വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 52—1 തെസ്സലൊനീക്യർ

ബൈബിൾ പുസ്‌തക നമ്പർ 52—1 തെസ്സലൊനീക്യർ

ബൈബിൾ പുസ്‌തക നമ്പർ 52—1 തെസ്സ​ലൊ​നീ​ക്യർ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: കൊരിന്ത്‌

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 50

1. (എ) ഒന്നു തെസ്സ​ലൊ​നീ​ക്യർ എഴുത​പ്പെ​ടാ​നി​ട​യാ​യത്‌ എങ്ങനെ? (ബി) ഇത്‌ എപ്പോ​ഴാ​യി​രു​ന്നു, അങ്ങനെ ഈ ലേഖന​ത്തിന്‌ എന്തു ബഹുമതി ഉണ്ട്‌?

 അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ തന്റെ രണ്ടാമത്തെ പ്രസം​ഗ​പ​ര്യ​ട​ന​സ​മ​യത്തു മാസി​ഡോ​ണി​യ​യി​ലെ തെസ്സ​ലൊ​നീ​ക്യ​ന​ഗരം സന്ദർശി​ക്കു​ക​യും അവിടെ ഒരു ക്രിസ്‌തീയ സഭ സ്ഥാപി​ക്കു​ക​യും ചെയ്‌തതു പൊ.യു. ഏതാണ്ട്‌ 50-ാം വർഷത്തി​ലാ​യി​രു​ന്നു. ഒരു വർഷത്തി​നു​ള​ളിൽ, സില്വാ​നോ​സി​നോ​ടും (അപ്പോ​സ്‌ത​ല​പ്ര​വൃ​ത്തി​ക​ളി​ലെ ശീലാസ്‌) തിമൊ​ഥെ​യൊ​സി​നോ​ടും​കൂ​ടെ കൊരി​ന്തി​ലാ​യി​രി​ക്കെ, തെസ്സ​ലൊ​നീ​ക്യ​രെ ആശ്വസി​പ്പി​ക്കു​ന്ന​തി​നും അവരെ വിശ്വാ​സ​ത്തിൽ കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും അവർക്കു​ളള തന്റെ ഒന്നാമത്തെ ലേഖനം എഴുതാൻ പൗലൊസ്‌ പ്രേരി​ത​നാ​യി. അതു പൊ.യു. 50-ന്റെ അവസാ​ന​ത്തി​ലാ​യി​രി​ക്കാ​നി​ട​യുണ്ട്‌. ഈ ലേഖന​ത്തി​നു ബൈബിൾകാ​നോ​ന്റെ ഭാഗമാ​യി​ത്തീ​രുന്ന പൗലൊ​സി​ന്റെ ലേഖന​ങ്ങ​ളിൽ ആദ്യ​ത്തേത്‌ എന്നും സാധ്യ​ത​യ​നു​സ​രി​ച്ചു മത്തായി​യു​ടെ സുവി​ശേ​ഷ​മൊ​ഴി​ച്ചാൽ എഴുത​പ്പെട്ട ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒന്നാമത്തെ പുസ്‌തകം എന്നുമു​ളള ബഹുമ​തി​യുണ്ട്‌.

2. ഒന്നു തെസ്സ​ലൊ​നീ​ക്യ​രു​ടെ ലേഖന​കർതൃ​ത്വ​ത്തി​നും വിശ്വാ​സ്യ​ത​ക്കും എന്തു തെളി​വുണ്ട്‌?

2 ഈ ലേഖന​ത്തി​ന്റെ വിശ്വാ​സ്യ​ത​യെ​യും നിർമ​ല​ത​യെ​യും പിന്താ​ങ്ങുന്ന തെളിവ്‌ ധാരാ​ള​മാണ്‌. എഴുത്തു​കാ​ര​നെന്ന നിലയിൽ പൗലൊസ്‌ പേർപ​റഞ്ഞു തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കു​ന്നു. ഈ പുസ്‌തകം നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളിൽ ശേഷി​ച്ച​വ​യു​മാ​യി ആന്തരിക യോജി​പ്പു​ള​ള​താണ്‌. (1 തെസ്സ. 1:1; 2:18) മുറേ​റേ​റാ​റി​യൻ ശകലം ഉൾപ്പെടെ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏററവും നേര​ത്തെ​യു​ളള അനേകം പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളിൽ ഈ ലേഖന​ത്തി​ന്റെ പേർ പറയു​ന്നുണ്ട്‌. a സഭാസം​ബ​ന്ധ​മായ അനേകം ആദിമ എഴുത്തു​കാർ ഒന്നു തെസ്സ​ലൊ​നീ​ക്യ​രെ ഒന്നുകിൽ ഉദ്ധരി​ക്കു​ന്നുണ്ട്‌ അല്ലെങ്കിൽ പരാമർശി​ക്കു​ന്നുണ്ട്‌, അവരിൽ അതിന്റെ പേർ എടുത്തു​പ​റ​യുന്ന ഐറേ​നി​യസ്‌ (പൊ.യു. രണ്ടാം നൂററാണ്ട്‌) ഉൾപ്പെ​ടു​ന്നു. പൊ.യു. ഏതാണ്ട്‌ 200-ലെ ചെസ്‌ററർ ബീററി പപ്പൈ​റസ്‌ നമ്പർ 2-ൽ (P46) ഒന്നു തെസ്സ​ലൊ​നീ​ക്യർ അടങ്ങി​യി​രി​ക്കു​ന്നു, ഇപ്പോൾ ബെൽജി​യ​ത്തി​ലെ കെൻറി​ലു​ളള മൂന്നാം നൂററാ​ണ്ടി​ലെ മറെറാ​രു പപ്പൈ​റ​സിൽ (P30) ഒന്നും രണ്ടും തെസ്സ​ലൊ​നീ​ക്യ​രു​ടെ ശകലങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. b

3, 4. തെസ്സ​ലൊ​നീ​ക്യ​യി​ലെ പൗലൊ​സി​ന്റെ ശുശ്രൂ​ഷ​യു​ടെ ആദ്യകാ​ല​വി​ജ​യ​ത്തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​യി?

3 ഈ ലേഖനം എഴുതു​ന്ന​തി​നു മുമ്പത്തെ തെസ്സ​ലൊ​നീ​ക്യ സഭയുടെ ഹ്രസ്വ​മായ ചരി​ത്ര​ത്തി​ലേ​ക്കു​ളള ഒരു എത്തി​നോ​ട്ടം ആ നഗരത്തി​ലെ സഹോ​ദ​രൻമാ​രി​ലു​ളള പൗലൊ​സി​ന്റെ അഗാധ​താ​ത്‌പ​ര്യ​ത്തി​ന്റെ പശ്ചാത്ത​ലത്തെ സ്ഥിരീ​ക​രി​ക്കു​ന്നു. തുടക്കം​മു​തൽതന്നെ സഭ കഠിന പീഡന​ത്തി​നും എതിർപ്പി​നും വിധേ​യ​മാ​യി. പ്രവൃ​ത്തി​കൾ 17-ാം അധ്യാ​യ​ത്തിൽ പൗലൊ​സും ശീലാ​സും തെസ്സ​ലൊ​നീ​ക്യ​യിൽ വന്നെത്തി​യ​തി​നെ​ക്കു​റി​ച്ചു ലൂക്കൊസ്‌ വിവരി​ക്കു​ന്നു, അവിടെ “യെഹൂ​ദൻമാ​രു​ടെ ഒരു പളളി ഉണ്ടായി​രു​ന്നു.” മൂന്നു ശബത്തു​ക​ളിൽ പൗലൊസ്‌ അവരോ​ടു പ്രസം​ഗി​ച്ചു. തിരു​വെ​ഴു​ത്തു​കളെ ആസ്‌പ​ദ​മാ​ക്കി ന്യായ​വാ​ദം​ചെ​യ്‌തു​കൊണ്ട്‌ അതിലും കൂടുതൽ കാലം അവൻ അവിടെ താമസി​ച്ചു എന്നു സൂചന​ക​ളുണ്ട്‌. കാരണം അവനു തന്റെ തൊഴി​ലിൽ ഏർപ്പെ​ടു​ന്ന​തി​നും, എല്ലാറ​റി​നു​മു​പ​രി​യാ​യി ഒരു സഭ സ്ഥാപി​ക്കു​ന്ന​തി​നും സംഘടി​പ്പി​ക്കു​ന്ന​തി​നും സമയം ലഭിച്ചി​രു​ന്നു.—പ്രവൃ. 17:1; 1 തെസ്സ. 2:9; 1:6, 7.

4 പ്രവൃ​ത്തി​കൾ 17:4-7-ലെ രേഖ തെസ്സ​ലൊ​നീ​ക്യ​യി​ലെ പൗലൊ​സി​ന്റെ പ്രസം​ഗ​ത്തി​ന്റെ ഫലം വ്യക്തമാ​യി വിവരി​ക്കു​ന്നു. പൗലൊ​സി​ന്റെ ക്രിസ്‌തീയ ശുശ്രൂ​ഷ​യി​ലെ വിജയ​ത്തിൽ അസൂയാ​ലു​ക്ക​ളാ​യി യഹൂദൻമാർ ഒരു കൂട്ട​പ്ര​ക്ഷോ​ഭണം സംഘടി​പ്പി​ക്കു​ക​യും നഗരത്തെ ഒരു ലഹളയി​ലേക്കു തളളി​വി​ടു​ക​യും ചെയ്‌തു. അവർ യാസോ​ന്റെ വീട്‌ ആക്രമിച്ച്‌ അവനെ​യും മററു സഹോ​ദ​രൻമാ​രെ​യും നഗരഭ​ര​ണാ​ധി​പൻമാ​രു​ടെ അടുക്ക​ലേക്ക്‌ ഇഴച്ചു​കൊ​ണ്ടു​പോ​കു​ക​യും “ഭൂലോ​കത്തെ കലഹി​പ്പി​ച്ചവർ ഇവി​ടെ​യു​മെത്തി; യാസോൻ അവരെ കൈ​ക്കൊ​ണ്ടും ഇരിക്കു​ന്നു; അവരൊ​ക്കെ​യും യേശു എന്ന മറെറാ​രു​വൻ രാജാവു എന്നു പറഞ്ഞു​കൊ​ണ്ടു കൈസ​രു​ടെ നിയമ​ങ്ങൾക്കു പ്രതി​കൂ​ല​മാ​യി പ്രവർത്തി​ക്കു​ന്നു” എന്നു മുറവി​ളി കൂട്ടു​ക​യും ചെയ്‌തു. യാസോ​നും മററു​ള​ള​വ​രും വിട്ടയ​യ്‌ക്ക​പ്പെ​ടു​ന്ന​തി​നു ജാമ്യം കൊടു​ക്കാൻ നിർബ​ന്ധി​ത​രാ​യി. സഭയിലെ സഹോ​ദ​രൻമാ​രെ​പ്ര​തി​യും അതു​പോ​ലെ​തന്നെ അവരുടെ സ്വന്തം സുരക്ഷി​ത​ത്വ​ത്തെ​പ്ര​തി​യും പൗലൊ​സും ശീലാ​സും രാത്രി​യിൽ ബെരോ​വക്കു പറഞ്ഞയ​യ്‌ക്ക​പ്പെട്ടു. എന്നാൽ തെസ്സ​ലൊ​നീ​ക്യ​യി​ലെ സഭ അപ്പോ​ഴേ​ക്കും സ്ഥാപി​ത​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

5. തെസ്സ​ലൊ​നീ​ക്യ​സ​ഭയെ സംബന്ധിച്ച തന്റെ ഉത്‌ക്ക​ണ്‌ഠ​യും സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യ​വും പൗലൊസ്‌ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

5 യഹൂദൻമാ​രിൽനി​ന്നു​ളള ഉഗ്രമായ പീഡനം ബെരോ​വ​യി​ലേക്കു പൗലൊ​സി​നെ പിന്തു​ട​രു​ക​യും അവന്റെ അവിടത്തെ പ്രസംഗം നിർത്തു​മെന്നു ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അവൻ പിന്നീടു ഗ്രീസി​ലെ ഏഥൻസി​ലേക്കു പോയി. അപ്പോ​ഴും തെസ്സ​ലൊ​നീ​ക്യ​യി​ലെ സഹോ​ദ​രൻമാർ പീഡന​ത്തിൻകീ​ഴിൽ എങ്ങനെ കഴിയു​ന്നു​വെ​ന്ന​റി​യാൻ അവൻ കാംക്ഷി​ച്ചു. അവരുടെ അടുക്ക​ലേക്കു മടങ്ങി​പ്പോ​കാൻ രണ്ടു പ്രാവ​ശ്യം അവൻ ശ്രമിച്ചു, എന്നാൽ ഓരോ പ്രാവ​ശ്യ​വും ‘സാത്താൻ തടുത്തു.’ (1 തെസ്സ. 2:17, 18) പഴക്കം കുറഞ്ഞ സഭയെ​ക്കു​റി​ച്ചു​ളള ഉത്‌ക്കണ്‌ഠ നിറഞ്ഞും അവർ വിധേ​യ​മാ​യി​ക്കൊ​ണ്ടി​രുന്ന ഉപദ്ര​വ​ത്തെ​ക്കു​റി​ച്ചു​ളള വേദനാ​ജ​ന​ക​മായ അറി​വോ​ടെ​യും പൗലൊസ്‌ സഹോ​ദ​രൻമാ​രെ ആശ്വസി​പ്പി​ക്കു​ന്ന​തി​നും വിശ്വാ​സ​ത്തിൽ കൂടുതൽ ഉറപ്പി​ക്കു​ന്ന​തി​നു​മാ​യി തിമൊ​ഥെ​യൊ​സി​നെ തെസ്സ​ലൊ​നീ​ക്യ​യി​ലേക്കു തിരി​ച്ച​യച്ചു. തിമൊ​ഥെ​യൊസ്‌ ഹൃദ​യോ​ദ്ദീ​പ​ക​മായ റിപ്പോർട്ടു​മാ​യി തിരി​ച്ചെ​ത്തി​യ​പ്പോൾ ഉഗ്രമായ പീഡന​ത്തിൻമ​ധ്യേ​യു​ളള അവരുടെ ധീരമായ നിർമ​ല​ത​യു​ടെ വാർത്ത​യിൽ പൗലൊസ്‌ അതിയാ​യി സന്തോ​ഷി​ച്ചു. അവരുടെ രേഖ ഇപ്പോൾ മുഴു മാസി​ഡോ​ണി​യ​യി​ലും അഖായ​യി​ലു​മു​ളള വിശ്വാ​സി​കൾക്കു മാതൃ​ക​യാ​യി​ത്തീർന്നി​രു​ന്നു. (1:6-8; 3:1-7) അവരുടെ വിശ്വ​സ്‌ത​മായ സഹിഷ്‌ണു​തക്കു പൗലൊസ്‌ യഹോ​വ​യാം ദൈവ​ത്തോ​ടു നന്ദിയു​ള​ള​വ​നാ​യി​രു​ന്നു, എന്നാൽ അവർ തുടർന്നു പക്വത​യി​ലേക്കു പുരോ​ഗ​മി​ക്കു​മ്പോൾ അവർക്കു കൂടു​ത​ലായ മാർഗ​നിർദേ​ശ​വും ബുദ്ധ്യു​പ​ദേ​ശ​വും ആവശ്യ​മാ​യി​വ​രു​മെ​ന്നും അവൻ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌, തിമൊ​ഥെ​യൊ​സി​നോ​ടും സില്വാ​നോ​സി​നോ​ടും​കൂ​ടെ കൊരി​ന്തി​ലാ​യി​രി​ക്കവേ, പൗലൊസ്‌ തെസ്സ​ലൊ​നീ​ക്യർക്കു​ളള തന്റെ ഒന്നാം ലേഖന​മെ​ഴു​തി.

ഒന്നു തെസ്സ​ലൊ​നീ​ക്യ​രു​ടെ ഉളളടക്കം

6. പൗലൊസ്‌ തെസ്സ​ലൊ​നീ​ക്യ​രെ എന്തിന്‌ അഭിന​ന്ദി​ക്കു​ന്നു?

6 തെസ്സ​ലൊ​നീ​ക്യർ മററു വിശ്വാ​സി​കൾക്കു മാതൃക (1:1-10). തെസ്സ​ലൊ​നീ​ക്യ​രു​ടെ വിശ്വസ്‌ത വേല​യെ​യും സ്‌നേ​ഹ​പൂർവ​ക​മായ അധ്വാ​ന​ത്തെ​യും പ്രത്യാ​ശാ​നിർഭ​ര​മായ സഹിഷ്‌ണു​ത​യെ​യും ഊഷ്‌മ​ള​മാ​യി അഭിന​ന്ദി​ച്ചു​കൊണ്ട്‌ അവർക്കു​ളള തന്റെ ലേഖനം പൗലൊസ്‌ തുടങ്ങു​ന്നു. അവരു​ടെ​യി​ട​യിൽ പ്രസം​ഗി​ക്ക​പ്പെട്ട സുവാർത്ത വചനമാ​യി മാത്ര​മാ​യി​രു​ന്നില്ല, പിന്നെ​യോ ‘ശക്തി​യോ​ടും ബഹുനി​ശ്ച​യ​ത്തോ​ടും’ കൂടെ​യാ​യി​രു​ന്നു. തങ്ങൾക്കു​വേണ്ടി വെച്ച മാതൃ​കയെ അനുക​രി​ച്ചു​കൊ​ണ്ടു തെസ്സ​ലൊ​നീ​ക്യർ “പരിശു​ദ്ധാ​ത്മാ​വി​ന്റെ സന്തോ​ഷ​ത്തോ​ടെ” വചനം സ്വീക​രി​ക്കു​ക​യും മാസി​ഡോ​ണി​യ​യി​ലും അഖായ​യി​ലും അതിന​പ്പു​റ​ത്തും​പോ​ലു​മു​ളള സകല വിശ്വാ​സി​കൾക്കും അവർതന്നെ മാതൃ​ക​യാ​യി​ത്തീ​രു​ക​യും ചെയ്‌തു. അവർ ‘ജീവനു​ളള സത്യ​ദൈ​വത്തെ സേവി​പ്പാ​നും സ്വർഗ​ത്തിൽനി​ന്നു​ളള അവന്റെ പുത്ര​നു​വേണ്ടി കാത്തി​രി​പ്പാ​നും’ അവരുടെ വിഗ്ര​ഹ​ങ്ങ​ളിൽനി​ന്നു പൂർണ​മാ​യി അകന്നു​മാ​റി​യി​രു​ന്നു.—1:5, 6, 9, 10.

7. തെസ്സ​ലൊ​നീ​ക്യ​രു​ടെ ഇടയി​ലാ​യി​രു​ന്ന​പ്പോൾ പൗലൊ​സും അവന്റെ സഹപ്ര​വർത്ത​ക​രും എന്തു മനോ​ഭാ​വം പ്രകട​മാ​ക്കി​യി​രു​ന്നു, അവർ എന്തു ചെയ്യാൻ അവർ ഉദ്‌ബോ​ധി​പ്പി​ച്ചി​രു​ന്നു?

7 തെസ്സ​ലൊ​നീ​ക്യ​രി​ലു​ളള പൗലൊ​സി​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യം (2:1–3:13). ഫിലി​പ്പി​യിൽ ധിക്കാ​ര​പ​ര​മായ പെരു​മാ​റ​റ​ത്തി​നു വിധേ​യ​രാ​യ​ശേഷം പൗലൊ​സും അവന്റെ സഹപ്ര​വർത്ത​ക​രും തെസ്സ​ലൊ​നീ​ക്യ​രോ​ടു പ്രസം​ഗി​ക്കാൻ ധൈര്യ​മ​വ​ലം​ബി​ച്ചു. ഇത്‌ അവർ ചെയ്‌തതു മനുഷ്യ​രെ പ്രസാ​ദി​പ്പി​ക്കു​ന്ന​വ​രോ മുഖസ്‌തു​തി പറയു​ന്ന​വ​രോ മനുഷ്യ​രിൽനി​ന്നു മഹത്ത്വം തേടു​ന്ന​വ​രോ ആയിട്ടല്ല. മറിച്ച്‌, “ഒരു അമ്മ തന്റെ കുഞ്ഞു​ങ്ങളെ പോറ​റും​പോ​ലെ ഞങ്ങൾ നിങ്ങളു​ടെ ഇടയിൽ ആർദ്ര​ത​യു​ള​ള​വ​രാ​യി​രു​ന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനി​ച്ചു​കൊ​ണ്ടു നിങ്ങൾക്കു ദൈവ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​പ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയ​രാ​ക​യാൽ ഞങ്ങളുടെ പ്രാണ​നും​കൂ​ടെ വെച്ചു​ത​രു​വാൻ ഒരുക്ക​മാ​യി​രു​ന്നു” എന്നു പൗലൊസ്‌ പറയുന്നു. (2:7, 8) ഒരു പിതാവു മക്കളെ പ്രബോ​ധി​പ്പി​ക്കു​മ്പോ​ലെ, തന്റെ രാജ്യ​ത്തി​നും മഹത്ത്വ​ത്തി​നു​മാ​യി അവരെ വിളിച്ച ദൈവ​ത്തി​നു യോഗ്യ​മാ​യി തുടർന്നു നടക്കാൻ അവർ തെസ്സ​ലൊ​നീ​ക്യ​രെ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.

8. തെസ്സ​ലൊ​നീ​ക്യർ പൗലൊ​സിന്‌ ഒരു ആഹ്ലാദ​മാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ, അവർക്കു​വേണ്ടി അവൻ എന്തു പ്രാർഥി​ക്കു​ന്നു?

8 സുവാർത്തയെ അതായി​രി​ക്കു​ന്ന​തു​പോ​ലെ “ദൈവ​വ​ച​ന​മാ​യി” മനസ്സോ​ടെ സ്വീക​രി​ച്ച​തി​നു പൗലൊസ്‌ അവരെ അഭിന​ന്ദി​ക്കു​ന്നു. സ്വന്ത നാട്ടു​കാ​രാൽ പീഡി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ അവർ മാത്രമല്ല, എന്തു​കൊ​ണ്ടെ​ന്നാൽ യഹൂദ്യ​യി​ലെ ആദ്യവി​ശ്വാ​സി​കൾ യഹൂദൻമാ​രു​ടെ കൈയാൽ സമാന​മായ പീഡന​മ​നു​ഭ​വി​ച്ചു. അവരുടെ ക്ഷേമത്തി​ലു​ളള ഉത്‌ക്ക​ണ്‌ഠ​യോ​ടെ പൗലൊസ്‌ രണ്ടു സന്ദർഭ​ങ്ങ​ളിൽ അവരുടെ അടുക്ക​ലേക്കു നേരി​ട്ടു​ചെ​ല്ലാൻ ആഗ്രഹി​ച്ചു​വെ​ങ്കി​ലും സാത്താൻ അതു വിഫല​മാ​ക്കി. പൗലൊ​സി​നും അവന്റെ സഹപ്ര​വർത്ത​കർക്കും തെസ്സ​ലൊ​നീ​ക്യ​സ​ഹോ​ദ​രൻമാർ ഒരു ആഹ്ലാദ​കി​രീ​ട​മാണ്‌, അവരുടെ “മഹത്വ​വും സന്തോ​ഷ​വും” ആണ്‌. (2:13, 20) അവരെ​സം​ബ​ന്ധിച്ച വിവരം കിട്ടാഞ്ഞു മേലാൽ സഹിക്കാ​താ​യ​പ്പോൾ അവരുടെ വിശ്വാ​സത്തെ ഉറപ്പി​ക്കു​ന്ന​തി​നും അവരെ ആശ്വസി​പ്പി​ക്കു​ന്ന​തി​നു​മാ​യി പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ തെസ്സ​ലൊ​നീ​ക്യ​യി​ലേക്ക്‌ അയച്ചു. ഇപ്പോൾ തിമൊ​ഥെ​യൊസ്‌ അവരുടെ ആത്മീയ അഭിവൃ​ദ്ധി​യു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും സുവാർത്ത​യു​മാ​യി മടങ്ങി​വ​ന്ന​തേ​യു​ളളു. ഇത്‌ അപ്പോ​സ്‌ത​ലന്‌ ആശ്വാ​സ​വും സന്തോ​ഷ​വും കൈവ​രു​ത്തി​യി​രി​ക്കു​ന്നു. പൗലൊസ്‌ ദൈവ​ത്തി​നു നന്ദി കൊടു​ക്കു​ക​യും ദൈവം അവർക്കു വർധനവു കൊടു​ക്കാ​നും അവരുടെ സ്‌നേഹം പെരു​കാ​നും അവരുടെ ഹൃദയങ്ങൾ കർത്താ​വായ യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ങ്കൽ പിതാ​വായ ദൈവ​മു​മ്പാ​കെ “വിശു​ദ്ധീ​ക​ര​ണ​ത്തിൽ അനിന്ദ്യ”മായി​രി​ക്കാ​നും പ്രാർഥി​ക്കു​ക​യും ചെയ്യുന്നു.—3:13.

9. വിശു​ദ്ധീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും അന്യോ​ന്യ​മു​ളള സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും പൗലൊസ്‌ എന്ത്‌ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു?

9 വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാന്യ​ത​യി​ലും സേവിക്കൽ (4:1-12). ദൈവത്തെ പ്രസാ​ദി​പ്പി​ക്ക​ത്ത​ക്ക​വണ്ണം നടക്കു​ന്ന​തി​നു പൗലൊസ്‌ തെസ്സ​ലൊ​നീ​ക്യ​രെ അഭിന​ന്ദി​ക്കു​ന്നു. അതു കൂടുതൽ പൂർണ​മാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കാൻ അവൻ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. ഓരോ​രു​ത്ത​രും ‘കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടേ’ണ്ടതെങ്ങ​നെ​യെന്ന്‌ അറിയണം. ഇതിൽ, ആരും തന്റെ സഹോ​ദ​രന്റെ അവകാ​ശ​ങ്ങ​ളു​ടെ​മേൽ കയ്യേററം നടത്തരുത്‌. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം അവരെ “അശുദ്ധി​ക്കല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ന​ത്രേ വിളി​ച്ചതു. ആകയാൽ തുച്ഛീ​ക​രി​ക്കു​ന്നവൻ മനുഷ്യ​നെ അല്ല . . . ദൈവത്തെ തന്നേ തുച്ഛീ​ക​രി​ക്കു​ന്നു.” (4:4, 5, 7, 8) തെസ്സ​ലൊ​നീ​ക്യർ പരസ്‌പരം സ്‌നേഹം കാട്ടു​ന്ന​തി​നാൽ പൗലൊസ്‌ അവരെ അഭിന​ന്ദി​ക്കു​ന്നു. ഇതു തിക​വേ​റിയ അളവിൽ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നും ശാന്തമാ​യി ജീവിച്ചു സ്വന്തം കാര്യം നോക്കി സ്വന്ത കൈ​കൊ​ണ്ടു ജോലി​ചെ​യ്യാൻ ലക്ഷ്യം​വെ​ക്കു​ന്ന​തി​നും പൗലൊസ്‌ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ “പുറത്തു​ള​ള​വ​രോ​ടു”ളള ബന്ധത്തിൽ അവർ യോഗ്യ​മാ​യി നടക്കേ​ണ്ട​താണ്‌.—4:12.

10. മരണത്തിൽ നിദ്ര​കൊ​ണ്ട​വ​രെ​ക്കു​റി​ച്ചു സഹോ​ദ​രൻമാർക്ക്‌ എന്തു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കണം?

10 പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ (4:13-18). മരണത്തിൽ നിദ്ര​കൊ​ള​ളു​ന്ന​വ​രു​ടെ കാര്യ​ത്തിൽ, പ്രത്യാ​ശ​യി​ല്ലാത്ത മററു​ള​ള​വ​രെ​പ്പോ​ലെ സഹോ​ദ​രൻമാർ ദുഃഖി​ക്ക​രുത്‌. യേശു മരിക്കു​ക​യും വീണ്ടും ഉയിർത്തെ​ഴു​ന്നേൽക്കു​ക​യും ചെയ്‌തു എന്നതാണ്‌ അവരുടെ വിശ്വാ​സ​മെ​ങ്കിൽ അതു​പോ​ലെ​തന്നെ മരണത്തിൽ നിദ്ര​പ്രാ​പിച്ച മററു​ള​ള​വ​രെ​യും ദൈവം ക്രിസ്‌തു​മു​ഖാ​ന്തരം ഉയിർപ്പി​ക്കും. കർത്താ​വി​ന്റെ സാന്നി​ധ്യ​ത്തി​ങ്കൽ, അവൻ ആജ്ഞാരൂ​പ​ത്തി​ലു​ളള ഒരു ആഹ്വാ​ന​ത്തോ​ടെ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ക​യും “ക്രിസ്‌തു​വിൽ മരിച്ചവർ മുമ്പെ ഉയിർത്തെ​ഴു​ന്നേ​ല്‌ക്ക​യും ചെയ്യും.” പിന്നീട്‌, അതിജീ​വി​ക്കു​ന്നവർ എല്ലായ്‌പോ​ഴും കർത്താ​വി​നോ​ടു​കൂ​ടെ ആയിരി​ക്കു​ന്ന​തിന്‌ “ആകാശ​ത്തിൽ കർത്താ​വി​നെ എതി​രേ​ല്‌പാൻ മേഘങ്ങ​ളിൽ എടുക്ക​പ്പെ​ടും.”—4:16, 17.

11. തെസ്സ​ലൊ​നീ​ക്യർ എന്തു​കൊണ്ട്‌ ഉണർന്നി​രി​ക്കണം, അവർ എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കണം?

11 യഹോ​വ​യു​ടെ ദിവസം അടുത്തു​വ​രു​മ്പോൾ ഉണർന്നി​രി​ക്കൽ (5:1-28). “യഹോ​വ​യു​ടെ ദിവസം കൃത്യ​മാ​യി രാത്രി​യി​ലെ ഒരു കളള​നെ​പ്പോ​ലെ വരുന്നു.” ആളുകൾ “സമാധാ​ന​വും സുരക്ഷി​ത​ത്വ​വും!” എന്നു പറയു​മ്പോ​ഴാ​ണു പെട്ടെ​ന്നു​ളള നാശം ക്ഷണത്തിൽ അവരു​ടെ​മേൽ വരുന്നത്‌. അതു​കൊ​ണ്ടു തെസ്സ​ലൊ​നീ​ക്യർ സുബോ​ധം പാലി​ച്ചു​കൊ​ണ്ടും ‘വിശ്വാ​സ​വും സ്‌നേ​ഹ​വു​മാ​കുന്ന കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്‌ത്ര​വും’ ധരിച്ചു​കൊ​ണ്ടും “വെളി​ച്ച​ത്തി​ന്റെ പുത്രൻമാ​രും പകലിന്റെ പുത്രൻമാ​രു”മെന്ന നിലയിൽ ഉണർന്നി​രി​ക്കട്ടെ. (5:2, 3, 5, 8, NW) ഇത്‌ അവർ അന്യോ​ന്യം ആശ്വസി​പ്പി​ച്ചും കെട്ടു​പ​ണി​ചെ​യ്‌തും കൊണ്ടി​രി​ക്കാ​നു​ളള ഒരു സമയമാണ്‌. അവരുടെ ഇടയിൽ കഠിന​വേല ചെയ്യു​ക​യും അധ്യക്ഷത വഹിക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ എല്ലാവ​രും “സ്‌നേ​ഹ​ത്തിൽ അസാധാ​ര​ണ​യി​ലു​മ​ധി​ക​മായ പരിഗണന” കൊടു​ക്കട്ടെ. മറിച്ച്‌, ക്രമം​കെ​ട്ട​വരെ ബുദ്ധ്യു​പ​ദേ​ശി​ക്ക​യും ദുർബ​ലരെ കെട്ടു​പ​ണി​ചെ​യ്യു​ക​യും വേണം, എല്ലാവ​രോ​ടും ദീർഘക്ഷമ കാണി​ക്കു​ക​യും ചെയ്യണം. അതെ, “അന്യോ​ന്യ​വും എല്ലാവ​രോ​ടും എപ്പോ​ഴും നൻമ ചെയ്‌തു​കൊ​ണ്ടി​രി​പ്പിൻ” എന്നു പൗലൊസ്‌ എഴുതു​ന്നു.—5:13, 15, NW.

12. ഏതു മർമ​പ്ര​ധാന കാര്യങ്ങൾ സംബന്ധി​ച്ചു പൗലൊസ്‌ ഒടുവിൽ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു, അവൻ തെസ്സ​ലൊ​നീ​ക്യർക്കു​ളള തന്റെ ലേഖനം എങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു?

12 ഒടുവിൽ, പൗലൊസ്‌ നിരവധി മർമ​പ്ര​ധാ​ന​മായ കാര്യ​ങ്ങൾസം​ബ​ന്ധി​ച്ചു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു. ‘എല്ലാറ​റി​നും നന്ദി കൊടു​ത്തു​കൊണ്ട്‌ ഇടവി​ടാ​തെ പ്രാർഥി​ക്കുക. ആത്മാവി​ന്റെ തീ നിലനിർത്തുക. പ്രവചി​ക്ക​ലു​ക​ളോ​ടു ബഹുമാ​നം പുലർത്തുക. എല്ലാം തിട്ട​പ്പെ​ടു​ത്തു​ക​യും നല്ലതിനെ മുറു​കെ​പ്പി​ടി​ക്കു​ക​യും ചെയ്യുക. സകല രൂപത്തി​ലു​മു​ളള ദുഷ്ടത​യും വർജി​ക്കുക.’ (5:16-22, NW) പിന്നീട്‌ അവൻ സമാധാ​ന​ത്തി​ന്റെ ദൈവം​തന്നെ അവരെ പൂർണ​മാ​യി വിശു​ദ്ധീ​ക​രി​ക്കാ​നും കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ങ്കൽ ആത്മാവി​ലും ദേഹി​യി​ലും ശരീര​ത്തി​ലും അവർ കുററ​മ​റ​റ​വ​രാ​യി നിൽക്കാ​നും പ്രാർഥി​ക്കു​ന്നു. ഊഷ്‌മ​ള​മായ പ്രോ​ത്സാ​ഹ​ന​വാ​ക്കു​ക​ളോ​ടെ​യും ലേഖനം എല്ലാ സഹോ​ദ​രൻമാ​രെ​യും വായി​ച്ചു​കേൾപ്പി​ക്ക​ണ​മെ​ന്നു​ളള ഗൗരവ​മായ നിർദേ​ശ​ത്തോ​ടെ​യും അവൻ ലേഖനം അവസാ​നി​പ്പി​ക്കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

13. പൗലൊ​സും അവന്റെ സഹപ്ര​വർത്ത​ക​രും എന്തിൽ ഒരു ശ്രേഷ്‌ഠ​മാ​തൃ​ക​യാ​യി​രു​ന്നു, മനസ്സോ​ടെ​യു​ളള സ്‌നേ​ഹ​പ്ര​ക​ട​ന​ത്തി​നു സഭയിൽ എന്തു ഫലമുണ്ട്‌?

13 ഈ ലേഖന​ത്തിൽ പൗലൊസ്‌ തന്റെ സഹോ​ദ​രൻമാർക്കു​വേണ്ടി സ്‌നേ​ഹ​മ​സൃ​ണ​മായ താത്‌പ​ര്യ​ത്തി​ന്റെ മനോ​ഭാ​വം പ്രകട​മാ​ക്കി. അവനും അവന്റെ സഹശു​ശ്രൂ​ഷ​ക​രും ആർദ്ര​പ്രി​യ​ത്തി​ന്റെ ഒരു ശ്രേഷ്‌ഠ​മാ​തൃക വെക്കു​ക​യും തെസ്സ​ലൊ​നീ​ക്യ​യി​ലെ തങ്ങളുടെ പ്രിയ​സ​ഹോ​ദ​രൻമാർക്കു​വേണ്ടി ദൈവ​ത്തി​ന്റെ സുവാർത്ത മാത്രമല്ല, സ്വന്ത​ദേ​ഹി​ക​ളെ​പ്പോ​ലും പ്രദാ​നം​ചെ​യ്യു​ക​യും ചെയ്‌തി​രു​ന്നു. എല്ലാ മേൽവി​ചാ​ര​കൻമാ​രും തങ്ങളുടെ സഭകളു​മാ​യി സ്‌നേ​ഹ​ത്തി​ന്റെ അത്തരം ബന്ധങ്ങൾ വളർത്തി​യെ​ടു​ക്കാൻ കഠിന​യ​ത്‌നം ചെയ്യട്ടെ! അത്തരം സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ പരസ്‌പരം സ്‌നേഹം കാണി​ക്കാൻ എല്ലാവ​രെ​യും ഉത്സാഹി​പ്പി​ക്കും, പൗലൊസ്‌ പറഞ്ഞതു​പോ​ലെ​തന്നെ: “എന്നാൽ ഞങ്ങൾക്കു നിങ്ങ​ളോ​ടു​ളള സ്‌നേഹം വർദ്ധി​ക്കു​ന്ന​തു​പോ​ലെ, കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവ​രോ​ടു​മു​ളള സ്‌നേഹം വർദ്ധി​പ്പി​ച്ചു കവിയു”മാറാ​ക്കട്ടെ. ദൈവ​ജ​ന​ത്തി​ന്റെ​യെ​ല്ലാ​മി​ട​യിൽ മനസ്സോ​ടെ പ്രകടി​ത​മാ​കുന്ന ഈ സ്‌നേഹം ഏററം പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​താണ്‌. അതു “കർത്താ​വായ യേശു തന്റെ സകലവി​ശു​ദ്ധൻമാ​രു​മാ​യി വരുന്ന പ്രത്യ​ക്ഷ​ത​യിൽ നമ്മുടെ ദൈവ​വും പിതാ​വു​മാ​യ​വന്റെ മുമ്പാകെ വിശു​ദ്ധീ​ക​ര​ണ​ത്തിൽ അനിന്ദ്യ​രാ​യി വെളി​പ്പെ​ടും​വണ്ണം” ഹൃദയ​ങ്ങളെ ‘സ്ഥിര​പ്പെ​ടു​ത്തും.’ അതു ക്രിസ്‌ത്യാ​നി​കൾക്കു വിശു​ദ്ധി​യി​ലും വിശു​ദ്ധീ​ക​ര​ണ​ത്തി​ലും നടന്ന്‌ അങ്ങനെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവരെ ദുഷിച്ച ഒരു അധാർമി​ക​ലോ​ക​ത്തിൽനി​ന്നു വേർപെ​ടു​ത്തി നിർത്തു​ന്നു.—3:12, 13; 2:8; 4:1-8.

14. ഒന്നു തെസ്സ​ലൊ​നീ​ക്യർ നയത്തോ​ടും സ്‌നേ​ഹ​ത്തോ​ടും​കൂ​ടിയ ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഒരു വിശി​ഷ്ട​ദൃ​ഷ്ടാ​ന്ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

14 ഈ ലേഖനം ക്രിസ്‌തീ​യ​സ​ഭ​യിൽ നയപൂർവ​ക​വും സ്‌നേ​ഹ​പൂർവ​ക​വു​മായ ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഒരു വിശി​ഷ്ട​മാ​തൃക പ്രദാ​നം​ചെ​യ്യു​ന്നു. തെസ്സ​ലൊ​നീ​ക്യ​സ​ഹോ​ദ​രൻമാർ തീക്ഷ്‌ണ​ത​യും വിശ്വ​സ്‌ത​ത​യു​മു​ള​ള​വ​രാ​യി​രു​ന്നെ​ങ്കി​ലും തിരു​ത്തേണ്ട കാര്യങ്ങൾ ഉണ്ടായി​രു​ന്നു. എന്നിരു​ന്നാ​ലും ഓരോ സംഗതി​യി​ലും, പൗലൊസ്‌ സഹോ​ദ​രൻമാ​രെ അവരുടെ നല്ല ഗുണങ്ങൾക്കു​വേണ്ടി അഭിന​ന്ദി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ധാർമിക അശുദ്ധി​ക്കെ​തി​രെ മുന്നറി​യി​പ്പു കൊടു​ക്കു​മ്പോൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്ക​ത്ത​ക്ക​വണ്ണം നടക്കു​ന്ന​തിന്‌ അവൻ അവരെ ആദ്യം അഭിന​ന്ദി​ക്കു​ന്നു, അനന്തരം ഓരോ​രു​ത്ത​രും വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ സൂക്ഷി​ച്ചു​കൊണ്ട്‌ അതു “കൂടുതൽ പൂർണ​മാ​യി” ചെയ്യാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. പിന്നീട്‌, അവരുടെ സഹോ​ദ​ര​സ്‌നേ​ഹം​സം​ബ​ന്ധിച്ച്‌ അവരെ അഭിന​ന്ദി​ച്ച​ശേഷം “തിക​വേ​റിയ അളവിൽ” ഈ വിധത്തിൽ തുടരാ​നും സ്വന്തം കാര്യം നോക്കാ​നും പുറത്തു​ള​ള​വ​രു​ടെ മുമ്പാകെ യോഗ്യ​മായ ജീവിതം നയിക്കാ​നും അവൻ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. പൗലൊസ്‌, “തമ്മിലും എല്ലാവ​രോ​ടും എപ്പോ​ഴും നൻമ​ചെ​യ്‌തു”കൊണ്ടി​രി​ക്കാൻ നയപൂർവം തന്റെ സഹോ​ദ​രൻമാ​രെ നയിക്കു​ന്നു.—4:1-7, 9-12, NW; 5:15.

15. തെസ്സ​ലൊ​നീ​ക്യ​യി​ലാ​യി​രു​ന്ന​പ്പോൾ പൗലൊസ്‌ തീക്ഷ്‌ണ​ത​യോ​ടെ രാജ്യ​പ്ര​ത്യാ​ശ പ്രസം​ഗി​ച്ചു​വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു, ഈ ബന്ധത്തിൽ ഏതു നല്ല ബുദ്ധ്യു​പ​ദേശം അവൻ കൊടു​ത്തു?

15 നാലു സന്ദർഭ​ങ്ങ​ളിൽ പൗലൊസ്‌ യേശു​ക്രി​സ്‌തു​വി​ന്റെ “സാന്നിദ്ധ്യ”ത്തെക്കു​റി​ച്ചു [NW] പറയുന്നു. പ്രത്യ​ക്ഷ​ത്തിൽ, തെസ്സ​ലൊ​നീ​ക്യ​യി​ലെ പുതു പരിവർത്തിത ക്രിസ്‌ത്യാ​നി​കൾ ഈ പഠിപ്പി​ക്ക​ലിൽ വളരെ​യ​ധി​കം തത്‌പ​ര​രാ​യി​രു​ന്നു. അവരുടെ നഗരത്തി​ലാ​യി​രു​ന്ന​പ്പോൾ, “അവർ ഒക്കെയും യേശു എന്ന മറെറാ​രു​വൻ രാജാവു എന്നു പറഞ്ഞു​കൊ​ണ്ടു കൈസ​രു​ടെ നിയമ​ങ്ങൾക്കു പ്രതി​കൂ​ല​മാ​യി പ്രവർത്തി​ക്കു​ന്നു” എന്നു പൗലൊ​സി​നും അവന്റെ സഹപ്ര​വർത്ത​കർക്കു​മെ​തി​രാ​യി ഉന്നയി​ക്ക​പ്പെട്ട കുററാ​രോ​പ​ണ​ത്താൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ, പൗലൊസ്‌ സധൈ​ര്യം ക്രിസ്‌തു​വി​ന്റെ കൈക​ളി​ലെ ദൈവ​രാ​ജ്യ​ത്തെ​സം​ബ​ന്ധി​ച്ചു പ്രസം​ഗി​ച്ചി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല. (പ്രവൃ. 17:7; 1 തെസ്സ. 2:19; 3:13; 4:15; 5:23) തെസ്സ​ലൊ​നീ​ക്യ​സ​ഹോ​ദ​രൻമാർ രാജ്യ​ത്തിൽ പ്രത്യാശ അർപ്പി​ച്ചി​രു​ന്നു. ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​കൊണ്ട്‌ അവർ വരാനി​രി​ക്കുന്ന ക്രോ​ധ​ത്തിൽനി​ന്നു തങ്ങളെ വിടു​വി​ക്കു​ന്ന​തിന്‌ ‘അവൻ മരിച്ച​വ​രു​ടെ ഇടയിൽനി​ന്നു ഉയിർപ്പിച്ച യേശു സ്വർഗ്ഗ​ത്തിൽനി​ന്നു വരുന്നതു കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.’ അതു​പോ​ലെ​തന്നെ, ഇന്നു ദൈവ​രാ​ജ്യ​ത്തിൽ പ്രത്യാ​ശി​ക്കുന്ന എല്ലാവ​രും, ‘തന്റെ രാജ്യ​ത്തി​നും മഹത്വ​ത്തി​നും തങ്ങളെ വിളി​ക്കുന്ന ദൈവ​ത്തി​നു യോഗ്യ​മാ​യി നടന്നു’കൊ​ണ്ടേ​യി​രി​ക്കാൻ ഹൃദയ​ങ്ങളെ സ്ഥിരവും കുററ​മ​റ​റ​തു​മാ​ക്കി സ്‌നേ​ഹ​ത്തിൽ പെരു​കി​വ​രാ​നു​ളള ഒന്നു തെസ്സ​ലൊ​നീ​ക്യ​യി​ലെ നല്ല ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കേ​ണ്ട​തുണ്ട്‌.—1 തെസ്സ. 1:8, 10; 3:12, 13; 2:12.

[അടിക്കു​റി​പ്പു​കൾ]

a “ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രമുഖ ആദിമ പുസ്‌ത​ക​പ്പ​ട്ടി​കകൾ” പേജ്‌ 303 കാണുക.

b പുതിയനിയമ പാഠം (ഇംഗ്ലീഷ്‌), കർട്ടും ബാർബറാ അലൻഡും രചിച്ച്‌ ഈ. എഫ്‌. റോഡ്‌സ്‌ വിവർത്തനം ചെയ്‌തത്‌, 1987, പേജുകൾ 97, 99.

[അധ്യയന ചോദ്യ​ങ്ങൾ]