അനുസരണത്തോടുളള ഒരു വ്യത്യസ്ത വീക്ഷണം
അധ്യായം 17
അനുസരണത്തോടുളള ഒരു വ്യത്യസ്ത വീക്ഷണം
1. യഹോവ എന്തുകൊണ്ടാണ് യെരൂശലേമിനെ നശിപ്പിക്കാൻ ബാബിലോന്യരെ അനുവദിച്ചത്?
യെരൂശലേം ബാബിലോന്യരാൽ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് അനേക വർഷങ്ങളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും എന്തുകൊണ്ടെന്നും യഹോവ യഹൂദൻമാർക്ക് മുന്നറിയിപ്പുകൊടുത്തിരുന്നു. ദൈവത്തെ അനുസരിക്കുന്നതിനുപകരം അവർ വഴക്കമില്ലാത്ത തങ്ങളുടെ സ്വന്ത ഹൃദയത്തിന്റെ ചായ്വുകളെ അനുസരിച്ച് നടക്കുകയായിരുന്നു.—യിരെമ്യാവ് 25:8, 9; 7:24-28.
2. (എ) ന്യായയുക്തമായി എന്തു പ്രയോജനങ്ങൾ ദൈവത്തോടുളള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു? (ബി) യിസ്രായേൽ യഹോവയുമായി ഒരു ഉടമ്പടി ബന്ധത്തിലേക്ക് വരുത്തപ്പെട്ടതെങ്ങനെ?
2 തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല, എന്നാൽ ന്യായമായും, തന്റെ അംഗീകാരവും അതോടൊപ്പം ലഭിക്കുന്ന ജീവന്റെ അനുഗ്രഹങ്ങളും ആഗ്രഹിക്കുന്ന എല്ലാവരിൽനിന്നും അവൻ അനുസരണം ആവശ്യപ്പെടുന്നു. യിസ്രായേല്യരെ ഈജിപ്ററിൽനിന്ന് വിടുവിച്ചശേഷം യഹോവ അവരോടു പറഞ്ഞു: “നിങ്ങൾ കർശനമായും എന്റെ ശബ്ദം അനുസരിക്കുകയും വാസ്തവമായും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ എല്ലാ ജനങ്ങളിലും വച്ച് നിങ്ങൾ എന്റെ പ്രത്യേക സ്വത്തായിരിക്കും, എന്തുകൊണ്ടെന്നാൽ ഭൂമി മുഴുവൻ എനിക്കുളളതാകുന്നു. നിങ്ങൾതന്നെയും എനിക്ക് പുരോഹിതൻമാരുടെ ഒരു രാജ്യവും ഒരു വിശുദ്ധ ജനതയുമായിത്തീരും.” (പുറപ്പാട് 19:5, 6) ദൈവം അവർക്കുവേണ്ടിയുളള തന്റെ നിബന്ധനകൾ പ്രഖ്യാപിക്കുകയും “ഉടമ്പടിയുടെപുസ്തക”ത്തിന്റെ ഒരു വായന അവർ ശ്രദ്ധിക്കുകയും ചെയ്തശേഷം ദൈവവുമായുളള അത്തരമൊരു ബന്ധത്തിൽ ഉൾപ്പെട്ടിരുന്ന ഉത്തരവാദിത്വം അവർ സ്വമനസ്സാലെ ഏറെറടുത്തു.—പുറപ്പാട് 24:7.
3. (എ) അതിനുശേഷം യിസ്രായേല്യർ എങ്ങനെയാണ് യഹോവയോട് ഒരു മത്സരാത്മാവ് പ്രകടമാക്കിയത്? (ബി) ആ സംഭവങ്ങൾ എന്തിനാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്?
3 എന്നിരുന്നാലും, ഏറെത്താമസിയാതെ മത്സരത്തിന്റെ ഒരാത്മാവ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. യിസ്രായേൽ പുത്രൻമാർ പ്രത്യക്ഷമായി യഹോവയിലുളള തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചുകളഞ്ഞില്ല; എന്നാൽ, അവന്റെ നിയമത്തെ ധിക്കരിച്ചുകൊണ്ട് അനേകർ യഹോവയുടെ ആരാധനയിൽ ഈജിപ്ററുകാരുടെ ആചാരങ്ങൾ കൂട്ടിക്കലർത്താൻ ശ്രമിച്ചു. (പുറപ്പാട് 32:1-8) പിന്നീട് ചിലർ യഹോവ തന്റെ ദൃശ്യപ്രതിനിധികളായി ഉപയോഗിച്ചുകൊണ്ടിരുന്ന പുരുഷൻമാരിൽ കുററം കണ്ടുപിടിച്ചു. (സംഖ്യാപുസ്തകം 12:1-10; 16:1-3, 31-35) ഒരു ജനതയെന്ന നിലയിൽ, യിസ്രായേല്യർ മാനുഷഭയത്താൽ പ്രേരിതരായി ദൈവത്തിന്റെ വചനം അനുസരിച്ചുപ്രവർത്തിക്കുന്നതിൽ വിശ്വാസരാഹിത്യം പ്രകടമാക്കി. (സംഖ്യാപുസ്തകം 13:2, 31-33; 14:1-4; എബ്രായർ 3:17-19) തെററുകൾ മന:പൂർവമല്ലാഞ്ഞപ്പോൾ താഴ്മയോടെ അനുതപിച്ചവർക്ക് ക്ഷമ ലഭിക്കുമായിരുന്നു. എന്നാൽ ഒൻപത് നൂററാണ്ടുകളിലെ ഒരു കാലഘട്ടത്തിൽ ആ ജനത മന:പൂർവം ഒന്നിനു പുറകെ ഒന്നായി ദൈവിക നിബന്ധനകളെ തളളിക്കളഞ്ഞു, മിക്കപ്പോഴും അവയിൽ അനേകവും. അവർ ചെയ്ത കാര്യങ്ങളും അവയുടെ അനന്തരഫലങ്ങളും നമുക്ക് മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളായിട്ട് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.—2 ദിനവൃത്താന്തം 36:15-17; 1 കൊരിന്ത്യർ 10:6-11.
4. (എ) രേഖാബ്യർ ആരായിരുന്നു? (ബി) യോനാദാബ് അവരുടെമേൽ എന്തു കടപ്പാടുകൾ വച്ചിരുന്നു?
4 യിരെമ്യാവിന്റെ നാളുകളിൽ യഹൂദൻമാർക്ക് അവരുടെ ഗതിയുടെ ഗുരുതരമായ ഭവിഷ്യത്തുകൾ സംബന്ധിച്ച് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയശേഷം യഹോവ അവരുടെ മുമ്പാകെ ഒരു ദൃഷ്ടാന്തം വച്ചു—രേഖാബ്യർ. യേഹുവിനോടൊപ്പം പൂർണ്ണ യോജിപ്പിൽ നിന്നുകൊണ്ട് യേഹുവിനെപ്പോലെതന്നെ താനും യഹോവക്കെതിരെ മത്സരം വച്ചുപൊറുപ്പിക്കില്ല എന്ന് പ്രകടമാക്കിയ യോനാദാബിന്റെ അനന്തരഗാമികളായിരുന്ന യിസ്രായേല്യേതരരായിരുന്നു അവർ. രേഖാബ്യരുടെ ഗോത്രപിതാവെന്ന നിലയിൽ ഈ യെഹോനാദാബ് (അല്ലെങ്കിൽ യോനാദാബ്) അനിശ്ചിതകാലത്തോളം വീഞ്ഞ് ഉപയോഗിക്കരുതെന്നും വീടുകളിൽ പാർക്കാതെയും കൃഷിചെയ്യാതെയും നാടോടികളെപ്പോലെ കൂടാരങ്ങളിൽ പാർക്കണമെന്നും അവരോട് കൽപ്പിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ അവർ നഗരജീവിതത്തിന്റെ ദോഷവശങ്ങളിൽനിന്നും സ്വസുഖാന്വേഷണത്തിൽനിന്നും സ്വതന്ത്രരായി, തങ്ങൾ ആർക്കിടയിൽ പാർത്തുവോ ആ യിസ്രായേല്യരോടൊപ്പം യഹോവയുടെ ആരാധനയിൽ പങ്കുചേർന്നുകൊണ്ട് സുബോധത്തോടെയുളള ഒരു ലളിത ജീവിതം നയിക്കുമായിരുന്നു.
5. അനുസരണത്തിന്റെ സംഗതിയിൽ രേഖാബ്യർ നല്ല മാതൃകയായിരുന്നതെങ്ങനെ?
5 യഹൂദർ അഖിലാണ്ഡ പരമാധികാരിയായ യഹോവയെ ശ്രദ്ധിക്കാൻ വിസമ്മതിക്കെ രേഖാബ്യർ തങ്ങളുടെ മാനുഷ പൂർവപിതാവിനെ അനുസരിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? അവർ അങ്ങനെ ചെയ്തു, അതും ഒരു മാതൃകാപരമായ രീതിയിൽ. ബാബിലോന്യരും സിറിയാക്കാരുമായ സൈന്യങ്ങൾ യഹൂദയെ ആക്രമിച്ചപ്പോൾ രേഖാബ്യർ യെരൂശലേമിൽ അഭയം തേടിയെങ്കിലും അവർ തുടർന്നും കൂടാരങ്ങളിൽ തന്നെ പാർത്തു. തങ്ങൾ ആർക്കിടയിൽ പാർത്തുവോ ആ ജനതക്ക് വീഞ്ഞുകുടിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും വീഞ്ഞു തൊടുകയില്ലെന്നുളള രേഖാബ്യരുടെ നിശ്ചയം എത്ര ദൃഢതരമായിരുന്നു? യിരെമ്യാവ് രേഖാബ്യരെ ആലയത്തിലെ ഭക്ഷണമുറിയിലേക്ക് ക്ഷണിക്കുന്നതിനും വീഞ്ഞുനിറച്ച കപ്പുകൾ അവരുടെ മുമ്പാകെ വച്ചുകൊണ്ട് കുടിക്കാൻ അവരെ ക്ഷണിക്കുന്നതിനും യഹോവ ഇടയാക്കി. എന്നാൽ അവർ വിസമ്മതിച്ചു. എന്തുകൊണ്ട്? തെളിവനുസരിച്ച് യഹോവയോടുളള അവരുടെ പൂർവപിതാവിന്റെ ഭക്തിയെ അവർ വിലമതിച്ചു, തങ്ങളുടെ ക്ഷേമത്തിലുളള അവരുടെ പൂർവപിതാവിന്റെ സ്നേഹപൂർവകമായ താൽപര്യം അവർ തിരിച്ചറിഞ്ഞു, അതുകൊണ്ട് അവർ അദ്ദേഹത്തിന്റെ കൽപ്പന അനുസരിക്കുകയും ചെയ്തു. യഹോവയോട് യഹൂദൻമാർ പ്രകടമാക്കിയ അനുസരണമില്ലായ്മയെ എടുത്തുകാണിച്ച അനുസരണത്തിന്റെ ഈ നല്ല ദൃഷ്ടാന്തം യഹോവക്ക് പ്രസാദകരമായിരുന്നു.—യിരെമ്യാവ് 35:1-11.
6. (എ) ഇന്ന് രേഖാബ്യരെപ്പോലെയായിരിക്കുന്നത് ആരാണ്? (ബി) അനുസരണംകെട്ട യിസ്രായേല്യരുടെ പ്രതിമാതൃകയാണെന്ന് തെളിഞ്ഞിരിക്കുന്നത് ആരാണ്?
6 ഇന്ന് രേഖാബ്യരെപ്പോലെയുളള ആളുകളുണ്ട്. ഇത് കർത്താവിന്റെ “വേറെ ആടുകളാണ്.” അവർ വീഞ്ഞു കുടിക്കുമോ ഇല്ലയോ എന്നത് ഇന്ന് ഒരു പ്രശ്നമായിരിക്കുന്നില്ല. (1 തിമൊഥെയോസ് 5:23 കാണുക.) അധികം മദ്യപിക്കുകയോ മത്തരായിത്തീരുകയോ ചെയ്യാത്തിടത്തോളം ഇത് വ്യക്തിപരമായ ഒരു സംഗതിയാണ്. (സദൃശവാക്യങ്ങൾ 23:20; 1 കൊരിന്ത്യർ 6:9, 10) എന്നാൽ ദൈവികമായ അനുസരണം ജീവൽപ്രധാനമാണ്. വിശ്വാസത്യാഗിയായ യിസ്രായേലിന്റെ പ്രതിമാതൃകയായ ക്രൈസ്തവമണ്ഡലത്തോടുളള വിപരീത താരതമ്യത്തിൽ ആധുനിക രേഖാബ്യവർഗ്ഗം ദൈവികമായ അനുസരണത്തിന്റെ മൂല്യം തങ്ങൾക്കറിയാമെന്ന് അവരുടെ പ്രവൃത്തികളാൽ പ്രകടമാക്കുന്നു. ഇത് അവർക്ക് എങ്ങനെ പ്രയോജനം ചെയ്യും?
7. (എ) യഹോവ രേഖാബ്യരോട് പ്രോത്സാഹജനകമായ എന്തു വാഗ്ദത്തം ചെയ്തു? (ബി) അത് ആധുനികകാല രേഖാബ്യവർഗ്ഗത്തിന് എന്തു പ്രത്യാശ വച്ചുനീട്ടുന്നു?
7 രേഖാബ്യരുടെ ഭക്തിക്ക് പ്രതിഫലമായി യഹോവ ഇങ്ങനെ പറഞ്ഞുകൊണ്ട് നമ്മുടെ നാളിലേക്ക് ശക്തമായ പ്രാവചനിക പ്രാധാന്യമുളള ഒരു വാഗ്ദാനം അവർക്കു നൽകി: “നിങ്ങൾ നിങ്ങളുടെ പൂർവപിതാവായ യോനാദാബിന്റെ കൽപ്പന അനുസരിച്ചിരിക്കുന്നതുകൊണ്ടും അവന്റെ കൽപ്പനകളെല്ലാം അനുസരിക്കുന്നതിലും അവൻ ആജ്ഞാപിച്ചിട്ടുളളതൊക്കെയും അനുസരിച്ച് ചെയ്യുന്നതിലും തുടരുന്നതുകൊണ്ടും യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നതിതാണ്: ‘എന്റെ മുമ്പാകെ എല്ലായ്പ്പോഴും നിൽപ്പാൻ രേഖാബിന്റെ മകനായ യോനാദാബിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.’” (യിരെമ്യാവ് 35:18, 19) പൊ. യു. മു. 607-ലെ യെരൂശലേമിന്റെ നാശത്തിങ്കൽ അതിജീവകരോടൊപ്പം അവർ ഉണ്ടായിരുന്നു. അവരാൽ മുൻനിഴലാക്കപ്പെട്ട വർഗ്ഗം ക്രൈസ്തവലോകത്തിന്റെയും, യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് സ്വതന്ത്രമായി സ്വന്തവഴിയെ പോകുന്ന ലോകത്തിന്റെ ശേഷം ഭാഗത്തിന്റെയും വരാൻപോകുന്ന നാശത്തെ അതിജീവിക്കും.
അനുസരണം എളുപ്പമല്ലാതിരുന്നേക്കാവുന്നതെന്തുകൊണ്ട്
8. അനുസരണം പ്രയാസകരമാണെന്ന് അനേകർ കണ്ടെത്തുന്നത് എന്തുകൊണ്ടാണ്?
8 അനുസരണം പഠിക്കാൻ പ്രയാസമാണെന്ന് അനേകമാളുകൾ കണ്ടെത്തുന്നു. ഓരോരുത്തരും ‘സ്വന്തം കാര്യം നോക്കുന്ന’ ഒരു ലോകത്തിലാണ് അവർ വളർന്നുവന്നിട്ടുളളത്. ദൈവരാജ്യത്തിൻകീഴിലെ ജീവിതത്തെപ്പററി പഠിക്കുന്നത് അവർ ഇഷ്ടപ്പെട്ടേക്കാം. എന്നാൽ അഹങ്കാരം അവരുടെ ചിന്തയെ ഇരുളാക്കുന്നുവെങ്കിൽ ദൈവത്തിന്റെ ചില നിബന്ധനകളെ അവർ തളളിക്കളയുകയോ അവ നൽകപ്പെട്ടിരിക്കുന്ന വിധത്തിൽ കുററം കണ്ടുപിടിക്കുകയോ ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 8:13; 16:18) എലീശാപ്രവാചകന്റെ കാലത്ത് സിറിയൻ സൈന്യാധിപനായിരുന്ന നയമാന് ആ പ്രശ്നമുണ്ടായിരുന്നു.
9. (എ) നയമാൻ എലീശായെ സന്ദർശിക്കാനിടയായതെങ്ങനെയാണ്? (ബി) അയാൾ എന്തു പ്രതീക്ഷിച്ചു, എന്നാൽ യഥാർത്ഥത്തിൽ എന്തു സംഭവിച്ചു?
9 നയമാന് കുഷ്ഠബാധയുണ്ടായിരുന്നു. നയമാൻ യിസ്രായേലിൽ യഹോവയുടെ പ്രവാചകന്റെ അടുക്കൽ പോയിരുന്നെങ്കിൽ അയാളുടെ കുഷ്ഠം മാറുമായിരുന്നു എന്ന് ഒരു യുവ യിസ്രായേല്യ അടിമ ധൈര്യപൂർവം തന്റെ വിശ്വാസം അയാളെ അറിയിച്ചതിനാൽ നയമാൻ യിസ്രായേലിലേക്ക് യാത്ര ചെയ്തു. കുതിരകളോടും യുദ്ധരഥങ്ങളോടുംകൂടെ നയമാൻ എലീശായുടെ ഭവനത്തിലേക്ക് ചെന്നു. നയമാൻ ഒരു പ്രമുഖ വ്യക്തിയായിരുന്നു; തന്നെ സ്വീകരിക്കാൻ എലീശ ഇറങ്ങിവരുമെന്നും യഹോവയെ വിളിച്ച് പ്രാർത്ഥിക്കുകയും രോഗമുളള ഭാഗത്ത് അതു സൗഖ്യമാകുന്നതുവരെ അങ്ങോട്ടുമിങ്ങോട്ടും കൈ ഓടിക്കുകയും ചെയ്തുകൊണ്ട് ഒരു ചടങ്ങ് നടത്തുമെന്നും അയാൾ പ്രതീക്ഷിച്ചിരുന്നു. മറിച്ച് യോർദ്ദാൻ നദിയിൽ പോയി ഏഴു പ്രാവശ്യം കുളിക്കണമെന്ന് അവനോട് പറയാൻ എലീശ ഒരു ദൂതനെ അയയ്ക്കുകമാത്രം ചെയ്തു.—2 രാജാക്കൻമാർ 5:1-12.
10. (എ) നയമാൻ എങ്ങനെ പ്രതികരിച്ചു? (ബി) അവസാനം അനുസരിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്ത്? (സി) ഫലമെന്തായിരുന്നു?
10 നയമാന്റെ അഭിമാനബോധം ക്ഷതപ്പെട്ടു. ദേഷ്യത്തോടെ അയാൾ അവിടം വിട്ടുപോയി. എന്നാൽ കൂടെയുണ്ടായിരുന്നവർ അയാളോട് ന്യായവാദം ചെയ്തശേഷം വിശ്വാസത്തോടെ അയാൾ തന്നെത്താൻ താഴ്ത്തി. “അതിങ്കൽ അവൻ യോർദ്ദാൻ നദിയിൽ ചെന്ന് സത്യദൈവത്തിന്റെ പുരുഷൻ പറഞ്ഞതുപോലെ ഏഴു പ്രാവശ്യം അതിൽ മുങ്ങാൻ തുടങ്ങി; അവന്റെ ദേഹം ഒരു ചെറിയ ബാലന്റെ ദേഹം പോലെയായി; അവൻ ശുദ്ധനായിത്തീർന്നു.” യഹോവയാണ് ഏക സത്യദൈവമെന്ന് നയമാന് ബോധ്യമായി, അയാളുടെ ആദ്യ പ്രതികരണം മറിച്ചായിരുന്നെങ്കിലും എലീശ നൽകിയ നിർദ്ദേശം ദൈവത്തിൽനിന്നായിരുന്നുവെന്ന് അയാൾ തിരിച്ചറിഞ്ഞു.—2 രാജാക്കൻമാർ 5:13-15.
11. (എ) ഏതു വിധങ്ങളിലാണ് “വേറെ ആടുകൾ” നയമാനാൽ ചിത്രീകരിക്കപ്പെട്ടത്? (ബി) നാമെല്ലാവരും സുപ്രധാനമായ എന്തു പാഠം പഠിക്കണം?
11 ഒരുപക്ഷേ നയമാന്റേതുപോലുളള ചില സ്വഭാവവിശേഷങ്ങൾ നിങ്ങൾ നിങ്ങളിൽത്തന്നെ കാണുന്നുണ്ടോ? വിശ്വാസം പ്രകടമാക്കിയ മററു യിസ്രായേല്യേതരരുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ തിരുവെഴുത്തുകളിൽ നയമാൻ സത്യാരാധനയിൽ പങ്കുചേരുന്ന “വേറെ ആടുകളെ” ചിത്രീകരിക്കാൻ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പാപത്തിൽ ജനിച്ചവരാകയാൽ ഇവരെല്ലാവരും ഒരിക്കൽ ആത്മീയമായി രോഗികളായിരുന്നു. അവരെല്ലാവരും യഹോവയുടെ അഭിഷിക്ത ദാസൻ വർഗ്ഗത്തിന്റെ സഹായം തേടുകയും ഈ “അടിമ” ദൈവവചനത്തിൽനിന്ന് പഠിപ്പിച്ചതിനോടുളള അനുസരണത്തിൽ പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. (മത്തായി 24:45) ഒരു കാലത്ത് ചിലർ അവർക്കു നൽകപ്പെട്ട മുഴുതിരുവെഴുത്തു ബുദ്ധിയുപദേശവും—ക്രമമായി സഭായോഗങ്ങൾക്ക് ഹാജരാകേണ്ടതിന്റെ ആവശ്യകത, ലോകത്തിൽനിന്ന് വേർപെട്ടിരിക്കുന്നതിന്റെ അല്ലെങ്കിൽ ക്രിസ്തീയ ജലസ്നാപനത്തിന്റെ പ്രാധാന്യം എന്നിവപോലുളളത്—വിലമതിച്ചില്ല. ക്രിസ്തുവിന്റെ ഒരു അനുഗാമിയായിത്തീരുന്നതിന് ‘തന്നെത്താൻ ത്യജിക്കേണ്ടതിന്റെ’ ആവശ്യത്തോട് അവരുടെ ഹൃദയം ചെറുത്തുനിന്നതിനാൽ സമർപ്പണത്തിൽനിന്നും ജലസ്നാപനത്തിൽനിന്നും അവർ മാറിനിന്നിട്ടുണ്ടായിരിക്കാം. ചിലരുടെ സംഗതിയിൽ സഭയിൽ ഉത്തരവാദിത്വപ്പെട്ടവർ തങ്ങൾക്ക് ബുദ്ധിയുപദേശം നൽകിയ വിധത്തെ അവർ വിമർശിച്ചു. എന്നാൽ കാലക്രമത്തിൽ യഥാർത്ഥത്തിൽ കർത്താവിന്റെ “വേറെ ആടുകളാ”യിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും എളിമയുടെയും സ്നേഹപൂർവകമായ അനുസരണത്തിന്റെയും പ്രാധാന്യം പഠിക്കേണ്ടതുണ്ട്.—യാക്കോബ് 4:6; മത്തായി 16:24.
നമുക്ക് പ്രയോജനം ചെയ്യുന്ന കൽപ്പനകൾ
12, 13 (എ) യഹോവയുടെ കൽപ്പനകളോടുളള അനുസരണം നമുക്ക് പ്രയോജനം ചെയ്യുന്നതെന്തുകൊണ്ട്? (ബി) ഇത് എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
12 നാം യഹോവയെയും അവന്റെ വഴികളെയും കുറിച്ച് അറിയുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ അവൻ തന്റെ ദാസൻമാരോട് പറഞ്ഞ വാക്കുകൾ എത്ര സത്യമാണെന്ന് നാം വിലമതിക്കാൻ ഇടയാകും: “നിനക്കുതന്നെ പ്രയോജനം ചെയ്യാൻ നിന്നെ പഠിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നീ നടക്കാൻ ഇടയാക്കുകയും ചെയ്യുന്ന യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു. അയ്യോ നീ എന്റെ കൽപ്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊളളാമായിരുന്നു!” (യെശയ്യാവ് 48:17, 18) തന്റെ ജനം തന്റെ കൽപ്പനകൾക്ക് ശ്രദ്ധ നൽകിക്കൊണ്ട് വിപത്ത് ഒഴിവാക്കണമെന്നും ജീവിതമാസ്വദിക്കണമെന്നുമാണ് യഹോവയുടെ ആത്മാർത്ഥമായ ആഗ്രഹം. നാം എങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നും എന്താണ് നമുക്ക് യഥാർത്ഥ സന്തോഷം കൈവരുത്തുന്നതെന്നും അവനറിയാം. നമ്മെ അധമാവസ്ഥയിലാക്കിയേക്കാവുന്നതോ മററുളളവരുമായുളള നമ്മുടെ ബന്ധത്തെ നശിപ്പിച്ചേക്കാവുന്നതോ ആയ പെരുമാററത്തിനെതിരെ അവൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു.
13 ദുർവൃത്തിക്കും വ്യഭിചാരത്തിനുമെതിരെയുളള അവന്റെ മുന്നറിയിപ്പുകൾക്ക് ശ്രദ്ധ കൊടുത്തിട്ടുളളവർ ഇവ ഉളവാക്കുന്ന വൈകാരിക അസ്വസ്ഥത, രോഗം, ജാരജനനം എന്നിവയിൽനിന്ന് സുരക്ഷിതരായിരിക്കുന്നു. (1 കൊരിന്ത്യർ 6:18; എബ്രായർ 13:4) 2 കൊരിന്ത്യർ 7:1-ലേതുപോലുളള ബുദ്ധിയുപദേശം ബാധകമാക്കുന്നതിനാൽ ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെറുപ്പത്തിലെയുളള മരണത്തിനിടയാക്കുകയും ചെയ്യാൻ കഴിയുന്ന പുകയിലയിലും മററു മയക്കുമരുന്നുകളിലുമുളള ആസക്തിയിൽനിന്ന് അവർ തങ്ങളെത്തന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. ‘രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കാ’നുളള അവന്റെ കൽപ്പന തങ്ങളുടെ ഭാവി ജീവിത പ്രത്യാശ ആരെ ആശ്രയിച്ചിരിക്കുന്നുവോ ആ ഒരുവനിലുളള ആശ്രയം ശക്തമാക്കാൻ അവന്റെ ദാസൻമാരെ സഹായിച്ചിരിക്കുന്നു; അതേസമയം അത് രക്തപകർച്ചയിലൂടെ പകരുന്ന ഭയാനകമായ രോഗങ്ങളിൽനിന്ന് അവരെ സംരക്ഷിച്ചിരിക്കുന്നു.—പ്രവൃത്തികൾ 15:28, 29.
14. അനാവശ്യമായി ലോകത്തോട് ബന്ധപ്പെടാതെ ഒന്നാമത് രാജ്യം അന്വേഷിക്കുന്നതിനാൽ നമുക്കെങ്ങനെ പ്രയോജനം ലഭിക്കുന്നു?
14 നാം ഈ ലോകത്തിലായിരിക്കുന്നിടത്തോളം കാലം അതുമായി നമുക്ക് ചില അത്യാവശ്യ ബന്ധങ്ങൾ നിലനിർത്തേണ്ടിവരുന്നു. എന്നാൽ നമ്മുടെ പ്രതീക്ഷകൾ അതിൽ ഉറപ്പിക്കരുതെന്നും അതിന്റെ ഭാഗമായിരിക്കരുതെന്നും യഹോവ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. ലോകത്തിന്റെ ഭാവിയെന്താണെന്ന് അവനറിയാം. ദൈവം പൊളിച്ചുകളയാനിരിക്കുന്നത് കെട്ടിപ്പടുക്കുന്നതിനുവേണ്ടി ജീവിതം ചെലവിടുന്നത് എത്ര മൗഢ്യമായിരിക്കും! എന്നാൽ അതിലും മോശമായി അങ്ങനെ ചെയ്യുന്നവർ തങ്ങളുടെ ജീവിതം എന്തിനുവേണ്ടി അർപ്പിച്ചുവോ ആ ലോകത്തിന്റെ വിധിയിൽ പങ്കുപറേറണ്ടിവരും. അതുകൊണ്ട് ദൈവത്തിന്റെ പുത്രൻ നൽകിയ ബുദ്ധിയുപദേശം എത്ര പ്രയോജനപ്രദമാണ്: ദൈവരാജ്യം അന്വേഷിക്കുക! അതു നിങ്ങളുടെ ജീവിതത്തിൽ ഒന്നാമത് വയ്ക്കുക!—1 യോഹന്നാൻ 2:17; മത്തായി 6:33.
15. (എ) ആദാം നഷ്ടമാക്കിയത് തിരികെ ലഭിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുന്നതിന് നാം എന്തു ചെയ്യാൻ പഠിക്കണം? (ബി) സഹസ്രാബ്ദ വാഴ്ചക്കാലത്ത് യഹോവ എങ്ങനെയാണ് നമ്മോട് സംസാരിക്കുക?
15 നമ്മുടെ ആവശ്യങ്ങൾ എന്താണെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് യഹോവ തന്റെ ജനത്തെ നീതിയുളള പുതിയ വ്യവസ്ഥിതിയിലെ ജീവനുവേണ്ടി ഒരുക്കുകയാണ്. ആദാമിന്റെ ഭാഗത്തെ അനുസരണക്കേട് മാനുഷ അപൂർണ്ണതയിലേക്കും നിത്യജീവന്റെ നഷ്ടത്തിലേക്കും പറുദീസയിൽനിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു. തീർച്ചയായും ആദാം നഷ്ടപ്പെടുത്തിയത് തിരികെ ലഭിക്കുന്നതിന്റെ അനുഗ്രഹം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുന്നതിന് ദൈവം സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കുന്നു എന്നതിന് നാം തെളിവ് നൽകണം. മനുഷ്യവർഗ്ഗം പൂർണ്ണതയിലേക്ക് വരുത്തപ്പെടുന്ന, വരാൻ പോകുന്ന ആ സഹസ്രാബ്ദകാലത്ത് അവൻ എങ്ങനെയായിരിക്കും നമ്മോട് സംസാരിക്കുക? മശിഹൈക രാജ്യത്തിലൂടെ. ആ ഗവൺമെൻറിന് ദൃശ്യ ഭൗമിക പ്രതിനിധികളും ഉണ്ടായിരിക്കുമോ? ഉവ്വ്. രാജാവിന് അവന്റെ സേവനത്തിൽ “ഭൂമിയിലെല്ലാം പ്രഭുക്കൻമാർ” ഉണ്ടായിരിക്കും. (സങ്കീർത്തനം 45:16; യെശയ്യാവ് 32:1, 2 താരതമ്യം ചെയ്യുക.) ഈ പ്രഭുക്കൻമാരോടുളള സ്നേഹപൂർവകമായ അനുസരണം വഴി മനുഷ്യവർഗ്ഗം അവരുടെ സ്വർഗ്ഗീയരാജാവിനോടുളള കീഴ്പ്പെടൽ പ്രകടമാക്കും.
16. മൂപ്പൻമാരോടുളള അനുസരണം ഇപ്പോൾ ഒരു സംരക്ഷണമായിരിക്കുന്നതെന്തുകൊണ്ട്, ദൈവത്തിന്റെ നൂതനക്രമത്തിലെ ജീവനുവേണ്ടി അത് ഒരു നല്ല ഒരുക്കമായിരിക്കുന്നതെന്തുകൊണ്ട്?
16 ആ സമയത്തേക്കുളള ഒരു ഒരുക്കമെന്ന നിലയിൽ ഇപ്പോൾ യഹോവ തന്റെ ദൃശ്യ ദിവ്യാധിപത്യസ്ഥാപനത്തിലൂടെ പരിശീലനം നൽകുന്നു. സഭകളിൽ അവൻ ആത്മീയമായി പ്രായമേറിയ പുരുഷൻമാരെ അല്ലെങ്കിൽ മൂപ്പൻമാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു. അവർ സഭായോഗങ്ങൾക്ക് ആവശ്യമായ മേൽനോട്ടം വഹിക്കുകയും രാജ്യദൂത് പ്രസംഗിക്കുന്നതിൽ നേതൃത്വമെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തിൽ ബൈബിൾ തത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്ന് പഠിക്കാൻ യഹോവയെ സേവിക്കാനാഗ്രഹിക്കുന്നവരെയെല്ലാം അവർ സഹായിക്കുന്നു. ദൈവവുമായുളള ഒരുവന്റെ ബന്ധത്തെ തകർത്തേക്കാവുന്ന കെണികൾക്കെതിരെ അവർ സ്നേഹപൂർവം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. കൊടുങ്കാററുണ്ടാകുമ്പോഴും ഭൂകമ്പമുണ്ടാകുമ്പോഴും സായുധ അക്രമപ്രവർത്തനങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴും മൂപ്പൻമാരുടെ നിർദ്ദേശങ്ങൾക്ക് ശ്രദ്ധ നൽകുന്നത് മിക്കപ്പോഴും ജീവൻ സംരക്ഷിക്കപ്പെടുന്നതിൽ കലാശിക്കുന്നതായി ലോകത്തിലെല്ലാമുളള യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞിരിക്കുന്നു. സഭ മൂപ്പൻമാരുടേതല്ല; അത് ദൈവത്തിന്റേതാണ്. മൂപ്പൻമാർ നിശ്വസ്തരാക്കപ്പെട്ടിരിക്കുന്നതായും അവകാശപ്പെടുന്നില്ല. എന്നാൽ തിരുവെഴുത്തുകൾ പ്രകടമാക്കുന്നതുപോലെ നേതൃത്വമെടുക്കാൻ യഹോവ അവരെ ഉപയോഗിക്കുന്നു, അവരോടുളള അനുസരണം നൂതനക്രമത്തിലേക്കുളള അതിജീവനത്തിന് തന്റെ ദാസൻമാരെ ഒരുക്കാൻ യഹോവ ഉപയോഗിക്കുന്ന ക്രമീകരണത്തോടുളള ആദരവ് പ്രകടമാക്കുന്നു.—പ്രവൃത്തി 20:28; എബ്രായർ 13:17.
17. അനുസരണമുളളവരായിരിക്കുന്നതിന് എന്താണ് നമ്മെ പ്രേരിപ്പിക്കേണ്ടത്?
17 എന്നിരുന്നാലും, വരാനിരിക്കുന്ന ലോകനാശത്തെ അതിജീവിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാനുളള ആഗ്രഹം മാത്രമല്ല അത്തരം അനുസരണത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. അതിൽ കൂടുതലുണ്ട്. എന്ത്? ജീവനോടും അതു നിലനിർത്താൻ ദൈവം ചെയ്തിരിക്കുന്ന എല്ലാ കരുതലുകളോടുമുളള വിലമതിപ്പ്. നമ്മുടെ ജീവിതത്തെ ധന്യമാക്കുന്ന അവന്റെ ദാനങ്ങളോടുളള വിലമതിപ്പ്—ന്യായവാദം ചെയ്യാനും സൗന്ദര്യവും ആത്മീയമൂല്യങ്ങളും വിലമതിക്കാനുമുളള കഴിവും നമ്മുടെ സ്രഷ്ടാവിനെ അറിയാനും ആരാധിക്കാനുമുളള പ്രാപ്തിയും. കൂടാതെ എന്നേക്കും ജീവിക്കാനുളള അവസരം നമുക്ക് ലഭിക്കേണ്ടതിന് ഒരു ബലിയായി ജീവനെ അർപ്പിക്കാൻ തന്റെ പുത്രനെ നൽകാൻ ദൈവത്തെ പ്രേരിപ്പിച്ച അവന്റെ സ്വന്തം ഭാഗത്തെ വലിയ സ്നേഹത്തെ സംബന്ധിച്ച തിരിച്ചറിവും.
18. ദൈവത്തെ നാം നന്നായി അറിയുമ്പോൾ അവനോടും അവന്റെ സ്ഥാപനത്തോടുമുളള അനുസരണത്തെ നാം എങ്ങനെ വീക്ഷിക്കും?
18 ദൈവത്തെ നന്നായി അറിയാനിടയായിട്ടുളളവരെ സംബന്ധിച്ചിടത്തോളം അനുസരണമെന്നത് അസുഖകരമായ ഒരു കടമയല്ല. അവന്റെ ഉദ്ദേശ്യങ്ങളെയും നിബന്ധനകളെയും സംബന്ധിച്ചുളള കൃത്യമായ ധാരണയും അവ ബാധകമാക്കുന്നതിൽനിന്ന് ആസ്വദിക്കാൻ കഴിയുന്ന നല്ല ഫലങ്ങളും ദൈവത്തിന്റെ വഴികളിൽ കാര്യങ്ങൾ ചെയ്യുന്നത് മാത്രമാണ് ഏററം ന്യായയുക്തവും ബുദ്ധിപൂർവകവുമായ ഗതി എന്നതിനെപ്പററി അവരുടെ മനസ്സുകളിൽ യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല. അതൊരു സംരക്ഷണമായിരിക്കുന്നതായി അവർ തിരിച്ചറിയുന്നു. അത് ദൈവത്തോടുളള അവരുടെ സ്നേഹം പ്രകടമാക്കാനുളള ഒരു മാർഗ്ഗവുമാണ്. അവനെ അനുസരിക്കുന്നതിൽ അവർ വലിയ ഉല്ലാസം കണ്ടെത്തുന്നു.—1 യോഹന്നാൻ 5:3; സങ്കീർത്തനം 119:129.
[അധ്യയന ചോദ്യങ്ങൾ]
[135-ാം പേജിലെ ചിത്രങ്ങൾ]
കുഷ്ഠരോഗിയായിരുന്ന നയമാൻ ചെയ്തതുപോലെ ചിലർ അഹങ്കാരത്തെ കീഴ്പ്പെടുത്തേണ്ടതുണ്ട്