യഹോവയുടെ ഉദ്ദേശ്യം മഹത്തായ വിജയത്തിലെത്തുന്നു
അധ്യായം 24
യഹോവയുടെ ഉദ്ദേശ്യം മഹത്തായ വിജയത്തിലെത്തുന്നു
1, 2. (എ) തന്റെ ബുദ്ധിശക്തിയുളള സൃഷ്ടികളെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്താണ്? (ബി) ദൈവത്തിന്റെ ആരാധകരുടെ ഏകീകൃത കുടുംബത്തിൽ ആർ ഉൾപ്പെടുത്തപ്പെട്ടു? (സി) ഇതു സംബന്ധിച്ച് ഏതു വ്യക്തിപരമായ ചോദ്യം പരിചിന്തനം അർഹിക്കുന്നു?
1 ബുദ്ധിശക്തിയുളള സകല സൃഷ്ടിയും സത്യാരാധനയിൽ ഏകീകൃതരായി അവരെല്ലാം ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കുക—അതാണ് ജ്ഞാനപൂർവ്വകവും സ്നേഹപൂർവ്വകവുമായ യഹോവയുടെ ഉദ്ദേശ്യം. അതാണ് സകല നീതിപ്രേമികളും ആത്മാർത്ഥമായി ആഗ്രഹിക്കുന്നതും.
2 യഹോവ തന്റെ സൃഷ്ടിക്രിയകൾക്കു തുടക്കമിട്ടപ്പോൾ ഈ മഹത്തായ ഉദ്ദേശ്യം നിവർത്തിച്ചു തുടങ്ങി. അവന്റെ ആദ്യ സൃഷ്ടി ഒരു പുത്രനായിരുന്നു, “തന്റെ തേജസ്സിന്റെ പ്രതിഫലനവും തന്റെ അസ്തിത്വത്തിന്റെ കൃത്യമായ പ്രതിനിധാനവും” എന്നു തെളിഞ്ഞവൻതന്നെ. (എബ്രാ. 1:1-3) ഇവൻ അനുപമനായിരുന്നു, ദൈവം തനിച്ചു സൃഷ്ടിച്ചവൻ. അവൻ മുഖാന്തരമാണ് മററു പുത്രൻമാർ ആസ്തിക്യത്തിലേക്കു വരുത്തപ്പെട്ടത്—ആദ്യം സ്വർഗ്ഗത്തിലെ ദൂതൻമാരും പിന്നീട് ഭൂമിയിലെ മനുഷ്യനും. (ഇയ്യോ. 38:7; ലൂക്കോ. 3:38) ഈ പുത്രൻമാരെല്ലാം ചേർന്ന് ഒരു സാർവ്വത്രിക കുടുംബം ഉളവായി. അവർക്കെല്ലാം യഹോവ ദൈവമായിരുന്നു, ആരാധിക്കപ്പെടേണ്ട ഏകൻ. അവൻ സാർവ്വത്രിക പരമാധികാരിയായിരുന്നു. അവൻ അവരുടെ സ്നേഹനിധിയായ പിതാവുമായിരുന്നു. അതുപോലെ അവൻ നിങ്ങളുടെയും പിതാവാണോ? നിങ്ങൾ അവന്റെ മക്കളിൽ പെട്ട ഒരാളാണോ? അത് എത്ര വിലയേറിയ ഒരു ബന്ധമായിരിക്കാൻ കഴിയും!
3. (എ) നമ്മിലാരും ജനനത്തിങ്കൽ ദൈവപുത്രൻമാരല്ലാഞ്ഞതെന്തുകൊണ്ട്? (ബി) എന്നാൽ യഹോവ ആദാമിന്റെ സന്തതികൾക്കുവേണ്ടി ഏതു സ്നേഹപൂർവ്വകമായ കരുതൽ ചെയ്തു?
3 എന്നിരുന്നാലും, നമ്മുടെ ആദ്യമാതാപിതാക്കൾ മനഃപൂർവ്വ പാപികളെന്ന നിലയിൽ മരണശിക്ഷക്കു വിധിക്കപ്പെട്ടപ്പോൾ അവർ ഏദനിൽനിന്ന് പുറത്താക്കപ്പെടുകയും ദൈവത്താൽ ത്യജിക്കപ്പെടുകയും ചെയ്തുവെന്ന വസ്തുതയെ നാം അഭിമുഖീകരിക്കേണ്ടതാണ്. അവർ യഹോവയുടെ സാർവ്വത്രിക കുടുംബത്തിന്റെ ഭാഗമല്ലാതായി. (ഉല്പ. 3:22-24; ആവർത്തനം 32:4, 5 താരതമ്യപ്പെടുത്തുക.) നാം പാപിയായ ആദാമിന്റെ സന്തതികളാകയാൽ, നമ്മളെല്ലാം പാപ പ്രവണതകളോടെയാണു ജനിച്ചിരിക്കുന്നത്. നമ്മൾ ദൈവ കുടുംബത്തിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ട മാതാപിതാക്കളുടെ സന്താനങ്ങളായതുകൊണ്ട് മനുഷ്യജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നമുക്ക് ദൈവപുത്രൻമാരാണെന്നവകാശപ്പെടാൻ കഴികയില്ല. എന്നാൽ ആദാമിന്റെ സന്തതികളിൽനിന്ന് ചിലർ നീതിയെ സ്നേഹിക്കുമെന്ന് യഹോവക്ക് അറിയാമായിരുന്നു. അവൻ സ്നേഹപൂർവ്വം അവർക്കു ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കാനുളള ഏർപ്പാടു ചെയ്തു.—റോമ. 8:20, 21.
യിസ്രായേലിന്റെ അനുഗൃഹീത പദവി
4. (എ) യിസ്രായേല്യർ ഏതടിസ്ഥാനത്തിൽ ദൈവത്തിന്റെ “പുത്രൻമാർ” ആയിരുന്നു? (ബി) ഇതിന് എന്തർത്ഥമില്ലായിരുന്നു?
4 ആദാമിന്റെ സൃഷ്ടിക്കുശേഷം ഏതാണ്ട് 2,500 വർഷം കഴിഞ്ഞ് യഹോവ തന്റെ പുത്രൻമാരെന്ന നിലയിൽ തന്നോട് ഒരു ബന്ധമുണ്ടായിരിക്കുന്നതിനുളള പദവി വീണ്ടും ചില മനുഷ്യർക്ക് നീട്ടിക്കൊടുത്തു. അബ്രാഹാമിനോടുളള തന്റെ ഉടമ്പടിക്കനുയോജ്യമായി യഹോവ യിസ്രായേലിനെ തന്റെ ജനമായിരിക്കാൻ തെരഞ്ഞെടുത്തു. അങ്ങനെ, ഈജിപ്ററിലെ ഫറവോനോട് അവൻ യിസ്രായേലിനെ സംബന്ധിച്ച് “എന്റെ പുത്രൻ” എന്നു പറഞ്ഞു. (പുറ. 4:22, 23; ഉല്പ. 12:1, 2) പിന്നീട് അവൻ സീനായി മലയിങ്കൽ വച്ച് യിസ്രായേലിനു തന്റെ ന്യായപ്രമാണം കൊടുക്കുകയും ആ ജനത്തെ ഒരു ജനതയാക്കിത്തീർക്കുകയും തന്റെ ഉദ്ദേശ്യത്തോടുളള ബന്ധത്തിൽ അവരെ ഉപയോഗിക്കുകയും ചെയ്തു. അവർ യഹോവയുടെ “പ്രത്യേക സ്വത്ത്” ആയിരുന്നതുകൊണ്ട്, ഒരു ദേശീയ നിലപാടിൽ, അവർ ദൈവത്തിന്റെ “പുത്രൻമാർ” എന്നു പറയപ്പെട്ടു. (ആവ. 14:1, 2; യെശ. 43:1) കൂടാതെ, ആ ജനതക്കുളളിലെ ചില വ്യക്തികളോടുളള തന്റെ പ്രത്യേക ഇടപെടലുകൾ നിമിത്തം യഹോവ പുത്രൻമാരെന്ന നിലയിൽ അവരെ പരാമർശിച്ചു. (1 ദിനവൃ. 22:9, 10) ഈ നില ദൈവവുമായുളള ഉടമ്പടി ബന്ധത്തിൽ അധിഷ്ഠിതമായിരുന്നു. എന്നിരുന്നാലും, ഒരു ദൈവപുത്രനെന്ന നിലയിൽ ആദാമിനുണ്ടായിരുന്ന മഹത്തായ സ്വാതന്ത്ര്യം അവർ ആസ്വദിച്ചുവെന്ന് ഇതിനർത്ഥമില്ല. അവർ അപ്പോഴും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലായിരുന്നു.
5. യിസ്രായേലിന് ദൈവത്തിങ്കലെ അതിന്റെ പ്രത്യേക നില നഷ്ടപ്പെട്ടതെങ്ങനെ?
5 എന്നിരുന്നാലും, പുത്രൻമാരെന്ന നിലയിൽ അവർക്ക് ദൈവമുമ്പാകെ ഒരു അനുഗൃഹീത നിലയുണ്ടായിരുന്നു. അവർക്ക് തങ്ങളുടെ പിതാവിനെ ആദരിക്കാനും അവന്റെ ഉദ്ദേശ്യത്തിനനുയോജ്യമായി പ്രവർത്തിക്കാനുമുളള ഉത്തരവാദിത്തമുണ്ടായിരുന്നു. അവർ ആ കടപ്പാടു നിറവേററുന്നതിന്റെ പ്രാധാന്യം യേശു ഊന്നിപ്പറഞ്ഞു—ദൈവത്തെ തങ്ങളുടെ പിതാവായി അവകാശപ്പെടുന്നതിന്റെ മാത്രമല്ല, അവന്റെ പുത്രൻമാരെന്ന് ‘തങ്ങളേത്തന്നെ തെളിയിക്കുന്നതിന്റെയും.’ (മത്താ. 5:43-48; മലാ. 1:6) എന്നിരുന്നാലും, ഒരു ജനതയെന്ന നിലയിൽ യഹൂദൻമാർ ഇതിൽ പരാജയപ്പെട്ടു. തന്നിമിത്തം, യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ അന്തിമ വർഷത്തിൽ, യേശുവിനെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്ന യഹൂദൻമാർ “ഞങ്ങൾക്ക് ഒരു പിതാവാണുളളത്, ദൈവം” എന്നു പ്രഖ്യാപിച്ചപ്പോൾ, അവരുടെ പ്രവർത്തനങ്ങളും അവർ പ്രകടമാക്കിയ ആത്മാവും അങ്ങനെയുളള അവകാശവാദം വ്യാജമാണെന്നു തെളിയിച്ചതായി യേശു ദൃഢമായി ചൂണ്ടിക്കാട്ടി. (യോഹ. 8:41, 44, 47) പൊ. യു. 33-ൽ ന്യായപ്രമാണ ഉടമ്പടി ദൈവത്താൽ നിർത്തലാക്കപ്പെട്ടു, യിസ്രായേൽ ആസ്വദിച്ചിരുന്ന പ്രത്യേകബന്ധത്തിന്റെ അടിസ്ഥാനം അവസാനിച്ചു. എന്നിട്ടും, മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ താൻ പുത്രൻമാരായി സ്വീകരിച്ചവർ യഹോവക്ക് ഇല്ലാതെപോയില്ല.
യഹോവ തന്റെ ജനത്തെ ഏകീഭവിപ്പിക്കുന്നു
6. പൗലോസ് എഫേസ്യർ 1:9, 10-ൽ ഏത് “ഭരണനിർവ്വഹണ”ത്തെ വർണ്ണിച്ചു, അതിന്റെ ലക്ഷ്യമെന്താണ്?
6 അപ്പോസ്തലനായ പൗലോസ് യഹോവയുടെ ജനത്തെ ഏകീഭവിപ്പിക്കുന്നതിനുളള അവന്റെ പരിപാടിയെക്കുറിച്ച്—വിശ്വാസം പ്രകടമാക്കുന്നവർക്ക് അവന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളായിത്തീരാൻ കഴിയുന്ന ദൈവത്തിന്റെ ക്രമീകരണത്തെക്കുറിച്ച്—എഫേസൂസിലെ ക്രിസ്ത്യാനികൾക്കെഴുതി: “[ദൈവം] തന്റെ ഇഷ്ടത്തിന്റെ പാവന രഹസ്യം നമ്മെ അറിയിച്ചു. അത് നിയമിത കാലങ്ങളുടെ സമ്പൂർത്തിയിങ്കലെ ഒരു ഭരണ നിർവ്വഹണത്തിനുവേണ്ടി [ഗൃഹഭരണം] അവൻ തന്നിൽത്തന്നെ ഉദ്ദേശിച്ച തന്റെ നല്ല ഹിതപ്രകാരമാണ്, അതായത് സകല അസ്തിത്വങ്ങളെയും, സ്വർഗ്ഗങ്ങളിലെ അസ്തിത്വങ്ങളെയും ഭൂമിയിലെ അസ്തിത്വങ്ങളെയും, വീണ്ടും ക്രിസ്തുവിൽ കൂട്ടിച്ചേർക്കുന്നതിനുതന്നെ.” (എഫേ. 1:9, 10) ഈ “ഭരണനിർവ്വഹണം” യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചാണ്. അവൻ മുഖാന്തരം, മനുഷ്യർ ദൈവമുമ്പാകെ ഒരു അംഗീകൃതാവസ്ഥയിലേക്കു വരുത്തപ്പെടുന്നു—യഹോവയോടു വിശ്വസ്തരെന്നു തെളിയിച്ചിട്ടുളള ദൈവത്തിന്റെ ദൂതപുത്രൻമാരോടുളള ഐക്യത്തിൽ സേവിക്കുന്നതിന് ചിലർക്കു സ്വർഗ്ഗത്തിലായിരിക്കുന്നതിനുളള പ്രത്യാശ ലഭിക്കുന്നു, മററു ചിലർക്കു ഭൂമിയിൽ.
7. “സ്വർഗ്ഗങ്ങളിലെ അസ്തിത്വങ്ങൾ” എന്താണ്, കൂട്ടിച്ചേർക്കപ്പെടുന്നത് അവരെ സംബന്ധിച്ച് എന്തർത്ഥമാക്കുന്നു?
7 ആദ്യമായി, പൊ. യു. 33-ലെ പെന്തെക്കോസ്തിൽ തുടങ്ങി “സ്വർഗ്ഗങ്ങളിലെ അസ്തിത്വങ്ങൾ”ക്ക്, അതായത് സ്വർഗ്ഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളായിരിക്കാനുളളവർക്ക്, ശ്രദ്ധ കൊടുക്കപ്പെട്ടു. യേശുവിന്റെ ബലിയുടെ മൂല്യത്തിലുളള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർ ദൈവത്താൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടു. (റോമ. 5:1, 2) അനന്തരം അവർ “വീണ്ടും ജനിച്ചു,” അഥവാ സ്വർഗ്ഗീയ ജീവന്റെ പ്രതീക്ഷയോടെ ദൈവപുത്രൻമാരായി ജനിപ്പിക്കപ്പെട്ടു. (യോഹ. 3:3; 1:12, 13) ഒരു ആത്മീയ ജനതയെന്ന നിലയിൽ ഇവരുമായി ദൈവം പുതിയ ഉടമ്പടി ചെയ്തു. കാലക്രമത്തിൽ, യഹൂദൻമാരും വിജാതീയരും ഉൾപ്പെടുത്തപ്പെടേണ്ടിയിരുന്നു, അവർ മൊത്തം 1,44,000 പേരായിരിക്കും.—ഗലാ. 3:26-29; വെളി. 14:1.
8. രാജ്യാവകാശികൾക്ക് പിതാവിനോടുളള ബന്ധത്തെ മോശൈകന്യായപ്രമാണത്തിൻകീഴിലെ യഹൂദൻമാർക്കുണ്ടായിരുന്ന ബന്ധത്തോട് എങ്ങനെ താരതമ്യപ്പെടുത്താം?
8 ജഡത്തിൽ ഇപ്പോഴും അപൂർണ്ണരെങ്കിലും, സ്വർഗ്ഗീയ രാജ്യത്തിന്റെ അങ്ങനെയുളള അവകാശികളുടെ ശേഷിപ്പ് പിതാവിനോട് വിലയേറിയ ഒരു അടുത്തബന്ധം ആസ്വദിക്കുന്നു. ഇതു സംബന്ധിച്ച് പൗലോസ് എഴുതി: “ഇപ്പോൾ നിങ്ങൾ പുത്രൻമാരായതുകൊണ്ട് ദൈവം തന്റെ പുത്രന്റെ ആത്മാവിനെ നിങ്ങളുടെ ഹൃദയങ്ങളിലേക്കയച്ചിരിക്കുന്നു, അത് ‘അബ്ബാ, പിതാവേ!’ എന്നു വിളിക്കുന്നു. ആ സ്ഥിതിക്ക്, നിങ്ങൾ മേലാൽ ഒരു അടിമയല്ല, പിന്നെയോ ഒരു പുത്രനാണ്; ഒരു പുത്രനെങ്കിൽ, ദൈവത്തിലൂടെ ഒരു അവകാശിയും തന്നെ.” (ഗലാ. 4:6, 7) “അബ്ബാ” എന്ന അരാമ്യ പദപ്രയോഗത്തിന്റെ അർത്ഥം “പിതാവ്” എന്നാണ്, എന്നാൽ അത് പ്രീതിജനകമായ ഒരു സംബോധനാ രൂപമാണ്—ഒരു കൊച്ചു കുട്ടി പിതാവിനെ ഉദ്ദേശിച്ച് ഉപയോഗിക്കുന്നത്. യേശുവിന്റെ ബലിയുടെ ശ്രേഷ്ഠതയും ദൈവത്തിന്റെ സ്വന്തം അനർഹദയയും നിമിത്തം ഈ ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ന്യായപ്രമാണത്തിൻ കീഴിൽ അപൂർണ്ണമനുഷ്യർക്കു സാദ്ധ്യമായിരുന്ന ഏതിനെക്കാളും അടുത്ത ഒരു ബന്ധമാണ് പിതാവിനോടു പുലർത്തുന്നത്. എന്നിരുന്നാലും, അവർക്ക് ഭാവിയിൽ സ്ഥിതിചെയ്യുന്നത് അതിലും വിശിഷ്ടതരമാണ്.
9. അവരുടെ പുത്രത്വത്തിന്റെ പൂർണ്ണസാക്ഷാത്ക്കാരം എന്തർത്ഥമാക്കുന്നു?
9 അവർ മരണംവരെ വിശ്വസ്തരെന്നു തെളിയിക്കുന്നുവെങ്കിൽ, അവർ സ്വർഗ്ഗത്തിലെ അമർത്ത്യജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ചുകൊണ്ട് തങ്ങളുടെ പുത്രത്വത്തിന്റെ പൂർണ്ണ സാക്ഷാത്ക്കാരം നേടുന്നു. അവിടെ യഹോവയാം ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽതന്നെ ഐക്യത്തിൽ സേവിക്കുന്നതിനുളള പദവി അവർക്കു ലഭിക്കും. ഈ ദൈവപുത്രൻമാരുടെ താരതമ്യേന ചെറിയ ഒരു സംഖ്യ മാത്രമേ ഇപ്പോൾ ഭൂമിയിലുളളു.—റോമ. 8:14, 23; 1 യോഹ. 3:1, 2.
“ഭൂമിയിലെ അസ്തിത്വങ്ങളെ” കൂട്ടിച്ചേർക്കൽ
10. (എ) “ഭൂമിയിലെ അസ്തിത്വങ്ങൾ” എന്താണ്, അവർ എന്നുമുതൽ ആരാധനയുടെ ഐക്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു? (ബി) യഹോവയോടുളള അവരുടെ ബന്ധമെന്താണ്?
10 സ്വർഗ്ഗീയ ജീവന്റെ കാഴ്ചപ്പാടോടെ മനുഷ്യരെ ദൈവത്തിന്റെ കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കുക സാദ്ധ്യമാക്കുന്ന അതേ, “ഭരണ നിർവ്വഹണം” “ഭൂമിയിലെ അസ്തിത്വങ്ങളി”ലേക്കും ശ്രദ്ധതിരിക്കുന്നു. ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസമുളള ആളുകൾ, വിശേഷിച്ച് പൊ. യു. 1935 മുതൽ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. അവർ അഭിഷിക്ത വർഗ്ഗത്തിന്റെ ശേഷിപ്പിനോട് തോളോടുതോൾ ചേർന്ന് യഹോവയുടെ നാമത്തെ മഹിമപ്പെടുത്തുകയും അവന്റെ ആരാധനയെ ഉന്നതമാക്കുകയും ചെയ്യുന്നു. (സെഫ. 3:9; യെശ. 2:2, 3) ഇവരും അഗാധമായ ആദരവോടെ യഹോവയെ “പിതാവ്” എന്നു സംബോധന ചെയ്യുകയും അവനെ ജീവന്റെ ഉറവായി അംഗീകരിക്കുകയും ചെയ്യുന്നു. അവന്റെ പുത്രൻമാരെ സംബന്ധിച്ച് അവൻ പ്രതീക്ഷിക്കുന്നതുപോലെ, അവന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ അവർ ആത്മാർത്ഥമായി ശ്രമിക്കുന്നു. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർ അവന്റെ മുമ്പാകെ ഒരു അംഗീകൃത നിലപാട് ആസ്വദിക്കുന്നു. (മത്താ. 6:9; വെളി. 7:9, 14) എന്നാൽ തന്റെ പുത്രൻമാരെന്ന നിലയിൽ ദൈവത്താൽ പൂർണ്ണമായി അംഗീകരിക്കപ്പെടുന്നതിലുളള സന്തോഷം അവർക്ക് ഇനിയും ഭാവിയിലാണ് ലഭിക്കുന്നതെന്ന് അവർക്കറിയാം.
11. (എ) റോമർ 8:19-21 മനുഷ്യവർഗ്ഗത്തിന് എന്ത് വാഗ്ദത്തം വെച്ചുനീട്ടുന്നു? (ബി) അവർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന “ദൈവപുത്രൻമാരുടെ വെളിപ്പെടൽ” എന്താണ്?
11 റോമർ 8:19-21-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം അവർ “ദൈവപുത്രൻമാരുടെ വെളിപ്പെടലിനു” വേണ്ടി ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്, എന്തുകൊണ്ടെന്നാൽ മനുഷ്യ സൃഷ്ടിയിൽപെട്ട ഇവർക്ക് “ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുന്ന”തിനുളള സമയം അപ്പോൾ ആഗതമാകും. സ്വർഗ്ഗീയ പ്രതിഫലം പ്രാപിച്ചിരിക്കുന്ന ആത്മാഭിഷിക്ത ദൈവപുത്രൻമാർ തങ്ങളുടെ മഹത്വീകരിക്കപ്പെട്ട കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടാളികളെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നതിന്റെ തെളിവ് ഇവിടെ ഭൂമിയിലെ മനുഷ്യർ കാണുമ്പോൾ ആ “വെളിപ്പെടൽ” നടക്കുന്നതായിരിക്കും. മുഴുദുഷ്ട വ്യവസ്ഥിതിയുടെയും നാശത്തിലും തുടർന്നുവരുന്ന ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അനുഗ്രഹങ്ങളിലും അതു പ്രത്യക്ഷമായിരിക്കും. ഈ “ദൈവപുത്രൻമാർ” രാജാക്കൻമാരും പുരോഹിതൻമാരും എന്നനിലയിൽ ആ വാഴ്ചയിൽ അവനോടുകൂടെ പങ്കാളിത്തം വഹിക്കും.—വെളി. 2:26, 27; 20:6.
12. മഹോപദ്രവത്തെ തുടർന്ന് ജയശാലികളായ ആത്മാഭിഷിക്ത ദൈവപുത്രൻമാർ ഏതു സ്തുതിഗീതത്തിൽ ചേരും, അത് എന്തർത്ഥമാക്കുന്നു?
12 ക്രിസ്തുവിനോടു ചേർന്നിരിക്കുന്ന ആ ദൈവപുത്രൻമാർ മഹോപദ്രവം കഴിഞ്ഞ് ദൈവസ്തുതിക്കായി തങ്ങളുടെ ശബ്ദങ്ങളും ചേർത്ത് സന്തോഷപൂർവ്വം ഇങ്ങനെ ഉദ്ഘോഷിക്കുമ്പോൾ അത് എത്ര ആഹ്ലാദജനകമായിരിക്കും: “സർവ്വശക്തനാം യഹോവയാം ദൈവമേ, നിന്റെ പ്രവൃത്തികൾ വലുതും അതിശയകരവുമാകുന്നു. നിത്യതയുടെ രാജാവേ, നിന്റെ വഴികൾ നീതിനിഷ്ഠവും സത്യവുമാകുന്നു. യഹോവേ, നീ മാത്രം വിശ്വസ്തനാകയാൽ, ആർ യഥാർത്ഥത്തിൽ നിന്നെ ഭയപ്പെടാതെയും, നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയുമിരിക്കും? എന്തെന്നാൽ സകല ജനതകളും വന്ന് നിന്റെ മുമ്പാകെ ആരാധിക്കും, എന്തുകൊണ്ടെന്നാൽ നിന്റെ നീതിയുളള വിധികൾ പ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു!” (വെളി. 15:3, 4) അതെ, മുൻജനതകളിൽ നിന്നെല്ലാമുളള ആളുകൾ ഉൾപ്പെടുന്ന സകല മനുഷ്യവർഗ്ഗവും സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകരിക്കപ്പെടും. സ്മാരകക്കല്ലറകളിലുളളവർപോലും ഉയർപ്പിക്കപ്പെടുകയും യഹോവയെ ഒത്തുചേർന്ന് സ്തുതിക്കുന്നതിനുളള അവസരം കൊടുക്കപ്പെടുകയും ചെയ്യും.
13. മഹോപദ്രവത്തെ അതിജീവിക്കുന്നവർ ഉടൻതന്നെ ഏത് അത്ഭുതകരമായ സ്വാതന്ത്ര്യം ആസ്വദിക്കും?
13 മേലാൽ പിശാചായ സാത്താൻ “ഈ വ്യവസ്ഥിതിയുടെ ദൈവ”മായിരിക്കുകയില്ല. മേലാൽ ഇവിടെ ഭൂമിയിലുളള യഹോവയുടെ ആരാധകർക്ക് അവന്റെ ദുഷ്ടസ്വാധീനത്തോട് പോരാടേണ്ടിവരികയില്ല. (2 കൊരി. 4:4; വെളി. 20:1-3) മേലാൽ വ്യാജമതം നമ്മുടെ സ്നേഹനിധിയായ ദൈവത്തെ തെററിദ്ധരിപ്പിക്കുകയും മനുഷ്യസമുദായത്തിൽ ഒരു വിഭാഗീയ സ്വാധീനമായി സേവിക്കുകയുമില്ല. മേലാൽ സത്യദൈവത്തിന്റെ ദാസൻമാർ ഭരണപദവിയിലിരിക്കുന്നവരുടെ കൈകളാൽ അനീതിയും ചൂഷണവും അനുഭവിക്കുകയില്ല. മഹോപദ്രവത്തെ അതിജീവിക്കുന്നവർക്ക് അത് എത്ര അത്ഭുതകരമായ സ്വാതന്ത്ര്യത്തെ അർത്ഥമാക്കും!
14. അവർ എന്തു മുഖാന്തരത്താൽ പാപത്തിൽ നിന്നും അതിന്റെ സകല ഫലങ്ങളിൽനിന്നും വിമുക്തരാക്കപ്പെടും?
14 “ലോകത്തിന്റെ പാപത്തെ ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന നിലയിൽ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ സകല കഴിഞ്ഞകാലപാപങ്ങളും റദ്ദാക്കത്തക്കവണ്ണം തന്റെ ബലിയുടെ മൂല്യം പ്രയോഗിക്കും. (യോഹ. 1:29) ഭൂമിയിൽ ഒരു വ്യക്തിയുടെ പാപങ്ങൾ മോചിക്കപ്പെട്ടതായി യേശു പ്രഖ്യാപിച്ചപ്പോൾ, അതിന്റെ തെളിവായി അവൻ മോചിതനെ സൗഖ്യമാക്കുകയും ചെയ്തു. (മത്താ. 9:1-7) സമാനമായ രീതിയിൽ, അവൻ അന്ധരെയും ബധിരരെയും ഊമരെയും ശാരീരികമായി അംഗഭംഗം ഭവിച്ചവരെയും മനോരോഗികളെയും മററ് ഏതു ദീനക്കാരെയും സ്വർഗ്ഗത്തിൽനിന്ന് അത്ഭുതകരമായി സൗഖ്യമാക്കും. ക്രമേണ, ദൈവത്തിന്റെ വഴികൾക്കനുസൃതമായി തങ്ങളേത്തന്നെ കരുപ്പിടിപ്പിക്കുന്നതിനാൽ സന്നദ്ധതയും അനുസരണവുമുളള സകലർക്കും “പാപത്തിന്റെ നിയമം” തങ്ങളിൽത്തന്നെ പൂർണ്ണമായി ദുർബ്ബലമാക്കപ്പെടും, തന്നിമിത്തം അവരുടെ സകല പ്രവർത്തനങ്ങളും ചിന്തകളും ഹൃദയവാഞ്ഛകളും അവർക്കുതന്നെയും ദൈവത്തിനും പ്രസാദകരമായിരിക്കും. (റോമ. 7:21-23; യെശയ്യാവ് 25:7, 8; വെളിപ്പാട് 21:3, 4 ഇവ താരതമ്യപ്പെടുത്തുക.) സഹസ്രാബ്ദത്തിന്റെ അവസാനത്തിനു മുമ്പ് അവർ തികഞ്ഞ മാനുഷപൂർണ്ണത പ്രാപിക്കുമാറ് സഹായിക്കപ്പെട്ടിരിക്കും. അവർ പാപത്തിൽനിന്നും അതിന്റെ ദുഃഖകരമായ സകല ഫലങ്ങളിൽനിന്നും പൂർണ്ണ മായി വിമുക്തരാക്കപ്പെടും. മുഴുഗോളത്തെയും ഉൾക്കൊളളിക്കുന്ന ഒരു ഭൗമിക പരദീസയിൻമദ്ധ്യേ അവർ ദൈവത്തിന്റെ ‘പ്രതിച്ഛായയെയും സാദൃശ്യത്തെയും’ ഉചിതമായി പ്രതിഫലിപ്പിക്കും.—ഉല്പ. 1:26.
15. സഹസ്രാബ്ദത്തിന്റെ ഒടുവിൽ ക്രിസ്തു എന്തു നടപടി സ്വീകരിക്കും, എന്തു ലക്ഷ്യത്തോടെ?
15 ക്രിസ്തു മനുഷ്യവർഗ്ഗത്തെ പൂർണ്ണതയിലേക്കു വരുത്തിക്കഴിയുമ്പോൾ, അവൻ ഈ വേലക്കുവേണ്ടി തനിക്കു നൽകപ്പെട്ട അധികാരം പിതാവിനെ തിരികെ ഏൽപ്പിക്കും. 1 കൊരിന്ത്യർ 15:28-ൽ മുൻകൂട്ടിപ്പറയപ്പെട്ട പ്രകാരം “സകലവും അവന് [പുത്രന്] കീഴ്പ്പെടുത്തപ്പെട്ടിരിക്കുമ്പോൾ, പുത്രൻതന്നെ തനിക്കു സകലവും കീഴ്പ്പെടുത്തിയവന് തന്നേത്തന്നെ കീഴ്പ്പെടുത്തും, ദൈവം സകലർക്കും സകലവുമായിരിക്കേണ്ടതിനുതന്നെ.”
16. പൂർണ്ണരാക്കപ്പെടുന്ന എല്ലാ മനുഷ്യരും ഇപ്പോൾ എന്തിന് വിധേയരാക്കപ്പെടും, എന്തുകൊണ്ട്?
16 ഇപ്പോൾ പൂർണ്ണരാക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ മാററമില്ലാത്ത തീരുമാനം ജീവനുളള ഏകസത്യദൈവത്തെ എന്നേക്കും സേവിക്കാനാണെന്ന് പ്രകടമാക്കാനുളള അവസരം അവർക്കു കൊടുക്കപ്പെടും. തന്നിമിത്തം, യേശുക്രിസ്തു മുഖേന തന്റെ പുത്രൻമാരായി അവരെ ദത്തെടുക്കുന്നതിനു മുമ്പ്, യഹോവ, പൂർണ്ണരാക്കപ്പെട്ട ആ മനുഷ്യരെയെല്ലാം സമ്പൂർണ്ണമായ ഒരു അന്തിമ പരിശോധനക്കു വിധേയരാക്കും. സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിൽനിന്ന് അഴിച്ചു വിടപ്പെടും. ഇത് യഹോവയെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്ക് നിലനിൽക്കുന്ന ദ്രോഹത്തിൽ കലാശിക്കുകയില്ല. എന്നാൽ യഹോവയോടുളള അനുസരണക്കേടിലേക്കു നയിക്കപ്പെടാൻ അഭക്തിപൂർവ്വം തങ്ങളേത്തന്നെ അനുവദിക്കുന്ന ഏവരും ആദ്യമത്സരിയോടും അവന്റെ ഭൂതങ്ങളോടുംകൂടെ എന്നേക്കും നശിപ്പിക്കപ്പെടും.—വെളി. 20:7-10.
17. യഹോവയുടെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയായി, ബുദ്ധിശക്തിയുളള അവന്റെ സകല സൃഷ്ടികളുടെയും ഇടയിൽ വീണ്ടും ഏതവസ്ഥ സ്ഥിതിചെയ്യും?
17 ആ നിർണ്ണായകമായ അന്തിമപരിശോധനയെ ചെറുത്തു നിൽക്കുന്ന, പൂർണ്ണരാക്കപ്പെട്ട സകല മനുഷ്യരെയും ഇപ്പോൾ യഹോവ ക്രിസ്തുവിലൂടെ തന്റെ പുത്രൻമാരായി സ്നേഹപൂർവ്വം ദത്തെടുക്കും. അപ്പോൾ അവർ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യ”ത്തിൽ പൂർണ്ണമായി പങ്കുപററും. (റോമ. 8:21) ഒടുവിൽ അവർ ഏകീകൃതമായ ദൈവത്തിന്റെ സാർവ്വത്രിക കുടുംബത്തിന്റെ ഒരു ഭാഗമായിത്തീരും, അവർക്കെല്ലാം യഹോവ എന്നേക്കും ഏകദൈവവും സാർവ്വത്രികപരമാധികാരിയും അവരുടെ സ്നേഹനിധിയായ പിതാവുമായിരിക്കും. അപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുളള, യഹോവയുടെ ബുദ്ധിശക്തിയുളള സകല സൃഷ്ടിയും വീണ്ടും ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരായിരിക്കും.
പുനരവലോകന ചർച്ച
● ഏദെനിലെ മത്സരത്തിനു മുമ്പ്, യഹോവയുടെ സകല ആരാധകർക്കും അവനോട് എന്ത് ബന്ധമുണ്ടായിരുന്നു?
● ദൈവപുത്രൻമാരായിരിക്കുന്നവരുടെമേൽ എന്ത് ഉത്തരവാദിത്തം സ്ഥിതിചെയ്യുന്നു?
● ഇന്നു ദൈവപുത്രൻമാർ ആരാണ്? ഇനി ആർ ദൈവമക്കളായിത്തീരും, ഇത് ഏകീകൃതാരാധന സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]