നമ്മുടെ കാലത്ത് ആരാധനയിലെ ഐക്യം—അതിന്റെ അർഥമെന്ത്?
അധ്യായം ഒന്ന്
നമ്മുടെ കാലത്ത് ആരാധനയിലെ ഐക്യം—അതിന്റെ അർഥമെന്ത്?
1, 2. (എ) നമ്മുടെ നാളുകളിൽ ആവേശജനകമായ എന്തു പ്രവർത്തനമാണു നടക്കുന്നത്? (ബി) പരമാർഥഹൃദയർക്ക് അത്യന്തം അത്ഭുതകരമായ എന്തു പ്രത്യാശയാണുള്ളത്?
ആളുകളെ ആരാധനയിൽ ഏകീകൃതരാക്കുന്ന ആവേശജനകമായ ഒരു പ്രവർത്തനം ഗോളമെമ്പാടും നടക്കുന്നുണ്ട്. അത്, സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഏകീകരിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും കൂടുതൽ പേർ കൂട്ടിച്ചേർക്കപ്പെടുന്നു. ഈ ദശലക്ഷങ്ങളെ ബൈബിളിൽ യഹോവയുടെ “സാക്ഷികൾ” എന്നു തിരിച്ചറിയിച്ചിരിക്കുന്നു. ഒരു “മഹാപുരുഷാരം” എന്നും അത് അവരെ വിളിക്കുന്നു. അവർ ദൈവത്തിനു “രാപകൽ വിശുദ്ധസേവനം” അർപ്പിക്കുകയാണ്. (യെശയ്യാവു 43:10-12; വെളിപ്പാടു 7:9-15, NW) എന്തുകൊണ്ടാണ് അവർ ഇതു ചെയ്യുന്നത്? യഹോവയെ “ഏകസത്യദൈവ”മായി അറിയാൻ ഇടയായിരിക്കുന്നതിനാൽ. അത് ജീവിതത്തെ അവന്റെ നീതിനിഷ്ഠമായ വഴികളോടു യോജിപ്പിൽ വരുത്താൻ അവരെ പ്രേരിപ്പിക്കുന്നു. കൂടാതെ, നാം ഇപ്പോഴത്തെ ഈ ദുഷ്ടലോകത്തിന്റെ “അന്ത്യനാളുകളി”ലാണു ജീവിക്കുന്നത് എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. ദൈവം പെട്ടെന്നുതന്നെ ഈ ദുഷ്ടലോകത്തെ നശിപ്പിക്കുമെന്നും തത്സ്ഥാനത്ത് തന്റെ പുതിയ പറുദീസാ ഭൂമി സ്ഥാപിക്കുമെന്നും അവർക്ക് അറിയാം.—2 തിമൊഥെയൊസ് 3:1-5, 13, NW; 2 പത്രൊസ് 3:10-13.
2 ദൈവവചനം ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) ‘[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.’—വെളിപ്പാടു 21:4, 5.
3. ആരാധനയിലെ യഥാർഥ ഐക്യം കൈവരിക്കപ്പെടുന്നത് എങ്ങനെ?
3 ഇപ്പോൾ സത്യാരാധനയിൽ ഏകീകൃതർ ആയിത്തീരുന്നവർ ആ പുതിയ ലോകത്തിലെ ആദ്യ നിവാസികൾ ആയിരിക്കും. ദൈവേഷ്ടം എന്താണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു, അതു ചെയ്യാൻ അവർ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന് അപ്പൊസ്തലനായ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 2:17.
അത് യഥാർഥത്തിൽ എന്ത് അർഥമാക്കുന്നു?
4. (എ) നമ്മുടെ കാലത്ത് വളരെയധികം പേർ ഏകീകൃത ആരാധനയിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നത് യഥാർഥത്തിൽ എന്ത് അർഥമാക്കുന്നു? (ബി) ഈ കൂട്ടിച്ചേർക്കലിനെ ബൈബിൾ വർണിക്കുന്നത് എങ്ങനെ?
4 നമ്മുടെ കാലത്ത് വളരെയധികം പേർ ഏകീകൃത ആരാധനയിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നത് യഥാർഥത്തിൽ എന്ത് അർഥമാക്കുന്നു? നാം ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തോടു വളരെ അടുത്തിരിക്കുന്നു എന്നും അതിന്റെ നാശം ദൈവത്തിന്റെ പുതിയ ലോകത്തിനു വഴിതുറക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ തെളിവാണ് അത്. ഈ സുപ്രധാന കൂട്ടിച്ചേർക്കലിനെ കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിക്കു നാം ദൃക്സാക്ഷികളാണ്. അതിൽ ഒരു പ്രവചനം ഇങ്ങനെ പറയുന്നു: ‘അന്ത്യകാലത്തു [ഈ അന്ത്യനാളുകളിൽ] യഹോവയുടെ ആലയം ഉള്ള പർവ്വതം [അവന്റെ ഉത്കൃഷ്ടമായ സത്യാരാധന] പർവ്വതങ്ങളുടെ ശിഖരത്തിൽ [മറ്റ് എല്ലാത്തരം ആരാധനയ്ക്കും മീതെ] ഉന്നതമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും [“ജനതകളും,” NW] ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.’—മീഖാ 4:1, 2; സങ്കീർത്തനം 37:34.
5, 6. (എ) ജനതകൾ യഹോവയിലേക്കു തിരിയുന്നു എന്നത് സത്യമായിരിക്കുന്നത് എങ്ങനെ? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
5 മുഴു ജനതകളും ആരാധനയ്ക്കായി യഹോവയുടെ ആത്മീയ ആലയത്തിൽ സന്നിഹിതരാകുന്നില്ലെങ്കിലും എല്ലാ ജനതകളിലും നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ അങ്ങനെ ചെയ്യുന്നുണ്ട്. യഹോവയാം ദൈവത്തിന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യത്തെയും ആകർഷകമായ വ്യക്തിത്വത്തെയും കുറിച്ചു പഠിക്കുമ്പോൾ ആ അറിവ് അവരുടെ ഹൃദയത്തെ സ്പർശിക്കുന്നു. ദൈവം തങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്നു കണ്ടുപിടിക്കാൻ അവർ വിനീതമായി ശ്രമിക്കുന്നു. “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റേതുപോലെയാണ് അവരുടെ പ്രാർഥന.—സങ്കീർത്തനം 143:10.
6 യഹോവ ഇപ്പോൾ ഏകീകൃത ആരാധനയിലേക്കു കൂട്ടിവരുത്തിക്കൊണ്ടിരിക്കുന്ന “മഹാപുരുഷാര”ത്തിൽപ്പെട്ട ഒരാളാണോ നിങ്ങൾ? ദൈവവചനത്തിൽനിന്നു ലഭിച്ച പ്രബോധനത്തോടുള്ള നിങ്ങളുടെ പ്രതികരണം, അതിന്റെ ഉറവ് യഹോവ ആണെന്നു നിങ്ങൾ വാസ്തവമായും വിലമതിക്കുന്നതായി പ്രകടമാക്കുന്നുവോ? നിങ്ങൾ എത്രത്തോളം ‘അവന്റെ പാതകളിൽ നടക്കും’?
ഈ ഐക്യം കൈവരിക്കപ്പെടുന്ന വിധം
7. (എ) ആരാധനയിലെ ഐക്യം ഏതളവോളം കൈവരിക്കപ്പെടും? (ബി) ഇപ്പോൾ യഹോവയുടെ ഒരു ആരാധകൻ ആയിത്തീരേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്, അതിനു നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും?
7 ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളും സത്യാരാധനയിൽ ഏകീകൃതർ ആയിരിക്കണം എന്നതാണ് യഹോവയുടെ ഉദ്ദേശ്യം. ജീവനുള്ള സകലരും ഏക സത്യദൈവത്തെ ആരാധിക്കുന്ന നാളിനായി നാം എത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നു! (സങ്കീർത്തനം 103:19-22) എന്നാൽ അതു സാധ്യമാകുന്നതിനു മുമ്പ് തന്റെ നീതിനിഷ്ഠമായ ഹിതം ചെയ്യാൻ വിസമ്മതിക്കുന്ന സകലരെയും യഹോവ നീക്കം ചെയ്യേണ്ടതുണ്ട്. എല്ലായിടത്തുമുള്ള ആളുകൾക്ക് തങ്ങളുടെ പ്രവർത്തനഗതിക്കു മാറ്റം വരുത്താൻ കഴിയേണ്ടതിന്, താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് കരുണാപൂർവം അവൻ മുൻകൂട്ടി അറിയിക്കുന്നു. (യെശയ്യാവു 55:6, 7) അങ്ങനെ, നമ്മുടെ നാളിൽ ‘സകല ഗോത്രത്തിൽനിന്നും ഭാഷയിൽനിന്നും വംശത്തിൽനിന്നും ഉള്ളവർക്ക്’ അടിയന്തിരമായ ഈ ആഹ്വാനം നൽകിയിരിക്കുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ.” (വെളിപ്പാടു 14:6, 7) നിങ്ങൾ ആ ക്ഷണം സ്വീകരിച്ചിരിക്കുന്നുവോ? എങ്കിൽ, സത്യദൈവത്തെ അറിയാനും ആരാധിക്കാനും ഇനിയും മറ്റുള്ളവരെ ക്ഷണിക്കാനുള്ള പദവി നിങ്ങളുടേതാണ്.
8. അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ പഠിച്ച ശേഷം, എന്തു പുരോഗതി വരുത്താൻ നാം ആത്മാർഥമായി ശ്രമിക്കണം?
8 തന്നിൽ വിശ്വസിക്കുന്നു എന്നു പറയുകയും അതേസമയം സ്വന്ത താത്പര്യങ്ങൾക്കു പിന്നാലെ പോകുകയും ചെയ്യുന്നവർ തന്നെ ആരാധിക്കാൻ യഹോവ ഉദ്ദേശിക്കുന്നില്ല. ആളുകൾ തന്റെ ഹിതത്തെക്കുറിച്ചു സൂക്ഷ്മപരിജ്ഞാനം നേടാനും ജീവിതത്തിൽ അതു പ്രതിഫലിപ്പിക്കാനും ദൈവം ആഗ്രഹിക്കുന്നു. (കൊലൊസ്സ്യർ 1:9, 10) അതിനാൽ, ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങൾ പഠിക്കുന്ന കൃതജ്ഞതയുള്ള വ്യക്തികളുടെ ആഗ്രഹം ക്രിസ്തീയ പക്വതയിലേക്കു മുന്നേറണമെന്നതാണ്. യഹോവയെ കൂടുതൽ അടുത്തറിയാനും അവന്റെ വചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം ആഴവും പരപ്പുമുള്ളതാക്കാനും ജീവിതത്തിൽ അതു കൂടുതൽ തികവോടെ ബാധകമാക്കാനും അവർ ആഗ്രഹിക്കുന്നു. നമ്മുടെ സ്വർഗീയ പിതാവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കാനും അവൻ വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കാനും അവർ ശ്രമിക്കുന്നു. നമ്മുടെ നാളിൽ ദൈവം ക്രമീകരിച്ചിരിക്കുന്ന ജീവരക്ഷാകരമായ വേലയിൽ പങ്കുപറ്റാനുള്ള മാർഗങ്ങൾ തേടാൻ അത് അവരെ പ്രേരിപ്പിക്കുന്നു. അതുതന്നെയാണോ നിങ്ങളുടെയും ആഗ്രഹം?—മർക്കൊസ് 13:10; എബ്രായർ 5:12–6:3.
9. യഥാർഥ ഐക്യം ഇപ്പോൾ സാധ്യമായിരിക്കുന്നത് ഏതു വിധങ്ങളിൽ?
9 യഹോവയെ സേവിക്കുന്നവർ ഒരു ഏകീകൃത ജനമായിരിക്കണമെന്നു ബൈബിൾ പ്രകടമാക്കുന്നു. (എഫെസ്യർ 4:1-3) നാം ജീവിക്കുന്നതു ഛിദ്രിച്ച ഒരു ലോകത്തിലാണ്, അതിനു പുറമേ സ്വന്തം അപൂർണതകളുമായി നാം ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയുമാണ്. എന്നിരുന്നാലും, നമ്മുടെ ഇടയിൽ ഐക്യം ഉണ്ടായിരിക്കേണ്ടതാണ്. തന്റെ ശിഷ്യന്മാരെല്ലാം യഥാർഥ ഐക്യം ആസ്വദിച്ചുകൊണ്ട് ഒന്നായിരിക്കാൻ യേശു ആത്മാർഥമായി പ്രാർഥിച്ചു. ഇതിന്റെ അർഥമെന്താണ്? ഒന്നാമത്, അവർക്കു യഹോവയുമായും അവന്റെ പുത്രനുമായും നല്ല ബന്ധം ഉണ്ടായിരിക്കും. രണ്ടാമത്, അവർ ഒറ്റക്കെട്ടായിരിക്കും. (യോഹന്നാൻ 17:20, 21) ആ ലക്ഷ്യം കൈവരിക്കാൻ, തന്റെ ജനത്തെ പ്രബോധിപ്പിക്കുന്നതിന് യഹോവ ഉപയോഗിക്കുന്ന സംഘടനയായി ക്രിസ്തീയ സഭ വർത്തിക്കുന്നു.
ഐക്യത്തിനു സംഭാവന ചെയ്യുന്ന ഘടകങ്ങളേവ?
10. (എ) നമ്മെ ബാധിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ കുറിച്ചു യുക്തിസഹമായി ചിന്തിക്കാൻ വ്യക്തിപരമായി ബൈബിൾ ഉപയോഗിക്കുകവഴി നാം എന്തു വളർത്തിയെടുക്കുന്നു? (ബി) ഈ ഖണ്ഡികയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട്, ക്രിസ്തീയ ഐക്യത്തിനു സംഭാവന ചെയ്യുന്ന ഘടകങ്ങൾ അപഗ്രഥിക്കുക.
10 ആരാധനയിലെ ഐക്യത്തെ ഉന്നമിപ്പിക്കുന്ന ഏഴു മുഖ്യ ഘടകങ്ങളെ കുറിച്ചാണു താഴെ പറയുന്നത്. കൂടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയവേ, ഓരോ ആശയവും യഹോവയോടും സഹക്രിസ്ത്യാനികളോടും ഉള്ള നിങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നു ചിന്തിക്കുക. ഈ ആശയങ്ങളെ കുറിച്ചു യുക്തിസഹമായി ചിന്തിക്കുന്നതും ഉദ്ധരിക്കാതെ പരാമർശിക്കുക മാത്രം ചെയ്തിട്ടുള്ള തിരുവെഴുത്തുകൾ എടുത്തു നോക്കുന്നതും ദൈവിക ജ്ഞാനവും ചിന്താപ്രാപ്തിയും വിവേചനാശേഷിയും വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും—നമുക്കേവർക്കും ആവശ്യമായ ഗുണങ്ങളാണ് ഇവ. (സദൃശവാക്യങ്ങൾ 5:1, 2; ഫിലിപ്പിയർ 1:9-11) ഈ ഘടകങ്ങൾ ഓരോന്നായി പരിചിന്തിക്കുക.
(1) നന്മയും തിന്മയും സംബന്ധിച്ച മാനദണ്ഡം വെക്കാൻ യഹോവയ്ക്കുള്ള അവകാശത്തെ നാം അംഗീകരിക്കുന്നു. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
തീരുമാനങ്ങൾ എടുക്കുമ്പോൾ നാം യഹോവയുടെ ബുദ്ധിയുപദേശവും മാർഗനിർദേശവും തേടേണ്ടത് എന്തുകൊണ്ട്? (സങ്കീർത്തനം 146:3-5; യെശയ്യാവു 48:17)
(2) നമ്മെ വഴിനയിക്കാൻ നമുക്കു ദൈവവചനമുണ്ട്. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ 1 തെസ്സലൊനീക്യർ 2:13.
കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.”—നമുക്കു കേവലം ശരിയെന്നു “തോന്നുന്നതു” ചെയ്യുന്നതിൽ എന്ത് അപകടമുണ്ട്? (സദൃശവാക്യങ്ങൾ 14:12; യിരെമ്യാവു 10:23, 24; 17:9)
ഒരു പ്രത്യേക സംഗതി സംബന്ധിച്ച് ബൈബിൾ എന്തു ബുദ്ധിയുപദേശം നൽകുന്നുവെന്നു നമുക്ക് അറിയില്ലെങ്കിൽ നാം എന്തു ചെയ്യണം? (സദൃശവാക്യങ്ങൾ 2:3-5; 2 തിമൊഥെയൊസ് 3:16, 17)
(3) ഒരേ ആത്മീയ പോഷിപ്പിക്കൽ പരിപാടിയിൽനിന്ന് നാമെല്ലാം പ്രയോജനം അനുഭവിക്കുന്നു. ‘നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവർ ആയിരിക്കും.’ (യെശയ്യാവു 54:13) ‘ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. [നാശത്തിന്റെ] നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.’—എബ്രായർ 10:24, 25.
ആത്മീയ പോഷണത്തിനായി യഹോവ ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നവർക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കുന്നു? (യെശയ്യാവു 65:13, 14)
(4) ഏതെങ്കിലും മനുഷ്യനല്ല, പിന്നെയോ യേശുക്രിസ്തുവാണ് നമ്മുടെ നായകൻ. “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നേ.”—മത്തായി 23:8-10.
മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നു നമ്മിൽ ആർക്കെങ്കിലും തോന്നേണ്ടതുണ്ടോ? (റോമർ 3:23, 24; 12:3)
(5) മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ എന്ന നിലയിൽ നാം ദൈവരാജ്യ ഗവൺമെന്റിലേക്കു നോക്കുന്നു. “നിങ്ങൾ ഈവണ്ണം മത്തായി 6:9, 10, 33.
പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; . . . മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.”—‘രാജ്യം ഒന്നാമത് അന്വേഷിക്കുന്നതു’ നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നത് എങ്ങനെ? (മീഖാ 4:3; 1 യോഹന്നാൻ 3:10-12)
(6) ക്രിസ്തീയ ഐക്യത്തിനു മർമപ്രധാനമായ ഗുണങ്ങൾ പരിശുദ്ധാത്മാവ് യഹോവയുടെ ആരാധകരിൽ ഉളവാക്കുന്നു. “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം.”—ഗലാത്യർ 5:22, 23.
ദൈവാത്മാവ് നമ്മിൽ അതിന്റെ ഫലങ്ങൾ ഉളവാക്കണമെങ്കിൽ നാം എന്തു ചെയ്യണം? (പ്രവൃത്തികൾ 5:32)
സഹക്രിസ്ത്യാനികളുമായുള്ള നമ്മുടെ ബന്ധത്തെ ദൈവാത്മാവു സ്വാധീനിക്കുന്നത് എങ്ങനെ? (യോഹന്നാൻ 13:35; 1 യോഹന്നാൻ 4:8, 20, 21)
(7) ദൈവത്തിന്റെ സത്യാരാധകർ എല്ലാവരും ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കെടുക്കുന്നു. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14.
ഈ പ്രസംഗപ്രവർത്തനത്തിൽ പൂർണ പങ്കുണ്ടായിരിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കണം? (മത്തായി 22:37-39; റോമർ 10:10)
11. നാം ബൈബിൾ സത്യങ്ങൾ ജീവിതത്തിൽ ബാധകമാക്കുമ്പോൾ, അതിന്റെ ഫലം എന്താണ്?
11 യഹോവയെ ഐക്യത്തിൽ ആരാധിക്കുന്നത് നമ്മെ അവനോടു കൂടുതൽ അടുപ്പിക്കുന്നു, സഹക്രിസ്ത്യാനികളുമായി നവോന്മേഷപ്രദമായ സഹവാസം ആസ്വദിക്കാൻ അതു നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. സങ്കീർത്തനം 133:1 പറയുന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” ഈ ലോകത്തിന്റെ സകലവിധ സ്വാർഥതയിൽനിന്നും അധാർമികതയിൽനിന്നും അക്രമ പ്രവണതകളിൽനിന്നും വിട്ടകന്ന് യഹോവയെ യഥാർഥത്തിൽ സ്നേഹിക്കുകയും അവന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നവരോടൊത്തു കൂടിവരുന്നത് എത്ര നവോന്മേഷപ്രദമാണ്!
ഭിന്നിപ്പിക്കുന്ന സ്വാധീനങ്ങൾ ഒഴിവാക്കുക
12. തന്നിഷ്ടത്തിന്റേതായ മനോഭാവം നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
12 നമ്മുടെ വിലയേറിയ ആഗോള ഐക്യം താറുമാറാകാതിരിക്കാൻ നാം ഭിന്നിപ്പിക്കുന്ന സ്വാധീനങ്ങൾ ഒഴിവാക്കണം. ഇവയിലൊന്ന് ദൈവത്തെയും അവന്റെ നിയമങ്ങളെയും അവഗണിക്കുന്ന തന്നിഷ്ടത്തിന്റേതായ മനോഭാവമാണ്. അതിന്റെ കാരണഭൂതനായ പിശാചായ സാത്താനെ മറനീക്കി കാണിക്കുകവഴി, അതൊഴിവാക്കാൻ യഹോവ നമ്മെ സഹായിക്കുന്നു. (2 കൊരിന്ത്യർ 4:4; വെളിപ്പാടു 12:9) ദൈവം പറഞ്ഞത് അവഗണിക്കാനും ദൈവേഷ്ടത്തിനു വിരുദ്ധമായ തീരുമാനങ്ങൾ എടുക്കാനും ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചതു സാത്താനായിരുന്നു. അത് അവർക്കും നമുക്കും അനർഥം വരുത്തിവെച്ചു. (ഉല്പത്തി 3:1-6, 17-19) ദൈവനിയമങ്ങളെ അവഗണിക്കുന്ന തന്നിഷ്ടത്തിന്റേതായ മനോഭാവം ഈ ലോകത്തെ ചൂഴ്ന്നുനിൽക്കുന്നു. അതുകൊണ്ട് നാം നമ്മിൽനിന്നുതന്നെ ആ മനോഭാവം പിഴുതുകളയേണ്ടതുണ്ട്.
13. ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലെ ജീവിതത്തിനായി നാം ആത്മാർഥമായി ഒരുങ്ങുന്നുവെന്ന് എന്തു പ്രകടമാക്കും?
13 ദൃഷ്ടാന്തത്തിന്, ഇപ്പോഴത്തെ ദുഷ്ടലോകത്തെ നീക്കം ചെയ്ത് തത്സ്ഥാനത്ത് “നീതിവസിക്കുന്ന” പുതിയ ആകാശവും പുതിയ ഭൂമിയും കൊണ്ടുവരുമെന്ന യഹോവയുടെ പുളകപ്രദമായ വാഗ്ദാനത്തെ കുറിച്ചു ചിന്തിക്കുക. (2 പത്രൊസ് 3:13) നീതി വാഴുന്ന ആ കാലത്തു ജീവിക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിക്കാൻ അതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? അതിന്റെ അർഥം ബൈബിളിന്റെ പിൻവരുന്ന വ്യക്തമായ ബുദ്ധിയുപദേശം നാം അനുസരിക്കണമെന്നാണ്: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.” (1 യോഹന്നാൻ 2:15) അതുകൊണ്ട് ഈ ലോകത്തിന്റെ ആത്മാവിനെ—അതിന്റെ തന്നിഷ്ട മനോഭാവം, സ്വാർഥ താത്പര്യങ്ങൾ, അധാർമികത, അക്രമാസക്തി എന്നിവയെ—നാം ഒഴിവാക്കുന്നു. അപൂർണ ജഡത്തിന്റെ ചായ്വുകളെ ഗണ്യമാക്കാതെ യഹോവയെ ശ്രദ്ധിക്കുന്നതും അവനെ ഹൃദയപൂർവം അനുസരിക്കുന്നതും നാം ഒരു ശീലമാക്കുന്നു. നമ്മുടെ ചിന്തയും ആന്തരങ്ങളും ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകൃതമാണ് എന്നതിനു നമ്മുടെ മുഴു ജീവിതഗതിയും തെളിവു നൽകുന്നു.—സങ്കീർത്തനം 40:8.
14. (എ) യഹോവയുടെ വഴികൾ പഠിക്കാനും നമ്മുടെ ജീവിതത്തിൽ അവ ബാധകമാക്കാനും ഇപ്പോഴുള്ള അവസരം തക്കത്തിൽ ഉപയോഗിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നമുക്കു വ്യക്തിപരമായി എന്തർഥമാക്കുന്നു?
14 ഈ ദുഷ്ട വ്യവസ്ഥിതിയെയും അതിന്റെ രീതികൾ പിൻപറ്റാൻ ഇഷ്ടപ്പെടുന്ന സകലരെയും നശിപ്പിക്കാനുള്ള യഹോവയുടെ നിയമിത സമയം വന്നെത്തുമ്പോൾ അവൻ തത്ക്ഷണം പ്രവർത്തിക്കും. അവൻ ആ സമയം നീട്ടിവെക്കാൻ പോകുന്നില്ല, അതുപോലെ ലോകവുമായുള്ള ബന്ധം വേർപെടുത്താതെ അർധമനസ്സോടെ ദൈവേഷ്ടം പഠിക്കാനും ചെയ്യാനും ശ്രമിക്കുന്നവർക്കായി തന്റെ നിലവാരങ്ങൾക്കു മാറ്റം വരുത്താനും പോകുന്നില്ല. പ്രവർത്തിക്കാനുള്ള സമയം ഇപ്പോഴാണ്! (ലൂക്കൊസ് 13:23, 24; 17:32; 21:34-36) അതിനാൽ, യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നൽകുന്ന പ്രബോധനം ആകാംക്ഷാപൂർവം തേടിക്കൊണ്ട് മഹാപുരുഷാരം ഈ വിലയേറിയ അവസരം തക്കത്തിൽ ഉപയോഗിക്കുന്നതും പുതിയ ലോകത്തെ ലക്ഷ്യമാക്കി അവന്റെ പാതകളിൽ ഒറ്റക്കെട്ടായി നടക്കുന്നതും കാണുന്നത് എത്ര ഹൃദയോഷ്മളമാണ്! യഹോവയെ കുറിച്ചു നാം എത്രയധികം പഠിക്കുന്നുവോ അവനെ സ്നേഹിക്കാനും സേവിക്കാനും നാം അത്രയധികം ആഗ്രഹിക്കും.
പുനരവലോകന ചർച്ച
• ആരാധന സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്താണ്?
• അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ പഠിച്ചശേഷം കൂടുതലായ എന്തു പുരോഗതി നേടാൻ നാം ആത്മാർഥമായി ശ്രമിക്കണം?
• യഹോവയുടെ മറ്റ് ആരാധകരുമായി ഐക്യത്തിലായിരിക്കാൻ നമുക്കു വ്യക്തിപരമായി എന്തു ചെയ്യാനാകും?
[അധ്യയന ചോദ്യങ്ങൾ]
[4-ാം പേജിലെ ചിത്രം]
‘സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കി സമാധാനസമൃദ്ധിയിൽ ആനന്ദിക്കും’