“അവർക്ക് മേലാൽ വിശക്കുകയില്ല”
അധ്യായം 10
“അവർക്ക് മേലാൽ വിശക്കുകയില്ല”
1. ഭക്ഷ്യം സംബന്ധിച്ച ലോകത്തിന്റെ ഉൽക്കണ്ഠ എത്ര ഗുരുതരമാണ്?
ലോകത്തെ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്ന് ഭക്ഷ്യം സംബന്ധിച്ചുളളതാണ്. ഉയർന്ന വില അനേകർക്ക് ബുദ്ധിമുട്ടുകൾക്കിടയാക്കുന്നു. മററു ചിലർ യഥാർത്ഥത്തിൽ പട്ടിണിയെ അഭിമുഖീകരിക്കുന്നു. ഓരോ വർഷവും 4 കോടി—ചില വർഷങ്ങളിൽ 5 കോടി വരെ—ആളുകൾ ആവശ്യമായ ഭക്ഷണം ലഭിക്കാത്തതിനാൽ മരിക്കുന്നതായി ഈ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിന്റെ ഏതാണ്ട് പതിൻമടങ്ങ് ആളുകൾ വികല പോഷണത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. ചില രാജ്യങ്ങൾ അവയ്ക്ക് ഭക്ഷിക്കാവുന്നതിലേറെ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ മൽസരങ്ങളും വ്യാപാരപരമായ അത്യാഗ്രഹവും മിച്ചമുളളത് ഏററം ആവശ്യമായിരിക്കുന്നവർക്ക് ലഭ്യമാക്കുന്നതിനുളള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നു.—വെളിപ്പാട് 6:5, 6 താരതമ്യപ്പെടുത്തുക.
2. സമൃദ്ധിയുളള രാജ്യങ്ങളിൽ പോലും ആളുകൾക്ക് ഉൽക്കണ്ഠപ്പെടാൻ കാരണമുളളതെന്തുകൊണ്ട്?
2 സമൃദ്ധിയുളളതായി തോന്നുന്ന രാജ്യങ്ങൾ പോലും ആശങ്കാജനകമായ ഒരു ഭാവിയെ അഭിമുഖീകരിക്കുന്നു. എന്തുകൊണ്ട്? നിലവിലുളള കൃഷിരീതി പലപ്പോഴും പെട്രോളിയത്തെ ആശ്രയിക്കുന്നു, ലോകവ്യപകമായ അതിന്റെ ലഭ്യതക്ക് പരിധിയുണ്ട്. കൃത്രിമ വളങ്ങളെ വളരെയധികം ആശ്രയിക്കുന്നത് ജല മലിനീകരണത്തിന് ഇടയാക്കുന്നു. കൃഷി സംരക്ഷണത്തിന് അമിതമായി ഉപയോഗിക്കുന്ന കീടനാശിനികൾ മണ്ണിന്റെ ഭാവി ഉൽപ്പാദന ശേഷി എന്തിനെ ആശ്രയിച്ചിരിക്കുന്നുവോ ആ ജീവികളെയെല്ലാം നശിപ്പിക്കുന്നു. മാനുഷ ശ്രമങ്ങളുടെ ഏതാണ്ട് എല്ലാവശങ്ങളിലുംതന്നെ ഗൗരവമായ പ്രശ്നങ്ങൾ പെരുകിവരുന്നു. ബുദ്ധിജീവികളുടേതായ ഒരു അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡൻറായ ഔറേലിയോ പെക്കേയി “ഒന്നിനു പുറകെ മറെറാന്നായി ദുരന്തങ്ങൾക്കിടയാക്കിക്കൊണ്ട് തട്ടിത്തെറിക്കുന്ന ഒരു വെടിയുണ്ടയോട്” ലോകത്തെ ഉപമിച്ചു. അത്തരം ഒരു രേഖ ചമച്ചിരിക്കുന്ന ഒരു ലോകത്തിൽ ഭാവി സംബന്ധിച്ച നമ്മുടെ പ്രത്യാശയെല്ലാം അർപ്പിക്കുന്നത് യാഥാർത്ഥ്യ ബോധത്തോടെയുളള ഒരു നടപടിയായിരിക്കുമോ?—യിരെമ്യാവ് 10:23; സദൃശവാക്യങ്ങൾ 14:12.
3. മുഴു മനുഷ്യവർഗ്ഗത്തിനും സമൃദ്ധമായ ആഹാരം ഉണ്ടായിരിക്കുമെന്ന് ഉറപ്പു നൽകാൻ കഴിയുന്നത് ആർക്ക് മാത്രമാണ്, നിങ്ങൾക്ക് അത്തരമൊരു ആത്മവിശ്വാസം നൽകുന്നതെന്ത്?
3 ന്യായയുക്തമായി, ദശലക്ഷക്കണക്കിനാളുകൾ ദൈവത്തിനു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന സഹായത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ബൈബിൾ പ്രവചനങ്ങൾ പരിശോധിച്ചതിനാൽ, യഹോവയാം ദൈവം തന്റെ സ്വർഗ്ഗീയപുത്രനായ യേശുക്രിസ്തുവിനെ സിംഹാസനസ്ഥനാക്കിയിരിക്കുന്നുവെന്നും മുഴു ഭൂമിയും അവന് അവകാശമായി നൽകിയിരിക്കുന്നുവെന്നും അവർക്കറിയാം. (സങ്കീർത്തനം 2:7, 8) മനുഷ്യവർഗ്ഗം മുഴുവനും ഭൂമിയുടെ ഉൽപ്പന്നങ്ങളാൽ ഉദാരമായി പോഷിപ്പിക്കപ്പെടുമെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ ജ്ഞാനവും പ്രാപ്തിയും അവനുണ്ട്. (സങ്കീർത്തനം 72:7, 8, 16; കൊലോസ്യർ 1:15-17) ഇപ്പോഴത്തെ സ്വാർത്ഥപരമായ വ്യവസ്ഥിതി നീക്കം ചെയ്യപ്പെട്ടുകഴിയുമ്പോൾ മുഴുഭൂമിയും ഒരു ഫലഭൂയിഷ്ഠമായ പറുദീസയായിത്തീരാൻ തക്കവണ്ണം യേശു അതിജീവകരായ മനുഷ്യരുടെ ശ്രമങ്ങളെ നയിക്കും.
4. ആ ഭൗതിക കരുതലുകളിൽ നിന്ന് പ്രയോജനം അനുഭവിക്കുന്നതിന് ഇപ്പോൾ നാം എന്തു ചെയ്യണം?
4 എന്നിരുന്നാലും അവന്റെ ഭരണത്തിൽനിന്ന് നിലനിൽക്കുന്ന പ്രയോജനം അനുഭവിക്കുന്നത് മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന് തിരിച്ചറിയുന്നവർ, ആത്മീയ മൂല്യങ്ങളെയും ദൈവത്തിന്റെ ഇഷ്ടം പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക വഴി ശക്തി സംഭരിക്കേണ്ടതിന്റെ ജീവൽപ്രധാനമായ ആവശ്യത്തെയും വിലമതിക്കുന്നവർ, ആയിരിക്കും. ബൈബിൾ ഇതിന്റെ പ്രാധാന്യം ആവർത്തിച്ച് വിശേഷവൽക്കരിക്കുന്നു. (യോഹന്നാൻ 4:34; 6:27; യിരെമ്യാവ് 15:16) “‘മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനങ്ങൾ കൊണ്ടും ജീവിക്കേണ്ടതാകുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞപ്പോൾ യേശു അതിന് ഊന്നൽ കൊടുത്തു. (മത്തായി 4:4) ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് ഇപ്പോൾ അത്തരം ഭക്ഷണം ആവശ്യമാണ്. നമുക്ക് അത് എങ്ങനെ സമ്പാദിക്കാമെന്ന് യോസേഫിനെയും അവന്റെ സഹോദരൻമാരെയും സംബന്ധിച്ചുളള ബൈബിൾ വിവരണത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
“യോസേഫിന്റെ അടുക്കൽ പോകുവിൻ”
5. യോസേഫ് ഈജിപ്ററിൽ ഒരു അടിമയായിത്തീരാൻ ഇടയായതെങ്ങനെ?
5 അബ്രഹാമിന്റെ ഒരു പ്രപൗത്രനായ യോസേഫിന് ജീവിതത്തിൽ ഒരു പ്രമുഖമായ ധർമ്മം ഉണ്ടായിരിക്കും എന്ന് സൂചിപ്പിക്കുന്ന ചില സ്വപ്നങ്ങൾ ദൈവം അവനു നൽകി. ഇതു മൂലവും അതുപോലെ തന്നെ അവന്റെ പിതാവ് അവനെ വിശേഷാൽ സ്നേഹിച്ചു എന്നതു നിമിത്തവും യോസേഫിന്റെ പത്തു അർദ്ധ സഹോദരൻമാർ അവനെ ദ്വേഷിച്ചു. അവർ അവനെ കൊല്ലാൻ ആസൂത്രണം ചെയ്തെങ്കിലും അവസാനം അവനെ ഒരു അടിമയായി വിൽക്കുകയും അവൻ ഈജിപ്ററിലേക്ക് കൊണ്ടുപോകപ്പെടുകയും ചെയ്തു. യോസേഫിനെ സംബന്ധിച്ച ദൈവോദ്ദേശ്യം ഇപ്പോൾ എങ്ങനെയാണ് നിവൃത്തിയാവുക?—ഉൽപ്പത്തി 37:3-11, 28.
6. (എ) ഫറവോന്റെ ശ്രദ്ധ എങ്ങനെയാണ് യോസേഫിലേക്ക് തിരിഞ്ഞത്? (ബി) ഫറവോനെ അസ്വസ്ഥനാക്കിയ സ്വപ്നങ്ങൾ എന്തൊക്കെയായിരുന്നു?
6 യോസേഫിന് മുപ്പതു വയസ്സുണ്ടായിരുന്നപ്പോൾ ഈജിപ്ററിലെ ഭരണാധിപനായ ഫറവോൻ അയാളെ ശല്യപ്പെടുത്തിയ രണ്ടു സ്വപ്നങ്ങൾ കാണാൻ യഹോവ ഇടയാക്കി. ആദ്യത്തേതിൽ “കാഴ്ചക്കു സുന്ദരവും മാംസപുഷ്ടിയുളളതുമായ” ഏഴു പശുക്കളെ അയാൾ കണ്ടു, കൂടാതെ “വിരൂപവും മെലിഞ്ഞതുമായ” വേറെ ഏഴു പശുക്കളെയും. മെലിഞ്ഞ പശുക്കൾ മാംസപുഷ്ടിയുളള പശുക്കളെ തിന്നുകളഞ്ഞു. മറെറാരു സ്വപ്നത്തിൽ ഒരു തണ്ടിൽ “പുഷ്ടിയുളളതും നല്ലതുമായ” ഏഴു കതിരും അവയ്ക്കു പിന്നാലെ “നേർത്തതും കിഴക്കൻ കാററിനാൽ കരിഞ്ഞതുമായ” വേറെ ഏഴു കതിരും ഫറവോൻ കണ്ടു. വീണ്ടും നേർത്ത കതിരുകൾ പുഷ്ടിയുളള കതിരുകളെ തിന്നുകളഞ്ഞു. അതെല്ലാം എന്താണ് അർത്ഥമാക്കിയത്? ഈജിപ്ററിലെ ജ്ഞാനികൾക്കാർക്കും ഈ സ്വപ്നങ്ങൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ല. എന്നാൽ താൻ ജയിലിലായിരുന്നപ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്ന ഒരു ജയിൽപ്പുളളി, യോസേഫ്, കൃത്യമായി സ്വപ്നങ്ങൾ വ്യാഖ്യാനിച്ചത് ഫറവോന്റെ പാനപാത്രവാഹകൻ ഓർത്തു. പെട്ടെന്നുതന്നെ ഫറവോൻ യോസേഫിനെ വിളിപ്പിച്ചു.—ഉൽപ്പത്തി 41:1-15.
7. (എ) യോസേഫ് ഈജിപ്ററിൽ ഭക്ത്യ കാര്യനിർവ്വാഹകനായിത്തീർന്നതെങ്ങനെ? (ബി) ക്ഷാമം രൂക്ഷമായപ്പോൾ ജീവനോടിരിക്കാൻ വേണ്ടി ഈജിപ്ററുകാർ എന്തു ചെയ്തു?
7 തനിക്കുതന്നെ യാതൊരു ബഹുമതിയും അവകാശപ്പെടാതെ യോസേഫ് ഫറവോനോട് പറഞ്ഞു: “ഫറവോന്റെ സ്വപ്നം ഒന്നുതന്നെ. താൻ ചെയ്യാൻ ഭാവിക്കുന്നത് സത്യദൈവം ഫറവോനോട് പറഞ്ഞിരിക്കുന്നു.” (ഉൽപ്പത്തി 41:16, 25) രണ്ടാമത്തെ സ്വപ്നത്തിനും ആദ്യത്തേതിന്റെ അതേ അർത്ഥമാണുളളതെന്നും കാര്യത്തിന്റെ തീർച്ചയെ ദൃഢീകരിക്കുകയാണ് ചെയ്തിട്ടുളളതെന്നും യോസേഫ് വിശദീകരിച്ചു. സമൃദ്ധിയുടെ ഏഴു വർഷങ്ങൾക്കു പിന്നാലെ ഈജിപ്ററിൽ ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ ഉണ്ടാകും. ക്ഷാമത്തെ നേരിടുന്നതിന് സമൃദ്ധിയുടെ വർഷങ്ങളിൽ ധാന്യം ശേഖരിക്കുന്നതിന്റെ ചുമതല വഹിക്കാൻ പ്രാപ്തനായ ഒരു മനുഷ്യനെ നിയോഗിക്കണമെന്ന് യോസേഫ് ഫറവോനെ ഉപദേശിച്ചു. പ്രകടമായും ദൈവം തന്നെ ഈ കാര്യങ്ങൾ യോസേഫിന് വെളിപ്പെടുത്തിക്കൊടുത്തു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഫറവോൻ അവനെ ഈജിപ്ററിലെ ഭക്ഷ്യകാര്യ നിർവ്വാഹകനായി നിയമിക്കുകയും ഫറവോൻ കഴിഞ്ഞാൽ പിന്നത്തെ ഉയർന്ന അധികാരിയാക്കി വയ്ക്കുകയും ചെയ്തു. മുൻകൂട്ടിപ്പറഞ്ഞതുപോലെ അസാധാരണ സമൃദ്ധിയുടെ ഏഴു സംവൽസരങ്ങൾ വന്നു, യോസേഫ് വളരെയധികം ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുകയും ചെയ്തു. തുടർന്ന് മുൻകൂട്ടിപ്പറയപ്പെട്ട ക്ഷാമം ദേശത്തിൻമേൽ പിടിമുറുക്കി. ജനങ്ങൾ ഫറവോനോട് ഭക്ഷണത്തിനുവേണ്ടി യാചിച്ചപ്പോൾ “യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ, അവൻ എന്തു പറഞ്ഞാലും നിങ്ങൾ അതു ചെയ്യുവിൻ” എന്ന് അയാൾ അവരോട് പറഞ്ഞു. ആദ്യം പണവും പിന്നീട് ആടുമാടുകളെയും അവസാനം അവരെത്തന്നെയും അവരുടെ നിലങ്ങളെയും വിലയായി സ്വീകരിച്ചുകൊണ്ട് യോസേഫ് അവർക്ക് ധാന്യം വിററു. തുടർന്നു ജീവിച്ചിരിക്കുന്നതിന് അവർ തങ്ങളെത്തന്നെ പൂർണ്ണമായി ഫറവോന്റെ സേവനത്തിന് വിട്ടുകൊടുക്കേണ്ടിയിരുന്നു.—ഉൽപ്പത്തി 41:26-49; 53-56; 47:13-26.
8. (എ) ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നതിന് യോസേഫിന്റെ അർദ്ധ സഹോദരൻമാർ എന്തുചെയ്യേണ്ടിയിരുന്നു? (ബി) ഇതിന്റെ രേഖ സൂക്ഷിക്കപ്പെട്ടിരിക്കുന്നതെന്തിന്?
8 ക്ഷാമം ഈജിപ്ററിനു ചുററുമുളള ദേശങ്ങളെയും ബാധിച്ചു. കാലക്രമത്തിൽ യോസേഫിന്റെ സ്വന്ത അർദ്ധസഹോദരൻമാർ കനാനിൽനിന്നു വന്നു. അവർ അവനെ അടിമത്വത്തിലേക്ക് വിററുകളഞ്ഞിട്ട് ഏതാണ്ട് 20 വർഷങ്ങൾ കഴിഞ്ഞിരുന്നു, അവർ അവനെ തിരിച്ചറിഞ്ഞില്ല. യോസേഫിന്റെ സ്വപ്നം ദീർഘനാൾ മുൻപ് മുൻകൂട്ടിപ്പറഞ്ഞതുപോലെ അവർ അവന്റെ മുമ്പാകെ കുമ്പിട്ടു, അവനിൽനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങാൻ ആഗ്രഹിച്ചു. (ഉൽപ്പത്തി 37:6, 7; 42:5-7) വിദഗ്ദ്ധമായ രീതിയിൽ യോസേഫ് അവരെ പരിശോധിക്കുകയും തന്നോടും അവരുടെ പിതാവിനോടുമുളള അവരുടെ മനോഭാവത്തിന് മാററം വന്നിരിക്കുന്നു എന്നതിന് ബോദ്ധ്യം വരുത്തുന്ന തെളിവുകൾ കാണുകയും ചെയ്തു. അവസാനം അവൻ തന്നെത്തന്നെ തിരിച്ചറിയിക്കുകയും വാസ്തവത്തിൽ “ജീവസംരക്തണാർത്ഥമാണ്” ദൈവം തന്നെ അവർക്കു മുമ്പായി ഈജിപ്ററിലേക്ക് അയച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. അവന്റെ നിർദ്ദേശമനുസരിച്ച് അവർ അവരുടെ പിതാവിനെയും അവരുടെ കുടുംബങ്ങളെയും ഈജിപ്ററിലേക്ക് കൊണ്ടുവന്നു. (ഉൽപ്പത്തി 45:1-11) ഇതെല്ലാം നമ്മുടെ പ്രയോജനത്തിനുവേണ്ടി രേഖപ്പെടുത്തപ്പെട്ടു. അതിന്റെ പ്രവചനപരമായ അർത്ഥത്തിൽ നമ്മുടെ നാളിലെ സംഭവങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.—റോമർ 15:4.
നമ്മുടെ ഇപ്പോഴത്തെ വിശപ്പും ദാഹവും ശമിപ്പിക്കൽ
9. (എ) ഇന്ന് ലോകത്തിൽ ആത്മീയ ക്ഷാമമുണ്ടായിരിക്കുന്നതിന്റെ കാരണമെന്താണ്? (ബി) ഇതു മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളുടെ ഒരു മൂല കാരണമായിരിക്കുന്നതെന്തുകൊണ്ട്?
9 മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളുടെ മൂല കാരണങ്ങളിലൊന്ന് ആത്മീയ ക്ഷാമമാണ്. അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നതിനാൽ അവൻ തന്റെ വചനത്തിന്റെ ഗ്രാഹ്യത്താൽ അവരെ അനുഗ്രഹിക്കുന്നില്ല, തൽഫലമായി അവർ “അപ്പത്തിനായുളള ക്ഷാമമല്ല വെളളത്തിനായുളള ദാഹവുമല്ല, മറിച്ച് യഹോവയുടെ വചനം കേൾക്കുന്നതിനായുളള ഒരു ക്ഷാമം” അനുഭവിക്കുന്നു. (ആമോസ് 8:11) ആത്മീയമായി ക്ഷാമമനുഭവിക്കുന്ന ആളുകൾ, ജീവിതത്തിന്റെ അർത്ഥമെന്താണ്? മനുഷ്യർ മരിക്കുന്നതെന്തുകൊണ്ട്? ഭാവി സംബന്ധിച്ച് ഒരു യഥാർത്ഥ പ്രത്യാശയുണ്ടോ? എന്നിവ പോലുളള ജീവൽപ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തേടുന്നു. ആത്മീയ വിശപ്പിനാൽ ഭ്രാന്തു പിടിച്ച അത്തരം ആളുകൾ തങ്ങളുടെ ഒടുങ്ങാത്ത ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ടി അധാർമ്മികവും നിയമ വിരുദ്ധവുമായ നടപടികളിലേർപ്പെടുക വഴി മിക്കപ്പോഴും തങ്ങളെത്തന്നെയും മററുളളവരെയും ദ്രോഹിക്കുന്നു.
10. (എ) യെശയ്യാവ് 65:13, 14-ന്റെ നിവൃത്തിയായി യഹോവയുടെ ദാസൻമാർക്കിടയിൽ എന്ത് അവസ്ഥകളാണുളളത്? (ബി) ആത്മീയ ക്ഷാമത്തിന്റെയും ആത്മീയ സമൃദ്ധിയുടെയും സമയങ്ങൾ എപ്പോഴാണ്?
10 ഇതിന് വിപരീതമായി തന്റെ വിശ്വസ്ത ദാസൻമാർക്ക് യഹോവ ആത്മീയ സമൃദ്ധി പ്രദാനം ചെയ്തിരിക്കുന്നു, അവരുടെയിടയിൽ യഥാർത്ഥ സ്നേഹവുമുണ്ട്. തന്റെ നിശ്വസ്ത വചനത്തിലെ സംതൃപ്തിദായകമായ ആത്മീയ സത്യങ്ങൾ അവർ ഗ്രഹിക്കാൻ തക്കവണ്ണം അവൻ തുറന്നുകൊടുക്കുകയും തന്റെ സാക്ഷികളായി സേവിക്കാനുളള വേല അവർക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. ആത്മീയമായി വിശപ്പനുഭവിക്കുകയും ദൈവവുമായി ബന്ധപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മററുളളവരുമായി അവർ ഈ സത്യങ്ങൾ സന്തോഷപൂർവം പങ്കുവയ്ക്കുന്നു. (യെശയ്യാവ് 65:13, 14; ലൂക്കോസ് 6:21) പുരാതന ഈജിപ്ററിൽ സമൃദ്ധിയുടെ ഏഴു വർഷങ്ങളെ തുടർന്ന് ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ ഉണ്ടായി. എന്നാൽ നമ്മുടെ നാളിൽ ആത്മീയ ക്ഷാമവും ആത്മീയ സമൃദ്ധിയും ഒരേ സമയത്താണ് ഉളളത്.
11. (എ) ഫറവോനും യോസേഫും ചിത്രീകരിക്കുന്നത് ആരെയാണ്, എന്തുകൊണ്ട്? (ബി) “മഹാപുരുഷാരം” സ്വീകരിച്ചിരിക്കുന്ന ഗതി ക്ഷാമബാധിതരായ ഈജിപ്ററുകാരുടേതുപോലെ ആയിരിക്കുന്നതെങ്ങനെയാണ്?
11 ഇന്ന് ഭരണാധിപനായിരിക്കുന്നത് ഫറവോനല്ല. വലിപ്പമേറിയ ഫറവോനായിരിക്കുന്ന യഹോവയാം ദൈവം അഖിലാണ്ഡ പരമാധികാരിയാണ്. അവൻ യേശുക്രിസ്തുവിന് താൻ കഴിഞ്ഞാൽ പിന്നെയുളള അടുത്ത അധികാരസ്ഥാനമാണ് നൽകിയിരിക്കുന്നത്. വലിപ്പമേറിയ യോസേഫായിരിക്കുന്ന യേശുവിനെയാണ് ജീവദായകമായ ആത്മീയ ആഹാരം വിതരണം ചെയ്യുന്നതിനുളള ചുമതല യഹോവ ഭരമേൽപ്പിച്ചിരിക്കുന്നത്. ഈ ലോകത്തിന്റെ മതപരവും ലൗകികവുമായ തത്വശാസ്ത്രങ്ങൾ മനുഷ്യവർഗ്ഗം കാർന്നുതിന്നുന്ന ആത്മീയ വിശപ്പ് അനുഭവിക്കാനിടയാക്കിയിരിക്കുന്നു. യേശുക്രിസ്തുവിലേക്ക് തിരിയുന്നതിനാലും അവൻ നിർദ്ദേശിക്കുന്ന പ്രകാരം ആത്മീയ ആഹാരം സ്വീകരിക്കുന്നതിനാലും മാത്രമേ അവർക്ക് സംരക്ഷിക്കപ്പെടാനാവുകയുളളു. ക്ഷാമബാധിതരായ ഈജിപ്ററുകാരാൽ ചിത്രീകരിക്കപ്പെട്ട ദശലക്ഷക്കണക്കിനാളുകൾ അങ്ങനെ ചെയ്യുന്നുണ്ട്. യേശുക്രിസ്തുവിലൂടെ അവർ എന്നന്നേക്കുമായി തങ്ങളെത്തന്നെ പൂർണ്ണമായി യഹോവക്ക് സമർപ്പിക്കുന്നു, അതുവഴി അവർ ആസന്നമായിരിക്കുന്ന ദൈവകോപത്തിന്റെ ദിവസത്തിൽ അതിജീവിക്കാൻ പ്രതീക്ഷിക്കുന്ന മഹാപുരുഷാരത്തിൽ ഉൾപ്പെടുന്നു.
12. (എ) സ്വർഗ്ഗത്തിലിരിക്കുന്ന യേശു എങ്ങനെയാണ് ഭൂമിയിലായിരിക്കുന്ന നമുക്ക് ആത്മീയ ആഹാരം ലഭ്യമാക്കുന്നത്? (ബി) “വിശ്വസ്തനും വിവേകിയുമായ അടിമ”യെ നിങ്ങൾക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയുന്നതെങ്ങനെ?
12 എന്നാൽ യേശു സ്വർഗ്ഗത്തിലാണ്. ഇവിടെ ഭൂമിയിലായിരിക്കുന്ന നമുക്ക് പ്രയോജനം ചെയ്യാൻതക്കവണ്ണം അവൻ എങ്ങനെയാണ് ആത്മീയ ആഹാരം നൽകുക? തന്റെ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ അതു ചെയ്യുമെന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:45-47) ഇത് ഭൂമിയിലുളള തന്റെ ആത്മാഭിഷിക്തരുടെ സഭ ഉൾപ്പെട്ട ഒരു സംയുക്ത “അടിമ”യാണ്. (യെശയ്യാവ് 43:10 താരതമ്യംചെയ്യുക.) ഇവരുടെ ഒരു ശേഷിപ്പ് ഇപ്പോഴും ഭൂമിയിലുണ്ട്. അവരുടെ പഠിപ്പിക്കലുകളും ആചാരങ്ങളും ബൈബിളുമായി താരതമ്യം ചെയ്യുക വഴി ഈ സത്യക്രിസ്തീയ സഭയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അതു വാസ്തവത്തിൽ യേശു കൽപ്പിച്ചിട്ടുളളത് പഠിപ്പിക്കുന്നു. അതുകൊണ്ട് അത് ഈ ലോകത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ല, എന്നാൽ അതിലെ അംഗങ്ങളെല്ലാവരും ദൈവരാജ്യത്തിന്റെ പരസ്യ ഘോഷകരാണ്. അവർ ക്രൈസ്തവലോകത്തിലെ വിവിധ വിഭാഗങ്ങളിൽ ചിതറിക്കിടക്കുന്നില്ല. യേശു പറഞ്ഞതുപോലെ അവർ ഐക്യമുളളവരാണ്—എല്ലാവരും അവരുടെ നായകനെ അനുകരിച്ച് യഹോവയുടെ സാക്ഷികൾ ആണ്. (യോഹന്നാൻ 17:16, 20, 21; മത്തായി 24:14; 28:19, 20; വെളിപ്പാട് 1:5 എന്നിവ കാണുക.) അവർ ആത്മീയ സമൃദ്ധി ആസ്വദിക്കുന്നു, മററുളളവരുമായി അതു പങ്കുവയ്ക്കാൻ അവർ മനസ്സൊരുക്കമുളളവരുമാണ്.
13. (എ) ഏതു വിധങ്ങളിലാണ് അനേകമാളുകൾ തങ്ങൾ യോസേഫിന്റെ പത്ത് അർദ്ധ സഹോദരൻമാരെപ്പോലെയാണെന്ന് തെളിയിച്ചിട്ടുളളത്? (ബി) “അടിമ” വർഗ്ഗത്തിലൂടെ ക്രിസ്തു നൽകുന്ന ആത്മീയ ആഹാരത്തിൽനിന്ന് നമുക്കെല്ലാവർക്കും എങ്ങനെ പ്രയോജനം അനുഭവിക്കാം?
13 ‘നിങ്ങൾ ഞങ്ങളേക്കാൾ മെച്ചമാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? നിങ്ങൾ പറയുന്നതു മാത്രമാണ് ശരി എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?’ എന്നൊക്കെ ചോദിച്ചുകൊണ്ട് അനേകമാളുകൾ ഈ അഭിഷിക്ത ക്രിസ്ത്യാനികളെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ കാലക്രമത്തിൽ യഹോവക്ക് വാസ്തവത്തിൽ ഭൂമിയിൽ സാക്ഷികളുണ്ടെന്നും അവർ യഥാർത്ഥത്തിൽ അവന്റെ വചനം പ്രഖ്യാപിക്കുന്നുവെന്നും ചിലർ താഴ്മയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സത്യക്രിസ്തീയ സഭ ഒന്നേ ഉണ്ടായിരിക്കുകയുളളുവെന്നും അതിലെ അംഗങ്ങൾ ഐക്യമുളളവരായിരിക്കുമെന്നും ബൈബിൾ പ്രകടമാക്കുന്നു എന്നത് അവർ വിലമതിക്കുന്നു. (എഫേസ്യർ 4:5; റോമർ 12:5) വസ്തുതകളുടെ സത്യസന്ധവും താഴ്മയോടുകൂടിയതുമായ ഒരു പരിശോധന അവരെ ആ സ്ഥാപനത്തിലേക്ക് നയിച്ചിരിക്കുന്നു. മുമ്പേ യേശുവിന്റെ അഭിഷിക്ത അനുഗാമികളെ പീഡിപ്പിക്കുകയോ അത്തരം പീഡകർക്ക് ധാർമ്മിക പിൻതുണ കൊടുക്കുകയോ ചെയ്തിട്ടുളളവരും എന്നാൽ ഇപ്പോൾ ഒരു യഥാർത്ഥ ഹൃദയ പരിവർത്തനം പ്രകടമാക്കുന്നവരുമായ ഇവരെ യോസേഫിന്റെ പത്തു അർദ്ധ സഹോദരൻമാർ മുൻനിഴലാക്കി. (യോഹന്നാൻ 13:20) തന്റെ ‘വിശ്വസ്ത അടിമ’വർഗ്ഗത്തിലൂടെ യേശുക്രിസ്തു നൽകുന്ന ആത്മീയ ആഹാരം അവർ നന്ദിപൂർവം സ്വീകരിക്കുന്നു. വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിലൂടെ ചർച്ച ചെയ്യപ്പെടുന്ന ബൈബിൾ സത്യങ്ങൾ ഉൾക്കൊളളുന്നതിനാലും ക്രമമായി യഹോവയുടെ സാക്ഷികളുടെ മീററിംഗുകൾക്ക് ഹാജരാകുന്നതിനാലും ദൈവേഷ്ടം ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെടുന്നതിനാലും അവർ ആത്മീയ ബലം നേടുന്നു. നിങ്ങൾ ഈ എളിയവരിൽ ഒരാളാണോ?—എബ്രായർ 10:23-25; യോഹന്നാൻ 4:34 താരതമ്യം ചെയ്യുക.
14. ഈ ബൈബിൾ നാടകത്തിൽ നിന്ന് പഠിക്കുന്ന തത്വങ്ങളോടുളള യോജിപ്പിൽ ജീവിക്കുന്നവർ എന്ത് ആത്മീയാവസ്ഥകൾ ആസ്വദിക്കുന്നു?
14 യേശുക്രിസ്തുവിലൂടെ സ്നേഹപൂർവം തങ്ങളെത്തന്നെ തങ്ങളുടെ സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നവർ എല്ലാവരും സന്തുഷ്ടമായ നവോൻമേഷം ആസ്വദിക്കുന്നു. ആത്മീയമായി, അവർക്ക് “മേലാൽ വിശക്കുകയില്ല, ദാഹിക്കുകയുമില്ല, . . . എന്തുകൊണ്ടെന്നാൽ സിംഹാസനത്തിൻ മദ്ധ്യേയുളള കുഞ്ഞാട് [യേശുക്രിസ്തു] അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവുകളിലേക്ക് അവരെ നയിക്കുകയും ചെയ്യും.”—വെളിപ്പാട് 7:16, 17; യെശയ്യാവ് 25:6-9.
[അധ്യയന ചോദ്യങ്ങൾ]