സകല പ്രവാചകൻമാരും സാക്ഷ്യം വഹിച്ചവൻ
അധ്യായം 4
സകല പ്രവാചകൻമാരും സാക്ഷ്യം വഹിച്ചവൻ
1. മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിന്റെ അസ്തിത്വത്തെക്കുറിച്ചുളള വസ്തുതകൾ യഹോവയോടുളള അവന്റെ ബന്ധം സംബന്ധിച്ച് എന്തു പ്രകടമാക്കുന്നു?
1 യഹോവയോടുളള തന്റെ സ്വന്തം ബന്ധത്തെ വർണ്ണിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “പിതാവിനു പുത്രനോടു പ്രിയമുണ്ട്, താൻതന്നെ ചെയ്യുന്ന സകലവും അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.” (യോഹ. 5:19, 20) ആ ബന്ധത്തിന്റെ അടുപ്പം അവന്റെ മാനുഷ ജനനത്തിനു മുമ്പത്തെ എണ്ണമററ സഹസ്രാബ്ദങ്ങൾക്കു മുമ്പ് നടന്ന അവന്റെ സൃഷ്ടിയുടെ സമയത്താണ് തുടങ്ങിയത്. അവൻ ദൈവത്തിന്റെ ഏകജാതനായ പുത്രനായിരുന്നു, യഹോവ തനിച്ചു സൃഷ്ടിച്ച ഏകൻതന്നെ. സ്വർഗ്ഗത്തിലും ഭൂമിയിലുമുളള മററു സകലവും അത്യന്തം പ്രിയപ്പെട്ട ആ ഏകജാതപുത്രൻ മുഖേനയാണ് സൃഷ്ടിക്കപ്പെട്ടത്. അവൻ ദൈവത്തിന്റെ വചനമോ വക്താവോ ആയിട്ടുകൂടെ സേവിക്കുകയുണ്ടായി, അവൻ മുഖേനയാണ് ദിവ്യേഷ്ടം മററുളളവരോട് അറിയിക്കപ്പെട്ടത്. ദൈവത്തിനു പ്രത്യേക ഇഷ്ടമുണ്ടായിരുന്ന ഈ പുത്രൻ മനുഷ്യനായ യേശുക്രിസ്തു ആയിത്തീർന്നു.—കൊലോ. 1:15, 16; യോഹ. 1:14; 12:49, 50.
2. ബൈബിൾ പ്രവചനങ്ങൾ എത്രത്തോളം യേശുവിനെ പരാമർശിക്കുന്നു?
2 ഒരു മനുഷ്യനെന്ന നിലയിലുളള അവന്റെ അത്ഭുതജനനത്തിനു മുമ്പ് അവനെ സംബന്ധിച്ച ബഹുദശം നിശ്വസ്ത പ്രവചനങ്ങൾ രേഖപ്പെടുത്തപ്പെട്ടു. അപ്പോസ്തലനായ പത്രോസ് കോർന്നേലിയോസിനോടു സാക്ഷീകരിച്ചതുപോലെ, “സകല പ്രവാചകൻമാരും അവനു സാക്ഷ്യം വഹിക്കുന്നു.” (പ്രവൃ. 10:43) “ദൈവത്തെ ആരാധിക്കുക; എന്തുകൊണ്ടെന്നാൽ യേശുവിനു സാക്ഷ്യം വഹിക്കലാണ് പ്രവചിക്കലിനു പ്രചോദിപ്പിക്കുന്നത്” എന്ന് ഒരു ദൂതൻ അപ്പോസ്തലനായ യോഹന്നാനോടു പറയത്തക്കവണ്ണം നിർമ്മലാരാധനയോടുളള ബന്ധത്തിൽ യേശുവിന്റെ ധർമ്മം ബൈബിളിൽ വിശേഷവൽക്കരിക്കപ്പെട്ടിരിക്കുന്നു. (വെളി. 19:10) ആ പ്രവചനങ്ങൾ അവനെ വ്യക്തമായി തിരിച്ചറിയിക്കുന്നു. അവനെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിന്റെ വശങ്ങളിലേക്ക് അവ ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു. ആ വശങ്ങൾ നമുക്കിന്ന് അതീവതാത്പര്യമുളളവയാണ്.
പ്രവചനങ്ങൾ വെളിപ്പെടുത്തിയത്
3. (എ) ഉല്പത്തി 3:14, 15-ലെ പ്രവചനത്തിൽ “സർപ്പവും” “സ്ത്രീയും” “സർപ്പത്തിന്റെ സന്തതി”യും ആരെ പ്രതിനിധാനം ചെയ്യുന്നു? (ബി) ‘സർപ്പത്തിന്റെ തല ചതയ്ക്കൽ’ യഹോവയുടെ ദാസൻമാർക്ക് വലിയ താത്പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്?
3 അങ്ങനെയുളള പ്രവചനങ്ങളിൽ ആദ്യത്തേത് ഏദനിലെ മത്സരത്തിനുശേഷമാണ് പ്രസ്താവിക്കപ്പെട്ടത്. അത് സർപ്പത്തെ സംബോധന ചെയ്തു പറഞ്ഞ യഹോവയുടെ ന്യായവിധിയിൽ ഉൾക്കൊളളിച്ചിരുന്നു. യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല ചതയ്ക്കും, നീ അവന്റെ കുതികാൽ ചതയ്ക്കും.” (ഉല്പ. 3:14, 15) അതിന്റെ അർത്ഥമെന്തായിരുന്നു? ദൈവത്തിന്റെ തക്കസമയത്ത് മററു പ്രവചനങ്ങൾ അതിനെ വ്യക്തമാക്കുകയും വിപുലീകരിക്കുകയും ചെയ്തു. തൽഫലമായി, അത് സംബോധന ചെയ്യപ്പെട്ടത് പിശാചായ സാത്താനോടാണെന്ന് നമുക്കറിയാം, അവനെ സർപ്പം പ്രതിനിധാനം ചെയ്തു. “സ്ത്രീ” യഹോവയുടെ സ്വന്തം വിശ്വസ്ത സ്വർഗ്ഗീയ സ്ഥാപനമാണ്, അത് അവന് ഒരു വിശ്വസ്ത ഭാര്യയെപ്പോലെയാണ്. പിശാചിന്റെ ആത്മാവു പ്രത്യക്ഷപ്പെടുത്തുകയും യഹോവയേയും അവന്റെ ജനത്തെയും എതിർക്കുകയും ചെയ്യുന്ന ദൂതൻമാരും മനുഷ്യരും ‘സർപ്പത്തിന്റെ സന്തതി’യിൽ ഉൾപ്പെടുന്നു. ഏദനിൽ പിശാച് സർപ്പത്തെ ഉപയോഗിച്ച വിധത്തിന്റെ വീക്ഷണത്തിൽ, യഹോവയെ ദുഷിക്കുകയും മനുഷ്യവർഗ്ഗത്തിനു വലിയ ദുഃഖം വരുത്തിക്കൂട്ടുകയും ചെയ്ത ഈ മത്സരിയായ ദൈവപുത്രന്റെ അന്ത്യനാശത്തെയാണ് ‘സർപ്പത്തിന്റെ തലചതയ്ക്കൽ’ പരാമർശിച്ചതെന്ന് പ്രവചനത്തിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ചതയ്ക്കൽ നടത്തുന്ന “സന്തതി” ആരെന്നുളളത് ദീർഘനാൾ ഒരു പാവനരഹസ്യമായി തുടർന്നു.—റോമ. 16:25, 26.
4. യേശുവിന്റെ വംശോല്പത്തി വാഗ്ദത്തസന്തതിയെന്ന നിലയിൽ അവനെ തിരിച്ചറിയുന്നതിന് സഹായിച്ചതെങ്ങനെ?
4 മനുഷ്യചരിത്രത്തിന്റെ ഏതാണ്ടു 2,000 വർഷങ്ങൾക്കുശേഷം യഹോവ കൂടുതലായ വിശദാംശങ്ങൾ നൽകി. സന്തതി അബ്രാഹാമിന്റെ കുടുംബവംശത്തിൽ പ്രത്യക്ഷപ്പെടുമെന്ന് അവൻ സൂചിപ്പിച്ചു. (ഉല്പ. 22:15-18) എന്നുവരികിലും, സന്തതിയിലേക്കു നയിക്കുന്ന വംശം കേവലം ജഡികവംശത്തെയല്ല, ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെയാണാശ്രയിച്ചിരുന്നത്. അടിമപ്പെണ്ണായ ഹാഗാറിനു ജനിച്ച തന്റെ പുത്രനായ യിസ്മായേലിനോടുളള അബ്രാഹാമിന്റെ സ്നേഹം ഗണ്യമാക്കാതെ യഹോവ സ്പഷ്ടമായി ഇങ്ങനെ പറഞ്ഞു: “സാറാ നിനക്കു പ്രസവിക്കുന്ന യിസ്ഹാക്കുമായി ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കും.” (ഉല്പ. 17:18-21; 21:8-12) പിന്നീട് ആ ഉടമ്പടി യിസ്ഹാക്കിന്റെ ആദ്യജാതനായ ഏശാവിനോടല്ല, പിന്നെയോ യാക്കോബിനോടു സ്ഥിരീകരിക്കപ്പെട്ടു, അവനിൽനിന്നാണ് യിസ്രായേലിന്റെ 12 ഗോത്രങ്ങൾ ഉത്ഭവിച്ചത്. (ഉല്പ. 28:10-14) കാലക്രമത്തിൽ യഹൂദാഗോത്രത്തിലെ ദാവീദിന്റെ ഗൃഹത്തിൽ സന്തതി ജനിക്കുമെന്ന് സൂചിപ്പിക്കപ്പെട്ടു.—ഉല്പ. 49:10; 1 ദിനവൃ. 17:3, 4, 11-14.
5. യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ പ്രാരംഭത്തിൽ തന്നെ അവൻ മശിഹായാണെന്ന് വേറെ എന്തു തെളിയിച്ചു?
5 ബൈബിൾ സന്തതിയുടെ ജൻമസ്ഥലമെന്ന നിലയിൽ ബേത്ളഹേമിനെക്കുറിച്ച് 700-ൽ പരം വർഷം മുമ്പുകൂട്ടി പറയുകയുണ്ടായി. എന്നാൽ അവൻ സ്വർഗ്ഗത്തിൽ സൃഷ്ടിക്കപ്പെട്ട സമയം മുതലുളള “അനിശ്ചിതകാലത്തിന്റെ നാളുകൾ മുതൽ” തന്നെ സ്ഥിതിചെയ്തിരുന്നവനായിരുന്നുവെന്നും ബൈബിൾ വെളിപ്പെടുത്തി. (മീഖാ 5:2) യഹോവയുടെ അഭിഷിക്തനായ മശിഹാ എന്ന നിലയിലുളള അവന്റെ ഭൂമിയിലെ പ്രത്യക്ഷതയുടെ സമയം പ്രവാചകനായ ദാനിയേൽ മുഖാന്തരം മുൻകൂട്ടി പറയപ്പെട്ടു. (ദാനി. 9:24-26) അവൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ സ്വർഗ്ഗത്തിൽനിന്നുളള ഒരു ശബ്ദം അവനെ തിരിച്ചറിയിച്ചു. (മത്താ. 3:16, 17) അതുകൊണ്ട് യേശുവിന്റെ ഒരു അനുഗാമിയായിത്തീർന്നശേഷം ഫിലിപ്പോസിനു ബോദ്ധ്യത്തോടെ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ന്യായപ്രമാണത്തിൽ മോശെയും, പ്രവാചകൻമാരും എഴുതിയവനായ യേശുവിനെ, നസ്രേത്തിൽനിന്നുളള യോസേഫിന്റെ [ദത്ത്] പുത്രനെ, ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു.”—യോഹ. 1:45.
6. (എ) യേശുവിന്റെ മരണശേഷം അവന്റെ അനുഗാമികൾ എന്തു തിരിച്ചറിയാനിടയായി? (ബി) ‘സ്ത്രീയുടെ സന്തതി’ മുഖ്യമായി ആരാണ്? അവൻ സർപ്പത്തിന്റെ തല ചതയ്ക്കുന്നത് എന്തിനെ അർത്ഥമാക്കുന്നു?
6 അതിനുശേഷം, അവനെക്കുറിച്ചുളള അക്ഷരീയമായി ബഹുദശം പ്രവാചകപരാമർശങ്ങൾ നിശ്വസ്തതിരുവെഴുത്തുകളിൽ നെയ്തുചേർത്തിട്ടുണ്ടെന്ന് യേശുവിന്റെ അനുഗാമികൾ തിരിച്ചറിയാനിടയായി. അവന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം അവൻ വ്യക്തിപരമായി അവർക്ക് “സകല തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുളള കാര്യങ്ങൾ വ്യാഖ്യാനിച്ചുകൊടുത്തു.” (ലൂക്കോ. 24:27) സാത്താൻ ഒടുവിൽ അസ്തിത്വത്തിൽനിന്ന് തകർത്തുനീക്കപ്പെടത്തക്കവിധം “സർപ്പ”ത്തിന്റെ തല ചതയ്ക്കുന്നവനായ ‘സ്ത്രീയുടെ സന്തതി’ മുഖ്യമായി യേശു ആണെന്ന് ഇപ്പോൾ പ്രത്യക്ഷമാണ്. മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ സകല വാഗ്ദാനങ്ങളും, നാം ആത്മാർത്ഥമായി കാംക്ഷിക്കുന്ന സകലവും, യേശു മുഖേന നിവൃത്തിക്കപ്പെടും.—2 കൊരി. 1:20.
7. ഈ പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്നവനെ തിരിച്ചറിയുന്നതിനുപുറമേ, മറെറന്തും പരിചിന്തിക്കുന്നതു പ്രയോജനകരമാണ്?
7 നിങ്ങൾ ആദ്യമായി ഈ പ്രവചനങ്ങളിൽ ചിലതു വായിച്ചപ്പോൾ, ഒരുപക്ഷേ എത്യോപ്യൻ ഷണ്ഡനെപ്പോലെ “പ്രവാചകൻ ഇത് ആരെക്കുറിച്ചു പറയുന്നു?” എന്നു നിങ്ങൾ ചോദിച്ചിരിക്കും. എന്നാൽ ഷണ്ഡന് ഉത്തരം കിട്ടിയപ്പോൾ അവൻ സംഗതി അവിടെ അവസാനിപ്പിച്ചില്ല. ഫിലിപ്പോസ് നൽകിയ വിശദീകരണം ശ്രദ്ധാപൂർവ്വം കേട്ടശേഷം, യേശു പ്രവചനം നിവൃത്തിച്ച വിധത്തോടുളള വിലമതിപ്പ് സ്നാപനം സ്വീകരിച്ചുകൊണ്ട് തന്റെ സ്വന്തം ഭാഗത്തു പ്രവർത്തനം ആവശ്യമാക്കിത്തീർക്കുന്നുവെന്ന് ആ മനുഷ്യൻ തിരിച്ചറിഞ്ഞു. (പ്രവൃ. 8:32-38; യെശ. 53:3-9) നാം സമാനമായി പ്രതിവർത്തിക്കുന്നുവോ? ചിലപ്പോൾ ഒരു പ്രവചനം അവതരിപ്പിക്കപ്പെട്ടിരിക്കുന്ന രീതിയാണ് നമ്മെ ആഴമായി പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ നിവൃത്തി ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ ബൈബിളിൽത്തന്നെ എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങളാൽ നമ്മുടെ ഹൃദയം തൊട്ടുണർത്തപ്പെട്ടേക്കാം.
8. യേശുക്രിസ്തുവിനെക്കുറിച്ചുളള നാലു പ്രാവചനിക മാതൃകകൾ ഇവിടെ പരിചിന്തിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവചനങ്ങൾ നമ്മെ ബാധിക്കുന്നതെങ്ങനെയെന്ന് പ്രകടമാക്കാൻ നൽകിയിരിക്കുന്ന ചോദ്യങ്ങളെയും തിരുവെഴുത്തുകളെയും അടിസ്ഥാനപ്പെടുത്തി ന്യായവാദം ചെയ്യുക. ഒരു സമയത്ത് ഒന്നുമാത്രം പരിചിന്തിക്കുക.
8 ചുവടെ ചേർക്കുന്ന യേശുക്രിസ്തുവിനെക്കുറിച്ചുളള പ്രാവചനിക വാഗ്ദത്തങ്ങളും മാതൃകകളും സംബന്ധിച്ച് ഇപ്രകാരമായിരിക്കുന്നത് എങ്ങനെയെന്ന് കാണുക. സൂചിപ്പിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകളുടെ സഹായത്തോടെ നിങ്ങൾ ഉത്തരം നൽകേണ്ടതിനാണ് ചോദ്യങ്ങൾ കൊടുത്തിരിക്കുന്നത്.
(1) യിസ്ഹാക്കിനെ ബലിചെയ്യാനുളള അബ്രാഹാമിന്റെ ശ്രമം സംബന്ധിച്ച രേഖ, തന്റെ പുത്രൻമുഖേന മറുവില പ്രദാനം ചെയ്യാൻ യഹോവ ചെയ്തതിനെ വിലമതിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ? (യോഹ. 3:16; ഉല്പ. 22:1-18 [2-ാം വാക്യത്തിൽ യിസ്ഹാക്കിനെ വർണ്ണിച്ചിരിക്കുന്നതു ശ്രദ്ധിക്കുക.])
ഇത് നമുക്ക് എന്ത് ഉറപ്പു നൽകേണ്ടതാണ്? (റോമ. 8:32, 38, 39)
എന്നാൽ നമ്മുടെ ഭാഗത്ത് എന്ത് ആവശ്യമാണ്? (ഉല്പ. 22:18; യോഹ. 3:36)
(2) യേശുവിനെ മോശെയെപ്പോലെയുളള ഒരു പ്രവാചകനായി തിരിച്ചറിയുമ്പോൾ, ബൈബിൾ നമ്മെ ഏതു ഗൗരവാവഹമായ ഉത്തരവാദിത്തം അനുസ്മരിപ്പിക്കുന്നു? (പ്രവൃ. 3:22, 23; ആവ. 18:15-19)
മത്താ. 28:18-20; 19:4-9; 18:3-6)
യേശു നമ്മോടു പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളേവ, അവ ഇപ്പോൾ കാലാനുസൃതമായിരിക്കുന്നതെന്തുകൊണ്ട്? ((3) അഹരോന്യപൗരോഹിത്യത്താൽ മുൻനിഴലാക്കപ്പെട്ടതിനെ വിശദീകരിക്കുമ്പോൾ മഹാപുരോഹിതനെന്ന നിലയിൽ യേശുവിന്റെ ഏതു ആകർഷകങ്ങളായ ഗുണങ്ങളിലേക്കു ബൈബിൾ ശ്രദ്ധതിരിക്കുന്നു? (എബ്രാ. 4:15-5:3; 7:26-28)
അതുകൊണ്ട്, നമ്മുടെ ദൗർബ്ബല്യങ്ങളെ തരണം ചെയ്യുന്നതിനുളള സഹായത്തിനുവേണ്ടി പ്രാർത്ഥനയിൽ ക്രിസ്തുവിലൂടെ ദൈവത്തെ സമീപിക്കുന്നതു സംബന്ധിച്ച് നാം എങ്ങനെ വിചാരിക്കണം?
(4) യേശുവിന്റെ ബലിയുടെ ശ്രേഷ്ഠതയുടെ കാഴ്ചപ്പാടിൽ (അതു മോശൈക ന്യായപ്രമാണപ്രകാരം അർപ്പിച്ചിരുന്നതിനെയെല്ലാം മാററി തൽസ്ഥാനത്ത് വെക്കുന്നു) ദൈവത്തിന് അപ്രീതികരമെന്ന് നമുക്കറിയാവുന്ന എന്തെങ്കിലും ചെയ്യുന്നശീലം ഒഴിവാക്കാൻ നാം വളരെ ശ്രദ്ധാലുക്കളായിരിക്കേണ്ടതെന്തുകൊണ്ട്? (എബ്രാ. 10:26, 27)
യേശുവിന്റെ ബലിയുടെ ഫലമായി സാദ്ധ്യമാക്കിയിരിക്കുന്ന ജീവന്റെ പ്രത്യാശയെ നാം യഥാർത്ഥമായി വിലമതിക്കുന്നുവെങ്കിൽ നാം ഏതു കാര്യങ്ങൾ ചെയ്യാൻ ഉത്സുകരായിരിക്കും? (എബ്രാ. 10:19-25)
നമുക്കു ക്രിസ്തുവിൽ എങ്ങനെ വിശ്വാസം പ്രകടമാക്കാം?
9. യേശുക്രിസ്തുവിലൂടെയല്ലാതെ നമുക്കു രക്ഷയില്ലാത്തതെന്തുകൊണ്ട്?
9 യേശുവിൽ പ്രവചനം എങ്ങനെ നിവൃത്തിയായിരുന്നുവെന്ന് യെരൂശലേമിലെ യഹൂദ ഹൈക്കോടതിയെ ചൂണ്ടിക്കാണിച്ചശേഷം അപ്പോസ്തലനായ പത്രോസ് ശക്തമായി ഇങ്ങനെ ഉപസംഹരിച്ചു: “മറെറാരുത്തനിലും രക്ഷയില്ല, എന്തുകൊണ്ടെന്നാൽ നാം രക്ഷിക്കപ്പെടുന്നതിന് ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ടിരിക്കുന്ന മറെറാരു നാമമില്ല.” (പ്രവൃ. 4:11, 12; സങ്കീ. 118:22) ആദാമിന്റെ സകല സന്തതികളും പാപികളാണ്. അതുകൊണ്ട് പാപത്തിന്റെ കുററവിധിയായിട്ടാണ് അവർക്കു മരണം സംഭവിക്കുന്നത്, അതിന് ആർക്കെങ്കിലും വേണ്ടി ഒരു മോചനദ്രവ്യമായി പ്രയോഗിക്കാനുളള മൂല്യമില്ല. എന്നാൽ യേശു പൂർണ്ണനായിരുന്നു, അവന്റെ ജീവാർപ്പണത്തിന് യാഗമൂല്യമുണ്ട്. (സങ്കീ. 49:6-9; എബ്രാ. 2:9) അവൻ ആദാം തന്റെ സന്തതികൾക്കു നഷ്ടപ്പെടുത്തിയതിനോടു കൃത്യമായും തുല്യമൂല്യമുളള ഒരു മോചന വില ദൈവത്തിന് അർപ്പിച്ചു. ഇത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നു?—1 തിമൊ. 2:5, 6.
10. യേശുവിന്റെ ബലി നമുക്ക് അതിയായി പ്രയോജനം ചെയ്തിരിക്കുന്ന ഒരുവിധം വിശദീകരിക്കുക.
10 അത് പാപമോചനത്താൽ നമുക്ക് ഒരു ശുദ്ധിയുളള മനഃസാക്ഷി ലഭിക്കുക സാദ്ധ്യമാക്കിയിരിക്കുന്നു—അത് മോശൈകന്യായപ്രമാണപ്രകാരമുളള മൃഗബലികൾ എന്നെങ്കിലും യിസ്രായേലിനു നേടിക്കൊടുത്തതിനെക്കാൾ വളരെ ഉപരിയായതാണ്. (പ്രവൃ. 13:38, 39; എബ്രാ. 9:13, 14) തീർച്ചയായും ഇത് നാം നമ്മോടുതന്നെ സത്യസന്ധരായിരിക്കേണ്ടതും നമുക്ക് യേശുക്രിസ്തുവിൽ യഥാർത്ഥവിശ്വാസമുണ്ടായിരിക്കേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു. നമുക്കു ക്രിസ്തുവിന്റെ ബലി എത്രയധികമാവശ്യമാണെന്ന് നാം വ്യക്തിപരമായി തിരിച്ചറിയുന്നുണ്ടോ? “‘നമുക്കു പാപമില്ല’ എന്ന പ്രസ്താവന നാം ചെയ്യുന്നുവെങ്കിൽ നാം നമ്മേത്തന്നെ വഴിതെററിക്കുകയാണ്, നമ്മിൽ സത്യമില്ല. നാം നമ്മുടെ പാപങ്ങളെ ഏററുപറയുന്നുവെങ്കിൽ, നമ്മുടെ പാപങ്ങളെ ക്ഷമിക്കാനും നമ്മെ സകല അനീതിയും നീക്കി ശുദ്ധീകരിക്കാനും തക്കവണ്ണം അവൻ വിശ്വസ്തനും നീതിമാനുമാകുന്നു.”—1 യോഹ. 1:8, 9.
11. ജലസ്നാനം ദൈവത്തിങ്കൽ ഒരു നല്ല മനഃസാക്ഷി നേടുന്നതിൽ ഒരു പ്രധാനഘടകമായിരിക്കുന്നതെന്തുകൊണ്ട്?
11 തീർച്ചയായും, തങ്ങൾ പാപികളാണെന്ന് തങ്ങൾക്കറിയാമെന്നു പറയുകയും ക്രിസ്തുവിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുകയും യേശു ചെയ്തതുപോലെ ദൈവരാജ്യത്തെക്കുറിച്ച് മററുളളവരോടു പറയുന്നതിൽ ഒരളവോളം പങ്കെടുക്കുകയും പോലും ചെയ്യുന്ന ചിലർ യേശുവിൽ പൂർണ്ണവിശ്വാസമർപ്പിക്കാതിരിക്കുന്നു. ഏതു വിധത്തിൽ? ശരി, ബൈബിളിൽ പ്രകടമാക്കിയിരിക്കുന്നപ്രകാരം, ഒന്നാം നൂററാണ്ടിലെ ആളുകൾ യഥാർത്ഥമായി വിശ്വാസികളായിത്തീർന്നപ്പോൾ, അവർ അതു പരസ്യമായി പ്രകടമാക്കിയതെങ്ങനെയായിരുന്നു? അവർ സ്നാനമേററു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ശിഷ്യൻമാരെ സ്നാനപ്പെടുത്തണമെന്ന് യേശു കല്പിച്ചിരുന്നു. (മത്താ. 28:19, 20; പ്രവൃ. 8:12; 18:8) ഒരു വ്യക്തിയുടെ ഹൃദയം യേശുക്രിസ്തുവിലൂടെ യഹോവ ചെയ്തിരിക്കുന്ന സ്നേഹനിർഭരമായ കരുതലിനാൽ യഥാർത്ഥത്തിൽ പ്രേരിതമാകുമ്പോൾ, അയാൾ പിൻമാറിനിൽക്കുകയില്ല. അയാൾ തന്റെ ജീവിതത്തിൽ ആവശ്യമായ ഏതു ക്രമീകരണങ്ങളും വരുത്തുകയും ദൈവത്തിനു തന്നേത്തന്നെ സമർപ്പിക്കുകയും ജലസ്നാനത്താൽ അതിനെ ലക്ഷ്യപ്പെടുത്തുകയും ചെയ്യും. ബൈബിൾ തെളിയിക്കുന്ന പ്രകാരം, ഈ വിധത്തിൽ വിശ്വാസം പ്രകടമാക്കുന്നതിനാലാണ് അയാൾ ‘ഒരു നല്ല മനഃസാക്ഷിക്കായി ദൈവത്തോട് അപേക്ഷിക്കുന്നത്.’—1 പത്രോ. 3:21.
12. നാം ഒരു പാപം ചെയ്തിരിക്കുന്നതായി തിരിച്ചറിയുന്നുവെങ്കിൽ നാം അതു സംബന്ധിച്ച് എന്തു ചെയ്യണം, എന്തുകൊണ്ട്?
12 തീർച്ചയായും, അതിനുശേഷവും പാപപൂർണ്ണമായ സ്വഭാവരീതികൾ പ്രകടമാകും. അപ്പോഴെന്ത്? “നിങ്ങൾ ഒരു പാപവും ചെയ്യാതിരിക്കാൻ ഞാൻ ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതുകയാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറയുകയുണ്ടായി. അതുകൊണ്ട് നാം പ്രവൃത്തിയിലോ സംസാരത്തിലോ മനോഭാവത്തിലോ പ്രകടമാകുന്നതായാലും നമ്മിലെ പാപത്തെ നിസ്സാരമായി അവഗണിക്കാവുന്നതല്ല. “എന്നിരുന്നാലും, ആരെങ്കിലും ഒരു പാപം ചെയ്യുകതന്നെ ചെയ്യുന്നുവെങ്കിൽ, നമുക്ക് പിതാവിനോടുകൂടെ ഒരു സഹായി, ഒരു നീതിമാൻ, യേശുക്രിസ്തു, ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമാകുന്നു, നമ്മുടേതിനു മാത്രമല്ല, പിന്നെയോ മുഴു ലോകത്തിന്റേതിനും.” (1 യോഹ. 2:1, 2) നാം എന്തു ചെയ്താലും ‘ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ’ എന്നു നാം ദൈവത്തോടു പ്രാർത്ഥിക്കുന്നുവെങ്കിൽ എല്ലാം ശുഭമായിരിക്കും എന്ന് അതിനർത്ഥമുണ്ടോ? ഇല്ല. ക്ഷമക്കുളള അടിസ്ഥാനം യഥാർത്ഥ അനുതാപമാണ്. ക്രിസ്തീയ സഭയിലെ മൂപ്പൻമാരിൽനിന്നുളള സഹായവും ആവശ്യമായേക്കാം. ചെയ്യപ്പെട്ടതിന്റെ തെററ് നാം തിരിച്ചറിയുകയും അതു സംബന്ധിച്ച് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും തത്ഫലമായി അത് ആവർത്തിക്കുന്നതൊഴിവാക്കാൻ ആത്മാർത്ഥശ്രമം നടത്തുകയും ചെയ്യേണ്ടതാണ്. (പ്രവൃ. 3:19; യാക്കോ. 5:13-16) നാം ഇതു ചെയ്യുന്നുവെങ്കിൽ, യേശുവിന്റെ സഹായം ലഭിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവന്റെ ബലിയുടെ പാപപരിഹാരമൂല്യത്തിലുളള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയുടെ ആനുകൂല്യത്തിലേക്കുളള പുനഃസ്ഥിതീകരണം സാദ്ധ്യമാണ്. നമ്മുടെ ആരാധന അവനു സ്വീകാര്യമായിരിക്കാൻ ഇത് ആവശ്യമാണ്.
13. (എ) യേശുവിന്റെ ബലി നമുക്ക് പ്രയോജനം ചെയ്തിരിക്കുന്ന മറെറാരു വിധം വിശദീകരിക്കുക. (ബി) നമ്മുടെ ദൈവികസേവനം നമുക്ക് ഈ പ്രതിഫലം നേടിത്തരുന്നില്ലാത്തതെന്തുകൊണ്ട്? (സി) എന്നാൽ നമുക്ക് യഥാർത്ഥത്തിൽ വിശ്വാസമുണ്ടെങ്കിൽ, നാം എന്തു ചെയ്യുന്നതായിരിക്കും?
13 യേശുവിന്റെ ബലി നമുക്ക് നിത്യജീവന്റെ അവസരം തുറന്നു തരികയും ചെയ്തു.—ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിന് സ്വർഗ്ഗത്തിലും മനുഷ്യവർഗ്ഗത്തിൽ ശേഷിച്ച ശതകോടികൾക്ക് ഒരു പരദീസാഭൂമിയിലും. (ലൂക്കോ. 12:32; വെളി. 20:11, 12; 21:3, 4) ഇതു നാം നേടിയെടുക്കുന്ന ഒരു പ്രതിഫലമല്ല. നാം യഹോവയുടെ സേവനത്തിൽ എത്രയധികം ചെയ്താലും നമുക്കു ജീവൻ നൽകാൻ ദൈവത്തിനു കടപ്പാടുണ്ടാക്കത്തക്ക യോഗ്യത നമുക്കു പരിപുഷ്ടിപ്പെടുത്താൻ കഴിയുകയില്ല. നിത്യജീവൻ “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖേന . . . ദൈവം നൽകുന്ന ദാന”മാണ്. (റോമ. 6:23; എഫേ. 2:8-10) എന്നുവരികിലും, നമുക്ക് ആ ദാനത്തിൽ വിശ്വാസവും അത് സാദ്ധ്യമാക്കിയ രീതിയോടുളള വിലമതിപ്പുമുണ്ടെങ്കിൽ നാം അതു പ്രത്യക്ഷമാക്കും. യഹോവ തന്റെ ഇഷ്ടം നിറവേററുന്നതിൽ എത്ര അത്ഭുതകരമായി യേശുവിനെ ഉപയോഗിച്ചിരിക്കുന്നുവെന്നും നമ്മളെല്ലാം യേശുവിന്റെ കാൽചുവടുകളെ അടുത്തു പിന്തുടരുന്നത് എത്ര മർമ്മ പ്രധാനമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് നാം ക്രിസ്തീയ ശുശ്രൂഷയെ നമ്മുടെ ജീവിതത്തിലെ അതിപ്രധാന സംഗതികളിലൊന്നാക്കും. നാം ദൈവത്തിന്റെ ഈ മഹനീയ ദാനത്തെക്കുറിച്ച് മററുളളവരോടു പറയുന്നതിലുളള ബോധ്യത്തിൽനിന്ന് നമ്മുടെ വിശ്വാസം തെളിയും.—പ്രവൃ. 20:24 താരതമ്യപ്പെടുത്തുക.
14. യേശുക്രിസ്തുവിലുളള അത്തരം വിശ്വാസത്തിന് ഒരു ഏകീകരണ ഫലം ഉളളതെങ്ങനെ?
14 അങ്ങനെയുളള വിശ്വാസത്തിന് എത്ര നല്ല ഏകീകരണ ഫലമാണുളളത്! അതു മുഖേന നാം യഹോവയാം ദൈവത്തിങ്കലേക്കും അവന്റെ പുത്രനിലേക്കും ക്രിസ്തീയ സഭയ്ക്കുളളിലെ ഓരോരുത്തരിലേക്കും അടുപ്പിക്കപ്പെട്ടു. (1 യോഹ. 3:23, 24) “സ്വർഗ്ഗത്തിലുളളവരുടെയും ഭൂമിയിലുളളവരുടെയും ഭൂമിക്കടിയിലുളളവരുടെയുമായി ഏതു മുഴങ്കാലും യേശുവിന്റെ നാമത്തിൽ മടങ്ങുകയും ഏതു നാവും പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി യേശുക്രിസ്തു കർത്താവാകുന്നുവെന്ന് പരസ്യമായി സമ്മതിച്ചു പറയുകയും ചെയ്യേണ്ടതിന് [ദൈവനാമം ഒഴിച്ചുളള] വേറെ ഏതു നാമത്തിനും മീതെയുളള നാമം” യഹോവ തന്റെ പുത്രന് സദയം കൊടുത്തിരിക്കുന്നതിൽ നാം സന്തോഷിക്കാൻ അതിടയാക്കുന്നു.—ഫിലി. 2:9-11.
പുനരവലോകന ചർച്ച
● മശിഹാ പ്രത്യക്ഷപ്പെട്ടപ്പോൾ ദൈവവചനം യഥാർത്ഥമായി വിശ്വസിച്ചവർക്ക് അവൻ ആരാണെന്നു വ്യക്തമായിരുന്നതെന്തുകൊണ്ട്?
● പേജ് 34-ൽ ചിത്രീകരിച്ചിരിക്കുന്നപ്രകാരം യേശുവിൽ നിവർത്തിച്ച പ്രാവചനിക മാതൃകകൾ നമ്മെ എങ്ങനെ ബാധിക്കണം?
● യേശുവിന്റെ ബലി ഏതു വിധങ്ങളിൽ ഇപ്പോൾത്തന്നെ നമുക്കു പ്രയോജനം ചെയ്തിരിക്കുന്നു? നമുക്ക് അതിനോടുളള വിലമതിപ്പ് എങ്ങനെ പ്രകടമാക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[34-ാം പേജിലെ ചതുരം/ചിത്രം]
യേശുവിനെ സംബന്ധിച്ച പ്രാവചനിക മാതൃകകൾ—അവ നിങ്ങളെ എങ്ങനെ ബാധിക്കണം?
അബ്രാഹാം യിസ്ഹാക്കിനെ ബലിചെയ്യുന്നു
മോശെ ദൈവത്തിന്റെ വക്താവെന്ന നിലയിൽ
അഹരോൻ മഹാപുരോ ഹിതനെന്ന നിലയിൽ
മൃഗബലികൾ