ദൈവവചനം സധൈര്യം സംസാരിക്കുന്നതിൽ തുടരുക
അധ്യായം 22
ദൈവവചനം സധൈര്യം സംസാരിക്കുന്നതിൽ തുടരുക
1. (എ) പൊ. യു. 33-ലെ പെന്തെക്കോസ്തിൽ തുടങ്ങി യേശുവിന്റെ ശിഷ്യൻമാർ എന്തു സുവാർത്ത ഘോഷിച്ചു, എന്നാൽ ഭരണാധികാരികളുടെയും യഹൂദൻമാരിലെ പ്രായമേറിയ പുരുഷൻമാരുടെയും പ്രതികരണം എന്തായിരുന്നു? (ബി) ഇതു സംബന്ധിച്ച് നമുക്ക് നമ്മോടുതന്നെ എന്തു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
1 മനുഷ്യ ചരിത്രത്തിലെ 4,000-ത്തിൽപരം വർഷങ്ങളിലെ അതിപ്രധാന സംഭവങ്ങൾ നടന്നുകഴിഞ്ഞിരുന്നു. ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തു സർവ്വഭൂമിയുടെയുംമേലുളള ഭാവിരാജാവെന്ന നിലയിൽ അഭിഷേകം ചെയ്യപ്പെട്ടിരുന്നു. മത വൈരികളുടെ പ്രേരണയാൽ യേശു വധിക്കപ്പെട്ടെങ്കിലും യഹോവ തന്റെ പുത്രനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചിരുന്നു. നിത്യജീവന്റെ കാഴ്ചപ്പാടോടെ അവനിലൂടെ രക്ഷ സാദ്ധ്യമായിരുന്നു. എന്നാൽ യേശുവിന്റെ വിശ്വസ്ത ശിഷ്യൻമാർ ഈ സുവാർത്ത പരസ്യമായി ഘോഷിച്ചപ്പോൾ ഭയങ്കരമായ എതിർപ്പു പൊട്ടിപ്പുറപ്പെട്ടു. ആദ്യം രണ്ട് അപ്പോസ്തലൻമാരും, പിന്നീട് അവരെല്ലാവരും തടവിലാക്കപ്പെട്ടു. അവർ പ്രഹരിക്കപ്പെടുകയും യേശുവിന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുന്നതു നിർത്താൻ ആജ്ഞാപിക്കപ്പെടുകയും ചെയ്തു. (പ്രവൃ. 4:1-3,17; 5:17,18,40) അവർ എന്തു ചെയ്യണം? നിങ്ങൾ എന്തു ചെയ്യുമായിരുന്നു? നിങ്ങൾ സധൈര്യം സാക്ഷീകരിക്കുന്നതിൽ തുടരുമായിരുന്നോ?
2. (എ) നമ്മുടെ നാളിൽ അതിലും അത്ഭുതകരമായ ഏതു വാർത്ത ഘോഷിക്കേണ്ടതുണ്ട്? (ബി) ഇതു ചെയ്യുന്നതിനുളള ഉത്തരവാദിത്തം ആർക്കാണുളളത്?
2 പൊ. യു. 1914 എന്ന വർഷത്തിൽ, സാർവ്വത്രിക പ്രാധാന്യമുളള, അതിലും അത്ഭുതമേറിയ ഒരു സംഭവം നടന്നു. യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യം സ്വർഗ്ഗത്തിൽ യഥാർത്ഥമായി സ്ഥാപിക്കപ്പെട്ടു. അടുത്തതായി, സാത്താനും അവന്റെ ഭൂതങ്ങളും ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു. (വെളി. 12:1-5,7-12) ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകൾ തുടങ്ങിയിരുന്നു. 1914-ലെ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച തലമുറ മരിച്ചുതീരുന്നതിനു മുമ്പ് ദൈവം മുഴു സാത്താന്യ വ്യവസ്ഥിതിയെയും തകർക്കും. (മത്താ. 24:34) അതിജീവിക്കുന്നവർക്ക് തങ്ങളുടെ മുമ്പാകെ നിത്യജീവന്റെ പ്രതീക്ഷ ഉണ്ടായിരിക്കും. ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ നിവൃത്തിയായി മുഴുഭൂമിയും ഒരു പരദീസാ ആയിത്തീരും. നിങ്ങൾ ഇപ്പോൾത്തന്നെ ഈ സുവാർത്തയെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതു മററുളളവർക്കു പങ്കുവെക്കുന്നതിനുളള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. (മത്താ. 24:14) എന്നാൽ നിങ്ങൾക്ക് എന്തു പ്രതിവർത്തനം പ്രതീക്ഷിക്കാൻ കഴിയും?
3. (എ) ആളുകൾ രാജ്യസന്ദേശത്തോട് എങ്ങനെ പ്രതിവർത്തിക്കുന്നു? (ബി) തന്നിമിത്തം, നാം എന്തു ചോദ്യത്തെ അഭിമുഖീകരിക്കണം?
3 ചിലർ നിങ്ങളെ ഒരു രാജ്യപ്രഘോഷകനെന്നനിലയിൽ ഊഷ്മളമായി സ്വാഗതം ചെയ്തേക്കാമെങ്കിലും ഭൂരിപക്ഷവും കേവലം ഉദാസീനരായിരിക്കും. (മത്താ. 24:37-39) മററുചിലർ നിങ്ങളെ പരിഹസിക്കുകയോ കഠിനമായി എതിർക്കുകയോ ചെയ്തേക്കാം. കുറെ എതിർപ്പ് നിങ്ങളുടെ സ്വന്തം ബന്ധുക്കളിൽനിന്ന് ഉണ്ടായേക്കാമെന്ന് യേശു മുന്നറിയിപ്പു നൽകി. (ലൂക്കോ. 21:16-19) നിങ്ങളുടെ ജോലിസ്ഥലത്തോ സ്കൂളിലോ അതുണ്ടായേക്കാം. ഭൂമിയുടെ അനേകം ഭാഗങ്ങളിൽ യഹോവയുടെ സാക്ഷികൾ അന്യായമായ ഗവൺമെൻറ് നിരോധനത്തിൻ കീഴിൽപോലുമാണ്. ഇതുപോലുളള ഏതെങ്കിലും സാഹചര്യത്തെയോ എല്ലാ സാഹചര്യങ്ങളെയുമോ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ സധൈര്യം ദൈവവചനം സംസാരിക്കുന്നതിൽ തുടരുമോ?
4. നാം ദൈവത്തെ വിശ്വസ്തമായി സേവിക്കുമെന്ന് വ്യക്തിപരമായ തീരുമാനം ഉറപ്പുനൽകുന്നുവോ?
4 നിങ്ങൾ ദൈവത്തിന്റെ ധൈര്യമുളള ഒരു ദാസനായിരിക്കാനാഗ്രഹിക്കുന്നുവെന്നതിനു സംശയമില്ല. എന്നിരുന്നാലും, യാതൊന്നിനും തങ്ങളെ പിന്തിരിപ്പിക്കാൻ കഴികയില്ലെന്നു വിചാരിച്ച ചിലർ രാജ്യപ്രഘോഷകരുടെ അണികളിൽനിന്നു വിട്ടുപോയിരിക്കുന്നു. മറിച്ച്, പ്രകൃത്യാ ഏറെക്കുറെ ഭയമുളളവർ ഉൾപ്പെടെ മററുളളവർ തീക്ഷ്ണതയുളള ദൈവദാസൻമാരെന്നനിലയിൽ മുടങ്ങാതെ തുടർന്നിരിക്കുന്നു. “വിശ്വാസത്തിൽ സ്ഥിരതയുളള”വനായി നിൽക്കുന്ന ഒരുവനെന്ന് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാൻ കഴിയും?—1 കൊരി. 16:13.
സ്വന്തശക്തിയിലാശ്രയിക്കാതിരിക്കുക
5. (എ) നാം വിശ്വസ്ത ദൈവദാസരാണെന്ന് തെളിയിക്കുന്നതിന്, അടിസ്ഥാനപരമായ ഒരു വ്യവസ്ഥ എന്താണ്? (ബി) യോഗങ്ങൾ വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
5 തീർച്ചയായും, ഒരു വിശ്വസ്തദൈവദാസനായിരിക്കുന്നതിൽ അനേകം ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ അവയിലെല്ലാം അടിസ്ഥാനപരമായിരിക്കുന്നത് യഹോവയിലും അവന്റെ കരുതലുകളിലുമുളള ആശ്രയമാണ്. നാം അങ്ങനെയുളള ആശ്രയം എങ്ങനെയാണ് പ്രകടമാക്കുന്നത്? ഒരു മാർഗ്ഗം സഭാമീററിംഗുകൾക്ക് ഹാജരാകുകയാണ്. അവയെ അവഗണിക്കാതിരിക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രാ. 10:23-25) പൊതുജനവിരക്തിയേയോ പീഡനത്തേയോ വകവെക്കാതെ യഹോവയുടെ വിശ്വസ്തസാക്ഷികളായി തുടർന്നിട്ടുളളവർ സഹാരാധകരോടുകൂടെ യോഗങ്ങളിൽ ക്രമമായി ഹാജരാകാൻ തീവ്രയത്നം നടത്തിയിട്ടുണ്ട്. ഈ യോഗങ്ങളിൽ തിരുവെഴുത്തുകളെക്കുറിച്ചുളള നമ്മുടെ അറിവ് വർദ്ധിക്കുന്നു, എന്നാൽ പുതിയ കാര്യങ്ങളിലുളള ഹരമല്ല നമ്മെ ആകർഷിക്കുന്നത്. (പ്രവൃത്തികൾ 17:21 താരതമ്യപ്പെടുത്തുക) സുവിദിതമായ സത്യങ്ങളെക്കുറിച്ചുളള നമ്മുടെ വിലമതിപ്പ് വളരുന്നു, അവ ഉപയോഗിക്കുന്നതിനുളള വഴികളെക്കുറിച്ചുളള നമ്മുടെ അവബോധം മൂർച്ചയേറിയതായിത്തീരുന്നു. യേശു നമുക്കുവേണ്ടി വെച്ച മാതൃക നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നു. (എഫേ. 4:20-24) നാം ഏകീകൃതാരാധനയിൽ നമ്മുടെ ക്രിസ്തീയ സഹോദരൻമാരോട് അടുക്കുന്നു. ദൈവേഷ്ടം ചെയ്യുന്നതിൽ തുടരുന്നതിന് നാം വ്യക്തിപരമായി ശക്തീകരിക്കപ്പെടുന്നു. യഹോവയുടെ ആത്മാവ് സഭ മുഖാന്തരം മാർഗ്ഗനിർദ്ദേശം നൽകുന്നു, നാം യേശുവിന്റെ നാമത്തിൽ സമ്മേളിക്കുമ്പോൾ അവൻ ആ ആത്മാവു മുഖേന നമ്മുടെ മദ്ധ്യത്തിലുണ്ട്.—വെളി. 3:6; മത്താ. 18:20.
6. യഹോവയുടെ സാക്ഷികളെ നിരോധിച്ചിരിക്കുന്നടത്ത്, യോഗങ്ങൾ സംബന്ധിച്ച് എന്തു ചെയ്യുന്നു?
6 നിങ്ങൾ ക്രമമായി എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നുണ്ടോ? നിങ്ങൾ ചർച്ച ചെയ്തു കേൾക്കുന്നത് വ്യക്തിപരമായി ബാധകമാക്കുന്നുണ്ടോ? ചിലപ്പോൾ, നിരോധനത്തിൻകീഴിൽ ആയിരിക്കുമ്പോൾ, സ്വകാര്യഭവനങ്ങളിൽ ചെറിയ കൂട്ടങ്ങളായി യോഗങ്ങൾ നടത്തേണ്ടതാവശ്യമായി വന്നിട്ടുണ്ട്. സ്ഥലവും സമയങ്ങളും വ്യത്യാസപ്പെട്ടേക്കാം, എല്ലായ്പ്പോഴും സൗകര്യപ്രദവുമല്ലായിരിക്കാം, ചില യോഗങ്ങൾ രാത്രിയിൽ വൈകിയായിരിക്കാം നടക്കുന്നത്. എന്നാൽ വ്യക്തിപരമായ അസൗകര്യമോ അപകടമോ ഗണ്യമാക്കാതെ, വിശ്വസ്ത സഹോദരീസഹോദരൻമാർ ഓരോ യോഗത്തിനും ഹാജരാകാൻ ആത്മാർത്ഥശ്രമം നടത്തുന്നു.
7. (എ) വേറെ എങ്ങനെയും നാം യഹോവയിലുളള ആശ്രയം പ്രകടമാക്കുന്നു? (ബി) ധൈര്യപൂർവ്വം സംസാരിച്ചുകൊണ്ടേയിരിക്കുന്നതിന് ഇതിനു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
7 യഹോവയിലുളള ആശ്രയം, ക്രമമായി പ്രാർത്ഥനയിൽ അവനിലേക്കു തിരിയുന്നതിനാലും പ്രകടമാക്കപ്പെടുന്നു—വെറും ഔപചാരികമായ ഒരു ചടങ്ങായിട്ടല്ല, പിന്നെയോ നമുക്ക് ദൈവസഹായം ആവശ്യമാണെന്നുളള ഹൃദയംഗമമായ തിരിച്ചറിവോടെ. നിങ്ങൾ അതു ചെയ്യുന്നുവോ? യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് ആവർത്തിച്ചു പ്രാർത്ഥിച്ചു. (ലൂക്കോ. 3:21; 6:12, 13; 9:18, 28; 11:1; 22:39-44) തന്റെ സ്തംഭത്തിലെ വധത്തിന്റെ തലേരാത്രിയിൽ “നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ” എന്ന് അവൻ തന്റെ ശിഷ്യൻമാരെ ശക്തമായി ഉപദേശിച്ചു. (മർക്കോ. 14:38) നാം രാജ്യസന്ദേശത്തോടുളള വളരെയധികമായ ഉദാസീനതയെ അഭിമുഖീകരിക്കുന്നുവെങ്കിൽ, നമ്മുടെ ശുശ്രൂഷയിൽ മന്ദീഭവിക്കുന്നതിനുളള ഒരു പ്രലോഭനമുണ്ടാകാവുന്നതാണ്. ആളുകൾ നമ്മെ പരിഹസിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ കഠിനതരമായ പീഡനം പോലുമുണ്ടെങ്കിൽ അതൊഴിവാക്കാൻ മൗനം പാലിക്കാനുളള പ്രലോഭനം നമുക്കനുഭവപ്പെട്ടേക്കാം. എന്നാൽ സധൈര്യം സംസാരിക്കുന്നതിൽ തുടരുന്നതിന് നമ്മെ സഹായിക്കാൻ നാം ദൈവാത്മാവിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെങ്കിൽ നാം ആ പ്രലോഭനത്തിന് വഴങ്ങുന്നതിനെതിരെ കാത്തുസൂക്ഷിക്കപ്പെടും.—ലൂക്കോ. 11:13; എഫേ. 6:18-20.
ധീരസാക്ഷീകരണത്തിന്റെ ഒരു രേഖ
8. (എ) പ്രവൃത്തികളിലെ രേഖ നമുക്കു പ്രത്യേക താൽപ്പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഈ വിവരങ്ങൾക്ക് എങ്ങനെ നമുക്കു പ്രയോജനം ചെയ്യാൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഈ ഖണ്ഡികയുടെ ഒടുവിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക.
8 പ്രവൃത്തികളുടെ പുസ്തകത്തിലടങ്ങിയിരിക്കുന്ന രേഖ നമുക്കെല്ലാം പ്രത്യേക താൽപ്പര്യമുളളതാണ്. അപ്പോസ്തലൻമാരും മററ് ആദിമശിഷ്യൻമാരും—നമ്മുടേതുപോലെയുളള വികാരങ്ങളുണ്ടായിരുന്ന ആളുകൾ—തടസ്സങ്ങളെ തരണം ചെയ്യുകയും യഹോവയുടെ ധീരരും വിശ്വസ്തരുമായ സാക്ഷികളെന്ന് തെളിയിക്കുകയും ചെയ്തതെങ്ങനെയെന്ന് അതു പറയുന്നു. ചുവടെ ചേർക്കുന്ന ചോദ്യങ്ങളുടെയും സൂചിത തിരുവെഴുത്തുകളുടെയും സഹായത്തോടെ നമുക്ക് ആ രേഖയുടെ ഒരു ഭാഗം പരിശോധിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ വായിക്കുന്നതിൽനിന്ന് നിങ്ങൾക്ക് എങ്ങനെ വ്യക്തിപരമായി പ്രയോജനം നേടാൻ കഴിയുമെന്ന് പരിചിന്തിക്കുക.
അപ്പോസ്തലൻമാർ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവർ ആയിരുന്നോ? അവർ എന്തു സംഭവിച്ചാലും പ്രകൃത്യാ ഭയരഹിതരായിരുന്ന വ്യക്തികളായിരുന്നോ? (പ്രവൃ. 4:13; യോഹ. 18:17,25-27; 20:19)
കുറെ ആഴ്ചകൾക്കു മുമ്പ് ദൈവത്തിന്റെ സ്വന്തം പുത്രനെ കുററംവിധിച്ചിരുന്ന യഹൂദ കോടതി മുമ്പാകെ സധൈര്യം സംസാരിക്കാൻ പത്രോസിനെ പ്രാപ്തനാക്കിയതെന്ത്? (പ്രവൃ. 4:8; മത്താ. 10:19, 20)
അപ്പോസ്തലൻമാർ സന്നദ്രീം മുമ്പാകെ വരുത്തപ്പെട്ടതിന് മുമ്പത്തെ വാരങ്ങളിൽ അവർ എന്തു ചെയ്തുകൊണ്ടിരുന്നു? (യേശുവിന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ പ്രസംഗിക്കുന്നതു നിർത്താൻ ഭരണാധികാരികൾ ആജ്ഞാപിച്ചപ്പോൾ പത്രോസും യോഹന്നാനും എന്തു മറുപടി പറഞ്ഞു? (പ്രവൃ. 4:19, 20)
അവരുടെ മോചനത്തെതുടർന്ന് അവർ വീണ്ടും ആരിലേക്കു സഹായത്തിനായി നോക്കി? പീഡനത്തിന് അറുതിവരുത്താൻ അവർ അവനോടു യാചിച്ചോ, അല്ലെങ്കിൽ എന്ത്? (പ്രവൃ. 4:24-31)
എതിരാളികൾ പ്രസംഗവേലയെ നിർത്താൻ ശ്രമിച്ചപ്പോൾ എന്തു മുഖാന്തരത്താൽ യഹോവ സഹായം പ്രദാനം ചെയ്തു? (പ്രവൃ. 5:17-20,33-40)
തങ്ങൾ വിമോചിതരായതിന്റെ കാരണം തങ്ങൾക്കു മനസ്സിലായെന്ന് അപ്പോസ്തലൻമാർ പ്രകടമാക്കിയതെങ്ങനെ? (പ്രവൃ. 5:21,41,42)
പീഡനത്തിന്റെ കാഠിന്യം നിമിത്തം ശിഷ്യൻമാരിൽ അനേകർ ചിതറിപ്പോയപ്പോൾ പോലും അവർ എന്തു ചെയ്യുന്നതിൽ തുടർന്നു? (പ്രവൃ. 8:3,4; 11:19-21)
9. (എ) ആ ആദിമശിഷ്യൻമാരുടെ ശുശ്രൂഷയിൽനിന്ന് ഏതു പുളകപ്രദമായ ഫലങ്ങളുണ്ടായി? (ബി) നാം ഉൾപ്പെടാനിടയായിരിക്കുന്നതെങ്ങനെ?
9 സുവാർത്തയോടുളള ബന്ധത്തിലുളള അവരുടെ വേല വ്യർത്ഥമായിരുന്നില്ല. പൊ. യു. 33-ലെ പെന്തെക്കോസ്തിൽ ഏതാണ്ടു 3,000 ശിഷ്യൻമാർ സ്നാനം കഴിപ്പിക്കപ്പെട്ടിരുന്നു. “കർത്താവിൽ വിശ്വസിച്ചവർ, പുരുഷൻമാരുടെയും സ്ത്രീകളുടെയും പുരുഷാരങ്ങൾ, കൂട്ടപ്പെട്ടുകൊണ്ടേയിരുന്നു.” (പ്രവൃ. 2:41; 4:4; 5:14) കാലക്രമത്തിൽ അത്യന്തം കഠിനരായ പീഡകരിൽ ഒരാളായിരുന്ന തർസൂസിലെ ശൗൽപോലും ഒരു ക്രിസ്ത്യാനിയായിത്തീർന്നതായും അവൻതന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നതായും റിപ്പോർട്ടു ചെയ്യപ്പെട്ടു. അവൻ അപ്പോസ്തലനായ പൗലോസ് എന്നറിയപ്പെടാനിടയായി. (ഗലാ. 1:22-24) ഒന്നാം നൂററാണ്ടിൽ ആരംഭിച്ച വേല നിന്നിട്ടില്ല. ഈ “അന്ത്യനാളുകളിൽ” അതിന് ആക്കം കൂടിയിരിക്കുന്നു, ഭൂമിയുടെ എല്ലാഭാഗങ്ങളിലും എത്തുകയും ചെയ്തിരിക്കുന്നു. നമുക്ക് അതിൽ പങ്കുപററുന്നതിനുളള പദവിയുണ്ട്. നാം അങ്ങനെ ചെയ്യുമ്പോൾ, നമുക്കു മുമ്പു സേവിച്ച വിശ്വസ്തസാക്ഷികൾ വെച്ച ദൃഷ്ടാന്തത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയും.
10. (എ) സാക്ഷീകരിക്കുന്നതിനുളള ഏതവസരങ്ങളെ പൗലോസ് ഉപയോഗിച്ചു? (ബി) നിങ്ങൾ ഏതു വിധങ്ങളിൽ മററുളളവരിലേക്കു രാജ്യസന്ദേശം പരത്തുന്നു?
10 പൗലോസ് യേശുക്രിസ്തുവിനെക്കുറിച്ചുളള സത്യം മനസ്സിലാക്കിയപ്പോൾ അവൻ താമസിച്ചില്ല. “ഉടൻതന്നെ . . . അവൻ യേശുവിനെ പ്രസംഗിക്കാൻ തുടങ്ങി, ഇവൻ ദൈവപുത്രനാകുന്നു എന്ന്.” (പ്രവൃ. 9:20) അവൻ തന്നോടുളള ദൈവത്തിന്റെ അനർഹദയയെ വിലമതിക്കുകയും തനിക്ക് ലഭിച്ചിരുന്ന സുവാർത്ത എല്ലാവർക്കും ആവശ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവൻ ഒരു യഹൂദനായിരുന്നതുകൊണ്ട് അന്നത്തെ ആചാരമനുസരിച്ച് ഒരു സാക്ഷ്യം കൊടുക്കുന്നതിന് അവൻ സിന്നഗോഗുകളിലേക്കുപോയി, അവ പൊതു സമ്മേളനത്തിനുളള യഹൂദൻമാരുടെ സ്ഥലങ്ങളായിരുന്നു. അവൻ വീടുതോറും പ്രസംഗിക്കുകയും ചന്തസ്ഥലത്ത് ആളുകളുമായി ന്യായവാദം ചെയ്യുകയും ചെയ്തു. സുവാർത്ത പ്രസിദ്ധമാക്കാൻ പുതിയ സ്ഥലങ്ങളിലേക്ക് നീങ്ങാൻ അവൻ സന്നദ്ധനായിരുന്നു.—പ്രവൃ. 17:17; 20:20; റോമ. 15:23,24.
11. (എ) ധൈര്യമുളളവനായിരിക്കെ, താൻ സാക്ഷീകരിച്ച വിധത്തിൽ വിവേചനയുളളവനായിരുന്നുവെന്ന് പൗലോസ് എങ്ങനെ പ്രകടമാക്കി? (ബി) ബന്ധുക്കളോടോ കൂട്ടുജോലിക്കാരോടോ സഹപാഠികളോടോ സാക്ഷീകരിക്കുമ്പോൾ നമുക്ക് എങ്ങനെ ആ ഗുണം പ്രതിഫലിപ്പിക്കാവുന്നതാണ്?
11 പൗലോസ് ധൈര്യമുളളവനായിരുന്നു, എന്നാൽ വിവേചനയുളളവനുമായിരുന്നു, നാം അങ്ങനെയായിരിക്കണം. യഹൂദൻമാരുടെ പൂർവ്വപിതാക്കളോടു ദൈവം ചെയ്തിരുന്ന വാഗ്ദത്തങ്ങളുടെ അടിസ്ഥാനത്തിൽ അവൻ യഹൂദൻമാരോടു അഭ്യർത്ഥിച്ചു. ഗ്രീക്കുകാർക്കു പരിചിതമായിരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അവൻ ഗ്രീക്കുകാരോടു സംസാരിച്ചു. ചില സമയങ്ങളിൽ ഒരു സാക്ഷ്യം കൊടുക്കുന്നതിനുളള ഒരു ഉപാധിയായി സത്യം മനസ്സിലാക്കിയതിലുളള സ്വന്തം അനുഭവത്തെ അവൻ ഉപയോഗിച്ചു. അവൻ വിശദീകരിച്ച പ്രകാരം: “ഞാൻ സകലവും സുവാർത്തക്കുവേണ്ടി ചെയ്യുന്നു, ഞാൻ മററുളളവർക്ക് അതു പങ്കുവെക്കുന്നവനായിത്തീരേണ്ടതിനുതന്നെ.”—1 കൊരി. 9:20-23; പ്രവൃ. 22:3-21.
12. (എ) ധൈര്യമുളളവനായിരുന്നെങ്കിലും, എതിരാളികളുമായുളള നിരന്തര ഏററുമുട്ടലുകൾ ഒഴിവാക്കാൻ പൗലോസ് എന്തു ചെയ്തു? (ബി) നമുക്ക് ജ്ഞാനപൂർവ്വം എപ്പോൾ ആ ദൃഷ്ടാന്തം അനുകരിക്കാവുന്നതാണ്, എങ്ങനെ? (സി) സധൈര്യം സംസാരിച്ചുകൊണ്ടേയിരിക്കുന്നതിനുളള ശക്തി എവിടെനിന്നു ലഭിക്കുന്നു?
12 സുവാർത്തയോടുളള എതിർപ്പ്, മറെറവിടെയെങ്കിലും പ്രസംഗിക്കുന്നതോ കുറെക്കാലത്തേക്ക് മറെറാരു പ്രദേശത്തേക്ക് നീങ്ങുന്നതോ ഏററവും നന്നായിരിക്കുമെന്നു തോന്നിച്ചപ്പോൾ സത്യത്തിന്റെ ശത്രുക്കളുമായി നിരന്തരം ഏററുമുട്ടുന്നതിനുപകരം പൗലോസ് അങ്ങനെ ചെയ്തു. (പ്രവൃ. 14:5-7; 18:5-7; റോമ. 12:18) എന്നാൽ അവൻ ഒരിക്കലും സുവാർത്തയെക്കുറിച്ചു ലജ്ജിച്ചിരുന്നില്ല. (റോമ. 1:16) എതിരാളികളുടെ മര്യാദയില്ലാത്തതോ അക്രമാസക്തം പോലുമോ ആയ പെരുമാററം അസുഖകരമെന്നു പൗലോസ് കണ്ടെത്തിയെങ്കിലും തുടർന്നു പ്രസംഗിക്കുന്നതിന് അവൻ “നമ്മുടെ ദൈവം മുഖാന്തരം ധൈര്യം സമാഹരിച്ചു.” അവൻ പ്രയാസമേറിയ സാഹചര്യങ്ങളിലായിത്തീർന്നിട്ടും “എന്നിലൂടെ പ്രസംഗം പൂർണ്ണമായി നിർവ്വഹിക്കപ്പെടേണ്ടതിന് കർത്താവ് എന്റെ അടുക്കൽ നിൽക്കുകയും എന്നിൽ ശക്തി പകരുകയും ചെയ്തു”വെന്ന് അവൻ പറഞ്ഞു. (1 തെസ്സ. 2:2; 2 തിമൊ. 4:17) ക്രിസ്തീയസഭയുടെ ശിരസ്സായ കർത്താവായ യേശു നമ്മുടെ നാളിലേക്കു മുൻകൂട്ടിപ്പറഞ്ഞ വേല ചെയ്യുന്നതിനാവശ്യമായ ശക്തി പ്രദാനം ചെയ്യുന്നതിൽ തുടരുന്നു.—മർക്കോ. 13:10.
13. എന്താണ് ക്രിസ്തീയ ധൈര്യത്തിന്റെ തെളിവു നൽകുന്നത്, അതിനുളള അടിസ്ഥാനം എന്താണ്?
13 യേശുക്രിസ്തുവും ഒന്നാം നൂററാണ്ടിലെ ദൈവത്തിന്റെ മററു വിശ്വസ്ത ദാസൻമാരും ചെയ്തതുപോലെ ദൈവവചനം ധൈര്യപൂർവ്വം പ്രസംഗിക്കുന്നതിൽ തുടരുന്നതിന് നമുക്ക് സകല കാരണവുമുണ്ട്. നമ്മുടെ രീതിയിൽ പരുഷരോ ധിക്കാരികളോ ആയിരിക്കുക എന്ന് ഇതിനർത്ഥമില്ല. മര്യാദയില്ലാത്തവരായിരിക്കുന്നതിനോ സന്ദേശം ആഗ്രഹിക്കാത്തവരെ അത് അടിച്ചേൽപ്പിക്കുന്നതിനോ ആവശ്യമില്ല. എന്നാൽ ആളുകൾ ഉദാസീനരായിരിക്കുന്നതുകൊണ്ട് നാം പിൻമാറുന്നില്ല, എതിർപ്പിനാൽ നാം ഭയന്ന് മിണ്ടാതിരിക്കുന്നുമില്ല. യേശുവിനെപ്പോലെ, സർവ്വഭൂമിയുടെയും ന്യായയുക്തമായ ഗവൺമെൻറ് എന്നനിലയിൽ നാം ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുന്നു. നാം സാർവ്വത്രികപരമാധികാരിയായ യഹോവയെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് നാം സധൈര്യം പ്രസംഗിക്കുന്നു. നാം പ്രഘോഷിക്കുന്ന സന്ദേശം നമ്മിൽനിന്നല്ല, പിന്നെയോ യഹോവയിൽനിന്നാണ്.—ഫിലി. 1:27,28; 1 തെസ്സ. 2:13.
പുനരവലോകന ചർച്ച
● സാദ്ധ്യമാകുന്ന ഏവനോടും രാജ്യസന്ദേശം അറിയിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? എന്നാൽ നാം ഏതു പ്രതികരണങ്ങൾ പ്രതീക്ഷിക്കണം?
● യഹോവയെ സേവിക്കുന്നതിന് നാം സ്വന്തശക്തിയിൽ ആശ്രയിക്കാൻ ശ്രമിക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
● പ്രവൃത്തികളുടെ പുസ്തകത്തിൽ നിന്ന് ഏതു വിലപ്പെട്ട പാഠങ്ങൾ നാം പഠിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]