ബൈബിൾ പുസ്തക നമ്പർ 53—2 തെസ്സലൊനീക്യർ
ബൈബിൾ പുസ്തക നമ്പർ 53—2 തെസ്സലൊനീക്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: കൊരിന്ത്
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 51
1. എഴുത്തിന്റെ സമയത്തെയും സ്ഥലത്തെയും സൂചിപ്പിക്കുന്നത് എന്ത്, തെസ്സലൊനീക്യർക്കുളള രണ്ടാമത്തെ ലേഖനത്തിനു പ്രേരിപ്പിച്ചതെന്ത്?
തെസ്സലൊനീക്യർക്കുളള അപ്പോസ്തലനായ പൗലൊസിന്റെ രണ്ടാമത്തെ ലേഖനം ഒന്നാമത്തേതിന്റെ തൊട്ടുപിന്നാലെ വന്നു. അത് ഒന്നാമത്തെ ലേഖനത്തിനുശേഷം താമസിയാതെ കൊരിന്തുനഗരത്തിൽനിന്നുതന്നെ എഴുതിയെന്നു നമുക്കറിയാം; കാരണം അതേ സഹോദരൻമാർ, സ്വില്വാനോസും തിമൊഥെയൊസും തെസ്സലൊനീക്യസഭയെ അഭിവാദനംചെയ്യുന്നതിൽ വീണ്ടും പൗലൊസിനോടു ചേരുന്നു. അവരെല്ലാം ആദിമ ക്രിസ്തീയ സഭയിലെ സഞ്ചാരദാസൻമാർ ആയിരുന്നു. കൊരിന്തിലെ ഈ സഹവാസത്തിനുശേഷം അവർ മൂന്നുപേരും വീണ്ടും ഒരുമിച്ചുവന്നുവെന്നു രേഖയില്ല. (2 തെസ്സ. 1:1; പ്രവൃ. 18:5, 18) ചർച്ചയുടെ വിഷയവും സ്വഭാവവും ആ സഭ അകപ്പെട്ടുപോയ ഒരു തെററുസംബന്ധിച്ച് അതിനെ തിരുത്തേണ്ടതിന്റെ അടിയന്തിരത പൗലൊസിന് അനുഭവപ്പെട്ടുവെന്നു സൂചിപ്പിക്കുന്നു.
2. രണ്ടു തെസ്സലൊനീക്യരുടെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നത് എന്ത്?
2 ലേഖനത്തിന്റെ വിശ്വാസ്യത ഒന്നു തെസ്സലൊനീക്യരുടേതുപോലെ നന്നായി സാക്ഷ്യപ്പെടുത്തപ്പെടുന്നു. ഐറേനിയസും (പൊ.യു. രണ്ടാം നൂററാണ്ട്) ജസ്ററിൻ മാർട്ടെറും (രണ്ടാം നൂററാണ്ടിൽത്തന്നെ) ഉൾപ്പെടെ മററ് ആദിമ എഴുത്തുകാരും അത് ഉദ്ധരിക്കുന്നുണ്ട്. “അധർമ്മ [പാപ] മനുഷ്യനെ”ക്കുറിച്ച എഴുതുമ്പോൾ ജസ്ററിൻ മാർട്ടെർ പ്രത്യക്ഷത്തിൽ 2 തെസ്സലൊനീക്യർ 2:3-നെയാണു പരാമർശിക്കുന്നത്. ഒന്നു തെസ്സലൊനീക്യർ ഉൾപ്പെടുന്ന ആദിമ പുസ്തകപ്പട്ടികകളിൽ അതു കാണുന്നുണ്ട്. ഇപ്പോൾ അതു ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2-ൽ (P46) കാണുന്നില്ലെങ്കിലും, മിക്കവാറും തീർച്ചയായി, ഒന്നു തെസ്സലൊനീക്യർക്കുശേഷം കാണാതെപോയിരിക്കുന്ന ഏഴു താളുകളിൽ ആദ്യത്തെ രണ്ടെണ്ണത്തിൽ അത് അടങ്ങിയിരിക്കുന്നു.
3, 4. (എ) തെസ്സലൊനീക്യസഭയിൽ എന്തു പ്രശ്നം പൊന്തിവന്നിരുന്നു? (ബി) ലേഖനം എപ്പോൾ എവിടെവച്ച് എഴുതപ്പെട്ടു, അതിനാൽ എന്തു സാധിക്കാൻ പൗലൊസ് ശ്രമിച്ചു?
3 ഈ ലേഖനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? പൗലൊസ് തെസ്സലൊനീക്യർക്കു കൊടുത്ത നിർദേശത്തിൽനിന്ന്, സഭയിലെ ചിലർ കർത്താവിന്റെ സാന്നിധ്യം ആസന്നമാണെന്നു വാദിച്ചിരുന്നുവെന്നും ഈ അഭ്യൂഹപ്രിയർ തങ്ങളുടെ സ്വന്തം സിദ്ധാന്തം സജീവമായി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അവർ സഭയിൽ ഉണ്ടാക്കിക്കൊണ്ടിരുന്ന കലക്കം കുറച്ചൊന്നുമല്ലായിരുന്നുവെന്നും നാം മനസ്സിലാക്കുന്നു. ചിലർ തങ്ങൾക്കുവേണ്ടി കരുതാൻ ജോലി ചെയ്യാതിരിക്കുന്നതിന് ഇതിനെ ഒരു ഒഴികഴിവായി ഉപയോഗിക്കുകപോലുമായിരുന്നുവെന്നു തോന്നുന്നു. (2 തെസ്സ. 3:11) തന്റെ ഒന്നാമത്തെ ലേഖനത്തിൽ, പൗലൊസ് കർത്താവിന്റെ സാന്നിധ്യത്തെ പരാമർശിച്ചിരുന്നു. നിസ്സംശയമായി, ഈ അഭ്യൂഹപ്രിയർ ലേഖനം വായിച്ചുകേട്ടപ്പോൾ പെട്ടെന്നു പൗലൊസിന്റെ വാക്കുകളെ വളച്ചൊടിക്കുകയും ഒരിക്കലും ഉദ്ദേശിക്കാഞ്ഞ അർഥങ്ങൾ അവയ്ക്കുണ്ടെന്നു നിഗമനത്തിലെത്തുകയും ചെയ്തു. പൗലൊസ് എഴുതിയതായി തെററായി ആരോപിക്കപ്പെട്ട ഒരു ലേഖനം “യഹോവയുടെ ദിവസം ആഗതമായി” എന്നു സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിരിക്കാനുമിടയുണ്ട്.—2:1, 2, NW.
4 ഈ അവസ്ഥസംബന്ധിച്ചു പൗലൊസിന് ഒരു റിപ്പോർട്ടു കിട്ടിയെന്നു തോന്നുന്നു, സഭക്കുളള തന്റെ ഒന്നാം ലേഖനം എത്തിച്ചുകൊടുത്ത വ്യക്തിയിൽനിന്നായിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, തനിക്കു വലിയ പ്രീതി ഉണ്ടായിരുന്ന തന്റെ സഹോദരൻമാരുടെ ചിന്തയെ തിരുത്താൻ അവൻ വളരെ ആകാംക്ഷയുളളവനായിരിക്കുമായിരുന്നു. അതുകൊണ്ടു പൊ.യു. 51-ാം വർഷത്തിൽ പൗലൊസ് തന്റെ രണ്ടു സഹപ്രവർത്തകരോടു ചേർന്നു കൊരിന്തിൽനിന്നു തെസ്സലൊനീക്യ സഭയിലേക്ക് ഒരു ലേഖനമയച്ചു. ക്രിസ്തുവിന്റെ സാന്നിധ്യത്തെ സംബന്ധിച്ച തെററായ വീക്ഷണം തിരുത്തുന്നതിനുപുറമേ, സത്യത്തിൽ ഉറച്ചുനിൽക്കുന്നതിനു പൗലൊസ് ഊഷ്മളമായ പ്രോത്സാഹനം കൊടുക്കുന്നു.
രണ്ടു തെസ്സലൊനീക്യരുടെ ഉളളടക്കം
5. പൗലൊസും അവന്റെ സഹപ്രവർത്തകരും എന്തിനുവേണ്ടി ദൈവത്തിനു നന്ദികൊടുക്കുന്നു, അവർ എന്ത് ഉറപ്പു കൊടുക്കുന്നു, അവർ എന്തു പ്രാർഥിക്കുന്നു?
5 കർത്താവായ യേശുവിന്റെ വെളിപാട് (1:1-12). പൗലൊസും അവന്റെ സഹപ്രവർത്തകരും തെസ്സലൊനീക്യരുടെ വിശ്വാസത്തിന്റെയും അന്യോന്യമുളള സ്നേഹത്തിന്റെയും നല്ല വളർച്ച നിമിത്തം ദൈവത്തിനു നന്ദികൊടുക്കുന്നു. പീഡനത്തിൻകീഴിലെ അവരുടെ സഹിഷ്ണുതയും വിശ്വാസവും അവർ രാജ്യത്തിനു യോഗ്യരായി എണ്ണപ്പെടുന്നുവെന്ന ദൈവത്തിന്റെ നീതിയുളള വിധിയുടെ തെളിവാണ്. സഭക്ക് ഉപദ്രവംചെയ്യുന്നവർക്കു ദൈവം ഉപദ്രവം പ്രതിഫലം കൊടുക്കും. കഷ്ടപ്പെടുന്നവർക്ക് അവൻ ആശ്വാസം കൊടുക്കുകയും ചെയ്യും. ഇതു “കർത്താവായ യേശു തന്റെ ശക്തിയുളള ദൂതൻമാരുമായി സ്വർഗ്ഗത്തിൽനിന്നു . . . പ്രത്യക്ഷനാ”കുമ്പോൾ, “തന്റെ വിശുദ്ധൻമാരിൽ മഹത്വപ്പെടേണ്ടതിന്നു . . . വരുമ്പോൾ” ആയിരിക്കും. (1:6, 9) ദൈവം തന്റെ വിളിക്കു തെസ്സലൊനീക്യരെ യോഗ്യരായി എണ്ണേണ്ടതിനും കർത്താവായ യേശുവിന്റെ നാമം അവരിലും അവർ അവനോടുളള ഐക്യത്തിലും മഹത്ത്വീകരിക്കപ്പെടേണ്ടതിനും പൗലൊസും അവന്റെ സഹപ്രവർത്തകരും എല്ലായ്പോഴും അവർക്കുവേണ്ടി പ്രാർഥിക്കുന്നു.
6. യഹോവയുടെ ദിവസത്തിനുമുമ്പ് എന്തു വരണം, എങ്ങനെ?
6 യേശുവിന്റെ സാന്നിധ്യത്തിനു മുമ്പു വിശ്വാസത്യാഗം വരണം (2:1-12). യഹോവയുടെ ദിവസം ആഗതമായി എന്ന ഏതു സന്ദേശത്താലും സഹോദരൻമാർ ആവേശഭരിതരാകരുത്. “ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.” “തടുക്കുന്നവൻ” ആരാണെന്ന് അവർക്ക് ഇപ്പോൾ അറിയാം, എന്നാൽ ഈ അധർമത്തിന്റെ മർമം ഇപ്പോൾത്തന്നെ വ്യാപരിക്കുന്നുണ്ട്. തടുക്കുന്ന ഈ നിയന്ത്രണം നീക്കപ്പെടുമ്പോൾ “അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.” അധർമമൂർത്തിയുടെ സാന്നിധ്യം വീര്യപ്രവൃത്തികളോടും വഞ്ചനയോടും കൂടിയ സാത്താന്റെ വ്യാപാരപ്രകാരമാണ്, ഭോഷ്കു വിശ്വസിക്കാനിടയാകത്തക്കവണ്ണം തെററിന്റെ ഒരു പ്രവർത്തനം സത്യത്തോടുളള സ്നേഹം കൈക്കൊളളാഞ്ഞവരിലേക്കു വ്യാപിക്കാൻ ദൈവം അനുവദിക്കുകയാണ്.—2:3, 6, 8.
7. സഹോദരൻമാർക്ക് ഉറച്ചുനിൽക്കാനും ദുഷ്ടനിൽനിന്നു സംരക്ഷണം കണ്ടെത്താനും എങ്ങനെ കഴിയും?
7 വിശ്വാസത്തിൽ ഉറച്ചുനിൽക്കുക (2:13–3:18). പൗലൊസ് തുടരുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരൻമാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾനിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” ഈ ലക്ഷ്യത്തിൽ സുവാർത്ത അവരോടു പ്രഘോഷിക്കപ്പെട്ടു. അതുകൊണ്ടു സഹോദരൻമാർക്കു നിത്യാശ്വാസവും പ്രത്യാശയും സ്നേഹപൂർവം കൊടുത്ത യേശുക്രിസ്തുവും പിതാവും അവരെ “എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാ”കുന്നതിന് അവർ ഉറച്ചുനിൽക്കുകയും അവരെ പഠിപ്പിച്ച പാരമ്പര്യങ്ങളിലെ തങ്ങളുടെ പിടി നിലനിർത്തുകയും വേണം. (2:13, 17) ‘കർത്താവിന്റെ വചനം വേഗം വ്യാപിച്ചു മഹത്വപ്പെടുവാൻ’ പൗലൊസ് അവരുടെ പ്രാർഥനകൾ ആവശ്യപ്പെടുന്നു. (3:1) വിശ്വസ്തനായ കർത്താവ് അവരെ ഉറപ്പിക്കുകയും ദുഷ്ടനായവനിൽനിന്നു സംരക്ഷിക്കുകയും ചെയ്യും. ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിനുവേണ്ടിയുളള സഹിഷ്ണുതയിലേക്കും കർത്താവ് അവരുടെ ഹൃദയങ്ങളെ നയിക്കുന്നതിൽ തുടരട്ടെയെന്നതാണു പൗലൊസിന്റെ പ്രാർഥന.
8. ഏതു ശക്തമായ ബുദ്ധ്യുപദേശം കൊടുക്കപ്പെടുന്നു, പൗലൊസും അവന്റെ സംഘവും ഏതിൽ മാതൃക വെക്കുന്നു?
8 ശക്തമായ താക്കീതാണ് അടുത്തത്: “സഹോദരൻമാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊളേളണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.” (3:6) തന്റെ മിഷനറി സംഘം അവർക്ക് ഒരു ഭാരമായിത്തീരാതിരിക്കത്തക്കവണ്ണം രാവും പകലും അധ്വാനിച്ചതിൽ വെച്ച മാതൃക അപ്പോസ്തലൻ അവരെ അനുസ്മരിപ്പിക്കുന്നു, അതുകൊണ്ടാണല്ലോ “വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു” എന്ന കൽപ്പന കൊടുക്കാൻ അവർ പ്രാപ്തരായത്. എന്നാൽ ചില ക്രമംകെട്ടവർ വേല ചെയ്യുന്നില്ലെന്നും പരകാര്യത്തിലിടപെടുകയാണെന്നും ഇപ്പോൾ അവർ കേൾക്കുന്നു. ഇവർ സ്വന്ത ആഹാരം സമ്പാദിക്കേണ്ടതാണ്.—2 തെസ്സ. 3:10; 1 തെസ്സ. 4:11.
9. നൻമ ചെയ്തുകൊണ്ട് അനുസരണംകെട്ടവരെ ലജ്ജിതരാക്കുന്നതുസംബന്ധിച്ചു പൗലൊസ് എന്തു പറയുന്നു, അവൻ തന്റെ ലേഖനം എങ്ങനെ ഉപസംഹരിക്കുന്നു?
9 ശരി ചെയ്യുന്നതിൽനിന്നു സഹോദരൻമാർ വിരമിക്കരുത്. എന്നാൽ അവരിലൊരാൾ പൗലൊസിന്റെ ലേഖനം അനുസരിക്കുന്നില്ലെങ്കിൽ അവനെ നോട്ടപ്പുളളിയാക്കിക്കൊണ്ടും മേലാൽ അവനോടു സഹവസിക്കാതെയും അതേസമയം ഒരു സഹോദരനെന്ന നിലയിൽ ബുദ്ധ്യുപദേശിച്ചുകൊണ്ടും സഭ അവനെ ലജ്ജിതനാക്കണം. പൗലൊസ്, സമാധാനത്തിന്റെ ദൈവം “സകല വിധത്തിലും സമാധാനം കൊടുക്കട്ടെ” എന്ന പ്രാർഥന ഉച്ചരിക്കുകയും സ്വന്ത കയ്യാൽ എഴുതിയ ആശംസകളോടെ ലേഖനം ഉപസംഹരിക്കുകയും ചെയ്യുന്നു.—2 തെസ്സ. 3:16.
എന്തുകൊണ്ടു പ്രയോജനപ്രദം
10. രണ്ടു തെസ്സലൊനീക്യരിൽ കൈകാര്യംചെയ്തിരിക്കുന്ന അടിസ്ഥാന ഉപദേശങ്ങളിലും തത്ത്വങ്ങളിലും ചിലതേവ?
10 തെസ്സലൊനീക്യർക്കുളള ഈ ഹ്രസ്വമായ നിശ്വസ്തലേഖനം ക്രിസ്തീയ സത്യത്തിന്റെ ഒരു വിപുലമായ നിരയെ സ്പർശിക്കുന്നു, അവ എല്ലാം പരിഗണിക്കുന്നതു പ്രയോജനപ്രദമാണ്. കൈകാര്യംചെയ്യുന്ന പിൻവരുന്ന അടിസ്ഥാന ഉപദേശങ്ങളും തത്ത്വങ്ങളും പരിചിന്തിക്കുക: യഹോവ രക്ഷയുടെ ദൈവമാകുന്നു, അവൻ ആത്മാവിനാലും സത്യത്തിലെ വിശ്വാസത്താലും വിശുദ്ധീകരിക്കുന്നു (2:13); ദൈവരാജ്യത്തിനു യോഗ്യനായി എണ്ണപ്പെടാൻ ക്രിസ്ത്യാനി കഷ്ടപ്പാടു സഹിച്ചുനിൽക്കണം (1:4, 5); ക്രിസ്ത്യാനികൾ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തിങ്കൽ അവങ്കലേക്കു കൂട്ടിച്ചേർക്കപ്പെടേണ്ടതാണ്. (2:1); സുവാർത്ത അനുസരിക്കാത്തവരുടെമേൽ യഹോവ നീതിയുളള ന്യായവിധി നടത്തും (1:5-8); വിളിക്കപ്പെട്ടവർ ദൈവത്തിന്റെ അനർഹദയയ്ക്കനുയോജ്യമായി ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ മഹത്ത്വീകരിക്കപ്പെടും (1:12); അവർ സുവാർത്തയുടെ പ്രസംഗത്താൽ വിളിക്കപ്പെടുന്നു (2:14); വിശ്വാസം മർമപ്രധാനമായ വ്യവസ്ഥയാണ് (1:3, 4, 10, 11; 2:13; 3:2); ശുശ്രൂഷയിൽ ഒരാൾ തനിക്കുവേണ്ടി കരുതാൻ വേല ചെയ്യുന്നത് ഉചിതമാണ്; ഒരാൾ വേലചെയ്യുന്നില്ലെങ്കിൽ അയാൾ മടിയനായിത്തീരുകയും തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ ഇടപെട്ടുതുടങ്ങുകയും ചെയ്തേക്കാം (3:8-12); ദൈവസ്നേഹം സഹിഷ്ണുതയോടു ബന്ധപ്പെട്ടിരിക്കുന്നു (3:5). ഹ്രസ്വമായ ഒരു നിശ്വസ്ത ലേഖനത്തിൽ പരിപുഷ്ടിപ്പെടുത്തുന്ന എന്തൊരു വിജ്ഞാനശേഖരം കണ്ടെത്താൻ കഴിയും!
11. രാജ്യത്തോടുളള ബന്ധത്തിൽ ഏതു പ്രധാനപ്പെട്ട വിവരങ്ങളും ഉറപ്പും അവതരിപ്പിക്കപ്പെടുന്നു?
11 ഈ ലേഖനത്തിൽ പൗലൊസ് തെസ്സലൊനീക്യയിലെ തന്റെ സഹോദരൻമാരുടെ ആത്മീയക്ഷേമത്തിലും സഭയുടെ ഐക്യത്തിലും അഭിവൃദ്ധിയിലും അഗാധമായ താത്പര്യം പ്രകടമാക്കി. യഹോവയുടെ ദിവസത്തിന്റെ സമയം സംബന്ധിച്ച് അവൻ അവരെ തിരുത്തി, ‘സ്വയം ഒരു ദൈവമെന്നു പരസ്യമായി കാണിച്ചുകൊണ്ടു ദൈവത്തിന്റെ ആലയത്തിൽ’ ഇരിക്കുന്നതിന് “അധർമ്മ മനുഷ്യൻ” ആദ്യം പ്രത്യക്ഷപ്പെടേണ്ടതാണെന്നു പ്രകടമാക്കിക്കൊണ്ടുതന്നെ. എന്നിരുന്നാലും, കർത്താവായ യേശു ‘തന്റെ വിശുദ്ധൻമാരോടുളള ബന്ധത്തിൽ മഹത്ത്വപ്പെടേണ്ടതിന്നും വിശ്വസിച്ചവരോടെല്ലാമുളള ബന്ധത്തിൽ ആ ദിവസത്തിൽ വിസ്മയത്തോടെ ആദരിക്കപ്പെടേണ്ടതിന്നും വരുമ്പോൾ’ പ്രതികാരം ചെയ്തുകൊണ്ടു സ്വർഗത്തിൽനിന്നു തക്കസമയത്ത് അഗ്നിജ്വാലയിൽ വെളിപ്പെടുമെന്നു ‘ദൈവരാജ്യത്തിന്നു യോഗ്യരായി എണ്ണപ്പെടുന്നവർ’ക്കു പരിപൂർണമായി ഉറപ്പുണ്ടായിരിക്കാൻ കഴിയും.—2:3, 4; 1:5, 10, NW.
[അധ്യയന ചോദ്യങ്ങൾ]