“ഒരുനാളും നശിച്ചുപോകാത്ത” രാജ്യം
അധ്യായം പത്ത്
“ഒരുനാളും നശിച്ചുപോകാത്ത” രാജ്യം
1. മാനവ ചരിത്രത്തിൽ ഉടനീളം ലോകസംഭവങ്ങൾ ഏതു വസ്തുതയെ ദൃഢപ്പെടുത്തിയിരിക്കുന്നു?
യഹോവയുടെ പരമാധികാരത്തെ തള്ളിക്കളഞ്ഞ് സ്വയം ഭരിക്കാൻ ശ്രമിച്ചതിലൂടെ മനുഷ്യർ സന്തുഷ്ടി കണ്ടെത്തിയിട്ടില്ലെന്നുള്ള വസ്തുതയ്ക്ക് ഓരോ ദിവസത്തെയും ലോകസംഭവങ്ങൾ അടിവരയിടുന്നു. മനുഷ്യവർഗത്തിന് ഒന്നടങ്കം നിഷ്പക്ഷമായ പ്രയോജനങ്ങൾ കൈവരുത്താൻ യാതൊരു മാനുഷ ഭരണസമ്പ്രദായത്തിനും കഴിഞ്ഞിട്ടില്ല. മനുഷ്യർ അഭൂതപൂർവമായ അളവിൽ ശാസ്ത്രവിജ്ഞാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവർക്ക് ഒരു വ്യക്തിക്കുവേണ്ടിപ്പോലും രോഗത്തെ കീഴടക്കാനോ മരണത്തിന് അറുതിവരുത്താനോ കഴിഞ്ഞിട്ടില്ല. മനുഷ്യഭരണം യുദ്ധത്തെയോ അക്രമത്തെയോ കുറ്റകൃത്യത്തെയോ അഴിമതിയെയോ ദാരിദ്ര്യത്തെയോ നീക്കം ചെയ്തിട്ടില്ല. ഇന്നും അനേകം രാജ്യങ്ങളിൽ മർദക ഗവൺമെന്റുകളാണു ജനങ്ങളുടെമേൽ ആധിപത്യം നടത്തുന്നത്. (സഭാപ്രസംഗി 8:9) സാങ്കേതികവിദ്യയും അത്യാഗ്രഹവും അജ്ഞതയും കൈകോർത്ത് മണ്ണും വെള്ളവും വായുവും മലിനീകരിക്കുന്നു. ഉദ്യോഗസ്ഥരുടെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം അനേകർക്കും തങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ സാധിച്ചുകിട്ടുക ദുഷ്കരമായിത്തീർന്നിരിക്കുന്നു. ആയിരക്കണക്കിനു വർഷത്തെ മനുഷ്യഭരണം “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന പ്രസ്താവനയുടെ സത്യത തെളിയിച്ചിരിക്കുന്നു.—യിരെമ്യാവു 10:23.
2. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം എന്ത്?
2 പരിഹാരം എന്താണ്? ദൈവരാജ്യം. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന് തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ യേശു ആ രാജ്യത്തെ കുറിച്ചാണു പരാമർശിച്ചത്. (മത്തായി 6:9, 10) 2 പത്രൊസ് 3:13-ൽ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തെ “പുതിയ ഭൂമി”യുടെമേൽ, അതായത് നീതിയുള്ള മനുഷ്യസമൂഹത്തിന്മേൽ, ഭരിക്കാനുള്ള “പുതിയ ആകാശ”മായിട്ടാണു വർണിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്വർഗീയരാജ്യം അത്യന്തം പ്രധാനമായതിനാൽ യേശു അതിനെ തന്റെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമാക്കി. (മത്തായി 4:17) അതിനു നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സ്ഥാനം വ്യക്തമാക്കിക്കൊണ്ട് അവൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.”—മത്തായി 6:33.
3. ദൈവരാജ്യത്തെ കുറിച്ചുള്ള പഠനം ഇപ്പോൾ ഏറ്റവും അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
3 ദൈവരാജ്യത്തെ കുറിച്ചുള്ള പഠനം ഇപ്പോൾ ഏറ്റവും അടിയന്തിരമാണ്. കാരണം, പെട്ടെന്നുതന്നെ ആ രാജ്യം ഈ ഭൂമിയുടെ ഭരണാധിപത്യത്തിനു മാറ്റം വരുത്താൻ നടപടി എടുക്കും. ദാനീയേൽ 2:44 ഇങ്ങനെ മുൻകൂട്ടി പറയുന്നു: ‘ഈ രാജാക്കന്മാരുടെ [ഇപ്പോൾ ഭരിക്കുന്ന ഗവൺമെന്റുകളുടെ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗത്തിൽ] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല [മനുഷ്യർ വീണ്ടും ഒരിക്കലും ഭൂമിയെ ഭരിക്കുകയില്ല]; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.’ അങ്ങനെ, ഈ മുഴു ദുഷ്ടവ്യവസ്ഥിതിയെയും നശിപ്പിച്ചുകൊണ്ട് രാജ്യം ഈ അന്ത്യനാളുകളെ സമാപ്തിയിലേക്കു വരുത്തും. അന്ന് ഭൂമിമേലുള്ള സ്വർഗീയ രാജ്യത്തിന്റെ ഭരണാധിപത്യം അവിതർക്കിതമായിരിക്കും. അതു കൈവരുത്തുന്ന ആശ്വാസം വളരെ അടുത്തിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം!
4. രാജ്യത്തോടുള്ള ബന്ധത്തിൽ, 1914-ൽ സ്വർഗത്തിൽ എന്തു നടന്നു, അതു നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ക്രിസ്തുയേശു 1914-ൽ രാജാവായി അവരോധിക്കപ്പെട്ടപ്പോൾ, ‘[തന്റെ] ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടാൻ’ അവന് അധികാരം ലഭിച്ചു. (സങ്കീർത്തനം 110:1, 2, NW) കൂടാതെ, ആ വർഷത്തിൽ ഇപ്പോഴത്തെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുകൾ” തുടങ്ങി. (2 തിമൊഥെയൊസ് 3:1-5, 13, NW) അതേസമയത്തുതന്നെ, ദാനീയേൽ പ്രാവചനിക ദർശനത്തിൽ കണ്ടിരുന്ന സംഭവങ്ങൾ യഥാർഥമായി സ്വർഗത്തിൽ അരങ്ങേറി. “നാളുകളിൽ പുരാതനനായ” (NW) യഹോവയാം ദൈവം മനുഷ്യപുത്രനായ യേശുക്രിസ്തുവിനു ‘സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു ആധിപത്യവും മഹത്വവും രാജത്വവും’ കൊടുത്തു. ഈ ദർശനത്തെക്കുറിച്ച് ദാനീയേൽ ഇങ്ങനെ എഴുതി: “അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീയേൽ 7:13, 14) ദൈവം ആദ്യ മാനുഷ മാതാപിതാക്കളെ പറുദീസയിൽ ആക്കിവെച്ചപ്പോൾ അവർക്കായി അവൻ ഉദ്ദേശിച്ചിരുന്ന അസംഖ്യം നല്ല കാര്യങ്ങൾ ആസ്വദിക്കാൻ നീതിസ്നേഹികളെ പ്രാപ്തരാക്കുന്നത് ക്രിസ്തുയേശുവിന്റെ കൈകളിലെ ഈ സ്വർഗീയ രാജ്യം ആയിരിക്കും.
5. രാജ്യത്തിന്റെ ഏതു വിശദാംശങ്ങൾ സംബന്ധിച്ചാണു നമുക്ക് അതീവ താത്പര്യമുള്ളത്, എന്തുകൊണ്ട്?
5 രാജ്യത്തിന്റെ ഒരു വിശ്വസ്ത പ്രജയായിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, ഈ സ്വർഗീയ ഗവൺമെന്റിന്റെ ഘടനയിലും പ്രവർത്തനത്തിലും നിങ്ങൾ അതീവ തത്പരനായിരിക്കും. അത് ഇപ്പോൾ എന്തു ചെയ്യുന്നു, ഭാവിയിൽ എന്തു ചെയ്യും, അതു നിങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്നൊക്കെ അറിയാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ രാജ്യത്തെ അടുത്തു പരിശോധിക്കുമ്പോൾ, അതിനോടുള്ള നിങ്ങളുടെ വിലമതിപ്പു വളരേണ്ടതാണ്. നിങ്ങൾ അതിന്റെ ഭരണത്തോട് അനുകൂലമായി പ്രതികരിക്കുന്നെങ്കിൽ ദൈവരാജ്യം അനുസരണമുള്ള മനുഷ്യവർഗത്തിനായി ചെയ്യാൻ പോകുന്ന അത്ഭുത കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ മെച്ചപ്പെട്ട ഒരു സ്ഥാനത്തായിരിക്കും നിങ്ങൾ.—സങ്കീർത്തനം 48:12, 13.
ദൈവരാജ്യത്തിന്റെ ഭരണാധിപന്മാർ
6. (എ) മിശിഹൈകരാജ്യം മുഖേന ആരുടെ പരമാധികാരം പ്രകടമാക്കപ്പെടുന്നുവെന്ന് തിരുവെഴുത്തുകൾ കാണിക്കുന്നത് എങ്ങനെ? (ബി) രാജ്യത്തെക്കുറിച്ചു നാം പഠിക്കുന്ന കാര്യങ്ങൾ നമ്മെ എങ്ങനെ ബാധിക്കണം?
6 അത്തരമൊരു പരിശോധന വെളിപ്പെടുത്തുന്ന ആദ്യ കാര്യങ്ങളിലൊന്ന് ഈ മിശിഹൈക രാജ്യം യഹോവയുടെ സ്വന്തം പരമാധികാരത്തിന്റെ ഒരു പ്രകടനം ആണെന്നുള്ളതാണ്. തന്റെ പുത്രന് “ആധിപത്യവും മഹത്വവും രാജത്വവും” കൊടുത്തത് യഹോവയാണ്. രാജാവായി ഭരിച്ചു തുടങ്ങാൻ ദൈവപുത്രൻ അധികാരം പ്രാപിച്ചശേഷം സ്വർഗത്തിലെ ശബ്ദങ്ങൾ ഉചിതമായി ഇങ്ങനെ പ്രഖ്യാപിച്ചു: ‘ലോകരാജത്വം നമ്മുടെ കർത്താവിന്നും [യഹോവയാം ദൈവത്തിനും] അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ [യഹോവ] എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.’ (വെളിപ്പാടു 11:15) അതുകൊണ്ട് ഈ രാജ്യത്തെക്കുറിച്ചു നാം നിരീക്ഷിക്കുന്ന സകലതിനും അതു നിറവേറ്റുന്ന കാര്യങ്ങൾക്കും, നമ്മെ യഹോവയോടു കൂടുതൽ അടുപ്പിക്കാൻ കഴിയും. നാം പഠിക്കുന്ന കാര്യങ്ങൾ അവന്റെ പരമാധികാരത്തിന് എന്നേക്കും കീഴ്പെട്ടിരിക്കാൻ നമ്മിൽ ഒരു ആഗ്രഹം ജനിപ്പിക്കേണ്ടതാണ്.
7. യേശുക്രിസ്തു യഹോവയുടെ പകര ഭരണാധികാരിയാണെന്നുള്ള വസ്തുത നമുക്കു പ്രത്യേക താത്പര്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
7 യഹോവയാം ദൈവം യേശുക്രിസ്തുവിനെ തന്റെ പകര ഭരണാധികാരിയായി വാഴിച്ചിരിക്കുന്നു എന്ന വസ്തുതയും കണക്കിലെടുക്കുക. ഭൂമിയെയും മനുഷ്യരെയും ഉണ്ടാക്കാൻ ദൈവം ഉപയോഗിച്ച വിദഗ്ധവേലക്കാരനെന്ന നിലയിൽ യേശുവിനു നമ്മുടെ ആവശ്യങ്ങൾ നമ്മിൽ ഏതൊരാളെക്കാളും മെച്ചമായി അറിയാം. കൂടാതെ, മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ, അവൻ ‘മനുഷ്യപുത്രന്മാരോടുള്ള പ്രിയം’ പ്രകടമാക്കിയിട്ടുണ്ട്. (സദൃശവാക്യങ്ങൾ 8:30, 31, NW; കൊലൊസ്സ്യർ 1:15-17) മനുഷ്യരോട് അത്രയ്ക്കു സ്നേഹം ഉള്ളതിനാൽ അവൻ വ്യക്തിപരമായി ഭൂമിയിലേക്കു വരികയും നമുക്കുവേണ്ടി ഒരു മറുവിലയായി തന്റെ ജീവൻ നൽകുകയും ചെയ്തു. (യോഹന്നാൻ 3:16) അങ്ങനെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുതൽ പ്രാപിക്കുന്നതിനുള്ള മാർഗവും നിത്യജീവനുള്ള അവസരവും അവൻ നമുക്കു ലഭ്യമാക്കി.—മത്തായി 20:28.
8. (എ) മാനുഷ ഭരണാധിപത്യങ്ങളിൽനിന്നു ഭിന്നമായി ദൈവത്തിന്റെ ഗവൺമെന്റ് നിലനിൽക്കുന്ന ഒന്നായിരിക്കുന്നത് എന്തുകൊണ്ട്? (ബി) “വിശ്വസ്തനും വിവേകിയുമായ അടിമ”യ്ക്ക് സ്വർഗീയ ഗവൺമെന്റുമായി എന്തു ബന്ധമാണുള്ളത്?
8 ദൈവരാജ്യം സുസ്ഥിരമായ, നിലനിൽക്കുന്ന ഒരു ഭരണകൂടമാണ്. യഹോവതന്നെ മരണത്തിനു വിധേയനല്ല എന്ന വസ്തുതയാണ് അതിന്റെ നിലനിൽപ്പിന് ഉറപ്പു നൽകുന്നത്. (ഹബക്കൂക് 1:12, NW) മനുഷ്യ രാജാക്കന്മാരിൽനിന്നു വ്യത്യസ്തനായി, ദൈവം രാജത്വം ഭരമേൽപ്പിച്ചിരിക്കുന്ന യേശുക്രിസ്തുവും അമർത്യനാണ്. (റോമർ 6:9; 1 തിമൊഥെയൊസ് 6:15, 16) സ്വർഗീയ സിംഹാസനങ്ങളിൽ ക്രിസ്തുവിനോടുകൂടെ വേറെ, 1,44,000 പേർകൂടെ ഉണ്ടായിരിക്കും, “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള” വിശ്വസ്ത ദൈവദാസർതന്നെ. അവർക്കും അമർത്യ ജീവൻ നൽകപ്പെടുന്നു. (വെളിപ്പാടു 5:9, 10; 14:1-4; 1 കൊരിന്ത്യർ 15:42-44, 53) അവരിൽ ബഹുഭൂരിപക്ഷവും ഇപ്പോൾത്തന്നെ സ്വർഗത്തിലുണ്ട്. അവരിൽ ഇനിയും ഭൂമിയിൽ ശേഷിച്ചിട്ടുള്ളവരാണ് ഇക്കാലത്തെ “വിശ്വസ്തനും വിവേകിയുമായ അടിമ”യായിരിക്കുന്നത്. ആ അടിമയാണ് ദൈവരാജ്യത്തിന്റെ ഇവിടത്തെ താത്പര്യങ്ങൾ പുരോഗമിപ്പിക്കുന്നത്.—മത്തായി 24:45-47, NW.
9, 10 (എ) ഛിദ്രിപ്പിക്കുന്നതും ദൂഷകവുമായ ഏതു സ്വാധീനങ്ങളെ രാജ്യം നീക്കം ചെയ്യും? (ബി) ദൈവരാജ്യത്തിന്റെ ശത്രുക്കളായിത്തീരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നാം ഏതു കുരുക്കുകൾ ഒഴിവാക്കണം?
9 എത്രയും പെട്ടെന്നുതന്നെ, തന്റെ നിയമിതസമയത്ത്, ഭൂമിയെ ശുദ്ധീകരിക്കാൻ യഹോവ തന്റെ സ്വർഗീയ വധാധികൃത സൈന്യത്തെ അയയ്ക്കും. സ്വന്ത തീരുമാനപ്രകാരം യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന, യേശുക്രിസ്തു മുഖാന്തരം അവൻ പ്രദാനം ചെയ്യുന്ന സ്നേഹപുരസ്സരമായ ക്രമീകരണങ്ങളെ പുച്ഛിച്ചുതള്ളുന്ന മനുഷ്യരെ അവർ എന്നേക്കുമായി നശിപ്പിക്കും. (2 തെസ്സലൊനീക്യർ 1:6-10) അത് യഹോവയുടെ ദിവസമായിരിക്കും, അവന്റെ അഖിലാണ്ഡ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നതിനുള്ള സമയംതന്നെ. ‘ദേശത്തെ പാപികളെ അതിൽനിന്നു മുടിച്ചുകളവാൻ യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടുംകൂടെ വരുന്നു.’ (യെശയ്യാവു 13:9) “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലുംഉള്ള ദിവസം.”—സെഫന്യാവു 1:15.
10 ഈ ലോകത്തിന്റെ അദൃശ്യ ദുഷ്ട ഭരണാധികാരിയുടെ നിയന്ത്രണത്തിലുള്ള മുഴു വ്യാജമതങ്ങളും സകല മാനുഷ ഗവൺമെന്റുകളും അവയുടെ സൈന്യങ്ങളും എന്നേക്കുമായി നിർമൂലമാക്കപ്പെടും. സ്വാർഥപൂർണവും വഞ്ചകവും അധാർമികവുമായ ജീവിതരീതി പിന്തുടർന്നുകൊണ്ട് ഈ ലോകത്തിന്റെ പക്ഷത്തു നിലകൊള്ളുന്ന സകലരും നശിപ്പിക്കപ്പെടും. സാത്താനും അവന്റെ ഭൂതങ്ങളും ആയിരം വർഷത്തേക്ക് അഗാധത്തിൽ ഭദ്രമായി അടയ്ക്കപ്പെടും, അങ്ങനെ അവർ ഭൂവാസികളുമായുള്ള സമ്പർക്കത്തിൽനിന്നു മാറ്റിനിറുത്തപ്പെടും. അന്ന് ദൈവരാജ്യത്തിനു ഭൂമിയിലെ കാര്യങ്ങളുടെമേൽ പൂർണനിയന്ത്രണം ഉണ്ടായിരിക്കും. നീതിയെ സ്നേഹിക്കുന്ന എല്ലാവർക്കും അത് എന്തൊരു ആശ്വാസമായിരിക്കും!—വെളിപ്പാടു 18:21, 24; 19:11-16, 19-21; 20:1, 2.
രാജ്യത്തിന്റെ ലക്ഷ്യങ്ങൾ—അവ എങ്ങനെ കൈവരിക്കപ്പെടുന്നു?
11. (എ) മിശിഹൈക രാജ്യം ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എങ്ങനെ നിവർത്തിക്കും? (ബി) രാജ്യഭരണം അന്നു ഭൂമിയിൽ ജീവിക്കുന്നവർക്ക് എന്ത് അർഥമാക്കും?
11 മിശിഹൈക രാജ്യം ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം പൂർണമായി നിവർത്തിക്കും. (ഉല്പത്തി 1:28; 2:8, 9, 15) ഇന്നുവരെ ആ ഉദ്ദേശ്യത്തെ പിന്താങ്ങുന്നതിൽ മനുഷ്യവർഗം പരാജയപ്പെട്ടിരിക്കുന്നു. എന്നുവരികിലും, “വരാനിരിക്കുന്ന നിവസിത ഭൂമി” (NW) മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ അധീനതയിൽ ആയിരിക്കും. ഈ പഴയ വ്യവസ്ഥിതിയുടെമേലുള്ള യഹോവയുടെ ന്യായവിധി നിർവഹണത്തെ അതിജീവിക്കുന്ന എല്ലാവരും ഭൂമി ഒരു പറുദീസാ ആയിത്തീരത്തക്കവണ്ണം രാജാവായ ക്രിസ്തുവിൻകീഴിൽ ഒറ്റക്കെട്ടായി വേല ചെയ്യുകയും അവൻ നിർദേശിക്കുന്ന എന്തും സന്തോഷത്തോടെ നിർവഹിക്കുകയും ചെയ്യും. (എബ്രായർ 2:5-9) മുഴു മനുഷ്യവർഗവും തങ്ങളുടെ കൈകളുടെ പ്രവൃത്തി ആസ്വദിക്കുകയും ഭൂമിയിലെ സമൃദ്ധമായ ഉത്പന്നങ്ങളിൽനിന്നു പൂർണപ്രയോജനം അനുഭവിക്കുകയും ചെയ്യും.—സങ്കീർത്തനം 72:1, 7, 8, 16-19; യെശയ്യാവു 65:21, 22.
12. രാജ്യത്തിന്റെ പ്രജകൾക്ക് മനസ്സിന്റെയും ശരീരത്തിന്റെയും പൂർണത എങ്ങനെ കൈവരും?
12 ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടപ്പോൾ അവർ പൂർണരായിരുന്നു. അവരുടെ സന്താനങ്ങളെക്കൊണ്ടു ഭൂമിയെ നിറയ്ക്കുക എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. എല്ലാവരും മനസ്സിന്റെയും ശരീരത്തിന്റെയും പൂർണത ആസ്വദിക്കുമായിരുന്നു. രാജ്യഭരണത്തിൻകീഴിൽ ആ ഉദ്ദേശ്യം മഹത്തായി സാക്ഷാത്കരിക്കപ്പെടും. ഇതിന് പാപത്തിന്റെ സകല ഫലങ്ങളുടെയും നീക്കം ചെയ്യൽ ആവശ്യമാണ്. ആ ഉദ്ദേശ്യം നിവർത്തിക്കാൻ, ക്രിസ്തു രാജാവായി മാത്രമല്ല മഹാപുരോഹിതനായും സേവിക്കുന്നു. അവൻ തന്റെ സ്വന്തം മനുഷ്യജീവന്റെ ബലിയുടെ പാപപരിഹാര മൂല്യത്തിൽനിന്നു പ്രയോജനം നേടാൻ തന്റെ അനുസരണമുള്ള പ്രജകളെ ക്ഷമാപൂർവം സഹായിക്കും.
13. രാജ്യഭരണത്തിൻ കീഴിൽ ഏതു ശാരീരിക പ്രയോജനങ്ങൾ കൈവരും?
13 രാജ്യഭരണത്തിൻ കീഴിൽ, ഭൂവാസികൾക്ക് അത്യത്ഭുതകരമായ ശാരീരിക പ്രയോജനങ്ങൾ കൈവരും. “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശയ്യാവു 35:5, 6) പ്രായത്താലോ രോഗത്താലോ വിരൂപമായിത്തീർന്ന ദേഹം ഒരു കുട്ടിയുടേതിനെക്കാൾ പുതുമയാർന്നത് ആയിത്തീരും. വിട്ടുമാറാത്ത ദൗർബല്യങ്ങൾ ഊർജസ്വലമായ ആരോഗ്യത്തിനു വഴിമാറും. “അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടി വെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” (ഇയ്യോബ് 33:25) ‘എനിക്കു ദീനമാണ്’ എന്ന് ആർക്കും പറയാൻ കാരണമില്ലാത്ത നാൾ വരും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവഭയമുള്ള മനുഷ്യർ പാപത്തിന്റെയും അതിന്റെ ശോചനീയ ഫലങ്ങളുടെയും ഭാരത്തിൽനിന്നു വിമുക്തരാകും. (യെശയ്യാവു 33:24; ലൂക്കൊസ് 13:11-13) അതേ, ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4.
14. മാനുഷ പൂർണത പ്രാപിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
14 എന്നിരുന്നാലും, പൂർണത പ്രാപിക്കുന്നതിൽ ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഉണ്ടായിരിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അതിൽ ഉചിതമായി യഹോവയുടെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നത് ഉൾപ്പെടുന്നു. കാരണം, നമ്മൾ, ‘ദൈവത്തിന്റെ സ്വരൂപത്തിൽ, അവന്റെ സാദൃശ്യപ്രകാര’മാണു നിർമിക്കപ്പെട്ടിരിക്കുന്നത്. (ഉല്പത്തി 1:26) ആ ലക്ഷ്യം നേടുന്നതിന്, വലിയ ഒരു വിദ്യാഭ്യാസ പരിപാടി ആവശ്യമാണ്. പുതിയ ലോകത്തിൽ ‘നീതി വസിക്കും.’ അതുകൊണ്ട്, യെശയ്യാവു മുൻകൂട്ടി പറഞ്ഞതുപോലെ, “ഭൂവാസികൾ നീതിയെ പഠിക്കും.” (2 പത്രൊസ് 3:13; യെശയ്യാവു 26:9) ഈ ഗുണം, എല്ലാ വർഗങ്ങൾ തമ്മിലും, ഉറ്റ സ്നേഹിതർ തമ്മിലും, ഒരുവന്റെ കുടുംബത്തിലും, എല്ലാറ്റിനുമുപരി ദൈവത്തോടും ഉള്ള സമാധാനത്തിലേക്കു നയിക്കുന്നു. (സങ്കീർത്തനം 85:10-13; യെശയ്യാവു 32:17) നീതി പഠിക്കുന്നവർ, തങ്ങളെ സംബന്ധിച്ച ദൈവഹിതം പടിപടിയായി മനസ്സിലാക്കും. യഹോവയോടുള്ള സ്നേഹം അവരുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരുറയ്ക്കുമ്പോൾ അവർ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അവന്റെ നിലവാരങ്ങൾ പിൻപറ്റും. യേശുവിനെപ്പോലെ ‘ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നു’ എന്നു പറയാൻ അവർ പ്രാപ്തരാകും. (യോഹന്നാൻ 8:29) അതു സകല മനുഷ്യവർഗത്തെ സംബന്ധിച്ചും സത്യമായിരിക്കുമ്പോൾ ജീവിതം എത്ര ആസ്വാദ്യമായിരിക്കും!
നേട്ടങ്ങൾ ഇപ്പോൾത്തന്നെ ദൃശ്യം
15. ഈ ഖണ്ഡികയിലെ ചോദ്യങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ നേട്ടങ്ങളും നാം ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങളും എടുത്തുകാട്ടുക.
15 ദൈവരാജ്യത്തിന്റെയും അതിന്റെ പ്രജകളുടെയും മഹത്തായ നേട്ടങ്ങൾ മറ്റുള്ളവർക്കു പോലും ദൃശ്യമാണ്. പിൻവരുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഈ നേട്ടങ്ങളിൽ ചിലതും, അതുപോലെതന്നെ ദൈവരാജ്യത്തിന്റെ സകല പ്രജകൾക്കും ചെയ്യാൻ കഴിയുന്നതും ഇപ്പോൾ ചെയ്യേണ്ടതുമായ കാര്യങ്ങളും നിങ്ങളെ ഓർമിപ്പിക്കും.
രാജ്യം ആദ്യം ആർക്കെതിരെ നടപടി എടുത്തു, ഫലം എന്തായിരുന്നു? (വെളിപ്പാടു 12:7-10, 12)
ക്രിസ്തുവിന്റെ സിംഹാസനാരോഹണത്തിനുശേഷം, ഏതു കൂട്ടത്തിലെ ശേഷിക്കുന്ന അംഗങ്ങളുടെ കൂട്ടിച്ചേർക്കലിനാണ് ശ്രദ്ധ കൊടുത്തുകൊണ്ടിരിക്കുന്നത്? (വെളിപ്പാടു 14:1-3)
മത്തായി 25:31-33-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, മഹോപദ്രവത്തിന്റെ പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് താൻ ഏതു വേല ചെയ്യുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു?
സങ്കീർത്തനം 110:3; മത്തായി 24:14; വെളിപ്പാടു 14:6, 7)
ഏതു പ്രാഥമിക വേല ഇപ്പോൾ നിർവഹിക്കപ്പെടുന്നു? അതിൽ ആർ പങ്കുപറ്റുന്നു? (രാഷ്ട്രീയവും മതപരവുമായ എതിരാളികൾക്ക് പ്രസംഗവേലയെ തടയാൻ കഴിഞ്ഞിട്ടില്ലാത്തത് എന്തുകൊണ്ട്? (സെഖര്യാവു 4:6; പ്രവൃത്തികൾ 5:38, 39)
രാജ്യഭരണത്തിനു കീഴ്പെടുന്നവരുടെ ജീവിതത്തിൽ ഏതു മാറ്റങ്ങൾ നടന്നിരിക്കുന്നു? (യെശയ്യാവു 2:4; 1 കൊരിന്ത്യർ 6:9-11)
ആയിരം വർഷത്തേക്കുള്ള ഒരു രാജ്യം
16. (എ) ക്രിസ്തു എത്ര നാൾ ഭരിക്കും? (ബി) ആ കാലത്തും അതിനുശേഷവും ഏത് അത്യത്ഭുത കാര്യങ്ങൾ നിർവഹിക്കപ്പെടും?
16 സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിൽ അടയ്ക്കപ്പെട്ട ശേഷം, യേശുക്രിസ്തുവും അവന്റെ 1,44,000 കൂട്ടവകാശികളും ആയിരം വർഷം രാജാക്കന്മാരും പുരോഹിതന്മാരുമായി ഭരിക്കും. (വെളിപ്പാടു 20:6) ആ കാലഘട്ടത്തിൽ, മനുഷ്യവർഗം പൂർണതയിലേക്കു വരുത്തപ്പെടും, പാപവും ആദാമ്യ മരണവും എന്നേക്കുമായി നീക്കം ചെയ്യപ്പെട്ടിരിക്കും. ആയിരവർഷവാഴ്ചയുടെ അവസാനത്തിൽ, മിശിഹൈക രാജ-പുരോഹിതൻ എന്ന നിലയിലുള്ള തന്റെ നിയോഗം വിജയപ്രദമായി നിറവേറ്റിയ യേശു ‘രാജ്യം അവന്റെ പിതാവിനെ ഏല്പിക്കും,’ “ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു”തന്നെ. (1 കൊരിന്ത്യർ 15:24-28) ആ ഘട്ടത്തിൽ, വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗത്തെ യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തോടുള്ള അവരുടെ പിന്തുണ സംബന്ധിച്ചു പരിശോധിക്കാൻ സാത്താൻ അൽപ്പകാലത്തേക്ക് അഴിച്ചുവിടപ്പെടുന്നു. ആ അന്തിമ പരിശോധന പൂർത്തിയായശേഷം, യഹോവ സാത്താനെയും അവന്റെ പക്ഷം ചേർന്ന മത്സരികളെയും നശിപ്പിക്കും. (വെളിപ്പാടു 20:7-10) യഹോവയുടെ പരമാധികാരത്തെ—ഭരണം നടത്താനുള്ള അവന്റെ അവകാശത്തെ—ഉയർത്തിപ്പിടിച്ചവർ തങ്ങളുടെ അചഞ്ചലമായ വിശ്വസ്തത പൂർണമായി തെളിയിച്ചിരിക്കും. അപ്പോൾ അവർ നിത്യജീവനായി ദിവ്യാംഗീകാരം പ്രാപിച്ച യഹോവയുടെ പുത്രീപുത്രന്മാരായി അവനോടുള്ള ഉചിതമായ ബന്ധത്തിലേക്കു വരുത്തപ്പെടും.—റോമർ 8:20.
17. (എ) ആയിരം വർഷത്തിന്റെ അവസാനത്തിൽ രാജ്യത്തിന് എന്തു സംഭവിക്കും? (ബി) രാജ്യം ‘ഒരുനാളും നശിച്ചുപോകുകയില്ല’ എന്നത് ഏതർഥത്തിലാണു സത്യമായിരിക്കുന്നത്?
17 അതുകൊണ്ട്, യേശുവിന്റെയും 1,44,000 പേരുടെയും ധർമത്തിന് ഭൂമിയോടുള്ള ബന്ധത്തിൽ മാറ്റമുണ്ടാകും. അവരുടെ ഭാവി പ്രവർത്തനം എന്തായിരിക്കും? ബൈബിൾ പറയുന്നില്ല. എന്നാൽ നാം വിശ്വസ്തമായി യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നെങ്കിൽ, യഹോവ അവർക്കും അവന്റെ ഭയഗംഭീരമായ അഖിലാണ്ഡത്തിനും വേണ്ടി ഉദ്ദേശിച്ചിരിക്കുന്നത് എന്തെന്നു കണ്ടുപിടിക്കാൻ നാം ആയിരവർഷവാഴ്ചയുടെ അവസാനത്തിൽ ജീവിച്ചിരിക്കും. എന്നുവരികിലും, ക്രിസ്തുവിന്റെ ആയിരം വർഷത്തെ ഭരണം ‘നിത്യാധിപത്യം’ ആയിരിക്കും. അവന്റെ രാജ്യം ‘നശിച്ചുപോകാത്തത്’ ആയിരിക്കും. (ദാനീയേൽ 7:14) ഏതർഥത്തിൽ? ഒന്നാമതായി, ഭരണാധികാരം വ്യത്യസ്ത ലക്ഷ്യങ്ങളുള്ള മറ്റുള്ളവരുടെ കൈകളിലേക്കു മാറിപ്പോകുകയില്ല. കാരണം യഹോവയായിരിക്കും ഭരണാധിപൻ. കൂടാതെ, രാജ്യത്തിന്റെ നേട്ടങ്ങൾ എന്നേക്കും നിലനിൽക്കുമെന്നതുകൊണ്ട് അത് ‘ഒരുനാളും നശിച്ചുപോകുകയില്ല.’ (ദാനീയേൽ 2:44) മിശിഹൈക രാജ-പുരോഹിതനും അവന്റെ സഹ രാജ-പുരോഹിതന്മാരും യഹോവയ്ക്കുള്ള അവരുടെ വിശ്വസ്ത സേവനം നിമിത്തം എന്നേക്കും ബഹുമാനിക്കപ്പെടും.
പുനരവലോകന ചർച്ച
• മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങളുടെ ഏക പരിഹാരം ദൈവരാജ്യം ആയിരിക്കുന്നത് എന്തുകൊണ്ട്? ദൈവരാജ്യത്തിന്റെ രാജാവ് എപ്പോൾ ഭരിക്കാൻ തുടങ്ങി?
• ദൈവരാജ്യവും അതു കൈവരിക്കുന്ന നേട്ടങ്ങളും സംബന്ധിച്ച് നിങ്ങൾക്കു വിശേഷാൽ ശ്രദ്ധേയമായി തോന്നുന്നത് എന്ത്?
• രാജ്യത്തിന്റെ ഏതു നേട്ടങ്ങൾ നമുക്ക് ഇപ്പോൾത്തന്നെ കാണാൻ കഴിയും? ഇവയിൽ നമുക്ക് എന്തു പങ്കുണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[92, 93 പേജുകളിലെ ചിത്രം]
ദൈവരാജ്യത്തിൻ കീഴിൽ സകല മനുഷ്യരും നീതി പഠിക്കും