മടങ്ങിവരുന്നവർക്ക് ഒരു ഊഷ്മളമായ സ്വാഗതം
അധ്യായം 21
മടങ്ങിവരുന്നവർക്ക് ഒരു ഊഷ്മളമായ സ്വാഗതം
1. ഈ അദ്ധ്യായത്തിൽ ഏതു തരം ആളുകളെപ്പററിയാണ് ചർച്ച ചെയ്തിരിക്കുന്നത്?
യഹോവ സത്യ ദൈവമാണെന്നറിയാനും, അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാനും തക്കവണ്ണം ഏതെങ്കിലുമൊരു സമയത്ത് ബൈബിൾ സത്യങ്ങളുമായി പരിചയത്തിലായിട്ടുളള നിരവധിയാളുകളുണ്ട്. അവർ യഹോവയുടെ സാക്ഷികളല്ലെങ്കിലും യഹോവയുടെ സാക്ഷികളോടൊത്ത് അവർ ബൈബിൾ പഠിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ സാക്ഷികളായിരുന്നിരിക്കാം. അവരിൽ അനേകർ രാജ്യഹാളിൽ ചില മീററിംഗുകൾക്ക് സംബന്ധിച്ചിട്ടുണ്ട്. അവർക്ക് മററുളളവരുമായി രാജ്യദൂത് പങ്കുവയ്ക്കുന്നതിൽ കുറെ പങ്കുണ്ടായിരുന്നിരിക്കാം. എന്നാൽ ദൈവേഷ്ടം ചെയ്യുന്നതിനായി അവർ തങ്ങളുടെ ജീവിതം നീക്കിവച്ചിട്ടില്ല. എന്തുകൊണ്ടില്ല?
2. (എ) അവർ എന്തുകൊണ്ടാണ് യഹോവയുടെ സ്ഥാപനത്തിൽനിന്ന് അകന്നുപോയത്? (ബി) അവർ മടങ്ങിവരാൻ ആഗ്രഹിച്ചുതുടങ്ങുന്നതെന്തുകൊണ്ടാണ്?
2 അവർക്ക് ആവശ്യമുളളതെന്ന് അവർ വിചാരിക്കുന്ന, അവരുടെ ജീവിതാസ്വാദനം വർദ്ധിപ്പിക്കുമെന്ന് അവർ കരുതുന്ന, ആകർഷകങ്ങളായ കാര്യങ്ങൾ ലോകം അവർക്കു വച്ചുനീട്ടുന്നു, അത്തരം കാര്യങ്ങളുടെ തേട്ടത്തിൽ അവർ ദൈവസ്ഥാപനത്തിൽനിന്ന് അകന്ന് അലഞ്ഞുനടക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, കാലക്രമത്തിൽ തങ്ങൾ പ്രതീക്ഷിച്ചത് തങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് അവരിൽ ചിലർ തിരിച്ചറിയുന്നു. അതേ നിലയിൽ തുടർന്നാൽ അവർ ലോകത്തോടൊപ്പം നശിക്കാൻ പോകയാണെന്ന് അവർ മനസ്സിലാക്കുന്നു. യഹോവയുടെ “ഭവന”ത്തിലെ സുരക്ഷിതത്വവും സമൃദ്ധിയും അവർ മറന്നിട്ടില്ല, വീണ്ടും അവിടെ ആയിരിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ യഹോവ അവരെ സ്വീകരിക്കുമോ?
ഒരു ധൂർത്തപുത്രൻ മടങ്ങിവരുന്നു
3. (എ) ധൂർത്തപുത്രന്റെ ഉപമയിൽ സമാനമായ ഒരു സാഹചര്യത്തിന്റെ എന്തു വർണ്ണനയാണ് യേശു നൽകിയത്? (ബി) പിതാവ് ആരെയാണ് ചിത്രീകരിക്കുന്നത്?
3 ധൂർത്തപുത്രനെ സംബന്ധിച്ച യേശുവിന്റെ വിഖ്യാതമായ ഉപമ അതിനുളള ഉത്തരം ചൂണ്ടിക്കാണിച്ചുതരുന്നു. ഒരു ദൃഷ്ടാന്തമെന്ന നിലയിൽ രണ്ടു പുത്രൻമാരുണ്ടായിരുന്ന ഒരു മനുഷ്യനെപ്പററി യേശു പറഞ്ഞു. ഇളയ പുത്രൻ പിതാവിനോട് പിതാവിന്റെ സ്വത്തിൽ തനിക്കുളള ഓഹരി ആവശ്യപ്പെട്ടു. അതു കിട്ടിയപ്പോൾ അവൻ ഒരു വിദൂര സ്ഥലത്ത് പോയി ഒരു അസൻമാർഗ്ഗ ജീവിതത്തിലൂടെ തന്റെ സമ്പത്തെല്ലാം തീർത്തും അലക്ഷ്യമായി ചെലവഴിച്ചു. അങ്ങനെ അവൻ എല്ലാം ധൂർത്തടിച്ചു. ആ രാജ്യത്ത് ഒരു ക്ഷാമമുണ്ടായപ്പോൾ യാതൊരു ഗത്യന്തരവുമില്ലാതെ ആ യുവാവ് പന്നികളെ മേയ്ക്കേണ്ടതായി വന്നു, എന്നാൽ അവയ്ക്ക് നൽകിയിരുന്ന തീററി പോലും ഭക്ഷിക്കാൻ അവന് അനുവാദമില്ലായിരുന്നു. താങ്ങാനാവാത്ത പ്രശ്നങ്ങളാൽ ഉലയ്ക്കപ്പെട്ട അവന് സുബോധം ഉണ്ടായി. തന്റെ പിതാവിന്റെ ഭവനത്തിലെ ഭൃത്യൻമാർ പോലും എത്ര സുഭിക്ഷമായിട്ടാണ് ജീവിക്കുന്നത് എന്ന് അവൻ ഓർത്തു, അവിടേക്ക് മടങ്ങിപ്പോകാൻ അവൻ തീരുമാനിച്ചു. അവൻ തന്റെ പാപപൂർണ്ണമായ ഗതി ഏററു പറയുകയും ഒരു പുത്രനായിട്ടല്ല മറിച്ച് ഒരു വേലക്കാരനായിട്ട് തന്നെ തിരികെ സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യും. (ലൂക്കോസ് 15:11-19) എന്നാൽ അവൻ ചെയ്ത ഈ കാര്യങ്ങൾക്കെല്ലാം ശേഷം അവന്റെ പിതാവ് അവനെ തിരികെ സ്വീകരിക്കുമോ? ഈ ഉപമയിലെ പിതാവിനാൽ ചിത്രീകരിക്കപ്പെട്ട യഹോവ അത്തരമൊരാളുടെ മടങ്ങിവരവിനെ എങ്ങനെയാണ് വീക്ഷിക്കുക?
4. പുത്രൻ തിരികെ വന്നപ്പോൾ പിതാവ് എങ്ങനെയാണ് അവനെ സ്വീകരിച്ചത്?
4 ഈ കാര്യം സംബന്ധിച്ച യഹോവയുടെ വികാരങ്ങൾ വ്യക്തമായി ചിത്രീകരിച്ചുകൊണ്ട് യേശു ഇപ്രകാരം തുടർന്നു: “[ഇളയ പുത്രൻ] ദൂരെനിന്ന് വരുമ്പോൾതന്നെ അവന്റെ പിതാവ് അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ആർദ്രതയോടെ ചുംബിച്ചു. അപ്പോൾ ആ പുത്രൻ അയാളോടു പറഞ്ഞു, ‘പിതാവേ, ഞാൻ സ്വർഗ്ഗത്തിനും അങ്ങേക്കുമെതിരായി പാപം ചെയ്തിരിക്കുന്നു. അങ്ങയുടെ പുത്രനെന്ന് വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല. അങ്ങയുടെ ഭൃത്യൻമാരിൽ ഒരുവനെപ്പോലെ എന്നെ ആക്കണമേ.’ എന്നാൽ ആ പിതാവ് തന്റെ അടിമകളോട് ഇപ്രകാരം പറഞ്ഞു: ‘വേഗം മേൽത്തരമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക, ഇവന്റെ കൈയ്ക്ക് മോതിരവും കാലിന് ചെരിപ്പും ഇടുക. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറക്കുവിൻ; നമുക്ക് തിന്ന് ആനന്ദിക്കാം, എന്തുകൊണ്ടെന്നാൽ എന്റെ ഈ മകൻ മരിച്ചവനായിരുന്നു; അവൻ വീണ്ടും ജീവനിലേക്ക് വന്നിരിക്കുന്നു; അവൻ കാണാതെ പോയവനായിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു.’ അങ്ങനെ അവർ ആനന്ദിച്ചുതുടങ്ങി.”—ലൂക്കോസ് 15:20-24.
ഈ ഉപമ ഇന്ന് ബാധകമാകുന്നതെങ്ങനെ?
5. (എ) യേശുവിന്റെ ഉപമയിലെ മൂത്ത പുത്രൻ ആരെ ചിത്രീകരിച്ചു? (ബി) അപ്പോൾ പിന്നെ ഇളയ ധൂർത്ത പുത്രനാൽ ചിത്രീകരിക്കപ്പെട്ടത് ആരായിരുന്നു?
5 ഈ ദൃഷ്ടാന്തത്തിലെ മൂത്ത പുത്രൻ, ആദ്യജാതൻ, ഉചിതമായും “സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതൻമാരുടെ സഭ”യോട് ഒത്തുവരുന്നു. (എബ്രായർ 12:23) ഇളയ പുത്രനെ സംബന്ധിച്ചെന്ത്? അവൻ സ്വർഗ്ഗീയ പ്രത്യാശയുളള “ചെറിയ ആട്ടിൻകൂട്ട”ത്തെ അല്ലാതെ മറെറാരു കൂട്ടത്തെ പ്രതിനിധാനം ചെയ്യണം. കർത്താവിന്റെ “വേറെ ആടുകളിൽ” എല്ലാവരും ഇളയ പുത്രനെ സംബന്ധിച്ചുളള വിവരണത്തോടു ചേർച്ചയിലല്ല; എന്നാൽ ചിലർ അങ്ങനെയാണ്. “വേറെ ആടുകളുടെ” കൂട്ടിച്ചേർപ്പ് 1935-ൽ ആരംഭിച്ച് വിശേഷാൽ ശ്രദ്ധയിലേക്ക് വരുത്തപ്പെടുന്നതിന് മുമ്പേതന്നെ യഹോവ മാത്രമാണ് സത്യ ദൈവമെന്ന് അറിയാവുന്ന ആളുകളുണ്ടായിരുന്നു. അവന്റെ രാജ്യത്തിൻ കീഴിലെ ഭൗമിക ജീവന്റെ പ്രത്യാശയെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. സ്വർഗ്ഗീയ പ്രതീക്ഷകളോടെ “ആദ്യജാതൻമാരുടെ സഭയിൽ” ഉൾപ്പെടുന്നതിനെപ്പററി യാതൊരു ചിന്തയും അവർ തങ്ങൾക്കായി വച്ചുപുലർത്തിയില്ല. എന്നാൽ യഹോവയുടെ സേവനത്തിൽ ഏർപ്പെടുന്നതിനു പകരം അവർ ലൗകിക വ്യാപാരങ്ങളിൽ മുഴുകി. ദൈവം അവർക്കു നൽകിയ “ജീവനോപാധികൾ,” അവൻ അവർക്ക് അനുവദിച്ച സമയവും ജീവനും, അവർ സ്വീകരിക്കുകയും തങ്ങളുടെ സ്വാർത്ഥപരമായ സ്വന്ത ഉല്ലാസങ്ങൾ തേടുന്നതിന് ഉപയോഗിക്കുകയും ചെയ്തു. എന്നാൽ 1935-ൽ യഹോവയുടെ ദാസൻമാർ ആദ്യമായി “മഹാപുരുഷാര”ത്തെ വ്യക്തമായി തിരിച്ചറിഞ്ഞപ്പോൾ ഇളയ പുത്രനെപ്പോലെയായിരുന്ന പലരും പിതാവിന്റെ ഭവനത്തിലെ സേവനത്തിന് തങ്ങളെത്തന്നെ മുഴുഹൃദയത്തോടെ വിട്ടുകൊടുത്തു. അത് യേശു തന്റെ ഉപമയിൽ വർണ്ണിച്ചതുപോലെ ആനന്ദിക്കുന്നതിനുളള ഒരു സമയമായിരുന്നു.
6. അതിന്റെ നിവൃത്തിയിൽ ചില ആളുകളെങ്ങനെയാണ് മൂത്ത പുത്രന്റെ മനോഭാവം പ്രകടമാക്കിയത്, എന്നാൽ ശേഷിപ്പിൽ എല്ലാവരെയും സംബന്ധിച്ച് അതു സത്യമായിരുന്നോ?
6 അന്ന് ഇളയ പുത്രനാൽ പ്രതിനിധാനം ചെയ്യപ്പെട്ട കൂട്ടത്തിന്റെ വരവിൽ എല്ലാവരും സന്തോഷിച്ചില്ല എന്നത് വാസ്തവമാണ്. കാര്യം അങ്ങനെയായിരിക്കുമെന്ന് യേശു തന്റെ ഉപമയിൽ സൂചിപ്പിച്ചു. എന്നാൽ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ശേഷിപ്പിൽപെട്ട എല്ലാവരും ആ മനോഭാവം പ്രകടമാക്കിയില്ല. തന്റെ ഉപമയിൽ ആദ്യം അസംതൃപ്തരായിരുന്നവർക്കും പാപികൾ യഥാർത്ഥത്തിൽ അനുതപിക്കുമ്പോൾ യഹോവക്കു തന്നെയുളള സന്തോഷത്തിൽ പങ്കുചേരുന്നതിനുളള വഴി യേശു തുറന്നിട്ടിരുന്നു.—ലൂക്കോസ് 15:7, 10, 25-32.
7, 8. (എ) കുറച്ചുകൂടെ അടുത്ത കാലങ്ങളിൽ മററുളളവർ യഹോവയുടെ ഭവനത്തിൽനിന്ന് അകന്നുപോകാൻ ഇടയാക്കിയതെന്തായിരുന്നു? (ബി) ഏതു വിധങ്ങളിലാണ് ചിലർ ധൂർത്ത പുത്രനെപ്പോലെ വിചാരിക്കാനിടയായത്? (സി) അവർ മടങ്ങിവരേണ്ടതെന്തുകൊണ്ടാണ്?
7 എന്നിരുന്നാലും 1930-കളുടെ മദ്ധ്യത്തിലെ ആ സംഭവങ്ങൾക്കുശേഷം ചില കാര്യങ്ങളിൽ തങ്ങളും ധൂർത്തപുത്രനെപ്പോലെയാണെന്ന് മററു ചിലരും കൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. യഹോവയുടെ ആത്മീയ ഭവനത്തെപ്പററി, അവന്റെ ദൃശ്യ സ്ഥാപനത്തെപ്പററി, അവർക്ക് നന്നായിട്ടറിയാം. എന്നാൽ അവരുടെ ജീവിത രീതി അവരെ അതിൽനിന്ന് അകലെ “ഒരു വിദൂര ദേശത്ത്” കൊണ്ടെത്തിച്ചിരിക്കുന്നു. അവർ യഹോവയുടെ ദാസൻമാരെ എതിർത്തിട്ടില്ല, എന്നാൽ അവരുടെ ജീവിത രീതി ദൈവ വചനത്തിലെ നിലവാരങ്ങളോട് ചേർച്ചയിലായിരുന്നിട്ടില്ല. അവരുടെ മുഴുജീവിതവും തങ്ങളുടെ ലൗകിക ജോലിയെയും തങ്ങളെത്തന്നെയും ചുററിപ്പററി പടുത്തുയർത്തുകയും എന്നാൽ ദൈവമുമ്പാകെയുളള തങ്ങളുടെ കടപ്പാടിനും തങ്ങൾ ജീവിക്കുന്ന കാലത്തിനും അവർ ഉചിതമായ ഗൗരവം കൊടുക്കാതിരിക്കുകയും ചെയ്തിരിക്കാം. ചിലർ അന്ന് സഭയോടു സഹവസിച്ചുകൊണ്ടിരുന്നവരുടെ അപൂർണ്ണതകൾ നിമിത്തം മുഷിഞ്ഞുപോയി. അവർ യഹോവ കാര്യങ്ങൾ നേരെയാക്കാൻ അവനുവേണ്ടി ക്ഷമാപൂർവം കാത്തിരുന്നില്ല. എന്നാൽ വിശ്വാസത്തിന്റെ ഭവനത്തിൽനിന്ന് തങ്ങളെത്തന്നെ ഒററപ്പെടുത്തിയപ്പോൾ ഇവരെല്ലാവരും ഏതവസ്ഥകളിലാണ് വന്നെത്തിയത്?
8 തങ്ങൾ ആത്മീയമായി ദരിദ്രരായിത്തീർന്നിരിക്കുന്നുവെന്ന് കാലക്രമേണ അവരിൽ ചിലർ തിരിച്ചറിഞ്ഞു. ഉല്ലാസത്തിന്റെ ക്ഷണികമായ ഇടവേളകൾ തങ്ങൾക്ക് എത്രതന്നെ ഉണ്ടായിരുന്നാലും അത് അവർക്ക് നിലനിൽക്കുന്ന സന്തോഷം കൈവരുത്തുന്നില്ല എന്ന് അവർക്ക് കാണാൻ കഴിയുന്നു. അവരുടെ ജീവിതരീതി അവരെ ശാരീരികമായും വൈകാരികമായും ആത്മീയമായും ക്ഷതപ്പെടുത്തിയിരിക്കുന്നുവെന്നും അവർ തിരിച്ചറിഞ്ഞേക്കാം. ദൈവത്തെ കൂടാതെയുളളവരും പ്രത്യാശയില്ലാത്തവരുമായ എല്ലാവർക്കും തോന്നുന്നതുപോലെ അവർക്കും ഉളളിൽ ഒരു ശൂന്യാവസ്ഥ അനുഭവപ്പെടുന്നു. (എഫേസ്യർ 2:12) അവർ യഥാർത്ഥമായി സന്തുഷ്ടരായിരുന്നത് യഹോവയുടെ “ഭവനത്തി”ലായിരുന്നപ്പോൾ മാത്രമായിരുന്നുവെന്ന് അവർ തിരിച്ചറിയുന്നു. അവർ മടങ്ങിവരാൻ ആഗ്രഹിക്കുന്നു. അവർ അങ്ങനെ ചെയ്യണമോ? അവരുടെ ദരിദ്രാവസ്ഥയിൽ തുടരുന്നതുകൊണ്ട് സാദ്ധ്യമായ എന്തു പ്രയോജനമാണുളളത്? ഇനിയും വൈകിക്കുന്നത് അപകടകരമായിരുന്നേക്കാം. ഈ ലോകം നശിപ്പിക്കപ്പെടുമ്പോൾ അതിൽ കടിച്ചുതൂങ്ങിക്കിടക്കുന്നത് അവർ തുടരുന്നുവെങ്കിൽ അവർക്ക് ജീവൻ നഷ്ടമാകാൻ പോകുന്നു.
9. (എ) അത്തരം ആളുകൾ മടങ്ങിവരാൻ യഹോവ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? (യെഹെസ്ക്കേൽ 18:23) (ബി) അവരുടെ ഭാഗത്ത് ആവശ്യമായിരിക്കുന്നതെന്താണ്?
9 എന്നാൽ അങ്ങനെയുളള വ്യക്തികൾക്ക് മടങ്ങിവരാൻ കഴിയുമോ? മടങ്ങിവരാൻ യഹോവ അവരെ ഊഷ്മളമായി ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുന്നവർക്ക് അവന്റെ ദൃശ്യസ്ഥാപനം സ്നേഹപൂർവകമായ സഹായം നീട്ടിക്കൊടുക്കുന്നു. (സെഖര്യാവ് 1:3, 4) എന്താണ് ആവശ്യമായിരിക്കുന്നത്? യേശുവിന്റെ ഉപമയിൽ കാണിച്ചിരിക്കുന്ന പ്രകാരം അവർ സുബോധത്തിലേക്ക് മടങ്ങിവരികയും തിരികെ വരാൻ മുൻകൈ എടുക്കുകയും ദൈവത്തിനെതിരായി പാപം ചെയ്തിരിക്കുന്നതായി ഏററുപറയുകയും വേണം. അവർ തികച്ചും ക്രിസ്തീയ വിരുദ്ധമായ നടത്തയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർ ആ ജീവിത രീതി ഉപേക്ഷിച്ചിരിക്കുന്നുവെന്നും യഥാർത്ഥത്തിൽ അനുതാപമുളളവരാണെന്നും ഉളളതിന് മൂപ്പൻമാർക്ക് ബോദ്ധ്യം വരുത്തുന്ന തെളിവു നൽകണം. യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ ഭാഗമായി അവനെ സേവിക്കുക എന്നതായിരിക്കണം ഇപ്പോഴത്തെ അവരുടെ തീവ്രമായ ആഗ്രഹം. (ലൂക്കോസ് 15:18-21; സദൃശവാക്യങ്ങൾ 28:13) അവരുടെ ഹൃദയത്തിലുളളത് യഥാർത്ഥത്തിൽ അതാണെങ്കിൽ അവർ അവരുടെ മോശമായ വഴികളും ചിന്തകളും ഉപേക്ഷിക്കുന്നതും യഹോവയിങ്കലേക്ക് മടങ്ങി വരുന്നതും അവർക്ക് വലിയ സന്തോഷം കൈവരുത്തും എന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യെശയ്യാവ് 55:7) എന്നിരുന്നാലും അവരുടെ സന്തോഷം രാജ്യഹാളിൽ വീണ്ടും ഊഷ്മളമായി സ്വാഗതം ചെയ്യപ്പെടുന്നതിലപ്പുറം പോകണമെങ്കിൽ അവർ ആത്മീയതയിൽ ബലിഷ്ഠരായി കെട്ടുപണി ചെയ്യപ്പെടേണ്ടതാവശ്യമാണ്.
ഉറച്ച അടിസ്ഥാനത്തിൻമേലുളള പണി
10. (എ) അനുതാപമുളളവർ യഹോവയുടെ നിബന്ധനകളോട് എന്ത് മനോഭാവം വളർത്തിയെടുക്കേണ്ടതുണ്ട്? (ബി) അവർക്ക് യഹോവയുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം എങ്ങനെ വളർത്തിയെടുക്കാം?
10 യഹോവയുടെ ഭവനത്തിലേക്ക് മടങ്ങിവരുന്ന ഏതൊരാളെ സംബന്ധിച്ചും യഹോവയുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കുന്നതും അവനുമായി ഒരു അടുത്ത വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുന്നതും വിശേഷാൽ പ്രധാനമാണ്. യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നതെല്ലാം നമ്മുടെതന്നെ നൻമയ്ക്കു വേണ്ടിയാണെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. അവന്റെ കൽപ്പനകൾ ജീവിതത്തിൽനിന്ന് സന്തോഷം കവർന്നു കളയുന്നില്ല, മറിച്ച് നൈമിഷികമായി നമ്മെ പുളകം കൊളളിച്ചേക്കാവുന്നതും എന്നാൽ കൈപ്പേറിയ ഒരു വിളവെടുപ്പിലേക്കു നയിച്ചേക്കാവുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു. (യെശയ്യാവ് 48:17; ഗലാത്യർ 6:7, 8) അവൻ നമുക്കു ശിക്ഷണം നൽകുമ്പോൾ അത് അവന് നമ്മോടുളള സ്നേഹം നിമിത്തമാണ്. (സദൃശവാക്യങ്ങൾ 3:11, 12) വ്യക്തിപരമായ പഠനവും അതേതുടർന്നു പഠിച്ച കാര്യങ്ങളെക്കുറിച്ചുളള ധ്യാനവും ആത്മാർത്ഥമായ പ്രാർത്ഥനയും ക്രമമായ മീററിംഗ് ഹാജരും യഹോവയിൽ പൂർണ്ണമായി ആശ്രയം വയ്ക്കാൻ, നാം ചെയ്യുന്ന എല്ലാ കാര്യത്തിലും മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി അവനിലേക്ക് നോക്കാൻ, പഠിക്കുന്നതിന് നമ്മെ സഹായിക്കും.—സദൃശവാക്യങ്ങൾ 3:5, 6.
11. വഴിതെററിപ്പോയവർ താഴെപ്പറയുന്ന കാര്യങ്ങളാൽ എങ്ങനെ സഹായിക്കപ്പെടും? (എ) തിൻമയോട് വെറുപ്പ് വളർത്തുന്നതിനാൽ (ബി) ഗ്രാഹ്യം തേടുന്നതിനാൽ (സി) ദൈവിക നിലവാരങ്ങൾ ബാധകമാക്കുന്നതിൽ സ്ഥിരത കാണിക്കുന്നതിനാൽ (ഡി) അവർ ചെയ്യാൻ ആസൂത്രണം ചെയ്യുന്ന കാര്യങ്ങളുടെ അനന്തര ഫലങ്ങൾ പരിഗണിക്കാൻ പഠിക്കുന്നതിനാൽ (ഇ) മററുളളവരോട് സ്നേഹപൂർവകമായ പരിഗണന കാണിക്കുന്നതിനാൽ.
11 അകന്നു പോയവർക്ക് ശരിയെന്താണെന്നും തെറെറന്താണെന്നും അറിയാമായിരുന്നിരിക്കാം. എന്നാലിപ്പോൾ അവർ തെററിനോടുളള ഒരു വെറുപ്പ് വളർത്തിയെടുക്കുകയും അത് അവർക്കു ചുററും ഉണ്ടായിരിക്കുന്നിടത്തോളം കാലം അങ്ങനെ ചെയ്യുന്നതിൽ തുടരുകയും വേണം. (സങ്കീർത്തനം 97:10) അവർ അറിവു മാത്രമല്ല ഗ്രാഹ്യവുംകൂടെ സമ്പാദിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവർ ഇതിൽ സഹായിക്കപ്പെടും. ഒന്നാമതായി ദൈവത്തോടുളള ബന്ധത്തിൽ കാര്യങ്ങളെ കാണുന്നത് ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അവൻ നമ്മെ പ്രബോധിപ്പിക്കുന്ന വിവിധ മാർഗ്ഗങ്ങളും അവന്റെ ബുദ്ധിയുപദേശത്തോടുളള നമ്മുടെ പ്രതികരണം അവനുമായുളള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 4:7; 9:10) നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എല്ലായ്പ്പോഴും യഹോവയുടെ നിലവാരങ്ങൾ ബാധകമാക്കിക്കൊണ്ട് സ്ഥിരതയുളളവരായിരിക്കുന്നതിന്റെ പ്രാധാന്യവും നാം വിലമതിക്കണം. (തീത്തോസ് 2:11, 12; 1 തെസ്സലോനിക്യർ 4:7) നൈമിഷികമായ ഉല്ലാസം മാത്രം പരിഗണിക്കാതെ നമ്മുടെ തീരുമാനങ്ങളുടെ അനന്തര ഫലങ്ങൾ എന്തായിരുന്നേക്കാമെന്നും കൂടെ നാം ശ്രദ്ധിക്കണം. (സദൃശവാക്യങ്ങൾ 20:21; 23:17, 18; എബ്രായർ 11:24-26 താരതമ്യപ്പെടുത്തുക.) നാം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾക്ക് മററുളളവരുടെമേൽ ഉണ്ടായിരുന്നേക്കാവുന്ന ഫലങ്ങൾ സംബന്ധിച്ചും നാം സ്നേഹപൂർവം കരുതലുളളവരായിരിക്കണം.—റോമർ 15:1, 2.
12. (എ) സാത്താനെയും അവന്റെ വഴികളെയും സംബന്ധിച്ച് എന്തു തിരിച്ചറിയുന്നത് നമ്മെ സംരക്ഷിക്കാൻ സഹായിക്കും? (ബി) ഈ പോരാട്ടത്തിൽ വിജയിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്?
12 ക്രിസ്ത്യാനികളെന്ന നിലയിൽ നാം ഒരു ആത്മീയ പോരാട്ടത്തിലാണെന്ന് തിരിച്ചറിയുന്നത് നമ്മെ വളരെയധികം ശക്തിപ്പെടുത്തും. നമ്മുടെ മുഖ്യ എതിരാളി പിശാചായ സാത്താനും അവന്റെ ഭൂതങ്ങളുമാണ്. യഹോവ നമുക്ക് ചെയ്യാൻ തന്നിരിക്കുന്ന ജീവൽപ്രധാനമായ രാജ്യവേലയിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ സാദ്ധ്യമായ എല്ലാ മാർഗ്ഗവും അവൻ അന്വേഷിക്കുന്നു. യഹോവയുടെ നിലവാരങ്ങൾ ഉപേക്ഷിച്ചുകളയുന്നതിനും സാത്താൻ ഭരണാധിപനായിരിക്കുന്ന ലോകത്തിന്റെ ഭാഗമായിത്തീരുന്നതിനും തക്കവണ്ണം നമ്മെ വശീകരിക്കുക എന്നതാണ് അവന്റെ ലക്ഷ്യം. അവന്റെ കെണികൾ മിക്കപ്പോഴും നമ്മുടെ സ്വാഭാവിക ആഗ്രഹങ്ങൾക്ക് (സന്തുഷ്ടിക്കും ശാരീരിക സുഖത്തിനും സ്നേഹത്തിനും വാത്സല്യത്തിനും) ആകർഷകമായിത്തോന്നുന്നു. എന്നാൽ അത്തരം ആഗ്രഹങ്ങൾക്ക് അവയുടെ ഉദ്ദേശ്യങ്ങളെത്തന്നെ വികലമാക്കാൻ തക്കവണ്ണം പ്രാധാന്യം കൊടുക്കാനോ അനുചിതമായ വിധങ്ങളിൽ അവയെ തൃപ്തിപ്പെടുത്താനോ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവം നൽകിയിരിക്കുന്ന ആത്മീയ പടച്ചട്ട പൂർണ്ണമായി ഉപയോഗിക്കുന്നതിനാൽ മാത്രമേ നമ്മുടെ ആത്മീയ ജീവനുവേണ്ടിയുളള ഈ പോരാട്ടത്തിൽ നമുക്ക് വിജയിക്കാൻ കഴിയുകയുളളു.—എഫേസ്യർ 6:11-18.
13. (എ) നമുക്കെങ്ങനെയാണ് നമ്മുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്താൻ കഴിയുന്നത്? (ബി) ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നത് നമുക്ക് യഥാർത്ഥത്തിൽ സന്തോഷം കൈവരുത്തുന്നതെന്തുകൊണ്ട്?
13 നാം യേശുവിന്റെ അടുക്കൽ ചെന്ന് അവന്റെ “നുകം” ഏററുകൊണ്ടാൽ നാം നമ്മുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തുമെന്ന് അവൻ പറഞ്ഞു. (മത്തായി 11:29, 30) ഒരുവന്റെമേൽ “നുകം” ഏററുകൊളളുക എന്നു പറഞ്ഞാൽ സേവിക്കുക എന്നാണ് അതിന്റെ അർത്ഥം. എന്നാൽ അവന്റെ പുത്രനെ അനുകരിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നത് യഥാർത്ഥ നവോൻമേഷം കൈവരുത്തും. എങ്ങനെ? എന്തുകൊണ്ടെന്നാൽ അതു യഥാർത്ഥ സ്വാതന്ത്ര്യം കൈവരുത്തുന്നു. നാം ചെയ്യരുതെന്ന് നമുക്ക് അറിയാവുന്നതും ചെയ്യാതിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചേക്കാവുന്നതുമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നാം മേലാൽ പാപ ചങ്ങലയിൻ കീഴിൽ പാപത്തിന്റെ അടിമകളായിരിക്കുന്നില്ല. (യോഹന്നാൻ 8:32, 34-36) നമ്മുടെ ക്രിസ്തീയ വ്യക്തിത്വം യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിൻമേലാണ് പണിയപ്പെടുന്നതെങ്കിൽ യഹോവയുടെ ഉദ്ദേശ്യത്തിൽ അവന്റെ സ്ഥാനം നാം വിലമതിക്കുകയും അവനെ ശ്രദ്ധിച്ച് അവനിൽനിന്ന് പഠിക്കുകയും ചെയ്യും. അവൻ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ പ്രമോദം കണ്ടെത്തി. നാമും അങ്ങനെ ചെയ്യാൻ പഠിക്കും. (യോഹന്നാൻ 4:34; സങ്കീർത്തനം 40:8) ദൈവത്തിന്റെ ധാർമ്മിക നിലവാരങ്ങളോട് പററിനിൽക്കുന്നതിനാൽ നമുക്ക് ഒരു ശുദ്ധ മനസ്സാക്ഷി ഉളളവരായിരിക്കാൻ കഴിയും. നമുക്കുവേണ്ടിത്തന്നെ ജീവിക്കുന്നതിനു പകരം കൊടുക്കുന്നതിൽനിന്ന് ലഭിക്കുന്ന സന്തോഷം നാം അനുഭവിച്ചറിയും. (പ്രവൃത്തികൾ 20:35) നമ്മുടെ ജീവിതത്തിന് ഒരു യഥാർത്ഥ ഉദ്ദേശ്യം കൈവരും. എല്ലാററിലുമുപരി തന്റെ പുത്രൻമാരായിത്തീരുന്ന എല്ലാവരുടെയും പിതാവായിരിക്കുന്ന യഹോവയാം ദൈവത്തിന്റെതന്നെ അംഗീകാരം നമുക്കുണ്ട് എന്നറിയുന്നതിന്റെ സന്തോഷവും നമുക്കുണ്ടായിരിക്കും.—സദൃശവാക്യങ്ങൾ 10:22.
[അധ്യയന ചോദ്യങ്ങൾ]