യഹോവയുടെ ഉദ്ദേശ്യം മഹത്തായ വിജയം വരിക്കുന്നു
അധ്യായം ഇരുപത്തൊന്ന്
യഹോവയുടെ ഉദ്ദേശ്യം മഹത്തായ വിജയം വരിക്കുന്നു
1, 2. (എ) തന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികളെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്ത്? (ബി) ദൈവത്തിന്റെ ആരാധകരുടെ ഏകീകൃത കുടുംബത്തിൽ ആരെല്ലാം ഉൾപ്പെടുത്തപ്പെട്ടു?
ബുദ്ധിശക്തിയുള്ള സർവ സൃഷ്ടിയും ഏക സത്യദൈവത്തെ ആരാധിക്കുന്നതിൽ ഏകീകൃതരായി ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കുക—അതാണ് യഹോവയുടെ സ്നേഹനിർഭരമായ ഉദ്ദേശ്യം. നീതിസ്നേഹികളുടെ ആത്മാർഥമായ ആഗ്രഹവും അതുതന്നെയാണ്.
2 യഹോവ തന്റെ സൃഷ്ടിക്രിയകൾക്കു തുടക്കമിട്ടപ്പോൾ അവൻ ഈ മഹത്തായ ഉദ്ദേശ്യം നിവർത്തിക്കാൻ തുടങ്ങി. അവന്റെ ആദ്യ സൃഷ്ടി ഒരു പുത്രനായിരുന്നു. ആ പുത്രൻ പുനരുത്ഥാന ശേഷം ഇപ്പോൾ “[ദൈവത്തിന്റെ] മഹത്ത്വത്തിന്റെ പ്രതിഫലനവും അവന്റെ അസ്തിത്വത്തിന്റെതന്നെ കൃത്യമായ പ്രതിനിധാനവും” ആണ്. (എബ്രായർ 1:1-3, NW) ദൈവം തനിയെ സൃഷ്ടിച്ചതിനാൽ ഈ പുത്രൻ അനുപമനായിരുന്നു. തുടർന്ന്, മറ്റുള്ളവരെയെല്ലാം അസ്തിത്വത്തിലേക്കു വരുത്തുന്നത് ഈ പുത്രൻ മുഖാന്തരം ആയിരിക്കുമായിരുന്നു: ആദ്യം സ്വർഗത്തിലെ ദൂതന്മാരെയും പിന്നീട് ഭൂമിയിലെ മനുഷ്യരെയും. (ഇയ്യോബ് 38:6; ലൂക്കൊസ് 3:38) ഇവരെല്ലാം ചേർന്ന് ഒരു സാർവത്രിക കുടുംബം ഉളവായി. അവർക്കെല്ലാം യഹോവ ദൈവവും സാർവത്രിക പരമാധികാരിയും സ്നേഹനിധിയായ പിതാവും ആയിരുന്നു.
3. (എ) ആദ്യ മാതാപിതാക്കളിൽനിന്ന് നമുക്കെല്ലാം പാരമ്പര്യമായി എന്തു ലഭിച്ചിരിക്കുന്നു? (ബി) ആദാമിന്റെ സന്തതികൾക്കായി യഹോവ സ്നേഹനിർഭരമായ ഏതു ക്രമീകരണം ഏർപ്പെടുത്തി?
3 നമ്മുടെ ആദ്യ മാനുഷ മാതാപിതാക്കൾ മനഃപൂർവ പാപികളെന്ന നിലയിൽ മരണത്തിനു വിധിക്കപ്പെട്ടപ്പോൾ അവർ ഏദെനിൽനിന്നു പുറത്താക്കപ്പെട്ടു, ദൈവത്താൽ ത്യജിക്കപ്പെട്ടു. അവർ അവന്റെ സാർവത്രിക കുടുംബത്തിന്റെ ഭാഗമല്ലാതായി. (ഉല്പത്തി 3:22-24; ആവർത്തനപുസ്തകം 32:4, 5) നമ്മളെല്ലാം അവരുടെ സന്തതികളാണ്, അതുകൊണ്ട് നാം പാപപ്രവണതകളോടെ ജനിച്ചിരിക്കുന്നു. എന്നാൽ ആദാമിന്റെയും ഹവ്വായുടെയും സന്തതികളിൽ ചിലർ നീതിയെ സ്നേഹിക്കുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. അതുനിമിത്തം അവർക്ക് “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കാനുള്ള ഒരു ക്രമീകരണം അവൻ സ്നേഹപൂർവം ഏർപ്പെടുത്തി.—റോമർ 8:20, 21, NW.
അനുഗൃഹീത പദവി ഇസ്രായേൽ നഷ്ടപ്പെടുത്തുന്നു
4. പുരാതന ഇസ്രായേലിന് യഹോവ ഏതു പദവി നീട്ടിക്കൊടുത്തു?
4 ആദാമിനെ സൃഷ്ടിച്ച് ഏതാണ്ട് 2,500 വർഷങ്ങൾക്കുശേഷം, താനുമായി ഒരു പ്രത്യേക ബന്ധത്തിലേക്കു വരാനുള്ള അവസരം യഹോവ ചില മനുഷ്യർക്കു വെച്ചുനീട്ടി. അവൻ പുരാതന ഇസ്രായേലിനെ തന്റെ ജനമായിരിക്കാൻ തിരഞ്ഞെടുക്കുകയും അവർക്കു തന്റെ ന്യായപ്രമാണം കൊടുക്കുകയും ചെയ്തു. (ഉല്പത്തി 12:1, 2) അവൻ അവരെ ഒരു ജനതയാക്കുകയും തന്റെ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ അവരെ ഉപയോഗിക്കുകയും ചെയ്തു. (ആവർത്തനപുസ്തകം 14:1, 2; യെശയ്യാവു 43:1) എന്നുവരികിലും, അവർ അപ്പോഴും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലായിരുന്നു. അതുകൊണ്ട് ആദിയിൽ ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്ന മഹത്തായ സ്വാതന്ത്ര്യം അവർ ആസ്വദിച്ചില്ല.
5. ഇസ്രായേല്യർക്കു ദൈവമുമ്പാകെ ഉണ്ടായിരുന്ന പ്രത്യേക നില അവർക്കു നഷ്ടമായത് എങ്ങനെ?
5 എന്നിരുന്നാലും, ഇസ്രായേല്യർക്കു ദൈവമുമ്പാകെ ഒരു അനുഗൃഹീത നില ഉണ്ടായിരുന്നു. യഹോവയെ തങ്ങളുടെ പിതാവായി ആദരിക്കാനും അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനുമുള്ള ഉത്തരവാദിത്വവും അവർക്ക് ഉണ്ടായിരുന്നു. അവർ ആ കടപ്പാടു നിറവേറ്റേണ്ടതിന്റെ പ്രാധാന്യം യേശു ഊന്നിപ്പറഞ്ഞു. (മത്തായി 5:43-48) എന്നാൽ ഇസ്രായേൽ ജനത ഇതു ചെയ്യുന്നതിൽ പരാജയപ്പെട്ടു. “ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം തന്നേ” എന്ന് ആ യഹൂദന്മാർ അവകാശപ്പെട്ടെങ്കിലും അവരുടെ പ്രവർത്തനങ്ങളും അവർ പ്രകടമാക്കിയ മനോഭാവവും അത്തരമൊരു അവകാശവാദത്തെ പൊള്ളയാക്കിയതായി യേശു പ്രഖ്യാപിച്ചു. (യോഹന്നാൻ 8:41, 44, 47) പൊ.യു. 33-ൽ ന്യായപ്രമാണത്തെ ദൈവം നീക്കം ചെയ്തു. അവനോടുള്ള ഇസ്രായേലിന്റെ പ്രത്യേക ബന്ധം അവസാനിച്ചു. എന്നാൽ ആളുകൾക്ക് ഒരിക്കലും ദൈവവുമായി ഒരു അനുഗൃഹീത ബന്ധം ആസ്വദിക്കാൻ കഴിയില്ലെന്ന് ഇത് അർഥമാക്കിയോ?
“സ്വർഗത്തിലുള്ളവ”യെ കൂട്ടിച്ചേർക്കുന്നു
6. എഫെസ്യർ 1:9, 10-ൽ പൗലൊസ് പരാമർശിച്ച “ഭരണനിർവഹണ”ത്തിന്റെ ഉദ്ദേശ്യം എന്ത്?
6 മനുഷ്യവർഗത്തിന്റെ ഇടയിൽനിന്നു ചിലർക്കു ദൈവവുമായി ഒരു പ്രത്യേക ബന്ധം ആസ്വദിക്കാനാകുമെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രകടമാക്കി. ദൃഷ്ടാന്തത്തിന്, വിശ്വാസം പ്രകടമാക്കുന്നവർക്ക് തന്റെ ഭവനത്തിലെ അംഗങ്ങളാകാൻ യഹോവ ചെയ്ത ക്രമീകരണത്തെ കുറിച്ച് പൗലൊസ് എഴുതി: ‘തന്റെ ഹിതത്തിന്റെ മർമ്മം [ദൈവം] നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുളളതു [“സ്വർഗത്തിലുള്ളവയെയും ഭൂമിയിലുള്ളവയെയും,” NW] എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു [“ഭരണനിർവഹണത്തിന്,” NW] തന്നേ.’ (എഫെസ്യർ 1:9, 10) ഈ ‘ഭരണനിർവഹണം’ യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. അവൻ മുഖാന്തരം മനുഷ്യർ ദൈവമുമ്പാകെ ഒരു അംഗീകൃത അവസ്ഥയിലേക്കു വരുത്തപ്പെടുന്നു. അവരിൽ ഒരു പരിമിത സംഖ്യയ്ക്കു സ്വർഗത്തിൽ ആയിരിക്കുന്നതിനുള്ള പ്രത്യാശയുണ്ട്. അതിനെക്കാൾ വളരെയേറെ ആളുകൾ ഭൂമിയിൽ എന്നേക്കും ജീവിക്കും.
7. “സ്വർഗത്തിലുള്ളവ” ആരാണ്?
7 ആദ്യം, പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ തുടങ്ങി “സ്വർഗത്തിലുള്ളവ”യ്ക്ക്, അതായത് സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികൾ ആയിരിക്കേണ്ടവർക്കു ശ്രദ്ധ കൊടുക്കപ്പെട്ടു. യേശുവിന്റെ ബലിയുടെ മൂല്യത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർ ദൈവത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടു. (റോമർ 5:1, 2) കാലക്രമത്തിൽ, യഹൂദന്മാരും വിജാതീയരും ഉൾപ്പെടുത്തപ്പെട്ടു. “സ്വർഗത്തിലുള്ളവ”യിൽ മൊത്തം 1,44,000 പേർ ഉണ്ടായിരിക്കും. (ഗലാത്യർ 3:26-29; ) അവരിൽ ഒരു ചെറിയ സംഖ്യ മാത്രമേ ഇപ്പോൾ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ. വെളിപ്പാടു 14:1
“ഭൂമിയിലുള്ളവ”യെ കൂട്ടിച്ചേർക്കുന്നു
8. “ഭൂമിയിലുള്ളവ” ആരാണ്, അവർക്ക് യഹോവയുമായുള്ള ബന്ധമെന്ത്?
8 ഇതേ ഭരണം “ഭൂമിയിലുള്ളവ”യെയും കൂട്ടിച്ചേർക്കുന്നു. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടെ ദശലക്ഷങ്ങൾ ഇപ്പോൾ കൂട്ടിച്ചേർക്കപ്പെടുകയാണ്. രാജ്യാവകാശികളുടെ ശേഷിപ്പിനോടുള്ള ഐക്യത്തിൽ അവർ യഹോവയുടെ നാമത്തെ മഹിമപ്പെടുത്തുകയും അവന്റെ ആരാധനയെ ഉന്നതമാക്കുകയും ചെയ്യുന്നു. (യെശയ്യാവു 2:2, 3; സെഫന്യാവു 3:9) കൂടാതെ, ജീവന്റെ ഉറവായി അവർ യഹോവയെ അംഗീകരിക്കുന്നതിനാൽ അവനെ “പിതാവ്” എന്നു സംബോധന ചെയ്യുകയും ചെയ്യുന്നു. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർ അവന്റെ മുമ്പാകെ ഒരു അംഗീകൃത നിലയും ആസ്വദിക്കുന്നു. (വെളിപ്പാടു 7:9, 14) അവർ ഇപ്പോഴും അപൂർണരാകയാൽ ദൈവമക്കൾ എന്ന നിലയിൽ പൂർണമായി അംഗീകരിക്കപ്പെടുന്നത് ഭാവിയിൽ ആയിരിക്കും.
9. റോമർ 8:21 മനുഷ്യവർഗത്തിന് എന്തു വാഗ്ദാനം വെച്ചുനീട്ടുന്നു?
9 ഭൗമിക പ്രത്യാശയുള്ള ഇവർ മനുഷ്യസൃഷ്ടി “ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്ക”പ്പെടുന്ന സമയത്തിനായി ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. (റോമർ 8:21, NW) ക്രിസ്തുവും അവന്റെ സ്വർഗീയ സൈന്യങ്ങളും അർമഗെദോൻ പാരമ്യം മുഖേന മഹോപദ്രവത്തെ സമാപ്തിയിലേക്കു വരുത്തിയശേഷം ആ വിടുതൽ തുടങ്ങും. സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയുടെയും നാശത്തെ അത് അർഥമാക്കുന്നു. അതേത്തുടർന്ന് രാജ്യാധികാരത്തിലുള്ള ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയുടെ അനുഗ്രഹങ്ങൾ മനുഷ്യവർഗത്തിന്മേൽ വർഷിക്കപ്പെടും.—വെളിപ്പാടു 19:17-21; 20:6.
10. യഹോവയുടെ ദാസന്മാർ ഏതു സ്തുതിഗീതം പാടും?
10 യഹോവയുടെ ഭൂമിയിലെ ദാസന്മാർ, സസന്തോഷം ഇപ്രകാരം ഘോഷിക്കുന്ന സ്വർഗത്തിലെ അവന്റെ ദാസന്മാരുടെ വികാരങ്ങളെ പ്രതിധ്വനിപ്പിക്കുമ്പോൾ അത് എത്ര ആഹ്ലാദജനകമായിരിക്കും: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളിപ്പാടു 15:3, 4) തീർച്ചയായും, യഹോവയുടെ സകല ദാസന്മാരും ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരാകും. മരിച്ചവർ പോലും പുനരുത്ഥാനം പ്രാപിക്കുകയും യഹോവയുടെ സ്തുതിക്കായി ശബ്ദം ഉയർത്തുന്നതിൽ ഒത്തുചേരുന്നതിനുള്ള അവസരം അവർക്കും നൽകപ്പെടുകയും ചെയ്യും.—പ്രവൃത്തികൾ 24:15.
അത്യത്ഭുതകരമായ സ്വാതന്ത്ര്യം സമീപം
11. മഹോപദ്രവത്തെ അതിജീവിക്കുന്നവർ ഏത് അത്ഭുതകരമായ സ്വാതന്ത്ര്യം ആസ്വദിക്കും?
11 അർമഗെദോനിൽ പാരമ്യത്തിലെത്തുന്ന മഹോപദ്രവം ഭൂമിയിലെ ദുഷ്ടത നീക്കി അതിനെ ശുദ്ധീകരിച്ചു കഴിയുമ്പോൾ, പിശാചായ സാത്താൻ മേലാൽ “ഈ ലോകത്തിന്റെ ദൈവം” ആയിരിക്കുകയില്ല. യഹോവയുടെ ആരാധകർ മേലാൽ അവന്റെ ദുഷ്ടസ്വാധീനത്തോടു പൊരുതേണ്ടി വരില്ല. (2 കൊരിന്ത്യർ 4:4; വെളിപ്പാടു 20:1, 2) വ്യാജമതം മേലാൽ യഹോവയെ തെറ്റായി ചിത്രീകരിക്കുകയും മനുഷ്യ സമുദായത്തിന്മേൽ ഛിദ്രാത്മക സ്വാധീനം ചെലുത്തുകയും ചെയ്യില്ല. സത്യദൈവത്തിന്റെ ദാസന്മാർക്കു മേലാൽ മാനുഷ അധികാരികളിൽനിന്ന് അനീതിയും ചൂഷണവും അനുഭവിക്കേണ്ടി വരില്ല. എത്ര മഹത്തായ സ്വാതന്ത്ര്യമായിരിക്കും അത്!
12. പാപത്തിൽനിന്നും അതിന്റെ ഫലങ്ങളിൽനിന്നും സകലരും എങ്ങനെ സ്വതന്ത്രരാക്കപ്പെടും?
12 “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്ന നിലയിൽ യേശു മനുഷ്യവർഗത്തിന്റെ പാപങ്ങൾ തുടച്ചുനീക്കാൻ തന്റെ ബലിയുടെ മൂല്യം പ്രയോഗിക്കും. (യോഹന്നാൻ 1:29) ഭൂമിയിലായിരിക്കെ യേശു ഒരു വ്യക്തിയുടെ പാപങ്ങൾ മോചിച്ചപ്പോൾ, അതിന്റെ തെളിവായി അവൻ അയാളെ സൗഖ്യമാക്കി. (മത്തായി 9:1-7; 15:30, 31) സമാനമായി, ദൈവരാജ്യത്തിന്റെ സ്വർഗീയ രാജാവെന്ന നിലയിൽ യേശുക്രിസ്തു അന്ധരെയും ഊമരെയും ബധിരരെയും അംഗഹീനരെയും മാനസിക ക്ലേശം അനുഭവിക്കുന്നവരെയും മറ്റ് ഏതു വ്യാധികളാലും ക്ലേശിക്കുന്നവരെയും അത്ഭുതകരമായി സൗഖ്യമാക്കും. (വെളിപ്പാടു 21:3-5) അനുസരണമുള്ള സകലരിൽനിന്നും ‘പാപത്തിന്റെ പ്രമാണം’ നീക്കം ചെയ്യപ്പെടും, തന്നിമിത്തം അവരുടെ ചിന്തകളും പ്രവർത്തനങ്ങളും അവർക്കും ദൈവത്തിനും പ്രസാദകരമായിരിക്കും. (റോമർ 7:21-23) സഹസ്രാബ്ദത്തിന്റെ അവസാനമാകുമ്പോഴേക്ക് അവർ ഏക സത്യദൈവത്തിന്റെ ‘സ്വരൂപത്തിലും സാദൃശ്യത്തിലും’ മാനുഷ പൂർണതയിലേക്കു വരുത്തപ്പെട്ടിരിക്കും.—ഉല്പത്തി 1:26.
13. സഹസ്രാബ്ദ ഭരണത്തിന്റെ ഒടുവിൽ ക്രിസ്തു ഏതു നടപടി സ്വീകരിക്കും, എന്തായിരിക്കും ഫലം?
13 ക്രിസ്തു മനുഷ്യവർഗത്തെ പൂർണതയിലേക്കു വരുത്തിക്കഴിയുമ്പോൾ, ഈ വേലയ്ക്കുവേണ്ടി അവനു നൽകിയിരിക്കുന്ന അധികാരം അവൻ പിതാവിനെ തിരികെ ഏൽപ്പിക്കും: “അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.” (1 കൊരിന്ത്യർ 15:24, 25) രാജ്യത്തിന്റെ സഹസ്രാബ്ദ ഭരണം അതിന്റെ ഉദ്ദേശ്യം പൂർണമായി സാധിച്ചിരിക്കും; അതുകൊണ്ട് യഹോവയ്ക്കും മനുഷ്യർക്കുമിടയിൽ ഈ ഉപ ഗവൺമെന്റ് നിലനിൽക്കേണ്ട ആവശ്യം മേലാൽ ഉണ്ടായിരിക്കുകയില്ല. പാപവും മരണവും പൂർണമായി നീക്കപ്പെടുകയും മനുഷ്യവർഗം വീണ്ടെടുക്കപ്പെടുകയും ചെയ്തിരിക്കുന്നതുകൊണ്ട്, ഒരു വീണ്ടെടുപ്പുകാരനായുള്ള യേശുവിന്റെ ആവശ്യം അവസാനിക്കുന്നു. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.”—1 കൊരിന്ത്യർ 15:28.
14. പൂർണരാക്കപ്പെട്ട സകല മനുഷ്യരും എന്തിനു വിധേയരാക്കപ്പെടും, എന്തുകൊണ്ട്?
14 ഇതിനെ തുടർന്ന്, ഏക സത്യദൈവത്തെ എന്നേക്കും സേവിക്കാനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നു തെളിയിക്കാനുള്ള അവസരം പൂർണരാക്കപ്പെട്ട മനുഷ്യവർഗത്തിനു കൊടുക്കപ്പെടും. അതുകൊണ്ട്, യഹോവ അവരെ തന്റെ മക്കളായി പൂർണമായി സ്വീകരിക്കുന്നതിനു മുമ്പ്, പൂർണരാക്കപ്പെട്ട ആ മനുഷ്യരെയെല്ലാം അവൻ ഒരു അന്തിമ പരിശോധനയ്ക്കു വിധേയരാക്കും. സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിൽനിന്ന് അഴിച്ചുവിടും. യഹോവയെ സത്യമായി സേവിക്കുന്നവർക്ക് ഇതു നിലനിൽക്കുന്ന യാതൊരു ദോഷവും വരുത്തുകയില്ല. എന്നാൽ അവിശ്വസ്തരായി യഹോവയോട് അനുസരണക്കേടു കാട്ടാൻ തങ്ങളെത്തന്നെ അനുവദിക്കുന്ന ഏവരും ആദ്യ മത്സരിയോടും അവന്റെ ഭൂതങ്ങളോടുമൊപ്പം എന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളിപ്പാടു 20:7-10.
15. യഹോവയുടെ ബുദ്ധിശക്തിയുള്ള സകല ജീവികളുടെയും ഇടയിൽ ഏത് അവസ്ഥ വീണ്ടും നിലനിൽക്കും?
15 അന്ന് അന്തിമ പരിശോധനയിൽ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്ന പൂർണരാക്കപ്പെട്ട സകല മനുഷ്യരെയും യഹോവ തന്റെ മക്കളായി സ്വീകരിക്കും. ആ സമയം മുതൽ അവർ ദൈവത്തിന്റെ സാർവത്രിക കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പൂർണമായി ആസ്വദിക്കും. സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിശക്തിയുള്ള സകല ജീവികളും അവനെ ഏക സത്യദൈവമായി ആരാധിക്കുന്നതിൽ ഒരിക്കൽക്കൂടി ഏകീകൃതരായിരിക്കും. യഹോവയുടെ ഉദ്ദേശ്യം മഹത്തായ വിജയം കൈവരിച്ചിരിക്കും! സന്തുഷ്ടമായ, ശാശ്വതമായ, ആ സാർവത്രിക കുടുംബത്തിന്റെ ഭാഗമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, 1 യോഹന്നാൻ 2:17-ൽ ബൈബിൾ പറയുന്നത് അനുസരിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”
പുനരവലോകന ചർച്ച
• ഏദെനിലെ മത്സരത്തിനു മുമ്പ്, യഹോവയുടെ സകല ആരാധകർക്കും അവനോട് എന്തു ബന്ധം ഉണ്ടായിരുന്നു?
• ദൈവദാസന്മാർ ആയിരിക്കുന്നവർക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
• ഇനി ആർ ദൈവമക്കൾ ആയിത്തീരും, ഇത് ഏകീകൃത ആരാധന സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[190-ാം പേജിലെ ചിത്രം]
അനുസരണമുള്ള മനുഷ്യർ ഒരു ആഗോള പറുദീസയിൽ ജീവിതം ആസ്വദിക്കും