അതിജീവകരെ കാത്തിരിക്കുന്നതരം ജീവിതം
അധ്യായം 4
അതിജീവകരെ കാത്തിരിക്കുന്നതരം ജീവിതം
1. ആസന്നമായ “യഹോവയുടെ ദിവസം” ഭൂമിയെ ഒരു ശൂന്യശിഷ്ടമായി അവശേഷിപ്പിക്കുകയില്ലാത്തതെന്തുകൊണ്ട്? (യെശയ്യാവ് 45:18)
ആസന്നമായിരിക്കുന്ന “യഹോവയുടെ ദിവസം” ഭയജനകമായിരിക്കുമെങ്കിലും അതു ഭൂമിയെ നിവാസയോഗ്യമല്ലാത്തതായി അവശേഷിപ്പിക്കുകയില്ല. അതിന്റെ ഫലങ്ങൾ ഒരു ആണവ സമഗ്രനാശത്തിന്റേതുപോലെയായിരിക്കുകയില്ല. അത്തരമൊരു നാശമുണ്ടായാൽ അത് പരിസ്ഥിതിയെ കുഴപ്പത്തിലാക്കുമെന്നും അതിജീവകർ അണുപ്രസരത്തിൽനിന്നുളള ദുരന്ത ഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമുളള ഭയമുണ്ട്. നിവാസയോഗ്യമല്ലാത്തവണ്ണം ഭൂമിയെ നശിപ്പിക്കുന്നതിനു പകരം സ്രഷ്ടാവ് “ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരെ നശിപ്പിക്കാൻ” പോവുകയാണ്.—യോവേൽ 2:30, 31; വെളിപ്പാട് 11:18.
2. വിശ്വസ്തരായവരെ യഹോവ മഹോപദ്രവത്തിലൂടെ സംരക്ഷിക്കുമെന്ന് നമുക്ക് ആത്മവിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
2 തങ്ങൾക്കു ചുററും അപ്പോൾ വിനാശക ശക്തികൾ അഴിച്ചുവിടപ്പെടുമെങ്കിലും ദൈവത്തിന് തങ്ങളെ രക്ഷിക്കാൻ കഴിയും എന്ന കാര്യത്തിൽ യഹോവയുടെ വിശ്വസ്ത ദാസൻമാരുടെ മനസ്സുകളിൽ സംശയം അശേഷം പോലുമില്ല. ധാർമ്മികമായി അധഃപതിച്ച സോദോമും ഗൊമോറയും ‘സ്വർഗ്ഗത്തിൽനിന്നുളള അഗ്നിയാലും ഗന്ധകത്താലും’ നശിപ്പിക്കപ്പെട്ടപ്പോൾ യഹോവയുടെ ദൂതൻമാർ ലോത്തിനെയും അവന്റെ രണ്ടു പുത്രിമാരെയും രക്ഷിച്ചു എന്ന് അവർക്കറിയാം. (ഉൽപ്പത്തി 19:15-17, 24-26) മോശയുടെ നാളുകളിൽ ഈജിപ്ററിലെ എല്ലാ ആദ്യജാതൻമാരും നശിപ്പിക്കപ്പെട്ടപ്പോൾ യഹോവയുടെ വധാധികൃത ദൂതൻ പെസഹാക്കുഞ്ഞാടിന്റെ രക്തത്താൽ അടയാളമിടപ്പെട്ട യിസ്രായേല്യ ഭവനങ്ങളെ കടന്നുപോയി എന്നും അവർക്കറിയാം. (പുറപ്പാട് 12:21-29) അപ്രകാരംതന്നെ മഹോപദ്രവത്തിന്റെ നശീകരണശക്തി പൊട്ടിപ്പുറപ്പെടുമ്പോൾ യഹോവയെ തങ്ങളുടെ സങ്കേതമാക്കിയവരെ അവൻ രക്ഷിക്കും.—സങ്കീർത്തനം 91:1, 2, 14-16; യെശയ്യാവ് 26:20.
3. വളരെയധികം ശവശരീരങ്ങൾ അതിജീവകരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയില്ലാത്തതെന്തുകൊണ്ട്?
3 ഈ വലിയ നാശത്തിന്റെ ഫലമായി യഹോവയാൽ വധിക്കപ്പെട്ടവർ ഭൂമിയിൽ നിരന്നു കിടക്കും എന്നതു സത്യം തന്നെ. എന്നാൽ അതിജീവകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ടതെന്താണെന്ന് ദൈവത്തേക്കാൾ മെച്ചമായി ആർക്കും അറിയാൻ പാടില്ല. അവൻ ആകാശത്തിലെ പക്ഷികളെയും വയലിലെ മൃഗങ്ങളെയും അവന്റെ “വലിയ അത്താഴവിരുന്നിന്” ക്ഷണിക്കുമെന്നും അവ വധിക്കപ്പെട്ടവരുടെ മാംസളഭാഗങ്ങൾ തിന്ന് തൃപ്തരാകുമെന്നും അവൻ പറയുന്നു. (വെളിപ്പാട് 19:17, 18; യെഹെസ്ക്കേൽ 39:17-20) അവ തിന്നുകളയാത്തത് മററു വിധങ്ങളിൽ ഇവിടെ നിന്ന് നീക്കിക്കളയാൻ അവന് കഴിയും. ഭൂമിയെ സംബന്ധിച്ച് ഏദനിൽവച്ച് പ്രഖ്യാപിക്കപ്പെട്ട ദൈവോദ്ദേശ്യം അപ്പോൾ അതിന്റെ നിവൃത്തിയിലേക്കു നീങ്ങും.
ദൈവത്തിന്റെ ആദിമോദ്ദേശ്യം വെളിപ്പെടുത്തുന്ന കാര്യങ്ങൾ
4. ആദ്യ മാനുഷ ദമ്പതികൾക്ക് യഹോവ ഏതുതരം തുടക്കമാണ് ഇട്ടുകൊടുത്തത്, അത് നമുക്ക് വിശേഷാൽ താൽപ്പര്യജനകമായിരിക്കുന്നതെന്തുകൊണ്ട്?
4 ഏദനിൽ യഹോവ മാനുഷകുടുംബത്തിന് തുടക്കമിട്ട വിധത്തിൽ മഹോപദ്രവത്തിൽനിന്നുളള അതിജീവകർക്ക് എന്തു ഭാവിയാണുളളത് എന്നതു സംബന്ധിച്ച് ഒരു സൂചന കണ്ടെത്താൻ കഴിയും. മനുഷ്യവർഗ്ഗത്തിന് വസിക്കാനായി ഭൂമിയെ ഒരുക്കിയപ്പോൾ സ്രഷ്ടാവ് ധാരാളം പച്ച സസ്യങ്ങളും കൂടാതെ മൽസ്യങ്ങളും പക്ഷികളും രമ്യമായ എല്ലാതരത്തിലുമുളള കരമൃഗങ്ങളും ഉണ്ടാകാൻ ഇടയാക്കി. “യഹോവയായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം നട്ടുണ്ടാക്കി താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെയാക്കി.” (ഉൽപ്പത്തി 2:8) എന്നാൽ ദൈവം മുഴുഭൂമിയെയും ഒരു പറുദീസയാക്കുകയും മനുഷ്യനുവേണ്ടി അതു കാത്തുസൂക്ഷിക്കുകയും ചെയ്തില്ല. മറിച്ച് യഹോവ ആദ്യ മാനുഷജോടിക്ക് അൽഭുതകരമായ ഒരു തുടക്കമിട്ടുകൊടുക്കുകയും അവരെ അനുഗ്രഹിക്കുകയും അവർക്ക് ഒരു വേല നിയോഗിച്ചുകൊടുക്കുകയും ചെയ്തു. അവരുടെ പ്രാപ്തികൾ പൂർണ്ണയളവിൽ ഉപയോഗിക്കുന്നതിനും അവരുടെ നേട്ടങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നതിനും സാധിക്കത്തക്കവണ്ണമുളള പദ്ധതികൾ അവൻ അവരുടെ മുമ്പിൽ വച്ചുകൊടുത്തു. ഇത് അവരുടെ ജീവിതത്തെ അർത്ഥവത്താക്കുമായിരുന്നു. എത്ര ആകർഷകമായ ഒരു നിയോഗമായിരുന്നു അവരുടേത്—ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻതക്കവണ്ണം മക്കളെ വളർത്തിക്കൊണ്ടുവരിക, ഭൂമിയുടെ അററങ്ങളോളം ആ പറുദീസ വികസിപ്പിക്കുക, ജീവജാലങ്ങളെക്കൊണ്ട് നിറഞ്ഞ ആ പറുദീസ കാത്തുസൂക്ഷിക്കുക! ആദാമും ഹവ്വായും യഹോവയുടെ പരമാധികാരത്തെ ആദരിക്കുന്നതിൽ തുടർന്നിരുന്നെങ്കിൽ അവർ ഒരിക്കലും മരിക്കേണ്ടിവരികയില്ലായിരുന്നു. അവർ ഭൂമിയിൽ എക്കാലവും പൂർണ്ണതയുളള ജീവിതം ആസ്വദിക്കുമായിരുന്നു.—ഉൽപ്പത്തി 1:26-28; 2:16, 17.
5. അതുകൊണ്ട് മഹോപദ്രവത്തെ അതിജീവിക്കുന്നവരുടെ മുമ്പാകെ എന്തു ഭാവി പ്രതീക്ഷയുണ്ട്?
5 മഹോപദ്രവം കഴിയുന്നയുടനെ തീർച്ചയായും ഭൂമിയിലെ അവസ്ഥകൾ ഏദനിലേതുപോലെയായിരിക്കുകയില്ല. എന്നാൽ ഭൂമിയെയും മനുഷ്യവർഗ്ഗത്തെയും സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന് മാററമുണ്ടായിരിക്കുകയില്ല. പറുദീസ ഈ ഭൂഗോളം മുഴുവനിലേക്കും വ്യാപിക്കും, മനുഷ്യവർഗ്ഗം അതിന്റെ കാവൽക്കാരായിരിക്കും, അവരെല്ലാവരും സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരായിരിക്കുകയും ചെയ്യും. ദൈവപുത്രൻമാരുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ട് എന്നേക്കും ജീവിക്കാനുളള അവസരം അവരുടെ മുമ്പിലുണ്ടായിരിക്കും.—ലൂക്കോസ് 23:42, 43; വെളിപ്പാട് 21:3, 4; റോമർ 8:20, 21.
6. (എ) യുദ്ധായുധങ്ങൾക്ക് എന്തു സംഭവിക്കും? (ബി) മേലാൽ ആരും വിശപ്പനുഭവിക്കേണ്ടിവരികയില്ലാത്തതെന്തുകൊണ്ട്?
6 തുടക്കത്തിൽ തീർച്ചയായും പഴയ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതായിട്ടുണ്ടാകും. അവശേഷിക്കുന്ന യുദ്ധോപകരണങ്ങൾ സമാധാനാവശ്യങ്ങൾക്ക് ഉതകാൻതക്കവണ്ണം രൂപഭേദം വരുത്തേണ്ടിവരും. (യെഹെസ്ക്കേൽ 39:8-10; മീഖാ 4:3 താരതമ്യം ചെയ്യുക.) അതിജീവകരെ പോററാൻവേണ്ടി വയലിൽ ശേഷിച്ചിരിക്കുന്ന വിളവ് കൊയ്തെടുക്കേണ്ടിവരും. പിന്നീട് വിത്ത് വിതക്കുകയും പുതിയ വിളവ് കൊയ്തെടുക്കുകയും ചെയ്യുമ്പോൾ “ഭൂമി തന്നെ അതിന്റെ വിളവു തരും; ദൈവം, നമ്മുടെ ദൈവം നമ്മെ അനുഗ്രഹിക്കും” എന്ന വാഗ്ദത്തം നിവൃത്തിയാകും. (സങ്കീർത്തനം 67:6; ആവർത്തനം 28:8 താരതമ്യം ചെയ്യുക.) പഴയ വ്യവസ്ഥിതിയിലെ സ്വാർത്ഥവും വിഭാഗീയവുമായ ഘടകങ്ങൾ പൊയ്പോയിരിക്കുമ്പോൾ മേലാൽ ആരും വിശപ്പോടെ കിടന്നുറങ്ങാൻ പോകേണ്ടിവരികയില്ല.—സങ്കീർത്തനം 72:16.
7. ഭൂമിക്കുവേണ്ടിയുളള പുതിയ രാജാവിന്റെ തെരഞ്ഞെടുപ്പ് യഹോവയുടെ ഭാഗത്തെ ജ്ഞാനവും സ്നേഹവും പ്രതിഫലിപ്പിക്കുന്നതെങ്ങനെ?
7 യഹോവയുടെ മാർഗ്ഗനിർദ്ദേശവും അനുഗ്രഹവും ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യം വിലമതിക്കുന്ന ആളുകൾ ചേർന്നുളള ഒരു ലോകമായിരിക്കും ഇത്. ദൈവത്തിന്റെ തന്നെ ജ്ഞാനവും സ്നേഹവും പ്രതിഫലിപ്പിക്കുന്ന ഒരു വിധത്തിൽ ഇവ നൽകപ്പെടും. ഭൂമിയുടെ പുതിയ രാജാവായി യഹോവ നിയോഗിച്ചിരിക്കുന്നതു അവന്റെ തന്നെ പുത്രനായ യേശുക്രിസ്തുവിനെയാണ്. അവൻ മുഖാന്തരമാണ് ദൈവം ഭൂമിയെയും അതിലുളള എല്ലാത്തരം ജീവജാലങ്ങളെയും സൃഷ്ടിച്ചത് എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. (കൊലോസ്യർ 1:15-17) ഭൂമിയിൽ ജീവൻ എന്നേക്കും നിലനിൽക്കുന്നതിനാവശ്യമായത് എന്തെന്ന് ദൈവത്തിന്റെ പുത്രന് നന്നായി അറിയാം, മാത്രവുമല്ല മനുഷ്യവർഗ്ഗത്തോട് ബന്ധപ്പെട്ട കാര്യങ്ങളിൽ അവന് പ്രത്യേക താൽപര്യവുമുണ്ട്.—സദൃശവാക്യങ്ങൾ 8:30, 31.
8. യഹോവയുടെ പരമാധികാരത്തോട് ഏതു തരം പ്രതികരണം നട്ടുവളർത്താൻ യേശു തന്റെ ഭൗമപ്രജകളെ സഹായിക്കും?
8 അതിനെല്ലാം പുറമേ പുത്രൻ യഹോവയുടെ പരമാധികാരത്തെ വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കുന്നു. യേശുവിനെക്കുറിച്ച് ഇപ്രകാരം മുൻകൂട്ടി പറയപ്പെട്ടിരുന്നു: “അവന്റെമേൽ യഹോവയുടെ ആത്മാവ് വസിക്കേണ്ടതാണ്, ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, അറിവിന്റെയും യഹോവാഭയത്തിന്റെയും ആത്മാവ് തന്നെ; അവൻ യഹോവാഭയത്തിൽ പ്രമോദിക്കും.” (യെശയ്യാവ് 11:2, 3) യഹോവയുടെ വഴികളോട് തങ്ങളുടെ ജീവിതത്തെ പൊരുത്തപ്പെടുത്തിക്കൊണ്ട് അതുപോലുളള ആസ്വാദനം കണ്ടെത്താൻ അവൻ തന്റെ ഭൗമപ്രജകളെ സഹായിക്കും. അവന്റെ ഭരണത്തിൻകീഴിൽ, മഹോപദ്രവത്തിൽനിന്നുളള അതിജീവകർ, ദൈവം നമ്മുടെ ആദിമാതാപിതാക്കൾക്ക് അവരുടെ ഭവനമായി ഏദൻ നൽകിയപ്പോൾ അവൻ അവർക്കുവേണ്ടി ഉദ്ദേശിച്ചതരം ജീവനിലേക്ക് പുനഃസ്ഥിതീകരിക്കപ്പെടും.
യേശുവിന്റെ ശുശ്രൂഷ വെളിപ്പെടുത്തുന്നത്
9. (എ) അവകാശപ്പെടുത്തപ്പെട്ട പാപത്തിന്റെ ഗുരുതരമായ ഫലങ്ങളിൽ ചിലത് ഏവ? (ബി) യേശുവിന്റെ അത്ഭുതങ്ങൾ എന്തു പ്രത്യാശ വച്ചുനീട്ടുന്നു?
9 എന്നിരുന്നാലും അത്തരം ജീവിതം ആസ്വദിക്കുന്നതിന് നാം പാപത്തിന്റെ കൊടിയ ഫലങ്ങളിൽനിന്ന് മോചിതരാകണം. യഹോവയുടെ പരമാധികാരത്തോട് അധാർമ്മികമായ അവഗണന പ്രകടമാക്കിയപ്പോൾ പൂർണ്ണത നഷ്ടപ്പെട്ട ആദാമിൽനിന്ന് നാമെല്ലാവരും പാപം അവകാശമാക്കിയിരിക്കുന്നു. പാപത്തിന്റെ ഫലങ്ങൾ വിവിധ വിധങ്ങളിൽ പ്രത്യക്ഷമാണ്. അതു രോഗത്തിനും അതുപോലെ ശാരീരിക വൈകല്യങ്ങൾക്കും അതുപോലെ തെററായ ആന്തരത്തിൽനിന്ന് നാം ചിന്തിക്കുന്നതിനും സംസാരിക്കുന്നതിനും കാര്യങ്ങൾ ചെയ്യുന്നതിനുമുളള ഒരു പ്രവണതക്കും ഇടയാക്കിയിരിക്കുന്നു. അന്തിമമായി അതു മരണം കൈവരുത്തുന്നു. (റോമർ 5:12; 6:23) ദൈവരാജ്യത്തിന്റെ പ്രജകൾക്ക് ആശ്വാസം കൈവരുത്താൻ താൻ എന്തുചെയ്യുമെന്ന് പ്രകടമാക്കിയ അനേകം അത്ഭുതങ്ങൾ യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് ചെയ്തു.
10. ശാസ്ത്രജ്ഞൻമാർക്ക് പകർത്താൻ കഴിയാത്ത അത്ഭുതങ്ങൾ യേശുവിന് ചെയ്യാൻ കഴിഞ്ഞത് ന്യായരഹിതമല്ലാത്തതെന്തുകൊണ്ട്?
10 എന്നാൽ യേശുവിന്റെ അത്ഭുതങ്ങളെ സംബന്ധിച്ചുളള പുളകപ്രദമായ ബൈബിൾ വിവരണങ്ങൾ വായിക്കുമ്പോൾ ചിലയാളുകൾ സംശയം പ്രകടമാക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സംശയാലുത്വം ജനരഞ്ജകമായിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അത്ഭുതങ്ങളെ വിശ്വസിക്കാൻ കഴിയണമെങ്കിൽ ശാസ്ത്രജ്ഞൻമാർക്ക് ഇന്ന് അവയെ ആവർത്തിക്കാനോ അല്ലെങ്കിൽ വിശദീകരിക്കാനോ കഴിയേണ്ടതാണ് എന്ന് ഈ സംശയാലുക്കൾ വിചാരിച്ചേക്കാം. എന്നാൽ എന്തുകൊണ്ടാണ് ഇന്നും ശാസ്ത്രജ്ഞൻമാർ ഗവേഷണങ്ങൾക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത്? എന്തുകൊണ്ടെന്നാൽ അവർക്ക് ഇപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത വളരെയധികം കാര്യങ്ങളുണ്ട്. യേശുവിന്റെ ശുശ്രൂഷയോടുളള നമ്മുടെ മനോഭാവത്തിലെ യഥാർത്ഥ പ്രശ്നം മാനുഷകാര്യാദികളിലെ ദിവ്യഇടപെടൽ അംഗീകരിക്കാൻ മനസ്സുണ്ടായിരിക്കുക എന്നതാണ്.
11. പ്രവൃത്തികൾ 2:22-ൽ യേശുവിന്റെ അത്ഭുതങ്ങളെ വർണ്ണിക്കാൻ എന്തു പദപ്രയോഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, അവ എന്തു സൂചിപ്പിക്കുന്നു?
11 പൊ. യു. 33-ൽ യെരൂശലേമിലെ ഒരു ജനക്കൂട്ടത്തോട് യേശുവിനെപ്പററി, “ദൈവം അവനെക്കൊണ്ട് നിങ്ങളുടെ നടുവിൽ ചെയ്യിച്ച വീര്യപ്രവൃത്തികളും അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ട് നിങ്ങൾക്ക് അവൻ കാണിച്ചുതന്ന പുരുഷൻ” എന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (പ്രവൃത്തികൾ 2:22) പത്രോസ് സൂചിപ്പിച്ചതുപോലെ ഈ അത്ഭുതങ്ങൾ “വീര്യപ്രവൃത്തികളായിരുന്നു.” അല്ലാതെ മനുഷ്യർക്ക് അനുകരിക്കാനോ വിശദീകരിക്കാനോ കഴിയുന്ന കാര്യങ്ങളായിരുന്നില്ല. അവ യേശുവിലൂടെ ദൈവത്തിന്റെ ശക്തി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവുകളായിരുന്നു. അവൻ ദൈവത്തിന്റെ സ്വന്തം പുത്രനായ മശിഹായാണ് എന്നതിന്റെ “അടയാള”ങ്ങളായിരുന്നു അവ. ഹൃദയോദ്ദീപകമായ ഭാവി സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടിയ “അത്ഭുതങ്ങളും”കൂടിയായിരുന്നു അവ.
12. (എ) കുഷ്ഠരോഗികളെ സൗഖ്യമാക്കിയതിനെ സംബന്ധിച്ച വിവരണം പ്രോൽസാഹജനകമായി നിങ്ങൾ കണ്ടെത്തുന്നതെന്തുകൊണ്ട്? (ബി) ഒരു തളർവാതരോഗിയെ യേശു സൗഖ്യമാക്കിയതിൽ വിശേഷാൽ ശ്രദ്ധേയമായിരുന്നതെന്ത്?
12 ബൈബിളിലെ സുവിശേഷവിവരണങ്ങൾ വായിക്കുക, വായിക്കുമ്പോൾ യേശു ചെയ്ത അത്ഭുതങ്ങൾ മശിഹൈകരാജ്യത്തിൻ കീഴിൽ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിനുവേണ്ടി അവൻ ചെയ്യാനിരിക്കുന്നതിന്റെ പൂർവ്വവീക്ഷണമാണെന്ന് മനസ്സിൽ പിടിക്കുക. പൊ. യു. 33-ൽ യെരൂശലേമിലേക്കുളള യാത്രാമദ്ധ്യേ യേശു പത്തു കുഷ്ഠരോഗികളെ സൗഖ്യമാക്കിയതുപോലെ കുഷ്ഠരോഗം പോലെ വൈകല്യമുളവാക്കുന്ന രോഗങ്ങളിൽനിന്ന് ആളുകൾ ശുദ്ധരാക്കപ്പെടുന്ന ഒരു സമയമായിരിക്കും അത്. തനിക്ക് അത്തരം ആളുകളെ സഹായിക്കാൻ കഴിയുമെന്നും അങ്ങനെ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവൻ പ്രകടമാക്കി. (ലൂക്കോസ് 17:11-19; മർക്കോസ് 1:40-42) അനേകർ തളർവാതത്തിന്റെ ഇരകളായിത്തീർന്നിട്ടുണ്ട്. അവർക്കും സൗഖ്യം ലഭിക്കും—പാപങ്ങൾ മോചിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെടുത്തി യേശു കിടക്കയിൽതന്നെ കഴിഞ്ഞിരുന്ന ഒരു തളർവാതരോഗിയെ സൗഖ്യമാക്കിയതുപോലെ തന്നെ.—മർക്കോസ് 2:1-12.
13. താഴെപ്പറയുന്നതരം ആളുകൾക്ക് പ്രത്യാശ നൽകുന്നതായി യേശുവിന്റെ അത്ഭുതങ്ങളിൽ ഒന്നു പറയുക: (എ) അന്ധർ, (ബി) ചെകിടർ, സംസാര വൈകല്യമുളളവർ, (സി) അനേക ഡോക്ടർമാരാൽ ചികിൽസിക്കപ്പെട്ടെങ്കിലും ആശ്വാസം ലഭിക്കാത്തവർ. (ഡി) യേശുവിന് എല്ലാത്തരം രോഗങ്ങളും അവശതകളും സൗഖ്യമാക്കാൻ കഴിയുമെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?
13 ഒന്നാം നൂററാണ്ടിൽ ഗലീലയിലും ഡെക്കാപ്പൊലീസിലുമുളള ആളുകൾക്കുവേണ്ടി യേശു ചെയ്തതുപോലെ കുരുടൻമാരുടെ കണ്ണുകൾ തുറക്കപ്പെടും, ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കുകയില്ല, സംസാരവൈകല്യമുളളവരുടെ നാവുകൾ അയഞ്ഞുകിട്ടും. (മത്തായി 9:27-30; മർക്കോസ് 7:31-37) ഇന്ന് അനേകമാളുകളുടെ രോഗം സൗഖ്യമാക്കാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല. “പല വൈദ്യൻമാരാലും ഏറെ കഷ്ടമനുഭവിക്കേണ്ടിവരികയും തനിക്കുളളതെല്ലാം ചെലവഴിച്ചിട്ടും ഒരു പ്രയോജനവും ലഭിക്കാതിരിക്കുകയും” ചെയ്തവളായി കഫർന്നഹൂമിൽ നിന്നുളള ഒരു സ്ത്രീയുടെ അവസ്ഥ അതായിരുന്നു. എന്നാൽ യേശു അവളെ സുഖപ്പെടുത്തി, അവളെപ്പോലെയുളള അനേകർക്കുവേണ്ടി യേശു അതുതന്നെ ചെയ്യും. (മർക്കോസ് 5:25-29) “എല്ലാവിധ ദീനവും എല്ലാവിധ വ്യാധിയും” ഗലീലയിലെ തന്റെ ശുശ്രൂഷക്കാലത്ത് ഭേദമാക്കിയപ്പോൾ അവൻ പ്രകടമാക്കിയതുപോലെ, കാൻസർ, ഹൃദ്രോഗം, മലമ്പനി, ഒച്ചുപനി ഇവയൊന്നും ഭേദമാക്കുകയെന്നത് അവന് പ്രയാസമായിരിക്കുകയില്ല.—മത്തായി 9:35.
14. യേശു മരിച്ചവരെ ഉയിർപ്പിച്ചതിനെ സംബന്ധിച്ചുളള വിവരണം അതിജീവകർക്ക് പുനരുത്ഥാനം എന്തർത്ഥമാക്കുന്നുവെന്ന് സൂചിപ്പിക്കുന്നതെങ്ങനെ?
14 മരിച്ചവർക്ക്—മഹോപദ്രവത്തിൽ ദൈവത്താൽ നശിപ്പിക്കപ്പെട്ടവർക്കല്ല—മറിച്ച് നൂററാണ്ടുകളിലെല്ലാമായി മരിച്ചുപോയിട്ടുളള കോടിക്കണക്കിനാളുകൾക്ക് അവരുടെ എത്തുപാടിൽ അതിനു മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഭാവി പ്രതീക്ഷയോടെ വീണ്ടും ജീവിക്കുന്നതിനുളള അവസരം ലഭിക്കുന്ന സമയവും അതായിരിക്കും. അതിജീവകരെ സംബന്ധിച്ചിടത്തോളം അത് എന്തർത്ഥമാക്കും? നയീൻ എന്ന ഗ്രാമത്തിന്റെ സമീപത്തുവച്ച് വിധവയായ ഒരമ്മയുടെ ഏകപുത്രനെ ജീവനിലേക്ക് തിരികെ വരുത്തിക്കൊണ്ട് യേശു അവളുടെ കണ്ണുനീർ തുടച്ചു. കഫർന്നഹൂമിൽ മരിച്ചുപോയ ഒരു കൊച്ചു പെൺകുട്ടിയെ വിളിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് യേശു അവളുടെ മാതാപിതാക്കൾക്ക് അളവററ സന്തോഷം കൈവരുത്തി. (ലൂക്കോസ് 7:11-16; മർക്കോസ് 5:35-42) നിങ്ങളുടെ പ്രിയപ്പെട്ടവർ മരണത്തിൽനിന്ന് തിരികെ വരുമ്പോൾ അവിടെ ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുന്നവരുടെ പുളകപ്രദമായ അനുഭവം അതായിരിക്കും.
15. (എ) യേശുവിന്റെ പഠിപ്പിക്കലുകൾ അന്ന് ഭൂമിയിൽ ജീവിക്കുന്നത് ഏതു തരം ആളുകളായിരിക്കുമെന്ന് സൂചിപ്പിക്കുന്നതെങ്ങനെ? (ബി) അത്തരം ജീവിതത്തിന്റെ ഒരു പൂർവാസ്വാദനം നമുക്കിപ്പോൾ ഉണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?
15 അന്ന് ജീവിതം ഇന്ന് ആളുകളെ ഭാരപ്പെടുത്തുന്ന ഹൃദയവേദനയുടെയും സങ്കടത്തിന്റെയും ഒരു ആവർത്തനമായിരിക്കുകയില്ല. യേശു ചെയ്ത അത്ഭുതങ്ങളാൽ മാത്രമല്ല മറിച്ച് അവന്റെ പഠിപ്പിക്കലിനാലും ഇതു പ്രകടമാക്കപ്പെട്ടിരിക്കുന്നു, കാരണം യഥാർത്ഥത്തിൽ അവന്റെ ശിഷ്യരായിരിക്കുന്നവർ മാത്രമേ “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുകയുളളു. (യോഹന്നാൻ 3:36) ഭൗതിക അനുധാവനങ്ങൾക്കു മുമ്പേ ആത്മീയ മൂല്യങ്ങൾ വയ്ക്കുന്നതിനും യഹോവയിൽ ആശ്രയിക്കുന്നതിനും മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി അവനിലേക്കു നോക്കുന്നതിനും അവന്റെ അനുഗ്രഹങ്ങളോട് വിലമതിപ്പുളളവരായിരിക്കുന്നതിനും യേശു തന്റെ അനുയായികളെ പഠിപ്പിച്ചു. സ്നേഹം, എളിമ, മററുളളവരോട് ആഴമായ കരുതലുണ്ടായിരിക്കുകയും അവർക്കുവേണ്ടി തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുക എന്നീ കാര്യങ്ങളുടെ പ്രാധാന്യത്തിന് യേശു വാക്കിനാലും പ്രവൃത്തിയാലും ഊന്നൽ നൽകി. ക്രിസ്തുവിന്റെ ശിഷ്യൻമാരായിത്തീരുകയും ഈ തത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നവർ ഇപ്പോൾതന്നെ തങ്ങളുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തുകയും ക്രമത്തിൽ മററുളളവർക്ക് അതു പകർന്നു കൊടുക്കുകയും ചെയ്യുന്നു. (മത്തായി 11:28, 29; യോഹന്നാൻ 13:34, 35) ഇത് ഇന്നത്തെ സ്നേഹരഹിതമായ ലോകം പൊയ്പ്പോയ ശേഷം ജീവനോടെ ശേഷിച്ചിരിക്കുന്നവർ ആസ്വദിക്കുന്ന തരം ജീവിതത്തിന്റെ ഒരു പൂർവ്വവീക്ഷണം മാത്രമാണ്. നിങ്ങൾ ഇപ്പോൾ ജ്ഞാനപൂർവ്വം പ്രവർത്തിക്കുന്നെങ്കിൽ ആ ജീവിതം നിങ്ങളുടേതായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
[33-ാം പേജിലെ ചതുരം/ചിത്രം]
മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള ദൈവത്തിന്റെ ആദിമോദ്ദേശ്യം
ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്ന മനുഷ്യരെക്കൊണ്ട് ഭൂമിയെ നിറയ്ക്കുക
ഭൂവിസ്തൃതമായി പറുദീസ വ്യാപിപ്പിക്കുകയും അതും അതിലെ ജന്തുജീവനും പരിപാലിക്കുകയും ചെയ്യുക
ഭൂമിയിൽ ജീവിതം എന്നേക്കും ആസ്വദിക്കുക