ജീവനും രക്തവും—നിങ്ങൾ അവയെ പവിത്രമായി കരുതുന്നുവോ?
അധ്യായം 20
ജീവനും രക്തവും—നിങ്ങൾ അവയെ പവിത്രമായി കരുതുന്നുവോ?
1. (എ) ദൈവം ജീവനെ എങ്ങനെ വീക്ഷിക്കുന്നു? (ബി) നാം ജീവന്റെ ദൈവികദാനത്തെ വിലമതിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
1 ജീവനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ലോകത്തിന്റേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് നമ്മെ അതിശയിപ്പിക്കരുത്. ദൈവത്തിന് മനുഷ്യജീവൻ പവിത്രമാണ്. നിങ്ങൾ അതിനെ ആ വിധത്തിൽ വീക്ഷിക്കുന്നുവോ? “സകല ആളുകൾക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്ന” ദൈവത്തെ പൂർണ്ണമായി ആശ്രയിക്കേണ്ടവരാണു നാം. (പ്രവൃ. 17:25-28; സങ്കീ. 36:9) നാം ദൈവത്തിന്റെ വീക്ഷണം പുലർത്തുന്നുവെങ്കിൽ നാം നമ്മുടെ ജീവനെ കാത്തുരക്ഷിക്കും. എന്നാൽ നമ്മുടെ ഇപ്പോഴത്തെ ജീവനെ രക്ഷിക്കാനുളള ശ്രമത്തിൽ നാം ദിവ്യനിയമത്തെ ലംഘിക്കുകയില്ല. ദൈവത്തിന്റെ പുത്രനിൽ യഥാർത്ഥമായി വിശ്വാസം പ്രകടമാക്കുന്നവർക്കുവേണ്ടിയുളള നിത്യജീവന്റെ ദൈവിക വാഗ്ദത്തത്തെ നാം വിലമതിക്കുന്നു.—മത്താ. 16: 25, 26; യോഹ. 6:40; യൂദാ 21.
2. ജീവനോടുളള ആരുടെ മനോഭാവത്തെ ലോകം പ്രതിഫലിപ്പിക്കുന്നു, ഇത് ചിലപ്പോൾ ഏതുതരം ന്യായവാദത്തിലേക്കു നയിക്കുന്നു?
2 മറിച്ച്, ഈ ലോകത്തിന്റെ ഭരണാധിപനായ പിശാചായ സാത്താൻ, “തുടങ്ങിയപ്പോൾ ഒരു മനുഷ്യഘാതകനായിരുന്നു”വെന്ന് യേശു പറഞ്ഞു. (യോഹ. 8:44; 12:31) അവന്റെ മത്സരഗതിയുടെ തുടക്കം മുതൽതന്നെ അവൻ മനുഷ്യവർഗ്ഗത്തിനു മരണം കൈവരുത്തി. ലോകത്തിന്റെ അക്രമാസക്ത ചരിത്രം അവന്റെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. എന്നാൽ പിശാചിന് വ്യത്യസ്തമായി തോന്നിക്കുന്ന ഒരു ഭാവവും അവതരിപ്പിക്കാൻ കഴിയും. അങ്ങനെ, മതഭക്തരായിരിക്കുന്നതിൽ കുഴപ്പമില്ലായിരിക്കാമെങ്കിലും ജീവൻ അപകടത്തിലായിരിക്കുമ്പോൾ ബൈബിൾ ഉദ്ധരിക്കുന്നതിനു പകരം തങ്ങളുടെ “വിദഗ്ദ്ധ” ഉപദേശം അനുസരിക്കുന്നതിനാൽ നിങ്ങൾക്കു പ്രയോജനം കിട്ടുമെന്ന് അവന്റെ ചിന്തയാൽ സ്വാധീനിക്കപ്പെടുന്ന മനുഷ്യർ വാദിക്കുന്നു. (2 കൊരിന്ത്യർ 11:14, 15 താരതമ്യപ്പെടുത്തുക.) പ്രത്യക്ഷത്തിൽ ഒരു ജീവൻമരണ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ നിങ്ങളുടെ ഹൃദയം ഏതു വഴിയേ ചായും? തീർച്ചയായും, നമ്മുടെ ആഗ്രഹം യഹോവയെ പ്രസാദിപ്പിക്കാനായിരിക്കണം.
3. (എ)രക്തത്തെക്കുറിച്ചു ബൈബിൾ പറയുന്നതിൽ നാം വിശേഷാൽ തത്പരരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) ഉല്പത്തി 9:3-6-ഉം പ്രവൃത്തികൾ 15:28, 29-ഉം വായിക്കുകയും അനന്തരം ഈ വാക്യങ്ങളോടുകൂടെ മുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുക
3 “മാംസത്തിന്റെ ദേഹി [അഥവാ ജീവൻ] രക്തത്തിലാകുന്നു” എന്നു പറഞ്ഞുകൊണ്ട് ദൈവവചനം ജീവനും രക്തവും തമ്മിൽ ഒരു ഉററബന്ധം വെളിപ്പെടുത്തുന്നു. ജീവൻ പവിത്രമായിരിക്കുന്നതുപോലെ രക്തത്തെയും ദൈവം പവിത്രമാക്കിയിരിക്കുന്നു. അത് അവനുളളതാണ്, അവൻ അംഗീകരിക്കുന്ന രീതിയിൽ മാത്രം ഉപയോഗിക്കേണ്ടതാണ്. (ലേവ്യ. 17:3, 4, 11; ആവ. 12:23) അതുകൊണ്ട് രക്തം സംബന്ധിച്ച് അവൻ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് എന്തെന്ന് നാം ശ്രദ്ധാപൂർവ്വം പരിചിന്തിക്കുന്നത് നന്നായിരിക്കും.
ഉല്പത്തി 9:3-6 വായിക്കുക
നിങ്ങളുടെ പ്രദേശത്തെ ഏത് ആചാരങ്ങൾ മൃഗരക്തം ആഹരിക്കാതിരിക്കാൻ ജാഗ്രതപാലിക്കുന്നതിന് നിങ്ങളോടാവശ്യപ്പെടുന്നു?
മൃഗരക്തത്തെ സംബന്ധിച്ച് 4-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നതിന്റെ കാഴ്ചപ്പാടിൽ (റോമൻ വിനോദ പരിപാടികളിൽ ചെയ്യപ്പെട്ടിരുന്ന) മനുഷ്യരക്തപാനത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?
അഞ്ചും ആറും വാക്യങ്ങളിൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, മനുഷ്യരക്തം ചൊരിയുന്നതിനു മുഖ്യമായി ആരോടാണ് ഒരുവൻ സമാധാനം പറയേണ്ടത്?
പ്രവൃത്തികൾ 15:28, 29 വായിക്കുക
ഒരു പരിമിത കാലത്തേക്കു മാത്രമേ ഈ വ്യവസ്ഥകൾ ബാധകമാകുകയുളളുവെന്ന് ഇതു പ്രസ്താവിക്കുന്നുണ്ടോ? അവ നമുക്കു ബാധകമാകുന്നുണ്ടോ?
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ മനുഷ്യരക്തത്തെ ഒഴിവാക്കുന്നുണ്ടോ?
അടിയന്തിരകേസുകളിൽ വ്യത്യസ്തതകൾ ആകാമെന്ന് ഈ വാക്യം സൂചിപ്പിക്കുന്നുണ്ടോ?
4. ഇവിടെ ചർച്ച ചെയ്തിരിക്കുന്നപ്രകാരം, ഒരു വ്യക്തി രക്തപാതകത്തിൽ പങ്കുപററാതിരിക്കത്തക്കവണ്ണം എന്തു നടപടി സ്വീകരിക്കേണ്ടതുണ്ടായിരിക്കാമെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?
4 മനുഷ്യരക്തത്തിന്റെ കാര്യത്തിൽ കേവലം കൊലപാതകത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിനാൽ നാം നിർദ്ദോഷികളായിരിക്കുമെന്ന് നമുക്ക് സങ്കൽപ്പിക്കാവുന്നതല്ല. നാം ദൈവമുമ്പാകെ രക്തപാതകമുളള ഏതെങ്കിലും സ്ഥാപനത്തിന്റെ ഭാഗമാണെങ്കിൽ, നാം അതിന്റെ പാപങ്ങളിൽ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ നാം അതിനോടുളള ബന്ധം വേർപെടുത്തേണ്ടതാണെന്ന് തിരുവെഴുത്തുകൾ തെളിയിക്കുന്നു. (വെളിപ്പാട് 18:4, 24; മീഖാ 4:3) അങ്ങനെയുളള പ്രവർത്തനം അടിയന്തിര ശ്രദ്ധ അർഹിക്കുന്നു.
5. വയൽശുശ്രൂഷയിലെ ഉത്സാഹം രക്തപാതകത്തിൽനിന്ന് വിമുക്തരായിരിക്കുന്നതിനോട് ബന്ധപ്പെടുന്നതെങ്ങനെ?
5 മഹോപദ്രവത്തിലെ ആസന്നമായിരിക്കുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കാൻ ദൈവം നിയോഗിച്ചിരിക്കുന്ന അവന്റെ ദാസൻമാരുടെ സംഗതിയിൽ, അവർക്കു രക്തപാതകത്തിൽനിന്ന് വിമുക്തിവേണമെങ്കിൽ അവർ വിശ്വസ്തമായി ആ സന്ദേശം ഘോഷിക്കേണ്ടതാവശ്യമാണ്. (യെഹെസ്ക്കേൽ 3:17-21 താരതമ്യപ്പെടുത്തുക.) അപ്പോസ്തലനായ പൗലോസ് തനിക്കു നിയമിച്ചുകിട്ടിയ ശുശ്രൂഷ നിമിത്തം താൻ എല്ലാത്തരം ആളുകൾക്കും കടക്കാരനായിരിക്കുന്നതുപോലെ തന്നേത്തന്നെ വീക്ഷിച്ചു. രക്ഷക്കുവേണ്ടിയുളള ദൈവത്തിന്റെ കരുതലിനെക്കുറിച്ച് അവരോടു പൂർണ്ണസാക്ഷ്യം വഹിച്ചശേഷം മാത്രമേ അവരുടെ രക്തത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് താൻ വിമുക്തനാണെന്ന് അവൻ വിചാരിച്ചുളളു. (റോമ. 1:14, 15; പ്രവൃത്തികൾ 18:5, 6; 20:26, 27) വയൽശുശ്രൂഷയിലെ നിങ്ങളുടെ ഉത്സാഹം യഹോവയുടെ സാക്ഷികളുടെമേലെല്ലാം സ്ഥിതിചെയ്യുന്ന ഉത്തരവാദിത്തത്തെക്കുറിച്ചുളള സമാനമായ ഒരു ബോധത്തെ പ്രതിനിധാനം ചെയ്യുന്നുവോ?
6. അപകട നിവാരണവും ജീവന്റെ പവിത്രതയോടുളള ആദരവും തമ്മിൽ എന്തു ബന്ധമുണ്ട്?
6 മാരകമായ അപകടങ്ങളും നമുക്ക് സഗൗരവ താൽപ്പര്യമുളളതായിരിക്കണം. മോശൈകന്യായപ്രമാണത്തിൻ കീഴിൽ അപകടവശാൽ ഒരു സഹമമനുഷ്യന്റെ മരണത്തിനിടയാക്കിയവർ നിർദ്ദോഷികളായി വീക്ഷിക്കപ്പെട്ടില്ല. ശിക്ഷകൾ ചുമത്തപ്പെട്ടു. (പുറ. 21:29, 30; ആവ. 22:8; സംഖ്യാ. 35:22-25) ഉൾപ്പെട്ടിരിക്കുന്ന തത്വം നാം കാര്യമായി എടുക്കുന്നുവെങ്കിൽ നാം ഒരു വാഹനം ഓടിക്കുന്ന വിധത്താലോ, മൗഢ്യമായ ഏതെങ്കിലും ഭാഗ്യപരീക്ഷണം നടത്തുന്നതിനാലോ നമ്മുടെ ഭവനത്തിലോ നമ്മുടെ ബിസിനസ് സ്ഥലത്തോ അരക്ഷിതമായ അവസ്ഥകൾ സ്ഥിതിചെയ്യാൻ അനുവദിക്കുന്നതിനാലോ, ഏതെങ്കിലും മാരകമായ അപകടത്തിന് വഴിയൊരുക്കുന്നതൊഴിവാക്കാൻ നാം ശ്രദ്ധിക്കുന്നതായിരിക്കും. ഈ കാര്യങ്ങൾ സംബന്ധിച്ചുളള നിങ്ങളുടെ മനോഭാവം ജീവന്റെ പവിത്രതയോടുളള പൂർണ്ണവിലമതിപ്പിനെ പ്രതിഫലിപ്പിക്കുന്നുവോ?
രക്തത്തിന്റെ ചികിത്സാപരമായ ഉപയോഗം സംബന്ധിച്ചെന്ത്?
7. (എ) ഒരു മനുഷ്യന്റെ രക്തം മറെറാരാളിൽ പകരുന്നത് രക്തത്തിന്റെ പവിത്രതയോട് പൊരുത്തപ്പെടുന്നതാണോ? (ബി) ‘രക്തം വർജ്ജിക്കാ’നുളള കല്പനയെ ഒന്നാം നൂററാണ്ടിൽ സാധാരണമായിരുന്ന നടപടികൾക്ക് പരിമിതപ്പെടുത്തുന്നത് ന്യായരഹിതമായിരിക്കുന്നതെന്തുകൊണ്ട്?
7 ഈ നടപടി പുതുതല്ലെങ്കിലും, ജീവൻ നിലനിർത്തുകയെന്ന ഉദ്ദേശ്യത്തിൽ, വിശേഷാൽ 20-ാം നൂററാണ്ടിൽ രക്തപ്പകർച്ച നടത്താൻ രക്തം വ്യാപകമായി ഉപയോഗിച്ചിരിക്കുന്നു. രക്തം അപ്പാടെയും രക്തത്തിന്റെ മുഖ്യഘടകങ്ങളും ഈ വിധത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. തീർച്ചയായും അങ്ങനെയുളള ചികിത്സാനടപടികൾ രോഗി മരിക്കുകയില്ലെന്ന് ഉറപ്പു നൽകുന്നില്ല. യഥാർത്ഥത്തിൽ, രക്തത്തിന്റെ അത്തരം ഉപയോഗത്തിന്റെ നേരിട്ടുളള ഒരു ഫലമെന്ന നിലയിൽ ചിലപ്പോൾ മരണം സംഭവിക്കുന്നു. എന്നാൽ നാം ‘രക്തം വർജ്ജിക്കണം’ എന്നുളള ബൈബിൾ വ്യവസ്ഥ ഈ ചികിത്സാ നടപടിക്കു ബാധകമാകുന്നുണ്ടോ?—ഏറെ താൽപ്പര്യജനകമായ ഒരു സംഗതിതന്നെ. ബാധകമാകുന്നുണ്ട്! മനുഷ്യനായാലും മൃഗമായാലും, വേറെ ഏതെങ്കിലും ജീവിയിൽനിന്ന് ഒരുവന്റെ ശരീരത്തിലേക്കു രക്തം സ്വീകരിക്കുന്നത് ദിവ്യനിയമത്തിന്റെ ലംഘനമാണ്. അതു ജീവന്റെ പവിത്രതയോടുളള അനാദരവിനെ പ്രകടമാക്കുന്നു. (പ്രവൃ. 15:19, 20) ‘രക്തം വർജ്ജിക്കുക’ എന്ന കൽപ്പന ആധുനിക ചികിത്സാവിദ്യകളെ ഒഴിവാക്കിക്കൊണ്ട്, ഒന്നാം നൂററാണ്ടിൽ നിലവിലിരുന്ന നടപടികൾക്കു പരിമിതപ്പെടുത്താൻ അടിസ്ഥാനമില്ല. ഈ സംഗതി സംബന്ധിച്ച് ന്യായവാദം ചെയ്യുക: നമുക്കറിയാവുന്ന വിധത്തിലുളള തോക്കുകൾ വളരെ കാലം കഴിയുന്നതുവരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെന്നുളളതുകൊണ്ട് കൊലപാതകത്തിനെതിരായ ബൈബിൾ കല്പനയിൽ നിയമവിരുദ്ധമായി ഒരു തോക്കുകൊണ്ട് മനുഷ്യജീവൻ ഹനിക്കുന്നത് ഉൾപ്പെട്ടിരുന്നില്ലെന്ന് ആർ വാദിക്കും? മദ്യലഹരിയുടെ നിരോധനം ഒന്നാം നൂററാണ്ടിൽ അറിയപ്പെട്ടിരുന്ന ലഹരിപാനീയങ്ങൾക്കു മാത്രമേ ബാധകമായിരുന്നുളളുവെന്നും ആധുനികനാളിലെ കടുപ്പം കൂടിയ മദ്യങ്ങൾക്കു ബാധകമായിരുന്നില്ലെന്നും വാദിക്കുന്നത് ന്യായയുക്തമായിരിക്കുമോ? ദൈവത്തെ പ്രസാദിപ്പിക്കാൻ യഥാർത്ഥമായി ആഗ്രഹിക്കുന്ന ആളുകൾക്ക് ‘രക്തം വർജ്ജിക്കുക’ എന്ന കല്പനയാൽ നൽകപ്പെടുന്ന സന്ദേശം വ്യക്തമാണ്.
8. (എ) ഒരു പ്രത്യേക ചികിത്സാനടപടിക്രമം ഒരു ക്രിസ്ത്യാനിക്ക് യോജിച്ചതാണോയെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? (ബി) ഒരു ഡോക്ടർ നിങ്ങളുടെ സ്വന്തം രക്തത്തിൽ കുറെ വലിച്ചെടുത്തു ശേഖരിക്കുകയും ഒരു ശസ്ത്രക്രിയാസമയത്ത് നിങ്ങളുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ ഒരു ശരിയായ തീരുമാനം ചെയ്യാൻ ഏതു ബൈബിൾ തത്വങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും? (സി) ശരീരത്തിന് പുറത്ത് ഉപകരണത്തിലൂടെ രക്തത്തെ സഞ്ചരിപ്പിക്കാൻ ആവശ്യപ്പെടുന്ന ചികിത്സ സംബന്ധിച്ച് ഒരു വ്യക്തിക്ക് എങ്ങനെ ന്യായവാദം ചെയ്യാവുന്നതാണ്?
8 എന്നിരുന്നാലും, ചില ചികിത്സാനടപടിക്രമങ്ങളുടെ സങ്കീർണ്ണത ചോദ്യങ്ങൾ ഉദിപ്പിച്ചേക്കാം. ഇവ എങ്ങനെ പരിഹരിക്കാൻ കഴിയും? ഒന്നാമതായി, നിർദ്ദിഷ്ടനടപടി സംബന്ധിച്ച് വ്യക്തമായ ഒരു വിശദീകരണം നിങ്ങളുടെ ഡോക്ടറോടു ചോദിക്കുക. അനന്തരം ബൈബിൾ തത്വങ്ങളുടെ വെളിച്ചത്തിൽ അതിനെ പ്രാർത്ഥനാപൂർവ്വം വിശകലനം ചെയ്യുക. നിങ്ങളുടെ സ്വന്തം രക്തത്തിൽ കുറെ എടുത്ത്, ആവശ്യമെങ്കിൽ പിന്നീട് ഒരു ശസ്ത്രക്രിയാവേളയിൽ ഉപയോഗിക്കുന്നതിന് ശേഖരിച്ചു വെക്കാൻ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാം. നിങ്ങൾ സമ്മതിക്കുമോ? മോശെ മുഖാന്തരം കൊടുക്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണമനുസരിച്ച് ഒരു ജീവിയിൽനിന്ന് നീക്കപ്പെടുന്ന രക്തം നിലത്ത് ഒഴിച്ചുകളയണമായിരുന്നു എന്ന് ഓർക്കുക. (ആവ. 12:24) ഇന്നു നാം ന്യായപ്രമാണസംഹിതയിൻ കീഴിലല്ല, എന്നാൽ അന്തർഭവിച്ചിരിക്കുന്ന സന്ദേശം രക്തം പവിത്രമാണെന്നുളളതാണ്. ഒരു ജീവിയുടെ ശരീരത്തിൽനിന്ന് നീക്കപ്പെടുമ്പോൾ അതു ദൈവത്തിന്റെ പാദപീഠമായ ഭൂമിയിൽ ഒഴിച്ചുകൊണ്ട് ദൈവത്തിനു തിരികെ കൊടുക്കേണ്ടതുമാണ്. (മത്തായി 5:34, 35 താരതമ്യപ്പെടുത്തുക.) അതുകൊണ്ട്, (താരതമ്യേന ചുരുങ്ങിയ സമയത്തേക്കുപോലും) നിങ്ങളുടെ രക്തം ശേഖരിച്ചുവെക്കുന്നതും അനന്തരം നിങ്ങളുടെ ശരീരത്തിലേക്കു തിരികെ കയററുന്നതും എങ്ങനെ ഉചിതമായിരിക്കാൻ കഴിയും? എന്നാൽ ശസ്ത്രക്രിയാവേളയിൽ അല്ലെങ്കിൽ മററു ചികിത്സാസമയത്ത് ഉപകരണത്തിലൂടെ നിങ്ങളുടെ ശരീരത്തിനു വെളിയിലേക്കും പിന്നീട് തിരികെ ശരീരത്തിലേക്കും ഒഴുക്കാമെന്ന് ഡോക്ടർ പറയുന്നുവെങ്കിലോ? നിങ്ങൾ സമ്മതിക്കുമോ? ഉപകരണം രക്തമല്ലാത്ത ഒരു ദ്രാവകം നിറച്ച് ആദ്യം പ്രവർത്തിപ്പിച്ചു തുടങ്ങിയശേഷമാണെങ്കിൽ തങ്ങൾക്ക് ഒരു ശുദ്ധമനഃസാക്ഷിയോടെ ഇത് അനുവദിക്കാൻ കഴിയുമെന്ന് ചിലർ വിചാരിച്ചിട്ടുണ്ട്. ബാഹ്യ ഉപകരണത്തെ തങ്ങളുടെ രക്ഷ പരിസഞ്ചരണ വ്യവസ്ഥയുടെ ഒരു തുടർച്ചയായിട്ടാണ് അവർ വീക്ഷിച്ചിട്ടുളളത്. തീർച്ചയായും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. തീരുമാനിക്കേണ്ടതു നിങ്ങളാണ്. എന്നാൽ നിങ്ങളുടെ തീരുമാനം ദൈവമുമ്പാകെ നിങ്ങൾക്ക് ഒരു ശുദ്ധ മനഃസാക്ഷി ശേഷിപ്പിക്കേണ്ടതാണ്.—1 പത്രോ. 3:16; 1 തിമൊ. 1:19.
9. (എ) ‘രക്തം വർജ്ജിക്കാ’നുളള നിങ്ങളുടെ തീരുമാനത്തോടുളള ആദരവ് ഉറപ്പുവരുത്താൻ ഏതു കരുതൽനടപടികൾ സ്വീകരിച്ചേ തീരൂ? (ബി) ഒരു അടിയന്തിരതയിൽപോലും, ചിലപ്പോൾ അസുഖകരമായ ഏററുമുട്ടലിനെ എങ്ങനെ ഒഴിവാക്കാൻ കഴിയും? (സി) ഒരു ഡോക്ടറോ ഒരു കോടതിയോ ഒരു രക്തപ്പകർച്ച അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ, നിങ്ങൾ എന്തു ചെയ്യും?
9 ‘രക്തം വർജ്ജിക്കാ’നുളള നിങ്ങളുടെ തീരുമാനത്തെ നിങ്ങളുടെ ഡോക്ടർ ആദരിക്കുമെന്നുറപ്പു വരുത്താൻ, ചികിത്സാസംബന്ധമായ ഏതെങ്കിലും അടിയന്തിരത സംജാതമാകുന്നതിനു മുമ്പ് അയാളോടു സംസാരിക്കുക. ചികിത്സക്കുവേണ്ടി ഒരു ആശുപത്രിയിൽ പ്രവേശിക്കേണ്ടതാവശ്യമെങ്കിൽ രക്തം ഉപയോഗിക്കരുതെന്ന് രേഖാമൂലം അപേക്ഷിക്കുന്ന കരുതൽനടപടി സ്വീകരിക്കുക. കൂടാതെ, നിങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന ഡോക്ടറോട് അതിനെ സംബന്ധിച്ച് വ്യക്തിപരമായി സംസാരിക്കുക. എന്നാൽ അപ്രതീക്ഷിതമായ ഒരു അടിയന്തിര സാഹചര്യം ഉണ്ടെങ്കിലോ? ആദരപൂർവ്വകവും ന്യായയുക്തവുമായ ഒരു ചർച്ച ഡോക്ടറുമായി നടത്തുന്നതിനാൽ മിക്കപ്പോഴും അസുഖകരമായ ഏററുമുട്ടലുകൾ ഒഴിവാക്കാൻ കഴിയും; സഹായിക്കുന്നതിന് അയാളുടെ വൈദഗ്ദ്ധ്യങ്ങൾ ഉപയോഗിക്കാനും എന്നാൽ നിങ്ങളുടെ ക്രിസ്തീയ മനഃസാക്ഷിയോടുളള ആദരവോടെ അങ്ങനെ ചെയ്യാനും അയാളെ പ്രോത്സാഹിപ്പിക്കുക. (സദൃശ. 15:1; 16:21, 23) എന്നുവരികിലും, ഒരുപക്ഷേ, രക്തം നിരസിക്കുന്നത് നമ്മുടെ ജീവനെ അപകടപ്പെടുത്തുമെന്ന്, സദുദ്ദേശ്യങ്ങളുളള ചികിത്സകർ ശഠിക്കുകയും അങ്ങനെ വിട്ടുവീഴ്ചക്കു നമ്മെ നിർബ്ബന്ധിക്കാൻ ശ്രമിക്കുകയുമാണെങ്കിലോ? യഹോവയുടെ വഴികളുടെ ഔചിത്യത്തിലുളള വിശ്വാസം നമ്മെ ദൃഢതയുളളവരാക്കേണ്ടതാണ്. യഹോവയോടുളള വിശ്വസ്തത നാം ദൃഢചിത്തതയോടെ ചെറുത്തുനിൽക്കാനിടയാക്കേണ്ടതാണ്, എന്തുകൊണ്ടെന്നാൽ നാം മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാൻ ഇഷ്ടപ്പെടുന്നു.—പ്രവൃത്തികൾ 5:29; ഇയ്യോബ് 2:4; സദൃശവാക്യങ്ങൾ 27:11 ഇവ താരതമ്യപ്പെടുത്തുക.
സംഗതി എത്ര ഗൗരവമുളളതാണ്?
10. ഒരു ജീവനെ രക്ഷിക്കാൻ ഒരു രക്തപ്പകർച്ച ആവശ്യമാണെന്നുളള അവകാശവാദം സംഗതിസംബന്ധിച്ച നമ്മുടെ വീക്ഷണത്തിനു മാററം വരുത്തുകയില്ലാത്തതെന്തുകൊണ്ട്?
10 യഹോവയെ ഇപ്പോഴും അറിയാത്തവർക്ക്, രക്തപ്പകർച്ചകൾക്ക് അനുകൂലമായ വാദങ്ങൾ ചിലപ്പോൾ ജീവന്റെ പവിത്രതയോടുളള ഉയർന്ന ആദരവു പ്രകടമാക്കുന്നതായി തോന്നിയേക്കാം. എന്നാൽ ഈ വിധത്തിൽ വാദിക്കുന്ന അനേകർ ഗർഭച്ഛിദ്രം മൂലമുളള ജീവനാശത്തിനുനേരേ കണ്ണടക്കുകയും ചെയ്യുന്നുവെന്നത് ഞങ്ങൾ മറക്കുന്നില്ല. ജീവനെയും രക്തത്തെയും സംബന്ധിച്ച് ഏതു ചികിസാ“വിദഗ്ദ്ധ”നെയുംകാൾ കൂടുതൽ യഹോവക്കറിയാം. അവന്റെ കല്പനകളെല്ലാം നമ്മുടെ നൻമക്കാണെന്ന്, നമ്മുടെ ഇപ്പോഴത്തെ ജീവനെയും നമ്മുടെ ഭാവി പ്രത്യാശകളെയും കാത്തുസൂക്ഷിക്കുന്നവയാണെന്ന്, തെളിഞ്ഞിരിക്കുന്നു. (യെശ. 48:17; 1 തിമൊ. 4:8) ‘രക്തം വർജ്ജിക്കാ’നുളള കല്പനക്ക് എന്തെങ്കിലും വ്യത്യസ്തതയുണ്ടോ?
11. (എ) രക്തത്തിന്റെ ഏത് ഉപയോഗം മാത്രമാണ് യഹോവ യിസ്രായേലിന് അനുവദിച്ചത്? (ബി) ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് ഇതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
11 രക്തത്തിന്റെ പവിത്രതയെ ആദരിക്കുന്നതിന്റെ ഗൗരവം, രക്തത്തിന്റെ ഏക ഉപയോഗം സംബന്ധിച്ച് യഹോവ പറഞ്ഞിട്ടുളളതിനാൽ ദൃഢീകരിക്കപ്പെടുന്നു. “മാംസത്തിന്റെ ദേഹി രക്തത്തിലാകുന്നു, നിങ്ങളുടെ ദേഹികൾക്ക് പാപപരിഹാരം വരുത്തുന്നതിന് ഞാൻതന്നെ അതു നിങ്ങൾക്കുവേണ്ടി യാഗപീഠത്തിൻമേൽ വെച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ രക്തമാണ് അതിലെ ദേഹിയാൽ പാപപരിഹാരം വരുത്തുന്നത്. അതുകൊണ്ടാണ് ‘നിങ്ങളിൽ യാതൊരു ദേഹിയും രക്തം ഭക്ഷിക്കരുത്’ എന്നു ഞാൻ യിസ്രായേൽ പുത്രൻമാരോടു പറഞ്ഞിരിക്കുന്നത്.” (ലേവ്യ. 17:11, 12) ആ വ്യവസ്ഥക്കനുയോജ്യമായി യഹോവയുടെ യാഗപീഠത്തിങ്കൽ ചൊരിയപ്പെട്ട സകല മൃഗരക്തവും യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്തെ മുൻനിഴലാക്കി. (എബ്രാ. 9:11, 12; 1 പത്രോ. 1:18, 19) അങ്ങനെ രക്തത്തിന്റെ മററ് ഏതൊരു ഉപയോഗത്തെയും വിലക്കുന്ന ദൈവനിയമത്താൽ യേശുവിന്റെ രക്തത്തിന്റെ പവിത്രതതന്നെ ദൃഢീകരിക്കപ്പെടുന്നു. രക്തത്തിന്റെ ഏതു ദുരുപയോഗവും രക്ഷക്കുവേണ്ടി തന്റെ പുത്രൻ മുഖേന യഹോവ ചെയ്തിരിക്കുന്ന കരുതലിനോടുളള കടുത്ത അനാദരവിനെ പ്രകടമാക്കുന്നുവെന്ന് ഇതിൽനിന്ന് കാണാൻ കഴിയും.
12. മരണത്തെ അഭിമുഖീകരിക്കുന്നുവെങ്കിൽ, ജീവിച്ചിരിക്കാനുളള ശ്രമത്തിൽ ഒരു സത്യക്രിസ്ത്യാനി രക്തത്തിന്റെ ഏതെങ്കിലും ദുരുപയോഗത്തെ ആശ്രയിക്കുകയില്ലാത്തതെന്തുകൊണ്ട്?
12 ഒരു ജീവൻമരണ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, ഒരുവൻ ദൈവത്തിനു നേരേ പുറംതിരിഞ്ഞു കളയുന്നത് എത്ര ഹ്രസ്വദൃഷ്ടിയായിരിക്കും! നാം മനഃസാക്ഷിബോധമുളള ഡോക്ടർമാരുടെ സേവനങ്ങളെ വിലമതിക്കുന്നുവെങ്കിലും ഈ ജീവിതമാണ് സർവ്വസ്വവും എന്നപോലെ, ദൈവനിയമം ലംഘിച്ചുകൊണ്ട് നമ്മെയോ നമ്മുടെ പ്രിയപ്പെട്ടവരേയോ ഏതാനും ദിവസങ്ങളോ വർഷങ്ങളോ കൂടെ ജീവനോടെ നിലനിർത്താൻ നാം സാഹസികമായി ശ്രമിക്കുന്നില്ല. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യത്തിലും അതു സാദ്ധ്യമാക്കുന്ന നിത്യ ജീവനിലും നമുക്കു വിശ്വാസമുണ്ട്. ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർക്ക്—മരിക്കുന്നവർക്കുപോലും—നിത്യജീവന്റെ പ്രതിഫലം നൽകപ്പെടുമെന്ന് നാം മുഴുഹൃദയത്തോടെ വിശ്വസിക്കുന്നു.—യോഹ. 11:25; 1 തിമൊ. 4:10.
പുനരവലോകന ചർച്ച
● ജീവനെയും രക്തത്തെയും പവിത്രമാക്കുന്നതെന്ത്? ലോകം ഒരു വ്യത്യസ്ത വീക്ഷണത്തിനനുകൂലമായി വാദിക്കുന്നതെന്തുകൊണ്ട്?
● മൃഗങ്ങളുടെ കാര്യത്തിൽ, അവയുടെ രക്തത്തിന്റെ പവിത്രതയോട് നാം എങ്ങനെ ആദരവു കാട്ടുന്നു?
● നാം മനുഷ്യജീവനെ പവിത്രമായി കരുതുന്നുവെന്ന് ഏതു വിവിധ വിധങ്ങളിൽ നമ്മളെല്ലാം പ്രകടമാക്കേണ്ടതാണ്? അങ്ങനെ ചെയ്യുന്നത് എത്ര പ്രധാനമാണ്?
[അധ്യയന ചോദ്യങ്ങൾ]