ആരാധനയിലെ ഐക്യം—അത് നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു?
അധ്യായം 1
ആരാധനയിലെ ഐക്യം—അത് നങ്ങൾക്ക് എന്തർത്ഥമാക്കുന്നു?
1, 2. (എ) നമ്മുടെ നാളിൽ ആരാധനയിലെ യഥാർത്ഥ ഐക്യം എന്തടിസ്ഥാനത്തിലാണ് കൈവരുത്തപ്പെട്ടുകൊണ്ടിരിക്കുന്നത്? (ബി) സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ബൈബിൾ എങ്ങനെയാണ് വർണ്ണിക്കുന്നത്?
1 ഗോളത്തിനു ചുററും ആരാധനയിലെ ഐക്യത്തിലേക്കുളള ഒരു പുളകപ്രദമായ നീക്കമുണ്ട്. അതു സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും പെട്ട ആളുകളെ കൂട്ടിവരുത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ ഐക്യം വിശ്വാസങ്ങളിൽ വരുത്തിയ ഏതെങ്കിലും വിട്ടുവീഴ്ചയുടെ ഫലമല്ല. അതു ദൈവവചനത്തിനു വിരുദ്ധമായ ജീവിതരീതികളെ വിമർശിക്കുന്നതിൽ നിന്ന് അവർ ഒഴിഞ്ഞുനിൽക്കുന്നതിനാലല്ല നേടിക്കൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ അതിന്റെ പിമ്പിലുളള കാരണമെന്താണ്? എല്ലാ പശ്ചാത്തലങ്ങളിലുമുളള ആളുകൾ ഏകസത്യദൈവമെന്നനിലയിൽ യഹോവയെ അറിയാനിടയാകുന്നുവെന്നും തങ്ങളുടെ ജീവിതത്തെ മനസ്സോടെ അവന്റെ നീതിയുളള വഴികൾക്ക് അനുയോജ്യമാക്കിക്കൊണ്ടിരിക്കുന്നുവെന്നുമുളള വസ്തുത തന്നെ.—വെളിപ്പാട് 15:3, 4 താരതമ്യപ്പെടുത്തുക.
2 ഇത് ഏതാണ്ട് 2,700 വർഷം മുമ്പ് മീഖാപ്രവാചകൻ രേഖപ്പെടുത്തിയ ഒരു പ്രവചനത്തിന്റെ നിവൃത്തിയാണ്. “നാളുകളുടെ അന്തിമഭാഗ”ത്തെ പരാമർശിച്ചുകൊണ്ട്, അവൻ ഇങ്ങനെ എഴുതി: “അനേകം ജനതകൾ തീർച്ചയായും പോയി ‘ജനങ്ങളേ, വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ഭവനത്തിലേക്കും കയറിപ്പോകാം; അവൻ തന്റെ വഴികളെക്കുറിച്ചു നമ്മെ പ്രബോധിപ്പിക്കുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും’ എന്നു പറയും.” (മീഖാ 4:1, 2) a അതു സംഭവിക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ?
3, 4. (എ) “ജനതകൾ” യഹോവയിങ്കലേക്ക് തിരിയുന്നുവെന്നത് സത്യമായിരിക്കുന്നതെങ്ങനെ? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്?
3 “ജനതകൾ” മുഴുവനായി യഹോവയുടെ ആത്മീയമായ ആരാധനാഭവനത്തിൽ ഹാജരാകുന്നില്ല. എന്നാൽ അങ്ങനെയുളള ജനതകളിലെ വ്യക്തികൾ അതു ചെയ്യുന്നുണ്ട്. അവർ യഹോവയാം ദൈവത്തിന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യങ്ങളെയും ആകർഷകമായ വ്യക്തിത്വത്തെയും കുറിച്ച് പഠിക്കുമ്പോൾ, അവരുടെ ഹൃദയങ്ങൾ അത്യന്തം ഉത്തേജിതമാകുന്നു. യഹോവ തങ്ങളിൽനിന്ന് എന്താണാവശ്യപ്പെടുന്നതെന്നു കണ്ടുപിടിക്കാൻ അവർ വിനീതമായി ശ്രമിക്കുന്നു. അവരുടെ പ്രാർത്ഥന “നീ എന്റെ ദൈവമാകയാൽ, നിന്റെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പിക്കേണമേ” എന്നു പറഞ്ഞ വിശ്വാസമുളള ഒരു മനുഷ്യനായിരുന്ന ദാവീദിന്റേതുപോലെയാണ്.—സങ്കീ. 143:10.
4 നിങ്ങൾ യഹോവയുടെ ആരാധകരുടെ ആ വമ്പിച്ച സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നുവോ? നിങ്ങൾക്കു ലഭിച്ച പ്രബോധനത്തിന്റെ ഉറവ് യഹോവയാണെന്ന് നിങ്ങൾ യഥാർത്ഥമായി മനസ്സിലാക്കുന്നുണ്ടെന്ന് അതിനോടുളള നിങ്ങളുടെ പ്രതിവർത്തനം തെളിയിക്കുന്നുണ്ടോ? നിങ്ങൾ എത്രത്തോളം ‘അവന്റെ പാതകളിൽ നടക്കു’ന്നുണ്ട്?
അത് എങ്ങനെയാണ് നേടുക
5. (എ) ആരാധനയിലെ ഐക്യം ഒടുവിൽ എത്രത്തോളം നേടും? (ബി) ഇപ്പോൾ യഹോവയുടെ ഒരു ആരാധകനായിത്തീരേണ്ടത് അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്, ഇത് ചെയ്യുന്നതിന് നമുക്ക് മററുളളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
5 ബുദ്ധിശക്തിയുളള സകല സൃഷ്ടിയും ആരാധനയിൽ ഏകീകരിക്കപ്പെടണമെന്നുളളതാണ് യഹോവയുടെ ഉദ്ദേശ്യം—ആരും വ്യാജത്താൽ വഴിതെററിക്കപ്പെടാതെയും, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നതിൽ പരാജയപ്പെടുക നിമിത്തം തപ്പിനടക്കാതെയും തന്നെ. ജീവിക്കുന്ന സകലരും ഏകസത്യദൈവത്തെ വാഴ്ത്തുന്ന ദിവസത്തിനുവേണ്ടി നാം എത്ര വാഞ്ഛിക്കുന്നു! (സങ്കീ. 103:19-22) എന്നാൽ അതു സാധിക്കുന്നതിനുമുമ്പ്, യഹോവ തന്റെ സ്നേഹനിർഭരമായ രാജത്വത്തെ നിരസിക്കുകയും മററുളളവരുടെ ജീവിതം താറുമാറാക്കുന്നതിൽ നിർബ്ബന്ധം പിടിക്കുകയും ചെയ്യുന്നവരെ നീക്കം ചെയ്തു തന്റെ സൃഷ്ടിയെ ശുദ്ധീകരിക്കേണ്ടതാണ്. താൻ ചെയ്യാനിരിക്കുന്നതെന്തെന്ന് അവൻ കരുണാപൂർവ്വം മുന്നറിയിപ്പു നൽകുന്നു. എല്ലായിടത്തുമുളള ആളുകൾക്ക് തങ്ങളുടെ പ്രവർത്തനഗതിക്കു മാററം വരുത്തുന്നതിനുളള അവസരമുണ്ട്. അങ്ങനെ നമ്മുടെ സ്വന്തം നാളിൽ ലോകവ്യാപകമായി ഈ അടിയന്തിരമായ ആഹ്വാനം ചെയ്യപ്പെടുകയാണ്: “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കുക, എന്തുകൊണ്ടെന്നാൽ അവനാലുളള ന്യായവിധിയുടെ നാഴിക വന്നെത്തിയിരിക്കുന്നു, തന്നിമിത്തം ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും ഉണ്ടാക്കിയവനെ ആരാധിക്കുക.” (വെളി. 14:6, 7) നിങ്ങൾ ആ ക്ഷണം സ്വീകരിച്ചിരിക്കുന്നുവോ? അങ്ങനെയെങ്കിൽ, അങ്ങനെ ചെയ്യാൻ മററുളളവരെ സഹായിക്കുന്നതിന് യഹോവയുടെ സ്ഥാപനത്തോടൊത്തു പ്രവർത്തിക്കുന്നതിനുളള പദവി ഇപ്പോൾ നിങ്ങൾക്കുളളതാണ്.
6. ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങൾ പഠിച്ചശേഷം, നാം ഏതു പുരോഗതി നേടാൻ ആത്മാർത്ഥമായി ശ്രമിക്കേണ്ടതാണ്?
6 യഹോവയിൽ വിശ്വസിക്കുന്നുവെന്നും പരദീസയിൽ ജീവിക്കാനാഗ്രഹിക്കുന്നുവെന്നും കേവലം പറയുകയും അതേ സമയം സ്വന്തം സ്വാർത്ഥതാൽപ്പര്യങ്ങൾ അന്വേഷിക്കുന്നതിൽ തുടരുകയും ചെയ്യുന്ന ആളുകളെ തന്റെ സ്ഥാപനത്തിലേക്കു വരുത്തുകയെന്നത് ദൈവത്തിന്റെ ഉദ്ദേശ്യമല്ല. ആളുകൾ “തന്റെ ഇഷ്ടത്തെക്കുറിച്ചുളള സൂക്ഷ്മപരിജ്ഞാനം” നേടാൻ അവൻ ആഗ്രഹിക്കുന്നു. ഇത് അവരുടെ ജീവിതത്തിൽ പ്രതിഫലിക്കേണ്ടതാണ്. (കൊലോ. 1:9, 10) വിലമതിപ്പുളള ആളുകൾ ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങൾ പഠിച്ചശേഷം, അവർ ക്രിസ്തീയ പക്വതയിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്നു. യഹോവയെ അടുത്തറിയാനും അവന്റെ വചനം സംബന്ധിച്ച തങ്ങളുടെ ഗ്രാഹ്യത്തെ വിപുലീകരിക്കാനും ആഴമുളളതാക്കാനും തങ്ങളുടെ ജീവിതത്തിൽ അത് അധികം പൂർണ്ണമായി ബാധകമാക്കാനുമാണ് അവരുടെ ആഗ്രഹം. തങ്ങളുടെ സ്വർഗ്ഗീയ പിതാവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ടും അവൻ കാര്യങ്ങളെ വീക്ഷിക്കുന്നതുപോലെ വീക്ഷിച്ചുകൊണ്ടും അവനെപ്പോലെയായിരിക്കാൻ അവർ ശ്രമിക്കുന്നു. ഇത് നമ്മുടെ നാളിൽ ഭൂമിയിൽ അവൻ ചെയ്യിച്ചുകൊണ്ടിരിക്കുന്ന വേലയിൽ സാദ്ധ്യമാകുന്നടത്തോളം പൂർണ്ണമായി പങ്കെടുക്കാനുളള വഴികൾ ആരായുന്നതിന് അവരെ പ്രേരിപ്പിക്കുന്നു. അതാണോ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്?—എഫേ. 5:1; എബ്രാ. 5:12-6:3; 1 തിമൊ. 4:15.
7. യഥാർത്ഥ ഐക്യം ഇപ്പോൾ ഏതു വിധങ്ങളിൽ സാദ്ധ്യമാണ്, അത് നേടുന്നതെങ്ങനെ?
7 യഹോവയെ സേവിക്കുന്നവർ ഒരു ഏകീകൃത ജനമായിരിക്കണമെന്ന് ബൈബിൾ പ്രകടമാക്കുന്നു. (എഫേ. 4:1-3) നാം ഒരു ഛിദ്രിച്ച ലോകത്തിൽ ജീവിക്കുകയും നമ്മുടെ സ്വന്തം അപൂർണ്ണതകളുമായി ഇപ്പോഴും പോരാട്ടം നടത്തുകയും ചെയ്യുന്നുവെങ്കിലും, ഈ ഐക്യം ഇപ്പോൾ സ്ഥിതിചെയ്യേണ്ടതാണ്. തന്റെ ശിഷ്യൻമാരെല്ലാം യഥാർത്ഥ ഐക്യം ആസ്വദിച്ചുകൊണ്ട് ഒന്നായിരിക്കണമെന്ന് യേശു ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഇതിന്റെ അർത്ഥമെന്താണ്? അതായത്, ഒന്നാമതായി, അവർക്ക് യഹോവയോടും അവന്റെ പുത്രനോടും ഒരു നല്ല ബന്ധം ഉണ്ടായിരിക്കും. കൂടാതെ അവർ അന്യോന്യവും ഏകീഭവിച്ചിരിക്കും. (യോഹ. 17:20, 21) യഹോവയുടെ “ഭവന”ത്തിൽ ലഭിക്കുന്ന പ്രബോധനം ബാധകമാക്കുന്നതിനാൽ ഇപ്പോൾ ഈ ഐക്യം നേടിക്കൊണ്ടിരിക്കുകയാണ്.
ഏതു ഘടകങ്ങൾ ഐക്യത്തിനു സഹായിക്കുന്നു?
8. (എ) നമ്മെ ബാധിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചിന്തിച്ചു കണ്ടുപിടിക്കുന്നതിന് നാം വ്യക്തിപരമായി ബൈബിൾ ഉപയോഗിക്കുമ്പോൾ നാം എന്തു വികസിപ്പിച്ചെടുക്കുകയാണ്? (ബി) മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട്, ക്രിസ്തീയ ഐക്യത്തിനു സഹായകമായ ഘടകങ്ങൾ അപഗ്രഥിക്കുക.
8 ഈ ഐക്യത്തിനു സഹായിക്കുന്ന മുഖ്യഘടകങ്ങളിൽ ചിലത് താഴെ അക്കമിട്ടു പറഞ്ഞിരിക്കുന്നു. അവയെ തുടർന്ന് കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം പറയുമ്പോൾ, യഹോവയോടും സഹക്രിസ്ത്യാനികളോടുമുളള നിങ്ങളുടെ സ്വന്തംബന്ധത്തെ ഓരോന്നും എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിക്കുക. സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ ഈ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ദൈവോൻമുഖമായ ചിന്താപ്രാപ്തിയും വിവേചനയും വികസിപ്പിക്കുന്നതിന് നിങ്ങൾക്കു സഹായകമായിരിക്കും, അവ നമുക്കെല്ലാം ആവശ്യമായ ഗുണങ്ങളാണ്. (സദൃശ. 5:1, 2; ഫിലി. 1:9-11) അതുകൊണ്ട് ഓരോന്നായി ഈ ഘടകങ്ങൾ പരിചിന്തിക്കുക:
(1) നമ്മളെല്ലാം യഹോവയെ ആരാധിക്കുകയും നൻമയും തിൻമയും സംബന്ധിച്ച പ്രമാണം വെക്കാൻ അവനുളള അവകാശത്തെ അംഗീകരിക്കുകയും ചെയ്യുന്നു.
നിസ്സാരമെന്നു നമുക്കു തോന്നുന്ന ഒരു സംഗതി സംബന്ധിച്ച യഹോവയുടെ ബുദ്ധിയുപദേശത്തെ നാം മനഃപൂർവ്വം അവഗണിക്കുകയാണെങ്കിൽ അവൻ അതിനെ എങ്ങനെ വീക്ഷിക്കും? (ലൂക്കോസ് 16:10; മലാഖി 1:6-8 താരതമ്യപ്പെടുത്തുക.)
നാം യഹോവയുടെ കല്പനകളെ എല്ലായ്പ്പോഴും അനുസരിക്കുന്നില്ലെങ്കിൽ അതു മററുളളവരെ ബാധിക്കുമോ? (റോമർ 5:12; യോശുവ 7:20-26; 1 രാജാക്കൻമാർ 14:16 ഇവ താരതമ്യപ്പെടുത്തുക.)
(2) നാം ലോകത്തിൽ എവിടെയായിരുന്നാലും നമ്മെ നയിക്കുന്നതിന് നമുക്ക് ദൈവവചനമുണ്ട്.
നാം തീരുമാനങ്ങളെടുക്കുമ്പോൾ, കേവലം ശരിയെന്ന് നമുക്കു “തോന്നുന്നത്” ചെയ്യുന്നതിൽ എന്ത് അപകടമുണ്ട്? (യിരെ. 17:9; സദൃശ. 14:12)
ഒരു പ്രത്യേക സംഗതി സംബന്ധിച്ച് ബൈബിളിന്റെ ബുദ്ധിയുപദേശം എന്താണെന്ന് നമുക്കറിയാൻ പാടില്ലെങ്കിൽ നാം എന്തു ചെയ്യണം? (സദൃശ. 2:3-5)
(3) നമ്മളെല്ലാം ഒരേ ആത്മീയപോഷിപ്പിക്കൽ പരിപാടിയിൽ നിന്ന് പ്രയോജനമനുഭവിക്കുന്നു.
ആത്മീയ പോഷിപ്പിക്കലിനുവേണ്ടിയുളള യഹോവയുടെ ക്രമീകരണങ്ങളെ വിലമതിക്കാത്തവരുടെ ഇടയിൽ ഏതവസ്ഥകൾ നിലവിലിരിക്കുന്നു? (യെശ. 1:3; 9:16; 65:14 താരതമ്യപ്പെടുത്തുക.)
(4) യാതൊരു മനുഷ്യനുമല്ല, യേശുക്രിസ്തുവാണ് നമ്മുടെ നേതാവ്, നമ്മളെല്ലാം ആരാധനയിൽ യഹോവയെ സമീപിക്കുന്നത് ആ ഒരുവനിലൂടെയാണ്.
ആളുകളെന്ന നിലയിൽ നാം മററുളളവരെക്കാൾ ശ്രേഷ്ഠരാണെന്നു വിശ്വസിക്കാൻ നമ്മിലാർക്കെങ്കിലും സാധുവായ കാരണമുണ്ടോ? (റോമ. 3:23, 24; 12:3; മത്താ. 23:8-10)
(5) നാം എവിടെ ജീവിച്ചാലും, നാം മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തിലേക്കു നോക്കുന്നു.
ഇത് വിഭാഗീയ സ്വാധീനങ്ങൾക്കെതിരെ നമ്മെ കാത്തുസൂക്ഷിക്കുന്നതെങ്ങനെ? (മത്താ. 6:9, 10; മീഖാ 4:3)
(6) പരിശുദ്ധാത്മാവ് യഹോവയുടെ ആരാധകരിൽ ക്രിസ്തീയ ഐക്യത്തിന് മർമ്മപ്രധാനമായ ഗുണങ്ങൾ ഉളവാക്കുന്നു.
ദൈവാത്മാവ് നമ്മിൽ അതിന്റെ ഫലം ഉളവാക്കുന്നതിനുളള വഴി നാം തുറക്കുന്നതെങ്ങനെ? (സങ്കീ. 1:2; സദൃശ. 22:4; വെളി. 3:6; പ്രവൃ. 5:32)
നമ്മിൽ ദൈവാത്മാവിന്റെ ഫലങ്ങൾ ഉണ്ടായിരിക്കുന്നത് യഹോവയുമായുളള നമ്മുടെ ബന്ധത്തെയും നമ്മുടെ സഹോദരൻമാരുമായുളള ബന്ധത്തെയും സ്വാധീനിക്കുന്നതെങ്ങനെ? (ഗലാ. 5:22, 23)
(7) നമുക്കെല്ലാം ദൈവരാജ്യസുവാർത്ത പ്രസംഗിക്കാനുളള ഉത്തരവാദിത്തമുണ്ട്.
സഹക്രിസ്ത്യാനികളോടൊത്ത് ഈ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിൽ നാം തിരക്കുളളവരായിരിക്കുന്നത് അവരെക്കുറിച്ചുളള നമ്മുടെ വിചാരത്തെ സ്വാധീനിക്കുന്നതെങ്ങനെ? (കൊലോ. 4:7, 11 താരതമ്യപ്പെടുത്തുക.)
9. നാം യഥാർത്ഥമായി ഈ സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ ബാധകമാക്കുമ്പോൾ എന്തു ഫലമാണുണ്ടാവുക?
9 ഈ വസ്തുതകളംഗീകരിക്കുന്നത് ഒരു സംഗതിയാണെങ്കിലും അവയ്ക്കു ചേർച്ചയായി ജീവിക്കുന്നതിന് വളരെയധികംകൂടെ ആവശ്യമാണ്. എന്നാൽ നാം അങ്ങനെ ചെയ്യുമ്പോൾ, നാം യഹോവയോട് അടുപ്പിക്കപ്പെടുന്നു. സഹവിശ്വാസികളുമായുളള നമ്മുടെ സഹവാസവും നവോൻമേഷത്തിന്റെ ഒരു ഉറവായിത്തീരുന്നു. സങ്കീർത്തനം 133:1 പറയുന്ന പ്രകാരം: “നോക്കൂ! സഹോദരൻമാർ ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നത് എത്ര നല്ലതും എത്ര ഉല്ലാസകരവുമാണ്!” സകല സ്വാർത്ഥതയോടും കൂടിയ ലോകത്തിൽനിന്ന് അകന്ന്, യഹോവയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന മററുളളവരോടുകൂടെ യോഗങ്ങളിൽ ഹാജരാകുന്നത് എത്ര നവോൻമേഷപ്രദമായിരിക്കാമെന്ന് നിങ്ങൾക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലേ?
വിഭാഗീയ സ്വാധീനങ്ങളെ ഒഴിവാക്കുക
10. നാം ഒരു സ്വതന്ത്രാത്മാവ് ഒഴിവാക്കാൻ ശ്രദ്ധാലുക്കളായിരിക്കേണ്ടതെന്തുകൊണ്ട്?
10 ആ വിലപ്പെട്ട ഐക്യത്തെ താറുമാറാക്കാതിരിക്കാൻ നാം വിഭാഗീയ സ്വാധീനങ്ങളെ ഒഴിവാക്കേണ്ടതാണ്. ഇവയിൽ അതിപ്രധാനമായ ഒന്ന് സ്വാതന്ത്ര്യത്തിന്റെ ആത്മാവാണ്. അതിന്റെ ഉപജ്ഞാതാവായ പിശാചായ സാത്താന്റെ മറനീക്കി കാണിക്കുന്നതിനാൽ അതിനെ ഒഴിവാക്കാൻ യഹോവ നമ്മെ സഹായിക്കുന്നു. ദൈവം പറഞ്ഞതിനെ അവഗണിക്കുന്നതും സ്വന്തം തീരുമാനങ്ങൾ ചെയ്യുന്നതും തനിക്കു പ്രയോജനകരമാണെന്നു ചിന്തിക്കാൻ തക്കവണ്ണം ഹവ്വായെ വഞ്ചിച്ചത് അവനാണ്. ആദാം ആ മത്സരഗതിയിൽ അവളോടു ചേർന്നു. ഫലം അവർക്കും നമുക്കും അനർത്ഥമായിരുന്നു. (ഉല്പ. 2:16, 17; 3:1-6, 17-19) ആ സ്വതന്ത്രാത്മാവിനാൽ പൂരിതമായ ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്, അതുകൊണ്ട് നാം നമ്മിൽനിന്ന് ആ ആത്മാവ് നീക്കംചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ അതു നമ്മെ ആശ്ചര്യപ്പെടുത്തരുത്. തന്റെ സ്ഥാപനം വഴിയായുളള ബുദ്ധിയുപദേശത്താൽ അങ്ങനെ ചെയ്യുന്നതിന് യഹോവ സ്നേഹപൂർവ്വം നമ്മെ സഹായിക്കുന്നുണ്ട്.
11. നാം ദൈവത്തിന്റെ നീതിയുളള നൂതനക്രമത്തിലെ ജീവിതത്തിന് ആത്മാർത്ഥമായി ഒരുങ്ങുന്നുണ്ടോയെന്ന് എന്തു പ്രകടമാക്കും?
11 ഇപ്പോഴത്തെ ചുററുപാടിനുപകരം “നീതിവസിക്കാനിരിക്കുന്ന” പുതിയ ആകാശങ്ങളും പുതിയ ഭൂമിയും സ്ഥാപിക്കാനുളള മഹത്തായ വാഗ്ദത്തത്തെക്കുറിച്ച് ആ സ്ഥാപനം മുഖേന നാം പഠിച്ചിരിക്കുന്നു. (2 പത്രോ. 3:13) പെട്ടെന്നുതന്നെ ഈ ദുഷ്ടലോകം നീങ്ങിപ്പോകുമെന്നും ഭൂമി ഒരു പരദീസായായി രൂപാന്തരപ്പെടുത്തപ്പെടുമെന്നുമുളള പ്രത്യാശയിൽ നാം പുളകം കൊളളുകയാണ്. എന്നാൽ നീതി പ്രബലപ്പെട്ടിരിക്കുന്ന ഒരു ലോകത്തിലെ ജീവിതത്തിനുവേണ്ടി നാം ആത്മാർത്ഥമായി ഒരുങ്ങുകയാണെന്ന് നമ്മുടെ സ്വന്തം ജീവിതമാതൃക പ്രകടമാക്കുന്നുണ്ടോ? “ലോകത്തെയോ ലോകത്തിലുളളവയെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ, പിതാവിന്റെ സ്നേഹം അവനിലില്ല”എന്ന് ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു. (1 യോഹ. 2:15) നമ്മിലാർക്കും ഇഷ്ടമില്ലാത്ത പലതും ലോകത്തിലുണ്ടെന്നുളളതു സത്യംതന്നെ. എന്നാൽ നമ്മുടെ സത്വര ജീവിതാസ്വാദനത്തെ വിഘാതപ്പെടുത്തുന്ന ലോകത്തിന്റെ വശങ്ങളെയാണോ നാം മുഖ്യമായി വെറുക്കുന്നത്? അതോ, നാം അതിന്റെ ആത്മാവിനെയും—അതിന്റെ സ്വതന്ത്രമനോഭാവത്തെ, അമിതസ്വാർത്ഥ താത്പര്യത്തെ—കൂടെ വർജ്ജിക്കുന്നുണ്ടോ? ജഡത്തിന്റെ ഏതു വിരുദ്ധ ചായ്വുകളെയും ഗണ്യമാക്കാതെ, യഹോവയെ ശ്രദ്ധിക്കുന്നതും ഹൃദയത്തിൽനിന്ന് അവനെ അനുസരിക്കുന്നതും നാം ആത്മാർത്ഥമായി നമ്മുടെ ശീലമാക്കുന്നുണ്ടോ? നാം എവിടെയായാലും, എന്തുചെയ്താലും, നമ്മുടെ ചിന്തയും നമ്മുടെ ആന്തരങ്ങളും ദൈവോൻമുഖമാണെന്നുളളതിന് നമ്മുടെ മുഴുജീവിതഗതിയും തെളിവു നൽകേണ്ടതാണ്.—സദൃശ. 3:5, 6.
12. (എ) യഹോവയുടെ വഴികൾ പഠിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അവ അനുസരിക്കുന്നതിനുമുളള അവസരത്തെ ഇപ്പോൾ തക്കത്തിലുപയോഗിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നമുക്ക് വ്യക്തിപരമായി എന്തർത്ഥമാക്കുന്നു?
12 ഈ ദുഷ്ടവ്യവസ്ഥിതിയെയും അതിന്റെ വഴികളെ സ്നേഹിക്കുന്ന സകലരെയും നശിപ്പിക്കുന്നതിനുളള യഹോവയുടെ നിയമിതസമയം വരുമ്പോൾ അവൻ താമസിക്കുകയില്ല. ഇപ്പോഴും ലോകത്തോടു പററിനിൽക്കാൻ ശ്രമിക്കുന്നവരെ, ദൈവേഷ്ടം പഠിച്ചു ചെയ്യുന്നതു സംബന്ധിച്ച് അർദ്ധമനസ്സുമാത്രമുളളവരെ, പ്രീണിപ്പിക്കത്തക്കവണ്ണം അവൻ ആ സമയത്തെ നീട്ടിവെക്കാനോ തന്റെ നിലവാരങ്ങൾക്ക് മാററം വരുത്താനോ പോകുന്നില്ല. ഇപ്പോൾ പ്രവർത്തനത്തിനുളള സമയമാണ്! (ലൂക്കോ. 13:23, 24; 17:32; 21:34-36) അതുകൊണ്ട്, ഈ വിലയേറിയ അവസരത്തെ പ്രയോജനപ്പെടുത്തുകയും, തന്റെ സ്നേഹമുളള സ്ഥാപനംവഴി യഹോവ നൽകുന്ന പ്രബോധനത്തെ ആകാംക്ഷയോടെ അന്വേഷിക്കുകയും, അനന്തരം ഒററക്കെട്ടായി അവന്റെ പാതകളിൽ നടക്കുകയും ചെയ്യുന്ന ആളുകളുടെ “മഹാപുരുഷാര”ത്തെ കാണുന്നത് എത്ര ഹൃദയാനന്ദകരമാണ്!
[അടിക്കുറിപ്പുകൾ]
a ഈ പുസ്തകത്തിലെ തിരുവെഴുത്ത് ഉദ്ധരണികൾ വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം, 1981-ലെ പതിപ്പിൽനിന്നാണ്.
പുനരവലോകന ചർച്ച
● ആരാധന സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യമെന്ത്?
● അടിസ്ഥാനബൈബിളുപദേശങ്ങൾ പഠിച്ചശേഷം കൂടുതലായി എന്തു പുരോഗതി നേടാൻ നാം ആത്മാർത്ഥമായി ശ്രമിക്കണം?
● നാം ചർച്ചചെയ്ത ഏകീകരണ ഘടകങ്ങൾ നമ്മുടെ ജീവിതത്തെ വേണ്ടവിധം സ്വാധീനിക്കേണ്ടതിന് നമുക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[4-ാം പേജ് നിറയെയുള്ള ചിത്രം]