“അവർ ലോകത്തിന്റെ ഭാഗമല്ല”
അധ്യായം 21
“അവർ ലോകത്തിന്റെ ഭാഗമല്ല”
1. (എ) യേശു മരിക്കുന്നതിന്റെ തലേ രാത്രി അവൻ തന്റെ ശിഷ്യൻമാർക്കുവേണ്ടി എന്തു പ്രാർത്ഥിച്ചു? (ബി) “ലോകത്തിന്റെ ഭാഗ”മല്ലാതിരിക്കുന്നത് വളരെ പ്രധാനമായിരുന്നതെന്തുകൊണ്ട്?
1 യേശു സ്തംഭത്തിലേററപ്പെട്ടതിന്റെ തലേ രാത്രിയിൽ അവൻ തന്റെ ശിഷ്യൻമാർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. സാത്താൻ അവരെ ഭയങ്കര സമ്മർദ്ദത്തിനു വിധേയരാക്കുമെന്നറിഞ്ഞുകൊണ്ട് അവൻ തന്റെ പിതാവിനോടിങ്ങനെ പറഞ്ഞു: “ഞാൻ നിന്നോട് അപേക്ഷിക്കുന്നത് അവരെ ലോകത്തിൽ നിന്ന് എടുക്കാനല്ല, പിന്നെയോ ദുഷ്ടനായവൻ നിമിത്തം അവരെ കാത്തുസൂക്ഷിക്കാനാണ്. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 17:15,16) ലോകത്തിൽ നിന്നുളള വേർപാടു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സാത്താനാണ് അതിന്റെ ഭരണാധിപൻ. ലോകത്തിന്റെ ഭാഗമായിരിക്കുന്നവർ അവന്റെ നിയന്ത്രണത്തിൻ കീഴിലാണ്. (യോഹ. 14:30; 1 യോഹ. 5:19) ഇതിന്റെ വീക്ഷണത്തിൽ, ഏതൊരു ക്രിസ്ത്യാനിയും, “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്തെന്ന് മനസ്സിലാക്കുന്നത് മർമ്മപ്രധാനമാണ്. യേശുവിനെ സംബന്ധിച്ച് അതു സത്യമായിരുന്നതെങ്ങനെ?
2. യേശു ഏതു വിധങ്ങളിൽ “ലോകത്തിന്റെ ഭാഗമല്ലാ”യിരുന്നു?
2 തീർച്ചയായും യേശു മററുളളവരിൽ നിന്ന് തന്നേത്തന്നെ ഒററപ്പെടുത്തിയില്ല. അവൻ “ലോകത്തിന്റെ ഭാഗമല്ലാ”തിരുന്നതിന് മററുളളവരോട് അവനു സ്നേഹമില്ലായിരുന്നുവെന്നർത്ഥമില്ല. മറിച്ച്, അവൻ ദൈവരാജ്യത്തെക്കുറിച്ചുളള സുവാർത്ത മററുളളവരോടു പറഞ്ഞുകൊണ്ട് നഗരം തോറും പോയി. അവൻ രോഗികളെ സൗഖ്യമാക്കുകയും അന്ധർക്കു കാഴ്ച കൊടുക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്തു, മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവനെ കൊടുക്കുകപോലും ചെയ്തു. എന്നാൽ അവൻ ലോകത്തിന്റെ ആത്മാവു നിറഞ്ഞിരുന്ന ആളുകളുടെ ഭക്തികെട്ട മനോഭാവങ്ങളെയും ദുഷ്ടപ്രവൃത്തികളെയും സ്നേഹിച്ചില്ല. അവൻ അസാൻമാർഗ്ഗിക മോഹങ്ങൾക്കും ഒരു ഭൗതിക ജീവിതരീതിക്കും വ്യക്തിപരമായ പ്രാമുഖ്യതക്കുവേണ്ടിയുളള സ്വാർത്ഥപരമായ അത്യാർത്തിക്കും എതിരായി മുന്നറിയിപ്പുകൊടുത്തു. (മത്താ. 5:27,28; 6:19-21; ലൂക്കോ. 12:15-21; 20:46,47) യേശു ദൈവത്തിൽനിന്നന്യപ്പെട്ട ആളുകളുടെ ജീവിതരീതിയെ അനുകരിക്കുന്നതിനു പകരം യഹോവയുടെ വഴികളിൽ നടന്നു. (യോഹ. 8:28,29) റോമായും യഹൂദൻമാരും ഉൾപ്പെടുന്ന രാഷ്ട്രീയ വിവാദങ്ങൾ സംബന്ധിച്ച് യേശു പക്ഷം പിടിച്ചില്ല, അവൻ ഒരു യഹൂദനായിരുന്നിട്ടും.
“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല”
3. (എ) യേശുവിനെ സംബന്ധിച്ച് യഹൂദമതനേതാക്കൻമാർ പീലാത്തോസിനോട് എന്തു കുററാരോപണം നടത്തി, എന്തുകൊണ്ട്? (ബി) ഒരു മാനുഷരാജാവായിത്തീരാൻ യേശുവിന് താൽപ്പര്യമില്ലായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
3 എന്നിരുന്നാലും, യഹൂദൻമാരുടെ മതനേതാക്കൻമാർ യേശു അവരുടെ ദേശീയതാൽപ്പര്യങ്ങളെ അട്ടിമറിക്കുകയാണെന്ന് കുററപ്പെടുത്തി. അവർ അവനെ അറസ്ററു ചെയ്യിക്കുകയും റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിന്റെ അടുക്കലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. അവരെ യഥാർത്ഥത്തിൽ ശല്യപ്പെടുത്തിയത് യേശുവിന്റെ ഉപദേശം അവരുടെ കപടഭക്തിയെ തുറന്നുകാട്ടിയതായിരുന്നു. എന്നാൽ ഗവർണറെക്കൊണ്ടു നടപടി എടുപ്പിക്കാൻ അവർ ഈ കുററാരോപണം നടത്തി: “ഈ മനുഷ്യൻ നമ്മുടെ ജനതയെ മറിച്ചുകളയുന്നതായും കൈസറിന് നികുതികൾ കൊടുക്കുന്നതിനെ വിലക്കുന്നതായും ഇവൻ തന്നെ ഒരു രാജാവായ ക്രിസ്തു ആണെന്ന് പറയുന്നതായും ഞങ്ങൾ കണ്ടെത്തുകയുണ്ടായി.” (ലൂക്കോ. 23:2) ഒരു വർഷം മുമ്പ് ആളുകൾ യേശുവിനെ രാജാവാക്കാൻ ശ്രമിച്ചപ്പോൾ അവൻ നിരസിച്ചിരുന്നുവെന്നതാണ് വസ്തുത. (യോഹ. 6:15) താൻ ഒരു സ്വർഗ്ഗീയ രാജാവായിരിക്കേണ്ടതാണെന്നും താൻ രാജാവായിത്തീരാനുളള സമയം വന്നിരുന്നില്ലെന്നും താൻ സിംഹാസനസ്ഥനാക്കപ്പെടേണ്ടത് ജനാധിപത്യപരമോ ജനകീയമോ ആയ നടപടിയാലല്ല, പിന്നെയോ യഹോവയാം ദൈവത്താലാണെന്നും അവന് അറിയാമായിരുന്നു.
4. “കൈസർക്കു നികുതി കൊടുക്കുന്ന”തു സംബന്ധിച്ച് യേശുവിന്റെ മനോഭാവത്തെക്കുറിച്ചു വസ്തുതകൾ എന്തു വെളിപ്പെടുത്തുന്നു?
4 നികുതികൾ കൊടുക്കുന്നതു സംബന്ധിച്ചാണെങ്കിൽ, യേശുവിനെ അറസ്ററുചെയ്യുന്നതിന് വെറും മൂന്നു ദിവസം മുമ്പ്, ഈ സംഗതി സംബന്ധിച്ച് കുററം ചുമത്തുന്ന എന്തെങ്കിലും അവനെക്കൊണ്ടു പറയിക്കുന്നതിന് പരീശൻമാർ ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ കൗശലപൂർവ്വകമായ ചോദ്യത്തിനു മറുപടിയായി, യേശു “എന്നെ ഒരു ഡിനേറിയസ് (ഒരു റോമൻ നാണയം) കാണിക്കൂ. ഇതിൽ ആരുടെ പ്രതിരൂപവും ആലേഖനവുമാണുളളത്?” എന്ന് പറഞ്ഞിരുന്നു. “കൈസറുടേത്” എന്ന് അവർ പറഞ്ഞപ്പോൾ “അപ്പോൾ, തീർച്ചയായും, കൈസർക്കുളളവ കൈസർക്കും ദൈവത്തിനുളളവ ദൈവത്തിനും തിരികെ കൊടുക്കുക” എന്ന് അവൻ മറുപടി പറഞ്ഞു.—ലൂക്കോ. 20:20-25.
5. (എ) യേശുവിന്റെ അറസ്ററിന്റെ സമയത്ത് അവൻ തന്റെ ശിഷ്യൻമാരെ എന്തു പാഠം പഠിപ്പിച്ചു? (ബി) താൻ ചെയ്തിരുന്നതിന്റെ കാരണം യേശു പീലാത്തോസിനോടു വിശദീകരിച്ചതെങ്ങനെ?
5 യേശുവിന്റെ അറസ്ററിന്റെ സമയത്തുതന്നെ സംഭവിച്ചത് അവൻ റോമായിക്കെതിരെ മൽസരം ഇളക്കിവിടുകയായിരുന്നില്ലെന്നും, അവന്റെ ശിഷ്യൻമാർ അങ്ങനെ ചെയ്യാൻ അവൻ ആഗ്രഹിച്ചില്ലെന്നും പ്രകടമാക്കി. യേശുവിനെ പിടിക്കാൻ റോമാപടയാളികൾ വാളും വടിയുമേന്തിയ യഹൂദൻമാരുടെ കൂടെ വന്നെത്തി. (യോഹ. 18:3,12; മർക്കോ. 14:43) ഇതു കണ്ടുകൊണ്ട് അപ്പോസ്തലനായ പത്രോസ് ഒരു വാളൂരി ആൾക്കാരിൽ ഒരാളെ വെട്ടി അയാളുടെ വലതുചെവി ചെത്തിയിട്ടു. എന്നാൽ “നിന്റെ വാൾ അതിന്റെ സ്ഥാനത്തു തിരികെ ഇടുക, എന്തെന്നാൽ വാൾ എടുക്കുന്നവരെല്ലാം വാളാൽ നശിക്കും”എന്നു പറഞ്ഞുകൊണ്ട് യേശു പത്രോസിനെ ശാസിച്ചു. (മത്താ. 26:51,52) അടുത്ത ദിവസം രാവിലെ പീലാത്തോസിന്റെ മുമ്പാകെയായിരുന്നപ്പോൾ യേശു തന്റെ നടപടിയുടെ കാരണം വിശദീകരിച്ചു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞാൻ യഹൂദൻമാർക്ക് ഏൽപ്പിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം, അതായിരിക്കുന്നതുപോലെ ഈ ഉറവിൽനിന്നല്ല.”—യോഹ. 18:36.
6. ആ വിചാരണയുടെ ഫലം എന്തായിരുന്നു?
6 തെളിവു പരിഗണിച്ച ശേഷം, യേശുവിനെതിരായി ഉന്നയിക്കപ്പെട്ട “ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല” എന്ന് പീലാത്തോസ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, അവൻ ജനക്കൂട്ടത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങുകയും യേശുവിനെ സ്തംഭത്തിലേററിക്കുകയും ചെയ്തു.—ലൂക്കോ. 23:13-15; യോഹ. 19:12-16.
ശിഷ്യൻമാർ യജമാനന്റെ നേതൃത്വത്തെ പിന്തുടരുന്നു
7. തങ്ങൾ ലോകത്തിന്റെ ആത്മാവിനെ ഒഴിവാക്കിയെന്നും എന്നാൽ ആളുകളെ സ്നേഹിച്ചുവെന്നും ആദിമ ക്രിസ്ത്യാനികൾ എങ്ങനെ പ്രകടമാക്കി?
7 “ലോകത്തിന്റെ ഭാഗമല്ലാ“തിരിക്കുന്നതിന് തങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതെന്താണെന്ന് യേശുവിന്റെ ശിഷ്യൻമാർ മനസ്സിലാക്കിയെന്ന് ബൈബിളിലും മററു ചരിത്രകൃതികളിലുമുളള ആദിമക്രിസ്ത്യാനിത്വത്തിന്റെ രേഖ പ്രകടമാക്കുന്നു. അവർ ലോകത്തിന്റെ ആത്മാവിനെ ഒഴിവാക്കാൻ ശ്രമിച്ചു. അവർ റോമാ സർക്കസിലെയും തീയറററിലെയും അക്രമാസക്തവും അസാൻമാർഗ്ഗികവുമായ വിനോദത്തെ വർജ്ജിച്ചതുകൊണ്ട് അവർ മനുഷ്യവർഗ്ഗവിദ്വേഷികളെന്ന് പരിഹസിക്കപ്പെട്ടു. എന്നിരുന്നാലും തങ്ങളുടെ സമസൃഷ്ടികളെ അശേഷവും ദ്വേഷിക്കാതെ, രക്ഷക്കുവേണ്ടിയുളള ദൈവത്തിന്റെ സ്നേഹപുരസ്സരമായ കരുതലുകളിൽ നിന്ന് പ്രയോജനം നേടുന്നതിന് മററുളളവരെ സഹായിക്കാൻ അവർ തങ്ങളേത്തന്നെ ചെലവിടുകയാണുണ്ടായത്.
8. (എ) ആ ആദിമ ശിഷ്യൻമാർ “ലോകത്തിന്റെ ഭാഗമല്ലാ”തിരുന്നതുകൊണ്ട് അവർക്ക് എന്ത് അനുഭവപ്പെട്ടു? (ബി) എന്നാൽ അവർ രാഷ്ട്രീയഭരണകർത്താക്കളെയും നികുതികൊടുക്കലിനെയും എങ്ങനെ വീക്ഷിച്ചു, എന്തുകൊണ്ട്?
8 അവരുടെ യജമാനനെപ്പോലെ അവരും ഉഗ്രമായ പീഡനത്തിന്റെ ഇരകളായിരുന്നു, മിക്കപ്പോഴും തെററിദ്ധരിച്ച ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരുടെ കൈകളാൽ. (യോഹ. 15:18-20) എന്നാൽ പൊ.യു. 56-നോടടുത്ത് അപ്പോസ്തലനായ പൗലോസ്, യേശു കൊടുത്തിരുന്ന ബുദ്ധിയുപദേശത്തെ പരിപോഷിപ്പിച്ചുകൊണ്ട് റോമിലെ സഹക്രിസ്ത്യാനികൾക്കെഴുതി. രാഷ്ട്രീയഭരണാധികാരികളായ “ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കാ”ൻ പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു, എന്തുകൊണ്ടെന്നാൽ “ദൈവത്താലല്ലാതെ അധികാരമില്ല.” ലൗകികഗവൺമെൻറുകളെ യഹോവ സ്ഥാപിക്കുന്നുവെന്നല്ല, പിന്നെയോ അവ അവന്റെ അനുവാദത്താൽ ഭരിക്കുന്നു. അവ “ദൈവത്താൽ അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ നിലകൊളളുന്നു,” എന്തുകൊണ്ടെന്നാൽ അവ അധികാരത്തിൽ വരുന്ന ക്രമത്തെ ദൈവം മുൻകൂട്ടിക്കാണുകയും മുൻകൂട്ടിപ്പറയുകയും ചെയ്തു. തന്നിമിത്തം, “ശ്രേഷ്ഠാധികാരങ്ങൾ” യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവത്തിന്റെ സ്വന്തം രാജ്യം ഭൂമിയെ ഭരിക്കുന്ന ഏകഗവൺമെൻറ് ആയിത്തീരുന്നതുവരെ തൽക്കാലത്തേക്കുളള “ദൈവത്തിന്റെ ക്രമീകരണ”മായിരിക്കുന്നു. അതുകൊണ്ട്, ലൗകിക ഉദ്യോഗസ്ഥൻമാരോട് ഉചിതമായ ബഹുമാനം കാണിക്കാനും അവർ ചുമത്തുന്ന നികുതികൾ കൊടുക്കാനും പൗലോസ് ക്രിസ്ത്യാനികളെ ഉപദേശിച്ചു.—റോമ. 13:1-7; തീത്തോ. 3:1,2.
9. (എ) “ശ്രേഷ്ഠാധികാരങ്ങൾ”ക്കു കീഴ്പെട്ടിരിക്കുമ്പോൾ എന്ത് പരിഗണിക്കാതെ വിടാവുന്നതല്ല? (ബി) ആദിമ ക്രിസ്ത്യാനികൾ യേശുവിന്റെ ദൃഷ്ടാന്തം ശ്രദ്ധാപൂർവ്വം പിന്തുടർന്നുവെന്ന് ചരിത്രം പ്രകടമാക്കുന്നതെങ്ങനെ?
9 എന്നിരുന്നാലും, ദൈവത്തെയും ദൈവവചനത്തെയും തങ്ങളുടെ ക്രിസ്തീയ മനഃസാക്ഷിയെയും പരിഗണിക്കാതെ സമ്പൂർണ്ണമായി കീഴ്പ്പെട്ടിരിക്കാൻ പൗലോസ് അവരോടു പറഞ്ഞില്ല. യേശു യഹോവയെ മാത്രമേ ആരാധിച്ചിരുന്നുളളുവെന്നും ആളുകൾ തന്നെ രാജാവാക്കുന്നതിന് യേശു വിസമ്മതിച്ചിരുന്നുവെന്നും പത്രോസിന്റെ വാൾ മാററിക്കളയാൻ അവനോട് അവൻ പറഞ്ഞിരുന്നുവെന്നും അവർക്കറിയാമായിരുന്നു. അവർ മനഃസാക്ഷിപൂർവ്വം തങ്ങളുടെ യജമാനന്റെ നേതൃത്വത്തെ പിന്തുടർന്നു. നാഗരികത്വത്തലേക്കുളള വഴിയിൽ—ഒരു ലോകചരിത്രം (ഹെക്കലിന്റെയും സിഗ്മാന്റെയും, പേജ് 237,238) എന്ന പുസ്തകം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ക്രിസ്ത്യാനികൾ റോമാ പൗരൻമാരുടെ ചില കടമകളിൽ പങ്കുപററാൻ വിസമ്മതിച്ചു. ക്രിസ്ത്യാനികൾ പട്ടാളസേവനത്തിൽ പ്രവേശിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ലംഘനമാണെന്ന് . . . അവർ വിചാരിച്ചു. അവർ രാഷ്ട്രീയ ഉദ്യോഗം വഹിക്കുമായിരുന്നില്ല. അവർ ചക്രവർത്തിയെ ആരാധിക്കുമായിരുന്നില്ല.”
10. (എ) യരുശലേമിലെ ക്രിസ്ത്യാനികൾ പൊ.യു. 66-ൽ ആ നടപടി സ്വീകരിച്ചതെന്തുകൊണ്ട്? (ബി) അത് ഏതു വിധത്തിൽ ഒരു വിലപ്പെട്ട മാതൃക നൽകുന്നു?
10 യേശുവിന്റെ ശിഷ്യൻമാർ തങ്ങളുടെ നാളിലെ രാഷ്ട്രീയവും സൈനികവുമായ വിവാദങ്ങൾ സംബന്ധിച്ച് കർശനമായ നിഷ്പക്ഷത പാലിച്ചു. റോമാപ്രവിശ്യയായിരുന്ന യഹൂദ്യയിലെ യഹൂദൻമാർ പൊ.യു. 66-ാമാണ്ടിൽ കൈസറിനെതിരായി മൽസരിച്ചു. റോമൻ സൈന്യങ്ങൾ പെട്ടെന്ന് യരുശലേമിനെ വളഞ്ഞു. നഗരത്തിലെ ക്രിസ്ത്യാനികൾ എന്തു ചെയ്തു? നിഷ്പക്ഷരായി നിലകൊളളാനും യുദ്ധം ചെയ്യുന്ന സൈന്യങ്ങളുടെ ഇടയിൽനിന്ന് പുറത്തുകടക്കാനുമുളള യേശുവിന്റെ ബുദ്ധിയുപദേശം അവർ ഓർത്തു. റോമാസൈന്യം താൽക്കാലികമായി പിൻവാങ്ങിയപ്പോൾ ക്രിസ്ത്യാനികൾ അവസരത്തെ തക്കത്തിൽ ഉപയോഗിക്കുകയും യോർദ്ദാൻ നദികടന്ന് പെല്ലായിലെ പർവ്വതപ്രദേശത്തേക്ക് ഓടിപ്പോകുകയും ചെയ്തു. (ലൂക്കോ. 21:20-24) അവരുടെ നിഷ്പക്ഷതയിൽ അവർ പിൽക്കാല ക്രിസ്ത്യാനികൾക്ക് ഒരു വിശ്വസ്തമാതൃകയായി ഉതകി.
അന്ത്യകാലത്തെ ക്രിസ്തീയ നിഷ്പക്ഷർ
11. (എ) യഹോവയുടെ സാക്ഷികൾ ഏതു വേലയിൽ തിരക്കോടെ ഏർപ്പെടുന്നു, എന്തുകൊണ്ട്? (ബി) അവർ എന്തു സംബന്ധിച്ച് നിഷ്പക്ഷരാണ്?
11 പൊ.യു. 1914 മുതലുളള ഈ “അന്ത്യകാലത്ത്” ഏതെങ്കിലും സമൂഹം ആ ആദിമക്രിസ്ത്യാനികളെ അനുകരിച്ച് ക്രിസ്തീയനിഷ്പക്ഷതയുടെ ഒരു ഗതി പിന്തുടർന്നിട്ടുണ്ടെന്ന് ചരിത്രരേഖ പ്രകടമാക്കുന്നുവോ? ഉവ്വ്, യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്തിട്ടുണ്ട്. സർവ്വഭൂമിയിലുമുളള നീതിപ്രേമികൾക്ക് സമാധാനവും ഐശ്വര്യവും നിലനിൽക്കുന്ന സന്തുഷ്ടിയും കൈവരുക സാദ്ധ്യമാക്കുന്ന ഏക ഉപാധി ദൈവരാജ്യമാണെന്ന് പ്രസംഗിക്കുന്നതിൽ അവർ സർവ്വഭൂമിയിലും തിരക്കുളളവരായിരിക്കുന്നു. (മത്താ. 24:14) എന്നാൽ ജനതകളുടെ ഇടയിലെ വിവാദങ്ങൾ സംബന്ധിച്ച് അവർ കർശനമായ നിഷ്പക്ഷത പാലിച്ചിരിക്കുന്നു.
12. (എ) സാക്ഷികളുടെ നിഷ്പക്ഷത വൈദികരുടെ നടപടികളിൽ നിന്നു വ്യത്യസ്തമായിരിക്കുന്നതെങ്ങനെ? (ബി) രാഷ്ട്രീയം സംബന്ധിച്ച നിഷ്പക്ഷതയിൽ യഹോവയുടെ സാക്ഷികൾക്ക് എന്തുൾപ്പെടുന്നു?
12 ഇതിനു കടകവിരുദ്ധമായി, ക്രൈസ്തവലോകത്തിലെ വൈദികർ ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ വളരെയധികമായി ഉൾപ്പെടുന്നു. ചില രാജ്യങ്ങളിൽ അവർ സ്ഥാനാർത്ഥികൾക്കനുകൂലമായോ പ്രതികൂലമായോ സജീവമായി പ്രചാരണം നടത്തുന്നു. വൈദികരിൽ ചിലർ തന്നെ രാഷ്ട്രീയ ഉദ്യോഗം വഹിക്കുന്നു. മററു ചിലർ വൈദികർ അംഗീകരിക്കുന്ന പരിപാടികളെ അനുകൂലിക്കാൻ രാജ്യതന്ത്രജ്ഞൻമാരുടെമേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു. മററു ചിലടത്ത് “യാഥാസ്ഥിതിക” വൈദികർ അധികാരം കൈയാളുന്നവരുടെ അടുത്ത സഹകാരികളായിരിക്കെ, “പുരോഗമനവാദികളായ” പുരോഹിതൻമാരും ശുശ്രൂഷകൻമാരും അവരെ മറിച്ചിടാൻ ശ്രമിക്കുന്ന ഗറില്ലാപ്രസ്ഥാനങ്ങളെ പിന്തുണക്കുന്നു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ ഏതു രാജ്യത്തു ജീവിച്ചാലും അവർ രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല. ഒരു രാഷ്ട്രീയകക്ഷിയിൽ ചേരുന്നതോ സ്ഥാനം നേടാൻ ശ്രമിക്കുന്നതോ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതോ സംബന്ധിച്ച് മററുളളവർ ചെയ്യുന്നതിൽ അവർ ഇടപെടുന്നില്ല. എന്നാൽ തന്റെ ശിഷ്യൻമാർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുമെന്ന് യേശു പറഞ്ഞതുകൊണ്ട്, യഹോവയുടെ സാക്ഷികൾ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നില്ല.
13. യുദ്ധത്തിൽ ഏർപ്പെടുന്നതു സംബന്ധിച്ച്, യഹോവയുടെ സാക്ഷികളുടെ നിലപാട് എന്തായിരുന്നുവെന്ന് വസ്തുതകൾ പ്രകടമാക്കുന്നു?
13 യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഈ “അന്ത്യകാലത്ത്” രാഷ്ട്രങ്ങൾ ആവർത്തിച്ച് യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു. ജനതക്കുളളിലെ വിഭാഗങ്ങൾ പോലും അന്യോന്യം ആയുധമെടുത്തു പോരാടിയിരിക്കുന്നു. (മത്താ. 24:3,6,7) എന്നാൽ ഇതിന്റെയെല്ലാം മദ്ധ്യേ യഹോവയുടെ സാക്ഷികൾ എന്തു നില സ്വീകരിച്ചിരിക്കുന്നു? അങ്ങനെയുളള പോരാട്ടങ്ങൾ സംബന്ധിച്ച അവരുടെ നിഷ്പക്ഷത ലോകത്തിന്റെ എല്ലാഭാഗങ്ങളിലും സുപ്രസിദ്ധമാണ്. യേശുക്രിസ്തു സ്വീകരിച്ചതും പിന്നീടു അവന്റെ ആദിമ ശിഷ്യൻമാർ പ്രകടമാക്കിയതുമായ നിലപാടിനു ചേർച്ചയായി വീക്ഷാഗോപുരം അതിന്റെ 1939 നവംബർ 1-ലെ ലക്കത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “കർത്താവിന്റെ പക്ഷത്തുളള എല്ലാവരും യുദ്ധം ചെയ്യുന്ന രാഷ്ട്രങ്ങളോടുളള ബന്ധത്തിൽ നിഷ്പക്ഷരും, തികച്ചും മുഴുവനായും വലിയ ദിവ്യാധിപതിക്കും [യഹോവ] അവന്റെ രാജാവിനും [യേശുക്രിസ്തു] അനുകൂലവുമായിരിക്കും.” എല്ലാ രാഷ്ട്രങ്ങളിലും എല്ലാ സാഹചര്യങ്ങളിലുമുളള യഹോവയുടെ സാക്ഷികൾ ഈ നിലപാടിനോടു പററിനിൽക്കുന്നുവെന്ന് വസ്തുതകൾ പ്രകടമാക്കുന്നു. യഹോവയുടെ ആരാധകരെന്ന നിലയിലുളള അവരുടെ സാർവ്വദേശീയ സാഹോദര്യത്തെ തകർക്കാൻ അവർ ലോകത്തിലെ വിഭാഗീയ രാഷ്ട്രീയത്തെയും യുദ്ധങ്ങളെയും അനുവദിച്ചിട്ടില്ല.—യെശ. 2:3,4; 2 കൊരി. 10:3,4 താരതമ്യപ്പെടുത്തുക.
14. (എ) തങ്ങളുടെ നിഷ്പക്ഷ നിലപാടു നിമിത്തം സാക്ഷികൾ എന്തും കൂടെ ചെയ്യാൻ വിസമ്മതിച്ചിരിക്കുന്നു? (ബി) ഇതിന്റെ കാരണം അവർ വിശദീകരിക്കുന്നതെങ്ങനെ?
14 യഹോവയുടെ സാക്ഷികൾ മിലിട്ടറി യൂണിഫോമുകൾ ധരിക്കാനും ആയുധമേന്താനും വിസമ്മതിച്ചിരിക്കുന്നുവെന്നു മാത്രമല്ല, കഴിഞ്ഞ അര നൂററാണ്ടിലധികം കാലത്ത് അവർ യുദ്ധരഹിത സേവനവും പട്ടാളസേവനത്തിനു പകരമുളള മററു ജോലി നിയോഗങ്ങളും നിരസിച്ചിരിക്കുന്നുവെന്ന് ചരിത്രവസ്തുതകളുടെ ഒരു പരിശോധന പ്രകടമാക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിന്റെ വ്യവസ്ഥകൾ പഠിക്കുകയും അനന്തരം വ്യക്തിപരവും മനഃസാക്ഷിപൂർവ്വകവുമായ ഒരു തീരുമാനം എടുക്കുകയും ചെയ്തിരിക്കുന്നു. അവർ എന്തു ചെയ്യേണ്ടതാണെന്ന് ആരും അവരോടു പറയുന്നില്ല. മററുളളവർ ചെയ്യുവാനിഷ്ടപ്പെടുന്നതിൽ അവർ ഇടപെടുന്നതുമില്ല. എന്നാൽ അവരുടെ നില വിശദീകരിക്കാൻ ക്ഷണിക്കപ്പെടുമ്പോൾ, സമർപ്പണത്തിൽ തങ്ങളേത്തന്നെ ദൈവത്തിന് ഏൽപ്പിച്ചുകൊടുത്തിട്ടുളളവർ എന്ന നിലയിൽ അവർ തങ്ങളുടെ ശരീരങ്ങളെ അവന്റെ സേവനത്തിൽ ഉപയോഗിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നും ദൈവോദ്ദേശ്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഭൗമികയജമാനൻമാർക്ക് തങ്ങളേത്തന്നെ ഇപ്പോൾ വിട്ടുകൊടുക്കാനാവില്ലെന്നും യഹോവയുടെ സാക്ഷികൾ അറിയിച്ചിട്ടുണ്ട്.—റോമ. 6:12-14; 12:1,2; മീഖാ. 4:3.
15. (എ) ലോകത്തിൽ നിന്നുളള വേർപാട് നിലനിർത്തുക നിമിത്തം, യഹോവയുടെ സാക്ഷികൾക്ക് എന്ത് അനുഭവപ്പെട്ടിരിക്കുന്നു? (ബി) അവർ തടവിലാക്കപ്പെട്ടപ്പോൾ പോലും ക്രിസ്തീയ തത്വങ്ങൾ അവരെ നയിച്ചിരിക്കുന്നതെങ്ങനെ?
15 ഫലം യേശു പറഞ്ഞതുപോലെ തന്നെയാണ്: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് . . . ലോകം നിങ്ങളെ വെറുക്കുന്നു.”(യോഹ. 15:19) തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത ലംഘിക്കുകയില്ലാഞ്ഞതുകൊണ്ട് യഹോവയുടെ സാക്ഷികളിലനേകർ തുറുങ്കിലടക്കപ്പെട്ടിട്ടുണ്ട്. ചിലർ ക്രൂരമായ പെരുമാററത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ട്, മരണത്തോളം പോലും. മററുചിലർ തടവുവാസത്തിന്റെ വർഷങ്ങളിൽ തങ്ങളുടെ നിഷ്പക്ഷത പ്രകടമാക്കുന്നതിൽ തുടർന്നിരിക്കുന്നു. ആഷ്വിററ്സിലെ മൂല്യങ്ങളും അക്രമവും (അന്നാ പാവൽഷിൻസ്ക്കായാൽ വിരചിതം, പേജ് 89) എന്ന പുസ്തകം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “യാതൊരു യഹോവയുടെ സാക്ഷിയും [തടങ്കൽപാളയങ്ങളിലെ] തന്റെ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും വിപരീതമായ ഒരു കൽപ്പനയോ മറെറാരാൾക്കെതിരായ ഏതെങ്കിലും പ്രവർത്തനമോ—അയാൾ ഒരു കൊലപാതകിയോ ഒരു രഹസ്യ പോലീസുദ്യോഗസ്ഥനോ ആയിരുന്നാലും—നിർവ്വഹിക്കുകയില്ലെന്ന് എല്ലാവർക്കുമറിയാമായിരുന്നു. മറിച്ച്, ധാർമ്മികമായി തനിക്ക് നിഷ്പക്ഷമെങ്കിൽ മററ് ഏതൊരു ജോലിയും, ഏററവും ഹീനമെങ്കിൽപോലും, തന്റെ കഴിവിന്റെ പരമാവധി നിർവ്വഹിക്കുമായിരുന്നു.”
16. (എ) സകല രാഷ്ട്രങ്ങളും എന്തിലേക്ക് മാർച്ചു ചെയ്യുന്നു, തന്നിമിത്തം യഹോവയുടെ സാക്ഷികൾ എന്ത് ഒഴിവാക്കാൻ ശ്രദ്ധിക്കുന്നു? (ബി) അപ്പോൾ, ലോകത്തിൽ നിന്നുളള വേർപാട് വളരെ ഗൗരവമുളള സംഗതി ആയിരിക്കുന്നതെന്തുകൊണ്ട്?
16 സകല രാഷ്ട്രങ്ങളും അർമ്മഗെദ്ദോനിലെ, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിലേക്ക് മാർച്ചു ചെയ്യുകയാണെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. ഒരു ഏകീകൃത ജനമെന്ന നിലയിൽ, യഹോവയുടെ ദാസൻമാർ അവന്റെ മശിഹൈകരാജ്യത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചിരിക്കുന്നു. തന്നിമിത്തം, ആ രാജ്യത്തിനെതിരായ ഒരു നിലപാടിലേക്ക് തന്ത്രപൂർവ്വം നയിക്കപ്പെടാൻ തങ്ങളേത്തന്നെ അനുവദിക്കുന്നതൊഴിവാക്കാൻ അവർ ശ്രദ്ധിക്കുന്നു. (വെളി. 16:14,16; 19:11-21) തന്റെ യഥാർത്ഥ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന യേശുവിന്റെ പ്രസ്താവനയുടെ ഗൗരവം അവർ വിലയിരുത്തുന്നുണ്ട്. ഈ പഴയ ലോകം പെട്ടെന്നു നീങ്ങിപ്പോകുമെന്നും ദൈവത്തിന്റെ ഇഷ്ടം യഥാർത്ഥമായി ചെയ്യുന്നവർ മാത്രമേ എന്നേക്കും നിലനിൽക്കുകയുളളുവെന്നും അവർക്കറിയാം.—1 യോഹ. 2:15-17.
പുനരവലോകന ചർച്ച
● “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നുവെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
● ആദിമ ക്രിസ്ത്യാനികൾക്ക് (1) ലോകത്തിന്റെ ആത്മാവിനോടും (2) ലൗകികഭരണാധിപൻമാരോടും നികുതികൊടുക്കലിനോടും (3) പട്ടാളസേവനത്തോടുമുണ്ടായിരുന്ന മനോഭാവത്തെ സൂചിപ്പിക്കുന്നതെന്ത്?
● യഹോവയുടെ സാക്ഷികൾ ആധുനിക കാലങ്ങളിൽ തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷതക്ക് തെളിവു നൽകിയിരിക്കുന്നത് ഏതു വിധങ്ങളിൽ?
[അധ്യയന ചോദ്യങ്ങൾ]