“നിങ്ങൾക്ക്സഹിഷ്ണുതയുടെ ആവശ്യമുണ്ട്”
അധ്യായം 23
“നിങ്ങൾക്ക്സഹിഷ്ണുതയുടെ ആവശ്യമുണ്ട്”
1. (എ) യഹോവയുടെ സാക്ഷികൾ യഥാർത്ഥത്തിൽ ഒരു സന്തുഷ്ട ജനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) എന്നാൽ എബ്രായർ 10:36-ലെ എന്തു ബുദ്ധിയുപദേശം നമുക്കെല്ലാം ബാധകമാണ്?
യഹോവയെ തങ്ങളുടെ ആശ്രയമാക്കിയിരിക്കുന്നവരാണ് ഇന്ന് ഭൂമിയിൽ ഉളളതിലേക്കും ഏററം സന്തുഷ്ടരായ ആളുകൾ. ജീവിത പ്രശ്നങ്ങളെ നേരിടേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് ഏററം നല്ല ബുദ്ധിയുപദേശം എവിടെ കണ്ടെത്താൻ കഴിയുമെന്ന് അവർക്കറിയാം—ദൈവത്തിന്റെ സ്വന്തം വചനത്തിൽ തന്നെ. ഭാവിയിലേക്കു നോക്കുമ്പോൾ അവർ ഭയപ്പെടുന്നില്ല, കാരണം ഈ ഭൂമിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ഉദ്ദേശ്യം അവർക്കറിയാം. (യിരെമ്യാവ് 17:7, 8; സങ്കീർത്തനം 46:1, 2) എന്നിരുന്നാലും അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികൾക്ക് ഇപ്രകാരം എഴുതി: “ദൈവേഷ്ടം ചെയ്തശേഷം വാഗ്ദത്ത നിവൃത്തി പ്രാപിക്കാൻ കഴിയേണ്ടതിന് നിങ്ങൾക്ക് സഹിഷ്ണുതയുടെ ആവശ്യമുണ്ട്.” (എബ്രായർ 10:36) സഹിഷ്ണുതയുടെ ഈ ആവശ്യം ഉളവാക്കുന്നതെന്താണ്?
2. യേശുവിന്റെ ശിഷ്യൻമാർക്ക് സഹിഷ്ണുത ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
2 തന്റെ സ്വന്തം മരണത്തിനു മുൻപ് തന്റെ അപ്പോസ്തലൻമാർ എന്തു പ്രതീക്ഷിക്കണമെന്നതു സംബന്ധിച്ച് യേശു ഇപ്രകാരം മുന്നറിയിപ്പ് നൽകി: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ ലോകം അതിന്റെ സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്ന് തെരഞ്ഞെടുത്തതുകൊണ്ട്, ആ കാരണത്താൽ ലോകം നിങ്ങളെ പകയ്ക്കുന്നു. ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർത്തുകൊളളുവിൻ, ഒരു അടിമ തന്റെ യജമാനനെക്കാൾ വലിയവനല്ല. അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ അവർ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ വാക്ക് അനുസരിച്ചിട്ടുണ്ടെങ്കിൽ അവർ നിങ്ങളുടേതും അനുസരിക്കും. എന്നാൽ എന്റെ നാമം നിമിത്തം അവർ ഇതെല്ലാം നിങ്ങളോട് ചെയ്യും, എന്തുകൊണ്ടെന്നാൽ എന്നെ അയച്ചവനെ അവർ അറിയുന്നില്ല.” (യോഹന്നാൻ 15:19-21) അത് എത്ര സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു!
3. (എ) യേശുവിന്റെ ശിഷ്യൻമാർ പീഡിപ്പിക്കപ്പെടുന്നത് ‘യേശുവിന്റെ നാമം നിമിത്ത’മായിരിക്കുന്നതെങ്ങനെ? (ബി) പീഡിപ്പിക്കുന്നവർ യേശുവിനെ അയച്ചവനെ “അറിയുന്നില്ലാ”ത്തത് ഏതർത്ഥത്തിലാണ്? (സി) പീഡനത്തിന്റെ മുഖ്യ ഉത്തരവാദി ആരാണ്?
3 യഥാർത്ഥ ക്രിസ്ത്യാനിത്വം പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളെ തളളിക്കളഞ്ഞിരിക്കുന്ന ഒരു ലോകത്തിൻമദ്ധ്യേ വസിക്കുന്നതിനാൽ ക്രിസ്തുവിന്റെ അനുഗാമികൾ ശത്രുതയുടെ ലക്ഷ്യങ്ങളാണ്. ക്രിസ്തു എന്നാൽ “അഭിഷിക്തൻ” എന്നാണർത്ഥം. മുഴുഭൂമിയെയും ഭരിക്കുന്ന രാജാവായിരിക്കാൻ യഹോവയാൽ അഭിഷേകം ചെയ്യപ്പെട്ടവൻ യേശുക്രിസ്തുവാണ്. ‘തന്റെ നാമം നിമിത്തം’ തന്റെ ശിഷ്യൻമാർ പീഡിപ്പിക്കപ്പെടുമെന്ന് പറഞ്ഞപ്പോൾ യേശു അർത്ഥമാക്കിയത് ആ പീഡനം യഹോവയുടെ മശിഹൈക രാജാവെന്ന നിലയിൽ അവനോട് അവർ പററിനിൽക്കുന്നതിനാലായിരിക്കുമെന്നാണ്, മറേറതൊരു ഭൗമിക ഭരണാധിപനേക്കാളുമധികമായി അവർ ക്രിസ്തുവിനെ അനുസരിക്കുന്നതിനാൽ, മാനുഷ ഗവൺമെൻറുകളുടെ കാര്യങ്ങളിൽ ഉൾപ്പെടാതെ അവർ വിശ്വസ്തതയോടെ അവന്റെ രാജ്യത്തോട് പററിനിൽക്കുന്നതിനാൽ തന്നെ. പീഡിപ്പിക്കുന്നവർ “എന്നെ അയച്ചവനെ അറിയുന്നില്ലാ”ത്തതിനാലാണ് ഈ എതിർപ്പുളളത് എന്ന് യേശു കൂട്ടിച്ചേർത്തു—അതായത് അഖിലാണ്ഡ പരമാധികാരിയായി യഹോവയാം ദൈവത്തെ അംഗീകരിക്കാൻ അവർ വിസമ്മതിക്കുന്നു. (പുറപ്പാട് 5:2 താരതമ്യം ചെയ്യുക.) മുഖ്യമായും ഈ പീഡനത്തിന് പ്രേരണ നൽകുന്നതാരാണ്? പിശാചായ സാത്താൻ.—വെളിപ്പാട് 2:10.
4. (എ) വെളിപ്പാട് 12:17-ന്റെ നിവൃത്തി എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്? (ബി) സാത്താന്റെ ലക്ഷ്യമെന്താണ്?
4 വിശേഷിച്ച് 1914-ലെ യഹോവയുടെ മശിഹൈക രാജ്യത്തിന്റെ പിറവിയെ തുടർന്ന് സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് പുറംതളളപ്പെട്ടതുമുതൽ സത്യക്രിസ്ത്യാനികളുടെമേലുളള സമ്മർദ്ദം കൂടുതൽ ശക്തമായിത്തീർന്നിട്ടുണ്ട്. അതിനെ നിസ്സാരമായി കാണരുത്. യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുളള സകലർക്കുമെതിരെ സാത്താനും അവന്റെ ഭൂതങ്ങളും ഒരു അന്തിമ പോരാട്ടം നടത്തുകയാണ്. ഇതു സംബന്ധിച്ച് വെളിപ്പാട് 12:17 ഇപ്രകാരം പ്രസ്താവിക്കുന്നു: “മഹാസർപ്പം [പിശാചായ സാത്താൻ] സ്ത്രീയോട് [ദൈവത്തിന്റെ ഭാര്യാതുല്യ സ്വർഗ്ഗീയ സ്ഥാപനം] കോപിച്ചു, ദൈവ കൽപനകൾ അനുഷ്ഠിക്കുന്നവരും യേശുവിന് സാക്ഷ്യം വഹിക്കുന്ന വേല ഉളളവരുമായി അവളുടെ സന്തതിയിൽ [ക്രിസ്തുവിന്റെ ഭൂമിയിലെ ആത്മാഭിഷിക്ത അനുഗാമികൾ] ശേഷിപ്പുളളവരോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു.” “വേറെ ആടുകളും” ഈ പോരാട്ടത്തിന്റെ നടുവിൽ തങ്ങളെത്തന്നെ കണ്ടെത്തുന്നു. കൗശലങ്ങളുപയോഗിച്ച് സാത്താൻ ദൈവ കല്പനകൾ അനുസരിക്കുന്നത് ഉപേക്ഷിച്ചുകളയാൻ തക്കവണ്ണം അവരെ വശീകരിക്കുകയോ നിർബന്ധിക്കുകയോ ചെയ്യാൻ ശ്രമിക്കുന്നു. അവരുടെ ആത്മീയത ബലഹീനമാക്കാനും അനന്തരം പൂർണ്ണമായി നശിപ്പിച്ചുകളയാനും അവൻ ആഗ്രഹിക്കുന്നു. യഹോവയുടെ മശിഹൈക രാജാവെന്ന നിലയിൽ യേശുവിനെക്കുറിച്ചുളള പ്രഖ്യാപനം നിശബ്ദമാക്കുക എന്നതാണ് അവന്റെ ലക്ഷ്യം. എന്നാൽ ഈ ആത്മീയ പോരാട്ടത്തിൽ ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർ വിജയം വരിച്ചുകൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കണം?
5. യഹോവയുടെ സാക്ഷികൾക്കെതിരെ ഗവൺമെൻറുകൾ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളത്?
5 യഹോവയുടെ സാക്ഷികൾ നിയമം അനുസരിക്കുന്നവരാണെന്നും അവർ സമൂഹത്തിൻമേൽ ആരോഗ്യാവഹമായ ഒരു സ്വാധീനം ചെലുത്തുന്നുവെന്നും പല ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരും തിരിച്ചറിയുന്നു. എന്നിരുന്നാലും എല്ലാ മാനുഷ ഗവൺമെൻറുകളും സാത്താന്റെ ലോകവ്യവസ്ഥിതിയുടെ ഭാഗമാണ്. (1 യോഹന്നാൻ 5:19; വെളിപ്പാട് 13:2) അതുകൊണ്ട് ചില ഗവൺമെൻറുകൾ സത്യദൈവത്തെ ആരാധിക്കുന്നവരുടെ മീററിംഗുകൾ തടയുകയും അവരുടെ സാഹിത്യങ്ങൾ നിരോധിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുളള അവരുടെ പ്രസംഗം അനുവദിക്കാതിരിക്കുകയും, അതെ, അവരെ ജയിലിലടയ്ക്കുകയും ശാരീരികമായി ദണ്ഡിപ്പിക്കുകയുംപോലും ചെയ്യുമ്പോൾ അത് ആശ്ചര്യമായി തോന്നരുത്. നിങ്ങൾ വ്യക്തിപരമായി അത്തരം സമ്മർദ്ദത്തിൻകീഴിൽ വരുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യും?
6. (എ) ഗവൺമെൻറ് അധികാരികളോട് നമുക്ക് എന്തു മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്? (ബി) എന്നാൽ എന്തു ചെയ്യാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു? (സി) പീഡിപ്പിക്കപ്പെടുന്നുവെങ്കിലും നമുക്ക് സന്തുഷ്ടരായി തുടരാൻ കഴിയുന്നതെങ്ങനെ?
6 യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ ഗവൺമെൻറ് അധികാരികളോട് ആദരവുളളവരായിരുന്നു. പീഡിപ്പിക്കപ്പെട്ടപ്പോൾ അവർ തിരിച്ചടിച്ചില്ല. എന്നാൽ ദൈവം കൽപിച്ചിരുന്ന വേല നിറുത്താൻ അവർ ആജ്ഞാപിച്ചപ്പോൾ അവർ ഇപ്രകാരം തറപ്പിച്ചു മറുപടി പറഞ്ഞു: “ഭരണാധികാരി എന്ന നിലയിൽ ഞങ്ങൾ മനുഷ്യരേക്കാളധികം ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29; റോമർ 12:19; 1 പത്രോസ് 3:15) അവരുടെ ജീവൻ ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾപോലും മരണഭയം അവർ വിട്ടുവീഴ്ച ചെയ്യാൻ ഇടയാക്കിയില്ല. തങ്ങൾ “മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തെ” സേവിക്കുകയാണെന്ന് അവർക്കറിയാമായിരുന്നു. (2 കൊരിന്ത്യർ 1:9; എബ്രായർ 2:14, 15) പീഡിപ്പിക്കപ്പെട്ടുവെങ്കിലും അവർ സന്തുഷ്ടരായിരുന്നു—തങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുകയാണെന്ന് അറിയാമായിരുന്നതുകൊണ്ടും അവന്റെ നാമം സംസ്ഥാപിക്കുന്നതിൽ പങ്കുപററുന്നതിനും അഭിഷിക്ത രാജാവിനോടുളള തങ്ങളുടെ വിശ്വസ്തത തെളിയിക്കുന്നതിനും ഒരു അവസരം ലഭിച്ചതുംകൊണ്ടും സന്തുഷ്ടർ. (പ്രവൃത്തികൾ 5:41, 42; മത്തായി 5:11, 12) നിങ്ങൾ അത്തരം ഒരു വ്യക്തിയാണോ? അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെ പക്ഷത്താണ് നിങ്ങളെന്ന് നിങ്ങൾ വ്യക്തമാക്കാറുണ്ടോ? ഏബെദ്-മേലെക് ഭയന്നു മാറിനിൽക്കാഞ്ഞ ഒരാളായിരുന്നു. അയാൾ ആരായിരുന്നു?
7. (എ) ഏബെദ്-മേലെക് ആരായിരുന്നു, ഇന്ന് നമുക്ക് അയാളിൽ താൽപര്യമുളളതെന്തുകൊണ്ട്? (ബി) യിരെമ്യാവ് ചെളിക്കുണ്ടിൽ എറിയപ്പെട്ടു എന്നു കേട്ടപ്പോൾ ഏബെദ്-മേലെക് എന്തു നടപടി സ്വീകരിച്ചു, എന്തുകൊണ്ട്?
7 ബാബിലോന്യരാലുളള യെരൂശലേമിന്റെ നാശത്തിന്റെ കാലത്ത് അവിടെ ജീവിച്ചിരുന്ന ദൈവഭയമുളള ഒരു എത്യോപ്യനായിരുന്നു ഏബെദ്-മേലെക്. അയാൾ സിദെക്യാവ് രാജാവിന്റെ കൊട്ടാരത്തിലെ ഒരു ജോലിക്കാരനായിരുന്നു. അക്കാലത്ത് യിരെമ്യാവ് യഹൂദ രാജ്യത്തിനും ചുററുമുളള ജനതകൾക്കുംവേണ്ടി യഹോവയുടെ പ്രവാചകനായി സേവിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാതെ അവൻ ദൈവത്തിന്റെ മുന്നറിയിപ്പിൻദൂത് ഘോഷിച്ചുകൊണ്ടിരുന്നതുകൊണ്ട് അവൻ കഠോര പീഡനത്തിന്റെ ലക്ഷ്യമായിത്തീർന്നു. യെരൂശലേമിലെ ചില പ്രഭുക്കൻമാരുടെ പ്രേരണയാൽ അവൻ ചെളിയിൽ താണു മരിക്കാൻ ഒരു കിണററിലേക്ക് ഇടപ്പെടുകപോലും ചെയ്തു. ഏബെദ്-മേലെക് ഒരു യിസ്രായേല്യനല്ലാതിരുന്നിട്ടും അവൻ യിരെമ്യാവിനെ യഹോവയുടെ പ്രവാചകനായി തിരിച്ചറിഞ്ഞു. സംഭവിച്ചതെന്തെന്നറിഞ്ഞപ്പോൾ ഉടൻ തന്നെ ഏബെദ്-മേലെക് യിരെമ്യാവിനുവേണ്ടി വാദിക്കാൻ പട്ടണവാതിൽക്കൽ രാജാവിനെ അന്വേഷിച്ചു ചെന്നു. രാജാവിന്റെ കല്പനപ്രകാരം അവൻ പെട്ടെന്നുതന്നെ 30 പുരുഷൻമാരെയും കയറുകളും പഴന്തുണി കഷണങ്ങളും സംഘടിപ്പിച്ചു. കയറുകൊണ്ട് പോറലേൽക്കാതിരിക്കാൻ കക്ഷത്തിൽ പഴന്തുണിക്കഷണങ്ങൾ വയ്ക്കാൻ നിർദ്ദേശിച്ചിട്ട് അവർ പ്രവാചകനെ കിണററിൽനിന്ന് വലിച്ചുകയററി.—യിരെമ്യാവ് 38:4-13.
8. ഉറപ്പു നൽകുന്ന എന്തു വാഗ്ദാനം യഹോവ ഏബെദ്-മേലെക്കിന് നൽകി, എന്തുകൊണ്ട്?
8 നമുക്ക് മനസ്സിലാക്കാവുന്നതുപോലെ താൻ പ്രഭുക്കൻമാരുടെ പദ്ധതി പരാജയപ്പെടുത്തുന്നതിനാൽ അവർ തന്നോട് എന്തു ചെയ്തേക്കും എന്നതിനെക്കുറിച്ച് ഏബെദ്-മേലെക്കിന് ഉൽക്കണ്ഠ ഉണ്ടായിരുന്നു. എന്നാൽ അതിനേക്കാൾ മുൻതൂക്കം യഹോവയുടെ പ്രവാചകനോടുളള അവന്റെ ആദരവിനും ദൈവത്തിലുളള അവന്റെ ആശ്രയത്തിനുമായിരുന്നു. അതിന്റെ ഫലമായി യിരെമ്യാവ് മുഖാന്തരം യഹോവ ഏബെദ്-മേലെക്കിന് ഇപ്രകാരം ഉറപ്പു നൽകി: “‘ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിൻമേൽ നൻമയ്ക്കല്ല തിൻമയ്ക്കായിട്ട് നിവർത്തിക്കും, അന്ന് നിന്റെ മുമ്പാകെ അവ തീർച്ചയായും നിവൃത്തിയാകും. അന്ന് നിന്നെ ഞാൻ വിടുവിക്കും’ എന്നാണ് യഹോവയുടെ അരുളപ്പാട്, ‘നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏൽപ്പിക്കപ്പെടുകയില്ല. എന്തുകൊണ്ടെന്നാൽ ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും, നീ വാളാൽ വീഴുകയില്ല; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നതിനാൽ കൊളള കിട്ടിയതുപോലെ നിന്റെ ദേഹി നിനക്ക് ഇരിക്കും,’ എന്നാണ് യഹോവയുടെ അരുളപ്പാട്”—യിരെമ്യാവ് 39:16-18.
9. (എ) “വേറെ ആടുകൾ” എങ്ങനെയാണ് ഏബെദ്-മേലെക്കിനെപ്പോലെ ആയിരുന്നിട്ടുളളത്? (ബി) ഏബെദ്-മേലെക്കിനോടുളള യഹോവയുടെ വാഗ്ദാനം ഇന്ന് “വേറെ ആടുകൾക്ക്” എന്തർത്ഥമാക്കുന്നു?
9 ആ വാഗ്ദാനം യഹോവയുടെ ദാസൻമാർക്ക് ഇന്ന് എത്ര വിലപ്പെട്ടതാണ്! ഏബെദ്-മേലെക്കിനെപ്പോലെ “വേറെ ആടുകളും” ആധുനിക യിരെമ്യാ വർഗ്ഗമായ അഭിഷിക്ത ശേഷിപ്പിനോടു ചെയ്യപ്പെടുന്ന അനീതികളും യഹോവയുടെ ദൂത് പ്രസംഗിക്കുന്നതു തടയാനുളള ശ്രമങ്ങളും കാണുന്നു. അഭിഷിക്ത വർഗ്ഗത്തെ സംരക്ഷിക്കുന്നതിനും പിന്താങ്ങുന്നതിനും തങ്ങളാലാവതെല്ലാം ചെയ്യുന്നതിൽനിന്ന് അവർ മടിച്ചു മാറിനിന്നിട്ടില്ല. ഉചിതമായും ഏബെദ്-മേലെക്കിനോടുളള യഹോവയുടെ വാഗ്ദത്തം എതിരാളികൾ തങ്ങളെ നശിപ്പിക്കാൻ ദൈവം അനുവദിക്കുകയില്ലെന്നും ഒരു വർഗ്ഗമെന്ന നിലയിൽ ആസന്നമായിരിക്കുന്ന ലോകനാശത്തിലൂടെ അവൻ അവരെ പരിരക്ഷിച്ച് അവന്റെ നീതിയുളള “പുതിയ ഭൂമി”യിലേക്ക് കടത്തുമെന്നുമുളള അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു.
10. ജീവിതത്തിന്റെ ഏതു മണ്ഡലങ്ങളിലാണ് ക്രിസ്ത്യാനികൾ പീഡനം സഹിക്കേണ്ടിവരുന്നത്?
10 യേശുക്രിസ്തുവിന്റെ കാൽച്ചുവടുകളിൽ നടക്കുന്ന എല്ലാവരും ജയിൽശിക്ഷയുടെ ഭീഷണിയെ അഭിമുഖീകരിക്കുന്നില്ല, എന്നാൽ എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ പീഡനം അനുഭവിക്കുന്നു. (2 തിമൊഥെയോസ് 3:12) ആയിരക്കണക്കിന് ക്രിസ്തീയ ഭാര്യമാരും ഭർത്താക്കൻമാരും തങ്ങളുടെ സ്വന്ത ഭവനങ്ങളിൽതന്നെ അനേക വർഷത്തെ കഠിനമായ എതിർപ്പിനെ വിശ്വസ്തതയോടെ സഹിച്ചിട്ടുണ്ട്. കുട്ടികളും യഹോവയെ സേവിക്കാനുളള അവരുടെ ആഗ്രഹം നിമിത്തം മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. (മത്തായി 10:36-38) ക്രിസ്തീയ യുവാക്കൾ സ്കൂളിലും മുതിർന്നവർ തങ്ങളുടെ ജോലിസ്ഥലത്തും പീഡനത്തെ അഭിമുഖീകരിച്ചേക്കാം. യഹോവയുടെ സാക്ഷികളെല്ലാവരും ദൈവരാജ്യത്തെപ്പററി പരസ്യമായി സാക്ഷീകരിക്കുന്നതിൽ പങ്കെടുക്കുമ്പോൾ ഇതിന്റെ രുചി അറിയുന്നു. അവർക്കെല്ലാം യേശുവിന്റെ വാക്കുകൾ ബാധകമാണ്: “നിങ്ങളുടെ ഭാഗത്തെ സഹിഷ്ണുതയാൽ നിങ്ങൾ നിങ്ങളുടെ ദേഹികളെ നേടും.”—ലൂക്കോസ് 21:19.
11. (എ) മറെറന്തു സാഹചര്യങ്ങൾ അനേകർക്ക് കഠിന പരിശോധനയായിത്തീരുന്നു? (ബി) മററാരും ഈ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു, എന്തുകൊണ്ട്?
11 അനേകർക്കും അവരെ പരിശോധിക്കുന്ന മററു സാഹചര്യങ്ങളുണ്ട്. അവർക്ക് ജീവിതത്തിൽനിന്ന് അതിന്റെ സന്തോഷത്തിലധികവും കവർന്നുകളയുന്ന ഗൗരവതരമായ ഒരു രോഗമുണ്ടായിരുന്നേക്കാം. അല്ലെങ്കിൽ അവർ വളരെ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. ചില സമയങ്ങളിൽ അടുത്ത സഹപ്രവർത്തകരുടെ അഭിപ്രായപ്രകടനങ്ങൾ നീതിരഹിതവും നിർദ്ദയവുമായിരുന്നേക്കാം. ഗോത്രപിതാവായിരുന്ന ഇയ്യോബിന്റെ സംഗതിയിൽ അവന്റെ നിർമ്മലത തകർക്കാൻവേണ്ടി സാത്താൻ ഈ മാർഗ്ഗങ്ങളെല്ലാം പ്രയോഗിച്ചു. സമാനമായ സാഹചര്യങ്ങളിൽ നമ്മെത്തന്നെ കണ്ടെത്തുന്നുവെങ്കിൽ നാം എങ്ങനെ പ്രതികരിക്കും?—യാക്കോബ് 5:11.
12. (എ) തന്റെ ശുശ്രൂഷയിൽ നോഹക്ക് സഹിഷ്ണുത വിശേഷാൽ ആവശ്യമായിരുന്നതെന്തുകൊണ്ട്? (ബി) നമ്മുടെ നാളിൽ സാഹചര്യം സമാനമായിരുന്നിട്ടുളളതെങ്ങനെയാണ്?
12 നേരെ മറിച്ച് യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സാക്ഷീകരിക്കാനുളള ശ്രമത്തിൽ നാം വ്യക്തിപരമായി വളരെ കുറച്ച് അനുകൂല പ്രതികരണമേ കണ്ടെത്തുന്നുളളുവെങ്കിലെന്ത്? അതും സഹിഷ്ണുത ആവശ്യമാക്കിത്തീർക്കുന്നു. പ്രളയത്തിനു മുൻപ് നോഹ പ്രസംഗിച്ച ആ വർഷങ്ങളിലെല്ലാം യഹോവയെ സേവിക്കുന്നതിൽ അവന്റെ ഭാര്യയും പുത്രൻമാരും അവരുടെ ഭാര്യമാരും മാത്രമേ അവനോടു ചേർന്നുളളു എന്നോർക്കുക. മനുഷ്യവർഗ്ഗത്തിൽ ശേഷംപേർ “ശ്രദ്ധിച്ചില്ല.” (മത്തായി 24:39) അതുപോലെ ഇന്നും ഭൂരിപക്ഷം പേരും ‘ശ്രദ്ധിക്കുന്നില്ല.’ എന്നിരുന്നാലും രാജ്യദൂതിനോട് ഒട്ടുംതന്നെ അനുകൂല പ്രതികരണം കാട്ടാഞ്ഞ ചില പ്രദേശങ്ങളിൽ ഇപ്പോൾ സത്യദൈവത്തിന്റെ ആരാധകരുടെ ഒരു സമൃദ്ധമായ കൊയ്ത്തു നടക്കുന്നുണ്ട്. താൽപര്യമില്ലായ്മയുടെയോ തുറന്ന എതിർപ്പിന്റെയോ ആ വർഷങ്ങളിൽ സഹിച്ചുനിൽക്കുകയും ഇപ്പോൾ ആ ഗംഭീരമായ കൂട്ടിച്ചേർപ്പിൽ പങ്കെടുക്കുകയും ചെയ്യുന്നവർ തീർച്ചയായും സന്തുഷ്ടരാണ്!
‘സഹിച്ചുനിൽക്കുന്നതിൽ തുടരുന്നവർ സന്തുഷ്ടർ’
13. (എ) സഹിച്ചുനിൽക്കാൻ കഴിയുന്നതിന് നാം എന്ത് ദൃഷ്ടിപഥത്തിൽ അടുപ്പിച്ചുനിറുത്തണം? (ബി) സാത്താന്റെ പ്രവർത്തന രീതിയെക്കുറിച്ച് നാം എന്തു തിരിച്ചറിയണം?
13 “പുതിയ ഭൂമി”യിലെ ജീവന്റെ അത്ഭുതകരമായ പ്രത്യാശ നഷ്ടമാകുന്നത് ഒഴിവാക്കുന്നതിന് സകല സൃഷ്ടികളും അഭിമുഖീകരിക്കുന്ന വലിയ വിവാദപ്രശ്നം—അഖിലാണ്ഡ പരമാധികാരത്തിന്റെ വിവാദപ്രശ്നം—ദൃഷ്ടിപഥത്തിൽ വ്യക്തമായി അടുപ്പിച്ചുനിറുത്തുന്നത് ജീവൽപ്രധാനമാണ്. വിട്ടുവീഴ്ചയില്ലാത്തവണ്ണം നാം യഹോവയുടെ പക്ഷത്താണോ? രണ്ടു പക്ഷമേയുളളുവെന്നും ഒരു ഇടനില സാദ്ധ്യമല്ലെന്നും നാം പൂർണ്ണമായി വിലമതിക്കുന്നുണ്ടോ? ഈ യുദ്ധത്തിൽ നാം അപമൃത്യുവിന് ഇരയാകാതിരിക്കേണ്ടതിന് ശത്രുതയും വശീകരണവും നമ്മുടെ നിർമ്മലതയെ തകർക്കാൻ, നാം ദൈവത്തെ അനുസരിക്കുന്നതിൽനിന്ന് പിന്തിരിയാനിടയാക്കാൻ, മശിഹൈക രാജ്യത്തിന് സാക്ഷ്യം വഹിക്കുന്ന ജീവൽപ്രധാനമായ വേലയിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ, സാത്താൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.—1 പത്രോസ് 5:8, 9; മർക്കോസ് 4:17-19.
14. (എ) നാം ഏതു തരം ബന്ധം വളർത്തിയെടുക്കണം, ആരുമായി? (ബി) അവൻ നമ്മെ എങ്ങനെ സഹായിക്കും?
14 നാം യഹോവയിൽ പൂർണ്ണമായ ആശ്രയം നട്ടുവളർത്തുകയും ചെയ്യണം. ഒരു മനുഷ്യാതീത ശത്രുവിന്റെ കൗശലപൂർണ്ണമായ കെണികളെ ഒഴിവാക്കാൻ സ്വന്തം ശക്തി മാത്രം ഉപയോഗിച്ച് ശ്രമിക്കുന്നത് എത്രയോ മൗഢ്യമായിരിക്കും! എന്നാൽ നാം മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നുവെങ്കിൽ നാം പ്രയാസങ്ങൾ അനുഭവിക്കുകയും പ്രലോഭനത്തെ അഭിമുഖീകരിക്കയും ചെയ്യുമ്പോൾ നാം അവനോട് കൂടുതൽ അടുത്തു ചെല്ലും. (എഫേസ്യർ 6:10, 11; സദൃശവാക്യങ്ങൾ 3:5, 6) നാം ഏതെങ്കിലും ഒരു പ്രത്യേക മാർഗ്ഗം പിന്തുടരാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല. നമ്മുടെ ഇഷ്ടത്തിന് എതിരായി അവൻ നമ്മെ നയിക്കുകയില്ല. എന്നാൽ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി നാം അവന്റെ വചനത്തിലേക്ക് തിരിയുകയും ശക്തിക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുകയും അവന്റെ സ്ഥാപനത്തോട് പററിനിൽക്കുകയും ചെയ്താൽ അവൻ നമ്മുടെ കാലടികളെ നയിക്കും. ഒരിക്കലും നിലച്ചുപോകാത്ത അവന്റെ സ്വന്തം സ്നേഹത്തിന്റെ നിരന്തരമായ തെളിവുകൊണ്ട് അവൻ നമ്മെ ശക്തിപ്പെടുത്തും.—റോമർ 8:38, 39.
15. (എ) നമ്മുടെ ജീവിതത്തിൽ ആർ ഒന്നാമത് വരണം? (ബി) നമ്മുടെ വിശ്വാസത്തെ പരിശോധിക്കുന്ന സാഹചര്യങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?
15 നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും പ്രലോഭനങ്ങളും നിങ്ങളെ പരിശോധിക്കും. നിങ്ങൾ ജീവിതത്തിൽ ആരെയാണ് ഒന്നാമത് വച്ചിരിക്കുന്നത്? നാമെല്ലാവരും മുഖ്യമായി നമ്മെപ്പററി മാത്രമേ ചിന്തിക്കുന്നുളളു എന്നതാണ് സാത്താന്റെ വാദം. മിക്കയാളുകളും അങ്ങനെയാണ്. എന്നാൽ യേശുക്രിസ്തു വ്യത്യസ്തനായിരുന്നു. നിങ്ങളോ? യഹോവയുടെ നാമത്തിന്റെ മഹത്വീകരണം ഒന്നാമത് വയ്ക്കാൻ നിങ്ങൾ പഠിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വിശ്വാസത്തെ പരിശോധിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനുപകരം അവയെ അവനു മഹത്വം കരേററുന്ന വിധത്തിൽ ഉപയോഗിക്കാനുളള ജ്ഞാനത്തിനുവേണ്ടി യഹോവയോട് പ്രാർത്ഥിച്ചുകൊണ്ട് നിങ്ങൾക്ക് അവയെ നേരിടാൻ കഴിയും. നിങ്ങൾ അനുഭവിക്കുന്ന കഷ്ടം നിങ്ങൾക്ക് സഹിഷ്ണുത കൈവരുത്തും; സഹിഷ്ണുത യഹോവയോടുളള നിങ്ങളുടെ സ്നേഹം നിമിത്തം അവന്റെ അംഗീകാരവും കൈവരുത്തും. “പരിശോധനകളെ സഹിക്കുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു, എന്തുകൊണ്ടെന്നാൽ അംഗീകാരം ലഭിച്ചശേഷം യഹോവ തന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം അവൻ പ്രാപിക്കും.”—യാക്കോബ് 1:2-4, 12; റോമർ 5:3, 4.
16. നാം എന്തു ലക്ഷ്യം നേടാൻ ശ്രമിക്കണം?
16 യഹോവയുടെ സേവനത്തിൽ തുടക്കമിടുകയും കുറച്ചുകാലത്തേക്കു സഹിച്ചുനിൽക്കുകയും ചെയ്താൽ മാത്രം പോരാ. നാം ഒരു മത്സരയോട്ടത്തിലാണ്, ഓട്ടം പൂർത്തിയാക്കുന്നവർക്കുമാത്രമേ സമ്മാനം ലഭിക്കുകയുളളു. സമ്മാനത്തിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് കഠിന ശ്രമം ചെയ്യുന്ന എല്ലാവരും ഈ പഴയ വ്യവസ്ഥിതി തകർന്നുവീഴുമ്പോൾ സന്തോഷിക്കും! അപ്പോൾ എന്തു മഹത്തായ പ്രതീക്ഷകളാണ് അവർക്കായി വച്ചിരിക്കുന്നത്!—എബ്രായർ 12:1-3; മത്തായി 24:13.
[അധ്യയന ചോദ്യങ്ങൾ]