ബൈബിൾ പുസ്തക നമ്പർ 56—തീത്തൊസ്
ബൈബിൾ പുസ്തക നമ്പർ 56—തീത്തൊസ്
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: മാസിഡോണിയ (?)
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 61-64
1. (എ) തീത്തൊസിനെ ഏതു ജോലി ഭരമേൽപ്പിച്ചു? (ബി) ഏതു ചുററുപാടിൽ ക്രേത്തയിലെ സഭകൾ ഉളവായി, ക്രേത്തയിലെ ക്രിസ്ത്യാനികൾ എന്തു ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു?
“ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ് പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു.” (തീത്തൊ. 1:3, 4) അങ്ങനെയാണു തന്റെ കൂട്ടുവേലക്കാരനും ദീർഘകാല സഹകാരിയുമായ തീത്തൊസിനുളള പൗലൊസിന്റെ ലേഖനം തുടങ്ങുന്നത്, സഭകളെ മെച്ചമായി സംഘടിപ്പിക്കാൻ അവനെ പൗലൊസ് ക്രേത്തദ്വീപിൽ വിട്ടിരുന്നു. തീത്തൊസിന് ഒരു വലിയ വേല ചെയ്യാനുണ്ടായിരുന്നു. “ദൈവങ്ങളുടെയും മനുഷ്യന്റെയും പിതാവിന്റെ” വസതി ആയിരുന്നതായി പറയപ്പെടുന്ന ഈ ദ്വീപ് “ഒരു വഞ്ചകനെ തന്ത്രത്താൽ തോൽപ്പിക്കുക” എന്നർഥമുളള “ക്രേത്തക്ക് ഒരു ക്രേത്തൻ” എന്ന ചൊല്ലിന്റെ ഉറവായിരുന്നു. a അതിലെ ജനങ്ങളുടെ സത്യസന്ധതയില്ലായ്മ പ്രസിദ്ധമായിരുന്നു. തന്നിമിത്തം “ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയൻമാരായ പെരുവയറൻമാരും അത്രേ” എന്ന് അവരുടെ സ്വന്തം പ്രവാചകൻ പറയുന്നതായി പൗലൊസ് ഉദ്ധരിച്ചു. (1:12) പൗലൊസിന്റെ നാളിലെ ക്രേത്തർ പിൻവരുന്ന പ്രകാരവും വർണിക്കപ്പെട്ടിരിക്കുന്നു: “ജനത്തിന്റെ സ്വഭാവം അസ്ഥിരവും ആത്മാർഥതയില്ലാത്തതും കലഹപ്രിയവുമായിരുന്നു; അവർ അത്യാഗ്രഹവും കാമാസക്തിയും വ്യാജവും മദ്യലഹരിയും നിറഞ്ഞവരായിരുന്നതു സാധാരണ അളവിലായിരുന്നില്ല; അവരുടെ ഇടയിൽ പാർപ്പുറപ്പിച്ചിരുന്ന യഹൂദർ ദുർമാർഗത്തിൽ നാട്ടുകാരെക്കാൾ കവിഞ്ഞുപോയിരുന്നതായി കാണപ്പെടുന്നു.” b അങ്ങനെയുളള ഒരു ചുററുപാടിൽത്തന്നെയാണു ക്രേത്തയിലെ സഭകൾ ഉളവായിരുന്നത്; അതുകൊണ്ടു വിശ്വാസികൾ പൗലൊസ് ഉദ്ബോധിപ്പിച്ചതുപോലെ “ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേ”ണ്ടതു വിശേഷാൽ ആവശ്യമായിരുന്നു.—2:12.
2, 3. (എ) പൗലൊസുമായി തീത്തൊസിന് എന്തു സഹവാസമുണ്ടായിരുന്നു? (ബി) പൗലൊസ് തീത്തൊസിന് എവിടെനിന്ന് എഴുതിയിരിക്കാൻ സാധ്യതയുണ്ട്, എന്തുദ്ദേശ്യത്തിൽ?
2 തീത്തൊസിന്റെ പുസ്തകം അതിൽത്തന്നെ പൗലൊസും തീത്തൊസും തമ്മിലുളള സഹവാസത്തിന്റെ വളരെ കുറച്ചു വിവരങ്ങളേ നൽകുന്നുളളു. എന്നിരുന്നാലും, പൗലൊസിന്റെ മററു ലേഖനങ്ങളിൽ തീത്തൊസിനെക്കുറിച്ചുളള പരാമർശനങ്ങളിൽനിന്നു വളരെയധികം വിവരങ്ങൾ സമാഹരിക്കാൻ കഴിയും. ഒരു ഗ്രീക്കുകാരനായിരുന്ന തീത്തൊസ് മിക്കപ്പോഴും പൗലൊസിനെ അനുഗമിച്ചിരുന്നു. കുറഞ്ഞപക്ഷം ഒരു സന്ദർഭത്തിലെങ്കിലും പൗലൊസിനോടുകൂടെ അവൻ യെരുശലേമിലേക്കു പോയി. (ഗലാ. 2:1-5) പൗലൊസ് അവനെ “എനിക്കു കൂട്ടാളിയും . . . കൂട്ടുവേലക്കാരനും” എന്നു പരാമർശിക്കുന്നു. എഫേസൂസിൽനിന്നു കൊരിന്ത്യർക്കു തന്റെ ഒന്നാമത്തെ ലേഖനം എഴുതിയശേഷം കൊരിന്തിലേക്കു പൗലൊസ് അയച്ചതു തീത്തൊസിനെ ആയിരുന്നു. കൊരിന്തിലായിരിക്കെ, യെരുശലേമിലെ സഹോദരൻമാർക്കുവേണ്ടി നടത്തിക്കൊണ്ടിരുന്ന പണശേഖരത്തോടു തീത്തൊസ് ബന്ധപ്പെട്ടിരുന്നു, തുടർന്നു ശേഖരണം പൂർത്തിയാക്കാൻ പൗലൊസിന്റെ മാർഗനിർദേശപ്രകാരം അവൻ തിരിച്ചുപോയി. മാസിഡോണിയയിൽ പൗലൊസുമായി കണ്ടുമുട്ടിയശേഷം കൊരിന്തിലേക്കുളള മടക്കയാത്രയിലാണു കൊരിന്ത്യർക്കുളള പൗലൊസിന്റെ രണ്ടാമത്തെ ലേഖനം കൊണ്ടുപോയിക്കൊടുക്കാൻ തീത്തൊസ് ഉപയോഗിക്കപ്പെട്ടത്.—2 കൊരി. 8:16-24; 2:13; 7:5-7.
3 റോമിലെ തന്റെ ആദ്യത്തെ തടവിൽനിന്നുളള മോചനത്തിനുശേഷം പൗലൊസ് തന്റെ ശുശ്രൂഷയുടെ അന്തിമവർഷങ്ങളിൽ തിമൊഥെയൊസും തീത്തൊസുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ഇതിൽ ക്രേത്തയിലെയും ഗ്രീസിലെയും മാസിഡോണിയയിലെയും സേവനവും ഉൾപ്പെട്ടിരുന്നതായി തോന്നുന്നു. ഒടുവിൽ, വടക്കുപടിഞ്ഞാറൻ ഗ്രീസിലെ നിക്കൊപ്പൊലിസിലേക്കു പൗലൊസ് പോകുന്നതായി പറയുന്നു, പ്രത്യക്ഷത്തിൽ അവിടെവെച്ചാണ് അവൻ അറസ്ററുചെയ്യപ്പെട്ട് അന്തിമ തടവുവാസത്തിനും വധനിർവഹണത്തിനുമായി റോമിലേക്കു കൊണ്ടുപോകപ്പെട്ടത്. പൗലൊസിന്റെ ക്രേത്തയിലെ സന്ദർശനസമയത്താണ് അവൻ തീത്തൊസിനു കൊടുത്തിരുന്ന നിർദേശപ്രകാരം “ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും . . . പട്ടണംതോറും മൂപ്പൻമാരെ ആക്കിവെക്കേണ്ടതിന്നും” അവനെ പൗലൊസ് അവിടെ വിട്ടത്. പൗലൊസിന്റെ ലേഖനം അവൻ ക്രേത്തയിൽ തീത്തൊസിനെ വിട്ടശേഷം താമസിയാതെ മാസിഡോണിയയിൽനിന്ന് എഴുതപ്പെട്ടിരിക്കാനാണ് ഏററം സാധ്യത. (തീത്തൊ. 1:5; 3:12; 1 തിമൊ. 1:3; 2 തിമൊ. 4:13, 20) അത് ഒന്നു തിമൊഥെയൊസിന്റേതിനോടു സമാനമായ ഒരു ഉദ്ദേശ്യത്തിന് ഉതകിയെന്നു തോന്നുന്നു, അതായത്, പൗലൊസിന്റെ കൂട്ടുവേലക്കാരനെ പ്രോത്സാഹിപ്പിക്കുകയും അവന്റെ കർത്തവ്യങ്ങളിൽ ആധികാരിക പിന്തുണ കൊടുക്കുകയും ചെയ്യുക എന്നതുതന്നെ.
4. തീത്തൊസിനുളള ലേഖനം എപ്പോൾ എഴുതപ്പെട്ടിരിക്കണം, അതിന്റെ വിശ്വാസ്യതക്കുളള തെളിവെന്താണ്?
4 പൗലൊസ് റോമിലെ തന്റെ ഒന്നാമത്തെയും രണ്ടാമത്തെയും തടവിനിടയ്ക്ക് അല്ലെങ്കിൽ പൊ.യു. ഏതാണ്ട് 61 മുതൽ 64 വരെയുളള കാലത്ത് ഈ ലേഖനമെഴുതിയിരിക്കണം. തീത്തൊസിനുളള ലേഖനത്തിന്റെ വിശ്വാസ്യതയുടെ തെളിവിന്റെ ഘനം തിമൊഥെയൊസിനുള്ള സമകാലീന ലേഖനങ്ങൾക്കുളളതുതന്നെയാണ്, പൗലൊസിന്റെ “ഇടയലേഖനങ്ങൾ” എന്നു മിക്കപ്പോഴും വിളിക്കപ്പെടുന്ന മൂന്നു ബൈബിൾപുസ്തകങ്ങളാണവ. എഴുത്തിന്റെ ശൈലി സമാനമാണ്. ഐറേനിയസും ഓറിജനും തീത്തൊസിൽനിന്ന് ഉദ്ധരിക്കുന്നു, മററു പല പുരാതന പ്രാമാണികരും ഈ പുസ്തകത്തിന്റെ കാനോനികതയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതു സൈനാററിക്, അലക്സാണ്ട്രിയൻ കൈയെഴുത്തുപ്രതികളിൽ കാണപ്പെടുന്നു. ജോൺ റൈലാൻഡ്സ് ഗ്രന്ഥശാലയിൽ P32 എന്ന ഒരു പപ്പൈറസ് ശകലമുണ്ട്, അതു തീത്തൊസ് 1:11-15-ഉം 2:3-8-ഉം അടങ്ങിയിട്ടുളള പൊ.യു. ഏതാണ്ടു മൂന്നാം നൂററാണ്ടിലെ കൈയെഴുത്തുപുസ്തകത്തിന്റെ താളാണ്. c ഈ പുസ്തകം നിശ്വസ്ത തിരുവെഴുത്തുകളുടെ ഒരു വിശ്വാസ്യഭാഗമാണെന്നുളളതിനു സംശയമില്ല.
തീത്തൊസിന്റെ ഉളളടക്കം
5. (എ) മേൽവിചാരകൻമാർക്കുളള ഏതു യോഗ്യതകൾക്കു പൗലൊസ് ദൃഢത കൊടുക്കുന്നു, ഇത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) തീത്തൊസ് കഠിനമായി ശാസിക്കേണ്ടത് എന്തുകൊണ്ട്, മലിനരായ ആളുകളെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു?
5 മേൽവിചാരകൻമാർ ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ പ്രബോധിപ്പിക്കണം (1:1-16). വാത്സല്യപൂർവകമായ ഒരു അഭിവാദനത്തിനുശേഷം, പൗലൊസ് മേൽവിചാരകൻമാർക്കുളള യോഗ്യതകൾ വിവരിക്കുന്നു. ഒരു മേൽവിചാരകൻ “നിരപവാദ്യൻ,” സൽഗുണപ്രിയൻ, നീതിമാൻ, വിശ്വസ്തൻ, ‘പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുളള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവൻ’ ആയിരിക്കേണം എന്ന് ഊന്നിപ്പറയുന്നു. സത്യസന്ധമല്ലാത്ത ആദായത്തിനുവേണ്ടി മുഴുകുടുംബങ്ങളെയും മറിച്ചുകളയുകപോലും ചെയ്യുന്ന ‘മനോവഞ്ചകൻമാർ’ ഉളളതുകൊണ്ട് ഇത് ആവശ്യമാണ്. അതുകൊണ്ടു തീത്തൊസ് ‘അവർ വിശ്വാസത്തിൽ ആരോഗ്യമുളളവരായിത്തീരേണ്ടതിന്നും യഹൂദകഥകൾ ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിച്ചുകൊണ്ടിരിക്കണം.’ മലിനപ്പെട്ട ആളുകൾ തങ്ങൾ ദൈവത്തെ അറിയുന്നുവെന്നു പരസ്യമായി പ്രഖ്യാപിച്ചേക്കാം, എന്നാൽ അവർ തങ്ങളുടെ അനുസരണംകെട്ട പ്രവൃത്തികളാൽ അവനെ തളളിപ്പറയുന്നു.—1:6-10, 13, 14.
6. ക്രിസ്തീയ നടത്ത സംബന്ധിച്ച് ഏതു ബുദ്ധ്യുപദേശം കൊടുക്കുന്നു?
6 സുബോധത്തോടും നീതിയോടും ദൈവികഭക്തിയോടുംകൂടെ ജീവിക്കുക (2:1–3:15) വൃദ്ധൻമാരും വൃദ്ധമാരും, ഘനശാലികളും ആദരവുളളവരുമായിരിക്കണം. ചെറുപ്പക്കാരികൾ തങ്ങളുടെ ഭർത്താക്കൻമാരെയും തങ്ങളുടെ കുട്ടികളെയും സ്നേഹിക്കുകയും “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു” തങ്ങളുടെ ഭർത്താക്കൻമാർക്കു കീഴ്പ്പെട്ടിരിക്കുകയും വേണം. പ്രായക്കുറവുളള പുരുഷൻമാർ സത്പ്രവൃത്തികൾക്കും ആരോഗ്യാവഹമായ സംസാരത്തിനും മാതൃകയായിരിക്കണം. അടിമകൾ കീഴ്പ്പെടലോടെ “സകലത്തിലും നല്ല വിശ്വസ്തത” പ്രദർശിപ്പിക്കണം. “സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുളേളാരു സ്വന്തജനമായി”രിക്കാൻ ക്രിസ്തുയേശു മുഖാന്തരം ദൈവം ശുദ്ധീകരിച്ചിരിക്കുന്നവരിൽ സുബോധത്തിനും നീതിക്കും ദൈവികഭക്ഷിക്കും പ്രോത്സാഹിപ്പിച്ചുകൊണ്ടു രക്ഷയിലേക്കു നയിക്കുന്ന ദൈവത്തിന്റെ അനർഹദയ പ്രത്യക്ഷമായിരിക്കുന്നു.—2:5, 10, 14.
7. കീഴ്പ്പെടലിനോടും രക്ഷയോടും സത്പ്രവൃത്തികളോടുമുളള ബന്ധത്തിൽ പൗലൊസ് എന്ത് ഊന്നിപ്പറയുന്നു?
7 ഗവൺമെൻറുകളോടുളള കീഴ്പ്പെടലിന്റെയും അനുസരണത്തിന്റെയും “സകല മനുഷ്യരോടും പൂർണ്ണസൌമ്യത കാണി”ക്കേണ്ടതിന്റെയും ആവശ്യം പൗലൊസ് ഊന്നിപ്പറയുന്നു. പൗലൊസും അവന്റെ സഹക്രിസ്ത്യാനികളും ഒരു കാലത്തു മററു മനുഷ്യരെപ്പോലെ വഷളരായിരുന്നു. തങ്ങളുടെ സ്വന്തമായ ഏതെങ്കിലും പ്രവൃത്തികൾ നിമിത്തമല്ല, ദൈവത്തിന്റെ ദയയും സ്നേഹവും കരുണയും നിമിത്തം അവർ പരിശുദ്ധാത്മാവിനാൽ രക്ഷിക്കപ്പെട്ടു നിത്യജീവന്റെ പ്രത്യാശക്ക് അവകാശികളായിത്തീർന്നിരിക്കുന്നു. അതുകൊണ്ട്, ദൈവത്തെ വിശ്വസിക്കുന്നവർ ‘സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കണം.’ അവർ മൗഢ്യമായ ചോദ്യംചെയ്യലുകളും ന്യായപ്രമാണത്തെക്കുറിച്ചുളള ശണ്ഠയും ഉപേക്ഷിക്കേണ്ടതാണ്. ഒരു കക്ഷിപിരിവിനു പ്രോത്സാഹിപ്പിക്കുന്ന ഒരു മനുഷ്യനെസംബന്ധിച്ചടത്തോളം ഒന്നാമത്തെയും രണ്ടാമത്തെയും താക്കീതിനുശേഷം അവനെ അവർ തളളിക്കളയണം. നിക്കൊപ്പൊലിസിൽ തന്റെ അടുക്കലേക്കു വരാൻ പൗലൊസ് തീത്തൊസിനോട് ആവശ്യപ്പെടുകയും മററു മിഷനറി നിർദേശങ്ങൾ കൊടുത്തശേഷം നിഷ്ഫലരാകാതിരിക്കാൻ സത്പ്രവൃത്തികളുടെ ആവശ്യം വീണ്ടും ഊന്നിപ്പറയുകയും ചെയ്യുന്നു.—3:2, 7, 8.
എന്തുകൊണ്ടു പ്രയോജനപ്രദം
8. തീത്തൊസിനുളള ലേഖനത്തിലെ പൗലൊസിന്റെ ബുദ്ധ്യുപദേശത്തിലുളള എന്ത് ഇന്നു നമുക്കു ‘ശുഭവും ഉപകാരവു’മാകുന്നു, എന്തുകൊണ്ട്?
8 നുണപറച്ചിലിന്റെയും അഴിമതിയുടെയും അത്യാഗ്രഹത്തിന്റെയും ചുററുപാടിലാണു ക്രേത്തയിലെ ക്രിസ്ത്യാനികൾ ജീവിച്ചത്. അവർ കേവലം ജനക്കൂട്ടത്തോടൊത്തു നീങ്ങണമോ? അതോ യഹോവയാം ദൈവത്തിനു വിശുദ്ധീകരിക്കപ്പെട്ട ഒരു ജനമായി സേവിക്കാൻ തങ്ങളേത്തന്നെ പൂർണമായി വേർപെടുത്തുന്നതിനു സുനിശ്ചിതനടപടികൾ സ്വീകരിക്കണമോ? ക്രേത്തർ “സൽപ്രവൃത്തികളിൽ ഉത്സാഹികളായിരി”ക്കണമെന്നു തീത്തൊസിലൂടെ അറിയിച്ചപ്പോൾ “ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു” എന്നു പൗലൊസ് പറഞ്ഞു. യഥാർഥ ക്രിസ്ത്യാനികൾ ദൈവസേവനത്തിൽ ഫലപ്രദരായി ‘സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കുന്നതു’ അസത്യത്തിന്റെയും വഞ്ചനാപരമായ നടപടികളുടെയും ചെളിക്കുണ്ടിലേക്കു താണുപോയിരിക്കുന്ന ഒരു ലോകത്തിൽ ഇന്നും ‘ശുഭവും ഉപകാരപ്രദവും’ ആകുന്നു. (3:8, 14) ക്രേത്തയിലെ സഭകളെ ഭീഷണിപ്പെടുത്തിയ ദുർമാർഗത്തെയും ദുഷ്ടതയെയുമെല്ലാം പൗലൊസ് കുററംവിധിക്കുന്നത്, ‘ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കാൻ ദൈവകൃപ നമ്മെ ഉദ്ബോധിപ്പിക്കുമ്പോൾ’ നമുക്ക് ഒരു മുന്നറിയിപ്പായി ഇപ്പോൾ നിലകൊളളുന്നു. ക്രിസ്ത്യാനികൾ ഒരു നല്ല മനഃസാക്ഷി നിലനിർത്തിക്കൊണ്ട് ഗവൺമെൻറുകളോട് അനുസരണം പ്രകടമാക്കുന്നതിൽ “സകല സൽപ്രവൃത്തികൾക്കും ഒരുങ്ങിയിരി”ക്കുകയും വേണം—2:11, 12; 3:1.
9. ശരിയായ ഉപദേശത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നത് എങ്ങനെ, വിശേഷിച്ച് ഒരു മേൽവിചാരകന്റെ ഉത്തരവാദിത്വമെന്ന നിലയിൽ?
9 പരിശുദ്ധാത്മാവ് മേൽവിചാരകൻമാരോട് ആവശ്യപ്പെടുന്നത് എന്താണെന്നു കാണിച്ചുതരുന്നതിൽ തീത്തൊസ് 1:5-9, 1 തിമൊഥെയൊസ് 3:2-7-ന് അനുപൂരകമാണ്. ഇതു മേൽവിചാരകൻ “വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്ന”തിനും സഭയിൽ ഒരു ഉപദേഷ്ടാവായിരിക്കുന്നതിനും ദൃഢത കൊടുക്കുന്നു. എല്ലാവരെയും പക്വതയിലേക്കു വരുത്തുന്നതിന് ഇത് എത്ര ആവശ്യമാണ്! യഥാർഥത്തിൽ, ശരിയായ ഉപദേശത്തിന്റെ ഈ ആവശ്യം തീത്തൊസിനുളള ലേഖനത്തിൽ പല പ്രാവശ്യം ഊന്നിപ്പറഞ്ഞിരിക്കുന്നു. “പത്ഥ്യോപദേശത്തിനു ചേരുന്നതു പ്രസ്താവി”ക്കാൻ പൗലൊസ് തീത്തൊസിനെ ബുദ്ധ്യുപദേശിക്കുന്നു. വൃദ്ധമാർ ‘നൻമ ഉപദേശിക്കുന്നവർ’ ആയിരിക്കേണ്ടതാണ്, അടിമകൾ ‘അവരുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ട’താണ്. (തീത്തൊ. 1:9; 2:1, 3, 10) ഒരു മേൽവിചാരകനെന്ന നിലയിൽ തീത്തൊസ് തന്റെ ഉപദേശത്തിൽ ദൃഢചിത്തനും നിർഭയനുമായിരിക്കേണ്ടതിന്റെ ആവശ്യം ദൃഢീകരിച്ചുകൊണ്ടു പൗലൊസ് പറയുന്നു: “ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക.” അനുസരിക്കാത്തവരുടെ കാര്യത്തിൽ അവൻ പറയുന്നു: ‘അവർ വിശ്വാസത്തിൽ ആരോഗ്യമുളളവരായിത്തീരേണ്ടതിന്നു അവരെ കഠിനമായി ശാസിക്ക.’ അങ്ങനെ തീത്തൊസിനുളള പൗലൊസിന്റെ ലേഖനം വിശേഷാൽ “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുളളതു ആകുന്നു.”—തീത്തൊ. 2:15; 1:13, 14; 2 തിമൊ. 3:16.
10. തീത്തൊസിനുളള ലേഖനം നമ്മെ എന്തിൽ പ്രോത്സാഹിപ്പിക്കുന്നു, അത് ഏതു സന്തുഷ്ടപ്രത്യാശയെ ഉത്തേജിപ്പിക്കുന്നു?
10 തീത്തൊസിനുളള ലേഖനം ദൈവത്തിന്റെ അനർഹദയയോടുളള നമ്മുടെ വിലമതിപ്പിനെ ഉത്തേജിപ്പിക്കുകയും ‘നാം സന്തുഷ്ടപ്രത്യാശക്കും മഹാദൈവത്തിന്റെയും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെയും പ്രത്യക്ഷതക്കായി കാത്തിരിക്കെ,’ ലോകത്തിന്റെ അഭക്തി വിട്ടുമാറാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിനാൽ, ക്രിസ്തുയേശുവിലൂടെ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവർക്കു ദൈവരാജ്യത്തിൽ “പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായി”ത്തീരാവുന്നതാണ്.—തീത്തൊ. 2:13; 3:7, NW.
[അടിക്കുറിപ്പുകൾ]
a മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയാ (ഇംഗ്ലീഷ്) 1981-ലെ പുനർമുദ്രണം, വാല്യം II, പേജ് 564; ദി ന്യൂ ഷാഫ് ഹെർസോഗ് മതവിജ്ഞാന എൻസൈക്ലോപീഡിയ, (ഇംഗ്ലീഷ്) 1958, വാല്യം III, പേജ് 306.
b മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ, 1981 പുനർമുദ്രണം, വാല്യം X, പേജ് 442.
c കർട്ടിനാലും ബാർബറാ അലൻഡിനാലുമുളള പുതിയനിയമ പാഠം (ഇംഗ്ലീഷ്), ഈ. എഫ്. റോഡ്സ് വിവർത്തനം ചെയ്തത്, 1987, പേജ് 98.
[അധ്യയന ചോദ്യങ്ങൾ]