യഹോവയുടെ ആരാധകർ അനുഭവിക്കുന്ന സ്വാതന്ത്ര്യം
അധ്യായം 5
യഹോവയുടെ ആരാധകർ അനുഭവിക്കുന്ന സ്വാതന്ത്ര്യം
1, 2. (എ) ആദ്യമനുഷ്യജോടിക്ക് ദൈവം ഏതുതരം സ്വാതന്ത്ര്യം കൊടുത്തു? (ബി) അവരുടെ പ്രവർത്തനത്തെ ഭരിച്ച ചില നിയമങ്ങൾ പറയുക.
1 യഹോവ ആദ്യമനുഷ്യജോടിയെ സൃഷ്ടിച്ചപ്പോൾ, അവർ ഇന്നു മനുഷ്യർക്കുളള ഏതു സ്വാതന്ത്ര്യത്തെക്കാളും വളരെ മികച്ച സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അവരുടെ ഭവനം പരദീസയായിരുന്നു. രോഗം അവരുടെ ജീവിതാസ്വാദനത്തെ കളങ്കപ്പെടുത്തിയില്ല. മരണം അവരെ കാത്തിരുന്നില്ല. എന്നാൽ അങ്ങനെയുളള സ്വാതന്ത്ര്യത്തിൽ അവർ തുടരുന്നതിന് ദൈവനിയമങ്ങളോടുളള ആദരവ് ഒരു പ്രധാനഘടകമായിരുന്നു.
2 ആ നിയമങ്ങളിൽ ചിലത് വാമൊഴിയായി പ്രസ്താവിക്കപ്പെട്ടിരുന്നില്ലായിരിക്കാം, എന്നാൽ ആദാമും ഹവ്വായും അവ അനുസരിക്കുന്നത് സ്വാഭാവികം മാത്രമായിരിക്കത്തക്കവണ്ണം അവർ നിർമ്മിക്കപ്പെട്ടിരുന്നു. അങ്ങനെ, വിശപ്പു ഭക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ സൂചിപ്പിച്ചു; ദാഹം, കുടിക്കേണ്ടതിന്റെയും. സൂര്യാസ്തമയം ആവശ്യമായ വിശ്രമവും ഉറക്കവും കിട്ടാൻ അവരെ പ്രോത്സാഹിപ്പിച്ചു. യഹോവ അവരോടു സംസാരിക്കുകയും അവർക്കു വേല ചെയ്യുന്നതിനുളള ഒരു നിയോഗം കൊടുക്കുകയും കൂടെ ചെയ്തു. യഥാർത്ഥത്തിൽ ആ നിയോഗം ഒരു നിയമം ആയിരുന്നു, എന്തുകൊണ്ടെന്നാൽ അത് അവരുടെ പ്രവർത്തനഗതിയെ ഭരിക്കുമായിരുന്നു. എന്നാൽ അത് എത്ര ദയാമസൃണവും പ്രയോജനപ്രദവുമായ നിയമമായിരുന്നു! അത് അവർക്ക് തികച്ചും തൃപ്തികരമായ വേല കൊടുത്തു, അതു ആരോഗ്യാവഹമായ വിധങ്ങളിൽ അവരുടെ പ്രാപ്തികൾ പൂർണ്ണമായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കി. അവർ മക്കളെ ജനിപ്പിക്കുകയും ഭൂമിയിലെ മൃഗജാലങ്ങളുടെമേൽ ആധിപത്യം നടത്തുകയും മുഴു ഗോളത്തെയും ഉൾപ്പെടുത്തുന്നതുവരെ ക്രമേണ പരദീസയുടെ അതിരുകൾ വികസിപ്പിക്കുകയും ചെയ്യണമായിരുന്നു. (ഉല്പ. 1:28; 2:15) അനാവശ്യമായ വിശദാംശങ്ങളാൽ ദൈവം അവരെ ഭാരപ്പെടുത്തിയില്ല. തീരുമാനങ്ങൾ ചെയ്യുന്നതിന് അവർക്കു വേണ്ടത്ര പ്രവർത്തനരംഗം അനുവദിച്ചിരുന്നു. കൂടുതലായി എന്താണ് ഒരുവന് ചോദിക്കാൻ കഴിയുക?
3. തീരുമാനങ്ങൾ ചെയ്യുന്നതിനുളള ആദാമിന്റെ സ്വാതന്ത്ര്യത്തെ ജ്ഞാനപൂർവ്വം ഉപയോഗിക്കാൻ അവന് എങ്ങനെ സഹായിക്കപ്പെടാൻ കഴിയുമായിരുന്നു?
3 തീർച്ചയായും, തീരുമാനങ്ങൾ എടുക്കുന്നതിനുളള പദവി ആദാമിനു കൊടുക്കപ്പെട്ടപ്പോൾ, അവൻ എന്തു തീരുമാനമെടുത്താലും അതു സൽഫലങ്ങൾ ഉളവാക്കുമെന്ന് അതിന് അർത്ഥമില്ലായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതിനുളള അവന്റെ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തെ അർത്ഥമാക്കി. തന്റെ സ്വർഗ്ഗീയ പിതാവിനെ ശ്രദ്ധിക്കുന്നതിനാലും അവന്റെ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനാലും ആദാമിനു പഠിക്കാൻ കഴിയുമായിരുന്നു. അവൻ പഠിച്ചതു ബാധകമാക്കുന്നതിന് അവനെ പ്രാപ്തനാക്കുന്ന ബുദ്ധിശക്തി ദൈവം അവനു കൊടുത്തിരുന്നു. ആദാം “ദൈവത്തിന്റെ പ്രതിച്ഛായയിൽ” സൃഷ്ടിക്കപ്പെട്ടിരുന്നതുകൊണ്ട് തീരുമാനങ്ങൾ ചെയ്യുമ്പോൾ അവന്റെ സ്വാഭാവികപ്രവണത ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കാനായിരിക്കും. ദൈവം അവനുവേണ്ടി ചെയ്തിരുന്നതിനെ അവൻ യഥാർത്ഥമായി വിലമതിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുകയും ചെയ്തിരുന്നെങ്കിൽ അതു ചെയ്യാൻ അവൻ തീർച്ചയായും ശ്രദ്ധാലുവായിരിക്കുമായിരുന്നു.—ഉല്പ. 1:26, 27; യോഹ. 8:29 താരതമ്യപ്പെടുത്തുക.
4. (എ) ആദാമിനു കൊടുക്കപ്പെട്ട നിയന്ത്രണാത്മക കല്പന അവന്റെ സ്വാതന്ത്ര്യത്തെ കവർന്നുകളഞ്ഞുവോ? (ബി) അത് ഉചിതമായ ഒരു വ്യവസ്ഥ ആയിരുന്നതെന്തുകൊണ്ട്?
4 തന്റെ സ്രഷ്ടാവും ജീവദാതാവുമായവന്റെ മേലുളള മമനുഷ്യന്റെ ആശ്രയത്തിന്റെ ഒരു ഓർമ്മിപ്പിക്കലെന്ന നിലയിൽ, യഹോവ അവന്റെമേൽ ഈ കല്പന വെച്ചു: “തോട്ടത്തിലെ ഓരോ വൃക്ഷത്തിൽനിന്നും നിനക്ക് തൃപ്തിയാകുവോളം ഭക്ഷിക്കാം. എന്നാൽ നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചടത്തോളം നീ അതിൽനിന്ന് ഭക്ഷിക്കരുത്, എന്തുകൊണ്ടെന്നാൽ നീ അതിൽനിന്ന് ഭക്ഷിക്കുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.” (ഉല്പ. 2:16, 17) ആ നിയമം മമനുഷ്യന്റെ സ്വാതന്ത്ര്യം കവർന്നുകളഞ്ഞോ? തീർച്ചയായുമില്ല. അനുസരിക്കുന്നതിനോ അനുസരിക്കാതിരിക്കുന്നതിനോ ആദാമിനു സ്വാതന്ത്ര്യമുണ്ടായിരുന്നു. വിലക്ക് ഭാരം വരുത്തിക്കൂട്ടിയില്ല. ആ ഒരു വൃക്ഷത്തെ തൊടാതെതന്നെ അവന് ധാരാളം ഭക്ഷിക്കാനുണ്ടായിരുന്നു. എന്നിരുന്നാലും താൻ ജീവിക്കുന്ന ഭൂമി ദൈവത്തിന്റേതാണെന്നും, സ്രഷ്ടാവെന്നനിലയിൽ ദൈവം തന്റെ സൃഷ്ടിയുടെ നീതിയുക്തനായ ഭരണാധിപനാണെന്നും അവൻ തിരിച്ചറിയുന്നത് ഉചിതം മാത്രമായിരുന്നു.—സങ്കീ. 24:1, 10.
5. (എ) ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്ന മഹത്തായ സ്വാതന്ത്ര്യം അവർക്കു നഷ്ടപ്പെട്ടതെങ്ങനെ? (ബി) അതിന്റെ സ്ഥാനത്ത് എന്തു വന്നു? നാം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു?
5 എന്നാൽ എന്തു സംഭവിച്ചു? ഒരു ദൂതൻ സ്വാർത്ഥമോഹത്താൽ പ്രേരിതനായി ഒരു യഥാർത്ഥവഴികാട്ടിയായി ചമഞ്ഞുകൊണ്ട് ഹവ്വായെ വഞ്ചിക്കുകയും ദൈവേഷ്ടത്തിന് വിരുദ്ധമായതിന് അവൾക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. തന്റെ പിതാവിനെ അനുസരിക്കുന്നതിനു പകരം ആദാം ലംഘനത്തിൽ ഹവ്വായോടു ചേർന്നു. തങ്ങൾക്കുളളതല്ലാത്തതു പിടിച്ചുപററാൻ ശ്രമിച്ചതിനാൽ ആദാമും ഹവ്വായും തങ്ങൾക്കുണ്ടായിരുന്ന മഹത്തായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. പാപം അവരുടെ യജമാനനായിത്തീർന്നു. ദൈവം മുന്നറിയിപ്പുകൊടുത്തിരുന്നതുപോലെ മരണം സുനിശ്ചിതമായി അവരെ കാത്തിരുന്നു. തത്ഫലമായി അവരുടെ സന്തതികളിലേക്ക് ഏത് അവകാശം കൈമാറപ്പെട്ടു? പാപം. അത് ദുഷ്പ്രവൃത്തിക്കുളള ഒരു സഹജ പ്രവണതയിലും ഒരുവനെ രോഗത്തിനു വിധേയനാക്കുന്ന ദൗർബ്ബല്യങ്ങളിലും ക്രമേണ പിടിപെടുന്ന വാർദ്ധക്യത്താലുളള ക്ഷയിക്കലിലും പ്രത്യക്ഷമാകുന്നു. കൂടാതെ മരണവും. സാത്താന്യ സ്വാധീനത്താൽ കൂടുതൽ വഷളാക്കപ്പെട്ട, അവകാശപ്പെടുത്തിയ ദുഷ്പ്രവൃത്തിയിലേക്കുളള പ്രവണത ഉളവാക്കിയിരിക്കുന്ന സമുദായത്തിൽ ജീവിതം എല്ലാവർക്കും അപകടകരമായിത്തീർന്നിരിക്കുന്നു. ദൈവം ആരംഭത്തിൽ മനുഷ്യവർഗ്ഗത്തിനു കൊടുത്തിരുന്ന സ്വാതന്ത്ര്യത്തിൽനിന്ന് എന്തോരു വ്യത്യാസം!—റോമ. 5:12; ഇയ്യോ. 14:1; വെളി. 12:9.
സ്വാതന്ത്ര്യം കണ്ടെത്താവുന്നടം
6. (എ) യഥാർത്ഥസ്വാതന്ത്ര്യം എവിടെ കണ്ടെത്താൻ കഴിയും? (ബി) യേശു യോഹന്നാൻ 8:31, 32-ൽ ഏതുതരം സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്?
6 ഇന്നത്തെ അവസ്ഥകളുടെ കാഴ്ചപ്പാടിൽ ആളുകൾ തങ്ങൾക്കുളളതിനെക്കാൾ കൂടുതൽ സ്വാതന്ത്ര്യം കാംക്ഷിക്കുന്നത് ആശ്ചര്യമല്ല. എന്നാൽ യഥാർത്ഥ സ്വാതന്ത്ര്യം എവിടെ കണ്ടെത്താൻ കഴിയും? യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യൻമാരാകുന്നു, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:31, 32) ഈ സ്വാതന്ത്ര്യം മനുഷ്യർ ഒരു രാഷ്ട്രീയഭരണാധികാരിയെ അല്ലെങ്കിൽ ഭരണ സമ്പ്രദായത്തെ തളളി മറെറാന്നിനെ അനുകൂലിക്കുമ്പോൾ പ്രത്യാശിക്കുന്ന പരിമിതമായതരം സ്വാതന്ത്ര്യമല്ല. പകരം, അതു മാനുഷിക പ്രശ്നങ്ങളുടെ ഉൾക്കാമ്പിലേക്കുതന്നെ എത്തുന്നു. യേശു ചർച്ച ചെയ്തുകൊണ്ടിരുന്നത് പാപത്തിൽനിന്നുളള സ്വാതന്ത്ര്യമായിരുന്നു, പാപത്തിന്റെ അടിമത്തത്തിൽനിന്നുതന്നെയുളള സ്വാതന്ത്ര്യം. (യോഹന്നാൻ 8:24, 34-36 കാണുക.) അങ്ങനെ, ഒരു വ്യക്തി യേശുക്രിസ്തുവിന്റെ ഒരു യഥാർത്ഥ ശിഷ്യനായിത്തീരുമ്പോൾ അത് അയാളുടെ ജീവിതത്തിൽ ശ്രദ്ധേയമായ ഒരു മാററത്തിൽ, ഒരു വിമോചനത്തിൽ, കലാശിക്കുന്നു.
7. (എ) ആ സ്ഥിതിക്ക്, നമുക്കിപ്പോൾ പാപത്തിൽനിന്ന് ഏതർത്ഥത്തിൽ സ്വതന്ത്രരാകാൻ കഴിയും? (ബി) ആ സ്വാതന്ത്ര്യം ലഭിക്കാൻ നാം എന്തു ചെയ്യണം?
7 ഈ കാലത്ത് സത്യക്രിസ്ത്യാനികൾക്ക് പാപപൂർണ്ണമായ നടത്തയിലേക്കുളള സഹജപ്രവണതയുടെ ഫലങ്ങൾ മേലാൽ അനുഭവപ്പെടുന്നില്ലെന്ന് അതിനർത്ഥമില്ല. മറിച്ച്, അതു നിമിത്തം അവർക്ക് ഒരു പോരാട്ടമുണ്ട്. (റോമ. 7:21-25) എന്നാൽ ഒരു വ്യക്തി യേശുവിന്റെ പഠിപ്പിക്കലുകൾക്ക് ചേർച്ചയായി യഥാർത്ഥത്തിൽ ജീവിക്കുന്നുവെങ്കിൽ, അയാൾ മേലാൽ പാപത്തിന്റെ ഹീനനായ അടിമ ആയിരിക്കുകയില്ല. മേലാൽ പാപം അയാൾക്ക് താൻ അനുസരിക്കുന്ന ആജ്ഞകൾ പുറപ്പെടുവിക്കുന്ന ഒരു രാജാവിനെപ്പോലെയായിരിക്കുകയില്ല. അയാൾ മേലാൽ ഉദ്ദേശ്യരഹിതവും തന്നിൽ ഒരു അസ്വസ്ഥ മനഃസാക്ഷി അവശേഷിപ്പിക്കുന്നതുമായ ഒരു ജീവിതരീതിയിൽ കുരുങ്ങിപ്പോകുകയില്ല. ക്രിസ്തുവിന്റെ ബലിയിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞകാല പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അയാൾ ദൈവമുമ്പാകെ ഒരു നിർമ്മലമായ മനഃസാക്ഷി ആസ്വദിക്കും. പാപപൂർണ്ണമായ പ്രവണതകൾ പ്രാബല്യം കാട്ടാൻ ശ്രമിച്ചേക്കാം, എന്നാൽ ക്രിസ്തുവിന്റെ നിർമ്മലമായ ഉപദേശങ്ങൾ അനുസ്മരിക്കുക നിമിത്തം അവയനുസരിച്ചു പ്രവർത്തിക്കാൻ അയാൾ വിസമ്മതിക്കുമ്പോൾ പാപം തന്റെ യജമാനനല്ലെന്ന് അയാൾ പ്രകടമാക്കും.—റോമ. 6:12-17.
8. (എ) സത്യക്രിസ്ത്യാനിത്വം വേറെ ഏതു സ്വാതന്ത്ര്യം നമുക്കു നൽകുന്നു? (ബി) ഇതു ലൗകിക ഭരണാധികാരികളോടുളള നമ്മുടെ മനോഭാവത്തെ എങ്ങനെ ബാധിക്കണം?
8 ക്രിസ്ത്യാനികളെന്ന നിലയിൽ നാം വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. നാം വ്യാജോപദേശങ്ങളുടെ ഫലങ്ങളിൽ നിന്നും അന്ധവിശ്വാസത്തിന്റെ അടിമത്തത്തിൽനിന്നും പാപത്തിന്റെ ദാസ്യത്തിൽനിന്നും വിമുക്തരാക്കപ്പെട്ടിരിക്കുന്നു. മരിച്ചവരുടെ അവസ്ഥയെയും പുനരുത്ഥാനത്തെയും കുറിച്ചുളള മഹത്തായ സത്യങ്ങൾ, മനുഷ്യർ തങ്ങളുടെ മനഃസാക്ഷിയെ അടിച്ചമർത്താൻ ഇടയാക്കുന്ന ഘോരമരണത്തെ സംബന്ധിച്ച അന്യായമായ ഭയത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കിയിട്ടുണ്ട്. അപൂർണ്ണമാനുഷഗവൺമെൻറുകൾക്കു പകരം ദൈവത്തിന്റെ നീതിയുളള രാജ്യം വരുമെന്നുളള അറിവ് നമ്മെ നിരാശയിൽ നിന്ന് സ്വതന്ത്രരാക്കുന്നു. എന്നാൽ അങ്ങനെയുളള സ്വാതന്ത്ര്യം പെട്ടെന്ന് പഴയവ്യവസ്ഥിതി മാറിപ്പോകുമെന്നുളള ധാരണയിൽ നിയമത്തോട് അനാദരവോ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരോട് അവഗണനയോ കാട്ടുന്നതിനെ ന്യായീകരിക്കുന്നില്ല.—1 പത്രോ. 2:16, 17; തീത്തോ. 3:1, 2.
9. (എ) മനുഷ്യർക്ക് ഇപ്പോൾ സാദ്ധ്യമായ ഏററവും വലിയ അളവിലുളള സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന് യഹോവ നമ്മെ സ്നേഹപൂർവ്വം സഹായിക്കുന്നതെങ്ങനെ? (ബി) തീരുമാനങ്ങൾ ചെയ്യുമ്പോൾ ആദാം തന്റെ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തിയതിൽനിന്ന് ഉണ്ടായ ഫലം നാം വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
9 പരീക്ഷിച്ചും തെററുവരുത്തിയും ഏററവും നല്ല ജീവിതരീതി കണ്ടുപിടിക്കാൻ യഹോവ നമ്മെ വിടുന്നില്ല. നാം എങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നും നമുക്ക് യഥാർത്ഥസംതൃപ്തിയും വ്യക്തിപരമായ മാന്യതാബോധവും കൈവരുത്തുന്നതെന്തെന്നും നമുക്ക് ഏററം നിലനിൽക്കുന്ന പ്രയോജനം കൈവരുത്തുന്നതെന്തെന്നും അവന് അറിയാം. തന്റെ ഉദ്ദേശ്യം നിറവേററുന്നതിനുളള സ്വന്തം സമയപ്പട്ടികയും അവനറിയാം. തന്നിമിത്തം നാം ഏററവും പ്രയോജനകരമായ ഏതു പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതാണെന്ന് അവന് അറിയാം. അതുപോലെതന്നെ ഒരു വ്യക്തിയെ അധഃപതിപ്പിക്കാനോ മററുളളവരുമായുളള അയാളുടെ ബന്ധങ്ങളെ നശിപ്പിക്കാനോ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളിൽനിന്ന് അയാളെ മാററിനിർത്താൻപോലുമോ കഴിയുന്ന ചിന്തകളെ അല്ലെങ്കിൽ നടത്തയെക്കുറിച്ചും അവന് അറിവുണ്ട്. അവൻ സ്നേഹപൂർവ്വം ഈ കാര്യങ്ങളെക്കുറിച്ച് ബൈബിളിലൂടെയും അവന്റെ ദൃശ്യസ്ഥാപനം മുഖാന്തരവും നമ്മെ അറിയിക്കുന്നു. (ഗലാ. 5:19-23; മർക്കോ. 13:10; 1 തിമൊ. 1:12, 13 താരതമ്യപ്പെടുത്തുക.) അപ്പോൾ, നമ്മുടെ ദൈവദത്തമായ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് നാം എങ്ങനെ പ്രതിവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. ആരംഭത്തിൽ മനുഷ്യവർഗ്ഗത്തിനു കൊടുക്കപ്പെട്ട സ്വാതന്ത്ര്യം ആദാം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചു ബൈബിൾ നമ്മോടു പറയുന്നതു നാം കാര്യമായി എടുത്തിട്ടുണ്ടെങ്കിൽ നാം ജ്ഞാനപൂർവ്വം ആ തീരുമാനങ്ങൾ ചെയ്യും. യഹോവയോടുളള ഒരു നല്ല ബന്ധമാണ് ജീവിതത്തിലെ നമ്മുടെ മുഖ്യതാത്പര്യമെന്ന് നാം പ്രകടമാക്കും.
മറെറാരു തരം സ്വാതന്ത്ര്യം വാഞ്ഛിക്കൽ
10. ക്രിസ്ത്യാനികളെന്നവകാശപ്പെടുന്ന ചിലർ ഏതു തരം സ്വാതന്ത്ര്യം നേടാൻ ശ്രമിച്ചിരിക്കുന്നു?
10 ചില സമയങ്ങളിൽ യഹോവയുടെ സാക്ഷികളായി വളർത്തപ്പെട്ട ചില ചെറുപ്പക്കാരും അത്ര ചെറുപ്പമല്ലാത്ത മററു ചിലരും മറെറാരുതരം സ്വാതന്ത്ര്യം വേണമെന്നു വിചാരിക്കുന്നു. ലോകം വളരെ മോഹനമായി കാണപ്പെട്ടേക്കാം, അവർ അതിനെക്കുറിച്ച് എത്ര കൂടുതലായി ചിന്തിക്കുന്നുവോ അത്രയധികമായി ലോകജനങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനുളള അവരുടെ ആഗ്രഹം ശക്തമായിത്തീരുന്നു. മയക്കുമരുന്നുകൾ കഴിച്ച് ‘പൂസാകാനോ’ വളരെയധികം കുടിക്കാനോ ദുർവൃത്തിയിലേർപ്പെടാനോ അവർ ആസൂത്രണം ചെയ്യുകയില്ലായിരിക്കാം. എന്നാൽ അവർ സ്കൂളിനുശേഷമോ ജോലികഴിഞ്ഞോ ലൗകിക കൂട്ടുകാരുമായി സമയം ചെലവഴിക്കാൻ തുടങ്ങുന്നു. തീർച്ചയായും അവർ തങ്ങളുടെ പുതിയ കൂട്ടുകാരാൽ അംഗീകരിക്കപ്പെടാനാഗ്രഹിക്കുന്നു, തന്നിമിത്തം അവർ അവരുടെ സംസാരത്തെയും നടത്തയെയും അനുകരിച്ചു തുടങ്ങുന്നു.—3 യോഹന്നാൻ 11.
11. ഇതു ചെയ്യുന്നതിനുളള വശീകരണം ചിലപ്പോൾ എവിടെനിന്നാണു വരുന്നത്?
11 ചിലപ്പോൾ ലൗകിക നടത്തയിൽ ഏർപ്പെടാനുളള വശീകരണം യഹോവയെ സേവിക്കുന്നതായി അവകാശപ്പെടുന്ന മറെറാരാളിൽനിന്നാണു വരുന്നത്. ഏദനിൽ സാത്താൻ ഹവ്വായെ വഞ്ചിച്ചപ്പോഴും, പിന്നീട് ഹവ്വാ തന്നോടു ചേരാൻ ആദാമിനെ പ്രോത്സാഹിപ്പിച്ചപ്പോഴും സംഭവിച്ചതതാണ്. ആദിമ ക്രിസ്ത്യാനികളുടെ ഇടയിലും അതു സത്യമായിരുന്നു, നമ്മുടെ നാളിലും അതുതന്നെ സംഭവിക്കുന്നു. അങ്ങനെയുളളവർ മിക്കപ്പോഴും ഹരം പ്രിയപ്പെടുന്നു, അത്യധികമായ ഉല്ലാസം കൈവരുത്തുന്ന കാര്യങ്ങൾ വാഞ്ഛിക്കുകയും ചെയ്യുന്നു. “കുറെ രസിക്കാൻ” അവർ മററുളളവരെ പ്രോത്സാഹിപ്പിക്കുന്നു. ‘തങ്ങൾതന്നെ ദുഷിപ്പിന്റെ അടിമകളായിരിക്കെ, അവർ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു.’—2 പത്രോ. 2:18, 19.
12. (എ) ലൗകികനടത്തയുടെ സങ്കടഫലങ്ങൾ ഏവ? (ബി) ഉൾപ്പെട്ടിരിക്കുന്നവർക്ക് പരിണതഫലങ്ങൾ അറിയാമെങ്കിൽ, അവർ അത്തരം കാര്യങ്ങൾ ചെയ്യുന്നതിന് നിർബ്ബന്ധം പിടിക്കുന്നതെന്തുകൊണ്ട്?
12 ഫലം ഉല്ലാസകരമല്ല. അവിഹിത ലൈംഗിക വികാര വിക്ഷുബ്ധതയിൽ കലാശിക്കുന്നു. അത് രോഗത്തിലേക്കും ആവശ്യമില്ലാത്ത ഗർഭധാരണത്തിലേക്കും ഒരുപക്ഷേ വിവാഹത്തകർച്ചയിലേക്കും നയിച്ചേക്കാം. (സദൃശ. 6:32-35; 1 കൊരി. 6:18; 1 തെസ്സ. 4:3-8) മയക്കുമരുന്നിന്റെ ദുരുപയോഗത്തിന് പ്രകോപനവും കുഴഞ്ഞ സംസാരവും മങ്ങിയ കാഴ്ചയും തലചുററലും ശ്വാസോച്ഛ്വാസ തടസ്സവും മിഥ്യാദർശനങ്ങളും മരണവും ഉളവാക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 23:29-35 താരതമ്യപ്പെടുത്തുക.) അതിന് ആസക്തിയിൽ കലാശിക്കാൻ കഴിയും, ആസക്തി ആ ശീലത്തെ നിലനിർത്താൻ കുററകൃത്യം ചെയ്യുന്നതിലേക്കു നയിച്ചേക്കാം. അത്തരം നടത്തയിൽ ഉൾപ്പെടുന്നവർക്ക് സാധാരണയായി പരിണതഫലം എന്തായിരിക്കാമെന്ന് അറിയാം. എന്നാൽ ഹരത്തിനും ഇന്ദ്രിയസുഖത്തിനും വേണ്ടിയുളള അവരുടെ അഭിവാഞ്ഛ പരിണതഫലങ്ങൾ സംബന്ധിച്ച് അവർ മനസ്സടച്ചുകളയാനിടയാക്കുന്നു. അത് സ്വാതന്ത്ര്യമാണെന്ന് അവർ തങ്ങളോടുതന്നെ പറയുന്നു, എന്നാൽ തങ്ങൾ പാപത്തിന്റെ അടിമകളാണെന്ന് അവർ തീരെ വൈകി മനസ്സിലാക്കുന്നു. പാപം എന്തോരു ക്രൂരനായ യജമാനനാണ്! ഈ സംഗതി സംബന്ധിച്ച് ഇപ്പോൾ ചിന്തിക്കുന്നുവെങ്കിൽ അതിന് അത്തരമൊരു അനുഭവത്തിനെതിരെ നമ്മെ കാത്തുസൂക്ഷിക്കുന്നതിന് സഹായിക്കാൻ കഴിയും.—ഗലാ. 6:7, 8.
പ്രശ്നങ്ങൾ തുടങ്ങുന്നടം
13. (എ) ഈ പ്രശ്നങ്ങളിലേക്കു നയിക്കുന്ന മോഹങ്ങൾ മിക്കപ്പോഴും എങ്ങനെ ഉത്തേജിതമാകുന്നു? (ബി) “ചീത്ത സഹവാസങ്ങൾ” എന്തെന്നു മനസ്സിലാക്കുന്നതിന് നമുക്ക് ആരുടെ വീക്ഷണഗതി ആവശ്യമാണ്? (സി) ഖണ്ഡികയുടെ ഒടുവിലത്തെ ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം പറയുമ്പോൾ യഹോവയുടെ വീക്ഷണങ്ങൾക്ക് ഊന്നൽ കൊടുക്കുക. ഒരു സമയത്ത് ഒരു ചോദ്യത്തിനുമാത്രം ഉത്തരം പറയുക.
13 ആ പ്രശ്നങ്ങൾ മിക്കപ്പോഴും എവിടെയാണു തുടങ്ങുന്നതെന്ന് നിന്നു ചിന്തിക്കുക. ബൈബിൾ വിശദീകരിക്കുന്നു: “ഓരോരുത്തനും സ്വന്തം മോഹത്താൽ ആകർഷിക്കപ്പെട്ടും വശീകരിക്കപ്പെട്ടും പരീക്ഷിക്കപ്പെടുന്നു. അനന്തരം മോഹം പുഷ്ടിപ്പെട്ട് പാപത്തിനു ജൻമമേകുന്നു; ക്രമത്തിൽ പാപം പൂർത്തിയായി മരണത്തെ പ്രസവിക്കുന്നു.” (യാക്കോ. 1:14, 15) എന്നാൽ ആ മോഹങ്ങൾ എങ്ങനെയാണ് ഉത്തേജിതമാകുന്നത്? മനസ്സിൽ പ്രവേശിക്കുന്ന കാര്യങ്ങളാൽ; മിക്കപ്പോഴും ഇത് ബൈബിൾ തത്വങ്ങൾ ബാധകമാക്കാത്ത ആളുകളുമായുളള സഹവാസത്തിന്റെ ഫലമായിട്ടാണ്. തീർച്ചയായും, നാം “ചീത്ത സഹവാസങ്ങൾ” ഒഴിവാക്കേണ്ടതാണെന്ന് നമുക്കെല്ലാമറിയാം. എന്നാൽ പ്രശ്നമിതാണ്, ഏതു സഹവാസങ്ങളാണ് ചീത്ത? യഹോവ എങ്ങനെ സംഗതി വീക്ഷിക്കുന്നു? ചുവടെ ചേർക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും സംബന്ധിച്ച് ന്യായവാദം ചെയ്യുന്നത് ശരിയായ നിഗമനങ്ങളിലെത്തുന്നതിന് നമ്മെ സഹായിക്കേണ്ടതാണ്.
ചിലർ ബഹുമാന്യരായ ആളുകളാണെന്നു തോന്നുന്നുവെന്ന വസ്തുത അവർ നല്ല കൂട്ടുകാരായിരിക്കുമെന്ന് അർത്ഥമാക്കുന്നുണ്ടോ? (ഉല്പത്തി 34:1, 2, 18, 19 താരതമ്യപ്പെടുത്തുക.)
അവരുടെ സംഭാഷണത്തിന്, ഒരുപക്ഷേ, അവരുടെ തമാശകൾക്ക്, നാം അവരുമായി അടുത്ത സഹവാസം പുലർത്തേണ്ടതാണെന്ന് സൂചിപ്പിക്കാൻ കഴിയുമോ? (എഫേ. 5:3, 4)
ദൈവോദ്ദേശ്യം സംബന്ധിച്ച് നാം വിശ്വസിക്കുന്ന അതേ കാര്യങ്ങൾ അവർ വിശ്വസിക്കുന്നില്ലെങ്കിൽ നാം ഉൽക്കണ്ഠാകുലരാകുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? (1 കൊരിന്ത്യർ 15:12, 32, 33 താരതമ്യപ്പെടുത്തുക.)
യഹോവയെ സ്നേഹിക്കാത്ത ആളുകളുമായുളള സഹവാസം നാം തെരഞ്ഞെടുത്താൽ യഹോവ എങ്ങനെ വിചാരിക്കും? (2 ദിനവൃത്താന്തങ്ങൾ 19:1, 2 താരതമ്യപ്പെടുത്തുക.)
നാം അവിശ്വാസികളോടൊത്തു ജോലി ചെയ്യുകയോ അവരോടൊത്തു സ്കൂളിൽ പോകുകയോ ചെയ്യുന്നുവെങ്കിലും നാം അവരെ നമ്മുടെ കൂട്ടുകാരായി തെരഞ്ഞെടുക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? (1 പത്രോ. 4:3, 4)
സദൃശ. 3:31; യെശ. 8:19; എഫേ. 4:17-19)
ടെലിവിഷൻ കാണുന്നതും പുസ്തകങ്ങളും മാസികകളും വർത്തമാനപ്പത്രങ്ങളും വായിക്കുന്നതും മററുളളവരുമായി സഹവസിക്കുന്ന മാർഗ്ഗങ്ങളാണ്. ഈ നാളുകളിൽ ഈ ഉറവുകളിൽ നിന്നുളള ഏതുതരം വിവരങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ട പ്രത്യേക ആവശ്യമുണ്ട്? (നമ്മുടെ കൂട്ടുകാരുടെ തെരഞ്ഞെടുപ്പ് നാം ഏതുതരം ആളുകളാണെന്ന് യഹോവയോടു പറയുന്നു? (സങ്കീ. 26:1, 4, 5; 97:10)
14. ഇപ്പോൾ വിശ്വസ്തതയോടെ ദൈവവചനത്തിലെ ബുദ്ധിയുപദേശം ബാധകമാക്കുന്നവർക്ക് ഏതു മഹത്തായ സ്വാതന്ത്ര്യം ഭാവിയിൽ സ്ഥിതിചെയ്യുന്നു?
14 ദൈവത്തിന്റെ നൂതനക്രമം നമ്മുടെ തൊട്ടുമുമ്പാകെയാണു സ്ഥിതിചെയ്യുന്നത്. അവന്റെ രാജ്യം മുഖാന്തരം മനുഷ്യവർഗ്ഗം സാത്താന്റെയും അവന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയുടെയും അടിമപ്പെടുത്തുന്ന സ്വാധീനത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടും. ക്രമേണ പാപത്തിന്റെ സകല ഫലങ്ങളും മനുഷ്യവർഗ്ഗത്തിൽനിന്ന് നീക്കപ്പെടും. പരദീസയിലെ നിത്യജീവിതം അവരുടെ മുമ്പാകെ സ്ഥിതിചെയ്യും. “യഹോവയുടെ ആത്മാവി”നോട് പൂർണ്ണചേർച്ചയിലുളള സ്വാതന്ത്ര്യം ഒടുവിൽ സകല സൃഷ്ടികളും ആസ്വദിക്കുന്നതായിരിക്കും. (2 കൊരി. 3:17) ഇപ്പോൾ ദൈവവചനത്തിലെ ബുദ്ധിയുപദേശത്തെ നിസ്സാരമായി കരുതുകനിമിത്തം അതെല്ലാം നഷ്ടപ്പെടുത്തുന്നതിന്റെ അപകടം വരുത്തിക്കൂട്ടുന്നത് ബുദ്ധിയായിരിക്കുമോ? നാം ഇന്ന് നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യം പ്രയോഗിക്കുന്ന വിധത്താൽ, നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യ”മാണെന്ന് നമുക്കെല്ലാം വ്യക്തമായി പ്രകടമാക്കാം.—റോമ. 8:21.
പുനരവലോകന ചർച്ച
● ആദ്യമാനുഷജോടി ഏതുതരം സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു? ഇന്ന് മനുഷ്യവർഗ്ഗത്തിന് അനുഭവപ്പെടുന്നത് അതിനോട് എങ്ങനെ ഒക്കുന്നു?
● ലോകത്തിൽനിന്ന് വ്യത്യസ്തമായി സത്യക്രിസ്ത്യാനികൾക്ക് എന്തു സ്വാതന്ത്ര്യമുണ്ട്? ഇത് സാദ്ധ്യമായിരിക്കുന്നതെങ്ങനെ?
● ലോകത്തിനുളള തരം സ്വാതന്ത്ര്യം തേടുന്നവർ എന്തു വിലകൊടുക്കുന്നു?
● “ചീത്ത സഹവാസങ്ങൾ” ഒഴിവാക്കുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? ആദാമിൽനിന്ന് വ്യത്യസ്തമായി, ചീത്ത എന്തെന്നുളളതു സംബന്ധിച്ച് ആരുടെ തീരുമാനങ്ങൾ നാം സ്വീകരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]