നിങ്ങളുടെ സ്നാപനത്തിന്റെ അർത്ഥം
അധ്യായം 12
നിങ്ങളുടെ സ്നാപനത്തിന്റെ അർത്ഥം
1, 2. (എ) ജലസ്നാപനം നമ്മിൽ ഓരോരുത്തർക്കും വ്യക്തിപരമായ താൽപ്പര്യമുളളതായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) ചുരുക്കത്തിൽ, 2-ാം ഖണ്ഡികയിൽ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരം പറയും?
1 പൊ.യു. 29-ാമാണ്ടിൽ, യേശു യോർദ്ദാൻ നദിയിൽ നിമജ്ജനം ചെയ്യപ്പെട്ടു. യഹോവതന്നെ നിരീക്ഷിക്കുകയും അംഗീകാരം പ്രകടമാക്കുകയും ചെയ്തു. (മത്താ. 3:16, 17) മൂന്നരവർഷം കഴിഞ്ഞ്, തന്റെ പുനരുത്ഥാനശേഷം, യേശു തന്റെ ശിഷ്യൻമാർക്ക് ഈ നിർദ്ദേശങ്ങൾ കൊടുത്തു: “സ്വർഗ്ഗത്തിലും ഭൂമിയിലുമുളള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ പോയി സകല ജനതകളിലെയും ആളുകളെ സ്നാപനം ചെയ്തു ശിഷ്യരാക്കുവിൻ.” (മത്താ. 28:18, 19) യേശു അവിടെ നിർദ്ദേശിച്ചതിനു ചേർച്ചയായി നിങ്ങൾ സ്നാപനം കഴിപ്പിക്കപ്പെട്ടിട്ടുണ്ടോ? അതോ, നിങ്ങൾ അതിന് ഒരുങ്ങുകയാണോ?
2 എങ്ങനെയായാലും സ്നാപനത്തിന്റെ ഒരു വ്യക്തമായ ഗ്രാഹ്യം പ്രധാനമാണ്. പരിചിന്തിക്കേണ്ട ചോദ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു: ക്രിസ്ത്യാനികളുടെ സ്നാപനത്തിന് ഇന്ന് യേശുവിന്റെ സ്നാപനത്തിന്റെ അതേ അർത്ഥമുണ്ടോ? ബൈബിൾ സ്നാപനത്തെക്കുറിച്ചു പറയുന്നതെല്ലാം നിങ്ങൾക്കു ബാധകമാകുന്നുവോ? ക്രിസ്തീയ ജലസ്നാപനം അർത്ഥമാക്കുന്നതിനനുയോജ്യമായി ജീവിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
യോഹന്നാൻ നടത്തിയ സ്നാപനങ്ങൾ
3. യോഹന്നാന്റെ സ്നാപനം ആർക്കു പരിമിതപ്പെടുത്തിയിരുന്നു?
3 യേശു സ്നാപനം ചെയ്യപ്പെട്ടതിന് ഏകദേശം ആറു മാസം മുമ്പ്, “അനുതപിക്കുവിൻ, എന്തുകൊണ്ടെന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചുകൊണ്ട് യോഹന്നാൻ സ്നാപകൻ യഹൂദ്യ മരുഭൂമിയിലേക്കു പോയി. (മത്താ. 3:1, 2) ആ പ്രദേശത്തുനിന്നെല്ലാമുളള ആളുകൾ യോഹന്നാൻ പറഞ്ഞതു കേൾക്കുകയും തങ്ങളുടെ പാപങ്ങൾ പരസ്യമായി ഏററുപറയുകയും യോർദ്ദാനിൽ അവനാൽ സ്നാപനം ചെയ്യപ്പെടുകയും ചെയ്തു. ആ സ്നാപനം യഹൂദൻമാർക്കുവേണ്ടിയായിരുന്നു.—പ്രവൃ. 13:23, 24; ലൂക്കോ. 1:13-16.
4. (എ) യഹൂദൻമാർ അടിയന്തിരമായി അനുതപിക്കേണ്ടിയിരുന്നതെന്തുകൊണ്ട്? (ബി) അവർ ‘തീകൊണ്ടു സ്നാനം കഴിപ്പിക്കപ്പെടുന്ന’തൊഴിവാക്കാൻ എന്താവശ്യമായിരുന്നു?
4 ആ യഹൂദൻമാർക്ക് അനുതാപത്തിന്റെ അടിയന്തിരാവശ്യമുണ്ടായിരുന്നു. പൊ. യു. മു. 1513-ാമാണ്ടിൽ സീനായി മലയിൽ വച്ച് അവരുടെ പൂർവ്വപിതാക്കൻമാർ യഹോവയാം ദൈവവുമായി ഒരു ദേശീയ ഉടമ്പടിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ അവർ ആ ഉടമ്പടിയിൻ കീഴിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി ജീവിച്ചില്ല, തന്നിമിത്തം അതിനാൽ പാപികളായി കുററംവിധിക്കപ്പെട്ടു. അവരുടെ സാഹചര്യം ഉൽക്കണ്ഠാജനകമായിരുന്നു. മലാഖി മുൻകൂട്ടിപ്പറഞ്ഞിരുന്ന “വലുതും ഭയജനകവുമായ യഹോവയുടെ ദിവസം” അടുത്തിരുന്നു, അത് പൊ. യു. 70-ൽ യെരൂശലേമിൻമേൽ സത്വരനാശമായി വന്നെത്തി. “ഒരുക്കമുളള ഒരു ജനത്തെ യഹോവക്കുവേണ്ടി തയ്യാറാക്കുന്നതിന്” യോഹന്നാൻ സ്നാപകൻ സത്യാരാധനക്കുവേണ്ടി ഏലിയാവിന്റേതുപോലെയുളള തീക്ഷ്ണതയോടെ ആ നാശത്തിന് മുൻപ് അയക്കപ്പെട്ടു. അവർ ന്യായപ്രമാണ ഉടമ്പടിക്കെതിരായ അവരുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും യഹോവ അവരുടെ അടുക്കലേക്ക് അയയ്ക്കുന്ന ദൈവപുത്രനെ സ്വീകരിക്കാൻ ഹൃദയത്തിലും മനസ്സിലും ഒരുങ്ങിയിരിക്കുകയും വേണമായിരുന്നു. (മലാ. 4:4-6; ലൂക്കോ. 1:17; പ്രവൃ. 19:4) യോഹന്നാൻ വിശദീകരിച്ചതുപോലെ, ദൈവപുത്രൻ പരിശുദ്ധാത്മാവിനാലും (പൊ. യു. 33-ലെ പെന്തെക്കോസ്തിൽ വിശ്വസ്ത ശിഷ്യൻമാർക്ക് ആദ്യമായി ആ സ്നാനം അനുഭവപ്പെട്ടു) തീയാലും (പൊ. യു. 70-ലെ നാശത്തിന്റെ രീതിയിൽ അത് അനുതാപമില്ലാഞ്ഞവരുടെമേൽ വന്നു) സ്നാനം കഴിപ്പിക്കുമായിരുന്നു. (ലൂക്കോ. 3:16) ‘തീയാലുളള ആ സ്നാനം’ വ്യക്തിപരമായി അനുഭവപ്പെടുന്നതൊഴിവാക്കാൻ ഒന്നാം നൂററാണ്ടിലെ ആ യഹൂദൻമാർ തങ്ങളുടെ അനുതാപത്തിന്റെ പ്രതീകമായി വെളളത്തിൽ സ്നാനമേൽക്കേണ്ടയാവശ്യമുണ്ടായിരുന്നു, അവസരം തുറന്നുകിട്ടുമ്പോൾ അവർ യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരേണ്ടിയിരുന്നു.
5. (എ) യേശു സ്നാപനം ചെയ്യപ്പെടാൻ വന്നപ്പോൾ, യോഹന്നാൻ അതിനെ ചോദ്യം ചെയ്തതെന്തുകൊണ്ട്? (ബി) യേശുവിന്റെ ജലസ്നാപനത്താൽ പ്രതീകവൽക്കരിക്കപ്പെട്ടതെന്ത്? (സി) തനിക്കുവേണ്ടിയുളള ദൈവേഷ്ടം നിറവേററുന്നത് സംബന്ധിച്ച് യേശു എത്ര ഗൗരവമുളളവനായിരുന്നു?
5 സ്നാപനത്തിനുവേണ്ടി യോഹന്നാന്റെ അടുക്കലേക്കു വന്നവരുടെ കൂട്ടത്തിൽ യേശുതന്നെ ഉണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ട്? യേശുവിന് അനുതപിക്കേണ്ട പാപങ്ങൾ ഇല്ലെന്ന് യോഹന്നാന് അറിയാമായിരുന്നു, തന്നിമിത്തം “നിന്നാൽ സ്നാപനം കഴിപ്പിക്കപ്പെടേണ്ട ആവശ്യമുളളവൻ ഞാനാണ്, നീ എന്റെ അടുക്കൽ വരുന്നുവോ?” എന്ന് അവൻ പറഞ്ഞു. എന്നാൽ യേശുവിന്റെ സ്നാപനം വ്യത്യസ്തമായ ഒരു സംഗതിയെ പ്രതീകവൽക്കരിക്കാനായിരുന്നു. അതുകൊണ്ട്, “ഈ പ്രാവശ്യം സമ്മതിക്ക, എന്തെന്നാൽ ആ വിധത്തിൽ നീതിനിഷ്ഠമായതെല്ലാം നാം നിറവേററുന്നത് ഉചിതമാണ്” എന്ന് അവൻ മറുപടി പറഞ്ഞു. (മത്താ. 3:13-15) യേശുവിന്റെ സ്നാപനത്തിന് പാപം സംബന്ധിച്ചുളള അനുതാപത്തെ പ്രതീകവൽക്കരിക്കാൻ കഴിയുമായിരുന്നില്ല; അവൻ തന്നേത്തന്നെ ദൈവത്തിനു സമർപ്പിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല, എന്തുകൊണ്ടെന്നാൽ അവൻ അപ്പോൾത്തന്നെ യഹോവക്കു സമർപ്പിക്കപ്പെട്ടിരുന്ന ഒരു ജനതയിലെ അംഗമായിരുന്നു. പകരം, 30-ാം വയസ്സിൽ അവൻ യഹൂദപ്രായപൂർത്തിയിലെത്തിയപ്പോൾ ഏററ സ്നാനം, അവന്റെ സ്വർഗ്ഗീയ പിതാവിന്റെ കൂടുതലായ ഇഷ്ടം ചെയ്യുന്നതിന് തന്നേത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നതിനെ പ്രതീകവൽക്കരിച്ചു. “മനുഷ്യനായ ക്രിസ്തുയേശു”വിനെ സംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടത്തിൽ ദൈവരാജ്യത്തോടു ബന്ധപ്പെട്ട പ്രവർത്തനവും, ഒരു മോചനമൂല്യവും ഒരു പുതിയ ഉടമ്പടിയുടെ അടിസ്ഥാനവുമായുളള തന്റെ പൂർണ്ണ മനുഷ്യജീവന്റെ ബലിയും ഉൾപ്പെട്ടിരുന്നു. (ലൂക്കോ. 8:1; 17:20, 21; എബ്രാ. 10:5-10; മത്താ. 20:28; 26:28; 1 തിമൊ. 2:5, 6) യേശു തന്റെ ജലസ്നാപനം പ്രതീകവൽക്കരിച്ചതിനെ വളരെ ഗൗരവമായി എടുത്തു. മററു താൽപ്പര്യങ്ങളിലേക്കു വ്യതിചലിക്കാൻ അവൻ സ്വയം അനുവദിച്ചില്ല. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനം വരെ അവൻ ദൈവേഷ്ടം ചെയ്യുന്നതിനോടു പററിനിന്നു.—യോഹ. 4:34.
മരണത്തിലേക്കുളള സ്നാപനം
6. യേശു വേറെ ഏതു സ്നാപനത്തിനു വിധേയമായി, ഏതു കാലഘട്ടത്തിൽ?
6 യേശുവിന്റെ ജലസ്നാപനം പ്രതീകവൽക്കരിച്ചതിനോടുളള ചേർച്ചയിൽ അവൻ മറെറാരു സ്നാപനത്തിനും വിധേയമായി. ദൈവം അവന്റെ മുമ്പാകെ വെച്ച നിയോഗം അവന്റെ മനുഷ്യജീവനെ ഒരു ബലിയായി വെച്ചുകൊടുക്കുന്നതിലേക്കു നയിക്കുമെന്നും എന്നാൽ അവൻ മൂന്നാം ദിവസം ആത്മാവിൽ ഉയർപ്പിക്കപ്പെടുമെന്നും അവന് അറിയാമായിരുന്നു. ഇത് ഒരു സ്നാപനമായിരിക്കുന്നതായി അവൻ പറയുകയുണ്ടായി. ഈ “സ്നാപനം” പൊ. യു. 29-ൽ തുടങ്ങി, എന്നാൽ അവൻ യഥാർത്ഥമായി മരിക്കുകയും പുനരുത്ഥാനം പ്രാപിക്കുകയും ചെയ്യുന്നതുവരെ അതു പൂർത്തിയായില്ല. തന്നിമിത്തം അവന്റെ ജല നിമജ്ജനത്തിനുശേഷം ഏകദേശം മൂന്നു വർഷം കഴിഞ്ഞ് “ഞാൻ സ്നാപനമേൽക്കേണ്ട ഒരു സ്നാപനം എനിക്കുണ്ട്, അതു പൂർത്തിയാകുന്നതുവരെ ഞാൻ എത്ര ദുഃഖിതനാകുന്നു!” എന്ന് അവന് ഉചിതമായി പറയാൻ കഴിഞ്ഞു.—ലൂക്കോ. 12:50.
7. (എ) വേറെ ആരും മരണത്തിലേക്കു സ്നാപനമേററു? (ബി) ഈ സ്നാപനം ആർ നടത്തുന്നു?
7 ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയ രാജ്യത്തിൽ വാഴാനിരിക്കുന്നവർ അതുപോലെതന്നെ മരണത്തിലേക്കു സ്നാപനമേൽക്കേണ്ടതാണ്. (മർക്കോ. 10:37-40; കൊലോ. 2:12) യേശു ചെയ്തതുപോലെ, അവർ തങ്ങളുടെ മരണത്തിങ്കൽ എന്നേക്കുമായി തങ്ങളുടെ മനുഷ്യ ജീവനെ വെച്ചുകൊടുക്കുന്നു. അവരുടെ പുനരുത്ഥാനത്തിങ്കൽ അവർ സ്വർഗ്ഗീയ ഭരണാധിപത്യത്തിൽ അവനോടു ചേരുന്നു. ഇത് ഏതെങ്കിലും മനുഷ്യൻ നിർവ്വഹിക്കുന്ന സ്നാപനമല്ല, പിന്നെയോ ദൈവം തന്റെ സ്വർഗ്ഗീയ പുത്രൻ മുഖേന നിർവ്വഹിക്കുന്നതാണ്.
8. അവർ “ക്രിസ്തുയേശുവിലേക്കു സ്നാപനമേൽക്കുന്ന”തിനാലും എന്തർത്ഥമാക്കപ്പെടുന്നു?
8 യേശുവിന്റെ മരണത്തിലേക്കു സ്നാനമേൽക്കുന്നവർ “ക്രിസ്തുയേശുവിലേക്കു” സ്നാനമേൽക്കുന്നതായും പറയപ്പെടുന്നു. ക്രിസ്തുവിലൂടെ പകരപ്പെടുന്ന പരിശുദ്ധാത്മാവു മുഖേന അവർ അവന്റെ “ശരീര”മാകുന്ന അവന്റെ ആത്മാഭിഷിക്ത സഭയുടെ അംഗങ്ങളെന്നനിലയിൽ തങ്ങളുടെ ശിരസ്സായ ക്രിസ്തുവിനോട് ഐക്യത്തിൽ വരുന്നു. ആ ആത്മാവ് ക്രിസ്തുവിന്റെ ശ്രേഷ്ഠമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്നതുകൊണ്ട് അവരെല്ലാം “ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ ഒരു വ്യക്തി” ആയിത്തീരുന്നുവെന്ന് പറയാൻ കഴിയും.—റോമ. 6:3-5; 1 കൊരി. 12:13; ഗലാ. 3:27, 28; പ്രവൃ. 2:32, 33.
ക്രിസ്തീയ ശിഷ്യരുടെ ജലസ്നാപനം
9. (എ) മത്തായി 28:19-ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിലുളള സ്നാപനം ആദ്യമായി എപ്പോൾ നടന്നു? (ബി) ഈ ഖണ്ഡികയിൽ നൽകപ്പെട്ടിരിക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ചുകൊണ്ട് സ്നാനാർത്ഥികൾ എന്തു തിരിച്ചറിയണമെന്ന് യേശു സൂചിപ്പിക്കുകയായിരുന്നുവെന്ന് വിശകലനം ചെയ്യുക.
9 യേശുവിന്റെ ആദ്യശിഷ്യൻമാർ യോഹന്നാനാൽ വെളളത്തിൽ സ്നാപനം കഴിപ്പിക്കപ്പെടുകയും അനന്തരം യേശുവിന്റെ ആത്മീയ മണവാട്ടിയുടെ ഭാവിയംഗങ്ങളെന്നനിലയിൽ അവന്റെ അടുക്കലേക്കു നയിക്കപ്പെടുകയും ചെയ്തു. (യോഹ. 3:25-30) യേശുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ അവരും കുറെ സ്നാപനം നടത്തി, അതിനും യോഹന്നാന്റെ സ്നാപനത്തിന്റെ അതേ അർത്ഥമാണുണ്ടായിരുന്നത്. (യോഹ. 4:1-3) എന്നിരുന്നാലും, പൊ. യു. 33-ലെ പെന്തെക്കോസ്തിൽ തുടങ്ങി, അവർ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാനപ്പെടുത്താനുളള ദൗത്യം നിറവേററാൻ തുടങ്ങി. (മത്താ. 28:19) പിൻവരുന്ന ചോദ്യങ്ങളോടുകൂടെ സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ അതിന്റെ അർത്ഥമെന്തെന്ന് പുനരവലോകനം ചെയ്യുന്നതു വളരെ പ്രയോജനപ്രദമെന്ന് നിങ്ങൾ കണ്ടെത്തും:
“പിതാവിന്റെ നാമത്തിൽ” സ്നാപനമേൽക്കുന്നതിന് ഒരു വ്യക്തി പിതാവിനെ സംബന്ധിച്ചു എന്തു തിരിച്ചറിയണം? (2 രാജാ. 19:15; സങ്കീ. 3:8; 73:28; യെശ. 6:3; റോമ. 15:6; എബ്രാ. 12:9; യാക്കോ. 1:17)
“പുത്രന്റെ” നാമത്തിലുളള സ്നാപനം എന്തിന്റെ തിരിച്ചറിയൽ ആവശ്യമാക്കിത്തീർക്കുന്നു? (മത്താ. 16:16, 24; ഫിലി. 2:9-11; എബ്രാ. 5:9, 10)
“പരിശുദ്ധാത്മാവിന്റെ” നാമത്തിൽ സ്നാപനമേൽക്കുന്നതിന് ഒരു വ്യക്തി എന്തു വിശ്വസിക്കണം? (ലൂക്കോ. 11:13; യോഹ. 14:16, 17; പ്രവൃ. 1:8; 10:38; ഗലാ. 5:22, 23; 2 പത്രോ. 1:21)
10. (എ) ഇന്ന് ക്രിസ്തീയ ജലസ്നാപനം എന്തിനെ പ്രതീകവൽക്കരിക്കുന്നു? (ബി) ഇത് യേശുവിന്റെ സ്വന്തം സ്നാപനത്തിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ? (സി) തിരുവെഴുത്തുപരമായി യോഗ്യതയുളള ആളുകൾ സ്നാനം കഴിപ്പിക്കപ്പെടുമ്പോൾ അവർ എന്തായിത്തീരുന്നു?
10 യേശു നൽകിയ ആ നിർദ്ദേശങ്ങൾക്കനുയോജ്യമായി സ്നാപനം കഴിപ്പിക്കപ്പെട്ട ആദ്യത്തവർ യഹൂദൻമാരും (യഹൂദമതാനുസാരികളും) ആയിരുന്നു. അവർ ഒരു ജനതയെന്ന നിലയിൽ അപ്പോൾത്തന്നെ ദൈവത്തിനു സമർപ്പിക്കപ്പെട്ടവർ ആയിരുന്നു. അവൻ പൊ. യു. 36 വരെ അവരോടു പ്രത്യേക പരിഗണന കാണിച്ചു. എന്നിരുന്നാലും, ശമര്യക്കാർക്കും വിജാതീയർക്കും ക്രിസ്തീയ ശിഷ്യത്വത്തിന്റെ പദവി നീട്ടിക്കൊടുത്തപ്പോൾ, സ്നാപനം കഴിപ്പിക്കപ്പെടുന്നതിനു മുമ്പ് അവർ യഹോവയെ സേവിക്കുന്നതിന് വ്യക്തിപരമായി അവന് ഒരു സമ്പൂർണ്ണസമർപ്പണം നടത്തണമായിരുന്നു, അവന്റെ പുത്രന്റെ ശിഷ്യർ എന്ന നിലയിൽ തന്നെ. യഹൂദൻമാർ ഉൾപ്പെടെ എല്ലാവർക്കും നമ്മുടെ നാളോളം ക്രിസ്തീയ ജലസ്നാപനത്തിന്റെ സാർത്ഥകത ഇതായി തുടരുന്നു. ഈ “ഒരു സ്നാനം” സത്യക്രിസ്ത്യാനികളായിത്തീരുന്ന എല്ലാവർക്കും ബാധകമാകുന്നു. അങ്ങനെ അവർ യഹോവയുടെ ക്രിസ്തീയ സാക്ഷികളായിത്തീരുന്നു, ദൈവത്തിന്റെ നിയമിത ശുശ്രൂഷകർ തന്നെ.—എഫേ. 4:5; 2 കൊരി. 6:3, 4.
11. (എ) ക്രിസ്തീയ ജലസ്നാപനം എന്തിനോട് ഒക്കുന്നു? എങ്ങനെ? (ബി) അങ്ങനെ ഒരു ക്രിസ്ത്യാനി എന്തിൽ നിന്ന് രക്ഷിക്കപ്പെടുന്നു?
11 അങ്ങനെയുളള സ്നാപനത്തിന് ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയ വിലയുണ്ട്. നോഹയും കുടുംബവും പ്രളയത്തിൽ കാത്തുസൂക്ഷിക്കപ്പെട്ട പെട്ടകം അവൻ പണിയുന്നതിനെക്കുറിച്ചു പറഞ്ഞശേഷം അപ്പോസ്തലനായ പത്രോസ് ഇതിലേക്കു ശ്രദ്ധ ക്ഷണിച്ചു. അവൻ എഴുതി: “ഇതിനോട് ഒക്കുന്നത്, അതായതു സ്നാപനം (ജഡത്തിന്റെ മാലിന്യം നീക്കലല്ല, പിന്നെയോ ഒരു നല്ല മനഃസാക്ഷിക്കായി ദൈവത്തോടു ചെയ്യുന്ന അപേക്ഷ) യേശുക്രിസ്തുവിന്റെ പുനരുത്ഥാനം മുഖേന ഇപ്പോൾ നിങ്ങളെ രക്ഷിക്കുകയാകുന്നു.” (1 പത്രോ. 3:21) പെട്ടകം ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ നോഹ തന്നേത്തന്നെ സമർപ്പിച്ചിരുന്നുവെന്നതിന്റെയും അനന്തരം ദൈവത്താൽ നിയോഗിക്കപ്പെട്ടിരുന്ന വേല വിശ്വസ്തമായി ചെയ്തിരുന്നുവെന്നതിന്റെയും സ്പർശനീയമായ തെളിവായിരുന്നു. ഇത് അവന്റെ സംരക്ഷണത്തിലേക്കു നയിച്ചു. സമാനമായ ഒരു വിധത്തിൽ, പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുവിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവക്കു തങ്ങളേത്തന്നെ സമർപ്പിക്കുന്നവരും അതിന്റെ പ്രതീകമായി സ്നാനമേൽക്കുന്നവരും അനന്തരം നമ്മുടെ നാളിലെ തന്റെ ദാസൻമാർക്കുവേണ്ടിയുളള ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ പുറപ്പെടുന്നവരുമായവർ ഇപ്പോഴത്തെ ദുഷ്ട ലോകത്തിൽനിന്ന് രക്ഷിക്കപ്പെടുന്നു. (ഗലാ. 1:3, 4) അവർ മേലാൽ ശേഷിച്ച ലോകത്തോടുകൂടെ നാശത്തിലേക്കു ഗതി ചെയ്യുന്നില്ല. അവർ ഇതിൽനിന്ന് രക്ഷിക്കപ്പെട്ടിരിക്കുന്നു. അവർക്ക് ദൈവത്തിൽനിന്ന് ഒരു നല്ല മനഃസാക്ഷി ലഭിച്ചിരിക്കുന്നു.
നമ്മുടെ ഉത്തരവാദിത്തങ്ങളനുസരിച്ചു ജീവിക്കൽ
12. ഒരുവൻ സ്നാപനമേൽക്കുന്നത് അതിൽത്തന്നെ രക്ഷയുടെ ഉറപ്പല്ലാത്തതെന്തുകൊണ്ട്?
12 സ്നാപനമേൽക്കുന്നത് അതിൽത്തന്നെ രക്ഷയുടെ ഉറപ്പാണെന്നു നിഗമനം ചെയ്യുന്നതു തെററായിരിക്കും. ഒരു വ്യക്തി യേശുക്രിസ്തു മുഖേന യഹോവക്കു യഥാർത്ഥമായി സമർപ്പിക്കുകയും അനന്തരം അവസാനത്തോളം വിശ്വസ്തമായി ദൈവേഷ്ടം നിറവേററുകയും ചെയ്തിട്ടുണ്ടെങ്കിലേ അതിനു വിലയുളളു.—മത്താ. 24:13.
13. (എ) സ്നാനമേററ ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കുന്നവിധം സംബന്ധിച്ച ദൈവേഷ്ടം എന്താണ്? (ബി) ക്രിസ്തീയ ശിഷ്യത്വം നമ്മുടെ ജീവിതത്തിൽ എത്ര പ്രധാനമായിരിക്കണം?
13 യേശുവിനെ സംബന്ധിച്ച ദൈവേഷ്ടത്തിൽ അവൻ ഒരു മനുഷ്യനെന്നനിലയിൽ തന്റെ ജീവനെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഉൾപ്പെട്ടിരുന്നു. അത് ഒരു ബലി മരണത്തിൽ അർപ്പിക്കപ്പെടണമായിരുന്നു. നമ്മുടെ സംഗതിയിൽ നമ്മുടെ ശരീരങ്ങൾ ഒരു ആത്മത്യാഗപരമായ ജീവിതം നയിക്കുന്നതിന് ദൈവത്തിന് അർപ്പിക്കേണ്ടതാണ്. അവ ദൈവേഷ്ടം ചെയ്യുന്നതിനു മാത്രമായി ഉപയോഗിക്കപ്പെടേണ്ടതാണ്. (റോമ. 12:1, 2) തീർച്ചയായും, വല്ലപ്പോഴുമാണെങ്കിൽപോലും, നാം നമുക്കു ചുററുമുളള ലോകത്തെപ്പോലെ കരുതിക്കൂട്ടി വർത്തിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ദൈവത്തിനു നാമമാത്രസേവനം മാത്രം അർപ്പിക്കവേ, സ്വാർത്ഥ വ്യാപാരങ്ങളിൽ കേന്ദ്രീകരിച്ച് നാം നമ്മുടെ ജീവിതം കെട്ടുപണി ചെയ്യുന്നുവെങ്കിൽ നാം അതു ചെയ്യുകയായിരിക്കുകയില്ല. (1 പത്രോ. 4:1-3; 1 യോഹ. 2:15-17) നിത്യജീവൻ കിട്ടാൻ താൻ എന്തു ചെയ്യണമെന്ന് ഒരു യഹൂദൻ ചോദിച്ചപ്പോൾ ഒരു ശുദ്ധമായ ധാർമ്മികജീവിതം നയിക്കുന്നതിന്റെ പ്രാധാന്യം യേശു അയാളെ അനുസ്മരിപ്പിച്ചു. അനന്തരം, ക്രിസ്തീയ ശിഷ്യത്വം, യേശുവിന്റെ ഒരു അനുഗാമിയായിരിക്കൽ, ജീവിതത്തിലെ മുഖ്യസംഗതി ആക്കേണ്ടതിന്റെ ആവശ്യവും അവൻ ചൂണ്ടിക്കാട്ടി. അതിന് ഭൗതിക വ്യാപാരങ്ങളെ അപേക്ഷിച്ച് രണ്ടാം സ്ഥാനം ആയിരിക്കാവുന്നതല്ലായിരുന്നു.—മത്താ. 19:16-21.
14. (എ) രാജ്യത്തോടുളള ബന്ധത്തിൽ എന്ത് ഉത്തരവാദിത്തം എല്ലാ ക്രിസ്ത്യാനികൾക്കുമുണ്ട്? (ബി) 101-ാം പേജിൽ ചിത്രീകരിച്ചിരിക്കുന്നവിധം, ഈ വേല ചെയ്യുന്നതിനുളള ഫലകരമായ ചില മാർഗ്ഗങ്ങളേവ? (സി) നാം അങ്ങനെയുളള വേലയിൽ മുഴുഹൃദയത്തോടെ യഥാർത്ഥമായി പങ്കെടുക്കുന്നുവെങ്കിൽ, അത് എന്തിന്റെ തെളിവു നൽകുന്നു?
14 യേശുവിനെ സംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടത്തിൽ രാജ്യത്തോടു ബന്ധപ്പെട്ട സജീവ പ്രവർത്തനവും ഉൾപ്പെട്ടിരുന്നുവെന്ന് ഓർക്കേണ്ടതാണ്. യേശുതന്നെ രാജാവായിരിക്കാൻ അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഭൂമിയിലായിരുന്നപ്പോൾ അവൻ രാജ്യത്തിന്റെ ഒരു തീക്ഷ്ണതയുളള സാക്ഷിയുമായിരുന്നു. നമുക്ക് സമാനമായ ഒരു സാക്ഷ്യവേല ചെയ്യാനുണ്ട്, അതിൽ മുഴുഹൃദയത്തോടെ ഏർപ്പെടാൻ നമുക്കു സകല കാരണവുമുണ്ട്. അങ്ങനെ ചെയ്യുന്നതിനാൽ നാം യഹോവയുടെ പരമാധികാരത്തോടുളള നമ്മുടെ വിലമതിപ്പും സഹമനുഷ്യരോടുളള നമ്മുടെ സ്നേഹവും പ്രകടമാക്കുന്നു. കൂടാതെ, നാം ലോകവ്യാപകമായുളള സഹാരാധകരോടു ഐക്യപ്പെട്ടിരിക്കുന്നുവെന്നും നാം പ്രകടമാക്കുന്നു, അവരെല്ലാം ആ രാജ്യമണ്ഡലത്തിലെ നിത്യജീവന്റെ ലാക്കിലേക്ക് മുന്നേറുന്ന രാജ്യ സാക്ഷികളാണ്.
പുനരവലോകന ചർച്ച
● യേശുവിന്റെ സ്നാപനവും ഇന്നത്തെ സ്നാപനവും തമ്മിൽ എന്തു സമാനതകളും വ്യത്യാസങ്ങളുമുണ്ട്?
● യോഹന്നാന്റെ സ്നാപനം ആർക്കുവേണ്ടിയായിരുന്നു? ആർ മരണത്തിലേക്കു സ്നാനമേൽക്കുന്നു? ആർ “ക്രിസ്തുയേശുവിലേക്കു സ്നാപന”മേൽക്കുന്നു?
● ക്രിസ്തീയ ജലസ്നാപനത്തിന്റെ ഉത്തരവാദിത്തങ്ങളനുസരിച്ചു ജീവിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[101-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾ ഏതു വിധങ്ങളിൽ രാജ്യം ഘോഷിക്കുന്നു?
വീടുതോറും
താത്പര്യക്കാരെ സന്ദർശിക്കാൻ തിരിച്ചു ചെല്ലുന്നതിനാൽ
ഭവന ബൈബിള ദ്ധ്യയനങ്ങളിൽ
തെരുവുകളിൽ
സഹപാഠികളോട്
കൂട്ടുജോലിക്കാരോട്