“തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ”
അധ്യായം പതിനാറ്
“തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ”
1. യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് ആദ്യമായി വരുന്നവരിൽ മിക്കപ്പോഴും മതിപ്പുളവാക്കുന്നത് എന്താണ്?
ആളുകൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് ആദ്യമായി വരുമ്പോൾ അവിടെ പ്രകടമാക്കപ്പെടുന്ന സ്നേഹത്തിൽ മിക്കപ്പോഴും അവർക്കു വളരെ മതിപ്പു തോന്നുന്നു. അവർക്കു വ്യക്തിപരമായി ലഭിച്ച സ്വാഗതത്തിലും ഊഷ്മളമായ കൂട്ടായ്മയിലും അവർ അതു നിരീക്ഷിക്കുന്നു. നമ്മുടെ കൺവെൻഷനുകൾക്ക് എത്തുന്നവരും ഈ സ്നേഹം കാണുന്നു. ഒരു കൺവെൻഷനെ കുറിച്ച് ഒരു വാർത്താ ലേഖകൻ ഇങ്ങനെ എഴുതി: ‘മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരി ബാധിച്ചവരില്ല. അട്ടഹാസമോ കൂക്കുവിളിയോ ഇല്ല. ഉന്തും തള്ളുമില്ല. ആക്രോശങ്ങളോ ശാപവാക്കുകളോ ഇല്ല. വൃത്തികെട്ട തമാശകളോ അശ്ലീല സംസാരമോ ഇല്ല. പുകവലിയില്ല. മോഷണമില്ല. ആരും പുൽത്തകിടിയിൽ ടിന്നുകളോ കുപ്പികളോ ഉപേക്ഷിച്ചു പോകുന്നില്ല. തികച്ചും അസാധാരണമായ അന്തരീക്ഷം.’ ഇതെല്ലാം സ്നേഹത്തിന്റെ തെളിവാണ്, അത്തരം സ്നേഹം “അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 13:4-8.
2. (എ) കാലക്രമത്തിൽ, നാം സ്നേഹം പ്രകടിപ്പിക്കുന്നതു സംബന്ധിച്ച് എന്തു സ്പഷ്ടമായിരിക്കണം? (ബി) ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് നാം ഏതുതരം സ്നേഹം നട്ടുവളർത്തേണ്ടതുണ്ട്?
2 സഹോദര സ്നേഹമാണ് യഥാർഥ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളം. (യോഹന്നാൻ 13:35) ആത്മീയമായി വളരുമ്പോൾ, നമ്മൾ കൂടുതൽ തികവോടെ സ്നേഹം പ്രകടമാക്കാൻ പഠിക്കുന്നു. തന്റെ സഹക്രിസ്ത്യാനികളുടെ സ്നേഹം ‘മേൽക്കുമേൽ വർദ്ധിച്ചുവരട്ടെ’യെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രാർഥിച്ചു. (ഫിലിപ്പിയർ 1:9) നമ്മുടെ സ്നേഹം ആത്മത്യാഗപരം ആയിരിക്കണമെന്ന് അപ്പൊസ്തലനായ യോഹന്നാൻ പ്രകടമാക്കി. അവൻ എഴുതി: “[ദൈവപുത്രൻ] നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും നമ്മുടെ സഹോദരന്മാർക്കുവേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 3:16; യോഹന്നാൻ 15:12-14എ) നാം യഥാർഥത്തിൽ സഹോദരങ്ങൾക്കുവേണ്ടി നമ്മുടെ ജീവൻ കൊടുക്കുമോ? മിക്ക സാഹചര്യങ്ങളിലും അത് ആവശ്യമായി വരുന്നില്ലെങ്കിലും, നമുക്കു സൗകര്യപ്രദമല്ലാത്തപ്പോൾ പോലും അവരെ സഹായിക്കാൻ നാം ആവുന്നതു ചെയ്യുന്നുണ്ടോ?
3. (എ) ഏതു വിധത്തിൽ നമുക്കു കൂടുതൽ തികവോടെ സ്നേഹം പ്രകടമാക്കാൻ കഴിയും? (ബി) ഇപ്പോൾ അന്യോന്യം ഉറ്റ സ്നേഹം ഉണ്ടായിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 ആത്മത്യാഗ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന പ്രവൃത്തികൾക്കൊപ്പം, നമുക്കു നമ്മുടെ സഹോദരങ്ങളോട് യഥാർഥത്തിൽ ഊഷ്മളമായ ഒരു വികാരം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. “സഹോദരസ്നേഹത്തോടെ അന്യോന്യം ആർദപ്രിയം കാട്ടുക” എന്നു ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:10, NW) ചില ആളുകളോടു നമുക്കെല്ലാം ആ വിധത്തിലുള്ള വികാരമുണ്ട്. എന്നാൽ മറ്റുള്ളവരോടും അത്തരം പ്രിയം തോന്നാൻ നമുക്കു പഠിക്കാനാകുമോ? ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവേ, നമ്മുടെ സഹക്രിസ്ത്യാനികളോട് എന്നത്തേതിലും ഏറെ അടുക്കേണ്ടതു മർമപ്രധാനമാണ്. ബൈബിൾ ഇപ്രകാരം പറയുന്നു: “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; . . . സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.”—1 പത്രൊസ് 4:7, 8.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
4. (എ) ഒരു സഭയിൽ ഉള്ളവർ തമ്മിൽ പ്രശ്നങ്ങൾ പൊന്തിവരാവുന്നത് എന്തുകൊണ്ട്? (ബി) ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കാനുള്ള ഒരു ചായ്വ് നമുക്ക് എല്ലായ്പോഴും തോന്നാതിരുന്നേക്കാമെങ്കിലും, നാം അങ്ങനെ ചെയ്യുന്നെങ്കിൽ എന്തു നന്മ കൈവരും?
4 തീർച്ചയായും, നാം അപൂർണർ ആയിരിക്കുന്നിടത്തോളം കാലം മറ്റുള്ളവരെ മുഷിപ്പിക്കുന്ന കാര്യങ്ങൾ ചിലപ്പോഴെല്ലാം നാം ചെയ്തേക്കാം. നമ്മുടെ സഹോദരങ്ങളും നമ്മോടു പല തെറ്റുകൾ ചെയ്തെന്നുവരാം. (1 യോഹന്നാൻ 1:8) നിങ്ങൾ അത്തരമൊരു സാഹചര്യത്തിൽ ആണെങ്കിൽ എന്തു ചെയ്യണം? തിരുവെഴുത്തുകൾ ആവശ്യമായ മാർഗനിർദേശം നൽകുന്നു. എന്നാൽ അവ പറയുന്നത് അപൂർണ വ്യക്തികളായ നമ്മുടെ ചായ്വുകളോട് ഒത്തുവരുന്നില്ലായിരിക്കാം. (റോമർ 7:21-23) എന്നുവരികിലും, ബൈബിളിൽ അടങ്ങിയിരിക്കുന്ന ബുദ്ധിയുപദേശം നാം ആത്മാർഥമായി ബാധകമാക്കുന്നെങ്കിൽ, അത് യഹോവയെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ആത്മാർഥമായ ആഗ്രഹത്തിന്റെ തെളിവായിരിക്കും. നാം അങ്ങനെ ചെയ്യുന്നത് നമുക്കു മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ ഗുണത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
5. ആരെങ്കിലും നമ്മെ ദ്രോഹിക്കുന്നെങ്കിൽ, നാം പ്രതികാരം ചെയ്യരുതാത്തത് എന്തുകൊണ്ട്?
5 ആളുകൾ ദ്രോഹിക്കപ്പെടുമ്പോൾ, അവർ ചിലപ്പോൾ ദ്രോഹിച്ച ആളിനോടു പ്രതികാരം ചെയ്യാനുള്ള വഴികൾ തേടുന്നു. എന്നാൽ അതു സാഹചര്യത്തെ ഒന്നുകൂടെ വഷളാക്കുകയേ ഉള്ളൂ. പ്രതികാരം ആവശ്യമാണെങ്കിൽ, നാം അതു ദൈവത്തിനു വിടണം. (സദൃശവാക്യങ്ങൾ 24:29; റോമർ 12:17-21) മറ്റുള്ളവർ കുറ്റക്കാരനോടുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ സഹാരാധകരോടു നാം അങ്ങനെ ചെയ്യരുത്, കാരണം നമ്മുടെ ആരാധനയുടെ സ്വീകാര്യത ഒരു പരിധിവരെ നാം നമ്മുടെ സഹോദരന്മാരെ സ്നേഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. (1 യോഹന്നാൻ 4:20) അതുകൊണ്ട് പൗലൊസ് ഇങ്ങനെ എഴുതി: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13) നിങ്ങൾക്ക് അതു ചെയ്യാൻ കഴിയുമോ?
6. (എ) നാം നമ്മുടെ സഹോദരനോട് എത്ര കൂടെക്കൂടെ ക്ഷമിക്കേണ്ടതുണ്ട്? (ബി) എന്തു മനസ്സിലാക്കുന്നത് നമുക്കെതിരായ ഒരു പാപം കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കും?
6 ആരെങ്കിലും നമുക്കെതിരെ ആവർത്തിച്ചു പാപം ചെയ്യുകയും എന്നാൽ അവ അയാളെ സഭയിൽനിന്നു പുറത്താക്കാൻ തക്ക കടുത്ത പാപങ്ങൾ അല്ലാതിരിക്കുകയുമാണെങ്കിൽ എന്ത്? അങ്ങനെയുള്ള ചെറിയ പാപങ്ങൾ “ഏഴുവട്ടം” ക്ഷമിക്കാൻ കഴിയുമെന്ന് അപ്പൊസ്തലനായ പത്രൊസ് നിർദേശിച്ചു. എന്നാൽ “ഏഴുവട്ടമല്ല, ഏഴ് എഴുപതു വട്ടം” ക്ഷമിക്കണമെന്ന് യേശു പറഞ്ഞു. ഏതെങ്കിലും മനുഷ്യൻ നമ്മോടു കടപ്പെട്ടിരിക്കുന്നതിനോടുള്ള താരതമ്യത്തിൽ ദൈവത്തോടുള്ള നമ്മുടെ കടം എത്ര വലുതാണെന്ന് അവൻ എടുത്തുകാട്ടി. (മത്തായി 18:21-35) തിരിച്ചറിയാതെ പോലും നമ്മൾ ദിവസവും പല വിധങ്ങളിൽ ദൈവത്തിനെതിരെ പാപം ചെയ്യുന്നു—ചിലപ്പോൾ ഒരു സ്വാർഥ പ്രവൃത്തിയാലോ നമ്മുടെ സംസാരത്താലോ ചിന്തയാലോ നാം ചെയ്യാൻ പരാജയപ്പെടുന്ന കാര്യങ്ങളാലോതന്നെ. (റോമർ 3:23) എങ്കിലും, ദൈവം നമ്മോടു തുടർന്നും കരുണ കാണിക്കുന്നു. (സങ്കീർത്തനം 103:10-14; 130:3, 4) നാം അന്യോന്യം അതേ വിധത്തിൽ ഇടപെടാൻ അവൻ ആവശ്യപ്പെടുന്നു. (മത്തായി 6:14, 15; എഫെസ്യർ 4:1-3) അപ്പോൾ നമ്മൾ ‘ദോഷം കണക്കിടുന്നില്ലാത്ത’ തരം സ്നേഹമായിരിക്കും പ്രകടമാക്കുക.—1 കൊരിന്ത്യർ 13:4, 5; 1 പത്രൊസ് 3:8, 9.
7. ഒരു സഹോദരനു നമുക്കെതിരെ നീരസമുണ്ടെങ്കിൽ നാം എന്തു ചെയ്യണം?
7 നമ്മുടെ സഹോദരനോടു നമുക്കു പിണക്കമില്ലെങ്കിലും അദ്ദേഹത്തിന് നമുക്കെതിരെ എന്തോ ഉണ്ടെന്നു നാം തിരിച്ചറിയുന്ന ചില സമയങ്ങൾ ഉണ്ടായിരിക്കാം. നമ്മൾ എന്തു ചെയ്യണം? 1 പത്രൊസ് 4:8 നിർദേശിക്കുന്നതുപോലെ, ‘അതിനെ സ്നേഹംകൊണ്ടു മറെക്കാൻ’ നമുക്കു തീരുമാനിക്കാവുന്നതാണ്. അല്ലെങ്കിൽ നമുക്കു മുൻകൈയെടുത്ത് അദ്ദേഹത്തോടു സംസാരിക്കാനും സമാധാനപരമായ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും കഴിയും.—മത്തായി 5:23, 24.
8. ഒരു സഹവിശ്വാസി നമ്മെ അസ്വസ്ഥരാക്കുന്ന എന്തെങ്കിലും ചെയ്യുന്നെങ്കിൽ, അതു സംബന്ധിച്ച് എന്തു ചെയ്യാനാകും?
8 ഇനി ഒരു സഹവിശ്വാസി നിങ്ങളെയും മറ്റുള്ളവരെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന എന്തെങ്കിലും ചെയ്യുന്നെങ്കിലോ? അദ്ദേഹത്തോടു സംസാരിക്കുന്നതു നന്നായിരിക്കില്ലേ? ആയിരിക്കാം. ദയാപൂർവകമായ ഒരു വിധത്തിൽ നിങ്ങൾ പ്രശ്നം അദ്ദേഹത്തിനു വിശദീകരിച്ചു കൊടുക്കുന്നെങ്കിൽ, അതു നല്ല ഫലങ്ങൾ ഉളവാക്കിയേക്കാം. എന്നാൽ, ആദ്യം നിങ്ങൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതാണ്: ‘അദ്ദേഹം യഥാർഥത്തിൽ തിരുവെഴുത്തു വിരുദ്ധമായ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അതോ എന്റെ പശ്ചാത്തലവും പരിശീലനവും അദ്ദേഹത്തിന്റേതിൽനിന്നു വ്യത്യസ്തമാണെന്നുള്ളതാണോ പ്രശ്നത്തിന് ഏറെയും കാരണമായിരിക്കുന്നത്?’ സ്വന്തമായ മാനദണ്ഡങ്ങൾ വെച്ച് അവയനുസരിച്ചു വിധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. (യാക്കോബ് 4:11, 12) യഹോവ മുഖപക്ഷം കൂടാതെ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ സ്വീകരിക്കുന്നു, അവർ ആത്മീയമായി വളർന്നുകൊണ്ടിരിക്കെ അവരോടു ക്ഷമ കാട്ടുകയും ചെയ്യുന്നു.
9. (എ) സഭയിൽ ഗുരുതരമായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾക്കു ശ്രദ്ധ കൊടുക്കേണ്ടത് ആരാണ്? (ബി) ഒരു പാപത്തിന് ഇരയായ വ്യക്തിക്ക് ആദ്യം പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഉള്ളത് എപ്പോൾ, അതിന്റെ ലക്ഷ്യം എന്തായിരിക്കണം?
9 എന്നാൽ, സഭയിൽ ഒരാൾ ദുർമാർഗം പോലുള്ള ഗുരുതരമായ തെറ്റിൽ ഉൾപ്പെടുന്നെങ്കിൽ സത്വര ശ്രദ്ധ കൊടുക്കണം. ആരു കൊടുക്കണം? മൂപ്പന്മാർ. (യാക്കോബ് 5:14, 15) ഒരുപക്ഷേ ഒരു വ്യാപാര ഇടപാടിൽ അല്ലെങ്കിൽ നാവിന്റെ ഹാനികരമായ ദുരുപയോഗത്തിലൂടെ ഒരു വ്യക്തിക്കെതിരായിട്ടാണു പാപം ചെയ്യുന്നതെങ്കിൽ, അയാൾ കുറ്റം ചെയ്തയാളെ സ്വകാര്യമായി സമീപിക്കാൻ ആദ്യം ശ്രമിക്കണം. (മത്തായി 18:15) അതു കാര്യത്തിനു പരിഹാരം ഉണ്ടാക്കുന്നില്ലെങ്കിൽ, മത്തായി 18:16, 17-ൽ വിവരിച്ചിരിക്കുന്ന പ്രകാരം കൂടുതലായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തെറ്റു ചെയ്ത നമ്മുടെ സഹോദരനോടുള്ള സ്നേഹവും അയാളെ ‘നേടാനുള്ള’ ആഗ്രഹവും അയാളുടെ ഹൃദയത്തെ സ്പർശിക്കാൻ ശ്രമിക്കുന്ന ഒരു രീതിയിൽ അതു ചെയ്യാൻ നമ്മെ സഹായിക്കും.—സദൃശവാക്യങ്ങൾ 16:23.
10. ഒരു പ്രശ്നം സംജാതമാകുമ്പോൾ, അതിനെ ഉചിതമായി വീക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും?
10 ഒരു പ്രശ്നം പൊന്തിവരുമ്പോൾ, അതു വലുതായിരുന്നാലും ചെറുതായിരുന്നാലും, യഹോവ അതിനെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കാൻ നാം ശ്രമിക്കുന്നെങ്കിൽ നമുക്കു പ്രയോജനം ലഭിക്കും. ഏതു രൂപത്തിലുമുള്ള പാപത്തെയും അവൻ അംഗീകരിക്കുന്നില്ല. ഗുരുതരമായ പാപം ചെയ്തുകൊണ്ടിരിക്കുന്നവർ അവന്റെ തക്ക സമയത്ത് അവന്റെ സംഘടനയിൽനിന്നു നീക്കം ചെയ്യപ്പെടും. എന്നിരുന്നാലും, നമ്മളെല്ലാം ചെറിയ വിധങ്ങളിൽ പാപം ചെയ്യുന്നുവെന്നും അവന്റെ ദീർഘക്ഷമയും കരുണയും നമുക്ക് ആവശ്യമാണെന്നും നമുക്കു മറക്കാതിരിക്കാം. മറ്റുള്ളവരുടെ പാപങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം അനുകരിക്കേണ്ട ഒരു മാതൃക യഹോവ അങ്ങനെ വെക്കുന്നു. കരുണയുള്ളവർ ആയിരിക്കുമ്പോൾ നാം അവന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്.—എഫെസ്യർ 5:1, 2.
‘വിശാലതയുള്ളവരായിരിക്കാൻ’ വഴികൾ തേടുക
11. ‘വിശാലതയുള്ളവരായിരിക്കാൻ’ പൗലൊസ് കൊരിന്ത്യരെ പ്രോത്സാഹിപ്പിച്ചത് എന്തുകൊണ്ട്?
11 ഗ്രീസിലെ കൊരിന്തിൽ ഉണ്ടായിരുന്ന സഭയെ കെട്ടുപണി ചെയ്യാൻ പൗലൊസ് അവിടെ പല മാസങ്ങൾ ചെലവഴിച്ചു. അവിടത്തെ സഹോദരങ്ങളെ സഹായിക്കാൻ അവൻ കഠിനമായി യത്നിച്ചു. അവൻ അവരെ സ്നേഹിച്ചു. എന്നാൽ അവരിൽ ചിലർക്ക് അവനോട് ഊഷ്മളമായ വികാരം ഇല്ലായിരുന്നു. അവർ കടുത്ത വിമർശന ചിന്താഗതിക്കാർ ആയിരുന്നു. ആർദ്രപ്രിയം കാട്ടുന്നതിൽ ‘വിശാലതയുള്ളവരായിരിക്കാൻ’ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. (2 കൊരിന്ത്യർ 6:11-13; 12:15, NW) നാം മറ്റുള്ളവരോട് എത്രത്തോളം സ്നേഹം പ്രകടമാക്കുന്നുണ്ട് എന്നതു സംബന്ധിച്ച് ഒരു വിലയിരുത്തൽ നടത്തുന്നതും വിശാലതയുള്ളവർ ആയിരിക്കാനുള്ള വഴികൾ തേടുന്നതും നല്ലതാണ്.—1 യോഹന്നാൻ 3:14.
12. സഭയിലെ എല്ലാവരോടുമുള്ള സ്നേഹത്തിൽ നമുക്ക് എങ്ങനെ വളരാൻ കഴിയും?
12 സഭയിലെ ചിലരോട് അടുക്കാൻ പ്രയാസമാണെന്നു നമുക്കു തോന്നുന്നുണ്ടോ? വ്യക്തിത്വ ഭിന്നതകൾ അവഗണിക്കാൻ അസാധാരണ ശ്രമം ചെയ്യുന്നത്—നമുക്കുവേണ്ടി അവർ ചെയ്യാൻ നാം ആഗ്രഹിക്കുന്നതു പോലെതന്നെ—നമ്മുടെ ഇടയിലെ ബന്ധം ഊഷ്മളമാക്കാൻ സഹായിച്ചേക്കും. നാം അവരുടെ നല്ല ഗുണങ്ങൾ തേടുകയും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോഴും അവരോടുള്ള നമ്മുടെ വികാരങ്ങൾ മെച്ചപ്പെടും. തീർച്ചയായും ഇത് അവരോടുള്ള നമ്മുടെ സ്നേഹം വളരാനിടയാക്കും.—ലൂക്കൊസ് 6:32, 33, 36.
13. നമ്മുടെ സഭയിൽ ഉള്ളവരോടു സ്നേഹം പ്രകടമാക്കുന്നതിൽ നമുക്ക് എങ്ങനെ വിശാലതയുള്ളവരാകാൻ കഴിയും?
13 മറ്റുള്ളവർക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്നതിനു പരിമിതികൾ ഉണ്ടെന്നതു ശരിയാണ്. ഓരോ യോഗത്തിലും ഓരോരുത്തരെയും അഭിവാദനം ചെയ്യാൻ നമുക്കു കഴിഞ്ഞെന്നുവരില്ല. ഒരു ഭക്ഷണത്തിനായി സുഹൃത്തുക്കളെ ക്ഷണിക്കുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തുക നമുക്കു സാധ്യമല്ലായിരിക്കാം. എന്നാൽ നമ്മുടെ സഭയിലെ ആരെയെങ്കിലും മെച്ചമായി പരിചയപ്പെടാൻ ഏതാനും മിനിട്ടുകൾ ചെലവഴിച്ചുകൊണ്ട് നമുക്കു വിശാലതയുള്ളവരായിരിക്കാൻ കഴിയുമോ? നമ്മോടൊത്തു വയൽശുശ്രൂഷയിൽ പ്രവർത്തിക്കാൻ, നമുക്കു നല്ലവണ്ണം അറിയാൻ പാടില്ലാത്ത ആരെയെങ്കിലും ചില സന്ദർഭങ്ങളിൽ ക്ഷണിക്കാനാകുമോ?
14. നമ്മൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത ക്രിസ്ത്യാനികളുടെ ഇടയിലായിരിക്കുമ്പോൾ നമുക്ക് എങ്ങനെ ഉറ്റസ്നേഹം പ്രകടമാക്കാൻ കഴിയും?
14 നമ്മുടെ സ്നേഹത്തെ വിശാലമാക്കാനുള്ള നല്ല അവസരങ്ങൾ ക്രിസ്തീയ കൺവെൻഷനുകൾ പ്രദാനം ചെയ്യുന്നു. അതിൽ ആയിരങ്ങൾ സംബന്ധിക്കുന്നുണ്ടാകാം. നമുക്ക് അവരെയെല്ലാം കണ്ടുമുട്ടാൻ കഴിയില്ല, എന്നാൽ നാം അവരുടെ ക്ഷേമത്തെ നമ്മുടെ സൗകര്യത്തിനുപരിയായി കരുതുന്നുവെന്നു പ്രകടമാക്കുന്ന വിധത്തിൽ നമുക്കു പെരുമാറാനാകും. സെഷനുകൾക്കിടയിൽ, ചുറ്റുമുള്ളവരിൽ ചിലരെ കണ്ടു സംസാരിക്കാൻ മുൻകൈ എടുത്തുകൊണ്ട് നമുക്കു വ്യക്തിപരമായ താത്പര്യം പ്രകടമാക്കാനാവും. ഭൂമിയിൽ വസിക്കുന്ന ഏവരും, സർവരുടെയും സത്യദൈവവും പിതാവുമായവന്റെ ആരാധനയിൽ ഏകീകൃതരായ സഹോദരീസഹോദരന്മാർ ആയിരിക്കുന്ന ഒരു നാൾ വരും. അന്നു പരസ്പരം പരിചയപ്പെടാൻ സാധിക്കുന്നത് എത്ര സന്തോഷകരമായിരിക്കും! അതു ചെയ്യാൻ ആഗ്രഹിക്കുന്നതിന് ഉറ്റ സ്നേഹം നമ്മെ പ്രേരിപ്പിക്കും. എന്തുകൊണ്ട് ഇപ്പോൾ അതിനായി തയ്യാറെടുത്തുകൂടാ?
പുനരവലോകന ചർച്ച
• ക്രിസ്ത്യാനികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ എങ്ങനെ പരിഹരിക്കണം, എന്തുകൊണ്ട്?
• നമ്മൾ ആത്മീയമായി വളരുമ്പോൾ, ഏതു വിധങ്ങളിൽ നമ്മുടെ സ്നേഹവും വളരണം?
• നമ്മുടെ അടുത്ത സുഹൃത്തുക്കൾ അല്ലാത്തവരോടും ഉറ്റസ്നേഹം പ്രകടമാക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[148-ാം പേജിലെ ചിത്രം]
സഭായോഗങ്ങളിൽ എന്നപോലെ, ക്രിസ്തീയ സ്നേഹം പല വിധങ്ങളിൽ പ്രകടമാക്കപ്പെടുന്നു