യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ ഒരു മഹാപുരുഷാരം
അധ്യായം 13
യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ ഒരു മഹാപുരുഷാരം
1. (എ) ക്രിസ്തീയ കാലത്തിനു മുമ്പത്തെ ദൈവദാസൻമാരോ, 1,44,000-മോ തങ്ങളുടെ പ്രതിഫലം പ്രാപിക്കുന്നതിനു മുൻപ് അവർക്ക് എന്ത് അനുഭവപ്പെടണം? (ബി) എന്നാൽ “മഹോപദ്രവം” പ്രഹരിക്കുന്ന സമയത്തു ജീവിക്കുന്ന ഒരു മഹാപുരുഷാരത്തിന് എന്തു സാദ്ധ്യമാണ്?
1 ഹാബേൽ മുതൽ യോഹന്നാൻ സ്നാപകൻ വരെയുളള വിശ്വസ്ത ദൈവദാസൻമാർ ദൈവേഷ്ടം ചെയ്യുന്നതിന് തങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുത്തുവെങ്കിലും അവരെല്ലാം മരിക്കുകയും ഒരു പുനരുത്ഥാനത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യണമായിരുന്നു. ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയ രാജ്യത്തിൽ ഇരിക്കേണ്ട 1,44,000 പേരും തങ്ങളുടെ പ്രതിഫലം പ്രാപിക്കാൻ കഴിയുന്നതിനുമുമ്പ് മരിക്കേണ്ടിയിരിക്കുന്നു. മറിച്ച്, യഥാർത്ഥത്തിൽ “മഹോപദ്രവ”ത്തെ അതിജീവിച്ച് മരിക്കാതെ എന്നേക്കും ജീവിക്കുന്നതിനുളള പ്രത്യാശയുളള ഒരു മഹാപുരുഷാരം ഉണ്ടായിരിക്കുമെന്ന് അപ്പോസ്തലനായ യോഹന്നാന് ഒരു ദർശനത്തിൽ കാണിച്ചുകൊടുക്കപ്പെട്ടു.—വെളി. 7:9-17.
“മഹാപുരുഷാര”ത്തെ തിരിച്ചറിയൽ
2. വെളിപ്പാട് 7:9-ലെ “മഹാപുരുഷാര”ത്തിന്റെ തിരിച്ചറിയൽ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യത്തിലേക്കു നയിച്ചതെന്ത്?
2 നൂററാണ്ടുകളിൽ ഈ “മഹാപുരുഷാരം” ആരാണെന്ന് മനസ്സിലായിരുന്നില്ല. എന്നാൽ ബന്ധമുളള പ്രവചനങ്ങളുടെ പുരോഗമനപരമായ ഗ്രാഹ്യം വഴിയൊരുക്കി. മത്തായി 25:31-46-ലെ യേശുവിന്റെ ഉപമയിലെ “ചെമ്മരിയാടുകളും” അവൻ യോഹന്നാൻ 10:16-ൽ പരാമർശിച്ച “വേറെ ആടുകളും” ഇവിടെ ഭൂമിയിൽ എന്നേക്കും വസിക്കുന്നതിനുളള അവസരം ലഭിക്കുന്നവരായി ഇപ്പോൾ ജീവിക്കുന്ന ആളുകളാണെന്ന് 1923-ൽ മനസ്സിലായി. യെഹെസ്ക്കേൽ 9:11-ൽ സെക്രട്ടറിയുടെ മഷിക്കുപ്പിയോടുകൂടിയ പുരുഷനാൽ മുദ്രയിടപ്പെടുന്നതായി വർണ്ണിച്ചിരിക്കുന്നവർ മത്തായി 25-ലെ “ചെമ്മരിയാടുകൾ” ആണെന്ന് 1931-ൽ തിരിച്ചറിഞ്ഞു. പിന്നീട്, വെളിപ്പാട് 7:9-17-ലെ “മഹാസംഘം”അഥവാ “മഹാപുരുഷാരം” ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ഉപമയിലെ “ചെമ്മരിയാടുകൾ” തന്നെയാണെന്ന് 1935-ൽ കാണപ്പെട്ടു. മുന്നമേ 1923-ൽ അങ്ങനെയുളള ചെമ്മരിയാടുതുല്യരായ വ്യക്തികളിൽ ചിലർ അപ്പോൾത്തന്നെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി തിരിച്ചറിഞ്ഞെങ്കിലും അവരുടെ എണ്ണം സത്വരം വളരാൻ തുടങ്ങിയത് 1935-നു മുമ്പായിരുന്നില്ല. ഇന്ന്, “വേറെ ആടുകളിലെ” ദിവ്യപ്രീതിയുളള “മഹാപുരുഷാര”ത്തിന്റെ ഭാഗമായി തിരിച്ചറിയപ്പെടാൻ ശ്രമിക്കുന്നവർ അക്ഷരീയമായി ദശലക്ഷങ്ങൾ തന്നെയുണ്ട്.
3. അവർ “സിംഹാസനത്തിൻമുമ്പാകെ നിൽക്കുന്നു”വെന്നത് അവർ സ്വർഗ്ഗീയ വർഗ്ഗമാണെന്ന് തെളിയിക്കുന്നില്ലാത്തതെന്തുകൊണ്ട്?
3 “മഹാപുരുഷാര”ത്തിൽപെട്ടവരെ, വെളിപ്പാടിന്റെ അതേ അദ്ധ്യായത്തിൽ നേരത്തെ പരാമർശിച്ച ആത്മീയ യിസ്രായേലിന്റെ 1,44,000 അംഗങ്ങളിൽനിന്ന് വേർതിരിച്ചു കാണിച്ചിരിക്കുന്നു. യോഹന്നാൻ തന്റെ ദർശനത്തിൽ ഈ “മഹാപുരുഷാരം” സ്വർഗ്ഗത്തിലായിരിക്കുന്നതായി കണ്ടില്ല. അവരുടെ “ദൈവസിംഹാസനത്തിൻ മുമ്പാകെയുളള” (ഗ്രീക്ക് ഇനോപ്പിയോൻ റെറൗ ത്രോണൗ, “സിംഹാസനത്തിന്റെ കാഴ്ചയിൽ”) നിൽപ്പ് അവർ സ്വർഗ്ഗത്തിലായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നില്ല. അവരുടെ സ്ഥാനം കേവലം ദൈവത്തിന്റെ “കാഴ്ചയിൽ” ആണ്, സ്വർഗ്ഗത്തിൽനിന്ന് അവൻ മനുഷ്യ പുത്രൻമാരെ കാണുന്നുവെന്ന് അവൻ പറയുന്നു. (വെളി. 7:9; സങ്കീ. 11:4; സങ്കീർത്തനം 100:1, 2 താരതമ്യപ്പെടുത്തുക, ലൂക്കോസ് 1:74, 75-ഉം പ്രവൃത്തികൾ 10:33-ഉം കൂടെ, രാജ്യവരിമദ്ധ്യം.) അതുപോലെ, മത്തായി 25:31, 32-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നപ്രകാരം “സകല ജനതകളും” ക്രിസ്തുവിന്റെ സിംഹാസനത്തിൻ മുമ്പാകെയായിരിക്കുന്നതിന് (അക്ഷരീയമായി “അവന്റെ മുമ്പാകെ”) അവർ സ്വർഗ്ഗത്തിലായിരിക്കേണ്ടയാവശ്യമില്ല. “യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ മഹാപുരുഷാരം” ഒരു സ്വർഗ്ഗീയ വർഗ്ഗമല്ലെന്നുളള വസ്തുത വെളിപ്പാട് 7:4-8-ഉം 14:1-4-ഉം തമ്മിലുളള താരതമ്യത്താൽ പ്രകടമാക്കപ്പെടുന്നു, അവിടെ സ്വർഗ്ഗത്തിലായിരിക്കാൻ ഭൂമിയിൽനിന്ന് എടുക്കപ്പെടുന്നവരുടെ കൃത്യസംഖ്യ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.
4. (എ) അവർ അതിജീവിക്കുന്ന “മഹോപദ്രവം” എന്താണ്? (ബി) വെളിപ്പാട് 7:11, 12-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ആർ “മഹാപുരുഷാര”ത്തെ നിരീക്ഷിക്കുകയും ആരാധനയിൽ അവരോടുകൂടെ പങ്കുചേരുകയും ചെയ്യുന്നു?
4 “മഹാപുരുഷാര”ത്തെ തിരിച്ചറിയിച്ചുകൊണ്ട് യോഹന്നാൻ എഴുതുന്നു: “ഇവരാണ് മഹോപദ്രവത്തിൽനിന്ന് പുറത്തുവരുന്നവർ.” അവർ അതിജീവിക്കുന്നത്, തീർച്ചയായും, ഭൂമിയിൽ അനുഭവപ്പെട്ടിട്ടുളളതിലേക്കും ഏററവും വലിയ ഉപദ്രവത്തെയായിരിക്കും. (വെളി. 7:13, 14; മത്താ. 24:21) യഹോവയുടെ ആ ഭയാവഹമായ ദിവസത്തെ അതിജീവിക്കുന്നവർക്ക് തങ്ങളുടെ വിടുതലിന് ഉത്തരവാദി ആരാണെന്നുളളതിൽ സംശയമുണ്ടായിരിക്കയില്ല. അവർ തങ്ങളുടെ രക്ഷ ദൈവത്തിൽനിന്നും കുഞ്ഞാടിൽനിന്നുമാണെന്ന് നന്ദിപൂർവ്വം പറയുമ്പോൾ, യോഹന്നാൻ ദർശനത്തിൽ കണ്ടതുപോലെ, സ്വർഗ്ഗത്തിലെ സകല വിശ്വസ്ത ജീവികളും ഏകസത്യദൈവത്തിന്റെ ആരാധനയിൽ തങ്ങളുടെ ശബ്ദവും അവരോടു ചേർത്തുകൊണ്ട് പറയും: “ആമേൻ! അനുഗ്രഹവും മഹത്വവും ജ്ഞാനവും നന്ദിയും ബഹുമാനവും ബലവും ശക്തിയും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനായിരിക്കട്ടെ. ആമേൻ.”—വെളി. 7:11, 12.
അതിജീവനത്തിനുളള യോഗ്യത സംബന്ധിച്ച് പരിശോധിക്കപ്പെടുന്നു
5. കാത്തുസൂക്ഷിക്കപ്പെടുന്ന “മഹാപുരുഷാര”ത്തിന്റെ ഭാഗമായിരിക്കുന്നതിന് എന്താവശ്യമാണെന്ന് നമുക്ക് എങ്ങനെ നിർണ്ണയിക്കാൻ കഴിയും? (ബി) ഈ ഖണ്ഡികയുടെ ഒടുവിലത്തെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട് “മഹോപദ്രവ”ത്തെ അതിജീവിക്കാൻ ആവശ്യമായിരിക്കുന്നതെന്തെന്ന് വിശദീകരിക്കുക.
5 “മഹാപുരുഷാര”ത്തിന്റെ സംരക്ഷണം യഹോവയുടെ സ്വന്തം നീതിപ്രമാണങ്ങൾക്കനുയോജ്യമായിട്ടാണ് നടക്കുന്നത്. വിടുവിക്കപ്പെടാനുളളവരെ തിരിച്ചറിയിക്കുന്ന സ്വഭാവങ്ങളുടെ വ്യക്തമായ സൂചനകൾ അവരെ സംബന്ധിച്ച ബൈബിളിലെ പ്രാവചനിക പരാമർശനങ്ങളിൽ ഉൾക്കൊളളിച്ചിട്ടുണ്ട്. അങ്ങനെ അതിജീവനത്തെ മുന്നിൽ കണ്ടുകൊണ്ട് ഇപ്പോൾ നീതിപ്രേമികൾക്ക് പ്രവർത്തിക്കുക സാദ്ധ്യമാണ്. പിൻവരുന്ന തിരുവെഴുത്തുകളെ നാം നേരത്തെ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്ന കൂടുതലായ തിരുവെഴുത്തുകളുടെ സഹായത്തോടെ അവയെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുകയും ഈ പ്രാവചനികവർണ്ണനകൾക്ക് യോജിക്കാൻ നിങ്ങൾ എന്തു ചെയ്യണമെന്ന് പരിചിന്തിക്കുകയും ചെയ്യുക.
യോഹന്നാൻ 10:16-ൽ പരാമർശിച്ച “വേറെ ആടുകൾ”
ഒരു വ്യക്തി യഥാർത്ഥമായി യേശുവിന്റെ ശബ്ദത്തിനു ചെവി കൊടുക്കുന്നതിന്റെ അർത്ഥമെന്ത്? (യോഹ. 10:27; മത്താ. 9:9; എഫേ. 4:17-24)
നാം ക്രിസ്തുവിനെ നമ്മുടെ “ഏക ഇടയ”നായി സമ്മതിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? (മത്താ. 23:10, 11)
ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിലെ “ചെമ്മരിയാടുകൾ” (ഇവർ നൻമ ചെയ്യുന്ന ക്രിസ്തുവിന്റെ “സഹോദരൻമാർ” ആരാണ്? (എബ്രാ. 2:10, 11; 3:1)
ഏതു പ്രയാസമുളള സാഹചര്യങ്ങളിൽ അവർ ഭൂമിയിലെ ക്രിസ്തുവിന്റെ സഹോദരൻമാരോടുകൂടെ നിലകൊളളാൻ ആഹ്വാനം ചെയ്യപ്പെടുന്നു? അവർ ഏതു വേലയിൽ വിശ്വസ്ത പിന്തുണ കൊടുക്കുന്നു? (വെളി. 12:12, 17; മത്താ. 24:14; 28:19, 20)
സെക്രട്ടറിയുടെ മഷിക്കുപ്പിയോടുകൂടിയ പുരുഷനാൽ അതിജീവനത്തിനായി അടയാളപ്പെടുത്തപ്പെട്ട ആളുകൾ (യെഹെ. 9:1-11)
പ്രതിമാതൃകയിലെ യെരൂശലേമിൽ അഥവാ ക്രൈസ്തവലോകത്തിൽ ചെയ്യപ്പെടുന്ന വെറുക്കത്തക്ക കാര്യങ്ങളോട് തങ്ങൾ ചേർച്ചയിലല്ലെന്ന് അവർ എങ്ങനെ പ്രകടമാക്കുന്നു? (വെളി. 18:4, 5)
ക്രിസ്ത്യാനികളായി നടിക്കുന്നവരിൽനിന്ന് അവരെ വിഭിന്നരാക്കുന്നതും അവരെ സംരക്ഷണത്തിനുളള നിരയിലാക്കിവെക്കുന്നതുമായ “അടയാള”ത്തിൽ എന്ത് ഉൾപ്പെടുന്നു? (1 പത്രോ. 3:21; മത്താ. 7:21-27; യോഹ. 13:35)
6. “മഹാപുരുഷാര”ത്തെ സംബന്ധിച്ച യോഹന്നാന്റെ വർണ്ണന അവർ കാത്തുസൂക്ഷിക്കപ്പെട്ടതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
6 വെളിപ്പാട് 7:9-15-ൽ കാണപ്പെടുന്ന “മഹാപുരുഷാര”ത്തിന്റെ വർണ്ണന കൂടുതലായ പ്രധാനപ്പെട്ട വിശദാംശങ്ങൾ കൂട്ടിച്ചേർക്കുന്നു. “മഹാപുരുഷാര”ത്തിൽപ്പെട്ടവർ “മഹോപദ്രവ”ത്തിനുശേഷം കാണപ്പെടുന്നതെങ്ങനെയെന്ന് നമ്മോടു പറയുമ്പോൾ അവർ സംരക്ഷിക്കപ്പെടുന്നതിലേക്കു നയിച്ച വസ്തുതകളിലേക്കും തിരുവെഴുത്തുകൾ ശ്രദ്ധയാകർഷിക്കുന്നു.
7. “മഹോപദ്രവ”ത്തിനു മുമ്പ് അവർ എന്തു ചെയ്തു, ഇത് എങ്ങനെ സൂചിപ്പിക്കപ്പെടുന്നു?
7 അവർ സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നും വരുന്നുവെങ്കിലും അവർ സാർവ്വത്രിക പരമാധികാരിയെന്ന നിലയിൽ സിംഹാസനത്തിലിരിക്കുന്നവനായ യഹോവയെ അംഗീകരിച്ചുകൊണ്ട് ഒററക്കെട്ടായി “സിംഹാസനത്തിൻമുമ്പാകെ നിൽക്കുന്ന”തായി കാണിക്കപ്പെട്ടിരിക്കുന്നു. അവർ അവന്റെ ഭരണാധിപത്യത്തെ വിശ്വസ്തമായി ഉയർത്തിപ്പിടിക്കുന്നവരാണെന്ന് തങ്ങളുടെ ജീവിതരീതിയാൽ തെളിയിച്ചിരിക്കുന്നു. അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിരിക്കുന്നു”വെന്ന വസ്തുത ദൈവകുഞ്ഞാടായുളള യേശുവിന്റെ ബലിയുടെ പാപപരിഹാരമൂല്യം തങ്ങൾക്കാവശ്യമാണെന്ന് അവർ അംഗീകരിക്കുന്നതായി സൂചിപ്പിക്കുന്നു. (യോഹ. 1:29; 1 യോഹ. 2:2) അവർ ആ ബലിയുടെ അടിസ്ഥാനത്തിൽ വിശ്വാസത്തോടെ തങ്ങളേത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും അതിനെ ജലനിമജ്ജനത്താൽ പ്രതീകവൽക്കരിക്കുകയും ചെയ്തിരിക്കുന്നു, ഇപ്പോൾ തങ്ങളുടെ വെളളനിലയങ്കികളാൽ ചിത്രീകരിക്കപ്പെടുന്ന, ദൈവ മുമ്പാകെയുളള ഒരു ശുദ്ധമായ നിലപാട് ആസ്വദിക്കുകയും ചെയ്യുന്നു. അവർ ദൈവപുത്രനിലുളള തങ്ങളുടെ വിശ്വാസത്തെ പരസ്യമായി പ്രസിദ്ധപ്പെടുത്തുന്നതിൽനിന്ന് പിൻമാറിനിന്നിട്ടില്ല. (മത്താ. 10:32, 33) ഇതിനോടെല്ലാമുളള ചേർച്ചയിൽ അവർ ദൈവത്തിന് “പകലും രാവും വിശുദ്ധസേവനം” അർപ്പിക്കുന്ന ആരാധകരെന്ന നിലയിൽ ദൈവത്തിന്റെ ആലയത്തിൽ, അഥവാ സാർവ്വത്രിക ആരാധനാമന്ദിരത്തിൽ, ആയിരിക്കുന്നതായി കാണിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവർ സത്യാരാധനയുടെ വിശ്വസ്ത പിന്തുണക്കാരും അവന്റെ രാജ്യത്തിന്റെ ഘോഷകരുമെന്ന നിലയിൽ ഒരു രേഖ സൃഷ്ടിച്ചിരിക്കുന്നു.—യെശ. 2:2, 3.
8. ഈ വിവരം നമുക്കു പ്രയോജനം ചെയ്യണമെങ്കിൽ നാം എന്തു ചെയ്യണം?
8 ഈ പ്രാവചനിക ചിത്രങ്ങളുടെ വിശദാംശങ്ങൾ നിങ്ങൾക്കു യോജിക്കുന്നുവോ? ഇവിടെ വർണ്ണിച്ചിരിക്കുന്നതിനോട് നിങ്ങളുടെ ജീവിതത്തെ കൂടുതൽ പൂർണ്ണമായി ചേർച്ചയിൽ വരുത്തേണ്ട ആവശ്യമുണ്ടോ? അതിനുളള വഴികളുണ്ടെങ്കിൽ, അതു ചെയ്യുന്നതിനുളള സമയം ഇപ്പോഴാണ്!
ഒരു ആത്മീയ പരദീസയിൽ ജീവിക്കൽ
9. ഇപ്പോൾപോലും “മഹാപുരുഷാരം” ആസ്വദിക്കുന്ന ആത്മീയ അനുഗ്രഹങ്ങളെ യോഹന്നാൻ വർണ്ണിക്കുന്നതെങ്ങനെ?
9 നിങ്ങൾ “മഹാപുരുഷാര”ത്തിന്റെ ഭാഗമായി അതിജീവിക്കാൻ ആശിക്കുന്ന ഒരാളാണോ? നിങ്ങൾ യഹോവയുടെ നീതിയുളള വഴികളോട് അനുരൂപപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു ആത്മീയ പരദീസയെന്ന് ഉചിതമായി വിളിക്കപ്പെട്ടിട്ടുളള വാഗ്ദത്ത അവസ്ഥകൾ ഇപ്പോൾത്തന്നെ ആസ്വദിച്ചു തുടങ്ങുകയാണ്. അപ്പോസ്തലനായ യോഹന്നാനോട് ഇങ്ങനെ പറയപ്പെട്ടു: “അവർക്കു മേലാൽ വിശക്കുകയില്ല, ഇനി ദാഹിക്കുകയുമില്ല, അവരുടെമേൽ ഇനി വെയിലോ പൊളളിക്കുന്ന ചൂടോ തട്ടുകയില്ല, എന്തുകൊണ്ടെന്നാൽ സിംഹാസനത്തിൻമദ്ധ്യേയുളള കുഞ്ഞാട് അവരെ മേയിക്കുകയും അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നടത്തുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും.” (വെളി. 7:16, 17) ഇത് നിങ്ങളുടെ സംഗതിയിൽ എങ്ങനെ സത്യമെന്നു തെളിഞ്ഞിരിക്കുന്നു?
10. (എ) “മഹാപുരുഷാര”ത്തിന് “മേലാൽ വിശക്കുകയോ ഇനി ദാഹിക്കുകയോ ഇല്ലെ”ന്നുളളത് ഒരു ആത്മീയ അർത്ഥത്തിൽ സത്യമായിരിക്കുന്നതെങ്ങനെ? (ബി) നിങ്ങൾക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ടോ?
10 നല്ല ഇടയനായ യേശുക്രിസ്തുവിന്റെ സ്നേഹമസൃണമായ പരിപാലനത്തിൻ കീഴിൽ വരുന്നതിനു മുമ്പ്, നിങ്ങൾ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നോ? (മത്തായി 5:6 താരതമ്യപ്പെടുത്തുക) അങ്ങനെയെങ്കിൽ, നിങ്ങൾ കൊതിച്ചത് യഹോവക്കു മാത്രം അവന്റെ പുത്രനിലൂടെ പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നു. നിങ്ങൾ യഹോവയുടെ നീതിയുളള വഴികളെക്കുറിച്ചു പഠിച്ചപ്പോൾ—ദുഷ്ടൻമാരെ നശിപ്പിക്കുന്നതിനുളള അവന്റെ ഉദ്ദേശ്യത്തെയും എന്നാൽ ആദാമിന്റെ സന്തതികൾക്ക് രക്ഷ സാദ്ധ്യമാക്കിയതിലുളള അവന്റെ അനർഹദയയെയും കുറിച്ചു പഠിച്ചപ്പോൾ—ആദ്യമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കു യഥാർത്ഥ സംതൃപ്തി തോന്നിയെന്നുളളതിനു സംശയമില്ല. ദൈവത്തിന്റെ വചനത്തിൽനിന്ന് അവന്റെ സ്ഥാപനത്തിലൂടെ നൽകപ്പെട്ട ആത്മീയ ഭക്ഷ്യപാനീയങ്ങൾ നിങ്ങൾക്കു സംതൃപ്തി കൈവരുത്തുന്നതിൽ തുടർന്നിരിക്കുന്നു. (യെശ. 65:13, 14) നിങ്ങൾ ക്രിസ്തു മുഖേന നിങ്ങളേത്തന്നെ ദൈവത്തിനു സമർപ്പിച്ചിരിക്കുന്നുവെങ്കിൽ നിങ്ങൾക്കിപ്പോൾ ജീവിതത്തിൽ ഒരു യഥാർത്ഥ ഉദ്ദേശ്യമുണ്ട്. (യോഹന്നാൻ 4:32-34 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ മുമ്പാകെ പരദീസാഭൂമിയിലെ നിത്യജീവന്റെ സന്തോഷകരമായ പ്രതീക്ഷയുണ്ട്, എന്തുകൊണ്ടെന്നാൽ കുഞ്ഞാട്” [“മഹാപുരുഷാര”ത്തെ] ജീവജലത്തിന്റെ ഉറവകളിലേക്ക് നടത്തും.”
11. (എ) ‘വെയിലോ പൊളളിക്കുന്ന ഏതെങ്കിലും ചൂടോ മേലാൽ അവരുടെമേൽ തട്ടുന്നില്ല’ എന്നത് ഏത് വിധത്തിൽ സത്യമായിരിക്കുന്നു? (ബി) അത് നിങ്ങൾക്ക് എത്ര പ്രധാനമാണ്?
11 “മഹാപുരുഷാര”ത്തിൽപെട്ടവർ ആശ്രയം പ്രകടമാക്കുന്ന “ചെമ്മരിയാടുകൾ” എന്നനിലയിൽ നല്ല ഇടയനാൽ സംരക്ഷിക്കപ്പെടുകയും സുരക്ഷിതമായി നയിക്കപ്പെടുകയുംകൂടെ ചെയ്യുന്നു. അതുകൊണ്ടാണ് ആലങ്കാരികമായി പറഞ്ഞാൽ ‘വെയിലോ പൊളളിക്കുന്ന ഏതെങ്കിലും ചൂടോ അവരുടെമേൽ മേലാൽ തട്ടാത്തത്.’ “മഹാപുരുഷാര”ത്തിൽപെട്ട ഒരാളെന്ന നിലയിൽ നിങ്ങൾക്ക് ലോകത്തിൽനിന്ന് പീഡനം അനുഭവപ്പെടുകയില്ലെന്ന് ഇതിനർത്ഥമില്ല. മറിച്ച്, നിങ്ങൾ ദൈവത്തിന്റെ സ്വന്തം അപ്രീതിയാകുന്ന പൊളളിക്കുന്ന ചൂടിൽനിന്ന് കാത്തുസൂക്ഷിക്കപ്പെടുന്നുവെന്നാണ് അതിന്റെ അർത്ഥം. അവൻ ദുഷ്ടൻമാരുടെമേൽ ദിവ്യനാശം വർഷിക്കുമ്പോൾ അതു നിങ്ങൾക്ക് വിനാശം വരുത്തുകയില്ല. ഈ അനുഗൃഹീത ബന്ധത്തിന് എന്നേക്കും തുടരാൻ കഴിയും.—യെഹെ. 38:22, 23; സങ്കീർത്തനം 11:6; 85:3, 4 താരതമ്യപ്പെടുത്തുക.
12. നിങ്ങളുടെ കണ്ണുകളിൽനിന്ന് ഇപ്പോൾപോലും കണ്ണുനീർ തുടയ്ക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
12 നിങ്ങൾ യഥാർത്ഥത്തിൽ “മഹാപുരുഷാര”ത്തിൽപെട്ട ഒരാളാണെങ്കിൽ, നിങ്ങൾക്ക് സന്തോഷിക്കുന്നതിന് എത്ര വിശിഷ്ട കാരണങ്ങളാണുളളത്! ദുഷ്ടൻമാർ പരിപൂർണ്ണമായി നീക്കപ്പെടുന്നതു കാണുന്നതിനും അനന്തരം നിങ്ങളുടെ സ്വന്തം മനസ്സും ശരീരവും പാപത്തിന്റെ സകല ഫലങ്ങളിൽനിന്നും യഥാർത്ഥമായി വിമുക്തമാകുന്നതിനുമുളള അത്ഭുതകരമായ പ്രത്യാശയുണ്ട്. എന്നാൽ ഇപ്പോൾപോലും ദൈവത്തെക്കുറിച്ച് അജ്ഞരായിരിക്കുന്നതുകൊണ്ട് ആളുകൾക്ക് അനുഭവപ്പെടുന്ന ദുഃഖം നിങ്ങളെ ബാധിക്കുന്നില്ല. നിങ്ങൾ യഹോവ ദൈവമായിരിക്കുന്ന ജനത്തിനുമാത്രമുളള സന്തോഷം അറിഞ്ഞു തുടങ്ങുകയാണ്. (സങ്കീ. 144:15ബി) ഈ വിധത്തിൽ നിങ്ങൾ “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും” എന്ന വാഗ്ദത്തത്തിന്റെ നിവൃത്തി ഇപ്പോൾത്തന്നെ അനുഭവിച്ചുതുടങ്ങുകയാണ്.
13. ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ച പുരോഗമിക്കുമ്പോൾ ആത്മീയ പരദീസയുടെ സന്തോഷത്തെ എന്തു വർദ്ധിപ്പിക്കുന്നതായിരിക്കും?
13 “മഹാപുരുഷാരം” ഈ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കുന്നതുപോലെ, ആത്മീയ പരദീസയും അതിജീവിക്കും. നിങ്ങൾ അവരിൽപെട്ട ഒരാളാണെങ്കിൽ നിങ്ങൾ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ച പുരോഗമിക്കുമ്പോൾ കൊഴുപ്പുളള വസ്തുക്കളുടെ ഒരു വിരുന്ന് ആസ്വദിക്കുന്നതിൽ തുടരുന്നതായിരിക്കും. ദൈവത്തിന്റെ പിഴവുപററാത്ത ഉദ്ദേശ്യം മഹത്തായി സാക്ഷാത്ക്കരിക്കപ്പെടുന്നതു നിങ്ങൾ കാണുമ്പോൾ അവനെ സംബന്ധിച്ചുതന്നെയുളള നിങ്ങളുടെ അറിവ് ആഴമുളളതായിത്തീരും. സത്യാരാധനയിൽ നിങ്ങളോടു ചേരുന്നതിന് വർദ്ധിച്ചുവരുന്ന ഒരു സമൂഹത്തെ മരിച്ചവരിൽനിന്ന് തിരികെ സ്വാഗതം ചെയ്യുന്നതിൽ നിങ്ങൾ പങ്കെടുക്കുമ്പോൾ നിങ്ങളുടെ സന്തോഷം വർദ്ധിക്കും. അന്നു പ്രദാനം ചെയ്യപ്പെടുന്ന ഭൗതികാനുഗ്രഹങ്ങൾ യഹോവയുടെ തന്നെ സ്നേഹപ്രകടനങ്ങളായി കാണപ്പെടുന്നതുകൊണ്ട് അവ സകല വിശ്വസ്ത ദൈവദാസൻമാർക്കും വിശേഷാൽ വിലയേറിയവയായിരിക്കും.—യെശ. 25:6-9; യാക്കോ. 1:17.
പുനരവലോകന ചർച്ച
● ബൈബിൾ “മഹാപുരുഷാര”ത്തെ ഏത് അസാധാരണ സംഭവത്തോടു ബന്ധപ്പെടുത്തുന്നു, എങ്ങനെ?
● നാം ആ ദിവ്യപ്രീതിയുളള “മഹാപുരുഷാര”ത്തിൽ ഉൾപ്പെടാൻ യഥാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ നാം ഇപ്പോൾ എന്തു ചെയ്യേണ്ടതാണ്?
● ആത്മീയ പരദീസയുടെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് എത്ര പ്രധാനമാണ്?
[അധ്യയന ചോദ്യങ്ങൾ]