നമ്മളെല്ലാം അഭിമുഖീകരിക്കേണ്ട വിവാദപ്രശ്നം
അധ്യായം ആറ്
നമ്മളെല്ലാം അഭിമുഖീകരിക്കേണ്ട വിവാദപ്രശ്നം
1, 2. (എ) സാത്താൻ ഏദെനിൽവെച്ച് ഏതു വിവാദപ്രശ്നമാണ് ഉന്നയിച്ചത്? (ബി) അവൻ നടത്തിയ പ്രസ്താവന ആ വിവാദപ്രശ്നത്തെ സൂചിപ്പിക്കുന്നത് എങ്ങനെ?
മനുഷ്യവർഗം അഭിമുഖീകരിച്ചിട്ടുള്ളതിലേക്കും അതിപ്രധാന വിവാദപ്രശ്നത്തിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അതു സംബന്ധിച്ച നിങ്ങളുടെ നിലപാട് ആയിരിക്കും നിങ്ങളുടെ നിത്യഭാവി നിർണയിക്കുന്നത്. ഈ വിവാദപ്രശ്നം ഉന്നയിക്കപ്പെട്ടത് ഏദെനിൽ മത്സരം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആയിരുന്നു. അന്ന്, “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നു സാത്താൻ ഹവ്വായോടു ചോദിച്ചു. ‘നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു . . . [ഒരു വൃക്ഷത്തിന്റെ] ഫലം തിന്നരുതു’ എന്നു ദൈവം പറഞ്ഞിട്ടുണ്ടെന്നു ഹവ്വാ മറുപടി പറഞ്ഞു. അപ്പോൾ, യഹോവ നുണ പറയുകയാണെന്ന് സാത്താൻ ആരോപിച്ചു, ഹവ്വായുടെയോ ആദാമിന്റെയോ ജീവൻ ദൈവത്തോടുള്ള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നില്ലെന്ന് അവൻ പറഞ്ഞു. ദൈവം തന്റെ സൃഷ്ടികളിൽനിന്ന് ഒരു നല്ല കാര്യം—ജീവിതത്തിൽ സ്വന്തം മാനദണ്ഡങ്ങൾ വെക്കാനുള്ള പ്രാപ്തി—പിടിച്ചുവെച്ചിരിക്കുകയാണെന്നു സാത്താൻ അവകാശപ്പെട്ടു. സാത്താൻ ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.”—ഉല്പത്തി 3:1-5.
2 ഫലത്തിൽ, ദൈവനിയമങ്ങൾ അനുസരിക്കുന്നതിനു പകരം സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും മനുഷ്യർക്കു ഗുണകരമെന്നു സാത്താൻ പറയുകയായിരുന്നു. അങ്ങനെ അവൻ ദൈവത്തിന്റെ ഭരണരീതിയെ വെല്ലുവിളിച്ചു. ഇത് അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ ഭരണം നടത്താനുള്ള അവകാശം ദൈവത്തിനുണ്ടോ എന്ന, സർവപ്രധാനമായ വിവാദപ്രശ്നം ഉയർത്തി. യഹോവയുടെ ഭരണരീതിയാണോ അതോ അവനെ മാറ്റിനിറുത്തിക്കൊണ്ടുള്ള ഭരണാധിപത്യമാണോ മനുഷ്യർക്കു മെച്ചം എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം. ഇപ്പോൾ, യഹോവയ്ക്ക് ഉടൻതന്നെ ആദാമിന്റെയും ഹവ്വായുടെയും മേൽ വധശിക്ഷ നടപ്പാക്കാമായിരുന്നു; എന്നാൽ അതു പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നം തൃപ്തികരമായി പരിഹരിക്കുമായിരുന്നില്ല. ഒരു ദീർഘ കാലത്തേക്കു മനുഷ്യസമൂഹത്തെ അവരുടെ ഇഷ്ടത്തിനു വിടുന്നതിനാൽ, തന്നെയും തന്റെ നിയമങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള സ്വാതന്ത്ര്യം എന്തു ഫലം ഉളവാക്കുമെന്നു കൃത്യമായും കാണിച്ചുകൊടുക്കാൻ ദൈവത്തിനു കഴിയുമായിരുന്നു.
3. സാത്താൻ ഉന്നയിച്ച ഉപവിവാദപ്രശ്നം ഏത്?
3 യഹോവയുടെ ഭരണാധികാരത്തിന്മേലുള്ള സാത്താന്റെ ആക്രമണം ഏദെനിലെ സംഭവത്തോടെ അവസാനിച്ചില്ല. മറ്റുള്ളവർക്കു യഹോവയോടുള്ള വിശ്വസ്തതയെ അവൻ ചോദ്യം ചെയ്തു. ഇത്, ആദ്യത്തേതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന ഒരു ഉപവിവാദപ്രശ്നം ഉയർത്തി. ആദാമിന്റെയും ഹവ്വായുടെയും സന്തതികൾ മാത്രമല്ല ദൈവത്തിന്റെ സകല ആത്മപുത്രന്മാരും യഹോവയുടെ പ്രിയങ്കരനായ ആദ്യജാതപുത്രൻ പോലും ഉൾപ്പെടുന്നതായിരുന്നു അവന്റെ വെല്ലുവിളി. ഉദാഹരണത്തിന്, ഇയ്യോബിന്റെ നാളുകളിൽ, യഹോവയെ സേവിക്കുന്നവർ അങ്ങനെ ചെയ്യുന്നത് ദൈവത്തോടും അവന്റെ ഭരണരീതിയോടുമുള്ള സ്നേഹം നിമിത്തമല്ല, പിന്നെയോ സ്വാർഥ കാരണങ്ങളാലാണ് എന്നു സാത്താൻ വാദിച്ചു. കഷ്ടപ്പാടു നേരിട്ടാൽ അവരെല്ലാം സ്വാർഥമോഹങ്ങൾക്കു കീഴ്പെടുമെന്ന് അവൻ അവകാശപ്പെട്ടു.—ഇയ്യോബ് 2:1-6; വെളിപ്പാടു 12:10.
ചരിത്രം തെളിയിച്ചിരിക്കുന്നത്
4, 5. മനുഷ്യൻ സ്വന്തം ചുവടുകളെ നയിക്കുന്നതു സംബന്ധിച്ചു ചരിത്രം എന്തു തെളിയിച്ചിരിക്കുന്നു?
4 പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നത്തിലെ മർമപ്രധാനമായ ഒരു ആശയം ഇതാണ്: ദൈവത്തിന്റെ ഭരണാധിപത്യം കൂടാതെ വിജയപ്രദമായി ജീവിക്കാൻ പോന്ന വിധമല്ല അവൻ മനുഷ്യരെ സൃഷ്ടിച്ചത്. അവൻ അവരെ തന്റെ നീതിയുള്ള നിയമങ്ങളെ ആശ്രയിക്കേണ്ടവരാക്കി. അത് അവരുടെ പ്രയോജനത്തിനുവേണ്ടി ആയിരുന്നു. പ്രവാചകനായ യിരെമ്യാവ് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. യഹോവേ, . . . എന്നെ . . . ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ [“തിരുത്തേണമേ,” NW].” (യിരെമ്യാവു 10:23, 24) അതുകൊണ്ട് ദൈവവചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.” (സദൃശവാക്യങ്ങൾ 3:5) മനുഷ്യവർഗം ജീവിച്ചിരിക്കാൻ ദൈവം അവരെ തന്റെ ഭൗതികനിയമങ്ങൾക്കു വിധേയരാക്കിയതുപോലെ, അനുസരിക്കുന്നപക്ഷം ഐക്യമുള്ള ഒരു സമൂഹത്തെ ഉളവാക്കുന്ന ധാർമിക നിയമങ്ങളും അവൻ അവർക്കായി ഉണ്ടാക്കി.
5 തന്റെ ഭരണാധിപത്യം കൂടാതെ മനുഷ്യകുടുംബത്തിന് ഒരിക്കലും വിജയകരമായി മുന്നോട്ടു പോകാൻ സാധ്യമല്ലെന്നു ദൈവത്തിന് അറിയാമായിരുന്നുവെന്നു വ്യക്തമാണ്. ദൈവത്തെ കൂടാതെയുള്ള ഭരണം വിജയിപ്പിക്കാനുള്ള വ്യർഥശ്രമത്തിൽ മനുഷ്യർ രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ ഭിന്ന സംവിധാനങ്ങൾ ഏർപ്പെടുത്തി. ഈ ഭിന്നതകൾ ആളുകൾ നിരന്തരം പരസ്പരം കലഹിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു, അത് അക്രമത്തിലും യുദ്ധത്തിലും മരണത്തിലും കലാശിച്ചിരിക്കുന്നു. ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.’ (സഭാപ്രസംഗി 8:9) മനുഷ്യചരിത്രത്തിൽ ഉടനീളം അതാണു സംഭവിച്ചിരിക്കുന്നത്. ദൈവവചനത്തിൽ മുൻകൂട്ടി പറഞ്ഞതുപോലെ ദുഷ്ടമനുഷ്യരും മായാവികളും “മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു” വന്നിരിക്കുന്നു. (2 തിമൊഥെയൊസ് 3:13, 14എ) മനുഷ്യവർഗം ശാസ്ത്ര, വ്യാവസായിക മേഖലകളിൽ വമ്പിച്ച നേട്ടങ്ങൾ കൈവരിച്ച 20-ാം നൂറ്റാണ്ട് ഏറ്റവും ഘോരമായ അനർഥങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. യിരെമ്യാവു 10:23-ലെ വാക്കുകൾ സത്യമെന്നു വ്യക്തമായി തെളിഞ്ഞു—മനുഷ്യർ സ്വന്തം ചുവടുകളെ നയിക്കത്തക്കവണ്ണമല്ല സൃഷ്ടിക്കപ്പെട്ടത്.
6. തന്നെ ആശ്രയിക്കാതെയുള്ള മനുഷ്യന്റെ സ്വതന്ത്രഗതിക്ക് ദൈവം പെട്ടെന്നുതന്നെ എന്തു തീരുമാനം ഉണ്ടാക്കും?
6 ദൈവത്തെ ആശ്രയിക്കാത്തതിന്റെ ദുരന്തപൂർണമായ ദീർഘകാല ഭവിഷ്യത്തുകൾ, മനുഷ്യഭരണം ഒരിക്കലും വിജയിക്കുകയില്ലെന്ന് സംശയാതീതവും ശാശ്വതവുമായി തെളിയിച്ചിരിക്കുന്നു. സന്തുഷ്ടി, ഐക്യം, ആരോഗ്യം, ജീവൻ എന്നിവ കൈവരുത്താനുള്ള ഏക മാർഗം ദൈവത്തിന്റെ ഭരണാധിപത്യമാണ്. മനുഷ്യർക്കു സ്വതന്ത്ര ഭരണം നടത്താൻ യഹോവ അനുവദിച്ചുകൊടുത്ത സമയം തീരാറായിരിക്കുന്നു എന്നു ദൈവവചനം പ്രകടമാക്കുന്നു. (മത്തായി 24:3-14; ) താമസിയാതെ, ഭൂമിമേലുള്ള തന്റെ ഭരണാധിപത്യം പുനഃസ്ഥാപിക്കാൻ അവൻ മനുഷ്യകാര്യാദികളിൽ ഇടപെടും. ബൈബിൾ പ്രവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: ‘ഈ രാജാക്കന്മാരുടെ [ഇന്നുള്ള ഭരണാധിപത്യങ്ങളുടെ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗത്തിൽ] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല [വീണ്ടും ഒരിക്കലും മനുഷ്യർ ഭൂമിയെ ഭരിക്കില്ല]; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.’— 2 തിമൊഥെയൊസ് 3:1-5ദാനീയേൽ 2:44.
ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അതിജീവിക്കൽ
7. ദൈവഭരണം മനുഷ്യഭരണത്തിന് അറുതി വരുത്തുമ്പോൾ ആരാണ് അതിജീവിക്കുക?
7 ദൈവഭരണം മനുഷ്യഭരണത്തിന് അറുതി വരുത്തുമ്പോൾ ആരാണ് അതിജീവിക്കുക? ബൈബിൾ ഉത്തരം നൽകുന്നു: ‘നേരുള്ളവർ [ഭരണം നടത്താനുള്ള ദൈവത്തിന്റെ അവകാശത്തെ പിന്താങ്ങുന്നവർ] ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ [ഭരണം നടത്താനുള്ള ദൈവത്തിന്റെ അവകാശത്തെ പിന്താങ്ങാത്തവർ] ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.’ (സദൃശവാക്യങ്ങൾ 2:21, 22) അതുപോലെതന്നെ സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രസ്താവിച്ചു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:10, 29.
8. ദൈവം തന്റെ പരമാധികാരം പൂർണമായി സംസ്ഥാപിക്കുന്നത് എങ്ങനെ?
8 സാത്താന്റെ വ്യവസ്ഥിതിയെ നശിപ്പിച്ചശേഷം, ദൈവം തന്റെ പുതിയ ലോകം ആനയിക്കും. ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യവർഗത്തെ അടിമത്തത്തിൽ ആക്കിവെച്ചിരിക്കുന്ന വിനാശകമായ അക്രമം, യുദ്ധങ്ങൾ, ദാരിദ്ര്യം, ദുരിതം, രോഗം, മരണം എന്നിവയെ അതു പൂർണമായും നിർമാർജനം ചെയ്യും. അനുസരണമുള്ള മനുഷ്യവർഗത്തെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളെ ബൈബിൾ അതിമനോഹരമായി ഇപ്രകാരം വർണിക്കുന്നു: ‘[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.’ (വെളിപ്പാടു 21:3-5) ക്രിസ്തുവിൻകീഴിലെ തന്റെ സ്വർഗീയ രാജ്യഗവൺമെന്റ് മുഖാന്തരം ദൈവം നമ്മുടെ പരമാധികാരി—ഭരണാധികാരി—ആയിരിക്കാനുള്ള തന്റെ അവകാശം പൂർണമായി സംസ്ഥാപിക്കും (ന്യായീകരിക്കും അല്ലെങ്കിൽ തെളിയിക്കും).—റോമർ 16:20; 2 പത്രൊസ് 3:10-13; വെളിപ്പാടു 20:1-6.
അവർ വിവാദപ്രശ്നത്തോടു പ്രതികരിച്ചവിധം
9. (എ) യഹോവയോടു വിശ്വസ്തരായി നിലനിന്നിട്ടുള്ളവർ അവന്റെ വചനത്തെ വീക്ഷിച്ചിരിക്കുന്നത് എങ്ങനെ? (ബി) നോഹ തന്റെ വിശ്വസ്തത തെളിയിച്ചത് എങ്ങനെ, അവന്റെ മാതൃകയിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?
9 പരമാധികാരിയായ യഹോവയോടുള്ള തങ്ങളുടെ വിശ്വസ്തത തെളിയിച്ചിട്ടുള്ള വിശ്വാസികളായ സ്ത്രീപുരുഷന്മാർ ചരിത്രത്തിൽ ഉടനീളം ഉണ്ടായിരുന്നിട്ടുണ്ട്. തങ്ങളുടെ ജീവൻ അവനെ കേട്ടനുസരിക്കുന്നതിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനായിരുന്നു നോഹ. അതുകൊണ്ട് ദൈവം അവനോട് അരുളിച്ചെയ്തു: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; . . . നീ. . . ഒരു പെട്ടകം ഉണ്ടാക്കുക.” നോഹ യഹോവയുടെ മാർഗനിർദേശം അനുസരിച്ചു. മുന്നറിയിപ്പു കൊടുത്തിട്ടും അക്കാലത്തെ മറ്റുള്ളവർ അസാധാരണമായ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന മട്ടിൽ ജീവിച്ചു. എന്നാൽ നോഹ ഒരു കൂറ്റൻ പെട്ടകം പണിയുകയും ദൈവത്തിന്റെ നീതിനിഷ്ഠമായ വഴികളെക്കുറിച്ചു മറ്റുള്ളവരോടു പ്രസംഗിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്തു. വിവരണം തുടർന്നു പറയുന്നു: “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.”—ഉല്പത്തി 6:13-22; എബ്രായർ 11:7; 2 പത്രൊസ് 2:5.
10. (എ) അബ്രാഹാമും സാറായും യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചത് എങ്ങനെ? (ബി) അബ്രാഹാമിന്റെയും സാറായുടെയും മാതൃകയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
10 അബ്രാഹാമും സാറായും യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ നല്ല മാതൃകകളായിരുന്നു, അവൻ അവരോടു കൽപ്പിച്ചതെല്ലാം അവർ ചെയ്തു. സമ്പദ്സമൃദ്ധമായ ഊർ എന്ന കൽദയ നഗരത്തിലായിരുന്നു അവർ വസിച്ചിരുന്നത്. എന്നാൽ അവിടംവിട്ട് പരിചിതമല്ലാത്ത മറ്റൊരു ദേശത്തേക്കു പോകാൻ യഹോവ അബ്രാഹാമിനോടു പറഞ്ഞപ്പോൾ “യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാഹാം പുറപ്പെട്ടു.” ബന്ധുമിത്രാദികളുമൊത്തുള്ള സുഖപ്രദമായ ഗൃഹസ്ഥജീവിതം സാറാ ആസ്വദിച്ചിരുന്നു എന്നതിനു സംശയമില്ല. എന്നിരുന്നാലും, അവൾ യഹോവയ്ക്കും ഭർത്താവിനും കീഴ്പെട്ടിരുന്നു. താൻ കനാൻദേശത്ത് ഏതവസ്ഥയിൽ ജീവിക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ലെങ്കിലും അവൾ അവിടേക്കു തിരിച്ചു.—ഉല്പത്തി 11:31–12:4; പ്രവൃത്തികൾ 7:2-4.
11. (എ) എങ്ങനെയുള്ള സാഹചര്യങ്ങളിലാണു മോശെ യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ചത്? (ബി) മോശെയുടെ മാതൃക നമുക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാം?
11 യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ച മറ്റൊരാളായിരുന്നു മോശെ. അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളിൽ—ഈജിപ്തിലെ ഫറവോനെ നേർക്കുനേർ എതിരിട്ടുകൊണ്ട്—ആണ് അവൻ അതു ചെയ്തത്. അമിത ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ടല്ല മോശെക്ക് അതിനു കഴിഞ്ഞത്. വാസ്തവത്തിൽ, തന്റെ വാക്ചാതുര്യത്തിൽ അവൻ ശങ്ക പ്രകടിപ്പിക്കുക പോലും ചെയ്തു. എങ്കിലും അവൻ യഹോവയെ അനുസരിച്ചു. യഹോവയുടെ പിന്തുണയാലും സഹോദരനായ അഹരോന്റെ സഹായത്താലും മോശെ യഹോവയുടെ വചനം ദുർവാശിക്കാരനായ ഫറവോനെ ആവർത്തിച്ച് അറിയിച്ചു. ഇസ്രായേൽ പുത്രന്മാരിൽ ചിലർപോലും മോശെയെ രൂക്ഷമായി വിമർശിച്ചു. എന്നിട്ടും, യഹോവ തന്നോടു കൽപ്പിച്ചതെല്ലാം വിശ്വസ്തതയോടെ മോശെ ചെയ്തു. അവൻ മുഖാന്തരം ഇസ്രായേൽ ഈജിപ്തിൽനിന്നു വിടുവിക്കപ്പെടുകയും ചെയ്തു.—പുറപ്പാടു 7:6; 12:50, 51; എബ്രായർ 11:24-27.
12. (എ) യഹോവയോടുള്ള വിശ്വസ്തതയിൽ, ദൈവത്തിന്റെ വ്യക്തമായ ലിഖിത നിയമങ്ങൾ പിൻപറ്റുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) ഇത്തരം വിശ്വസ്തതയോടുള്ള വിലമതിപ്പ്, 1 യോഹന്നാൻ 2:15 ബാധകമാക്കാൻ നമ്മെ എങ്ങനെ സഹായിച്ചേക്കാം?
12 ദൈവത്തിന്റെ ലിഖിത നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യതയേ തങ്ങൾക്കുള്ളൂ എന്ന് യഹോവയോടു വിശ്വസ്തരായവർ വിചാരിച്ചില്ല. താനുമായി അവിഹിത വേഴ്ചയിലേർപ്പെടുന്നതിനു യോസേഫിനെ വശീകരിക്കാൻ പോത്തീഫറിന്റെ ഭാര്യ ശ്രമിച്ചപ്പോൾ വ്യഭിചാരത്തെ വിലക്കിക്കൊണ്ടുള്ള ലിഖിത ദൈവകൽപ്പനകൾ ഇല്ലായിരുന്നു. എന്നാൽ, യഹോവ ഏദെനിൽ സ്ഥാപിച്ച വിവാഹക്രമീകരണത്തെ കുറിച്ചു യോസേഫിന് അറിയാമായിരുന്നു. മറ്റൊരു മനുഷ്യന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ദൈവത്തെ അപ്രീതിപ്പെടുത്തുമെന്ന് അവന് അറിയാമായിരുന്നു. ഏതു പരിധിവരെ ഈജിപ്തുകാരെപ്പോലെ ആയിരിക്കാൻ ദൈവം തന്നെ അനുവദിക്കുമെന്നു പരീക്ഷിച്ചുനോക്കാൻ അവനു താത്പര്യമില്ലായിരുന്നു. മനുഷ്യവർഗവുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചു ധ്യാനിച്ചുകൊണ്ടും അനന്തരം ദൈവേഷ്ടമെന്നു താൻ മനസ്സിലാക്കിയതു മനഃസാക്ഷിപൂർവം ബാധകമാക്കിക്കൊണ്ടും അവൻ യഹോവയുടെ വഴികളെ ഉയർത്തിപ്പിടിച്ചു.—ഉല്പത്തി 39:7-12; സങ്കീർത്തനം 77:11, 12.
13. (എ) പിശാച് ഒരു ഭോഷ്കാളിയെന്ന് ഇയ്യോബ് തെളിയിച്ചത് എങ്ങനെ? (ബി) മൂന്ന് എബ്രായർ അതു തെളിയിച്ചത് എപ്രകാരം?
13 കഠിനപരീക്ഷയ്ക്കു വിധേയരാകേണ്ടിവന്നാലും യഹോവയെ യഥാർഥമായി അറിയുന്നവർ അവനിൽനിന്ന് അകന്നുമാറുന്നില്ല. യഹോവയുടെ അംഗീകാരമുണ്ടായിരുന്ന ഇയ്യോബ് പോലും, തന്റെ സമ്പത്തോ ആരോഗ്യമോ നഷ്ടമായാൽ ദൈവത്തെ ത്യജിച്ചുപറയുമെന്ന് സാത്താൻ ആരോപിച്ചു. അനർഥങ്ങൾ തന്നെ വന്നുമൂടുന്നത് എന്തുകൊണ്ടെന്ന് അറിയില്ലായിരുന്നിട്ടും പിശാച് ഒരു ഭോഷ്കാളിയെന്ന് ഇയ്യോബ് തെളിയിച്ചു. (ഇയ്യോബ് 2:9, 10) നൂറ്റാണ്ടുകൾക്കുശേഷവും തന്റെ വാദം തെളിയിക്കാനുള്ള ശ്രമം സാത്താൻ തുടർന്നു, ഒരു ബാബിലോന്യ രാജാവിനെ ഉപയോഗിച്ച് മൂന്ന് എബ്രായ ചെറുപ്പക്കാരുടെ വിശ്വസ്തത തകർക്കാൻ അവൻ ശ്രമിച്ചു. താൻ സ്ഥാപിച്ച പ്രതിമയുടെ മുമ്പാകെ കുമ്പിട്ട് ആരാധിച്ചില്ലെങ്കിൽ തീച്ചൂളയിലിട്ടു കൊന്നുകളയുമെന്നു കുപിതനായ രാജാവ് ആ ചെറുപ്പക്കാരെ ഭീഷണിപ്പെടുത്തി. രാജകൽപ്പനയാണോ അതോ വിഗ്രഹാരാധനയെ വിലക്കുന്ന യഹോവയുടെ നിയമമാണോ അനുസരിക്കേണ്ടത് എന്നു തീരുമാനിക്കാൻ നിർബന്ധിതരായപ്പോൾ തങ്ങൾ യഹോവയെ സേവിക്കുന്നവർ ആണെന്നും അവനാണു തങ്ങളുടെ പരമോന്നത അധികാരിയെന്നും യാതൊരു ചാഞ്ചല്യവും കൂടാതെ അവർ അറിയിച്ചു. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അപ്പോഴത്തെ ജീവനെക്കാൾ വലുത് ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു!—ദാനീയേൽ 3:14-18.
14. യഹോവയോട് യഥാർഥത്തിൽ വിശ്വസ്തരാണെന്ന് അപൂർണ മനുഷ്യരായ നമുക്ക് എങ്ങനെ തെളിയിക്കാനാകും?
14 ഇത്തരം ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കവേ, യഹോവയോടു വിശ്വസ്തനായിരിക്കുന്നതിന് ഒരുവൻ പൂർണനായിരിക്കണമെന്നോ ഒരു തെറ്റു ചെയ്ത ആൾ തീർത്തും പരാജയപ്പെട്ടിരിക്കുന്നുവെന്നോ നാം നിഗമനം ചെയ്യണമോ? ഒരിക്കലും വേണ്ട! മോശെ ചില സമയങ്ങളിൽ പരാജയപ്പെട്ടതായി ബൈബിൾ നമ്മോടു പറയുന്നു. അത് യഹോവയെ അപ്രീതിപ്പെടുത്തിയെങ്കിലും അവൻ മോശെയെ തള്ളിക്കളഞ്ഞില്ല. യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർക്കും ബലഹീനതകൾ ഉണ്ടായിരുന്നു. നമുക്കു പാരമ്പര്യമായി ലഭിച്ചിരിക്കുന്ന അപൂർണത യഹോവ കണക്കിലെടുക്കുന്നുണ്ട്, ഏതെങ്കിലും കാര്യത്തിൽ അവന്റെ ഇഷ്ടത്തെ നാം മനഃപൂർവം അവഗണിക്കുന്നില്ലെന്നു കാണുന്നത് അവനെ സന്തോഷിപ്പിക്കുന്നു. ഇനി, ബലഹീനതകൾ നിമിത്തം എന്തെങ്കിലും തെറ്റു ചെയ്താൽത്തന്നെ നാം ആത്മാർഥമായി അനുതപിക്കുന്നതും തെറ്റു പതിവാക്കാതിരിക്കുന്നതും പ്രധാനമാണ്. ഈ വിധത്തിൽ യഹോവ നല്ലതെന്നു പറയുന്നതിനെ നാം വാസ്തവമായി സ്നേഹിക്കുന്നുവെന്നും അവൻ തിന്മയാണെന്നു കാണിച്ചുതരുന്നതിനെ വെറുക്കുന്നുവെന്നും നാം തെളിയിക്കുന്നു. പാപപരിഹാര മൂല്യമുള്ള യേശുവിന്റെ ബലിയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു ദൈവമുമ്പാകെ ഒരു ശുദ്ധമായ നിലപാട് ആസ്വദിക്കാനാകും.—ആമോസ് 5:15; പ്രവൃത്തികൾ 3:19; എബ്രായർ 9:14.
15. (എ) സകല മനുഷ്യരിലുംവെച്ച് ആരാണു ദൈവത്തോടു പൂർണമായ നിർമലത പാലിച്ചത്, ഇത് എന്തു തെളിയിച്ചു? (ബി) യേശു ചെയ്തതു നമ്മെ സഹായിക്കുന്നത് എങ്ങനെ?
15 എന്നിരുന്നാലും, യഹോവയുടെ പരമാധികാരത്തോടുള്ള പൂർണമായ അനുസരണം മനുഷ്യരെ സംബന്ധിച്ചിടത്തോളം തികച്ചും അസാധ്യമായിരിക്കുമോ? ഇതിനുള്ള ഉത്തരം ഏതാണ്ട് 4,000 വർഷം ഒരു “പാവനരഹസ്യം” പോലെ ആയിരുന്നു. (1 തിമൊഥെയൊസ് 3:16, NW) ആദാം പൂർണനായി സൃഷ്ടിക്കപ്പെട്ടെങ്കിലും, ദൈവഭക്തിയുടെ ഒരു പൂർണ മാതൃക അവൻ കാഴ്ചവെച്ചില്ല. അങ്ങനെയെങ്കിൽ ആർക്ക് അതു സാധിക്കും? തീർച്ചയായും, പാപപൂർണരായ അവന്റെ സന്തതികളിൽ ആർക്കും അതിനു സാധിക്കയില്ല. അതിനു സാധിക്കുന്ന ഒരേയൊരു മനുഷ്യൻ യേശുക്രിസ്തു ആയിരിക്കുമായിരുന്നു. (എബ്രായർ 4:15) കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്ന ആദാമിനു വേണമെങ്കിൽ പൂർണനിർമലത പാലിക്കാൻ കഴിയുമായിരുന്നുവെന്ന് യേശു നിവർത്തിച്ച കാര്യങ്ങൾ തെളിയിച്ചു. കുഴപ്പം ദൈവത്തിന്റെ സൃഷ്ടിപ്രവർത്തനത്തിൽ അല്ലായിരുന്നു. അതുകൊണ്ട്, ദിവ്യനിയമത്തോടുള്ള അനുസരണത്തിന്റെ കാര്യത്തിൽ മാത്രമല്ല, പിന്നെയോ അഖിലാണ്ഡ പരമാധികാരിയായ യഹോവയോടുള്ള വ്യക്തിപരമായ ഭക്തിയുടെ കാര്യത്തിലും നാം അനുകരിക്കാൻ ശ്രമിക്കുന്നത് യേശുക്രിസ്തുവിന്റെ മാതൃകയാണ്.—ആവർത്തനപുസ്തകം 32:4, 5.
നമ്മുടെ വ്യക്തിപരമായ ഉത്തരം എന്താണ്?
16. യഹോവയുടെ പരമാധികാരത്തോടുള്ള നമ്മുടെ മനോഭാവം സംബന്ധിച്ചു നാം നിരന്തരം ജാഗരൂകരായിരിക്കേണ്ടത് എന്തുകൊണ്ട്?
16 അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നത്തെ ഇന്നു നമുക്ക് ഓരോരുത്തർക്കും അഭിമുഖീകരിക്കേണ്ടതുണ്ട്. നാം യഹോവയുടെ പക്ഷത്താണെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ സാത്താൻ നമ്മെ ലക്ഷ്യമാക്കുന്നു. അവൻ എല്ലാ ദിശയിൽനിന്നും സമ്മർദം കൊണ്ടുവരുന്നു, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യംവരെ അവൻ അതു തുടരുകയും ചെയ്യും. നാം ജാഗ്രത വെടിയരുത്. (1 പത്രൊസ് 5:8) യഹോവയുടെ അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച പരമോന്നത വിവാദപ്രശ്നത്തിലും പരിശോധനയിൻകീഴിലെ ദൈവത്തോടുള്ള നിർമലത സംബന്ധിച്ച ഉപവിവാദപ്രശ്നത്തിലും നാം എവിടെ നിലകൊള്ളുന്നുവെന്നു നമ്മുടെ നടത്ത പ്രകടമാക്കുന്നു. ലോകത്തിൽ സാധാരണമാണെന്നതുകൊണ്ടു മാത്രം അവിശ്വസ്ത നടത്തയെ അപ്രധാനമെന്നു വീക്ഷിക്കാൻ നമുക്കാവില്ല. നിർമലത പാലിക്കുകയെന്നാൽ യഹോവയുടെ നീതിനിഷ്ഠമായ വഴികളെ ജീവിതത്തിലെ സകല കാര്യങ്ങളിലും ബാധകമാക്കാൻ നാം ശ്രമിക്കുന്നു എന്നാണ്.
17. ഭോഷ്കിന്റെയും മോഷണത്തിന്റെയും ഉത്ഭവം സംബന്ധിച്ച ഏതു സംഗതി അവ ഉപേക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്?
17 ദൃഷ്ടാന്തത്തിന്, ‘ഭോഷ്കിന്റെ അപ്പനായ’ സാത്താനെ നമുക്ക് അനുകരിക്കാൻ സാധിക്കില്ല. (യോഹന്നാൻ 8:44) നമ്മുടെ ഇടപെടലുകളിലെല്ലാം നാം സത്യസന്ധരായിരിക്കണം. സാത്താന്റെ വ്യവസ്ഥിതിയിൽ യുവജനങ്ങൾ മിക്കപ്പോഴും അവരുടെ മാതാപിതാക്കളോട് സത്യസന്ധമായല്ല ഇടപെടുന്നത്. എന്നാൽ ക്രിസ്തീയ യുവജനങ്ങൾ ഇത് ഒഴിവാക്കുന്നു. അങ്ങനെ പരിശോധനയിൻകീഴിൽ ദൈവജനം നിർമലത തള്ളിക്കളയുമെന്ന സാത്താന്റെ ആരോപണം അസത്യമാണെന്ന് അവർ തെളിയിക്കുന്നു. (ഇയ്യോബ് 1:9-11; സദൃശവാക്യങ്ങൾ 6:16-19) ഇനി ഒരുവൻ സത്യത്തിന്റെ ഉറവായ ദൈവത്തിന്റെ പക്ഷത്തല്ല, മറിച്ച് ‘ഭോഷ്കിന്റെ അപ്പന്റെ’ പക്ഷത്താണെന്നു സൂചിപ്പിച്ചേക്കാവുന്ന വ്യാപാരനടപടികൾ ഉണ്ട്. ഇവയും നാം ഒഴിവാക്കുന്നു. (മീഖാ 6:11, 12) മോഷണം നടത്തുന്ന വ്യക്തി ഞെരുക്കത്തിലാണെന്നതോ അയാൾ കൊള്ളയടിക്കുന്ന വ്യക്തി ധനികനാണെന്നതോ ഒന്നും യാതൊരു കാരണവശാലും മോഷണത്തെ ന്യായീകരിക്കുന്നില്ല. (സദൃശവാക്യങ്ങൾ 6:30, 31; 1 പത്രൊസ് 4:15) നാം ജീവിക്കുന്ന പ്രദേശത്ത് മോഷണം ഒരു സർവസാധാരണ സംഗതി ആയിരിക്കുകയോ മോഷ്ടിച്ചെടുക്കുന്നത് ഒരു നിസ്സാര സാധനമായിരിക്കുകയോ ചെയ്യുന്നെങ്കിൽ പോലും അതു ദൈവനിയമങ്ങൾക്കു വിരുദ്ധമാണ്.—ലൂക്കൊസ് 16:10; റോമർ 12:2; എഫെസ്യർ 4:28.
18. (എ) ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയുടെ അവസാനത്തിൽ സകല മനുഷ്യർക്കും ഏതു പരിശോധന നേരിടും? (ബി) നാം ഇപ്പോൾ ഏതു ശീലം നട്ടുവളർത്തണം?
18 ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത്, സാത്താനും അവന്റെ ഭൂതങ്ങളും അഗാധകൂപത്തിൽ അടയ്ക്കപ്പെടുമെന്നതിനാൽ മനുഷ്യവർഗത്തെ സ്വാധീനിക്കാൻ അവർക്കു സാധിക്കുകയില്ല. അത് എന്തൊരു ആശ്വാസമായിരിക്കും! എന്നാൽ ആയിരം വർഷത്തെ തുടർന്ന് അവർ അൽപ്പകാലത്തേക്ക് അഴിച്ചുവിടപ്പെടും. ദൈവത്തോടു നിർമലത പാലിക്കുന്ന പുനഃസ്ഥിതീകൃത മനുഷ്യവർഗത്തിൽപ്പെട്ടവരുടെമേൽ സാത്താനും അവനെ അനുഗമിക്കുന്നവരും സമ്മർദം ചെലുത്തും. (വെളിപ്പാടു 20:7-10) അന്നു ജീവിച്ചിരിക്കാൻ പദവിയുള്ളവരാണു നമ്മളെങ്കിൽ അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തോടു നാം എങ്ങനെ പ്രതികരിക്കും? അന്നു സകല മനുഷ്യവർഗവും പൂർണരായിരിക്കുമെന്നതിനാൽ ഏത് അവിശ്വസ്ത പ്രവൃത്തിയും മനഃപൂർവമുള്ളതായിരിക്കും, അതു നിത്യനാശത്തിൽ കലാശിക്കുകയും ചെയ്യും. തന്റെ വചനത്തിലൂടെയോ സംഘടനയിലൂടെയോ ആയാലും യഹോവ നൽകുന്ന ഏതു മാർഗനിർദേശത്തോടും അനുസരണപൂർവം പ്രതികരിക്കുന്ന ശീലം ഇപ്പോൾത്തന്നെ നട്ടുവളർത്തുന്നത് എത്ര മർമപ്രധാനമാണ്! അങ്ങനെ ചെയ്യുന്നതിനാൽ നാം അഖിലാണ്ഡ പരമാധികാരിയെന്ന നിലയിൽ അവനോടുള്ള യഥാർഥ ഭക്തി പ്രകടമാക്കുകയാണു ചെയ്യുന്നത്.
പുനരവലോകന ചർച്ച
• നമ്മളെല്ലാം അഭിമുഖീകരിക്കേണ്ട വലിയ വിവാദപ്രശ്നം എന്താണ്? നമ്മൾ അതിൽ ഉൾപ്പെടാനിടയായത് എങ്ങനെ?
• പുരാതനകാല സ്ത്രീപുരുഷന്മാരിൽ ഓരോരുത്തരും യഹോവയോടു നിർമലത പാലിച്ച വിധങ്ങൾ സംബന്ധിച്ചു ശ്രദ്ധേയമായിരിക്കുന്നത് എന്താണ്?
• നമ്മുടെ നടത്തയാൽ അനുദിനം യഹോവയെ ബഹുമാനിക്കുന്നതു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]