ഭൂമിയുടെ പുതിയ രാജാവിനോട് നിങ്ങൾ വിശ്വസ്തരാണോ?
അധ്യായം 18
ഭൂമിയുടെ പുതിയ രാജാവിനോട് നിങ്ങൾ വിശ്വസ്തരാണോ?
1. പൊ. യു. 33-ൽ യേശു രാജാവെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ജനക്കൂട്ടം എങ്ങനെ പ്രതികരിച്ചു?
പൊ. യു. 33-ലെ നീസാൻ 9-ന് യേശുക്രിസ്തു യഹൂദൻമാരുടെ മുമ്പാകെ അവരുടെ രാജാവും മുൻകൂട്ടിപ്പറയപ്പെട്ട മശിഹായുമായി തന്നെത്തന്നെ അവതരിപ്പിച്ചു. അവൻ ഒലിവുമലയിൽനിന്നിറങ്ങി യെരൂശലേമിലേക്ക് വന്നപ്പോൾ യേശു ചെയ്തിരുന്ന വീര്യപ്രവൃത്തികൾ നിമിത്തം ശിഷ്യൻമാരുടെ ഒരു പുരുഷാരം സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. (ലൂക്കോസ് 19:37, 38; സെഖര്യാവ് 9:9) എന്നാൽ രാജാവായി അവർ സ്വാഗതം ചെയ്തവനോട് അവർ വിശ്വസ്തരായിരിക്കുമോ? അവരുടെ വിശ്വസ്തത പെട്ടെന്നുതന്നെ പരിശോധിക്കപ്പെട്ടു.
2. (എ) ക്രിസ്തു ഭൂമിയുടെ പുതിയ രാജാവാണ് എന്ന പ്രഖ്യാപനത്തോട് അനേകമാളുകൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? (ബി) എന്നാൽ ഏതു ചോദ്യങ്ങൾ ഗൗരവപൂർവമായ പരിഗണന അർഹിക്കുന്നു?
2 സ്വർഗ്ഗത്തിൽനിന്ന് സജീവമായി ഭരണം നടത്തുന്ന മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഭൂമിയുടെ പുതിയ രാജാവെന്ന നിലയിൽ 1914 മുതൽ മുഴു മനുഷ്യവർഗ്ഗത്തിന്റെയും മുമ്പാകെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ കൈകളിലെ ഗവൺമെൻറിൻ കീഴിൽ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുളള യഥാർത്ഥ പരിഹാരം സഹിതം ജീവിക്കുന്നതിനുളള ഭാവി പ്രതീക്ഷ എല്ലാ ജനതകളിൽനിന്നുമുളള ആളുകൾ സന്തോഷിക്കാനിടയാക്കിയിരിക്കുന്നു. എന്നാൽ അവർ വിശ്വസ്തരെന്ന് തെളിയുമോ? വ്യക്തിപരമായി നാമോരോരുത്തരെയും സംബന്ധിച്ചെന്ത്?
വിശ്വസ്തത സംബന്ധിച്ച് രാജാവിന്റെ സ്വന്തം രേഖ
3. (എ) യേശുവിനെത്തന്നെ യഹോവയുടെ “വിശ്വസ്തനായവൻ” എന്ന് പരാമർശിച്ചിരിക്കുന്നതെന്തുകൊണ്ടാണ്? (ബി) വിശ്വസ്തത എന്നാൽ എന്താണ്?
3 അഖിലാണ്ഡ പരമാധികാരിയായ യഹോവയോടുളള തന്റെ സ്വന്തം വിശ്വസ്തത അചഞ്ചലമാണെന്നതിന് യേശുക്രിസ്തു സമൃദ്ധമായ തെളിവ് നൽകിയിരിക്കുന്നു. ഉചിതമായിത്തന്നെ തിരുവെഴുത്തുകളിൽ അവനെപ്പററി യഹോവയുടെ “വിശ്വസ്തനായവൻ” എന്ന് പരാമർശിച്ചിരിക്കുന്നു. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:24-27) “വിശ്വസ്തത” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം സ്നേഹപൂർവം ദയ കാണിക്കുക എന്ന ആശയം ഉൾക്കൊളളുന്നു. അത് നിയമത്തെയോ നീതിയെയോ മാത്രം അടിസ്ഥാനമാക്കിയുളള ഒരു തണുപ്പൻ മനോഭാവമല്ല, മറിച്ച് സ്നേഹത്താലും വിലമതിപ്പിനാലും കൂടെ പ്രേരിതമായ ഒന്നാണ്.—സങ്കീർത്തനം 40:8; യോഹന്നാൻ 14:31 ഇവ താരതമ്യപ്പെടുത്തുക.
4, 5. (എ) സാത്താന്റെ മത്സരത്തെത്തുടർന്ന് സ്വർഗ്ഗത്തിൽ യേശുവിന്റെ വിശ്വസ്തത എങ്ങനെ പ്രകടമാക്കപ്പെട്ടു? (ബി) ആ വിശ്വസ്തത ഭൂമിയിലും എങ്ങനെയാണ് പ്രകടമാക്കപ്പെട്ടത്?
4 സ്വർഗ്ഗത്തിൽ സാത്താൻ ദൈവത്തിന്റെ മാത്രമായിരിക്കേണ്ട ബഹുമാനം തനിക്കായി തേടിയപ്പോഴും മററു ചില ദൂതൻമാർ യഹോവയുടെ സ്വർഗ്ഗീയ സ്ഥാപനത്തിലുളള തങ്ങളുടെ ഉചിതമായ സ്ഥാനം കാത്തുകൊളളാഞ്ഞപ്പോഴും ദൈവത്തിന്റെ ആദ്യജാതൻ അവരുടെ ആ മനോഭാവം അനുകരിച്ചില്ല. അങ്ങനെ ചെയ്യുക എന്നത് അവന്റെ ഭാഗത്ത് അചിന്തനീയമായിരുന്നു! തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിന് ഈ വിശ്വസ്ത പുത്രൻ തന്റെ സ്വർഗ്ഗീയ മഹത്വം പിമ്പിൽ വിട്ടുകളയുകയും ഒരു മനുഷ്യനായിത്തീരുകയും ഒരു ദണ്ഡനസ്തംഭത്തിലെ മരണത്തിന് പോലും കീഴ്പ്പെടുകയും ചെയ്യാൻതക്കതായിരുന്നു അവന്റെ ആത്മത്യാഗപരമായ ഭക്തി. തന്നാലാവോളം തന്നെക്കുറിച്ചുളള തിരുവെഴുത്തുരേഖയുടെ യാതൊരു വിശദാംശവും നിവൃത്തിയാകാതെ പോകയില്ലെന്ന് അവൻ സ്നേഹപൂർവം ഉറപ്പുവരുത്തി.—ഫിലിപ്പ്യർ 2:5-8; ലൂക്കോസ് 24:44-48.
5 യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവം അവനു നൽകിയിരുന്ന വേലയിൽനിന്ന് അവനെ പിൻതിരിപ്പിക്കുന്നതിന്—സാധ്യമെങ്കിൽ ദൈവം തന്നെ തന്റെ പുത്രനെ തളളിക്കളയാൻ ഇടയാക്കത്തക്ക എന്തെങ്കിലും അവനെക്കൊണ്ട് ചെയ്യിക്കുന്നതിന്—സാത്താൻ അവന്റെമേൽ വലിയ സമ്മർദ്ദം ചെലുത്തി. പ്രാമുഖ്യതയും അധികാരവും കൈവരുത്തുമായിരുന്ന—എന്നാൽ സാത്താൻ അധിപനായിരിക്കുന്ന ലോകത്തിന്റെ ഭാഗമെന്ന നിലയിൽ കാര്യങ്ങൾ ചെയ്യാൻ അവൻ യേശുവിനെ പ്രേരിപ്പിച്ചു. തന്റെ മാർഗ്ഗദർശനത്തിന് തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് യേശു വിസമ്മതിച്ചു. (മത്തായി 4:1-10) യേശുവിന് അസാധാരണമായ പ്രാപ്തികളുണ്ടായിരുന്നു, എന്നാൽ അവൻ എല്ലായ്പ്പോഴും അത് തന്റെ പിതാവിന്റെ ഇഷ്ടത്തോടുളള യോജിപ്പിൽ നന്നായി ഉപയോഗിച്ചു. ഏതു വേല ചെയ്യാൻ വേണ്ടി ദൈവം അവനെ അയച്ചുവോ അതു ചെയ്യുന്നതിൽ അവൻ തിരക്കോടെ ഏർപ്പെട്ടു. (യോഹന്നാൻ 7:16-18; 8:28, 29; 14:10) വിശ്വസ്തതയുടെ എത്ര നല്ല ഒരു മാതൃക!
6. യേശുവിന് നൽകപ്പെട്ട പ്രതിഫലം നമ്മുടെ ഭാഗത്ത് വിശ്വസ്തത ആവശ്യമാക്കിത്തീർക്കുന്നത് ഏതു വിധത്തിൽ?
6 യേശുവിന്റെ തെളിയിക്കപ്പെട്ട വിശ്വസ്തത നിമിത്തം യഹോവ അവനെ മരിച്ചവരുടെയിടയിൽനിന്ന് ഉയിർപ്പിച്ചു, “അവനെ ഒരു ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തുകയും മറെറല്ലാ നാമത്തേക്കാളും മേലായ ഒരു നാമം നൽകുകയും ചെയ്തു. അതുകൊണ്ട് യേശുവിന്റെ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങുകയും . . . പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവും യേശുക്രിസ്തുവിനെ കർത്താവ് എന്ന് പരസ്യമായി ഏററുപറയുകയും വേണം.” (ഫിലിപ്യർ 2:9-11) ഈ “മറെറല്ലാനാമത്തെക്കാളും മേലായ നാമം” യഹോവയുടെ ഇഷ്ടം നിറവേററാൻ വേണ്ടി യേശുവിന് നൽകപ്പെടുന്ന ശക്തിയെയും അധികാരത്തെയും പ്രതിനിധാനം ചെയ്യുന്നു. അവന്റെ ‘മുമ്പിൽ മുഴങ്കാൽ മടക്കുക’ എന്നാൽ അവന്റെ സ്ഥാനം അംഗീകരിക്കുകയും അവന്റെ അധികാരത്തിന് കീഴ്പ്പെടുകയും ചെയ്യുക എന്നാണ് അർത്ഥം. രാജാവെന്ന നിലയിൽ അവന് വിശ്വസ്തതയോടെ കീഴ്പ്പെട്ടിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
യഹോവയുടെ അഭിഷിക്തരോടുളള വിശ്വസ്ത സ്നേഹം
7. തങ്ങളുടെ വിശ്വസ്തത സംബന്ധിച്ച് യേശുവിന്റെ അനുയായികൾ ഏതു കാര്യങ്ങളിലാണ് പരിശോധിക്കപ്പെടുന്നത്?
7 അവന്റെ സ്വർഗ്ഗാരോഹണശേഷം മാനുഷ നേത്രങ്ങൾകൊണ്ട് യേശുവിനെ കാണാൻ കഴിഞ്ഞില്ല എന്ന വസ്തുത അവന്റെ അനുഗാമികളുടെ വിശ്വസ്തത സംബന്ധിച്ച് അവരുടെ ഹൃദയത്തെ പരിശോധിക്കുന്നതിൽ കലാശിക്കുമായിരുന്നു. അവൻ അവരെ പഠിപ്പിച്ച തത്വങ്ങളനുസരിച്ച് അവർ ജീവിക്കുമോ? അവർ ലോകത്തിൽ നിന്ന് വേർപെട്ട് നിൽക്കുമോ? മേൽവിചാരണ ചെയ്യാൻ പരിശുദ്ധാത്മാവ് ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്ന പുരുഷൻമാരെ അവർ ആദരിക്കുമോ? അവൻ അവരെ ഏൽപ്പിച്ച വേല ചെയ്യുന്നതിൽ അവർ മുഴുദേഹിയോടെ ഏർപ്പെടുമോ?
8. യോനാഥാനും ദാവീദും തമ്മിലുളള വിശ്വസ്ത സ്നേഹത്താൽ എന്താണ് മുൻനിഴലാക്കപ്പെട്ടത്?
8 കാലക്രമത്തിൽ സ്വർഗ്ഗീയ രാജ്യത്തിന്റെ അവകാശികളായ “ചെറിയ ആട്ടിൻകൂട്ട”ത്തോടുളള സഹവാസത്തിൽ “വേറെ ആടുകളും” കൂട്ടിച്ചേർക്കപ്പെടേണ്ടിയിരുന്നു. രാജാവെന്ന നിലയിൽ ക്രിസ്തുവിനോടും അന്യോന്യവുമുളള തങ്ങളുടെ നിയമിത സ്ഥാനം അവർ യഥാർത്ഥത്തിൽ വിലമതിക്കുമോ? യേശുക്രിസ്തുവിന്റെ കീഴിൽ “ഒററ ആട്ടിൻകൂട്ട”ത്തിന്റെ ഭാഗമായിരിക്കുന്ന എല്ലാവർക്കുമിടയിൽ യഥാർത്ഥത്തിലുളള പരസ്പര സ്നേഹം വികാസം പ്രാപിച്ചിരിക്കുന്നുവെന്ന് വസ്തുതകൾ പ്രകടമാക്കുന്നു. ഇത് ശൗൽ രാജാവിന്റെ മകനായ യോനാഥാന് ദാവീദിനോടുണ്ടായിരുന്ന അഭഞ്ജവും അക്ഷയവുമായ സ്നേഹത്താൽ മുൻനിഴലാക്കപ്പെട്ടു. യഹോവയോടുളള ദാവീദിന്റെ പൂർണ്ണമായ ഭക്തിയും മല്ലനായ ഗോലിയാത്തിനെ കൊല്ലുന്നതിൽ അവന് ദൈവത്തിലുളള ആശ്രയവും കണ്ടപ്പോൾ യോനാഥാൻ തരളിത ഹൃദയനാവുകയും “അവന്റെ ദേഹി തന്നെ യോനാഥാന്റെ ദേഹിയോട് പററിച്ചേരുകയും യോനാഥാൻ അവനെ സ്വന്ത ദേഹിയെപ്പോലെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തു.” യഹോവ രാജത്വം യോനാഥാന് നൽകാതെ ദാവീദിന് നൽകുമെന്ന് വ്യക്തമായപ്പോഴും ആ സ്നേഹം കുറഞ്ഞുപോയില്ല. യോനാഥാൻ പലപ്പോഴും ദാവീദിനുവേണ്ടി തന്റെ ജീവനെ അപകടപ്പെടുത്തുകപോലും ചെയ്തു.—1 ശമുവേൽ 17:45-47; 18:1; 23:16, 17.
9. ദാവീദിന്റെ സൈന്യത്തിൽ സേവിച്ച യിസ്രായേല്യേതരരാൽ അത്തരം വിശ്വസ്തത പ്രകടമാക്കപ്പെട്ടതെങ്ങനെ?
9 യോനാഥാനെ കൂടാതെ, ദാവീദിനോട് പററിനിന്ന യിസ്രായേല്യേതരരുമുണ്ടായിരുന്നു. അവർ കൂലിപ്പടയാളികളായിരുന്നില്ല, മറിച്ച് യഹോവയുടെ അഭിഷിക്തനെന്ന നിലയിൽ ദാവീദിനോടുളള ഭക്തി നിമിത്തം പ്രവർത്തിച്ച ധീരരായ പുരുഷൻമാരായിരുന്നു. ക്രേത്യരും പ്ലേത്യരും ഫെലിസ്ത്യ നഗരമായ ഗത്തിലെ മുൻനിവാസികളും അവരിൽ പെടുമായിരുന്നു. ദാവീദിന്റെ മകനായ അബ്ശാലോം യിസ്രായേല്യ പുരുഷൻമാരുടെ ഹൃദയം കവരാൻ വഞ്ചനാപൂർവം ശ്രമിച്ചപ്പോൾ അവർ വിശ്വസ്തതയോടെ ദാവീദിനോട് പററിനിന്നു. അബ്ശാലോമിന്റെ പ്രാമുഖ്യതയും കൗശലവുമെല്ലുമുണ്ടായിട്ടും അവർ അവന്റെ മൃദുഭാഷണത്താൽ വഞ്ചനയുടെ ഒരു ഗതിയിലേക്ക് നയിക്കപ്പെട്ടില്ല.—2 ശമുവേൽ 15:6, 10, 18-22.
10. (എ) ക്രിസ്തുവും അഭിഷിക്ത ശേഷിപ്പും “വേറെ ആടുകളും” തമ്മിലുളള അടുത്ത ബന്ധം സങ്കീർത്തനം 45-ൽ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്? (ബി) ഏതർത്ഥത്തിലാണ് ‘കന്യകമാരായ തോഴിമാർ രാജാവിന്റെ കൊട്ടാരത്തിൽ പ്രവേശിക്കുന്നത്’?
10 ക്രിസ്തുവും അവന്റെ അഭിഷിക്ത ശേഷിപ്പും “വേറെ ആടുകളും” തമ്മിലുളള ബന്ധത്തിന്റെ മറെറാരു ഹൃദയോദ്ദീപകമായ വിവരണം സങ്കീർത്തനം 45-ൽ കാണപ്പെടുന്നു. ഇതു കേവലം സുന്ദരമായ കാവ്യം മാത്രമല്ല, മറിച്ച് മശിഹൈക രാജ്യത്തെ സംബന്ധിച്ച പ്രവചനമാണ്—ദൈവം തന്നെയാണ് “സിംഹാസനം,” അതായത് യേശുവിന്റെ രാജത്വത്തിന്റെ അടിസ്ഥാനവും താങ്ങും. (സങ്കീർത്തനം 45:1-7; എബ്രായർ 1:8, 9) ക്രിസ്തുവിന്റെ മണവാട്ടി, “രാജാവിന്റെ പുത്രി,” അവന്റെ വിവാഹദിവസം രാജസന്നിധിയിലേക്ക് വരുത്തപ്പെടുന്നതായി സങ്കീർത്തനക്കാരൻ വർണ്ണിക്കുന്നു. “അവളുടെ തോഴിമാരായ . . . കന്യകമാരും” അവളോടുകൂടെയുണ്ട്. ഇവർ ആരാണ്? അവർ ദൈവരാജ്യത്തിന്റെ ഭൗമപ്രജകളായിരിക്കാൻ പ്രതീക്ഷിക്കുന്നവരാണ്. “മണവാട്ടി”വർഗ്ഗത്തിലെ അവസാനത്തെ വ്യക്തിയും സ്വർഗ്ഗത്തിൽ ക്രിസ്തുവിനോട് ചേരുന്നതുവരെ “ഉല്ലാസത്തോടും സന്തോഷത്തോടും കൂടെ” ഇവർ മണവാട്ടിവർഗ്ഗത്തെ അനുഗമിക്കുന്നു. അവരോടുകൂടെ ഇവർ “രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു,” സ്വർഗ്ഗത്തിലേക്ക് കയറുന്നതിനാലല്ല മറിച്ച് തങ്ങളെത്തന്നെ രാജാവിന്റെ സേവനത്തിന് വിട്ടുകൊടുക്കുന്നതിനാൽ. നിങ്ങൾ ഉല്ലാസകരമായ ആ ഘോഷയാത്രയുടെ ഭാഗമായിത്തീർന്നിട്ടുണ്ടോ?—സങ്കീർത്തനം 45:13-15.
വിശ്വസ്തത നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
11. ഏതു സാഹചര്യങ്ങളാണ് “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നതുസംബന്ധിച്ച് നമ്മെ പരിശോധിക്കുന്നത്?
11 ജീവിതത്തിലെ നിരവധി സാഹചര്യങ്ങൾ നാം ഏതു തരം വ്യക്തികളാണെന്ന് പ്രകടമാക്കുന്നു. നാം യഥാർത്ഥത്തിൽ യഹോവയുടെ മശിഹൈക രാജ്യത്തിൽ വിശ്വസിക്കുന്നുണ്ടോ? അതു നമുക്ക് യഥാർത്ഥമാണോ? തന്റെ യഥാർത്ഥ അനുയായികൾ “ഈ ലോകത്തിന്റെ ഭാഗമല്ലാ”യിരിക്കും എന്ന് യേശു പറഞ്ഞു. നിങ്ങളെ സംബന്ധിച്ച് അതു സത്യമാണോ?—യോഹന്നാൻ 17:15, 16.
12. നാം അപൂർണ്ണരാണെങ്കിലും കൂടുതലായ ഏതു വിധങ്ങളിൽ നമുക്ക് വിശ്വസ്തത തെളിയിക്കാം?
12 അപൂർണ്ണ മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം വിശ്വസ്തരായിരിക്കുന്നതിന് പൂർണ്ണരായിരിക്കേണ്ട ആവശ്യമില്ല. എന്നാൽ മററു മനുഷ്യർ നമ്മെ കണ്ടാലും ഇല്ലെങ്കിലും, മനഃപൂർവമായി ദൈവകൽപ്പനകളെ ലംഘിക്കുന്നതിനെ ഒഴിവാക്കുന്നത് അത് ആവശ്യമാക്കിത്തീർക്കുന്നു. അത് ലോകത്തിന്റെ വഴികളോട് എത്രത്തോളം അടുത്തു ചെല്ലാൻ കഴിയും എന്ന് നോക്കുന്നതിന് പകരം ബൈബിൾ തത്വങ്ങൾ മുഴുവനായി ജീവിതത്തിൽ ബാധകമാക്കാൻ ശ്രമിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കും. അത് നാം തിൻമക്കെതിരെ യഥാർത്ഥമായ വെറുപ്പ് വളർത്തിയെടുക്കാൻ ഇടയാക്കും.—സങ്കീർത്തനം 97:10.
13. വിശ്വാസത്യാഗികളുടെ കൗശലപൂർവകമായ സംസാരത്തിനെതിരെ വിശ്വസ്തത എങ്ങനെയാണ് നമ്മെ സംരക്ഷിക്കുന്നത്?
13 നാം തിൻമയെ യഥാർത്ഥത്തിൽ വെറുക്കുന്നുവെങ്കിൽ അതിനടുത്തേക്ക് നമ്മെ വശീകരിക്കാൻ നാം നമ്മുടെ ജിജ്ഞാസയെ അനുവദിക്കുകയില്ല. ലൈംഗിക ദുർമ്മാർഗ്ഗത്തിലേർപ്പെടുന്നവരുടെ ജീവിതത്തെ സംബന്ധിച്ചുളള കൗതുകം ഒരുവനെ നാശത്തിലേക്ക് നയിച്ചേക്കാം. (സദൃശവാക്യങ്ങൾ 7:6-23) അതുപോലെ തന്നെ ജിജ്ഞാസയാൽ പ്രേരിതരായി, യഹോവയെയും അവന്റെ സ്ഥാപനത്തേയും ഉപേക്ഷിച്ചുപോവുകയും പിന്നീട് തങ്ങളുടെ മുൻസഹപ്രവർത്തകരെ വാക്കുകൾകൊണ്ട് “അടിക്കുകയും” ചെയ്യുന്ന വിശ്വാസത്യാഗികളുടെ സാഹിത്യം വാങ്ങി വായിക്കുന്നവരെ ആത്മീയ നാശം പിടികൂടിയേക്കാം. (മത്തായി 24:48-51) സദൃശവാക്യങ്ങൾ 11:9 ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “വിശ്വാസത്യാഗി തന്റെ വായ്കൊണ്ട് സഹമനുഷ്യനെ നശിപ്പിക്കുന്നു.” എന്നാൽ വിശ്വസ്തത അവരുടെ മൃദുഭാഷണത്താൽ വഴിതെററിക്കപ്പെടുന്നതിൽനിന്ന് നമ്മെ സംരക്ഷിക്കും.—2 യോഹന്നാൻ 8-11.
14. (എ) രാജാവെന്ന നിലയിൽ ക്രിസ്തുവിനോട് വിശ്വസ്തത പ്രകടമാക്കാനുളള ഏററം സുപ്രധാനമായ വിധങ്ങളിലൊന്ന് എന്താണ്? (ബി) ഈ വേല സുപ്രധാനമായിരിക്കുന്നതെന്തുകൊണ്ടാണ്?
14 നമുക്ക് വിശ്വസ്തത പ്രകടമാക്കാൻ കഴിയുന്ന മുഖ്യ വഴികളിലൊന്ന് തന്റെ ശിഷ്യൻമാർ ചെയ്യാൻ യേശു പഠിപ്പിച്ച വേല മുഴുദേഹിയോടെ ചെയ്യുക എന്നതാണ്. ദൈവരാജ്യ സുവാർത്ത ഘോഷിച്ചുകൊണ്ട് പട്ടണം തോറും ഗ്രാമം തോറും പോവുക വഴി യേശു വ്യക്തിപരമായി അതിന് മാതൃക വച്ചു. (ലൂക്കോസ് 8:1) “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യമായി മുഴു നിവസിത ഭൂമിയിലും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് പറഞ്ഞപ്പോൾ യഥാർത്ഥ ക്രിസ്ത്യാനികൾ ഇന്ന് എന്തു ചെയ്യും എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) സുവാർത്തയുടെ ഈ പ്രസംഗം വഴിയാണ് വ്യക്തിപരമായി ഒരു തീരുമാനം ചെയ്യാൻ കഴിയത്തക്കവണ്ണം രാജ്യ വിവാദപ്രശ്നം സകല അളുകളുടെയും മുമ്പാകെ അവതരിപ്പിക്കപ്പെടുന്നത്. ഒരു മഹാപുരുഷാരത്തെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം മഹോപദ്രവത്തിലൂടെയുളള സംരക്ഷണത്തിലേക്ക് നയിക്കും. (വെളിപ്പാട് 7:9, 10) ഈ അടിയന്തിരവേലയിൽ നിങ്ങൾ വിശ്വസ്തതയോടെ പങ്കുചേരുന്നുണ്ടോ?
15. (എ) യഹോവയുടെ വിശ്വസ്തൻമാർ എന്തിനെപ്പററി സംസാരിക്കുമെന്നാണ് സങ്കീർത്തനം 145:10-13 പറയുന്നത്? (ബി) അത് നമുക്കെങ്ങനെയാണ് ബാധകമാകുന്നത്?
15 ദീർഘനാൾ മുമ്പ് സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം എഴുതി: “യഹോവേ, നിന്റെ പ്രവൃത്തികളെല്ലാം നിന്നെ സ്തുതിക്കും, നിന്റെ വിശ്വസ്തർ നിന്നെ വാഴ്ത്തും. അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്റെ പ്രതാപത്തിൻ മഹത്വവും മനുഷ്യപുത്രൻമാരെ അറിയിക്കേണ്ടതിന് നിന്റെ രാജത്വത്തിന്റെ മഹത്വത്തെക്കുറിച്ച് അവൻ സംസാരിക്കും, നിന്റെ ശക്തിയെക്കുറിച്ചും അവർ സംസാരിക്കും. നിന്റെ രാജത്വം അനിശ്ചിതമായ എല്ലാ കാലങ്ങളിലേക്കുമുളള ഒരു രാജത്വമാകുന്നു, നിന്റെ ആധിപത്യം എല്ലാ തലമുറകളിലേക്കുമുളളതും ആകുന്നു.” (സങ്കീർത്തനം 145:10-13) ആ രാജത്വം ഇന്ന് യേശുക്രിസ്തുവിന്റെ വിശ്വസ്ത കരങ്ങളിലെ മശിഹൈക രാജ്യം മുഖാന്തരമാണ് പ്രയോഗിക്കപ്പെടുന്നത്, അതേപ്പററി സ്വതന്ത്രമായും ഉൽസാഹപൂർവകവും സംസാരിക്കുന്നതിനാൽ നാം ദൈവത്തോടും ക്രിസ്തുവിനോടുമുളള നമ്മുടെ വിശ്വസ്തത തെളിയിക്കുന്നു.
16. രാജ്യപ്രസംഗത്തിൽ നാം എത്രത്തോളം പങ്കെടുക്കുന്നു എന്നതിനെയും അതു ചെയ്യുന്നതിലുളള നമ്മുടെ പ്രേരണയെയും വിശ്വസ്തത എങ്ങനെയാണ് സ്വാധീനിക്കേണ്ടത്?
16 രാജ്യസാക്ഷീകരണത്തിന്റെ ഈ വേലയ്ക്ക് നിങ്ങളുടെ ജീവിതത്തിൽ എന്തു പ്രാധാന്യമാണ് നിങ്ങൾ നൽകിയിരിക്കുന്നത്? നിങ്ങൾ വാസ്തവത്തിൽ മററ് യത്നങ്ങൾക്കുമുമ്പേ അതിനെ വയ്ക്കുന്നുണ്ടോ? നിങ്ങൾ വ്യക്തിപരമായി ചെയ്യുന്നത് മററുളളവർ ചെയ്യുന്നതിനേക്കാൾ കൂടുതലോ കുറവോ ആയിരുന്നേക്കാം. വ്യക്തികളുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഇത്തരം ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്നതിനാൽ നമുക്കെല്ലാവർക്കും പ്രയോജനമനുഭവിക്കാൻ കഴിയും: ‘എന്റെ പങ്ക് വെറുമൊരു ചുമതലാബോധത്തെ, അർപ്പണത്തിന്റേതായ ഒരു സൂചനയെ മാത്രമാണോ പ്രതിഫലിപ്പിക്കുന്നത്? അതിജീവനത്തിനുളള ഒരു നിബന്ധനയായിട്ട് മാത്രമാണോ ഞാൻ അതിനെ വീക്ഷിക്കുന്നത്? അതോ യഹോവയോടുളള സ്നേഹവും അവന്റെ മശിഹൈക രാജാവിനോടുളള നിഷ്ഠയും സഹമനുഷ്യരോടുളള യഥാർത്ഥ താൽപ്പര്യവും എന്റെ ജീവിതത്തിലെ മററു താൽപ്പര്യങ്ങളെല്ലാം സാക്ഷീകരണത്തെ ചുററിപ്പററിയായിരിക്കാൻതക്കവണ്ണം അതിന് എന്റെ ജിവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ടോ? ഈ വേല നമ്മുടെ രാജാവിന് പ്രധാനമായിരിക്കുന്നതുപോലെ നമുക്കും പ്രധാനമാണ് എന്ന് പ്രകടമാക്കുന്നതിനുളള വഴികൾ തേടുന്നതിന് വിശ്വസ്തത നമ്മെ പ്രേരിപ്പിക്കും.
17. ദുഷ്ടൻമാരെ നശിപ്പിക്കുമ്പോൾ യേശു “സമാധാനം സംസാരിക്കുന്നത്” ആരോടായിരിക്കും?
17 പൊ. യു. 33-ൽ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ തന്റെ ശിഷ്യൻമാരാൽ അത്യാഹ്ളാദപൂർവം രാജാവായി സ്വീകരിക്കപ്പെട്ടവൻ പെട്ടെന്നുതന്നെ, തന്റെ മശിഹൈക രാജാവിലൂടെ പ്രകടമാക്കപ്പെടുന്ന യഹോവയുടെ പരമാധികാരത്തെ തളളിക്കളയുന്ന എല്ലാവരെയും നശിപ്പിക്കും. എന്നാൽ വിശ്വസ്തതയുടേതായ തന്റെ സ്വന്തം ദൃഷ്ടാന്തം അനുകരിച്ചിട്ടുളള എല്ലാ ജനതകളിൽനിന്നുമുളള ആളുകളടങ്ങിയ “മഹാപുരുഷാരത്തോട്” അവൻ “സമാധാനം സംസാരിക്കും.” നിങ്ങൾ അവരോടൊപ്പം ഉണ്ടായിരിക്കുമോ?—സെഖര്യാവ് 9:10; എഫേസ്യർ 4:20-24.
[അധ്യയന ചോദ്യങ്ങൾ]