ബൈബിൾ പുസ്തക നമ്പർ 62—1 യോഹന്നാൻ
ബൈബിൾ പുസ്തക നമ്പർ 62—1 യോഹന്നാൻ
എഴുത്തുകാരൻ: അപ്പോസ്തലനായ യോഹന്നാൻ
എഴുതിയ സ്ഥലം: എഫേസൂസ് അല്ലെങ്കിൽ സമീപം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 98
1. (എ) യോഹന്നാന്റെ എഴുത്തുകളിൽ ഏതു ഗുണം കളിയാടുന്നു, എന്നിരുന്നാലും അവൻ വികാരജീവിയല്ലായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) അവന്റെ മൂന്നു ലേഖനങ്ങൾ കാലോചിതമായിരുന്നത് എന്തുകൊണ്ട്?
യേശുക്രിസ്തുവിന്റെ പ്രിയപ്പെട്ട അപ്പോസ്തലനായ യോഹന്നാനു നീതിയോടു ശക്തമായ സ്നേഹമുണ്ടായിരുന്നു. ഇതു യേശുവിന്റെ മനസ്സിലേക്കുളള സൂക്ഷ്മമായ ഉൾക്കാഴ്ച ലഭിക്കാൻ അവനെ സഹായിച്ചു. അതുകൊണ്ട്, സ്നേഹമെന്ന പ്രതിപാദ്യവിഷയം അവന്റെ എഴുത്തുകളിൽ മുന്തിനിൽക്കുന്നതിൽ നാം അതിശയിച്ചുപോകരുത്. ഏതായാലും അവൻ വികാരജീവിയല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ യേശു അവനെ ‘ഇടിമക്കളിൽ [ബൊവനേർഗ്ഗെസ്]’ ഒരാൾ എന്നു പരാമർശിച്ചു. (മർക്കൊ. 3:17) യഥാർഥത്തിൽ, സത്യത്തിനും നീതിക്കും വേണ്ടി വാദിച്ചുകൊണ്ടാണ് അവൻ തന്റെ മൂന്നു ലേഖനങ്ങൾ എഴുതിയത്, എന്തുകൊണ്ടെന്നാൽ അപ്പോസ്തലനായ പൗലൊസ് മുൻകൂട്ടിപ്പറഞ്ഞിരുന്ന വിശ്വാസത്യാഗം പ്രകടമായിക്കഴിഞ്ഞിരുന്നു. യോഹന്നാന്റെ മൂന്നു ലേഖനങ്ങൾ തീർച്ചയായും കാലോചിതമായിരുന്നു, എന്തെന്നാൽ “ദുഷ്ടന്റെ” കടന്നുകയററങ്ങൾക്കെതിരായ ആദിമക്രിസ്ത്യാനികളുടെ പോരാട്ടത്തിൽ അവരെ ശക്തീകരിക്കുന്നതിന് അവ ഒരു സഹായമായിരുന്നു.—2 തെസ്സ. 2:3, 4; 1 യോഹ. 2:13, 14; 5:18, 19.
2. (എ) മത്തായി, മർക്കൊസ്, മിഷനറിലേഖനങ്ങൾ എന്നിവ എഴുതി വളരെക്കാലം കഴിഞ്ഞാണു യോഹന്നാന്റെ ലേഖനങ്ങൾ എഴുതപ്പെട്ടതെന്ന് എന്തു സാക്ഷ്യപ്പെടുത്തുന്നു? (ബി) ഈ ലേഖനങ്ങൾ എപ്പോൾ, എവിടെവച്ച് എഴുതപ്പെട്ടതായി കാണപ്പെടുന്നു?
2 ഉളളടക്കത്തെ അടിസ്ഥാനപ്പെടുത്തി വിധിക്കുകയാണെങ്കിൽ, ഈ ലേഖനങ്ങൾ മത്തായിയുടെയും മർക്കൊസിന്റെയും സുവിശേഷങ്ങളെക്കാൾ വളരെ കാലത്തിനുശേഷമുളള ഒരു കാലഘട്ടത്തിലേതാണ്—പത്രൊസിന്റെയും പൗലൊസിന്റെയും മിഷനറിലേഖനങ്ങൾക്കും ശേഷം. കാലങ്ങൾ മാറിയിരുന്നു. സഭകളുടെ ശൈശവനാളുകളിൽ അവയ്ക്ക് ഒരു വലിയ ഭീഷണിയായിരുന്ന യഹൂദമതത്തെ പരാമർശിക്കുന്നില്ല; എബ്രായ തിരുവെഴുത്തുകളിൽനിന്നു നേരിട്ടുളള ഒരൊററ ഉദ്ധരണിപോലും ഉളളതായി കാണുന്നില്ല. മറിച്ച്, “അന്ത്യനാഴിക”യെക്കുറിച്ചും “അനേകം എതിർക്രിസ്തു”ക്കളുടെ പ്രത്യക്ഷതയെക്കുറിച്ചും യോഹന്നാൻ സംസാരിക്കുന്നു. (1 യോഹ. 2:18) അവൻ “എന്റെ കുഞ്ഞുങ്ങളേ,” എന്നതുപോലെയുളള പ്രയോഗങ്ങളാൽ തന്റെ വായനക്കാരെയും ‘മൂപ്പൻ [“പ്രായമേറിയ പുരുഷൻ,” NW]’ എന്നതുപോലെ തന്നേത്തന്നെയും പരാമർശിക്കുന്നു. (1 യോഹ. 2:1, 12, 13, 18, 28; 3:7, 18; 4:4; 5:21; 2 യോഹ. 1; 3 യോഹ. 1) ഇതെല്ലാം അവന്റെ മൂന്നു ലേഖനങ്ങൾക്ക് ഒരു പിൽക്കാല തീയതി സൂചിപ്പിക്കുന്നു. കൂടാതെ, അതേസമയത്താണു യോഹന്നാന്റെ സുവിശേഷവും എഴുതപ്പെട്ടതെന്നു 1 യോഹന്നാൻ 1:3, 4 സൂചിപ്പിക്കുന്നതായി തോന്നുന്നു. യോഹന്നാന്റെ മൂന്നു ലേഖനങ്ങൾ അപ്പോസ്തലന്റെ മരണത്തിന് അൽപ്പകാലംമുമ്പ് പൊ.യു. ഏതാണ്ട് 98-ൽ പൂർത്തിയാക്കപ്പെട്ടുവെന്നും എഫേസൂസിന്റെ പരിസരത്തുവെച്ച് അവ എഴുതപ്പെട്ടുവെന്നും പൊതുവേ വിശ്വസിക്കപ്പെടുന്നു.
3. (എ) ഒന്നു യോഹന്നാന്റെ എഴുത്തുകാരൻ യോഹന്നാനാണെന്നുളളതിനെയും അതിന്റെ വിശ്വാസ്യതയെയും സാക്ഷ്യപ്പെടുത്തുന്നത് എന്ത്? (ബി) ഏതു വിവരങ്ങൾ പിൽക്കാലത്തു കൂട്ടിച്ചേർക്കപ്പെട്ടു, അതു വ്യാജമാണെന്ന് എന്തു തെളിയിക്കുന്നു?
3 ഒന്നു യോഹന്നാൻ യഥാർഥത്തിൽ അപ്പോസ്തലനായ യോഹന്നാൻ എഴുതിയതാണെന്നുളളതു നാലാമത്തെ സുവിശേഷത്തോടുളള അതിന്റെ അടുത്ത സാദൃശ്യത്താൽ സൂചിപ്പിക്കപ്പെടുന്നു, അത് എഴുതിയത് അവനാണെന്നു തീർച്ചയാണല്ലോ. ദൃഷ്ടാന്തത്തിന്, അവൻ ലേഖനം അവതരിപ്പിക്കുന്നത്, “ജീവന്റെ വചനം . . . പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ” കണ്ടിരിക്കുന്ന ഒരു ദൃക്സാക്ഷിയെന്ന നിലയിൽ തന്നേത്തന്നെ വർണിച്ചുകൊണ്ടാണ്, യോഹന്നാന്റെ സുവിശേഷം തുടങ്ങുന്നതിനോടു ശ്രദ്ധേയമാംവിധം സമാനമായ പ്രയോഗങ്ങളാണവ. അതിന്റെ വിശ്വാസ്യതയെ മുറേറേറാറിയൻ ശകലവും ഐറേനിയസ്, പോളിക്കാർപ്പ്, പേപ്പിയസ് എന്നീ ആദ്യകാല എഴുത്തുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്, അവരെല്ലാം പൊ.യു. രണ്ടാം നൂററാണ്ടിൽ ജീവിച്ചിരുന്നവരാണ്. a യൂസേബിയസ് (പൊ.യു. ഏകദേശം 260-342) പറയുന്നതനുസരിച്ച് ഒന്നു യോഹന്നാന്റെ വിശ്വാസ്യത ഒരിക്കലും ചോദ്യംചെയ്യപ്പെട്ടിട്ടില്ല. b എന്നിരുന്നാലും, പഴക്കമേറിയ ചില വിവർത്തനങ്ങൾ 5-ാം അധ്യായം 7-ാം വാക്യത്തിന്റെ അവസാനത്തിലും 8-ാം വാക്യത്തിന്റെ ആരംഭത്തിലും പിൻവരുന്ന വാക്കുകൾ കൂട്ടിച്ചേർത്തുവെന്നതു കുറിക്കൊളേളണ്ടതാണ്: “സ്വർഗത്തിൽ പിതാവും വചനവും പരിശുദ്ധാത്മാവും: ഇവർ ഒന്നാണ്. ഭൂമിയിൽ സാക്ഷ്യം വഹിക്കുന്ന മൂവരുണ്ട്.” (ജയിംസ് രാജാവിന്റെ ഭാഷാന്തരം) എന്നാൽ ഈ വാക്യം ആദിമ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലൊന്നിലും കാണുന്നില്ല, അതു ത്രിത്വോപദേശത്തെ താങ്ങിനിർത്താൻ കൂട്ടിച്ചേർത്തതാണെന്നു സ്പഷ്ടം. കത്തോലിക്കരുടെയും പ്രൊട്ടസ്ററൻറുകാരുടെയും മിക്ക ആധുനികവിവർത്തനങ്ങളും പാഠത്തിന്റെ മുഖ്യ ഗാത്രത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തുന്നില്ല.—1 യോഹ. 1:1, 2. c
4. തന്റെ കൂട്ടുക്രിസ്ത്യാനികളെ ആർക്കെതിരെ സംരക്ഷിക്കാനാണു യോഹന്നാൻ ശ്രമിക്കുന്നത്, അവൻ ഏതു വ്യാജോപദേശങ്ങളെ ഖണ്ഡിക്കുന്നു?
4 തന്റെ ‘പ്രിയരെ,’ തന്റെ ‘കുഞ്ഞുങ്ങളെ,’ അവരുടെ ഇടയിൽനിന്നു പുറപ്പെട്ടു സത്യത്തിൽനിന്ന് അവരെ വശീകരിച്ചകററാൻ ശ്രമിക്കുന്ന “അനേകം എതിർക്രിസ്തുക്ക”ളുടെ തെററായ ഉപദേശങ്ങൾക്കെതിരെ സംരക്ഷിക്കുന്നതിനാണു യോഹന്നാൻ എഴുതുന്നത്. (2:7, 18) ഈ വിശ്വാസത്യാഗികളായ എതിർക്രിസ്തുക്കൾ ആദ്യകാല നിഗൂഢജ്ഞാനവാദം ഉൾപ്പെടെയുളള ഗ്രീക്ക് തത്ത്വശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടിരിക്കാം, ദൈവത്തിൽനിന്നുളള രഹസ്യാത്മക തരത്തിലുളള പ്രത്യേക പരിജ്ഞാനമുളളതായി നിഗൂഢജ്ഞാനവാദത്തിന്റെ അനുയായികൾ അവകാശപ്പെട്ടു. d വിശ്വാസത്യാഗത്തിനെതിരെ ഉറച്ച നില സ്വീകരിച്ചുകൊണ്ടു യോഹന്നാൻ മൂന്നു വിഷയങ്ങൾ വിശദമായി കൈകാര്യംചെയ്യുന്നു: പാപം, സ്നേഹം, എതിർക്രിസ്തു. പാപത്തെ സംബന്ധിച്ചും പാപത്തിനുവേണ്ടിയുളള യേശുവിന്റെ ബലിയെ അനുകൂലിച്ചുകൊണ്ടുമുളള അവന്റെ പ്രസ്താവനകൾ ഈ എതിർക്രിസ്തുക്കൾ തങ്ങൾക്കു പാപമില്ലെന്നും യേശുവിന്റെ മറുവിലയാഗത്തിന്റെ ആവശ്യമില്ലെന്നും സ്വയനീതിയോടെ അവകാശപ്പെടുകയായിരുന്നുവെന്നു സൂചിപ്പിക്കുന്നു. അവരുടെ സ്വകേന്ദ്രീകൃത “പരിജ്ഞാനം” അവരെ സ്വാർഥരും സ്നേഹരഹിതരുമാക്കിയിരുന്നു, ഇത് യഥാർഥ ക്രിസ്തീയ സ്നേഹത്തിനു തുടർച്ചയായി ദൃഢത കൊടുക്കവേ യോഹന്നാൻ തുറന്നുകാട്ടുന്ന ഒരു അവസ്ഥയാണ്. മാത്രവുമല്ല, യേശു ആണു ക്രിസ്തു എന്നും അവന് ഒരു മനുഷ്യ-പൂർവ അസ്തിത്വമുണ്ടായിരുന്നുവെന്നും അവൻ വിശ്വാസമുളള മനുഷ്യർക്കു രക്ഷ പ്രദാനംചെയ്യുന്നതിനു ദൈവപുത്രനായി ജഡത്തിൽ വന്നുവെന്നും വ്യാഖ്യാനിക്കുമ്പോൾ പ്രത്യക്ഷത്തിൽ യോഹന്നാൻ അവരുടെ വ്യാജോപദേശത്തോടു പൊരുതുകയാണ്. (1:7-10; 2:1, 2; 4:16-21; 2:22; 1:1, 2; 4:2, 3, 14, 15) യോഹന്നാൻ ഈ വ്യാജോപദേഷ്ടാക്കൻമാരെ വ്യക്തമായി “എതിർക്രിസ്തുക്കൾ” എന്നു മുദ്രയടിക്കുന്നു, ദൈവമക്കളെയും പിശാചിന്റെ മക്കളെയും തിരിച്ചറിയാൻ കഴിയുന്ന നിരവധി മാർഗങ്ങൾ അവൻ നൽകുകയും ചെയ്യുന്നു.—2:18, 22; 4:3.
5. ഒന്നു യോഹന്നാൻ മുഴു ക്രിസ്തീയ സഭക്കുംവേണ്ടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതാണെന്ന് എന്തു സൂചിപ്പിക്കുന്നു?
5 യാതൊരു പ്രത്യേക സഭയെയും സംബോധന ചെയ്യുന്നില്ലാത്തതുകൊണ്ടു പ്രത്യക്ഷത്തിൽ ഈ ലേഖനം മുഴു ക്രിസ്തീയസമൂഹത്തിനുംവേണ്ടിയാണ് ഉദ്ദേശിക്കപ്പെട്ടത്. തുടക്കത്തിലെ ഒരു അഭിവാദ്യത്തിന്റെയും അവസാനത്തിലെ ഒരു അഭിവന്ദനത്തിന്റെയും അഭാവം ഇതു സൂചിപ്പിക്കും. ഈ എഴുത്തിനെ ഒരു ലേഖനമെന്നതിലുപരി ഒരു പ്രബന്ധം എന്നു പോലും ചിലർ വർണിച്ചിട്ടുണ്ട്. “നിങ്ങൾ” എന്ന ബഹുവചനത്തിന്റെ ഉടനീളമുളള ഉപയോഗം (ന്യൂവേൾഡ് ട്രാൻസ്ലേഷനിൽ വല്യക്ഷരങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു) എഴുത്തുകാരൻ തന്റെ വാക്കുകൾ ഒരു വ്യക്തിയിലേക്കല്ല ഒരു സമൂഹത്തിലേക്കു തിരിച്ചുവിട്ടുവെന്നു പ്രകടമാക്കുന്നു.
ഒന്നു യോഹന്നാന്റെ ഉളളടക്കം
6. വെളിച്ചത്തിൽ നടക്കുന്നവരും ഇരുട്ടിലിരിക്കുന്നവരും തമ്മിൽ എന്ത് അന്തരം യോഹന്നാൻ കാണിക്കുന്നു?
6 ഇരുട്ടിലല്ല, വെളിച്ചത്തിൽ നടക്കൽ (1:1–2:29). “നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു,” യോഹന്നാൻ പറയുന്നു. “ദൈവം വെളിച്ചം” ആകയാൽ “വെളിച്ചത്തിൽ നടക്കുന്ന”വർക്കുമാത്രമേ ‘അവനുമായും’ അന്യോന്യവും “കൂട്ടായ്മ” ഉണ്ടായിരിക്കുകയുളളു. “അവന്റെ പുത്രനായ യേശുവിന്റെ രക്തം” അവരെ പാപത്തിൽനിന്നു ശുദ്ധീകരിക്കുന്നു. മറിച്ച്, “ഇരുട്ടിൽ നടക്ക”യും “നമുക്കു പാപം ഇല്ല” എന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ തങ്ങളെത്തന്നെ വഴിതെററിക്കുകയാണ്, അവരിൽ സത്യമില്ല. അവർ പാപങ്ങൾ ഏററുപറയുന്നുവെങ്കിൽ, ദൈവം വിശ്വസ്തനായിരിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്യും.—1:4-8.
7. (എ) താൻ ദൈവത്തെ അറിയുന്നുവെന്നും സ്നേഹിക്കുന്നുവെന്നും ഒരു വ്യക്തി എങ്ങനെ തെളിയിക്കുന്നു? (ബി) എതിർക്രിസ്തു എങ്ങനെ തിരിച്ചറിയിക്കപ്പെടുന്നു?
7 യേശുക്രിസ്തു പാപങ്ങൾക്കുവേണ്ടി “പ്രായശ്ചിത്തം,” “പിതാവിന്റെ അടുക്കൽ” ഉളള “കാര്യസ്ഥൻ” ആയി തിരിച്ചറിയിക്കപ്പെടുന്നു. ദൈവത്തെ അറിയുന്നുവെന്ന് അവകാശപ്പെടുകയും അവന്റെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയനാകുന്നു. തന്റെ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ സ്ഥിതിചെയ്യുന്നു, എന്നാൽ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിൽ നടക്കുന്നു. ലോകത്തെയോ ലോകത്തിലുളളതിനെയോ സ്നേഹിക്കാതിരിക്കാൻ യോഹന്നാൻ ശക്തമായി ബുദ്ധ്യുപദേശിക്കുന്നു, എന്തുകൊണ്ടെന്നാൽ “ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല” എന്ന് അവൻ പറയുന്നു. അനേകം എതിർക്രിസ്തുക്കൾ വന്നിരിക്കുന്നു, അവർ “നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു” എന്നു യോഹന്നാൻ വിശദീകരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ “നമുക്കുളളവർ ആയിരുന്നില്ല.” യേശു, ക്രിസ്തു ആണെന്നുളളതിനെ നിഷേധിക്കുന്നവനാണ് എതിർക്രിസ്തു. അവൻ പിതാവിനെയും പുത്രനെയും നിഷേധിക്കുന്നു. ‘കുഞ്ഞുങ്ങൾ’ പിതാവിൽനിന്നു ലഭിച്ച സത്യമായ അഭിഷേകപ്രകാരം “പുത്രനിലും പിതാവിലും വസിക്കു”വാൻ തക്കവണ്ണം ആദിമുതൽ പഠിച്ചിരിക്കുന്നതിൽ ഉറച്ചുനിൽക്കട്ടെ.—2:1, 2, 15, 18, 19, 24.
8. (എ) ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും തമ്മിൽ തിരിച്ചറിയിക്കുന്നത് എന്ത്? (ബി) ‘കുഞ്ഞുങ്ങൾ’ സ്നേഹം അറിയാനിടയായിരിക്കുന്നത് എങ്ങനെ, അവർ തങ്ങളുടെ ഹൃദയങ്ങൾസംബന്ധിച്ചു തുടർച്ചയായി എന്തു പരിശോധന നടത്തിക്കൊണ്ടിരിക്കണം?
8 ദൈവമക്കൾ പാപം ശീലമാക്കുന്നില്ല (3:1-24). പിതാവിന്റെ സ്നേഹം മൂലം അവർ “ദൈവമക്കൾ” എന്നു വിളിക്കപ്പെടുന്നു, ദൈവത്തിന്റെ പ്രത്യക്ഷതയിങ്കൽ അവർ അവനോടു സദൃശൻമാർ ആകേണ്ടതാണ്, അവനെ “താൻ ഇരിക്കുംപോലെ തന്നേ കാണു”ന്നതായിരിക്കും. പാപം അധർമമാണ്, ക്രിസ്തുവിനോടുളള ഐക്യത്തിൽ സ്ഥിതിചെയ്യുന്നവർ അതു ശീലമാക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്നവൻ പിശാചിൽനിന്ന് ഉത്ഭവിക്കുന്നു, അവന്റെ പ്രവൃത്തികളെ ദൈവപുത്രൻ തകർക്കും. ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും ഇങ്ങനെ തെളിയുന്നു: ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നവർക്ക് അന്യോന്യമുളള സ്നേഹമുണ്ട്, എന്നാൽ ദുഷ്ടനിൽനിന്ന് ഉത്ഭവിക്കുന്നവർ സഹോദരനെ ദ്വേഷിക്കുകയും കൊല്ലുകയും ചെയ്ത കയീനെപ്പോലെയാണ്. ‘കുഞ്ഞുങ്ങൾ’ സ്നേഹം അറിവാൻ ഇടയായത് അവർക്കുവേണ്ടി “അവൻ . . . തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ” ആണെന്നു യോഹന്നാൻ അവരോടു പറയുന്നു. തങ്ങളുടെ സഹോദരൻമാരോടുളള ‘ആർദ്രകരുണയുടെ വാതിലുകൾ അടയ്ക്കാതിരിക്കാൻ’ അവൻ അവരെ ബുദ്ധ്യുപദേശിക്കുകയും ചെയ്യുന്നു. അവർ “വാക്കിനാലും നാവിനാലുമല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹി”ക്കട്ടെ. അവർ “സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നവർ” ആണോയെന്നു തീരുമാനിക്കുന്നതിനു തങ്ങളുടെ ഹൃദയങ്ങളിൽ എന്താണുളളതെന്നു പരിശോധിക്കുകയും അവർ “അവന്നു [ദൈവത്തിനു] പ്രസാദമുളളതു ചെയ്യു”ന്നുണ്ടോയെന്നു തിട്ടപ്പെടുത്തുകയും വേണം. ‘അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും അന്യോന്യം സ്നേഹിക്കുകയും’ ചെയ്യാനുളള അവന്റെ കൽപ്പന അവർ അനുസരിക്കേണ്ടതാണ്. അങ്ങനെ തങ്ങൾ അവനോടുളള ഐക്യത്തിൽ സ്ഥിതിചെയ്യുന്നുവെന്നും അവൻ ആത്മാവിനാൽ അവരോടുകൂടെ സ്ഥിതിചെയ്യുന്നുവെന്നും അവർ അറിയും.—3:1, 2, 16-19, 22, 23.
9. (എ) നിശ്വസ്ത മൊഴികൾസംബന്ധിച്ച് ഏതു പരിശോധന നടത്തണം? (ബി) അന്യോന്യം സ്നേഹിക്കാനുളള കടപ്പാടിനെ ഊന്നിപ്പറയുന്നത് എന്ത്?
9 ദൈവത്തോടുളള ഐക്യത്തിൽ അന്യോന്യം സ്നേഹിക്കൽ (4:1–5:21). നിശ്വസ്തമൊഴികളെ പരിശോധിക്കേണ്ടതാണ്. ക്രിസ്തു ജഡത്തിൽ വന്നു എന്നതിനെ നിഷേധിക്കുന്ന മൊഴികൾ ‘ദൈവത്തിൽനിന്നുളളവ’ അല്ല, പിന്നെയോ എതിർക്രിസ്തുവിന്റേതാണ്. അവ ലോകത്തിൽനിന്ന് ഉത്ഭവിക്കുന്നു, അതിനോടുളള ഐക്യത്തിലുമാണ്, എന്നാൽ സത്യത്തിന്റെ നിശ്വസ്തമൊഴികൾ ദൈവത്തിൽനിന്നുളളവയാണ്. യോഹന്നാൻ പറയുന്നു: “ദൈവം സ്നേഹം തന്നേ,” “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.” അപ്പോൾ അന്യോന്യം സ്നേഹിക്കാനുളള കടപ്പാട് എത്ര വലുതാണ്! മററുളളവരെ സ്നേഹിക്കുന്നവരോടുകൂടെ ഐക്യത്തിൽ ദൈവം വസിക്കുന്നു, അങ്ങനെ ഭയത്തെ പുറന്തളളിക്കൊണ്ട് അവർക്കു സംസാര “ധൈര്യം ഉണ്ടാവാൻ” തക്കവണ്ണം സ്നേഹം പൂർണമാക്കപ്പെട്ടിരിക്കുന്നു. “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” എന്നു യോഹന്നാൻ പറയുന്നു. “ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം.”—4:3, 8, 10, 17, 19, 21.
10. (എ) ദൈവത്തിന്റെ മക്കൾക്കു ലോകത്തെ എങ്ങനെ ജയിക്കാം, അവർക്ക് എന്തു വിശ്വാസമുണ്ട്? (ബി) പാപത്തോടും വിഗ്രഹാരാധനയോടും അവർക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണം?
10 ദൈവമക്കൾ എന്ന നിലയിൽ സ്നേഹം പ്രകടമാക്കുന്നതിന്റെ അർഥം അവന്റെ കൽപ്പനകൾ അനുഷ്ഠിക്കുകയെന്നതാണ്. ഇതു വിശ്വാസത്താൽ ലോകത്തെ ജയിച്ചടക്കുന്നതിൽ കലാശിക്കുന്നു. ദൈവപുത്രനിൽ വിശ്വാസം പ്രകടമാക്കുന്നവരെസംബന്ധിച്ച്, ദൈവം അവർക്കു ‘നിത്യജീവൻ കൊടുത്തു, ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട്’ എന്നു ദൈവം സാക്ഷ്യം നൽകുന്നു. അങ്ങനെ, അവന്റെ ഇഷ്ടപ്രകാരം അവർ ചോദിക്കുന്ന എന്തിലും അവൻ അവരെ കേൾക്കുമെന്നുളള വിശ്വാസം അവർക്ക് ഉണ്ടായിരിക്കാവുന്നതാണ്. സകല അനീതിയും പാപമാണ്, എന്നാൽ മരണം കൈവരുത്താത്ത പാപമുണ്ട്. ദൈവത്തിൽനിന്നു ജനിച്ച ഏവനും പാപം ചെയ്യുന്നത് ഒരു ശീലമാക്കുന്നില്ല. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെങ്കിലും “ദൈവപുത്രൻ വന്നു,” അവർ ഇപ്പോൾ ആരുമായി ഐക്യത്തിലാണോ ആ സത്യദൈവത്തെക്കുറിച്ച് ‘അവന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരം’ പരിജ്ഞാനം നേടുന്നതിനുളള “വിവേകം” തന്റെ ശിഷ്യൻമാർക്കു കൊടുത്തിരിക്കുന്നു. അവർ വിഗ്രഹങ്ങളിൽനിന്നു തങ്ങളേത്തന്നെ സൂക്ഷിക്കേണ്ടതുമാണ്!—5:11, 19, 20.
എന്തുകൊണ്ടു പ്രയോജനപ്രദം
11. ക്രിസ്ത്യാനികൾക്ക് ഇന്ന് എതിർക്രിസ്തുക്കളോടും ലോകമോഹങ്ങളോടും എങ്ങനെ പൊരുതാം?
11 പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിലെ അവസാനവർഷങ്ങളിലെന്നപോലെ, ഇന്നും “അനേകം എതിർക്രിസ്തുക്കൾ” ഉണ്ട്, അവർക്കെതിരെ സത്യക്രിസ്ത്യാനികൾക്കു മുന്നറിയിപ്പാവശ്യമാണ്. ഈ സത്യക്രിസ്ത്യാനികൾ ‘അന്യോന്യം സ്നേഹിക്കുക എന്ന് അവർ ആദിമുതൽ കേട്ട ദൂത്’ മുറുകെപ്പിടിക്കേണ്ടതാണ്, സംസാരസ്വാതന്ത്ര്യത്തോടെ നീതി ആചരിച്ചുകൊണ്ടു ദൈവത്തോടും സത്യമായ പഠിപ്പിക്കലിനോടുമുളള ഐക്യത്തിൽ വസിക്കേണ്ടതുമാണ്. (2:18; 3:11; 2:27-29) “ജഡമോഹം കൺമോഹം ജീവനത്തിന്റെ പ്രതാപം” എന്നിവക്കെതിരായ മുന്നറിയിപ്പും അതിപ്രധാനമാണ്, ഭൗതികത്വപരമായ ആ ലൗകിക തിൻമകളാണല്ലോ ക്രിസ്ത്യാനികളെന്നവകാശപ്പെടുന്ന മിക്കവരെയും മുക്കിക്കളഞ്ഞിരിക്കുന്നത്. “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കുന്നു” എന്നറിഞ്ഞുകൊണ്ടു സത്യക്രിസ്ത്യാനികൾ ലോകത്തെയും അതിന്റെ മോഹത്തെയും വർജിക്കും. ലോക മോഹത്തിന്റെയും വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും ഈ യുഗത്തിൽ തീർച്ചയായും നിശ്വസ്ത തിരുവെഴുത്തുകൾ മുഖേന ദൈവേഷ്ടം പഠിക്കുന്നതും ആ ഇഷ്ടം ചെയ്യുന്നതും എത്ര പ്രയോജനകരമാണ്!—2:15-17.
12. നമ്മുടെ പ്രയോജനത്തിനുവേണ്ടി എന്ത് അന്തരങ്ങൾ ഒന്നു യോഹന്നാൻ കാണിച്ചുതരുന്നു, നമുക്ക് എങ്ങനെ ലോകത്തെ ജയിക്കാം?
12 പിതാവിൽനിന്നു പുറപ്പെടുന്ന വെളിച്ചവും ദുഷ്ടനിൽനിന്നുളള സത്യവിനാശകമായ ഇരുട്ടും തമ്മിലും, ദൈവത്തിന്റെ ജീവദായകമായ ഉപദേശങ്ങളും എതിർക്രിസ്തുവിന്റെ വഞ്ചനാത്മകമായ വ്യാജങ്ങളും തമ്മിലും പുത്രനോടൊപ്പം പിതാവിനോടും ഐക്യത്തിലായിരിക്കുന്നവരുടെ മുഴുസഭയിലും കളിയാടുന്ന സ്നേഹവും ‘എല്ലാവരും നമുക്കുളളവരല്ല എന്നു പ്രസിദ്ധമാകേണ്ടതിനു നമ്മിൽനിന്നു പുറത്തുപോയവരിലുളള’ കയീൻസമാന കൊലപാതകവിദ്വേഷവും തമ്മിലുമുളള അന്തരം ഒന്നു യോഹന്നാൻ വ്യക്തമാക്കുന്നതു നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ്. (2:19; 1:5-7; 2:8-11, 22-25; 3:23, 24, 11, 12) ഈ വിലമതിപ്പുളളതുകൊണ്ടു ‘ലോകത്തെ ജയിക്കുക’യെന്നതു നമ്മുടെ തീവ്രമായ ആഗ്രഹമായിരിക്കണം. നമുക്കിത് എങ്ങനെ ചെയ്യാം? ശക്തമായ വിശ്വാസമുണ്ടായിരിക്കുന്നതിനാലും ദൈവകൽപ്പനകളനുസരിക്കുന്നതിനെ അർഥമാക്കുന്ന “ദൈവത്തോടുളള സ്നേഹം” ഉണ്ടായിരിക്കുന്നതിനാലും.—5:3, 4.
13. (എ) ദൈവസ്നേഹം ഒരു പ്രായോഗികശക്തിയായി ഊന്നിപ്പറയപ്പെടുന്നത് എങ്ങനെ? (ബി) ക്രിസ്ത്യാനികളുടെ സ്നേഹം ഏതു തരം ആയിരിക്കണം, ഏത് ഐക്യത്തിൽ കലാശിക്കുന്നത്?
13 “ദൈവത്തോടുളള സ്നേഹം”—ലേഖനത്തിലുടനീളം എത്ര വിശിഷ്ടമായി ഈ പ്രേരകശക്തിയെ ഊന്നിപ്പറഞ്ഞിരിക്കുന്നു! 2-ാം അധ്യായത്തിൽ ലോകസ്നേഹവും പിതാവിന്റെ സ്നേഹവും തമ്മിലുളള നിശിതമായ അന്തരം കാണുന്നു. “ദൈവം സ്നേഹം തന്നേ” എന്നു പിന്നീടു നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്നു. (4:8, 16) ഇത് എന്തൊരു പ്രായോഗിക സ്നേഹമാണ്! “പുത്രനെ ലോകരക്ഷിതാവായിട്ടു” പിതാവ് അയച്ചിരിക്കുന്നതിൽ അതിന്റെ മഹനീയമായ പ്രകാശനം ഉണ്ടായി. (4:14) ഇത് “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” എന്ന അപ്പോസ്തലന്റെ വാക്കുകൾക്കു ചേർച്ചയിൽ നമ്മുടെ ഹൃദയങ്ങളിൽ വിലമതിപ്പു നിറഞ്ഞ, നിർഭയമായ സ്നേഹം ഉത്തേജിപ്പിക്കേണ്ടതാണ്. (4:19) നമ്മുടെ സ്നേഹം പിതാവിന്റേതും പുത്രന്റേതുംപോലെ അതേ തരത്തിലുളളതായിരിക്കണം—പ്രായോഗികവും ആത്മത്യാഗപരവുമായ സ്നേഹം. യേശു തന്റെ ദേഹിയെ നമുക്കുവേണ്ടി വെച്ചുതന്നതുപോലെതന്നെ നാമും “സഹോദരൻമാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു,” അതേ, നമ്മുടെ സഹോദരൻമാരെ വാക്കിൽമാത്രമല്ല, “പ്രവൃത്തിയിലും സത്യത്തിലും” സ്നേഹിക്കത്തക്കവണ്ണം നമ്മുടെ കരുണാർദ്രതകളുടെ വാതിലുകൾ തുറക്കാൻതന്നെ. (3:16-18) യോഹന്നാന്റെ ലേഖനം സുവ്യക്തമായി പ്രകടമാക്കുന്നതുപോലെ, ദൈവത്തെക്കുറിച്ചുളള സത്യപരിജ്ഞാനത്തോടൊപ്പമുളള ഈ യഥാർഥ സ്നേഹമാണു പിതാവിനോടും പുത്രനോടുമുളള അഭഞ്ജമായ ഐക്യത്തിൽ ദൈവത്തോടുകൂടെ നടക്കുന്നവരെ ബന്ധിപ്പിക്കുന്നത്. (2:5, 6) ഈ അനുഗൃഹീത സ്നേഹബന്ധത്തിലുളള രാജ്യാവകാശികളോടാണു യോഹന്നാൻ ഇങ്ങനെ പറയുന്നത്: “നാം സത്യവാനോടുളള ഐക്യത്തിലാണ്, അവന്റെ പുത്രനായ യേശുക്രിസ്തുമുഖാന്തരം. ഇതാണു സത്യദൈവവും നിത്യജീവനും.”—5:20, NW.
[അടിക്കുറിപ്പുകൾ]
a ജി. ഡബ്ലിയൂ. ബ്രോമിലി സംവിധാനംചെയ്ത ദി ഇൻറർനാഷനൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ, വാല്യം 2, 1982, പേജുകൾ 1095-6.
b സഭാചരിത്രം, III, XXIV, 17.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 1019.
d പുതിയ ബൈബിൾ നിഘണ്ടു, രണ്ടാം പതിപ്പ്, 1986, ജെ. ഡി. ഡഗ്ലസ് സംവിധാനം ചെയ്തത്, പേജുകൾ 426, 604.
[അധ്യയന ചോദ്യങ്ങൾ]