വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദുഷ്ടാത്മസേനകളോടുള്ള പോരാട്ടം’

‘ദുഷ്ടാത്മസേനകളോടുള്ള പോരാട്ടം’

അധ്യായം എട്ട്‌

‘ദുഷ്ടാ​ത്മ​സേ​ന​ക​ളോ​ടുള്ള പോരാ​ട്ടം’

1. ദുഷ്ടാ​ത്മാ​ക്ക​ളു​ടെ പ്രവർത്തനം നമുക്കു പ്രത്യേക താത്‌പ​ര്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ദുഷ്ടാ​ത്മാ​ക്കൾ ഉണ്ടെന്നുള്ള ആശയത്തെ പലരും പരിഹ​സി​ച്ചു​ത​ള്ളു​ന്നു. എന്നാൽ അതു തമാശയല്ല. ആളുകൾ വിശ്വ​സി​ച്ചാ​ലും ഇല്ലെങ്കി​ലും ദുഷ്ടാ​ത്മ​സേ​നകൾ ഉണ്ടെന്നു​ള്ളത്‌ ഒരു വസ്‌തു​ത​യാണ്‌. അവർ എല്ലാവ​രു​ടെ​യും​മേൽ സമ്മർദം ചെലു​ത്തു​ന്നു. യഹോ​വ​യു​ടെ ആരാധ​ക​രും അതിൽനിന്ന്‌ ഒഴിവു​ള്ള​വരല്ല. യഥാർഥ​ത്തിൽ അവരാണു ദുഷ്ടാ​ത്മാ​ക്ക​ളു​ടെ മുഖ്യ​ല​ക്ഷ്യം. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ ആ വസ്‌തുത സംബന്ധി​ച്ചു നമ്മെ ജാഗരൂ​ക​രാ​ക്കു​ന്നു: “നമുക്കു പോരാ​ട്ടം ഉള്ളതു ജഡരക്ത​ങ്ങ​ളോ​ടല്ല, വാഴ്‌ച​ക​ളോ​ടും അധികാ​ര​ങ്ങ​ളോ​ടും ഈ അന്ധകാ​ര​ത്തി​ന്റെ ലോകാ​ധി​പ​തി​ക​ളോ​ടും സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​യോ​ടും അത്രേ.” (എഫെസ്യർ 6:12) സാത്താൻ സ്വർഗ​ത്തിൽനി​ന്നു പുറന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ന്നു. മാത്രമല്ല, തനിക്ക്‌ അൽപ്പകാ​ല​മേ​യു​ള്ളു​വെന്ന്‌ അറിയാ​വു​ന്ന​തി​നാൽ അവൻ അത്യന്തം കോപി​ഷ്‌ഠ​നു​മാണ്‌. അതു​കൊണ്ട്‌ നമ്മുടെ നാളിൽ ദുഷ്ടാ​ത്മ​സേ​നകൾ ചെലു​ത്തുന്ന സമ്മർദം എന്നത്തെ​ക്കാ​ളും രൂക്ഷമാ​യി​രി​ക്കു​ക​യാണ്‌.—വെളി​പ്പാ​ടു 12:12.

2. നമുക്ക്‌ അമാനു​ഷിക ആത്മവ്യ​ക്തി​ക​ളോ​ടു പോരാ​ടി വിജയി​ക്കുക സാധ്യ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

2 അമാനു​ഷിക ആത്മസേ​ന​ക​ളോ​ടു പോരാ​ടി വിജയി​ക്കുക സാധ്യ​മാ​ണോ? തീർച്ച​യാ​യും. എന്നാൽ, യഹോ​വയെ പൂർണ​മാ​യി ആശ്രയി​ക്കു​ന്നെ​ങ്കിൽ മാത്രം. നാം അവനെ ശ്രദ്ധി​ക്കു​ക​യും അവന്റെ വചനം അനുസ​രി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​ന്ന​തി​നാൽ, സാത്താന്യ നിയ​ന്ത്ര​ണ​ത്തിൽ ഉള്ളവർ അനുഭ​വി​ക്കുന്ന ശാരീ​രിക, ധാർമിക, വൈകാ​രിക പ്രശ്‌നങ്ങൾ നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും.—യാക്കോബ്‌ 4:7.

സ്വർലോ​ക​ങ്ങ​ളി​ലെ ലോക​ഭ​ര​ണാ​ധി​പ​ന്മാർ

3. സാത്താൻ ഹീനമായ ഉപദ്ര​വങ്ങൾ അഴിച്ചു​വി​ടു​ന്നത്‌ ആർക്കെ​തി​രെ, എങ്ങനെ?

3 യഹോവ സ്വർഗ​ത്തിൽനി​ന്നു നിരീ​ക്ഷി​ക്കു​മ്പോൾ ദർശി​ക്കുന്ന ലോകാ​വ​സ്ഥയെ അവൻ വളരെ വ്യക്തമാ​യി നമുക്കു വിവരി​ച്ചു​ത​രു​ന്നു. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാന്‌ അവൻ നൽകിയ ദർശന​ത്തിൽ “തീ നിറമുള്ള മഹാസർപ്പ”മായി സാത്താനെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. 1914-ൽ ദൈവ​ത്തി​ന്റെ മിശി​ഹൈക രാജ്യം ജനിച്ച ഉടനെ, സാധ്യ​മെ​ങ്കിൽ അതിനെ വിഴു​ങ്ങി​ക്ക​ള​യാൻ അവൻ ഒരുങ്ങി​നിൽക്കു​ക​യാ​യി​രു​ന്നു. ആ ശ്രമം പരാജ​യ​പ്പെ​ട്ട​പ്പോൾ സാത്താൻ ആ രാജ്യ​ത്തി​ന്റെ ഭൗമിക പ്രതി​നി​ധി​കൾക്കെ​തി​രെ ഹീനമായ ഉപദ്ര​വങ്ങൾ അഴിച്ചു​വി​ട്ടു. (വെളി​പ്പാ​ടു 12:3, 4, 13, 17) എങ്ങനെ​യാ​ണു സാത്താൻ ഈ യുദ്ധം ചെയ്യുക? തന്റെ സ്വന്തം മാനുഷ പ്രതി​നി​ധി​കളെ ഉപയോ​ഗി​ച്ചു​കൊണ്ട്‌.

4. മാനുഷ ഗവൺമെ​ന്റു​ക​ളു​ടെ അധികാ​ര​ത്തി​ന്റെ ഉറവ്‌ ആരാണ്‌, നാം ഇത്‌ അറിയു​ന്നത്‌ എങ്ങനെ?

4 അടുത്ത​താ​യി, യോഹ​ന്നാൻ ദർശന​ത്തിൽ ഏഴു തലയും പത്തു കൊമ്പു​മുള്ള ഒരു കാട്ടു​മൃ​ഗത്തെ കാണുന്നു. “സകല​ഗോ​ത്ര​ത്തി​ന്മേ​ലും വംശത്തി​ന്മേ​ലും ഭാഷ​മേ​ലും ജാതി​മേ​ലും” അധികാ​ര​മുള്ള ഒരു മൃഗമാണ്‌ അത്‌. ആ മൃഗം ആഗോള രാഷ്‌ട്രീയ വ്യവസ്ഥി​തി​യെ പ്രതി​നി​ധാ​നം ചെയ്യുന്നു. “അതിന്നു മഹാസർപ്പം [പിശാ​ചായ സാത്താൻ] തന്റെ ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തു” എന്നു യോഹ​ന്നാ​നോ​ടു പറയ​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 13:1, 2, 7) അതേ, സാത്താ​നാ​ണു മനുഷ്യ ഭരണകൂ​ട​ങ്ങ​ളു​ടെ ശക്തിയു​ടെ​യും അധികാ​ര​ത്തി​ന്റെ​യും ഉറവ്‌. അതു​കൊണ്ട്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി​യ​തു​പോ​ലെ യഥാർഥ ‘ലോക​ഭ​ര​ണാ​ധി​പ​തി​കൾ’ “സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേന”യാണ്‌. അവരാണു മനുഷ്യ​ഗ​വൺമെ​ന്റു​കളെ നിയ​ന്ത്രി​ക്കു​ന്നത്‌. യഹോ​വയെ ആരാധി​ക്കാൻ ആഗ്രഹി​ക്കുന്ന സകലരും അതിന്റെ പൂർണ​മായ അർഥം ഗ്രഹി​ക്കേ​ണ്ട​തുണ്ട്‌.—ലൂക്കൊസ്‌ 4:5, 6.

5. രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കൾ ഇപ്പോൾ എന്തി​ലേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്നു?

5 പല രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളും മതഭക്ത​രെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഒരു രാഷ്‌ട്ര​വും യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​ത്തി​നോ അവന്റെ നിയമിത രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ഭരണാ​ധി​പ​ത്യ​ത്തി​നോ കീഴ്‌പെ​ടു​ന്നില്ല. തങ്ങൾക്കുള്ള അധികാ​രം കൈവി​ട്ടു​പോ​കാ​തി​രി​ക്കാൻ അവർ ഉഗ്രമാ​യി പോരാ​ടു​ക​യാണ്‌. ഇന്ന്‌, വെളി​പ്പാ​ടി​ലെ വിവരണം പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, “ഭൂതനി​ശ്വ​സ്‌ത​മൊ​ഴി​കൾ” ലോക​ഭ​ര​ണാ​ധി​പ​ന്മാ​രെ അർമ​ഗെ​ദോ​നി​ലെ “സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ന്നു” കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—വെളി​പ്പാ​ടു 16:13, 14, 16; 19:17-19.

6. സാത്താന്റെ വ്യവസ്ഥി​തി​ക്കു പിന്തുണ കൊടു​ക്കു​ന്ന​തി​ലേക്കു തന്ത്രപ​ര​മാ​യി നയിക്ക​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ ശ്രദ്ധ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 മനുഷ്യ കുടും​ബത്തെ ശിഥി​ല​മാ​ക്കുന്ന രാഷ്‌ട്രീയ, സാമൂ​ഹിക, സാമ്പത്തിക, മത പോരാ​ട്ടങ്ങൾ ദിവസ​വും ആളുക​ളു​ടെ ജീവി​തത്തെ ബാധി​ക്കു​ന്നു. ഈ പോരാ​ട്ട​ങ്ങ​ളിൽ ആളുകൾ, വാക്കാ​ലോ പ്രവൃ​ത്തി​യാ​ലോ, തങ്ങൾ ഉൾപ്പെ​ടുന്ന രാഷ്‌ട്ര​ത്തി​ന്റെ​യോ ഗോ​ത്ര​ത്തി​ന്റെ​യോ ഭാഷാ​ക്കൂ​ട്ട​ത്തി​ന്റെ​യോ സാമൂ​ഹിക വർഗത്തി​ന്റെ​യോ പക്ഷം പിടി​ക്കു​ന്നതു സാധാ​ര​ണ​മാണ്‌. ഒരു പോരാ​ട്ട​ത്തിൽ നേരിട്ട്‌ ഉൾപ്പെ​ടാ​ത്ത​പ്പോൾ പോലും പലപ്പോ​ഴും ആളുകൾ ഇങ്ങനെ പക്ഷം ചേരുന്നു. എന്നാൽ ആരെ അല്ലെങ്കിൽ ഏതു പ്രസ്ഥാ​നത്തെ പിന്താ​ങ്ങി​യാ​ലും യഥാർഥ​ത്തിൽ ആർക്കാണ്‌ അവർ പിന്തുണ കൊടു​ക്കു​ന്നത്‌? “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു” എന്നു ബൈബിൾ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. (1 യോഹ​ന്നാൻ 5:19) അപ്പോൾ ഒരു വ്യക്തിക്ക്‌ ശേഷിച്ച മനുഷ്യ​വർഗ​ത്തോ​ടൊ​പ്പം വഴി​തെ​റ്റി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും? ദൈവ​രാ​ജ്യ​ത്തി​നു പൂർണ പിന്തുണ കൊടു​ക്കു​ന്ന​തി​നാ​ലും ലോക പോരാ​ട്ട​ങ്ങ​ളിൽ തികഞ്ഞ നിഷ്‌പക്ഷത പാലി​ക്കു​ന്ന​തി​നാ​ലും മാത്രം.—യോഹ​ന്നാൻ 17:15, 16.

ദുഷ്ടന്റെ കുത​ന്ത്ര​ങ്ങൾ

7. സാത്താൻ വ്യാജ​മ​തത്തെ കൗശല​പൂർവം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

7 ചരി​ത്ര​ത്തി​ലെ എല്ലാ കാലഘ​ട്ട​ങ്ങ​ളി​ലും, വ്യക്തി​കളെ സത്യാ​രാ​ധ​ന​യിൽനിന്ന്‌ അകറ്റാൻ സാത്താൻ വാചി​ക​വും ശാരീ​രി​ക​വു​മായ പീഡനത്തെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവൻ കുറേ​ക്കൂ​ടെ കുടി​ല​മായ മാർഗ​ങ്ങ​ളും—കൗശല​ങ്ങ​ളും കുത​ന്ത്ര​ങ്ങ​ളും—ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. വ്യാജ​മതം മുഖേന മനുഷ്യ​വർഗ​ത്തി​ന്റെ ഒരു വലിയ ഭാഗത്തെ, തങ്ങൾ ദൈവത്തെ സേവി​ക്കു​ക​യാ​ണെന്നു ചിന്തി​ക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌, വിദഗ്‌ധ​മാ​യി അവൻ അജ്ഞതയിൽ വെച്ചി​രി​ക്കു​ക​യാണ്‌. സൂക്ഷ്‌മ​മായ ദൈവ​പ​രി​ജ്ഞാ​ന​വും സത്യ​ത്തോ​ടുള്ള സ്‌നേ​ഹ​വും ഇല്ലാത്ത​തി​നാൽ അവർ നിഗൂ​ഢ​വും വികാ​രം​കൊ​ള്ളി​ക്കു​ന്ന​തു​മായ മതശു​ശ്രൂ​ഷ​ക​ളി​ലേ​ക്കോ വീര്യ​പ്ര​വൃ​ത്തി​ക​ളി​ലേ​ക്കോ ആകർഷി​ക്ക​പ്പെ​ട്ടേ​ക്കാം. (2 തെസ്സ​ലൊ​നീ​ക്യർ 2:9, 10) എന്നാൽ ഒരിക്കൽ സത്യാ​രാ​ധ​ന​യിൽ പങ്കുപ​റ്റി​യി​രുന്ന ചിലർ പോലും “വ്യാജാ​ത്മാ​ക്ക​ളെ​യും ഭൂതങ്ങ​ളു​ടെ ഉപദേ​ശ​ങ്ങ​ളെ​യും ആശ്രയി​ച്ചു . . . വിശ്വാ​സം ത്യജി​ക്കും” എന്നു നമുക്കു മുന്നറി​യി​പ്പു ലഭിച്ചി​രി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 4:1) അത്‌ എങ്ങനെ സംഭവി​ക്കാം?

8. നാം യഹോ​വയെ ആരാധി​ക്കു​ന്നെ​ങ്കിൽ പോലും സാത്താനു നമ്മെ വ്യാജ​മ​ത​ത്തി​ലേക്ക്‌ എങ്ങനെ വശീക​രി​ക്കാൻ കഴിയും?

8 പിശാച്‌ നമ്മുടെ ദൗർബ​ല്യ​ങ്ങളെ വിദഗ്‌ധ​മാ​യി ചൂഷണം ചെയ്യുന്നു. മാനു​ഷ​ഭ​യ​ത്തിന്‌ ഇപ്പോ​ഴും നമ്മു​ടെ​മേൽ സ്വാധീ​ന​മു​ണ്ടോ? ഉണ്ടെങ്കിൽ, വ്യാജ​മ​ത​ത്തിൽനിന്ന്‌ ഉടലെ​ടുത്ത ആചാര​ങ്ങ​ളിൽ പങ്കെടു​ക്കാൻ ബന്ധുക്ക​ളിൽനി​ന്നോ അയൽക്കാ​രിൽനി​ന്നോ ഉള്ള സമ്മർദ​ത്തി​നു നാം വഴങ്ങി​യേ​ക്കാം. നാം അഹങ്കാ​രി​ക​ളാ​ണോ? ആണെങ്കിൽ ബുദ്ധി​യു​പ​ദേശം നൽക​പ്പെ​ടു​മ്പോ​ഴോ നമ്മൾ പിന്താ​ങ്ങുന്ന ആശയങ്ങൾ മറ്റുള്ളവർ സ്വീക​രി​ക്കാ​ത്ത​പ്പോ​ഴോ നാം നീരസ​പ്പെ​ട്ടേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 15:10; 29:25; 1 തിമൊ​ഥെ​യൊസ്‌ 6:3, 4, NW) ക്രിസ്‌തു​വി​ന്റെ മാതൃ​ക​യോട്‌ അനുരൂ​പ​പ്പെ​ട​ത്ത​ക്ക​വി​ധം നമ്മുടെ വീക്ഷണ​ഗ​തി​ക്കു ഭേദഗതി വരുത്തു​ന്ന​തി​നു പകരം, കേവലം ബൈബിൾ വായി​ക്കു​ക​യും ഒരു നല്ല ജീവിതം നയിക്ക​യും ചെയ്‌താൽ മതി​യെന്നു പറഞ്ഞു​കൊണ്ട്‌ ‘കർണ്ണരസം’ പകരു​ന്ന​വ​രി​ലേക്കു നാം തിരി​ഞ്ഞേ​ക്കാം. (2 തിമൊ​ഥെ​യൊസ്‌ 4:3) നാം മറ്റൊരു മതത്തിൽ ചേരു​ന്നു​ണ്ടോ അതോ സ്വന്തം ‘മത’ത്തെത്തന്നെ മുറുകെ പിടി​ക്കു​ക​യാ​ണോ എന്നതൊ​ന്നും സാത്താനു പ്രശ്‌നമല്ല, ദൈവം തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും നിർദേ​ശി​ക്കുന്ന വിധത്തിൽ നാം യഹോ​വയെ ആരാധി​ക്കാ​ത്തി​ട​ത്തോ​ളം കാലം അവൻ സന്തുഷ്ട​നാണ്‌.

9. തന്റെ ലക്ഷ്യങ്ങൾ നേടാൻ സാത്താൻ ലൈം​ഗി​ക​തയെ കൗശല​പൂർവം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

9 സ്വാഭാ​വിക ആഗ്രഹ​ങ്ങളെ തെറ്റായ വിധത്തിൽ തൃപ്‌തി​പ്പെ​ടു​ത്താ​നും സാത്താൻ ആളുകളെ തന്ത്രപൂർവം വശീക​രി​ക്കു​ന്നു. ലൈം​ഗിക മോഹ​ങ്ങ​ളു​ടെ കാര്യ​ത്തിൽ അവൻ ഇതു ചെയ്‌തി​ട്ടുണ്ട്‌. ലോക​ത്തി​ലുള്ള പലരും ബൈബിൾ ധാർമി​ക​തയെ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ അവിവാ​ഹി​തർ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങളെ ന്യായ​മായ ഉല്ലാസ​മാ​യോ തങ്ങൾ മുതിർന്നു​ക​ഴി​ഞ്ഞെന്നു തെളി​യി​ക്കാ​നുള്ള ഒരു മാർഗ​മാ​യോ വീക്ഷി​ക്കു​ന്നു. വിവാ​ഹി​തരെ സംബന്ധി​ച്ചെന്ത്‌? അനേകർ വ്യഭി​ചാ​രം ചെയ്യുന്നു. ഇണ അവിശ്വ​സ്‌തത കാട്ടി​യി​ട്ടി​ല്ലെ​ങ്കിൽ പോലും, മറ്റൊ​രാ​ളോ​ടൊ​ത്തു ജീവി​ക്കാൻവേണ്ടി മാത്രം നിരവധി വ്യക്തികൾ വിവാ​ഹ​ബന്ധം വേർപെ​ടു​ത്തു​ക​യോ വേർപി​രി​ഞ്ഞു താമസി​ക്കു​ക​യോ ചെയ്യുന്നു. ഇപ്പോ​ഴത്തെ ഉല്ലാസ​ത്തി​നു​വേണ്ടി ജീവി​ക്കാൻ ആളുകളെ സ്വാധീ​നി​ക്കാ​നാ​ണു സാത്താൻ തന്ത്രപ​ര​മാ​യി ലക്ഷ്യം വെക്കു​ന്നത്‌. തങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും മേലുള്ള ദീർഘ​കാല ഫലങ്ങളെ മാത്രമല്ല, വിശേ​ഷാൽ യഹോ​വ​യോ​ടും അവന്റെ പുത്ര​നോ​ടു​മുള്ള തങ്ങളുടെ ബന്ധത്തെ​യും അവഗണി​ക്കാൻ അവൻ അവരെ പ്രേരി​പ്പി​ക്കു​ന്നു.—1 കൊരി​ന്ത്യർ 6:9, 10; ഗലാത്യർ 6:7, 8.

10. അധാർമി​ക​ത​യും അക്രമ​വും സംബന്ധിച്ച നമ്മുടെ മനോ​ഭാ​വത്തെ ദുഷി​പ്പി​ക്കാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ഉപായ​മെന്ത്‌?

10 മറ്റൊരു സ്വാഭാ​വിക ആഗ്രഹം വിനോ​ദ​ത്തി​നു വേണ്ടി​യു​ള്ള​താണ്‌. ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദ​ത്തിന്‌ ശാരീ​രി​ക​വും മാനസി​ക​വും വൈകാ​രി​ക​വു​മായ നവോ​ന്മേഷം കൈവ​രു​ത്താ​നാ​കും. എന്നാൽ നമ്മുടെ ചിന്തയെ ദൈവ​ത്തി​ന്റെ ചിന്തയിൽനിന്ന്‌ അകറ്റാൻ സാത്താൻ വിനോ​ദാ​വ​സ​ര​ങ്ങളെ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ക്കു​മ്പോൾ നാം എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? ദൃഷ്ടാ​ന്ത​ത്തിന്‌, ലൈം​ഗിക അധാർമി​ക​ത​യെ​യും അക്രമ​ത്തെ​യും യഹോവ വെറു​ക്കു​ന്നു​വെന്നു നമുക്ക​റി​യാം. ചലച്ചി​ത്ര​ങ്ങ​ളി​ലോ ടെലി​വി​ഷൻ പരിപാ​ടി​ക​ളി​ലോ നാടക​ങ്ങ​ളി​ലോ ഒക്കെ ഇത്തരം രംഗങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​മ്പോൾ നാം അവ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​മോ? സാത്താനെ അഗാധ​ത്തിൽ അടയ്‌ക്കാ​നുള്ള സമയം അടുത്തു​വ​രവേ അത്തരം കാര്യങ്ങൾ കൂടുതൽ വഷളാ​കാൻ അവൻ ശ്രദ്ധി​ക്കു​മെ​ന്നും ഓർത്തി​രി​ക്കുക, “ദുഷ്ടമ​നു​ഷ്യ​രും മായാ​വി​ക​ളും വഞ്ചിച്ചും വഞ്ചിക്ക​പ്പെ​ട്ടും​കൊ​ണ്ടു മേല്‌ക്കു​മേൽ ദോഷ​ത്തിൽ മുതിർന്നു​വ​രും” എന്ന്‌ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:13, 14; വെളി​പ്പാ​ടു 20:1-3) അതു​കൊണ്ട്‌ സാത്താന്റെ കുത​ന്ത്ര​ങ്ങൾക്കെ​തി​രെ നാം നിരന്തരം ജാഗരൂ​ക​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌.—ഉല്‌പത്തി 6:13; സങ്കീർത്തനം 11:5; റോമർ 1:24-32.

11. ആത്മവി​ദ്യ​യെ കുറി​ച്ചുള്ള സത്യം അറിയാ​വുന്ന ഒരാൾപോ​ലും ജാഗ്രത പുലർത്തു​ന്നി​ല്ലെ​ങ്കിൽ ഏതു വിധങ്ങ​ളിൽ കെണി​യിൽ അകപ്പെ​ട്ടേ​ക്കാം?

11 ഏതു തരത്തി​ലുള്ള ആത്മവി​ദ്യ​യിൽ ഏർപ്പെ​ടു​ന്ന​വ​രെ​യും—ആഭിചാ​ര​വും മന്ത്രവാ​ദ​വും നടത്തു​ന്ന​വ​രെ​യും മരിച്ച​വ​രു​മാ​യി സംസാ​രി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രെ​യും എല്ലാം—യഹോ​വ​യാം ദൈവം വെറു​ക്കു​ന്നു​വെന്നു നമുക്ക​റി​യാം. (ആവർത്ത​ന​പു​സ്‌തകം 18:10-12) അതു മനസ്സിൽ പിടി​ക്കു​മ്പോൾ ആത്മമധ്യ​വർത്തി​ക​ളു​മാ​യി ആലോചന കഴിക്കു​ന്ന​തി​നെ കുറിച്ചു നാം ചിന്തി​ക്കു​ക​യില്ല. അവരുടെ ഭൂതവി​ദ്യ​കൾ ആചരി​ക്കാൻ തീർച്ച​യാ​യും നാം അവരെ നമ്മുടെ ഭവനത്തി​ലേക്കു സ്വാഗതം ചെയ്യു​ക​യു​മില്ല. എന്നാൽ അവർ നമ്മുടെ ടെലി​വി​ഷൻ സ്‌ക്രീ​നി​ലോ ഇന്റർനെ​റ്റി​ലോ പ്രത്യ​ക്ഷ​പ്പെ​ട്ടാൽ നാം അവരെ ശ്രദ്ധി​ക്കു​മോ? ഒരു മന്ത്രവാദ വൈദ്യ​നിൽനിന്ന്‌ ഒരിക്ക​ലും നാം ചികിത്സ സ്വീക​രി​ക്കു​ക​യി​ല്ലെ​ങ്കി​ലും നമ്മുടെ കുഞ്ഞിനെ ആപത്തിൽനി​ന്നു സംരക്ഷി​ക്കു​മെന്ന ചിന്തയിൽ അതിന്റെ കണ​ങ്കൈ​യിൽ ഒരു ഏലസോ മറ്റോ നാം കെട്ടി​ക്കൊ​ടു​ക്കു​മോ? മറ്റുള്ള​വരെ മാന്ത്രിക വിദ്യ​കൊ​ണ്ടു മയക്കു​ന്ന​തി​നെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു​വെന്ന്‌ അറിയാ​മാ​യി​രി​ക്കെ നമ്മുടെ മനസ്സിന്റെ നിയ​ന്ത്രണം ഏറ്റെടു​ക്കാൻ നമ്മൾ ഒരു ഹിപ്‌നോ​ട്ടി​സ്റ്റി​നെ അനുവ​ദി​ക്കു​മോ?—ഗലാത്യർ 5:19-21.

12. (എ) തെറ്റാ​ണെന്നു നമുക്ക​റി​യാ​വുന്ന ആശയങ്ങ​ളെ​ക്കു​റി​ച്ചു നാം ചിന്തിച്ചു തുടങ്ങാൻ സാത്താൻ സംഗീ​തത്തെ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു? (ബി) ഒരു വ്യക്തി​യു​ടെ വസ്‌ത്ര​ധാ​ര​ണ​മോ കേശാ​ല​ങ്കാ​ര​മോ സംസാ​ര​രീ​തി​യോ യഹോവ അംഗീ​ക​രി​ക്കാത്ത ജീവി​ത​ശൈലി ഉള്ളവ​രോ​ടുള്ള ആദരവി​നെ സൂചി​പ്പി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ? (സി) സാത്താന്റെ കുത​ന്ത്ര​ങ്ങൾക്ക്‌ ഇരയാ​കാ​തി​രി​ക്കാൻ നമ്മുടെ ഭാഗത്ത്‌ എന്ത്‌ ആവശ്യ​മാണ്‌?

12 പരസം​ഗ​വും യാതൊ​രു​വിധ അശുദ്ധി​യും (അശുദ്ധ​മായ ആന്തര​ത്തോ​ടെ) നമ്മുടെ ഇടയിൽ പേർ പറയ​പ്പെ​ടു​ക​പോ​ലും അരു​തെന്നു ബൈബിൾ അനുശാ​സി​ക്കു​ന്നു. (എഫെസ്യർ 5:3-5) എന്നാൽ അത്തരം വിഷയങ്ങൾ ഹൃദ്യ​മായ സംഗീ​ത​ത്തി​ന്റെ​യും വശ്യമായ താളത്തി​ന്റെ​യും നിലയ്‌ക്കാത്ത വാദ്യ​ഘോ​ഷ​ത്തി​ന്റെ​യും പശ്ചാത്ത​ല​ത്തിൽ അവതരി​പ്പി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലോ? വിവാഹം കൂടാ​തെ​യുള്ള ലൈം​ഗി​ക​ത​യെ​യും ഉല്ലാസ​ത്തി​നു വേണ്ടി​യുള്ള മയക്കു​മ​രുന്ന്‌ ഉപയോ​ഗ​ത്തെ​യും മറ്റു പാപ​പ്ര​വൃ​ത്തി​ക​ളെ​യും മഹത്ത്വീ​ക​രി​ക്കുന്ന ഗാനങ്ങൾ ഏറ്റുപാ​ടാൻ നാം തുടങ്ങു​മോ? അതുമ​ല്ലെ​ങ്കിൽ അത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​വ​രു​ടെ ജീവി​ത​ശൈലി അനുക​രി​ക്ക​രു​തെന്നു നമുക്ക്‌ അറിയാ​മെ​ങ്കി​ലും അവരുടെ വേഷ​ത്തെ​യോ കേശാ​ല​ങ്കാ​ര​ത്തെ​യോ സംസാ​ര​രീ​തി​യെ​യോ അനുക​രി​ച്ചു​കൊണ്ട്‌ അവരോ​ടൊ​പ്പ​മാ​ണു നാമെന്നു തിരി​ച്ച​റി​യി​ക്കാൻ നാം പ്രവണത കാട്ടു​മോ? തന്റെ ദുഷിച്ച മനസ്സി​നോട്‌ അനുരൂ​പ​പ്പെ​ടാൻ മനുഷ്യ​രെ വശീക​രി​ക്കു​ന്ന​തിന്‌ എത്ര വഞ്ചകമായ രീതി​ക​ളാ​ണു സാത്താൻ ഉപയോ​ഗി​ക്കു​ന്നത്‌! (2 കൊരി​ന്ത്യർ 4:3, 4) അവന്റെ കുത​ന്ത്ര​ങ്ങൾക്ക്‌ ഇരയാ​കാ​തി​രി​ക്കാൻ നാം ലോക​ത്തോ​ടൊ​പ്പം ഒഴുകി​നീ​ങ്ങു​ന്നത്‌ ഒഴിവാ​ക്കണം. ഈ ‘അന്ധകാ​ര​ത്തി​ന്റെ ലോകാ​ധി​പ​തി​കൾ’ ആരാ​ണെന്നു നാം ഓർത്തി​രി​ക്കു​ക​യും അവരുടെ സ്വാധീ​ന​ത്തി​നെ​തി​രെ ആത്മാർഥ​മാ​യി പോരാ​ടു​ക​യും വേണം.—1 പത്രൊസ്‌ 5:8.

ജേതാ​ക്ക​ളാ​യി​രി​ക്കാൻ സജ്ജർ

13. അപൂർണ​ത​ക​ളുള്ള നമ്മിൽ ആർക്കും സാത്താൻ ഭരിക്കുന്ന ലോകത്തെ ജയിച്ച​ട​ക്കുക സാധ്യ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

13 “ധൈര്യ​പ്പെ​ടു​വിൻ; ഞാൻ ലോകത്തെ ജയിച്ചി​രി​ക്കു​ന്നു” എന്ന്‌ യേശു മരണത്തി​നു മുമ്പ്‌ തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു. (യോഹ​ന്നാൻ 16:33) അവർക്കും ജേതാ​ക്ക​ളാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഏതാണ്ട്‌ 60 വർഷം കഴിഞ്ഞ്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “യേശു ദൈവ​പു​ത്രൻ എന്നു വിശ്വ​സി​ക്കു​ന്നവൻ അല്ലാതെ ആരാകു​ന്നു ലോകത്തെ ജയിക്കു​ന്നവൻ?” (1 യോഹ​ന്നാൻ 5:5) യേശു​വി​ന്റെ കൽപ്പനകൾ അനുസ​രി​ക്കു​ന്ന​തി​നാ​ലും അവൻ ചെയ്‌ത​തു​പോ​ലെ, ദൈവ​വ​ച​ന​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നാ​ലും അത്തരം വിശ്വാ​സം നമുക്കു പ്രകട​മാ​ക്കാൻ കഴിയും. മറ്റെന്തും ആവശ്യ​മാണ്‌? യേശു ശിരസ്സാ​യി​രി​ക്കുന്ന സഭയോ​ടു നാം പറ്റിനിൽക്കു​ക​യും വേണം. നാം ഒരു പാപം ചെയ്യു​മ്പോൾ ആത്മാർഥ​മാ​യി അനുത​പി​ക്കു​ക​യും യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവ​ത്തി​ന്റെ ക്ഷമ തേടു​ക​യും വേണം. ഈ വിധത്തിൽ, നാം അപൂർണ​രും തെറ്റുകൾ ചെയ്യു​ന്ന​വ​രു​മാ​ണെ​ങ്കി​ലും നമുക്കും ജേതാ​ക്ക​ളാ​യി​രി​ക്കാൻ കഴിയും.—സങ്കീർത്തനം 130:3, 4.

14. എഫെസ്യർ 6:13-17 വായിച്ച്‌ ആത്മീയ സർവാ​യു​ധ​വർഗ​ത്തി​ലെ ഓരോ​ന്നി​ന്റെ​യും പ്രയോ​ജ​നങ്ങൾ ചർച്ച​ചെ​യ്യു​ന്ന​തി​നുള്ള അടിസ്ഥാ​ന​മാ​യി, ഈ ഖണ്ഡിക​യിൽ നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും ഉപയോ​ഗി​ക്കുക.

14 “ദൈവ​ത്തി​ന്റെ സർവാ​യു​ധ​വർഗ്ഗം” ധരിച്ചാ​ലേ നമുക്കു വിജയി​ക്കാ​നാ​കൂ. അതിന്റെ ഒരു ഭാഗവും അവഗണി​ക്കാൻ നമുക്കു കഴിയില്ല. ദയവായി നിങ്ങളു​ടെ ബൈബിൾ എഫെസ്യർ 6:13-17-ലേക്കു തുറന്ന്‌ ആ ആയുധ​വർഗത്തെ കുറി​ച്ചുള്ള വിവരണം വായി​ക്കുക. അനന്തരം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറഞ്ഞു​കൊണ്ട്‌ ആയുധ​വർഗ​ത്തിൽ ഓരോ​ന്നും നൽകുന്ന സംരക്ഷ​ണ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം അനുഭ​വി​ക്കാ​മെന്നു പരിചി​ന്തി​ക്കുക.

“അരെക്കു സത്യം കെട്ടി​യും”

നമുക്കു സത്യം അറിയാ​മെ​ങ്കി​ലും ക്രമമായ പഠനവും ബൈബിൾ സത്യം സംബന്ധിച്ച ധ്യാന​വും യോഗ​ഹാ​ജ​രും നമ്മെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ? (1 കൊരി​ന്ത്യർ 10:12, 13; 2 കൊരി​ന്ത്യർ 13:5; ഫിലി​പ്പി​യർ 4:8, 9)

“നീതി എന്ന കവചം”

ഇത്‌ ആരുടെ നീതി​പ്ര​മാ​ണം ആണ്‌? (വെളി​പ്പാ​ടു 15:3)

യഹോവയുടെ നീതി​നി​ഷ്‌ഠ​മായ വഴികൾ പിന്തു​ട​രു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നത്‌ ഒരുവന്‌ ആത്മീയ​ഹാ​നി വരുത്തി​വെ​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശദ​മാ​ക്കുക. (ആവർത്ത​ന​പു​സ്‌തകം 7:3, 4; 1 ശമൂവേൽ 15:22, 23)

“സമാധാന സുവി​ശേ​ഷ​ത്തി​നാ​യുള്ള ഒരുക്കം കാലിന്നു ചെരു​പ്പാ​ക്കി​യും”

സമാധാനത്തിനുള്ള ദൈവ​ത്തി​ന്റെ കരുത​ലു​കളെ കുറിച്ച്‌ ആളുക​ളോ​ടു ചെന്നു​പ​റ​യാൻ നമ്മുടെ പാദങ്ങളെ തിര​ക്കോ​ടെ ഉപയോ​ഗി​ക്കു​ന്നത്‌ നമുക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (സങ്കീർത്തനം 73:2, 3; റോമർ 10:15; 1 തിമൊ​ഥെ​യൊസ്‌ 5:13)

“വിശ്വാ​സം എന്ന പരിച”

ഉറച്ച അടിസ്ഥാ​ന​മുള്ള വിശ്വാ​സം നമുക്കു​ണ്ടെ​ങ്കിൽ നമ്മിൽ സംശയ​മോ ഭയമോ ജനിപ്പി​ക്കാൻ ഉദ്ദേശി​ച്ചി​ട്ടുള്ള ശ്രമങ്ങ​ളു​ടെ മുമ്പിൽ നാം എങ്ങനെ പ്രതി​ക​രി​ക്കും? (2 രാജാ​ക്ക​ന്മാർ 6:15-17; 2 തിമൊ​ഥെ​യൊസ്‌ 1:12)

“രക്ഷ എന്ന ശിരസ്‌ത്രം”

ഭൗതിക സ്വത്തു​ക്ക​ളി​ലുള്ള അമിത താത്‌പ​ര്യ​ത്തി​ന്റെ കെണി​യിൽ അകപ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ രക്ഷയുടെ പ്രത്യാശ ഒരുവനെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (1 തിമൊ​ഥെ​യൊസ്‌ 6:7-10, 19)

‘ആത്മാവി​ന്റെ വാൾ’

നമ്മുടെയോ മറ്റുള്ള​വ​രു​ടെ​യോ ആത്മീയ​ത​യു​ടെ​മേ​ലുള്ള ആക്രമ​ണ​ത്തോ​ടു പോരാ​ടി ജയിക്കാൻ നാം എല്ലായ്‌പോ​ഴും എന്തിൽ ആശ്രയി​ക്കണം? (സങ്കീർത്തനം 119:98; സദൃശ​വാ​ക്യ​ങ്ങൾ 3:5, 6; മത്തായി 4:3, 4)

ആത്മീയ യുദ്ധത്തിൽ വിജയി​ക്കു​ന്ന​തി​നു മറ്റെന്തും മർമ​പ്ര​ധാ​ന​മാണ്‌? അത്‌ എത്ര കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കണം? ആർക്കു​വേണ്ടി? (എഫെസ്യർ 6:18-20)

15. ആത്മീയ പോരാ​ട്ട​ത്തിൽ ആക്രമ​ണത്തെ ചെറു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

15 ക്രിസ്‌തു​വി​ന്റെ പടയാ​ളി​കൾ എന്ന നിലയിൽ നാം ആത്മീയ യുദ്ധത്തിൽ ഏർപ്പെ​ടുന്ന ഒരു വലിയ സൈന്യ​ത്തി​ന്റെ ഭാഗമാണ്‌. നാം ഉണർന്നി​രി​ക്കു​ക​യും ദൈവ​ത്തി​ന്റെ മുഴു സർവാ​യു​ധ​വർഗ​വും നന്നായി ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ഈ യുദ്ധത്തിൽ പട്ടു​പോ​കു​ക​യില്ല. പകരം, നാം ദൈവ​ത്തി​ന്റെ കൂട്ടു​ദാ​സ​ന്മാർക്ക്‌ കരുത്തു​പ​ക​രുന്ന സഹായ​മാ​യി​രി​ക്കും. സാത്താൻ ഉഗ്രമാ​യി എതിർക്കുന്ന സ്വർഗീയ ഗവൺമെ​ന്റായ ദൈവ​ത്തി​ന്റെ മിശി​ഹൈക രാജ്യത്തെ കുറി​ച്ചുള്ള സുവാർത്ത പ്രചരി​പ്പി​ച്ചു​കൊണ്ട്‌ അവന്റെ ഏത്‌ ആക്രമ​ണ​ത്തെ​യും നേരി​ടാൻ നാം ഒരുക്ക​വും ഉണർവും ഉള്ളവരാ​യി​രി​ക്കും.

പുനരവലോകന ചർച്ച

• ലോക പോരാ​ട്ട​ങ്ങ​ളിൽ യഹോ​വ​യു​ടെ ആരാധകർ തികഞ്ഞ നിഷ്‌പക്ഷത പാലി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

• ക്രിസ്‌ത്യാ​നി​കളെ ആത്മീയ നാശത്തിൽ ചാടി​ക്കാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ചില കുത​ന്ത്ര​ങ്ങ​ളേവ?

• ദൈവം പ്രദാനം ചെയ്‌തി​രി​ക്കുന്ന ആത്മീയ സർവാ​യു​ധ​വർഗം നമ്മുടെ ആത്മീയ​യു​ദ്ധ​ത്തിൽ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[76-ാം പേജിലെ ചിത്രങ്ങൾ]

രാഷ്‌ട്രങ്ങൾ അർമ​ഗെ​ദോ​നി​ലേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌