തിൻമസംബന്ധിച്ച ദൈവത്തിന്റെ അനുവാദത്തിൽനിന്ന് നാം പഠിക്കുന്നത്
അധ്യായം 7
തിൻമസംബന്ധിച്ച ദൈവത്തിന്റെ അനുവാദത്തിൽനിന്ന് നാം പഠിക്കുന്നത്
1. (എ) യഹോവ ഏദനിൽ വച്ച് സത്വരം മത്സരികളെ വധിച്ചിരുന്നുവെങ്കിൽ, അതു നമ്മെ എങ്ങനെ ബാധിക്കുമായിരുന്നു? (ബി) പകരം, യഹോവ നമുക്ക് ഏതു സ്നേഹപൂർവ്വകമായ കരുതലുകൾ ലഭ്യമാക്കി?
1 ജീവിതത്തിൽ നമുക്ക് പ്രയാസങ്ങൾ നേരിട്ടേക്കാമെങ്കിലും നാം ജനിച്ചത് ദൈവത്തിന്റെ ഭാഗത്തെ അനീതി ആയിരുന്നില്ല. അവൻ ആദ്യ മനുഷ്യർക്ക് പൂർണ്ണത പ്രദാനം ചെയ്യുകയും അവരുടെ ഭവനമായി പരദീസാ കൊടുക്കുകയും ചെയ്തു. അവർ മത്സരിച്ചശേഷം സത്വരം അവൻ അവരെ നിഗ്രഹിച്ചിരുന്നെങ്കിൽ, രോഗത്തോടും ദാരിദ്ര്യത്തോടും കുററകൃത്യങ്ങളോടും കൂടെ നമുക്കറിയാവുന്നതുപോലെയുളള മനുഷ്യവർഗ്ഗം ഉണ്ടായിരിക്കുമായിരുന്നില്ല. ഏതായാലും, യഹോവ കരുണാപൂർവ്വം ആദാമും ഹവ്വായും മരിക്കുന്നതിനു മുൻപ് ഒരു കുടുംബത്തെ ഉളവാക്കാൻ അവരെ അനുവദിച്ചു, അവർ അപൂർണ്ണത അവകാശപ്പെടുത്തുമായിരുന്നുവെങ്കിലും. ആദാം നഷ്ടപ്പെടുത്തിയത്—ഏററവുമധികം ജീവിതാസ്വാദനം സാദ്ധ്യമാക്കുന്ന സാഹചര്യങ്ങളിലെ നിത്യജീവൻ—നേടുന്നതിന് വിശ്വാസം പ്രകടമാക്കുന്ന ആദാമിന്റെ സന്തതികൾക്കുവേണ്ടി അവൻ ക്രിസ്തു മുഖേന കരുതൽ ചെയ്തു.—ആവ. 32:4, 5; യോഹ. 10:10.
2. ഇതെല്ലാം നമ്മുടെ രക്ഷക്കുവേണ്ടി മാത്രമാണോ ചെയ്തത്?
2 ഇതിൽനിന്ന് നമുക്ക് വ്യക്തിപരമായി ലഭിക്കുന്ന പ്രയോജനം അളവററതാണ്. എന്നാൽ നമ്മുടെ വ്യക്തിപരമായ രക്ഷയെക്കാൾ വളരെ പ്രധാനമായ ഒരു സംഗതി ഉൾപ്പെട്ടിരുന്നതായി ബൈബിൾ രേഖയിൽനിന്ന് നാം മനസ്സിലാക്കുന്നു.
അവന്റെ വലിയ നാമത്തിനുവേണ്ടി
3. ഭൂമിയെയും മനുഷ്യവർഗ്ഗത്തെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയോടുളള ബന്ധത്തിൽ എന്തു അപകടത്തിലായിരുന്നു?
3 യഹോവയുടെ നാമം, സാർവ്വത്രിക പരമാധികാരിയും സത്യത്തിന്റെ ദൈവവുമെന്ന അവന്റെ കീർത്തി, ഭൂമിയെയും മനുഷ്യനെയും സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയിൽ ഉൾപ്പെട്ടിരുന്നു. യഹോവയുടെ സ്ഥാനം നിമിത്തം മുഴു അഖിലാണ്ഡത്തിലെയും സമാധാനവും ക്ഷേമവും, അവന്റെ നാമത്തിന് അതർഹിക്കുന്ന തികഞ്ഞ ആദരവു കൊടുക്കേണ്ടതും എല്ലാവരും അവനെ അനുസരിക്കേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു.
4. കൃത്യമായി ആ ഉദ്ദേശ്യത്തിൽ എന്തു ഉൾപ്പെട്ടിരുന്നു?
4 ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചശേഷം അവൻ അവർക്ക് അവർ നിറവേറേറണ്ട ഒരു നിയോഗം കൊടുത്തു. അവന്റെ ഉദ്ദേശ്യം സർവ്വഭൂമിയെയും കീഴടക്കിക്കൊണ്ട് പരദീസയുടെ അതിരുകൾ വികസിപ്പിക്കുകയെന്നതു മാത്രമല്ല, പിന്നെയോ ആദ്യ മനുഷ്യനും സ്ത്രീയുമായിരുന്ന ആദാമിന്റെയും ഹവ്വായുടെയും സന്തതികളെക്കൊണ്ട് അതിനെ അധിവസിപ്പിക്കുക എന്നതുമാണെന്ന് അവൻ വ്യക്തമാക്കി. (ഉല്പ. 1:28) അവരുടെ പാപവും തൽഫലമായി ദൈവനാമത്തിൻമേൽവന്ന നിന്ദയും നിമിത്തം ഈ ഉദ്ദേശ്യം പരാജയപ്പെടാൻ പോകുകയായിരുന്നോ?
5. (എ) ഉല്പത്തി 2:17 അനുസരിച്ച് നൻമതിൻമകളുടെ അറിവിന്റെ വൃക്ഷത്തിൽനിന്ന് തിന്നുന്ന ഏതൊരാളും എപ്പോൾ മരിക്കുമായിരുന്നു? (ബി) ഭൂമിയെ അധിവസിപ്പിക്കുന്നതു സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തെ ആദരിക്കെത്തന്നെ, യഹോവ അത് എങ്ങനെ നിറവേററി?
5 ആദാം നൻമതിൻമകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷത്തിൽനിന്ന് അനുസരണമില്ലാതെ തിന്നുകയാണെങ്കിൽ അവൻ തിന്നുന്ന “ദിവസംതന്നെ” തീർച്ചയായും മരിക്കുമെന്ന് യഹോവ അവനു മുന്നറിയിപ്പുകൊടുത്തിരുന്നു. (ഉല്പ. 2:17) ദൈവത്തിന്റെ വാക്കനുസരിച്ചുതന്നെ, ആദാം പാപം ചെയ്ത അതേദിവസം യഹോവ നിയമലംഘികളോടു കണക്കു ചോദിക്കുകയും മരണവിധി ഉച്ചരിക്കുകയും ചെയ്തു. ശിക്ഷയിൽനിന്ന് ഒഴിഞ്ഞുപോകാൻ കഴിയുമായിരുന്നില്ല. നീതിന്യായപരമായി, ദൈവത്തിന്റെ നിലപാടിൽ ആദാമും ഹവ്വായും ആ ദിവസംതന്നെ മരിച്ചു. (ലൂക്കോസ് 20:37, 38 താരതമ്യപ്പെടുത്തുക.) എന്നാൽ ഭൂമിയെ അധിവസിപ്പിക്കുന്നതു സംബന്ധിച്ച അവന്റെ സ്വന്തം പ്രസ്താവിതോദ്ദേശ്യം നിറവേറേറണ്ടതിന്, അവർ അക്ഷരീയമായി മരിക്കുന്നതിനു മുമ്പ് ഒരു കുടുംബത്തെ ഉളവാക്കാൻ യഹോവ അവരെ അനുവദിച്ചു. എന്നിരുന്നാലും, 1,000 വർഷത്തെ ഒരു ദിവസം എന്നപോലെ ദൈവം വീക്ഷിക്കുന്നുവെന്ന നിലപാടിൽ, ആദാമിന്റെ ജീവിതം 930 വർഷം കൊണ്ടവസാനിച്ചപ്പോൾ, അത് ഒരു “ദിവസ”ത്തിനുളളിലായിരുന്നു. (ഉല്പ. 5:3-5; സങ്കീർത്തനം 90:4 താരതമ്യപ്പെടുത്തുക; 2 പത്രോ. 3:8) അങ്ങനെ ശിക്ഷ നടപ്പിലാക്കുന്നതിന്റെ സമയം സംബന്ധിച്ച യഹോവയുടെ സത്യത ഉയർത്തിപ്പിടിക്കപ്പെട്ടു. ആദാമിന്റെ സന്തതിയെ ഭൂമിയിൽ പാർപ്പിക്കുകയെന്ന അവന്റെ ഉദ്ദേശ്യം നിഷ്ഫലമാക്കപ്പെട്ടില്ല. എന്നാൽ ഒരു കാലത്തേക്ക് പാപികളായ മനുഷ്യർ ജീവിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് അത് അർത്ഥമാക്കി.
6, 7. (എ) ദുഷ്ടൻമാരെ കുറേ കാലത്തേക്കു തുടരാൻ യഹോവ അനുവദിക്കുന്നത് എന്തുകൊണ്ടെന്നുളളതു സംബന്ധിച്ച് പുറപ്പാട് 9:15, 16 എന്തു സൂചിപ്പിക്കുന്നു? (ബി) ഫറവോന്റെ സംഗതിയിൽ, യഹോവയുടെ ശക്തി എങ്ങനെ കാണിക്കപ്പെട്ടു, അവന്റെ നാമം എങ്ങനെ അറിയിക്കപ്പെട്ടു? (സി) അതുകൊണ്ട് ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തിൽ പരിണതഫലം എന്തായിരിക്കും?
6 മോശെയുടെ നാളുകളിൽ ഈജിപ്ററിലെ ഭരണാധികാരിയോട് യഹോവ പറഞ്ഞത് ദൈവം ദുഷ്ടരെ കുറേ കാലത്തേക്കു തുടരാൻ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്ന് കൂടുതലായി സൂചിപ്പിക്കുന്നു. ഫറവോൻ ഈജിപ്ററിൽനിന്ന് യിസ്രായേൽ പുത്രൻമാർ വിട്ടുപോകുന്നതിനെ വിലക്കിയപ്പോൾ യഹോവ അവനെ ഉടൻതന്നെ പ്രഹരിച്ചില്ല. വൈവിധ്യമാർന്ന അത്ഭുതവിധങ്ങളിൽ യഹോവയുടെ ശക്തി പ്രകടമാക്കിക്കൊണ്ട് ദേശത്തു പത്തു ബാധകൾ വരുത്തപ്പെട്ടു. ഏഴാമത്തേതിനെക്കുറിച്ചു മുന്നറിയിപ്പു കൊടുത്തപ്പോൾ, അവന് നിഷ്പ്രയാസം ഫറവോനെയും അവന്റെ ജനത്തെയും ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻ കഴിയുമായിരുന്നുവെന്ന് യഹോവ ഫറവോനോടു പറഞ്ഞു. “എന്നാൽ, യഥാർത്ഥത്തിൽ ഈ കാരണത്താൽ ഞാൻ നിന്നെ ആസ്തിക്യത്തിൽ വെച്ചിരിക്കുന്നു, എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും ഘോഷിക്കപ്പെടേണ്ടതിനുംതന്നെ” എന്ന് യഹോവ പറഞ്ഞു.—പുറ. 9:15, 16.
7 യഹോവ യിസ്രായേലിനെ വിടുവിച്ചപ്പോൾ, തീർച്ചയായും അവന്റെ നാമം പരക്കെ അറിയപ്പെടാനിടയായി. ഇന്ന്, ഏതാണ്ട് 3,500-ഓളം വർഷം കഴിഞ്ഞിട്ടും അവൻ ചെയ്തത് മറന്നുപോയിട്ടില്ല. യഹോവയെന്ന വ്യക്തിപരമായ നാമം ഘോഷിക്കപ്പെട്ടുവെന്നു മാത്രമല്ല, ആ നാമം വഹിക്കുന്നവനെക്കുറിച്ചുളള സത്യവും ഘോഷിക്കപ്പെട്ടു. ഇത് തന്റെ ഉടമ്പടികൾ പാലിക്കുന്നവനും തന്റെ ദാസൻമാർക്കുവേണ്ടി നടപടി സ്വീകരിക്കുന്നവനുമായ ഒരു ദൈവമെന്നനിലയിൽ യഹോവയുടെ കീർത്തിയെ സംസ്ഥാപിച്ചു. തന്റെ സർവ്വശക്തമായ ബലം നിമിത്തം യാതൊന്നിനും അവന്റെ ഉദ്ദേശ്യത്തെ തടസ്സപ്പെടുത്താൻ കഴികയില്ലെന്ന് അത് പ്രകടമാക്കി. ദൃശ്യവും അദൃശ്യവുമായ മുഴു ദുഷ്ടവ്യവസ്ഥിതിയുടെയും ആസന്നമായ നാശം അതിലും മതിപ്പുളവാക്കുന്നതായിരിക്കും. സർവ്വശക്തമായ മേധാവിത്വത്തിന്റെ ആ പ്രകടനവും യഹോവയുടെ നാമത്തിന് അതു കൈവരുത്തുന്ന മഹത്വവും അഖിലാണ്ഡ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. അതിന്റെ പ്രയോജനങ്ങൾ അനന്തമായിരിക്കും!—യെഹെ. 38:23; വെളി. 19:1, 2.
‘ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ!’
8. വേറെ കൂടുതലായ ഏതു വസ്തുതകൾ പരിചിന്തിക്കാൻ പൗലോസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു?
8 റോമർക്കുളള തന്റെ ലേഖനത്തിൽ അപ്പോസ്തലനായ പൗലോസ് “ദൈവത്തിങ്കൽ അനീതിയുണ്ടോ?” എന്ന ചോദ്യം ഉന്നയിക്കുന്നു. അനന്തരം ദൈവത്തിന്റെ കരുണയെ ദൃഢീകരിച്ചുകൊണ്ടും യഹോവ ഫറവോനോടു പറഞ്ഞതിനെ പരാമർശിച്ചുകൊണ്ടും അവൻ ഉത്തരം പറയുന്നു. മനുഷ്യരായ നാം ഒരു കുശവന്റെ കൈയ്യിലെ കളിമണ്ണുപോലെയാണെന്നുളള വസ്തുതയേയും അവൻ അനുസ്മരിപ്പിക്കുന്നു. കളിമണ്ണ് അതിന്റെ ഉപയോഗത്തെക്കുറിച്ചു പരാതിപ്പെടുന്നുണ്ടോ? പൗലോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾ, തന്റെ ക്രോധം പ്രകടിപ്പിക്കുന്നതിനും തന്റെ ശക്തി അറിയിക്കുന്നതിനുമുളള ഇച്ഛ ഉണ്ടായിരുന്നിട്ടും, യഹൂദൻമാരുടെ ഇടയിൽനിന്നു മാത്രമല്ല, ജനതകളുടെ ഇടയിൽനിന്നും വിളിച്ച് മഹത്വത്തിനുവേണ്ടി മുന്നമേ ഒരുക്കിയ കരുണാപാത്രങ്ങളായ നമ്മുടെ മേലുളള തന്റെ മഹത്വത്തിന്റെ ധനം അറിയിക്കേണ്ടതിന്, നാശയോഗ്യമായി ഉണ്ടാക്കപ്പെട്ട ക്രോധപാത്രങ്ങളെ വളരെയധികം ദീർഘക്ഷമയോടെ ദൈവം പൊറുത്തുവെങ്കിൽ അതുകൊണ്ടെന്ത്?”—റോമ. 9:14-24.
9. (എ) “നാശത്തിന് യോഗ്യമായി ഉണ്ടാക്കപ്പെട്ട ക്രോധപാത്രങ്ങൾ” ആരാണ്? (ബി) അവരുടെ ശത്രുതയിൻ മദ്ധ്യേ യഹോവ വലിയ ദീർഘക്ഷമ പ്രകടമാക്കിയിരിക്കുന്നതെന്തുകൊണ്ട്, തന്നെ സ്നേഹിക്കുന്നവരുടെ നൻമക്കുവേണ്ടി അന്തിമഫലം എന്തായിരിക്കും?
9 ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചക പ്രസ്താവന യഹോവ ചെയ്തതു മുതൽ സാത്താനും അവന്റെ സന്തതിയും “നാശത്തിനു യോഗ്യമായി ഉണ്ടാക്കപ്പെട്ട ക്രോധപാത്ര”ങ്ങളായിട്ടാണിരിക്കുന്നത്. ആ കാലത്തെല്ലാം യഹോവ ദീർഘക്ഷമ പ്രകടമാക്കിയിരിക്കുന്നു. ദുഷ്ടൻമാർ അവന്റെ വഴികളെ പരിഹസിച്ചിട്ടുണ്ട്, അവർ അവന്റെ ദാസൻമാരെ പീഡിപ്പിച്ചിരിക്കുന്നു, അവന്റെ പുത്രനെ കൊല്ലുകപോലും ചെയ്തു. എന്നാൽ യഹോവ തന്റെ ദാസൻമാർക്കു നിലനിൽക്കുന്ന പ്രയോജനം കിട്ടുമാറ് വലിയ നിയന്ത്രണം പാലിച്ചിരിക്കുന്നു. സകല സൃഷ്ടികൾക്കും ദൈവത്തിനെതിരായ മത്സരത്തിന്റെ വിപൽക്കരമായ ഫലങ്ങൾ കാണുന്നതിനുളള അവസരം ലഭിച്ചിട്ടുണ്ട്. അതേസമയം, യേശുവിന്റെ മരണം അനുസരണമുളള മനുഷ്യവർഗ്ഗത്തെ വിടുവിക്കുന്നതിനും ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കുന്നതിനു’മുളള ഉപാധി പ്രദാനം ചെയ്തു.—1 യോഹ. 3:8; എബ്രാ. 2:14, 15.
10. കഴിഞ്ഞ 1900 വർഷങ്ങളിൽ യഹോവ ദുഷ്ടൻമാരെ സഹിക്കുന്നതിൽ തുടർന്നിരിക്കുന്നതെന്തുകൊണ്ട്?
10 യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷമുളള 1,900-ൽ പരം വർഷങ്ങളിൽ യഹോവ “ക്രോധപാത്രങ്ങ”ളുടെ നാശം വരുത്താതെ അവരെ കൂടുതലായി പൊറുത്തിരിക്കുന്നു. എന്തിന്? എന്തുകൊണ്ടെന്നാൽ അവൻ സ്ത്രീയുടെ സന്തതിയുടെ ഉപഭാഗത്തെ, യേശുക്രിസ്തുവിന്റെ സ്വർഗ്ഗീയ രാജ്യത്തിൽ അവനോടുകൂടെ ഉണ്ടായിരിക്കേണ്ടവരെ, ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. (ഗലാ. 3:29) എണ്ണത്തിൽ 1,44,000 വരുന്ന ഇവരാണ് അപ്പോസ്തലനായ പൗലോസ് പറഞ്ഞ “കരുണാപാത്രങ്ങൾ.” ആദ്യം, യഹൂദൻമാരുടെ ഇടയിൽനിന്നുളള വ്യക്തികൾ ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നതിനു ക്ഷണിക്കപ്പെട്ടു. പിന്നീട്, പരിച്ഛേദനയേററ ശമര്യക്കാർ കൂട്ടപ്പെട്ടു. ഒടുവിൽ വിജാതീയ രാഷ്ട്രങ്ങളിലെ ആളുകളും. അങ്ങനെയുളള ദീർഘക്ഷമയോടെ, യഹോവ തന്നെ സേവിക്കാൻ ആരെയും നിർബ്ബന്ധിക്കാതെയും, എന്നാൽ തന്റെ സ്നേഹപുരസ്സരമായ കരുതലുകളോട് വിലമതിപ്പോടെ പ്രതികരിച്ചവരുടെമേൽ മഹത്തായ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടും തന്റെ ഉദ്ദേശ്യത്തെ പ്രാവർത്തികമാക്കിയിരിക്കുന്നു. ഇപ്പോൾ ആ സ്വർഗ്ഗീയ വർഗ്ഗത്തിന്റെ ഒരുക്കൽ മിക്കവാറും പൂർത്തിയായിരിക്കുകയാണ്.
11. യഹോവയുടെ ദീർഘക്ഷമയിൽനിന്ന് വേറെ ഏതു കൂട്ടം ഇപ്പോൾ പ്രയോജനമനുഭവിക്കുന്നു?
11 എന്നാൽ ഭൂമിയിലേക്കുളള നിവാസികളെ സംബന്ധിച്ചെന്ത്? ദൈവത്തിന്റെ തക്കസമയത്ത് രാജ്യത്തിന്റെ ഭൗമിക പ്രജകളെന്ന നിലയിൽ ശതകോടികൾ ഉയർപ്പിക്കപ്പെടും. കൂടാതെ, പ്രത്യേകിച്ച് പൊ. യു. 1935 മുതൽ യഹോവയുടെ ദീർഘക്ഷമ സകല ജനതകളിൽനിന്നുമുളള “ഒരു മഹാപുരുഷാര”ത്തെ, അവരുടെ രക്ഷയെ മുൻനിർത്തി കൂട്ടിച്ചേർക്കുന്നതു സാദ്ധ്യമാക്കിയിരിക്കുന്നു.—വെളി. 7:9, 10; യോഹ. 10:16.
12. (എ) തൽഫലമായി, നാം യഹോവയെക്കുറിച്ചുതന്നെ എന്തു പഠിച്ചിരിക്കുന്നു? (ബി) യഹോവ ഈ കാര്യങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന വിധത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
12 ഇതിലെല്ലാം എന്തെങ്കിലും അനീതിയുണ്ടോ? തീർച്ചയായുമില്ല! തന്റെ ഉദ്ദേശ്യത്തിന് അനുയോജ്യമായി മററുളളവരോട് അനുകമ്പ കാട്ടാൻ കഴിയേണ്ടതിന് ദൈവം “ക്രോധപാത്രങ്ങളായ” ദുഷ്ടൻമാരുടെ നാശം താമസിപ്പിക്കുന്നുവെങ്കിൽ ആർക്കെങ്കിലും ഉചിതമായി എങ്ങനെ പരാതി പറയാൻ കഴിയും? പകരം നാം യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഇതൾവിരിയൽ നിരീക്ഷിക്കുമ്പോൾ, അവനെക്കുറിച്ചുതന്നെ വളരെയധികം പഠിക്കുന്നു. വെളിച്ചത്തുവന്നിരിക്കുന്ന അവന്റെ വ്യക്തിത്വത്തിന്റെ വശങ്ങളായ അവന്റെ നീതിയിലും അവന്റെ കരുണയിലും അവന്റെ ദീർഘക്ഷമയിലും അവന്റെ ബഹുവിധ ജ്ഞാനത്തിലും നാം അതിശയിച്ചുപോകുന്നു. യഹോവയുടെ ജ്ഞാനപൂർവ്വകമായ വിവാദവിഷയത്തിന്റെ കൈകാര്യം ചെയ്യൽ അവന്റെ ഭരണവിധമാണ് അത്യുത്തമമെന്ന വസ്തുതയുടെ സാക്ഷ്യമായി എന്നേക്കും നിലകൊളളും. അപ്പോസ്തലനായ പൗലോസിനോടു ചേർന്ന് നാം പറയുന്നു: “ദൈവത്തിന്റെ ധനത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴമേ! അവന്റെ ന്യായവിധികൾ എത്ര ആരായാനാവാത്തതും അവന്റെ വഴികൾ എത്ര കണ്ടെത്താൻ കഴിയാത്തതുമാകുന്നു.”—റോമ. 11:33.
നമ്മുടെ ഭക്തി പ്രകടമാക്കുന്നതിനുളള അവസരങ്ങൾ
13. (എ) നാം വ്യക്തിപരമായ കഷ്ടപ്പാടിനു വിധേയമാകുമ്പോൾ നമുക്ക് ഏത് അവസരം കൈവരുന്നു? (ബി) ജ്ഞാനപൂർവ്വം പ്രതിവർത്തിക്കുന്നതിന് നമ്മെ എന്തു സഹായിക്കും?
13 ദൈവം ഇതുവരെയും ദുഷ്ടൻമാരെ നശിപ്പിച്ചിട്ടില്ലാത്തതിനാലും മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ പുനഃസ്ഥിതീകരണം കൈവരുത്തിയിട്ടില്ലാത്തതിനാലും വ്യക്തിപരമായ യഥാർത്ഥ കഷ്ടപ്പാട് ഉൾപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ട്. അങ്ങനെയുളളവയോടുളള നമ്മുടെ പ്രതികരണമെന്താണ്? യഹോവയുടെ നാമത്തിൽനിന്ന് നിന്ദ നീക്കുന്നതിനും പിശാചിനെ ഒരു നുണയൻ എന്നു തെളിയിക്കുന്നതിനുമുളള അവസരം നാം അവയിൽ കാണുന്നുവോ? “എന്റെ മകനെ, എന്നെ പരിഹസിക്കുന്നവന് ഞാൻ ഒരു മറുപടി കൊടുക്കേണ്ടതിന് ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക” എന്ന ബുദ്ധിയുപദേശം ഓർത്തിരിക്കുന്നതിനാൽ അങ്ങനെ ചെയ്യുന്നതിന് നാം അതിയായി ബലിഷ്ഠരാക്കപ്പെടും. (സദൃശ. 27:11) ആളുകൾ ഭൗതിക നഷ്ടമോ ശാരീരിക പീഡനമോ അനുഭവിക്കുന്നപക്ഷം അവർ ദൈവത്തെ കുററപ്പെടുത്തുമെന്ന്, അവനെ ശപിക്കുമെന്നുപോലും, യഹോവയെ പരിഹസിക്കുന്ന സാത്താൻ ആരോപിച്ചു. (ഇയ്യോ. 1:9-11; 2:4, 5) ക്ലേശങ്ങൾക്കു മദ്ധ്യേ ദൈവത്തോടുളള നമ്മുടെ വിശ്വസ്തതയാൽ, അതു നമ്മുടെ കാര്യത്തിൽ സത്യമല്ലെന്നു നാം തെളിയിക്കുമ്പോൾ, നാം യഹോവയുടെ ഹൃദയത്തിനു സന്തോഷം കൈവരുത്തുന്നു. യഹോവക്കു തന്റെ ദാസൻമാരോട് ആർദ്രമായ പ്രിയമുണ്ടെന്നും, ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ, നാം വിശ്വസ്തരെന്നു തെളിയിക്കുന്നുവെങ്കിൽ തക്കസമയത്ത് യഹോവ നമുക്ക് ഉദാരമായി പ്രതിഫലം നൽകുമെന്നും നമുക്ക് പൂർണ്ണമായ ഉറപ്പുണ്ട്.—യാക്കോ. 5:11; ഇയ്യോ. 42:10-16.
14. നാം പീഡാനുഭവങ്ങൾക്ക് വിധേയമാകുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നുവെങ്കിൽ, നമുക്ക് വേറെ ഏതു പ്രയോജനങ്ങൾ ലഭിക്കാൻ കഴിയും?
14 നാം ദുഃഖകരമായ പീഡാനുഭവങ്ങൾക്കു വിധേയരാകുമ്പോൾ നാം വിശ്വാസത്തോടെ യഹോവയെ ആശ്രയിക്കുന്നുവെങ്കിൽ, നമുക്ക് വിലതീരാത്ത ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയും. യേശു അനുഭവിച്ച കഷ്ടപ്പാടുകളാൽ അവൻ മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു വിധത്തിൽ “അനുസരണം പഠിച്ചു.” ദീർഘക്ഷമയും സഹിഷ്ണതയും യഹോവയുടെ നീതിനിഷ്ഠമായ വഴികളോടുളള ആഴമേറിയ വിലമതിപ്പും നട്ടുവളർത്തികൊണ്ട് നമുക്കും പഠിക്കാൻ കഴിയും. നാം ക്ഷമാപൂർവ്വം ആ പരിശീലനം സ്വീകരിക്കുമോ?—എബ്രാ. 5:8, 9; 12:11; യാക്കോ. 1:2-4.
15. നാം ക്ഷമാപൂർവ്വം ക്ലേശം സഹിക്കുന്നുവെങ്കിൽ മററുളളവർക്ക് എങ്ങനെ പ്രയോജനം കിട്ടിയേക്കാം?
15 നാം ചെയ്യുന്നത് മററുളളവർ നിരീക്ഷിക്കും. നീതിയോടുളള നമ്മുടെ സ്നേഹം നിമിത്തം നാം വിധേയമാകുന്ന കാര്യങ്ങൾ ഹേതുവായി അവരിൽ ചിലർ കാലക്രമത്തിൽ യഥാർത്ഥത്തിൽ ഇന്ന് ക്രിസ്തുവിന്റെ “സഹോദരൻമാർ” ആരെന്ന് മനസ്സിലാക്കാനിടയായേക്കാം. അവന്റെ “സഹോദരൻമാരോട്” കൂടെ ആരാധനയിൽ ചേരുന്നതിനാൽ അവർക്ക് നിത്യജീവന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയും. (മത്താ. 25:34-36,40,46) അവർക്ക് ആ അവസരം ലഭിക്കാൻ യഹോവയും അവന്റെ പുത്രനും ആഗ്രഹിക്കുന്നു. നാമോ? അതു സാദ്ധ്യമാക്കുന്നതിന് ക്ലേശം സഹിക്കാൻ നാം സന്നദ്ധരാണോ?
16. അങ്ങനെയുളള വ്യക്തിപരമായ ക്ലേശത്തെക്കുറിച്ചുളള നമ്മുടെ വീക്ഷണം ഐക്യത്തിന്റെ സംഗതിയോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
16 യഹോവയോടുളള നമ്മുടെ ഭക്തി പ്രകടമാക്കുന്നതിനും അവന്റെ ഇഷ്ടം നിറവേററുന്നതിൽ പങ്കെടുക്കുന്നതിനുമുളള അവസരങ്ങളെന്ന നിലയിൽ പ്രയാസമുളള സാഹചര്യങ്ങളെപോലും നാം വീക്ഷിക്കുമ്പോൾ അത് എത്ര വിശിഷ്ടമായിരിക്കും! നമ്മുടെ ആ വീക്ഷണം നാം തീർച്ചയായും ദൈവത്തോടും ക്രിസ്തുവിനോടുമുളള ഐക്യത്തിലേക്കു നീങ്ങുകയാണെന്നുളളതിന്റെ തെളിവായിരിക്കാൻ കഴിയും, ആ ഐക്യത്തിനുവേണ്ടിയാണ് യേശു സകല സത്യക്രിസ്ത്യാനികൾക്കുമായി പ്രാർത്ഥിച്ചത്.—യോഹ. 17:20, 21.
പുനരവലോകന ചർച്ച
● തിൻമ അനുവദിച്ചപ്പോൾ, യഹോവ തന്റെ സ്വന്ത നാമത്തോട് വലിയ ആദരവ് ഉചിതമായി പ്രകടമാക്കിയതെങ്ങനെ?
● യഹോവ “ക്രോധപാത്രങ്ങളെ” സഹിച്ചത് അവന്റെ കരുണ നമ്മിലേക്ക് എത്താൻ സാദ്ധ്യമാക്കിയതെങ്ങനെ?
● നാം വ്യക്തിപരമായി അനുഭവിക്കുന്ന കഷ്ടപ്പാട് ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ എന്തു കാണാൻ നാം ശ്രമിക്കണം?
[അധ്യയന ചോദ്യങ്ങൾ]