വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ആരാധകർ ആസ്വദിക്കുന്ന സ്വാതന്ത്ര്യം

യഹോവയുടെ ആരാധകർ ആസ്വദിക്കുന്ന സ്വാതന്ത്ര്യം

അധ്യായം അഞ്ച്‌

യഹോ​വ​യു​ടെ ആരാധകർ ആസ്വദി​ക്കുന്ന സ്വാത​ന്ത്ര്യം

1, 2. (എ) ആദ്യ മനുഷ്യ​ജോ​ടി​ക്കു ദൈവം ഏതുതരം സ്വാത​ന്ത്ര്യം നൽകി? (ബി) ആദാമി​ന്റെ​യും ഹവ്വായു​ടെ​യും പ്രവർത്ത​നത്തെ ഭരിച്ച ചില നിയമങ്ങൾ പറയുക.

 യഹോവ ആദ്യ മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടി​ച്ച​പ്പോൾ, ഇന്നു മനുഷ്യർക്കുള്ള ഏതു സ്വാത​ന്ത്ര്യ​ത്തെ​ക്കാ​ളും വളരെ മികച്ച സ്വാത​ന്ത്ര്യം അവർ ആസ്വദി​ച്ചി​രു​ന്നു. അവരുടെ ഭവനം പറുദീസ—മനോ​ഹ​ര​മായ ഏദെൻതോ​ട്ടം—ആയിരു​ന്നു. അവരുടെ ജീവി​താ​സ്വാ​ദ​നത്തെ തടസ്സ​പ്പെ​ടു​ത്തുന്ന യാതൊ​രു​വിധ രോഗ​ങ്ങ​ളും അവർക്ക്‌ ഉണ്ടായി​രു​ന്നില്ല, കാരണം അവരുടെ മനസ്സും ശരീര​വും പൂർണ​ത​യു​ള്ളത്‌ ആയിരു​ന്നു. പിന്നീടു ജനിച്ച​വ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അവർക്കു മരണത്തെ ഭയക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. അവർ യന്ത്രമ​നു​ഷ്യർ അല്ലായി​രു​ന്നു. മറിച്ച്‌, ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന അത്യത്ഭു​ത​വരം ഉള്ളവരാ​യി​രു​ന്നു, അതായത്‌ സ്വന്തമാ​യി തീരു​മാ​നങ്ങൾ എടുക്കാ​നുള്ള പ്രാപ്‌തി ഉള്ളവർ. എന്നാൽ, അത്തരം വിശിഷ്ട സ്വാത​ന്ത്ര്യം തുടർന്നും ആസ്വദി​ക്കു​ന്ന​തിന്‌ അവർ ദൈവ​നി​യ​മ​ങ്ങളെ ആദരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

2 ദൃഷ്ടാ​ന്ത​ത്തിന്‌, ദൈവം സ്ഥാപിച്ച ഭൗതിക നിയമ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ഈ നിയമങ്ങൾ അവർക്ക്‌ അക്ഷരീ​യ​മാ​യി എഴുതി​ക്കൊ​ടു​ത്തി​രി​ക്കാൻ സാധ്യ​ത​യി​ല്ലെ​ന്നു​ള്ളതു വ്യക്തം. എങ്കിലും സ്വാഭാ​വി​ക​മാ​യി അവ അനുസ​രി​ക്കത്തക്ക വിധത്തിൽ ആയിരു​ന്നു ആദാമും ഹവ്വായും സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. അവരുടെ വിശപ്പ്‌ ഭക്ഷണം കഴിക്കാ​നും ദാഹം എന്തെങ്കി​ലും കുടി​ക്കാ​നും അതു​പോ​ലെ സൂര്യാ​സ്‌ത​മയം ഉറങ്ങാ​നും ഉള്ളതിന്റെ സൂചന​ക​ളാ​യി​രു​ന്നു. യഹോവ അവർക്കു വേല ചെയ്യാ​നുള്ള നിയമ​ന​വും നൽകി​യി​രു​ന്നു. ആ നിയമനം അവരുടെ പ്രവർത്ത​ന​ഗ​തി​യെ ഭരിക്കു​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഫലത്തിൽ അതൊരു നിയമം ആയിരു​ന്നു. അവർ മക്കളെ ജനിപ്പി​ക്ക​ണ​മാ​യി​രു​ന്നു. പക്ഷിമൃ​ഗാ​ദി​ക​ളു​ടെ​മേൽ ആധിപ​ത്യം പുലർത്ത​ണ​മാ​യി​രു​ന്നു. കൂടാതെ, പറുദീസ ഭൂമി​യി​ലെ​ങ്ങും വ്യാപി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. (ഉല്‌പത്തി 1:28; 2:15) എത്ര ആനന്ദദാ​യ​ക​മായ, പ്രയോ​ജ​ന​പ്ര​ദ​മായ നിയമം! അത്‌ അവർക്കു തികച്ചും സംതൃ​പ്‌തി​ക​ര​മായ വേല നൽകി. തങ്ങളുടെ കഴിവു​കൾ ഉപയോ​ഗ​പ്ര​ദ​മായ വിധങ്ങ​ളിൽ പൂർണ​മാ​യി വിനി​യോ​ഗി​ക്കാൻ അത്‌ അവരെ പ്രാപ്‌ത​രാ​ക്കി. കൂടാതെ, അവർക്ക്‌ തങ്ങളുടെ നിയമനം എങ്ങനെ നിറ​വേ​റ്റണം എന്നതു സംബന്ധി​ച്ചു തീരു​മാ​നങ്ങൾ എടുക്കാ​നുള്ള സ്വാത​ന്ത്ര്യ​വും ഉണ്ടായി​രു​ന്നു. ഇതിലു​പരി മറ്റെന്താണ്‌ അവർക്കു വേണ്ടി​യി​രു​ന്നത്‌?

3. തീരു​മാ​നങ്ങൾ എടുക്കാ​നുള്ള തങ്ങളുടെ സ്വാത​ന്ത്ര്യം ജ്ഞാനപൂർവം ഉപയോ​ഗി​ക്കാൻ ആദാമി​നും ഹവ്വായ്‌ക്കും എങ്ങനെ സാധി​ക്കു​മാ​യി​രു​ന്നു?

3 തീർച്ച​യാ​യും, ആദാമി​നും ഹവ്വായ്‌ക്കും തീരു​മാ​നങ്ങൾ എടുക്കാ​നുള്ള പദവി അനുവ​ദി​ച്ചു​കൊ​ടു​ത്ത​പ്പോൾ അവർ എടുക്കുന്ന ഏതു തീരു​മാ​ന​വും സത്‌ഫ​ലങ്ങൾ ഉളവാ​ക്കു​മെന്ന്‌ അതർഥ​മാ​ക്കി​യില്ല. തീരു​മാ​നങ്ങൾ എടുക്കാ​നുള്ള ആ സ്വാത​ന്ത്ര്യം അവർ ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളു​ടെ​യും തത്ത്വങ്ങ​ളു​ടെ​യും പരിധി​ക്കു​ള്ളിൽ നിന്നു​കൊ​ണ്ടു വിനി​യോ​ഗി​ക്ക​ണ​മാ​യി​രു​ന്നു. ആ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അവർക്ക്‌ എങ്ങനെ പഠിക്കാൻ കഴിയു​മാ​യി​രു​ന്നു? സ്രഷ്ടാ​വി​നെ ശ്രദ്ധി​ക്കു​ന്ന​തി​നാ​ലും അവന്റെ പ്രവൃ​ത്തി​കളെ നിരീ​ക്ഷി​ക്കു​ന്ന​തി​നാ​ലും. പഠിക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കാ​നുള്ള ബുദ്ധി ആദാമി​നും ഹവ്വായ്‌ക്കും ദൈവം കൊടു​ത്തി​രു​ന്നു. അവർ പൂർണ​രാ​യി സൃഷ്ടി​ക്ക​പ്പെ​ട്ട​തി​നാൽ അവരുടെ സ്വാഭാ​വിക പ്രവണത തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ദൈവി​ക​ഗു​ണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാൻ ആയിരി​ക്കു​മാ​യി​രു​ന്നു. ദൈവം അവർക്കാ​യി ചെയ്‌തി​രുന്ന കാര്യ​ങ്ങളെ അവർ വാസ്‌ത​വ​മാ​യി വിലമ​തി​ക്കു​ക​യും അവനെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ, അവർ ദൈവിക ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാൻ തീർച്ച​യാ​യും ശ്രദ്ധാ​ലു​ക്കൾ ആയിരി​ക്കു​മാ​യി​രു​ന്നു.—ഉല്‌പത്തി 1:26, 27; യോഹ​ന്നാൻ 8:29.

4. (എ) ഒരു വൃക്ഷത്തി​ന്റെ ഫലം ഭക്ഷിക്ക​രു​തെന്ന്‌ ആദാമി​നും ഹവ്വായ്‌ക്കും കൊടുത്ത കൽപ്പന അവരുടെ സ്വാത​ന്ത്ര്യ​ത്തെ കവർന്നു​ക​ള​ഞ്ഞോ? (ബി) അത്‌ ഉചിത​മായ ഒരു വ്യവസ്ഥ ആയിരു​ന്നത്‌ എന്തു​കൊണ്ട്‌?

4 അവരുടെ ജീവദാ​താ​വെന്ന നിലയിൽ തന്നോ​ടുള്ള അവരുടെ ഭക്തി​യെ​യും താൻ കൽപ്പി​ച്ചി​രി​ക്കുന്ന പരിധി​ക്കു​ള്ളിൽ നിലനിൽക്കാ​നുള്ള അവരുടെ മനസ്സൊ​രു​ക്ക​ത്തെ​യും പരീക്ഷി​ക്കാൻ ദൈവം ഉചിത​മാ​യും തീരു​മാ​നി​ച്ചു. യഹോവ ആദാമിന്‌ ഈ കൽപ്പന കൊടു​ത്തു: “തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫലം നിനക്കു ഇഷ്ടം​പോ​ലെ തിന്നാം. എന്നാൽ നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൻ ഫലം തിന്നരു​തു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) ഹവ്വാ സൃഷ്ടി​ക്ക​പ്പെ​ട്ട​ശേഷം അവൾക്കും ഈ നിയമത്തെ കുറിച്ച്‌ അറിവു ലഭിച്ചു. (ഉല്‌പത്തി 3:2, 3) ഈ നിയ​ന്ത്രണം അവരുടെ സ്വാത​ന്ത്ര്യം കവർന്നു​ക​ള​ഞ്ഞോ? തീർച്ച​യാ​യും ഇല്ല. സ്വാദി​ഷ്ട​മായ എല്ലാത്തരം ഭക്ഷ്യവ​സ്‌തു​ക്ക​ളും അവർക്കു യഥേഷ്ടം ആസ്വദി​ക്കാൻ കഴിയു​മാ​യി​രു​ന്ന​തി​നാൽ, ആ ഒരു വൃക്ഷഫലം തിന്നേണ്ട ആവശ്യം അവർക്കി​ല്ലാ​യി​രു​ന്നു. (ഉല്‌പത്തി 2:8, 9) ഭൂമിയെ ദൈവം സൃഷ്ടി​ച്ച​താ​യ​തി​നാൽ അത്‌ അവന്റേ​താ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ തന്റെ ഉദ്ദേശ്യ​ത്തി​നു യോജി​ക്കു​ന്ന​തും മനുഷ്യ​വർഗ​ത്തി​നു പ്രയോ​ജ​ന​ക​ര​വു​മായ നിയമങ്ങൾ വെക്കാ​നുള്ള അവകാശം അവനു​ണ്ടെ​ന്നും അവർ ഉചിത​മാ​യി അംഗീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു.—സങ്കീർത്തനം 24:1, 10.

5. (എ) ആദാമും ഹവ്വായും തങ്ങൾക്ക്‌ ഉണ്ടായി​രുന്ന മഹത്തായ സ്വാത​ന്ത്ര്യം നഷ്ടപ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ബി) ആദാമും ഹവ്വായും ആസ്വദിച്ച സ്വാത​ന്ത്ര്യ​ത്തി​ന്റെ സ്ഥാനത്ത്‌ എന്തു വരാൻ ഇടയായി, നമ്മൾ ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

5 എന്നാൽ എന്തു സംഭവി​ച്ചു? സ്വാർഥ​പ​ര​മായ അതി​മോ​ഹ​ത്താൽ പ്രേരി​ത​നാ​യി ഒരു ദൂതൻ തന്റെ ഇച്ഛാസ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും സാത്താൻ—“എതിരാ​ളി” എന്നർഥം—ആയിത്തീ​രു​ക​യും ചെയ്‌തു. ദൈ​വേ​ഷ്ട​ത്തി​നു വിരു​ദ്ധ​മായ ഒരു കാര്യം സംബന്ധിച്ച്‌ ഉറപ്പു​കൊ​ടു​ത്തു​കൊണ്ട്‌ അവൻ ഹവ്വായെ വഞ്ചിച്ചു. (ഉല്‌പത്തി 3:4, 5) ദൈവ​നി​യമം ലംഘി​ക്കു​ന്ന​തിൽ ആദാം ഹവ്വാ​യോ​ടു ചേർന്നു. തങ്ങൾക്ക്‌ അവകാ​ശ​പ്പെ​ടാ​ത്തതു സ്വന്തമാ​ക്കാൻ തുനി​ഞ്ഞ​തി​നാൽ അവർക്കു മഹത്തായ സ്വാത​ന്ത്ര്യം നഷ്ടപ്പെട്ടു. പാപം അവരു​ടെ​മേൽ അധിപതി ആയിത്തീർന്നു. ദൈവം മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്ന​തു​പോ​ലെ ഒടുവിൽ അവർ മരിച്ചു. പാപം ആയിരു​ന്നു അവരുടെ സന്തതി​കൾക്കു പാരമ്പ​ര്യ​മാ​യി ലഭിച്ചത്‌—തെറ്റു ചെയ്യാ​നുള്ള ജന്മസി​ദ്ധ​മായ പ്രവണ​ത​യിൽ അതു ദൃശ്യ​മാണ്‌. പാപം രോഗ​ത്തി​ലും വാർധ​ക്യ​ത്തി​ലും മരണത്തി​ലും കലാശി​ക്കുന്ന ദൗർബ​ല്യ​ങ്ങ​ളും വരുത്തി​വെച്ചു. സാത്താന്റെ സ്വാധീ​ന​ത്താൽ ഒന്നുകൂ​ടെ രൂക്ഷമായ മനുഷ്യ​നി​ലെ ഈ പാപ​പ്ര​വണത പകയു​ടെ​യും കുറ്റകൃ​ത്യ​ങ്ങ​ളു​ടെ​യും അടിച്ച​മർത്ത​ലി​ന്റെ​യും മാത്രം ചരി​ത്ര​മുള്ള ഒരു മാനവ​സ​മു​ദാ​യത്തെ സൃഷ്ടി​ച്ചി​രി​ക്കു​ന്നു, കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീവൻ അപഹരിച്ച യുദ്ധങ്ങൾക്ക്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. തുടക്ക​ത്തിൽ ദൈവം മനുഷ്യ​വർഗ​ത്തി​നു കൊടുത്ത സ്വാത​ന്ത്ര്യ​ത്തിൽനിന്ന്‌ എത്ര വിഭി​ന്ന​മായ അവസ്ഥ!—ആവർത്ത​ന​പു​സ്‌തകം 32:4, 5; ഇയ്യോബ്‌ 14:1, 2; റോമർ 5:12; വെളി​പ്പാ​ടു 12:9.

സ്വാത​ന്ത്ര്യം കണ്ടെത്താ​വുന്ന സ്ഥലം

6. (എ) യഥാർഥ സ്വാത​ന്ത്ര്യം എവിടെ കണ്ടെത്താം? (ബി) യേശു ഏതുതരം സ്വാത​ന്ത്ര്യ​ത്തെ കുറി​ച്ചാ​ണു പറഞ്ഞത്‌?

6 ഇന്ന്‌ എവി​ടെ​യു​മുള്ള ദുരവ​സ്ഥ​ക​ളു​ടെ വീക്ഷണ​ത്തിൽ ആളുകൾ കൂടുതൽ സ്വാത​ന്ത്ര്യ​ത്തി​നാ​യി കാംക്ഷി​ക്കു​ന്ന​തിൽ ആശ്ചര്യ​മില്ല. എന്നാൽ യഥാർഥ സ്വാത​ന്ത്ര്യം എവിടെ കണ്ടെത്താ​നാ​കും? യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനി​ല്‌ക്കു​ന്നു എങ്കിൽ നിങ്ങൾ വാസ്‌ത​വ​മാ​യി എന്റെ ശിഷ്യ​ന്മാ​രാ​യി, സത്യം അറിക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​ന്മാ​രാ​ക്കു​ക​യും ചെയ്യും.” (യോഹ​ന്നാൻ 8:31, 32) ആളുകൾ ഒരു ഭരണാ​ധി​കാ​രി​യെ അല്ലെങ്കിൽ ഭരണകൂ​ടത്തെ തള്ളിക്ക​ളഞ്ഞ്‌ മറ്റൊ​ന്നി​നെ അനുകൂ​ലി​ക്കു​മ്പോൾ അവർ പ്രതീ​ക്ഷി​ക്കുന്ന സ്വാത​ന്ത്ര്യം അല്ല അത്‌. പകരം, ഈ സ്വാത​ന്ത്ര്യം മാനുഷ പ്രശ്‌ന​ങ്ങ​ളു​ടെ ഉൾക്കാ​മ്പി​ലേ​ക്കു​തന്നെ എത്തുന്ന​താണ്‌. യേശു ചർച്ച ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌ പാപത്തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 8:24, 34-36) അങ്ങനെ, ഒരു വ്യക്തി യേശു​ക്രി​സ്‌തു​വി​ന്റെ യഥാർഥ ശിഷ്യ​നാ​യി​ത്തീ​രു​മ്പോൾ അയാൾ തന്റെ ജീവി​ത​ത്തിൽ ഗണ്യമായ മാറ്റം അനുഭ​വി​ക്കു​ന്നു, യഥാർഥ സ്വാത​ന്ത്ര്യം!

7. (എ) നമുക്ക്‌ ഇപ്പോൾ ഏതർഥ​ത്തിൽ പാപത്തിൽനി​ന്നു സ്വത​ന്ത്ര​രാ​കാൻ കഴിയും? (ബി) ആ സ്വാത​ന്ത്ര്യം ലഭിക്കാൻ നാം എന്തു ചെയ്യണം?

7 പാപ​ത്തോ​ടുള്ള ജന്മസി​ദ്ധ​മായ ചായ്‌വി​ന്റെ ഫലങ്ങൾ ഇന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അനുഭ​വ​പ്പെ​ടു​ക​യി​ല്ലെന്ന്‌ ഇതിനർഥ​മില്ല. പാപം പാരമ്പ​ര്യ​മാ​യി ലഭിച്ചി​രി​ക്കു​ന്ന​തി​നാൽ, അവർക്ക്‌ ഇപ്പോ​ഴും അതു നിമി​ത്ത​മുള്ള ഒരു പോരാ​ട്ട​മുണ്ട്‌. (റോമർ 7:21-25) എന്നാലും ഒരു വ്യക്തി യഥാർഥ​ത്തിൽ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നെ​ങ്കിൽ, അയാൾ മേലാൽ പാപത്തി​ന്റെ അടിമ ആയിരി​ക്ക​യില്ല. ആജ്ഞകൾ അന്ധമായി അനുസ​രി​ച്ചു​കൊ​ള്ള​ണ​മെന്നു കൽപ്പി​ക്കുന്ന ഒരു സ്വേച്ഛാ​ധി​കാ​രി​യെ പോലെ പാപം മേലാൽ അയാളു​ടെ മേൽ വാഴു​ക​യില്ല. ഉദ്ദേശ്യ​ര​ഹി​ത​വും കുറ്റ​ബോ​ധം ജനിപ്പി​ക്കു​ന്ന​തു​മായ ഒരു ജീവി​ത​രീ​തി​യിൽ അയാൾ കുടു​ങ്ങി​പ്പോ​കു​ക​യില്ല. ക്രിസ്‌തു​വി​ന്റെ ബലിയി​ലുള്ള തന്റെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ കഴിഞ്ഞ​കാല പാപങ്ങ​ളിൽനി​ന്നു മോചനം ലഭിച്ച​തി​നാൽ അയാൾ ദൈവ​മു​മ്പാ​കെ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി ആസ്വദി​ക്കും. പാപപൂർണ​മായ ചായ്‌വു​കൾ അയാളു​ടെ​മേൽ നിയ​ന്ത്രണം ചെലു​ത്താൻ ശ്രമി​ച്ചേ​ക്കാം. എന്നാൽ ക്രിസ്‌തു​വി​ന്റെ ശുദ്ധമായ പഠിപ്പി​ക്ക​ലു​കൾ ഓർമി​ച്ചു​കൊണ്ട്‌ ആ ചായ്‌വു​കൾക്ക​നു​സൃ​ത​മാ​യി പ്രവർത്തി​ക്കാൻ വിസമ്മ​തി​ക്കു​മ്പോൾ പാപം മേലാൽ തന്റെ യജമാ​ന​ന​ല്ലെന്ന്‌ അയാൾ പ്രകട​മാ​ക്കു​ന്നു.—റോമർ 6:12-17.

8. (എ) സത്യ​ക്രി​സ്‌ത്യാ​നി​ത്വം നമുക്ക്‌ ഏതു സ്വാത​ന്ത്ര്യ​ങ്ങൾ നൽകുന്നു? (ബി) ലൗകിക ഭരണാ​ധി​കാ​രി​ക​ളോ​ടുള്ള നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

8 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നാം ആസ്വദി​ക്കുന്ന സ്വാത​ന്ത്ര്യ​ങ്ങളെ കുറിച്ചു പരിചി​ന്തി​ക്കുക. വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളിൽനി​ന്നും അന്ധവി​ശ്വാ​സ​ത്തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നും പാപത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നും നാം മോചി​ത​രാ​യി​രി​ക്കു​ന്നു. മരിച്ച​വ​രു​ടെ അവസ്ഥ​യെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറി​ച്ചുള്ള മഹത്തായ സത്യങ്ങൾ മരണത്തെ കുറി​ച്ചുള്ള ന്യായ​ര​ഹി​ത​മായ ഭയത്തിൽനി​ന്നു നമ്മെ സ്വത​ന്ത്ര​രാ​ക്കി​യി​രി​ക്കു​ന്നു. അപൂർണ മാനു​ഷ​ഭ​ര​ണ​ങ്ങ​ളു​ടെ സ്ഥാനത്ത്‌ ദൈവ​ത്തി​ന്റെ നീതി​യുള്ള രാജ്യം സ്ഥാപി​ത​മാ​കു​മെന്ന അറിവ്‌ നിരാ​ശ​യിൽനി​ന്നു നമ്മെ വിമു​ക്ത​രാ​ക്കു​ന്നു. (ദാനീ​യേൽ 2:44; മത്തായി 6:10) എന്നിരു​ന്നാ​ലും, അത്തരം സ്വാത​ന്ത്ര്യം ഭരണാ​ധി​കാ​രി​ക​ളോ​ടും അവരുടെ നിയമ​ങ്ങ​ളോ​ടു​മുള്ള അനാദ​ര​വി​നെ ന്യായീ​ക​രി​ക്കു​ന്നില്ല.—തീത്തൊസ്‌ 3:1, 2; 1 പത്രൊസ്‌ 2:16, 17.

9. (എ) ഇപ്പോൾ മനുഷ്യർക്കു സാധ്യ​മാ​യി​രി​ക്കു​ന്ന​തിൽ ഏറ്റവും കൂടിയ അളവി​ലുള്ള സ്വാത​ന്ത്ര്യം ആസ്വദി​ക്കു​ന്ന​തി​നു യഹോവ സ്‌നേ​ഹ​പൂർവം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) നമുക്ക്‌ എങ്ങനെ ജ്ഞാനപൂർവം തീരു​മാ​നങ്ങൾ എടുക്കാൻ കഴിയും?

9 നിരീക്ഷണ പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ഏറ്റവും നല്ല ജീവി​ത​രീ​തി കണ്ടുപി​ടി​ക്കാൻ യഹോവ നമ്മെ വിട്ടി​രി​ക്കു​കയല്ല. നാം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അവനറി​യാം, അതു​പോ​ലെ നമുക്കു യഥാർഥ സംതൃ​പ്‌തി കൈവ​രു​ത്തു​ന്ന​തും നിത്യ​പ്ര​യോ​ജനം ചെയ്യു​ന്ന​തും എന്താ​ണെന്ന്‌ അവനറി​യാം. താനു​മാ​യും സഹമനു​ഷ്യ​രു​മാ​യും ഉള്ള ഒരു വ്യക്തി​യു​ടെ ബന്ധത്തെ നശിപ്പി​ച്ചേ​ക്കാ​വു​ന്ന​തും ഒരുപക്ഷേ പുതിയ ലോക​ത്തി​ലേ​ക്കുള്ള അയാളു​ടെ പ്രവേ​ശ​നത്തെ തടഞ്ഞേ​ക്കാ​വു​ന്ന​തു​മായ ചിന്തക​ളെ​യും നടത്ത​യെ​യും കുറിച്ച്‌ അവന്‌ അറിവുണ്ട്‌. ബൈബി​ളും അവന്റെ ദൃശ്യ​സം​ഘ​ട​ന​യും മുഖാ​ന്തരം യഹോവ ഈ കാര്യ​ങ്ങ​ളെ​ല്ലാം സ്‌നേ​ഹ​പൂർവം നമ്മെ അറിയി​ക്കു​ന്നു. (മർക്കൊസ്‌ 13:10; ഗലാത്യർ 5:19-23; 1 തിമൊ​ഥെ​യൊസ്‌ 1:12, 13) നാം എങ്ങനെ പ്രതി​ക​രി​ക്കു​മെന്നു തീരു​മാ​നി​ക്കാൻ നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമ്മു​ടേ​താണ്‌. ബൈബിൾ നമ്മോടു പറയു​ന്നതു നാം ശ്രദ്ധി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആദാമിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി നാം ജ്ഞാനപൂർവം തീരു​മാ​നങ്ങൾ എടുക്കും. യഹോ​വ​യു​മാ​യുള്ള ഒരു നല്ല ബന്ധമാണു നമ്മുടെ ജീവി​ത​ത്തി​ലെ മുഖ്യ താത്‌പ​ര്യം എന്നു നാം പ്രകട​മാ​ക്കും.

ചിലർ മറ്റൊ​രു​തരം സ്വാത​ന്ത്ര്യം ആഗ്രഹി​ക്കു​ന്നു

10. യഹോ​വ​യു​ടെ സാക്ഷി​ക​ളായ ചിലർ ഏതുതരം സ്വാത​ന്ത്ര്യം നേടാൻ ശ്രമി​ച്ചി​രി​ക്കു​ന്നു?

10 യഹോ​വ​യു​ടെ സാക്ഷി​ക​ളായ ചില യുവജ​ന​ങ്ങ​ളും മുതിർന്ന​വ​രും ചില​പ്പോൾ മറ്റൊ​രു​തരം സ്വാത​ന്ത്ര്യം ആഗ്രഹി​ച്ചേ​ക്കാം. ലോകം വളരെ ആകർഷ​ക​വും ഉല്ലാസ​ദാ​യ​ക​വു​മാ​യി കാണ​പ്പെ​ട്ടേ​ക്കാം. അവർ അതി​നെ​ക്കു​റിച്ച്‌ എത്രയ​ധി​കം ചിന്തി​ക്കു​ന്നു​വോ ലോക​ത്തിൽ വ്യാപ​ക​മാ​യി​രി​ക്കുന്ന ക്രിസ്‌തീ​യ​വി​രുദ്ധ കാര്യ​ങ്ങ​ളോ​ടുള്ള അവരുടെ മോഹ​വും അത്രയ​ധി​കം ശക്തമാ​യി​ത്തീ​രും. മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കാ​നോ അമിത​മാ​യി മദ്യപി​ക്കാ​നോ പരസം​ഗ​ത്തിൽ ഏർപ്പെ​ടാ​നോ ഒന്നും അവർ ഉദ്ദേശി​ക്കി​ല്ലാ​യി​രി​ക്കാം. എന്നാൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ അല്ലാത്ത​വ​രു​മാ​യി സഹവസി​ച്ചു തുടങ്ങു​മ്പോൾ അവരുടെ അംഗീ​കാ​രം നേടാൻ അവർ ആഗ്രഹി​ക്കു​ന്നു. അവരുടെ സംസാ​ര​ത്തെ​യും നടത്ത​യെ​യും അവർ അനുക​രി​ക്കുക പോലും ചെയ്‌തേ​ക്കാം.—3 യോഹ​ന്നാൻ 11.

11. തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭനം ചില​പ്പോൾ എവി​ടെ​നി​ന്നു വരുന്നു?

11 ചില​പ്പോൾ ക്രിസ്‌തീ​യ​മ​ല്ലാത്ത നടത്തയിൽ ഏർപ്പെ​ടാ​നുള്ള പ്രലോ​ഭനം ഉണ്ടാകു​ന്നത്‌ യഹോ​വയെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന ഒരാളിൽനി​ന്നാ​യി​രി​ക്കാം. ചില ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. നമ്മുടെ നാളി​ലും അതുതന്നെ സംഭവി​ച്ചേ​ക്കാം. അങ്ങനെ​യു​ള്ളവർ തങ്ങൾക്ക്‌ ഉല്ലാസം പകരു​മെന്നു വിചാ​രി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ മിക്ക​പ്പോ​ഴും ആഗ്രഹി​ക്കു​ന്നു. എന്നാൽ ആ കാര്യങ്ങൾ ദൈവ​നി​യ​മ​ങ്ങൾക്കു വിരു​ദ്ധ​മാണ്‌. ലോക​ത്തി​ന്റെ അൽപ്പം ‘രസമൊ​ക്കെ ഉണ്ടായി​രി​ക്കാൻ’ അവർ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ‘തങ്ങൾതന്നെ ദുഷി​പ്പി​ന്റെ അടിമകൾ ആയിരി​ക്കെ സ്വാത​ന്ത്ര്യം വാഗ്‌ദാ​നം ചെയ്യു​ക​യാണ്‌’ അവർ.—2 പത്രൊസ്‌ 2:19, NW.

12. (എ) ദൈവ​ത്തി​ന്റെ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും വിരു​ദ്ധ​മായ നടത്തയു​ടെ പരിതാ​പ​ക​ര​മായ ചില ഫലങ്ങളേവ?

12 അങ്ങനെ​യുള്ള ‘സ്വാത​ന്ത്ര്യം’ എല്ലായ്‌പോ​ഴും ഹാനി​ക​ര​മാണ്‌. കാരണം, അതു ദൈവ​നി​യ​മ​ങ്ങ​ളു​ടെ ലംഘനത്തെ അർഥമാ​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, അവിഹിത ലൈം​ഗി​കത വൈകാ​രിക പ്രക്ഷു​ബ്ധ​ത​യ്‌ക്കും രോഗ​ത്തി​നും മരണത്തി​നും അനാവശ്യ ഗർഭധാ​ര​ണ​ത്തി​നും ചില​പ്പോൾ വിവാ​ഹ​ത്ത​കർച്ച​യ്‌ക്കും ഇടയാ​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:18; 1 തെസ്സ​ലൊ​നീ​ക്യർ 4:3-8) മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം ശുണ്‌ഠി, കുഴഞ്ഞ സംസാരം, കാഴ്‌ച​ത്ത​ക​രാറ്‌, തലകറക്കം, ശ്വസന​ത​ടസ്സം, മതി​ഭ്രമം എന്നിവ ഉളവാ​ക്കി​യേ​ക്കാം, ചില​പ്പോൾ അതു മരണത്തി​നു പോലും ഇടയാ​ക്കി​യെ​ന്നു​വ​രാം. മയക്കു​മ​രു​ന്നിന്‌ അടിമ​പ്പെട്ടു കഴിയു​മ്പോൾ ഒരു വ്യക്തി ആ ശീലം നിലനി​റു​ത്താ​നാ​യി കുറ്റകൃ​ത്യ​ങ്ങ​ളി​ലേക്കു തിരി​ഞ്ഞേ​ക്കാം. മദ്യം ദുരു​പ​യോ​ഗം ചെയ്യു​ന്ന​തി​ന്റെ ഭവിഷ്യ​ത്തു​ക​ളും ഇതൊ​ക്കെ​ത്ത​ന്നെ​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 23:29-35) അത്തരം നടത്തയിൽ ഏർപ്പെ​ടു​ന്നവർ തങ്ങൾ സ്വത​ന്ത്ര​രാ​ണെന്നു വിചാ​രി​ച്ചേ​ക്കാം, എന്നാൽ വാസ്‌ത​വ​ത്തിൽ തങ്ങൾ പാപത്തിന്‌ അടിമ​ക​ളാ​യി​രി​ക്കു​ക​യാ​ണെന്ന സംഗതി അവർ മനസ്സി​ലാ​ക്കു​മ്പോ​ഴേ​ക്കും വളരെ വൈകി​ക്ക​ഴി​ഞ്ഞി​രി​ക്കും. പാപം എത്ര ക്രൂര​നായ ഒരു യജമാ​ന​നാണ്‌! ഇക്കാര്യ​ത്തെ കുറിച്ച്‌ ഇപ്പോൾത്തന്നെ യുക്തി​സ​ഹ​മാ​യി ചിന്തി​ക്കു​ന്നത്‌ അത്തരം ഒരു അനുഭവം ഉണ്ടാകു​ന്ന​തി​നെ​തി​രെ നമ്മെ സംരക്ഷി​ക്കും.—ഗലാത്യർ 6:7, 8.

പ്രശ്‌ന​ത്തി​ന്റെ തുടക്കം

13. (എ) പ്രശ്‌ന​ങ്ങ​ളി​ലേക്കു നയിക്കുന്ന മോഹ​ങ്ങളെ മിക്ക​പ്പോ​ഴും തൊട്ടു​ണർത്തു​ന്നത്‌ എന്താണ്‌? (ബി) “മോശ​മായ സഹവാ​സങ്ങൾ” എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ആരുടെ കാഴ്‌ച​പ്പാ​ടു നമുക്ക്‌ ആവശ്യ​മാണ്‌? (സി) 13-ാം ഖണ്ഡിക​യി​ലെ ഓരോ ചോദ്യ​ത്തി​നും നിങ്ങൾ ഉത്തരം പറയു​മ്പോൾ യഹോ​വ​യു​ടെ വീക്ഷണ​ത്തിന്‌ ഊന്നൽ നൽകുക.

13 മിക്ക​പ്പോ​ഴും പ്രശ്‌നങ്ങൾ എവി​ടെ​യാണ്‌ ആരംഭി​ക്കു​ന്നത്‌ എന്നു ചിന്തി​ക്കുക. ബൈബിൾ വിശദീ​ക​രി​ക്കു​ന്നു: “ഓരോ​രു​ത്തൻ പരീക്ഷി​ക്ക​പ്പെ​ടു​ന്നതു സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ച്ചു വശീക​രി​ക്ക​പ്പെ​ടു​ക​യാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവി​ക്കു​ന്നു; പാപം മുഴു​ത്തി​ട്ടു മരണത്തെ പെറുന്നു.” (യാക്കോബ്‌ 1:14, 15) മോഹം ഉണരു​ന്നത്‌ എങ്ങനെ​യാണ്‌? മനസ്സി​ലേക്കു പോകുന്ന കാര്യ​ങ്ങ​ളാണ്‌ അതിനെ തൊട്ടു​ണർത്തു​ന്നത്‌. മിക്ക​പ്പോ​ഴും ഇതു ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കാ​ത്ത​വ​രു​മാ​യുള്ള സഹവാ​സ​ത്തി​ന്റെ ഫലമാണ്‌. “മോശ​മായ സഹവാ​സങ്ങൾ” ഒഴിവാ​ക്ക​ണ​മെന്നു നമു​ക്കെ​ല്ലാം അറിയാ​മെ​ന്നു​ള്ളതു തീർച്ച​യാണ്‌. (1 കൊരി​ന്ത്യർ 15:33, NW) എന്നാൽ ഏതു സഹവാ​സ​ങ്ങ​ളാ​ണു മോശം? യഹോവ സംഗതി വീക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങളെ കുറിച്ചു യുക്തി​സ​ഹ​മാ​യി ചിന്തി​ക്കു​ന്ന​തും പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എടുത്തു നോക്കു​ന്ന​തും ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്താൻ നമ്മെ സഹായി​ക്കേ​ണ്ട​താണ്‌.

ചില ആളുകൾ മാന്യ​രാ​യി കാണ​പ്പെ​ടു​ന്നു എന്ന വസ്‌തുത അവർ നല്ല സഹവാ​സി​ക​ളാ​ണെന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? (ഉല്‌പത്തി 34:1, 2, 18, 19)

അവരുടെ സംഭാ​ഷണം, ഒരുപക്ഷേ തമാശകൾ, നാം അവരുടെ ഉറ്റ കൂട്ടു​കാർ ആണെന്നു സൂചി​പ്പി​ച്ചേ​ക്കു​മോ? (എഫെസ്യർ 5:3, 4)

യഹോവയെ സേവി​ക്കാത്ത ആളുക​ളു​മാ​യി അടുത്തു സഹവസി​ക്കാൻ നാം തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ അവൻ എന്തു വിചാ​രി​ക്കും? (2 ദിനവൃ​ത്താ​ന്തം 19:1, 2)

നമ്മുടെ വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്താത്ത ആളുക​ളോ​ടൊ​ത്തു നാം ജോലി ചെയ്യു​ക​യോ പഠിക്കു​ക​യോ ചെയ്‌തേ​ക്കാ​മെ​ങ്കി​ലും നാം ജാഗ്രത പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (1 പത്രൊസ്‌ 4:3, 4)

ടെലിവിഷൻ, ചലച്ചി​ത്രങ്ങൾ എന്നിവ കാണു​ന്ന​തും ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്ന​തും മാസി​കകൾ, പുസ്‌ത​കങ്ങൾ, പത്രങ്ങൾ എന്നിവ വായി​ക്കു​ന്ന​തും മറ്റുള്ള​വ​രു​മാ​യി സഹവസി​ക്കുന്ന വിധങ്ങ​ളാണ്‌. അത്തരം ഉറവു​ക​ളിൽനി​ന്നുള്ള ഏതുതരം വിവര​ങ്ങൾക്കെ​തി​രെ നാം ജാഗരൂ​ക​രാ​യി​രി​ക്കണം? (സദൃശ​വാ​ക്യ​ങ്ങൾ 3:31, NW; യെശയ്യാ​വു 8:19; എഫെസ്യർ 4:17-19)

നാം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന കൂട്ടു​കെട്ട്‌ നാം ഏതുതരം ആളുക​ളാ​ണെന്ന്‌ യഹോ​വ​യ്‌ക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്നു? (സങ്കീർത്തനം 26:1, 4, 5; 97:10)

14. ഇപ്പോൾ ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം വിശ്വ​സ്‌ത​മാ​യി ബാധക​മാ​ക്കു​ന്ന​വർക്ക്‌ സമീപ ഭാവി​യിൽ മഹത്തായ ഏതു സ്വാത​ന്ത്ര്യം ലഭിക്കും?

14 ദൈവ​ത്തി​ന്റെ പുതിയ ലോകം നമ്മുടെ തൊട്ടു​മു​ന്നി​ലാണ്‌. ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ഗ​വൺമെന്റു മുഖാ​ന്തരം മനുഷ്യ​വർഗം സാത്താ​ന്റെ​യും അവന്റെ മുഴു​ദുഷ്ട വ്യവസ്ഥി​തി​യു​ടെ​യും സ്വാധീ​ന​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടും. ക്രമേണ, അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തിൽനിന്ന്‌ പാപത്തി​ന്റെ സകല ഫലങ്ങളും നീക്കം​ചെ​യ്യ​പ്പെ​ടും. അങ്ങനെ, പറുദീ​സ​യി​ലെ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം നമ്മുടെ മനസ്സി​നും ശരീര​ത്തി​നും പൂർണത കൈവ​രും. ‘യഹോ​വ​യു​ടെ ആത്മാവി​നു’ പൂർണ ചേർച്ച​യി​ലുള്ള സ്വാത​ന്ത്ര്യം ഒടുവിൽ സകല ജീവി​ക​ളും ആസ്വദി​ക്കും. (2 കൊരി​ന്ത്യർ 3:17, NW) ഇപ്പോൾ ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം അവഗണി​ച്ചു​കൊണ്ട്‌ അതെല്ലാം നഷ്ടപ്പെ​ടു​ത്തു​ന്നതു ബുദ്ധി​യാ​ണോ? നമ്മുടെ ക്രിസ്‌തീയ സ്വാത​ന്ത്ര്യം ഇന്നു ജ്ഞാനപൂർവം വിനി​യോ​ഗി​ച്ചു​കൊണ്ട്‌ നാം യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നതു “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യ”മാണെന്നു നമു​ക്കേ​വർക്കും പ്രകട​മാ​ക്കാം.—റോമർ 8:21, NW.

പുനരവലോകന ചർച്ച

• ആദ്യ മനുഷ്യ​ജോ​ടി ഏതുതരം സ്വാത​ന്ത്ര്യം ആസ്വദി​ച്ചി​രു​ന്നു? അതി​നോ​ടുള്ള താരത​മ്യ​ത്തിൽ മനുഷ്യ​വർഗ​ത്തി​ന്റെ ഇപ്പോ​ഴത്തെ അവസ്ഥ എങ്ങനെ​യു​ള്ള​താണ്‌?

• സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഏതു സ്വാത​ന്ത്ര്യ​മുണ്ട്‌? ലോകം കണക്കാ​ക്കുന്ന സ്വാത​ന്ത്ര്യ​ത്തിൽനിന്ന്‌ അതു വിഭി​ന്ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

• മോശ​മായ സഹവാ​സങ്ങൾ ഒഴിവാ​ക്കു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ആദാമിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, മോശ​മായ കാര്യങ്ങൾ എന്താ​ണെ​ന്നു​ള്ളതു സംബന്ധിച്ച ആരുടെ തീരു​മാ​ന​ങ്ങ​ളാ​ണു നാം സ്വീക​രി​ക്കു​ന്നത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[46-ാം പേജിലെ ചിത്രങ്ങൾ]

ദൈവവചനം മുന്നറി​യി​പ്പു നൽകുന്നു: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു”