നാം ഭവനത്തിൽ ദൈവികഭക്തി ആചരിക്കേണ്ടതുണ്ട്
അധ്യായം 18
നാം ഭവനത്തിൽ ദൈവികഭക്തി ആചരിക്കേണ്ടതുണ്ട്
1. (എ) വിവാഹം സംബന്ധിച്ച യഹോവയുടെ പ്രമാണങ്ങൾ മനസ്സിലാക്കിയശേഷം അനേകർ എന്തു മാററങ്ങൾ വരുത്തിയിരിക്കുന്നു? (ബി) എന്നാൽ ക്രിസ്തീയ കുടുംബജീവിതത്തിൽ എന്തുംകൂടെ ഉൾപ്പെട്ടിരിക്കുന്നു?
1 നമ്മുടെ മുൻ ബൈബിൾ പഠന സമയത്ത് നാം മനസ്സിലാക്കിയ ഹൃദയോദ്ദീപകമായ സത്യങ്ങളിൽ വിവാഹത്തോടും കുടുംബജീവിതത്തോടും ബന്ധപ്പെട്ടവ ഉൾക്കൊണ്ടിരുന്നു. വിവാഹത്തിന്റെ ആരംഭകൻ യഹോവയാണെന്ന് നാം തിരിച്ചറിയാനിടയായി. ബൈബിളിൽ അവൻ കുടുംബങ്ങൾക്കുവേണ്ടിയുളള അത്യുത്തമ മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്തിരിക്കുന്നുവെന്നു നാം കണ്ടു. ആ മാർഗ്ഗനിർദ്ദേശത്തിന്റെ ഫലമായി അനേകർ പ്രശംസാർഹമായി ലൈംഗികമായ അസാൻമാർഗ്ഗിക ജീവിതം ഉപേക്ഷിക്കുകയും അവരുടെ വിവാഹത്തെ ഉചിതമായി രജിസ്ററർ ചെയ്യുകയും ചെയ്തു. എന്നാൽ ക്രിസ്തീയ കുടുംബജീവിതത്തിൽ അതിനെക്കാൾ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു. ദാമ്പത്യബന്ധത്തിന്റെ സ്ഥിരത സംബന്ധിച്ച നമ്മുടെ മനോഭാവവും നമ്മുടെ കുടുംബ ഉത്തരവാദിത്തത്തിന്റെ നിറവേററലും നാം മററു കുടുംബാംഗങ്ങളോട് ഇടപെടുന്ന വിധവും അതിൽ ഉൾപ്പെടുന്നു.—എഫേ. 5:33-6:4.
2. (എ) എല്ലാവരും ബൈബിളിൽനിന്ന് അറിയുന്നത് ഭവനത്തിൽ ബാധകമാക്കുന്നുണ്ടോ? (ബി) യേശുവും പൗലോസും അങ്ങനെ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നതെങ്ങനെ?
2 ഈ കാര്യങ്ങൾ സംബന്ധിച്ച് ബൈബിൾ പറയുന്നതെന്തെന്ന് ദശലക്ഷക്കണക്കിനാളുകൾക്കറിയാം. എന്നാൽ തങ്ങളുടെ സ്വന്തം ഭവനത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർ അതു ബാധകമാക്കുന്നില്ല. നമ്മേ സംബന്ധിച്ചെന്ത്? മതഭക്തിയുടെ ഒരു നാട്യം മതിയെന്നു ന്യായവാദം ചെയ്തുകൊണ്ട്, മക്കൾ മാതാപിതാക്കളെ ബഹുമാനിക്കാനാവശ്യപ്പെടുന്ന ദൈവകല്പനയെ മറികടക്കുക നിമിത്തം യേശു കുററംവിധിച്ചവരെപ്പോലെയായിരിക്കാൻ തീർച്ചയായും നമ്മിലാരും ആഗ്രഹിക്കുന്നില്ല. (മത്താ. 15:4-9) ദൈവഭക്തിയുടെ ഒരു രൂപമുണ്ടെങ്കിലും “തങ്ങളുടെ സ്വന്തം കുടുംബത്തിൽ” അതാചരിക്കുന്നതിൽ പരാജയപ്പെടുന്ന ആളുകളായിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. മറിച്ച്, “വലിയ ആദായമാർഗ്ഗ”മായ യഥാർത്ഥ ദൈവികഭക്തി പ്രകടമാക്കാൻ നാം ആഗ്രഹിക്കേണ്ടതാണ്.—1 തിമൊ. 5:4; 6:6; 2 തിമൊ. 3:5.
ദാമ്പത്യബന്ധം എത്രനാൾ നിലനിൽക്കും?
3. (എ) അനേകം ദാമ്പത്യബന്ധങ്ങൾക്ക് എന്തു സംഭവിക്കുന്നു, എന്നാൽ നമ്മുടെ തീരുമാനം എന്തായിരിക്കണം? (ബി) വിവാഹത്തിന്റെ സ്ഥിരത സംബന്ധിച്ച് മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങളുടെ ബൈബിൾ ഉപയോഗിക്കുക.
3 ദാമ്പത്യബന്ധങ്ങൾ വളരെ ദുർബ്ബലമാണെന്ന് വർദ്ധിച്ചതോതിൽ കൂടെക്കൂടെ തെളിയുകയാണ്. 20-ഓ 30-ഓ 40-ഓ വർഷം ഒന്നിച്ചു ജീവിച്ച ചില ഇണകൾ മററാരുടെയെങ്കിലും കൂടെ ഒരു “പുതുജീവിത”ത്തിനു തുടക്കമിടാൻ ഇപ്പോൾ തീരുമാനിക്കുകയാണ്. കൂടാതെ വിവാഹം കഴിഞ്ഞ് ചുരുക്കം ചില മാസങ്ങൾക്കുശേഷം ചെറുപ്പക്കാരായ ഇണകൾ വേർപെട്ടിരിക്കുന്നതായി കേൾക്കുന്നത് മേലാൽ അസാധാരണമല്ല. മററുളളവർ ചെയ്യുന്നതെന്തെന്നു പരിഗണിക്കാതെ, യഹോവയുടെ ആരാധകർ എന്ന നിലയിൽ നമുക്ക് ദൈവത്തെ പ്രസാദിപ്പിക്കാനുളള ആഗ്രഹമുണ്ടായിരിക്കണം. ഇതു സംബന്ധിച്ച് അവന്റെ വചനം എന്തു പറയുന്നു?
ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോൾ അവർ എത്രകാലം ഒരുമിച്ചു പാർക്കാൻ പ്രതീക്ഷിക്കണം? (റോമ. 7:2, 3; മർക്കോ. 10:6-9)
ദൈവമുമ്പാകെ സാധുവായ വിവാഹമോചനത്തിന്റെ ഏക അടിസ്ഥാനം എന്താണ്? (മത്താ. 19:3-9; 5:31, 32)
ദൈവവചനത്താൽ അധികാരപ്പെടുത്തപ്പെടാത്ത വിവാഹമോചനങ്ങളെക്കുറിച്ച് യഹോവ എത്ര ശക്തമായ വികാരം പ്രകടമാക്കുന്നു? (മലാ. 2:13-16)
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള ഒരു മാർഗ്ഗമായി ബൈബിൾ വേർപെടലിനെ ശുപാർശചെയ്യുന്നുണ്ടോ? (1 കൊരി. 7:10-13)
4. ആധുനിക പ്രവണത ഗണ്യമാക്കാതെ, ചില വിവാഹബന്ധങ്ങൾ നിലനിൽക്കുന്നതെന്തുകൊണ്ട്?
4 ചില ദാമ്പത്യബന്ധങ്ങൾ നിലനിൽക്കുന്നതും അതേസമയം മററു ചിലത്—ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരുടെ ഇടയിൽപോലും—തകരുന്നതും എന്തുകൊണ്ട്? ഇരു കക്ഷികളും പക്വത പ്രാപിക്കുന്നതുവരെ വിവാഹത്തിനു കാത്തിരിക്കുന്നത് മിക്കപ്പോഴും ഒരു അടിസ്ഥാനഘടകമാണ്. ഒരുവന്റെ താൽപ്പര്യങ്ങളിൽ പങ്കുചേരുന്നതും ഒരുവനു കാര്യങ്ങൾ തുറന്ന് ചർച്ചചെയ്യാൻ കഴിയുന്നതുമായ ഒരു ഇണയെ കണ്ടെത്തുന്നതും പ്രധാനമാണ്. എന്നാൽ ഒരു ഇണ യഥാർത്ഥ ദൈവികഭക്തി ആചരിക്കുന്ന ഒരാളായിരിക്കുന്നത് ഏറെ പ്രധാനമാണ്. ഒരു വ്യക്തി യഹോവയെ യഥാർത്ഥമായി സ്നേഹിക്കുകയും അവന്റെ വഴികൾ ശരിയാണെന്നുളള ബോദ്ധ്യം പുലർത്തുകയുമാണെങ്കിൽ, അപ്പോൾ സംജാതമാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഈടുററ അടിസ്ഥാനം ഉണ്ടായിരിക്കും. (സങ്കീ. 119:97, 104; സദൃശ. 22:19) അയാളുടെ വിവാഹം, അതു പ്രാവർത്തികമാകുന്നില്ലെങ്കിൽ തനിക്ക് എല്ലായ്പ്പോഴും ഒരു വേർപാടോ വിവാഹമോചനമോ നേടാൻ കഴിയുമെന്നുളള മനോഭാവത്താൽ തുരങ്കം വയ്ക്കപ്പെടുകയില്ല. അയാൾ തന്റെ സ്വന്തം ഉത്തരവാദിത്തങ്ങളെ ഒഴിഞ്ഞുപോകാനുളള ഒരു ഒഴികഴിവായി തന്റെ ഇണയുടെ പിഴവുകളെ ഉപയോഗപ്പെടുത്തുകയില്ല. മറിച്ച്, അയാൾ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പഠിക്കുകയും പ്രാവർത്തികമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യും.
5. (എ) യഹോവയോടുളള വിശ്വസ്തത ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) കഠിന പ്രയാസത്തെ അഭിമുഖീകരിക്കുമ്പോൾപോലും, യഹോവയുടെ പ്രമാണങ്ങളോടു ദൃഢമായി പററിനിൽക്കുന്നതിൽനിന്ന് എന്തു പ്രയോജനങ്ങൾ ഉണ്ടാകാൻ കഴിയും?
5 നമുക്ക് വ്യക്തിപരമായ കഷ്ടപ്പാട് അനുഭവപ്പെടുമ്പോൾ നാം യഹോവയുടെ വഴികളെ അവഗണിക്കുകയും നൻമയെന്തെന്നും തിൻമയെന്തെന്നും നമ്മൾതന്നെ തീരുമാനിക്കുന്നതാണു മെച്ചമെന്ന് നിഗമനം ചെയ്യുകയും ചെയ്യുമെന്ന് പിശാച് വാദിക്കുന്നതായി നമുക്കു നന്നായി അറിയാം. എന്നാൽ യഹോവയോടു വിശ്വസ്തരായ ആളുകൾ അങ്ങനെയല്ല. (ഇയ്യോ. 2:4, 5; സദൃശ. 27:11) അവിശ്വാസികളായ ഇണകളിൽനിന്നുളള പീഡനം അനുഭവപ്പെട്ടിട്ടുളള യഹോവയുടെ സാക്ഷികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ വിവാഹപ്രതിജ്ഞകളെ തളളിപ്പറഞ്ഞിട്ടില്ല. (മത്താ. 5:37) വർഷങ്ങൾക്കുശേഷം, തങ്ങളുടെ ഇണകൾ യഹോവയെ സേവിക്കുന്നതിൽ തങ്ങളോടു ചേർന്നതിന്റെ സന്തോഷം ചിലർക്ക് ലഭിച്ചിട്ടുപോലുമുണ്ട്. (1 കൊരി. 7:16; 1 പത്രോ. 3:1, 2) മററു ചിലരുടെ കാര്യത്തിൽ, അവരുടെ ഇണകൾ മാററത്തിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല, അല്ലെങ്കിൽ അവർ തങ്ങളുടെ വിശ്വാസത്തോടു ദൃഢമായി പററിനിന്നതുകൊണ്ട് അവരുടെ ഇണകൾ അവരെ ഉപേക്ഷിച്ചു—യഹോവയുടെ പ്രമാണങ്ങളോടു പററിനിന്നതിനാൽ തങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടതായി അവർക്കുമറിയാം. ഏതു വിധത്തിൽ? യഹോവയോടു കൂടുതൽ അടുക്കാൻ അവരുടെ സാഹചര്യങ്ങൾ അവരെ പഠിപ്പിച്ചിരിക്കുന്നു. പ്രാതികൂല്യത്തിൻ കീഴിൽപോലും ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ അവർ പഠിച്ചിരിക്കുന്നു. അവർ ദൈവികഭക്തിയിൻ ശക്തിയുടെ തെളിവു നൽകുന്ന ജീവിതം നയിക്കുന്നവരാണ്.—സങ്കീ. 55:22; യാക്കോ. 1:2-4; 2 പത്രോ. 1:5, 6.
ഓരോരുത്തരും തന്റെ പങ്കു നിർവ്വഹിക്കണം
6. വിജയപ്രദമായ ഒരു വിവാഹബന്ധം ഉണ്ടായിരിക്കാൻ ഏതു ക്രമീകരണം ആദരിക്കപ്പെടണം?
6 യഥാർത്ഥത്തിൽ വിജയപ്രദമായ ഒരു ദാമ്പത്യബന്ധം ഉണ്ടായിരിക്കുന്നതിന് ഒരുമിച്ചുളള താമസത്തിലധികം ആവശ്യമാണ്. അടിസ്ഥാനപരമായ ഒരു ആവശ്യം യഹോവയുടെ ശിരഃസ്ഥാനക്രമീകരണത്തോടുളള ഓരോ കുടുംബാംഗത്തിന്റെയും ഭാഗത്തെ ആദരവാണ്. അത് ഭവനത്തിലെ സൽക്രമത്തിനും സുരക്ഷാബോധത്തിനും സംഭാവന ചെയ്യുന്നു.—1 കൊരി. 11:3; തീത്തോ. 2:4, 5; സദൃശ. 1:8, 9; 31:10, 28.
7. കുടുംബത്തിലെ ശിരഃസ്ഥാനം എങ്ങനെ പ്രയോഗിക്കപ്പെടണം?
7 ആ ശിരഃസ്ഥാനം എങ്ങനെയാണ് പ്രയോഗിക്കേണ്ടത്? യേശുക്രിസ്തുവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു രീതിയിൽ. യഹോവയുടെ വഴികളെ ഉയർത്തിപ്പിടിക്കുന്നതിൽ യേശു ദൃഢതയുളളവനാണ്; അവൻ നീതിയെ സ്നേഹിക്കുകയും അധർമ്മത്തെ വെറുക്കുകയും ചെയ്യുന്നു. (എബ്രാ. 1:8, 9) അവൻ തന്റെ സഭയെ ആഴമായി സ്നേഹിക്കുകയും അതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം കൊടുക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു. അവൻ അഹങ്കാരിയോ മര്യാദയില്ലാത്തവനോ അല്ല; മറിച്ച്, “സൗമ്യപ്രകൃതനും ഹൃദയത്തിൽ എളിയവനും” ആണ്. അവന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ വരുന്നവർ ‘തങ്ങളുടെ ദേഹികൾക്കു നവോൻമേഷം കണ്ടെത്തുന്നു.’ (മത്താ. 11:28, 29; എഫേ. 5:25-33) ഒരു ഭർത്താവും പിതാവുമായവൻ തന്റെ കുടുംബത്തോട് ആ രീതിയിൽ ഇടപെടുമ്പോൾ, അയാൾ ദൈവികഭക്തിയിൽ പൂർണ്ണ ദൃഷ്ടാന്തം വെച്ച ക്രിസ്തുവിന് തന്നേത്തന്നെ കീഴ്പെടുത്തുകയാണെന്ന് വ്യക്തമാണ്. തീർച്ചയായും, ക്രിസ്തീയ മാതാക്കൾ തങ്ങളുടെ കുട്ടികളോട് ഇടപെടുമ്പോൾ ഇതേ ഗുണങ്ങൾ പ്രതിഫലിപ്പിക്കേണ്ടതാണ്.
8. (എ) ചില ഭവനങ്ങളിൽ ക്രിസ്തീയരീതികൾക്ക് ആഗ്രഹിക്കുന്ന ഫലങ്ങൾ കിട്ടുന്നില്ലെന്നു തോന്നിയേക്കാവുന്നതെന്തുകൊണ്ട്? (ബി) അങ്ങനെയൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
8 എന്നിരുന്നാലും, മാനുഷികമായ അപൂർണ്ണതനിമിത്തം പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം. കുടുംബത്തിലെ ആരെങ്കിലും ബൈബിൾ തത്വങ്ങൾ ബാധകമാക്കാൻ തുടങ്ങുന്നതിനു മുമ്പ് ചിലരിൽ മററുളളവരിൽനിന്നുളള മാർഗ്ഗനിർദ്ദേശത്തോട് ഒരളവിലുളള നീരസം ആഴത്തിൽ അടിയുറച്ചുപോയിരിക്കാം. ദയാപുരസ്സരമായ അപേക്ഷകൾക്കും സ്നേഹമസൃണമായ രീതിക്കും ഫലം ലഭിക്കുന്നുവെന്നു തോന്നാതിരുന്നേക്കാം. “കോപവും ക്രോധവും അലർച്ചയും അസഭ്യസംസാരവും” നീക്കം ചെയ്യാൻ ബൈബിൾ പറയുന്നുവെന്ന് നമുക്കറിയാം. (എഫേ. 4:31) എന്നാൽ ചിലയാളുകൾക്ക് മറെറാന്നും മനസ്സിലാകുന്നതായി തോന്നുന്നില്ലെങ്കിൽ, എന്തു ചെയ്യണം? ശരി, കഠിന സമ്മർദ്ദത്തിലായിരുന്നപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു? ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തവരെ അവൻ അനുകരിച്ചില്ല. മറിച്ച്, അവൻ യഹോവയിൽ ആശ്രയിച്ചുകൊണ്ട് തന്നെത്തന്നെ അവങ്കൽ ഭരമേൽപ്പിച്ചു. (1 പത്രോ. 2:22, 23) അതുപോലെ, ഭവനത്തിൽ പരിശോധനാത്മകമായ സാഹചര്യങ്ങൾ സംജാതമാകുന്നുവെങ്കിൽ, ലോകത്തിന്റെ വഴികൾ സ്വീകരിക്കുന്നതിനു പകരം, യഹോവയുടെ സഹായത്തിനായി പ്രാർത്ഥിച്ചുകൊണ്ട് നാം അവനിലേക്കു തിരിയുന്നുവെങ്കിൽ നാം ദൈവികഭക്തിയുടെ തെളിവുനൽകുകയാണ്.—സദൃശ. 3:5-7.
9. കുററം കണ്ടുപിടിക്കുന്നതിനു പകരം അനേകം ക്രിസ്തീയ ഭർത്താക്കൻമാർ ഏതു രീതികൾ ഉപയോഗിക്കാൻ പഠിച്ചിരിക്കുന്നു?
9 മാററങ്ങൾ എല്ലായ്പ്പോഴും പെട്ടെന്നു വരുന്നില്ല, എന്നാൽ ബൈബിൾ ബുദ്ധ്യുപദേശം യഥാർത്ഥത്തിൽ പ്രാവർത്തികമാകുകതന്നെ ചെയ്യുന്നു. തന്റെ സഭയോടുളള ക്രിസ്തുവിന്റെ ഇടപെടലുകളെ തങ്ങൾതന്നെ കൂടുതൽ പൂർണ്ണമായി വിലമതിക്കാനിടയായപ്പോൾ മെച്ചപ്പെടാൻ തുടങ്ങിയെന്ന് തങ്ങളുടെ ഭാര്യമാരുടെ തെററുകളെക്കുറിച്ച് പരുഷമായി പരാതിപറയാറുണ്ടായിരുന്ന അനേകം ഭർത്താക്കൻമാർ കണ്ടെത്തി. ആ സഭ പൂർണ്ണതയുളള മനുഷ്യർ ചേർന്ന് ഉണ്ടായിട്ടുളളതല്ല. എന്നിട്ടും, യേശു സഭയെ സ്നേഹിക്കുന്നു. അതിനുവേണ്ടി ശരിയായ ദൃഷ്ടാന്തം വെച്ചു. അതിനുവേണ്ടി തന്റെ ജീവനെ കൊടുക്കുകപോലും ചെയ്തു. അതു തനിക്കു തികച്ചും പ്രസാദകരമായിരിക്കത്തക്കവണ്ണം മെച്ചപ്പെടുന്നതിന് അതിനെ സഹായിക്കാനുളള ഒരു ഉപാധിയെന്ന നിലയിൽ തിരുവെഴുത്തുകളെ ഉപയോഗിക്കുകയും ചെയ്യുന്നു. (എഫേ. 5:25-27; 1 പത്രോ. 2:21) അവന്റെ ദൃഷ്ടാന്തം നല്ല ദൃഷ്ടാന്തം വെക്കുന്നതിനും മെച്ചപ്പെടുന്നതിന് സ്നേഹപൂർവ്വകമായ വ്യക്തിഗത സഹായം കൊടുക്കുന്നതിനും ശ്രമിക്കുന്നതിന് അനേകം ക്രിസ്തീയ ഭർത്താക്കൻമാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അങ്ങനെയുളള രീതികൾ പരുഷമായ കുററം പറച്ചിലിനെക്കാൾ അല്ലെങ്കിൽ സംസാരിക്കാൻ കേവലം വിസമ്മതിക്കുന്നതിനെക്കാൾ വളരെ മെച്ചപ്പെട്ട ഫലങ്ങൾ നൽകുന്നു.
10. (എ) ഒരു ഭർത്താവും പിതാവുമായവൻ—ഒരു ക്രിസ്ത്യാനിയെന്നഭിമാനിക്കുന്ന ആൾപോലും—ഏതു വിധങ്ങളിൽ ഭവനത്തിലെ മററുളളവർക്കു ജീവിതത്തെ ക്ലേശകരമാക്കിയേക്കാം? (ബി) സാഹചര്യത്തെ മെച്ചപ്പെടുത്താൻ എന്തു ചെയ്യാവുന്നതാണ്?
10 തീർച്ചയായും, ഭർത്താവും പിതാവുമായവന്റെ പിഴവുകളായിരിക്കാം ഭവനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അയാൾ തന്റെ കുടുംബത്തിന്റെ വൈകാരികാവശ്യങ്ങൾ സംബന്ധിച്ച് സംവേദനമില്ലാത്തവനോ കുടുംബത്തിന്റെ ബൈബിൾ ചർച്ചക്കോ മററു പ്രവർത്തനങ്ങൾക്കോ ക്രമീകരണം ചെയ്തുകൊണ്ട് യഥാർത്ഥത്തിൽ നേതൃത്വമെടുക്കാത്തവനോ ആണെങ്കിലെന്ത്? ചില കുടുംബങ്ങൾ പ്രശ്നത്തിന്റെ തുറന്ന, ആദരപൂർവ്വകമായ, ചർച്ചകൾക്കുശേഷം നല്ല ഫലങ്ങൾ കണ്ടിട്ടുണ്ട്. (സദൃശ. 15:22; 16:23; 31:26) എന്നാൽ ഫലങ്ങൾ മുഴുവനായി ആശിച്ചതുതന്നെയല്ലെങ്കിൽപോലും വ്യക്തിപരമായി ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുന്നതിനാലും മററു കുടുംബാംഗങ്ങളോട് സ്നേഹപൂർവ്വകമായ താൽപ്പര്യവും പരിഗണനയും പ്രകടമാക്കുന്നതിനാലും ഓരോരുത്തർക്കും മെച്ചപ്പെട്ട കുടുംബാന്തരീക്ഷത്തിന് വിലപ്പെട്ട സംഭാവന ചെയ്യാൻ കഴിയും. മറേറയാൾ എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുന്നതിനാലല്ല, പിന്നെയോ നമ്മുടെ സ്വന്തം പങ്ക് നന്നായി ചെയ്യുന്നതിനാലും അങ്ങനെ നാം വ്യക്തിപരമായി ഭവനത്തിൽ ദൈവികഭക്തി ആചരിക്കുന്നുവെന്ന് തെളിയിക്കുന്നതിനാലും പുരോഗതി ഉണ്ടാകും.—കൊലോ. 3:18-20, 23, 24.
ഉത്തരങ്ങൾ കിട്ടുന്നത് എവിടെനിന്ന്?
11, 12. (എ) കുടുംബജീവിതത്തിലെ പ്രശ്നങ്ങളിൽ നമ്മെ സഹായിക്കുന്നതിന് യഹോവ എന്തു കരുതലുകൾ ചെയ്തിരിക്കുന്നു? (ബി) പൂർണ്ണമായി പ്രയോജനം കിട്ടുന്നതിന്, നാം എന്തു ചെയ്യാൻ ശുപാർശ ചെയ്യപ്പെടുന്നു?
11 ആളുകൾ തങ്ങളുടെ കുടുംബകാര്യങ്ങൾ സംബന്ധിച്ച് ആലോചനക്കായി പല കേന്ദ്രങ്ങളിലേക്കു തിരിയുന്നു. എന്നാൽ അത്യുത്തമമായ ബുദ്ധിയുപദേശം ദൈവവചനത്തിലടങ്ങിയിരിക്കുന്നുവെന്ന് നമുക്കറിയാം. അതു ബാധകമാക്കാൻ അവൻ തന്റെ ദൃശ്യസ്ഥാപനം മുഖാന്തരം നമ്മെ സഹായിക്കുന്നതിൽ നാം നന്ദിയുളളവരാണ്. നിങ്ങൾ ആ സഹായത്തിൽനിന്ന് പൂർണ്ണപ്രയോജനം നേടുന്നുണ്ടോ?—സങ്കീ. 119:129, 130; മീഖാ 4:2.
12 സഭാമീററിംഗുകൾക്കു ഹാജരാകുന്നതിനു പുറമേ കുടുംബ ബൈബിളദ്ധ്യയനത്തിന് നിങ്ങൾക്ക് ക്രമമായ സമയങ്ങളുണ്ടോ? ക്രമമായി ഓരോ വാരത്തിലും ഇതു ചെയ്യുന്ന കുടുംബങ്ങൾ തങ്ങളുടെ ആരാധനയിൽ ഏകീകൃതരായിത്തീരുന്നു. അവർ തങ്ങളുടെ സ്വന്തം സാഹചര്യങ്ങളിലെ ദൈവവചനത്തിന്റെ പ്രയുക്തത ചർച്ച ചെയ്യുമ്പോൾ അവരുടെ കുടുംബജീവിതം സമ്പന്നമാക്കപ്പെടുന്നു.—ആവർത്തനം 11:18-21 താരതമ്യപ്പെടുത്തുക.
13. (എ) വൈവാഹികമോ കുടുംബപരമോ ആയ പ്രത്യേക കാര്യങ്ങളിൽ നമുക്കു ചോദ്യങ്ങൾ ഉണ്ടെങ്കിൽ, മിക്കപ്പോഴും നമുക്ക് ആവശ്യമായ സഹായം എവിടെ കണ്ടെത്താൻ കഴിയും? (ബി) നാം എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും എന്തു പ്രതിഫലിക്കണം?
13 ഒരുപക്ഷേ നിങ്ങളെ ബാധിക്കുന്ന പ്രത്യേക ദാമ്പത്യകാര്യങ്ങളോ കുടുംബകാര്യങ്ങളോ സംബന്ധിച്ച ചോദ്യങ്ങളുണ്ടായിരിക്കാം. ദൃഷ്ടാന്തത്തിന്, ജനനനിയന്ത്രണം സംബന്ധിച്ചെന്ത്? വന്ധ്യംകരണം ക്രിസ്ത്യാനികൾക്ക് ഉചിതമാണോ? ഒരു ശിശു വൈകല്യത്തോടെ ജനിക്കാനിടയുണ്ടെന്ന് തോന്നുന്നുവെങ്കിൽ ഒരു ഗർഭച്ഛിദ്രം നീതീകരിക്കപ്പെടുമോ? ഭാര്യാഭർത്താക്കൻമാർ തമ്മിൽ ഉചിതമായുളള ലൈംഗികവേഴ്ചകൾ സംബന്ധിച്ച് എന്തെങ്കിലും പരിമിതികളുണ്ടോ? ഒരു കൗമാരപ്രായക്കാരൻ ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം പ്രകടമാക്കുന്നില്ലെങ്കിൽ ആരാധനയിൽ കുടുംബത്തോടൊത്ത് എത്രത്തോളം പങ്കെടുക്കാൻ അവനോട് ആവശ്യപ്പെടണം? ഇവയിൽ ഓരോന്നും സംബന്ധിച്ച് നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടെന്നുളളതിനു സംശയമില്ല. എന്നാൽ ബൈബിൾ തത്വങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ? ഈ ചോദ്യങ്ങളിൽ ഓരോന്നും വീക്ഷാഗോപുരത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. അങ്ങനെയുളള വിവരങ്ങൾ കണ്ടുപിടിക്കുന്നതിന് ലഭ്യമായ സൂചികകൾ ഉപയോഗിക്കാൻ പഠിക്കുക. ഒരു സൂചിക പരാമർശിക്കുന്ന പഴയ പ്രസിദ്ധീകരണങ്ങൾ നിങ്ങൾക്കില്ലെങ്കിൽ രാജ്യഹാളിലെ ലൈബ്രറിയിൽ പരിശോധിക്കുക. ഓരോ ചോദ്യത്തിനും ഉവ്വ് എന്നോ അരുത് എന്നോ ഉളള ഉത്തരം പ്രതീക്ഷിക്കരുത്. ചില സമയങ്ങളിൽ വ്യക്തിപരമായോ ദമ്പതികൾ എന്നനിലയിലോ നിങ്ങൾ തീരുമാനിക്കേണ്ടിയിരിക്കുന്നു. എന്നാൽ യഹോവയോടും നിങ്ങളുടെ കുടുംബാംഗങ്ങളോടുമുളള നിങ്ങളുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ പഠിക്കുക. ദൈവത്തെ നന്നായി പ്രസാദിപ്പിക്കാനുളള നിങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹത്തിന്റെ തെളിവു നൽകുന്ന തീരുമാനങ്ങളെടുക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുവെങ്കിൽ, പരസ്യമായി മാത്രമല്ല, നിങ്ങളുടെ സ്വന്തം ഭവനത്തിലും നിങ്ങൾ യഥാർത്ഥമായി ദൈവികഭക്തി ആചരിക്കുകതന്നെ ചെയ്യുന്നുവെന്ന് യഹോവക്കും നിങ്ങളെ നന്നായി അറിയാവുന്ന മററുളളവർക്കും സ്പഷ്ടമായിരിക്കും.—എഫേ. 5:10; റോമ. 14:19.
പുനരവലോകന ചർച്ച
● യഹോവയോടുളള ഭക്തി ഒരുവന്റെ വിവാഹ പ്രതിജ്ഞയോടുളള വിശ്വസ്തതയിൽ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
● കുടുംബ പ്രശ്നങ്ങളിൽനിന്നുളള സമ്മർദ്ദത്തിലായിരിക്കുമ്പോൾ ദൈവത്തിനു പ്രസാദകരമായിരിക്കുന്നതു ചെയ്യുന്നതിന് നമ്മെ എന്തു സഹായിക്കും?
● കുടുംബത്തിലെ മററുളളവർ കുറവുളളവരായിത്തീരുന്നുവെങ്കിലും സാഹചര്യത്തെ മെച്ചപ്പെടുത്താൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]