ഏക സത്യദൈവമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തുക
അധ്യായം രണ്ട്
ഏക സത്യദൈവമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തുക
1. ഏക സത്യദൈവം ആരാണ്?
ദൈവങ്ങളായി കണക്കാക്കപ്പെടുന്ന അനേകർ ഉണ്ടെങ്കിലും “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 8:5, 6) ആ ‘ഏകദൈവം’ സകലത്തിന്റെയും സ്രഷ്ടാവായ യഹോവ ആണ്. (ആവർത്തനപുസ്തകം 6:4; വെളിപ്പാടു 4:11) യേശു അവനെ “എന്റെ ദൈവവും നിങ്ങളുടെ ദൈവവു”മെന്നു പരാമർശിച്ചു. (യോഹന്നാൻ 20:17) “യഹോവ തന്നേ ദൈവം, അവനല്ലാതെ മറെറാരുത്തനുമില്ല” എന്ന മോശെയുടെ പ്രസ്താവനയോട് യേശു യോജിച്ചു. (ആവർത്തനപുസ്തകം 4:35) യഹോവ, വിഗ്രഹങ്ങളോ ദിവ്യത്വം കൽപ്പിക്കപ്പെടുന്ന മനുഷ്യരോ തന്റെ ശത്രുവും “ഈ ലോകത്തിന്റെ ദൈവ”വുമായ പിശാചായ സാത്താനോ പോലെയുള്ള ഏതു പൂജാപാത്രങ്ങളെക്കാളും വളരെ വളരെ ഉന്നതനാണ്. (2 കൊരിന്ത്യർ 4:3, 4) അവരിൽനിന്നെല്ലാം വ്യത്യസ്തനായി, യേശു പരാമർശിച്ചതുപോലെ, യഹോവ ‘ഏക സത്യദൈവം’ ആണ്.—യോഹന്നാൻ 17:3.
2. നാം ദൈവത്തെ കുറിച്ചു മനസ്സിലാക്കുമ്പോൾ, ആ അറിവ് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
2 ദൈവത്തിന്റെ ഹൃദ്യമായ ഗുണങ്ങളെയും അവൻ നമുക്കുവേണ്ടി ഇതുവരെ ചെയ്തിരിക്കുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളെയും കുറിച്ചു മനസ്സിലാക്കുന്ന കൃതജ്ഞരായ വ്യക്തികൾ അവനിലേക്ക് ആകർഷിക്കപ്പെടുന്നു. യഹോവയോടുള്ള അവരുടെ സ്നേഹം വളരുമ്പോൾ, അവനെ മഹിമപ്പെടുത്താൻ അവർ പ്രേരിതരായിത്തീരുന്നു. ഏതു വിധങ്ങളിൽ? ഒരു വിധം അവനെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതാണ്. “വായികൊണ്ടു രക്ഷെക്കായി ഏററുപറ”യുന്നു എന്ന് റോമർ 10:10 പ്രസ്താവിക്കുന്നു. മറ്റൊരുവിധം വാക്കിലും പ്രവൃത്തിയിലും അവനെ അനുകരിക്കുന്നതാണ്. “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന് എഫെസ്യർ 5:1 പറയുന്നു. കൂടുതൽ തികവോടെ അങ്ങനെ ചെയ്യുന്നതിനു നാം യഹോവയുടെ യഥാർഥ ഗുണങ്ങൾ അറിയേണ്ടതുണ്ട്.
3. ദൈവത്തിന്റെ പ്രമുഖ ഗുണങ്ങൾ ഏവ?
3 ദൈവത്തിന്റെ വിശിഷ്ട ഗുണങ്ങളെ തിരിച്ചറിയിക്കുന്ന അനേകം പ്രസ്താവനകൾ ബൈബിളിൽ ഉടനീളം കാണാം. അവന്റെ പ്രമുഖ ഗുണങ്ങൾ ജ്ഞാനം, നീതി, ശക്തി, സ്നേഹം എന്നിവയാണ്. ‘ജ്ഞാനം അവന്റെ പക്കൽ ഉണ്ട്.’ (ഇയ്യോബ് 12:13) ‘അവന്റെ വഴികൾ നീതി.’ (ആവർത്തനപുസ്തകം 32:4, ഓശാന ബൈബിൾ) അവനിൽ ‘ശക്തിയുടെ ആധിക്യം’ ഉണ്ട്. (യെശയ്യാവു 40:26, ഓശാന ബൈ.) ‘ദൈവം സ്നേഹം തന്നേ.’ (1 യോഹന്നാൻ 4:8) എന്നാൽ, ദൈവത്തിന്റെ ഈ നാലു പ്രമുഖ ഗുണങ്ങളിൽ ഏറ്റവും മുന്തിനിൽക്കുന്ന, മറ്റേതൊരു ഗുണത്തെക്കാളും ഉപരിയായി അവൻ ഏതുതരം ദൈവമാണെന്നു സൂചിപ്പിക്കുന്ന ഗുണം ഏതാണ്?
“ദൈവം സ്നേഹം തന്നേ”
4. ദൈവത്തിന്റെ ഗുണങ്ങളിൽ ഏതാണ് പ്രപഞ്ചത്തെയും സകല ജീവികളെയും സൃഷ്ടിക്കാൻ അവനെ പ്രേരിപ്പിച്ചത്?
4 പ്രപഞ്ചത്തെയും ബുദ്ധിശക്തിയുള്ള ആത്മജീവികളെയും മനുഷ്യജീവികളെയും സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ചത് എന്താണെന്നു പരിചിന്തിക്കുക. അത് അവന്റെ ജ്ഞാനമോ ശക്തിയോ ആയിരുന്നോ? അല്ല, ദൈവം അവ ഉപയോഗിച്ചെങ്കിലും പ്രേരകഘടകം അവയൊന്നും ആയിരുന്നില്ല. ജീവൻ എന്ന സമ്മാനം പങ്കുവെക്കാൻ അവന്റെ നീതി ആവശ്യപ്പെട്ടില്ല. യഥാർഥത്തിൽ, ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയായി ജീവിക്കുന്നതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ വലിയ സ്നേഹമായിരുന്നു. അനുസരണമുള്ള മനുഷ്യവർഗം പറുദീസയിൽ എന്നേക്കും ജീവിക്കുക എന്നത് തന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമാക്കാൻ സ്നേഹം അവനെ പ്രേരിപ്പിച്ചു. (ഉല്പത്തി 1:28; 2:15) ആദാമിന്റെ ലംഘനം വരുത്തിവെച്ച ശിക്ഷാവിധിയിൽനിന്ന് മനുഷ്യവർഗത്തെ മോചിപ്പിക്കാനുള്ള ക്രമീകരണം ചെയ്യാൻ അവനെ പ്രേരിപ്പിച്ചതും സ്നേഹമാണ്.
5. ബൈബിൾ പറയുന്നതനുസരിച്ച്, യഹോവ ഏതു ഗുണത്തിന്റെ സമുന്നതരൂപമാണ്, എന്തുകൊണ്ട്?
5 അതുകൊണ്ട്, ദൈവത്തിന്റെ എല്ലാ ഗുണങ്ങളിലുംവെച്ച് ഏറ്റവും മുന്തിയത് അവന്റെ സ്നേഹം ആണ്. അവനെ അവനാക്കുന്നത് ആ ഗുണമാണ്. അവന്റെ ജ്ഞാനവും നീതിയും ശക്തിയും പ്രധാന ഗുണങ്ങളാണെങ്കിലും യഹോവ ഇവയിൽ ഏതെങ്കിലും ആണ് എന്നു ബൈബിൾ പറയുന്നില്ല. എന്നാൽ അവൻ സ്നേഹം ആണ് എന്നു ബൈബിൾ തീർച്ചയായും പറയുന്നുണ്ട്. അതേ, യഹോവ സ്നേഹത്തിന്റെ സമുന്നതരൂപമാണ്. വികാരത്താലല്ല, തത്ത്വത്താൽ നയിക്കപ്പെടുന്ന സ്നേഹമാണ് അവന്റേത്. ദൈവസ്നേഹത്തെ ഭരിക്കുന്നത് സത്യത്തിന്റെയും നീതിയുടെയും തത്ത്വങ്ങളാണ്. സ്വന്തം മാതൃകയിലൂടെ യഹോവയാം ദൈവംതന്നെ പ്രകടമാക്കുന്ന സ്നേഹത്തിന്റെ ഏറ്റവും ഉത്കൃഷ്ട രൂപമാണ് അത്. അത്തരം സ്നേഹം തികഞ്ഞ നിസ്വാർഥതയുടെ ഒരു പ്രകടനമാണ്, എല്ലായ്പോഴും പ്രവൃത്തിയിലൂടെ ആ സ്നേഹം വ്യക്തമായി തെളിയിക്കപ്പെടുകയും ചെയ്യുന്നു.
6. ദൈവം നമ്മെക്കാൾ ശ്രേഷ്ഠനാണെങ്കിലും, നമുക്ക് അവനെ അനുകരിക്കാനാകുന്നത് എങ്ങനെ?
6 സ്നേഹം എന്ന ഈ അതിവിശിഷ്ട ഗുണമാണ് നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ഒരു ദൈവത്തെ അനുകരിക്കുക സാധ്യമാക്കിത്തീർക്കുന്നത്. അപൂർണരായ, തെറ്റു ചെയ്യുന്ന, എളിയ മനുഷ്യരെന്ന നിലയിൽ നമുക്ക് ഒരിക്കലും വിജയപ്രദമായി ദൈവത്തെ അനുകരിക്കാൻ സാധിക്കയില്ലെന്നു നാം വിചാരിച്ചേക്കാം. എന്നാൽ യഹോവയുടെ വലിയ സ്നേഹത്തിന്റെ മറ്റൊരു ദൃഷ്ടാന്തം ഇതാ: അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നു, അവൻ നമ്മിൽനിന്നു പൂർണത ആവശ്യപ്പെടുന്നില്ല. യാതൊരു പ്രകാരത്തിലും നാം ഇപ്പോൾ പൂർണരല്ല എന്ന് അവന് അറിയാം. (സങ്കീർത്തനം 51:5) അതുകൊണ്ടാണു സങ്കീർത്തനം 130:3, 4 ഇങ്ങനെ പറയുന്നത്: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും? . . . നിന്റെ പക്കൽ വിമോചനം ഉണ്ടു.” അതേ, യഹോവ ‘കരുണയും കൃപയുമുള്ളവനാണ്; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവനാണ്.’ (പുറപ്പാടു 34:6) “കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും . . . ആകുന്നു.” (സങ്കീർത്തനം 86:5) എത്ര ആശ്വാസകരം! അത്യത്ഭുതവാനായ ഈ ദൈവത്തെ സേവിക്കുന്നതും അവന്റെ സ്നേഹമസൃണവും കരുണാനിർഭരവുമായ പരിപാലനം അനുഭവിക്കുന്നതും എത്ര നവോന്മേഷപ്രദമാണ്!
7. യഹോവയുടെ സ്നേഹം അവന്റെ സൃഷ്ടിക്രിയകളിൽ കാണാവുന്നത് എങ്ങനെ?
7 യഹോവയുടെ സ്നേഹം അവന്റെ സൃഷ്ടിക്രിയകളിലും കാണാൻ കഴിയും. മനോഹര പർവതങ്ങൾ, വനങ്ങൾ, തടാകങ്ങൾ, സമുദ്രങ്ങൾ എന്നിങ്ങനെ നമ്മുടെ ആസ്വാദനത്തിനായി യഹോവ നൽകിയിരിക്കുന്ന അനേകം നല്ല കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. നമ്മെ പരിപോഷിപ്പിക്കാൻ അത്യന്തം രുചികരമായ ആഹാരപദാർഥങ്ങൾ വിസ്മയം ജനിപ്പിക്കുന്ന വൈവിധ്യത്തോടെ അവൻ നമുക്കു നൽകിയിരിക്കുന്നു. കൂടാതെ മനോഹരമായ, പരിമളം പരത്തുന്ന ഒട്ടേറെ ഇനം പുഷ്പങ്ങളെയും ഹരം പകരുന്ന മൃഗങ്ങളെയും അവൻ പ്രദാനം ചെയ്തിരിക്കുന്നു. മനുഷ്യർക്ക് ഉല്ലാസം പകരുന്ന വസ്തുക്കൾ അവർക്കായി അവൻ സൃഷ്ടിച്ചിരിക്കുന്നു, അങ്ങനെ ചെയ്യാനുള്ള ബാധ്യതയൊന്നും ഇല്ലാതിരുന്നിട്ടുകൂടി. ഈ ദുഷ്ടലോകത്തിൽ നമ്മുടെ ഇപ്പോഴത്തെ അപൂർണാവസ്ഥയിൽ ജീവിക്കുമ്പോൾ, നമുക്ക് അവന്റെ സൃഷ്ടികൾ പൂർണമായി ആസ്വദിക്കാനാവില്ല എന്നതു നേരാണ്. (റോമർ 8:22) എന്നാൽ പറുദീസയിൽ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യുമെന്നു സങ്കൽപ്പിക്കുക! “നീ നിന്റെ കൈ തുറക്കുകയും സകല ജീവികളുടെയും [ഉചിതമായ] ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു” എന്ന് സങ്കീർത്തനക്കാരൻ നമുക്ക് ഉറപ്പുനൽകുന്നു.—സങ്കീർത്തനം 145:16, NW.
8. നമ്മോടുള്ള യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും മുന്തിയ ദൃഷ്ടാന്തം ഏത്?
8 മനുഷ്യവർഗത്തോടുള്ള യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും മുന്തിയ ദൃഷ്ടാന്തം ഏതാണ്? ബൈബിൾ വിശദീകരിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) മനുഷ്യന്റെ നന്മ നിമിത്തമാണോ യഹോവ ഇതു ചെയ്തത്? റോമർ 5:8 ഇങ്ങനെ ഉത്തരം നൽകുന്നു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” അതേ, പാപത്തിന്റെയും മരണത്തിന്റെയും ശിക്ഷാവിധിയിൽനിന്നു നമ്മെ വീണ്ടെടുക്കുന്നതിന് തന്റെ പൂർണനായ പുത്രന്റെ ജീവനെ ഒരു മറുവിലയാഗമായി നൽകാൻ ദൈവം അവനെ ഭൂമിയിലേക്ക് അയച്ചു. (മത്തായി 20:28) ഇതു ദൈവത്തെ സ്നേഹിക്കുന്നവർക്കു നിത്യജീവൻ പ്രാപിക്കാനുള്ള വഴി തുറന്നു. സന്തോഷകരമെന്നു പറയട്ടെ, ദൈവത്തിന്റെ സ്നേഹം അവന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്ന സകലർക്കും ലഭ്യമാണ്, എന്തുകൊണ്ടെന്നാൽ ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “ദൈവത്തിന്നു മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
9. യഹോവ തന്റെ പുത്രനെ നമുക്ക് ഒരു മറുവിലയായി നൽകിയിരിക്കുന്നു എന്ന വസ്തുത നമ്മെ എങ്ങനെ സ്വാധീനിക്കണം?
9 നിത്യജീവനിലേക്കുള്ള വഴി തുറന്നുകൊണ്ട് യഹോവ തന്റെ പുത്രനെ നമുക്ക് ഒരു മറുവിലയായി നൽകിയിരിക്കുന്നു എന്ന വസ്തുത നാം ഇപ്പോൾ ജീവിതം നയിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം? അതു സത്യദൈവമായ യഹോവയോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം കൂട്ടേണ്ടതാണ്. ഒപ്പം, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന യേശുവിനെ അനുസരിക്കാനുള്ള ആഗ്രഹവും അത് നമ്മിൽ ഉളവാക്കേണ്ടതാണ്. ‘ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു [യേശു] എല്ലാവർക്കും വേണ്ടി മരിച്ചു.’ (2 കൊരിന്ത്യർ 5:15) യഹോവയുടെ സ്നേഹത്തെയും അനുകമ്പയെയും അനുകരിക്കുന്നതിൽ യേശു ഉത്തമ മാതൃക വെച്ചിരിക്കുന്നതിനാൽ അവന്റെ കാൽച്ചുവടുകൾ പിന്തുടരുന്നത് എത്ര ആനന്ദപ്രദമാണ്! താഴ്മയുള്ളവരോടുള്ള യേശുവിന്റെ ഈ ആഹ്വാനത്തിൽനിന്ന് അതു വ്യക്തമാകുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.”—മത്തായി 11:28-30.
മറ്റുള്ളവരോടു സ്നേഹം പ്രകടമാക്കൽ
10. സഹക്രിസ്ത്യാനികളോടു നമുക്കു സ്നേഹം പ്രകടമാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
10 യഹോവയ്ക്കും യേശുവിനും നമ്മോടുള്ളതരം സ്നേഹം നമുക്കു സഹക്രിസ്ത്യാനികളോട് ഉണ്ടെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാനാകും? പിൻവരുന്ന അനേകം വിധങ്ങളിൽ നമുക്ക് അതു ചെയ്യാൻ കഴിയും: ‘സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.’—1 കൊരിന്ത്യർ 13:4-8; 1 യോഹന്നാൻ 3:14-18; 4:7-12.
11. വേറെ ആരോടും നാം സ്നേഹം പ്രകടമാക്കണം, എങ്ങനെ?
11 വേറെ ആരോടും നാം സ്നേഹം പ്രകടമാക്കണം, എങ്ങനെ? യേശു പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) നമ്മുടെ സഹക്രിസ്ത്യാനികൾ ആയിത്തീർന്നിട്ടില്ലാത്തവരുമായി ദൈവത്തിന്റെ ആസന്നമായിരിക്കുന്ന പുതിയ പറുദീസാലോകത്തെ കുറിച്ചുള്ള സുവാർത്ത പങ്കുവെക്കുന്നത് അതിൽ ഉൾപ്പെടുന്നു. നമ്മുടെ സ്നേഹം സഹവിശ്വാസികളിൽ മാത്രമായി ഒതുക്കി നിറുത്തരുതെന്ന് യേശു വ്യക്തമായി കാണിച്ചുതന്നിരിക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരൻമാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?”—മത്തായി 5:46, 47; 24:14; ഗലാത്യർ 6:10.
‘യഹോവയുടെ നാമത്തിൽ നടക്കുക’
12. ദൈവത്തിന്റെ നാമം അവനു മാത്രം യോജിക്കുന്നത് എന്തുകൊണ്ട്?
12 സത്യദൈവത്തെ മഹിമപ്പെടുത്തുന്നതിന്റെ മറ്റൊരു പ്രധാന വശം യഹോവ എന്ന അവന്റെ അതുല്യനാമം അറിയുന്നതും ഉപയോഗിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതുമാണ്. സങ്കീർത്തനക്കാരൻ ആത്മാർഥമായ ഈ ആഗ്രഹം പ്രകടമാക്കി: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീർത്തനം 83:18) യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. ഉദ്ദേശ്യങ്ങളുള്ള മഹാ സ്രഷ്ടാവായ അവൻ എല്ലായ്പോഴും തന്റെ ഉദ്ദേശ്യങ്ങൾ വിജയകരമായി നിവർത്തിക്കുന്നു. സത്യദൈവത്തിനു മാത്രമേ ഉചിതമായി ആ നാമം വഹിക്കാൻ കഴിയൂ. കാരണം മനുഷ്യർക്ക് ഒരിക്കലും തങ്ങളുടെ ശ്രമങ്ങൾ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാവില്ല. (യാക്കോബ് 4:13, 14) യഹോവയ്ക്കു മാത്രമേ തന്റെ വചനം എന്തിനു വേണ്ടി അയച്ചുവോ അതിനു “സുനിശ്ചിത വിജയം ഉണ്ടാകും” എന്നു പറയാൻ കഴിയൂ. (യെശയ്യാവു 55:11, NW) തങ്ങളുടെ ബൈബിളിൽനിന്ന് ആദ്യമായി ദൈവനാമം കാണുകയും അതിന്റെ അർഥം മനസ്സിലാക്കുകയും ചെയ്യുമ്പോൾ അനേകരും പുളകിതരാകുന്നു. (പുറപ്പാടു 6:3) എന്നാൽ അവർ “യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കു”ന്നെങ്കിൽ മാത്രമേ അവർക്ക് ഈ പരിജ്ഞാനത്തിൽനിന്നു പ്രയോജനം കിട്ടുകയുള്ളൂ.—മീഖാ 4:5.
13. യഹോവയുടെ നാമം അറിയുന്നതിലും ആ നാമത്തിൽ നടക്കുന്നതിലും എന്ത് ഉൾപ്പെട്ടിരിക്കുന്നു?
13 “നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും” എന്ന് ദൈവനാമത്തെ കുറിച്ചു സങ്കീർത്തനം 9:10 പ്രസ്താവിക്കുന്നു. യഹോവ എന്ന നാമം കേവലം അറിയുന്നതല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. യഹോവയുടെ നാമം അറിഞ്ഞതുകൊണ്ടു മാത്രം ഒരുവൻ അവനിൽ ആശ്രയിക്കുന്നുവെന്നു വരുന്നില്ല. ദൈവനാമം അറിയുക എന്നാൽ, യഹോവ ഏതുതരം ദൈവം ആണെന്നു വിലമതിക്കുകയും അവന്റെ അധികാരത്തെ ആദരിക്കുകയും കൽപ്പനകൾ അനുസരിക്കുകയും സകലത്തിലും അവനെ ആശ്രയിക്കുകയും ചെയ്യുക എന്നാണർഥം. (സദൃശവാക്യങ്ങൾ 3:5, 6) സമാനമായി, ‘യഹോവയുടെ നാമത്തിൽ നടക്കുക’ എന്നത് നമ്മെത്തന്നെ അവനു സമർപ്പിച്ച് അവന്റെ ആരാധകരിൽ ഒരാളായി അവനെ പ്രതിനിധാനം ചെയ്യുന്നതിനെയും ദൈവേഷ്ടത്തിനു ചേർച്ചയിൽ നമ്മുടെ ജീവിതത്തെ യഥാർഥമായി ഉപയോഗിക്കുന്നതിനെയും അർഥമാക്കുന്നു. (ലൂക്കൊസ് 10:27) നിങ്ങൾ അതു ചെയ്യുന്നുണ്ടോ?
14. യഹോവയെ നിത്യമായി സേവിക്കാൻ നാം തീരുമാനിക്കുന്നെങ്കിൽ, കർത്തവ്യബോധത്തിനു പുറമേ എന്ത് ആവശ്യമാണ്?
14 യഹോവയെ നിത്യമായി സേവിക്കാൻ നാം തീരുമാനിക്കുന്നെങ്കിൽ, അത് കേവലം ഒരു കർത്തവ്യബോധത്തിന്റെ പേരിലായിരിക്കരുത്. വർഷങ്ങളായി യഹോവയെ സേവിച്ചുകൊണ്ടിരുന്ന തിമൊഥെയൊസിനെ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ദൈവഭക്തിയെ നിന്റെ ലക്ഷ്യമാക്കിക്കൊണ്ട് നിന്നെത്തന്നെ പരിശീലിപ്പിക്കുക.” (1 തിമൊഥെയൊസ് 4:7, NW) ഭക്തിക്കു പാത്രമായ വ്യക്തിയോടുള്ള കൃതജ്ഞതയാൽ നിറഞ്ഞുതുളുമ്പുന്ന ഒരു ഹൃദയത്തിൽനിന്നാണു ഭക്തി വരുന്നത്. “ദൈവഭക്തി” യഹോവയോടു വ്യക്തിപരമായി നമുക്കുള്ള അഗാധമായ ഭക്ത്യാദരവിന്റെ പ്രതിഫലനമാണ്. അവനോടും അവന്റെ വഴികളോടുമുള്ള അതിരറ്റ ആദരവു നിമിത്തം നമുക്ക് അവനോടു തോന്നുന്ന സ്നേഹപുരസ്സരമായ അടുപ്പത്തിന്റെ ഒരു പ്രകടനം കൂടെയാണ് അത്. എല്ലാവരും അവന്റെ നാമത്തിന് ഉയർന്ന സ്ഥാനം കൽപ്പിക്കണമെന്ന ആഗ്രഹം അതു നമ്മിൽ ജനിപ്പിക്കുന്നു. സത്യദൈവമായ യഹോവയുടെ നാമത്തിൽ എന്നേക്കും നടക്കാൻ നമ്മുടെ ജീവിതത്തിൽ നാം ദൈവഭക്തി നട്ടുവളർത്തേണ്ടതുണ്ട്.—സങ്കീർത്തനം 37:4; 2 പത്രൊസ് 3:11, 12.
15. നമുക്ക് എങ്ങനെ ദൈവത്തിന് അനന്യഭക്തി നൽകാൻ കഴിയും?
15 ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ അവനെ സേവിക്കാൻ, നാം അവന് അവിഭക്തമായ ആരാധന അർപ്പിക്കേണ്ടതാണ്. കാരണം, “അനന്യഭക്തി നിഷ്കർഷിക്കുന്ന ഒരു ദൈവ”മാണ് അവൻ. (പുറപ്പാടു 20:5, NW) നമുക്കു ദൈവത്തെയും സാത്താൻ ദൈവമായിരിക്കുന്ന ദുഷ്ടലോകത്തെയും ഒരേസമയം സ്നേഹിക്കാൻ കഴിയില്ല. (യാക്കോബ് 4:4; 1 യോഹന്നാൻ 2:15-17) നാം ഓരോരുത്തരും ഏതുതരം വ്യക്തിയായിരിക്കാനാണു ശ്രമിക്കുന്നതെന്ന് യഹോവയ്ക്കു കൃത്യമായി അറിയാം. (യിരെമ്യാവു 17:10) നാം യഥാർഥത്തിൽ നീതിയെ സ്നേഹിക്കുന്നെങ്കിൽ അവൻ അതു കാണുന്നുണ്ട്, നമുക്കു നേരിടുന്ന ദൈനംദിന പരിശോധനകൾ സഹിച്ചുനിൽക്കാൻ അവൻ നമ്മെ സഹായിക്കയും ചെയ്യും. തന്റെ ശക്തമായ പരിശുദ്ധാത്മാവിനാൽ നമ്മെ പിന്തുണച്ചുകൊണ്ട്, ഈ ലോകത്തിൽ അങ്ങേയറ്റം പ്രബലമായിരിക്കുന്ന ദുഷ്ടതയുടെമേൽ ജയം നേടാൻ അവൻ നമ്മെ പ്രാപ്തരാക്കും. (2 കൊരിന്ത്യർ 4:7) പറുദീസാ ഭൂമിയിലെ നിത്യജീവന്റെ ഉറച്ച പ്രത്യാശ കൈവിടാതിരിക്കാനും അവൻ നമ്മെ സഹായിക്കും. എത്ര മഹത്തായ പ്രത്യാശയാണ് അത്! അതിനെ നാം അഗാധമായി വിലമതിക്കണം, അതു സാധ്യമാക്കുന്ന സത്യദൈവമായ യഹോവയെ മനസ്സോടെ സേവിക്കയും വേണം.
16. മറ്റു ദശലക്ഷങ്ങളോടൊപ്പം എന്തു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കണം?
16 “എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക” എന്ന സങ്കീർത്തനക്കാരന്റെ ക്ഷണം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങൾ സസന്തോഷം സ്വീകരിച്ചിരിക്കുന്നു. (സങ്കീർത്തനം 34:3) സകല ജനതകളിൽനിന്നുമായി യഹോവയുടെ നാമത്തെ മഹിമപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അവരിലൊരാളായിരിക്കാൻ അവൻ നിങ്ങളെ ക്ഷണിക്കുന്നു.
പുനരവലോകന ചർച്ച
• യഹോവ ഏതുതരം വ്യക്തി ആണ്? അവന്റെ ഗുണങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഗ്രാഹ്യം നേടുന്നതിൽനിന്നു നമുക്കു പ്രയോജനം ലഭിക്കുന്നത് എങ്ങനെ?
• നമുക്കു മറ്റുള്ളവരോട് എങ്ങനെ സ്നേഹം പ്രകടമാക്കാൻ കഴിയും?
• യഹോവയുടെ നാമം അറിയുന്നതിലും ആ നാമത്തിൽ നടക്കുന്നതിലും എന്ത് ഉൾപ്പെട്ടിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[14-ാം പേജിലെ ചിത്രം]
വലിയ സ്നേഹം നിമിത്തം യഹോവ തന്റെ ‘കൈ തുറന്ന് സകല ജീവികളുടെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തും’