പുനരുത്ഥാന പ്രത്യാശയുടെ ശക്തി
അധ്യായം ഒമ്പത്
പുനരുത്ഥാന പ്രത്യാശയുടെ ശക്തി
1. പുനരുത്ഥാന പ്രത്യാശ ഇല്ലായിരുന്നെങ്കിൽ, മരിച്ചവരുടെ ഭാവി എന്തായിരിക്കുമായിരുന്നു?
നിങ്ങൾക്കു പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായിട്ടുണ്ടോ? പുനരുത്ഥാനമില്ലെങ്കിൽ, അവരെ വീണ്ടും എന്നെങ്കിലും കാണാമെന്നുള്ള പ്രത്യാശ നമുക്ക് ഉണ്ടായിരിക്കില്ല. “മരിച്ചവരോ ഒന്നും അറിയുന്നില്ല . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നു ബൈബിൾ വർണിക്കുന്ന അവസ്ഥയിൽ അവർ തുടരും.—സഭാപ്രസംഗി 9:5, 10.
2. പുനരുത്ഥാനത്താൽ വിസ്മയകരമായ എന്തു പ്രത്യാശയാണ് സാധ്യമാക്കപ്പെടുന്നത്?
2 മരിച്ച അസംഖ്യം ജനസമൂഹങ്ങൾക്ക് മരണാവസ്ഥയിൽനിന്നു തിരിച്ചുവരാനും നിത്യജീവൻ ആസ്വദിക്കാനുമുള്ള വിലതീരാത്ത അവസരം യഹോവ കരുണാപൂർവം തുറന്നുകൊടുത്തിരിക്കുകയാണ്. അതിന്റെ അർഥം ദൈവത്തിന്റെ പുതിയ ലോകത്തിൽ ഒരു നാൾ, മരണത്തിൽ നിദ്രകൊള്ളുന്ന പ്രിയപ്പെട്ടവരുമായി പുനഃസംഗമിക്കുന്നതിനുള്ള ഹൃദയോഷ്മളമായ പ്രത്യാശ നിങ്ങൾക്ക് ഉണ്ടായിരിക്കാൻ കഴിയുമെന്നാണ്.—മർക്കൊസ് 5:35, 41, 42; പ്രവൃത്തികൾ 9:36-41.
3. (എ) യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ പുനരുത്ഥാനം പ്രധാനമെന്നു തെളിഞ്ഞിരിക്കുന്നത് ഏതു വിധങ്ങളിൽ? (ബി) വിശേഷിച്ചും ഏതു സന്ദർഭത്തിലാണ് പുനരുത്ഥാന പ്രത്യാശ നമുക്കു ശക്തിയുടെ ഒരു ഉറവായിരിക്കുന്നത്?
3 പുനരുത്ഥാന പ്രത്യാശ ഉള്ളതുകൊണ്ട് നാം മരണത്തെ അമിതമായി ഭയപ്പെടേണ്ടതില്ല. “മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന സാത്താന്റെ നികൃഷ്ടമായ ആരോപണം തെളിയിക്കാനുള്ള ശ്രമത്തിൽ അങ്ങേയറ്റം പോകാൻ—വിശ്വസ്ത ദൈവദാസന്മാർക്കു സ്ഥായിയായ ദോഷം വരാതെതന്നെ—അവനെ അനുവദിക്കാൻ യഹോവയ്ക്കു കഴിയും. (ഇയ്യോബ് 2:4) യേശു മരണത്തോളം ദൈവത്തോടു വിശ്വസ്തനായിരുന്നു. അതുകൊണ്ടു ദൈവം അവനെ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിച്ചു. അങ്ങനെ, നമുക്കു ജീവരക്ഷാകരമായ പ്രയോജനം കൈവരുത്തിക്കൊണ്ട് തന്റെ പൂർണ മാനുഷബലിയുടെ മൂല്യം പിതാവിന്റെ സ്വർഗീയ സിംഹാസനത്തിൻ മുമ്പാകെ അർപ്പിക്കാൻ യേശുവിനു കഴിഞ്ഞു. പുനരുത്ഥാനം മുഖേന ക്രിസ്തുവിന്റെ കൂട്ടവകാശികളെന്ന നിലയിൽ സ്വർഗീയ രാജ്യത്തിൽ അവനോടു ചേരാനുള്ള പ്രത്യാശ “ചെറിയ ആട്ടിൻകൂട്ട”ത്തിൽപ്പെട്ടവർക്കുണ്ട്. (ലൂക്കൊസ് 12:32) മറ്റുള്ളവർക്ക് ഒരു പറുദീസാ ഭൂമിയിലെ നിത്യജീവനിലേക്കുള്ള പുനരുത്ഥാനത്തിന്റെ പ്രത്യാശയുണ്ട്. (സങ്കീർത്തനം 37:11, 29) മരണത്തെ മുഖാമുഖം കാണാൻ ഇടയാക്കുന്നതരം പരിശോധനകൾക്കു വിധേയരാകുമ്പോൾ സകല ക്രിസ്ത്യാനികൾക്കും “അത്യന്തശക്തി”യുടെ ഒരു ഉറവാണു പുനരുത്ഥാന പ്രത്യാശയെന്ന് അവർ കണ്ടെത്തുന്നു.—2 കൊരിന്ത്യർ 4:7.
അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കുന്നതിന്റെ കാരണം
4. (എ) പുനരുത്ഥാനം ഒരു “പ്രാഥമിക ഉപദേശം” ആയിരിക്കുന്നത് ഏതർഥത്തിൽ? (ബി) പൊതുലോകത്തിനു പുനരുത്ഥാനം എന്തർഥമാക്കുന്നു?
4 എബ്രായർ 6:1, 2-ൽ (NW) പ്രസ്താവിച്ചിരിക്കുന്ന പ്രകാരം, പുനരുത്ഥാനം ഒരു “പ്രാഥമിക ഉപദേശം” ആണ്. പക്വതയുള്ള ക്രിസ്ത്യാനി ആയിത്തീരാൻ ഒരുവന് അനിവാര്യമായിരിക്കുന്ന വിശ്വാസത്തിന്റെ അടിത്തറയുടെ ഭാഗമാണ് അത്. (1 കൊരിന്ത്യർ 15:16-19) എന്നിരുന്നാലും, പുനരുത്ഥാനത്തെ സംബന്ധിച്ച ബൈബിൾ പഠിപ്പിക്കൽ പൊതുലോകത്തിന്റെ ചിന്തയ്ക്ക് അന്യമാണ്. ആത്മീയത ഇല്ലാത്തതിനാൽ, ഒട്ടനവധി ആളുകൾ ഇപ്പോഴത്തെ ജീവിതത്തെ മാത്രമേ യഥാർഥമായി കാണുന്നുള്ളൂ. അതുകൊണ്ട് അവർ സുഖോല്ലാസങ്ങൾക്കു പിന്നാലെ പായുന്നു. ഇനി, ക്രൈസ്തവലോകത്തിന് അകത്തും പുറത്തും പരമ്പരാഗത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരുണ്ട്. തങ്ങൾക്ക് അമർത്യമായ ഒരു ആത്മാവ് ഉണ്ടെന്ന് അവർ വിചാരിക്കുന്നു. എന്നാൽ ആ വിശ്വാസം പുനരുത്ഥാനത്തെ കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കലുമായി പൊരുത്തപ്പെടുകയില്ല. കാരണം, മനുഷ്യർക്ക് അമർത്യമായ ഒരു ആത്മാവ് ഉണ്ടെങ്കിൽപ്പിന്നെ പുനരുത്ഥാനത്തിന്റെ ആവശ്യമില്ല. ഈ രണ്ട് ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പഠിപ്പിക്കൽ ഒരു വ്യക്തിക്ക് യാതൊരുവിധ പ്രത്യാശയും പകരുകയില്ല, മറിച്ച് അത് അയാളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ. സത്യം അറിയാനാഗ്രഹിക്കുന്ന പരമാർഥഹൃദയരെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
5. (എ) ഒരു വ്യക്തി പുനരുത്ഥാനത്തെ വിലമതിക്കുന്നതിന് അയാൾ എന്ത് അറിയേണ്ടതുണ്ട്? (ബി) മരിച്ചവരുടെ അവസ്ഥയെ വിശദീകരിക്കാൻ നിങ്ങൾ ഏതു തിരുവെഴുത്തുകൾ ഉപയോഗിക്കും? (സി) സത്യത്തെ മൂടിക്കളയുന്നതായി തോന്നുന്ന ഒരു ബൈബിൾ ഭാഷാന്തരം ആരെങ്കിലും ഉപയോഗിക്കുന്നെങ്കിൽ, എന്തു ചെയ്യാൻ കഴിയും?
5 പുനരുത്ഥാനം എത്ര അത്ഭുതകരമായ ഒരു ക്രമീകരണമാണെന്നു മനസ്സിലാക്കാൻ അത്തരക്കാർക്കു മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള ശരിയായ ഗ്രാഹ്യം ആവശ്യമാണ്. മിക്കപ്പോഴും, ബൈബിൾ സത്യത്തിനായി ദാഹിക്കുന്ന ഒരാൾക്ക് ഈ കാര്യങ്ങൾ വ്യക്തമാകാൻ ഏതാനും തിരുവെഴുത്തുകൾ മതിയാകും. (സങ്കീർത്തനം 146:3, 4; സഭാപ്രസംഗി 9:5, 10) എന്നിരുന്നാലും, ചില ആധുനിക ഭാഷാന്തരങ്ങളും ബൈബിളിന്റെ പരാവർത്തന പതിപ്പുകളും മനുഷ്യർക്ക് അമർത്യമായ ഒരു ആത്മാവുണ്ട് എന്നു സൂചിപ്പിച്ചുകൊണ്ടു സത്യത്തെ മൂടിക്കളയുന്നു. അതുകൊണ്ട് ബൈബിളിന്റെ മൂലഭാഷകളിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങൾ പരിചിന്തിക്കേണ്ടത് ആവശ്യമായിരിക്കാം.
6. മരിച്ചവരുടെ അവസ്ഥ എന്താണെന്നു മനസ്സിലാക്കാൻ നിങ്ങൾ എങ്ങനെ ഒരാളെ സഹായിക്കും?
6 ഇതു ചെയ്യുന്നതിന്, പുതിയലോക ഭാഷാന്തരം വിശേഷാൽ വിലപ്പെട്ടതാണ്. കാരണം അത് നെഫെഷ് എന്ന എബ്രായ പദവും സൈക്കി എന്ന തത്തുല്യ ഗ്രീക്കു പദവും കൃത്യമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈ ഭാഷാന്തരത്തിന്റെ അനുബന്ധത്തിൽ ഈ പദങ്ങൾ വരുന്ന അനേകം വാക്യങ്ങൾ നൽകിയിട്ടുണ്ട്. മറ്റു പല ബൈബിൾ ഭാഷാന്തരങ്ങളും ഈ മൂലഭാഷാ പദങ്ങൾ കൃത്യമായിട്ടല്ല പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പദങ്ങൾ, മരണത്തിങ്കൽ ശരീരം വിട്ട് എവിടെയെങ്കിലും ബോധപൂർവകമായ അസ്തിത്വത്തിൽ തുടരുന്ന അദൃശ്യവും സ്പർശിക്കാൻ കഴിയാത്തതുമായ ഒരു അമർത്യ ആത്മാവ് മനുഷ്യനിൽ കുടികൊള്ളുന്നുവെന്ന ആശയം ഒരിക്കലും നൽകുന്നില്ല.
7. ഷീയോൾ, ഹേഡീസ്, ഗീഹെന്ന എന്നിവയിൽ ഉള്ളവരുടെ അവസ്ഥയെ കുറിച്ചു ബൈബിളിൽനിന്നു നിങ്ങൾ എങ്ങനെ വിശദീകരിക്കും?
7 ഷി’ഓൾ എന്ന എബ്രായ പദത്തെ “ഷീയോൾ” എന്നും ഹായ്ഥിസ് എന്ന ഗ്രീക്കു പദത്തെ “ഹേഡീസ്” എന്നും ഗീയെന്ന എന്ന ഗ്രീക്കു പദത്തെ “ഗീഹെന്ന” എന്നും ലിപ്യന്തരീകരിച്ച് എഴുതുന്നതിലും പുതിയലോക ഭാഷാന്തരം കൃത്യത പാലിച്ചിട്ടുണ്ട്. “ഹേഡീസ്” എന്ന പദത്തിന്റെ തത്തുല്യ പദമാണ് “ഷീയോൾ.” (സങ്കീർത്തനം 16:10, NW; പ്രവൃത്തികൾ 2:27, NW) ഷീയോളും ഹേഡീസും മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ പരാമർശിക്കുന്നുവെന്നും അവ ജീവനോടല്ല, മരണത്തോടാണു ബന്ധപ്പെട്ടിരിക്കുന്നതെന്നും ബൈബിൾ വ്യക്തമാക്കുന്നു. (സങ്കീർത്തനം 89:48, NW; വെളിപ്പാടു 20:13, NW) ഒരു പുനരുത്ഥാനം മുഖേന പൊതുശവക്കുഴിയിൽനിന്നു മടങ്ങിവരുന്നതിന്റെ പ്രത്യാശയിലേക്കും അതു വിരൽ ചൂണ്ടുന്നു. (ഇയ്യോബ് 14:13, NW; പ്രവൃത്തികൾ 2:31, NW) ഇതിൽനിന്നു വ്യത്യസ്തമായി, ഗീഹെന്നയിൽ പോകുന്നവർക്കു ഭാവി ജീവന്റെ യാതൊരു പ്രത്യാശയും ഇല്ല. അവിടെ മനുഷ്യനിലെ ഒരു അമർത്യ ആത്മാവിനു ബോധപൂർവകമായ അസ്തിത്വം ഉള്ളതായി ഒരിക്കലും പറയുന്നില്ല.—മത്തായി 10:28.
8. പുനരുത്ഥാനത്തെ കുറിച്ചുള്ള ശരിയായ ഗ്രാഹ്യത്തിന് ഒരു വ്യക്തിയുടെ മനോഭാവത്തെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കാനാകും?
8 ഈ കാര്യങ്ങൾ ഒരാൾക്കു വ്യക്തമാക്കിക്കൊടുത്ത ശേഷം, പുനരുത്ഥാനം അയാൾക്കു വ്യക്തിപരമായി എന്ത് അർഥമാക്കുന്നുവെന്നു ഗ്രഹിക്കാൻ നിങ്ങൾക്ക് അയാളെ സഹായിക്കാനാകും. ഇത്ര വിസ്മയകരമായ ഒരു കരുതൽ ചെയ്തതിലുള്ള യഹോവയുടെ സ്നേഹത്തിന് അയാൾക്കു നന്ദിയുണ്ടായിരിക്കാൻ കഴിയും. ദൈവത്തിന്റെ പുതിയ ലോകത്തിൽ വീണ്ടും ഒന്നുചേരുന്നതിന്റെ സന്തോഷകരമായ പ്രത്യാശയ്ക്കു മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ അനുഭവിക്കുന്ന ദുഃഖത്തിന്റെ തീവ്രത കുറയ്ക്കാനാകും. ഈ കാര്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യം ക്രിസ്തുവിന്റെ മരണത്തിന്റെ അർഥം ഗ്രഹിക്കുന്നതിനുള്ള ഒരു താക്കോൽ കൂടെയാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം മറ്റുള്ളവരുടെ പുനരുത്ഥാനത്തിനു വഴി തുറക്കുന്നതിനാൽ അതു ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. അവർ യേശുവിന്റെ പുനരുത്ഥാനത്തെയും അതു നൽകുന്ന പ്രത്യാശയെയും കുറിച്ചു തീക്ഷ്ണതയോടെ പ്രസംഗിച്ചു. അതുപോലെതന്നെ ഇന്നു പുനരുത്ഥാനത്തെ വിലമതിക്കുന്നവർ ഈ വിലപ്പെട്ട സത്യം മറ്റുള്ളവരുമായി പങ്കുവെക്കാൻ ആകാംക്ഷയുള്ളവരാണ്.—പ്രവൃത്തികൾ 5:30-32; 10:42, 43.
‘ഹേഡീസിന്റെ താക്കോൽ’ ഉപയോഗിക്കൽ
9. “മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ” യേശു ആദ്യം ഉപയോഗിക്കുന്നത് എങ്ങനെ?
9 ക്രിസ്തുവിനോടു കൂടെ അവന്റെ സ്വർഗീയ രാജ്യത്തിൽ ചേരാനുള്ള എല്ലാവരും ഒടുവിൽ മരിക്കണം. എന്നാൽ യേശു നൽകിയ ഈ ഉറപ്പ് അവർക്കു നന്നായി അറിയാം: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ [“മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ,” NW] എന്റെ കൈവശമുണ്ടു.” (വെളിപ്പാടു 1:18) അവൻ എന്താണ് അർഥമാക്കിയത്? അവൻ സ്വന്ത അനുഭവത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. അവനും മരിച്ചിരുന്നു. എന്നാൽ ദൈവം അവനെ ഹേഡീസിൽ ഉപേക്ഷിച്ചില്ല. മൂന്നാം ദിവസം യഹോവതന്നെ നേരിട്ട് അവനെ ആത്മജീവനിലേക്ക് ഉയർത്തുകയും അവന് അമർത്യത കൊടുക്കുകയും ചെയ്തു. (പ്രവൃത്തികൾ 2:32, 33; 10:40) കൂടാതെ, മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയിൽനിന്നും ആദാമ്യ പാപത്തിന്റെ ഫലങ്ങളിൽനിന്നും മറ്റുള്ളവരെ മോചിപ്പിക്കുന്നതിന് ഉപയോഗിക്കാനായി ദൈവം അവനു “മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ” നൽകി. യേശുവിന്റെ കൈവശം ആ താക്കോലുകൾ ഉള്ളതിനാൽ തന്റെ വിശ്വസ്ത അനുഗാമികളെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ അവൻ പ്രാപ്തനാണ്. അവൻ ആദ്യം തന്റെ സഭയിലെ ആത്മാഭിഷിക്ത അംഗങ്ങളെ ഉയിർപ്പിക്കുന്നു. അവന്റെ പിതാവ് അവനു കൊടുത്തതുപോലെ സ്വർഗത്തിലെ അമർത്യജീവൻ എന്ന വിലയേറിയ ദാനം അവൻ അവർക്കു കൊടുക്കുന്നു.—റോമർ 6:5; ഫിലിപ്പിയർ 3:20, 21.
10. വിശ്വസ്ത അഭിഷിക്ത ക്രിസ്ത്യാനികളുടെ പുനരുത്ഥാനം എപ്പോൾ നടക്കുന്നു?
10 വിശ്വസ്ത അഭിഷിക്ത ക്രിസ്ത്യാനികൾക്ക് സ്വർഗീയ പുനരുത്ഥാനം ലഭിക്കുന്നത് എപ്പോഴായിരിക്കും? അത് ഇപ്പോൾത്തന്നെ തുടങ്ങിയെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ‘ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്ത്’ ആയിരിക്കും അവർ ഉയിർപ്പിക്കപ്പെടുന്നതെന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കിയിരുന്നു. ആ സാന്നിധ്യകാലം 1914 എന്ന വർഷത്തിൽ തുടങ്ങി. (1 കൊരിന്ത്യർ 15:23, NW) ഇപ്പോൾ അവന്റെ സാന്നിധ്യകാലത്ത് തങ്ങളുടെ ഭൗമികഗതി പൂർത്തിയാക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ തങ്ങളുടെ കർത്താവിന്റെ മടങ്ങിവരവുവരെ മരണത്തിൽ കഴിയേണ്ടതില്ല. അവർ മരിച്ചാലുടനെ ആത്മാവിൽ ഉയിർപ്പിക്കപ്പെടുകയും ‘പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ രൂപാന്തരപ്പെടു’കയും ചെയ്യും. അവർ ചെയ്ത സത്പ്രവൃത്തികൾ “അവരെ പിന്തുടരുന്നു”വെന്നതുകൊണ്ട് എത്ര വലിയ സന്തോഷമായിരിക്കും അവർ അനുഭവിക്കുക!—1 കൊരിന്ത്യർ 15:51, 52; വെളിപ്പാടു 14:13.
11. പൊതു മനുഷ്യർക്ക് ഏതു പുനരുത്ഥാനം ഉണ്ടായിരിക്കും, അത് എപ്പോൾ തുടങ്ങും?
11 എന്നാൽ സ്വർഗീയ ജീവനിലേക്കുള്ള രാജ്യാവകാശികളുടെ പുനരുത്ഥാനം കൂടാതെ വേറെയും പുനരുത്ഥാനം ഉണ്ട്. രാജ്യാവകാശികളുടെ ഈ പുനരുത്ഥാനത്തെ വെളിപ്പാടു 20:6-ൽ “ഒന്നാമത്തെ പുനരുത്ഥാനം” എന്നു വിളിച്ചിരിക്കുന്നു എന്ന വസ്തുതതന്നെ മറ്റൊന്നു പിന്നാലെ നടക്കുമെന്നു സൂചിപ്പിക്കുന്നു. ഈ ഒടുവിലത്തെ പുനരുത്ഥാനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നവർക്ക് ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ സന്തുഷ്ട പ്രത്യാശ ഉണ്ടായിരിക്കും. ആ പുനരുത്ഥാനം എപ്പോഴാണു നടക്കുക? അത് “ആകാശവും ഭൂമിയും”—ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയും അതിന്റെ ഭരണാധികാരികളും—നീക്കം ചെയ്യപ്പെട്ടശേഷം ആയിരിക്കുമെന്നു വെളിപ്പാടു പുസ്തകം പ്രകടമാക്കുന്നു. പഴയ വ്യവസ്ഥിതിയുടെ ആ അന്ത്യം വളരെ അടുത്തിരിക്കുകയാണ്. അതിനുശേഷം, ദൈവത്തിന്റെ തക്കസമയത്ത്, ഭൗമിക പുനരുത്ഥാനം ആരംഭിക്കും.—വെളിപ്പാടു 20:11, 12.
12. ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നവരിൽ ആരെല്ലാം ഉൾപ്പെടും, അതു പുളകപ്രദമായ ഒരു പ്രതീക്ഷ ആയിരിക്കുന്നത് എന്തുകൊണ്ട്?
12 ആ ഭൗമിക പുനരുത്ഥാനത്തിൽ ആർ ഉൾപ്പെടും? അവരിൽ ആദിമകാലം മുതലുള്ള യഹോവയുടെ വിശ്വസ്ത ദാസന്മാർ, പുനരുത്ഥാനത്തിലുള്ള തങ്ങളുടെ ശക്തമായ വിശ്വാസം നിമിത്തം ‘ഏതെങ്കിലും മോചനദ്രവ്യത്താൽ വിടുതൽ സ്വീകരിക്കുമായിരുന്നില്ലാഞ്ഞ’ (NW) സ്ത്രീപുരുഷന്മാർ, ഉണ്ടായിരിക്കും. ദാരുണമായ ഒരു അകാലമരണം ഒഴിവാക്കാനായി ദൈവത്തോടുള്ള നിർമലതയിൽ വിട്ടുവീഴ്ച ചെയ്യാൻ കൂട്ടാക്കാഞ്ഞവരാണ് ഇവർ. അവരെ വ്യക്തിപരമായി പരിചയപ്പെടാനും ബൈബിളിൽ ഹ്രസ്വമായി മാത്രം വിവരിച്ചിരിക്കുന്ന ആ സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അവരിൽനിന്നു നേരിട്ടു കേൾക്കാനും കഴിയുന്നത് എത്ര ആനന്ദകരമായിരിക്കും! വേറെ ആരെല്ലാം ഭൗമിക ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കും? യഹോവയുടെ ആദ്യത്തെ വിശ്വസ്ത സാക്ഷിയായ ഹാബേൽ; ജലപ്രളയത്തിനു മുമ്പ് ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശം നിർഭയം ഘോഷിച്ച ഹാനോക്കും നോഹയും; ദൂതന്മാരെ സത്കരിച്ച അബ്രാഹാമും സാറായും; സീനായി പർവതത്തിൽവെച്ച് ന്യായപ്രമാണം ഏറ്റുവാങ്ങിയ മോശെ; പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശം കണ്ട യിരെമ്യാവിനെപ്പോലുള്ള ധീരരായ പ്രവാചകന്മാർ; യേശുവിനെ സ്വന്ത പുത്രനായി ദൈവംതന്നെ തിരിച്ചറിയിക്കുന്നതു കേട്ട യോഹന്നാൻ സ്നാപകൻ. കൂടാതെ, ഇപ്പോഴത്തെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ മരിച്ച വിശ്വസ്തരായ അനേകം സ്ത്രീപുരുഷന്മാരും ഈ പുനരുത്ഥാനത്തിൽ ഉൾപ്പെടും.—എബ്രായർ 11:4-38; മത്തായി 11:11.
13, 14. (എ) ഹേഡീസിനും അതിലുള്ള മരിച്ചവർക്കും എന്തു സംഭവിക്കും? (ബി) പുനരുത്ഥാനത്തിൽ ആരെല്ലാം ഉണ്ടായിരിക്കും, എന്തുകൊണ്ട്?
13 കാലക്രമത്തിൽ, ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർക്കു പുറമേ, മറ്റുള്ളവരും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടും. തന്മൂലം, മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയിൽ ആരും അവശേഷിക്കയില്ല. ആ ശവക്കുഴി എത്രത്തോളം കാലിയാക്കപ്പെടുമെന്നത് യേശു മനുഷ്യവർഗത്തിനുവേണ്ടി ‘ഹേഡീസിന്റെ താക്കോൽ’ ഉപയോഗിക്കുന്നതിൽ കാണാൻ കഴിയും. അപ്പൊസ്തലനായ യോഹന്നാനു നൽകപ്പെട്ട ഒരു ദർശനത്തിൽ ഇതു പ്രകടമാക്കപ്പെടുന്നു. ആ ദർശനത്തിൽ ഹേഡീസ് ‘തീത്തടാകത്തിലേക്ക് എറിയപ്പെടുന്നത്’ അവൻ കണ്ടു. (വെളിപ്പാടു 20:14, NW) അതിന്റെ അർഥമെന്താണ്? അതിന്റെ അർഥം മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ ഹേഡീസ് മുഴുവനായി നശിപ്പിക്കപ്പെടുന്നു എന്നാണ്. അതിലെ മരിച്ചവരെല്ലാം പുറത്തുവരുന്നതിനാൽ അതു മേലാൽ ഉണ്ടായിരിക്കയില്ല. കാരണം, യഹോവയുടെ എല്ലാ വിശ്വസ്ത ആരാധകരെയും ഉയിർപ്പിക്കുന്നതിനു പുറമേ, യേശു കരുണാപൂർവം നീതികെട്ടവരെപ്പോലും തിരികെ വരുത്തും. ദൈവവചനം നമുക്ക് ഇങ്ങനെ ഉറപ്പുതരുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
14 വീണ്ടും മരണത്തിനു വിധിക്കപ്പെടാൻ വേണ്ടിയല്ല ഈ നീതികെട്ടവർ ഉയിർപ്പിക്കപ്പെടുന്നത്. ദൈവരാജ്യത്തിൻകീഴിൽ ഭൂവ്യാപകമായി ഉണ്ടാകാനിരിക്കുന്ന നീതിനിഷ്ഠമായ ചുറ്റുപാടിൽ തങ്ങളുടെ ജീവിതത്തെ യഹോവയുടെ വഴികളോടു യോജിപ്പിൽ വരുത്താൻ അവർക്കു സഹായം ലഭിക്കും. “ജീവന്റെ ചുരുൾ” തുറക്കപ്പെടുമെന്നു ദർശനം വെളിപ്പെടുത്തുന്നു. അതുകൊണ്ട് തങ്ങളുടെ പേർ അതിൽ എഴുതിക്കിട്ടുന്നതിനുള്ള അവസരം അവർക്കു ലഭിക്കും. അവർ, പുനരുത്ഥാന ശേഷമുള്ള “അവരുടെ പ്രവൃത്തികൾക്കനുസരിച്ച് വ്യക്തിപരമായി ന്യായം വിധിക്ക”പ്പെടും. (വെളിപ്പാടു 20:12, 13, NW) അങ്ങനെ, അന്തിമഫലത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ അവരുടേത് ‘ഒരു ജീവന്റെ പുനരുത്ഥാനം’ ആണെന്നു തെളിഞ്ഞേക്കാം, ഒഴിവാക്കാനാവാത്ത തരത്തിലുള്ള ‘ഒരു [പ്രതികൂല] ന്യായവിധിയുടെ പുനരുത്ഥാനം’ ആയിരിക്കയില്ല അത്.—യോഹന്നാൻ 5:28, 29.
15. (എ) ആർ പുനരുത്ഥാനം പ്രാപിക്കയില്ല? (ബി) പുനരുത്ഥാനത്തെ കുറിച്ചുള്ള സത്യം സംബന്ധിച്ച അറിവ് നമ്മെ എങ്ങനെ ബാധിക്കണം?
15 എന്നിരുന്നാലും, മരിച്ചുപോയിട്ടുള്ള എല്ലാവരും പുനരുത്ഥാനം പ്രാപിക്കുകയില്ല. ക്ഷമ സാധ്യമല്ലാത്ത പാപമാണു ചിലർ ചെയ്തിരിക്കുന്നത്. അവർ ഹേഡീസിലല്ല, ഗീഹെന്നയിലാണ് ഉള്ളത്, അവിടെ അവർ നിത്യനാശം അനുഭവിക്കുന്നു. ഇപ്പോൾ അടുത്തിരിക്കുന്ന ‘മഹോപദ്രവ’ത്തിൽ സംഹരിക്കപ്പെടുന്നവർ അവരിൽ ഉൾപ്പെടും. (മത്തായി 12:31, 32; 23:33; 24:21, 22; 25:41, 46, NW; 2 തെസ്സലൊനീക്യർ 1:6-10) അങ്ങനെ, മരിച്ചവരെ ഹേഡീസിൽനിന്നു വിടുവിക്കുന്നതിൽ യഹോവ അസാധാരണ കരുണ കാണിക്കുന്നുവെന്നിരിക്കെ, നാം ഇപ്പോൾ ജീവിക്കുന്ന വിധം സംബന്ധിച്ച് ഉദാസീനരായിരിക്കാൻ പുനരുത്ഥാന പ്രത്യാശ അടിസ്ഥാനം നൽകുന്നില്ല. യഹോവയുടെ പരമാധികാരത്തോടു മനഃപൂർവം മത്സരിക്കുന്നവർ പുനരുത്ഥാനം പ്രാപിക്കുകയില്ല. ദൈവത്തിനു ഹിതകരമായ ഒരു ജീവിതം നയിച്ചുകൊണ്ട് അവന്റെ അനർഹദയയെ നാം ആഴമായി വിലമതിക്കുന്നുവെന്നു പ്രകടമാക്കാൻ ഈ അറിവു നമ്മെ പ്രേരിപ്പിക്കണം.
പുനരുത്ഥാന പ്രത്യാശയാൽ ശക്തീകരിക്കപ്പെടുന്നു
16. പുനരുത്ഥാന പ്രത്യാശയ്ക്കു വലിയ ശക്തിയുടെ ഉറവായിരിക്കാൻ കഴിയുന്നത് എങ്ങനെ?
16 പുനരുത്ഥാന പ്രത്യാശയിൽ യഥാർഥമായി വിശ്വസിക്കുന്നവർക്ക് അതിൽനിന്നു വളരെ ശക്തി ആർജിക്കാൻ കഴിയും. ഇന്ന്, നാം നമ്മുടെ ജീവിതാവസാനത്തോട് അടുക്കുമ്പോൾ ഏതു ചികിത്സാനടപടികൾ സ്വീകരിച്ചാലും മരണത്തെ അനിശ്ചിതമായി നീട്ടിവെക്കാൻ കഴിയില്ലെന്നു നമുക്കറിയാം. (സഭാപ്രസംഗി 8:8) നാം യഹോവയെ അവന്റെ സംഘടനയോടു ചേർന്ന് വിശ്വസ്തമായി സേവിച്ചിട്ടുണ്ടെങ്കിൽ നമുക്കു പൂർണമായ ഉറപ്പോടെ ഭാവിയിലേക്കു നോക്കാൻ കഴിയും. പുനരുത്ഥാനം മുഖേന നാം ദൈവത്തിന്റെ തക്കസമയത്തു വീണ്ടും ജീവൻ ആസ്വദിക്കുമെന്നു നമുക്കറിയാം. അത് എത്ര മഹത്തായ ഒന്നായിരിക്കും! അതേ, അപ്പൊസ്തലനായ പൗലൊസ് വിളിച്ചതുപോലെ ‘സാക്ഷാലുള്ള ജീവൻ’ ആയിരിക്കും അത്.—1 തിമൊഥെയൊസ് 6:19; എബ്രായർ 6:10-12.
17. യഹോവയോടു ദൃഢവിശ്വസ്തത പാലിക്കാൻ എന്തിനു നമ്മെ സഹായിക്കാൻ കഴിയും?
17 പുനരുത്ഥാനത്തെയും അതിന്റെ ഉറവായിരിക്കുന്നവനെയും കുറിച്ച് അറിയുന്നത് വിശ്വാസത്തിൽ ബലിഷ്ഠരായിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ഉഗ്രപീഡകരിൽനിന്നു മരണഭീഷണി ഉണ്ടായാൽപ്പോലും ദൈവത്തോടു വിശ്വസ്തരായിരിക്കാൻ അതു നമ്മെ ശക്തീകരിക്കുന്നു. ആളുകളെ അടിമത്തത്തിൽ വെക്കാൻ അകാലമരണത്തെ കുറിച്ചുള്ള ഭയത്തെ സാത്താൻ കാലങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ യേശുവിന് അത്തരം ഭയം ഇല്ലായിരുന്നു. അവൻ യഹോവയോടു മരണത്തോളം വിശ്വസ്തനായിരുന്നു. തന്റെ മറുവിലയാഗത്താൽ അവൻ അത്തരം ഭയത്തിൽനിന്നു മറ്റുള്ളവരെ വിടുവിക്കാനുള്ള മാർഗം പ്രദാനം ചെയ്തു.—എബ്രായർ 2:14, 15.
18. ദൃഢവിശ്വസ്തതയുടെ ഒരു മികച്ച രേഖ ഉണ്ടായിരിക്കാൻ യഹോവയുടെ ദാസന്മാരെ സഹായിച്ചിരിക്കുന്നത് എന്ത്?
18 ക്രിസ്തുവിന്റെ യാഗമാകുന്ന ദാനത്തിലും അതുപോലെ പുനരുത്ഥാനത്തിലും ഉള്ള വിശ്വാസത്തിന്റെ ഫലമായി ദൃഢവിശ്വസ്തതാപാലകരെന്ന മികച്ച ഒരു രേഖ യഹോവയുടെ ദാസന്മാർക്കുണ്ട്. സമ്മർദത്തിനു വിധേയരാക്കപ്പെട്ടപ്പോൾ യഹോവയെക്കാളുപരി ‘തങ്ങളുടെ സ്വന്തം പ്രാണനെ സ്നേഹിക്കുന്നില്ല’ എന്ന് അവർ തെളിയിച്ചിരിക്കുന്നു. (വെളിപ്പാടു 12:11) അവർ തങ്ങളുടെ ഇപ്പോഴത്തെ ജീവനെ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ട് ക്രിസ്തീയ തത്ത്വങ്ങളെ ഉപേക്ഷിക്കുന്നില്ല, അങ്ങനെ അവർ ജ്ഞാനപൂർവം പ്രവർത്തിക്കുന്നു. (ലൂക്കൊസ് 9:24, 25) യഹോവയുടെ പരമാധികാരത്തെ വിശ്വസ്തമായി ഉയർത്തിപ്പിടിക്കുന്നതു നിമിത്തം ഇപ്പോൾ ജീവൻ നഷ്ടപ്പെട്ടാൽപ്പോലും പുനരുത്ഥാനത്തിലൂടെ അവൻ തങ്ങൾക്കു പ്രതിഫലം തരുമെന്ന് അവർക്കറിയാം. നിങ്ങൾക്ക് അത്തരം വിശ്വാസം ഉണ്ടോ? നിങ്ങൾ യഹോവയെ യഥാർഥമായി സ്നേഹിക്കുകയും പുനരുത്ഥാന പ്രത്യാശയെ യഥാർഥമായി വിലമതിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അത്തരം വിശ്വാസം ഉണ്ടായിരിക്കും.
പുനരവലോകന ചർച്ച
• ഒരു വ്യക്തിക്കു പുനരുത്ഥാനത്തെ വിലമതിക്കാൻ കഴിയണമെങ്കിൽ മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള ഗ്രാഹ്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
• ആർ മരിച്ചവരിൽനിന്നു തിരിച്ചുവരും, ഈ അറിവു നമ്മെ എങ്ങനെ ബാധിക്കണം?
• പുനരുത്ഥാന പ്രത്യാശ നമ്മെ എങ്ങനെ ശക്തീകരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[84, 85 പേജുകളിലെ ചിത്രം]
നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു