മനുഷ്യവർഗ്ഗത്തിന്റെ ഭാവിയുടെ ആശ്രയയോഗ്യമായ മുൻദൃഷ്ടാന്തങ്ങൾ
അധ്യായം 5
മനുഷ്യവർഗ്ഗത്തിന്റെ ഭാവിയുടെ ആശ്രയയോഗ്യമായ മുൻദൃഷ്ടാന്തങ്ങൾ
1. ബൈബിൾ പ്രവചനങ്ങൾ എല്ലായ്പ്പോഴും കൃത്യമെന്ന് തെളിയുന്നതെന്തുകൊണ്ടാണ്?
ഭാവിയെ സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളിൽ ആത്മവിശ്വാസമുണ്ടായിരിക്കുന്നതിന് നമുക്ക് ശക്തമായ കാരണങ്ങൾ ഉണ്ട്. അവയിലെ പ്രവചനങ്ങൾ സാദ്ധ്യതകൾ കണക്കിലെടുത്ത് കാര്യങ്ങൾ മുൻകൂട്ടിപ്പറഞ്ഞിട്ടുളള മനുഷ്യരുടെ ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുളളവയല്ല. “തിരുവെഴുത്തുകളിലെ പ്രവചനങ്ങളൊന്നും സ്വകാര്യ വ്യാഖ്യാനത്തിൽനിന്നുളവാകുന്നവയല്ല. എന്തുകൊണ്ടെന്നാൽ പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, മറിച്ച് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട മനുഷ്യർ ദൈവത്തിൽനിന്ന് സംസാരിച്ചതത്രേ.” (2 പത്രോസ് 1:20, 21) അതുകൊണ്ട് ബൈബിൾ പ്രവചനങ്ങൾ എല്ലാ വിശദാംശങ്ങളിലും കൃത്യതയുളളതാണെന്ന് തെളിഞ്ഞിരിക്കുന്നു.
2. ലോക സംഭവങ്ങളെ സംബന്ധിച്ച പ്രവചനങ്ങൾക്ക് ഉദാഹരണങ്ങൾ നൽകുക.
2 ബാബിലോൻ, മേദോപാർസ്യ, ഗ്രീസ്സ് എന്നിവപോലുളള ലോകസാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയും അതു മുൻകൂട്ടിപ്പറഞ്ഞു. ബാബിലോൻ എങ്ങനെ വീഴുമെന്നും അതിന്റെ ജേതാവിന്റെ പേരും ഏകദേശം രണ്ടു നൂററാണ്ടു മുൻപേ അതു പ്രഖ്യാപിച്ചു. ഇത് അതിന്റെ എല്ലാ വിശദാംശങ്ങളിലും നിറവേറി. ബാബിലോൻനഗരം കാലക്രമത്തിൽ മേലാൽ ഒരിക്കലും അതിൽ നിവാസികൾ ഇല്ലാതിരിക്കത്തക്കവണ്ണം ഒരു ശൂന്യശിഷ്ടമായിത്തീരുമെന്ന് അതു മുൻകൂട്ടിപ്പറഞ്ഞു. നമ്മുടെ നാളുകളോളം ആ അവസ്ഥ തുടർന്നുപോരുന്നു. (ദാനിയേൽ 7:3-8, 20-22; യെശയ്യാവ് 44:27-45:2; 13:1, 17-20) ബൈബിളിൽ പേരെടുത്തു പറയാത്ത മററ് രാഷ്ട്രങ്ങൾ വിശദാംശങ്ങൾ സഹിതം മുൻകൂട്ടി വർണ്ണിക്കപ്പെട്ടിരിക്കുന്നതിനാൽ കാര്യജ്ഞാനമുളളവർക്ക് അവയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നു.
3. മുന്നറിയിപ്പെന്ന നിലയിൽ പ്രഖ്യാപിക്കപ്പെടാത്ത പ്രവചനങ്ങളുണ്ടോ?
3 എന്നാൽ ഒന്നിലധികം വിധങ്ങളിലുളള പ്രാവചനിക വിവരങ്ങൾ ബൈബിളിലുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ദൈവരാജ്യത്തിൻകീഴിൽ മനുഷ്യവർഗ്ഗം എന്ത് അനുഭവിക്കും എന്നതിനു സൂചനയായി ഉതകുന്ന യേശുക്രിസ്തുവിന്റെ അത്ഭുതങ്ങളോടുളള ബന്ധത്തിൽ നാം അതു നിരീക്ഷിച്ചതാണ്. മുന്നറിയിപ്പെന്ന് തോന്നിപ്പിക്കാത്ത തരം ഭാഷ ഉപയോഗിക്കുന്ന തിരുവെഴുത്തുകളിലെ മററു ചില ഭാഗങ്ങളും പ്രാവചനിക ഘടകങ്ങൾ ഉൾക്കൊളളുന്നു.
ആകർഷകമായ പ്രാവചനിക മാതൃകകൾ
4. മോശൈക നിയമത്തിന്റെ പ്രാവചനിക പ്രാധാന്യം സംബന്ധിച്ച് നമുക്ക് എവിടെനിന്നാണ് അറിവ് ലഭിക്കുന്നത്?
4 ഉദാഹരണത്തിന് ഒരു സാധാരണ വായനക്കാരൻ വെറും ചരിത്രമായി മാത്രം വീക്ഷിച്ചേക്കാവുന്ന കാര്യങ്ങളുടെ പ്രാവചനിക പ്രാധാന്യത്തിലേക്ക് ബൈബിൾ പുസ്തകമായ എബ്രായർ നമ്മുടെ കണ്ണുകൾ തുറക്കുന്നു. “[മോശൈക] നിയമങ്ങളിൽ വരാനിരുന്ന നൻമകളുടെ ഒരു നിഴൽ ഉണ്ട്” എന്ന് അത് വെളിപ്പെടുത്തുന്നു.—എബ്രായർ 10:1.
5. വസ്തുക്കൾക്ക് അവയിലും വലിയ കാര്യങ്ങളുടെ മാതൃകയായിരിക്കാൻ കഴിയുമെന്നതിന് എന്തു ദൃഷ്ടാന്തമുണ്ട്?
5 ചിലപ്പോൾ പ്രാവചനിക മാതൃകകൾ നൽകാൻവേണ്ടി വസ്തുക്കൾ ഉപയോഗിക്കപ്പെട്ടു. ഉദാഹരണത്തിന് യഹോവയുടെ നിർദ്ദേശപ്രകാരം മോശ പണികഴിപ്പിച്ച വിശുദ്ധകൂടാരം അല്ലെങ്കിൽ സമാഗമന കൂടാരം അതിൽ നിർവഹിക്കപ്പെട്ട സേവനങ്ങൾ സഹിതം “സ്വർഗ്ഗീയമായ കാര്യങ്ങളുടെ ദൃഷ്ടാന്തവും നിഴലുമായിരുന്നു”വെന്ന് എബ്രായലേഖനത്തിന്റെ നിശ്വസ്ത എഴുത്തുകാരൻ വിശദീകരിക്കുന്നു. അത് യഹോവയുടെ വലിയ ആത്മീയാലയത്തെ ചിത്രീകരിച്ചു. അതിന്റെ അതിവിശുദ്ധം സ്വർഗ്ഗത്തിലാണ്. അപ്രകാരം “ക്രിസ്തുവോ ഇപ്പോൾ സംഭവിച്ചിരിക്കുന്ന നല്ല കാര്യങ്ങളുടെ മഹാപുരോഹിതനായി വന്നപ്പോൾ കൈപ്പണിയല്ലാത്തതായ, അതായത് ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായ വലിപ്പവും തികവുമേറിയ കൂടാരത്തിൽക്കൂടി ആട്ടുകൊററൻമാരുടെയും കാളക്കിടാങ്ങളുടെയും രക്തത്താലല്ല മറിച്ച് സ്വന്ത രക്തത്താൽ തന്നെ ഒരിക്കലായിട്ട് ഒരു വിശുദ്ധ സ്ഥലത്തു പ്രവേശിച്ച് നമുക്കുവേണ്ടി എന്നേക്കുമുളള ഒരു വീണ്ടെടുപ്പ് സമ്പാദിച്ചു. . . . ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.” (എബ്രായർ 8:1-5; 9:1-14, 24-28) ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്ന ആത്മീയ വസ്തുതകളിൽനിന്ന് ക്രിസ്ത്യാനികൾക്ക് വലിയ പ്രയോജനം ലഭിക്കുന്നു, ഇവയോടുളള വിലമതിപ്പ് നമ്മുടെ ജീവിതഗതിയിൽ പ്രതിഫലിപ്പിക്കപ്പെടണം.—എബ്രായർ 9:14; 10:19-29; 13:11-16.
6. താഴെപ്പറയുന്ന തിരുവെഴുത്തുകളിൽ വ്യക്തികൾക്ക് എന്തു പ്രാവചനിക പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു? (എ) ഗലാത്യർ 4:21-31? (ബി) മത്തായി 17:10-13?
6 തിരുവെഴുത്തുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന വ്യക്തികളും പ്രാവചനിക മാതൃകകളായി ഉതകി. ഗലാത്യർ 4:21-31-ൽ അബ്രഹാമിന്റെ ഭാര്യയായ സാറായുടെയും (“മീതെയുളള യെരൂശലേമി”നോട് ഒത്തുവരുന്നതായി പറയപ്പെട്ടിരിക്കുന്നു) ദാസിയായ ഹാഗാറിന്റെയും (ഭൗമികമായിരിക്കുന്ന “ഇന്നത്തെ യെരൂശലേമി”ന്റെ സ്ഥാനത്ത്) അവരുടെ മക്കളുടെയും വിശദമായ ദൃഷ്ടാന്തങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു. മറെറാരു സന്ദർഭത്തിൽ ഏലിയാ പ്രവാചകന്, അവനെപ്പോലെ കപടഭക്തിപരമായ മതാചാരങ്ങളെ തുറന്നുകാട്ടുന്നതിൽ നിർഭയനായിരുന്ന സ്നാപക യോഹന്നാനിൽ ഒരു മറുഘടകമുണ്ടെന്ന് തിരിച്ചറിയാൻ യേശു തന്റെ ശിഷ്യൻമാരെ സഹായിച്ചു.—മത്തായി 17:10-13.
7. താഴെപ്പറയുന്ന വ്യക്തികൾ ഏതു വിധങ്ങളിലാണ് യേശുക്രിസ്തുവിനെ മുൻനിഴലാക്കിയത്? (എ) ശലോമോൻ. (ബി) മൽക്കീസേദെക്ക്.
7 ജ്ഞാനത്തിനും ഐശ്വര്യത്തിനും തന്റെ ഭരണകാലത്തെ സമാധാനത്തിനും കീർത്തികേട്ടവനായ ശലോമോൻ ഉചിതമായി യേശുക്രിസ്തുവിനെ മുൻനിഴലാക്കി. (1 രാജാക്കൻമാർ 3:28; 4:25; ലൂക്കോസ് 11:31; കൊലോസ്യർ 2:3) അബ്രഹാം മൽക്കീസേദെക്കുമായി കണ്ടുമുട്ടിയതു സംബന്ധിച്ച ഉൽപ്പത്തി പുസ്തകത്തിലെ വിവരണം വളരെ ഹ്രസ്വമാണെങ്കിലും അതും വളരെ അർത്ഥസമ്പുഷ്ടമാണെന്ന് സങ്കീർത്തനം 110:1-4 വാക്യങ്ങൾ സൂചിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം മശിഹാ അനിശ്ചിതകാലത്തോളം ഒരു പുരോഹിതനായിരിക്കുമായിരുന്നു,” അതായത് അവൻ ഏതു കുടുംബത്തിൽ ജനിച്ചോ അതു നിമിത്തമായിരിക്കാതെ ദൈവത്തിന്റെ നേരിട്ടുളള നിയമനം വഴി അവന് പൗരോഹിത്യം ലഭിക്കുമായിരുന്നു. പിന്നീട് എബ്രായർക്കുളള ലേഖനം ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ഒരു പ്രമുഖ ഗുണമായ ക്രിസ്തീയ പക്വതയെ അത്തരം സത്യങ്ങളോടുളള വിലമതിപ്പുമായി ബന്ധപ്പെടുത്തുകയും ഈ വിഷയം കൂടുതൽ വിശദമാക്കുകയും ചെയ്യുന്നു.—എബ്രായർ 5:10-14; 7:1-17.
8. (എ) ജീവിതാനുഭവങ്ങൾ പ്രാവചനികമായിരിക്കാമെന്ന് ഏതു ദൃഷ്ടാന്തം തെളിയിക്കുന്നു? (ബി) അത്തരം ഒരനുഭവത്തിന്റെ എല്ലാ വിശദാംശങ്ങൾക്കും അതിന്റെ നിവൃത്തിയിൽ ഒരു സമാനത ഉണ്ടായിരിക്കുമോ?
8 പ്രാവചനിക മാതൃകകളിൽ ആളുകളുടെ സ്ഥാനവും ഉദ്യോഗവും മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. അവയിൽ അവരുടെ ജീവിതാനുഭവങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഒരു സന്ദർഭത്തിൽ യഹൂദ മതനേതാക്കൻമാർ അവിശ്വാസം പ്രകടമാക്കിയപ്പോൾ യേശു അവരോട് പറഞ്ഞു: “ദോഷവും വ്യഭിചാരവുമുളള തലമുറ അടയാളം അന്വേഷിക്കുന്നു, എന്നാൽ യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല. യോനാ വലിയ മൽസ്യത്തിന്റെ വയററിൽ മൂന്നു പകലും മൂന്നു രാവും ആയിരുന്നതുപോലെ തന്നെ മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാവും ഭൂമിയുടെ ഉളളിൽ ആയിരിക്കും.” (മത്തായി 12:38-40; യോനാ 1:17; 2:10) എന്നാൽ യോനായുടെ അനുഭവങ്ങളെല്ലാം താൻതന്നെ അനുഭവിക്കാനിരുന്നതിനെ മുൻനിഴലാക്കി എന്ന് യേശു പറഞ്ഞില്ല. യഹോവയിൽനിന്ന് ഒരു നിയമനം ലഭിച്ചപ്പോൾ യോന തർശ്ശീസിലേക്ക് ഓടിപ്പോകാൻ ശ്രമിച്ചതുപോലെ യേശു ഓടിപ്പോയില്ല. എന്നാൽ യേശു സൂചിപ്പിച്ചതുപോലെ യേശുവിന്റെ തന്നെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും പ്രാവചനികമായ വിശദാംശങ്ങൾ നൽകിയതുകൊണ്ടായിരുന്നു വലിയ മൽസ്യത്തിന്റെ വയററിലെ യോനായുടെ അനുഭവം ബൈബിൾ രേഖയുടെ ഭാഗമായി ഉൾപ്പെടുത്തിയത്.—മത്തായി 16:4, 21.
9. (എ) ചരിത്രത്തിലെ രണ്ടു കാലഘട്ടങ്ങൾ സംബന്ധിച്ച് എന്തു പ്രാവചനിക വശമാണ് യേശു ചൂണ്ടിക്കാണിച്ചത്? (ബി) നിശ്വസ്തതയിൽ ഏതു കൂടുതലായ സുപ്രധാന വിശദാംശങ്ങൾ പത്രോസ് പരാമർശിച്ചു?
9 ചരിത്രത്തിലെ ചില കാലഘട്ടങ്ങളും നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കത്തക്കവിധത്തിൽ പ്രാവചനികമായ വെളിച്ചം വീശുന്നു. രാജ്യാധികാരത്തിലുളള തന്റെ പ്രത്യക്ഷതയിലേക്കു നയിക്കുന്ന സമയത്തേപ്പററി സംസാരിക്കുകയിൽ ദുഷ്ടൻമാരുടെമേൽ ദിവ്യന്യായവിധി നിർവഹിക്കപ്പെട്ട മററു രണ്ടു സന്ദർഭങ്ങളോട് അതിനുളള സമാനത യേശു എടുത്തുകാട്ടി. “നോഹയുടെ നാളുകളിലെയും” “ലോത്തിന്റെ നാളുകളിലെയും” ആളുകൾ അനുദിനജീവിതവ്യാപാരങ്ങളിൽ തിരക്കുളളവരായിരുന്നു എന്നതിനെ വിശേഷവൽക്കരിച്ചുകൊണ്ട് ആ നാളുകളുടെ പ്രാധാന്യത്തെപ്പററി യേശു സംസാരിച്ചു. ലോത്തിന്റെ ഭാര്യ ചെയ്തതുപോലെ പിന്നിൽ വിട്ടുകളഞ്ഞ കാര്യങ്ങളിലേക്ക് ആഗ്രഹത്തോടെ നോക്കാതെ സത്വരമായ നടപടി സ്വീകരിക്കാൻ അവൻ നമ്മെ ഉൽസാഹിപ്പിച്ചു. (ലൂക്കോസ് 17:26-32) അപ്പോസ്തലനായ പത്രോസിന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനത്തിൽ സുപ്രധാനമായ കൂടുതൽ വിശദാംശങ്ങൾ നൽകപ്പെട്ടിരിക്കുന്നു—പ്രളയത്തിനു മുമ്പുളള കാലത്തെ ദൂതൻമാരുടെ അനുസരണക്കേട്, നോഹയുടെ പ്രസംഗപ്രവർത്തനം, സോദോമിലെ ആളുകളുടെ നിയമനിഷേധ പ്രവൃത്തികൾ നിമിത്തം ലോത്തിന് അനുഭവപ്പെട്ട ദണ്ഡം, തന്റെ നിശ്ചിത സമയത്ത് ദുഷ്ടൻമാരെ ഛേദിച്ചുകളഞ്ഞുകൊണ്ട് ദൈവം വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മാതൃക വയ്ക്കുകയാണ് എന്ന വസ്തുത, കൂടാതെ തന്റെ വിശ്വസ്ത ദാസൻമാരെ രക്ഷിക്കാൻ ദൈവത്തിന് കഴിയുമെന്നും നിശ്ചയമായും രക്ഷിക്കുമെന്നും ഉളളതിന്റെ തെളിവും.—2 പത്രോസ് 2:4-9.
10. യിരെമ്യാപ്പുസ്തകം വെളിപ്പാടുമായി താരതമ്യം ചെയ്തുകൊണ്ട് നിവൃത്തിയേറിയ പ്രവചനങ്ങൾക്ക് കൂടുതലായ പ്രാവചനിക മൂല്യമുണ്ടായിരിക്കാം എന്നു കാണിക്കുക.
10 പ്രവചനങ്ങൾ പൂർത്തിയായിക്കഴിയുമ്പോൾ അവയ്ക്ക് മേലാൽ ചരിത്രപരമായ പ്രാധാന്യമേയുളളുവെന്ന് നാം അർത്ഥമാക്കേണ്ടതില്ല. സംഭവിക്കാൻ പോകുന്നതിനെ സംബന്ധിച്ച മുന്നറിയിപ്പും അതു സംഭവിച്ച വിധവും മിക്കപ്പോഴും ഭാവിയിൽ ദൂരവ്യാപകമായ നിവൃത്തി ഉണ്ടാകും എന്നതിന്റെ പ്രാവചനിക സൂചനകളാണ്. അങ്ങേയററം മതാധിഷ്ഠവും ഇന്നും ലോകത്തിനു ചുററും അതിന്റെ സ്വാധീനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതുമായ പുരാതന ബാബിലോന്യ സാമ്രാജ്യത്തെ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് അത്തരത്തിൽ സത്യമാണ്. പൊ. യു. മു. 539-ൽ മേദ്യരും പേർഷ്യരും ബാബിലോൻ കീഴടക്കിയെങ്കിലും ഒന്നാം നൂററാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ട വെളിപ്പാട് പുസ്തകം യിരെമ്യാ പ്രവാചകന്റെ വാക്കുകൾ എടുത്തു പ്രയോഗിച്ചുകൊണ്ട് വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനിനോടുളള ബന്ധത്തിൽ ഒരു ഭാവി നിവൃത്തിയിലേക്ക് വിരൽ ചൂണ്ടുന്നു. ഇതിന് ഉദാഹരണങ്ങളായി വെളിപ്പാട് 18:4; യിരെമ്യാവ് 51:6, 45-മായും വെളിപ്പാട് 17:1, 15; 16:12 എന്നിവ യിരെമ്യാവ് 51:13; 50:38 എന്നിവയുമായും വെളിപ്പാട് 18:21 യിരെമ്യാവ് 51:63, 64-മായും താരതമ്യം ചെയ്യുക.
11. വിശ്വാസത്യാഗിയായ യിസ്രായേലിനോടും അവിശ്വസ്തയായിത്തീർന്നപ്പോൾ യഹൂദയോടും യഹോവ ഇടപെട്ടതിനെ സംബന്ധിച്ച രേഖക്ക് എന്തു പ്രാവചനിക പ്രാധാന്യമുണ്ട്? എന്തുകൊണ്ട്?
11 അതുപോലെ വിശ്വാസത്യാഗിയായ പത്തുഗോത്ര യിസ്രായേൽരാജ്യത്തോടും രണ്ടുഗോത്ര യഹൂദാ രാജ്യത്തിലെ അവിശ്വസ്തരായ രാജാക്കൻമാരോടും പുരോഹിതൻമാരോടുമുളള യഹോവയുടെ ഇടപെടലുകൾ പ്രാവചനികങ്ങളാണ്. ആ രണ്ടു രാജ്യങ്ങൾക്കും ബാധകമായ പ്രവചനങ്ങളും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവയുടെ നിവൃത്തികളും ബൈബിളിലെ ദൈവത്തെ സേവിക്കുന്നു എന്ന് അവകാശപ്പെടുകയും എന്നാൽ അവന്റെ നീതിയുളള കൽപ്പനകളെ അതിഗൗരവമായി ലംഘിക്കുകയും ചെയ്യുന്ന ആധുനിക നാളിലെ ക്രൈസ്തവലോകത്തോട് ദൈവം എങ്ങനെ ഇടപെടും എന്നതിന്റെ ഒരു വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു.
12. അത്തരം വിവരണങ്ങളിൽനിന്ന് നമുക്ക് വ്യക്തിപരമായി എന്തു പ്രയോജനം ലഭിക്കുന്നു?
12 അതുകൊണ്ട് ഈ വിവരങ്ങളെല്ലാം ഇന്ന് പ്രധാനമാണ്. നമ്മുടെ നാളിലെ സാഹചര്യത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്നും ആസന്നമായിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കാൻ നാം വ്യക്തിപരമായി എന്തു ചെയ്യണമെന്നും മനസ്സിലാക്കാൻ അവ നമ്മെ സഹായിക്കുന്നു. “എല്ലാ തിരുവെഴുത്തും . . . പഠിപ്പിക്കലിനും ശാസനക്കും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനകരമാണ്” എന്ന വസ്തുത കൂടുതൽ വിലമതിക്കാൻ നാം അപ്രകാരം സഹായിക്കപ്പെടുന്നു.—2 തിമൊഥെയോസ് 3:16, 17.
എല്ലാം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടിരുന്നോ?
13. പ്രാവചനിക മാതൃകകൾ നിർമ്മിക്കുന്നതിന് ദൈവം പാപം ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചില്ല എന്ന് നമുക്കെങ്ങനെ അറിയാം?
13 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനതകളുടെയും രാഷ്ട്രങ്ങളുടെയും പെരുമാററം അതിന് ഒരു പ്രാവചനിക അർത്ഥമുണ്ടായിരിക്കാൻ തക്കവണ്ണം ദൈവത്താൽ മുന്നമേ ക്രമീകരിക്കപ്പെട്ടു എന്നാണോ ഇതിൽനിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്? ഭാവിയിലേക്ക് തന്റെ മനസ്സിലുണ്ടായിരുന്ന വലിപ്പമേറിയ കാര്യങ്ങളുടെ ഒരു മാതൃക പ്രദാനം ചെയ്യാൻ തക്കവണ്ണം ദൈവം തന്നെ കഴിഞ്ഞ കാലങ്ങളിൽ തന്റെ ദാസൻമാരോട് ഇടപെട്ടു എന്നത് വ്യക്തമാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചെന്ത്? അവരിൽ ചിലർ ഗൗരവതരമായ പാപങ്ങൾ ചെയ്തു. ബൈബിൾരേഖ ചമയ്ക്കാൻവേണ്ടി അതുചെയ്യാൻ ദൈവം അവരെ പ്രേരിപ്പിച്ചോ? ക്രിസ്തീയ ബൈബിളെഴുത്തുകാരനായ യാക്കോബ് ഉത്തരം നൽകുന്നു: “ദൈവം തിൻമകളാൽ പരീക്ഷിക്കപ്പെടാവുന്നവനല്ല; അവൻ തന്നെ ആരെയും പരീക്ഷിക്കുന്നുമില്ല.” (യാക്കോബ് 1:13) പ്രാവചനിക മാതൃകകൾ നിർമ്മിക്കാൻവേണ്ടി അവർ തെററു ചെയ്യാൻ ദൈവം ഇടയാക്കിയില്ല.
14. (എ) ഭാവിയിൽ മനുഷ്യരോ അല്ലെങ്കിൽ സാത്താൻ പോലുമോ എന്തുചെയ്യുമെന്ന് യഹോവയ്ക്ക് എങ്ങനെ അറിയാം? (ബി) യഹോവയ്ക്ക് തന്നെപ്പററിയും തന്റെ ഉദ്ദേശ്യങ്ങളെപ്പററിയും ഉളള അറിവ് ഏതു വിധങ്ങളിലാണ് ബൈബിൾ പ്രവചനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്?
14 യഹോവ മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവാണ് എന്ന കാര്യം വിസ്മരിക്കരുത്. നാം എങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നും ആളുകൾ പ്രവർത്തിക്കുന്ന വിധത്തിൽ അവർ പ്രവർത്തിക്കാൻ ഇടയാക്കുന്നതെന്താണെന്നും അവനറിയാം. (ഉൽപ്പത്തി 6:5; ആവർത്തനം 31:21) തന്റെ നീതിയുളള തത്വങ്ങളോട് യോജിപ്പിൽ ജീവിക്കുന്നവരുടെ ഭാവിയും ദൈവത്തെക്കൊണ്ടുളള തങ്ങളുടെ ആവശ്യം അവഗണിച്ചുകളയുന്നവർക്കും അവന്റെ വഴി മറിച്ചുകളയുന്നവർക്കും ഉണ്ടാകുന്ന ഫലങ്ങളും കൃത്യമായി മുൻകൂട്ടിപ്പറയാൻ അവന് കഴിയും. (ഗലാത്യർ 6:7, 8) കഴിഞ്ഞ കാലങ്ങളിൽ ഉപയോഗിച്ചതിനോട് സമാനമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിൽ സാത്താൻ തുടരും എന്ന് അവനറിയാം. ചില പ്രത്യേക സാഹചര്യങ്ങളിൽ താൻ എന്തു ചെയ്യുമെന്ന്—താൻ എല്ലായ്പ്പോഴും പ്രകടമാക്കിയിട്ടുളള നീതി, നിഷ്പക്ഷത, സ്നേഹം, ദയ എന്നീ സമുന്നത ഗുണങ്ങൾക്ക് ചേർച്ചയായി പ്രവർത്തിക്കും എന്നുകൂടെ—അവനറിയാം. (മലാഖി 3:6) യഹോവയുടെ ഉദ്ദേശ്യങ്ങൾ നിശ്ചയമായും നിറവേറും എന്നുളളതിനാൽ അവന് അന്തിമ ഫലങ്ങളും അവ കൈവരുത്താൻ അവൻ സ്വീകരിക്കുന്ന നടപടികളും മുൻകൂട്ടിപ്പറയാൻ കഴിയും. (യെശയ്യാവ് 14:24, 27) അതുകൊണ്ട് ഭാവി എന്തു കൈവരുത്തും എന്നതു സംബന്ധിച്ച് ഒരു പൂർവവീക്ഷണം നൽകാൻ വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും ജീവിതത്തിൽ നിന്ന് സംഭവങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവയെ ബൈബിളിന്റെ ഭാഗമാക്കുന്നതിനും അവന് കഴിയുമായിരുന്നു.
15. ബൈബിൾ വിവരണങ്ങളിൽ വെറും ചരിത്രത്തേക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് ഊന്നിപ്പറഞ്ഞതെങ്ങനെ?
15 അതുകൊണ്ട് ഉചിതമായിത്തന്നെ യിസ്രായേലിന്റെ ചരിത്രത്തിൽ നിന്ന് സംഭവങ്ങൾ വിവരിച്ചശേഷം അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “ഈ കാര്യങ്ങൾ ദൃഷ്ടാന്തങ്ങളായി അവർക്ക് സംഭവിച്ചു, വ്യവസ്ഥിതികളുടെ സമാപനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമ്മുടെ മുന്നറിയിപ്പിനായി അവ എഴുതപ്പെട്ടിരിക്കുകയും ചെയ്യുന്നു.” (1 കൊരിന്ത്യർ 10:11) കൂടാതെ റോമിലെ ക്രിസ്തീയ സഭയ്ക്ക് അവൻ ഇപ്രകാരം എഴുതി: “മുന്നെഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ പ്രബോധനത്തിനായിട്ട്, നമ്മുടെ സഹിഷ്ണുതയാലും തിരുവെഴുത്തുകളിൽ നിന്നുളള ആശ്വാസത്താലും നമുക്ക് പ്രത്യാശയുണ്ടാകേണ്ടതിനു തന്നെ എഴുതപ്പെട്ടു.” (റോമർ 15:4) ബൈബിളിലെ വിവരണങ്ങൾ വെറും ചരിത്രത്തേക്കാൾ അധികമാണെന്ന് നാം വിലമതിക്കുമ്പോൾ അവയിൽനിന്ന് നമുക്ക് മനുഷ്യവർഗ്ഗത്തിന്റെ ഭാവി സംബന്ധിച്ച് അത്ഭുതകരമായ പൂർവവീക്ഷണങ്ങൾ ഉൾക്കൊണ്ടുതുടങ്ങാൻ കഴിയും.
[അധ്യയന ചോദ്യങ്ങൾ]
[41-ാം പേജിലെ ചതുരം/ചിത്രം]
പ്രാവചനിക മാതൃകകൾ—എന്തിലേക്ക് വിരൽ ചൂണ്ടുന്നു?
നോഹയുടെ നാളുകൾ
സമാഗമന കൂടാരം
ശലോമോൻ രാജാവ്
മൂന്നു ദിവസത്തേക്ക് യോന മൽസ്യത്തിന്റെ വയററിൽ
ബാബിലോന്റെ വീഴ്ച