ബൈബിൾ പുസ്തക നമ്പർ 7—ന്യായാധിപൻമാർ
ബൈബിൾ പുസ്തക നമ്പർ 7—ന്യായാധിപൻമാർ
എഴുത്തുകാരൻ: ശമൂവേൽ
എഴുതിയ സ്ഥലം: ഇസ്രായേൽ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1100
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1450-ഏകദേശം 1120
1. ന്യായാധിപൻമാരുടെ കാലഘട്ടം ഏതു വിധങ്ങളിലാണു ശ്രദ്ധാർഹമായിരുന്നത്?
ഇസ്രായേലിന്റെ ചരിത്രത്തിൽ ഭൂത-മതവുമായുളള വിപത്കരമായ ബന്ധങ്ങളും ദിവ്യനിയമിത ന്യായാധിപൻമാരിലൂടെ തന്റെ അനുതാപമുളള ജനത്തിനു കൊടുക്കുന്ന കരുണാപൂർവകമായ വിടുതലുകളും മാറിമാറി വിവരിക്കുന്ന, പ്രവർത്തനങ്ങൾ നിറഞ്ഞ ഒരു ഏടുണ്ട്. ഒത്നീയേൽ, ഏഹൂദ്, ശംഗർ എന്നിവരുടെയും പിന്നാലെ വന്ന മററു ന്യായാധിപൻമാരുടെയും വീര്യപ്രവൃത്തികൾ വിശ്വാസപ്രചോദകമാണ്. എബ്രായരുടെ എഴുത്തുകാരൻ പറഞ്ഞതുപോലെ: “ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, . . . എന്നവരെ . . . കുറിച്ചു വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, . . . ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരൻമാരായ്തീർന്നു, അന്യൻമാരുടെ സൈന്യങ്ങളെ ഓടിച്ചു.” (എബ്രാ. 11:32-34) ഈ കാലഘട്ടത്തിലെ 12 വിശ്വസ്ത ന്യായാധിപൻമാരുടെ എണ്ണം തികക്കുന്നതിനു തോലാ, യായീർ, ഇസ്ബെൻ, ഏലോൻ, അബ്ദോൻ എന്നിവരുമുണ്ട്. (ശമൂവേൽ സാധാരണമായി ന്യായാധിപൻമാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ല.) യഹോവ ന്യായാധിപൻമാർക്കുവേണ്ടി അവരുടെ യുദ്ധങ്ങൾ നടത്തി, അവർ തങ്ങളുടെ പരാക്രമപ്രവൃത്തികൾ ചെയ്തപ്പോൾ ആത്മാവ് അവരിൽ ആവസിച്ചു. അവർ സകല ബഹുമതിയും മഹത്ത്വവും തങ്ങളുടെ ദൈവത്തിനു കൊടുത്തു.
2. ന്യായാധിപൻമാർ എന്ന പുസ്തകത്തിന്റെ എബ്രായപേർ ഏതു വിധത്തിൽ ഉചിതമായിരിക്കുന്നു?
2 സെപ്ററുവജിൻറിൽ ഈ പുസ്തകം ക്രിററായ് എന്നു വിളിക്കപ്പെടുന്നു, എബ്രായ ബൈബിളിൽ അതു ഷോഫെററിം ആണ്, അതു “ന്യായാധിപൻമാർ” എന്നു വിവർത്തനം ചെയ്യപ്പെടുന്നു. ഷോഫെററിം എന്നതു ഷാഫാററ് എന്ന ക്രിയയിൽനിന്ന് ഉളവാകുന്നതാണ്, അതിന്റെ അർഥം “ന്യായം വിധിക്കുക, സംസ്ഥാപിക്കുക, ശിക്ഷിക്കുക, ഭരിക്കുക എന്നാണ്. അത് “എല്ലാവരുടെയും ന്യായാധിപനായ ദൈവ”ത്താൽ ദിവ്യാധിപത്യപരമായി നിയമിക്കപ്പെട്ട ഇവരുടെ ജോലിയെ നന്നായി വെളിപ്പെടുത്തുന്നു. (എബ്രാ. 12:23, NW) അവർ വിദേശാടിമത്തത്തിൽനിന്നു തന്റെ ജനത്തെ വിടുവിക്കുന്നതിനു പ്രത്യേക സന്ദർഭങ്ങളിൽ യഹോവയാൽ എഴുന്നേൽപ്പിക്കപ്പെട്ട പുരുഷൻമാരായിരുന്നു.
3. ന്യായാധിപൻമാർ എഴുതിയത് എപ്പോൾ?
3 എപ്പോഴാണു ന്യായാധിപൻമാരുടെ പുസ്തകം എഴുതിയത്? ഉത്തരം കണ്ടുപിടിക്കുന്നതിനു പുസ്തകത്തിലെ രണ്ടു പ്രയോഗങ്ങൾ നമ്മെ സഹായിക്കുന്നു. ഒന്നാമത്തേത് ഇതാണ്: “യെബൂസ്യർ ഇന്നുവരെ . . . യെരുശലേമിൽ പാർത്തുവരുന്നു.” (ന്യായാ. 1:21) ദാവീദുരാജാവു തന്റെ വാഴ്ചയുടെ എട്ടാം വർഷത്തിൽ അഥവാ പൊ.യു.മു. 1070-ൽ യെബൂസ്യരിൽനിന്നു “സീയോൻകോട്ട” പിടിച്ചെടുത്തതുകൊണ്ടു ന്യായാധിപൻമാർ ആ തീയതിക്കുമുമ്പ് എഴുതപ്പെട്ടിരിക്കണം. (2 ശമൂ. 5:4-7) “അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു” എന്ന രണ്ടാമത്തെ പ്രയോഗം നാലു പ്രാവശ്യം കാണുന്നുണ്ട്. (ന്യായാ. 17:6; 18:1; 19:1; 21:25) അതുകൊണ്ട്, ഇസ്രായേലിൽ ഒരു ‘രാജാവുണ്ടായിരുന്ന’ കാലത്താണു രേഖ എഴുതപ്പെട്ടത്, അതായതു ശൗൽ പൊ.യു.മു. 1117-ൽ ആദ്യത്തെ രാജാവായിത്തീർന്ന ശേഷം. അതുകൊണ്ട്, അതിന്റെ തീയതി പൊ.യു.മു. 1117-നും 1070-നുമിടയ്ക്ക് ആയിരിക്കണം.
4. ന്യായാധിപൻമാരുടെ എഴുത്തുകാരൻ ആരായിരുന്നു?
4 എഴുത്തുകാരൻ ആരായിരുന്നു? അതു യഹോവയുടെ ഒരു അർപ്പിത ദാസനായിരുന്നുവെന്നുളളത് അവിതർക്കിതമാണ്. ന്യായാധിപൻമാരിൽനിന്നു രാജാക്കൻമാരിലേക്കുളള ഈ പരിവർത്തനത്തിന്റെ കാലഘട്ടത്തിൽ യഹോവയുടെ ആരാധനയുടെ മുഖ്യ വക്താവായി ഒററയ്ക്കു നിലകൊളളുന്നതു ശമൂവേലാണ്. അവനാണു വിശ്വസ്ത പ്രവാചകൻമാരുടെ നിരയിലെ ഒന്നാമത്തവനും. ആ നിലയ്ക്ക്, ന്യായയുക്തമായി ന്യായാധിപൻമാരുടെ ചരിത്രം രേഖപ്പെടുത്തുന്നതു ശമൂവേലായിരിക്കും.
5. ന്യായാധിപൻമാരുടെ കാലഘട്ടം എങ്ങനെ കണക്കുകൂട്ടാവുന്നതാണ്?
5 ന്യായാധിപൻമാരുടെ പുസ്തകം എത്ര ദീർഘമായ കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു? ഇത് 1 രാജാക്കൻമാർ 6:1-ൽനിന്നു കണക്കുകൂട്ടാൻ കഴിയും. അതു ശലോമോൻ തന്റെ വാഴ്ചയുടെ നാലാം വർഷം യഹോവയുടെ ആലയം പണികഴിപ്പിക്കാൻ തുടങ്ങിയെന്നു പ്രകടമാക്കുന്നു, അത് “യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറെറൺപതാം സംവത്സര”വുമായിരുന്നു. (“നാനൂറെറൺപതാം” എന്നത് ഒരു ക്രമസൂചകസംഖ്യയാകയാൽ അതു 479 പൂർണവർഷങ്ങളെ പ്രതിനിധാനംചെയ്യുന്നു.) 479 വർഷങ്ങളിൽ ഉൾപ്പെടുന്നതായി അറിയപ്പെടുന്ന കാലഘട്ടങ്ങൾ മോശയിൻകീഴിൽ മരുഭൂമിയിൽ കഴിഞ്ഞ 40 വർഷവും (ആവ. 8:2) ശൗലിന്റെ വാഴ്ചയുടെ 40 വർഷവും (പ്രവൃ. 13:21) ദാവീദിന്റെ വാഴ്ചയുടെ 40 വർഷവും (2 ശമൂ. 5:4, 5) ശലോമോന്റെ വാഴ്ചയുടെ ആദ്യത്തെ 3 പൂർണവർഷങ്ങളുമാണ്. 1 രാജാക്കൻമാർ 6:1-ലെ 479 വർഷങ്ങളിൽനിന്ന് ഈ മൊത്തം 123 വർഷം കുറയ്ക്കുമ്പോൾ കനാനിലേക്കുളള ഇസ്രായേലിന്റെ പ്രവേശനത്തിനും ശൗലിന്റെ വാഴ്ചയുടെ ആരംഭത്തിനുമിടയ്ക്കു 356 വർഷ കാലഘട്ടം ശേഷിക്കുന്നു. a ഏറെയും യോശുവയുടെ മരണംമുതൽ ശമൂവേലിന്റെ കാലംവരെ വ്യാപിച്ചുകിടക്കുന്ന, ന്യായാധിപൻമാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ഈ 356-വർഷ കാലഘട്ടത്തിൽ ഏതാണ്ട് 330 വർഷത്തെ ഉൾപ്പെടുത്തുന്നു.
6. ന്യായാധിപൻമാരുടെ വിശ്വാസ്യതയെ എന്തു തെളിയിക്കുന്നു?
6 ന്യായാധിപൻമാരുടെ പുസ്തകത്തിന്റെ വിശ്വാസ്യത സംശയാതീതമാണ്. യഹൂദൻമാർ എല്ലായ്പോഴും അതിനെ ബൈബിൾകാനോന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. എബ്രായ തിരുവെഴുത്തുകളുടെയും ഗ്രീക്കു തിരുവെഴുത്തുകളുടെയും എഴുത്തുകാർ, സങ്കീർത്തനം 83:9-18; യെശയ്യാവു 9:4; 10:26; എബ്രായർ 11:32-34 എന്നിവിടങ്ങളിലെന്നപോലെ അതിൽനിന്നു വിവരങ്ങൾ എടുത്തിട്ടുണ്ട്. നിഷ്കപടത സംബന്ധിച്ച്, അത് ഇസ്രായേലിന്റെ കുറവുകളും പിൻമാററങ്ങളുമൊന്നും മറച്ചുവെക്കുന്നില്ല, അതേസമയം യഹോവയുടെ സീമാതീതമായ സ്നേഹദയയെ പുകഴ്ത്തുന്നു. ഇസ്രായേലിൽ വിമോചകൻ എന്നനിലയിൽ മഹത്ത്വം സ്വീകരിക്കുന്നതു കേവലം മനുഷ്യന്യായാധിപനല്ല, പിന്നെയോ യഹോവയാണ്.
7. (എ) പുരാവസ്തുശാസ്ത്രം ന്യായാധിപൻമാരിലെ രേഖയെ പിന്താങ്ങുന്നത് എങ്ങനെ? (ബി) ബാലാരാധകരുടെ നിർമൂലനാശത്തിനു യഹോവ ഉചിതമായി ആജ്ഞാപിച്ചത് എന്തുകൊണ്ട്?
7 കൂടാതെ, പുരാവസ്തുശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾ ന്യായാധിപൻമാരുടെ സത്യതയെ പിന്താങ്ങുന്നു. കനാന്യരുടെ ബാൽമതത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച കണ്ടുപിടിത്തങ്ങൾ ഏററവും ശ്രദ്ധേയമാണ്. ഉഗാറിററ് എന്ന പുരാതന കനാന്യനഗരം (സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കേ അററത്തിന് എതിർവശത്തായുളള സിറിയൻ തീരപ്രദേശത്തെ ആധുനിക രാസ് ശമ്രാ) 1929-ൽ കുഴിച്ചുനോക്കിത്തുടങ്ങിയതുവരെ ബാൽമതത്തെക്കുറിച്ച് ബൈബിൾപരാമർശങ്ങൾക്കു പുറമേ അധികമൊന്നും അറിഞ്ഞിരുന്നില്ല. ഇവിടെ, ബാൽമതം ഭൗതികത്വത്തെയും അങ്ങേയററത്തെ ദേശീയത്വത്തെയും ലിംഗാരാധനയെയും വിശേഷവത്കരിച്ചിരുന്നതായി വെളിപ്പെട്ടു. തെളിവനുസരിച്ച് ഓരോ കനാന്യ നഗരത്തിനും ബാലിന്റെ ശ്രീകോവിലുകളും ഉന്നതസ്ഥലങ്ങൾ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രങ്ങൾക്കുളളിൽ ബാലിന്റെ പ്രതിമകൾ ഉണ്ടായിരുന്നിരിക്കാം, പുറത്തെ യാഗപീഠങ്ങൾക്കരികെ കൽത്തൂണുകൾ കാണാനുണ്ടായിരുന്നു—ഒരുപക്ഷേ ബാലിന്റെ ലിംഗപ്രതിരൂപങ്ങൾ. വെറുക്കത്തക്ക നരബലികൾ ആ ക്ഷേത്രങ്ങളെ രക്തപങ്കിലമാക്കി. ഇസ്രായേല്യർ ബാൽമതത്താൽ മലിനപ്പെട്ടപ്പോൾ അവർ അതുപോലെതന്നെ തങ്ങളുടെ പുത്രീപുത്രൻമാരെ ബലിയർപ്പിച്ചു. (യിരെ. 32:35) ബാലിന്റെ മാതാവായ അശേരായെ പ്രതിനിധാനം ചെയ്യുന്ന ഒരു പാവനദണ്ഡ് ഉണ്ടായിരുന്നു. ബാലിന്റെ ഭാര്യയായ അസ്തോരെത്ത് എന്ന ഫലപുഷ്ടിദേവത കാമാസക്തമായ ലൈംഗികകർമങ്ങളാൽ ആരാധിക്കപ്പെട്ടിരുന്നു, പുരുഷൻമാരും സ്ത്രീകളും “പ്രതിഷ്ഠിക്കപ്പെട്ട” ക്ഷേത്ര വേശ്യമാരായി സൂക്ഷിക്കപ്പെട്ടിരുന്നു. ബാൽമതത്തിന്റെയും അതിന്റെ മൃഗീയ അനുയായികളുടെയും നിർമൂലനാശത്തിനു യഹോവ കൽപ്പിച്ചത് അതിശയമല്ല. “നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവൻമാരെ നീ സേവിക്കരുതു.”—ആവ. 7:16. b
ന്യായാധിപൻമാരുടെ ഉളളടക്കം
8. ന്യായാധിപൻമാർ ന്യായയുക്തമായി എത്ര ഭാഗങ്ങളായിരിക്കുന്നു?
8 ഈ പുസ്തകം ന്യായയുക്തമായി മൂന്നു ഭാഗങ്ങളായിരിക്കുന്നു. ആദ്യത്തെ രണ്ട് അധ്യായങ്ങൾ ആ കാലത്തെ ഇസ്രായേലിലെ അവസ്ഥകൾ വർണിക്കുന്നു. 3 മുതൽ 16 വരെയുളള അധ്യായങ്ങൾ 12 ന്യായാധിപൻമാരാലുളള വിടുതലുകളെ വർണിക്കുന്നു. പിന്നെ 17 മുതൽ 21 വരെയുളള അധ്യായങ്ങൾ ഇസ്രായേലിലെ ആഭ്യന്തരകലാപം ഉൾപ്പെടുന്ന ചില സംഭവങ്ങൾ വർണിക്കുന്നു.
9. ന്യായാധിപൻമാരുടെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ ഏതു പശ്ചാത്തലം നൽകുന്നു?
9 ന്യായാധിപൻമാരുടെ കാലത്തെ ഇസ്രായേലിലെ അവസ്ഥകൾ (1:1-2:23). തങ്ങളുടെ നിയമിതപ്രദേശങ്ങളിൽ കുടിപാർക്കുന്നതിനു പുറത്തേക്കു വ്യാപിക്കുന്ന ഇസ്രായേൽ ഗോത്രങ്ങൾ വർണിക്കപ്പെടുന്നു. ഏതായാലും, കനാന്യരെ പൂർണമായി തുരത്തുന്നതിനു പകരം, അവരിൽ അനേകരെ അവർ നിർബന്ധിതവേലക്ക് നിയോഗിക്കുകയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. അതുകൊണ്ടു യഹോവയുടെ ദൂതൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അവർ നിങ്ങളുടെ വിലാപ്പുറത്തു മുളളായിരിക്കും; അവരുടെ ദേവൻമാർ നിങ്ങൾക്കു കണിയായും ഇരിക്കും.” (2:3) അങ്ങനെ, യഹോവയെയോ അവന്റെ പ്രവൃത്തികളെയോ അറിയാത്ത ഒരു പുതിയ തലമുറ ഉണ്ടാകുമ്പോൾ, പെട്ടെന്നുതന്നെ ജനം ബാലിനെയും മററു ദേവൻമാരെയും സേവിക്കാൻ അവനെ ഉപേക്ഷിക്കുന്നു. അവർക്ക് അനർഥം വരുമാറു യഹോവയുടെ കൈ അവർക്ക് എതിരായതിനാൽ “അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.” അവരുടെ ശാഠ്യവും ന്യായാധിപൻമാരെപ്പോലും കേട്ടനുസരിക്കാനുളള അവരുടെ വിസമ്മതവും നിമിത്തം ഇസ്രായേലിനെ പരീക്ഷിക്കാൻ താൻ അവശേഷിപ്പിച്ച ജനതകളിൽ ഒന്നിനെപ്പോലും യഹോവ പുറത്താക്കുന്നില്ല. ഈ പശ്ചാത്തലം തുടർന്നുളള സംഭവങ്ങൾ മനസ്സിലാക്കാൻ ഒരു സഹായമാണ്.—2:15.
10. ഒത്നീയേൽ ഏതു ശക്തിയാൽ ന്യായംവിധിക്കുന്നു, എന്തു ഫലത്തോടെ?
10 ഒത്നീയേൽ ന്യായാധിപൻ (3:1-11). കനാന്യരുടെ കീഴിലെ അവരുടെ അടിമത്തം നിമിത്തമുളള അരിഷ്ടതയിൽ ഇസ്രായേൽപുത്രൻമാർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുന്നു. അവൻ ആദ്യം ഒത്നീയേലിനെ ന്യായാധിപനായി എഴുന്നേൽപ്പിക്കുന്നു. ഒത്നീയേൽ മനുഷ്യജ്ഞാനത്താലും ശക്തിയാലുമാണോ ന്യായപാലനംചെയ്യുന്നത്? അല്ല, എന്തുകൊണ്ടെന്നാൽ ഇസ്രായേലിന്റെ ശത്രുക്കളെ കീഴടക്കാൻ “അവന്റെമേൽ യഹോവയുടെ ആത്മാവു വന്നു” എന്നു നാം വായിക്കുന്നു, അതിനുശേഷം “ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.”—3:10, 11.
11. ഇസ്രായേലിനു വിടുതൽ കൈവരുത്തുന്നതിനു യഹോവ ഏഹൂദിനെ എങ്ങനെ ഉപയോഗിക്കുന്നു?
11 ഏഹുദ് ന്യായാധിപൻ (3:12-30). ഇസ്രായേൽപുത്രൻമാർ മോവാബിലെ രാജാവായ എഗ്ലോനു 18 വർഷം കീഴ്പ്പെട്ടിരുന്നപ്പോൾ യഹോവ വീണ്ടും സഹായത്തിനായുളള അവരുടെ വിളികൾ കേൾക്കുന്നു. അവൻ ഏഹുദ് ന്യായാധിപനെ എഴുന്നേൽപ്പിക്കുന്നു. ഇടംകൈയനായ ഏഹുദ് രഹസ്യമായി രാജാവിനെ കാണാൻ അനുവാദം വാങ്ങിയിട്ട് അവന്റെ അങ്കിയുടെ അടിയിൽനിന്നു വീട്ടിലുണ്ടാക്കിയ വാൾ തട്ടിയെടുത്ത് തടിച്ച എഗ്ലോന്റെ വയററിൽ കുത്തിയിറക്കി അവനെ കൊല്ലുന്നു. മോവാബിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ പെട്ടെന്നുതന്നെ ഏഹുദിന്റെ പക്ഷത്ത് അണിനിരക്കുന്നു, വീണ്ടും ദേശം 80 വർഷം ദൈവദത്തമായ സ്വസ്ഥത ആസ്വദിക്കുന്നു.
12. ശംഗറിന്റെ വിജയം ദൈവശക്തിയാൽ ആണെന്ന് എന്തു പ്രകടമാക്കുന്നു?
12 ശംഗർ ന്യായാധിപൻ (3:31). ശംഗർ 600 ഫെലിസ്ത്യരെ വധിച്ചുകൊണ്ട് ഇസ്രായേലിനെ രക്ഷിക്കുന്നു. അവൻ ഉപയോഗിക്കുന്ന ആയുധം—കേവലം ഒരു മുടിങ്കോൽ—വിജയം യഹോവയുടെ ശക്തിയാലാണെന്നു സൂചിപ്പിക്കുന്നു.
13. ബാരാക്കിന്റെയും ദെബോരായുടെയും ജയഗീതത്താൽ ഏതു നാടകീയ സംഭവങ്ങൾ പാരമ്യത്തിലെത്തുന്നു?
13 ബാരാക്ക് ന്യായാധിപൻ (4:1-5:31). അടുത്തതായി ഇസ്രായേൽ കനാന്യരാജാവായ യാബീനും ഇരുമ്പരിവാളുകൾ ഘടിപ്പിച്ച 900 രഥങ്ങൾ ഉളളതായി വമ്പുപറയുന്ന അവന്റെ സൈന്യാധിപനായ സീസെരയ്ക്കും അധീനരായിത്തീരുന്നു. ഇസ്രായേൽ വീണ്ടും യഹോവയോടു നിലവിളിച്ചുതുടങ്ങുമ്പോൾ അവൻ പ്രവാചകിയായ ദെബോരായുടെ ശക്തമായ പിന്തുണയോടെ ബാരാക്ക് ന്യായാധിപനെ എഴുന്നേൽപ്പിക്കുന്നു. ബാരാക്കിനും അവന്റെ സൈന്യത്തിനും വമ്പുപറയാൻ കാരണമില്ലാതിരിക്കേണ്ടതിനു യുദ്ധം യഹോവയുടെ മാർഗനിർദേശത്തിലായിരിക്കുമെന്നു ദെബോരാ അറിയിക്കുന്നു. “യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏല്പിച്ചുകൊടുക്കും” എന്ന് അവൾ പ്രവചിക്കുന്നു. (4:9) ബാരാക്ക് നഫ്താലിയുടെയും സെബുലൂന്റെയും ആൾക്കാരെ താബോർ പർവതത്തിൽ വിളിച്ചുകൂട്ടുന്നു. പിന്നീട് 10,000 പേരടങ്ങുന്ന അവന്റെ സൈന്യം യുദ്ധം ചെയ്യാൻ ഇറങ്ങുന്നു. ശക്തമായ വിശ്വാസം അന്നു വിജയംനേടുന്നു. കീശോൻതാഴ്വരയിൽ “യഹോവ സീസെരയെയും അവന്റെ സകല രഥങ്ങളെയും സൈന്യത്തെയും” ഒരു മിന്നൽപ്രളയത്തിൽ ആഴ്ത്തിക്കൊണ്ടു കുഴപ്പത്തിലാക്കിത്തുടങ്ങുന്നു. “ഒരുത്തനും ശേഷിച്ചില്ല.” (4:15, 16) കേന്യനായ ഹേബെരിന്റെ ഭാര്യയായ യായേലിന്റെ കൂടാരത്തിലേക്കു സീസെര ഓടുന്നു. അവൾ സീസെരയുടെ തലയിൽ ഒരു കൂടാരക്കുററി അടിച്ചിറക്കി സംഹാരം പാരമ്യത്തിലെത്തിക്കുന്നു. “ഇങ്ങനെ ദൈവം അന്നു . . . യാബീനെ . . . കീഴടക്കി.” (4:23) ദെബോരായും ബാരാക്കും ഗീതംപാടി ആഹ്ലാദിക്കുന്നു, നക്ഷത്രങ്ങൾപോലും അവയുടെ ഭ്രമണപഥങ്ങളിൽനിന്നു സീസെരയ്ക്കെതിരെ പോരാടാനിടയാക്കിയ യഹോവയുടെ അജയ്യശക്തിയെ പുകഴ്ത്തിക്കൊണ്ടുതന്നെ. സത്യമായി ഇതു “യഹോവയെ വാഴ്ത്തു”ന്നതിനുളള ഒരു സമയമാണ്! (5:2) തുടർന്നു സമാധാനത്തിന്റെ നാൽപ്പതു വർഷങ്ങൾ വരുന്നു.
14, 15. യഹോവയുടെ പിന്തുണയുടെ ഏത് അടയാളം ഗിദെയോനു ലഭിക്കുന്നു, മിദ്യാന്യരുടെ അന്തിമ കീഴടക്കലിൽ ഈ പിന്തുണ കൂടുതലായി ദൃഢീകരിക്കപ്പെടുന്നത് എങ്ങനെ?
14 ഗിദെയോൻ ന്യായാധിപൻ (6:1-9:57). ഇസ്രായേൽപുത്രൻമാർ വീണ്ടും വഷളത്തം പ്രവർത്തിക്കുന്നു, കവർച്ചക്കാരായ മിദ്യാന്യരാൽ ദേശം നശിപ്പിക്കപ്പെടുന്നു. യഹോവ തന്റെ ദൂതൻ മുഖേന ഗിദെയോനെ ന്യായാധിപനായി നിയോഗിക്കുന്നു. യഹോവതന്നെ “ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന വാക്കുകളോടെ ഉറപ്പുകൂട്ടുന്നു. (6:16) ഗിദെയോന്റെ ആദ്യത്തെ ധീരപ്രവൃത്തി തന്റെ സ്വന്ത നഗരത്തിലെ ബാലിന്റെ യാഗപീഠം തകർക്കുകയെന്നതാണ്. സംയുക്ത ശത്രുസൈന്യങ്ങൾ ഇപ്പോൾ യിസ്രെയേലിലേക്കു കടക്കുന്നു. ഇസ്രായേലിനെ കൂട്ടിവരുത്തുമ്പോൾ ‘യഹോവയുടെ ആത്മാവ് ഗിദെയോനെ ആവരണംചെയ്യുന്നു.’ (6:34, NW) രോമമുളള ഒരു തോൽ മെതിക്കളത്തിൽ തറയിലെ മഞ്ഞിൽ തുറന്നിടുന്ന ഒരു പരീക്ഷണത്താൽ ഗിദെയോൻ ദൈവം തന്നോടുകൂടെ ഉണ്ടെന്നുളളതിന് ഇരുമടങ്ങായ ഒരു അടയാളം സ്വീകരിക്കുന്നു.
15 32,000 വരുന്ന ഗിദെയോന്റെ സൈന്യം വളരെ വലുതാണെന്നും വലിപ്പം വിജയത്തെക്കുറിച്ചു മാനുഷികമായ വീമ്പിനു കാരണമാക്കിയേക്കാമെന്നും യഹോവ ഗിദെയോനോടു പറയുന്നു. ഭയമുളളവരെ ആദ്യംതന്നെ വീട്ടിലേക്കയയ്ക്കുന്നു, 10,000 പേർ ശേഷിക്കുന്നു. (ന്യായാ. 7:3; ആവ. 20:8) പിന്നീടു വെളളംകുടി പരീക്ഷയിൽ ഉണർവും ജാഗ്രതയുമുളള 300 പേരൊഴിച്ച് എല്ലാവരും ഒഴിവാക്കപ്പെടുന്നു. ഗിദെയോൻ രാത്രിയിൽ മിദ്യാന്യപാളയത്തിൽ രഹസ്യാന്വേഷണം നടത്തുന്നു, “ഇതു ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറെറാന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്ന അർഥമുളളതായ ഒരു സ്വപ്നം ഒരു മനുഷ്യൻ വ്യാഖ്യാനിക്കുന്നതു കേൾക്കുമ്പോൾ വീണ്ടും അവന് ഉറപ്പുകിട്ടുന്നു. (ന്യായാ. 7:14) ഗിദെയോൻ ദൈവത്തെ ആരാധിക്കുന്നു, അനന്തരം തന്റെ ആളുകളെ മിദ്യാന്യപാളയത്തിനു ചുററും മൂന്നു കൂട്ടങ്ങളായി നിർത്തുന്നു. കാഹളമൂത്ത്, വലിയ ജലകുംഭങ്ങളുടെ ഉടയ്ക്കൽ, പന്തങ്ങളുടെ ആളിക്കത്തൽ എന്നിവയാലും “യഹോവക്കും ഗിദെയോനുംവേണ്ടി വാൾ” എന്ന് ഗിദെയോന്റെ 300 പേർ ഇടുന്ന ആർപ്പിനാലും രാത്രിയുടെ നിശ്ശബ്ദത പെട്ടെന്നു ഭേദിക്കപ്പെടുന്നു. (7:20) ശത്രുപാളയം സംഭ്രമത്തിലാകുന്നു. ആളുകൾ പരസ്പരം പൊരുതുകയും ഓട്ടമിടുകയും ചെയ്യുന്നു. അവരെ സംഹരിച്ചുകൊണ്ടും അവരുടെ പ്രഭുക്കൻമാരെ കൊന്നുകൊണ്ടും ഇസ്രായേൽ പിന്തുടരുന്നു. ഇസ്രായേൽജനം ഇപ്പോൾ തങ്ങളുടെമേൽ ഭരിക്കാൻ ഗിദെയോനോട് ആവശ്യപ്പെടുന്നു, എന്നാൽ “യഹോവയത്രേ നിങ്ങളുടെ രാജാവു” എന്നു പറഞ്ഞുകൊണ്ട് അവൻ വിസമ്മതിക്കുന്നു. (8:23) എന്നിരുന്നാലും, അവൻ യുദ്ധക്കൊളളയിൽനിന്ന് ഒരു എഫോദ് ഉണ്ടാക്കുന്നു, അതു പിൽക്കാലത്ത് അമിതമായി പൂജിക്കപ്പെടാനിടയാകുകയും തന്നിമിത്തം ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായിത്തീരുകയും ചെയ്യുന്നു. ഗിദെയോന്റെ ന്യായാധിപത്യകാലത്തു ദേശത്തിനു 40 വർഷം സ്വസ്ഥത ലഭിക്കുന്നു.
16. അധികാരത്തിന്റെ അപഹാരിയായ അബീമേലെക്കിന് എന്തു നാശം ഭവിക്കുന്നു?
16 ഗിദെയോന് ഒരു വെപ്പാട്ടിയിൽ ജനിച്ച പുത്രൻമാരിലൊരാളായ അബീമേലെക്ക് ഗിദെയോന്റെ മരണശേഷം അധികാരം പിടിച്ചെടുക്കുന്നു. അയാൾ തന്റെ 70 അർധസഹോദരൻമാരെ കൊലചെയ്യുന്നു. ഗിദെയോന്റെ ഏററവും ഇളയ മകനായ യോഥാം മാത്രമാണു രക്ഷപ്പെടുന്നത്. അവൻ ഗെരിസീംപർവതമുകളിൽനിന്ന് അബീമേലെക്കിന്റെ നാശം പ്രഖ്യാപിക്കുന്നു. വൃക്ഷങ്ങളെക്കുറിച്ചുളള ഈ ഉപമയിൽ അബീമേലെക്കിന്റെ “രാജത്വ”ത്തെ അവൻ നിസ്സാരമായ ഒരു മുൾച്ചെടിയോട് ഉപമിക്കുന്നു. അബീമേലെക്ക് താമസിയാതെ ശേഖേമിലെ ആഭ്യന്തരകലാപത്തിൽ അകപ്പെടുന്നു, തേബെസ്ഗോപുരത്തിൽനിന്നു നേരിട്ട് ഒരു തിരികല്ല് എറിഞ്ഞ് അവന്റെ തലയോടു തകർത്ത ഒരു സ്ത്രീയാൽ കൊല്ലപ്പെടുകവഴി മരണത്തിൽ അപമാനിതനാകുകയും ചെയ്യുന്നു.—ന്യായാ. 9:53; 2 ശമൂ. 11:21.
17. ന്യായാധിപൻമാരായ തോലയെയും യായീരിനെയും കുറിച്ചു രേഖ എന്തു പറയുന്നു?
17 തോലാ, യായീർ എന്നീ ന്യായാധിപൻമാർ (10:1-5). അടുത്തതായി യഹോവയുടെ കയ്യാൽ വിടുതലേകുന്നത് ഇവരാണ്, യഥാക്രമം 23-ഉം 22-ഉം വർഷം ന്യായപാലനം ചെയ്തുകൊണ്ടുതന്നെ.
18. (എ) യിഫ്താഹ് എന്തു വിടുതൽ കൈവരുത്തുന്നു? (ബി) യഹോവയോടുളള ഏതു പ്രതിജ്ഞ യിഫ്താഹ് വിശ്വസ്തമായി നിറവേററുന്നു? എങ്ങനെ?
18 യിഫ്താഹ് ന്യായാധിപൻ (10:6-12:7). ഇസ്രായേൽ വിഗ്രഹാരാധനയിലേക്കു തിരിയുന്നതിൽ തുടരുന്നതോടെ യഹോവയുടെ കോപം വീണ്ടും ജനതക്കെതിരെ ജ്വലിക്കുന്നു. ജനം ഇപ്പോൾ അമ്മോന്യരുടെയും ഫെലിസ്ത്യരുടെയും പീഡനം അനുഭവിക്കുന്നു. പോരാട്ടത്തിൽ ഇസ്രായേലിനെ നയിക്കുന്നതിനു യിഫ്താഹ് പ്രവാസത്തിൽനിന്നു വിളിച്ചുവരുത്തപ്പെടുന്നു. എന്നാൽ ഈ വിവാദത്തിൽ ആരാണു യഥാർഥ ന്യായാധിപൻ? യിഫ്താഹിന്റെ സ്വന്തം വാക്കുകൾ ഉത്തരം നൽകുന്നു: “ന്യായാധിപനായ യഹോവ ഇന്നു യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.” (11:27) യഹോവയുടെ ആത്മാവ് ഇപ്പോൾ യിഫ്താഹിന്റെമേൽ വരുമ്പോൾ, അവൻ അമ്മോനിൽനിന്നു സമാധാനത്തോടെ മടങ്ങിയാൽ തന്നെ എതിരേൽക്കുന്നതിനു തന്റെ വീട്ടിൽനിന്ന് ആദ്യം പുറത്തുവരുന്നയാളെ താൻ യഹോവക്ക് അർപ്പിക്കുമെന്നു പ്രതിജ്ഞചെയ്യുന്നു. യിഫ്താഹ് വലിയ ഒരു സംഹാരത്തോടെ അമ്മോനെ കീഴടക്കുന്നു. അവൻ മിസ്പയിൽ തന്റെ ഭവനത്തിലേക്കു മടങ്ങിവരുമ്പോൾ യഹോവയുടെ വിജയത്തിന്റെ സന്തോഷത്തോടെ അവനെ എതിരേൽക്കാൻ ആദ്യം ഓടിവരുന്നത് സ്വന്തം പുത്രിയാണ്. യിഫ്താഹ് തന്റെ പ്രതിജ്ഞ നിറവേററുന്നു, ബാലിന്റെ കർമാനുഷ്ഠാനമനുസരിച്ചുളള ഒരു പുറജാതീയ നരബലിയാലല്ല, പിന്നെയോ യഹോവയുടെ സ്തുതിക്കായി അവന്റെ ആലയത്തിലെ സമ്പൂർണമായ സേവനത്തിന് ഈ ഏകപുത്രിയെ അർപ്പിച്ചുകൊണ്ടുതന്നെ.
19. ഏതു സംഭവങ്ങൾ “ശിബോലെത്ത്” പരീക്ഷയിലേക്കു നയിക്കുന്നു?
19 ഇപ്പോൾ എഫ്രയീമിലെ ആളുകൾ അമ്മോനെതിരായി പൊരുതാൻ തങ്ങളെ വിളിച്ചില്ലെന്നു പറഞ്ഞു പ്രതിഷേധിക്കുന്നു. അവർ യിഫ്താഹിനെ ഭീഷണിപ്പെടുത്തുന്നു, അവരെ പിറകോട്ടോടിക്കാൻ അവൻ നിർബന്ധിതനായിത്തീരുന്നു. എല്ലാംകൂടി 42,000 എഫ്രയീമ്യർ സംഹരിക്കപ്പെടുന്നു, അനേകരും “ശിബോലെത്ത്” എന്ന പരീക്ഷണപദം ശരിയായി ഉച്ചരിക്കുന്നതിലുളള പരാജയത്താൽ തിരിച്ചറിയപ്പെട്ടിടമായ യോർദാൻകടവുകളിൽ. യിഫ്താഹ് ആറു വർഷം ഇസ്രായേലിനു ന്യായപാലനം ചെയ്യുന്നതിൽ തുടരുന്നു.—12:6.
20. അടുത്തതായി വേറെ ഏതു മൂന്നു ന്യായാധിപൻമാരെക്കുറിച്ചു പറയുന്നു?
20 ഇബ്സാൻ, ഏലോൻ, അബ്ദോൻ എന്നീ ന്യായാധിപൻമാർ (12:8-15). ഇവരെക്കുറിച്ച് അധികമൊന്നും പറയുന്നില്ലെങ്കിലും, അവരുടെ ന്യായപാലന കാലങ്ങൾ യഥാക്രമം ഏഴും പത്തും എട്ടും വർഷമാണെന്നു പ്രസ്താവിക്കപ്പെടുന്നു.
21, 22. (എ) ശിംശോൻ ഏതു വീര്യപ്രവൃത്തികൾ ചെയ്യുന്നു, ഏതു ശക്തിയാൽ? (ബി) ഫെലിസ്ത്യർ ശിംശോനെ കീഴ്പ്പെടുത്തുന്നത് എങ്ങനെ? (സി) ഏതു സംഭവങ്ങൾ ശിംശോന്റെ ഏററവും വലിയ അസാധാരണ കൃത്യത്തിൽ കലാശിക്കുന്നു, ഈ നാഴികയിൽ ആർ അവനെ ഓർക്കുന്നു?
21 ശിംശോൻ ന്യായാധിപൻ (13:1-16:31). ഇസ്രായേൽ ഒരിക്കൽകൂടെ ഫെലിസ്ത്യർക്കു ബന്ദികളായിത്തീരുന്നു. ഈ പ്രാവശ്യം യഹോവ ന്യായാധിപനായി എഴുന്നേൽപ്പിക്കുന്നതു ശിംശോനെയാണ്. അവന്റെ മാതാപിതാക്കൾ അവനെ ജനനംമുതൽ ഒരു നാസീറായി അർപ്പിക്കുന്നു. ഇത് അവന്റെ മുടിയിൽ ഒരിക്കലും കത്തിവെക്കാൻപാടില്ലെന്ന് ആവശ്യപ്പെടുന്നു. വളർന്നുവരവേ അവനെ യഹോവ അനുഗ്രഹിക്കുന്നു. കാലക്രമത്തിൽ ‘യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചുതുടങ്ങുന്നു.’ (13:25) അവന്റെ ശക്തിയുടെ രഹസ്യം സ്ഥിതിചെയ്യുന്നതു മാനുഷിക പേശീബലത്തിലല്ല, പിന്നെയോ യഹോവ നൽകുന്ന ശക്തിയിലാണ്. ‘യഹോവയുടെ ആത്മാവ് ശിംശോന്റെമേൽ പ്രവർത്തനനിരത’മായപ്പോഴാണു വെറുംകയ്യോടെ ഒരു സിംഹത്തെ കൊല്ലാനും പിന്നീടു ഫെലിസ്ത്യരിൽ 30 പേരെ വധിച്ചുകൊണ്ട് അവരുടെ വഞ്ചനക്കു പകരംവീട്ടാനും അവൻ ശക്തനാക്കപ്പെടുന്നത്. (14: 6, 19, NW) ഒരു ഫെലിസ്ത്യപെൺകുട്ടിയുമായുളള വിവാഹവാഗ്ദാനത്തോടുളള ബന്ധത്തിൽ ഫെലിസ്ത്യർ വഞ്ചനാപരമായി പ്രവർത്തിക്കുന്നതിൽ തുടരുമ്പോൾ ശിംശോൻ 300 കുറുക്കൻമാരെ പിടിച്ചു വാലോടു വാൽ കെട്ടി അവയ്ക്കിടയിൽ പന്തങ്ങൾ വെച്ച് ഫെലിസ്ത്യരുടെ വയലുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോപ്പുകളും ചുട്ടെരിക്കുന്നതിന് അയയ്ക്കുന്നു. പിന്നീട് അവൻ “തുടകളുടെമേൽ കാലുകൾ കൂനകൂട്ടിക്കൊണ്ട്” ഫെലിസ്ത്യരുടെ ഒരു വലിയ സംഹാരം പൂർത്തിയാക്കുന്നു. (15:8, NW) ഫെലിസ്ത്യർ ശിംശോനെ കെട്ടി തങ്ങളെ ഏല്പിക്കാൻ അവന്റെ സഹ ഇസ്രായേല്യരായ യഹൂദയിലെ പുരുഷൻമാരെ വശീകരിക്കുന്നു. എന്നാൽ വീണ്ടും ‘യഹോവയുടെ ആത്മാവ് അവന്റെമേൽ വരുന്നു,’ അവന്റെ വിലങ്ങുകൾ കൈകളിൽനിന്ന് ഉരുകിമാറുന്നു എന്നുതന്നെ പറയട്ടെ. ശിംശോൻ ആയിരം ഫെലിസ്ത്യരെ വധിക്കുന്നു—“കുന്നു ഒന്നു, കുന്നു രണ്ടു!” (15:14-16) അവന്റെ നശീകരണായുധമോ? ഒരു കഴുതയുടെ പച്ച താടിയെല്ല്. യുദ്ധരംഗത്ത് ഒരു അത്ഭുതകരമായ നീരുറവു പൊട്ടിപ്പുറപ്പെടാനിടയാക്കിക്കൊണ്ടു യഹോവ തന്റെ ക്ഷീണിതനായ ദാസനെ ഉൻമേഷവാനാക്കുന്നു.
22 പിന്നെ ശിംശോൻ ഗസ്സയിലെ ഒരു വേശ്യയുടെ വീട്ടിൽ ഒരു രാത്രി താമസിക്കുന്നു, അവിടെ ഫെലിസ്ത്യർ അവനെ ഒതുക്കത്തിൽ വളയുന്നു. എന്നിരുന്നാലും, അവൻ അർധരാത്രിയിൽ ഉണർന്ന് നഗരവാതിലിന്റെ കതകുകളും കട്ടിളക്കാലുകളും പറിച്ചെടുത്തു ഹെബ്രോന് എതിരെയുളള ഒരു പർവതമുകളിലേക്കുതന്നെ കൊണ്ടുപോകുമ്പോൾ യഹോവയുടെ ആത്മാവ് അവനോടുകൂടെ ഉണ്ടെന്നു തെളിയുന്നു. ഇതിനുശേഷം അവൻ വഞ്ചകിയായ ദലീലയുമായി സ്നേഹത്തിലാകുന്നു. ഫെലിസ്ത്യരുടെ ഒരു ചട്ടുകമായ അവൾ അവനെ അലട്ടിയിട്ട്, തന്റെ വലിയ ശക്തിയുടെ യഥാർഥ ഉറവ് തന്റെ നീണ്ട മുടിയാൽ പ്രതീകവൽക്കരിക്കപ്പെടുന്ന യഹോവയോടുളള തന്റെ നാസീർഭക്തിയാണെന്ന് അവൻ വെളിപ്പെടുത്തുന്നു. അവൻ ഉറങ്ങുമ്പോൾ അവൾ അവന്റെ മുടി കത്രിക്കുന്നു. യുദ്ധംചെയ്യുന്നതിന് ഈ പ്രാവശ്യം അവൻ ഉണരുന്നതു വ്യർഥമായിട്ടാണ്, കാരണം യഹോവ ‘അവനെ വിട്ടുപോയിരുന്നു.’ (16:20) ഫെലിസ്ത്യർ അവനെ കടന്നുപിടിച്ചു കണ്ണുകൾ തുരന്നെടുക്കുകയും തങ്ങളുടെ കാരാഗൃഹത്തിൽ ഒരു അടിമയായി മാവുപൊടിക്കാൻ ആക്കുകയും ചെയ്യുന്നു. തങ്ങളുടെ ദൈവമായ ദാഗോന്റെ ബഹുമതിക്കായുളള ഒരു വലിയ ഉത്സവത്തിനുളള സമയമാകുമ്പോൾ ഫെലിസ്ത്യർ തങ്ങളെ വിനോദിപ്പിക്കുന്നതിനുവേണ്ടി ശിംശോനെ പുറത്തു കൊണ്ടുവരുന്നു. അവന്റെ മുടി വീണ്ടും തഴച്ചുവളരുകയാണെന്നുളള വസ്തുതക്കു മൂല്യം കൽപ്പിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടു ദാഗോന്റെ ആരാധനക്കുവേണ്ടി ഉപയോഗിക്കുന്ന ക്ഷേത്രത്തിന്റെ രണ്ടു കൂററൻ തൂണുകൾക്കിടയിൽ നിൽക്കാൻ അവർ അവനെ അനുവദിക്കുന്നു. ശിംശോൻ, “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; . . . ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നൽകേണമേ” എന്നു യഹോവയെ വിളിച്ചപേക്ഷിക്കുന്നു. യഹോവ അവനെ ഓർക്കുകതന്നെ ചെയ്യുന്നു. ശിംശോൻ തൂണുകളിൽ പിടിച്ചുകൊണ്ടു ‘ശക്തിയോടെ’—യഹോവയുടെ ശക്തിയോടെ—‘കുനിയുന്നു, ക്ഷേത്രം വീഴുന്നതുനിമിത്തം ശിംശോൻ തന്റെ മരണസമയത്തു കൊല്ലുന്നവർ ജീവകാലത്തു കൊന്നവരെക്കാൾ കൂടുതലായിത്തീരുന്നു.’—16:28-30.
23. ഏതു സംഭവങ്ങൾ 17 മുതൽ 21 വരെയുളള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നു, അവ എപ്പോൾ സംഭവിച്ചു?
23 നാം ഇപ്പോൾ 17 മുതൽ 21 വരെയുളള അധ്യായങ്ങളിലേക്കു വരുന്നു, അവ ഈ കാലത്ത് ഇസ്രായേലിനെ അസന്തുഷ്ടമായി ബാധിക്കുന്ന ചില ആഭ്യന്തരകലാപങ്ങളെ വർണിക്കുന്നു. മോശയുടെയും അഹരോന്റെയും പൗത്രൻമാരായ യോനാഥാനും ഫീനെഹാസും അപ്പോഴും ജീവിക്കുന്നതായി പറയുന്നതിനാൽ ഈ സംഭവങ്ങൾ ന്യായാധിപൻമാരുടെ കാലഘട്ടത്തിന്റെ ആദ്യഭാഗത്തു സംഭവിക്കുന്നു.
24. ചില ദാന്യർ സ്വതന്ത്രമായ ഒരു മതം ഏർപ്പെടുത്തുന്നത് എങ്ങനെ?
24 മീഖായും ദാന്യരും (17:1-18:31). എഫ്രയീമിലെ ഒരു പുരുഷനായ മീഖാ തന്റെ സ്വന്തം സ്വതന്ത്ര മതസ്ഥാപനം, ഒരു കൊത്തപ്പെട്ട പ്രതിമയും ഒരു ലേവ്യപുരോഹിതനും സഹിതം ഒരു വിഗ്രഹാരാധനാപരമായ “ദേവമന്ദിരം,” സ്ഥാപിക്കുന്നു. (17:5) ദാൻഗോത്രക്കാർ വടക്ക് ഒരു അവകാശം തേടാൻ പോകുമ്പോൾ അങ്ങോട്ടടുക്കുന്നു. അവർ പുരോഹിതനെയും മീഖായുടെ മതസാമഗ്രികളെയും കൊളളയടിക്കുന്നു, അവർ വളരെ വടക്കോട്ട് ശങ്കയില്ലാത്ത ലായീശ് നഗരത്തെ നശിപ്പിക്കാൻ മാർച്ചുചെയ്യുന്നു. അതിന്റെ സ്ഥാനത്ത് അവർ തങ്ങളുടെ സ്വന്തം ദാൻനഗരം പണിയുകയും മീഖായുടെ വക കൊത്തപ്പെട്ട പ്രതിമ സ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങനെ, സത്യാരാധനക്കുളള യഹോവയുടെ മന്ദിരം ശീലോയിൽ തുടരുന്ന നാളുകളിലെല്ലാം അവർ സ്വതന്ത്രമായി തിരഞ്ഞെടുത്ത സ്വന്തം മതം അനുസരിക്കുന്നു.
25. ഇസ്രായേലിലെ ആഭ്യന്തരകലാപം ഗിബെയയിൽ എങ്ങനെ പാരമ്യത്തിലെത്തുന്നു?
25 ഗിബെയയിലെ ബെന്യാമീന്റെ പാപം (19:1-21:25). അടുത്തതായി രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണ്, “യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു” എന്ന ഹോശേയയുടെ പിൽക്കാല വാക്കുകൾ പറയാനിടയാക്കുന്നത്. (ഹോശേ. 10:9) തന്റെ വെപ്പാട്ടിയുമായി വീട്ടിലേക്കു മടങ്ങിപ്പോകുന്ന എഫ്രയീമിൽനിന്നുളള ഒരു ലേവ്യൻ ബെന്യാമീനിലെ ഗിബെയയിൽ പ്രായമുളള ഒരു മനുഷ്യനോടുകൂടെ രാപാർക്കുന്നു. നഗരത്തിലെ നീചൻമാർ ലേവ്യനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്നാവശ്യപ്പെട്ടുകൊണ്ടു വീടുവളയുന്നു. എന്നിരുന്നാലും, അവർ അവന്റെ വെപ്പാട്ടിയെ പകരം സ്വീകരിക്കുകയും അവളെ രാത്രിമുഴുവൻ ലൈംഗികമായി ദ്രോഹിക്കുകയും ചെയ്യുന്നു. രാവിലെ അവൾ ഉമ്മരപ്പടിക്കൽ മരിച്ചുകിടക്കുന്നതായി കാണപ്പെടുന്നു. ലേവ്യൻ അവളുടെ മൃതദേഹം വീട്ടിൽ കൊണ്ടുപോയി 12 കഷണങ്ങളായി നുറുക്കി സകല ഇസ്രായേലിലേക്കും അയച്ചുകൊടുക്കുന്നു. അങ്ങനെ 12 ഗോത്രങ്ങളും പരീക്ഷിക്കപ്പെടുന്നു. അവർ ഗിബെയയെ ശിക്ഷിച്ച് ഇസ്രായേലിൽനിന്ന് അധാർമികാവസ്ഥ നീക്കം ചെയ്യുമോ? ബെന്യാമീൻ ഈ ഹീന കുററകൃത്യം കണ്ടില്ലെന്നു നടിക്കുന്നു. മററു ഗോത്രങ്ങൾ മിസ്പയിൽ യഹോവയുടെ മുമ്പാകെ കൂടിവരുന്നു. അവിടെ ചീട്ടു വീഴുന്നതനുസരിച്ചു ഗിബെയയിൽ ബെന്യാമീന് എതിരെ കയറിപ്പോകാൻ അവർ തീരുമാനിക്കുന്നു. രക്തപങ്കിലമായ രണ്ടു പരാജയങ്ങൾക്കു ശേഷം മററു ഗോത്രങ്ങൾ ഒരു പതിയിരിപ്പിലൂടെ വിജയിക്കുകയും ബെന്യാമീൻ ഗോത്രത്തെ മിക്കവാറും നിർമൂലമാക്കുകയും ചെയ്യുന്നു. 600 പുരുഷൻമാർ മാത്രം രിമ്മോൻ പാറയിലേക്കു രക്ഷപ്പെടുന്നു. ഒരു ഗോത്രത്തെ ഛേദിച്ചുകളഞ്ഞതിൽ പിൽക്കാലത്ത് ഇസ്രായേൽ ഖേദിക്കുന്നു. അതിജീവിക്കുന്ന ബെന്യാമീന്യർക്കു യാബേശ്ഗിലെയാദിലെയും ശീലോയിലെയും പുത്രിമാരുടെ ഇടയിൽനിന്നു ഭാര്യമാരെ കൊടുക്കുന്നതിനുളള അവസരം കണ്ടെത്തുന്നു. ഇത് ഇസ്രായേലിലെ ശണ്ഠയുടെയും ഉപജാപത്തിന്റെയും രേഖയെ പര്യവസാനിപ്പിക്കുന്നു. ന്യായാധിപൻമാരുടെ സമാപനവാക്കുകൾ ആവർത്തിക്കുന്നതുപോലെ “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.”—ന്യായാ. 21:25.
എന്തുകൊണ്ടു പ്രയോജനപ്രദം
26. ന്യായാധിപൻമാരിലെ ഏതു ശക്തമായ മുന്നറിയിപ്പുകൾ ഈ നാളിലും ബാധകമാകുന്നു?
26 ന്യായാധിപൻമാരുടെ പുസ്തകം കേവലം കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും രേഖ മാത്രമല്ല, പിന്നെയോ അതു തന്റെ ജനത്തിന്റെ വലിയ വിമോചകനെന്ന നിലയിൽ യഹോവയെ പുകഴ്ത്തുന്നു. അവർ അനുതാപമുളള ഹൃദയത്തോടെ അവന്റെ അടുക്കലേക്കു വരുമ്പോൾ അവന്റെ അതുല്യമായ കരുണയും ദീർഘക്ഷമയും തന്റെ നാമജനത്തോടു പ്രകടമാക്കപ്പെടുന്നതെങ്ങനെയെന്ന് അതു പ്രകടമാക്കുന്നു. യഹോവയുടെ ആരാധനസംബന്ധിച്ച ന്യായാധിപൻമാരിലെ വളച്ചുകെട്ടില്ലാത്ത പ്രതിവാദത്തിലും ഭൂത-മതത്തിന്റെയും മിശ്രവിശ്വാസത്തിന്റെയും അസാൻമാർഗിക സഹവാസങ്ങളുടെയും മൗഢ്യം സംബന്ധിച്ച അതിലെ ശക്തമായ മുന്നറിയിപ്പുകളിലും അത് അത്യന്തം പ്രയോജനപ്രദമാണ്. ബാലാരാധന സംബന്ധിച്ച യഹോവയുടെ ശക്തമായ അപലപനം, ആധുനികനാളിലെ ഭൗതികത്വം, ദേശീയത്വം, ലൈംഗിക ദുർമാർഗം എന്നിങ്ങനെയുളള തത്തുല്യകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കണം.—2:11-18.
27. ന്യായാധിപൻമാരുടെ നല്ല ദൃഷ്ടാന്തത്തിൽനിന്ന് ഇന്നു നമുക്ക് എങ്ങനെ പ്രയോജനമനുഭവിക്കാവുന്നതാണ്?
27 ന്യായാധിപൻമാരുടെ നിർഭയവും ധീരവുമായ വിശ്വാസത്തിന്റെ ഒരു പരിശോധന നമ്മുടെ ഹൃദയങ്ങളിൽ സമാനമായ വിശ്വാസത്തെ ഉത്തേജിപ്പിക്കണം. എബ്രായർ 11:32-34-ൽ വളരെ തിളക്കമാർന്ന അംഗീകാരത്തോടെ അവരെക്കുറിച്ചു പറഞ്ഞിരിക്കുന്നത് അതിശയമല്ല! അവർ യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനായുളള പോരാളികളായിരുന്നു, എന്നാൽ തങ്ങളുടെ സ്വന്ത ശക്തിയിലല്ല. അവർ യഹോവയുടെ ആത്മാവ് എന്ന തങ്ങളുടെ ശക്തിയുടെ ഉറവ് അറിഞ്ഞിരുന്നു, അവർ വിനീതമായി അത് ഏററുപറഞ്ഞു. അതുപോലെതന്നെ, ബാരാക്കിനെയും ഗിദെയോനെയും യിഫ്താഹിനെയും ശിംശോനെയും മററുളളവരെയും ശക്തീകരിച്ചതുപോലെ നമ്മെയും ശക്തീകരിക്കുമെന്നുളള വിശ്വാസത്തോടെ ഇന്നു നമുക്കു ദൈവവചനമാകുന്ന ‘ആത്മാവിൻവാൾ’ എടുക്കാൻ കഴിയും. അതേ, നാം യഹോവയോടു പ്രാർഥിക്കുകയും അവനിൽ ഊന്നുകയും ചെയ്യുന്നുവെങ്കിൽ, യഹോവയുടെ ആത്മാവിന്റെ സഹായത്തോടെ ശക്തമായ പ്രതിബന്ധങ്ങളെ തരണംചെയ്യുന്നതിനു ശിംശോൻ ശാരീരികമായി ശക്തനായിരുന്നതുപോലെ, നമുക്ക് ആത്മീയമായി ശക്തരായിരിക്കാൻ കഴിയും.—എഫെ. 6:17, 18; ന്യായാ. 16:28.
28. ന്യായാധിപൻമാരുടെ പുസ്തകം രാജ്യസന്തതിമുഖാന്തരമുളള യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിലേക്കു വിരൽചൂണ്ടുന്നതെങ്ങനെ?
28 മിദ്യാന്റെ നാളുകളിൽ ചെയ്തതുപോലെ, തീർച്ചയായും യഹോവ തന്റെ ജനത്തിൻമേൽ ശത്രുക്കൾ വെക്കുന്ന നുകം താൻ തകർത്തുകളയുന്നത് എങ്ങനെയെന്നു കാണിക്കാൻ പ്രവാചകനായ യെശയ്യാവ് രണ്ടു സ്ഥലങ്ങളിൽ ന്യായാധിപൻമാരെ പരാമർശിക്കുന്നുണ്ട്. (യെശ. 9:4; 10:26) ഇതു ദെബോരായുടെയും ബാരാക്കിന്റെയും ഗീതത്തെയും നമ്മെ അനുസ്മരിപ്പിക്കുന്നു, അത് അവസാനിക്കുന്നത് ഈ തീക്ഷ്ണമായ പ്രാർഥനയോടെയാണ്: “യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ.” (ന്യായാ. 5:31) സ്നേഹിക്കുന്നവരായ ഇവർ ആരാണ്? അതു രാജ്യാവകാശികളാണെന്നു പ്രകടമാക്കിക്കൊണ്ടു യേശുക്രിസ്തുതന്നെ മത്തായി 13:43-ൽ സമാനമായ ഒരു പദപ്രയോഗം ഉപയോഗിച്ചു: “അന്നു നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” അങ്ങനെ, ന്യായാധിപൻമാരുടെ പുസ്തകം നീതിമാനായ ന്യായാധിപനും രാജ്യസന്തതിയുമായ യേശു അധികാരം പ്രയോഗിക്കുന്ന കാലത്തേക്കു വിരൽചൂണ്ടുന്നു. “മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ. കീശോൻ തോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ . . . അങ്ങനെ അവർ യഹോവ എന്നു നാമമുളള നീ മാത്രം സർവ്വ ഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്ന ദൈവത്തിന്റെ ശത്രുക്കളെസംബന്ധിച്ചുളള സങ്കീർത്തനക്കാരന്റെ പ്രാർഥനക്ക് അനുയോജ്യമായി യേശു മുഖാന്തരം യഹോവ തന്റെ നാമത്തിനു മഹത്ത്വവും വിശുദ്ധീകരണവും കൈവരുത്തും.—സങ്കീ. 83:9, 18; ന്യായാ. 5:20, 21.
[അടിക്കുറിപ്പുകൾ]
a പ്രവൃത്തികൾ 13:19-ലെ “ഏകദേശം നാനൂററമ്പതു സംവത്സരം” ന്യായാധിപൻമാരുടെ കാലഘട്ടത്തോട് ഒത്തുവരുന്നില്ലെന്നും മറിച്ച് അതിനു മുമ്പുമുതലുളളതാണെന്നും മിക്ക ആധുനിക വിവർത്തനങ്ങളും സാക്ഷ്യപ്പെടുത്തുന്നു; അവ പൊ.യു.മു. 1918-ലെ ഇസ്ഹാക്കിന്റെ ജനനംമുതൽ പൊ.യു.മു. 1467-ലെ വാഗ്ദത്തദേശത്തിന്റെ വിഭാഗിക്കൽ വരെയുളള കാലഘട്ടത്തെ ഉൾപ്പെടുത്തുന്നതായി തോന്നുന്നു. (തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 462) എബ്രായർ 11:32-ൽ ന്യായാധിപൻമാരെക്കുറിച്ചു പറഞ്ഞിരിക്കുന്ന ക്രമം ന്യായാധിപൻമാരുടെ പുസ്തകത്തിലേതിൽനിന്നു വ്യത്യസ്തമാണ്, എന്നാൽ ഈ വസ്തുത ന്യായാധിപൻമാരിലെ സംഭവങ്ങൾ കാലാനുക്രമത്തിലല്ലെന്ന് അവശ്യം സൂചിപ്പിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ തീർച്ചയായും ശമൂവേൽ ദാവീദിനു ശേഷമല്ല.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 228-9, 948.
[അധ്യയന ചോദ്യങ്ങൾ]