വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ വ്യവസ്ഥിതി എത്ര നാൾ നിലനിൽക്കും?

ഈ വ്യവസ്ഥിതി എത്ര നാൾ നിലനിൽക്കും?

അധ്യായം 3

ഈ വ്യവസ്ഥി​തി എത്ര നാൾ നിലനിൽക്കും?

1. ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ സംബന്ധിച്ച്‌ നമ്മില​നേകർ എന്തു ചോദി​ച്ചി​ട്ടുണ്ട്‌?

 ബൈബി​ളിൽ വ്യക്തമാ​യി വിവരി​ച്ചി​ട്ടു​ള​ള​തും അർമ്മ​ഗെ​ദ്ദോ​നിൽ പരിസ​മാ​പ്‌തി​യി​ലെ​ത്തു​ന്ന​തു​മായ സംഭവ​ങ്ങൾക്ക്‌ ഇനിയും എത്ര കാലം കൂടി ഉണ്ട്‌ എന്നറി​യാൻ ആഗ്രഹി​ക്കു​ന്നത്‌ തികച്ചും സ്വാഭാ​വി​കം മാത്ര​മാണ്‌. ഈ ദുഷ്ടവ്യ​വ​സ്ഥി​തി എപ്പോ​ഴാണ്‌ നശിപ്പി​ക്ക​പ്പെ​ടുക? ഭൂമി, നീതി​സ്‌നേ​ഹി​കൾക്ക്‌ പൂർണ്ണ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ആസ്വദി​ക്കാ​വുന്ന ഒരു സ്ഥലമാ​യി​ത്തീ​രു​ന്നത്‌ കാണാൻ നമ്മൾ ജീവി​ച്ചി​രി​ക്കു​മോ?

2. (എ) എന്തു സമാന​മായ ചോദ്യ​മാണ്‌ യേശു​വി​ന്റെ അ പ്പാ​സ്‌ത​ലൻമാർ ചോദി​ച്ചത്‌? (ബി) ഈ ദുഷ്ടവ്യ​വ​സ്ഥി​തി എപ്പോൾ അവസാ​നി​ക്കു​മെന്ന്‌ നമുക്ക്‌ കൃത്യ​മാ​യി അറിയാ​മോ? (സി) എന്നാൽ സഹായ​ക​മായ എന്തു വിവര​ങ്ങ​ളാണ്‌ യേശു നൽകി​യത്‌?

2 ആ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്ന ശ്രദ്ധേ​യ​മായ വിശദാം​ശങ്ങൾ യേശു​ക്രി​സ്‌തു പ്രദാനം ചെയ്‌തു. അവൻ അതു ചെയ്‌തത്‌ അവന്റെ അപ്പോ​സ്‌ത​ലൻമാർ ഇപ്രകാ​രം ചോദി​ച്ച​പ്പോ​ഴാ​യി​രു​ന്നു: “നിന്റെ സാന്നി​ദ്ധ്യ​ത്തി​ന്റെ​യും ഈ വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ​യും അടയാളം എന്തായി​രി​ക്കും?” ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ യഥാർത്ഥ നാശം സംബന്ധിച്ച്‌ യേശു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴി​ക​യും സംബന്ധിച്ച്‌ പിതാ​വ​ല്ലാ​തെ ആരും സ്വർഗ്ഗ​ത്തി​ലെ ദൂതൻമാ​രും പുത്ര​നും​കൂ​ടി അറിയു​ന്നില്ല.” (മത്തായി 24:3, 36) എന്നിരു​ന്നാ​ലും “വ്യവസ്ഥി​തി​യു​ടെ സമാപനം” (ഗ്രീക്ക്‌: സിന്തേ​ലി​യാ) “അന്ത്യത്തി​ലേക്ക്‌” (ഗ്രീക്ക്‌: തേലോസ്‌) നയിക്കുന്ന കാലഘട്ടം കാണുന്ന തലമു​റയെ അവൻ കുറെ വിശദ​മാ​യി വർണ്ണിച്ചു. നിങ്ങൾ തന്നെ അതു നിങ്ങളു​ടെ ബൈബി​ളിൽ മത്തായി 24:3-25:46 വരെയും സമാന്തര വിവര​ണങ്ങൾ മർക്കോസ്‌ 13:4-37; ലൂക്കോസ്‌ 21:7-36 എന്നിവി​ട​ങ്ങ​ളി​ലും വായി​ക്കുക.

3. യേശു​വി​ന്റെ ഉത്തരം വെറുതെ ഒന്നാം നൂററാ​ണ്ടി​ലെ സംഭവങ്ങൾ വർണ്ണി​ക്ക​യ​ല്ലാ​യി​രു​ന്നു​വെന്ന്‌ നമു​ക്കെ​ങ്ങനെ അറിയാം?

3 ഈ വിവര​ണങ്ങൾ വായി​ക്കു​മ്പോൾ പൊ.യു. 70-ലെ യെരൂ​ശ​ലേ​മി​ന്റെ​യും അതിലെ ആലയത്തി​ന്റെ​യും നാശം ഉൾപ്പെടെ ആ സംഭവ​ങ്ങ​ളി​ലേക്ക്‌ നയിച്ച വസ്‌തു​തകൾ യേശു​വി​ന്റെ വിവര​ണ​ത്തി​ന്റെ ഒരു ഭാഗമേ ആകുന്നു​ളളു എന്ന്‌ നിങ്ങൾ തിരി​ച്ച​റി​യും. അതിലും വിദൂ​ര​ഭാ​വി​യിൽ നിവൃ​ത്തി​യാ​കാ​നു​ളള കാര്യങ്ങൾ അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു എന്നത്‌ വ്യക്തമാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ മത്തായി 24:21-ൽ “ലോകാ​രം​ഭം മുതൽ ഇന്നുവരെ ഉണ്ടായി​ട്ടി​ല്ലാ​ത്ത​തും വീണ്ടും ഉണ്ടാവു​ക​യി​ല്ലാ​ത്ത​തു​മായ ഒരു മഹോ​പ​ദ്രവ”ത്തേപ്പററി അവൻ സംസാ​രി​ക്കു​ന്നു. അത്‌ ഒരു നഗരത്തി​ന്റെ​യും അതിൽ കുടു​ങ്ങി​പ്പോയ ആളുക​ളു​ടെ​യും നാശ​ത്തേ​ക്കാൾ വലുതാ​യി​രി​ക്കണം. കൂടാതെ ലൂക്കോസ്‌ 21:31-ൽ മേൽവി​വ​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സംഭവ​ങ്ങ​ളൊ​ക്കെ​യും ദീർഘ​കാ​ല​മാ​യി നോക്കി​പ്പാർത്തി​രുന്ന “ദൈവ​രാ​ജ്യ”ത്തിന്റെ വരവി​ലേക്ക്‌ വിരൽ ചൂണ്ടു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. നോക്കി​യി​രി​ക്കാൻ യേശു പറഞ്ഞ ശ്രദ്ധേ​യ​മായ “അടയാളം” എന്താണ്‌?

ഒരു സംയുക്ത അടയാളം

4. യേശു നൽകിയ “അടയാള”മെന്ത്‌?

4 യുദ്ധങ്ങൾ, ഭക്ഷ്യക്ഷാ​മങ്ങൾ, അവിട​വി​ടെ പകർച്ച​വ്യാ​ധി​കൾ, വലിയ ഭൂകമ്പങ്ങൾ, വർദ്ധി​ച്ചു​വ​രുന്ന അരാജ​ക​ത്വ​ത്തി​ന്റെ ഒരു കാലഘ​ട്ട​ത്തി​ലെ സ്‌നേ​ഹ​മി​ല്ലായ്‌മ എന്നിവ അവൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു, എന്നാൽ ഇവയി​ലൊ​ന്നും തനിയെ ഒരു “അടയാള”മായി​രി​ക്കു​ന്നില്ല. ചിത്രം പൂർത്തി​യാ​ക്കു​ന്ന​തിന്‌ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട ഈ ഘടകങ്ങ​ളെ​ല്ലാം ഒരു തലമു​റ​യു​ടെ ജീവി​ത​കാ​ലത്ത്‌ നിവൃ​ത്തി​യാ​കണം. “പോം​വ​ഴി​യ​റി​യാത്ത ജനതക​ളു​ടെ അതി​വേ​ദ​ന​യും” ആകാശ​ത്തി​ലും സമു​ദ്ര​ത്തി​ലും ഉണ്ടാകുന്ന സംഭവങ്ങൾ നിമിത്തം മനുഷ്യർ “ഭയത്താൽ നിർജ്ജീ​വൻമാ​രാ​കു​ന്ന​തും” ഇതിൽ ഉൾപ്പെ​ടു​ന്നു. (ലൂക്കോസ്‌ 21:10, 11, 25-32; മത്തായി 24:12; 2 തിമൊ​ഥെ​യോസ്‌ 3:1-5 താരത​മ്യം ചെയ്യുക.) ഇതി​നോ​ടെ​ല്ലാ​മു​ളള വിപരീത താരത​മ്യ​ത്തിൽ, എന്നാൽ അടയാ​ള​ത്തി​ന്റെ ഭാഗമാ​യി, തന്റെ അനുയാ​യി​കൾക്ക്‌ അന്തർദ്ദേ​ശീ​യ​മായ പീഡനം അനുഭ​വി​ക്കേ​ണ്ടി​വ​രു​മെ​ങ്കി​ലും ദൈവ​രാ​ജ്യ​സു​വാർത്ത​യു​ടെ ഒരു ആഗോ​ള​പ്ര​സം​ഗം നടക്കു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മർക്കോസ്‌ 13:9-13) ഈ സംയുക്ത വിവരണം നാം ജീവി​ക്കുന്ന ഈ കാലഘ​ട്ട​ത്തിന്‌ വിശേ​ഷാൽ യോജി​ക്കു​ന്നു​വോ?

5. ഈ സംഭവ​ങ്ങളെ ചരി​ത്ര​ത്തി​ന്റെ ഒരു ആവർത്ത​ന​ത്തേ​ക്കാൾ ഉപരി​യാ​ക്കു​ന്ന​തെ​ന്താണ്‌?

5 മാനവ​ച​രി​ത്ര​ത്തിൽ യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും മററും ആവർത്തി​ച്ചു​ണ്ടാ​യി​ട്ടുണ്ട്‌ എന്നു പറഞ്ഞ്‌ പരിഹാ​സി​കൾ പുച്ഛി​ച്ചേ​ക്കാം. എന്നാൽ അത്തരം സംഭവങ്ങൾ ഒരുമിച്ച്‌, ഏതാനും ഒററപ്പെട്ട സ്ഥലങ്ങളി​ലാ​യി​രി​ക്കാ​തെ ആഗോ​ളാ​ടി​സ്ഥാ​ന​ത്തിൽ, വളരെ നേരത്തെ മുൻകൂ​ട്ടി പറയപ്പെട്ട ഒരു വർഷത്തിൽ ആരംഭിച്ച്‌ ഒരു കാലഘ​ട്ട​ത്തേക്ക്‌ തുടരു​ന്ന​താ​യി കാണ​പ്പെ​ടു​മ്പോൾ, അതിന്‌ പ്രത്യേക പ്രാധാ​ന്യ​മുണ്ട്‌.

6, 7. ഇരുപ​താം നൂററാ​ണ്ടി​ലെ ഏതു സംഭവ​ങ്ങ​ളും അവസ്ഥക​ളു​മാണ്‌ വ്യക്തമാ​യും സംയുക്ത അടയാ​ള​ത്തോട്‌ ഒത്തു വരുന്നത്‌? (ഉത്തരം പറയു​മ്പോൾ ബൈബി​ളു​പ​യോ​ഗി​ക്കു​ക​യും യേശു​വി​ന്റെ പ്രവച​ന​ത്തി​ലെ ഏതു ഭാഗമാണ്‌ നിങ്ങൾ ചർച്ച ചെയ്യു​ന്ന​തെന്ന്‌ കാണി​ക്കു​ക​യും ചെയ്യുക.)

6 ഈ വസ്‌തു​തകൾ പരിഗ​ണി​ക്കുക: 1914-ൽ പൊട്ടി​പ്പു​റ​പ്പെട്ട യുദ്ധം അത്ര വലിയ തോതി​ലു​ള​ള​താ​യി​രു​ന്ന​തി​നാൽ അത്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധം എന്നറി​യ​പ്പെ​ടാ​നി​ട​യാ​യി. അതിനു​ശേഷം ഭൂമി​യിൽ ഇന്നോളം വാസ്‌ത​വ​ത്തിൽ സമാധാ​നം ഉണ്ടായി​ട്ടില്ല. ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ മനുഷ്യ​വർഗ്ഗം അനുഭ​വി​ച്ചി​ട്ടു​ള​ള​തി​ലേ​ക്കും ഏററം വലിയ ക്ഷാമങ്ങ​ളി​ലൊ​ന്നു​ണ്ടാ​യി. കൂടാതെ ഇന്നും ഓരോ വർഷവും 4 കോടി ആളുകൾ ഭക്ഷണമി​ല്ലായ്‌മ നിമിത്തം മരിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 1918-ൽ സ്‌പാ​നിഷ്‌ ഫ്‌ളൂ, രോഗ​ങ്ങ​ളു​ടെ ചരി​ത്ര​ത്തിൽ മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടി​ല്ലാത്ത നിരക്കിൽ ജീവ​നൊ​ടു​ക്കി. ഇന്നത്തെ ശാസ്‌ത്രീയ ഗവേഷ​ണ​ങ്ങ​ളെ​ല്ലാം ഉണ്ടായി​ട്ടും ഇന്നും കോടി​ക്ക​ണ​ക്കി​നാ​ളു​കൾ കാൻസർ, ഹൃദ്‌രോ​ഗം, അറയ്‌ക്കത്തക്ക ഗുഹ്യ​രോ​ഗങ്ങൾ, മലമ്പനി, ഒച്ചുപനി, റിവർ ബ്ലൈൻഡ്‌നസ്സ്‌ എന്നിവ​യാൽ കഷ്ടപ്പെ​ടു​ന്നു. വലിയ ഭൂകമ്പ​ങ്ങ​ളു​ടെ നിരക്ക്‌ 1914-നു മുമ്പുളള രണ്ടായി​രം വർഷത്തെ ശരാശ​രി​യു​ടെ 20 മടങ്ങായി വർദ്ധി​ച്ചി​രി​ക്കു​ന്നു. ആഗോള വ്യാപ​ക​മാ​യി ഭയവും അതി​വേ​ദ​ന​യും എല്ലാ പ്രായ​ത്തി​ലു​മു​ളള ആളുകളെ ബാധി​ച്ചി​രി​ക്കു​ന്നു. ഇതിനു​ളള കാരണ​ങ്ങ​ളിൽ സാമ്പത്തിക കുഴപ്പങ്ങൾ, ഭീകര കുററ​കൃ​ത്യ​ങ്ങൾ, മുങ്ങി​ക്ക​പ്പ​ലിൽനിന്ന്‌ തൊടു​ത്തു​വി​ട​പ്പെ​ടു​ന്ന​തോ ആകാശത്തു നിന്ന്‌ ചീറി​പ്പാഞ്ഞ്‌ വരുന്ന​തോ ആയ യുദ്ധാ​യു​ധങ്ങൾ കൊണ്ടു​ളള ന്യൂക്ലി​യർ യുദ്ധത്തി​ലെ സമ്പൂർണ്ണ നാശത്തി​ന്റെ ഭീഷണി എന്നിവ ഉൾപ്പെ​ടു​ന്നു. ഇരുപ​താം നൂററാ​ണ്ടിന്‌ മുൻപ്‌ ഒരിക്ക​ലും ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടായി​രു​ന്നി​ട്ടില്ല.

7 ഇതി​നെ​ല്ലാ​മി​ട​യിൽ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ദൈവ​രാ​ജ്യ​സു​വാർത്ത​യു​ടെ അസാധാ​ര​ണ​മായ ഒരു ലോക​വി​സ്‌തൃത പ്രഖ്യാ​പനം നിർവ്വ​ഹി​ക്ക​പ്പെ​ടു​ന്നു. 200-ലധികം രാജ്യ​ങ്ങ​ളി​ലും സമു​ദ്ര​ത്തി​ലെ ദ്വീപു​ക​ളി​ലും എല്ലാ തുറയിൽനി​ന്നു​മു​ളള ആളുകളെ ദൈവ​വ​ച​ന​ത്തി​ന്റെ വെളി​ച്ച​ത്തിൽ ലോക​സം​ഭ​വ​ങ്ങ​ളു​ടെ അർത്ഥം മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ സൗജന്യ​മാ​യി ഓരോ വർഷവും ശതകോ​ടി​ക്ക​ണ​ക്കിന്‌ മണിക്കൂ​റു​കൾ ചെലവി​ടു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളെന്ന നിലയിൽ “മഹോ​പ​ദ്ര​വത്തെ” അതിജീ​വി​ക്കാ​നു​ളള വഴി സാക്ഷികൾ ഉൽസാ​ഹ​പൂർവ്വം ആളുകൾക്ക്‌ ചൂണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ക്കു​ന്നു. ഒരു കനേഡി​യൻ വാർത്താ​റി​പ്പോർട്ട്‌ പറഞ്ഞ​പ്ര​കാ​രം “ലോക​ത്തി​ലെ മറേറ​തൊ​രു മതസം​ഘ​ത്തേ​ക്കാ​ളും സാക്ഷികൾ കുറഞ്ഞ കുററ​ത്തിന്‌ കൂടുതൽ പീഡനം സഹിക്കു​ന്നു”വെങ്കി​ലും അവർ അതു ചെയ്യുന്നു.

8. ഏതു കാലയ​ള​വു​കൂ​ടി ഈ പ്രവച​ന​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു?

8 “ജനതക​ളു​ടെ നിയമിത കാലങ്ങൾ പൂർത്തി​യാ​കു​ന്ന​തു​വരെ യെരൂ​ശ​ലേം ജനതക​ളാൽ ചവിട്ടി​മെ​തി​ക്ക​പ്പെ​ടും” എന്നു പറഞ്ഞു​കൊണ്ട്‌ യേശു തന്റെ പ്രവച​ന​ത്തിൽ ഒരു പ്രത്യേക കാലഘട്ടം അവസാ​നി​ക്കു​ന്ന​തി​നെ സൂചി​പ്പി​ച്ചു എന്നും കൂടി നാം കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. (ലൂക്കോസ്‌ 21:24) ആ “നിയമി​ത​കാ​ലങ്ങൾ” അവസാ​നി​ച്ചി​രി​ക്കു​ന്നു​വോ?

ജനതക​ളു​ടെ നിയമിത കാലങ്ങൾ”

9. (എ) ജനതക​ളാൽ “ചവിട്ട​പ്പെട്ട” “യെരൂ​ശ​ലേം” എന്താണ്‌? (ബി) ‘ചവിട്ടൽ’ തുടങ്ങി​യ​തെ​പ്പോ​ഴാണ്‌?

9 ഇതിനു​ളള ഉത്തരം വിലമ​തി​ക്കു​ന്ന​തിന്‌ നാം യെരൂ​ശ​ലേ​മി​ന്റെ തന്നെ പ്രാധാ​ന്യം തിരി​ച്ച​റി​യണം. സീയോൻ കുന്നിലെ രാജ​കൊ​ട്ടാ​രം സഹിതം ഈ നഗരം “മഹാരാ​ജാ​വി​ന്റെ പട്ടണം . . . യഹോ​വ​യു​ടെ നഗരം” എന്നാണ്‌ പരാമർശി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. (സങ്കീർത്തനം 48:2, 8; മത്തായി 5:34, 35) ദാവീ​ദി​ന്റെ രാജകീ​യ​ഭ​വ​ന​ത്തി​ലെ രാജാ​ക്കൻമാർ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ” ഇരിക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രു​ന്നു. അതു​കൊണ്ട്‌ യഹോവ ഭൂമി​മേൽ ഭരണം നടത്തുന്നു എന്നതിന്റെ ഒരു ദൃശ്യ​ചി​ഹ്ന​മാ​യി​രു​ന്നു യെരൂ​ശ​ലേം. (1 ദിനവൃ​ത്താ​ന്തം 29:23) അപ്രകാ​രം യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നും അതിന്റെ രാജാ​വി​നെ പ്രവാ​സ​ത്തി​ലേക്ക്‌ കൊണ്ടു​പോ​കു​ന്ന​തി​നും ദേശം ശൂന്യ​മാ​യി ശേഷി​പ്പി​ക്കു​ന്ന​തി​നും ബാബി​ലോ​ന്യ സൈന്യ​ത്തെ യഹോവ അനുവ​ദി​ച്ച​പ്പോൾ അവർ ദാവീ​ദി​ന്റെ ഒരു രാജകീയ സന്തതി​യി​ലൂ​ടെ നിർവ്വ​ഹി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രുന്ന ദൈവിക ഭരണത്തെ ചവിട്ടി​മെ​തി​ക്കു​ക​യാ​യി​രു​ന്നു. പൊ. യു. മു. 607-ൽ അതു സംഭവി​ച്ച​പ്പോൾ അതു [പുറജാ​തി] “ജനതക​ളു​ടെ നിയമി​ത​കാ​ല​ങ്ങ​ളു​ടെ” തുടക്കം കുറിച്ചു. അന്നു മുതൽ ഇന്നോളം ദാവീ​ദി​ന്റെ ഒരു അനന്തരാ​വ​കാ​ശി യെരൂ​ശ​ലേ​മിൽ ഭരണം നടത്തി​യി​ട്ടില്ല.

10. (എ) ‘ചവിട്ട​ലി​ന്റെ’ അവസാനം എന്തിനെ അർത്ഥമാ​ക്കും? (ബി) ഏതു “യെരൂ​ശ​ലേ​മിൽ” നിന്നാ​യി​രി​ക്കും അപ്പോൾ യേശു ഭരിക്കുക, എന്തു​കൊണ്ട്‌?

10 അപ്പോൾ “യെരൂ​ശ​ലേം ചവിട്ടി മെതി​ക്ക​പ്പെ​ടുന്ന”തിന്റെ അവസാനം എന്തർത്ഥ​മാ​ക്കും? യഹോവ വീണ്ടും താൻ തെര​ഞ്ഞെ​ടുത്ത ഒരു രാജാ​വി​നെ, ദാവീ​ദി​ന്റെ ഒരു അനന്തരാ​വ​കാ​ശി​യെ ഇപ്പോൾ യഹൂദൻമാർക്കി​ട​യിൽ മാത്രമല്ല, മറിച്ച്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ മുഴുവൻ കാര്യ​ത്തിൽ അധികാ​രം നടത്താൻ സിംഹാ​സ​ന​സ്ഥ​നാ​ക്കി​യി​രി​ക്കു​ന്നു എന്ന്‌. ആ ഒരുവൻ കർത്താ​വായ യേശു​ക്രി​സ്‌തു​വാണ്‌. (ലൂക്കോസ്‌ 1:30-33) എന്നാൽ അവൻ എവി​ടെ​നി​ന്നാ​യി​രി​ക്കും ഭരണം നടത്തുക? അത്‌ യെരൂ​ശ​ലേം എന്ന ഭൗമിക നഗരത്തിൽനി​ന്നാ​യി​രി​ക്കു​മോ? ദൈവ​രാ​ജ്യ​ത്തോട്‌ ബന്ധപ്പെട്ട പദവികൾ ജഡിക യിസ്രാ​യേ​ലിൽ നിന്ന്‌ എടുത്തു​ക​ള​യാൻ പോവു​ക​യാ​ണെന്ന്‌ യേശു വ്യക്തമാ​യി പ്രസ്‌താ​വി​ച്ചു. (മത്തായി 21:43; 23:37, 38 കൂടെ കാണുക.) അതിനു​ശേഷം സത്യ​ദൈ​വ​ത്തി​ന്റെ ആരാധകർ “മീതെ​യു​ളള യെരൂ​ശ​ലേ​മി​നെ”, വിശ്വ​സ്‌ത​രായ ആത്മജീ​വി​ക​ള​ട​ങ്ങിയ ദൈവ​ത്തി​ന്റെ സ്വർഗ്ഗീയ സ്ഥാപനത്തെ, തങ്ങളുടെ അമ്മയായി വീക്ഷിച്ചു. (ഗലാത്യർ 4:26) ഭൂമി​യു​ടെ​മേൽ ഭരണപ​ര​മായ അധികാ​രം പ്രയോ​ഗി​ക്കാൻ യേശു സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ടു​ന്നത്‌ ആ സ്വർഗ്ഗീയ യെരൂ​ശ​ലേ​മി​ലാ​യി​രി​ക്കും. (സങ്കീർത്തനം 110:1, 2) അത്‌ “ജനതക​ളു​ടെ നിയമി​ത​കാ​ല​ങ്ങ​ളു​ടെ” അവസാ​ന​ത്തി​ങ്കൽ സംഭവി​ക്കു​മാ​യി​രു​ന്നു. അത്‌ എപ്പോ​ഴാ​യി​രി​ക്കും?

11, (പേജ്‌ 27) ചാർട്ട്‌. (എ) “നിയമിത കാലങ്ങ​ളു​ടെ” അന്ത്യം എങ്ങനെ​യാണ്‌ കണക്കു​കൂ​ട്ടു​ന്നത്‌? (ബി) അതു​കൊണ്ട്‌ ആ “നിയമിത കാലങ്ങൾ” അവസാ​നി​ച്ച​പ്പോൾ എന്താരം​ഭി​ച്ചു? (സി) ചരി​ത്ര​കാ​രൻമാർ 1914-നെ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌? (പേജ്‌ 29 കാണുക.)

11 ദാനി​യേൽ 4:10-17 വരെ പറഞ്ഞി​രി​ക്കുന്ന “ഏഴുകാ​ല​ങ്ങ​ളു​ടെ” വലിയ നിവൃ​ത്തി​യു​ടെ അന്ത്യത്തിൽ, 1914-ൽ ഇതു സംഭവി​ക്കു​മെന്ന്‌ അതിനും ദശകങ്ങൾക്ക്‌ മുൻപു തന്നെ തിരി​ച്ച​റി​യാൻ കഴിഞ്ഞു. a എന്നാൽ തുടർന്നു​ളള വർഷങ്ങ​ളിൽ ക്രമേണ അതിന്റെ പ്രാധാ​ന്യം പൂർണ്ണ​മാ​യി തിരി​ച്ച​റി​ഞ്ഞു. ക്രമാ​നു​ഗ​ത​മാ​യി, രാജ്യാ​ധി​കാ​ര​ത്തി​ലു​ളള തന്റെ സ്വർഗ്ഗീയ സാന്നി​ദ്ധ്യ​ത്തെ സൂചി​പ്പി​ക്കു​മെന്ന്‌ യേശു പറഞ്ഞ സംയുക്ത അടയാ​ള​ത്തി​ന്റെ വിശദാം​ശങ്ങൾ തങ്ങളുടെ കൺമുൻപിൽ ചുരുൾനി​വ​രു​ന്നത്‌ ബൈബിൾ വിദ്യാർത്ഥി​കൾ കണ്ടു. അവർ വാസ്‌ത​വ​ത്തിൽ “വ്യവസ്ഥി​തി​യു​ടെ സമാപ​ന​നാ​ളു​ക​ളിൽ” പ്രവേ​ശി​ച്ചി​രി​ക്കു​ന്നു​വെ​ന്നും 1914-ൽ ക്രിസ്‌തു രാജാ​വാ​യി വാഴ്‌ച ആരംഭി​ച്ചു​വെ​ന്നും ഈ കാര്യ​ങ്ങ​ളു​ടെ തുടക്കം കണ്ട ആ തലമു​റ​യിൽ തന്നെ ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ അന്ത്യം സംഭവി​ക്കു​മെ​ന്നും വ്യക്തമാ​യി.

നിങ്ങളു​ടെ പ്രതീ​ക്ഷകൾ എത്ര ഉറപ്പു​ള​ള​താണ്‌?

12. എന്തു തെററായ പ്രതീ​ക്ഷകൾ ഈ നിഗമ​നങ്ങൾ സ്വീക​രി​ക്കു​ന്നത്‌ ചിലർക്ക്‌ പ്രയാ​സ​ക​ര​മാ​ക്കി​ത്തീർക്കു​ന്നു? (മത്തായി 24:26, 27; യോഹ​ന്നാൻ 14:3, 19)

12 യേശു​വി​ന്റെ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യെ സംബന്ധിച്ച്‌ ഈ വസ്‌തു​തകൾ തിരി​ച്ച​റി​യുന്ന ചിലർക്ക്‌ ഈ വസ്‌തു​തകൾ ഏതു നിഗമ​ന​ങ്ങ​ളി​ലേക്ക്‌ വിരൽചൂ​ണ്ടു​ന്നു​വോ അവ സ്വീക​രി​ക്കുക പ്രയാ​സ​മാ​ണെന്ന്‌ അവർ കണ്ടെത്തു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവർ മററു ചിലത്‌ പ്രതീ​ക്ഷി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ രണ്ടാമത്തെ വരവ്‌ ദൃശ്യ​മാ​യി​രി​ക്കു​മെ​ന്നും അത്‌ മനുഷ്യ​വർഗ്ഗം കൂട്ട​ത്തോ​ടെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്ക്‌ മനം തിരി​യു​ന്ന​തി​നി​ട​യാ​ക്കു​മെ​ന്നും അവരെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. ഒന്നാം നൂററാ​ണ്ടിൽ യഹൂദൻമാർക്കും ഉണ്ടായി​രു​ന്നു നിവൃ​ത്തി​യേ​റാ​തെ പോയ പ്രതീ​ക്ഷകൾ. മശിഹാ​യു​ടെ വരവ്‌ ശക്തിയു​ടെ ഒരു പ്രകട​ന​ത്തോ​ടെ ആയിരി​ക്കു​മെ​ന്നും തങ്ങളെ റോമാ​ക്കാ​രിൽനിന്ന്‌ മോചി​പ്പി​ക്കു​മെ​ന്നും അവർ പ്രതീ​ക്ഷി​ച്ചി​രു​ന്നു. തെററായ അവരുടെ പ്രതീ​ക്ഷ​കളെ മുറുകെ പിടി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സ്വന്തം പുത്രനെ അവർ തളളി​ക്ക​ളഞ്ഞു. ക്രിസ്‌തു രാജ്യാ​ധി​കാ​ര​ത്തിൽ സന്നിഹി​ത​നാ​യി​രി​ക്കു​മ്പോൾ ആ തെററ്‌ ആവർത്തി​ക്കു​ന്നത്‌ എത്ര ബുദ്ധി​മോ​ശ​മാ​യി​രി​ക്കും! തിരു​വെ​ഴു​ത്തു​കൾതന്നെ എന്തു പറയുന്നു എന്നു കാണു​ന്നത്‌ അതിലും എത്രയോ മെച്ചമാ​യി​രി​ക്കും!

13. ബൈബിൾ തന്നെ ഏതു സംഭവ​ങ്ങ​ളാണ്‌ യേശു​വി​ന്റെ സാന്നി​ദ്ധ്യ​ത്തോ​ടു ബന്ധപ്പെ​ടു​ത്തു​ന്നത്‌?

13 ക്രിസ്‌തു വാഴ്‌ച​യാ​രം​ഭി​ക്കു​ന്നത്‌ തന്റെ ശത്രു​ക്ക​ളു​ടെ മദ്ധ്യേ ആയിരി​ക്കു​മെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. (സങ്കീർത്തനം 110:1, 2) ക്രിസ്‌തു​വിന്‌ രാജ്യാ​ധി​കാ​രം നൽക​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ സാത്താ​നും അവന്റെ ഭൂതങ്ങ​ളും സ്വർഗ്ഗ​ത്തിൽനിന്ന്‌ ഭൂമി​യു​ടെ സമീപ​പ്ര​ദേ​ശ​ത്തേക്ക്‌ തളള​പ്പെ​ടു​ന്ന​തി​നെ​പ്പ​റ​റി​യും തൻമൂലം ഭൂമിക്ക്‌ കഷ്ടപ്പാ​ടു​കൾ വർദ്ധി​ക്കുന്ന ഒരു കാലമു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ​പ്പററി​യും അതു പറയുന്നു. (വെളി​പ്പാട്‌ 12:7-12) ആ കാലത്ത്‌ അതിജീ​വി​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ ആവശ്യ​മായ നടപടി സ്വീക​രി​ക്കാൻ ആളുകൾക്ക്‌ അവസരം നൽകു​ന്ന​തിന്‌ രാജ്യ​ദൂത്‌ കൂടുതൽ വ്യാപ​ക​മായ തോതിൽ പ്രസം​ഗി​ക്ക​പ്പെ​ടും. (മത്തായി 24:14; വെളി​പ്പാട്‌ 12:17) എന്നാൽ അത്‌ ലോക​ത്തി​ന്റെ മുഴുവൻ മാനസാ​ന്ത​ര​ത്തിന്‌ ഇടയാ​ക്കു​മോ? നേരെ​മ​റിച്ച്‌ അതേ തുടർന്ന്‌ മനുഷ്യ​ച​രി​ത്ര​ത്തിൽ ഇന്നോളം ഉണ്ടായി​ട്ടി​ല്ലാത്ത തരത്തി​ലു​ളള ഒരു നാശം ഉണ്ടാകു​മെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. മനുഷ്യർ മഹത്വീ​ക​രി​ക്ക​പ്പെട്ട ക്രിസ്‌തു​വി​നെ തങ്ങളുടെ ഭൗതിക നേത്ര​ങ്ങൾകൊണ്ട്‌ കാണു​ക​യി​ല്ലെ​ങ്കി​ലും ക്രിസ്‌തു​വി​ന്റെ രാജകീയ സാന്നി​ദ്ധ്യം സംബന്ധിച്ച വസ്‌തു​തകൾ മനസ്സോ​ടെ സ്വീക​രി​ക്കാഞ്ഞ സകലരും, മുൻകൂ​ട്ടി​പ്പറഞ്ഞ പ്രകാരം തന്നെ അവനാണ്‌ ഈ നാശം വരുത്തു​ന്നത്‌ എന്ന്‌ “കാണാൻ” നിർബ​ന്ധി​ത​രാ​യി​ത്തീ​രും.—വെളി​പ്പാട്‌ 1:7; മത്തായി 24:30; 1 തിമൊ​ഥെ​യോസ്‌ 6:15, 16; യോഹ​ന്നാൻ 14:19 എന്നിവ താരത​മ്യം ചെയ്യുക.

14, 15. ആയിര​ത്തി​ത്തൊ​ള​ളാ​യി​രത്തി പതിന്നാ​ലി​നു ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞി​രി​ക്കു​ന്നത്‌ നാം വാസ്‌ത​വ​ത്തിൽ “അന്ത്യനാ​ളു​ക​ളി​ലാണ്‌” എന്നതിനെ സംശയി​ക്കു​ന്ന​തിന്‌ കാരണം നൽകാ​ത്ത​തെ​ന്തു​കൊണ്ട്‌?

14 എന്നാൽ 1914-നു ശേഷം ഇപ്പോൾ 76 വർഷം കഴിഞ്ഞി​രി​ക്കു​ന്നത്‌ നാം അന്നുമു​തൽ വാസ്‌ത​വ​ത്തിൽ “അന്ത്യനാ​ളു​ക​ളിൽ” ആണോ എന്നതും വിധി​കർത്താവ്‌ എന്ന നിലയി​ലു​ളള യേശു​വി​ന്റെ വരവ്‌ ആസന്നമാ​ണോ എന്നതും സംബന്ധിച്ച്‌ സംശയി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എന്ന്‌ സൂചി​പ്പി​ക്കു​ന്നി​ല്ലേ? ഒരിക്ക​ലു​മില്ല! 1914-ൽ തുടങ്ങി അതിന്റെ ആരംഭം മുതൽ “അടയാ​ള​ത്തി​ന്റെ” നിവൃത്തി കാണു​ന്ന​വരെ സംബന്ധിച്ച്‌ യേശു പറഞ്ഞു: “ഇതെല്ലാം സംഭവി​ച്ചു കഴിയു​വോ​ളം ഈ തലമുറ ഒരു പ്രകാ​ര​ത്തി​ലും നീങ്ങി​പ്പോ​വു​ക​യില്ല എന്ന്‌ ഞാൻ സത്യമാ​യിട്ട്‌ നിങ്ങ​ളോട്‌ പറയുന്നു.” (മർക്കോസ്‌ 13:30) എണ്ണത്തിൽ സത്വരം കുറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ങ്കി​ലും ആ തലമു​റ​യി​ലെ അംഗങ്ങൾ ഇപ്പോ​ഴും ഇവിടെ ഉണ്ട്‌.

15 ആഗോ​ളാ​ടി​സ്ഥാ​ന​ത്തിൽ ശരാശരി ആയുർ​ദൈർഘ്യം ഇപ്പോൾ 60 വയസ്സേ​യു​ളളു എന്ന്‌ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ സൂചി​പ്പി​ക്കു​ന്നു എന്നത്‌ സത്യം തന്നെ. എന്നാൽ ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ആ പ്രായ​ത്തി​ലും കവിഞ്ഞു ജീവി​ക്കു​ന്നു. ലഭ്യമായ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ അനുസ​രിച്ച്‌ 1914-ൽ ജീവി​ച്ചി​രു​ന്ന​വ​രിൽ ഏകദേശം 25,00,00,000 ആളുക​ളെ​ങ്കി​ലും 1980-ൽ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ തലമുറ നീങ്ങി​പ്പോ​യി​ട്ടില്ല. എന്നിരു​ന്നാ​ലും, രസാവ​ഹ​മാ​യി 1900-ാം ആണ്ടിലോ അതിനു മുൻപോ ജനിച്ച​വ​രിൽ ഏകദേശം 3,53,16,000 ആളുകളേ 1980-ൽ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു​ളളു എന്നാണ്‌ ഐക്യ​രാ​ഷ്‌ട്ര​സം​ഘടന പ്രസി​ദ്ധീ​ക​രിച്ച കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ആളുകൾ അവരുടെ എഴുപ​തു​ക​ളി​ലും എൺപതു​ക​ളി​ലു​മെ​ത്തു​മ്പോൾ ഈ സംഖ്യ അതി​വേഗം കുറയു​ന്നു. യേശു​വി​ന്റെ പ്രാവ​ച​നിക അടയാ​ള​ത്തി​ന്റെ വിശദാം​ശ​ങ്ങ​ളോ​ടൊ​പ്പം പരിഗ​ണി​ക്കു​മ്പോൾ അന്ത്യം ആസന്നമാ​ണെന്ന്‌ ഈ വസ്‌തു​തകൾ ശക്തമായി സൂചി​പ്പി​ക്കു​ന്നു.—ലൂക്കോസ്‌ 21:28.

16. അതു​കൊണ്ട്‌ നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

16 ഇത്‌ നിർവി​കാ​ര​രാ​യി കഴിഞ്ഞു​കൂ​ടാ​നു​ളള സമയമല്ല. അടിയ​ന്തി​ര​മാ​യി പ്രവർത്തി​ക്കാ​നു​ളള സമയമാ​ണിത്‌! യേശു തന്റെ ശിഷ്യൻമാർക്ക്‌ മുന്നറി​യിപ്പ്‌ നൽകിയ പ്രകാരം: “നിങ്ങൾ നിനയ്‌ക്കാത്ത നാഴി​ക​യിൽ മനുഷ്യ​പു​ത്രൻ [യേശു​ക്രി​സ്‌തു] വരുന്ന​തു​കൊണ്ട്‌ നിങ്ങൾ ഒരുങ്ങി​യി​രി​ക്കു​ന്നു എന്ന്‌ തെളി​യി​ക്കു​വിൻ.”—മത്തായി 24:44.

[അടിക്കു​റി​പ്പു​കൾ]

a കൂടുതൽ വിശദാം​ശ​ങ്ങൾക്ക്‌ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌തകം പേജ്‌ 134-147, 195-201 കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[29-ാം പേജിലെ ചതുരം]

ചരിത്രകാരൻമാർ 1914-നെ വീക്ഷി​ക്കുന്ന വിധം

നല്ല കാരണ​ത്തോ​ടെ 1914-ൽ ആരംഭിച്ച യുദ്ധം മഹായു​ദ്ധ​മെ​ന്നും ഒന്നാം ലോക​യു​ദ്ധ​മെ​ന്നും വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇത്രയും വിനാ​ശ​ക​മായ ഒരു യുദ്ധം ഇതിനു മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടില്ല. അതിനു​ശേ​ഷ​മു​ണ്ടായ യുദ്ധങ്ങൾ 1914-ൽ ആരംഭി​ച്ചതു തുടർന്ന​തേ​യു​ളളു. ആ സുപ്ര​ധാന വർഷത്തി​ന്റെ സ്വാധീ​ന​ത്തെ​ക്കു​റി​ച്ചു​ളള താഴെ​പ്പ​റ​യുന്ന അഭി​പ്രാ​യങ്ങൾ പരിഗ​ണി​ക്കുക:

● “ഈ യുദ്ധം യൂറോ​പ്പി​ന്റെ ഭൂപടം മാററി​മ​റി​ക്കു​ക​യും മൂന്നു സാമ്രാ​ജ്യ​ങ്ങളെ നശിപ്പിച്ച വിപ്ലവ​ങ്ങൾക്ക്‌ തുടക്കം കുറി​ക്കു​ക​യും മാത്രമല്ല ചെയ്‌തത്‌ മറിച്ച്‌ അതിന്റെ നേരി​ട്ടും അല്ലാ​തെ​യു​മു​ളള ഫലങ്ങൾ എല്ലാ രംഗങ്ങ​ളി​ലും അതിലും ബഹുദൂ​രം അപ്പുറം പോയി. യുദ്ധത്തി​നു​ശേഷം രാഷ്‌ട്രീ​യ​ക്കാ​രും മററു​ള​ള​വ​രും ഈ മാററത്തെ സാവകാ​ശ​ത്തി​ലാ​ക്കു​ന്ന​തി​നോ പിടി​ച്ചു​നി​റു​ത്തു​ന്ന​തി​നോ 1914-നു മുമ്പു​ണ്ടാ​യി​രുന്ന ‘സാധാരണ ഗതി’യിലേക്ക്‌ തിരികെ കൊണ്ടു​വ​രു​ന്ന​തി​നോ ശ്രമി​ക്കു​ക​യും ചെയ്‌തു. എന്നാൽ അത്‌ അസാദ്ധ്യ​മാ​യി​രു​ന്നു. ഈ ഭൂചലനം അത്ര ശക്തവും ദീർഘി​ച്ച​തു​മാ​യി​രു​ന്ന​തി​നാൽ പഴയ ലോകം അതിന്റെ അടിസ്ഥാ​ന​ങ്ങ​ളോ​ളം ഇളക്കി​മ​റി​ക്ക​പ്പെ​ട്ടി​രു​ന്നു. ആർക്കും അതിനെ അതിന്റെ സാമൂ​ഹ്യ​വ്യ​വ​സ്ഥി​തി​ക​ളും അതിന്റെ ആശയങ്ങ​ളും അതിന്റെ ധാർമ്മിക തത്വങ്ങ​ളും സഹിതം പുനഃ​സ്ഥാ​പി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.

“ . . . അനേക രംഗങ്ങ​ളിൽ മൂല്യ​ങ്ങ​ളു​ടെ തികച്ചും പുതിയ ഒരു നിലവാ​ര​മാ​യി സ്ഥാപി​ക്ക​പ്പെട്ട മൂല്യ​വ്യ​തി​യാ​നം ഒട്ടും​തന്നെ അപ്രധാ​ന​മ​ല്ലാ​യി​രു​ന്നു. . . . യുദ്ധമു​ന്ന​ണി​യി​ലെ പടയാ​ളി​കൾ മാത്ര​മാ​യി​രു​ന്നില്ല മൃഗീയ സ്വഭാ​വ​ക്കാ​രും അയൽക്കാ​രു​ടെ വസ്‌തു​ക്കൾ സംബന്ധിച്ച്‌ ശ്രദ്ധയി​ല്ലാ​ത്ത​വ​രു​മാ​യി​ത്തീർന്നത്‌. അനേകം മിഥ്യാ​ബോ​ധ​ങ്ങ​ളും വളരെ​യ​ധി​കം മുൻവി​ധി​ക​ളും അനേകം തെററായ മൂല്യ​ങ്ങ​ളും മാത്രമല്ല മറിച്ച്‌ അനേകം പരമ്പരാ​ഗത ജീവിത നിലവാ​ര​ങ്ങ​ളും സാമൂഹ്യ പെരു​മാ​ററ രീതി​ക​ളും കൂടെ തകർക്ക​പ്പെട്ടു. മൂല്യങ്ങൾ മാറി​ക്കൊ​ണ്ടി​രു​ന്നു. ഒന്നിനും ആഴത്തിൽ വേരി​ല്ലാ​തി​രു​ന്നാ​ലെ​ന്ന​വണ്ണം എല്ലാം ഒഴുക്കി​ക്കൊ​ണ്ടു​പോ​ക​പ്പെ​ടു​ന്ന​താ​യി തോന്നി—സാമ്പത്തിക വ്യവസ്ഥി​തി​യി​ലും ലൈം​ഗിക സദാചാ​ര​ത്തി​ലും രാഷ്‌ട്രീയ തത്വങ്ങ​ളി​ലും കല സംബന്ധിച്ച നിയമ​ങ്ങ​ളി​ലും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. . . .

“ആ കാലഘ​ട്ട​ത്തി​ന്റെ സവി​ശേ​ഷ​ത​യാ​യി​രുന്ന അടിസ്ഥാ​ന​പ​ര​മായ അരക്ഷി​താ​വസ്ഥ സാമ്പത്തിക രംഗത്ത്‌ വിശേ​ഷാൽ ദൃശ്യ​മാ​യി​രു​ന്നു. ഇവിടെ ആശ്രയ​യോ​ഗ്യ​മായ മൂല്യ​ങ്ങ​ളും കർശന​മായ നിയമ​ങ്ങ​ളും സഹിതം സങ്കീർണ്ണ​വും വഴക്കമു​ള​ള​തും വളരെ സന്തുലി​ത​വു​മായ ഒരു വ്യവസ്ഥി​തി​യെ​യാണ്‌ യുദ്ധം മൃഗീ​യ​മാ​യി നശിപ്പി​ച്ചത്‌. . . . ഈ രംഗത്തും ‘പഴയ ഗതിയി​ലേക്ക്‌’ തിരികെ പോകുക എന്നത്‌ അസാദ്ധ്യ​മാ​യി​രു​ന്നു.”—വാൾഷി​സ്‌റേ​റാ​റിയ—ഫോൾക്കൻസ്‌ ലിവ്‌ ഓക്‌ കുൾത്തൂർ (സ്‌റേ​റാ​ക്ക്‌ഹോം; 1958) വാല്യം VII പേജ്‌ 421, 422.

● “അര നൂററാണ്ട്‌ കഴിഞ്ഞി​രി​ക്കു​ന്നു​വെ​ങ്കി​ലും ആ മഹായു​ദ്ധം ജനതക​ളു​ടെ ദേഹത്തി​ലും ദേഹി​യി​ലും ഏൽപ്പി​ച്ചി​രി​ക്കുന്ന ആ ദുരന്ത​ത്തി​ന്റേ​തായ അടയാ​ളങ്ങൾ ഇന്നുവരെ മാഞ്ഞി​ട്ടില്ല. . . . ഈ ദുരനു​ഭ​വ​ത്തി​ന്റെ ഭൗതി​ക​വും ധാർമ്മി​ക​വു​മായ വലിപ്പം അത്ര അധിക​മാ​യി​രു​ന്ന​തി​നാൽ അവശേ​ഷിച്ച യാതൊ​ന്നും അതിനു മുമ്പ​ത്തെ​പ്പോ​ലെ ആയിരു​ന്നില്ല. സമൂഹം മുഴു​വ​നാ​യും: ഭരണവ്യ​വ​സ്ഥി​തി​കൾ, ദേശീയ അതിർത്തി​കൾ, നിയമങ്ങൾ, സായു​ധ​സൈ​ന്യ​ങ്ങൾ, സംസ്ഥാ​നാ​ന്തര ബന്ധങ്ങൾ കൂടാതെ ചിന്താ​ഗ​തി​കൾ, കുടും​ബ​ജീ​വി​തം, സമ്പത്ത്‌, സ്ഥാനം, വ്യക്തി​ബ​ന്ധങ്ങൾ—എല്ലാം അടിമു​തൽ മുടി​വരെ മാററി മറിക്ക​പ്പെട്ടു. . . . ഇന്നോളം ഒരിക്ക​ലും തിരി​ച്ചു​കി​ട്ടാത്ത വിധത്തിൽ മനുഷ്യ​വർഗ്ഗ​ത്തിന്‌ അതിന്റെ സന്തുലി​താ​വസ്ഥ നഷ്ടപ്പെട്ടു.”—ജനറൽ ചാൾസ്‌ ഡി ഗോൾ 1968-ൽ പ്രസ്‌താ​വി​ച്ചത്‌ (ലി മോണ്ടി, നവംബർ 12, 1968).

● “1914-മുതൽ ഇങ്ങോട്ട്‌ ലോക​ത്തി​ന്റെ ചായ്‌വു​കൾ സംബന്ധിച്ച്‌ ബോദ്ധ്യ​മു​ളള സകലരും കൂടു​ത​ലായ വിപത്തി​ലേ​ക്കു​ളള വിധി​ക്ക​പ്പെ​ട്ട​തും തികഞ്ഞ നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യു​ള​ള​തു​മായ നീക്കം കണ്ടിട്ട്‌ ഉൽക്കണ്‌ഠാ​കു​ല​രാ​യി​ട്ടുണ്ട്‌. നാശത്തി​ലേ​ക്കു​ളള ഈ ഊളി​യി​ട​ലി​നെ തടയാൻ യാതൊ​ന്നി​നും സാദ്ധ്യമല്ല എന്ന്‌ ഗൗരവ​മാ​യി ചിന്തി​ക്കുന്ന അനേകർക്കും തോന്നി​യി​ട്ടുണ്ട്‌. കോപ​വെ​റി​പൂണ്ട ദൈവ​ങ്ങ​ളാൽ മുന്നോട്ട്‌ പായി​ക്ക​പ്പെ​ടുന്ന, മേലാൽ സ്വന്തം വിധി നിയ​ന്ത്രി​ക്കാൻ കഴിയാത്ത, ഒരു ഗ്രീക്ക്‌ ദുരന്ത​നാ​ട​ക​ത്തി​ലെ നായക​നാ​യി​ട്ടാണ്‌ അവർ മനുഷ്യ​വർഗ്ഗത്തെ കാണു​ന്നത്‌”.—ബെട്രാൻഡ്‌ റസ്സൽ, ന്യൂ​യോർക്ക്‌ ടൈംസ്‌ മാസിക, സെപ്‌റ​റം​ബർ 27, 1953.

● “ഇന്നത്തെ അനുകൂല സാഹച​ര്യ​ത്തിൽ നിന്ന്‌ പിന്തി​രിഞ്ഞ്‌ നോക്കു​മ്പോൾ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ പൊട്ടി​പ്പു​റ​പ്പെടൽ ഇരുപ​താം നൂററാ​ണ്ടി​ലെ ‘കുഴപ്പ​ങ്ങ​ളു​ടേ​തായ ഒരു കാലഘട്ട’ത്തെ ആനയി​ച്ചു​വെന്ന്‌ നമുക്ക്‌ വ്യക്തമാ​യി കാണാൻ കഴിയു​ന്നു. ബ്രിട്ടീഷ്‌ ചരി​ത്ര​കാ​ര​നായ ആർനോൾഡ്‌ റേറാ​യിൻബി​യു​ടെ അർത്ഥപു​ഷ്ട​മായ വാക്കു​ക​ളിൽ പറഞ്ഞാൽ നാം ഇന്നോളം അതിൽനിന്ന്‌ കരേറി​യി​ട്ടില്ല. നേരി​ട്ടോ അല്ലാ​തെ​യോ കഴിഞ്ഞ അരനൂ​റ​റാ​ണ്ടു​കാ​ലത്തെ കുഴപ്പ​ങ്ങ​ളെ​ല്ലാം 1914-ൽ നിന്ന്‌ വന്നിട്ടു​ള​ള​താണ്‌.”—ദി ഫാൾ ഓഫ്‌ ദി ഡിനാ​സ്‌റ​റീസ്‌: ദി കൊലാ​പ്‌സ്‌ ഓഫ്‌ ദി ഓൾഡ്‌ ഓർഡർ (ന്യൂ​യോർക്ക്‌; 1963), എഡ്‌മൺഡ്‌ ടെയി​ല​റി​നാ​ലു​ള​ളത്‌, പേജ്‌ 16.

എന്നാൽ ആഗോ​ള​വി​നാ​ശ​ക​മായ അത്തരം സംഭവ​ങ്ങൾക്കു​ളള കാരണ​മെ​ന്താണ്‌?

ബൈബിൾ മാത്ര​മാണ്‌ തൃപ്‌തി​ക​ര​മായ ഉത്തരം നൽകു​ന്നത്‌.

[27-ാം പേജിലെ ചാർട്ട്‌]

1914—ബൈബിൾ കാലക്ക​ണ​ക്കി​നാ​ലും ലോക സംഭവ​ങ്ങ​ളാ​ലും അടയാ​ള​പ്പെ​ടു​ത്ത​പ്പെട്ട ഒരു വർഷം

കാലക്കണക്ക്‌

→ “ഏഴു കാലങ്ങൾക്കു” ശേഷം ദൈവം ലോകാ​ധി​പ​ത്യം താൻ തെര​ഞ്ഞെ​ടുത്ത ഒരുവന്‌ നൽകു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു (ദാനി​യേൽ 4:3-17)

→ “ഏഴുകാലങ്ങൾ” = 2,520 വർഷങ്ങൾ (വെളി​പ്പാട്‌ 11:2, 3; 12:6, 14; യെഹെ​സ്‌ക്കേൽ 4:6 എന്നിവ താരത​മ്യം ചെയ്യുക.)

→ “ഏഴു കാലങ്ങ​ളു​ടെ” ആരംഭം: പൊ. യു. മു. 607. (യെഹെ​സ്‌ക്കേൽ 21:25-27; ലൂക്കോസ്‌ 21:24)

→ “ഏഴു കാലങ്ങ​ളു​ടെ” അവസാനം: പൊ. യു. 1914.

അപ്പോൾ യേശു​ക്രി​സ്‌തു സ്വർഗ്ഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെട്ടു, തന്റെ ശത്രു​ക്ക​ളു​ടെ മദ്ധ്യേ വാഴ്‌ച​യാ​രം​ഭി​ച്ചു (സങ്കീർത്തനം 110:1, 2)

സാത്താൻ സ്വർഗ്ഗ​ത്തിൽനിന്ന്‌ പുറന്ത​ള​ള​പ്പെട്ടു; മനുഷ്യ​വർഗ്ഗ​ത്തിന്‌ അയ്യോ കഷ്ടം (വെളി​പ്പാട്‌ 12:7-12)

അന്ത്യനാ​ളു​കൾ ആരംഭി​ച്ചു (2 തിമൊ​ഥെ​യോസ്‌ 3:1-5)

അന്ത്യനാളുകളെ അടയാ​ള​പ്പെ​ടു​ത്താൻ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട സംഭവങ്ങൾ

→ യുദ്ധം (ഒന്നാം ലോക​മ​ഹാ​യു​ദ്ധം 1914-ൽ ആരംഭി​ച്ചു; അതിനു​ശേഷം വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും സമാധാ​നം ഉണ്ടായി​രു​ന്നി​ട്ടില്ല)

→ ഭക്ഷ്യക്ഷാ​മം (ഇപ്പോൾ ഓരോ വർഷവും ഏതാണ്ട്‌ 4 കോടി ജീവന​പ​ഹ​രി​ക്കു​ന്നു)

→ പകർച്ച​വ്യാ​ധി​കൾ (ശാസ്‌ത്രീയ ഗവേഷ​ണ​ത്തിൽ പുരോ​ഗ​തി​യെ​ല്ലാ​മു​ണ്ടാ​യി​ട്ടും)

→ ഭൂകമ്പങ്ങൾ (1914-നു ശേഷം ഓരോ വർഷവും ഏതാണ്ട്‌ ശരാശരി 20 മടങ്ങ്‌ വലിയ ഭൂകമ്പങ്ങൾ)

→ ഭയം (കുററ​കൃ​ത്യം, സാമ്പത്തിക തകർച്ച, ആണവ സർവ്വനാ​ശം എന്നിവ സംബന്ധിച്ച്‌)

1914 കണ്ട തലമുറ നീങ്ങി​പ്പോ​കു​ന്ന​തി​നു മുമ്പായി ഈ ദുഷ്ട​ലോ​കം ദൈവ​ത്താൽ നശിപ്പി​ക്ക​പ്പെ​ടും (മത്തായി 24:3-34; ലൂക്കോസ്‌ 21:7-32)