വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 66—വെളിപ്പാട്‌

ബൈബിൾ പുസ്‌തക നമ്പർ 66—വെളിപ്പാട്‌

ബൈബിൾ പുസ്‌തക നമ്പർ 66—വെളിപ്പാട്‌

എഴുത്തുകാരൻ: അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ

എഴുതിയ സ്ഥലം: പത്‌മോസ്‌

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 96

1. (എ) വെളി​പ്പാ​ടി​ലെ പ്രതീ​ക​പ്ര​യോ​ഗങ്ങൾ സംബന്ധി​ച്ചു ദൈവ​ദാ​സൻമാർ എന്തി​നോ​ടു യോജി​ക്കും? (ബി) വെളി​പ്പാ​ടു ശരിയാ​യി​ത്തന്നെ ബൈബി​ളിൽ ഒടുവിൽ വെച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 വെളി​പ്പാ​ടി​ലെ പ്രതീ​ക​പ്ര​യോ​ഗങ്ങൾ ഭയപ്പെ​ടു​ത്താൻ ഉദ്ദേശി​ച്ചി​ട്ടു​ള​ള​വ​യാ​ണോ? അശേഷമല്ല! പ്രവച​ന​നി​വൃ​ത്തി ദുഷ്ടൻമാർക്കു ഭീതി ജനിപ്പി​ച്ചേ​ക്കാം, എന്നാൽ ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസൻമാർ നിശ്വസ്‌ത ആമുഖ​ത്തോ​ടും ദൂതന്റെ ഒടുവി​ലത്തെ അഭി​പ്രാ​യ​ത്തോ​ടും യോജി​ക്കും: “ഈ പ്രവച​ന​ത്തി​ന്റെ വാക്കു​കളെ വായിച്ചു കേൾപ്പി​ക്കു​ന്ന​വ​നും കേൾക്കു​ന്ന​വ​രും . . . ഭാഗ്യ​വാൻമാർ.” “ഈ പുസ്‌ത​ക​ത്തി​ലെ പ്രവചനം പ്രമാ​ണി​ക്കു​ന്നവൻ ഭാഗ്യ​വാൻ.” (വെളി. 1:3; 22:7) വെളി​പ്പാ​ടു യോഹ​ന്നാ​നാ​ലു​ളള വേറെ നാലു നിശ്വസ്‌ത പുസ്‌ത​ക​ങ്ങൾക്കു മുമ്പേ എഴുതി​യ​താ​ണെ​ങ്കി​ലും അതു നമ്മുടെ ബൈബി​ളാ​യി​രി​ക്കു​ന്ന​തി​ലെ 66 നിശ്വ​സ്‌ത​പു​സ്‌ത​ക​ങ്ങ​ളു​ടെ ശേഖര​ത്തിൽ ശരിയാ​യി​ത്തന്നെ ഒടുവിൽ വെച്ചി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അതു മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ദൈവം ഉദ്ദേശി​ക്കു​ന്ന​തി​ന്റെ സർവാ​ശ്ലേ​ഷി​യായ ഒരു ദർശനം നൽകി​ക്കൊ​ണ്ടു വായന​ക്കാ​രെ വിദൂ​ര​ഭാ​വി​യി​ലേക്ക്‌ എത്തിക്കുന്ന വെളി​പ്പാ​ടാണ്‌, യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​വും വാഗ്‌ദ​ത്ത​സ​ന്ത​തി​യായ ക്രിസ്‌തു​വിൻകീ​ഴി​ലെ രാജ്യം മുഖേ​ന​യു​ളള അവന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​ന​വും എന്ന ബൈബി​ളി​ലെ മഹത്തായ പ്രതി​പാ​ദ്യ​വി​ഷ​യത്തെ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തു​മാ​ണത്‌.

2. വെളി​പ്പാട്‌ ഏതു മുഖാ​ന്ത​ര​ത്താൽ യോഹ​ന്നാ​നി​ലേക്ക്‌ എത്തി, പുസ്‌ത​ക​ത്തി​ന്റെ ശീർഷകം ഏററവും ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 ശീർഷക വാക്യ​പ്ര​കാ​രം, ഇത്‌ “യേശു​ക്രി​സ്‌തു​വി​ന്റെ വെളി​പ്പാ​ടു” ആണ്‌. “ദൈവം അതു അവന്നു കൊടു​ത്തു. അവൻ അതു തന്റെ ദൂതൻമു​ഖാ​ന്തരം അയച്ചു തന്റെ ദാസനായ [“അടിമ,” NW] യോഹ​ന്നാ​ന്നു പ്രദർശി​പ്പി​ച്ചു.” അതു​കൊ​ണ്ടു യോഹ​ന്നാൻ വിവര​ങ്ങ​ളു​ടെ ഉത്‌പാ​ദ​കനല്ല, പിന്നെ​യോ എഴുത്തു​കാ​രൻ മാത്ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടു യോഹ​ന്നാ​നല്ല വെളി​പ്പാ​ടു നൽകി​യവൻ, ഈ പുസ്‌തകം യോഹ​ന്നാ​ന്റെ വെളി​പ്പാ​ടു​മല്ല. (1:1) ഭാവി​യെ​സം​ബ​ന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങൾ തന്റെ അടിമയെ ഈ വിധത്തിൽ മറനീ​ക്കി​ക്കാ​ണി​ച്ചത്‌ അതിന്റെ ശീർഷ​കത്തെ അത്യന്തം ഉചിത​മാ​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അപ്പോ​ക്ക​ലി​പ്‌സിസ്‌ (അപ്പോ​ക്ക​ലി​പ്‌സ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ ഗ്രീക്ക്‌ നാമത്തി​ന്റെ അർഥം “മറനീക്കൽ” അഥവാ “അനാച്ഛാ​ദനം” എന്നാണ്‌.

3. യോഹ​ന്നാൻ എന്നു പേരുളള എഴുത്തു​കാ​രൻ ആരാ​ണെന്നു വെളി​പ്പാ​ടു​തന്നെ സൂചി​പ്പി​ക്കു​ന്നു, പുരാതന ചരി​ത്ര​കാ​രൻമാർ ഇതിനെ പിന്താ​ങ്ങു​ന്നത്‌ എങ്ങനെ?

3 വെളി​പ്പാ​ടി​ന്റെ എഴുത്തു​കാ​ര​നെന്ന നിലയിൽ അതിന്റെ ഒന്നാം അധ്യാ​യ​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ഈ യോഹ​ന്നാൻ ആരായി​രു​ന്നു? അവൻ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അടിമ​യും ഒരു സഹോ​ദ​ര​നും കഷ്ടപ്പാ​ടിൽ പങ്കാളി​യും ആയിരു​ന്നു​വെ​ന്നും അവനെ പത്‌മോ​സ്‌ദ്വീ​പി​ലേക്കു നാടു​ക​ട​ത്തി​യി​രു​ന്നു​വെ​ന്നും നമ്മോടു പറഞ്ഞി​രി​ക്കു​ന്നു. സ്‌പഷ്ട​മാ​യി, അവൻ തന്റെ ആദ്യ വായന​ക്കാർക്കു സുപരി​ചി​ത​നാ​യി​രു​ന്നു, അവർക്കാ​യി കൂടു​ത​ലായ തിരി​ച്ച​റി​യി​ക്കൽ ആവശ്യ​മാ​യി​രു​ന്നില്ല. അവൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ആയിരി​ക്കണം. മിക്ക പുരാതന ചരി​ത്ര​കാ​രൻമാ​രും ഈ നിഗമ​നത്തെ പിന്താ​ങ്ങു​ന്നു. പൊ.യു. രണ്ടാം നൂററാ​ണ്ടി​ന്റെ ആദ്യഭാ​ഗത്ത്‌ എഴുതിയ പേപ്പി​യസ്‌ അപ്പോ​സ്‌ത​ലിക ഉത്ഭവമു​ള​ള​താണ്‌ ഈ പുസ്‌ത​ക​മെന്നു വിശ്വ​സി​ച്ചി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. “ഒരു യഹൂദ​നായ ട്രൈ​ഫോ​യു​മാ​യു​ളള സംഭാ​ഷണം” (LXXXI) എന്ന തന്റെ കൃതി​യിൽ രണ്ടാം നൂററാ​ണ്ടി​ലെ ജസ്‌റ​റിൻ മാർട്ടെർ ഇങ്ങനെ പറയുന്നു: “ക്രിസ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രി​ലൊ​രാ​ളായ യോഹ​ന്നാൻ എന്നു പേരുളള ഒരു മനുഷ്യൻ ഞങ്ങളോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു, അവൻ തനിക്കു ലഭിച്ച വെളി​പ്പാ​ടി​നാൽ പ്രവചി​ച്ചു.” a ഐറേ​നി​യസ്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുത്തു​കാ​ര​നാ​ണെന്നു വ്യക്തമാ​യി പറയുന്നു. രണ്ടാം നൂററാ​ണ്ടി​ന്റെ ഒടുവി​ലും മൂന്നാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തി​ലും ജീവി​ച്ചി​രുന്ന അലക്‌സാ​ണ്ട്രി​യ​യി​ലെ ക്ലെമൻറും തെർത്തു​ല്യ​നും അതുതന്നെ ചെയ്യുന്നു. മൂന്നാം നൂററാ​ണ്ടി​ലെ ശ്രദ്ധാർഹ​നായ ബൈബിൾപ​ണ്ഡി​തൻ, ഓറിജൻ ഇങ്ങനെ പറഞ്ഞു: “യേശു​വി​ന്റെ നെഞ്ചിൽ ചാരി​യി​രുന്ന യോഹ​ന്നാ​നെ​ക്കു​റി​ച്ചാ​ണു ഞാൻ പറയു​ന്നത്‌, അവൻ ഒരു സുവി​ശേഷം എഴുതി​യി​ട്ടുണ്ട്‌, . . . അവൻ അപ്പോ​ക്ക​ലി​പ്‌സും എഴുതി.” b

4. (എ) യോഹ​ന്നാ​ന്റെ മററ്‌ എഴുത്തു​ക​ളോ​ടു​ളള താരത​മ്യ​ത്തിൽ വെളി​പ്പാ​ടി​ലെ ശൈലി​യു​ടെ വ്യതി​യാ​ന​ത്തി​നു കാരണ​മെന്ത്‌? (ബി) വെളി​പ്പാ​ടു നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു വിശ്വ​സ​നീയ ഭാഗമാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

4 യോഹ​ന്നാ​ന്റെ മററ്‌ എഴുത്തു​കൾ സ്‌നേ​ഹ​ത്തി​നു വളരെ​യ​ധി​കം ഊന്നൽ കൊടു​ക്കു​ന്നു​വെന്ന വസ്‌തുത വളരെ ശക്തിമ​ത്തും തീക്ഷ്‌ണ​വു​മായ വെളി​പ്പാട്‌ അവൻ എഴുതി​യി​രി​ക്കാ​നി​ട​യി​ല്ലെന്ന്‌ അർഥമാ​ക്കു​ന്നില്ല. അവനും സഹോ​ദ​ര​നായ യാക്കോ​ബു​മാ​യി​രു​ന്നു ആകാശ​ത്തു​നി​ന്നു തീയി​റ​ക്കാ​നാ​ഗ്ര​ഹി​ക്ക​ത്ത​ക്ക​വണ്ണം ഒരു നഗരത്തി​ലെ ശമര്യ​ക്കാർക്കെ​തി​രെ വളരെ കോപാ​കു​ല​രാ​യത്‌. അതു​കൊ​ണ്ടാണ്‌ അവർക്ക്‌ “ബൊവ​നേർഗ്ഗെസ്‌” അല്ലെങ്കിൽ “ഇടിമക്കൾ” എന്ന മറുപേർ കൊടു​ക്ക​പ്പെ​ട്ടത്‌. (മർക്കൊ. 3:17; ലൂക്കൊ. 9:54) വെളി​പ്പാ​ടിൽ വിഷയം വ്യത്യ​സ്‌ത​മാ​ണെന്ന്‌ ഓർക്കു​മ്പോൾ ശൈലി​യി​ലു​ളള ഈ വ്യതി​യാ​നം പ്രയാസം സൃഷ്ടി​ക്കു​ന്നില്ല. ഈ ദർശന​ങ്ങ​ളിൽ യോഹ​ന്നാൻ കണ്ടത്‌ അവൻ മുമ്പു കണ്ടിട്ടു​ളള ഏതി​നെ​ക്കാ​ളും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. പ്രാവ​ച​നിക തിരു​വെ​ഴു​ത്തു​ക​ളിൽ ശേഷി​ച്ച​വ​യോ​ടു​ളള ഈ പുസ്‌ത​ക​ത്തി​ന്റെ മുന്തിയ യോജിപ്പ്‌ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തി​ന്റെ ഒരു ഭാഗമാ​ണ​തെന്നു നിസ്സം​ശ​യ​മാ​യി തെളി​യി​ക്കു​ന്നു.

5. യോഹ​ന്നാൻ എപ്പോൾ വെളി​പ്പാട്‌ എഴുതി, ഏതു സാഹച​ര്യ​ങ്ങ​ളിൽ?

5 ഏററവും നേര​ത്തെ​യു​ളള സാക്ഷ്യ​പ്ര​കാ​രം, യോഹ​ന്നാൻ പൊ.യു. ഏതാണ്ട്‌ 96-ൽ വെളി​പ്പാട്‌ എഴുതി, യെരു​ശ​ലേ​മി​ന്റെ നാശത്തി​നു​ശേഷം ഏകദേശം 26 വർഷം കഴിഞ്ഞ്‌. ഇതു ഡൊമീ​ഷ്യൻച​ക്ര​വർത്തി​യു​ടെ വാഴ്‌ച​യു​ടെ അവസാ​ന​ത്തോ​ട​ടു​ത്താ​യി​രി​ക്കും. ഇതിന്റെ സ്ഥിരീ​ക​ര​ണ​മെ​ന്നോ​ണം, “പാഷ​ണ്ഡോ​പ​ദേ​ശ​ങ്ങൾക്കെ​തി​രെ” (V, xxx, ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഐറേ​നി​യസ്‌ അപ്പോ​ക്ക​ലി​പ്‌സി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “അതു കണ്ടത്‌ ഏറെക്കാ​ല​ത്തി​നു ശേഷമാ​യി​രു​ന്നില്ല, പിന്നെ​യോ നമ്മുടെ നാളിൽത്തന്നെ, ഡൊമീ​ഷ്യ​ന്റെ വാഴ്‌ച​യു​ടെ അവസാ​ന​ത്തോ​ട​ടു​ത്താ​യി​രു​ന്നു.” c യൂസേ​ബി​യ​സും ജെറോ​മും ഈ സാക്ഷ്യ​ത്തോ​ടു യോജി​ക്കു​ന്നു. ഡൊമീ​ഷ്യൻ യെരു​ശ​ലേ​മി​നെ നശിപ്പി​ക്കാൻ റോമാ​സൈ​ന്യ​ത്തെ നയിച്ച തീത്തൊ​സി​ന്റെ സഹോ​ദ​ര​നാ​യി​രു​ന്നു. വെളി​പ്പാ​ടു​പു​സ്‌തകം എഴുത​പ്പെ​ട്ട​തി​നു 15 വർഷം മുമ്പ്‌ തീത്തൊസ്‌ മരിച്ച​പ്പോ​ഴാ​യി​രു​ന്നു അവൻ ചക്രവർത്തി​യാ​യത്‌. തന്നെ ദൈവ​മാ​യി ആരാധി​ക്ക​ണ​മെന്ന്‌ അവൻ ആവശ്യ​പ്പെ​ടു​ക​യും ഡോമി​നസ്‌ എററ്‌ നോസ്‌ററർ (“നമ്മുടെ കർത്താ​വും ദൈവ​വും” എന്നർഥം) എന്ന സ്ഥാനപ്പേർ സ്വീക​രി​ക്കു​ക​യും ചെയ്‌തു. d വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ച​വരെ ചക്രവർത്തി​യാ​രാ​ധന അസഹ്യ​പ്പെ​ടു​ത്തി​യില്ല. എന്നാൽ ആദിമ ക്രിസ്‌ത്യാ​നി​കൾക്ക്‌ അതിൽ ഏർപ്പെ​ടുക സാധ്യ​മ​ല്ലാ​യി​രു​ന്നു, ഈ ആശയം സംബന്ധി​ച്ചു വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യാൻ അവർ വിസമ്മ​തി​ച്ചു. അങ്ങനെ, ഡൊമീ​ഷ്യ​ന്റെ ഭരണത്തി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ (പൊ.യു. 81-96) ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ കഠിന പീഡന​മു​ണ്ടാ​യി. യോഹ​ന്നാ​നെ ഡൊമീ​ഷ്യൻ പത്‌മോ​സി​ലേക്കു നാടു​ക​ട​ത്തി​യെന്നു വിചാ​രി​ക്ക​പ്പെ​ടു​ന്നു. ഡൊമീ​ഷ്യൻ പൊ.യു. 96-ൽ കൊല​ചെ​യ്യ​പ്പെ​ട്ട​പ്പോൾ നെർവാ ചക്രവർത്തി അവന്റെ പിൻഗാ​മി​യാ​യി​ത്തീർന്നു, അവൻ കൂടുതൽ ദാക്ഷി​ണ്യം കാട്ടി. തെളി​വ​നു​സ​രിച്ച്‌ അവൻ യോഹ​ന്നാ​നെ മോചി​പ്പി​ച്ചു. പത്‌മോ​സി​ലെ ഈ തടവു​വാ​സ​ക്കാ​ല​ത്താ​ണു യോഹ​ന്നാ​നു ദർശനങ്ങൾ ലഭിച്ചത്‌, അവൻ അവ എഴുതി​വെച്ചു.

6. നാം വെളി​പ്പാ​ടു​പു​സ്‌ത​കത്തെ എന്തായി കാണണം, അതിനെ എങ്ങനെ വിഭാ​ഗി​ക്കാം?

6 അടുക്കും ചിട്ടയു​മി​ല്ലാ​തെ രേഖ​പ്പെ​ടു​ത്തിയ ബന്ധമി​ല്ലാത്ത ദർശന​ങ്ങ​ളു​ടെ ഒരു വെറും പരമ്പരയല്ല യോഹ​ന്നാൻ കണ്ടതും സഭകൾക്ക്‌ എഴുതി അയയ്‌ക്കാൻ പറയ​പ്പെ​ട്ട​തും എന്നു നാം മനസ്സി​ലാ​ക്കണം. അല്ല, മുഴു വെളി​പ്പാ​ടു​പു​സ്‌ത​ക​വും ആദ്യവ​സാ​നം വരാനു​ളള കാര്യ​ങ്ങ​ളു​ടെ പരസ്‌പ​ര​യോ​ജി​പ്പു​ളള ദർശന​ങ്ങ​ളു​ടെ ഒരു ചിത്രം നമുക്കു നൽകുന്നു, ദർശന​ങ്ങ​ളു​ടെ അവസാ​ന​ത്തിൽ ദൈവ​ത്തി​ന്റെ രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ പൂർണ​വെ​ളി​പ്പെ​ടു​ത്ത​ലിൽ എത്തുന്ന​തു​വരെ ഒരു ദർശന​ത്തിൽനി​ന്നു മറെറാ​ന്നി​ലേക്കു നീങ്ങി​ക്കൊ​ണ്ടു​തന്നെ. അതു​കൊ​ണ്ടു നാം വെളി​പ്പാ​ടു​പു​സ്‌ത​കത്തെ യോഹ​ന്നാ​ന്റെ കാലം​മു​തൽ ഭാവി​യി​ലേക്കു നമ്മെ വഹിച്ചു​കൊ​ണ്ടു​പോ​കുന്ന യോജി​പ്പു​ളള ഭാഗങ്ങ​ളാ​യി മൊത്ത​ത്തിൽ കാണണം. പുസ്‌തകം അതിന്റെ ആമുഖ​ത്തി​നു​ശേഷം (വെളി.1:1-9) 16 ദർശന​ങ്ങ​ളാ​യി ഭാഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി വീക്ഷി​ക്കാൻ കഴിയും: (1) 1:10–3:22; (2) 4:1–5:14; (3) 6:1-17; (4) 7:1-17; (5) 8:1–9:21; (6) 10:1–11:19; (7) 12:1-17; (8) 13:1-18; (9) 14:1-20; (10)15:1–16:21; (11) 17:1-18; (12)18:1–19:10; (13) 19:11-21; (14) 20:1-10; (15) 20:11–21:8; (16) 21:9–22:5. ഈ ദർശന​ങ്ങളെ തുടർന്നു പ്രേര​ണാ​ത്മ​ക​മായ ഒരു ഉപസം​ഹാ​രം കൊടു​ത്തി​രി​ക്കു​ന്നു. അതിൽ യഹോ​വ​യും യേശു​വും ദൂതനും യോഹ​ന്നാ​നു​മെ​ല്ലാം സംസാ​രി​ക്കു​ന്നു, ആശയവി​നി​മയ സരണി​യി​ലെ മുഖ്യ വ്യക്തി​ക​ളെന്ന നിലയിൽ അവരുടെ അന്തിമ​സം​ഭാ​വന ചെയ്‌തു​കൊ​ണ്ടു​തന്നെ.—22:6-21.

വെളി​പ്പാ​ടി​ന്റെ ഉളളടക്കം

7. വെളി​പ്പാ​ടി​ന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചു യോഹ​ന്നാൻ എന്തു പറയുന്നു, ഏഴു സഭകളി​ലു​ള​ള​വ​രു​മാ​യി പൊതു​വിൽ താൻ എന്തിൽ പങ്കാളി​യാ​ണെന്ന്‌ അവൻ പറയുന്നു?

7 ആമുഖം (1:1-9). യോഹ​ന്നാൻ ദിവ്യ ഉറവി​നെ​യും വെളി​പ്പാ​ടു നൽക​പ്പെ​ടുന്ന സരണി​യി​ലെ ദൂതഭാ​ഗ​ത്തെ​യും വിശദീ​ക​രി​ക്കു​ന്നു, തുടർന്ന്‌ അവൻ ആസ്യ ഡിസ്‌ട്രി​ക്‌റ്റി​ലെ ഏഴു സഭകളി​ലു​ള​ള​വരെ സംബോ​ധന ചെയ്യുന്നു. യേശു​ക്രി​സ്‌തു അവരെ സർവശ​ക്ത​നായ യഹോ​വ​യാം ദൈവ​ത്തിന്‌, “തന്റെ പിതാ​വായ ദൈവ​ത്തി​ന്നു . . . രാജ്യ​വും പുരോ​ഹി​തൻമാ​രും” ആക്കി. പത്‌മോ​സിൽ പ്രവാ​സി​യാ​യി​രി​ക്കെ, “യേശു​വി​ന്റെ കഷ്ടതയി​ലും രാജ്യ​ത്തി​ലും സഹിഷ്‌ണു​ത​യി​ലും” ഒരു കൂട്ടാ​ളി​യാ​ണു താൻ എന്നു യോഹ​ന്നാൻ അവരെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.—1:6, 9.

8. (എ) എന്തു ചെയ്യാൻ യോഹ​ന്നാ​നോ​ടു നിർദേ​ശി​ക്കു​ന്നു? (ബി) നിലവി​ള​ക്കു​ക​ളു​ടെ മധ്യേ അവൻ ആരെ കാണുന്നു, ഈ ഒരുവൻ എന്തു വിശദീ​ക​രി​ക്കു​ന്നു?

8 ഏഴു സഭകൾക്കു​ളള സന്ദേശങ്ങൾ (1:10–3:22) ഒന്നാമത്തെ ദർശനം തുടങ്ങു​മ്പോൾ യോഹ​ന്നാൻ നിശ്വ​സ്‌ത​ത​യിൽ കർത്താ​വി​ന്റെ ദിവസ​ത്തി​ലെ​ത്തു​ന്നു. താൻ കാണു​ന്നത്‌ ഒരു ചുരു​ളി​ലെ​ഴു​തി എഫേ​സോസ്‌, സ്‌മിർണ, പെർഗ​മോസ്‌, തുയ​ഥൈര, സർദിസ്‌, ഫില​ദെൽഫിയ, ലവോ​ദി​ക്യ എന്നിവി​ട​ങ്ങ​ളി​ലെ ഏഴു സഭകൾക്ക്‌ അയച്ചു​കൊ​ടു​ക്കാൻ ശക്തമായ, കാഹള​സ​മാ​ന​മായ ഒരു ശബ്ദം അവനോ​ടു പറയുന്നു. ശബ്ദം കേട്ട ദിശയിൽ തിരി​യു​മ്പോൾ ഏഴു നിലവി​ള​ക്കു​ക​ളു​ടെ നടുവിൽ വല​ങ്കൈ​യിൽ ഏഴു നക്ഷത്ര​ങ്ങ​ളു​മാ​യി നിൽക്കുന്ന “മനുഷ്യ​പു​ത്ര​നോ​ടു സദൃശ്യ​നാ​യ​വനെ” യോഹ​ന്നാൻ കാണുന്നു. ഈ ഒരുവൻ “ആദ്യനും അന്ത്യനും” മരിച്ച​വ​നാ​യി​ത്തീർന്നെ​ങ്കി​ലും ഇപ്പോൾ എന്നു​മെ​ന്നേ​ക്കും ജീവി​ക്കു​ന്ന​വ​നും മരണത്തി​ന്റെ​യും പാതാ​ള​ത്തി​ന്റെ​യും താക്കോൽ ഉളളവ​നു​മാ​യി തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ പുനരു​ത്ഥാ​നം​പ്രാ​പിച്ച യേശു​ക്രി​സ്‌തു ആണ്‌. അവൻ വിശദീ​ക​രി​ക്കു​ന്നു: “ഏഴു നക്ഷത്രം ഏഴു സഭകളു​ടെ ദൂതൻമാ​രാ​കു​ന്നു; ഏഴു നിലവി​ളക്കു ഏഴു സഭകൾ ആകുന്നു.”—1:13, 17, 20.

9. എഫേ​സോസ്‌, സ്‌മിർണ, പെർഗ​മോസ്‌, തുയ​ഥൈര എന്നിവി​ട​ങ്ങ​ളി​ലെ സഭകൾക്ക്‌ എന്ത്‌ അഭിന​ന്ദ​ന​ങ്ങ​ളും ബുദ്ധ്യു​പ​ദേ​ശ​ങ്ങ​ളും കൊടു​ക്കു​ന്നു?

9 എഫേ​സോ​സി​ലെ സഭയുടെ ദൂതന്‌ എഴുതാൻ യോഹ​ന്നാ​നോ​ടു പറയുന്നു. ആ സഭ അതിന്റെ അധ്വാ​ന​വും സഹിഷ്‌ണു​ത​യും ദുഷ്ടമ​നു​ഷ്യ​രെ പൊറു​ക്കാ​നു​ളള വിസമ്മ​ത​വു​മു​ണ്ടാ​യി​രു​ന്നി​ട്ടും അതിന്റെ ആദ്യസ്‌നേഹം വിട്ടു​ക​ള​ഞ്ഞി​രു​ന്നു. അത്‌ അനുത​പി​ക്കു​ക​യും മുൻ പ്രവൃ​ത്തി​കൾ ചെയ്യു​ക​യും വേണം. കഷ്ടതയും ദാരി​ദ്ര്യ​വും ഉണ്ടായി​രു​ന്നി​ട്ടും സ്‌മിർണ​യി​ലെ സഭ യഥാർഥ​ത്തിൽ സമ്പന്നമാ​ണെ​ന്നും ഭയപ്പെ​ട​രു​തെ​ന്നും അതി​നോ​ടു പറയുന്നു: “മരണപ​ര്യ​ന്തം വിശ്വ​സ്‌ത​നാ​യി​രിക്ക, എന്നാൽ ഞാൻ ജീവകി​രീ​ടം നിനക്കു തരും.” “സാത്താന്റെ സിംഹാ​സനം” ഉളേള​ടത്തു വസിക്കുന്ന പെർഗ​മോ​സി​ലെ സഭ ക്രിസ്‌തു​വി​ന്റെ നാമത്തെ മുറു​കെ​പ്പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, എന്നാൽ അതിന്റെ ഇടയിൽ വിശ്വാ​സ​ത്യാ​ഗി​കൾ ഉണ്ട്‌, അവർ അനുത​പി​ക്കണം, അല്ലെങ്കിൽ ക്രിസ്‌തു തന്റെ വായിലെ നീണ്ട വാൾകൊണ്ട്‌ അവരോ​ടു യുദ്ധം ചെയ്യും. തുയ​ഥൈ​ര​യിൽ സഭക്കു “സ്‌നേഹം, വിശ്വാ​സം, ശുശ്രൂഷ, സഹിഷ്‌ണുത എന്നിവ” ഉണ്ട്‌, എന്നാൽ അത്‌ “ഈസബേൽ എന്ന സ്‌ത്രീ​യെ” പൊറു​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഉറച്ചു​നിൽക്കുന്ന വിശ്വ​സ്‌തർക്കു “ജാതി​ക​ളു​ടെ​മേൽ അധികാ​രം” ലഭിക്കും.—2:10, 13, 19, 20, 26.

10. സർദിസ്‌, ഫില​ദെൽഫി​യാ, ലവോ​ദി​ക്യ എന്നീ സഭകൾക്ക്‌ ഏതു സന്ദേശങ്ങൾ അയയ്‌ക്കു​ന്നു?

10 സർദി​സി​ലെ സഭക്കു ജീവനു​ള​ളത്‌ എന്ന ഖ്യാതി ഉണ്ടെങ്കി​ലും അതിന്റെ പ്രവൃ​ത്തി​കൾ ദൈവ​മു​മ്പാ​കെ തിക​വോ​ടെ നിർവ​ഹി​ക്ക​പ്പെ​ടാ​ത്ത​തി​നാൽ അതു മരിച്ച​താ​കു​ന്നു. എന്നിരു​ന്നാ​ലും, ജയിക്കു​ന്ന​വ​രു​ടെ പേരുകൾ ജീവന്റെ പുസ്‌ത​ക​ത്തിൽനി​ന്നു മായി​ച്ചു​ക​ള​യു​ക​യില്ല. ഫില​ദെൽഫി​യ​യി​ലെ സഭ ക്രിസ്‌തു​വി​ന്റെ വചനം കാത്തി​രി​ക്കു​ന്നു, തന്നിമി​ത്തം ആ സഭയെ “ഭൂതല​ത്തി​ലെ​ങ്ങും വരുവാ​നു​ളള പരീക്ഷാ​കാ​ലത്തു” കാക്കു​മെന്ന്‌ അവൻ വാഗ്‌ദത്തം ചെയ്യുന്നു. ജയിക്കു​ന്ന​വനെ ക്രിസ്‌തു തന്റെ ദൈവ​ത്തി​ന്റെ ആലയത്തിൽ ഒരു തൂണാ​ക്കും. ക്രിസ്‌തു പറയുന്നു: “എന്റെ ദൈവ​ത്തി​ന്റെ നാമവും . . . പുതിയ യെരൂ​ശ​ലേം എന്ന എന്റെ ദൈവ​ത്തിൻ നഗരത്തി​ന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ​മേൽ എഴുതും.” ‘ദൈവ സൃഷ്ടി​യു​ടെ ആരംഭം’ എന്നു തന്നേത്തന്നെ പരാമർശി​ച്ചു​കൊ​ണ്ടു ക്രിസ്‌തു ലവോ​ദി​ക്യ​സഭ ഉഷ്‌ണ​വാ​നോ ശീതവാ​നോ അല്ലെന്നും തന്റെ വായിൽനിന്ന്‌ അതിനെ ഛർദി​ച്ചു​ക​ള​യു​മെ​ന്നും അതി​നോ​ടു പറയുന്നു. ധനത്തെ​ക്കു​റി​ച്ചു വീമ്പി​ള​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ സഭയി​ലു​ള​ളവർ യഥാർഥ​ത്തിൽ ദരി​ദ്ര​രും കുരു​ട​രും നഗ്നരു​മാ​കു​ന്നു. അവർക്കു വെളള മേലങ്കി​കൾ ആവശ്യ​മാണ്‌. കാഴ്‌ച കിട്ടാൻ അവർക്കു നേത്ര​ലേ​പനം ആവശ്യ​മാണ്‌. തനിക്കു വാതിൽ തുറന്നു​ത​രുന്ന ഏവനോ​ടും​കൂ​ടെ ക്രിസ്‌തു വന്ന്‌ അത്താഴം കഴിക്കും. ജയിക്കു​ന്ന​വനു ക്രിസ്‌തു തന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ അനുവാ​ദം കൊടു​ക്കും, താൻ പിതാ​വി​നോ​ടു​കൂ​ടെ അവന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന​തു​പോ​ലെ​തന്നെ.—3:10, 12, 14.

11. അടുത്ത​താ​യി ഏതു മഹനീ​യ​മായ ദർശനം യോഹ​ന്നാ​ന്റെ ശ്രദ്ധയി​ലേക്കു വരുന്നു?

11 യഹോ​വ​യു​ടെ വിശു​ദ്ധി​യു​ടെ​യും മഹത്ത്വ​ത്തി​ന്റെ​യും ദർശനം (4:1–5:14). രണ്ടാമത്തെ ദർശനം നമ്മെ യഹോ​വ​യു​ടെ തേജസ്സി​ന്റെ സ്വർഗീ​യ​സിം​ഹാ​സ​ന​ത്തിൻമു​മ്പാ​കെ ആനയി​ക്കു​ന്നു. രംഗം മനോ​ഹാ​രി​ത​യിൽ ഉജ്ജ്വല​മാണ്‌, ശോഭ​യു​ടെ കാര്യ​ത്തിൽ വില​യേ​റിയ രത്‌ന​ങ്ങൾപോ​ലെ. സിംഹാ​സ​ന​ത്തി​നു ചുററും 24 മൂപ്പൻമാർ കിരീ​ടങ്ങൾ ധരിച്ച്‌ ഇരിക്കു​ന്നു. നാലു ജീവികൾ യഹോ​വക്കു വിശുദ്ധി ആരോ​പി​ക്കു​ന്നു. അവൻ സകലതി​ന്റെ​യും സ്രഷ്ടാ​വാ​യ​തു​കൊ​ണ്ടു “മഹത്വ​വും ബഹുമാ​ന​വും ശക്തിയും കൈ​ക്കൊൾവാൻ” യോഗ്യ​നെന്ന നിലയിൽ ആരാധി​ക്ക​പ്പെ​ടു​ന്നു.—4:11.

12. ഏഴു മുദ്ര​ക​ളു​ളള ചുരുൾ തുറക്കാൻ ആർ മാത്ര​മാ​ണു യോഗ്യൻ?

12 ‘സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ’ ഏഴു മുദ്ര​ക​ളു​ളള ഒരു ചുരുൾ പിടി​ച്ചി​രി​ക്കു​ന്നു. എന്നാൽ ചുരുൾ തുറക്കാൻ യോഗ്യൻ ആരാണ്‌? “യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ​വും ദാവീ​ദി​ന്റെ വേരു​മാ​യവൻ” മാത്ര​മാ​ണു യോഗ്യൻ! “അറുക്ക​പ്പെട്ട കുഞ്ഞാടു”കൂടെ​യായ ഈ ഒരുവൻ യഹോ​വ​യിൽനി​ന്നു ചുരുൾ വാങ്ങുന്നു.—5:1, 5, 12.

13. ആദ്യത്തെ ആറു മുദ്ര​ക​ളു​ടെ തുറക്ക​ലോ​ടെ ഏതു സംയുക്ത ദർശനം ഉണ്ടാകു​ന്നു?

13 കുഞ്ഞാടു ചുരു​ളി​ന്റെ ആറു മുദ്രകൾ തുറക്കു​ന്നു (6:1–7:17). മൂന്നാ​മത്തെ ദർശനം ഇപ്പോൾ തുടങ്ങു​ന്നു. കുഞ്ഞാടു മുദ്രകൾ പൊട്ടി​ച്ചു​തു​ട​ങ്ങു​ന്നു. ആദ്യമാ​യി, വെളള​ക്കു​തി​ര​പ്പു​റ​ത്തി​രി​ക്കുന്ന ഒരുവൻ “ജയിക്കു​ന്ന​വ​നാ​യും ജയിപ്പാ​നാ​യും” പുറ​പ്പെ​ടു​ന്നു. അനന്തരം തീനി​റ​മു​ളള ഒരു കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്നവൻ ഭൂമി​യിൽനി​ന്നു സമാധാ​നം എടുത്തു​ക​ള​യു​ന്നു, ഒരു കറുത്ത കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്നവൻ ധാന്യം തൂക്കി​ക്കൊ​ടു​ക്കു​ന്നു. മരണം ഒരു മഞ്ഞക്കു​തി​ര​പ്പു​റത്തു സവാരി​ചെ​യ്യു​ന്നു, പാതാളം അടുത്തു പിന്തു​ട​രു​ന്നു. അഞ്ചാമത്തെ മുദ്ര പൊട്ടി​ക്കു​ന്നു. ‘ദൈവ​വ​ചനം നിമിത്തം അറുക്ക​പ്പെ​ട്ടവർ’ തങ്ങളുടെ രക്തത്തി​നു​വേണ്ടി പ്രതി​കാ​രം​ചെ​യ്യാൻ മുറവി​ളി കൂട്ടു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. (6:2, 9) ആറാമത്തെ മുദ്ര പൊട്ടി​ക്കു​മ്പോൾ ഒരു വലിയ ഭൂകമ്പം ഉണ്ടാകു​ന്നു. സൂര്യ​നും ചന്ദ്രനും ഇരുണ്ടു​പോ​കു​ന്നു. തങ്ങളു​ടെ​മേൽ വീഴാ​നും യഹോ​വ​യിൽനി​ന്നും കുഞ്ഞാ​ടി​ന്റെ ക്രോ​ധ​ത്തിൽനി​ന്നും തങ്ങളെ ഒളിപ്പി​ക്കാ​നും ഭൂമി​യി​ലെ ബലവാൻമാർ പർവത​ങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.

14. ദൈവ​ത്തി​ന്റെ അടിമ​കളെ സംബന്ധി​ച്ചും അസംഖ്യ​മായ ഒരു മഹാപു​രു​ഷാ​ര​ത്തെ​സം​ബ​ന്ധി​ച്ചും അടുത്ത​താ​യി എന്തു കാണുന്നു?

14 ഇതിനു​ശേഷം നാലാ​മത്തെ ദർശനം തുടങ്ങു​ന്നു. ദൈവ​ത്തി​ന്റെ അടിമ​ക​ളു​ടെ നെററി​യിൽ മുദ്ര​യി​ട്ടു​തീ​രു​ന്ന​തു​വരെ നാലു ദൂതൻമാർ ഭൂമി​യി​ലെ നാലു കാററു​കൾ പിടി​ച്ചു​കൊ​ണ്ടു​നിൽക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. അടിമ​ക​ളു​ടെ സംഖ്യ 1,44,000 ആണ്‌. അതിനു​ശേഷം സകല ജനതക​ളിൽനി​ന്നു​മു​ളള എണ്ണമററ ഒരു മഹാപു​രു​ഷാ​രം ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും മുമ്പാകെ നിൽക്കു​ന്നതു യോഹ​ന്നാൻ കാണുന്നു, രക്ഷ അവരിൽനി​ന്നു വരുന്ന​താ​യി അവർ പറയു​ക​യും ദൈവ​ത്തി​ന്റെ ആലയത്തിൽ രാവും പകലും സേവനം അനുഷ്‌ഠി​ക്കു​ക​യും ചെയ്യുന്നു. കുഞ്ഞാ​ടു​തന്നെ അവരെ ‘മേച്ചു ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നടത്തും.’—7:17.

15. ഏഴാമത്തെ മുദ്ര​യു​ടെ തുറക്ക​ലി​നെ തുടർന്ന്‌ എന്തു സംഭവി​ക്കു​ന്നു?

15 ഏഴാമത്തെ മുദ്ര പൊട്ടി​ക്കു​ന്നു (8:1–12:17). സ്വർഗ​ത്തിൽ നിശബ്ദത വ്യാപി​ക്കു​ന്നു. ഏഴു ദൂതൻമാർക്ക്‌ ഏഴു കാഹളങ്ങൾ കൊടു​ക്കു​ന്നു. ആദ്യത്തെ ആറു കാഹള​മൂ​ത്താണ്‌ അഞ്ചാമത്തെ ദർശനം.

16. (എ) ആദ്യത്തെ അഞ്ചു കാഹളങ്ങൾ ഒന്നിനു​പി​റകേ ഒന്നായി ഊതു​മ്പോൾ അകമ്പടി​യാ​യി എന്തുണ്ടാ​കു​ന്നു, മൂന്നു കഷ്ടങ്ങളിൽ ആദ്യ​ത്തേത്‌ എന്താണ്‌? (ബി) ആറാമത്തെ കാഹളം എന്തിനെ മുന്നറി​യി​ക്കു​ന്നു?

16 ആദ്യത്തെ മൂന്നു കാഹളങ്ങൾ ഒന്നിനു​പി​റകേ ഒന്നായി ഊതു​മ്പോൾ ഭൂമി​മേ​ലും സമു​ദ്ര​ത്തിൻമേ​ലും നദിക​ളു​ടെ​യും അതു​പോ​ലെ​തന്നെ നീരു​റ​വ​ക​ളു​ടെ​യും മേലും അനർഥങ്ങൾ വർഷി​ക്കു​ന്നു. നാലാ​മത്തെ കാഹള​മൂ​തു​മ്പോൾ സൂര്യ​ന്റെ​യും ചന്ദ്ര​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും മൂന്നി​ലൊന്ന്‌ ഇരുണ്ടു​പോ​കു​ന്നു. അഞ്ചാമ​ത്തേ​തി​ന്റെ ശബ്ദത്തിങ്കൽ ആകാശ​ത്തു​നി​ന്നു​ളള ഒരു നക്ഷത്രം ഒരു വെട്ടു​ക്കി​ളി​ബാധ അഴിച്ചു​വി​ടു​ന്നു. അവ “നെററി​യിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത” മനുഷ്യ​രെ ആക്രമി​ക്കു​ന്നു. ഇത്‌ ‘ഒന്നാമത്തെ കഷ്ട’മാണ്‌. രണ്ടെണ്ണം കൂടെ വരുന്നു. ആറാമത്തെ കാഹളം നാലു ദൂതൻമാ​രെ കെട്ടഴി​ച്ചു​വി​ടു​ന്ന​തി​നെ മുന്നറി​യി​ക്കു​ന്നു, അവർ കൊല്ലാൻ പുറ​പ്പെ​ട്ടു​വ​രു​ന്നു. “പതിനാ​യി​രം മടങ്ങു ഇരുപ​തി​നാ​യി​രം” കുതി​ര​ക്കാർ കൂടു​ത​ലായ വിപത്തും സംഹാ​ര​വും വരുത്തി​ക്കൂ​ട്ടു​ന്നു, എന്നിട്ടും മനുഷ്യർ തങ്ങളുടെ ദുഷ്ട​പ്ര​വൃ​ത്തി​കൾ വിട്ട്‌ അനുത​പി​ക്കു​ന്നില്ല.—9:4, 12, 16.

17. ഏതു സംഭവങ്ങൾ രണ്ടാം കഷ്ടം കഴിഞ്ഞു എന്ന പ്രഖ്യാ​പ​ന​ത്തിൽ കലാശി​ക്കു​ന്നു?

17 ആറാമത്തെ ദർശനം തുടങ്ങു​മ്പോൾ, ശക്തനായ മറെറാ​രു ദൂതൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ “ഏഴാമത്തെ ദൂതൻ കാഹളം ഊതു​വാ​നി​രി​ക്കുന്ന നാദത്തി​ന്റെ കാലത്തു ദൈവ​ത്തി​ന്റെ മർമ്മം . . . അറിയി​ച്ചു​കൊ​ടു​ത്ത​തു​പോ​ലെ” പൂർത്തി​യാ​കേ​ണ്ട​താണ്‌ എന്നു പ്രഖ്യാ​പി​ക്കു​ന്നു. യോഹ​ന്നാ​നു തിന്നാൻ ഒരു ചെറിയ ചുരുൾ കൊടു​ക്കു​ന്നു. അതു വായിൽ ‘തേൻപോ​ലെ മധുര​മു​ള​ള​താണ്‌,’ എന്നാൽ അത്‌ അവന്റെ വയറിനെ കയ്‌പി​ക്കു​ന്നു. (10:6, 9) രണ്ടു സാക്ഷികൾ രട്ട്‌ ഉടുത്തു​കൊണ്ട്‌ 1,260 ദിവസം പ്രവചി​ക്കു​ന്നു; പിന്നീട്‌ “ആഴത്തിൽനി​ന്നു കയറി​വ​രുന്ന മൃഗം” അവരെ കൊല്ലു​ന്നു. അവരുടെ ശവങ്ങൾ “മഹാന​ഗ​ര​ത്തി​ന്റെ വീഥി​യിൽ” മൂന്നര ദിവസം ഉപേക്ഷി​ക്ക​പ്പെ​ടു​ന്നു. ഭൂവാ​സി​കൾ അവരെ​ച്ചൊ​ല്ലി സന്തോ​ഷി​ക്കു​ന്നു, എന്നാൽ ദൈവം അവരെ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്കു​മ്പോൾ ഇതു ഭീതി​യാ​യി മാറുന്നു. ആ നാഴി​ക​യിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകു​ന്നു. “രണ്ടാമത്തെ കഷ്ടം കഴിഞ്ഞു.”—11:7, 8, 14.

18. ഏഴാമത്തെ കാഹള​മൂ​ത്തി​ന്റെ സമയത്ത്‌ ഏതു പ്രധാ​ന​പ്പെട്ട പ്രഖ്യാ​പനം ഉണ്ടാകു​ന്നു, ഇപ്പോൾ എന്തിന്റെ നിയമി​ത​സ​മ​യ​മാണ്‌?

18 ഇപ്പോൾ ഏഴാമത്തെ ദൂതൻ കാഹള​മൂ​തു​ന്നു. “ലോക​രാ​ജ​ത്വം നമ്മുടെ കർത്താ​വി​ന്നും അവന്റെ ക്രിസ്‌തു​വി​ന്നും ആയിത്തീർന്നി​രി​ക്കു​ന്നു” എന്നു സ്വർഗീ​യ​ശ​ബ്ദങ്ങൾ പ്രഖ്യാ​പി​ക്കു​ന്നു. ‘ഇരുപ​ത്തി​നാ​ലു മൂപ്പൻമാർ’ ദൈവത്തെ ആരാധി​ക്കു​ക​യും നന്ദി കൊടു​ക്കു​ക​യും ചെയ്യുന്നു, എന്നാൽ ജനതകൾ ക്രുദ്ധി​ക്കു​ന്നു. ഇതു മരിച്ച​വരെ ന്യായം​വി​ധി​ക്കാ​നും അവന്റെ വിശു​ദ്ധൻമാർക്കു പ്രതി​ഫലം കൊടു​ക്കാ​നും “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​പ്പാ​നു”മുളള സമയമാണ്‌. അവന്റെ വിശു​ദ്ധ​മ​ന്ദി​രം തുറക്ക​പ്പെ​ടു​ന്നു, അതിൽ അവന്റെ ഉടമ്പടി​യു​ടെ പെട്ടകം കാണ​പ്പെ​ടു​ന്നു.—11:15, 16, 18.

19. സ്വർഗ​ത്തിൽ ഏതടയാ​ള​വും യുദ്ധവും കാണുന്നു, പരിണ​ത​ഫലം എന്താണ്‌?

19 രാജ്യ​സ്ഥാ​പ​ന​ത്തി​ന്റെ പ്രഖ്യാ​പ​നത്തെ തുടർന്ന്‌ ഏഴാമത്തെ ദർശനം പെട്ടെന്നു സ്വർഗ​ത്തിൽ “വലി​യൊ​രു അടയാളം” കാണി​ക്കു​ന്നു. അതു “സകലജാ​തി​ക​ളെ​യും ഇരുമ്പു​കോൽ കൊണ്ടു മേയ്‌പാ​നു​ളേ​ളാ​രു ആൺകു​ട്ടി​യെ” പ്രസവി​ക്കുന്ന ഒരു സ്‌ത്രീ ആണ്‌. “തീനി​റ​മു​ളേ​ളാ​രു മഹാസർപ്പം” കുട്ടിയെ വിഴു​ങ്ങാൻ ഒരുങ്ങി​നിൽക്കു​ന്നു, എന്നാൽ കുട്ടി ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നു. മീഖാ​യേൽ മഹാസർപ്പ​ത്തോ​ടു യുദ്ധം​ചെ​യ്യു​ന്നു. അവൻ “പിശാ​ചും സാത്താ​നും എന്ന മഹാസർപ്പ​മായ” ഈ “പഴയ പാമ്പിനെ” ഭൂമി​യി​ലേക്കു തളളി​ക്ക​ള​യു​ന്നു. ‘ഭൂമിക്ക്‌ അയ്യോ കഷ്ടം’! മഹാസർപ്പം സ്‌ത്രീ​യെ പീഡി​പ്പി​ക്കു​ക​യും അവളുടെ സന്തതി​യിൽ ശേഷി​പ്പു​ള​ള​വ​രോ​ടു യുദ്ധം​ചെ​യ്യാൻ പുറ​പ്പെ​ടു​ക​യും ചെയ്യുന്നു.—12:1, 3, 5, 9, 12; 8:13.

20. ദർശന​ത്തിൽ അടുത്ത​താ​യി ഏതു രണ്ടു കാട്ടു​മൃ​ഗങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു, അവ ഭൂമി​യി​ലെ മനുഷ്യ​രെ എങ്ങനെ സ്വാധീ​നി​ക്കു​ന്നു?

20 സമു​ദ്ര​ത്തിൽനി​ന്നു​ളള കാട്ടു​മൃ​ഗം (13:1-18). എട്ടാമത്തെ ദർശനം ഏഴുത​ല​യും പത്തു​കൊ​മ്പു​മു​ളള ഒരു കാട്ടു​മൃ​ഗം സമു​ദ്ര​ത്തിൽനി​ന്നു കയറു​ന്നത്‌ ഇപ്പോൾ കാണി​ച്ചു​ത​രു​ന്നു. അതിനു മഹാസർപ്പ​ത്തിൽനിന്ന്‌ അതിന്റെ അധികാ​രം കിട്ടുന്നു. അതിന്റെ തലകളി​ലൊ​ന്നു കൊല്ല​പ്പെ​ട്ട​തു​പോ​ലെ​യാ​യി, എന്നാൽ അതു സുഖ​പ്പെട്ടു. സർവഭൂ​മി​യും മൃഗത്തെ പുകഴ്‌ത്തി. അതു ദൈവ​ദൂ​ഷണം പറയു​ക​യും വിശു​ദ്ധൻമാ​രോ​ടു യുദ്ധം​ചെ​യ്യു​ക​യും ചെയ്യുന്നു. എന്നാൽ നോക്കൂ! യോഹ​ന്നാൻ മറെറാ​രു കാട്ടു​മൃ​ഗത്തെ കാണുന്നു. ഈ ഒന്നു ഭൂമി​യിൽനി​ന്നാ​ണു കയറി​വ​രു​ന്നത്‌. അതിനു കുഞ്ഞാ​ടി​നു​ള​ള​തു​പോ​ലെ രണ്ടു കൊമ്പുണ്ട്‌, എന്നാൽ അത്‌ ഒരു മഹാസർപ്പ​ത്തെ​പ്പോ​ലെ സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു. അതു ഭൂമി​യി​ലെ നിവാ​സി​കളെ വഴി​തെ​റ​റി​ക്കു​ക​യും ഒന്നാമത്തെ കാട്ടു​മൃ​ഗ​ത്തിന്‌ ഒരു പ്രതിമ ഉണ്ടാക്കാൻ അവരോ​ടു പറയു​ക​യും ചെയ്യുന്നു. എല്ലാവ​രും ഈ പ്രതി​മയെ ആരാധി​ക്കു​ന്ന​തി​നു നിർബ​ന്ധി​ക്ക​പ്പെ​ടു​ന്നു അല്ലെങ്കിൽ കൊല്ല​പ്പെ​ടു​ന്നു. കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാ​ള​മോ സംഖ്യ​യോ ഇല്ലെങ്കിൽ ആർക്കും വാങ്ങാ​നോ വിൽക്കാ​നോ കഴിയില്ല. അതിന്റെ സംഖ്യ 666 ആണ്‌.

21. യോഹ​ന്നാൻ സീയോൻമ​ല​യിൽ എന്തു കാണുന്നു, ദൂതൻമാർ എന്തു വഹിക്കു​ക​യും പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു, ഭൂമി​യി​ലെ മുന്തിരി നീക്കം​ചെ​യ്യ​പ്പെ​ടു​ന്നത്‌ എങ്ങനെ?

21 “നിത്യ​സു​വി​ശേഷ”വും ബന്ധപ്പെട്ട സന്ദേശ​ങ്ങ​ളും (14:1-20). സന്തുഷ്ട​മായ ഒരു വൈരു​ദ്ധ്യ​മെ​ന്നോ​ണം ഒമ്പതാം ദർശന​ത്തിൽ യോഹ​ന്നാൻ സീയോൻമ​ല​യിൽ കുഞ്ഞാ​ടി​നെ കാണുന്നു. അവനോ​ടു​കൂ​ടെ നെററി​യിൽ കുഞ്ഞാ​ടി​ന്റെ​യും പിതാ​വി​ന്റെ​യും നാമങ്ങ​ളു​ളള 1,44,000 പേർ ഉണ്ട്‌. “ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫ​ല​മാ​യി മനുഷ്യ​രു​ടെ ഇടയിൽനി​ന്നു വീണ്ടെ​ടു​ത്തി​രി​ക്കുന്ന” ‘അവർ സിംഹാ​സ​ന​ത്തി​ന്നു മുമ്പാകെ ഒരു പുതിയ പാട്ടു​പാ​ടു​ന്നു.’ സകല ജനത​യോ​ടും ‘അറിയി​പ്പാൻ നിത്യ​സു​വി​ശേ​ഷ​വു​മാ​യി’ “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടു​പ്പിൻ” എന്നു പ്രഖ്യാ​പി​ച്ചു​കൊ​ണ്ടു മറെറാ​രു ദൂതൻ ആകാശ​മ​ധ്യേ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഇനി വേറൊ​രു ദൂതൻ “മഹാബാ​ബി​ലോൻ വീണു​പോ​യി” എന്നു പ്രഖ്യാ​പി​ക്കു​ന്നു. മൂന്നാ​മ​തൊ​രു​വൻ കാട്ടു​മൃ​ഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും ആരാധി​ക്കു​ന്നവർ ദൈവ​ക്രോ​ധ​ത്തിൽനി​ന്നു കുടി​ക്കു​മെന്നു പ്രഘോ​ഷി​ക്കു​ന്നു. “മനുഷ്യ​പു​ത്രനു സദൃശ​നായ ഒരുത്തൻ” തന്റെ അരിവാൾ നീട്ടുന്നു, മറെറാ​രു ദൂതനും തന്റെ അരിവാൾ നീട്ടി ഭൂമി​യി​ലെ മുന്തിരി ശേഖരി​ച്ചു “ദൈവ​കോ​പ​ത്തി​ന്റെ വലിയ ചക്കിൽ” ഇടുന്നു. നഗരത്തി​നു പുറത്തു ചക്കു മെതി​ക്കു​മ്പോൾ കുതി​ര​ക​ളു​ടെ കടിവാ​ള​ങ്ങ​ളോ​ളം ഉയരത്തിൽ രക്തം പൊങ്ങു​ന്നു, “ആയിര​ത്ത​റു​ന്നൂ​റു ഫർലോങ്‌ ദൂര​ത്തോ​ളം” (ഏതാണ്ട്‌ 296 കിലോ​മീ​റ്റർ).—14:3, 4, 6-8, 14, 19, 20, NW.

22. (എ) അടുത്ത​താ​യി യഹോ​വയെ ആർ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​താ​യി കാണുന്നു, എന്തു​കൊണ്ട്‌? (ബി) ദൈവ​കോ​പ​ത്തി​ന്റെ ഏഴു കലശങ്ങൾ എവിടെ ഒഴിക്കു​ന്നു, തുടർന്നു ലോകത്തെ പിടി​ച്ചു​കു​ലു​ക്കുന്ന ഏതു സംഭവങ്ങൾ നടക്കുന്നു?

22 അവസാ​നത്തെ ഏഴു ബാധക​ളു​മാ​യി ദൂതൻമാർ (15:1–16:21). പത്താമത്തെ ദർശനം സ്വർഗീ​യ​സ​ദ​സ്സി​ന്റെ മറെറാ​രു വീക്ഷണ​ത്തോ​ടെ തുടങ്ങു​ന്നു. കാട്ടു​മൃ​ഗ​ത്തിൻമേൽ വിജയം നേടി​യവർ “നിത്യ​ത​യു​ടെ രാജാ​വായ” [NW] യഹോ​വയെ അവന്റെ വലുതും അത്ഭുത​ക​ര​വു​മായ പ്രവൃ​ത്തി​കൾ നിമിത്തം മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. ഏഴു ദൂതൻമാർ സ്വർഗ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു പുറത്തു​വ​രു​ന്നു, ദൈവ​ക്രോ​ധം നിറഞ്ഞ ഏഴു പൊൻക​ല​ശങ്ങൾ അവർക്കു കൊടു​ക്കു​ന്നു. ആദ്യത്തെ ആറെണ്ണം ഭൂമി​യി​ലും സമു​ദ്ര​ത്തി​ലും നദികൾ, നീരു​റ​വു​കൾ എന്നിവ​യി​ലും അതു​പോ​ലെ​തന്നെ സൂര്യ​നി​ലും കാട്ടു​മൃ​ഗ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​ലും യൂഫ്ര​ട്ടീസ്‌ നദിയി​ലും ഒഴിക്കു​ന്നു, “കിഴക്കു​നി​ന്നു വരുന്ന രാജാ​ക്കൻമാർക്കു” വഴി​യൊ​രു​ക്കേ​ണ്ട​തിന്ന്‌ ആ നദിയി​ലെ വെളളം വററി​പ്പോ​കു​ന്നു. ഭൂത​മൊ​ഴി​കൾ ഹാർമെ​ഗ​ദോ​നി​ലെ ‘സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ന്നു സർവ്വ ഭൂതല​ത്തി​ലും ഉളള രാജാ​ക്കൻമാ​രെ’ കൂട്ടി​ച്ചേർക്കു​ന്നു. ഏഴാമത്തെ കലശം വായു​വിൽ ഒഴിക്കു​ന്നു, ഭീതി​പ്പെ​ടു​ത്തുന്ന പ്രാകൃ​തിക പ്രതി​ഭാ​സ​ങ്ങൾക്കി​ട​യിൽ മഹാന​ഗരം മൂന്നു ഭാഗങ്ങ​ളാ​യി പിളരു​ന്നു, ജനതക​ളു​ടെ നഗരങ്ങ​ളും വീഴുന്നു, “ദൈവ​കോ​പ​ത്തി​ന്റെ ക്രോ​ധ​മ​ദ്യ​മു​ളള പാത്രം” ബാബി​ലോ​നു ലഭിക്കു​ന്നു.—15:3; 16:12, 14, 19.

23. (എ) മഹാബാ​ബി​ലോ​ന്റെ​മേൽ ദൈവ​ത്തി​ന്റെ ന്യായ​വി​ധി എങ്ങനെ നിർവ​ഹി​ക്ക​പ്പെ​ടു​ന്നു? (ബി) അവളുടെ വീഴ്‌ചയെ തുടർന്ന്‌ ഏതു പ്രഖ്യാ​പ​ന​ങ്ങ​ളും വിലാ​പ​വും നടക്കുന്നു, ഏതു സന്തോ​ഷ​ക​ര​മായ സ്‌തുതി സ്വർഗ​ത്തി​ലെ​ങ്ങും പ്രതി​ധ്വ​നി​ക്കു​ന്നു?

23 ബാബി​ലോ​ന്റെ​മേ​ലു​ളള ദൈവ​ത്തി​ന്റെ ന്യായ​വി​ധി; കുഞ്ഞാ​ടി​ന്റെ കല്യാണം (17:1–19:10). 11-ാമത്തെ ദർശനം തുടങ്ങു​ന്നു. നോക്കൂ! അതു “ഭൂമി​യി​ലെ രാജാ​ക്കൻമാ​രോ​ടു വേശ്യാ​വൃ​ത്തി ചെയ്‌ത” ‘വേശ്യ​മാ​രു​ടെ മാതാ​വായ മഹാബാ​ബി​ലോ​ന്റെ’ മേലുളള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യാണ്‌. വിശു​ദ്ധൻമാ​രു​ടെ രക്തം കുടിച്ചു മത്തയായി അവൾ ഏഴു തലയും പത്തു കൊമ്പു​മു​ളള കടുഞ്ചു​വ​പ്പായ ഒരു കാട്ടു​മൃ​ഗ​ത്തിൻമേൽ സവാരി​ചെ​യ്യു​ന്നു. ഈ മൃഗം “ഉണ്ടായി​രു​ന്ന​തും ഇപ്പോൾ ഇല്ലാത്ത​തും ഇനി അഗാധ​ത്തിൽനി​ന്നു കയറി”വരാനു​ള​ള​തു​മാ​കു​ന്നു. അതിന്റെ പത്തു കൊമ്പു​കൾ കുഞ്ഞാ​ടി​നോ​ടു യുദ്ധം​ചെ​യ്യു​ന്നു, എന്നാൽ അവൻ “കർത്താ​ധി​കർത്താ​വും രാജാ​ധി​രാ​ജാ​വും” ആകയാൽ അവരെ ജയിച്ച​ട​ക്കു​ന്നു. പത്തു​കൊ​മ്പു​കൾ വേശ്യ​യു​ടെ​നേരേ തിരിഞ്ഞ്‌ അവളെ വിഴു​ങ്ങി​ക്ക​ള​യു​ന്നു. 12-ാം ദർശന​ത്തി​ന്റെ തുടക്ക​ത്തോ​ടെ ഭൂമിയെ പ്രകാ​ശി​പ്പി​ക്കുന്ന തേജ​സ്സോ​ടു​കൂ​ടിയ മറെറാ​രു ദൂതൻ, “വീണു​പോ​യി; മഹതി​യാം ബാബി​ലോൻ വീണു​പോ​യി”! എന്നു പ്രഖ്യാ​പി​ക്കു​ന്നു. അവളുടെ ബാധക​ളിൽ പങ്കുപ​റ​റാ​തി​രി​ക്കാൻ അവളിൽനി​ന്നു പുറത്തു പോരാൻ ദൈവ​ജ​ന​ത്തോ​ടു കൽപ്പി​ക്കു​ന്നു. രാജാ​ക്കൻമാ​രും ഭൂമി​യി​ലെ മററു ബലവാൻമാ​രും, “അയ്യോ, അയ്യോ, മഹാന​ഗ​ര​മായ ബാബി​ലോ​നേ, ബലമേ​റിയ പട്ടണമേ, ഒരു മണിക്കൂ​റു​കൊ​ണ്ടു നിന്റെ ന്യായ​വി​ധി വന്നല്ലോ” എന്നു പറഞ്ഞു​കൊണ്ട്‌ അവളെ​ച്ചൊ​ല്ലി കരയുന്നു. അവളുടെ വമ്പിച്ച ധനം ശൂന്യ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരു വലിയ തിരി​കല്ലു സമു​ദ്ര​ത്തി​ലേക്ക്‌ എറിയു​ന്ന​തു​പോ​ലെ, ഒരിക്ക​ലും പൊങ്ങി​വ​രാ​തെ​വണ്ണം ബാബി​ലോ​നെ ശീഘ്ര​മാ​യി ഹേമ​ത്തോ​ടെ എറിഞ്ഞു​ക​ള​ഞ്ഞി​രി​ക്കു​ന്നു. ഒടുവിൽ ദൈവ​ത്തി​ന്റെ വിശു​ദ്ധൻമാ​രു​ടെ രക്തത്തിനു പ്രതി​കാ​രം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു! “ജനങ്ങളേ, യാഹിനെ സ്‌തു​തി​പ്പിൻ!” [NW] എന്നുളള ആഹ്വാ​ന​ത്താൽ സ്വർഗം നാലു​പ്രാ​വ​ശ്യം മാറെ​റാ​ലി​ക്കൊ​ള​ളു​ന്നു. യാഹിനെ സ്‌തു​തി​പ്പിൻ, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ മഹാ​വേ​ശ്യ​യു​ടെ​മേൽ ന്യായ​വി​ധി നടപ്പാ​ക്കി​യി​രി​ക്കു​ന്നു! യാഹിനെ സ്‌തു​തി​പ്പിൻ, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ രാജാ​വാ​യി വാണു​തു​ട​ങ്ങി​യി​രി​ക്കു​ന്നു! സന്തോ​ഷിച്ച്‌ അതിയാ​യി ഉല്ലസി​ക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ ‘കുഞ്ഞാ​ടി​ന്റെ കല്യാണം വന്നെത്തി​യി​രി​ക്കു​ന്നു, അവന്റെ കാന്തയും തന്നെത്താൻ ഒരുക്കി​യി​രി​ക്കു​ന്നു’!—17:2, 5, 8, 14; 18:2, 10; 19:1, 3, 4, 6, 7.

24. (എ) കുഞ്ഞാടു നടത്തുന്ന യുദ്ധം എത്ര നിർണാ​യ​ക​മാണ്‌? (ബി) ആയിര​വർഷ​ക്കാ​ലത്ത്‌ എന്തു സംഭവി​ക്കു​ന്നു, അവ അവസാ​നി​ക്കു​മ്പോൾ തുടർന്ന്‌ എന്തു സംഭവി​ക്കു​ന്നു?

24 കുഞ്ഞാടു നീതി​യിൽ യുദ്ധം ചെയ്യുന്നു (19:11–20:10). 13-ാമത്തെ ദർശന​ത്തിൽ “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും” നീതി​നി​ഷ്‌ഠ​മായ യുദ്ധത്തിൽ സ്വർഗീയ സൈന്യ​ങ്ങളെ നയിക്കു​ന്നു. രാജാ​ക്കൻമാ​രും ബലവാൻമാ​രും ആകാശ​ത്തി​ലെ പക്ഷികൾക്കു തിന്നാൻ ശവങ്ങളാ​യി​ത്തീ​രു​ന്നു. കാട്ടു​മൃ​ഗ​വും കളള​പ്ര​വാ​ച​ക​നും ഗന്ധകം കത്തുന്ന തീപ്പൊ​യ്‌ക​യി​ലേക്കു ജീവ​നോ​ടെ എറിയ​പ്പെ​ടു​ന്നു. (19:16) 14-ാമത്തെ ദർശനം തുടങ്ങു​മ്പോൾ ഒരു ദൂതൻ “അഗാധ​ത്തി​ന്റെ താക്കോ​ലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടി​ച്ചു​കൊ​ണ്ടു സ്വർഗ​ത്തിൽനി​ന്നു ഇറങ്ങു​ന്നതു” കാണുന്നു. “പിശാ​ചും സാത്താ​നും എന്നുളള പഴയ പാമ്പായ മഹാസർപ്പത്തെ” പിടിച്ച്‌ ആയിരം ആണ്ടേക്കു ചങ്ങലയി​ടു​ന്നു. ഒന്നാം പുനരു​ത്ഥാ​ന​ത്തിൽ പങ്കുള​ളവർ ‘ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​തൻമാ​രാ​യി ആയിരം വർഷ​ത്തേക്കു രാജാ​ക്കൻമാ​രാ​യി ഭരിക്കു​ന്നു.’ [NW] അതിനു​ശേഷം, സാത്താനെ അഴിച്ചു​വി​ടു​ക​യും അവൻ ഭൂമി​യി​ലെ ജനതകളെ വഴി​തെ​റ​റി​ക്കാൻ പുറ​പ്പെ​ടു​ക​യും ചെയ്യും. എന്നാൽ അവനെ അനുഗ​മി​ക്കു​ന്ന​വ​രോ​ടൊ​പ്പം അവൻ തീപ്പൊ​യ്‌ക​യി​ലേക്ക്‌ എറിയ​പ്പെ​ടും.—20:1, 2, 6.

25. അടുത്ത​താ​യി ഏതു ദർശനം കാണ​പ്പെ​ടു​ന്നു, കണ്ട കാര്യങ്ങൾ ആർ അവകാ​ശ​പ്പെ​ടു​ത്തും?

25 ന്യായ​വി​ധി ദിവസ​വും പുതിയ യെരു​ശ​ലേ​മി​ന്റെ മഹത്ത്വ​വും (20:11–22:5). പുളക​പ്ര​ദ​മായ 15-ാമത്തെ ദർശനം തുടർന്നു​ണ്ടാ​കു​ന്നു. മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും, ദൈവ​ത്തി​ന്റെ വലിയ വെളള​സിം​ഹാ​സ​ന​ത്തി​നു മുമ്പാകെ ന്യായം വിധി​ക്ക​പ്പെ​ടു​ന്നു. മരണവും പാതാ​ള​വും തീപ്പൊ​യ്‌ക​യി​ലേക്ക്‌ എറിയ​പ്പെ​ടു​ന്നു, “ഈ തീപ്പൊയ്‌ക രണ്ടാമത്തെ മരണം.” ജീവപു​സ്‌ത​ക​ത്തിൽ പേരെ​ഴു​തി​ക്കാ​ണാത്ത ഏവനും അവയോ​ടു​കൂ​ടെ എറിയ​പ്പെ​ടു​ന്നു. പുതിയ യെരു​ശ​ലേം സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്നു. ദൈവം മനുഷ്യ​വർഗ​ത്തോ​ടു​കൂ​ടെ കൂടാ​ര​മ​ടി​ച്ചു വസിക്കു​ന്നു, അവരുടെ കണ്ണുക​ളിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യു​ന്നു. മേലാൽ മരണമോ വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇല്ല! അതെ, ദൈവം “സകലവും പുതു​താ​ക്കു​ന്നു.” “എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ തന്റെ വാഗ്‌ദ​ത്തത്തെ സ്ഥിരീ​ക​രി​ക്കു​ന്നു. ജയിക്കു​ന്നവർ ഈ കാര്യങ്ങൾ അവകാ​ശ​പ്പെ​ടു​ത്തും, എന്നാൽ ഭീരുക്കൾ, വിശ്വാ​സ​മി​ല്ലാ​ത്തവർ, ദുർമാർഗി​കൾ അല്ലെങ്കിൽ ആത്മവി​ദ്യ​യി​ലോ വിഗ്ര​ഹാ​രാ​ധ​ന​യി​ലോ ഏർപ്പെ​ടു​ന്നവർ എന്നിവർ ഇവ അവകാ​ശ​മാ​ക്കു​ക​യില്ല.—20:14; 21:1, 5.

26. (എ) പുതിയ യെരു​ശ​ലേ​മി​ന്റെ ഏതു വർണന നൽക​പ്പെ​ടു​ന്നു? (ബി) നഗരത്തിൽ ജീവൻ നിലനിർത്തുന്ന ഏതു കാര്യങ്ങൾ കാണുന്നു, അതിലെ വെളിച്ചം എവി​ടെ​നി​ന്നു വരുന്നു?

26 ഇപ്പോൾ യോഹ​ന്നാ​നെ 16-ാമത്തേ​തും അന്തിമ​വു​മായ ദർശനം കാണി​ക്കു​ന്നു, 12 ഗോപു​ര​ങ്ങ​ളും 12 അപ്പോ​സ്‌ത​ലൻമാ​രു​ടെ പേരുകൾ വഹിക്കുന്ന 12 അടിസ്ഥാ​ന​ക്ക​ല്ലു​ക​ളും സഹിത​മു​ളള പുതിയ യെരു​ശ​ലേം ആകുന്ന “കുഞ്ഞാ​ടി​ന്റെ . . . മണവാ​ട്ടി​യെ” തന്നെ. അതു സമചതു​ര​മാണ്‌, അതിലെ സൂര്യ​കാ​ന്ത​വും സ്വർണ​വും രത്‌ന​വും അതിന്റെ മഹനീ​യ​മായ ശോഭയെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു. ഈ നഗരത്തി​ലെ ആലയം യഹോ​വ​യും കുഞ്ഞാ​ടു​മാണ്‌. അവർ അതിന്റെ പ്രകാ​ശ​വു​മാണ്‌. കുഞ്ഞാ​ടി​ന്റെ ജീവ ചുരു​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു മാത്രമേ അതിൽ പ്രവേ​ശി​ക്കാ​വൂ. (21:9) ജീവജ​ല​ത്തി​ന്റെ ഒരു ശുഭ്ര​മായ നദി സിംഹാ​സ​ന​ത്തിൽനി​ന്നു പുറ​പ്പെട്ടു നഗരത്തി​ന്റെ വീഥി​യി​ലൂ​ടെ ഒഴുകു​ന്നു. ഇരുവ​ശ​ങ്ങ​ളി​ലും ജീവവൃ​ക്ഷ​ങ്ങ​ളുണ്ട്‌. അവ ഓരോ മാസവും ഫലങ്ങളു​ടെ പുതിയ വിളവു​ത്‌പാ​ദി​പ്പി​ക്കു​ന്നു, അവയ്‌ക്ക്‌ രോഗ​ശാ​ന്തി​ക്കു​ത​കുന്ന ഇലകളു​മുണ്ട്‌. ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സനം നഗരത്തിൽ ഉണ്ടായി​രി​ക്കും, ദൈവ​ത്തി​ന്റെ അടിമകൾ അവന്റെ മുഖം കാണും. “യഹോ​വ​യായ ദൈവം അവരു​ടെ​മേൽ പ്രകാശം ചൊരി​യും, അവർ എന്നു​മെ​ന്നേ​ക്കും രാജാ​ക്കൻമാ​രാ​യി ഭരിക്കു​ക​യും ചെയ്യും.”—22:5, NW.

27. (എ) പ്രവച​ന​ത്തെ​സം​ബ​ന്ധി​ച്ചു യോഹ​ന്നാന്‌ ഏത്‌ ഉറപ്പു കൊടു​ക്ക​പ്പെ​ടു​ന്നു? (ബി) ഏത്‌ അടിയ​ന്തി​ര​മായ ക്ഷണത്തോ​ടും മുന്നറി​യി​പ്പോ​ടും കൂടെ വെളി​പ്പാട്‌ ഉപസം​ഹ​രി​ക്കു​ന്നു?

27 ഉപസം​ഹാ​രം (22:6-21). “ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു” എന്ന ഉറപ്പു നൽക​പ്പെ​ടു​ന്നു. ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ അനുഷ്‌ഠി​ക്കുന്ന സകലരും തീർച്ച​യാ​യും സന്തുഷ്ട​രാ​കു​ന്നു! ഈ കാര്യങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത​ശേഷം, യോഹ​ന്നാൻ ആ ദൂതനെ ആരാധി​ക്കാൻ കുമ്പി​ടു​ന്നു, ദൈവത്തെ മാത്രം ആരാധി​ക്കാൻ ദൂതൻ അവനെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. പ്രവച​ന​ത്തി​ലെ വാക്കുകൾ മുദ്ര​യി​ടാൻ പാടില്ല, “എന്തു​കൊ​ണ്ടെ​ന്നാൽ നിയമി​ത​സ​മയം അടുത്തി​രി​ക്കു​ന്നു.” [NW] നഗരത്തിൽ പ്രവേ​ശനം നേടു​ന്നവർ സന്തുഷ്ട​രാ​കു​ന്നു, എന്തെന്നാൽ മലിന​രും “ഭോഷ്‌കിൽ പ്രിയ​പ്പെ​ടു​ക​യും അതിനെ പ്രവർത്തി​ക്ക​യും ചെയ്യുന്ന ഏവനും” പുറത്തു​തന്നെ. താൻതന്നെ തന്റെ ദൂതൻമു​ഖാ​ന്തരം ഈ സാക്ഷ്യം അയച്ചു​വെ​ന്നും താൻതന്നെ “ദാവീ​ദി​ന്റെ വേരും വംശവും ശുഭ്ര​മായ ഉദയന​ക്ഷ​ത്ര​വു​മാ​കു​ന്നു” എന്നും യേശു പ്രസ്‌താ​വി​ക്കു​ന്നു. “വരിക എന്നു ആത്മാവും മണവാ​ട്ടി​യും പറയുന്നു; കേൾക്കു​ന്ന​വ​നും: വരിക എന്നു പറയട്ടെ; ദാഹി​ക്കു​ന്നവൻ വരട്ടെ; ഇച്ഛിക്കു​ന്നവൻ ജീവജലം സൌജ​ന്യ​മാ​യി വാങ്ങട്ടെ.” “ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന ജീവവൃ​ക്ഷ​ത്തി​ലും വിശു​ദ്ധ​ന​ഗ​ര​ത്തി​ലും” നിന്ന്‌ ഓഹരി നീക്ക​പ്പെ​ടാ​തി​രി​ക്കാൻ ആരും ഈ പ്രവച​ന​ത്തി​ലെ വാക്കു​ക​ളോ​ടു യാതൊ​ന്നും കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യാ​തി​രി​ക്കട്ടെ.—22:6, 10, 15-17, 19.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

28. ബൈബി​ളി​ന്റെ ആദ്യഭാ​ഗത്തു തുടങ്ങിയ രേഖ വെളി​പ്പാട്‌ ഉപസം​ഹ​രി​ക്കു​ന്നു​വെന്ന്‌ ഏതു ദൃഷ്ടാ​ന്ത​ങ്ങ​ളാൽ നമുക്കു മനസ്സി​ലാ​ക്കാം?

28 ബൈബി​ളി​ലെ 66 പുസ്‌ത​ക​ങ്ങ​ളു​ടെ നിശ്വ​സ്‌ത​ശേ​ഖ​ര​ത്തിന്‌ എത്ര മഹത്തായ ഉപസം​ഹാ​ര​മാ​ണു വെളി​പ്പാ​ടു പുസ്‌തകം പ്രദാ​നം​ചെ​യ്യു​ന്നത്‌! യാതൊ​ന്നും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല. ബന്ധമി​ല്ലാത്ത ഭാഗങ്ങ​ളില്ല. ഇപ്പോൾ നാം മഹത്തായ പരമാ​ന്ത്യ​വും അതു​പോ​ലെ​തന്നെ ആരംഭ​വും വ്യക്തമാ​യി കാണുന്നു. ബൈബി​ളി​ന്റെ അവസാ​ന​ഭാ​ഗം ആദ്യഭാ​ഗത്തു തുടങ്ങിയ രേഖയെ പര്യവ​സാ​നി​പ്പി​ക്കു​ന്നു. ഉല്‌പത്തി 1:1 ഭൗതി​ക​മായ ആകാശ-ഭൂമി​ക​ളു​ടെ ദൈവ​സൃ​ഷ്ടി​പ്പി​നെ​ക്കു​റി​ച്ചു വർണി​ച്ച​തു​പോ​ലെ, വെളി​പ്പാ​ടു 21:1-4 ഒരു പുതിയ ആകാശ​ത്തെ​യും പുതിയ ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തി​നു കൈവ​രുന്ന പറഞ്ഞു​തീ​രാത്ത അനു​ഗ്ര​ഹ​ങ്ങ​ളെ​യും വർണി​ക്കു​ന്നു, ഇതി​നെ​ക്കു​റി​ച്ചു യെശയ്യാ​വു 65:17, 18; 66:22; 2 പത്രൊസ്‌ 3:13 എന്നിവി​ട​ങ്ങ​ളി​ലും പ്രവചി​ച്ചി​ട്ടുണ്ട്‌. ഒന്നാം മനുഷ്യൻ അനുസ​രണം കെട്ടവ​നാ​ണെ​ങ്കിൽ അവൻ തീർച്ച​യാ​യും മരിക്കു​മെന്ന്‌ അവനോ​ടു പറഞ്ഞതു​പോ​ലെ, അനുസ​ര​ണ​മു​ള​ള​വർക്ക്‌ ഇനി “മരണം ഉണ്ടാക​യില്ല” എന്നു ദൈവം തീർച്ച​യാ​യും ഉറപ്പു​നൽകു​ന്നു. (ഉല്‌പ. 2:17; വെളി. 21:4) സർപ്പം മനുഷ്യ​വർഗ​ത്തി​ന്റെ വഞ്ചകനാ​യി ആദ്യം പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ ദൈവം അവന്റെ തലചത​യ്‌ക്ക​ലി​നെ മുൻകൂ​ട്ടി​പ്പ​റഞ്ഞു. പിശാ​ചും സാത്താ​നു​മായ ആദ്യപാമ്പ്‌ ഒടുവിൽ നാശത്തി​ലേക്ക്‌ എറിയ​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്നു വെളി​പ്പാ​ടു വെളി​പ്പെ​ടു​ത്തു​ന്നു. (ഉല്‌പ. 3:1-5, 15; വെളി. 20:10) അനുസ​ര​ണം​കെട്ട മനുഷ്യൻ ഏദെനിക ജീവവൃ​ക്ഷ​ത്തിൽനിന്ന്‌ ഓടി​ക്ക​പ്പെ​ട്ട​പ്പോൾ, അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തി​ലെ “ജാതി​ക​ളു​ടെ രോഗ​ശാ​ന്തി​ക്കു”വേണ്ടി പ്രതീ​കാ​ത്മക ജീവവൃ​ക്ഷങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. (ഉല്‌പ. 3:22-24; വെളി. 22:2) തോട്ടത്തെ നനയ്‌ക്കാൻ ഒരു നദി ഏദെനിൽനി​ന്നു പുറ​പ്പെ​ട്ട​തു​പോ​ലെ, ജീവൻ നൽകു​ന്ന​തും ജീവൻ നിലനിർത്തു​ന്ന​തു​മായ ഒരു പ്രതീ​കാ​ത്മക നദി ദൈവ​സിം​ഹാ​സ​ന​ത്തിൽനിന്ന്‌ ഒഴുകു​ന്ന​താ​യി ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഇത്‌ യെഹെ​സ്‌കേ​ലി​ന്റെ നേര​ത്തെ​യു​ളള ദർശന​ത്തോ​ടു സമാന്ത​ര​മാണ്‌, അതു “നിത്യ​ജീ​വ​ങ്ക​ലേക്കു പൊങ്ങി​വ​രുന്ന നീരുറ”വിനെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ വാക്കു​കളെ അനുസ്‌മ​രി​പ്പി​ക്കു​ക​യും ചെയ്യുന്നു. (ഉല്‌പ. 2:10; വെളി. 22:1, 2; യെഹെ. 47:1-12; യോഹ. 4:13, 14) ഒന്നാം മനുഷ്യ​നും സ്‌ത്രീ​യും ദൈവ​സാ​ന്നി​ധ്യ​ത്തിൽനി​ന്നു തുരത്ത​പ്പെ​ട്ട​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി വിശ്വസ്‌ത ജേതാക്കൾ അവന്റെ മുഖം കാണും. (ഉല്‌പ. 3:24; വെളി. 22:4) തീർച്ച​യാ​യും വെളി​പ്പാ​ടി​ലെ ഈ പുളക​പ്ര​ദ​മായ ദർശനങ്ങൾ പരിചി​ന്തി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാണ്‌!

29. (എ) വെളി​പ്പാട്‌ ബാബി​ലോ​നെ​സം​ബ​ന്ധിച്ച പ്രവച​ന​ങ്ങളെ ബന്ധിപ്പി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദാനീ​യേ​ലി​ലും വെളി​പ്പാ​ടി​ലും രാജ്യ​ത്തെ​സം​ബ​ന്ധി​ച്ചും മൃഗങ്ങ​ളെ​സം​ബ​ന്ധി​ച്ചു​മു​ളള ദർശനങ്ങൾ തമ്മിൽ ഏതു സമാന്ത​രങ്ങൾ ശ്രദ്ധി​ക്കാ​നുണ്ട്‌?

29 ദുഷ്ടബാ​ബി​ലോ​നെ​സം​ബ​ന്ധിച്ച പ്രവച​ന​ങ്ങളെ വെളി​പ്പാട്‌ എങ്ങനെ ബന്ധിപ്പി​ക്കു​ന്നു​വെ​ന്നും ശ്രദ്ധി​ക്കുക. അക്ഷരീയ ബാബി​ലോ​ന്റെ വീഴ്‌ച സംഭവി​ക്കു​ന്ന​തി​നു ദീർഘ​നാൾമു​മ്പേ, യെശയ്യാവ്‌ അതു മുൻകൂ​ട്ടി​ക്ക​ണ്ടി​രു​ന്നു. “വീണു, ബാബേൽ വീണു” എന്ന്‌ അവൻ പ്രഖ്യാ​പി​ച്ചി​രു​ന്നു. (യെശ. 21:9) യിരെ​മ്യാ​വും ബാബി​ലോ​നെ​തി​രാ​യി പ്രവചി​ച്ചു. (യിരെ. 51:6-12) എന്നാൽ വെളി​പ്പാ​ടു “മർമ്മം: മഹതി​യാം ബാബി​ലോൻ; വേശ്യ​മാ​രു​ടെ​യും മ്ലേച്ഛത​ക​ളു​ടെ​യും മാതാവു” എന്ന പ്രതീ​ക​ത്തിൽ സംസാ​രി​ക്കു​ന്നു. അവളും മറിച്ചി​ട​പ്പെ​ടണം, യോഹ​ന്നാൻ ദർശന​ത്തിൽ അതു കണ്ട്‌, “വീണു​പോ​യി, മഹതി​യാം ബാബി​ലോൻ വീണു​പോ​യി” എന്നു പ്രഖ്യാ​പി​ക്കു​ന്നു. (വെളി. 17:5; 18:2) മററു രാജ്യ​ങ്ങളെ തകർത്തു​ന​ശി​പ്പി​ക്കു​ക​യും “എന്നേക്കും നിലനിൽക്ക​യും” ചെയ്യുന്ന, ദൈവം സ്ഥാപി​ക്കുന്ന ഒരു രാജ്യ​ത്തെ​ക്കു​റി​ച്ചു ദാനീ​യേൽ കണ്ട ദർശനം നിങ്ങൾ ഓർക്കു​ന്നു​വോ? ഇതു “ലോക​രാ​ജ​ത്വം നമ്മുടെ കർത്താ​വി​ന്നും അവന്റെ ക്രിസ്‌തു​വി​ന്നും ആയിത്തീർന്നി​രി​ക്കു​ന്നു; അവൻ എന്നെ​ന്നേ​ക്കും വാഴും” എന്ന വെളി​പ്പാ​ടി​ലെ സ്വർഗീ​യ​പ്ര​ഖ്യാ​പ​ന​ത്തോട്‌ എങ്ങനെ ബന്ധപ്പെ​ടു​ന്നു​വെന്നു കുറി​ക്കൊ​ള​ളുക. (ദാനീ. 2:44; വെളി. 11:15) ദാനീ​യേ​ലി​ന്റെ ദർശനം ‘നിലനിൽക്കുന്ന ഒരു ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും ലഭി​ക്കേ​ണ്ട​തി​നു മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുവൻ ആകാശ​മേ​ഘ​ങ്ങ​ളോ​ടെ വരുന്നതു’ വർണി​ച്ച​തു​പോ​ലെ, വെളി​പ്പാട്‌ യേശു​ക്രി​സ്‌തു​വി​നെ “ഭൂരാ​ജാ​ക്കൻമാർക്കു അധിപതി”യും ‘മേഘാ​രൂ​ഢ​നാ​യി വരുന്ന’വനുമാ​യി തിരി​ച്ച​റി​യി​ക്കു​ക​യും ‘ഏതു കണ്ണും അവനെ കാണും’ എന്നു പറയു​ക​യും ചെയ്യുന്നു. (ദാനീ. 7:13, 14; വെളി. 1:5, 7) ദാനീ​യേ​ലി​ന്റെ ദർശന​ത്തി​ലെ മൃഗങ്ങ​ളും വെളി​പ്പാ​ടി​ലെ മൃഗങ്ങ​ളും തമ്മിലു​ളള ചില സമാന്ത​ര​ങ്ങ​ളും നിരീ​ക്ഷി​ക്കാ​നുണ്ട്‌. (ദാനീ. 7:1-8; വെളി. 13:1-3; 17:12) തീർച്ച​യാ​യും വെളി​പ്പാ​ടു വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഒരു പഠനത്തി​നു​ളള വിപു​ല​മായ മണ്ഡലം പ്രദാ​നം​ചെ​യ്യു​ന്നു.

30. (എ) രാജ്യം മുഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ നാമ വിശു​ദ്ധീ​ക​ര​ണ​ത്തി​ന്റെ ഏതു പൂർണ​വീ​ക്ഷണം വെളി​പ്പാ​ടു നൽകുന്നു? (ബി) വിശു​ദ്ധി​സം​ബ​ന്ധിച്ച്‌ എന്തു ദൃഢീ​ക​രി​ക്ക​പ്പെ​ടു​ന്നു, ഇത്‌ ആരെ ബാധി​ക്കു​ന്നു?

30 അത്ഭുത​ക​ര​വും നാനാ​വ​ശ​ങ്ങ​ളോ​ടു​കൂ​ടി​യ​തു​മായ എന്തൊരു ദർശന​മാ​ണു വെളി​പ്പാ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രദാ​നം​ചെ​യ്യു​ന്നത്‌! അതു പുരാ​ത​ന​കാ​ലത്തെ പ്രവാ​ച​കൻമാ​രും യേശു​വും അവന്റെ അപ്പോ​സ്‌ത​ലൻമാ​രും രാജ്യ​ത്തെ​സം​ബ​ന്ധി​ച്ചു പറഞ്ഞതി​നെ ഉജ്ജ്വല​മാ​യി തെളി​ച്ചു​കാ​ട്ടു​ന്നു. രാജ്യം​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ നാമത്തിൻ വിശു​ദ്ധീ​ക​ര​ണ​ത്തി​ന്റെ പൂർത്തി​യായ വീക്ഷണം നമുക്ക്‌ ഇവിടെ ലഭിക്കു​ന്നു: “സർവ്വശ​ക്തി​യു​ളള കർത്താ​വായ [“യഹോവ,” NW] ദൈവം പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ.” അവൻ “മഹത്വ​വും ബഹുമാ​ന​വും ശക്തിയും” സ്വീക​രി​പ്പാൻ യോഗ്യ​നാ​കു​ന്നു. തീർച്ച​യാ​യും അവനാണു ക്രിസ്‌തു​മു​ഖാ​ന്തരം ‘മഹാശ​ക്തി​ധ​രി​ച്ചു വാഴാൻ തുടങ്ങു​ന്നത്‌.’ ഈ രാജകീയ പുത്രൻ, “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വു”മായവൻ, ജനതകളെ വെട്ടു​ക​യും “സർവ്വശ​ക്തി​യു​ളള ദൈവ​ത്തി​ന്റെ കോപ​വും ക്രോ​ധ​വു​മായ മദ്യത്തി​ന്റെ ചക്കു” മെതി​ക്കു​ക​യും ചെയ്യു​മ്പോൾ എത്ര തീക്ഷ്‌ണ​ത​യു​ള​ള​വ​നാ​യി കാണി​ക്ക​പ്പെ​ടു​ന്നു! യഹോ​വ​യു​ടെ സംസ്ഥാ​പ​ന​ത്തി​ന്റെ മഹത്തായ ബൈബിൾപ്ര​തി​പാ​ദ്യ​വി​ഷയം അതിന്റെ പാരമ്യ​ത്തി​ലേക്കു പടുത്തു​യർത്ത​പ്പെ​ടു​മ്പോൾ അവന്റെ രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളിൽ പങ്കെടു​ക്കുന്ന ഓരോ​രു​ത്ത​നും, ഓരോ​ന്നും, വിശു​ദ്ധ​മാ​യി​രി​ക്ക​ണ​മെന്നു ദൃഢീ​ക​രി​ക്ക​പ്പെ​ടു​ന്നു. “ദാവീ​ദി​ന്റെ താക്കോ​ലു​ളള” കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വി​നെ വിശു​ദ്ധ​നെന്നു പറഞ്ഞി​രി​ക്കു​ന്നു, സ്വർഗ​ത്തി​ലെ ദൂതൻമാ​രും അങ്ങനെ​തന്നെ. ഒന്നാം പുനരു​ത്ഥാ​ന​ത്തിൽ പങ്കുള​ളവർ “സന്തുഷ്ട​രും വിശു​ദ്ധ​രും” ആകുന്നു. ‘അശുദ്ധ​മാ​യതു യാതൊ​ന്നും മ്ലേച്ഛത പ്രവർത്തി​ക്കു​ന്ന​വ​നും’ യാതൊ​രു പ്രകാ​ര​ത്തി​ലും “യെരൂ​ശ​ലേ​മെന്ന വിശു​ദ്ധ​നഗര”ത്തിൽ പ്രവേ​ശി​ക്കു​ക​യില്ല. “ഞങ്ങളുടെ ദൈവ​ത്തി​ന്നു രാജ്യ​വും പുരോ​ഹി​തൻമാ​രും” ആയിരി​ക്കു​ന്ന​തി​നു കുഞ്ഞാ​ടി​ന്റെ രക്തത്താൽ വിലയ്‌ക്കു വാങ്ങ​പ്പെ​ട്ട​വർക്ക്‌ അങ്ങനെ യഹോ​വ​യു​ടെ മുമ്പാകെ വിശുദ്ധി നിലനിർത്താൻ ശക്തമായ പ്രോ​ത്സാ​ഹ​ന​മുണ്ട്‌. “മഹാപു​രു​ഷാര”വും വിശു​ദ്ധ​സേ​വനം അർപ്പി​ക്കേ​ണ്ട​തി​നു ‘കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ക്കേ​ണ്ട​താണ്‌’.—വെളി. 4:8, 11; 11:17; 19:15, 16; 3:7; 14:10; 20:6, NW; 21:2, 10, 27; 22:19; 5:9, 10; 7:9, 14, 15.

31. രാജ്യ​ത്തി​ന്റെ ഏതു സവി​ശേ​ഷ​തകൾ വെളി​പ്പാ​ടിൽ മാത്രം നമ്മുടെ ശ്രദ്ധയിൽ വരുത്ത​പ്പെ​ടു​ന്നു?

31 വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ മാത്രം നമ്മുടെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ടുന്ന ചില സവി​ശേ​ഷ​തകൾ നാം കുറി​ക്കൊ​ള​ളു​മ്പോൾ ഈ മഹനീ​യ​മായ വിശുദ്ധ ദൈവ​രാ​ജ്യ​ത്തി​ന്റെ ദർശനം നമ്മുടെ മനസ്സിൽ ദൃഢീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഇവിടെ നമുക്ക്‌, കുഞ്ഞാ​ടി​നോ​ടു​കൂ​ടെ സീയോൻമ​ല​യിൽനി​ന്നു തങ്ങൾക്കു​മാ​ത്രം വൈദ​ഗ്‌ധ്യം നേടാൻ കഴിയുന്ന ഒരു പുതിയ പാട്ടു പാടുന്ന രാജ്യാ​വ​കാ​ശി​ക​ളു​ടെ പൂർണ​ദർശനം ലഭിക്കു​ന്നു. രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നു ഭൂമി​യിൽനി​ന്നു വിലയ്‌ക്കു വാങ്ങു​ന്ന​വ​രു​ടെ എണ്ണവും—1,44,000—ഈ സംഖ്യയെ ആത്മീയ ഇസ്രാ​യേ​ലി​ന്റെ 12 പ്രതീ​കാ​ത്മ​ക​ഗോ​ത്ര​ങ്ങ​ളിൽനി​ന്നു മുദ്ര​യി​ടു​ന്നു​വെ​ന്നും നമ്മോടു പറയു​ന്നതു വെളി​പ്പാ​ടു മാത്ര​മാണ്‌. ഒന്നാം പുനരു​ത്ഥാ​ന​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ പങ്കുപ​റ​റുന്ന ഈ ‘പുരോ​ഹി​തൻമാ​രും രാജാ​ക്കൻമാ​രും’ “ആയിരം ആണ്ടു” അവനോ​ടു​കൂ​ടെ ഭരിക്കു​മെന്നു പ്രകട​മാ​ക്കു​ന്ന​തും വെളി​പ്പാ​ടു​മാ​ത്ര​മാണ്‌. “പുതിയ യെരൂ​ശ​ലേം എന്ന വിശു​ദ്ധ​നഗര”ത്തിന്റെ പൂർണ​വീ​ക്ഷണം നൽകു​ന്ന​തും അതിന്റെ ഉജ്ജ്വല തേജസ്സി​നെ​യും, യഹോ​വ​യും കുഞ്ഞാ​ടും അതിന്റെ ആലയമാ​യി​രി​ക്കു​ന്നു​വെ​ന്ന​തി​നെ​യും അതിന്റെ 12 ഗോപു​ര​ങ്ങ​ളെ​യും അടിസ്ഥാ​ന​ക്ക​ല്ലു​ക​ളെ​യും യഹോവ ചൊരി​യുന്ന നിത്യ​പ്ര​കാ​ശ​ത്തിൽ അതിൽ എന്നേക്കും വാഴുന്ന രാജാ​ക്കൻമാ​രെ​യും കാണി​ച്ചു​ത​രു​ന്നതു വെളി​പ്പാ​ടു മാത്ര​മാണ്‌.—14:1, 3; 7:4-8; 20:6; 21:2, 10-14, 22; 22:5.

32. (എ) “പുതിയ ആകാശ”ത്തിന്റെ​യും “പുതിയ യെരൂ​ശ​ലേം എന്ന വിശുദ്ധ നഗര”ത്തിന്റെ​യും ദർശനം രാജ്യ​സ​ന്ത​തി​യെ​ക്കു​റി​ച്ചു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തി​നെ​യെ​ല്ലാം സംഗ്ര​ഹി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഭൂമി​യി​ലെ മനുഷ്യ​വർഗ​ത്തി​നു രാജ്യം ഏതനു​ഗ്ര​ഹ​ങ്ങൾക്ക്‌ ഉറപ്പു​നൽകു​ന്നു?

32 “പുതിയ ആകാശ”ത്തിന്റെ​യും “പുതിയ യെരൂ​ശ​ലേം എന്ന വിശു​ദ്ധ​നഗര”ത്തിന്റെ​യും ഈ ദർശനം രാജ്യ​സ​ന്ത​തി​യെ​ക്കു​റി​ച്ചു പുരാ​ത​ന​കാ​ല​ങ്ങൾമു​തൽ തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തി​നെ സംഗ്ര​ഹി​ക്കു​ന്നു​വെന്നു സത്യമാ​യി പറയാൻ കഴിയും. ‘ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നു​ളള’ [NW] മുഖാ​ന്ത​ര​മായ ഒരു സന്തതി​ക്കാ​യും “ദൈവം ശില്‌പി​യാ​യി നിർമ്മി​ച്ച​തും അടിസ്ഥാ​ന​ങ്ങ​ളു​ള​ള​തു​മായ നഗര”ത്തിനാ​യും അബ്രഹാം നോക്കി​പ്പാർത്തി​രു​ന്നു. ഇപ്പോൾ വെളി​പ്പാ​ടു​ദർശ​ന​ത്തിൽ അനു​ഗ്ര​ഹ​ത്തി​ന്റെ ഈ നഗരം നമുക്കു​വേണ്ടി “പുതിയ ആകാശ”മായി തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു—പുതിയ യെരു​ശ​ലേ​മും (ക്രിസ്‌തു​വി​ന്റെ മണവാട്ടി) അവളുടെ മണവാ​ള​നും ചേർന്നു​ണ്ടാ​കുന്ന ഒരു പുതിയ ഗവൺമെൻറായ ദൈവ​രാ​ജ്യം തന്നെ. അവർ ഒത്തു​ചേർന്നു സർവഭൂ​മി​യു​ടെ​യും​മേൽ നീതി​യു​ളള ഒരു ഭരണം നടത്തും. വിശ്വ​സ്‌ത​മ​നു​ഷ്യ​വർഗ​ത്തിന്‌ ഏദെനി​ലെ മത്സരത്തി​നു​മു​മ്പു മനുഷ്യൻ ആസ്വദി​ച്ചി​രുന്ന തരം പാപര​ഹി​ത​മായ സന്തുഷ്ട മരണര​ഹി​താ​വ​സ്ഥ​യിൽ ‘അവന്റെ ജനം’ ആയിരി​ക്കാ​വു​ന്ന​താ​ണെന്നു യഹോവ അവരോ​ടു വാഗ്‌ദാ​നം​ചെ​യ്യു​ന്നു. ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും” എന്നു ദൃഢത കൊടു​ത്തു​കൊ​ണ്ടു രണ്ടു പ്രാവ​ശ്യം വെളി​പ്പാ​ടു നമ്മോടു പറയുന്നു.—ഉല്‌പ. 12:3; 22:15-18; എബ്രാ. 11:10; വെളി. 7:17; 21:1-4.

33. (എ) നിറ​വേ​റിയ ദിവ്യോ​ദ്ദേ​ശ്യ​ങ്ങ​ളെ​സം​ബ​ന്ധിച്ച ഏത്‌ അത്യത്ഭു​ത​ക​ര​മായ ആകമാന വീക്ഷണം വെളി​പ്പാ​ടു നൽകുന്നു? (ബി) “എല്ലാ തിരു​വെ​ഴു​ത്തും” ‘ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദവു’മാണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ, ഇപ്പോൾ ദൈവ​വ​ചനം പഠിക്കു​ന്ന​തി​നും അനുസ​രി​ക്കു​ന്ന​തി​നു​മു​ളള സമയമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

33 അതെ, നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾക്ക്‌ എത്ര മഹത്തായ ഉപസം​ഹാ​രം! “വേഗത്തിൽ സംഭവി​പ്പാ​നു​ളള” ഈ കാര്യങ്ങൾ എത്ര അത്യത്ഭു​ത​ക​ര​മാണ്‌! (വെളി. 1:1) “പ്രവാ​ച​കൻമാ​രു​ടെ നിശ്വസ്‌ത മൊഴി​ക​ളു​ടെ ദൈവ”മായ യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. (22:6, NW) 16 നൂററാ​ണ്ടു​ക​ളി​ലെ പ്രാവ​ച​നി​ക​മായ എഴുത്തു​ക​ളു​ടെ നിവൃത്തി കാണി​ക്ക​പ്പെ​ടു​ന്നു, ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ വിശ്വാ​സ​ത്തി​ന്റെ പ്രവൃ​ത്തി​കൾക്കു പ്രതി​ഫലം കിട്ടുന്നു! ‘പഴയ പാമ്പ്‌’ മരണ​പ്പെ​ടു​ന്നു, അവന്റെ സൈന്യ​ങ്ങൾ നശിപ്പി​ക്ക​പ്പെ​ടു​ന്നു, മേലാൽ ദുഷ്ടത​യില്ല. (12:9) ദൈവ​ത്തി​ന്റെ രാജ്യം അവന്റെ സ്‌തു​തി​ക്കാ​യി “ഒരു പുതിയ ആകാശ”മായി ഭരിക്കു​ന്നു. ബൈബി​ളി​ലെ ഒന്നാമ​ധ്യാ​യ​ത്തിൽ പ്രസ്‌താ​വി​ക്ക​പ്പെട്ട യഹോ​വ​യു​ടെ ഉദ്ദേശ്യ​പ്ര​കാ​രം നിറഞ്ഞു കീഴട​ക്ക​പ്പെ​ടുന്ന പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഭൂമി​യി​ലെ അനു​ഗ്ര​ഹങ്ങൾ മനുഷ്യ​വർഗ​ത്തി​ന്റെ മുമ്പാകെ മഹത്തായ നിത്യ​ത​യി​ലേക്കു നീളുന്നു. (ഉല്‌പ. 1:28) തീർച്ച​യാ​യും എല്ലാ തിരു​വെ​ഴു​ത്തും ‘ദൈവ​നി​ശ്വ​സ്‌ത​വും പഠിപ്പി​ക്ക​ലിന്‌, ശാസി​ക്ക​ലിന്‌, കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തിന്‌, നീതി​യിൽ ശിക്ഷണം കൊടു​ക്കു​ന്ന​തിന്‌, പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു’ എന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. തികച്ചും യോഗ്യ​രും പൂർണ​മാ​യി സജ്ജീകൃ​ത​രു​മായ വിശ്വ​സ്‌ത​മ​നു​ഷ്യ​രെ ഈ അത്യത്ഭു​ത​ക​ര​മായ നാളോ​ളം നയിക്കു​ന്ന​തി​നു യഹോവ അതുപ​യോ​ഗി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌, നിങ്ങളു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തിന്‌ ഈ തിരു​വെ​ഴു​ത്തു​കൾ പഠിക്കാ​നു​ളള സമയമാ​ണിത്‌. ദൈവാ​നു​ഗ്രഹം പ്രാപി​ക്കു​ന്ന​തിന്‌ അവയിലെ കൽപ്പനകൾ അനുസ​രി​ക്കുക. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന നേരായ പാതയിൽ അവയെ പിൻപ​റ​റുക. അങ്ങനെ ചെയ്യു​ന്ന​തി​നാൽ, ബൈബി​ളി​ന്റെ ഒടുവി​ലത്തെ പുസ്‌തകം പര്യവ​സാ​നി​ക്കുന്ന ഉറപ്പോ​ടു​കൂ​ടിയ വിശ്വാ​സ​ത്തിൽ “ആമേൻ, കർത്താ​വായ യേശുവേ, വരേണമേ” എന്നു നിങ്ങൾക്കും പറയാൻ കഴിയും.—2 തിമൊ. 3:16, NW; വെളി. 22:20.

34. നമുക്കി​പ്പോൾ അനുപ​മ​മായ സന്തോഷം ഉണ്ടായി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

34 “നമ്മുടെ കർത്താ​വി​ന്റെ​യും അവന്റെ ക്രിസ്‌തു​വി​ന്റെ​യും രാജ്യ”മായ സന്തതി “സർവശ​ക്ത​നായ യഹോ​വ​യാം ദൈവ”ത്തിന്റെ കിടയററ നാമത്തി​നു നിത്യ​വി​ശു​ദ്ധീ​ക​രണം കൈവ​രു​ത്തവേ അതിനെ വാഴ്‌ത്തു​ന്ന​തി​നാൽ ഇപ്പോൾ നമുക്ക്‌ എന്ത്‌ അതുല്യ​മായ സന്തോഷം അനുഭ​വി​ക്കാൻ കഴിയും!—വെളി. 11:15, 17, NW.

[അടിക്കു​റി​പ്പു​കൾ]

a നിഖ്യായിക്കു മുമ്പുളള പിതാ​ക്കൻമാർ, വാല്യം I, പേജ്‌ 240.

b സഭാചരിത്രം, യൂസേബിയസ്‌, VI, XXV, 9, 10.

c നിഖ്യായിക്കു മുമ്പുളള പിതാ​ക്കൻമാർ, വാല്യം I, പേജുകൾ 559-60.

d കൈസർമാരുടെ ജീവിതം (ഡൊമീഷ്യൻ, XIII, 2).

[അധ്യയന ചോദ്യ​ങ്ങൾ]