സത്യദൈവമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തുക
അധ്യായം 2
സത്യദൈവമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തുക
1. (എ) സത്യദൈവം ആരാണ്? (ബി) നാം അവനെക്കുറിച്ച് പഠിക്കുമ്പോൾ നമ്മുടെ സ്വന്തം ജീവിതം എങ്ങനെ ബാധിക്കപ്പെടണം?
1 ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ അനേകരുണ്ടെങ്കിലും, “യഥാർത്ഥത്തിൽ പിതാവായ ഏകദൈവമേ നമുക്കുളളു. . .യേശുക്രിസ്തു എന്ന ഏക കർത്താവുമുണ്ട്” എന്ന് അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികൾക്ക് എഴുതുകയുണ്ടായി. (1 കൊരി. 8:5, 6) പൗലോസ് പരാമർശിച്ച “ഏകദൈവം” സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാണ്. (ആവ. 6:4; വെളി. 4:11) അവന്റെ ഗുണങ്ങളെയും മനുഷ്യവർഗ്ഗത്തിനുവേണ്ടി അവൻ ചെയ്തിട്ടുളള കാര്യങ്ങളെയും കുറിച്ചു പഠിക്കുന്ന വിലമതിപ്പുളളവർ അവനിലേക്ക് അപ്രതിരോധ്യമായി ആകർഷിക്കപ്പെടുന്നതായി കാണുന്നു. ഫലമെന്താണ്? അവർ അത്യന്തം ആദരിക്കുന്ന ആ ഏകനെ വാക്കുകളാലും പ്രവൃത്തികളാലും മഹിമപ്പെടുത്തുന്നത് സ്വാഭാവികം മാത്രമാണ്. തങ്ങളുടെ ദൈവസ്നേഹം വളർന്ന് വരുന്നതനുസരിച്ച് മററുളളവരോട് അവനെക്കുറിച്ച് പറയുന്നതിനു അവർ പ്രേരിതരാകുന്നു, മനുഷ്യരെന്നനിലയിൽ സാദ്ധ്യമാകുന്നടത്തോളം അവനെ അനുകരിക്കുന്നതിനും അവർ ആഗ്രഹിക്കുന്നു. “പ്രിയമക്കൾ എന്നപോലെ, ദൈവത്തിന്റെ അനുകാരികളായിത്തീരുകയും, സ്നേഹത്തിൽ തുടർന്നുനടക്കുകയും ചെയ്യുക” എന്നു പറഞ്ഞുകൊണ്ട് അതു ചെയ്യാൻ ബൈബിൾ നമ്മെയെല്ലാം പ്രോത്സാഹിപ്പിക്കുന്നു. (എഫേ. 5:1, 2) ആ ബുദ്ധിയുപദേശം ബാധകമാക്കുന്നതിന്, നാം യഹോവയെ അവൻ വാസ്തവത്തിൽ ആയിരിക്കുന്ന പ്രകാരം അറിയേണ്ടതുണ്ട്.
യഹോവ ഏതുതരം വ്യക്തി
2. ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന അവന്റെ ചില പ്രമുഖ ഗുണങ്ങളേവ?
2 ദൈവത്തിന്റെ പ്രമുഖഗുണങ്ങളെ തിരിച്ചറിയിക്കുന്ന നേരിട്ടുളള നിരവധി പ്രസ്താവനകൾ ബൈബിളിലുടനീളം കാണുന്നുണ്ട്. നിങ്ങൾ അവ വായിക്കുമ്പോൾ, ആ ഗുണങ്ങൾ യഥാർത്ഥത്തിൽ എന്താണെന്നും അവ നിങ്ങൾക്ക് എത്ര പ്രധാനമാണെന്നും ചിന്തിക്കുന്നതിനു സമയമെടുക്കുക. ദൃഷ്ടാന്തത്തിന്: “ദൈവം സ്നേഹമാകുന്നു.” (1 യോഹ. 4:8) “അവന്റെ വഴികളെല്ലാം ന്യായമാകുന്നു.” (ആവ. 32:4) ‘അവനിൽ ജ്ഞാനമുണ്ട്.’ (ഇയ്യോ. 12:13) അവൻ “ശക്തിയിൽ ഊർജ്ജസ്വല”നാകുന്നു. (യെശ. 40:26) നിങ്ങൾ ഈ ഗുണവിശേഷങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ, ദൈവത്തോടുളള ആദരവിൽനിന്ന് അവനെ സ്തുതിക്കാൻ നിങ്ങൾ പ്രേരിതരാകുന്നില്ലേ?
3. യഹോവയുടെ വ്യക്തിത്വത്തിന്റെ വേറെ ഏതു വശങ്ങൾ വളരെ ആകർഷകമാണ്?
3 യഹോവയുടെ ആകർഷകമായ വ്യക്തിത്വത്തെ നമുക്കു കൂടുതലായി, പരിചയപ്പെടുത്തിത്തന്നുകൊണ്ട് യഹോവ “കരുണയും കൃപയുമുളളവനും കോപത്തിനു താമസമുളളവനും സ്നേഹദയയിലും സത്യത്തിലും സമൃദ്ധനുമായ ഒരു ദൈവമാകുന്നു”വെന്ന് ബൈബിൾ പറയുന്നു. (പുറ. 34:6) “യഹോവേ, നീ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനുമാകുന്നു.” (സങ്കീ. 86:5) “യഹോവയെ സംബന്ധിച്ചാണെങ്കിൽ, തന്നിൽ പൂർണ്ണഹൃദയമുളളവർക്കുവേണ്ടി തന്റെ ശക്തി പ്രകടമാക്കാൻ അവന്റെ കണ്ണുകൾ സർവ്വഭൂമിയിലും ചുററിസഞ്ചരിക്കുകയാകുന്നു.” (2 ദിനവൃ. 16:9) “ദൈവം പക്ഷപാതിത്വമുളളവനല്ല, എന്നാൽ ഏതു ജനതയിലും തന്നെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്.” (പ്രവൃ. 10:34, 35) യഹോവ “ഉദാരമായി കൊടുക്കുന്നു.” അവൻ “സന്തുഷ്ടനായ ദൈവമാകുന്നു.” (യാക്കോ. 1:5; 1 തിമൊ. 1:11) ഈ അതുല്യനായ ദൈവത്തെ സേവിക്കുന്നതും അവന്റെ സ്നേഹമസൃണമായ പരിപാലനം അനുഭവിക്കുന്നതും എത്ര നവോൻമേഷപ്രദമാണ്!
4. (എ) യഹോവ ഏതുതരം ഭക്തി ആവശ്യപ്പെടുന്നു, അത് എത്ര പ്രധാനമാണ്? (ബി) സങ്കീർത്തനം 34:3 എന്തിൽ പങ്കുചേരാൻ നമ്മെ ക്ഷണിക്കുന്നു?
4 അവൻ “സമ്പൂർണ്ണമായ ഭക്തി നിഷ്ക്കർഷിക്കുന്ന ഒരു ദൈവമാണെ”ന്നുളള വസ്തുത അവന്റെ ഗുണവിശേഷങ്ങൾക്കനുയോജ്യമാണ്. (പുറ. 20:5) അവനെ സ്വീകാര്യമായി സേവിക്കുന്നതിന് നാം അവന് പൂർണ്ണഭക്തി കൊടുക്കേണ്ടതാണ്. സാത്താൻ ദൈവമായിരിക്കുന്ന ലോകത്തെക്കൂടെ സ്നേഹിക്കാൻ നമുക്കു സാദ്ധ്യമല്ല. (1 യോഹ. 2:15-17; 2 കൊരി. 4:3, 4) നീതിയുടെ പൊളളയായ നാട്യം യഹോവയ്ക്കു കാണാൻ കഴിയും. നാം ചെയ്യുന്നതു മാത്രമല്ല, നാം അതിനെക്കുറിച്ചു വിചാരിക്കുന്നതും നാം ഏതുതരം ആളുകളായിരിക്കാൻ ശ്രമിക്കുന്നുവെന്നതും അവന് പൂർണ്ണമായി അറിയാം. നാം യഥാർത്ഥമായി നീതിയെ സ്നേഹിക്കുന്നുവെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നു. (യിരെ. 17:10; സദൃശ. 15:9) യഹോവയുടെ വ്യക്തിത്വ സവിശേഷത നിമിത്തം, ഭൂവ്യാപകമായി ദശലക്ഷക്കണക്കിനാളുകൾ “ജനങ്ങളേ, നിങ്ങൾ എന്നോടൊത്ത് യഹോവയെ മഹിമപ്പെടുത്തുവിൻ, നമുക്ക് ഒത്തുചേർന്ന് അവന്റെ നാമത്തെ ഉയർത്താം” എന്ന ബൈബിൾ സങ്കീർത്തനക്കാരന്റെ ആഹ്വാനം സന്തോഷപൂർവ്വം സ്വീകരിച്ചിരിക്കുന്നു. (സങ്കീ. 34:3) നിങ്ങൾ അവരിലൊരാളാണോ?
5. യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചുളള നമ്മുടെ പഠനത്തിൽനിന്ന് പൂർണ്ണപ്രയോജനം നേടാൻ നമ്മെ എന്തു സഹായിക്കും?
5 ദൈവത്തെക്കുറിച്ചു സംസാരിക്കാനുളള നിങ്ങളുടെ ആഗ്രഹം ശക്തമായിത്തീരും. നിങ്ങൾ അവന്റെ മഹനീയ ഗുണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ അവനെ അനുകരിക്കാനുളള നിങ്ങളുടെ ശ്രമത്തിൽ നിങ്ങൾ അതിയായി സഹായിക്കപ്പെടും. (1) ഓരോ ഗുണവും കൃത്യമായി എന്താണെന്ന് ഒരുപക്ഷേ അതിനെ മററു ഗുണങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്താണെന്നും, (2) യഹോവ അത് എങ്ങനെ ആരോടു പ്രകടമാക്കിയിരിക്കുന്നുവെന്നും, (3) നിങ്ങൾക്ക് അത് എങ്ങനെ പ്രകടമാക്കാൻ കഴിയുമെന്നും അല്ലെങ്കിൽ അത് നിങ്ങളുടെ വീക്ഷണഗതിയെ എങ്ങനെ ബാധിക്കണമെന്നും കണ്ടുപിടിക്കുക.
6. സ്നേഹത്തെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചുകൊണ്ട് യഹോവയുടെ ഗുണങ്ങളെ എങ്ങനെ പരിശോധിക്കാമെന്നു പ്രകടമാക്കുക. ഈ ഖണ്ഡികയുടെ ഒടുവിലുളള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് ഇതു ചെയ്യുകയും നിങ്ങളുടെ ഉത്തരങ്ങളിൽ തിരുവെഴുത്തുകൾ ഉൾപ്പെടുത്തുകയും ചെയ്യുക.
6 ഇവിടെ ഒരു ദൃഷ്ടാന്തം മാത്രം പരിചിന്തിക്കുക. “ദൈവം സ്നേഹം ആകുന്നു” എന്ന് ബൈബിൾ പറയുമ്പോൾ അത് എന്തർത്ഥമാക്കുന്നു? (1 യോഹ. 4:8) തീർച്ചയായും പലതരം സ്നേഹമുണ്ട്. ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം അഗാപെ ആണ്. അത് ഏററവും ഉയർന്ന രൂപത്തിലുളള സ്നേഹമാണ്. യഹോവയാം ദൈവം തന്നെയാണ് അതിന്റെ ഉദാഹരണം. അങ്ങനെയുളള സ്നേഹം തികഞ്ഞ നിസ്വാർത്ഥതയുടെ ഒരു പ്രകടനമാണ്. അത് മനസ്സിൽ പിടിച്ചുകൊണ്ട് ചുവടെ ചേർക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഉത്തരങ്ങൾ ആവിഷ്ക്കരിക്കുക, സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിക്കുക.
യഹോവയുടെ സൃഷ്ടിക്രിയകളിൽ ഈ ഗുണം എങ്ങനെ പ്രകടമാക്കപ്പെടുന്നു? (പ്രവൃ. 14:16, 17)
മനുഷ്യവർഗ്ഗത്തോടുളള യഹോവയുടെ സ്നേഹത്തിന്റെ ഏററം മുന്തിയ ദൃഷ്ടാന്തമെന്ത്? (യോഹ. 3:16) യഹോവ ഇതു ചെയ്തത് മമനുഷ്യന്റെ നൻമ നിമിത്തമാണോ? (റോമ. 5:8)
യഹോവ തന്റെ പുത്രൻ മുഖാന്തരം ചെയ്തത് നാം നമ്മുടെ ജീവിതത്തെ വിനിയോഗിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം? (സഹക്രിസ്ത്യാനികളോട് നമുക്ക് അതേതരം സ്നേഹമുണ്ടെന്ന് ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് ഏതു വിധങ്ങളിൽ പ്രകടമാക്കാം? (1 കൊരി. 13:4-7; 1 യോഹ. 4:10, 11; 3:16-18)
നാം വേറെ ആരോടും സ്നേഹം പ്രകടമാക്കേണ്ടതാണ്, എങ്ങനെ? (മത്താ. 5:43-48; 28:19, 20; ഗലാ. 6:10)
7. നിങ്ങളുടെ വ്യക്തിപരമായ പഠനത്തിൽ യഹോവയുടെ മററു ഗുണങ്ങളെ സംബന്ധിച്ച സമാനവിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും?
7 യഹോവയുടെ മററു ചില ഗുണങ്ങൾ കൂടെ പരിശോധിക്കാൻ നിങ്ങൾക്കിഷ്ടമുണ്ടോ? തുടക്കമെന്ന നിലയിൽ, വ്യക്തിപരമായ പഠനത്തിൽ “നീതിയും” “ജ്ഞാനവും,” അനന്തരം ഒരുപക്ഷേ “സ്നേഹദയയും” “കരുണ”യും ശ്രമിച്ചുനോക്കരുതോ? വാച്ച്ടവർ പ്രസിദ്ധീകരണങ്ങളുടെയും ഒരു ബൈബിൾ കോൺകോഡൻസിന്റെയും ഉപയോഗത്താൽ, നിങ്ങൾ പ്രകാശനം നൽകുന്ന ധാരാളം വിവരങ്ങൾ കണ്ടെത്തും.
ദൈവത്തെക്കുറിച്ചുളള സത്യം പഠിക്കാൻ മററുളളവരെ സഹായിക്കുക
8. (എ) ലോകത്തിലെ ആളുകൾ ഏതു ദൈവങ്ങളെ ആരാധിക്കുന്നു? (ബി) ഈ കുഴപ്പത്തിന്റെയെല്ലാം പിമ്പിൽ ആരാണുളളത്, നിങ്ങൾ അങ്ങനെ പറയുന്നതെന്തുകൊണ്ട്?
8 സത്യദൈവാരാധനയോടുളള എതിർപ്പിൽ, മനുഷ്യർ അക്ഷരീയമായി ദശലക്ഷക്കണക്കിന് മററുദൈവങ്ങളെ ആരാധിക്കുന്നുണ്ട്. നാലാം നൂററാണ്ടിൽ ക്രൈസ്തവലോകം ബാബിലോന്യരും ഈജിപ്ററുകാരും ഹിന്ദുക്കളും ബുദ്ധമതക്കാരും നേരത്തെ പഠിപ്പിച്ചിരുന്ന ഒരു “ത്രിത്വ”ത്തിലുളള വിശ്വാസം സ്വീകരിച്ചു. ദൈവത്തെ സംബന്ധിച്ച ഈ സങ്കൽപ്പത്തിനു പുറമേ, ദൈവങ്ങളെപ്പോലെ വിഗ്രഹങ്ങളാക്കപ്പെട്ടിരിക്കുന്ന ശക്തരായ ഭരണാധികാരികളും പ്രമുഖ കായികാഭ്യാസികളും ഗായകരുമുണ്ട്. പണവും അഹവും ലൈംഗികതയും ആവേശപൂർവ്വമായ ഭക്തി അർപ്പിക്കപ്പെടുന്ന ദൈവങ്ങളായിത്തീർന്നിട്ടുണ്ട്. അതിന്റെയെല്ലാം പിമ്പിൽ ആരാണുളളത്? “ഈ വ്യവസ്ഥിതിയുടെ ദൈവ”മായ പിശാചായ സാത്താൻ. (2 കൊരി. 4:4; 1 കൊരി. 10:20.) ചിന്തനീയമായ ഏത് ഉപായങ്ങളാലും ആളുകളെ യഹോവയിൽനിന്ന് അകററാൻ അല്ലെങ്കിൽ അവരുടെ ഭക്തിയെ വിഭജിക്കാനെങ്കിലും അവൻ ശ്രമിക്കുകയാണ്.
9. ദൈവത്തെ സംബന്ധിച്ച സത്യം പഠിക്കുന്നതിന് ഏതൊരാളെയും സഹായിക്കുന്നതിനുളള ഏററം നല്ല മാർഗ്ഗമെന്ത്?
9 ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരായാലും മററുളളവരായാലും അങ്ങനെയുളള ആളുകളെ ദൈവത്തെക്കുറിച്ചുളള സത്യം അറിയാൻ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും? ഏററം നല്ല വഴികളിലൊന്ന് സത്യദൈവം ആരെന്നും അവൻ ഏതുതരം ആളാണെന്നും ബൈബിൾതന്നെ പറയുന്നത് സഹായകമായ ഒരു രീതിയിൽ അവരെ കാണിച്ചുകൊടുക്കുന്നതാണ്. അനന്തരം നമ്മുടെ സ്വന്തം ജീവിതത്തിൽ ദൈവികഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന നടത്തയാൽ നാം അതിനു പിൻബലം കൊടുക്കേണ്ടതുണ്ട്.—1 പത്രോ. 2:12.
10. ഒരു ത്രിത്വവിശ്വാസിയോടു സംസാരിക്കുമ്പോൾ, അയാൾ വിശ്വസിക്കുന്നതെന്തെന്ന് നമുക്ക് കൃത്യമായി അറിയാമെന്ന് സങ്കൽപ്പിക്കുന്നത് ജ്ഞാനമല്ലാത്തതെന്തുകൊണ്ട്?
10 എന്നാൽ “ത്രിത്വ”ത്തിലുളള വിശ്വാസം തിരുവചനാനുസൃതമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവലോകത്തിലെ സഭാംഗങ്ങളിൽ ചിലർ നിങ്ങളോടു വാദിക്കുന്നുവെങ്കിലോ? ഒന്നാമതായി, “ത്രിത്വോ”പദേശം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളുണ്ടെങ്കിലും അനേകർക്കും സ്വന്തം ആശയങ്ങളുണ്ടെന്ന് തിരിച്ചറിയുക. അവരുടെ ആശയങ്ങൾ പറയാൻ അവരെ ക്ഷണിക്കുക. അനന്തരം അവരുടെ വിശ്വാസങ്ങളെ അവരുടെ സ്വന്തം ബൈബിളിലുളളതുമായി താരതമ്യപ്പെടുത്താൻ അവരെ സഹായിക്കുക. കാലക്രമത്തിൽ ഔദ്യോഗിക സഭാപഠിപ്പിക്കലിനെ ദൈവവചനവുമായി താരതമ്യപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കുക.
11. ഒരു സമയത്ത് അഞ്ചു മുഖ്യപോയിൻറുകളിലൊന്ന് വീതം എടുത്തുകൊണ്ട്, ത്രിത്വത്തിന്റെ തിരുവെഴുത്തു വൈരുദ്ധ്യം സംബന്ധിച്ച് ന്യായവാദം ചെയ്യാൻ ഈ ഖണ്ഡികയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കുക.
11 ആത്മാർത്ഥതയുളളവരെ സഹായിക്കാനുളള ആഗ്രഹം മനസ്സിൽ പിടിച്ചുകൊണ്ട്, താഴെ പറഞ്ഞിരിക്കുന്ന ആശയങ്ങളെക്കുറിച്ച് ന്യായവാദം ചെയ്യാൻ അവയോടുകൂടെ തന്നിരിക്കുന്ന തിരുവെഴുത്തുകളെ എങ്ങനെ ഉപയോഗിക്കാമെന്ന് പരിചിന്തിക്കുക:
(1) മൂന്നു ദിവ്യ ആളുകൾ (പിതാവും പുത്രനും പരിശുദ്ധാത്മാവും) ഉണ്ടെന്നും എന്നാൽ ഒരു ദൈവമേ ഉളളുവെന്നുമുളള ആശയത്തെ ചില ത്രിത്വവിശ്വാസികൾ ഊന്നിപ്പറയുന്നു.
എന്നാൽ പ്രവൃത്തികൾ 2:4, 17 “പരിശുദ്ധാത്മാവ്” ഒരു ആളാണെന്ന് സൂചിപ്പിക്കുന്നുണ്ടോ?
പിൻവരുന്ന ഓരോ തിരുവെഴുത്തിലും എത്ര ആളുകളെ പരാമർശിച്ചിട്ടുണ്ടെന്ന് ഗൗനിക്കുന്നത് സഹായകമായിരിക്കുന്നതെന്തുകൊണ്ട്? (യോഹ. 17:20-22; പ്രവൃ. 7:56; വെളി. 7:10)
(2) “ത്രിത്വ”ത്തിലെ എല്ലാ അംഗങ്ങളും തുല്യ മഹത്വമുളളവരാണെന്നും ആരും മറെറാരാളെക്കാൾ വലിയവനോ ചെറിയവനോ അല്ലെന്നും
അവർ സഹതുല്യരും സഹനിത്യരുമാണെന്നും ചിലർ വിശ്വസിക്കുന്നു.തിരുവെഴുത്തുകൾ ഇതിനോടു യോജിക്കുന്നുവോ? (ഉത്തരത്തിന് യോഹന്നാൻ 14:28; മത്തായി 24:36; വെളിപ്പാട് 3:14 ഇവ കാണുക.)
(3) ചിലർ “ത്രിത്വ”ത്തിന്റെ തെളിവായി 1 യോഹന്നാൻ 1:1-ലേക്കു വിരൽചൂണ്ടുന്നു. ഗ്രീക്ക് പാഠത്തിൽ ഇവിടെ (“ഒരു”) എന്ന അനിശ്ചയോപപദമില്ലെന്നും തന്നിമിത്തം “ഒരു ദൈവമായിരുന്നു” എന്നതിനു പകരം “വചനം ദൈവമായിരുന്നു” എന്ന് ആ തിരുവെഴുത്തു വായിക്കപ്പെടേണ്ടതാണെന്നും അവർ വാദിക്കുന്നു.
എന്നാൽ യോഹന്നാൻ 1:1-ൽ എത്ര ആളുകളെക്കുറിച്ചു പറയുന്നുണ്ട്? മൂന്നോ? അതോ രണ്ടോ? യോഹന്നാൻ 1:18-ഉം “ത്രിത്വോ”പദേശത്തിന് വിരുദ്ധമായിരിക്കുന്നതെങ്ങനെ?
ഗ്രീക്കിൽ അനിശ്ചയോപപദമില്ലെന്നുളളതു സത്യംതന്നെ, എന്നാൽ അനേകം ഭാഷകൾക്കുണ്ട്. അതുകൊണ്ട് ആശയങ്ങൾ ശരിയായി പ്രകാശിപ്പിക്കാനാണ് ആ ഭാഷകളിൽ അത് ഉപയോഗിക്കുന്നത്. യോഹന്നാൻ 1:1 വിവർത്തനം ചെയ്യുമ്പോൾ അനിശ്ചയോപപദം ഉപയോഗിക്കുന്നത് തെററാണെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ ജയിംസ് രാജാവിന്റെ ഭാഷാന്തരവും മററുളളവയുമനുസരിച്ച് പ്രവൃത്തികൾ 28:6ലും അതു വിട്ടുകളയാൻ അയാൾ ആഗ്രഹിക്കുമോ? (ഒരു അമേരിക്കൻ ഭാഷാന്തരത്തിൽ പ്രകടമാക്കിയിരിക്കുന്ന പ്രകാരം “വചനം ദിവ്യനായിരുന്നു” എന്ന് മറെറാരു വിധത്തിൽ യോഹന്നാൻ 1:1 വിവർത്തനം ചെയ്യാം, അതായത് അവന് ദൈവത്തിനുണ്ടായിരുന്ന അതേ ദിവ്യഗുണങ്ങൾ ഉണ്ടായിരുന്നു.)
(4) ഉല്പത്തി 1:1, 26-ൽ “ദൈവം” എന്ന് ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന പദം എലോഹിം ആണെന്നും അത് എബ്രായയിൽ ബഹുവചനമാണെന്നും യഥാർത്ഥത്തിൽ അതിന് “ദൈവങ്ങൾ” എന്നാണർത്ഥമെന്നും ത്രിത്വവിശ്വാസികൾ വാദിക്കുന്നു.
അത് “ഒരു ദൈവ”ത്തിലെ മൂന്ന് ദിവ്യ ആളുകളെന്ന ഉപദേശത്തെ പിന്താങ്ങുന്നില്ലാത്തതെന്തുകൊണ്ട്?
ഉല്പത്തി 1:1-ൽ അത് ഒരു “ത്രിത്വ”ത്തെ സൂചിപ്പിക്കുന്നുവെങ്കിൽ ന്യായാധിപൻമാർ 16:23-ൽ അത് എന്തു സൂചിപ്പിക്കുന്നു? അവിടെ “ദൈവം” എന്നതിന് എലോഹിം ആണ് ഉപയോഗിക്കുന്നത്, ബഹുവചനക്രിയ ഉപയോഗിക്കാതെ ഏകവചനത്തിലുളള എബ്രായ ക്രിയയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
എബ്രായയിലുളള ഈ വാക്യങ്ങളിൽ ദൈവത്തിന്റെ ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നതെന്തുകൊണ്ട്? എബ്രായ ഭാഷയിൽ ശ്രേഷ്ഠതയുടെ അഥവാ മഹത്വത്തിന്റെ ആശയം പ്രകടമാക്കാനുളള ഒരു മാർഗ്ഗമാണ് ഇത്. ഒന്നിലധികം ആളുകളെ ഉദ്ദേശിക്കുന്നുണ്ടായിരുന്നെങ്കിൽ പിന്നാലെ വരുന്ന ക്രിയയും ബഹുവചനത്തിലായിരിക്കുമായിരുന്നു. എന്നാൽ മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽ ക്രിയകൾ ബഹുവചനത്തിലല്ല.
(5) സഭകൾ യേശുവിനു കൊടുക്കുന്ന ഊന്നൽ നിമിത്തം (അതോടൊപ്പം അനേകം ബൈബിൾ ഭാഷാന്തരങ്ങളിൽ നിന്ന് യഹോവയെന്ന നാമം നീക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയും) ദൈവത്തെക്കുറിച്ച് പറയുമ്പോൾ യേശുവിനെക്കുറിച്ച് മാത്രമാണ് ചിലർ ചിന്തിക്കുന്നത്.
എന്നാൽ ആരാധനയിൽ എന്തു ദൃഷ്ടാന്തമാണ് യേശു നമുക്കനുകരിക്കാൻ വെച്ചത്? (ലൂക്കോ. 4:8)
12. യേശു തന്റെ പിതാവിനെ ഉചിതമായി “ഏകസത്യദൈവം” എന്നു സംബോധന ചെയ്തതെന്തുകൊണ്ട്?
12 തിരുവെഴുത്തുകളിൽ യേശുവിനെക്കുറിച്ച് “ഒരു ദൈവം” എന്നോ “ശക്തനായ ദൈവം” എന്നുപോലുമോ പറയുന്നുവെങ്കിലും അവൻ പിതാവിനെ “എന്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു പരാമർശിച്ചുകൊണ്ട് മഹിമപ്പെടുത്തുകയുണ്ടായി. (യോഹ. 1:1; 20:17; യെശ. 9:6) വളരെ മുമ്പുതന്നെ “യഹോവയാകുന്നു സത്യദൈവം; അവനു പുറമേ മററാരുമില്ല” എന്നു പ്രസ്താവിച്ചിരുന്ന മോശെയോട് അവൻ യോജിച്ചു. (ആവ. 4:35) വിഗ്രഹങ്ങളും ദൈവീകരിക്കപ്പെട്ട മനുഷ്യരും പിശാചായ സാത്താനും പോലെയുളള ആരാധനാ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായിട്ടാണ് യഹോവ നിലകൊളളുന്നത്. അവരിൽനിന്നെല്ലാം വ്യത്യസ്തമായി, യഹോവ, യേശു അവനെ വിളിച്ച പ്രകാരം “ഏകസത്യദൈവ”മാണ്.—യോഹ. 17:3.
“യഹോവയുടെ നാമത്തിൽ നടക്കുക”
13, 14. യഹോവയുടെ നാമം “അറിയുന്ന”തിലും ‘അതിൽ നടക്കുന്ന’തിലും ഉൾപ്പെട്ടിരിക്കുന്നതെന്ത്?
13 ദൈവം ആരാണെന്നുളളതു സംബന്ധിച്ച് വർഷങ്ങളിലെ കുഴച്ചിലിനുശേഷം, തങ്ങളുടെ ബൈബിളിൽ യഹോവയെന്ന ദൈവത്തിന്റെ വ്യക്തിപരമായ നാമം കാണുമ്പോൾ അനേകർ പുളകിതരാകുന്നു. (പുറ. 6:3) എന്നാൽ അവർ ‘യഹോവയുടെ നാമത്തിൽ എന്നേക്കും നടക്കു’ന്നുവെങ്കിൽ മാത്രമേ അവർക്ക് ഈ അറിവുകൊണ്ട് നിലനിൽക്കുന്ന പ്രയോജനം കിട്ടുകയുളളു. (മീഖാ 4:5) ഇതിൽ കേവലം യഹോവയെന്ന നാമം അറിയുന്നതിനെക്കാൾ അല്ലെങ്കിൽ അവർ യഹോവയുടെ സാക്ഷികൾ ആണെന്നവകാശപ്പെടുന്നതിനെക്കാൾ വളരെയധികം ഉൾപ്പെടുന്നു.
14 ദൈവനാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സങ്കീർത്തനം 9:10 ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവേ . . . നിന്റെ നാമം അറിയുന്നവർ നിന്നിൽ ആശ്രയിക്കും.” അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? അതിൽ കേവലം യഹോവയെന്ന നാമം അറിയുന്നതിലുപരി ഉൾപ്പെട്ടിരിക്കുന്നു,’ അതിന് സ്വതേ യഹോവയിൽ ആശ്രയിക്കുന്നുവെന്നർത്ഥമില്ല. ഇവിടെ ദൈവനാമം “അറിയുക”യെന്നത് യഹോവ ഏതുതരം ദൈവമാണെന്ന് മനസ്സിലാക്കുന്നതിനെയും അവന്റെ അധികാരത്തെ ആദരിക്കുന്നതിനെയും അവന്റെ കല്പനകൾ അനുസരിക്കുന്നതിനെയും അർത്ഥമാക്കുന്നു. അതുപോലെതന്നെ ‘യഹോവയുടെ നാമത്തിൽ നടക്കുന്നത്’ അവനു സമർപ്പിക്കപ്പെടുന്നതിനെയും അവന്റെ ആരാധകരിലൊരാളെന്ന നിലയിൽ അവനെ പ്രതിനിധാനം ചെയ്യുന്നതിനെയും ദൈവേഷ്ടത്തിനനുയോജ്യമായി ഒരുവന്റെ ജീവിതത്തെ ഉപയോഗിക്കുന്നതിനെയും അർത്ഥമാക്കുന്നു. (ലൂക്കോ. 10:27) നിങ്ങൾ അതു ചെയ്യുന്നുണ്ടോ?
15. നാം യഹോവയെ എന്നേക്കും സേവിക്കണമെങ്കിൽ ഒരു കർത്തവ്യബോധത്തിനു പുറമേ എന്താവശ്യമാണ്?
15 നാം യഹോവയെ നിത്യമായി സേവിക്കണമെങ്കിൽ ഒരു കർത്തവ്യബോധത്തെക്കാൾ കവിഞ്ഞത് നമ്മേ പ്രേരിപ്പിക്കേണ്ടതാണ്. അനേക വർഷമായി യഹോവയെ സേവിച്ചുകൊണ്ടേയിരുന്ന തിമൊഥെയോസിനെ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ദൈവഭക്തിയെ നിന്റെ ലക്ഷ്യമാക്കി നിന്നേത്തന്നെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുക.” (1 തിമൊ. 4:7) ഭക്തി ഹൃദയത്തിൽനിന്നാണ് വരുന്നത്; അത് ആരിലേക്കു തിരിച്ചുവിടപ്പെടുന്നുവോ അയാളോടുളള വിലമതിപ്പിൽനിന്നാണ് അത് ഉത്തേജിതമാകുന്നത്. “ദൈവികഭക്തി” വ്യക്തിപരമായി യഹോവയോടുളള അത്യധികമായ ആദരവാണ്. അവനോടും അവന്റെ വഴികളോടുമുളള വിലമതിപ്പു നിമിത്തം അത് അവനോട് സ്നേഹപൂർവ്വകമായ ആസക്തി പ്രത്യക്ഷമാക്കുന്നു. അത് സകലരും അവന്റെ നാമത്തെ അത്യന്തം വിലപ്പെട്ടതായി കരുതാൻ നാം ആഗ്രഹിക്കുന്നതിനിടയാക്കുന്നു. നാം സത്യദൈവമായ യഹോവയുടെ നാമത്തിൽ എന്നേക്കും നടക്കണമെങ്കിൽ നാം നമ്മുടെ ജീവിത ലാക്കോ ലക്ഷ്യമോ എന്നനിലയിൽ “ദൈവികഭക്തി” നട്ടുവളർത്തേണ്ടതാണ്.—സങ്കീ. 37:4; 2 പത്രോ. 3:11.
പുനരവലോകന ചർച്ച
● യഹോവ ഏതുതരം വ്യക്തിയാണ്? അവന്റെ ഗുണങ്ങളിലോരോന്നും സംബന്ധിച്ച് വ്യക്തമായ ഗ്രാഹ്യം ലഭിക്കുന്നതിനാൽ നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കുന്നു?
● ദൈവത്തെ സംബന്ധിച്ച സത്യം പഠിക്കാൻ നമുക്ക് മററുളളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
● യഹോവയെ “അറിയുന്ന”തിലും ‘അവന്റെ നാമത്തിൽ നടക്കുന്ന’തിലും എന്ത് ഉൾപ്പെട്ടിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]