നമ്മുടെ ഭാവി നിർണ്ണയിക്കുന്ന വിവാദ പ്രശ്നങ്ങൾ
അധ്യായം 2
നമ്മുടെ ഭാവി നിർണ്ണയിക്കുന്ന വിവാദ പ്രശ്നങ്ങൾ
1. (എ) ഏതു ആധുനികകാല പ്രശ്നങ്ങൾ അനേകരുടെ ചിന്തയെ ഭരിക്കുന്നു, പരിഹാരത്തിനു വേണ്ടി അവർ എവിടേക്കു നോക്കുന്നു? (ബി) എന്തു പരിഗണിക്കുന്നതിലാണ് അവർ മിക്കപ്പോഴും പരാജയപ്പെടുന്നത്?
ഈ അടുത്ത കാലങ്ങളിൽ വളരെ വേഗത്തിൽ ഒന്നിനു പിറകെ ഒന്നായി നമ്മുടെ ഭാവിയെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങൾ നമ്മുടെ മേൽ വന്നു പതിച്ചിരിക്കുന്നു. എല്ലായിടങ്ങളിലുമുളള ആളുകൾ നിരാശാബോധത്തോടെ ആശ്വാസം തേടാൻ തക്കവണ്ണം അവസ്ഥകൾ അത്ര വഷളാണ്. അവർ ഒരുപക്ഷേ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നിരുന്നാലും ഇവിടെ ഭൂമിയിലെ അവസ്ഥകൾ മെച്ചപ്പെടണമെന്നുണ്ടെങ്കിൽ മനുഷ്യർതന്നെ അതിനിടയാക്കണം എന്ന് അവർക്ക് തോന്നുന്നുണ്ടായിരിക്കണം. നിലവിലുളള ഗവൺമെൻറുകളിലൂടെയോ ആ ഗവൺമെൻറുകളുടെ നടപടിക്കെതിരെ പൊതുജനപ്രക്ഷോഭണം സംഘടിപ്പിച്ചുകൊണ്ടോ ചിലർ അതു ചെയ്യാൻ ശ്രമിക്കുന്നു. വിപ്ലവം മാത്രമാണ് ഏക പോംവഴിയെന്ന് മററു ചിലർ വിശ്വസിക്കുന്നു. നിയമങ്ങൾ മാററുകയോ, ഭരണാധിപൻമാരെയോ ഗവൺമെൻറിനെ മുഴുവനായോ മാററുകയോ ചെയ്യുന്നതിനാൽ തീർച്ചയായും അവസ്ഥകൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ വസ്തുതകൾ എന്തു പ്രകടമാക്കുന്നു? ആയിരക്കണക്കിന് വർഷങ്ങളിലൂടെ ശ്രമിച്ചിട്ടും എല്ലാ പ്രജകൾക്കും നിഷ്പക്ഷമായ നീതിയും യഥാർത്ഥ സുരക്ഷിതത്വവും നിലനിൽക്കുന്ന സന്തോഷവും പ്രദാനം ചെയ്തിട്ടുളള ഒരു ഗവൺമെൻറ് പോലും രൂപീകരിക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണമെന്താണ്?
2. ലോകത്തിലെ അവസ്ഥകൾ ഇത്ര വഷളായിരിക്കുന്നതെന്തുകൊണ്ടാണ്?
2 അധികാരത്തിലിരിക്കുന്ന ആളുകളുടെ ലക്ഷ്യങ്ങൾ എത്ര തന്നെ മാന്യമായിരുന്നാലും എല്ലാ മാനുഷ ഗവൺമെൻറുകളും അധികാരസ്ഥാനങ്ങളിലിരിക്കുന്ന ആളുകളുടെ നിയന്ത്രണത്തിന് അതീതമായ ശക്തികളാലാണ് നയിക്കപ്പെടുന്നത്. ആരാൽ? മനുഷ്യാതീത ആത്മജീവികളാൽ, പിശാചായ സാത്താനാലും അവന്റെ ഭൂതങ്ങളാലും തന്നെ. അനേകം ആളുകൾ അത്തരം ആത്മവ്യക്തികളിലുളള വിശ്വാസത്തെ പുച്ഛിച്ചു തളളുന്നു എന്നതു സത്യം തന്നെ. എന്നാൽ യേശുക്രിസ്തു അങ്ങനെ ചെയ്തില്ല. അവൻ വ്യക്തിപരമായി സാത്താന്റെ പശ്ചാത്തലം അറിഞ്ഞിരുന്നു. അവനെപ്പററി “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്ന നിലയിൽ സംസാരിക്കുകയും ചെയ്തു. (യോഹന്നാൻ 12:31) ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയെ ബൈബിൾ ആലങ്കാരിക ഭാഷയിൽ ഒരു കാട്ടുമൃഗമായി ചിത്രീകരിക്കുകയും “മഹാസർപ്പം [സാത്താൻ] മൃഗത്തിന് അതിന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും നൽകി” എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. (വെളിപ്പാട് 13:1, 2; ദാനിയേൽ 7:2-8, 12, 23-26 താരതമ്യപ്പെടുത്തുക.) കൂടാതെ നമ്മുടെ നാളിനെപ്പററി വർദ്ധിച്ച അളവിൽ “ഭൂമിക്ക് അയ്യോ കഷ്ടം എന്തുകൊണ്ടെന്നാൽ . . . പിശാച് നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വന്നിരിക്കുന്നു” എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (വെളിപ്പാട് 12:12) ഇന്ന് മനുഷ്യസമുദായം എന്തിലേക്ക് തളളിവിടപ്പെട്ടിരിക്കുന്നുവോ ആ കുഴഞ്ഞ അവസ്ഥക്ക് മററു യാതൊന്നും തൃപ്തികരമായ വിശദീകരണമായിരിക്കുന്നില്ല. എന്നാൽ അതെങ്ങനെയാണ് സംഭവിച്ചത്? ആശ്വാസം ലഭിക്കുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും?
പരമാധികാരത്തിന്റെ വിവാദം
3. ദൈവത്തോടുളള മനുഷ്യവർഗ്ഗത്തിന്റെ ഉചിതമായ ബന്ധം സംബന്ധിച്ച് ഉൽപ്പത്തി 2:16, 17 എന്തു പ്രകടമാക്കുന്നു?
3 യഹോവയാം ദൈവം ആദ്യമാനുഷജോടിയായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച് ഏദൻതോട്ടത്തിൽ ആക്കിവച്ചപ്പോൾ തന്നോടുളള അവരുടെ ബന്ധം സംബന്ധിച്ച് അവൻ അവർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്ന് ബൈബിളിന്റെ പ്രാരംഭ അദ്ധ്യായങ്ങൾ നമ്മോട് പറയുന്നു. അവൻ അവരുടെ പിതാവും ഔദാര്യനിധിയായ ദാതാവും ആയിരുന്നതു കൂടാതെ അഖിലാണ്ഡ പരമാധികാരിയുമായിരുന്നു. തുടർന്നുളള അവരുടെ ജീവിതം ദൈവത്തോടുളള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് അവരുടെ തന്നെ നൻമക്കായി അവർ വിലമതിക്കേണ്ടിയിരുന്നു.—ഉൽപ്പത്തി 2:16, 17; പ്രവൃത്തികൾ 17:24, 25 താരതമ്യം ചെയ്യുക.
4. (എ) സാത്താൻ എവിടെ നിന്ന് വന്നു? (ബി) അവൻ എന്തു തെററായ ആഗ്രഹം വികാസം പ്രാപിക്കാൻ അനുവദിച്ചു?
4 അന്ന് എല്ലാ സൃഷ്ടിയും പൂർണ്ണതയുളളതായിരുന്നു. മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ദൂതൻമാരും മനുഷ്യരും ഒരു സ്വതന്ത്ര മനസ്സിന്റെ പ്രാപ്തിയോടെയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ട് അധികം താമസിയാതെ ദൂതൻമാരിൽ ഒരാൾ വ്യക്തിപരമായി തീരുമാനങ്ങൾ ചെയ്യാനുളള ഈ അൽഭുതകരമായ പ്രാപ്തി തെററായി ഉപയോഗിക്കുകയും യഹോവയുടെ പരമാധികാരത്തിനെതിരെ മൽസരിക്കുകയും ചെയ്തു. അവൻ അതുവഴി തന്നെത്തന്നെ ഒരു ശത്രു അല്ലെങ്കിൽ എതിരാളി ആക്കിത്തീർത്തു. സാത്താൻ എന്ന പദത്തിന്റെ അക്ഷരീയമായ അർത്ഥം അതാണ്. (യാക്കോബ് 1:14, 15; വെളിപ്പാട് 12:9 എന്നിവ താരതമ്യം ചെയ്യുക.) ഉന്നതപദവാഞ്ഛയാൽ പ്രേരിതനായി സാത്താൻ ആദ്യ മാനുഷജോടിയെ യഹോവയാം ദൈവത്തിൽ നിന്ന് വശീകരിച്ച് അകററാനും അവരെ തന്റെ സ്വാധീനത്തിൻ കീഴിൽ കൊണ്ടുവരാനും ശ്രമിച്ചു. തന്നെ ദൈവമായി ആദരിക്കുന്ന മനുഷ്യരെക്കൊണ്ട് ഭൂമിയെ നിറയ്ക്കാനുളള ഒരു സാദ്ധ്യത അവൻ അവരിൽ കണ്ടു. (യെശയ്യാവ് 14:12-14; ലൂക്കോസ് 4:5-7 എന്നിവ താരതമ്യപ്പെടുത്തുക.) ഏദനിൽ സംഭവിച്ചതിനെപ്പററിയുളള വിവരണം വെറും കെട്ടുകഥയല്ല. ഒരു ചരിത്ര വസ്തുതയെന്ന നിലയിൽ യേശുക്രിസ്തു അതിനെ പരാമർശിച്ചു.—മത്തായി 19:4, 5.
5. (എ) ഏദനിൽ ഏതു വിവാദപ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടു? (ബി) അവയാൽ ബാധിക്കപ്പെട്ടിരിക്കുന്നതാരാണ്?
5 പിശാചിനെപ്പററി യേശു പറഞ്ഞു: “അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല . . . അവൻ ഒരു ഭോഷ്ക്കാളിയും ഭോഷ്ക്കിന്റെ പിതാവുമാകുന്നു.” (യോഹന്നാൻ 8:44) പിശാചിന്റെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ഭോഷ്ക് ദൈവത്തിന്റെ സത്യതയെ ചോദ്യം ചെയ്തുകൊണ്ട് അവൻ ഹവ്വായോട് പറഞ്ഞതായിരുന്നു. ദൈവത്തിന്റെ നിയമം തളളിക്കളയുന്നതിന് അവൻ പ്രേരിപ്പിക്കുകയും ജീവിതത്തിൽ ഓരോരുത്തരും തങ്ങളുടെ തന്നെ നിലവാരങ്ങൾ വയ്ക്കുന്നത് പ്രയോജനകരമാണെന്ന് വാദിക്കുകയും ചെയ്തു. (ഉൽപ്പത്തി 3:1-5; യിരെമ്യാവ് 10:23 താരതമ്യപ്പെടുത്തുക.) അങ്ങനെ അവിടെ ഏദനിൽ യഹോവയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടു. പിൽക്കാലസംഭവങ്ങൾ പ്രകടമാക്കിയതുപോലെ ബുദ്ധിശക്തിയുളള സകല സൃഷ്ടികളുടെയും ദൈവത്തോടുളള നിർമ്മലതയും ചോദ്യം ചെയ്യപ്പെട്ടു. അവർ യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിച്ചതുകൊണ്ടാണോ അവനെ സേവിക്കുന്നത് അതോ അവരെ അവനിൽനിന്ന് അകററിക്കളയാൻ കഴിയുമോ? (ഇയ്യോബ് 1:7-12; 2:3-5; ലൂക്കോസ് 22:31) ഈ വിവാദ പ്രശ്നങ്ങൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുളള സകലരേയും ബാധിക്കുമായിരുന്നു. അഖിലാണ്ഡപരമാധികാരി എന്തു നടപടി സ്വീകരിച്ചു?
6. യഹോവ ആ മൽസരികളെ ഉടനടി നശിപ്പിച്ചുകളയാഞ്ഞതെന്തുകൊണ്ട്?
6 മൽസരികളെ ഉടനടി നശിപ്പിക്കുന്നതിനു പകരം എന്നന്നേക്കുമായി ഈ വിവാദങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്നതിന് യഹോവ ജ്ഞാനപൂർവം ഒരു കാലഘട്ടം അനുവദിച്ചു. ദൈവം ഇതു ചെയ്തത് തനിക്കുതന്നെ എന്തെങ്കിലും ബോദ്ധ്യമാകുന്നതിനായിരുന്നില്ല. മറിച്ച് തന്റെ പരമാധികാരത്തിനെതിരെയുളള മൽസരം ഉൽപ്പാദിപ്പിച്ച മോശമായ ഫലങ്ങൾ സ്വതന്ത്ര മനസ്സുളള സൃഷ്ടികൾ കാണുന്നതിനും ഈ ജീവൽപ്രധാനമായ കാര്യങ്ങളിൽ വ്യക്തിപരമായി അവർ എവിടെ നിൽക്കുന്നു എന്ന് പ്രകടമാക്കുന്നതിന് അവർക്ക് അവസരം നൽകുന്നതിനുമായിരുന്നു. ഈ വിവാദ പ്രശ്നങ്ങൾക്ക് തീർപ്പു കൽപ്പിക്കപ്പെട്ടു കഴിഞ്ഞാൽ സമാധാനം ഭഞ്ജിക്കുന്നതിന് ആരും അനുവദിക്കപ്പെടുകയില്ല.
7. (എ) മാനുഷ ഗവൺമെൻറുകൾ ആരംഭിച്ചതെങ്ങനെ? (ബി) അവ ഏതു തരത്തിലുളള രേഖ നിർമ്മിച്ചിരിക്കുന്നു?
7 മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവെന്ന നിലയിൽ യഹോവയാം ദൈവം അതിന്റെ ഭരണാധിപനായിരിക്കാനും യോഗ്യനാണ്. (വെളിപ്പാട് 4:11) എന്നിരുന്നാലും കാലക്രമത്തിൽ സാത്താനും അവന്റെ ഭൂതങ്ങളും നൻമയും തിൻമയും സംബന്ധിച്ച് തങ്ങൾക്കുതന്നെ നിലവാരം വയ്ക്കാൻ മാത്രമല്ല മറിച്ച് സഹമനുഷ്യരുടെമേൽ ഭരണം നടത്താനുമുളള ഒരാഗ്രഹം മനുഷ്യരുടെയിടയിൽ ഇളക്കിവിടാൻ തുടങ്ങി. മെസപ്പൊത്താമ്യയിലെ നഗരങ്ങളുടെമേൽ ഭരണം നടത്തിക്കൊണ്ട് ആദ്യമായി തന്നെത്തന്നെ രാജാവാക്കിയത് നിമ്രോദായിരുന്നു. അവൻ “യഹോവക്കെതിരെ [മൃഗങ്ങളുടെയും മനുഷ്യരുടെയും] ഒരു ശക്തനായ വേട്ടക്കാരനായിരുന്നു.” (ഉൽപ്പത്തി 10:8-12) നിമ്രോദിന്റെ കാലം മുതൽ ഇന്നോളം സാദ്ധ്യമായ എല്ലാ ഭരണരീതികളും പരീക്ഷിച്ചു നോക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതൊരു ചരിത്ര പഠിതാവിനും അറിയാവുന്നതുപോലെ ആകമാന രേഖ അഴിമതിയുടെയും രക്തച്ചൊരിച്ചിലിന്റേതുമായിരുന്നിട്ടുണ്ട്.—സഭാപ്രസംഗി 8:9.
8. ലോകത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഉൾപ്പെടാൻ യേശു വിസമ്മതിച്ചതെന്തുകൊണ്ട്?
8 യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അവനെപ്പോലും തന്റെ സ്വാധീനത്തിൽ കൊണ്ടുവരാൻ സാത്താൻ ശ്രമിച്ചു. ആരാധനയുടെ ഒരു ക്രിയയ്ക്കു പകരമായി “നിവസിതഭൂമിയിലെ എല്ലാ രാജ്യങ്ങളും” അവൻ യേശുവിന് വച്ചുനീട്ടി. യേശു അതു സ്വീകരിച്ചില്ല. (ലൂക്കോസ് 4:1-13) പിന്നീട് ആളുകൾ യേശുവിനെ രാജാവാക്കാൻ ആഗ്രഹിച്ചു, എന്നാൽ യേശു അവിടെ നിന്ന് മാറിക്കളഞ്ഞു. (യോഹന്നാൻ 6:15) ഈ ലോകത്തിന്റെ രാഷ്ട്രീയവ്യവസ്ഥിതി എങ്ങനെയുളളതാണ് എന്ന് അവന് അറിയാമായിരുന്നു. അത് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് തന്നെ സംബന്ധിച്ചുളള ദൈവത്തിന്റെ ഇഷ്ടമല്ലെന്ന് അവൻ തിരിച്ചറിയുകയും ചെയ്തു.
9. (എ) മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദൈവത്തിന്റെ രാജ്യത്തിന് മാത്രം ചെയ്യാൻ കഴിയുന്ന എന്തു ചെയ്യപ്പെടണം? (ബി) ആ രാജ്യം എന്താണ്?
9 തന്റെ ദൈവവും പിതാവുമായ യഹോവയോട് അവൻ പൂർണ്ണമായ വിശ്വസ്തത പ്രകടമാക്കി. അവൻ തന്റെ പിതാവിന്റെ വഴികളെ സ്നേഹിക്കുകയും എല്ലായ്പ്പോഴും അവന് പ്രസാദകരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്തു. (യോഹന്നാൻ 8:29) സ്വർഗ്ഗത്തിൽ നിന്ന് ഭരണം നടത്തുകയും മനുഷ്യവർഗ്ഗത്തിന് ആവശ്യമുളള നീതിപൂർവ്വകവും സ്നേഹപൂർവ്വകവുമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്ന ഒരു യഥാർത്ഥ ഗവൺമെൻറായ ദൈവരാജ്യത്തിലൂടെ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുളള പരിഹാരം വരുമെന്ന് അവനറിയാമായിരുന്നു. സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സ്വാധീനം നീക്കം ചെയ്യുന്നതിന് ആ രാജ്യത്തിന് മാത്രമേ കഴിയുമായിരുന്നുളളു. എല്ലാ വർഗ്ഗത്തിലും ജനതകളിലുംപെട്ട ആളുകളെ സമാധാനത്തിൽ ജീവിക്കുന്ന ഒരു ആഗോള കുടുംബമായി ഏകീകരിക്കുന്നതിന് അതിനു മാത്രമേ കഴിയുമായിരുന്നുളളു. അതിനു മാത്രമേ പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽനിന്ന് മനുഷ്യവർഗ്ഗത്തെ മോചിപ്പിക്കാൻ കഴിയുമായിരുന്നുളളു. അതിനു മാത്രമേ മനുഷ്യവർഗ്ഗത്തിന് നിലനിൽക്കുന്ന സന്തോഷം കൈവരുത്താൻ കഴിയുമായിരുന്നുളളു. ഈ രാജ്യം രാഷ്ട്രീയക്കാർ സ്ഥാപിക്കുന്നതും പുരോഹിതൻമാർ ആശീർവ്വദിക്കുന്നതുമായ എന്തെങ്കിലും സംവിധാനമല്ല. അതിന്റെ താൽപ്പര്യങ്ങൾ വികസിപ്പിക്കുന്നതിന് സത്യക്രിസ്ത്യാനികൾ ഏതെങ്കിലും ജഡിക യുദ്ധായുധങ്ങൾ ഉപയോഗിക്കുന്നില്ല. അതു ദൈവം തന്നെ സിംഹാസനസ്ഥനാക്കിയ പൂർണ്ണതയുളള ഒരു സ്വർഗ്ഗീയ രാജാവുളള, ദൈവത്തിന്റെ സ്വന്തം ഗവൺമെൻറാണ്. യേശു എന്തിനേപ്പററി പ്രസംഗിച്ചോ, എന്തിനുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ അനുയായികളെ പഠിപ്പിച്ചോ, അത് ഈ രാജ്യമാണ്.—ദാനിയേൽ 2:44; വെളിപ്പാട് 20:1, 2; 21:3, 4.
നിങ്ങൾ ഏതു പക്ഷം തെരഞ്ഞെടുക്കും?
10. (എ) നാം ഓരോരുത്തരും അഭിമുഖീകരിക്കേണ്ട വലിയ വിവാദപ്രശ്നം എന്താണ്? (ബി) അതു സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടതുണ്ട്?
10 നിങ്ങൾ അഭിമുഖീകരിക്കേണ്ട വിവാദ പ്രശ്നം ഇതാണ്: അഖിലാണ്ഡത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവം ഉചിതമായും അതിന്റെ പരമാധികാരി, അതിന്റെ സമുന്നത ഭരണാധികാരി കൂടെയാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ബൈബിളിൽ കാണപ്പെടുന്ന അവന്റെ ഉദ്ദേശ്യങ്ങളും നിബന്ധനകളും പഠിക്കാൻ നിങ്ങൾ സമയമെടുത്തിട്ടുണ്ടോ? അവന്റെ സ്ഥാനത്തോടുളള ആദരവ് നിമിത്തവും അവന്റെ വഴികളോടുളള വിലമതിപ്പ് നിമിത്തവും അവനോട് സ്നേഹപൂർവ്വം അനുസരണമുളളവനാണെന്ന് നിങ്ങൾ തെളിയിക്കുന്നുണ്ടോ?—സങ്കീർത്തനം 24:1, 10; യോഹന്നാൻ 17:3; 1 യോഹന്നാൻ 5:3.
11. ഒരു വ്യത്യസ്ത ഗതി തെരഞ്ഞെടുക്കുന്നത് സന്തുഷ്ടി കൈവരുത്തുകയില്ലാത്തതെന്തുകൊണ്ട്?
11 മറേറതെങ്കിലും ഗതി തെരഞ്ഞെടുക്കുന്നവർ കൂടുതൽ സന്തുഷ്ടരാണോ? ദൈവത്തെ ശ്രദ്ധിക്കുന്നതിനു പകരം തങ്ങളുടെ സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്താൽ മനുഷ്യർക്ക് കൂടുതൽ പ്രയോജനമുണ്ടാകും എന്ന സാത്താന്റെ വാദത്തിൽനിന്ന് എന്തു ഫലമുണ്ടായിരിക്കുന്നു? ഭൂമി ദൈവത്തിന്റേതാണെന്നും ആദ്യ മനുഷ്യജോടിയുടെ പിൻതലമുറക്കാരെന്ന നിലയിൽ മനുഷ്യവർഗ്ഗം മുഴുവൻ സഹോദരങ്ങളെന്ന നിലയിൽ ജീവിക്കേണ്ടതാണെന്നും അംഗീകരിക്കാനുളള വിസമ്മതം ഈ നൂററാണ്ടിലെ യുദ്ധങ്ങളിൽ തന്നെ ഏററം കുറഞ്ഞത് 9 കോടി 90 ലക്ഷം പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വധത്തിന് ഇടയാക്കിയിരിക്കുന്നു. ബൈബിളിന്റെ ധാർമ്മിക നിലവാരങ്ങൾ ബാധകമാക്കുന്നതിലെ പരാജയം തകർന്ന ഭവനങ്ങൾ, സാംക്രമിക ഗുഹ്യരോഗങ്ങൾ, മയക്കുമരുന്നിലുളള ആസക്തിയാലും ഭീകര കുററകൃത്യങ്ങളാലുമുളള ആരോഗ്യനാശം എന്നിവ ഉൽപ്പാദിപ്പിച്ചിരിക്കുന്നു. ഒരു ഭീകരാന്ത്യത്തിൽനിന്ന് രക്ഷപെടുന്നവർ പോലും ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപം മൂലം ഉണ്ടാകുന്ന മരണത്തെ അഭിമുഖീകരിക്കുന്നു. ആളുകൾ സ്രഷ്ടാവിന്റെ ജ്ഞാനപൂർവ്വകവും സ്നേഹപൂർവ്വകവുമായ നിബന്ധനകളെ അവഗണിക്കുമ്പോൾ തങ്ങളെത്തന്നെയും തങ്ങളുടെ ചുററുമുളളവരെയും ദ്രോഹിക്കുക മാത്രമേ ചെയ്യുന്നുളളുവെന്ന് എല്ലാ തെളിവുകളും പ്രകടമാക്കുന്നു. (റോമർ 5:12; യെശയ്യാവ് 48:17, 18 താരതമ്യം ചെയ്യുക.) തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നത് അത്തരം ജീവിതമല്ല. അതിലും വളരെ മെച്ചമായ ഒന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയും.
12. (എ) ബൈബിൾ എന്ത് ഊഷ്മളമായ ക്ഷണം നമുക്ക് നീട്ടിത്തരുന്നു? (ബി) നാം ക്രമമായി ദൈവത്തിന്റെ വചനം നമ്മുടെ ജീവിതത്തിൽ ബാധകമാക്കുമ്പോൾ നമുക്ക് എന്ത് അനുഭവവേദ്യമാകും?
12 ഊഷ്മളമായ ആകർഷണീയതയോടെ ബൈബിൾ ഈ ക്ഷണം വച്ചുനീട്ടുന്നു: “ജനങ്ങളെ, യഹോവ നല്ലവനെന്ന് രുചിച്ചറിയുവിൻ; അവനെ ശരണം പ്രാപിക്കുന്ന ദൃഢഗാത്രനായ പുരുഷൻ സന്തുഷ്ടൻ.” (സങ്കീർത്തനം 34:8) അതു ചെയ്യുന്നതിന് നിങ്ങൾ യഹോവയെ അറിയുകയും അവന്റെ ബുദ്ധിയുപദേശം ബാധകമാക്കുകയും വേണം. നിങ്ങൾ അതു ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാകും. നിമിഷനേരത്തേക്ക് പ്രശ്നങ്ങൾ മറക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്നതും എന്നാൽ പിന്നീട് ഹൃദയവേദനക്ക് ഇടയാക്കിയേക്കാവുന്നതുമായ നൈമിഷികമായ ഉല്ലാസങ്ങൾ എത്തിപ്പിടിക്കുന്നതിനു പകരം ജീവിതപ്രശ്നങ്ങളെ വിജയകരമായി നേരിടേണ്ടതെങ്ങനെയെന്നും നിലനിൽക്കുന്ന സന്തോഷം എങ്ങനെ കണ്ടെത്താമെന്നും നിങ്ങൾ പഠിക്കും. (സദൃശവാക്യങ്ങൾ 3:5, 6; 4:10-13; 1:30-33) ദൈവരാജ്യം മുഖാന്തരം വരുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളിൽ പങ്കുചേരുന്നതിനുളള ഭാവി പ്രത്യാശയും നിങ്ങൾക്കുണ്ടായിരിക്കും. ഇത്തരത്തിലൊരു ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇപ്പോൾ അതിനുവേണ്ട നടപടി സ്വീകരിക്കുക എന്നത് മർമ്മപ്രധാനമാണ്. എന്തുകൊണ്ട്?
എല്ലാ ജനതകളും അർമ്മഗെദ്ദോനിലേക്ക് നീങ്ങുന്നു
13. ഇപ്പോൾ യഹോവയുടെ പക്ഷത്ത് ഒരു ഉറച്ച നിലപാട് സ്വീകരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
13 മന:പൂർവ്വമായോ അല്ലെങ്കിൽ അലക്ഷ്യമായോ സാത്താന്റെ നേതൃത്വത്തെ പിൻപററുന്ന ആളുകളെയും സ്ഥാപനങ്ങളെയും യഹോവ എന്നേക്കും വച്ചുപൊറുപ്പിക്കുകയില്ല. ദൈവനിയമങ്ങളെ അവഗണിക്കുന്നതിലും ഭൂമിയെ ദുരുപയോഗപ്പെടുത്തുകയും മററുളളവരുടെ ജീവിതത്തെ നശിപ്പിക്കുകയും ചെയ്യുന്നതിലും തുടരാൻ അവർ അനുവദിക്കപ്പെടുകയില്ല. “യഹോവയുടെ മഹാദിവസം” എന്ന് ബൈബിൾ വിളിക്കുന്ന ദിവസത്തിൽ അവർ കണക്കു ചോദ്യത്തിന്റെ ഒരു ദിവസത്തെ അഭിമുഖീകരിക്കുന്നു.—സെഫന്യാവ് 1:2, 3, 14-18.
14. ഇപ്പോൾ എല്ലാ ജനതകളും എന്തിലേക്കാണ് കൂട്ടിച്ചേർക്കപ്പെടുന്നത്?
14 ഈ വ്യവസ്ഥിതിയുടെ സമാപനനാളുകളിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ വെളിപ്പെടുത്തുകയിൽ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് മുഴുനിവസിതഭൂമിയിലെയും രാജാക്കൻമാരെ കൂട്ടിച്ചേർക്കേണ്ടതിന്” “ഭൂതനിശ്വസ്ത മൊഴികൾ” അവരുടെയടുക്കലേക്ക് പുറപ്പെടുമെന്ന് യേശുക്രിസ്തു വ്യക്തമാക്കി. ആ വെളിപ്പാട് പ്രകടമാക്കിയ പ്രകാരം “അവ അവരെ എബ്രായ ഭാഷയിൽ ഹാർമഗെദ്ദോൻ [അല്ലെങ്കിൽ അർമ്മഗെദ്ദോൻ] എന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.” ഇപ്പോൾ ആ കൂട്ടിച്ചേർക്കൽ നടക്കുകയാണ്!—വെളിപ്പാട് 16:14, 16; അധികൃത ഭാഷാന്തരം.
15, 16. (എ) അർമ്മഗെദ്ദോനെന്താണ്? (ബി) അത് ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
15 ബൈബിളിൽ പറഞ്ഞിരിക്കുന്ന അർമ്മഗെദ്ദോൻ ന്യൂക്ലിയർ ആയുധങ്ങൾ മരവിപ്പിക്കുന്നതുകൊണ്ട് ഒഴിവാക്കാവുന്ന എന്തെങ്കിലും ഒന്നല്ല. അന്താരാഷ്ട്രകൂടിയാലോചനകൾ അതിനെ പിന്തിരിപ്പിക്കുകയില്ല. പ്രത്യക്ഷത്തിൽ ഈ പേര് പുരാതന മെഗിദ്ദോ പട്ടണത്തിൽനിന്നാണ് എടുത്തിട്ടുളളത്. എന്നാൽ മദ്ധ്യപൂർവ്വദേശത്തെ ഒരു സ്ഥലം എന്നതിനേക്കാൾ വളരെയേറെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അദൃശ്യനായ “ഈ ലാകത്തിന്റെ ഭരണാധിപനാൽ” പ്രേരിപ്പിക്കപ്പെട്ട്, അവരുടെ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ കണക്കിലെടുക്കാതെ എല്ലാ ജനതകളും യഹോവയാം ദൈവത്തോടുളള അവരുടെ എതിർപ്പ് പ്രകടമാക്കുന്ന ഒരു ആഗോള സാഹചര്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്. “മുഴുനിവസിതഭൂമിയിലേയും രാജാക്കൻമാരും” അവരുടെ എല്ലാ പിന്തുണക്കാരും ഈ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായിത്തീരുന്നു. അർമ്മഗെദ്ദോന് തൊട്ടുമുൻപായി ദൈവരാജ്യത്തോടും അതിനെ ഘോഷിക്കുന്ന എല്ലാവരോടുമുളള അവരുടെ എതിർപ്പ് ഭൂവിസ്തൃതമായി വളരെ ശക്തിപ്പെടും. സാത്താന്റെ ആസ്തിക്യത്തെ അവർ അംഗീകരിച്ചാലും ഇല്ലെങ്കിലും ദൈവവചനം പ്രഖ്യാപിക്കുന്ന പ്രകാരം “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുകയാണ്.” ഈ ദുഷ്ടലോകം മുഴുവനും അതിൽ ആശ്രയം വയ്ക്കുന്ന സകലരും, അതെ, അതിന്റെ വഴികളെ അനുകരിക്കുന്ന ഏവരും ഇവിടെനിന്നും നീങ്ങിപ്പോകണം.—1 യോഹന്നാൻ 5:19; 2:15-17.
16 അടിതൊട്ട് മുടിവരെ ഈ ലോകം അഴിമതി നിറഞ്ഞതാണ്. ദുഷ്പേരുളള കുററവാളികൾ മാത്രമല്ല സാധാരണ പൗരൻമാർ പോലും നിയമത്തോടുളള നിർദ്ദയമായ അനാദരവും സഹമനുഷ്യരുടെ വ്യക്തിത്വത്തോടും വസ്തുക്കളോടുമുളള തികഞ്ഞ താൽപ്പര്യമില്ലായ്മയും പ്രകടമാക്കുന്നു. എല്ലാററിലുമുപരി ദൈവം തന്റെ വചനമായ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാൻ അവർ വിസമ്മതിക്കുന്നു. അവർ അവന്റെ പരമാധികാരത്തെ ആദരിക്കുന്നില്ല. തന്റെ നാമത്തിൻമേൽ വരുത്തപ്പെട്ടിരിക്കുന്ന നിന്ദ നീക്കിക്കളയുന്നതിനും നീതി സ്നേഹികളായ ആളുകൾക്ക് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കാവുന്ന ഒരു പറുദീസയായി ഭൂമിയെ രൂപാന്തരപ്പെടുത്തുന്നതിനുളള വഴിയൊരുക്കുന്നതിനും ദൈവം നടപടി സ്വീകരിക്കേണ്ടയാവശ്യമുണ്ട്.
17. (എ) നാശം എത്ര വലുതായിരിക്കും? (ബി) അതിന്റെ ഗതി ആരു നിയന്ത്രിക്കും?
17 നാശം വരുമ്പോൾ അതു യഹോവയിൽനിന്നായിരിക്കും എന്നതിന് സംശയമില്ല. ശൂന്യമാക്കൽ ഈ ഗോളത്തെ ചുററിയടിക്കും. യഹോവയുടെ വിധിനിർവ്വഹണശക്തി പ്രവർത്തനമാരംഭിക്കുമ്പോൾ അവൻ നടപടി സ്വീകരിക്കുകയാണെന്ന് ജനതകൾ അറിയും. ഗവൺമെൻറിന്റെ അധികാരങ്ങൾ തകരുമ്പോൾ ഓരോരുത്തന്റെയും കൈ അവന്റെ കൂട്ടുകാരന് വിരോധമായി തിരിയും. സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തിന്റെ സ്വന്തം പുത്രൻ കാര്യങ്ങളുടെ ഗതി നിയന്ത്രിക്കും.—വെളിപ്പാട് 6:16, 17; 19:11-13; സെഖര്യാവ് 14:13.
18. അതിജീവകർ ആരായിരിക്കും?
18 മനുഷ്യർ നടത്തുന്ന ന്യൂക്ലിയർ യുദ്ധത്തിന്റെ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ നാശം വിവേചനയില്ലാത്തതായിരിക്കുകയില്ല. എന്നാൽ അതിജീവകർ ആരായിരിക്കും? തങ്ങൾക്ക് ഏതെങ്കിലും മതത്തിൽ വിശ്വാസമുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരുമോ അല്ലെങ്കിൽ ഒരുപക്ഷേ തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്ന എല്ലാവരുമോ ആയിരിക്കുമോ? അങ്ങനെയുളള “അനേകരെ” “അനീതിപ്രവർത്തിക്കുന്നവർ” എന്ന് യേശു വിളിക്കുന്നു. (മത്തായി 7:21-23) “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുന്നവർ യഹോവയാം ദൈവവും അവന്റെ രാജകീയ പുത്രനായ യേശുക്രിസ്തുവുമായി വാസ്തവത്തിൽ ഒരു അടുത്ത ബന്ധം നട്ടുവളർത്തിയിട്ടുളളവർ മാത്രമായിരിക്കും. അവരുടെ ജീവിത രീതിയാലും രാജ്യം സംബന്ധിച്ചുളള അവരുടെ സാക്ഷ്യത്താലും അവർ യഥാർത്ഥത്തിൽ “ദൈവത്തെ അറിയുന്നു” എന്നും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ സംബന്ധിച്ച സുവിശേഷം അനുസരിക്കുന്നു” എന്നും അവർ പ്രകടമാക്കിയിട്ടുണ്ടായിരിക്കും. നിങ്ങൾ അത്തരം ഒരു വ്യക്തിയാണെന്ന് നിങ്ങൾ തെളിയിക്കുന്നുണ്ടോ?—2 തെസ്സലോനിക്കർ 1:8; യോഹന്നാൻ 17:3; സെഫന്യാവ് 2:2, 3.
[അധ്യയന ചോദ്യങ്ങൾ]