യഹോവയുടെ ദിവസത്തെ മനസ്സിൽ അടുപ്പിച്ചു നിർത്തുക
അധ്യായം 23
യഹോവയുടെ ദിവസത്തെ മനസ്സിൽ അടുപ്പിച്ചു നിർത്തുക
1. (എ)ഈ പഴയ വ്യവസ്ഥിതിയിലെ ഹൃദയവേദനകളിൽ നിന്നുളള വിടുതൽ അടുത്തിരിക്കുന്നുവെന്ന് നിങ്ങൾ ആദ്യമായി മനസ്സിലാക്കിയപ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിച്ചു? (ബി)ഇതു സംബന്ധിച്ചു നാം ഏതു ചോദ്യങ്ങൾ ഗൗരവമായി പരിചിന്തിക്കണം?
1 ബൈബിൾ പഠനത്തിൽ നിന്ന നിങ്ങൾ പഠിച്ച ആദ്യ കാര്യങ്ങളിലൊന്ന് ഇപ്പോഴത്തെ വ്യവസ്ഥിതിയിലെ ജീവിതത്തിന്റെ ഹൃദയവേദനകളിൽ നിന്നുളള വിടുതൽ അടുത്തിരിക്കുന്നു എന്നതാണെന്നുളളതിനു സംശയമില്ല. (ലൂക്കോ. 21:28) ദൈവത്തിന്റെ ഉദ്ദേശ്യം സർവ്വഭൂമിയും ഒരു പരദീസാ ആയിത്തീരണമെന്നുളളതാണെന്ന് നിങ്ങൾ തിരിച്ചറിയാനിടയായി. കുററകൃത്യവും യുദ്ധവും രോഗവും മരണവും മേലാൽ ഉണ്ടായിരിക്കയില്ല. മരിച്ച പ്രിയപ്പെട്ടവർ പോലും വീണ്ടും ജീവിക്കും. എന്തോരു ഹൃദയോദ്ദീപകമായ പ്രത്യാശ! അതിന്റെയെല്ലാം സാമീപ്യം, ഭരിക്കുന്ന രാജാവെന്ന നിലയിലുളള ക്രിസ്തുവിന്റെ അദൃശ്യ സാന്നിദ്ധ്യം പൊ. യു. 1914-ൽ തുടങ്ങിയെന്നതിന്റെയും അതിനുശേഷം നാം ഈ ദുഷ്ടലോകത്തിന്റെ അന്ത്യനാളുകളിലാണെന്നുളളതിന്റെയും തെളിവിനാൽ ദൃഢപ്പെടുത്തപ്പെട്ടു. ആ അറിവ് നിങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ ഉളവാക്കിയിട്ടുണ്ടോ? നിങ്ങളുടെ ജീവിതരീതി “യഹോവയുടെ ദിവസം” അടുത്തിരിക്കുന്നു എന്ന ബോദ്ധ്യത്തെ യഥാർത്ഥമായി പ്രകടമാക്കുന്നുണ്ടോ?
2. .(എ)“യഹോവയുടെ ദിവസം” എപ്പോൾ വരും? (ബി)യഹോവ ““ദിവസമോ മണിക്കൂറോ” വെളിപ്പെടുത്തിയില്ലെന്നുളള വസ്തുത പ്രയോജനകരമെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
2 ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ തുടക്കം കണ്ട “തലമുറ” അനീതി ചെയ്തുകൊണ്ടിരിക്കുന്ന സകലർക്കുമെതിരെ ന്യായവിധി നടത്തുന്നതിനുളള “യഹോവയുടെ മഹാദിവസ”വും കാണുമെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പ്രകടമാക്കുന്നു. (മത്താ. 24:34; സെഫ. 1:14-2:3) ആ “തലമുറ”ക്ക് ഇപ്പോൾ നല്ല പ്രായമായിരിക്കുകയാണ്. എന്നാൽ യേശുക്രിസ്തു യഹോവയുടെ വധാധികൃതനെന്ന നിലയിൽ സാത്താന്റെ ഭൗമിക വ്യവസ്ഥിതിക്കെതിരെ വരുന്ന കൃത്യ തീയതി ബൈബിൾ ചൂണ്ടിക്കാണിക്കുന്നില്ല. “ആ ദിവസമോ മണിക്കൂറോ സംബന്ധിച്ചു, പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതൻമാരോ പുത്രനോ കൂടെ, അറിയുന്നില്ല” എന്ന് യേശു പറഞ്ഞു. (മർക്കോ. 13:32) അത് വളരെ പ്രയോജനകരമെന്നു തെളിഞ്ഞിരിക്കുന്നു. ഏതു വിധത്തിൽ? അത് ആളുകളുടെ ഹൃദയത്തിൽ എന്താണുളളതെന്ന് തെളിയാൻ സഹായിച്ചിട്ടുണ്ട്. ആരെങ്കിലും യഹോവയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നില്ലെങ്കിൽ അവർ തങ്ങളുടെ മനസ്സിൽ അവന്റെ “ദിവസ”ത്തെ നീട്ടിവെക്കാൻ ചായ്വു കാണിക്കുകയും അവരുടെ ഹൃദയങ്ങൾ ചായുന്ന ലൗകിക വ്യാപാരങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം എപ്പോൾ വന്നാലും, തന്നെ യഥാർത്ഥമായി സ്നേഹിക്കുകയും തന്നെ മുഴുദേഹിയോടെ സേവിച്ചുകൊണ്ട് അതു പ്രകടമാക്കുകയും ചെയ്യുന്നവരെ മാത്രമേ യഹോവ തന്റെ ദാസൻമാരായി അംഗീകരിക്കുന്നുളളു. ശീതോഷ്ണവാൻമാരോ ഇരു മനസ്സുകാരോ ആയിരിക്കുന്നവർക്ക് ദൈവത്തിന്റെയും അവന്റെ പുത്രന്റെയും അംഗീകാരമില്ല.—വെളി. 3:16; സങ്കീ. 37:4; 1 യോഹ. 5:3.
3. ഈ സംഗതി സംബന്ധിച്ച് നമുക്ക് ഒരു മുന്നറിയിപ്പെന്നനിലയിൽ യേശു എന്തു പറഞ്ഞു?
3 യഹോവയെ സേവിക്കുന്നവർക്കുളള ഒരു മുന്നറിയിപ്പിൻ വാക്കായി യേശു പറഞ്ഞു: “നിയമിത സമയം എപ്പോഴെന്ന് നിങ്ങൾ അറിയുന്നില്ലാത്തതുകൊണ്ട് നോക്കിക്കൊണ്ടിരിക്കുക, ഉണർന്നിരിക്കുക.”(മർക്കോ. 13:33-37) നമുക്ക് കാലത്തിന്റെ ഗൗരവം സംബന്ധിച്ച കാഴ്ചപ്പാടു നഷ്ടപ്പെടത്തക്കവണ്ണം തീററിയിലും കുടിയിലും അല്ലെങ്കിൽ “ജീവിതോൽക്കണ്ഠക”ളിൽ നമ്മുടെ ശ്രദ്ധ വളരെയധികം പതിയാൻ അനുവദിക്കാതിരിക്കുന്നതിന് അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—ലൂക്കോ. 21:34-36; മത്താ. 24:37-42.
4. പത്രോസ് വിശദീകരിച്ചപ്രകാരം, “യഹോവയുടെ ദിവസം” എന്തു കൈവരുത്തും?
4 ‘ആകാശങ്ങൾ തീ പിടിച്ച് വിലയിക്കപ്പെടുകയും മൂലകങ്ങൾ ഉഗ്രമായി ചൂടുപിടിച്ച് ഉരുകുകയും ചെയ്യുന്ന യഹോവയുടെ ദിവസത്തിന്റെ സാന്നിദ്ധ്യത്തിനു കാത്തിരിക്കാനും അതിനെ മനസ്സിൽ അടുപ്പിച്ചു നിർത്താനും’ പിന്നീട് അപ്പോസ്തലനായ പത്രോസ് യഥാർത്ഥവിശ്വാസമുളള എല്ലാവരെയും ബുദ്ധിയുപദേശിച്ചു. “യഹോവയുടെ ദിവസ”ത്തിന്റെ സാമീപ്യം നമ്മിലാരും ഒരിക്കലും നിസ്സാരമാക്കരുതാത്ത ഒരു വസ്തുതയാണ്. ഭരണപരമായ ദൃശ്യ ആകാശങ്ങളുടെയും ദുഷ്ടമനുഷ്യസമുദായത്തിന്റെയും സ്ഥാനത്ത് ദൈവനിർമ്മിതമായ “പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും” പെട്ടെന്നു തന്നെ സ്ഥലം പിടിക്കും. ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയോടൊത്തുപോകുന്ന സകല “മൂലകങ്ങളും”—അതിന്റെ സ്വതന്ത്ര മനോഭാവവും അതിന്റെ അധാർമ്മികവും ഭൗതികാസക്തവുമായ ജീവിതരീതിയും—“യഹോവയുടെ ദിവസ”ത്തിന്റെ വിനാശകമായ ചൂടിൽ നശിപ്പിക്കപ്പെടും.(2പത്രോ. 3:10-13) ലോകത്തെ തരിപ്പണമാക്കുന്ന ഈ സംഭവങ്ങൾ ഏതു നിമിഷത്തിലും സംഭവിക്കാമെന്നുളള അറിവോടെ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.—മത്താ. 24:44.
അടയാളത്തെ നിവർത്തിക്കുന്ന സംഭവങ്ങൾ സംബന്ധിച്ചു ജാഗരൂകരായിരിക്കുക
5. (എ)മത്തായി 24:3ൽ രേഖപ്പെടുത്തിയിരിക്കുന്ന ചോദ്യത്തിന് യേശു കൊടുത്ത മറുപടി യഹൂദവ്യവസ്ഥിതിയുടെ അവസാനത്തിന് എത്രത്തോളം ബാധകമായി? (ബി) അവന്റെ ഉത്തരത്തിന്റെ ഏതു ഭാഗങ്ങൾ പൊ.യു. 1914 മുതൽ മുമ്പോട്ടുളള സംഭവങ്ങളിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു?
5 വിശേഷിച്ചു നാം ജീവിക്കുന്ന കാലത്തിന്റെ വീക്ഷണത്തിൽ, “അന്ത്യനാളുകളെ” അഥവാ “വ്യവസ്ഥിതിയുടെ സമാപന”ത്തെ തിരിച്ചറിയിക്കുന്ന സംയുക്ത അടയാളത്തിന്റെ വിശദാംശങ്ങൾ നമുക്ക് സുപരിചിതമായിരിക്കേണ്ടതാണ്. അടയാളം ശരിയായി മനസ്സിലാക്കുന്നതിന്, മത്തായി 24:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ ശിഷ്യൻമാരുടെ ചോദ്യത്തിന് യേശു ഉത്തരം പറഞ്ഞപ്പോൾ അവൻ പറഞ്ഞ ചിലത് യഹൂദവ്യവസ്ഥിതിയുടെ അവസാനത്തിനു ബാധകമായെന്നും എന്നാൽ പ്രധാന പ്രയുക്തത അതിലും വളരെ ദീർഘിച്ച കാലത്തോളം എത്തിയെന്നും നാം മനസ്സിൽ പിടിക്കേണ്ടതാണ്. 4 മുതൽ 22 വരെയുളള വാക്യങ്ങളിൽ അവൻ വർണ്ണിച്ചതിന് പൊ. യു. 33-നും 70-നും ഇടക്ക് തീർച്ചയായും ചെറിയ തോതിലുളള ഒരു നിവൃത്തി ഉണ്ടായി. എന്നാൽ ആ പ്രവചനത്തിന് നമ്മുടെ നാളിലാണ് വലിയ നിവൃത്തി ഉണ്ടാകുന്നത്, അത് പൊ. യു. 1914 മുതലുളള കാലഘട്ടത്തെ ക്രിസ്തുവിന്റെ “സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെയും കാലമായി തിരിച്ചറിയിക്കുന്നു. (കൂടാതെ മർക്കോസ് 13:5-20ഉം ലൂക്കോസ് 21:8-24ഉം) മത്തായി 24:23-28 പൊ.യു. 70 മുതൽ മുമ്പോട്ട് ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലം വരെ നടക്കുന്നത് മുൻകൂട്ടിപ്പറയുന്നു. (കൂടാതെ മർക്കോസ് 13:21-23ഉം) മത്തായി 24:29 മുതൽ മത്തായി25-ാം അദ്ധ്യായത്തിന്റെ അവസാനം വരെ വർണ്ണിച്ചിരിക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ചാണെങ്കിൽ, അവ പൊ. യു. 1914 മുതലുളള കാലഘട്ടത്തിലേക്കു വിരൽ ചൂണ്ടുന്നു.—കൂടാതെ മർക്കോസ് 13:24-37ഉം ലൂക്കോസ് 21:25-36ഉം.
6. (എ)ഇപ്പോഴത്തെ സംഭവങ്ങൾ “അടയാള”ത്തെ എങ്ങനെ നിവർത്തിക്കുന്നുവെന്നതിൽ നാം വ്യക്തിപരമായി ജാഗരൂകരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി)1914 മുതൽ “അടയാളം” എങ്ങനെ നിവർത്തിച്ചിട്ടുണ്ടെന്നു കാണിക്കാൻ ഈ ഖണ്ഡികയുടെ അവസാനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
6 “അടയാള”ത്തെ നിവർത്തിക്കുന്ന ഇപ്പോഴത്തെ സംഭവങ്ങളെ നാം വ്യക്തിപരമായി നിരീക്ഷിക്കേണ്ടതാണ്. ഈ സംഭവങ്ങളെ ബൈബിൾ പ്രവചനങ്ങളോടു ബന്ധപ്പെടുത്തുന്നത് യഹോവയുടെ ദിവസത്തെ “മനസ്സിൽ അടുപ്പിച്ചു” നിർത്തുന്നതിനു നമ്മെ സഹായിക്കും. അത് “ദൈവത്തിന്റെ ഭാഗത്തെ പ്രതികാരദിവസ”ത്തിന്റെ സാമീപ്യത്തെക്കുറിച്ച് മററുളളവർക്കു മുന്നറിയിപ്പു കൊടുക്കുമ്പോൾ അനുനയമുളളവരായിരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.(യെശ. 61:1,2) ഈ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് അടയാളത്തിന്റെ പിൻവരുന്ന വശങ്ങൾ പുനരവലോകനം ചെയ്യുക.
മുൻകൂട്ടിപ്പറയപ്പെട്ട, ‘ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായുമുളള’ എഴുന്നേൽക്കൽ ഏത് അസാധാരണവിധത്തിൽ പൊ.യു. 1914 മുതൽ നിവർത്തിച്ചു? സമീപമാസങ്ങളിൽപോലും നിവൃത്തിയോടു കൂട്ടാവുന്നതായി എന്തു സംഭവിച്ചിരിക്കുന്നു?
20-ാം നൂററാണ്ടിലെ ശാസ്ത്രീയവിജ്ഞാനമുണ്ടായിരുന്നിട്ടും ഭൂമിയിൽ ഭക്ഷ്യക്ഷാമം എത്രത്തോളം ബാധിച്ചിരിക്കുന്നു?
പൊ.യു. 1914 മുതൽ അവിടവിടെ ഉണ്ടാകുന്ന ഭൂകമ്പത്തിന്റെ ആവൃത്തിയിൽ യഥാർത്ഥത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ആയിരത്തിത്തൊളളായിരത്തിപ്പതിനെട്ടിൽ ഏതു മഹാമാരി ലോകയുദ്ധത്തിലേതിലും കൂടുതൽ ജീവഹാനി വരുത്തി? ചികിൽസാവിജ്ഞാനം ഉണ്ടായിരുന്നിട്ടും ഏതു രോഗങ്ങൾ ഇപ്പോഴും സർവ്വവ്യാപകമായി ഉണ്ട്?
ലൂക്കോസ് 21:26-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, യഥാർത്ഥത്തിൽ മനുഷ്യർ ഭയത്താൽ മോഹാലസ്യപ്പെടുന്നതിന്റെ എന്തു തെളിവു നിങ്ങൾ കാണുന്നു?
രണ്ടു തിമൊഥെയോസ് 3:1-5-ൽ വർണ്ണിച്ചിരിക്കുന്ന അവസ്ഥകൾ കേവലം എല്ലായ്പ്പോഴുമുണ്ടായിരുന്ന അവസ്ഥകൾ അല്ലെന്നും നാം അന്ത്യനാളുകളുടെ സമാപ്തിയിലേക്കു നീങ്ങുമ്പോൾ ഞെട്ടിക്കുന്ന തോതിൽ അവ ശക്തിപ്പെടുകയാണെന്നും നിങ്ങളെ എന്തു ബോദ്ധ്യപ്പെടുത്തുന്നു?
ആളുകളെ വേർതിരിക്കൽ
7. (എ)മത്തായി 13:36-43-ൽ വർണ്ണിച്ചിരിക്കുന്ന വേറെ ഏതു സംഭവത്തെ യേശു വ്യവസ്ഥിതിയുടെ സമാപനത്തോടു ബന്ധപ്പെടുത്തി? (ബി) ആ ദൃഷ്ടാന്തത്തിന്റെ അർത്ഥമെന്ത്?
7 യേശു പ്രാമുഖ്യം കൊടുത്ത് വ്യവസ്ഥിതിയുടെ സമാപനത്തോടു ബന്ധപ്പെടുത്തിയ മററു പ്രധാന സംഭവങ്ങളുമുണ്ട്. അവയിലൊന്ന് “ദുഷ്ടനായവന്റെ പുത്രൻമാ”രിൽ നിന്നുളള “രാജ്യത്തിന്റെ പുത്രൻമാരുടെ” വേർതിരിക്കലാണ്. ശത്രു കളകൾ വിതച്ച ഒരു ഗോതമ്പു വയലിനെക്കുറിച്ചുളള തന്റെ ഉപമയിൽ യേശു ഇതിനെക്കുറിച്ചു പറയുകയുണ്ടായി. അവന്റെ ദൃഷ്ടാന്തത്തിലെ “ഗോതമ്പ്” യഥാർത്ഥ അഭിഷിക്ത ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്യുന്നു. “കളകൾ” അനുകരണ ക്രിസ്ത്യാനികളാണ്. വ്യവസ്ഥിതിയുടെ സമാപനകാലത്ത് “കളകൾ” ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നുവെങ്കിലും, പിശാചു ഭരണാധികാരിയായിരിക്കുന്ന ലോകത്തോടു പററിനിൽക്കുക നിമിത്തം തങ്ങളെത്തന്നെ “ദുഷ്ടനായവന്റെ പുത്രൻമാർ” എന്നു തെളിയിക്കുന്നവർ—“[ദൈവ]രാജ്യത്തിന്റെ പുത്രൻമാ”രിൽ നിന്ന് വേർതിരിക്കപ്പെടുകയും നാശത്തിനായി അടയാളമിടപ്പെടുകയും ചെയ്യുന്നു.(മത്താ. 13:36-43) ഇത് യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ?
8. (എ)ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ക്രിസ്ത്യാനികളെന്നവകാശപ്പെട്ട എല്ലാവരുടെയും ഏതു വലിയ വേർതിരിക്കൽ നടന്നു? (ബി) യഥാർത്ഥ അഭിഷിക്ത ക്രിസ്ത്യാനികൾ, യഥാർത്ഥത്തിൽ “രാജ്യത്തിന്റെ പുത്രൻമാർ” ആണെന്നുളളതിന് എങ്ങനെ തെളിവു നൽകി?
8 ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, തീർച്ചയായും, ക്രിസ്ത്യാനികളെന്നവകാശപ്പെട്ട എല്ലാവരുടെയും രണ്ടു വർഗ്ഗങ്ങളായുളള ഒരു വലിയ വേർതിരിക്കൽ നടന്നു: (1) സർവ്വരാജ്യസഖ്യത്തിന് (ഇപ്പോൾ ഐക്യരാഷ്ട്രങ്ങൾ) ശക്തമായ പിന്തുണകൊടുക്കുകയും അതേ സമയം തങ്ങളുടെ ദേശീയത്വത്തെ മുറുകെപ്പിടിക്കുകയും ചെയ്ത ക്രൈസ്തവലോകത്തിലെ വൈദികരും അവരുടെ അനുയായികളും. (2) ദൈവത്തിന്റെ മശിഹൈകരാജ്യത്തിനു പൂർണ്ണപിന്തുണ കൊടുത്തവരായി ആ യുദ്ധാനന്തരയുഗത്തിലുണ്ടായിരുന്ന ചുരുക്കം ചില യഥാർത്ഥ അഭിഷിക്ത ക്രിസ്ത്യാനികൾ. സമാധാനവും സുരക്ഷിതത്വവും നേടുന്നതിനുളള ഉപാധിയെന്ന നിലയിൽ ലോകത്തിലെ ഗവൺമെൻറുകൾക്കു തുറന്ന പിന്തുണ കൊടുത്തതിനാൽ ആദ്യത്തെവർഗ്ഗം തങ്ങൾ സത്യക്രിസ്ത്യാനികളല്ലെന്നു വ്യക്തമാക്കി. (യോഹ. 17:16) മറിച്ച്, സർവ്വരാജ്യസഖ്യം മത്തായി 24:15-ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന, ആധുനികനാളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛത”യാണെന്ന് യഹോവയുടെ സാക്ഷികൾ ശരിയായി തിരിച്ചറിയിച്ചു. [ദൈവ]‘രാജ്യത്തിന്റെ യഥാർത്ഥ പുത്രൻമാരാ’ണ് തങ്ങളെന്ന് പ്രകടമാക്കിക്കൊണ്ട് അവർ “സകല നിവസിത ഭൂമി”യിലെയും “രാജ്യത്തിന്റെ ഈ സുവാർത്ത”യുടെ പ്രസംഗം ഏറെറടുത്തു. (മത്താ. 24:14) ഫലങ്ങൾ എന്തായിരുന്നു?
9. ഈ രാജ്യപ്രസംഗപ്രവർത്തനത്തിന്റെ ആദ്യത്തെ ഫലം എന്തായിരുന്നു?
9 ആദ്യമായി, ആത്മാഭിഷിക്ത ക്രിസ്ത്യാനികളായ “തെരഞ്ഞെടുക്കപ്പെട്ടവരുടെ” ശേഷിപ്പിന്റെ ഒരു കൂട്ടിച്ചേർപ്പു നടന്നു. “നാലു കാററുകളിലേക്കും” എന്നപോലെ ജനതകളുടെ ഇടയിൽ വ്യാപകമായി ചിതറിക്കിടന്നിട്ടും ദൂതനടത്തിപ്പിൽ അവർ സംഘടനാപരമായ ഐക്യത്തിലേക്കു വരുത്തപ്പെട്ടു.—മത്താ. 24:31.
10. (എ)കൂടുതലായ ഒരു വേർതിരിക്കൽവേല എങ്ങനെ ചെയ്യപ്പെട്ടിരിക്കുന്നു, ഏതു പ്രവചനത്തിനു ചേർച്ചയായി?(ബി)ഈ പ്രവചനങ്ങളുടെ നിവൃത്തി എന്തിനെ അർത്ഥമാക്കുന്നു?
10 പിന്നീട്, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവൻ സകല ജനതകളിലെയും ആളുകളെ വേർതിരിക്കാൻ തുടങ്ങി, “ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ”തന്നെ. തന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽ നിന്ന് ക്രിസ്തുവിനാൽ നടത്തിക്കപ്പെടുന്ന ഈ വേല ഇക്കാലംവരെയും തുടരുകയാണ്, നിങ്ങൾ വ്യക്തിപരമായി അതിനാൽ ബാധിക്കപ്പെടുന്നു. മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും ദൈവരാജ്യത്തെയും അതിന്റെ ആത്മാഭിഷിക്ത“പുത്രൻമാരെയും” നിരസിക്കുകയാണ്. തന്നിമിത്തം, അവർ മരണത്തിൽ“നിത്യഛേദന”ത്തിലേക്കു വിടപ്പെടും. എന്നിരുന്നാലും നിത്യജീവന്റെ കാഴ്ചപ്പാടോടെ തന്റെ രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തെ അവകാശമാക്കാൻ കർത്താവു മററുളളവരെ ക്ഷണിക്കുന്നു. അങ്ങനെയുളള ചെമ്മരിയാടു തുല്യർ, അഭിഷിക്തരായ “രാജ്യത്തിന്റെ പുത്രൻമാ”രോട് സഹവസിച്ചിരിക്കുന്നു, അവർ ക്രൂരപീഡനത്തിന്റെ ഇരകളായിരുന്നിട്ടും. (മത്താ. 25:31-46) രാജ്യത്തിന്റെ മർമ്മപ്രധാനമായ സന്ദേശം പ്രസിദ്ധമാക്കുന്നതിന് അവർ വിശ്വസ്തതയോടെ അവരെ സഹായിക്കുന്നു. ദശലക്ഷങ്ങൾ വരുന്ന ഒരു മഹാപുരുഷാരം ഈ വേലയിൽ പങ്കു ചേരുന്നു. രാജ്യസന്ദേശം ഭൂമിയുടെ അറുതികളോളം കേൾക്കപ്പെടുന്നുണ്ട്. ഈ സംഭവങ്ങൾ എന്തിനെ അർത്ഥമാക്കുന്നു? നാം “അന്ത്യനാളുകളുടെ” അവസാനത്തോട് വളരെ അടുത്തിരിക്കുന്നുവെന്നും “യഹോവയുടെ ദിവസം” സമീപിച്ചിരിക്കുന്നുവെന്നും തന്നെ.
ഭാവിയിൽ എന്തു സംഭവിക്കാനിരിക്കുന്നു?
11. “യഹോവയുടെ ദിവസം” വന്നെത്തുന്നതിനു മുമ്പ് കൂടുതൽ പ്രസംഗവേല ചെയ്യപ്പെടേണ്ടതുണ്ടോ?
11 യഹോവയുടെ വലുതും ഭയജനകവുമായ ദിവസം തുടങ്ങുന്നതിനു മുൻപ് ഇനിയും പ്രവചനങ്ങൾ നിവൃത്തിയേറാനുണ്ടോ? ഉവ്വ്! രാജ്യവിവാദത്തെ മുൻനിർത്തിയുളള ജനങ്ങളുടെ വേർതിരിക്കൽ ഇപ്പോഴും പൂർത്തിയായിട്ടില്ല. വർഷങ്ങളായി കഠിനമായ എതിർപ്പു അനുഭവപ്പെട്ടിരുന്ന ചില പ്രദേശങ്ങളിൽ ഇപ്പോൾ പുതിയ ശിഷ്യൻമാരുടെ ഒരു വമ്പിച്ച വിളവുണ്ടാകുന്നുണ്ട്. ആളുകൾ സുവാർത്ത തളളിക്കളയുന്നിടത്തുപോലും നാം സാക്ഷ്യം കൊടുക്കുന്നതുകൊണ്ട് യഹോവയുടെ നീതിയും കരുണയും ഉയർത്തിപ്പിടിക്കപ്പെടുന്നുണ്ട്. തന്നിമിത്തം, വേലയിൽ ഏർപ്പെടുക! അതു ചെയ്യപ്പെടുമ്പോൾ “അവസാനം വരും” എന്ന് യേശു നമുക്ക് ഉറപ്പുനൽകുന്നു.—മത്താ.24:14.
12. (എ)1 തെസ്സലോനിക്യർ 5:2,3-ൽ കാണിച്ചിരിക്കുന്ന പ്രകാരം ഏതു ശ്രദ്ധാർഹമായ സംഭവം ഇനി നടക്കാനിരിക്കുന്നു?(ബി)അതു നമുക്ക് എന്തർത്ഥമാക്കും?
12 അത്യന്തം പ്രധാനപ്പെട്ട മറെറാരു ബൈബിൾ പ്രവചനം ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “‘സമാധാനവും സുരക്ഷിതത്വവും!’എന്ന് അവർ പറയുന്നതെപ്പോഴോ അപ്പോൾ ഗർഭിണിക്ക് പ്രസവവേദന എന്നപോലെ പെട്ടെന്നുളള നാശം ക്ഷണത്തിൽ അവരുടെമേൽ വരേണ്ടതാണ്, അവർ യാതൊരു പ്രകാരത്തിലും രക്ഷപ്പെടുകയില്ല.” (1 തെസ്സ. 5:2,3) “സമാധാനവും സുരക്ഷിതത്വവും” എന്ന പ്രഖ്യാപനം ഏതു രൂപത്തിലായിരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. എന്നാൽ ലോകനേതാക്കൻമാർ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾ യഥാർത്ഥമായി പരിഹരിച്ചിരിക്കുമെന്ന് അതിനു തീർച്ചയായും അർത്ഥമുണ്ടായിരിക്കയില്ല. യഹോവയുടെ ദിവസത്തെ “മനസ്സിൽ അടുപ്പിച്ചു നിർത്തു”ന്നവർ ആ പ്രഖ്യാപനത്താൽ വഴിതെററിക്കപ്പെടുകയില്ല. അതിനുശേഷം ഉടനെ “പെട്ടെന്നുളള നാശം” വരുമെന്ന് അവർക്കറിയാം.
13. “സമാധാനവും സുരക്ഷിതത്വവും” എന്ന ഘോഷണത്തെ തുടർന്ന് പെട്ടെന്ന് ഏതു സംഭവങ്ങൾ നടക്കും, ഏതു ക്രമത്തിൽ?
13 തിരുവെഴുത്തുകൾ പ്രകടമാക്കുന്നതുപോലെ, രാഷ്ട്രീയഭരണാധികാരികൾ ആദ്യം, ആഗോളമായ ഒരു അടിസ്ഥാനത്തിൽ, വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനെതിരെ തിരിയുകയും അവളെ നിർമ്മൂലമായി നശിപ്പിക്കുകയും ചെയ്യും. (വെളി. 17:15,16) വിശേഷിച്ച് ക്രൈസ്തവലോകത്തിലെ മതങ്ങളോട് ഇപ്പോൾ പോലും ശത്രുതാ മനോഭാവങ്ങൾ പ്രത്യക്ഷമാകുന്നുണ്ടെന്നുളളത് തീർച്ചയായും ശ്രദ്ധേയമാണ്. ശക്തമായ മതവിരുദ്ധ നയങ്ങൾ ഉളള ഗവൺമെൻറുകൾ ഇപ്പോൾത്തന്നെ ഐക്യരാഷ്ട്രങ്ങളിൽ ശക്തമായ സ്വാധീനം പ്രയോഗിക്കുന്നുണ്ട്. പരമ്പരാഗതമായി മതഭക്തിയുളള രാജ്യങ്ങളിൽ പൊതുജനങ്ങൾ തന്നെ നിരവധിയായി തങ്ങളുടെ പൂർവ്വപിതാക്കളുടെ മതങ്ങളെ ഉപേക്ഷിക്കുകയാണ്. ഇതെല്ലാം എന്തർത്ഥമാക്കുന്നു? സകല വ്യാജമതത്തിന്റെയും ശൂന്യമാക്കൽ അടുത്തിരിക്കുന്നുവെന്ന്. അനന്തരം, രാഷ്ട്രങ്ങൾ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നവർക്കെതിരെ ധിക്കാരപൂർവ്വം സർവ്വശക്തിയും പ്രയോഗിച്ചു തിരിയുമ്പോൾ രാഷ്ട്രീയ ഗവൺമെൻറുകൾക്കും അവരുടെ പിന്തുണക്കാർക്കുമെതിരെ ദിവ്യക്രോധം അഴിച്ചുവിടപ്പെടും, അത് അവരുടെയെല്ലാം സമ്പൂർണ്ണനാശത്തിൽ കലാശിക്കും. ഒടുവിൽ, സാത്താൻതന്നെ അവന്റെ ഭൂതങ്ങളോടുകൂടെ അഗാധത്തിലേക്ക് എറിയപ്പെടും, അങ്ങനെ മനുഷ്യവർഗ്ഗത്തെ സ്വാധീനിക്കുന്നതിൽനിന്ന് പൂർണ്ണമായി നിയന്ത്രിക്കപ്പെടും. അതു തീർച്ചയായും “യഹോവയുടെ ദിവസം” അവന്റെ നാമം ഉന്നതമാക്കപ്പെടുന്ന ദിവസം, ആയിരിക്കും.—യെഹെ. 38:18,22,23; വെളി. 19:11-20:3.
14. യഹോവയുടെ ദിവസം ഇനിയും വിദൂരത്തിലാണെന്ന് ന്യായവാദം ചെയ്യുന്നത് ബുദ്ധിശൂന്യമായിരിക്കുന്നതെന്തുകൊണ്ട്?
14 ദൈവത്തിന്റെ സമയപ്പട്ടിക അനുസരിച്ച് അത് കൃത്യസമയത്തുതന്നെ വരും. അതു താമസിക്കുകയില്ല. (ഹബ. 2:3) പൊ.യു. 70-ലെ യരൂശലേമിന്റെ നാശം, അപകടം കഴിഞ്ഞെന്ന് യഹൂദൻമാർ വിചാരിച്ചപ്പോൾ, അവർ പ്രതീക്ഷിക്കാഞ്ഞപ്പോൾ, പെട്ടെന്നാണു വന്നതെന്നോർക്കുക. പുരാതന ബാബിലോനെ സംബന്ധിച്ചെന്ത്? അതു വമ്പിച്ച മതിലുകളാൽ ബലവത്താക്കപ്പെട്ടതും ശക്തവും ഉറപ്പുളളതുമായിരുന്നു. എന്നാൽ അത് ഒററ രാത്രികൊണ്ട് നിലംപതിച്ചു. അങ്ങനെതന്നെ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെമേൽ “പെട്ടെന്നുളള നാശം” വരും. അതു വരുമ്പോൾ നാം യഹോവയുടെ ദിവസത്തെ “മനസ്സിൽ അടുപ്പിച്ചു” നിർത്തിക്കൊണ്ട് സത്യാരാധനയിൽ ഏകീകൃതരായി കണ്ടെത്തപ്പെടട്ടെ.
പുനരവലോകന ചർച്ച
● യഹോവയുടെ ദിവസത്തെ “മനസ്സിൽ അടുപ്പിച്ചു” നിർത്തുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
● ആളുകളുടെ നടന്നുകൊണ്ടിരിക്കുന്ന വേർതിരിക്കലിനാൽ നാം വ്യക്തിപരമായി ബാധിക്കപ്പെടുന്നതെങ്ങനെ?
● യഹോവയുടെ ദിവസം ആരംഭിക്കുന്നതിനു മുമ്പ് എന്ത് ഭാവിയിൽ സ്ഥിതിചെയ്യുന്നു? അതുകൊണ്ട് നാം വ്യക്തിപരമായി എന്തു ചെയ്യണം?
[അധ്യയന ചോദ്യങ്ങൾ]