെ കൂട്ടാളി ഒരു സ്വതന്ത്രമനുഷ്യനായ തിഹിക്കസ് ആയിരുന്നു. ‘കൊലൊസ്സ്യയിലുളള ക്രിസ്തുവിൽ വിശ്വസ്തരായ സഹോദരൻമാർക്ക്’ ഒരു ലേഖനവുമായി പോകുന്ന, അപ്പോസ്തലനായ പൗലൊസിന്റെ സന്ദേശവാഹകരായിരുന്നു ഇരുവരും. നമുക്കറിയാവുന്നടത്തോളം പൗലൊസ് ഒരിക്കലും കൊലൊസ്സ്യ സന്ദർശിച്ചിരുന്നില്ല. മുഖ്യമായും യഹൂദരല്ലാത്തവർ ഉൾപ്പെട്ടിരുന്ന സഭ സ്ഥാപിച്ചത് അവരുടെയിടയിൽ അധ്വാനിക്കുകയും ഇപ്പോൾ പൗലൊസിനോടുകൂടെ ആയിരിക്കുകയും ചെയ്ത എപ്പഫ്രാസ് ആയിരിക്കാൻ സാധ്യതയുണ്ട്.—കൊലൊ. 1:2, 7; 4:12.
3. കൊലൊസ്സ്യർക്കുളള ലേഖനംതന്നെ എഴുത്തുകാരനെക്കുറിച്ചും എഴുത്തിന്റെ കാലത്തെയും സ്ഥലത്തെയും കുറിച്ചും എന്തു വെളിപ്പെടുത്തുന്നു?
3 ഈ ലേഖനത്തിന്റെ ആരംഭത്തിലെയും അവസാനത്തിലെയും വാക്കുകളിൽ പ്രസ്താവിക്കുന്ന പ്രകാരം എഴുത്തുകാരൻ അപ്പോസ്തലനായ പൗലൊസ് ആയിരുന്നു. (1:1; 4:18) തടവിൽവെച്ചാണ് അവൻ ഇത് എഴുതിയതെന്നും അതിന്റെ ഉപസംഹാരം പ്രസ്താവിക്കുന്നു. ഇതു റോമിലെ അവന്റെ ആദ്യ തടവിന്റെ കാലമായിരിക്കും, പൊ.യു. 59-61; അന്ന് അവൻ അനേകം പ്രോത്സാഹനക്കത്തുകൾ എഴുതി. കൊലൊസ്സ്യർക്കുളള ലേഖനം ഫിലേമോനുളള ഒരു ലേഖനം സഹിതം അയയ്ക്കപ്പെടുകയായിരുന്നു. (കൊലൊ. 4:7-9; ഫിലേ. 10, 23) എഫെസ്യർക്കുളള ലേഖനമെഴുതിയ അതേ കാലത്തുതന്നെയാണ് ഇതെഴുതിയതെന്നു പ്രത്യക്ഷമാകുന്നു, കാരണം അനേകം ആശയങ്ങളും പദപ്രയോഗങ്ങളും ഒന്നുതന്നെയാണ്.
4. കൊലൊസ്സ്യരുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നത് എന്ത്?
4 കൊലൊസ്സ്യർക്കുളള ലേഖനത്തിന്റെ വിശ്വാസ്യതയെ സംശയിക്കാൻ കാരണമില്ല. പൊ.യു. ഏതാണ്ട് 200-ലെ ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2-ലെ (P46) പൗലൊസിന്റെ മററു ലേഖനങ്ങളോടൊപ്പമുളള അതിന്റെ സാന്നിധ്യം അതിനെ പൗലൊസിന്റെ ലേഖനങ്ങളിലൊന്നായി ആദിമ ക്രിസ്ത്യാനികൾ സ്വീകരിച്ചിരുന്നുവെന്നു പ്രകടമാക്കുന്നു. പൗലൊസിന്റെ മററു ലേഖനങ്ങളുടെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്ന അതേ ആദിമ പ്രാമാണികൻമാർതന്നെ അതിന്റെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
5. (എ) കൊലൊസ്സ്യർക്ക് എഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചതെന്ത്? (ബി) ലേഖനം എന്തിന് ഊന്നൽ കൊടുക്കുന്നു?
5 കൊലൊസ്സ്യർക്കു ലേഖനമെഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചത് എന്താണ്? ഒരു സംഗതി, ഒനേസിമൂസ് കൊലൊസ്സ്യയിലേക്കു മടങ്ങിപ്പോകുകയായിരുന്നു എന്നതാണ്. എപ്പഫ്രാസ് അടുത്ത കാലത്തു പൗലൊസിനോടു ചേർന്നിരുന്നു, കൊലൊസ്സിയിലെ അവസ്ഥകളെസംബന്ധിച്ച അവന്റെ റിപ്പോർട്ട് ലേഖനത്തിനു മറെറാരു കാരണമൊരുക്കിയെന്നതിനു സംശയമില്ല. (കൊലൊ. 1:7, 8; 4:12) അവിടത്തെ ക്രിസ്തീയ സഭയെ ഒരു പ്രത്യേക അപകടം ഭീഷണിപ്പെടുത്തിയിരുന്നു. അന്നത്തെ മതങ്ങൾ ജീർണിച്ചുകൊണ്ടിരിക്കുകയായിരുന്നു, പഴയവയുടെ ഭാഗങ്ങൾ ഉരുക്കിച്ചേർത്തു പുതിയ മതങ്ങൾ നിരന്തരം രൂപീകരിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. സന്ന്യാസവാദം, ആത്മവാദം, വിഗ്രഹാരാധനാപരമായ അന്ധവിശ്വാസം എന്നിവ ഉൾപ്പെട്ട പുറജാതീയ തത്ത്വശാസ്ത്രങ്ങൾ ഉണ്ടായിരുന്നു, യഹൂദൻമാരുടെ ഭക്ഷ്യവർജനത്തോടും ദിവസങ്ങളുടെ ആചരണത്തോടും കലർത്തിയ രൂപങ്ങൾ സഭയിലെ ചിലരെ സ്വാധീനിച്ചിരിക്കാം. പ്രശ്നം എന്തായിരുന്നാലും, അതു പൗലൊസിനെ കാണുന്നതിനു റോമിലേക്ക എപ്പഫ്രാസ് ദീർഘയാത്ര നടത്തുന്നതിനു മതിയായ കാരണമായിരുന്നുവെന്നതു പ്രത്യക്ഷമാണ്. എന്നിരുന്നാലും, സഭ മൊത്തത്തിൽ സത്വരമായ അപകടത്തിലായിരുന്നില്ലെന്ന് അവരുടെ സ്നേഹത്തെയും സ്ഥിരതയെയും കുറിച്ചുളള എപ്പഫ്രാസിന്റെ പ്രോത്സാഹകമായ റിപ്പോർട്ടു സൂചിപ്പിക്കുന്നു. റിപ്പോർട്ടു കേട്ടയുടനെ പൗലൊസ് കൊലൊസ്സ്യ സഭക്ക് ഈ ലേഖനമെഴുതിക്കൊണ്ടു സൂക്ഷ്മപരിജ്ഞാനത്തിനും നിർമലാരാധനക്കും അനുകൂലമായി ശക്തമായി വാദിക്കാനെത്തി. പുറജാതിതത്ത്വശാസ്ത്രത്തിന്റെയും ദൂതാരാധനയുടെയും യഹൂദ പാരമ്പര്യങ്ങളുടെയും മധ്യേ ക്രിസ്തുവിന്റെ ദൈവദത്ത ശ്രേഷ്ഠതയെ അത് ഊന്നിപ്പറഞ്ഞു.
കൊലൊസ്സ്യരുടെ ഉളളടക്കം
6. (എ) കൊലൊസ്സ്യർക്കുവേണ്ടി പൗലൊസ് എന്തു പ്രാർഥന നടത്തുന്നു? (ബി) സഭയോടുളള ബന്ധത്തിൽ യേശുവിന്റെ സ്ഥാനത്തെയും ശുശ്രൂഷയെയും കുറിച്ചു പൗലൊസ് എന്തു ചർച്ചചെയ്യുന്നു?
6 സഭയുടെ ശിരസ്സായ ക്രിസ്തുവിൽ വിശ്വസിക്കുക (1:1–2:12). തന്റെയും തിമൊഥെയൊസിന്റെയും പ്രാരംഭ അഭിവാദ്യങ്ങൾക്കുശേഷം, പൗലൊസ് ക്രിസ്തുവിലുളള കൊലൊസ്സ്യരുടെ വിശ്വാസത്തിനും അവരുടെ സ്നേഹത്തിനും നന്ദി കൊടുക്കുന്നു. അവരുടെ ഇടയിൽ എപ്പഫ്രാസ് സുവാർത്ത പ്രസംഗിച്ചതിന്റെ ഫലമായി അവർ ദൈവത്തിന്റെ അനർഹദയയെക്കുറിച്ചു മനസ്സിലാക്കിയിരിക്കുന്നു. അവരെസംബന്ധിച്ച റിപ്പോർട്ടു കിട്ടിയതുമുതൽ അവർ ‘കർത്താവിനു യോഗ്യമായി നടക്കുന്നതിനും പൂർണമായി സഹിച്ചുനിൽക്കുന്നതിനും സന്തോഷത്തോടെ ദീർഘക്ഷമ കാട്ടുന്നതിനും ആത്മീയമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണ’മെന്നു പ്രാർഥിക്കുന്നതിൽനിന്നു പൗലൊസ് വിരമിച്ചിട്ടില്ല. (1:9-11) പിതാവ് അവരെ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയായ, “തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തി”ലേക്കു വിടുവിച്ചിരിക്കുന്നു, അവൻമുഖാന്തരവും അവനുവേണ്ടിയുമാണു സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവൻ സഭയുടെ തലയും മരിച്ചവരിൽനിന്നുളള ആദ്യജാതനുമാകുന്നു. ഒരിക്കൽ അന്യപ്പെട്ടവരായിരുന്ന കൊലൊസ്സ്യർ ഉൾപ്പെടെ സകലരെയും യേശുവിന്റെ രക്തം മുഖാന്തരം വീണ്ടും തന്നോടു നിരപ്പിക്കുന്നതു നന്നെന്നു ദൈവം കണ്ടു, ‘അവർ വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ’ മാത്രം.—1:13, 23.
7. പൗലൊസ് എന്താണു പ്രസംഗിക്കുന്നത്, എന്തുദ്ദേശ്യത്തിൽ?
7 താൻ എന്തിന്റെ ശുശ്രൂഷകനായോ ആ സഭക്കുവേണ്ടി ക്രിസ്തുവിന്റെ കഷ്ടപ്പാടുകൾ പൂരിപ്പിക്കുന്നതിൽ പൗലൊസ് സന്തോഷിക്കുന്നു. ഇതു ‘ദൈവം തന്റെ വിശുദ്ധൻമാർക്ക് ഇപ്പോൾ വെളിപ്പെടുത്താൻ ഇഷ്ടപ്പെട്ടിരിക്കുന്ന മഹിമാധനമായ മർമ’ത്തെക്കുറിച്ചുളള ദൈവവചനം അവരുടെ താത്പര്യത്തിൽ പൂർണമായും പ്രസംഗിക്കാൻവേണ്ടിയായിരുന്നു. ‘പ്രബോധിപ്പിക്കയും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്ത് ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഞങ്ങൾ ക്രിസ്തുവിനെയാണ് അറിയിക്കുന്നത്,’ പൗലൊസ് പറയുന്നു.—1:26-28.
8. സഹോദരൻമാർക്കുവേണ്ടി പൗലൊസ് പോരാട്ടം കഴിക്കുന്നത് എന്തുകൊണ്ട്?
8 കൊലൊസ്സ്യർക്കും ലവോദിക്യർക്കും മററുളളവർക്കും വേണ്ടിയുളള പൗലൊസിന്റെ പോരാട്ടം അവർ ആശ്വസിപ്പിക്കപ്പെടേണ്ടതിനും ‘ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും സകല നിക്ഷേപങ്ങളും ശ്രദ്ധാപൂർവം ഗോപനംചെയ്തിരിക്കുന്നത് ആരിലാണോ ആ ക്രിസ്തുവെന്ന, ദൈവത്തിന്റെ പാവനരഹസ്യത്തെസംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം’ അവർ നേടുന്നതിനെ മുൻനിർത്തി സ്നേഹത്തിൽ ഐക്യത്തോടെ ഒന്നിച്ചുചേരേണ്ടതിനുമാണ്. അവർ പ്രേരണാത്മകമായ വാദങ്ങളാൽ വഞ്ചിക്കപ്പെടാൻ അവൻ ആഗ്രഹിക്കുന്നില്ല, മറിച്ച്, അവർ ക്രിസ്തുവിനോടുളള ഐക്യത്തിൽ ‘അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും വിശ്വാസത്തിൽ ഉറച്ചും’ തുടർന്നു നടക്കണം. പൗലൊസ് ഇപ്പോൾ ഒരു മുന്നറിയിപ്പു നൽകുന്നു: ‘മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ.’—2:2, 3, 7, 8.
9. ഏതുതരം ആരാധനക്കെതിരായി പൗലൊസ് മുന്നറിയിപ്പു കൊടുക്കുന്നു, കൊലൊസ്സ്യർ ന്യായപ്രമാണത്തിനു വിധേയരാകരുതാത്തത് എന്തുകൊണ്ട്?
9 ജഡത്തിന്റെ പ്രവൃത്തികൾക്കു മരിക്കുകയും ക്രിസ്തുവിനു ജീവിക്കുകയും ചെയ്യുക (2:13–3:17). അവർ തങ്ങളുടെ ലംഘനങ്ങളിലും പരിച്ഛേദനയില്ലായ്മയിലും മരിച്ചവരായിരുന്നെങ്കിലും, യഹൂദൻമാർക്കെതിരായിരുന്ന കയ്യെഴുത്തുപ്രമാണം മായിച്ചുകൊണ്ടു ദൈവം ക്രിസ്തുവിനോടുകൂടെ അവരെ ജീവിപ്പിച്ചിരുന്നു. അതുകൊണ്ടു യാഥാർഥ്യമായ ക്രിസ്തുവിന്റെ നിഴൽമാത്രമായ ന്യായപ്രമാണത്തിന്റെയോ അതിന്റെ ആചരണങ്ങളുടെയോ കാര്യത്തിൽ ‘ആരും അവരെ വിധിക്കരുത്.’ കൂടാതെ, അവർ ലോകത്തിന്റെ പ്രാഥമികകാര്യങ്ങൾസംബന്ധിച്ചു ക്രിസ്തുവിനോടുകൂടെ മരിച്ചിരിക്കുന്നുവെങ്കിൽ അവർ മനുഷ്യകൽപ്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി “പിടിക്കരുതു, രുചിക്കരുതു, തൊടരുതു” എന്ന കൽപ്പനകൾക്കു കീഴ്പ്പെടുന്നത് എന്തിന്? ബാഹ്യപ്രകടനമായി സ്വയം ഏർപ്പെടുത്തുന്ന ഒരു ആരാധനാരൂപം, കൃത്രിമ താഴ്മ, ശരീരത്തോടുളള കഠിന പെരുമാററം—ഇവ ജഡത്തിന്റെ മോഹങ്ങളോടു പൊരുതുന്നതിൽ മൂല്യവത്തല്ല.—2:16, 21.
10. ഒരുവന് ഉയരത്തിലുളള കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കാനും പുതിയ വ്യക്തിത്വം ധരിക്കാനും എങ്ങനെ കഴിയും?
10 മറിച്ച്, പൗലൊസ് ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുളളതു അന്വേഷിപ്പിൻ. ഭൂമിയിലുളളതല്ല ഉയരത്തിലുളളതു തന്നേ ചിന്തിപ്പിൻ.” പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നതിനാലും പുതിയ വ്യക്തിത്വം ധരിക്കുന്നതിനാലും ഇതു ചെയ്യാൻ കഴിയും, അതു സൂക്ഷ്മപരിജ്ഞാനത്താൽ യഹൂദനും യവനനും തമ്മിൽ ജഡികവ്യത്യാസം കൽപ്പിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ “ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.” അതിന്റെ അർഥം ‘ദൈവത്തിന്റെ വൃതൻമാർ’ എന്ന നിലയിൽ അനുകമ്പയുടെ ആർദ്രപ്രിയങ്ങൾ, ദയ, മനസ്സിന്റെ എളിമ, സൗമ്യത, ദീർഘക്ഷമ, എന്നിവ ധരിക്കുക എന്നാണ്. അപ്പോസ്തലൻ ഇങ്ങനെ പറയുന്നു: “കർത്താവു [“യഹോവ,” NW] നിങ്ങളോടു ക്ഷമിച്ചതുപോലെ, നിങ്ങളും ചെയ്വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.” വാക്കിലായാലും പ്രവൃത്തിയിലായാലും “സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.”—3:1, 2, 11-14, 17.
11. (എ) കുടുംബത്തെയും മററു ബന്ധങ്ങളെയും കുറിച്ച് എന്തു ബുദ്ധ്യുപദേശം കൊടുക്കുന്നു? (ബി) ഉപസംഹാരമായി ഏത് അഭിവന്ദനങ്ങൾ അറിയിക്കുന്നു?
11 മററുളളവരുമായുളള ബന്ധങ്ങൾ (3:18–4:18). കുടുംബ ബന്ധങ്ങൾ സംബന്ധിച്ചു ഭാര്യമാർ ഭർത്താക്കൻമാർക്കു കീഴ്പ്പെട്ടിരിക്കട്ടെ, ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കട്ടെ, കുട്ടികൾ മാതാപിതാക്കളെ അനുസരിക്കട്ടെ, മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതിരിക്കട്ടെ. അടിമകൾ യഹോവയോടുളള ഭയത്തിൽ തങ്ങളുടെ യജമാനൻമാരോട് അനുസരണമുളളവരായിരിക്കണം, യജമാനൻമാർ തങ്ങളുടെ അടിമകളോടു നീതിനിഷ്ഠമായി ഇടപെടണം. എല്ലാവരും പ്രാർഥനയിൽ ഉററിരിക്കുകയും പുറത്തുളളവരോടുളള ഇടപെടലിൽ ജ്ഞാനത്തോടെ നടക്കുന്നതിൽ തുടരുകയും വേണം. പൗലൊസിനെയും അവന്റെ സഹ ദൈവരാജ്യ പ്രവർത്തകരെയും കുറിച്ചുളള കാര്യങ്ങൾ തിഹിക്കോസും ഒനേസിമൂസും അവരോടു വ്യക്തിപരമായി പറയും. അവർ കൊലൊസ്സ്യയിലേക്ക് അഭിവാദ്യങ്ങൾ അയയ്ക്കുന്നു, പൗലൊസ് ലവോദിക്യയിലുളള സഹോദരൻമാരെയും അഭിവാദനംചെയ്യുകയും താൻ അയയ്ക്കുന്ന ലേഖനങ്ങൾ അവർ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. പൗലൊസ് സ്വന്ത കൈയക്ഷരത്തിൽ ഒരു ഉപസംഹാര ആശംസ എഴുതുന്നു: “എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.”—4:18.
എന്തുകൊണ്ടു പ്രയോജനപ്രദം
12. കൊലൊസ്സ്യർക്കുളള പൗലൊസിന്റെ ലേഖനം എത്ര നവോൻമേഷപ്രദമായ സത്യങ്ങൾ പ്രദാനംചെയ്തു, സഭക്ക് എന്തു പ്രയോജനത്തോടെ?
12 രണ്ടു സഹോദരൻമാർ റോമിൽനിന്നു വന്ന വാർത്ത എത്ര പെട്ടെന്നു കൊലൊസ്സ്യയിലെ സഹോദരങ്ങളുടെ ഇടയിൽ പ്രചരിച്ചുവെന്നു നമുക്കു സങ്കൽപ്പിക്കാൻ കഴിയും. വളരെയധികം ആകാംക്ഷയോടെ അവർ പൗലൊസിന്റെ ലേഖനം വായിച്ചുകേൾക്കുന്നതിനു സാധ്യതയനുസരിച്ചു ഫിലേമോന്റെ വീട്ടിൽ സമ്മേളിക്കുമായിരുന്നു. (ഫിലേ. 2) ക്രിസ്തുവിന്റെ കൃത്യമായ സ്ഥാനത്തെക്കുറിച്ചും സൂക്ഷ്മപരിജ്ഞാനത്തിന്റെ ആവശ്യകതയെക്കുറിച്ചും എത്ര നവോൻമേഷപ്രദമായ സത്യങ്ങൾ അതു പ്രദാനംചെയ്തു! മനുഷ്യരുടെ തത്ത്വശാസ്ത്രങ്ങളും യഹൂദപാരമ്പര്യങ്ങളും എത്ര വ്യക്തമായി തുറന്നുകാട്ടപ്പെടുകയും സമാധാനവും ക്രിസ്തുവിന്റെ വചനവും ഉയർത്തപ്പെടുകയും ചെയ്തു! സഭയിലെ എല്ലാവർക്കും—മേൽവിചാരകൻമാർക്കും ഭർത്താക്കൻമാർക്കും ഭാര്യമാർക്കും പിതാക്കൻമാർക്കും കുട്ടികൾക്കും യജമാനൻമാർക്കും അടിമകൾക്കും—മനസ്സിനും ഹൃദയത്തിനുമുളള പോഷണം ഇവിടെയുണ്ടായിരുന്നു. തീർച്ചയായും ഫിലേമോനും ഒനേസിമൂസും വീണ്ടും യജമാന-അടിമ ബന്ധത്തിൽ പ്രവേശിച്ചപ്പോൾ അവർക്കു നല്ല ബുദ്ധ്യുപദേശം ഉണ്ടായിരുന്നു. ആട്ടിൻകൂട്ടത്തെ ശരിയായ ഉപദേശത്തിൽ പുനഃസ്ഥാപിക്കുന്നതിനു മേൽവിചാരകൻമാർക്ക് എത്ര നല്ല മാർഗദർശനം കൊടുക്കപ്പെട്ടു! യഹോവയ്ക്കെന്നപോലെ, സർവാത്മനാ പ്രവർത്തിക്കുന്ന പദവിയോടുളള കൊലൊസ്സ്യരുടെ വിലമതിപ്പിനെ പൗലൊസിന്റെ വാക്കുകൾ എത്ര മൂർച്ചയുളളതാക്കിത്തീർത്തു! അടിമത്തത്തിലാക്കുന്ന ലോകത്തിന്റെ ചിന്തകളിൽനിന്നും നടപടികളിൽനിന്നും സ്വതന്ത്രരാകുന്നതുസംബന്ധിച്ചു കൊലൊസ്സ്യർക്കു കൊടുത്ത പരിപുഷ്ടിപ്പെടുത്തുന്ന ബുദ്ധ്യുപദേശം ഇന്നത്തെ സഭക്ക് ഒരു ജീവദ്സന്ദേശമായി നിലകൊളളുകയാണ്.—കൊലൊ. 1:9-11, 17, 18; 2:8; 3:15, 16, 18-25; 4:1.
13. കൃപയോടുകൂടിയ വാക്കുകളെയും പ്രാർഥനയെയും ക്രിസ്തീയ സഹവാസത്തെയും കുറിച്ചു പൗലൊസ് എന്തു ബുദ്ധ്യുപദേശിക്കുന്നു?
13 ക്രിസ്തീയ ശുശ്രൂഷകനു വിശിഷ്ടമായ ബുദ്ധ്യുപദേശം കൊലൊസ്യർ 4:6-ൽ വിവരിക്കപ്പെട്ടിരിക്കുന്നു: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” സത്യത്തിന്റെ കൃപയോടുകൂടിയ വചനങ്ങൾ പരമാർഥഹൃദയികൾക്കു സംതൃപ്തികരമെന്നു തെളിയുകയും അവരുടെ സ്ഥിരമായ പ്രയോജനത്തിന് ഉതകുകയും ചെയ്യും. കൂടാതെ, വിലമതിപ്പുളള ഹൃദയത്തിൽനിന്ന് ഉച്ചരിക്കുന്ന പൂർണമായ ഉണർവോടുകൂടിയ ക്രിസ്ത്യാനിയുടെ പ്രാർഥന യഹോവയിൽനിന്നു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും: “പ്രാർത്ഥനയിൽ ഉററിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” ക്രിസ്തീയ സഹവാസത്തിൽ എന്തു സന്തോഷവും പരിപുഷ്ടിപ്പെടുത്തുന്ന നവോൻമേഷവും കണ്ടെത്താൻ കഴിയും! “നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടി”ക്കൊണ്ടു “തമ്മിൽ പഠിപ്പിച്ചും ബുദ്ധ്യുപദേശിച്ചും” കൊണ്ടിരിക്കാൻ പൗലൊസ് പറയുന്നു. (4:2; 3:16) കൊലൊസ്സ്യർക്കുളള ലേഖനം പരിശോധിക്കുമ്പോൾ സാരവത്തും പ്രായോഗികവുമായ ഉദ്ബോധനത്തിന്റെ മററനേകം രത്നങ്ങൾ നിങ്ങൾ കണ്ടെത്തും.
14. (എ) കൊലൊസ്സ്യരിൽ ഏതു യാഥാർഥ്യം പ്രദീപ്തമാക്കപ്പെട്ടിരിക്കുന്നു? (ബി) രാജ്യപ്രത്യാശക്ക് എങ്ങനെ ദൃഢത കൊടുത്തിരിക്കുന്നു?
14 ന്യായപ്രമാണത്തിന്റെ ആചരണങ്ങൾസംബന്ധിച്ചു ലേഖനം പറയുന്നു: “ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം [“യാഥാർഥ്യം,” NW] എന്നതോ ക്രിസ്തുവിന്നുളളതു.” (2:17) ക്രിസ്തുവിന്റെ ഈ യാഥാർഥ്യമാണു കൊലൊസ്സ്യരിൽ പ്രദീപ്തമാക്കപ്പെട്ടിരിക്കുന്നത്. ലേഖനം ക്രിസ്തുവിനോടുളള ഐക്യത്തിലായിരിക്കുന്നവർക്കുവേണ്ടി സ്വർഗത്തിൽ കരുതിവെച്ചിരിക്കുന്ന മഹത്തായ പ്രത്യാശയെ കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്. (1:5, 27; 3:4) പിതാവ് ഇപ്പോൾത്തന്നെ അങ്ങനെയുളളവരെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിക്കുകയും “സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത”തിന് അവർക്ക് അത്യന്തം നന്ദിയുളളവരായിരിക്കാൻ കഴിയും. അങ്ങനെ അവർ “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനു”മായ ഏകന് അധീനപ്പെട്ടിരിക്കുന്നു. “സ്വർഗ്ഗത്തിലുളളതും ഭൂമിയിലുളളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർതൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻമുഖാന്തരം സൃഷ്ടിക്കപ്പെട്ടു.” ഈ ഒരുവൻ ദൈവരാജ്യത്തിൽ നീതിയിൽ ഭരിക്കാൻ തികച്ചും യോഗ്യതയുളളവനാണ്. അതുകൊണ്ടാണു പൗലൊസ് അഭിഷിക്തക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നത്: “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേററിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുളളതു അന്വേഷിപ്പിൻ.”—1:12-16; 3:1.
[അടിക്കുറിപ്പുകൾ]
a ബൈബിളിന്റെ പുതിയ വെസ്ററ്മിനിസ്ററർ നിഘണ്ടു, 1970, പേജ് 181.
[അധ്യയന ചോദ്യങ്ങൾ]