‘ഞാൻ ഒരു രാജ്യത്തിനുവേണ്ടി നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു’
അധ്യായം 14
‘ഞാൻ ഒരു രാജ്യത്തിനുവേണ്ടി നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു’
1. യേശുവിന്റെ മരണത്തിന്റെ തലേരാത്രിയിൽ അവൻ തന്റെ അപ്പോസ്തലൻമാരുടെ മുമ്പാകെ എന്തു പ്രത്യാശ വെച്ചു?
1 യേശു വധിക്കപ്പെട്ടതിന്റെ തലേ രാത്രിയിലായിരുന്നു അവൻ തന്റെ വിശ്വസ്തരായ അപ്പോസ്തലൻമാരോട് ‘എന്റെ പിതാവിന്റെ വീട്ടിൽ അനേകം വസതികളുണ്ട്. ഞാൻ ആയിരിക്കുന്നടത്ത് നിങ്ങളും ആയിരിക്കേണ്ടതിന്, ഞാൻ നിങ്ങൾക്കുവേണ്ടി ഒരു സ്ഥലമൊരുക്കുവാൻ പോകുകയാകുന്നു’ എന്നു പറഞ്ഞത്. അവൻ അവരോട് കൂടുതലായി ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തതുപോലെതന്നെ, ഞാൻ ഒരു രാജ്യത്തിനുവേണ്ടി നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു.” (യോഹ. 14:2, 3; ലൂക്കോ. 22:29) അവൻ അവരുടെ മുമ്പാകെ എന്തോരു അത്ഭുതകരമായ പ്രതീക്ഷയാണു വെച്ചത്!
2. എത്രപേർ ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയ രാജ്യത്തിൽ പങ്കെടുക്കും?
2 എന്നിരുന്നാലും, ആ അപ്പോസ്തലൻമാർ മാത്രമേ തന്നോടുകൂടെ സ്വർഗ്ഗീയരാജ്യത്തിൽ ഭരിക്കുകയുളളുവെന്ന് യേശു അർത്ഥമാക്കിയില്ല. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെടുന്ന 1,44,000 പേർക്കും ആ മഹത്തായ പദവി ലഭിക്കുമെന്ന് പിന്നീട് അറിയിക്കപ്പെട്ടു. (വെളി. 5:9, 10; 14:1, 4) ഇന്ന് അത് കരസ്ഥമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടോ?
രാജ്യാവകാശികളെ കൂട്ടിച്ചേർക്കൽ
3. യേശു തന്റെ പരസ്യശുശ്രൂഷയിൽ ഏത് അവസരത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു?
3 യോഹന്നാൻ സ്നാപകൻ ഹെരോദ് അന്തിപ്പാസിനാൽ തടവിലാക്കപ്പെട്ടശേഷം, യേശു ഊർജ്ജിതമായ ഒരു പരസ്യപ്രസംഗ പ്രസ്ഥാനം ഏറെറടുത്തു, അതിൽ അവൻ “സ്വർഗ്ഗരാജ്യത്തിൽ” ശ്രദ്ധ കേന്ദ്രീകരിച്ചു. (മത്താ. 4:12, 17) അവൻ ആളുകൾക്ക് ആ രാജ്യത്തിൽ പ്രവേശിക്കുന്നതിനുളള അവസരം ഉണ്ടായിരിക്കുമെന്നുളള ബോധം അവരിൽ ഉളവാക്കി, അവന്റെ ശിഷ്യൻമാർ ആ സമ്മാനത്തിനുവേണ്ടി ആത്മാർത്ഥമായി എത്തിപ്പിടിച്ചു.—മത്താ. 5:3, 10, 20; 7:21; 11:12.
4. (എ) യേശുവിന്റെ ശിഷ്യൻമാരിൽ ആദ്യത്തവർ എപ്പോൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു? (ബി) അന്നുമുതൽ രാജ്യാവകാശികളുടെ കൂട്ടിച്ചേർക്കലിന് ശ്രദ്ധതിരിച്ചുവിട്ടുകൊണ്ടിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
4 പൊ. യു. 33-ലെ പെന്തെക്കോസ്തിൽ അവരിൽ ആദ്യത്തവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. (പ്രവൃ. 2:1-4; 2 കൊരി. 1:21, 22) അമർത്ത്യസ്വർഗ്ഗീയ ജീവനിലേക്കു നയിക്കുന്ന ദൈവത്തിന്റെ രക്ഷാവ്യവസ്ഥ അറിയിക്കപ്പെട്ടു. ആദ്യമായി യഹൂദൻമാർക്കും, അടുത്തതായി ശമര്യക്കാർക്കും, പിന്നീട് വിജാതീയ രാഷ്ട്രങ്ങളിലെ ആളുകൾക്കും ഈ അറിവു തുറന്നുകൊടുക്കുന്നതിന് പത്രോസ് “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ” ഉപയോഗിച്ചു. (മത്താ. 16:19) മനുഷ്യവർഗ്ഗത്തെ 1,000 വർഷം ഭരിക്കാനുളള ഗവൺമെൻറിന് രൂപം കൊടുക്കുന്നതിന് പ്രത്യേകശ്രദ്ധ കൊടുക്കപ്പെടുകയായിരുന്നു, ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകളിലെ മിക്കവാറുമെല്ലാ നിശ്വസ്ത ലേഖനങ്ങളും രാജ്യാവകാശികളുടെ ഈ കൂട്ടത്തിനുവേണ്ടിയാണ് തിരിച്ചുവിടപ്പെടുന്നത്—“സ്വർഗ്ഗീയവിളിയുടെ ഓഹരിക്കാരായ” “വിശുദ്ധൻമാർ”ക്കുവേണ്ടിത്തന്നെ. a
5. അവർ സ്വർഗ്ഗീയ ജീവനിലേക്കു വിളിക്കപ്പെട്ടത് അവർ അവർക്കു മുമ്പ് ജീവിച്ചിരുന്നവരെക്കാൾ മെച്ചപ്പെട്ട ദൈവദാസൻമാരായിരുന്നതുകൊണ്ടാണോ?
5 അവർ സ്വർഗ്ഗീയ ജീവനിലേക്കു വിളിക്കപ്പെട്ടത് അവർ പൊ. യു. 33-ലെ പെന്തെക്കോസ്തിനു മുമ്പ് മരിച്ച ദൈവദാസൻമാരെക്കാളെല്ലാം ഏതോ വിധത്തിൽ മെച്ചമായിരുന്നതുകൊണ്ടല്ല. (മത്താ. 11:11) പകരം, യഹോവ ഇപ്പോൾ യേശുക്രിസ്തുവിന്റെ സഹഭരണാധികാരികളായിരിക്കാനുളളവരെ തെരഞ്ഞെടുക്കാൻ തുടങ്ങിയിരുന്നു. ഇതിനുശേഷം ഏതാണ്ടു 19 നൂററാണ്ടുകളിൽ ഒരൊററ വിളി, സ്വർഗ്ഗീയവിളി, മാത്രമേ ഉണ്ടായിരുന്നുളളു. ദൈവം സ്നേഹപൂർവ്വകവും ജ്ഞാനപൂർവ്വകവുമായ സ്വന്തം ഉദ്ദേശ്യങ്ങളുടെ നടപ്പാക്കലിൽ ഒരു പരിമിതസംഖ്യക്കു നൽകിയ ഒരു അനർഹദയയായിരുന്നു അത്.—എഫേ. 2:8-10.
6. (എ) സ്വർഗ്ഗീയവിളി അവസാനിക്കേണ്ട സമയം വരേണ്ടതെന്തുകൊണ്ട്? (ബി) “മഹാപുരുഷാര”ത്തെ സംബന്ധിച്ച പ്രവചനങ്ങളും നിവർത്തിക്കത്തക്കവണ്ണം ആർ കാര്യങ്ങളെ നയിക്കും, എന്ത് യഥാർത്ഥമായി സംഭവിച്ചിരിക്കുന്നു?
6 കാലക്രമത്തിൽ 1,44,000 എന്ന നിർദ്ദിഷ്ടമെങ്കിലും പരിമിതമായ സംഖ്യ തികയും. ഈ ആത്മീയ യിസ്രായേല്യരുടെ അംഗീകാരത്തെ കാണിക്കുന്ന അന്തിമ മുദ്രയിടീൽ സമീപിച്ചിരിക്കും. (വെളി. 7:1-8) പിന്നീട് യഹോവ തന്റെ ആത്മാവും തന്റെ ദൃശ്യസ്ഥാപനത്തിനുവേണ്ടി താൻ സാദ്ധ്യമാക്കിയ തന്റെ വചനത്തിന്റെ ഗ്രാഹ്യവും മുഖേന വെളിപ്പാട് 7:9-17-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന, തന്റെ ഉദ്ദേശ്യത്തിന്റെ മറെറാരു ഭാഗത്തെ നിവർത്തിക്കത്തക്കവണ്ണം കാര്യങ്ങളെ നയിക്കും. മഹോപദ്രവത്തെ അതിജീവിച്ച് ഒരു ഭൗമിക പരദീസയിൽ പൂർണ്ണതയിൽ എന്നേക്കും ജീവിക്കുന്നതിനുളള പുളകപ്രദമായ പ്രത്യാശയോടെ സകല ജനതകളിൽനിന്നുമുളള ഒരു “മഹാപുരുഷാരം” കൂട്ടിച്ചേർക്കപ്പെടും. യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതിനെക്കുറിച്ചു നാം പരിചിന്തിക്കുമ്പോൾ പൊ. യു. 1935 എന്ന വർഷത്തോടടുത്ത് പൊതുസ്വർഗ്ഗീയ വിളി പൂർത്തിയായി എന്നു സ്പഷ്ടമാണെന്നു തോന്നുന്നു, അന്ന് “മഹാപുരുഷാര”ത്തിന്റെ ഭൗമിക പ്രത്യാശ വ്യക്തമായി മനസ്സിലാക്കപ്പെട്ടു. അന്നു മുതൽ ഇവിടെ ഭൂമിയിൽത്തന്നെ എന്നേക്കും ജീവിക്കുന്നതിന് ആത്മാർത്ഥമായി പ്രത്യാശിക്കുന്ന, യഹോവയുടെ ദശലക്ഷക്കണക്കിന് ആരാധകർ സ്വർഗ്ഗീയ വർഗ്ഗത്തിൽ ശേഷിച്ചിരിക്കുന്ന താരതമ്യേന ചുരുക്കമായ ആയിരങ്ങളോടുളള സഹവാസത്തിലേക്കു വരുത്തപ്പെട്ടിരിക്കുന്നു.
7. ചിലർക്ക് ഇക്കാലത്തുപോലും സ്വർഗ്ഗീയവിളി ലഭിക്കാൻ സാദ്ധ്യതയുണ്ടോ, നിങ്ങൾ അങ്ങനെ ഉത്തരം നൽകുന്നതെന്തുകൊണ്ട്?
7 ഇപ്പോൾ സ്വർഗ്ഗീയജീവനിലേക്ക് ആരും ദൈവത്താൽ വിളിക്കപ്പെടുന്നില്ലെന്ന് ഇതിനർത്ഥമുണ്ടോ? അന്തിമ മുദ്രയിടീൽ നടക്കുന്നതുവരെ, ആ പ്രത്യാശയുളള ചുരുക്കം ചിലർ അവിശ്വസ്തരെന്നു തെളിഞ്ഞേക്കാൻ സാദ്ധ്യതയുണ്ട്. അവരുടെ സ്ഥാനത്തേക്ക് മററുളളവരെ തെരഞ്ഞെടുക്കേണ്ടിവരും. എന്നാൽ ഇത് ഒരു അപൂർവ്വസംഭവമായിരിക്കുമെന്നുളളത് ന്യായയുക്തമായി തോന്നുന്നു.
ആത്മീയ പുത്രൻമാർ—അവർ എങ്ങനെ അറിയുന്നു?
8. പരിശുദ്ധാത്മാവിനാൽ ജനിപ്പിക്കപ്പെട്ടവർക്ക് ആ വസ്തുത സംബന്ധിച്ച് ബോധമുണ്ടെന്നു പ്രകടമാക്കിക്കൊണ്ട് പൗലോസ് എന്തു വിശദീകരണം നൽകുന്നു?
8 ദൈവത്തിന്റെ ആത്മാവ് സ്വർഗ്ഗീയവിളി ലഭിച്ചിട്ടുളള സ്നാനമേററ ക്രിസ്ത്യാനികൾക്ക് ആത്മീയപുത്രൻമാരായുളള ദത്തെടുപ്പിന്റെ സുനിശ്ചിത ഉറപ്പു കൊടുക്കുന്നു. അപ്പോസ്തലനായ പൗലോസ് റോമിലെ വിശുദ്ധൻമാർക്ക്, അന്നത്തെ സകല സത്യക്രിസ്ത്യാനികളുടെയും അവസ്ഥ എന്തെന്നു വർണ്ണിച്ചുകൊണ്ട് എഴുതിയപ്പോൾ ഇതു പ്രകടമാക്കുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന എല്ലാവരും ദൈവപുത്രൻമാരാകുന്നു. എന്തെന്നാൽ വീണ്ടും ഭയം ജനിപ്പിക്കുന്ന അടിമത്തത്തിന്റെ ഒരു ആത്മാവ് നിങ്ങൾക്കു ലഭിച്ചില്ല, എന്നാൽ പുത്രൻമാരായുളള ദത്തെടുപ്പിന്റെ ഒരു ആത്മാവ് നിങ്ങൾക്കു ലഭിച്ചു, ആ ആത്മാവിനാൽ നാം ‘അബ്ബാ, പിതാവേ!’ എന്നു വിളിക്കുന്നു. നാം ദൈവമക്കളാകുന്നുവെന്ന് ആത്മാവുതന്നെ നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ, നാം മക്കളാണെങ്കിൽ, നാം അവകാശികളുമാകുന്നു: തീർച്ചയായും ദൈവത്തിന്റെ അവകാശികൾ, എന്നാൽ ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികൾ, നാം ഒരുമിച്ച് മഹത്വീകരിക്കപ്പെടുകയും ചെയ്യേണ്ടതിന് നാം ഒരുമിച്ച് കഷ്ടപ്പാടനുഭവിച്ചാലത്രെ.”—റോമ. 1:7; 8:14-17.
9. യഥാർത്ഥത്തിൽ ദൈവപുത്രൻമാരായിരിക്കുന്നവരുടെ ആത്മാവോടുകൂടെ ‘ആത്മാവുതന്നെ സാക്ഷ്യം വഹിക്കുന്ന’തെങ്ങനെ?
9 “ആത്മാവ്” എന്ന പദത്തിന്റെ രണ്ട് ഉപയോഗങ്ങൾ ഇവിടെ നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്നു: “ആത്മാവുതന്നെ”യും “നമ്മുടെ ആത്മാവും.” ആദ്യത്തേത് ദൈവത്തിന്റെ അദൃശ്യമായ പ്രവർത്തനനിരതശക്തിയാണ്. അത് തന്റെ ആത്മീയ മക്കളിൽ ദൈവത്തിന്റെ സ്വതന്ത്രമക്കളായി ദത്തെടുക്കപ്പെട്ടിരിക്കുന്നതായുളള ഒരു ബോദ്ധ്യത്തിന് പ്രചോദനം കൊടുക്കുന്നു. ആ ആത്മാവ് ദൈവത്തിന്റെ നിശ്വസ്തവചനമായ ബൈബിളിലൂടെയും സാക്ഷ്യം വഹിക്കുന്നു, അത് തന്റെ ആത്മീയമക്കൾക്കുളള ഒരു വ്യക്തിപരമായ എഴുത്തുപോലെയാണ്. (1 പത്രോ. 1:10-12) ദൈവത്തിന്റെ ആത്മീയ പുത്രൻമാരായിരിക്കുന്നവരോട് തിരുവെഴുത്തുകൾ പറയുന്നത് പരിശുദ്ധാത്മാവിനാൽ ജനിപ്പിക്കപ്പെട്ടിരിക്കുന്നവർ വായിക്കുമ്പോൾ ‘അത് എനിക്കു ബാധകമാകുന്നു’ എന്ന് അവർ ഉചിതമായി പ്രതിവചിക്കുന്നു. അങ്ങനെ ദൈവത്തിന്റെ സ്വന്തം പ്രവർത്തനനിരതശക്തി, വിവിധ വിധങ്ങളിൽ, അവർ ദൈവമക്കളാണെന്ന്, അവരുടെ സ്വന്തം മനസ്സിലെയും ഹൃദയത്തിലെയും പ്രേരകശക്തിയായ അവരുടെ ആത്മാവോടുകൂടെ സാക്ഷ്യം വഹിക്കുന്നു. അങ്ങനെ ദൈവാത്മാവ് സൂചിപ്പിക്കുന്നതിനനുയോജ്യമായി അവരുടെ മനസ്സുകളും ഹൃദയങ്ങളും ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളായിരിക്കുന്നതിന്റെ പ്രത്യാശ സംബന്ധിച്ച് ഉറയ്ക്കുന്നു. അവർ ദൈവത്തിന്റെ ആത്മീയമക്കളുടെ ഉത്തരവാദിത്തങ്ങൾ സ്വീകരിക്കുന്നു.—ഫിലി. 3:13, 14.
10. (എ) ഏതു വസ്തുതകൾ അവയിൽത്തന്നെ ഒരുവനെ ഒരു അഭിഷിക്ത ക്രിസ്ത്യാനിയായി തിരിച്ചറിയിക്കുന്നില്ല? (ബി) “വേറെ ആടുകൾ” ദൈവോദ്ദേശ്യത്തിലെ തങ്ങളുടെ സ്ഥാനം സംബന്ധിച്ച് എന്തു വീക്ഷണം കൈക്കൊളളുന്നു?
10 അതു നിങ്ങളെ സംബന്ധിച്ചു സത്യമാണോ? ആണെങ്കിൽ നിങ്ങൾക്ക് അത്ഭുതകരമായ ഒരു പദവിയുണ്ട്. എന്നിരുന്നാലും, ഒരു വ്യക്തിക്ക് ആഴമേറിയ ആത്മീയ കാര്യങ്ങളോട് തീവ്രമായ വിലമതിപ്പുളളതുകൊണ്ടോ വയൽശുശ്രൂഷയിൽ തീക്ഷ്ണതയുളളതുകൊണ്ടോ തന്റെ സഹോദരൻമാരോട് ഉററസ്നേഹമുളളതുകൊണ്ടോ അയാൾ ആത്മാഭിഷിക്തനായ ഒരു ക്രിസ്ത്യാനിയായിരിക്കണമെന്ന് ആരെങ്കിലും നിഗമനം ചെയ്യുന്നത് തെററായിരിക്കും. ആ കാര്യങ്ങൾതന്നെയാണ് “വേറെ ആടുകളിൽ” അനേകരുടെയും ലക്ഷണങ്ങൾ. ക്രിസ്തുവിന്റെ കൂട്ടവകാശികളെ സംബന്ധിച്ച് തിരുവെഴുത്തുകളിൽ അവർ വായിക്കുന്ന സംഗതികളാൽ അവരുടെ ഹൃദയവും പ്രേരിതമാകുന്നു, എന്നാൽ ദൈവം അവർക്കുവേണ്ടി കരുതിവെച്ചിട്ടില്ലാത്ത ഒന്ന് അവകാശപ്പെടാൻ അവർ സാഹസം കാട്ടുന്നില്ല. (സംഖ്യാപുസ്തകം 16:1-40 താരതമ്യപ്പെടുത്തുക.) ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തെ അവർ തിരിച്ചറിയുകയും അതിൽ പങ്കുപററുന്നതിന് വിലമതിപ്പോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.
യോഗ്യമായി പങ്കുപററൽ
11. യേശുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകാഘോഷത്തിന് ആർ ഹാജരാകുന്നു, എന്തുകൊണ്ട്?
11 ഓരോ വർഷവും നീസാൻ 14-ാം തീയതി സൂര്യാസ്തമനത്തിനുശേഷം ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുളള യേശുക്രിസ്തുവിന്റെ അഭിഷിക്താനുഗാമികൾ, അവൻ തന്റെ അപ്പോസ്തലൻമാർക്കു കൊടുത്ത നിർദ്ദേശങ്ങൾക്കനുയോജ്യമായി, അവന്റെ മരണത്തിന്റെ സ്മാരകമാഘോഷിക്കുന്നു. (ലൂക്കോ. 22:19, 20) അപ്പവീഞ്ഞുകളിൽ പങ്കെടുക്കുന്നവരെന്ന നിലയിലല്ല, പിന്നെയോ ആദരവുളള നിരീക്ഷകരെന്ന നിലയിൽ “വേറെ ആടുകളും” ഹാജരാകുന്നു.
12. കൊരിന്തിലെ ചില ആദിമ ക്രിസ്ത്യാനികൾ കർത്താവിന്റെ സന്ധ്യാഭക്ഷണത്തോട് ഉചിതമായ വിലമതിപ്പു പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടതെങ്ങനെ?
12 ഇത് അർത്ഥശൂന്യമായ മതകർമ്മമല്ല, പിന്നെയോ ശക്തമായ അർത്ഥം നിറഞ്ഞതാണ്. ഗ്രീസിലെ കൊരിന്തിലുണ്ടായിരുന്ന ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളിൽ ചിലർ ആ അവസരത്തോട് ഉചിതമായ വിലമതിപ്പു കാണിക്കുന്നതിൽ പരാജയപ്പെട്ടു, അപ്പോസ്തലനായ പൗലോസ് അവർക്കു ഗൗരവമായ ബുദ്ധിയുപദേശം കൊടുത്തുകൊണ്ട് ഇങ്ങനെ എഴുതി: “അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കുകയോ ചെയ്യുന്ന ഏവനും കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുററക്കാരനായിരിക്കും.” അവരെ ‘അയോഗ്യമായി’ പങ്കെടുക്കുന്നവരാക്കിയതെന്താണ്? അവർ ഹൃദയത്തിലും മനസ്സിലും തങ്ങളേത്തന്നെ ഉചിതമായി ഒരുക്കുകയായിരുന്നില്ല. സഭയിൽ ഭിന്നതകൾ ഉണ്ടായിരുന്നു. കൂടാതെ ചിലർ യോഗത്തിനു മുമ്പ് ഭക്ഷണത്തിലും കുടിയിലും അമിതമായി ഏർപ്പെട്ടിരുന്നു. അവർ കർത്താവിന്റെ സന്ധ്യാഭക്ഷണത്തെ അലക്ഷ്യമായിട്ടാണു കരുതിയത്. അവർ അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗൗരവാവഹമായ പ്രാധാന്യം മനസ്സിലാക്കാനുളള അവസ്ഥയിലായിരുന്നില്ല.—1 കൊരി. 11:17-34.
13. സസ്മാരകത്തിന് കൊടുക്കപ്പെടുന്ന അപ്പവീഞ്ഞുകളുടെ അർത്ഥമെന്ത്?
13 എന്താണ് ആ പ്രാധാന്യം? അത് അപ്പവീഞ്ഞുകളുടെ ഏതെങ്കിലും അത്ഭുതകരമായ സാങ്കൽപ്പിക രൂപാന്തരത്തിൽ സ്ഥിതിചെയ്യുന്നില്ല. ക്രിസ്തു ഏതെങ്കിലും അർത്ഥത്തിൽ ഓരോ സ്മാരകത്തിലും വീണ്ടും ബലി ചെയ്യപ്പെടുന്നില്ല. “ക്രിസ്തു അനേകരുടെ പാപങ്ങൾ വഹിക്കുന്നതിന് എക്കാലത്തേക്കുമായി ഒരിക്കൽ അർപ്പിക്കപ്പെട്ടു” എന്ന് തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. (എബ്രാ. 9:28; 10:10; റോമ. 6:9) പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും യേശു ബലി ചെയ്ത അക്ഷരീയ ശരീരത്തെയും അവൻ ചൊരിഞ്ഞ അക്ഷരീയ രക്തത്തെയും പ്രതിനിധാനം ചെയ്യുന്നതിനുളള ചിഹ്നങ്ങൾ മാത്രമാണ്. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ എത്ര വിലയേറിയവയാണ്! യേശുവിന്റെ പാപരഹിത മനുഷ്യശരീരം മനുഷ്യവർഗ്ഗലോകത്തിന് എന്നേക്കും ജീവിക്കുന്നതിനുളള അവസരം ലഭിക്കേണ്ടതിന് കൊടുക്കപ്പെട്ടു. (യോഹ. 6:51) അവന്റെ ചൊരിയപ്പെട്ട രക്തം ഇരുമടങ്ങായ ഉദ്ദേശ്യത്തിന് ഉതകുന്നു—അതിൽ വിശ്വാസം പ്രകടമാക്കുന്ന മനുഷ്യരെ പാപത്തിൽനിന്ന് ശുദ്ധീകരിക്കുക; കൂടാതെ, ദൈവവും ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്നുളള ആത്മീയ യിസ്രായേലിന്റെ സഭയും തമ്മിലുളള പുതിയ ഉടമ്പടി പ്രാവർത്തികമാക്കുക. (1 യോഹ. 1:7; 1 കൊരി. 11:25; ഗലാ. 6:14-16) ഈ വിലയേറിയ ഏർപ്പാടുകളാണ് “ചെറിയ ആട്ടിൻകൂട്ട”ത്തിലെ അംഗങ്ങൾക്ക് യഥാർത്ഥമായി മനുഷ്യ പൂർണ്ണത കണക്കിട്ടുകൊണ്ട് ദൈവത്താൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നതു സാദ്ധ്യമാക്കുന്നത്. (ലൂക്കോ. 12:32) ക്രിസ്തുവിന്റെ സ്വർഗ്ഗീയ രാജ്യത്തിൽ അവനോടുകൂടെയുളള പങ്കുപററൽ മുന്നിൽ കണ്ടുകൊണ്ട് ദൈവപുത്രൻമാരെന്ന നിലയിൽ അവരെ പരിശുദ്ധാത്മാവിനാൽ ജനിപ്പിക്കാൻ കഴിയേണ്ടതിനാണ് ഇതു ചെയ്യുന്നത്. അവർ ഓരോ വർഷവും സ്മാരക ചിഹ്നങ്ങളിൽ പങ്കുപററുകയും അങ്ങനെ തങ്ങളുടെ സ്വർഗ്ഗീയ പ്രത്യാശക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോൾ ക്രിസ്തുവിനാൽ മാദ്ധ്യസ്ഥം വഹിക്കപ്പെടുന്ന “പുതിയ ഉടമ്പടി”യിലായിരിക്കുന്നതിലുളള വിലമതിപ്പു പുതുക്കപ്പെടുകയും ആഴമുളളതാക്കപ്പെടുകയും ചെയ്യുന്നു.—എബ്രാ. 8:6-12.
“ഞങ്ങൾ നിങ്ങളോടുകൂടെ പോരും”
14. (എ) “വേറെ ആടുകൾ” സ്മാരക ചിഹ്നങ്ങളിൽ പങ്കെടുക്കുന്നില്ലാത്തതെന്തുകൊണ്ട്, എന്നാൽ അവർ ആകാംക്ഷയോടെ എന്തു പ്രതീക്ഷിക്കുന്നു? (ബി) അവർ രാജ്യാവകാശികളുടെ ശേഷിപ്പിനോടുളള സഹവാസത്തെ എങ്ങനെ വീക്ഷിക്കുന്നു?
14 യഹോവ തന്റെ അഭിഷിക്തരോട് ഇടപെട്ടുകൊണ്ടിരിക്കുന്നതെങ്ങനെയെന്ന് “വേറെ ആടുകൾ” മനസ്സിലാക്കുന്നു. “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നതുകൊണ്ട് ഞങ്ങൾ നിങ്ങളോടുകൂടെ പോരും” എന്നു പറഞ്ഞുകൊണ്ട് അവർ അവരോടു ചേർന്നിരിക്കുന്നു. (സെഖ. 8:20-23) അവർ ഒന്നിച്ചു കൂടുന്നുവെന്നു മാത്രമല്ല, പിന്നെയോ നിവസിത ഭൂമിയിലെല്ലാം രാജ്യസുവാർത്ത പ്രസിദ്ധമാക്കുന്നതിൽ അവർ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, “വേറെ ആടുകൾ” ആത്മീയ യിസ്രായേലിനോടുകൂടെ “പുതിയ ഉടമ്പടി”യിലേക്കു എടുക്കപ്പെടുന്നില്ല, യേശുവിനോടുകൂടെ സ്വർഗ്ഗീയ ജീവനിൽ പങ്കുപററാൻ തെരഞ്ഞെടുക്കപ്പെട്ടവരോട് അവൻ ചെയ്ത “ഒരു രാജ്യത്തിനുവേണ്ടിയുളള . . . ഉടമ്പടി”യിലും അവർ ഉൾപ്പെടുന്നില്ല. തന്നിമിത്തം, അവർ ഉചിതമായി സ്മാരകചിഹ്നങ്ങളിൽ പങ്കുപററുന്നില്ല. (ലൂക്കോ. 22:20, 29) എന്നാൽ “ചെറിയ ആട്ടിൻകൂട്ട”ത്തിലെ അന്തിമ അംഗങ്ങളെ സ്വർഗ്ഗീയ രാജ്യത്തിലേക്കു കൂട്ടിച്ചേർത്തുകൊണ്ട് “പുതിയ ഉടമ്പടി” അതിന്റെ ഉദ്ദേശ്യം സാധിക്കുമ്പോൾ, ആ രാജ്യം മുഖേന “വേറെ ആടുകൾ” ഭൂമിയിൽ പ്രാപിക്കുന്ന അനുഗ്രഹങ്ങൾ അടുത്തുവരുന്നതായി അതു സൂചിപ്പിക്കുന്നുവെന്ന് അവർ തിരിച്ചറിയുന്നു. “അന്ത്യനാളുകളിൽ” രാജ്യാവകാശികളുടെ വിശ്വസ്തശേഷിപ്പിനോടുകൂടെ ഒററക്കെട്ടായി നിന്ന് സേവിക്കുന്നത് ഒരു പദവിയാണെന്ന് അവർ പരിഗണിക്കുന്നു.
[അടിക്കുറിപ്പുകൾ]
a റോമർ, 1 കൊരിന്ത്യർ, 2 കൊരിന്ത്യർ, എഫേസ്യർ, ഫിലിപ്യർ, കൊലോസ്യർ, തീത്തോസ്, 1 പത്രോസ്, 2 പത്രോസ്, എന്നിവയുടെ ആദ്യ വാക്യങ്ങളും; ഗലാത്യർ 3:26-29, 1 തെസ്സലോനീക്യർ 2:12, 2 തെസ്സലോനീക്യർ 2:14, 2 തിമൊഥെയോസ് 4:8, എബ്രായർ 3:1, യാക്കോബ് 1:18, 1 യോഹന്നാൻ 3:1, 2, യൂദാ 1 എന്നിവയും കാണുക.
പുനരവലോകന ചർച്ച
● ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ വളരെയധികം ഭാഗങ്ങളും സ്വർഗ്ഗീയ പ്രത്യാശയിലേക്കു ശ്രദ്ധതിരിക്കുന്നതെന്തുകൊണ്ട്?
● ദൈവപുത്രൻമാരെന്ന നിലയിൽ ജനിപ്പിക്കപ്പെട്ടിട്ടുളളവർ അതറിയുന്നതെങ്ങനെ? അവർ പങ്കുപററുന്ന സ്മാരക ചിഹ്നങ്ങളുടെ അർത്ഥമെന്ത്?
● “വേറെ ആടുകൾ” യഥാർത്ഥത്തിൽ “ചെറിയ ആട്ടിൻകൂട്ട”ത്തോട് ഐക്യത്തിൽ ചേർന്നുനിൽക്കുന്നുവെന്ന് അവർ എങ്ങനെ പ്രകടമാക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]